നോവലോ ചെറുകഥയോ അല്ലാത്ത മറ്റൊരു കഥാരൂപം മലയാളത്തിന്നു് പരിചയപ്പെടുത്തിയ എഴുത്തുകാരനാണു് ബഷീർ. ചെറുകഥയെക്കാൾ ദൈർഘ്യമുള്ളതും നോവൽ എന്നു് വിളിക്കാൻ പറ്റാത്തതുമായ ഈ കഥാരൂപം ‘തുടർക്കഥ’യാണു്. സാഹിത്യപ്രസിദ്ധീകരണങ്ങളിൽ തുടർച്ചയായി പ്രസിദ്ധീകരിക്കാൻ പറ്റുന്ന കഥകളാണിവ.
രചനയുടെ ദൈർഘ്യം മാത്രമല്ല ഇതിന്റെ മാനദണ്ഡം; സ്വഭാവം കൂടിയാണു്. സാധാരണ കഥയിലെപ്പോലെ ഒരു ‘കഥ’ പറയുക, ഒരു ജീവിതസന്ദർഭം ആവിഷ്കരിക്കുക എന്നിവയോ നോവലിലെപ്പോലെ കഥാപാത്രങ്ങളുടെ വളർച്ച ചിത്രീകരിക്കുക, വ്യക്തിജീവിതത്തിന്റെയും സാമൂഹ്യജീവിതത്തിന്റെയും സങ്കീർണ്ണതകൾ അടയാളപ്പെടുത്തുക തുടങ്ങിയവയോ ഈ രചനയുടെ സ്വഭാവമല്ല. രാഷ്ട്രീയമായ ചില ആശയങ്ങളെയും സാമൂഹ്യമായ ചില പ്രവണതകളെയും പെരുപ്പിച്ചു് കാണിച്ചു് ഹാസ്യരൂപത്തിൽ അവതരിപ്പിക്കുകയാണിവിടെ. ഒരേ കഥാപാത്രങ്ങളെ പല കഥകളിൽ കാണുന്നതുകൊണ്ടു കൂടിയാണിതു് ‘തുടർക്കഥ’യാവുന്നതു്.
ഈ വകുപ്പിൽ ബഷീർ എഴുതിയ ലഘു പുസ്തകങ്ങളാണു് മുച്ചീട്ടുകളിക്കാരന്റെ മകൾ (1951), സ്ഥലത്തെ പ്രധാന ദിവ്യൻ (1953), ആനവാരിയും പൊൻകുരിശും (1953), വിശ്വവിഖ്യാതമായ മൂക്കു് (1954) എന്നിവ. ഇതിൽ ‘വിശ്വവിഖ്യാതമായ മൂക്കു്’ എന്ന സമാഹാരപുസ്തകത്തിൽ ഈ വകുപ്പിൽപ്പെടാത്ത ‘നീതിന്യായം,’ ‘പഴയ ഒരു കൊച്ചു പ്രേമകഥ’ എന്നീ രണ്ടു് ചെറുകഥകൾ ഉൾപ്പെടുത്തിയിട്ടുണ്ടു്. ഈ വകുപ്പിൽ പെടുത്തേണ്ട ‘എട്ടുകാലി മമ്മൂഞ്ഞ്’ കാണുന്നതു് ഒരു ഭഗവത്ഗീതയും കുറേ മുലകളും (1967) എന്ന സമാഹാരത്തിലാണു്.
