images/An_Old_Man_Reading.jpg
An Old Man Reading, a painting by Willem van Mieris (1662–1747).
ആധുനികോത്തരകാലത്തെ വാമൊഴി
എം. എൻ. കാരശ്ശേരി

സമ്പന്നവും സൗകര്യപൂർണ്ണവുമായ ഇന്നത്തെ മലയാളി ജീവിതം രൂപപ്പെടുത്തുന്നതിൽ യന്ത്രങ്ങൾക്കും സാങ്കേതികവിദ്യകൾക്കും വലിയ പങ്കുണ്ടു്. ഈ പുതിയ സാഹചര്യത്തിന്റെ ഫലങ്ങളിലൊന്നായി ഉരുത്തിരിഞ്ഞുവരുന്ന മാദ്ധ്യമവത്ക്കരണം നമ്മുടെ വാമൊഴിയെ അവഗണിക്കുകയും വരമൊഴിക്കു് അനർഹമായ സ്ഥാനം കൊടുക്കുകയും ചെയ്യുന്നു എന്നു് പല ഭാഗത്തുനിന്നും പരാതി ഉയരുന്നുണ്ടു്. സമൂഹത്തിലെ വിവിധവിഭാഗം ജനങ്ങളുടെ വാമൊഴിയെ പത്രം, സിനിമ, ടെലിവിഷൻ മുതലായ മാദ്ധ്യമങ്ങൾ സ്വാധീനിക്കുന്നുണ്ടു് എന്നതു് സത്യമാണു്. അതു മാത്രമാണോ സത്യം? പുതിയ ജീവിതം നമ്മുടെ വാമൊഴിയോടു് പെരുമാറുന്നതെങ്ങനെയാണു്?

‘സാമാന്യവ്യവഹാരം’, ‘വിശേഷവ്യവഹാരം’ എന്നു് ഭാഷയുടെ ആവിഷ്കാരത്തിനു് വ്യത്യസ്ത തലങ്ങളുണ്ടെന്നു് കണ്ടെത്തിയതു് ആരാണു് എന്നു് അറിഞ്ഞുകൂടാ. ആ വ്യത്യാസത്തെ വിശകലനം ചെയ്തുകൊണ്ടു് ഇപ്പറഞ്ഞ പദങ്ങൾ പ്രയോഗിക്കുന്ന ഏറ്റവും പഴയ സാഹചര്യം എന്റെ അറിവിലുള്ളതു് പതിനാലാം നൂറ്റാണ്ടിലെ രചനയായി കണക്കാക്കി വരുന്ന ലീലാതിലകത്തിന്റെ ‘വൃത്തി’യിലാണു്. മണിപ്രവാളത്തിന്റെ ലക്ഷണം കണ്ടെത്തുന്നതിലൂടെ സാഹിത്യത്തിന്റെ സ്വഭാവം നിർണ്ണയിക്കുവാൻ ഉത്സാഹിക്കുന്ന ആ പ്രാചീന നിരൂപണപുസ്തകം വാമൊഴി സാമാന്യവ്യവഹാരത്തിനേ കൊള്ളൂ. സാഹിത്യരചന മുതലായ വിശേഷവ്യവഹാരത്തിനു് വരമൊഴിതന്നെ വേണം എന്നു് നിഷ്കർഷിക്കുന്നുണ്ടു്.

images/AR_Raja_Raja_Varma.jpg
എ. ആർ. രാജരാജവർമ്മ

എ. ആർ. രാജരാജവർമ്മ (1863–1918) യുടെ അലങ്കാരശാസ്ത്രഗ്രന്ഥമായ ഭാഷാഭൂഷണ (1902)-ത്തിൽ ഗ്രാമ്യപദങ്ങൾക്കു് കവിതയിൽ വിലക്കു കല്പിച്ചതു കാണാം. ഗ്രാമ്യത്തിന്റെ കുഴപ്പം വാമൊഴിയാണു് എന്നതുതന്നെ. അതിനു് അവിടെ ഉദാഹരിച്ച പദങ്ങൾ ‘കഷണിപ്പിക്കുക’, ‘വെച്ചടിച്ചു’ മുതലായവയാണു്.

