യാത്രാവിവരണരചന മറ്റു സാഹിത്യപരിശ്രമങ്ങളിൽ നിന്നു് ചില കാര്യങ്ങളിൽ തീർത്തും വ്യത്യസ്തമാണു്. എന്തുകൊണ്ടെന്നാൽ കഥന വൈഭവം കൊണ്ടോ ശുദ്ധഭാവന കൊണ്ടോ യാത്രാവിവരണം എഴുതുക സാധ്യമല്ല. ആ സാഹിത്യശാഖയുടെ ഗുണം എഴുത്തുകാരന്റെ പ്രതിഭയെ മാത്രം ആശ്രയിച്ചല്ല നിലകൊള്ളുന്നതു്. വലിയൊരളവോളം അതു് അയാൾക്കുണ്ടാവുന്ന അനുഭവങ്ങളുടെ പരപ്പിനേയും ആഴത്തേയും ആശ്രയിച്ചു് നിലകൊള്ളുന്നു. ഈ നിലപാടിൽ നിന്നു് നോക്കുമ്പോൾ യാത്രാഗ്രന്ഥങ്ങളെഴുതുന്നവരെ രണ്ടു് തരക്കാരായി വക തിരിക്കേണ്ടിവരും—യാദൃശ്ചികമായി ഈ രംഗത്തു് വന്നുവീണവരും അഗാധമായ താൽപര്യത്തോടെ ഈ സാഹിത്യശാഖക്കു് സ്വയം സമർപ്പിച്ചവരും. മലയാളത്തിൽ യാത്രാഗ്രന്ഥങ്ങളെഴുതിയവരിൽ അധികം പേരും ആദ്യം പറഞ്ഞ തരക്കാരാണു്. അവരുടെ കൃതികൾ തീർത്ഥാടനങ്ങളുടെയോ ഔദ്യോഗികയാത്രകളുടെയോ ഉൽപ്പന്നങ്ങൾ മാത്രമാണു്. ടി. കെ. കൃഷ്ണമേനോൻ, എൻ. വി. കൃഷ്ണവാര്യർ, തരവത്തു് അമ്മാളു അമ്മ, കെ. പി. കേശവമേനോൻ തുടങ്ങിയവർ അത്തരം യാത്രാകൃതികൾ രചിച്ചവരിൽ പെടുന്നു. പക്ഷേ, പൊറ്റെക്കാട്ട് മലയാളത്തിൽ ഈ സാഹിത്യശാഖയിൽ പ്രവർത്തിച്ച മറ്റെല്ലാവരിൽ നിന്നും തീർത്തും വ്യത്യസ്തനായി നിലകൊള്ളുന്നു. ലോകത്തിന്റെ ഭിന്നഭാഗങ്ങളിൽ അവസരാനുകൂല്യം കൊണ്ടു് എത്തിപ്പെട്ട ആളല്ല അദ്ദേഹം. വിദൂരദേശങ്ങൾ കാണുവാനും വിദൂരസ്ഥരായ ആളുകളെ അറിയുവാനുമുള്ള ജന്മസിദ്ധമായ അഭിലാഷമായിരുന്നു അദ്ദേഹത്തിന്റെ പ്രചോദനം. സ്വന്തം ചെലവിൽ അദ്ദേഹം യാത്ര ചെയ്തു. ഔദ്യോഗികമോ അക്കാദമികമോ ആയ ഉത്തരവാദിത്തങ്ങളൊന്നും അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിനു് കടിഞ്ഞാണിട്ടിരുന്നില്ല. ഇതിനു് ഒരേയൊരപവാദം ഇന്ത്യാഗവൺമെന്റിന്റെ പ്രതിനിധിയായി പടിഞ്ഞാറൻ യൂറോപ്പിലെ രാജ്യങ്ങൾ സന്ദർശിച്ചതു് മാത്രമാണു്. എഴുത്തുകാരനിൽ നിന്നു് പലതും ആവശ്യപ്പെടുന്ന ഒന്നാണു് യാത്രാവിവരണം. പൊറ്റെക്കാട്ട് തന്നെ ഒരിക്കൽ രേഖപ്പെടുത്തുകയുണ്ടായി: “മലയാളത്തിൽ യാത്രാവിവരണ സാഹിത്യരചന എന്നെ സംബന്ധിച്ചിടത്തോളം ഒരു ത്യാഗമോ സേവനമോ ആണു് എന്നു ഞാൻ പറയുന്നതു് അഹംഭാവത്തോടെയല്ല, അഭിമാനത്തോടെ തന്നെയാണു്. ഒരു കഥയോ നോവലോ എഴുതാൻ മൂലധനമായി കുറച്ചു കടലാസ്സും മഷിയും മതി. പിന്നെ മസ്തിഷ്ക്കപ്രവർത്തനം മാത്രം. എന്നാൽ, ഹെൽസിങ്കിയെപ്പറ്റിയോ കയ്റോവി നെപ്പറ്റിയോ സിംഗപ്പൂരി നെപ്പറ്റിയോ എഴുതണമെങ്കിൽ, കപ്പലിലോ വിമാനത്തിലോ അവിടെ ചെന്നെത്താൻ തന്നെ നല്ലൊരു സംഖ്യ മുൻകൂറായി മുതലിറക്കേണ്ടിവരും. പിന്നെ അവിടത്തെ താമസച്ചെലവു്, പര്യടനച്ചെലവു്. എല്ലാറ്റിനും പുറമേ റഫറൻസ് ഗ്രന്ഥങ്ങൾ വാങ്ങാൻ നല്ലൊരു സംഖ്യ നീക്കി വെയ്ക്കണം”. (ഗ്രന്ഥകർത്താവിന്റെ പ്രസ്താവന: സഞ്ചാരസാഹിത്യം—ഒന്നാം വാല്യം) പൊറ്റെക്കാട്ട് തന്റെ യാത്രാഭ്രാന്തിനേയും നിസ്തുലമായ സാഹിത്യരചനാശേഷിയേയും ഭംഗിയായി സമന്വയിപ്പിക്കുകയുണ്ടായി. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ മൂന്നു ഭൂഖണ്ഡങ്ങളിൽ അദ്ദേഹം വിപുലമായി യാത്ര ചെയ്യുകയുണ്ടായി. ഈ മൂന്നു് ഭൂഖണ്ഡങ്ങളെ സംബന്ധിച്ച വ്യത്യസ്ത വാള ്യങ്ങളിൽ ചരിത്രം, ഭൂമിശാസ്ത്രം മുതലായവയെ സംബന്ധിച്ച എണ്ണമറ്റ പുസ്തകങ്ങളിൽ നിന്നു് ശേഖരിച്ച കൗതുകകരവും വിശ്വസനീയവുമായ വിവരങ്ങൾ വ്യക്തിപരമായ അനുഭവങ്ങളോടു് ചേർത്തു് അദ്ദേഹം സമാഹരിച്ചിരിക്കുന്നു. ഇതൊക്കെയാണെങ്കിലും വിരസമായ വിശദാംശങ്ങളുടെ അതിഭാരമോ പാണ്ഡിത്യപ്രകടനമോ അദ്ദേഹത്തിന്റെ വിവരണത്തിലെവിടെയുമില്ല. കൗതുകം ജനിപ്പിക്കുന്ന ഒരു കഥ പറയുന്നപോലെ തന്റെ വ്യത്യസ്താനുഭവങ്ങൾ അദ്ദേഹം പറഞ്ഞു പോവുന്നു.
