കഥയിലെ സിനിമാടാക്കീസിനു് തെക്കു-കിഴക്കു ഭാഗത്തു് ഒരു വലിയ ആല്‍മരവും ഉണ്ടായിരുന്നു. ആ ആല്‍മരം കൊണ്ടുതന്നെ തന്റെ സിനിമാടാക്കീസ് വിശുദ്ധമോ പ്രബുദ്ധമോ ആയ ഒരു സ്ഥാപനം കൂടിയാകുന്നുവെന്നു് ജോണ്‍ പറഞ്ഞു. ആല്‍മരം കഥയിലെ മാറുന്ന കാലങ്ങളും കാണിച്ചു; വെയില്‍ പരന്നു, മഴ പെയ്തു എന്നൊക്കെ. പക്ഷികളും ആല്‍മരത്തിലാണു്. എങ്കിലും മരത്തില്‍ കുരങ്ങുകള്‍കൂടി വേണമെന്നു് ജോണ്‍ ആഗ്രഹിച്ചു: സിനിമ നടക്കുമ്പോള്‍ ചിലപ്പോള്‍ അവ സ്ക്രീനിനു് തൊട്ടുതാഴെ പ്രത്യക്ഷപ്പെടും. അവിടെ ഇരുന്നു് സിനിമ കാണും.
വിചിത്രമായിരുന്നു, ആ വിവരണം. ഇതു് ആദ്യം കേൾക്കുമ്പോള്‍ ഞാനും തങ്കവും കുറെ ചിരിച്ചു. സിനിമയിലെ നായിക സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടതും അതുവരെയും ഹാളില്‍ എവിടെയോ ഉണ്ടായിരുന്ന ഒരു കുരങ്ങനുമെത്തി. കുരങ്ങൻ സ്ക്രീനിലെ നായികയെ നോക്കി തൊഴുകൈയോടെ ഇരുന്നു…
‘സാക്ഷാല്‍ ഹനുമാനെ ഓർമ്മവരും, ജോണ്‍ ഞങ്ങളെ നോക്കി പറഞ്ഞു.
അവന്റെ മുഖത്തെ ഭക്തി എന്നെ രസിപ്പിച്ചു. പതുക്കെ അവൻ ഒരു കുരങ്ങനെപ്പോലെയായി, കുരങ്ങനെപ്പോലെത്തന്നെ നടന്നുവന്നു, തങ്കത്തിന്റെ കാല്ക്കല്‍ ഇരുന്നു, ‘ദേവീ, മോതിരം കാണിക്കട്ടെ എന്നു ചോദിച്ചു. തങ്കം പൊട്ടിച്ചിരിച്ചു. അവന്റെ തലമുടി വാത്സല്യത്തോടെ തലോടി.
‘ജോണ്‍ ബാക്കി പറയു, കേൾക്കട്ടെ.’
ഞാൻ തങ്കത്തിനെ ശ്രദ്ധിച്ചു. അവള്‍ ആ നിമിഷം മുതല്‍, അല്ലെങ്കില്‍ അതിനും മുന്‍പു്, അവന്റെ കഥയിലെ നായികയായിരുന്നു. ജോണ്‍ പറഞ്ഞു; ‘ഒന്നും നടന്നില്ല. അത്ര മാത്രം.’
‘എന്തേ?’ തങ്കം ചോദിച്ചു.
‘ആ സമയത്തുതന്നെ ടാക്കീസിന്റെ ഉടമസ്ഥൻ വന്നു് ഒരു ചൂരലെടുത്തു് കുരങ്ങനെ ഓടിച്ചു.’
‘അതു വേണ്ടായിരുന്നു, ഞാൻ പറഞ്ഞു: ‘അത്രയും നർമ്മമുണ്ടു് ആ സന്ദര്‍ഭത്തിനു്.’