1951 ഒക്ടോബറിൽ കോട്ടയത്തുനിന്നു് ഇറങ്ങിയ ഡമോക്രാറ്റ് വാർഷിക വിശേഷാൽ പതിപ്പിലാണു് ‘എട്ടുകാലി മമ്മൂഞ്ഞ്’ പ്രസിദ്ധീകരിക്കുന്നതു്. 1951-ൽ 40 പേജുള്ള ലഘുപുസ്തകമായി ഇറങ്ങിയ ‘മുച്ചീട്ടുകളിക്കാരന്റെ മകൾ’ (നാഷനൽ ബുക്സ്റ്റാൾ: കോട്ടയം) നേടിയ ശ്രദ്ധയ്ക്കു് ഉദാഹരണം കാണിക്കാം: ഇതിനെ അനുമോദിച്ചുകൊണ്ടു് ‘കേരളഗാന്ധി’ എന്നറിയപ്പെട്ടിരുന്ന പ്രമുഖ കോൺഗ്രസ് നേതാവും നിരൂപണരചനയിൽ കാര്യമായി ഏർപ്പെട്ടിട്ടില്ലാത്ത ദേഹവുമായ കെ. കേളപ്പൻ കോഴിക്കോട്ട് നിന്നു് പുറപ്പെടുന്ന ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ൽ (1952 ഏപ്രിൽ 27) നിരൂപണം എഴുതിയിട്ടുണ്ടു്. ‘ആനവാരിയും പൊൻകുരിശും’ തുടർക്കഥയായി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ രണ്ടു ലക്കങ്ങളിൽ (1952 ജൂൺ 8, ജൂൺ 15) വന്നു. ഇതിലാണു് മലയാളത്തിലെ തുടർക്കഥ ആരംഭിക്കുന്നതു്. ‘സ്ഥലത്തെ പ്രധാന ദിവ്യൻ’ അക്കൊല്ലംതന്നെ ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ൽ 1952 ജൂലായ് 20, ജൂലായ് 27, ആഗസ്ത് 3, ആഗസ്ത് 10 ലക്കങ്ങളിൽ 4 ഭാഗമായി വെളിച്ചം കണ്ടതോടെ കേരളത്തിൽ തുടർക്കഥ ശ്രദ്ധേയമായ സാഹിത്യസാന്നിദ്ധ്യമായി. മുൻലക്കത്തിൽ ഇതിന്റെ പരസ്യം കൊടുത്തപ്പോൾ പത്രാധിപർ ഉപയോഗിച്ച വിശേഷണം ‘നീണ്ടചെറുകഥ’ എന്നാണു്. (1952 ജൂലായ് 13).
ഇതേ കാലത്തുതന്നെയാണു് പ്രശസ്ത നോവലിസ്റ്റ് ഉറൂബി (1915–1979)ന്റെ കുഞ്ഞമ്മക്കഥകളുടെ പരമ്പര പ്രസിദ്ധീകരണം ആരംഭിക്കുന്നതു്. അതിലെ ആദ്യകഥ ‘കുഞ്ഞമ്മപ്രശ്നം’ 1952 ജൂലായ് 6-ന്റെ ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ൽ പ്രകാശിതമായി. തുടർലക്കങ്ങളിൽ അവയും ‘സ്ഥലത്തെ പ്രധാന ദിവ്യനും’ ഒപ്പത്തിനൊപ്പം വരുന്നു. ഉറൂബിന്റെ ഓരോ രചനയുടെ മുകളിലും പത്രാധിപർ ‘ചെറുകഥ’ എന്നാണു് കൊടുത്തിരുന്നതു്. ഒരേ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും ജീവിതസാഹചര്യങ്ങളെയും പലകഥകളിൽ കണ്ടതിൽനിന്നു് അവയുടെ ആഭ്യന്തരബന്ധം വായനക്കാർ കണ്ടെടുക്കുകയായിരുന്നു.
ഈ തുടർക്കഥകളിൽ ബഷീറിന്റെയും ഉറൂബിന്റെയും ആഖ്യാനശൈലി—രണ്ടു തലത്തിലാണെങ്കിലും—നർമഭരിതമാണു്. ബഷീറിന്റേതു് ആക്ഷേപഹാസ്യകാരന്റെ (സറ്റയറിസ്റ്റ്) രീതിയാണു്. രാഷ്ട്രീയപ്രവണതകളെ പരിഹസിക്കുകയാണദ്ദേഹം. ഉറൂബ് കുഞ്ഞമ്മയുടെയും കൂട്ടരുടെയും കഥ പറയുന്നതു് യഥാതഥമായ (റിയലിസ്റ്റ്) രീതിയിലാണു്. ഗ്രാമീണജീവിതത്തിന്റെ സുഖദുഃഖങ്ങളെയും സമൂഹത്തിന്റെ പെരുമാറ്റരീതികളെയും ഒരിളംചിരിയോടെ ചിത്രീകരിക്കുകയാണദ്ദേഹം. ബഷീർ തുടങ്ങിവെച്ചെങ്കിലും ഉറൂബാണു് തുടർക്കഥ എന്ന സാഹിത്യരൂപത്തെ മലയാളത്തിൽ പ്രതിഷ്ഠിക്കുന്നതു്.
ഈ ആക്ഷേപ ഹാസ്യകൃതികളിൽ ബഷീറിന്റെ പതിവുരീതിയായ യഥാതഥകഥനം (റിയലിസം) കാണാനില്ല. തമാശയ്ക്കുവേണ്ടി അതിശയോക്തി ഉപയോഗിച്ചു് എല്ലാം ഊതിവീർപ്പിച്ചിരിക്കുകയാണു്.
എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തിന്റെ അവതരണം:
‘കുറെക്കാലം മുമ്പു് സാമാന്യം ഭേദപ്പെട്ട ഒരു എട്ടുകാലിയായിരുന്നു എന്നേ മമ്മൂഞ്ഞിനെ കണ്ടാൽ തോന്നൂ. തല വളരെ ചെറുതും പൊക്കം വളരെ കുറവുമാണു് മൂപ്പർക്കു്. ആകെക്കൂടി മമ്മൂഞ്ഞിനു് അഭിമാനിക്കുവാനുള്ളതു് മീശയാണു്. അതു് രണ്ടു് വശത്തും ഓരോ മുഴം നീളത്തിൽ മൂപ്പരങ്ങിനെ വളർത്തി വിട്ടിരിക്കയാണു്. വഴിയെ പോകുമ്പോൾ സ്ത്രീകളുടെ ദേഹത്തു് എട്ടുകാലി മമ്മൂഞ്ഞ് മീശമുട്ടിക്കും എന്നൊരു പരാതിയുമുണ്ടു്. എട്ടുകാലി മമ്മൂഞ്ഞിനെപ്പറ്റി വേറൊന്നുള്ളതു് അദ്ദേഹം പുരുഷനല്ലെന്നുള്ളതാണു്. സ്ത്രീയുമല്ല. നപുംസകം. ഈ രഹസ്യം സ്ഥലത്തെ സ്ത്രീകൾക്കെല്ലാം അറിയാവുന്നതാണു്. ഇതെങ്ങനെയാണു് അവരറിഞ്ഞിട്ടുള്ളതെന്നു് ആർക്കും ഒരെത്തും പിടിയുമില്ല.’
എവിടെയെങ്കിലും ഒരു സ്ത്രീക്കു് ഗർഭമായി എന്നറിഞ്ഞാൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു് അത് ഞമ്മളാണു് എന്നു് ഈ നപുംസകം പ്രഖ്യാപിച്ചുകളയും!
അന്യരുടെ അധ്വാനഫലങ്ങളിന്മേൽ അവകാശവാദവുമായി വരികയും സങ്കതി അറിഞ്ഞാ? എന്ന മുഖവുരയോടെ ചൂടുള്ള വാർത്തകളെത്തിക്കുകയും ചെയ്യുന്ന മമ്മൂഞ്ഞ് പത്രപ്രവർത്തകന്റെ കാർട്ടൂൺ രൂപം തന്നെയാണു്.
‘മുച്ചീട്ടുകളിക്കാരന്റെ മകൾ’ മുച്ചീട്ടുകളിക്കാരനായ ഒറ്റക്കണ്ണൻ പോക്കർ, അയാളുടെ മകളും ചായപ്പീടികക്കാരിയുമായ സൈനബ, അവളുടെ കാമുകനും പോക്കറ്റടിക്കാരനുമായ മണ്ടൻ മുത്തപ എന്നിവരുടെ കഥയാണു്. ആർക്കും തോൽപിക്കാൻ കഴിയാത്ത മുച്ചീട്ടുകളിക്കാരനാണു് ഒറ്റക്കണ്ണൻ. അയാളുടെ നോട്ടത്തിൽ മുത്തപ തനി മണ്ടനാണു്: അവനെ മൂക്കിൽ കൂടി പുക വിടാൻ പഠിപ്പിച്ചതു് താനാണു്. ഒരു രൂപ ഫീസ് നിശ്ചയിച്ചായിരുന്നു ഈ വിദ്യാഭ്യാസം. ആ വകയിൽ പത്തര അണ കിട്ടാൻ ബാക്കിയാണു്! ഇതിനിടയിലാണു് സൈനബയും മുത്തപയും തമ്മിലുള്ള പ്രണയം. എന്തുവന്നാലും അവളെ ഒരു മണ്ടനു് കെട്ടിച്ചുകൊടുക്കുകയില്ല എന്നു് പോക്കർ തീരുമാനിച്ചു. അപ്പോഴാണു് പുതിയൊരു ഗുലുമാലു്: ചന്തയിലെ മുച്ചീട്ടുകളിയിൽ പലവട്ടം മുത്തപ പോക്കരെ തോൽപിച്ചു. അവസാനം മുച്ചീട്ടുകളി എന്ന ഉപജീവനമാർഗ്ഗത്തെ രക്ഷിക്കാൻ വേണ്ടി ആ കല്യാണം നടത്തിക്കൊടുക്കേണ്ടി വന്നു. തന്റെ വിജയരഹസ്യം മുത്തപ പറഞ്ഞാണു് പോക്കർ അറിഞ്ഞതു്—രൂപമുള്ള ചീട്ടിന്റെ മൂലയിൽ മുത്തപയ്ക്കു വേണ്ടി സൈനബ സൂചികൊണ്ടു് സൂക്ഷ്മമായി കുത്തിട്ടു് അടയാളം വെച്ചിരിക്കുന്നു!