താൻ കണ്ട കാഴ്ച ഒരു മിന്നലാട്ടത്തിലെന്ന പോലെ പെട്ടെന്നു് പിടിച്ചെടുത്തു് അതിനു് ഭാവനാസ്പർശം കൊണ്ടു് പ്രതീകാത്മകമാനം നല്കുന്നതിൽ പലപ്പോഴും അദ്ദേഹം വിജയിക്കുന്നു. ആഫ്രിക്കയെ സംബന്ധിച്ച പുസ്തകത്തിന്റെ തുടക്കംതന്നെ ഇപ്പറഞ്ഞതിനു് നല്ല ഉദാഹരണമാണു്. മമ്പോസ തുറമുഖത്തു് കപ്പൽ നങ്കൂരമിടുമ്പോൾ അദ്ദേഹത്തിന്റെ ദൃഷ്ടി ചെന്നെത്തുന്നതു് തുറമുഖകെട്ടിടത്തിന്റെ മുകളിൽ കടലിലേക്കു് നോക്കിക്കൊണ്ടു് അർദ്ധനഗ്നനായി നിൽക്കുന്ന ഒരു നീഗ്രോയുടെ ഭീമാകാരത്തിലാണു്: “ആഫ്രിക്കൻ വൻകരയിലെ കറുത്ത വർഗ്ഗങ്ങളെ മുഴുവനും അവൻ പ്രതിനിധീകരിക്കുന്നതായി എനിക്കു തോന്നി. പതിനൊന്നാം നൂറ്റാണ്ടിൽ, ആഫ്രിക്കയാകുന്ന ഇരുട്ടറയുടെ വാതിൽ തുറക്കുവാൻ പുറപ്പെട്ട സാഹസികരായ ചില ‘നോർവ്വെ’ നാവികരുടെ കപ്പൽ കടലിൽ പ്രത്യക്ഷപ്പെട്ടപ്പോഴും അവൻ ഇങ്ങനെത്തന്നെ അന്നു മിഴിച്ചുനിന്നിരിക്കണം. 1497-ആംമാണ്ടിൽ വാസ്ക്കോഡിഗാമ യുടെ കപ്പൽ കരയ്ക്കണഞ്ഞപ്പോഴും അവൻ ഇങ്ങനെത്തന്നെ തുറിച്ചുനോക്കി നിന്നിട്ടുണ്ടാകും. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അവന്റെ അത്ഭുതഭാവം മാറിയിട്ടില്ല. അവൻ ഇന്നും പുരോഗമിക്കാതിരിക്കുന്നതിന്റെ കാരണവും അതുതന്നെ”. (കാപ്പിരികളുടെ നാട്ടിൽ).
ചരിത്രത്തിന്റെ ഈ പ്രതീകാത്മകദർശനവും ആസന്നവർത്തമാനത്തെ ഐതിഹ്യഭൂതകാലവുമായി നാടകീയതയോടെ തുലനം ചെയ്യുന്ന ഭാവനാ വിലാസവും ജാലിയൻവാലാബാഗ് സന്ദർശനത്തിന്റെ ഓർമ്മക്കുറിപ്പുകളിലും ഇതേപോലെ പ്രകടനമാണു്.
“ആ മൈതാനത്തിലെ ഓരോ പുൽക്കൊടിയും ജീവരക്തത്തിൽ കുരുത്തതാണു്. മനുഷ്യരക്തവും മണ്ണും കലർന്ന പുതുവളത്തിൽ തഴച്ചതാണു് അവിടത്തെ മരങ്ങളോരോന്നും. അവിടത്തെ ഓരോ മൺതരിയും മരണഗന്ധം കലർന്നതാണു്. അവിടെ പട്ടം പറപ്പിക്കുന്ന കുട്ടികൾ അറിയുന്നുണ്ടോ, അവരുടെ പട്ടം ചലിപ്പിക്കുന്ന വായുവിൽ അവരുടെ പിതാമഹന്മാരുടെ ആത്മാക്കൾ ഒളിച്ചിരിക്കുന്നുവെന്നു്. സ്വാതന്ത്ര്യത്തിന്റെ നരമേധം കഴിച്ച മണ്ണിലാണു് അവർ കാലൂന്നിനില്ക്കുന്നതെന്നും ആ കുട്ടികൾക്കറിഞ്ഞുകൂടാ… സന്ധ്യ മയങ്ങി. ആളുകൾ ഓരോരുത്തരായി മെല്ലെ അവിടം വിട്ടുതുടങ്ങിയതു് ഞാനറിഞ്ഞില്ല. ഭയങ്കരമായൊരു ശ്മശാനത്തിലാണു് ഞാൻ ഇരിക്കുന്നതെന്നോർത്തപ്പോൾ എനിക്കൊരു ഉൾക്കിടിലമുണ്ടായി… വെടിമരുന്നിന്റെ പുകപോലെ പടർന്നുപിടിച്ച ആ മങ്ങലിൽ കയററ്റുപോയൊരു പട്ടം, ഗതി കിട്ടാത്ത ഏതോ ആത്മാവിനെപ്പോലെ പറന്നുകളിക്കുന്നുണ്ടായിരുന്നു.” (രക്തമണ്ഡപം—യാത്രാസ്മരണകൾ)
പൊറ്റെക്കാട്ടിനു് ചരിത്രസ്മാരകങ്ങളേക്കാളും ചരിത്രപ്രധാനമായ സ്ഥലങ്ങളേക്കാളും ജനങ്ങളിലാണു് താൽപര്യം. അപൂർവ്വമായി മാത്രമേ ചരിത്രസ്ഥാനത്തെപ്പറ്റി അദ്ദേഹം വിവരിക്കുന്നുള്ളു. ഒരു സ്ഥലത്തിന്റെ ഗതകാലമഹിമയെക്കാൾ അദ്ദേഹം ശ്രദ്ധിക്കുന്നതു് അതിന്റെ വർത്തമാന ഭാവത്തെയാണു്. ബദരീനാഥത്തിലേക്കുള്ള വഴിയിൽവെച്ചു് തൊട്ടുടുത്തു അതിർത്തിയിലെ പട്ടാളക്യാമ്പിൽ നിന്നുവരുന്ന ഒരു സൈനികനെ അദ്ദേഹം കണ്ടുമുട്ടുന്നു. അദ്ദേഹത്തിന്റെ ചിന്തകൾ ഹിമാലയസാനുക്കളുടെ വിശുദ്ധിയിൽ നിന്നു് സംഘർഷഭരിതമായ അതിർത്തിപ്രദേശത്തു് ഉറഞ്ഞുപോവുന്ന തണുപ്പിൽ കാവൽ നില്ക്കുന്ന ഭടന്മാരുടെ ജീവിത പരിതഃസ്ഥിതികളിലേക്കു് തിരിയുന്നു. ഇറ്റലിയിലൂടെ യാത്ര പോവുമ്പോൾ പ്രാചീന കാലത്തോളം പഴക്കമുള്ള അതിന്റെ മഹത്തായ പാരമ്പര്യത്തിലും അവിടത്തെ ആർട്ട് ഗാലറികളും ചരിത്രസ്മാരകങ്ങളിലും അദ്ദേഹം വ്യാമുഗ്ദ്ധനായിപ്പോവുന്നു. പക്ഷേ, ഇറ്റാലിയൻ പൗരന്മാരിൽ ഒരു വിഭാഗം ഇന്നു് കൊടൂരമായ ദാരിദ്ര്യത്തിലാണു് കഴിഞ്ഞുപോരുന്നതു് എന്ന വസ്തുതയും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടു്. ഇറ്റലിക്കാർ സത്യസന്ധരും നേർബുദ്ധികളുമാണു് എന്നു് അദ്ദേഹം നിരീക്ഷിക്കുന്നു. പക്ഷേ, നിലനില്പിനു വേണ്ടിയുള്ള പോരാട്ടം അവർക്കിടയിലെ പല യുവതികളേയും വേശ്യാവൃത്തിയിലേക്കും യുവാക്കളെ ദുർമാർഗ്ഗങ്ങളിലേക്കും വലിച്ചിഴച്ചിരിക്കുന്നു.