‘പറ്റില്ല,’ ജോണ്‍ പറഞ്ഞു; ‘കാരണം നമ്മള്‍ ഇതിനൊക്കെ എത്രയോ മുമ്പു് കുരങ്ങന്മാരില്‍നിന്നും മനുഷ്യരായി കഴിഞ്ഞിരുന്നുവല്ലോ…’
ഒരുപക്ഷേ, എല്ലാ കാല്പനികതയോടെയും ഒരു യുക്തിവാദിയായിരുന്നു ജോണ്‍, അവൻ പറഞ്ഞ സിനിമാക്കഥയാകട്ടെ യുക്തിയുടെ അകമഴിഞ്ഞ അനുഗ്രഹം കിട്ടിയ ഭ്രമകല്പനയുമായിരുന്നു. അവന്റെ പ്രശസ്തമായ സിനിമയിലെ കഴുതയെ ഓർത്തുനോക്കൂ; കഴുത മരിച്ചിട്ടും വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടു. കഴുത ജീവിച്ചതും വളര്‍ന്നതും കഥയില്‍ മാത്രവും. കഥയിലായിരുന്നു ജോണ്‍ ജീവിക്കാൻ ഇഷ്ടപ്പെട്ടതു്.
മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചു. രാത്രിയില്‍ ഉറങ്ങാതെയിരുന്നു. ഓർമ്മ പോകുംവരെ മദ്യപിച്ചു. ഉറക്കെ പാട്ടുപാടി. ചിലപ്പോള്‍ പകല്‍ മുഴുവൻ ഉറങ്ങി. കഴുതയുടെ പിന്നാലെ പോയി. മരത്തിനു മുകളില്‍ നായകനെ ഇരുത്തി നിരാലംബനാക്കി. സിനിമയുടെ കഥകള്‍ പറഞ്ഞു. അങ്ങനെയൊക്കെ അവന്റെ ജീവിതത്തെ ജോണ്‍ കഥയാക്കി. എന്തെന്നാല്‍ (ആധുനികതയുടെ പ്രശസ്തമായ പ്രയോഗം തന്നെ) ജീവിതത്തെ ആത്രമേല്‍ ഭയപ്പെട്ടു.
എന്തുകൊണ്ടു്?
ഇതിനു് ഉത്തരങ്ങള്‍ ഞാൻ ആലോചിക്കാറുണ്ടു്. ചിലപ്പോള്‍ അവനോടൊപ്പം. ഒരിക്കല്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്ന ഉത്തരം, ജീവിതത്തെ പരാജയപ്പെടുത്താൻ കലയില്‍ പ്രവർത്തിക്കുന്നു’ എന്നായിരുന്നു. അഥവാ, കല ഭീരുവിന്റെ താവളമാണു്.’
ഇന്ത്യയില്‍ ‘അടിയന്തരാവസ്ഥ’ തുടരുകയാണു്. ഞങ്ങളുടെ നക്സലെറ്റ് സുഹൃത്തുക്കള്‍ പലരും ജയിലിലാണു്. ഞങ്ങള്‍—ജോണ്‍, ഷാജി, സത്യൻ, ജോഷി, ഞാന്‍—കോഴിക്കോട്ടെ എന്റെ വീട്ടുമുറ്റത്തിരിക്കുകയായിരുന്നു. പകലായിരുന്നു. തങ്കവും ഷീലയും പുറത്തുപോയിരുന്നു. ജോണ്‍, ‘തങ്കം വന്നാല്‍ മാത്രമേ ചായ കിട്ടൂ’ എന്നു് ഇടയ്ക്കൊക്കെ തെറ്റാതെ ചോദിക്കുന്നുണ്ടായിരുന്നു. പിന്നെ അങ്ങനെ മടുത്തതുകൊണ്ടാകണം, അപ്പോള്‍ വീട്ടിനു മുന്നിലെ ഇടവഴിയില്‍ക്കൂടി പോയ ഒരു പോത്തിനു പിന്നാലെ പോയി; ‘ഞാനും പോത്തും ചായ കുടിക്കാൻ പോകുന്നു.’
