കഷ്ടം! ഈ തെരഞ്ഞെടുപ്പു് (13 ഏപ്രിൽ 2011) മതവർഗ്ഗീയത, മതമൗലികത, മതഭീകരത മുതലായ ജീർണ്ണതകളെപ്പറ്റിയുള്ള ചർച്ചകളിൽനിന്നു് മുക്തമാവും എന്നു കേരളീയരുടെ യഥാർത്ഥമായ ജനകീയ പ്രശ്നങ്ങളുടെ വിശകലനത്തിനു് വേദിയാകും എന്നും നമ്മൾ ആശിച്ചതു് വെറുതേയായി. ജമാഅത്തെ ഇസ്ലാമിയുമായി സി. പി. എമ്മും കോൺഗ്രസും നടത്തിയ രഹസ്യ ചർച്ചകളുടെ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു. പതിവുപോലെ രണ്ടുമുന്നണികളും പരസ്പരം ആക്ഷേപിക്കാനും തുടങ്ങിയിരിക്കുന്നു. ഇപ്പോഴിതാ, പിന്തുണയെ സംബന്ധിച്ചു് അവരുടെ പ്രഖ്യാപനം വന്നിരിക്കുന്നു—124 മണ്ഡലത്തിൽ എൽ. ഡി. എഫിനു്, 15 മണ്ഡലത്തിൽ യു. ഡി. എഫിനു്, ഒരു മണ്ഡലത്തിൽ വോട്ടു ചെയ്യില്ല.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ (2009) മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിക്കാർ 20 മണ്ഡലങ്ങളിൽ 18-ലും എൽ. ഡി. എഫിനു് വോട്ടുചെയ്തു; രണ്ടു മണ്ഡലത്തിൽ യു. ഡി. എഫിനും. മതതീവ്രവാദികളായ എൻ. ഡി. എഫുകാർ 20-ൽ 18-ലും യു. ഡി. എഫിനു് വോട്ടുചെയ്തു; രണ്ടെണ്ണത്തിൽ എൽ. ഡി. എഫിനും. മതവർഗ്ഗീയതയുടെ വോട്ട് വാങ്ങിയ വിഷയത്തിൽ പരസ്പരം കുറ്റം പറയാൻ രണ്ടുകൂട്ടർക്കും അർഹതയുണ്ടു് എന്നു തീർച്ച!
തീവ്രവാദത്തിന്റെ തീപ്പൊരിപ്രസംഗവുമായി കടന്നുവന്ന അബ്ദുന്നാസർ മഅ്ദനി യെ എൽ. ഡി. എഫ്. ഏറ്റിനടന്നതായിരുന്നു കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലെ വലിയ പുക്കാറു്. നേരത്തേ മഅ്ദനിയുടെ സഹായം തങ്ങളും വാങ്ങിയിട്ടുണ്ടു് (2001) എന്ന കാര്യം മറച്ചുപിടിച്ചുകൊണ്ടായിരുന്നു യു. ഡി. എഫിന്റെ അപ്പോഴത്തെ മതേതരഭാഷണങ്ങൾ!
