തെരഞ്ഞെടുപ്പു് കഴിഞ്ഞതും നമ്മുടെ നേതാക്കന്മാർ ഖേദപ്രകടനം ആരംഭിച്ചിരിക്കുന്നു; തെരഞ്ഞെടുപ്പുവിഷയമായി വികസനം ചർച്ചചെയ്യുവാൻ വേണ്ടത്ര സൗകര്യം കിട്ടിയില്ല; വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പലതും വിട്ടുപോയി; കഴിഞ്ഞ അഞ്ചുകൊല്ലം നേടിയ വികസനം ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ സാധിച്ചില്ല; ഇപ്പോഴത്തെ സർക്കാർ കാര്യമായ വികസനമൊന്നും കൊണ്ടുവന്നിട്ടില്ല; മറ്റും മറ്റും…
ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാർത്ഥിയും വികസനവുമായി ബന്ധപ്പെട്ട തന്റെ നേട്ടങ്ങൾ വിവരിക്കുവാനോ, തന്റെ സങ്കല്പങ്ങൾ ആവിഷ്കരിക്കുവാനോ ആണു് മിനക്കെട്ടതു്.
എന്താ, വികസനം വേണ്ടതല്ലേ? അതു് മോശമാണോ?
വികസനം വേണ്ടതുതന്നെ. തീർച്ചയായിട്ടും അതൊരു മോശം കാര്യമല്ല. പക്ഷേ, രാഷ്ട്രീയപ്രവർത്തനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം വികസനമാണു് എന്നു ധരിച്ചുകളയരുതു്. പ്രത്യയശാസ്ത്രത്തിന്റെ സ്ഥാനം പ്രവർത്തനപരിപാടികളിലൊന്നായ വികസനത്തിനു കൊടുത്തുകളയരുതു്. പ്രത്യയശാസ്ത്രമില്ലാത്ത രാഷ്ട്രീയകക്ഷികളാണു് വികസനത്തെ പ്രത്യയശാസ്ത്രമാക്കുന്നതു്. അതുകൊണ്ടാണു് ഓരോ കേരളകോൺഗ്രസ് വിഭാഗവും പ്രത്യയശാസ്ത്രമായി വികസനത്തെ കൊണ്ടാടുന്നതു്. ഇപ്പോൾ മറ്റു കക്ഷികൾ അതു് അനുകരിക്കാൻ ശ്രമിക്കുന്നു!
നമ്മുടെ ലക്ഷ്യവും മാർഗ്ഗവും കൂടിച്ചേർന്ന ആദർശമാണു് പ്രത്യയശാസ്ത്രം. വികസനമാവട്ടെ, ആ ആദർശം നേടുന്നതിനു് ഉപായമായിത്തീരുന്ന അനേകം സംഗതികളിൽ ഒന്നുമാത്രവും. വികസനത്തെ പ്രത്യയശാസ്ത്രത്തിനു പകരം വെച്ചുകൂടാ.
ഉദാഹരണത്തിലൂടെ ഇതു് വ്യക്തമാക്കാം: സൗകര്യപൂർണ്ണമായ നിരത്തു് വികസനമാണു്; പണക്കാരും പാവപ്പെട്ടവരുമായ എല്ലാ ആളുകൾക്കും അതിൽ സഞ്ചാരസ്വാതന്ത്ര്യം കിട്ടുന്നതു് സാമൂഹ്യനീതിയും. ഇതിലേതാണു് പ്രധാനം? നിരത്തിനു് സൗകര്യം കുറഞ്ഞാലും അതിലൂടെ എല്ലാ വിഭാഗം ആളുകൾക്കും പോകാമെങ്കിൽ അതാണു് ഭേദം: വികസനത്തിന്റെ മേലേയാണു് പ്രത്യയശാസ്ത്രം.
മറ്റൊരു ഉദാഹരണം: കേരളത്തിലെ കുഗ്രാമങ്ങളിൽപ്പോലും കൊള്ളാവുന്ന നിരത്തുകളുണ്ടു്. പക്ഷേ, പട്ടണങ്ങളിൽപ്പോലും സന്ധ്യകഴിഞ്ഞാൽ ഒരു സ്ത്രീക്കു് ഒറ്റയ്ക്കു് നടന്നുപോകാവുന്ന സാഹചര്യമില്ല. ഏതാണു് വികസനം? ആ നിരത്തോ? സ്ത്രീയ്ക്കു കിട്ടേണ്ട സാമൂഹ്യസുരക്ഷിതത്വമോ? ആ നിരത്തുകളിൽ കാണുന്നതിൽക്കൂടുതൽ വൃത്തി സ്ത്രീകളോടു് പെരുമാറുന്നതിൽ വേണ്ടതല്ലേ? വികസനത്തെക്കാൾ പ്രധാനമല്ലേ, സ്ത്രീപുരുഷ സമത്വം?