images/Ek_nayanar.jpg
ഇ. കെ. നായനാർ

സാഹിത്യചരിത്രം ഒന്നു മറിച്ചുനോക്കിയാലറിയാം, വിശേഷവ്യവഹാരങ്ങളിൽ എത്രയോ നൂറ്റാണ്ടുകാലം വാമൊഴിക്കു് തീണ്ടാപ്പാടകലെ നിൽക്കേണ്ടിവന്നു. അത്തരം പദങ്ങൾക്കു് വിലക്കില്ലാത്ത നാടൻ സാഹിത്യത്തിന്റെ ഗതിയും അതായിരുന്നു. സാക്ഷരനും സവർണ്ണനും സമ്പന്നനും ആയ ‘അധികാരി’യുടെ ഭാഷയോടു് അടുത്തുനിന്നിരുന്നതു് വരമൊഴിയാണല്ലോ.

images/P_Seethi_Haji.png
പി. സീതിഹാജി

വിദേശാധിപത്യം, രാജാധിപത്യം, ജാതിഘടന, ജന്മി–കുടിയാൻ വ്യവസ്ഥ മുതലായവയ്ക്കെതിരായ ജനമുന്നേറ്റം വഴിയാണു് വാമൊഴി വിശേഷവ്യവഹാരങ്ങളിലേക്കു് കടന്നുവരാൻ തുടങ്ങിയതു്. ചില മാതൃകകൾ:

  1. രാഷ്ട്രീയനേതാക്കന്മാരുടെ പ്രസംഗങ്ങൾ മിക്കസമയത്തും വാമൊഴിയുടെ സംവേദനശക്തി ഉയർത്തിപ്പിടിക്കും. ഇ. കെ. നായനാർ, ടി. കെ. ഹംസ, പി. സീതിഹാജി തുടങ്ങിയവരുടെ പ്രസംഗങ്ങൾ ഓർത്തുനോക്കുക.
  2. ദേശീയപ്രസ്ഥാനത്തിന്റെ വഴിക്കു വന്ന എഴുത്തുകാരും അവർ രൂപം കൊടുത്ത പുരോഗമനസാഹിത്യ പ്രസ്ഥാനവും ഭിന്നതരം രചനകളിൽ വാമൊഴിയുടെ വൈകാരികതാശേഷിയെ ഉപയോഗപ്പെടുത്തി. തകഴി, ബഷീർ, പൊൻകുന്നം വർക്കി മുതലായവരുടെ കൃതികൾ ഓർത്തുനോക്കുക.
  3. രാഷ്ട്രീയ പ്രവർത്തനത്തിന്റെയും സാമൂഹ്യപരിഷ്കരണത്തിന്റെയും ഭാഗമായി പിറവിയെടുക്കുന്ന സിനിമകളിലും നാടകങ്ങളിലും സാധാരണക്കാരുടെ ജീവിതം അടയാളപ്പെടുത്തുന്നതു് സംഭാഷണത്തിലാണു്. അതായതു് വാമൊഴിയിലാണു്.
images/Ponkunnam_Varkey.jpg
പൊൻകുന്നം വർക്കി

അരനൂറ്റാണ്ടു മുമ്പു് പുറപ്പെട്ട ‘നീലക്കുയിൽ’ എന്ന സിനിമയിലെ നായിക അടിയാള ജാതിക്കാരിയാണു്. അവർ സ്വന്തം പാരമ്പര്യത്തിനും ചുറ്റുപാടിനും ചേർന്നമട്ടിലാണു് വർത്തമാനം പറയുന്നതു്. തോപ്പിൽ ഭാസി, കെ. പി. എ. സി.-ക്കുവേണ്ടി ഒരുക്കിയ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.