പരിഗണിക്കാൻ മാത്രം വോട്ടില്ലാത്ത മഅ്ദനിയുടെ പി. ഡി. പി.-യുമായി ഉണ്ടാക്കിയ ബാന്ധവംകൊണ്ടു് 2009-ൽ എൽ. ഡി. എഫിനു് നഷ്ടം മാത്രമേ ഉണ്ടായുളളൂ. അതു് തിരിച്ചറിഞ്ഞ സി. പി. എം. തെറ്റു് ഏറ്റുപറയുകയും ചെയ്തു. പിന്നെ മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തുന്ന എന്തിനെയും കടന്നാക്രമിക്കുന്ന പ്രസംഗങ്ങളുടെ വരവായി. വിമർശനം കൊണ്ടു് സി. പി. എം. നിർത്തിപ്പൊരിച്ചതു് ജമാഅത്തെ ഇസ്ലാമിയെയായിരുന്നു ആ കുറ്റം പറച്ചിലിൽ തങ്ങൾ പിറകിലായിപ്പോകരുതു് എന്ന വാശിയോടെ യു. ഡി. എഫും ജമാഅത്തിനെതിരേ കൊണ്ടുപിടിച്ചു. അതൊന്നും മറക്കാൻ നേരം കിട്ടാത്തത്ര വേഗത്തിൽ വന്നെത്തിയ തദ്ദേശസ്വയംഭരസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ (2010) ജമാഅത്തെ ഇസ്ലാമിയും എൻ. ഡി. എഫിന്റെ രാഷ്ട്രീയരൂപമായ എസ്. ഡി. പി. ഐ.-യും ഒറ്റയ്ക്കു് മത്സരിച്ചു. അങ്ങനെ, ഈ കൂട്ടർക്കൊന്നും അവരവരവകാശപ്പെടുന്ന മട്ടിലോ മറ്റുള്ളവർ ഭയപ്പെടുന്ന മട്ടിലോ വോട്ടില്ല എന്നു തെളിഞ്ഞുകിട്ടി. വിവിധ ഗ്രാമപഞ്ചായത്തുകളിലേക്കു് ആയിരത്തിലധികം സ്ഥാനാർത്ഥികളെ നിർത്തിയ ജമാഅത്തെ ഇസ്ലാമിക്ക് പത്തു പേരെപ്പോലും ജയിപ്പിക്കാൻ സാധിച്ചില്ല. അവരുടെ പ്രധാനപ്പെട്ട പ്രവർത്തനമേഖലയായ കോഴിക്കോട് ജില്ലയിൽ ജയിച്ചതു് രണ്ടു ഗ്രാമപഞ്ചായത്തു് സ്ഥാനാർത്ഥികൾ മാത്രമാണു്—ഒരാൾ മുക്കം പഞ്ചായത്തിലും മറ്റേയാൾ വേളം പഞ്ചായത്തിലും!
കഴിഞ്ഞ ലോക്സഭാ–പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ നിന്നു് ഇരുമുന്നണികൾക്കും കാര്യമായ രണ്ടു പാഠം പഠിക്കാനുണ്ടായിരുന്നു:
- മതരാഷ്ട്രവാദികളുമായും മതഭീകരവാദികളുമായും കൂട്ടുകൂടുന്നതു് നഷ്ടക്കച്ചവടമാണു്. അതുവഴി കേരളരാഷ്ട്രീയത്തിലെ നിർണ്ണായകശക്തിയായ നിഷ്പക്ഷ സമ്മതിദായകരുടെ പിന്തുണ നഷ്ടപ്പെടും.
- മതവർഗ്ഗീയവാദികൾക്കു് കേരളത്തിൽ കാര്യമായ വോട്ടുബാങ്കില്ല.
എന്നിട്ടിപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ കാര്യത്തിൽ എന്തുപറ്റി? ജനകീയപ്രശ്നങ്ങൾ ചർച്ചചെയ്യേണ്ട വിലപിടിച്ച സമയവും ഊർജ്ജവും ഒരു മതരാഷ്ട്രവാദസംഘടനയ്ക്കുവേണ്ടി ചെലവഴിക്കുന്നതു് ജനവിരുദ്ധമല്ലയോ?