രാഷ്ട്രീയക്കാരന്റെ പ്രതിരൂപം തന്നെയാണു് പോക്കർ. അയാൾക്കു് ഒരു കണ്ണേയുള്ളു. വീക്ഷണം ഏകപക്ഷീയമാണു് എന്നർത്ഥം. പലപല ചിഹ്നങ്ങൾ പ്രദർശിപ്പിച്ചു് ലാഭം കൊയ്യുന്ന ഈ കളി ജനങ്ങളെ പ്രലോഭിപ്പിച്ചു് സ്വന്തമായി നേട്ടമുണ്ടാക്കുന്ന രീതി തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിന്റെ തട്ടിപ്പു് തന്നെയാണു്. കലാകാരന്റെ പ്രതിപുരുഷനാണു് പോക്കറ്റടിക്കാരൻ മുത്തപ. അയാളെ ‘കലാകാരൻ’ എന്നു് കഥാകൃത്തു് പലവട്ടം വിളിക്കുന്നുണ്ടു്. രാഷ്ട്രീയക്കാരും കലാകാരന്മാരും കൂടി നടത്തുന്ന പ്രകടനങ്ങൾ ഏതേതെല്ലാം വഴിക്കു് ഹാസ്യനാടകങ്ങളാകുന്നു എന്നതിന്റെ വിസ്താരമാണു് ഈ രചന. പുരോഗമനസാഹിത്യപ്രസ്ഥാനക്കാരുടെ കലാസങ്കൽപങ്ങളെ ഇക്കൂട്ടത്തിൽ കശക്കി വിടുന്നുണ്ടു്.
‘ഈ സമരവൃത്താന്തം കാട്ടുതീ പോലെ സ്ഥലത്തെങ്ങും പരന്നു. സമരപാരമ്പര്യമുള്ള നാട്ടുകാർ ഉഷാറായി. ബഹുജനങ്ങൾ പൊടുന്നനെ രണ്ടു ചേരികളായി പിരിഞ്ഞു. സ്ഥലത്തെ ഔട്ട് പോസ്റ്റിലുള്ള രണ്ടു പോലീസുകാർ ആദ്യമാദ്യം ഒറ്റക്കണ്ണൻ പോക്കരുടെ ചേരിയിലായിരുന്നു. പിന്നീടു് അവരും ബഹുജനങ്ങളിൽ അധികഭാഗവും മണ്ടൻ മുത്തപായുടെ ചേരിയിലേക്കു് കൂറുമാറി. ഇതിനുകാരണവുമുണ്ടായിരുന്നു. അതു് നിൽക്കട്ടെ-’
‘യുദ്ധം അങ്ങു് വീറോടെ തുടങ്ങി. മണ്ടൻ മുത്തപായ്ക്കു് ജയവും കണ്ടു തുടങ്ങി. അപ്പോൾ അന്തരീക്ഷം ആകെയൊന്നു് മാറി. മണ്ടൻ മുത്തപാ ഒരു വിപ്ലവവീര്യമുള്ള തൊഴിലാളിവീരനായി. ഒറ്റക്കണ്ണൻ പോക്കർ പുകഴ്ത്തിവെപ്പുകാരനും ഭയങ്കര കരിഞ്ചന്തക്കാരനുമായ ഒരു മൂരാച്ചിയുമായി.’
‘സൈനബ ആരുടെ ചേരിയിൽ?’ ഇതായിരുന്നു ബഹുജനങ്ങളുടെ ചോദ്യം.
ഇവിടെക്കാണുംപോലെ വിവരണത്തിലുടനീളം സാമൂഹ്യരാഷ്ട്രീയസംഭവവികാസങ്ങളുടെ സൂചനകളുണ്ടു്. ‘സോദ്ദേശ്യ’സാഹിത്യത്തിന്റെയും ‘സാഹിത്യകാരന്മാരുടെ സാമൂഹ്യപ്രതിബദ്ധത’യുടെയും കണക്കിൽ മാക്സിം ഗോർക്കി യുടെ ‘സാഹിത്യകാരൻ ആരുടെ ചേരിയിൽ?’ എന്ന ചോദ്യം കേരളത്തിൽ വ്യാപകമായി ചർച്ച ചെയ്യുന്ന കാലമാണതു്.
