
ഉത്തരകേരളത്തിലെ പേരുകേട്ട കലാലയം. കുറേ വിദ്യാർത്ഥികളും രണ്ടു മൂന്നു് അധ്യാപകരും ഉള്ള സദസ്സു്. വൈക്കം മുഹമ്മദ് ബഷീറി നെപ്പറ്റി സംസാരിക്കുകയാണു ഞാൻ.
ഒരു സന്ദർഭത്തിൽ ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു’ എന്ന നോവലിൽ തുടയിൽ കടിച്ച അട്ടയോടു് കുഞ്ഞുപാത്തുമ്മ പെരുമാറിയ വിധം വിവരിക്കേണ്ടി വന്നു. സദസ്സിലെ പെൺകുട്ടികൾ, നോവലിലെ ആയിഷയെപ്പോലെ, ആ വിവരണം കേട്ടു് മുഖം വക്രിപ്പിച്ചു് അറപ്പും ബേജാറും കാണിക്കുമെന്നായിരുന്നു പ്രതീക്ഷ ങ്ഏഹേ! ഒരു ഭാവഭേദവുമില്ല.
എന്റെ വിവരണം ഏശാത്തതുകൊണ്ടാവാം എന്നു വിശ്വസിക്കാൻ തോന്നിയില്ല. സ്ത്രീവിമോചനത്തിന്റെ കാലമല്ലേ? അട്ടയെപ്പേടിക്കുന്ന കോളേജ്കുമാരിയായി ഇക്കാലത്തു് ‘ആയിഷ’ മാത്രമേ കാണുകയുള്ളു? എങ്കിൽ ആൺകുട്ടികളുടെ മുഖത്തു് എന്തെങ്കിലും വ്യത്യാസം കാണേണ്ടതല്ലേ? അർധനഗ്നയായി ആമ്പൽപ്പൊയ്കയിൽ കുളിക്കുന്ന ഒരു ഹൂറിയുടെ തുടയിൽ അട്ട കടിക്കുമ്പോൾ ഒന്നും തോന്നാതിരിക്കാൻ മാത്രം ഈ വിദ്യാർഥിവർഗം ഒന്നടങ്കം സന്യാസിമാരായിപ്പോയോ? എന്റെ വിവരണം എത്ര മോശമാണെങ്കിലും ഇങ്ങനെ വരാമോ?
പെട്ടെന്നു് ഒരു വെളിപാടു തോന്നിയിട്ടു സംസാരം നിർത്തി ഞാൻ ചോദിച്ചു.
“നിങ്ങൾ അട്ടയെ കണ്ടിട്ടുണ്ടോ?”
സദസ്സിന്റെ ഉത്തരം ഏകകണ്ഠമായിരുന്നു.
“ഇല്ല.”
ബേജാറായതു ഞാനാണു് ഉത്തരകേരളത്തിലെ ഒരു ഗ്രാമപ്രദേശത്തു തന്നെയല്ലേ ഞാൻ നിൽക്കുന്നതു്?
“നിങ്ങൾക്ക് അട്ടയെപ്പറ്റി എന്തറിയാം?”
“അട്ട എന്നു കേട്ടിട്ടുണ്ടു്”
അത്രയും സമാധാനം അതുകൂടി ഇല്ലായിരുന്നെങ്കിൽ എന്റെ സ്ഥിതിയെന്താണു്? അട്ടം, അട്ടക്കോലു്, അട്ടഹാസം തുടങ്ങിയ പദങ്ങളെപ്പറ്റി പ്രസംഗിക്കുവാൻ ഈ സന്ദർഭത്തിൽ ഏതു മലയാളം അധ്യാപകന്റെയും ഉള്ളിൽ നിന്നു തികട്ടിവരുന്ന ആ വരവു് പണിപ്പെട്ടു നിയന്ത്രിച്ചു് ഞാൻ ചിരിച്ചു.
“നിങ്ങൾ ആമ്പൽപ്പൊയ്ക കണ്ടിട്ടുണ്ടോ?”
കുട്ടികൾ രാഷ്ട്രീയക്കാരെ അനുസ്മരിപ്പിക്കുന്ന മട്ടിൽ വിശദമായി പുഞ്ചിരിച്ചു.
“സിനിമയിലോ ടി. വി.-യിലോ കണ്ടുകാണും—അല്ലേ?” എന്നൊരു കമന്റു പാസാക്കിയിട്ടു ഞാൻ വിഷയത്തിലേക്കു തിരിച്ചു വന്നു.