വിചാരംകൊണ്ടും വിവേകംകൊണ്ടും വിശകലനം ചെയ്യേണ്ട രാഷ്ട്രീയപ്രശ്നങ്ങൾ മതവികാരത്തിന്റെ പുകമറയിൽ മൂടിവെക്കാൻ ശ്രമിക്കുന്ന ജനാധിപത്യവിരുദ്ധമായ നിലപാടാണു് ഇക്കാര്യത്തിൽ ഇരുമുന്നണികളും എടുത്തുകാണുന്നതു്. ഇതു് ആളുകളുടെ കണ്ണിൽ പെടാതെ നോക്കുന്നതിനു് പാർട്ടികൾ പലതരം സൂത്രങ്ങൾ പ്രയോഗിച്ചുവരുന്നുണ്ടു്. ഒരേ പാർട്ടിയിലെ വിവിധനേതാക്കൾ ഇക്കാര്യത്തെപ്പറ്റി വ്യത്യസ്തമോ വിരുദ്ധമോ ആയി സംസാരിക്കുന്ന സമ്പ്രദായമാണൊന്നു്. വിവിധ സന്ദർഭങ്ങളിൽ ഒരേ നേതാവു് തന്നെ ഇക്കാര്യത്തെപ്പറ്റി വ്യത്യസ്തമായി സംസാരിക്കുന്ന മറ്റൊരു തന്ത്രവും നടപ്പുണ്ടു്. പരസ്പരവിരുദ്ധമായ മതവർഗ്ഗീയതകളെ ഒരേസമയം സുഖിപ്പിക്കുന്ന വേറൊരു കലാപരിപാടിയും കണ്ടിട്ടുണ്ടു്.
ഇതിനു സമാധാനമായി ഇരുമുന്നണിയിലെയും വിവിധ രാഷ്ട്രീയപ്പാർട്ടികൾ പറയുന്ന കാര്യം:
വർഗ്ഗീയവാദികളുടെ വോട്ട് വേണ്ട എന്നു് ജനാധിപത്യത്തിൽ പറയാൻ കഴിയില്ല. ആരുടെ വോട്ടും വോട്ടാണു്. അതിനുവേണ്ടിയാണു് മത്സരിക്കുന്നതു്. തരാം എന്നു് ഇങ്ങോട്ടു പറയുന്ന വോട്ട് വേണ്ട എന്നു് അങ്ങോട്ടുപറയുന്നതു് തെരഞ്ഞെടുപ്പിനെ നിന്ദിക്കലാണു്.
മറുപടി: മനസ്സിരുത്തി, വകതിരിച്ചു മനസ്സിലാക്കണം. തീവ്രവാദിയുടെ വോട്ട് എന്നു പറയുന്നതും തീവ്രവാദത്തിന്റെ വോട്ട് എന്നു പറയുന്നതും ഒന്നല്ല; രണ്ടും രണ്ടാണു് തീവ്രവാദിയുടെ വോട്ട് എന്നതു് വ്യക്തിയുടെ തീർപ്പാണു്. തീവ്രവാദത്തിന്റെ വോട്ട് എന്നതു് സംഘടനയുടെ നിലപാടാണു്. സംഘടനകൾ വെറുതേ നിലപാടു് എടുക്കുകയില്ല. അവർ തെരഞ്ഞെടുപ്പിൽ വോട്ടുകൊണ്ടു് ഉപകാരം ചെയ്യുന്നതു് ഏതെങ്കിലും തരത്തിലുള്ള ലാഭത്തിനു വേണ്ടിയാണു്; പ്രത്യുപകാരം കിട്ടും എന്ന ഉറപ്പിലാണു്.
ഉദാഹരണം കാണിച്ചാൽ മേൽപ്പറഞ്ഞതു് വ്യക്തമാവും. പ്രമുഖ പാർട്ടികളുടെ കൂട്ടുകാർ എന്ന നിലയിൽ വർഗ്ഗീയവാദികൾക്കു് രാഷ്ട്രീയത്തിലും സമൂഹത്തിലും ലഭിക്കുന്ന സ്വീകാര്യതയും ശ്രദ്ധയും ആണു് ഈ വോട്ടിന്റെ പ്രധാനപ്പെട്ട പ്രതിഫലം. പല ക്രിമിനൽക്കേസുകളിലും അവർക്കു് സഹായം കിട്ടും. സർക്കാർ സ്ഥാപനങ്ങളിലും സമിതികളിലും അംഗത്വം കിട്ടുന്നതിലൂടെ ഈ സംഘടനകൾ സമൂഹത്തിൽ സ്വാധീനവും മാന്യതയും ഉറപ്പാക്കും. അങ്ങനെ എന്തെല്ലാം, എന്തെല്ലാം! ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരായി പ്രവർത്തിക്കുവാൻ യുവാക്കളെ അണിനിരത്തുകയാണു് ആ തീവ്രവാദസംഘങ്ങൾക്കു വേണ്ടതു്. അതിനു് ഒത്താശ ചെയ്യാൻ ആവശ്യമായ പലതും ഈ വോട്ടിന്റെ പ്രതിഫലമായി അവർക്കു് കിട്ടും.