കേരളീയനായ ഈ സഞ്ചാരി അന്യനാട്ടുകാരുടെ ആചാരങ്ങളേയും സമ്പ്രദായങ്ങളേയും അന്ധവിശ്വാസങ്ങളേയും സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ഉദാഹരണത്തിനു് മലായ്ദേശത്തെപ്പറ്റി അദ്ദേഹം പറയുന്നു. “മലായക്കാരൻ മതവിശ്വാസം കൊണ്ടു് മുസ്ലിം ആണെങ്കിലും അയാളിൽ ലീനമായിക്കിടക്കുന്നതു് ഹിന്ദു സംസ്കാരമാണു് ”. ഇപ്പറഞ്ഞതു് സാധാരണക്കാരുടെ കാര്യത്തിൽ മാത്രമല്ല, രാജകുടുംബത്തെ സംബന്ധിച്ചും ശരിയാണു്. ഇപ്പോഴും ഒരു പുതിയ സുൽത്താനു് കിരീടധാരണം നടത്തുന്നതു് ബ്രാഹ്മണപുരോഹിതനാണു്. ‘നരാധിരാജന്മാർ’ (ജനങ്ങളുടെ രാജാക്കന്മാർ) എന്നു് വിളിക്കപ്പെടുന്ന ഈ രാജാക്കന്മാർ പരമശിവന്റെ വാഹനമായ ‘നന്ദി’ എന്ന കാളയുടെ വായിൽ നിന്നുത്ഭവിച്ച ബ്രാഹ്മണരുടെ പിന്തുടർച്ചക്കാരാണു് എന്നു് വിശ്വസിക്കപ്പെടുന്നു. പൗരസ്ത്യരീതിയിൽ ഗംഭീരമായി വസ്ത്രം ധരിക്കുന്ന സുൽത്താൻ കാഴ്ചയിൽ ഒരു ഹിന്ദു ദൈവത്തെപ്പോലെ തോന്നും. അദ്ദേഹത്തിന്റെ വലത്തേ തോളിൽ തൂങ്ങിക്കിടക്കുന്ന കഠാരയിൽ പരമശിവന്റെയും പാർവതിയുടെയും ചിത്രം കൊത്തിയിട്ടുണ്ടു്.
ബാലിദ്വീപ് പൊറ്റെക്കാട്ടിനെ മയക്കിയെടുത്തപോലെ തോന്നും. അവിടത്തെ ജീവിതരീതിയെപ്പറ്റി അത്രമാത്രം മതിപ്പോടെയാണു്, അവരിൽ ഒരാളായിത്തീർന്നതുപോലെയാണു്, അദ്ദേഹം സംസാരിക്കുന്നതു്. ദ്വീപുനിവാസികൾ പൊതുവെ ഹിന്ദു ദേവന്മാരേയും ദേവികളേയും ആരാധിക്കുന്നു. ജനങ്ങൾ നാലു ജാതിയായി പകുക്കപ്പെട്ടിട്ടുണ്ടു്. പക്ഷേ, അയിത്തം എന്തെന്നു് അവർക്കു് അറിഞ്ഞുകൂടാ. ജനങ്ങളിൽ എൺപതു ശതമാനവും ശൂദ്രരാണു്. അവർക്കും ഇന്ത്യക്കാർക്കും, വിശേഷിച്ചു് കേരളീയർക്കും പൊതുവായി, പലതും ഉണ്ടെങ്കിലും അവർ കാപട്യങ്ങളിൽ നിന്നു് മുക്തരാണു്. ജീവിതത്തോടും ലൈംഗികതയോടും തുറന്ന സമീപനമാണു് അവർക്കു്. അവിവാഹിതരായ ആണും പെണ്ണും വളരെ സ്വതന്ത്രമായി ഇടപഴകുന്നു. ബാലികമിതാക്കൾക്കു് ചുംബനം എന്നതു് തീർത്തും അന്യമാണു്. പകരം മൂക്കുകൊണ്ടു് മറ്റൊരാളുടെ മുഖത്തു് മൃദുവായി ഉരസുകയാണവർ ചെയ്യുന്നതു്. ‘രാക്ഷസ’രീതിയിലാണു് അവരുടെ കല്യാണം. വരൻ ശക്തരായ ഒരു കൂട്ടം ആളുകളുടെ സഹായത്തോടെ വധുവിനെ ബലമായി പിടിച്ചുകൊണ്ടുപോവുന്നു. അവൾ കാലുകൊണ്ടു് ചവിട്ടിയും കാതിൽ നുള്ളിയും ഈ ശ്രമത്തെ പ്രതിരോധിക്കേണ്ടതുണ്ടു്. പുരുഷൻ അവളെ തന്റെയൊരു സുഹൃത്തിന്റെ വീട്ടിലേക്കു് കൊണ്ടുപോയി അവിടെ അവളോടൊപ്പം രാപാർക്കുന്നു. വധുവിന്റെ പിതാവു് അയൽക്കാരോടു് ചെന്നു് തന്റെ മകളെ പെട്ടെന്നു് കാണാതായി എന്ന വർത്തമാനം പറയുന്നു. അവരെല്ലാവരും കൂടിച്ചേർന്നു് പല വീടുകളും തിരഞ്ഞു് അവസാനം പെൺകിടാവിനെ കണ്ടെത്തുന്നു. അപ്പോൾ രക്ഷാകർത്താക്കൾ വിവാഹത്തിനു് സമ്മതം നൽകുന്നു; അതോടേ സമുദായം കമിതാക്കളെ ഭർത്താവും ഭാര്യയുമായി അംഗീകരിക്കുന്നു. ബാലിയിലെ ജനങ്ങളുടെ ശവസംസ്ക്കാരച്ചടങ്ങുകളും ഇതുപോലെ വിചിത്രമാണു്. ഒരാൾ മരിച്ചാൽ അയാളുടെ വീട്ടിൽ പ്രത്യേകം അലങ്കരിച്ചൊരുക്കിയ മുറിയിൽ കുറച്ചു ദിവസത്തേക്കു് മൃതദേഹം സൂക്ഷിക്കുന്നു. എല്ലാ ബന്ധുക്കളും അയാളുടെ വീട്ടിലെത്തണം. പിന്നെ വിരുന്നാണു്. ശവസംസ്ക്കാരദിനം വരെ അവരെല്ലാം ഉത്സാഹത്തിലും ആഘോഷത്തിലും കഴിഞ്ഞുകൂടുന്നു. എത്രകൂടുതൽ ആളുകൾ ആ ആഹ്ലാദത്തിമർപ്പിൽ പങ്കെടുത്തുവോ, അത്രവേഗം പരേതന്റെ ആത്മാവു് ശാന്തിയും മോക്ഷവും പ്രാപിക്കും എന്നാണു് ദ്വീപുകാരുടെ വിശ്വാസം. ആത്മാവിനു് അതിന്റെ അസ്വസ്ഥമായ അലച്ചിലിന്റെ അവസാനത്തിൽ സ്വന്തം സ്ഥലത്തേക്കു് മടങ്ങിവരുന്നതിനു് സഹായകമാവുംവിധത്തിൽ മൃതദേഹംവെച്ച മുറിയുടെ മുകൾഭാഗത്തു് ഒരു ദ്വാരത്തിൽ വർണക്കടലാസുകൊണ്ടുണ്ടാക്കിയ ഒരു വിളക്കു് എപ്പോഴും തൂക്കിയിട്ടിരിക്കും.