സാമൂഹ്യനീതി ഉയർത്തിപ്പിടിക്കാത്ത എന്തും ജനവിരുദ്ധമായിരിക്കും. അണക്കെട്ടു്, തുറമുഖം, വ്യവസായശാല, വ്യാപാരസ്ഥപനം, വിമാനത്താവളം, തീവണ്ടിപ്പാളം മുതലായവ പണിയുന്നതിലൂടെ നാടിനു് വികാസമുണ്ടാക്കുന്നുണ്ടു് എന്നതു് നേരാണു്. അത്തരം കാര്യങ്ങൾക്കുവേണ്ടി കുടി ഒഴിപ്പിക്കപ്പെടുന്ന അനേകം കുടുംബങ്ങളുടെ പുനരധിവാസം ഭരണകർത്താക്കളുടെ ഉദാസീനതയിൽപ്പെട്ടു് അനാഥമായിത്തീരുന്നു എന്നതു് നമ്മുടെ നാട്ടിൽ ആവർത്തിച്ചുവരുന്ന അനുഭവമാണു്. നാട്ടിൽ വികസനമുണ്ടായി എന്നു് ആ നിരാംലംബരോടു് പറയാൻ ആരു് ധൈര്യപ്പെടും? അത്തരം നീതികേടു് ജനങ്ങളോടു് കാണിക്കരുതു് എന്ന പ്രത്യയശാസ്ത്രബോധം ഉള്ള ഭരണകൂടമാണു് വികസനത്തിന്റെ യഥാർത്ഥമായ സൂചകം. മേൽപ്പറഞ്ഞതൊന്നും വേണ്ട എന്നല്ല. അതിനു് ഇരയായോ, ബലിയായോ ഒരു പൗരൻപോലും തീർന്നുകൂടാ എന്നു് ഉറപ്പാക്കിയിട്ടേ അതിനൊക്കെ ഒരുങ്ങിപ്പുറപ്പെടാവു. അനേകം പേരുടെ സൗകര്യത്തിനു് ഏതാനും പേരെ അഭയാർത്ഥികളാക്കുന്നതു് നീതിയല്ല.
വികസനം എന്താണു് എന്നതിനെപ്പറ്റിത്തന്നെ നമ്മുടെ ആളുകൾക്കു് വലിയ അന്ധാളിപ്പുണ്ടു്. കാർഷികപ്രദേശമായ കേരളത്തിൽ കൃഷി തകരുകയും കൃഷിക്കാരുടെ ആത്മഹത്യകൾ പെരുകുകയും ചെയ്യുമ്പോൾ നിരത്തും പാലവും വർദ്ധിക്കുന്നതു് ഏതു കണക്കിലാണു് വികസനമാവുക? നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം പിടിച്ചുനിർത്താത്ത നാട്ടിൽ മെഡിക്കൽ കോളേജിന്റെയും എൻജിനീയറിങ് കോളേജിന്റെയും എണ്ണം കൂടുന്നതു് എങ്ങനെയാണു് വികസനമാവുക? വിലക്കയറ്റം തടയുന്ന സ്ഥിരസംവിധാനം ഉണ്ടാക്കാൻ പ്രാപ്തിയില്ലാത്തതു കൊണ്ടാണു് സർക്കാരിനു് ഓണച്ചന്തയും ബക്രീദ് ബസാറും ക്രിസ്മസ് മാർക്കറ്റും നടത്തേണ്ടിവരുന്നതു്. അതു് വികസനമാണു് എന്നാരു പറയും?
സ്വാതന്ത്ര്യം കിട്ടി ആറു പതിറ്റാണ്ടുകഴിഞ്ഞിട്ടും കേരളത്തിലെ ഭരണഭാഷയും കോടതിഭാഷയും മലയാളം ആയിട്ടില്ല എന്നതു് വികസനത്തിന്റെ പ്രശ്നമാണു് എന്നു് നമ്മുടെ നാട്ടിലെ എത്ര രാഷ്ടീയനേതാക്കന്മാർ തിരിച്ചറിയുന്നുണ്ടു് ? അതിൽ ഉള്ളടങ്ങിക്കിടക്കുന്ന അനീതി എത്രയോ ‘വികസന’ങ്ങളെ അർത്ഥശൂന്യമാക്കുന്നില്ലേ?