നാലു് അധ്യായമുള്ള ‘ആനവാരിയും പൊൻകുരിശും’ എന്ന രചനയിലെ മുഖ്യകഥാപാത്രങ്ങൾ കള്ളന്മാരായ ആനവാരി രാമൻനായരും പൊൻകുരിശു തോമയുമാണു്. ചാണകം കക്കാൻ ചെന്ന രാമൻനായർ പാതിരയ്ക്കു് ആ കൂമ്പാരമാണു് എന്നു് വിചാരിച്ചു് ആനയെ വാരിയതോടെയാണു് അയാൾക്കു് ‘ആനവാരി’ എന്നു് പേരു വീണതു്. ലോക്കപ്പിൽ കിടക്കുന്ന കള്ളനായ തോമ പാറാവുകാരൻ പളുങ്കൻ കൊച്ചുകുഞ്ഞിന്റെ സഹായത്തോടെ പാതിരയ്ക്കു് പുറത്തിറങ്ങി പള്ളിയിലെ പൊൻകുരിശു് മോഷ്ടിച്ചതോടെ അയാൾക്കു് ‘പൊൻകുരിശ്’ എന്നു് പേരായി. അവരുടെ പലതരം കള്ളത്തരങ്ങളുടെയും അമളികളുടെയും ആഖ്യാനമാണിതു്.
കള്ളന്മാരായ രാമൻനായരെയും തോമയെയും അവതരിപ്പിച്ചിരിക്കുന്നതു് ഇപ്രകാരമാണു്: ഈ ലോകം ഇതിലുള്ള എല്ലാവരുടേതുമാണു്. സ്വകാര്യ ഉടമ നിഷിദ്ധം. ആർക്കും ആരുടേതും എടുക്കാം. ഇങ്ങനെയുള്ള സമത്വസുന്ദരമായ ദർശനമാണു് ആനവാരി രാമൻനായർക്കും പൊൻ കുരിശുതോമ മുതൽ പേർക്കുമുള്ളതു്. ആനവാരിയും പൊൻകുരിശും സഖാക്കളാണു്. (ഒന്നാമധ്യായം)
ഇവിടെ ‘സഖാക്കളാണു്’ എന്നു് പറഞ്ഞതു് ഇണപിരിയാത്ത കൂട്ടുകാർ എന്ന അർത്ഥത്തിലാണു്. ആ പ്രത്യേക പദപ്രയോഗത്തിലൂടെ കമ്യൂണിസ്റ്റുപാർട്ടിയുടെ കൂടി സൂചന ലഭിക്കുന്നു.
ഈ വകുപ്പിലെ ദീർഘരചനയാണു് പതിനാലു് അധ്യായമുള്ള ‘സ്ഥലത്തെ പ്രധാന ദിവ്യൻ’. ആനവാരി രാമൻനായർ, പൊൻകുരിശ് തോമ, എട്ടുകാലി മമ്മൂഞ്ഞ്, തൊരപ്പൻ അവറാൻ, ഡ്രൈവറ് പപ്പുണ്ണി, ഒറ്റക്കണ്ണൻ പോക്കർ, മണ്ടൻ മുത്തപ, മുഴയൻ നാണു മുതൽ പേരായ കാരിക്കേച്ചർ കഥാപാത്രങ്ങളെല്ലാം അധിവസിക്കുന്ന വിചിത്രദേശമാണു് ‘സ്ഥലം’. അതിന്നു പുറത്തുള്ളതെല്ലാം ‘വിദേശം’ ആണു്. അവിടത്തെ കഥാപാത്രങ്ങൾ നിയമവാഴ്ചക്കെതിരായി എടുക്കുന്ന ഏതു പണിയും ‘സ്വാതന്ത്ര്യസമരം’ ആണു്. സമാധാനത്തിന്നു വേണ്ടി നിരന്തരം യുദ്ധം ചെയ്യുകയാണു് അവരുടെ പണി!
ഈ കഥാപാത്രങ്ങൾക്കു് സമാനതകൾ പലതുണ്ടു്: തമാശ നിറഞ്ഞ വട്ടപ്പേരുകളിലാണു് മിക്കവരും അറിയപ്പെടുന്നതു്. മിക്കവരും കള്ളന്മാരോ കൊലപാതകികളോ തട്ടിപ്പുകാരോ ആണു്. അനേകം കുറ്റകൃത്യങ്ങൾ ചെയ്ത കൊമ്പൻ ചേന്നനാണു് അവിടത്തെ രക്തസാക്ഷി. അയാളുടെ കഠാരിയാണു് അവിടത്തെ പൂജാവസ്തു. കണ്ടമ്പറയൻ എന്നു പേരായ അവരുടെ ദിവ്യൻ കഞ്ചാവിന്റെ അടിമയാണു്. വെളിപാടിന്റെ ഭാഷയിൽ മാത്രം സംസാരിക്കുന്ന ദിവ്യൻ ‘ഹന്ത-ന്ത-ന്ത്’ എന്നു പറഞ്ഞാൽ ആരാധകന്മാർ അതു വ്യാഖ്യാനിച്ചു് ‘അവിടെയുണ്ടു്’ എന്നു് അർത്ഥം മനസ്സിലാക്കിക്കളയും!