ബാലിദ്വീപുകാരെക്കാൾ, അന്ധവിശ്വാസം നിറഞ്ഞവരാണു് മലേഷ്യയിലേയും സിങ്കപ്പൂരിലേയും ചൈനീസ്കുടിയേറ്റക്കാർ എന്നു് അദ്ദേഹം കരുതുന്നു. (1950-കളുടെ തുടക്കത്തിലെ കഥയാണിതു്.) മിക്ക ചീനാവീടുകളുടേയും മുൻവാതിലിൽ ഒരു കണ്ണാടി വെച്ചിരിക്കും. ദുരാത്മാക്കൾ സ്വന്തം പ്രതിരൂപം കണ്ടു് പേടിച്ചു ഓടുന്നതിനുവേണ്ടിയാണിതു്. ശവപ്പറമ്പിലേക്കു് എടുക്കുന്ന നേരത്തു് അവർ മൃതദേഹത്തിനു ചുറ്റും തെറ്റായ മേൽവിലാസങ്ങളെഴുതിയ വർണക്കടലാസുകൾ വിതറിയിടുന്നു. പ്രേതത്തെ വഴിതെറ്റിക്കുന്നതിനു് വേണ്ടിയാണിതു്. അതു് മേലിൽ ജീവിച്ചിരിക്കുന്നവരെ പിന്തുടർന്നുവന്നു് ശല്യപ്പെടുത്തരുതല്ലോ.
ഈ യാത്രാഗ്രന്ഥങ്ങളുടെ ഏതാണ്ടു് എല്ലാ ഭാഗങ്ങളും ഇത്തരം കൗതുകകഥകളാൽ സജീവമാണു്. ഇതു് പുസ്തകങ്ങളുടെ പാരായണസുഗമത വർദ്ധിപ്പിക്കുന്നു. മാത്രമല്ല, ഗ്രന്ഥകാരന്നു് അടുത്തുപരിചയിക്കാൻ കഴിഞ്ഞ ജനങ്ങളുടെ ജീവിതശൈലിയിലേക്കു് വെളിച്ചം വീശുകയും ചെയ്യുന്നു. മതത്തിന്റെ പേരിലുള്ള അഴിമതികൾ സാർവ്വലൗകികമാണു്. മലേഷ്യയെപ്പറ്റിയുള്ള ഭാഗത്തു് ഇതു സംബന്ധിച്ച വളരെ കൗതുകകരമായ ഒരു സംഭവം പൊറ്റെക്കാട്ടു് വിവരിക്കുന്നുണ്ടു്. സിംഗപ്പൂരിൽ ചീനക്കാരുടെ ബുദ്ധവിഹാരമുണ്ടു്. അവിടത്തെ കൂറ്റൻ പ്രതിഷ്ഠയ്ക്കു് വലിയൊരു കുടവയറുണ്ടു്; മുഖത്തു് ഒരു ഇളംപുഞ്ചിരിയും. ക്ഷേത്രത്തിലേക്കു് ആ വിഗ്രഹം സംഭാവന ചെയ്തതു് വളരെ സമ്പന്നനായ ഒരു ചീനവ്യാപാരിയാണു്. അതിന്റെ രൂപകൽപന നടന്നതും ചീനയിൽ തന്നെ. കപ്പലിൽ വന്നെത്തിയപ്പോൾ സിംഗപ്പൂർഗവർണർ നേരിട്ടു് പങ്കെടുത്ത ഒരു വൻസ്വീകരണം അതിനു് നൽകുകയുണ്ടായി. ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നതിനുമുമ്പു് നഗരത്തിനു ചുറ്റും വൻപ്രകടനത്തോടെ അതു് എഴുന്നള്ളിക്കുകയുമുണ്ടായി. ആ വ്യാപാരി ആ സന്ദർഭത്തിന്റെ നിറവും മഹിമയും ഉപയോഗിച്ചു ഗവർണറേയും ജനങ്ങളേയും വിഡ്ഢികളാക്കുകയായിരുന്നു. വിഗ്രഹത്തിനകത്തു് ആയിരക്കണക്കിനു് ഡോളർ വിലവരുന്ന കറുപ്പു് കുത്തിനിറച്ചാണു് കൊണ്ടുവന്നിരുന്നതു്. വളരെ കഴിഞ്ഞാണു് ഈ വസ്തുത പുറത്തുവന്നതു്. അപ്പോൾ മാത്രമാണു് ബുദ്ധന്റെ കള്ളപ്പുഞ്ചിരിയുടേയും കുടവയറിന്റേയും കള്ളി ജനങ്ങൾക്കു പിടികിട്ടിയതു്!
ലണ്ടനെക്കുറിച്ചുള്ള വിവരണത്തിൽ ഇതുപോലെ രസകരമായ മറ്റൊരു സംഭവമുണ്ടു്: വെയ്ക്ക്ഫീൽഡ് ടവർ മ്യൂസിയത്തിൽ ഗ്രന്ഥകാരൻ ഒരു നീഗ്രോവനിതയെ കണ്ടുമുട്ടി. മ്യൂസിയത്തിൽ പ്രദർശനത്തിനു വെച്ച തിളങ്ങുന്ന രത്നങ്ങളുടെ പ്രഭാപൂരം കണ്ടു് ബേജാറായിപ്പോയ ആ സ്ത്രീക്കു് തലചുറ്റി. അവർ ഗ്രന്ഥകാരന്റെ കൈത്തണ്ടിയിലേക്കു് ചാഞ്ഞു. അദ്ദേഹം അവരെ താങ്ങി; സഹായിയായി അടുത്തുള്ള ഹോട്ടൽ വരെ അനുഗമിക്കുകയും ചെയ്തു. എസ്. കെ. അവർക്കു് കാപ്പി സൽക്കരിച്ചു. അവർ വളരെ വേഗം പൂർവ്വസ്ഥിതിയിലായി. ഇന്ത്യയിൽ നിന്നെത്തിയ ഒരു സഞ്ചാരിയുമായുള്ള കാൽപനികശോഭ കലർന്ന ഈ കണ്ടുമുട്ടൽ അത്ര വേഗം അവസാനിപ്പിക്കുവാൻ അവർ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടു് നിസ്സഹായയും അരക്ഷിതയും ആയി നടിച്ചു് അവർ കുറച്ചു നേരത്തേക്കു കൂടി പൊറ്റെക്കാട്ടിനോടൊപ്പം പറ്റിക്കൂടി. പാർക്കിലേക്കു് ഒന്നിച്ചുനടന്നു; ദീർഘനേരം സംസാരിക്കുകയും ചെയ്തു. പൊറ്റൊക്കാട്ട് സ്വന്തം ചെലവിൽ യാത്രചെയ്യുകയാണു് എന്നു് മനസ്സിലാക്കിയപ്പോൾ അദ്ദേഹം ഒരു “മഹാരാജ” ആണോ എന്നു് ആ സ്ത്രീ അന്വേഷിച്ചു. അന്നേരത്തു് സ്വയം താഴ്ത്തിപ്പറയാൻ ഗ്രന്ഥകർത്താവു് ഇഷ്ടപ്പെട്ടില്ല. കോഴിക്കോട്ടെ ‘മഹാരാജ് കൂൾബാറി’ൽ താൻ നിത്യസന്ദർശകനാണല്ലോ എന്നോർത്തുകൊണ്ടു് തനിക്കു് ‘മഹാരാജ’യുമായി ചില ബന്ധങ്ങളുണ്ടു് എന്നു് അദ്ദേഹം തട്ടിവിട്ടു. പൊറ്റെക്കാട്ടിന്റെ ജന്മസ്ഥലം പുതിയറയാണു് എന്നു മനസ്സിലാക്കിയ നീഗ്രോ വനിത അദ്ദേഹത്തെ “പുതിയറയിലെ രാജകുമാരൻ” എന്നു് വിളിച്ചു. പക്ഷേ, അവർ കുറച്ചു കാശു ചോദിച്ചപ്പോൾ അതു് കൊടുക്കാൻ സാധിക്കാഞ്ഞതിനാൽ “രാജകുമാരൻ” അവരെ നിരാശപ്പെടുത്തി.