അതു് കൊടുക്കുന്നതു് ഏതെങ്കിലും പാർട്ടിയുടെയോ മുന്നണിയുടെയോ ചെലവിലല്ല; ഈ നാടിന്റെ ചെലവിലാണു്; നാട്ടുകാരുടെ ചെലവിലാണു്. നാട്ടുകാർ വിശ്വസിച്ചേൽപ്പിച്ച അധികാരത്തിന്റെ ദുർവിനിയോഗമാണതു്. അപ്പോൾ ജനാധിപത്യം ജനാധിപത്യത്തിനെതിരായി ഉപയോഗിക്കപ്പെടുകയാണു്.
വർഗ്ഗീയവാദസംഘങ്ങളെയും തീവ്രവാദസംഘടനകളെയും ജനാധിപത്യവിരുദ്ധർ എന്ന നിലയിൽ വിമർശിക്കുവാനും ഒറ്റപ്പെടുത്തുവാനും ഉള്ള ഉത്തരവാദിത്തം മതേതരത്വത്തിലും പൗരാവകാശത്തിലും വിശ്വസിക്കുന്ന ഓരോ പാർട്ടിക്കുമുണ്ടു്. നിർഭാഗ്യവശാൽ അവർ ചെയ്യുന്നതു് പരസ്പരവിരുദ്ധമായ വർഗ്ഗീയവാദങ്ങളെ മാറിമാറി പ്രീണിപ്പിച്ചു് വോട്ടുനേടുകയാണു്; അല്ലെങ്കിൽ പരസ്പരം പൊരുതുന്ന അത്തരം വൈകാരികതകളെ ഒരേസമയം പ്രീണിപ്പിച്ചു് വോട്ടുനേടുകയാണു്. അതിന്റെ പല ഉദാഹരണങ്ങളിൽ പ്രധാനപ്പെട്ടതാണു് ‘ഞങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെയും ആർ. എസ്. എസ്സിന്റെയും വോട്ടു സ്വീകരിക്കും’ എന്ന സി. പി. ഐ. നേതാവു് സി. കെ. ചന്ദ്രപ്പൻ പുറപ്പെടുവിച്ച പ്രസ്താവന.
ഇപ്പോഴത്തെ, ജമാഅത്തിന്റെ പിന്തുണവിഭജനം മേനി നടിക്കാനും താത്പര്യം സംരക്ഷിക്കാനും സൗകര്യം നല്കുന്നതാണു്—ആരുടെ ഭരണം വന്നാലും ‘അതു് ഞമ്മളാണു്’ എന്നു് പറയാം; ആ ഭരണക്കാരോടു് പ്രത്യുപകാരം ചോദിക്കാം.
ജനാധിപത്യവിശ്വാസികൾ ഓർത്തിരിക്കണം: ഏതു മുന്നണിയാകട്ടെ, ഏതു കക്ഷിയാകട്ടെ, ഏതു സ്ഥാനാർത്ഥിയാവട്ടെ, അവർ ഏതു തീവ്രവാദപ്രസ്ഥാനത്തിന്റെ വോട്ടു വാങ്ങിയാലും നമ്മൾ, ജനങ്ങൾ സമൂഹത്തിന്റെ സമാധാനം അതിനു് വിലയായി കൊടുക്കേണ്ടിവരും.
(മലയാളമനോരമ ദിനപത്രം: 11 ഏപ്രിൽ 2011)
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.