അച്യുതാനന്ദൻ മന്ത്രിസഭയിലെ സഹകരണ–ദേവസ്വം മന്ത്രി ജി. സുധാകരൻ ഒരു ഭാഷാപ്രശ്നമായിത്തീർന്നിരിക്കുന്നു.
മന്ത്രി ഇങ്ങനെ പറയാമോ, ഈ വാക്കു് പ്രയോഗിക്കാമോ, ഇങ്ങനെ വിളിക്കാമോ, ഈ വിശേഷണം മാന്യതയ്ക്കു ചേരുമോ എന്നൊക്കെ നാട്ടുകാർ നിത്യവും അദ്ദേഹത്തിന്റെ ‘ഭാഷ’യെപ്പറ്റി ചർച്ച നടത്തേണ്ട സ്ഥിതിയാണു്.
അദ്ദേഹം മന്ത്രിയായിട്ടു് പതിനാലു് മാസമേ ആയിട്ടുള്ളൂ. ഈ ചെറിയ കാലയളവുകൊണ്ടു തന്നെ വിവാദങ്ങളുടെ ചെലവിൽ ഏറ്റവുമധികം മാധ്യമശ്രദ്ധ നേടിയ മന്ത്രി എന്ന ‘പേരു്’ നേടിയിരിക്കുന്നു.
സുധാകരൻ ഉന്നയിച്ച പ്രശ്നങ്ങൾ അധികവും വിവാദമായിത്തീർന്നതു് അവയുടെ രാഷ്ട്രീയ–സാമൂഹ്യപ്രസക്തി കൊണ്ടല്ല, അവ ഉന്നയിക്കാൻ അദ്ദേഹം ഉപയോഗിച്ച ഭാഷയുടെ രൂക്ഷത കൊണ്ടാണു്. ഒരുദാഹരണം: തന്റെ വകുപ്പിലെ ഉന്നതോദ്യോഗസ്ഥർ പിടിപ്പില്ലാത്തവരും അഴിമതിക്കു് കൂട്ടുനിൽക്കുന്നവരും ആണു് എന്നു പറഞ്ഞ കൂട്ടത്തിൽ ഈ മന്ത്രി ‘കഴുത്തിൽ ഐ. എ. എസ്. എന്ന കാർഡ് തൂക്കിയാൽ നായ ഐ. എ. എസ്.-കാരനാവില്ല’ എന്നു കൂടി പറഞ്ഞു. ആദ്യഭാഗത്തെ ഗൗരവം നിറഞ്ഞ ആരോപണമല്ല, രണ്ടാം ഭാഗത്തെ ഹരം പിടിപ്പിക്കുന്ന ശകാരമാണു് അതിനെ മാധ്യമങ്ങളുടെ ശ്രദ്ധയിലേക്കു് കൊണ്ടുവന്നതു്.
മലയാളികൾക്കു് രാഷ്ട്രീയസാമൂഹ്യകലാപ്രശ്നങ്ങളുമായി ബന്ധപ്പെട്ടു് ചർച്ചാപ്രമേയങ്ങൾ എറിഞ്ഞുകൊടുക്കുന്നതിൽ വിദഗ്ദ്ധനായിരുന്നു ഇ. എം. എസ്. നമ്പൂതിരിപ്പാട്. അദ്ദേഹം ജീവിച്ചിരിപ്പില്ലാത്തതുകൊണ്ടു് താൻ ആ ജോലിചെയ്യുകയാണു് എന്നു് സുധാകരൻ അവകാശപ്പെട്ടിട്ടുണ്ടു്. കൂട്ടത്തിൽ ‘വിവാദങ്ങളില്ലാത്തതു് ജഡമായ സമൂഹത്തിലാണു്’ എന്നൊരു മഹദ് വചനവും!