കോലാലംപൂരിലെ താമസക്കാലത്തു് ഒരു ചീനബാലികയെ ദത്തെടുത്ത തമിഴ് ദമ്പതികളെ അദ്ദേഹം കണ്ടുമുട്ടുകയുണ്ടായി. പിന്നീടു് മലായിൽ ചീനക്കാരായ ദരിദ്രമാതാപിതാക്കൾ സ്വന്തം പെൺകുട്ടികളെ വിദേശികൾക്കു് വിൽക്കുന്നുണ്ടു് എന്നും അദ്ദേഹം ഞെട്ടലോടെ കേട്ടറിഞ്ഞു. ഇങ്ങനെ വിൽക്കപ്പെടുന്ന ബാലികമാരുടെ എണ്ണം വർഷംതോറും എണ്ണായിരം വരും!
പൊറ്റെക്കാട്ടിന്റെ യാത്രാവിവരണങ്ങൾ നർമ്മബോധത്താൽ വാസനാ വാസിതമാണു്. യാത്രക്കാരൻ തീർത്തും അപരിചിതമായ പുതിയ ചുറ്റുപാടിൽ എത്തിപ്പെടുമ്പോഴുള്ള അന്ധാളിപ്പും ബേജാറും ആണു് മിക്കസമയത്തും നർമ്മബീജം. കേദാർനാഥിലേക്കുള്ള വഴിമദ്ധ്യേ എസ്. കെ.-യുടെ സഹയാത്രികനായ ദൊരൈ അൽപം ഇഞ്ചി വാങ്ങുന്നതിനുവേണ്ടി ഒരു കടയിലേക്കു പോയി. തന്റെ ചങ്ങാതിക്കു് ഇഞ്ചി തിന്നാനുള്ള പൂതി അങ്ങനെ പെട്ടെന്നു് പൊട്ടിപ്പുറപ്പെട്ടതിന്റെ കാര്യം തിരിഞ്ഞില്ലെങ്കിലും കടയുടെ ഏതാനും വാര അകലെ എസ്. കെ. ക്ഷമയോടേ കാത്തുനിന്നു. തമിഴനായ ദൊരൈക്ക് ഹിന്ദി ഒരു ചുക്കും അറിഞ്ഞുകൂടാ. അയാൾ ആവർത്തിച്ചു് തമിഴിൽ “ഇഞ്ചി” ചോദിക്കുന്നുണ്ടു്. പീടികക്കാരൻ അതു് കേൾക്കുന്നതു് ‘കീഞ്ചി’ എന്നാണു്. കീഞ്ചി എന്ന ഹിന്ദിപദത്തിന്നു് കത്രിക എന്നാണർത്ഥം. പീടികക്കാരൻ പലതരം കത്രികകൾ എടുത്തു കാണിച്ചു കൊണ്ടിരുന്നു. ദൊരൈയും പീടികക്കാരനും തമ്മിൽ എന്തോ പ്രശ്നമുണ്ടെന്നു് മനസ്സിലാക്കിയ എസ്. കെ. അവിടെ എത്തി. ഹിന്ദിയിൽ കാര്യം വിശദീകരിച്ചപ്പോഴേ പ്രശ്നം തീർന്നുള്ളു. ഒന്നുരണ്ടു ദിവസം കഴിഞ്ഞു ഒരു ഹോട്ടലിൽ ഊണു് കഴിച്ചുകൊണ്ടിരിക്കെ ദൊരൈ ‘ചോർ’ എന്നു് ഒച്ചവെച്ചു. ആ വാക്കിനു് മലയാളത്തിലേതിനു് വ്യത്യസ്തമായി ഹിന്ദിയിൽ കള്ളൻ എന്നാണർത്ഥം. ചോറു് വിളമ്പുന്നവൻ യാതൊന്നും പറയാനാവാതെ നിന്നു പോയി. അയാളുടെ മുഖം ചുവന്നു. ഫിൻലാന്റിൽ യാത്ര ചെയ്യവേ ‘സൗന’സ്നാനം നടത്തണമെന്നു് പൊറ്റെക്കാട്ടിനും കൂട്ടുകാർക്കും വലിയ ആഗ്രഹം തോന്നി. അതേപ്പറ്റി അവർ നേരത്തെ ധാരാളം കേട്ടിരുന്നു. അതു് നടത്തിയിരുന്ന ജിംനേഷ്യത്തിന്റെ സൂപ്പർവൈസർ ഇന്ത്യക്കാരോടു് സവിശേഷാഭിമുഖ്യമുള്ള ഒരാളായിരുന്നു. അയാൾ അവരെ ഭംഗിയായി രൂപകൽപനചെയ്ത പുതിയ ഒരു കെട്ടിടത്തിലേക്കു് കൂട്ടിക്കൊണ്ടുപോയി. ആ ആതിഥേയൻ എല്ലാ ഇന്ത്യക്കാരോടും വസ്ത്രങ്ങൾ അഴിച്ചുമാറ്റാനാവശ്യപ്പെട്ടു. അൽപം വൈമുഖ്യത്തോടുകൂടിയാണെങ്കിലും അവർ അനുസരിച്ചു. അതു് കഴിഞ്ഞു് അയാൾ അവരെ മരം കൊണ്ടുണ്ടാക്കിയ ഒരു കൊച്ചുമുറിയിലേക്കു് കൂട്ടിക്കൊണ്ടുപോയി. ആ ഇരുണ്ടമുറിയിൽ നീരാവി പ്രവാഹത്തിനു് സൗകര്യമുണ്ടു്. ഫിൻലാന്റുകാരനായ ആതിഥേയൻ അരമണിക്കൂറിലധികം അതിനകത്തിരുന്നു. ഇന്ത്യാക്കാർക്കു് ഏതാനും നിമിഷം കൊണ്ടുതന്നെ നീരാവിയുടെ ചൂടു് അസഹനീയമായി മാറി. മര്യാദക്കാരനും സൗഹൃദമുള്ളവനുമായ ആതിഥേയന്റെ വികാരങ്ങൾ മുറിപ്പെടുത്തേണ്ട എന്നു കരുതി അവർ ആ മുറിയിൽ കടിച്ചുപിടിച്ചു നിന്നു. പത്തു് മിനുട്ട് കഴിഞ്ഞപ്പോൾ ദേഹം മുഴുവനും വെന്തുപോയി എന്ന തോന്നലോടെ പൊറ്റെക്കാട്ട് ആ മുറിയിൽ നിന്നു് പുറത്തുചാടി. മറ്റുള്ളവർ എസ്. കെ.-യെ പിന്തുടർന്നു. അവരോടു് സഹതാപം തോന്നിയ സൂപ്പർ വൈസർ ജലധാരയിലെ വെള്ളംകൊണ്ടു് ദേഹം തണുപ്പിക്കാൻ നിർദ്ദേശിച്ചു.
ഗ്രന്ഥകാരന്റെ സഹയാത്രികരിൽ ഒരാൾ ഗുജറാത്തുകാരനായ ഒരു യഥാസ്ഥിതിക ബ്രാഹ്മണനായിരുന്നു. മറ്റുള്ളവർ അദ്ദേഹത്തെ സ്നേഹപൂർവ്വം ‘മോത്തിഭായി’ എന്നാണു് വിളിച്ചിരുന്നതു്. കുട്ടിക്കാലം തൊട്ടുതന്നെ അദ്ദേഹം പ്രാതഃസന്ധ്യാവന്ദനങ്ങളും മറ്റു പൂജാവിധികളും കൃത്യമായി നടത്തുന്ന പതിവുകാരനായിരുന്നു. പ്രാർത്ഥന കഴിഞ്ഞേ അദ്ദേഹം രണ്ടു നേരവും ആഹാരം കഴിക്കാറുള്ളു. പക്ഷേ, പാതിരാസൂര്യന്റെ നാടായ ഫിൻലാന്റിൽ ഉദയം എപ്പോഴാണെന്നോ അസ്തമയം എപ്പോഴാണെന്നോ തിരിച്ചറിയുന്നതിലും സമയബോധം സൂക്ഷിക്കുന്നതിലും ആ സാധു ബ്രാഹ്മണൻ പരാജയപ്പെട്ടു. വിശന്നും ദാഹിച്ചും വലഞ്ഞു്, ഉറക്കം തൂങ്ങി സൂര്യൻ മറയുന്നതുംകാത്തു് പാതിരാവരെ അദ്ദേഹത്തിനു് കുത്തിയിരിക്കേണ്ടി വന്നു. തന്റെ ദൗത്യം പൂർത്തിയാക്കാതെ ഇന്ത്യയിലേക്കു് മടങ്ങാൻ പോലും ഒരിക്കൽ അദ്ദേഹം തീരുമാനിച്ചു. അപ്പോൾ ഒരു സുഹൃത്തു് രക്ഷക്കെത്തി. സൂര്യൻ ഉദിക്കുന്നതോ അസ്തമിക്കുന്നതോ കാത്തിരിക്കാതെ ഇന്ത്യയിലാണെന്ന സങ്കൽപത്തിൽ സമയംനോക്കി പൂജ നടത്താനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. മോത്തിഭായി ഈ ഉപദേശം സ്വീകരിച്ചു് ഔദ്യോഗികദൗത്യം പൂർത്തിയാക്കുന്നതുവരെ അവിടെ താമസിച്ചു.