images/Thoppil_Bhasi.jpg
തോപ്പിൽ ഭാസി

പദ്യം മാത്രമാണു് സാഹിത്യം എന്ന ആന്ധ്യത്തിൽനിന്നു് ഗദ്യവും സാഹിത്യമാണു് എന്ന തിരിച്ചറിവിലേക്കു് നമ്മൾ കേരളീയർ ഉണർന്നുതുടങ്ങുന്ന സന്ദർഭമാണതു്. കേസരി എ. ബാലകൃഷ്ണപിള്ള നമ്മുടെ ഗദ്യകഥാകാരന്മാരെ മഹാകവി തകഴി ശിവശങ്കരപ്പിള്ള എന്നും മഹാകവി വൈക്കം മുഹമ്മദ് ബഷീർ എന്നു വിളിച്ചുതുടങ്ങുന്ന കാലം. ബഷീർ എഴുതി: ‘ഞാൻ ജന്മനാ കവിയാണു്. പിന്നെ ഗദ്യത്തിൽ എഴുതുന്നു എന്നുമാത്രം. ആളുകൾ വർത്തമാനം പറയുന്നതും കുളിക്കുന്നതും ഊണുകഴിക്കുന്നതും പ്രേമിക്കുന്നതും പ്രസവിക്കുന്നതും ഒക്കെ ഗദ്യത്തിലാണല്ലോ.’

തൊഴിലാളികൾക്കും അധഃകൃതർക്കും അയിത്തജാതിക്കാർക്കും ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും സാഹിത്യത്തിൽ സ്ഥലം അനുവദിക്കുന്നതു് അവരുടെ സാമൂഹ്യജീവിതത്തിന്റെ കൂടെ ആ വാമൊഴി കൂടി രേഖപ്പെടുത്തിക്കൊണ്ടാണു്. അങ്ങനെയാണു് ഭാഷയുടെ ജനാധിപത്യവത്കരണം സാദ്ധ്യമാകുന്നതു്. വാമൊഴിക്കു് പ്രാധാന്യം നൽകുവാൻ ശേഷിയുള്ളതു് പദ്യത്തെക്കാൾ ഗദ്യത്തിനാണു്. സൂക്ഷിച്ചുനോക്കിയാൽ കാണാം, നമ്മുടെ ജനാധിപത്യം മുന്നേറുന്നതു് ഗദ്യത്തിനും വാമൊഴിക്കും കൂടുതൽക്കൂടുതൽ ഇടം നൽകിക്കൊണ്ടാണു്.