വിമർശനം കൊണ്ടല്ലാതെ ശകാരം കൊണ്ടു് ഇ. എം. എസ്. വല്ല ചർച്ചയും ഉത്പാദിപ്പിച്ചിട്ടുണ്ടോ? സംശയമാണു്. അദ്ദേഹം ഉന്നയിച്ച വാദഗതികൾ പലപലസംവാദങ്ങൾക്കു് വഴിതുറന്നിട്ടുണ്ടു്. അവയിൽ വിവാദം കുറച്ചേയുള്ളൂ. ക്രിയാത്മകമായ ആശയചർച്ചകളെ സംവാദം എന്നും നേരം കൊല്ലികളായ വാക്ക്തർക്കങ്ങളെ വിവാദം എന്നും വകതിരിക്കാം. ഇ. എം. എസ്. ഉണ്ടാക്കിയതു് അധികവും സംവാദമാണു്. സുധാകരൻ ഉണ്ടാക്കുന്നതു് അധികവും വിവാദവും. ഇവ തമ്മിലുള്ള വ്യത്യാസത്തിന്റെ വകതിരിവില്ലായ്മകൊണ്ടാണു് രണ്ടും ഒന്നാണു് എന്നു് മന്ത്രിക്കു തോന്നുന്നതു്.
വിമർശനത്തിലല്ല, ശകാരത്തിലാണു് മന്ത്രിയുടെ ഊന്നൽ. തെറ്റു കുറ്റങ്ങൾ സത്യസന്ധമായി എടുത്തുപറയുന്നതാണു് വിമർശനം. വ്യക്തികൾക്കുനേരെ അധിക്ഷേപവാക്കുകൾ പ്രയോഗിക്കുന്നതാണു് ശകാരം.
സുധാകരശൈലിയുടെ ചില മാതൃകകൾ നോക്കുക:
- ആരു പറഞ്ഞാലും കേൾക്കാത്ത അമേരിക്കൻ നക്കിയാണു് കേന്ദ്രമന്ത്രി ചിദംബരം. (മാർച്ച് 2007)
- ദേവസ്വം അധികാരികൾ ഭസ്മാസുരന്മാരാണു്. (മാർച്ച് 2007)
- യേശുദാസിന്റെ ക്ഷേത്രപ്രവേശനത്തിൽ എതിർപ്പുള്ളതു് അമ്പലക്കള്ളന്മാർക്കാണു്. (ഏപ്രിൽ 2007)
- കൊച്ചി ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് തെമ്മാടിയാണെന്ന മുൻ പ്രസ്താവനയിൽ ഞാൻ ഉറച്ചു് നിൽക്കുന്നു. (ജുൺ 2007)
- പൂജാരികൾ വാങ്ങുന്ന ദക്ഷിണ കൈക്കൂലിയാണു്. (ജൂൺ 2007)
- വിളകളുടെ വില അറിയാത്ത കർഷകർ ആത്മഹത്യചെയ്യുന്നതാണു് നല്ലതു്. (ഒക്ടോബർ 2006)
- ജഡ്ജിമാർ ദല്ലാളന്മാരാണു്. (ആഗസ്റ്റ് 2006)
- ഹിന്ദുപുരോഹിതന്മാർ മര്യാദയ്ക്കു മുണ്ടുടുക്കണം. (ഫെബ്രുവരി 2007)
- ദേവസ്വം സെക്രട്ടറി നീചനും ക്രിമിനലും വേതാളവും ആണു്. (ഫെബ്രുവരി 2007)
- എം. വി. ദാമോദരൻ ദേവനല്ല, അസുരനാണു്. (ജൂലൈ 2007)
പോരാത്ത ഉദാഹരണങ്ങൾ ഓർമയിൽനിന്നു് തപ്പിയെടുക്കാൻ വായനക്കാർക്കു് പ്രയാസം വരില്ല.
ഈ ശകാരഭാഷ അധികാരത്തിന്റെ ധാർഷ്ട്യം മാത്രം കാണിക്കുന്നതാണു്. തിരുവായ്ക്കു് എതിർവായില്ല എന്നുറപ്പുള്ളതുകൊണ്ടുമാത്രം പറയാൻ കഴിയുന്ന തമ്പുരാന്റെ ഭാഷയാണിതു്. ഇപ്പറഞ്ഞതിനു് തെളിവു് വേണോ: മന്ത്രിക്കു സദ്ബുദ്ധി തോന്നിക്കേണമേ എന്നും അദ്ദേഹത്തിനു് ഞങ്ങളെ ചീത്തപറയാൻ തോന്നിക്കരുതേ എന്നും ദൈവത്തോടു് ഇരന്നുകൊണ്ടു് ഒരു കൂട്ടം ദേവസ്വം ഭാരവാഹികളും ക്ഷേത്രജീവനക്കാരും മന്ത്രവാദം നടത്തി! ആ പൗരന്മാർ ഒരു ജനാധിപത്യസംവിധാനത്തിൽ അനുഭവിച്ച നിസ്സഹായത എത്രത്തോളമുണ്ടു് എന്നു് കാണിക്കുവാൻ ആ ഒരൊറ്റ സംഭവംമതി—ആരും തുണയില്ലാത്തവനു് ദൈവം തുണ!