പുറംനാടുകളിലെ ഇന്ത്യൻകുടിയേറ്റക്കാരോടു് പൊറ്റെക്കാട് സവിശേഷമായ ആഭിമുഖ്യം കാണിച്ചിരുന്നു. സന്ദർശിച്ച ഓരോ രാജ്യത്തും അത്തരത്തിലുള്ള നിരവധി സമൂഹങ്ങളുടെ ആതിഥ്യം അനുഭവിക്കുവാൻ അദ്ദേഹത്തിനു ഭാഗ്യമുണ്ടായി. കാഴ്ചകൾ കാണാൻ വാഹനം കൊടുത്തും പല സമയത്തും കൂട്ടുപോയും അവർ അദ്ദേഹത്തിന്റെ കഷ്ടപ്പാടുകൾ കുറയ്ക്കാൻ സഹായിച്ചു. അവരുടെ കഥകൾ അദ്ദേഹത്തിനു് തിരിച്ചറിവിന്റെ ഉപാധികളായി. വിദേശത്തു് അദ്ദേഹവുമായി ചങ്ങാത്തംകൂടാൻ ഇടവന്ന മിക്ക ഇന്ത്യക്കാരും അവരുടെ കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളിൽ പല വിചിത്രാനുഭവങ്ങൾക്കും പാത്രമായവരാണു്. ചിലർക്കു് നിലനിൽപിനു വേണ്ടിയുള്ള പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല. എങ്കിലും പലർക്കും ഉദ്യോഗമോ സ്വന്തമായി ബിസിനസ്സോ ഉണ്ടു്. അക്കൂട്ടത്തിൽ ബാലദ്വീപിൽ എസ്. കെ. പൊറ്റക്കാട്ട് പരിചയപ്പെട്ട പണ്ഡിറ്റ് നരേന്ദ്രദേവ് ശാസ്ത്രിയെപ്പോലുള്ള വിചിത്ര കഥാപാത്രങ്ങളുണ്ടു്. ശാസ്ത്രി ജനിച്ചതും വളർന്നതും ഉത്തരപ്രദേശിലാണു്. ദ്വീപുകാരെ സംസ്കൃതം പഠിപ്പിക്കുന്നതിനും അവരുടെ ഹൈന്ദവപാരമ്പര്യപുനരുദ്ധാരണത്തെ സഹായിക്കുന്നതിനും വേണ്ടിയാണു് ശാസ്ത്രി ബാലിയിൽ എത്തിയതു്. അത്തരമൊരു ദൗത്യം ഏറ്റെടുക്കുവാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചതു് സമ്പന്നനായ ഒരു ഇന്ത്യൻ വ്യവസായിയാണു്. ശാസ്ത്രിയുടെ യാത്രക്കും താമസത്തിനും വേണ്ട സാമ്പത്തികസഹായം അയാൾ ചെയ്യുകയുണ്ടായി. ‘ഇന്തോനേഷ്യൻ ഡയറി’യിൽ പ്രത്യക്ഷപ്പെടുന്ന മറ്റൊരു കൗതുകകഥാപാത്രം മിസ്റ്റർ കാൾ ആണു്. ജകാർത്തയിൽ വെച്ചാണു് അദ്ദേഹവുമായി ഗ്രന്ഥകാരൻ പരിചയമാവുന്നതു്. കാൾ എന്ന നാമധേയവും വീട്ടിനു മുൻവശം അതിമനോഹരമായി ഒരുക്കി നിർത്തിയ പുൽത്തകിടിയും ജാവയിൽ സ്ഥിരവാസമുറപ്പിച്ച ഒരു യൂറോപ്യനാണു് അയാൾ എന്നൊരു തെറ്റായ ധാരണ പൊറ്റെക്കാട്ടിനു നൽകി. ആ കക്ഷി വാസ്തവത്തിൽ കേരളീയനായ കൃഷ്ണൻ എഴുത്തച്ഛൻ ആണു് എന്ന കണ്ടെത്തൽ പൊറ്റെക്കാട്ടിനു് അത്ഭുതവും സന്തോഷവും പ്രദാനം ചെയ്തു. കാളിന്റെ പത്നി യൂറോപ്യൻ രക്തമുള്ള സുന്ദരിയാണു്. അവർ ഒരു ലതർഫാക്ടറി നടത്തുന്നു. കാൾ ഒരു കെമിസ്റ്റാണു്. മലയാളകവിതയിൽ നല്ല കമ്പമുള്ള ആൾ. കുഞ്ചൻനമ്പ്യാരു ടെയും വള്ളത്തോളിന്റെ യും വരികൾ സമൃദ്ധമായി ഉദ്ധരിച്ചു് കേരളീയാതിഥികളെ രസിപ്പിക്കുന്നതിൽ ഒരു മിടുക്കനാണു് കാൾ. അദ്ദേഹത്തിന്റെ പത്നി കേരളീയസമ്പ്രദായത്തിൽ സദ്യയൊരുക്കി അതിഥികളെ സൽക്കരിക്കുന്നതിൽ വളരെ തൽപ്പരയായിരുന്നു. വിധിയുടെ അതിവിചിത്രമായ വേട്ടയ്ക്കു് ഇരയായ ഒരു കേരളീയ മുസ്ലീമിനെ പറ്റി മലേഷ്യാവിവരണത്തിൽ പൊറ്റെക്കാട്ട് പറയുന്നുണ്ടു്: മക്കളൊക്കെ നല്ല നിലയിലായപ്പോൾ ആ വൃദ്ധൻ മക്കയിലേക്കു് തീർത്ഥാടനത്തിനു പോയി. മക്കയിൽ വെച്ചു് അന്ത്യശ്വാസം വലിക്കണമെന്നും അവിടെ മറമാടപ്പെടണമെന്നും ആയിരുന്നു അയാളുടെ ആഗ്രഹം. മരണവും കാത്തു് നീണ്ട പതിനൊന്നു കൊല്ലക്കാലം ക്ഷമാപൂർവ്വം അയാൾ മക്കയിൽ തങ്ങി. മക്കയിലെ ഉപ്പുപ്പായെ പറ്റി കേട്ടിരുന്ന പേരമക്കൾ പന്ത്രണ്ടാമത്തെ കൊല്ലം അദ്ദേഹത്തെ കാണണമെന്നും അനുഗ്രഹാശിസ്സുകൾ നേടണമെന്നും ആഗ്രഹിച്ചു. ഒന്നോ രണ്ടോ മാസത്തിനകം മക്കയിലേക്കു് മടങ്ങാം എന്ന പ്രതീക്ഷയിൽ ആ സാധുമനുഷ്യൻ മലായിലെത്തി. മരണം അദ്ദേഹത്തോടു് ക്രൂരവിനോദം കാണിച്ചു. മക്കയിലല്ല, മലായിൽ തന്നെ മറമാടപ്പെടാനായിരുന്നു അയാളുടെ വിധി!