images/Kanayi_Kunhiraman.jpg
കാനായി കുഞ്ഞിരാമൻ

അധികാരിവർഗ്ഗം വാഴ്ചകൊള്ളുന്ന തലസ്ഥാനനഗരത്തിന്റെ കഥയാണു് രാജ്യത്തിന്റെ ചരിത്രം എന്ന കാഴ്ചപ്പാടു് രാജാധിപത്യ കാലത്തിന്റേതാണു്. അന്നൊക്കെ രാജാവിന്റെ ചരിത്രം തന്നെയാണു് രാജ്യത്തിന്റെയും ചരിത്രം. അതു് രേഖപ്പെടുത്തുകയായിരുന്നു, ആസ്ഥാനചരിത്രകാരന്മാരുടെ ഉത്തരവാദിത്തം. ചെറുതും വലുതുമായ അനേകം പ്രദേശങ്ങൾ കൂടിച്ചേർന്നതാണു് രാജ്യം. അതുകൊണ്ടുതന്നെ അനേകം പ്രാദേശികചരിത്രങ്ങളുടെ സാകല്യമായിരിക്കണം രാജ്യചരിത്രം എന്നതാണു് ഇന്നത്തെ ജനാധിപത്യവ്യവസ്ഥ ഉയർത്തിപ്പിടിക്കുന്ന സങ്കല്പം. കേരളത്തിന്റെ ചരിത്രം അധികാരികൾ താമസിക്കുന്ന തലസ്ഥാനമായ തിരുവനന്തപുരത്ത് ഭരണകാര്യാലയങ്ങളിൽ സൂക്ഷിച്ചുവെച്ചു് ‘റിക്കാഡുകളിൽ’ രേഖപ്പെട്ടുകിടക്കുന്നതു മാത്രമല്ല എന്നും അതു് സംസ്ഥാനത്തിലെ സാധാരണ ജനങ്ങൾ കഴിഞ്ഞുകൂടുന്ന ഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും കോർപ്പറേഷനുകളുടെയും പ്രാദേശിക ചരിത്രങ്ങൾ ഒരുമിച്ചുചേരുമ്പോൾ രൂപംകൊള്ളുന്നതുകൂടിയാണു് എന്നും ഉള്ള തിരിച്ചറിവു് ഉദാഹരണം. രാജ്യത്തിന്റെ ചരിത്രം ജനങ്ങളുടെ ചരിത്രമാണു്. താജ്മഹലിന്റെ ചരിത്രം ഷാജഹാനിൽ ആരംഭിക്കുകയും ആ മുഗൾചക്രവർത്തിയിൽത്തന്നെ അവസാനിക്കുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ ആ സൗധം തന്റെ ഉന്നതമായ സർഗ്ഗശേഷികൊണ്ടു് ആദ്യം ഉയർത്തിയ ശില്പി ഉസ്താദ് ഈസ യുടെ മഹനീയ നാമധേയം ഏതു ചരിത്രത്തിലുണ്ടു്? മലമ്പുഴയിലെ പൂങ്കാവനത്തിൽ സുഖാലസ്യത്താൽ അടഞ്ഞുപോയ കണ്ണുകളായി നിലത്തു് കാലും നീട്ടിയിരിക്കുന്ന നഗ്നസുന്ദരിയുടെ ശില്പം സ്ഥാപിക്കുന്ന കാലത്തെ സംസ്ഥാന മുഖ്യമന്ത്രി ആരാണു് എന്നു് ആർക്കറിയാം? ‘യക്ഷി’ എന്നു പേരായ ആ കലാശില്പം കാനായി കുഞ്ഞിരാമൻ എന്നു പേരായ കലാകാരന്റേതാണു് എന്നു് നമുക്കറിയാം. കല രാജാധിപത്യത്തിന്റെ കാലത്തു് പണം മുടക്കിയ അധികാരിയുടേതാണു്; ജനാധിപത്യത്തിന്റെ കാലത്തു് സർഗ്ഗശേഷി മുടക്കിയ കലാകാരന്റേതും.

images/Yakshi-kanai.jpg
യക്ഷി

ഇവിടെ വിശദീകരിച്ചുപറഞ്ഞതിൽനിന്നു് വ്യക്തമാവും പോലെ, ദേശചരിത്രം രാജഭരണകാലത്തു് രാജാവിന്റേതും ജനതാഭരണകാലത്തു് ജനങ്ങളുടേതുമാണു്. രാജാവിന്റെ ചരിത്രം രേഖപ്പെടുത്തിവെച്ചിട്ടുണ്ടു്. ജനങ്ങളുടെ ചരിത്രം ആരും എവിടെയും എഴുതിവെച്ചിട്ടില്ല. അതെങ്ങനെ കിട്ടും?

ജനചരിത്രമുള്ളതു് ഓർമ്മകളിലാണു്. നാടൻകഥ, നാടൻപാട്ടു്, കടങ്കഥ, പഴഞ്ചൊല്ലു്, ഐതിഹ്യം, തമാശ മുതലായ വാമൊഴികളിൽ അവയിൽ പലതും അടയാളപ്പെട്ടുകിടപ്പുണ്ടു്. തലമുറകളായി കൈമാറിവരുന്ന കേട്ടുകേൾവികളിലും ആ ചരിത്രമുണ്ടു്. ചരിത്രം രാജാവു് വരമൊഴിയിലും ജനങ്ങൾ വാമൊഴിയിലും ‘രേഖപ്പെടുത്തുന്നു.’