ആ പൊങ്ങച്ചത്തിന്റെ മുഴുപ്പു് നോക്കൂ:
‘സൂര്യഭഗവാനെ ലോകത്തിൽ ആദ്യമായി കണ്ടുപിടിച്ചതു് സ്ഥലവാസികളാണു്. ഇതുപോലെ ക്ഷൗരക്കത്തി, ഗൗളിശാസ്ത്രം, തീയ്, കൂടുവിട്ടു കൂടുമാറൽ, മുച്ചീട്ടുകളി, സ്വപ്നശാസ്ത്രം, പാചകവിദ്യ, കോഴിപ്പോരു്, വെള്ളം, കാളവണ്ടി, ഗുസ്തി, മന്ത്രവാദം, കഠാരി എന്നിതുകൾ ആദ്യമായി ലോകത്തിൽ കണ്ടുപിടിച്ചതും സ്ഥലവാസികൾ തന്നെ. മുഴയൻ നാണുവിന്റെ അഭിപ്രായത്തിൽ സ്ഥലമാകുന്നു ലോകത്തിന്റെ നടുമധ്യം.’ (ഒന്നാമധ്യായം)
സ്ഥലവാസികളുടെ മനോഭാവത്തെപ്പറ്റിയുള്ള കഥാകാരന്റെ നിന്ദാസ്തുതി:
‘സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന ലോകത്തിലെ ഏക ഭൂവിഭാഗമാകുന്നു സാക്ഷാൽ സ്ഥലം. സമാധാനപ്രിയരാകുന്നു സ്ഥലവാസികൾ. കൊച്ചു പിച്ചാത്തി, വലിയ മടക്കുകത്തി, കൊടുവാൾ, വലിയ വെട്ടുകത്തി, മുളകുപൊടി, ഏറുപടക്കം, അള്ളു്, ഇരുമ്പുവടി, ഉലക്ക, കുന്തം, ആസിഡ്ബൾബ്, ചാട്ടുളി, ഗദ, ഇടിക്കട്ട, വാളു്, കഠാരി, ഗുണ്ടു്, വടിവാൾ, തോക്കുകൾ—എല്ലാം സമാധാനകാര്യങ്ങൾക്കു മാത്രമാണു് സ്ഥലവാസികൾ ഉപയോഗിക്കുന്നതു്. എലിപ്പാഷാണവും സമാധാനകാര്യങ്ങൾക്കുപയോഗിക്കുന്നു. സമാധാനം! സമാധാനം! ഹാ ഹാ സമാധാനം.’ (ഒന്നാമധ്യായം)
സ്ഥലത്തെ പ്രധാന ദിവ്യനായ കണ്ടമ്പറയന്റെ വിവരണമിതാ: ‘ഏകാകി. അച്ഛനില്ല. അമ്മയില്ല. ഭാര്യയുമില്ല. കുട്ടികളില്ല. ആരുമില്ല. വയസ്സു കുറെ അധികമായി. ചെവിയും നന്നെ പതുക്കെയാണു്. മുടി, താടി, മീശ—ഇതെല്ലാം വളരെ നീളത്തിൽ അനേകം പാമ്പുകളെപ്പോലെ ചുരുണ്ടു നീണ്ടു വളഞ്ഞു പുളഞ്ഞങ്ങനെ കിടക്കുകയാണു്. കണ്ണുകൾ രണ്ടും ചുവന്നു തുറിച്ചു നിൽക്കും. അദ്ദേഹത്തിന്റെ യഥാർത്ഥനിറം എന്തെന്നാർക്കും അറിഞ്ഞുകൂടാ. ചെമ്മണ്ണു്, ചാരം ഇതെല്ലാം പൊതിഞ്ഞു്, കഞ്ചാവിന്റെ ദർശനവുമായി ഉപ്പുമാങ്ങയും കടിച്ചുതിന്നു്, അങ്ങനെ ഇരിക്കും.’ (അഞ്ചാമധ്യായം)
പൊങ്ങച്ചത്തിന്റെയും അധികാരഗർവ്വിന്റെയും താൻപോരിമയുടെയും പേരിൽ എന്തും ചെയ്യാൻ മടിക്കാത്തവരുടെ സമൂഹം. ആ ചെയ്യുന്നതൊക്കെ ധർമ്മം ആണെന്നു് വ്യാഖ്യാനം! ഭിന്ന മതസമൂഹങ്ങളിലെ പുരോഹിതന്മാരും നേതാക്കന്മാരും അനുയായികളെ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ഉറപ്പിച്ചുനിർത്തുന്നതെങ്ങനെയെന്നു് ഇവിടെ വരച്ചു വെച്ചിട്ടുണ്ടു്. സ്ഥലത്തു് വസൂരി വരുന്നതിനെ തടയാൻ മുസ്ലീംകളും കോളറ വരുന്നതിനെ തടയാൻ ക്രിസ്ത്യാനികളും പണവും അധ്വാനവും ചെലവാക്കി നടത്തുന്ന അനുഷ്ഠാനങ്ങൾ പലതുണ്ടു്. എന്നിട്ടോ?