ആദിവാസികളോടും പട്ടികജാതിക്കാരോടും പട്ടികവർഗ്ഗക്കാരോടും സ്ത്രീകളോടും നമ്മുടെ രാഷ്ട്രീയവും സാമൂഹ്യജീവിതവും നിരന്തരം കാണിച്ചുപോരുന്ന അന്യായങ്ങൾ വികസനരാഹിത്യത്തിന്റെ തെളിവല്ലയോ? തിരുവനന്തപുരത്തു് എന്താണു് ഇല്ലാത്തതു്? ആധുനികത്വത്തിന്റേതായ എല്ലാം ആ തലസ്ഥാന നഗരിക്കുണ്ടു്. അവിടെയാണു് ‘കീഴ്ജാതി’ എന്നു് വിളിക്കപ്പെടുന്ന സമുദായത്തിൽ പിറന്ന ഒരുദ്യോഗസ്ഥൻ അടുത്തൂൺ പറ്റിപ്പിരിഞ്ഞ (31 മാർച്ച് 2011) തിന്റെ പിറ്റേന്നു് ചില ജാതിവെറിയന്മാർ ആ രജിസ്ട്രേഷൻ ഐ. ജി. ഇരുന്ന മേശയും കസേരയും മുറിയും എല്ലാം ചാണകവെള്ളം തളിച്ചു് ശുദ്ധമാക്കിയതു്! എന്താണു് ശുദ്ധി? എവിടെയാണു് അശുദ്ധി? എന്തു് വികാസമാണു് നമ്മൾ നേടിയതു്?
അച്ചുതാനന്ദൻ സർക്കാറിന്റെ ഏറ്റവും വലിയ നേട്ടം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഭരണത്തിൽ സ്ത്രീകൾക്കു് 50 ശതമാനം പങ്കാളിത്തം സംവരണം ചെയ്യുന്ന നിയമം കൊണ്ടുവന്നതാണു്. കേരളത്തിലെ സ്ത്രീശാക്തീകരണത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണതു്. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ (2010) അതിന്റെ മെച്ചം നമ്മൾ അനുഭവിക്കുകയും ചെയ്തു. ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ കേരളനിയമസഭയിലെ 140 ഇരിപ്പിടങ്ങളിൽ 70 എണ്ണം (50 ശതമാനം) സ്ത്രീകൾക്കു് സംവരണം ചെയ്യുന്നതിനെപ്പറ്റിയാണു് നാം സംസാരിക്കേണ്ടിയിരുന്നതു്. 2011-ലെ ജനസംഖ്യാക്കണക്കനുസരിച്ചു് കേരളത്തിൽ 1000 പുരുഷന്മാർക്കു് 1084 സ്ത്രീകളുണ്ടു്. കേരളം എന്നും ഒരു പെണ്ണധികനാടാണു്.
എന്തുകൊണ്ടാണു് സംസ്ഥാന നിയമസഭയിൽ സ്ത്രീകൾക്കു് അർഹമായ പ്രാതിനിധ്യം കിട്ടാതെ പോകുന്നതു്? അധികാരത്തിൽ പങ്കാളിത്തം കൊടുക്കാതെ എങ്ങനെ സ്ത്രീശാക്തീകരണം നടക്കും? സംവരണമില്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയകക്ഷി ഇതൊക്കെ തിരിഞ്ഞുനോക്കുമോ? ഇത്തവണ നിയമസഭയിലേക്കു് മത്സരിച്ച വനിതാസ്ഥാനാർത്ഥികളുടെ കണക്കു നോക്കു: കേരളത്തിലെ ഏറ്റവും വലിയ കക്ഷി—സി. പി. എം.—എട്ടു പേരെയാണു് നിർത്തിയതു്. രണ്ടാമത്തെ കക്ഷി—കോൺഗ്രസ്—ഏഴുപേരെ. മൂന്നാമത്തെ കക്ഷി—മുസ്ലീംലീഗ്—ഒരു മണ്ഡലത്തിലും ഒരു വനിതയെയും നിർത്തിയില്ല!
ഇത്തരം പ്രത്യയശാസ്ത്ര പ്രശ്നങ്ങളൊക്കെ അഗണ്യമാക്കിത്തള്ളിക്കൊണ്ടു് വികസനം, വികസനം എന്നു ജപിക്കുന്നതു് മുൻഗണനാക്രമം തെറ്റിക്കലാണു്. അതിനകത്തു് പത്തി താഴ്ത്തിക്കിടക്കുന്ന അനീതി നമ്മൾ, കേരളീയർ തിരിച്ചറിയേണ്ടതുണ്ടു്. നീതിനിഷ്ഠമല്ലാത്ത വികസനം പ്രത്യയശാസ്ത്രമില്ലായ്മയിലൂടെ അരാഷ്ട്രീയതയിലേക്കാണു് നമ്മളെ കൊണ്ടുപോവുക.
സാമൂഹ്യനീതി കാറ്റിൽ പറത്തിക്കൊണ്ടു് ഗുജറാത്ത് വാഴുന്ന നരേന്ദ്രമോദി ‘വികസനനായകൻ’ എന്നു് പേരെടുത്തതിൽ പുലരുന്ന ജനവിരുദ്ധത ഓർത്തുനോക്കിയാൽ ഇപ്പറഞ്ഞതെല്ലാം തിരിഞ്ഞു കിട്ടാൻ എളുപ്പമുണ്ടു്.
(മലയാളം വാരിക. 6 മേയ് 2011)
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.