പുതിയകാലം പ്രാദേശികചരിത്രങ്ങളുടെ സമാഹാരത്തെയാണു് ദേശചരിത്രം എന്നു വിളിക്കുന്നതു്. അതുകൊണ്ടുതന്നെ പ്രാദേശികപ്പഴമകളുടെ പ്രഭവമായ വാമൊഴിചരിത്രത്തിനു് (ഓറൽ ഹിസ്റ്ററി) ഇന്നു് പ്രസക്തിയും പ്രാധാന്യവും ഉണ്ടു്. കൊട്ടാരത്തിലെ പണ്ഡിതനെങ്കിലും രാജഭക്തനായ ആസ്ഥാന ചരിത്രകാരന്റെ വരമൊഴിക്കുള്ള ആധികാരികത ഗ്രാമത്തിലെ നിരക്ഷരനെങ്കിലും ‘സ്മൃതി’കാരനായ വൃദ്ധന്റെ വാമൊഴിക്കുണ്ടു് എന്നർത്ഥം.

മലയാളിയുടെ ഇന്നത്തെ സാമൂഹ്യജീവിതം പുതിയകാലത്തു് യന്ത്രങ്ങളുടെയും സാങ്കേതികവിദ്യകളുടെയും സ്വാധീനത്തിലാണു്. കൈഫോൺ, കമ്പ്യൂട്ടർ, ഇന്റർനെറ്റ്, ഇ-മെയിൽ, ടെലിവിഷൻ, സിനിമ മുതലായവയുടെ സാന്നിധ്യം ഉദാഹരണം. മലയാളി ജനസംഖ്യ ഇപ്പോൾ മൂന്നുകോടി പതിനെട്ടു ലക്ഷമാണു്. ഇവരിൽ കുറെ ലക്ഷം കേരളത്തിനു പുറത്തു് ചെന്നൈ, മുംബൈ, ഹൈദരാബാദ്, ദൽഹി, കൊൽക്കത്ത തുടങ്ങിയ മറുനാടൻ നഗരങ്ങളിലാണു്. അതിലും കൂടുതൽ ലക്ഷങ്ങൾ ദുബായ്, അബുദാബി, ഖത്തർ, കുവൈത്ത്, അറേബ്യ, ബഹറൈൻ, ഒമാൻ, അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ വിദേശരാജ്യങ്ങളിലും. ഇതൊക്കെയായിട്ടും കേരളത്തിലെ സെൽഫോൺ കണക്ഷൻ രണ്ടുകോടി എന്നാണു് കണക്കു്! ‘എഴുതുന്ന’ കത്തുകളുടെ എണ്ണം എത്രയോ കുറഞ്ഞു പോയതു് സ്വാഭാവികം. അനേകായിരം പോസ്റ്റാപ്പീസുകൾക്കു പുറമേ അനവധിയായ കൊരിയറുകളും പ്രവർത്തിക്കുന്ന കാലത്താണു് കത്തിലൂടെ സംവേദനം ചെയ്യേണ്ടതെല്ലാം ടെലിഫോൺ സംഭാഷണമായി രൂപാന്തരപ്പെടുന്നതു്. കമ്പ്യൂട്ടർ ടെലിഫോണിന്റെ പണികൂടി എടുത്തുതുടങ്ങിയിരിക്കുന്നു. അതിനകത്തു് ‘വോയ്സ് മെയിൽ’ ഉണ്ടു്. ടെലിഫോൺ വിപ്ലവം എന്നതു് വരമൊഴിയുടെ പുറത്തു് വാമൊഴി നേടുന്ന ആധിപത്യം കൂടിയാണു്.