ആക്ഷേപിക്കുവാൻ മറ്റുള്ളവരെ നായയോടു് ഉപമിക്കുന്ന മനോഭാവം സുധാകരനിൽ ആവർത്തിച്ചു് പ്രത്യക്ഷപ്പെടുന്നുണ്ടു്. ‘സാറാജോസഫ് കുരച്ചാൽ ഭയമില്ല’, ‘എം. വി. ദേവനു് നായയുടെ വിലപോലുമില്ല’ തുടങ്ങിയ പ്രസ്താവനകൾ ഉദാഹരണം. ഇവിടെയൊക്കെ ഈ വ്യക്തികളെ കുത്തിപ്പറയുന്ന കൂട്ടത്തിൽ നായകൂടി ആക്ഷേപിക്കപ്പെടുന്നുണ്ടു് എന്നു് നാം ഓർത്തിരിക്കണം. ഈ തർക്കങ്ങളിൽ ഒരു പങ്കുമില്ലാത്ത നായയെ അതിലേക്കു് വലിച്ചിഴച്ചുകൊണ്ടുവരുന്നതു് അനീതിയല്ലേ? നായയ്ക്കു അന്തസ്സില്ലെന്നു് വിധികൽപിക്കുന്നതിന്റെ അടിസ്ഥാനമെന്താണു്? ‘പൗരാവകാശം’ എന്നതു് മനുഷ്യജീവിക്കെന്നപോലെ മറ്റു ജീവജാലങ്ങൾക്കും ബാധമാക്കേണ്ടതല്ലയോ? ഒരു കാര്യം ചോദിക്കട്ടെ: നായ്ക്കൾക്കു വോട്ടുണ്ടായിരുന്നെങ്കിൽ നായ്വിരുദ്ധ പ്രസ്താവനകളിറക്കുവാൻ മന്ത്രിക്കു് ഊക്കുണ്ടാവുമോ? പാശ്ചാത്യനാടുകളിൽ കാണുമ്പോലെ ഇവിടെയും നായപ്രേമികളുടെ സംഘങ്ങൾ ഇതിലൊക്കെ രോഷം പ്രകടിപ്പിച്ചു തുടങ്ങിയാൽ സുധാകരൻ കഷ്ടത്തിലാവില്ലേ?
അനേകം അരുതായ്മകളുടെ പേരിൽ വന്നെത്തിക്കൊണ്ടിരിക്കുന്ന നാണക്കേടുകളുടെ മാറാപ്പുകളുടെ കൂട്ടത്തിൽ മാർക്സിസ്റ്റു പാർട്ടിക്കു സുധാകരന്റെ ഭാഷാവിഴുപ്പുകൂടി പേറേണ്ടി വന്നിരിക്കുന്നു. അത്തരമൊരു ദയനീയ ദൃശ്യമാണു് കെ. ഇ. എന്നിന്റെ വാക്കിൽ വെളിപ്പെട്ടതു്: മാതൃഭൂമി പത്രാധിപർ കെ. ഗോപാലകൃഷ്ണനെ അധിക്ഷേപിച്ചുകൊണ്ടു് സി. പി. എം. സ്റ്റേറ്റു സെക്രട്ടറി പിണറായി വിജയൻ നടത്തിയ പ്രകടനത്തിലെ ഭാഷയെ ‘വാമൊഴിവഴക്കത്തിന്റെ സൗന്ദര്യം’ എന്നു് പുകഴ്ത്തിയ പു. ക. സ. സെക്രട്ടറി കെ. ഇ. എൻ. അതേ തൃശുർ പ്രഭാഷണത്തിൽ ജി. സുധാകരന്റെ ഭാഷയെ ‘വാമൊഴി വഴക്കത്തിന്റെ മറ്റൊരു വീര്യം’ എന്നു് വാഴ്ത്തുകയുണ്ടായി: ‘കൊളോണിയിൽ തെമ്മാടികൾ’ക്കെതിരായ കീഴാളഭാഷയുടെ ഉയിർപ്പാണു് സുധാകരനിൽ കാണുന്നതത്രെ!