ഇതുപോലെ കൗതുകം ഉണർത്തുന്ന മറ്റൊരു കഥാപാത്രമാണു് ആഫ്രിക്കൻവിവരണങ്ങളിൽ കണ്ടുകിട്ടുന്ന സോമരാജുലു എന്ന പോർട്ടർ. അയാൾ ജനിച്ചതും വളർന്നതും ആഫ്രിക്കയിലാണു്. ആഫ്രിക്കയിൽ കുടിയേറിപ്പാർത്ത തമിഴ്ദമ്പതികളുടെ മകൻ. ഗ്രന്ഥകാരന്റെ ലഗ്ഗേജ് ചുമക്കാൻ സഹായിച്ചു എന്നതിൽ സോമരാജുലുവിന്നു് വലിയ ചാരിതാർത്ഥ്യം തോന്നി. തന്റെ അശ്രീകരപ്രകൃതത്തിന്റെ പ്രശ്നങ്ങളാൽ അയാൾ വളരെ വിഷമിക്കുന്നതായി പൊട്ടെക്കാട്ടിന്നു് തോന്നി. എങ്കിലും അവയെപ്പറ്റി ഒരപരിചിതനുമായി ചർച്ച ചെയ്യാൻ കക്ഷി ഇഷ്ടപ്പെട്ടില്ല. അയാൾ കുട്ടിക്കാലത്തൊരിക്കൽ ഇന്ത്യ സന്ദർശിച്ചിട്ടുണ്ടു്. പൊറ്റെക്കാട്ട് ദക്ഷിണേന്ത്യക്കാരനാണു് എന്നറിഞ്ഞപ്പോൾ അയാൾക്കു് വളരെ സന്തോഷമായി. മനഃപ്രയാസമനുഭവിക്കുന്ന ആ യുവാവിനു് ഒരു ഇന്ത്യൻ സഞ്ചാരി തന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും എന്നൊരു ധാരണ എങ്ങിനെയോ കടന്നു കൂടി. ഇന്ത്യയിലെത്തി ഒരു മന്ത്രവാദിയെ കണ്ടു് എല്ലാ ദുർഭൂതങ്ങളിൽ നിന്നും തന്നെ രക്ഷിക്കുന്ന ഒരു മാന്ത്രികത്തകിടു് സംഘടിപ്പിച്ചു് അയച്ചുകൊടുക്കണമെന്നു് അയാൾ പൊറ്റെക്കാടിനെ ശട്ടം കെട്ടി. ഇത്തരം തകിടുകളിൽ സോമരാജുലുവിനുള്ള വിശ്വാസം മിക്ക വിദേശികളും ഇന്ത്യയെപ്പറ്റി എന്തു വിചാരിക്കുന്നു എന്നതിന്റെ ഒരു സൂചകമായി എടുക്കാം.
പൊറ്റെക്കാട്ട് എല്ലാ മുൻവിധികളിൽനിന്നും മുക്തനാണു്. തന്റെ സംസ്ക്കാരികമായ കടമ്പകൾക്കപ്പുറത്തേക്കു് കടന്നുചെന്നു് കാണുന്നതെന്തും അനുഭവിക്കുവാൻ അദ്ദേഹത്തിനു സാധിക്കുന്നു. അപ്പോഴും തനിക്കു ചുറ്റുമുള്ള കാര്യങ്ങളെപ്പറ്റി കൃത്യമായ ധാരണ രൂപീകരിക്കാൻ സാധിക്കുന്നമട്ടിൽ എല്ലാറ്റിൽനിന്നും ഒരു നിശ്ചിതഅളവിൽ വൈകാരികമായി അകന്നുനിൽക്കുന്നതുകൊണ്ടു് ആഫ്രിക്കക്കാരെ അധഃസ്ഥിതരായി അദ്ദേഹം കാണുന്നില്ല. അതേസമയം നീഗ്രോകളുടെ സാമൂഹ്യ സാമ്പത്തികപ്രശ്നങ്ങൾ ചരിത്രപരമായി മനസ്സിലാക്കുവാൻ അദ്ദേഹം ശ്രമിക്കുന്നുണ്ടു്. ഇതേപോലെ യൂറോപ്യന്മാരെ മേലാളന്മാരായും അദ്ദേഹം പ്രതിഷ്ഠിക്കുന്നില്ല. നിക്ഷിപ്തതാൽപര്യങ്ങളൊന്നുമില്ലാതെ തന്റെ അനുഭവങ്ങൾ അദ്ദേഹം രേഖപ്പെടുത്തുന്നു. ലണ്ടനിൽ എത്തിയ ദിവസം അദ്ദേഹത്തിനു് വളരെ അസുഖകരമായ ഒരനുഭവമുണ്ടായി: എസ്. കെ. റസ്സൽസ്ക്വയറിലെ ഒരു ഹോട്ടലിൽ എത്തി മുറി ആവശ്യപ്പെട്ടു. പുറത്തു തൂക്കിയ ബോർഡിൽ ‘ഏതാനും മുറികൾ ഒഴിവുണ്ടു്’ എന്നു് രേഖപ്പെടുത്തിരുന്നെങ്കിലും മുറികളെല്ലാം വാടകയ്ക്കു് കൊടുത്തുപോയി എന്നു് ഉടമസ്ഥൻ അറിയിച്ചു. ഗ്രന്ഥകർത്താവു് നിരാശനായി സ്ഥലം വിട്ടു. കനത്ത ലഗ്ഗേജ്ജും പേറി അതേ ഹോട്ടലിനു നേരെ നടന്നു വരുന്ന ഒരു ഇംഗ്ലീഷുകാരനോടു് പൊറ്റെക്കാട്ട് അങ്ങോട്ടുകയറി സംസാരിച്ചു. ഈ ഹോട്ടലിൽ മുറികളൊന്നും ഒഴിവില്ല എന്നു് അദ്ദേഹം ഇംഗ്ലീഷുകാരനോടു് പറഞ്ഞു. അപരിചിതൻ ഈ വാക്കുകൾ ശ്രദ്ധിക്കാതെ മുന്നോട്ടു പോയി. ആ മനുഷ്യൻ തീർച്ചയായും എളുപ്പം മടങ്ങിവരുമെന്നും തങ്ങൾക്കു കൂട്ടായി മുറിവേട്ട തുടരാമെന്നും ഉള്ള വിചാരത്തിലാണു് ഇന്ത്യക്കാരൻ പുറത്തു നിരത്തിൽകാത്തുനിന്നതു്. ഒരുമണിക്കൂർ കഴിഞ്ഞിട്ടും ഇംഗ്ലീഷുകാരൻ മടങ്ങി വന്നില്ല. പല ഹോട്ടലുകളിലും വെള്ളക്കാർക്കു മാത്രമേ മുറി കിട്ടുകയുള്ളു എന്നും തന്നെപ്പോലുള്ളവർക്കു് കിട്ടുകയില്ലെന്നും അതോടെ പൊറ്റെക്കാട്ടിനു് തിരിച്ചറിവുണ്ടായി. വേദനാജനകമായ ഈ അനുഭവം ലണ്ടൻകാർക്കെതിരായ യാതൊരു മുൻവിധിയും ആ സഞ്ചാരിയിൽ സൃഷ്ടിക്കുന്നില്ല. രണ്ടു ദിവസം കഴിഞ്ഞു ലണ്ടൻ തെരുവീഥികളിൽ അദ്ദേഹം ചുറ്റിക്കറങ്ങാൻ പോയി. ഹൈഡ് പാർക്കിന്റെ ഭിന്ന ഭാഗങ്ങളിൽ ആവേശത്തിമർപ്പോടെ പ്രസംഗിക്കുന്നവരെ അദ്ദേഹം കണ്ടു. ഓരോ പ്രസംഗകന്റേയും ചുറ്റും ചെറിയ ആൾക്കൂട്ടമുണ്ടു്. ഒരാൾ ശബ്ദാടോപത്തോടെ പള്ളിക്കു് എതിരെ തീപ്പൊരി ചിതറുകയാണു്. അപ്പുറത്തു് ഒരു നീഗ്രോ വെള്ളക്കാരുടെ വർണ്ണവിവേചനത്തെ ആക്രമിക്കുന്നു. ആ സദസ്സിൽ ഏതാനും വെള്ളക്കാരും ഉണ്ടു്. പ്രസംഗകൻ ‘ആ ബ്രീട്ടീഷ് നായ്ക്കൾ’ എന്നു് ആക്രോശിക്കുമ്പോൾ അവരും കൂട്ടത്തിൽ കയ്യടിച്ചു് പ്രോത്സാഹിപ്പിക്കുന്നുണ്ടു്. ഇംഗ്ലീഷ് ജനത കയ്യാളുന്ന ആവിഷ്ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചു് തനിക്കുള്ള മതിപ്പു് ഗ്രന്ഥകർത്താവു് രേഖപ്പെടുത്തിയിട്ടുണ്ടു്. ഒരു രാഷ്ട്രം എന്ന നിലയിൽ ഏറ്റവും കുടുസ്സായ പ്യൂരിട്ടാനിസം മുതൽ റാഡിക്കൽ ലിബറലിസം വരെയുള്ള ഭിന്നശ്രേണികളിലെ വ്യത്യസ്തമനോഭാവങ്ങൾ ഇംഗ്ലണ്ട് പ്രദർശിപ്പിക്കുന്നതായി അദ്ദേഹം നിരീക്ഷിക്കുന്നു.