എന്തു തിരിച്ചുവരവു്? കുഞ്ഞുപാത്തുമ്മ അനുഭവിച്ച കഷ്ടപ്പാടു് എന്താണെന്നു ജൻമകാലത്തു് തിരിയാത്ത ആ കുട്ടികൾ അവൾ ക്ഷമിച്ചതിന്റെ മൂല്യം മനസ്സിലാക്കുന്നതെങ്ങനെ? കുളിമുറിയുടെ ഇരുണ്ടു നനഞ്ഞ സ്വകാര്യതയിൽ കുത്തനെ കുളിക്കുന്നവരോടു് ആമ്പൽപ്പൊയ്കയിൽ നീന്തിത്തുടിക്കുന്നതിനെപ്പറ്റി ക്ലാസെടുക്കുന്നതിന്റെ മണ്ടത്തരമാലോചിച്ചു ഞാൻ വേറെ വഴിക്കു തിരിഞ്ഞു.
ഈയിടെ കോഴിക്കോടു നഗരത്തിലെ ഒരു സമാന്തരകലാലയത്തിൽ ഇതുപോലൊരു സദസ്സിൽ ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു!’ എന്ന നോവലിനെപ്പറ്റി സംസാരിക്കവേ പഴയ അനുഭവം ഓർത്തു ഞാൻ കുട്ടികളോടു ചോദിച്ചു.
“നിങ്ങൾ അട്ടയെ കണ്ടിട്ടുണ്ടോ?”
“ഇല്ല”
“ആനയെ കണ്ടിട്ടുണ്ടോ?”
“ഉണ്ടു്”—മഹാഭാഗ്യം!
നോവലിലെ പരാമർശങ്ങൾ ഓർത്തു് ഞാൻ ചോദിച്ചു.
“വരാൽ നീർക്കോലി, പരൽമീൻ, കുരുവി, അണ്ണാറക്കണ്ണൻ—ഇതു വല്ലതും കണ്ടിട്ടോ കേട്ടിട്ടോ ഉണ്ടോ?”
കുട്ടികൾ ആർത്തുചിരിച്ചു ആ ചിരിയുടെ അർത്ഥം എന്തുമാവാം… പെട്ടെന്നു ഒരു നടുക്കത്തോടേ ഞാൻ ചോദിച്ചു.
“കുഴിയാനയെ കണ്ടിട്ടുണ്ടോ?”
ചിലർ ‘ഉണ്ടു് ’ എന്നു പറഞ്ഞു. അതു സത്യമാവണമേ എന്നു ഞാൻ പ്രാർത്ഥിച്ചു. ആ സദസ്സിൽ മിണ്ടാതിരുന്നവരുടെ മൗനത്തിന്റെ അർത്ഥം ‘ഇല്ല’ എന്നാവാൻ സാധ്യതയില്ലേ?
കുഴിയാനയെ കണ്ടിട്ടില്ലാത്ത, അതെന്താണെന്നു് ആലോചിച്ചിട്ടില്ലാത്ത ‘യുവതലമുറ’ എങ്ങനെയാണു ബഷീറിന്റെ ഈ നോവൽ ആസ്വദിക്കുന്നതു്? ഉൾക്കൊള്ളുന്നതു്?
അപ്പോഴാണു് എനിക്കു പുതിയൊരു വിഷയത്തെപ്പറ്റി ആലോചന പോയതു്. കവിതകളിലും നോവലുകളിലും കഥകളിലും പ്രതീകങ്ങളും ഉദാഹരണങ്ങളും കൊടുത്തിരിക്കുന്നതു സംഗതി കുറേകൂടി വിശദമായിത്തീരാനാണു്. അവ വായനക്കാരുടെ അനുഭവമായിത്തീരാനാണു്.
അപ്പറഞ്ഞതൊന്നും നിത്യജീവിതത്തിൽ അനുഭവമോ, അറിവോ ആയിട്ടില്ലാത്തവരെ ഇതൊക്കെ സ്പർശിക്കുമോ? പുതിയൊരുതരം ദുർഗ്രഹതയുടെ കഥ ഇവിടെ ആരംഭിക്കുന്നില്ലേ?

വള്ളത്തോൾ ക്കവിത പഠിക്കുമ്പോൾ ‘കസ്തൂരിച്ചാറാക്കിന തൂവെള്ളിക്കിണ്ണം’ എന്നു വിശേഷിപ്പിച്ചിരിക്കുന്നതു ചന്ദ്രനെയാണെന്നു് എങ്ങനെ തിരിയും? കസ്തുരിച്ചാറിന്റെ നിറവും കിണ്ണത്തിന്റെ ആകൃതിയും അനുഭവമാകാത്തവർക്കു് അതെങ്ങനെ, എന്തു് രസിക്കാനാണു്?