സി. പി. എം. നേതാക്കന്മാരും മന്ത്രിമാരും ഇത്തരം വാക്കുകൾ മറ്റുള്ളവരുടെ നേരെ ഉപയോഗിക്കുമ്പോൾ മാത്രമേ അവയുടെ ‘സൗന്ദര്യ’വും ‘വീര്യ’വും തിരിച്ചറിയപ്പെടുന്നുള്ളൂ എന്നതാണു് തമാശ. ഐസ്ക്രീം പാർലർ കേസിൽ പി. കെ. കുഞ്ഞാലിക്കുട്ടി യെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ‘വേട്ടയാടു’ന്നതിൽ പ്രതിഷേധിക്കാനും പ്രതിയോടു് ‘അനീതി’ (!) കാണിക്കരുതു് എന്നു് കേരളീയ സമൂഹത്തെ ഉദ്ബോധിപ്പിക്കുവാനും വേണ്ടി ‘സാംസ്കാരിക നായകന്മാർ’ കോഴിക്കോട്ട് സംഘടിപ്പിച്ച ഒരു യോഗത്തിൽ അന്നത്തെ കോഴിക്കോട് ആകാശവാണി ഡയറക്ടർ രാജശേഖരൻ അന്നത്തെ പ്രതിപക്ഷനേതാവു് വി. എസ്. അച്യുതാനന്ദനെ ‘കോമാളി’ എന്നു വിശേഷിപ്പിച്ചതു് വലിയ പുക്കാറായിരുന്നു. പാർട്ടിക്കോ, പോഷകസംഘടനകൾക്കോ ആ വാമൊഴിയുടെ സൗന്ദര്യമോ, വീര്യമോ തെല്ലും പിടികിട്ടിയില്ല. അവർ പ്രതികാരമായി അനേകം അധിക്ഷേപ വാക്കുകൾ വിളിച്ചുകൂവിയതു് പോരാഞ്ഞിട്ടു് വടകരയിൽവെച്ചു് ആ ഉദ്യോഗസ്ഥന്റെ ദേഹത്തു് കരിഓയിൽ ഒഴിച്ചും തെറിയഭിഷേകം നടത്തിയും അപമാനിച്ചുവിട്ടു. അതുകൊണ്ടും അരിശം തീരാഞ്ഞു് സ്ഥലംമാറ്റം അടക്കമുള്ള ഭീഷണികളുടെ കുത്തൊഴുക്കിൽ എത്രയോ മാസം ആ ഉദ്യോഗസ്ഥനെ വിറപ്പിച്ചു നിർത്തി…
ആകാശവാണി ഡയറക്ടർ വിമർശിക്കപ്പെടേണ്ടിയിരുന്നതു് സ്ത്രീപീഡനക്കേസിലെ പ്രതികൾക്കുവേണ്ടി രംഗത്തുവന്നതിന്റെ പേരിലായിരുന്നു. പാർട്ടിക്കാർക്കു് ആ ഹാലിളക്കത്തിൽ ഇക്കാര്യം തിരിയാതെ പോയി.
ഏറെച്ചെല്ലും മുമ്പേ ഇതേ വി. എസിനെ ഇതേ കെ. ഇ. എൻ. ഭംഗ്യന്തരേണ ‘ആൾദൈവം’ എന്നു വിശേഷിപ്പിക്കുന്നതു് കേൾക്കാനും മലയാളികൾക്കു് ഇടയായി. അന്നു് പാർട്ടിയുടെ യുവജനസേനകളൊന്നും കോമരം തുള്ളാതിരുന്നതിൽ നിന്നു് ന്യായമായും ഊഹിക്കേണ്ടതു് ടി പ്രയോഗത്തെ വാമൊഴിവഴക്കത്തിന്റെ ‘സൗന്ദര്യ’ക്കണക്കിലോ, ‘വീര്യ’ക്കണക്കിലോ വരവു് വെച്ചു എന്നാണു്. വാക്കുണ്ടെങ്കിൽ ചാച്ചും ചരിച്ചും കെട്ടാം!