‘വസൂരിയുടെയും കോളറയുടെയും കാലത്തു് കുറെ അധികം ആളുകൾ മരിക്കും. മരണം എപ്പോഴുമുണ്ടല്ലോ. അരിയെത്തുമ്പോൾ മരിക്കും! ദൈവം തമ്പുരാൻ വിളിക്കുമ്പോൾ അങ്ങു പോകണം. അത്രേയുള്ളൂ.’ (ആറാമധ്യായം)
ജനകീയ മുന്നേറ്റങ്ങളുടെ വിജയത്തിന്റെ കഥ നോക്കൂ:
‘സ്ഥലത്തെ ജനസംഖ്യ രണ്ടായിരത്തി ഇരുനൂറ്റിപ്പന്ത്രണ്ടു്. ആ നിലയ്ക്കു് സ്ഥലത്തു് നിന്നും ഒരു ലക്ഷത്തിത്തൊണ്ണൂറ്റിയൊരായിരത്തി അഞ്ഞൂറ്റിമൂന്നു് ഒപ്പെങ്കിലും ശേഖരിക്കാൻ കഴിഞ്ഞതു് വലിയ ജനകീയ നേട്ടം തന്നെയാണു്.’ (പതിമൂന്നാമധ്യായം)
‘വിശ്വവിഖ്യാതമായ മൂക്കു്’ എന്ന കഥയിൽ നിരക്ഷരനും ദരിദ്രനുമായ ഒരു കുശിനിക്കാരന്റെ മൂക്കു് ഒരു ദിവസം നീളം വെച്ചതാണു് പ്രമേയം—അതു് വായും കഴിഞ്ഞു് താടി വരെ നീണ്ടു കിടക്കുകയാണു്! അതോടെ ആ അരിവെപ്പുകാരനെ ജോലിയിൽ നിന്നു് പിരിച്ചുവിട്ടു. പക്ഷേ, അയാൾ പട്ടിണി കിടക്കുന്ന ചെറ്റക്കുടിലിൽ മൂക്കു് കാണാൻ ആളുകളെത്തി. ആൾത്തിരക്കു് കൂടിയപ്പോൾ കാണാൻ വന്നവരിൽ നിന്നു് മൂക്കന്റെ അമ്മക്കു് പണം കിട്ടി. അയാൾ ലക്ഷപ്രഭുവായി, അതിപ്രശസ്തനായി, സുന്ദരികൾ അയാളെ പ്രേമിച്ചു, സർക്കാർ മൂക്കന്നു് ബഹുമതികൾ കൊടുത്തു. എഴുത്തുകാർ മൂക്കനെപ്പറ്റി പുസ്തകങ്ങൾ എഴുതി. പാർട്ടികൾ അയാളെ സ്വന്തമാക്കാൻ മത്സരിച്ചു. ആയിടക്കു് ആ മൂക്കു് ഒറിജിനൽ അല്ല എന്നും റബ്ബർ മൂക്കാണു് എന്നും വാർത്ത പരന്നതു് വലിയ പുക്കാറായി. ഗവണ്മെന്റ് മൂക്കു് പരിശോധിച്ചു് അതു് ഒറിജിനൽ ആണു് എന്നു് കണ്ടെത്തി. തർക്കം ഇപ്പോഴും തീർന്നിട്ടില്ല. ആ വകയിൽ ഗവണ്മെന്റ് രാജിവെക്കണം എന്നു പറഞ്ഞു് ചില പാർട്ടിക്കാർ കലാപം നടത്തുന്നുണ്ടു്!