ഇതിനൊരു പരിഹാരം ഞാൻ കണ്ടുപിടിച്ചിരിക്കുന്നു. മലയാളം ക്ലാസിലും എയ്ഡ്സ് (ഇന്നത്തെ ഭീകരരോഗമല്ല, കേട്ടോ. പഠനസഹായികൾ) വേണം. ചില സാഹചര്യത്തിൽ മലയാളം ലാബും വേണ്ടിവരും എന്തിനെന്നില്ലേ? കഥകളിലും കവിതകളിലുമൊക്കെ പറയുന്ന ജീവികളെയും പറവകളെയും പൂക്കളെയും കാണിച്ചുകൊടുക്കാൻ.
ഉദാഹരണത്തിനു ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു’ പഠിപ്പിക്കാൻ ക്ലാസിലെത്തുന്ന അധ്യാപകൻ ഗ്ലാസ് ജാറികളിലിട്ടു് അട്ട, നീർക്കോലി, കുഴിയാന, വരാൽ മത്സ്യം, പരൽമീൻ മുതലായവ കൊണ്ടുവന്നു മേശപ്പുറത്തു വയ്ക്കണം. സന്ദർഭം വരുമ്പോൾ അവയുടെ പ്രത്യേകതകൾ, പെരുമാറ്റം എന്നിവയെപ്പറ്റി പറഞ്ഞുകൊടുക്കണം. ഇതിനു വേണമെങ്കിൽ സയൻസ് അധ്യാപകന്റെ സഹായം തേടാം. (ഇത്തരമൊരു ‘ഓവർടൈം’ അല്ലെങ്കിൽ ‘അദർ ഡ്യൂട്ടി’ കൊണ്ടു സയൻസ് അധ്യാപകന്റെ ‘വർക്ലോഡിൽ’ ഉണ്ടാവുന്ന ദുർവഹമായ ഭാരത്തെപ്പറ്റിയും അതിനെതിരെ സമരം ചെയ്യേണ്ട വിധത്തെപ്പറ്റിയും സംഘടനകൾക്കു് ഉടനടി കൂടിയാലോചന നടത്താം.) ഇക്കൂട്ടത്തിൽ കുഴിയാന പിറകോട്ടു നടക്കും എന്നു് ഡമോൺസ്ട്രേറ്റ് ചെയ്തു കാണിക്കാൻ മറന്നുപോകരുതു്. എന്തുകൊണ്ടെന്നാൽ കുഴിയാനയെപ്പറ്റിയുള്ള ആ വിലപ്പെട്ട വിവരം ബഷീർ തന്റെ നോവലിൽ ചേർത്തിട്ടില്ല. എഴുത്തുകാർക്കു് ദീർഘവീക്ഷണം ഇല്ലാതെ പോയാൽ പാവപ്പെട്ട അധ്യാപകർ എന്തുചെയ്യും?

അഴീക്കോട് മാഷെപ്പറ്റി ഒരു പഴങ്കഥ കേട്ടിട്ടുണ്ടു്. അദ്ദേഹം അധ്യാപകവിദ്യാർത്ഥിയായിരുന്ന കാലം—ബി. ടി.-ക്കു പഠിക്കുകയാണു്. പരിശീലനകാലത്തെ ക്ലാസുകൾ പരിശോധിക്കുവാൻ വന്ന വിദ്വാൻ വേണ്ടത്ര പഠനസഹായികൾ അദ്ദേഹം ഉപയോഗിച്ചില്ലെന്നു ഒരു വിമർശനം കാച്ചി. പിറ്റേന്നു് അഴീക്കോട് കുട്ടികളുടെ മുമ്പിലെത്തിയതു് ഒരു ഗ്ലോബുമായിട്ടാണു്. മലയാളം ക്ലാസിൽ ഗ്ലോബെന്തിനു് എന്നു വിദ്യാർത്ഥികളും പരിശോധകനും അമ്പരന്നുനിൽക്കെ അദ്ദേഹം കയ്യിലുയർത്തിപ്പിടിച്ച ഗ്ലോബ് പതുക്കെ കറക്കിത്തുടങ്ങി ഒപ്പം പാടുകയും:
“അനന്തമജ്ഞാതമവർണ്ണനീയം
ഈലോകാഗോളം തിരിയുന്ന മാർഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?”
മലയാള മനോരമ: 29 ഡിസംബർ 1995.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.