ഏതാണു് തെറി, ഏതാണു് അശ്ലീലം എന്നൊക്കെയുള്ള തീർപ്പുകൾ കാലത്തിനും ദേശത്തിനും അനുസരിച്ചു് മാറിമറിയും. സന്ദർഭത്തിനനുസരിച്ചു് എപ്പോഴും അതു് മാറാം. എന്റെ നിലപാടു്: നിങ്ങളുടെ നേരെ വല്ലവരും ഉപയോഗിച്ചാൽ നിങ്ങൾക്കു് രസിക്കാനിടയില്ലാത്തതു് നിങ്ങൾ വല്ലവരുടെയും നേരെ ഉപയോഗിക്കുമ്പോൾ ഭാഷയിലെ ജനാധിപത്യം ധ്വംസിക്കപ്പെടുന്നു. ഇത്തരം ധ്വംസനം നടക്കുന്ന ഏതു പദപ്രയോഗവും തെറിയാണു്.
ജി. സുധാകരൻ മറ്റുള്ളവരുടെ നേരെ ഉപയോഗിച്ച പദങ്ങൾ അതു കേൾക്കേണ്ടി വന്നവർ തിരിച്ചു പ്രയോഗിച്ചാൽ അദ്ദേഹം ചൂടാകുമോ? പാർട്ടിക്കാർ ഇളകിയാടുമോ? എങ്കിൽ അദ്ദേഹം നടത്തിയ അത്തരം വാക്ശരങ്ങൾ തെറിമാത്രമാണു്. മന്ത്രിസ്ഥാനത്തുനിന്നു് ഇറങ്ങിക്കഴിഞ്ഞാലും ഇത്തരം പദങ്ങൾ ഉപയോഗിച്ചു് വലിയ ഉദ്യോഗസ്ഥന്മാരെയും നേതാക്കന്മാരെയും വിമർശിക്കുവാൻ അദ്ദേഹത്തിനു് ഉശിരുണ്ടാകുമോ? ഇല്ലെങ്കിൽ അദ്ദേഹം നടത്തിയ അത്തരം വാക്ശരങ്ങൾ തെറി മാത്രമണു്. കെ. ഇ. എൻ. പറഞ്ഞ തരത്തിൽ ഈ ഭാഷ ‘കീഴാളം’ ആണോ എന്നതിനുള്ള രാസപരിശോധനയ്ക്കും ഈ പരീക്ഷണം മതി.
ന്യായത്തിൽ തോറ്റവനോ, തോൽക്കും എന്നു് പേടിയുള്ളവനോ ആണു് തെറിപറയുന്നതു്. കാര്യമാണു് പറയുന്നതു് എന്നു് ഉത്തമബോധ്യമുണ്ടെങ്കിൽ സുധാകരൻ എന്തിനാണു് ഈ മട്ടിൽ ശകാരിക്കുന്നതു്? അദ്ദേഹം ഉന്നയിക്കുന്ന പ്രശ്നങ്ങളിൽനിന്നു് ജനശ്രദ്ധ മാറ്റിക്കളയാനേ അതുപകരിക്കൂ എന്നുറപ്പാണു്. കഴിഞ്ഞ പതിനാലു് മാസമായി അദ്ദേഹം പറഞ്ഞു കൊണ്ടിരുന്ന കാര്യങ്ങളിൽ ജനങ്ങൾ ഏറ്റവുമധികം ഓർത്തുവെച്ചിരിക്കുന്നതു് ഈ ശകാരഘോഷം ആണു് എന്ന അനുഭവം തന്നെ തെളിവു്.
സംവാദം സൃഷ്ടിക്കാൻ ജനാധിപത്യവിരുദ്ധമായ ഈ ഭാഷ പറ്റില്ല. വിവാദം ഉണ്ടാക്കാനാണെങ്കിൽ, മാധ്യമങ്ങളിൽ നിറയാനാണെങ്കിൽ, ഇതു് ധാരാളം.
ഭാഷാപോഷിണി: ആഗസ്റ്റ് 2007.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.