മൂക്കന്റെ കഥ ഇക്കാലത്തെ രാഷ്ട്രീയക്കാരെയും ബുദ്ധിജീവികളെയും സാഹിത്യകാരന്മാരെയും മാധ്യമപ്രവർത്തകരെയും പരിഹസിച്ചുകൊല്ലുന്നുണ്ടു്. എന്തെങ്കിലും ഒന്നു് കേട്ടാൽ മുന്നും പിന്നും ആലോചിക്കാതെ ആരവം ഉയർത്തി അതിന്റെ പിന്നാലെ പായുന്ന ‘മണ്ടക്കൂട്ടമായ’ ജനം ആണു് കഥയിലെ മുഖ്യ കഥാപാത്രം—നമ്മുടെ ജനാധിപത്യത്തിന്റെ പരിമിതികളെയും പൊള്ളത്തരങ്ങളെയും ചൂണ്ടിക്കാട്ടി ചിരിക്കുന്ന രചന.
ബഷീറിന്റെ ജന്മദേശമായ തലയോലപ്പറമ്പിലെ ചന്തയുടെ ഭൂമിശാസ്ത്രം ഉപയോഗിച്ചാണു് ‘സ്ഥലം’ അടയാളപ്പെടുത്തിയിരിക്കുന്നതു്. അവിടത്തെ മൂവാറ്റുപുഴയാറും മീൻമാർക്കറ്റും പോലീസ്സ്റ്റേഷനും ചായപ്പീടികയും നിരത്തും ക്രിസ്ത്യൻപള്ളിയും മുസ്ലീംപള്ളിയുമെല്ലാം ഇവിടെ എഴുന്നുനിൽപുണ്ടു്. എങ്കിലും, വിദേശഭരണത്തിന്നെതിരായി പൊരുതുകയും ജനാധിപത്യത്തിലേയ്ക്കു കുതിക്കുകയും ചെയ്യുന്ന ഇന്ത്യ തന്നെയാണു് ഈ ‘സ്ഥലം’. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പല ഘട്ടങ്ങളും ഇവിടത്തെ രാഷ്ട്രീയപാർട്ടികളുടെ പല മുഖങ്ങളും സ്വന്തം വേഷത്തിലോ, പ്രച്ഛന്നരൂപത്തിലോ ഈ തുടർക്കഥയിൽ വരുന്നുണ്ടു്.
രാഷ്ട്രീയപരിഹാസം (പൊളിറ്റിക്കൽ സറ്റയർ) എന്നു വിളിക്കാവുന്ന ഈ രചനകളെ ‘ചരിത്രം’ എന്നാണു് ബഷീർ വിളിക്കുന്നതു്. കഥകളിൽ ഒരു കഥാപാത്രമായി, കള്ളന്മാരുടെ ഉറ്റ സുഹൃത്തായി ബഷീറും ഉണ്ടു്. സ്വയം വിളിക്കുന്നതു് ‘ഞാൻ’ എന്നല്ല, ‘വിനീതനായ ഈ ചരിത്രകാരൻ’ എന്നാണു്. വായനക്കാരുടെ വിശേഷണം ‘ചരിത്രവിദ്യാർത്ഥികൾ’ എന്നും.
ഈ രചനകൾ വായിക്കാത്ത മലയാളികൾക്കു കൂടി ഇവിടത്തെ കഥാപാത്രങ്ങളെ അറിയാം. ആനവാരി രാമൻനായർ, പൊൻകുരിശു് തോമ, എട്ടുകാലി മമ്മൂഞ്ഞ്, ഒറ്റക്കണ്ണൻ പോക്കര്, മണ്ടൻ മുത്തപ മുതലായ പാത്രനാമങ്ങൾ മലയാളശൈലിയുടെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു—ആളുകൾ പ്രസംഗത്തിലും വർത്തമാനത്തിലും എഴുത്തിലും അവ ധാരാളം ഉപയോഗിക്കുന്നു. ‘സ്ഥലത്തെ പ്രധാന ദിവ്യൻ’, ‘സ്ഥലം’, ‘വിശ്വവിഖ്യാതം’ തുടങ്ങിയ പ്രയോഗങ്ങളുടെയും സ്ഥിതി ഇതുതന്നെ. കള്ളനായ തോമയുടെ ‘കർത്താവായ യേശുമിശിഹാതമ്പുരാനെ ക്രൂശിച്ചതു് മരക്കുരിശിലല്ലേ, പള്ളിക്കെന്തിനാ പൊൻ കുരിശ്?’ എന്ന ആഴമേറിയ ചോദ്യത്തിനു് നല്ല പ്രചാരമുണ്ടു്.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.