പൊറ്റെക്കാട്ടിന്റെ ഭാവനാത്മക ജീവിതദർശനവും അന്യരെക്കുറിച്ചുള്ള ഔത്സുക്യവും എളുപ്പത്തിൽ അന്യസംസ്ക്കാരങ്ങളിലേക്കും അന്യജനതകളിലേക്കും എത്തിപ്പെടാൻ അദ്ദേഹത്തെ പ്രാപ്തനാക്കുന്നുണ്ടെങ്കിലും പൊറ്റെക്കാട്ട് അടിസ്ഥാനപരമായി കേരളീയപാരമ്പര്യത്തിൽ വേരുപിടിച്ച ഒരെഴുത്തുകാരനാണു്. എവിടെച്ചെല്ലുമ്പോഴും കേരളം അദ്ദേഹത്തിനു കൂട്ടുചെല്ലുന്നു. ഹരിദ്വാരിലെ ഗംഗാപ്രവാഹത്തിൽ ഒഴുക്കിവിടുന്ന പരസഹസ്രം ഇലക്കുമ്പിൾത്തിരിനാളങ്ങൾ കാണുമ്പോൾ ശബരിമലതീർത്ഥാടകർ ത്രിവേണിയിൽ ഒഴുക്കിവിടുന്ന മൺചെരാതുകളെ ഗൃഹാതുരത്വത്തോടെ അദ്ദേഹം ഓർത്തുപോകുന്നു. ഋഷീകേശത്തെയും ബദരീനാഥിനെയും ബന്ധിപ്പിക്കുന്ന ചെദ്ധാക്ക്റോഡ് ചുറ്റിക്കയറി തന്റെ ബസ്സ് മുന്നോട്ടു പോകുമ്പോൾ വയനാട്ടിലെ വൈത്തിരിറോഡ് അദ്ദേഹത്തിനു ഓർമ്മവരുന്നു. ആഫ്രിക്കയിൽ വിക്ടോറിയാ വെള്ളച്ചാട്ടത്തിനു സമീപം അഗാധതയിലേക്കു് ഉറ്റുനോക്കിക്കൊണ്ടു് ചെങ്കുത്തായ ഒരു പാറയുണ്ടു്. അതിന്റെ കിഴുക്കാംതൂക്കായ ഉയരങ്ങളിൽ കാണുന്നതു് ഹവ്വയുടെ കാൽപ്പാടാണെന്നു് ആഫ്രിക്കക്കാർ വിശ്വസിക്കുന്നു. അതു് നോക്കി നിൽക്കെ, ഗ്രന്ഥകർത്താവിന്റെ ചിന്തകൾ പമ്പാതീരത്തേക്കു് അലഞ്ഞെത്തുന്നു. അതിനു സമീപമുള്ള ഒരു പാറയിൽ കാണുന്നതു് ശ്രീരാമന്റെ കാൽപാടാണു് എന്നു് തിർത്ഥാടകർ വിശ്വസിക്കുന്നുണ്ടു്. കുതിച്ചൊഴുകുന്ന വിക്ടോറിയാവെള്ളച്ചാട്ടവും അതിന്റെ ഇരമ്പവും തനിക്കു ചുറ്റും ഒരു മായികപ്രതീതി ചമയ്ക്കുമ്പോൾ കേരളത്തിന്റെ ഹരിതസ്മൃതി അദ്ദേഹത്തിന്റെ മനസ്സിൽ തത്തച്ചിറകുകൾ വിടർത്തുന്നു. വന്നുചാടുന്ന വെള്ളം പത്തുപതിനഞ്ചടിയോളം ഉയരത്തിൽ പൊട്ടിച്ചിതറുമ്പോൾ കനത്ത വർഷം ഏറ്റുകൊണ്ടു് മലനാട്ടിലെ ഇടവപ്പാതി തകർക്കുന്ന ഏതോ വനാന്തർഭാഗത്തു് നിൽക്കുന്ന അനുഭൂതിയാണു് അദ്ദേഹത്തിനു്. തന്റെ ജന്മദേശത്തോടു് പലതരം സമാനതകളും ഉള്ളതുകൊണ്ടു് ബാലദ്വീപിനോടു് ഈ എഴുത്തുകാരനു് പ്രത്യേക മമതയുണ്ടു്. അവിടത്തെ ഭൂപ്രകൃതിയും ജനങ്ങളും ജീവിതരീതിയുമെല്ലാം കേരളത്തെ അനുസ്മരിപ്പിക്കുന്നു.
ആപത്തുകളെ അഭിമുഖീകരിക്കുവാനും ആപൽസാധ്യതകൾ കയ്യേൽക്കുവാനുള്ള സന്നദ്ധതയിലാണു് പൊറ്റെക്കാട്ട് എന്ന സഞ്ചാരിയുടെ വിജയം. ജനങ്ങളെയോ പ്രദേശങ്ങളെയോ സംബന്ധിച്ച ഉപരിപ്ലവമായ ധാരണകൾകൊണ്ടു് അദ്ദേഹം തൃപ്തനായിരുന്നില്ല. താനെത്തപ്പെട്ട രാജ്യവുമായി ഒരു ആത്മീയബന്ധം ഉടലെടുക്കുന്ന കാലംവരെ അദ്ദേഹം അവിടെ തങ്ങിനിന്നു.
എസ്. കെ. നാനാമണ്ഡലതല്പരനായിരുന്നു: ചരിത്രപാരായണത്തിൽ സ്ഥിരോത്സാഹി; സാമൂഹ്യനിരീക്ഷണത്തിൽ അതീവശ്രദ്ധാലു; പറവകളുടെയും മൃഗങ്ങളുടെയും കൂട്ടുകാരൻ. സർവ്വോപരി അദ്ദേഹം സർഗധനനായ സാഹിത്യകാരനായിരുന്നു. ആഫ്രിക്കയിൽ ജന്തുശാസ്ത്രജ്ഞനായും യൂറോപ്പിൽ ചരിത്രകാരനായും മലേഷ്യയിൽ സാമൂഹ്യശാസ്ത്രജ്ഞനായും ഭാവം പകരുന്ന പൊറ്റെക്കാട്ട് താൻ ചെല്ലുന്നേടത്തൊക്കെ എല്ലായ്പ്പോഴും ഒരു കേരളീയനായിരുന്നു.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.