മറ്റു വാർത്താമാദ്ധ്യമങ്ങൾ സാമാന്യമായി വാമൊഴിയെ മാറ്റിനിർത്തുമ്പോൾ ടെലിവിഷൻ കഴിയുന്നത്ര വാമൊഴി ഉപയോഗിക്കുന്നു എന്നതു ശ്രദ്ധിക്കണം. ദിനപത്രങ്ങളിലെ വാർത്ത വരമൊഴിയിലാണു്. ടി. വി.-യിൽ വാർത്താവതരണത്തിൽ മാത്രമാണു് വരമൊഴി. മറ്റെല്ലാം വാമൊഴിയിലാണു്. സ്റ്റുഡിയോവിലിരുന്നു് ‘ഇങ്ങനെയൊരു പുതുമയുണ്ടു്’ എന്നു് അവതാരകർ പറയുന്നതു് വരമൊഴിയിലാണു്. പക്ഷേ, സംഭവസ്ഥലത്തുനിന്നു് സംസാരിക്കുന്ന റിപ്പോർട്ടർ, താനോ മറ്റുള്ളവരോ എഴുതിയതു് വായിക്കുകയല്ല, ഒരു സംഭവത്തിന്റെ നടുവിൽനിന്നു് താൻ കാണുന്നതും കേൾക്കുന്നതും ‘തൊള്ളയിൽ തോന്നും പോലെ’ പുറംലോകത്തെ പറഞ്ഞറിയിക്കുകയാണു്. അപൂർണ്ണവാക്യങ്ങൾ, വ്യാകരണപ്പിഴകൾ, ഉച്ചാരണഭേദങ്ങൾ, സ്വന്തം വാമൊഴിയുടെ പ്രത്യേകതകൾ എല്ലാം കലർന്നതാണു് ആ റിപ്പോർട്ട്. റിപ്പോർട്ടറുടെയും പ്രേക്ഷകരുടെയും ശ്രദ്ധ വള്ളംകളിയിലോ തീവണ്ടിദുരന്തത്തിലോ ഫുട്ബോൾ ഗ്രൗണ്ടിലോ ആയതുകൊണ്ടു് ആ ഭാഷയുടെ സാദ്ധ്യതകളിലേക്കോ പരിമിതികളിലേക്കോ അപ്പോൾ ആരുടെയും കണ്ണും കാതും ചെല്ലുകയില്ല.

പ്രതികരണക്കാരും പ്രതിഷേധക്കാരും പ്രതിരോധക്കാരും പ്രയോജകരും എല്ലാം ആയി സ്ക്രീനിൽ തെളിയുന്ന നേതാക്കന്മാരും കലാകാരന്മാരും കച്ചവടക്കാരുമെല്ലാം വാമൊഴിക്കാരാണു്.

സ്വസ്ഥമായി സ്റ്റുഡിയോയിൽ ഇരുന്നു് അവതരിപ്പിക്കുന്ന പരിപാടികളിലും വാമൊഴി ഇടയ്ക്കും തലയ്ക്കും കടന്നുവരുന്നു.

കമ്പ്യൂട്ടറിനകത്തെ ബ്ലോഗ്, സല്ലാപമുറി (ചാറ്റു് റൂം), ഇ-മെയിൽ മുതലായവയിൽ മലയാളലിപിയിലും റോമൻലിപിയിലുമായി സംസാരഭാഷ ധാരാളം ഇടം കണ്ടെത്തുന്നുണ്ടു്.

പുതിയകാലത്തെ പത്രപ്രവർത്തനം ‘കേട്ടെഴുത്തു്’ എന്നൊരു ശാഖയ്ക്കു രൂപം നൽകിയിരിക്കുന്നു. സാഹിത്യകാരന്മാരോ രാഷ്ട്രീയനേതാക്കന്മാരോ സാമൂഹ്യപ്രവർത്തകരോ ‘പറയുന്നതു’ കേട്ടു് എഴുതുന്ന സമ്പ്രദായമാണിതു്. ഇതു ചിലപ്പോൾ ഫോണിൽ കേട്ടതു് മാത്രമാവും. അത്തരം ‘ലേഖന’ങ്ങളിൽ, അവിടവിടെ ചില്ലറ പരിഷ്കാരങ്ങളുണ്ടെന്നതൊഴിച്ചാൽ, വരമൊഴിയെക്കാൾ അധികമുള്ളതു് വാമൊഴിയാണു്. അഭിമുഖസംഭാഷണങ്ങളിൽ യാതൊരു പരിഷ്കാരവും കൂടാതെ ‘പറഞ്ഞു കേട്ടതു്’ അപ്പടി എഴുതുന്ന പതിവും ഉണ്ടായിവന്നിട്ടുണ്ടു്.

‘കേട്ടെഴുത്തി’ന്റെ ഈ സമ്പ്രദായം വളർന്നു നമ്മുടെ ഭാഷയിൽ പുതിയതരം ആത്മകഥാരചനയുടെ മണ്ഡലം രൂപപ്പെട്ടിരിക്കുന്നു. എഴുത്തും വായനയും പരിചയമില്ലാത്തവരോ പരിശീലിച്ചിട്ടില്ലാത്തവരോ ആയ വ്യക്തികളുടെ ആത്മകഥകൾ ഉണ്ടാകുവാൻ അങ്ങനെ അവസരമൊരുങ്ങി. ലൈംഗികത്തൊഴിലാളി നളിനി ജമീല, കള്ളൻ മണിയൻപിള്ള, ആദിവാസി നേതാവു് ജാനു, നടി നിലമ്പൂർ ആയിശ, പാട്ടുകാരൻ മൂസ എരഞ്ഞോളി, പ്രകൃതിസ്നേഹി പൊക്കുടൻ മുതലായവരുടെ ആത്മകഥകൾ ഉദാഹരണം.

‘കേട്ടെഴുത്തി’ലൂടെ ഉണ്ടായിവരുന്ന നിരക്ഷരുടെ ആത്മകഥാരചനകൾ മറ്റു നാടുകളിലുമുണ്ടു്. ചമ്പൽക്കാടുകളിലെ കൊള്ളക്കാരി ഫൂലൻദേവി യുടെ ആത്മകഥ (ഞാൻ ഫൂലൻദേവി) ഉദാഹരണം. പാകിസ്താനിലെ പൗരാവകാശപ്രവർത്തക മുഖ്താർമായിയുടെ ആത്മകഥ (മാനത്തിന്റെ പേരിൽ) മറ്റൊരുദാഹരണം. ഇപ്പറഞ്ഞ രണ്ടിനും മലയാളത്തിൽ പരിഭാഷ വന്നിട്ടുണ്ടു്.

images/Gabriel.jpg
ഗബ്രിയേൽ ഗാർസ്യാ മാർകേസ്

പത്രപ്രവർത്തനത്തിലെ ‘കേട്ടെഴുത്തി’ന്റെ ഗംഭീരമായൊരു മാതൃക നേരത്തേ അവതരിപ്പിക്കുന്നതു് നോബൽ സമ്മാനജേതാവു് ഗബ്രിയേൽ ഗാർസ്യാ മാർകേസ് ആണു്. യൗവനകാലത്തു് പത്രപ്രവർത്തകനായിരുന്നപ്പോൾ കപ്പൽച്ചേതത്തിൽപ്പെട്ടു് പതിനാലു ദിവസം കടലിൽ കുടുങ്ങിപ്പോയ നാവികനെക്കുറിച്ചു് അദ്ദേഹം കേട്ടു. ആളെ പോയിക്കണ്ടു് മാർകേസ് അയാളുടെ വിചിത്രമായ അനുഭവങ്ങൾ പൂർണ്ണമായും കേട്ടെഴുതി. സത്യസന്ധമായ ആ വിവരണമാണു് The Story of Shipwrecked Sailor (1995) എന്നു പേരായി പുറപ്പെട്ട മാർകേസിന്റെ ആദ്യത്തെ നോവൽ. ഇതിന്റെ മലയാള പരിഭാഷ ‘കപ്പൽച്ചേതം വന്ന നാവികന്റെ കഥ’ (സാനന്ദരാജ്: നിയോഗം ബുക്സ്, കൊച്ചി) 1998-ൽ ഇറങ്ങി. കേരളത്തിലെ കേട്ടെഴുത്തു രീതിയെ ഈ പരിഭാഷ പ്രചോദിപ്പിച്ചിരിക്കാം.

ഇങ്ങനെ കേട്ടെഴുതുന്ന ആത്മകഥകളിലെല്ലാം ഭാഷാരൂപം വാമൊഴിയായിക്കൊള്ളണമെന്നില്ല. പുറപ്പെടുന്നതു് വാമൊഴിയായിട്ടാണെങ്കിലും പുസ്തകാകൃതിയിൽ ചിലതിന്റെ രൂപം വ്യത്യാസപ്പെടാം. നളിനിജമീലയുടെ കഥനം വാമൊഴിയിലല്ല; ജാനുവിന്റെതു് വാമൊഴിയിലാണു്.

വാമൊഴിക്കു് പ്രാധാന്യമുള്ള ഇത്തരം ഏർപ്പാടിനെ വാചികപത്രപ്രവർത്തനം (ഓറൽ ജേർണലിസം) എന്നു വിളിക്കാം എന്നു് ഞാൻ കരുതുന്നു.

ഈയിടെ പുറത്തിറങ്ങിയ ചില സാഹിത്യകൃതികൾ തീർത്തും വാമൊഴിയിലാണു്. അവയിൽ പ്രധാനപ്പെട്ട ഒന്നാണു് സക്കറിയ യുടെ ലഘുനോവൽ ‘പ്രെയ്സ് ദ ലോഡ്’. മദ്ധ്യകേരളത്തിലെ മീനച്ചിലാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ക്രിസ്ത്യൻ സമൂഹത്തിന്റെ വാമൊഴിയിലാണു് ഇതിലെ ആഖ്യാനം. മറ്റൊന്നു് മാധവിക്കുട്ടി യുടെ കഥാസമാഹാരം ജാനുവമ്മ പറഞ്ഞ കഥകൾ മലബാറിലെ നായർ സമുദായത്തിന്റെ വാമൊഴിയിലാണു് കഥാകഥനം മുഴുവൻ.

ഇന്നത്തെ മലയാളസിനിമയുടെ ഇഷ്ടവിഭവങ്ങളിലൊന്നു് വാമൊഴിയാണു്. തമാശയുണ്ടാക്കാൻ സിനിമക്കാർ ഏറ്റവും അധികം ആശ്രയിക്കുന്നതു് പ്രാദേശികമോ സാമുദായികമോ ആയ മൊഴിഭേദങ്ങളെയാണു്. കോഴിക്കോട്ടെ മുസ്ലിമിന്റെ (മാമുക്കോയ) തൃശൂരിലെ ക്രിസ്ത്യാനിയുടെയും (ഇന്നസെന്റ്) തിരുവനന്തപുരത്തെ നായരുടെയും (ഇന്ദ്രൻസ്) ഭാഷണരീതികളുടെ അവതരണം എത്ര ആവർത്തിച്ചിട്ടും നമുക്കു് മടുത്തിട്ടില്ല. രാജമാണിക്യം എന്ന സിനിമയിലെ താരം മമ്മൂട്ടി യല്ല, തിരുവനന്തപുരത്തെ വെഞ്ഞാറമൂട് എന്ന പ്രദേശത്തെ വാമൊഴിയാണു്!

ചുരുക്കം ഇതാണു്:

സാങ്കേതികവിദ്യകളും യന്ത്രവത്കരണവും ഉത്പാദിപ്പിക്കുന്ന മാധ്യമവത്കരണം നമ്മുടെ വാമൊഴിക്കു് മേൽക്കൈ നേടിക്കൊടുത്തുകൊണ്ടിരിക്കുകയാണു്. അതു് സമകാലിക സമൂഹത്തിലെ ജനാധിപത്യവത്കരണത്തിന്റെ സാദ്ധ്യതകൾ വിപുലീകരിക്കുന്നുണ്ടു്.

(കേരള സർവ്വകലാശാലയിലെ മലയാളവിഭാഗം 2010 ഡിസംബർ ഒന്നാം തീയ്യതി കാര്യവട്ടത്തു് സംഘടിപ്പിച്ച ഭാഷാചർച്ചയിൽ അവതരിപ്പിച്ച പ്രബന്ധം.)

എം. എൻ. കാരശ്ശേരി
images/MN_Karasseri.jpg

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.

പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.

Colophon

Title: Adhunikoththarakalaththe Vamozhi (ml: ആധുനികോത്തരകാലത്തെ വാമൊഴി).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Adhunikoththarakalaththe Vamozhi, എം. എൻ. കാരശ്ശേരി, ആധുനികോത്തരകാലത്തെ വാമൊഴി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 21, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Old Man Reading, a painting by Willem van Mieris (1662–1747). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.