ഞാൻ പറഞ്ഞു സത്യനോടു്; ‘കല ഭീരുക്കളുടെ താവളമാകുമ്പോള്‍ ജീവിതം ഉപ്പിട്ടോ മുളകിട്ടോ അവിടെ സൂക്ഷിക്കാൻ തുടങ്ങും. ജീവിതഗന്ധി എന്നു നമ്മള്‍ പറഞ്ഞ എല്ലാ കലകളും അങ്ങനെ സൂക്ഷിക്കപ്പെട്ടതാണു്.
ആരും ഒന്നും മിണ്ടിയില്ല.
ഞാൻ തുടര്‍ന്നു; അതിനാല്‍ നമ്മള്‍ ഈ കാലം കഴിയുന്നതുവരെയും മിണ്ടാതിരിക്കുന്നു.’
സത്യൻ ചോദിച്ചു; ‘നിനക്കു് പേടിയുണ്ടു്, അല്ലേ?’
ഞാൻ പറഞ്ഞു: ‘ഉണ്ടു്.’
സത്യൻ ചോദിച്ചു; ‘ഇന്ദിരഗാന്ധിയെ?’
ഞാൻ പറഞ്ഞു; ‘എന്നെയും.’
സത്യൻ ചോദിച്ചു; ‘എന്തുകൊണ്ടു്?’
ഞാൻ പറഞ്ഞു; ‘ഭീരുവായതുകൊണ്ടുതന്നെ.’
ആ സമയം ഇടവഴിയില്‍നിന്നും ജോണിന്റെ കരച്ചില്‍ കേട്ടു. അവൻ പടികടന്നു് ഞങ്ങളുടെ അടുത്തേക്കു് ഓടിവന്നു. അവന്റെ വസ്ത്രത്തില്‍ ചോരത്തുള്ളികള്‍ കണ്ടു. നെറ്റി പൊട്ടിയിരുന്നു; കൈമുട്ടുകളും. ഇടത്തെ കാലിലും മുറിവുണ്ടായിരുന്നു. ഞങ്ങളുടെ അരികിലെത്തിയതും ജോണ്‍ വീണു.
അവനെ പോത്തു് കുത്തിയതാണു്. പോത്തു് അവനെ ശരിക്കും ഭയപ്പെടുത്തി.
പിന്നീടുള്ള പല ദിവസങ്ങളിലും ജോണ്‍ തന്റെ ഓരോ യാത തുടങ്ങുമ്പോഴും പടിക്കല്‍, അല്ലെങ്കില്‍ വഴിയില്‍ എവിടെയോ, ആ പോത്തു് നില്ക്കുന്നു എന്നു് ഭയപ്പെട്ടു.
വാസ്തവത്തില്‍ ജോണിനു കിട്ടിയ അനേകം മരണസൂചനകളില്‍ ഈ പോത്തു് പിന്നെയും വന്നു. ‘ആ പോത്തു് കാലന്റെ വാഹനം തന്നെ.’
പക്ഷേ, പോത്തിന്റെ ചെവിയില്‍നിന്നു് ചെള്ളുകള്‍ എടുത്തുകൂട്ടുന്ന നിർമമനായ ഒരു കാക്കയെ ജോണ്‍ അവന്റെ തിരക്കഥയില്‍ എഴുതിവെച്ചിരുന്നു; നീല പടര്‍ന്ന ആകാശത്തിനു താഴെ മനുഷ്യരുടെ വരാനിരുന്ന മരണങ്ങളുടെ ഒരു സൂചനയായിട്ടു്. പിന്നെയും കാക്കകള്‍ അവന്റെ കഥയിലുണ്ടു്. ആകാശത്തേക്കു് ഉയരുന്നതു്, കടലിനു മീതെ പറക്കുന്നതു്, നഗരത്തിലെ വൈദ്യുതിക്കമ്പിയില്‍ തൂങ്ങിമരിച്ചതു്.
അന്നു് മുറിവേറ്റ ശരീരത്തോടെ മരണക്കിണറിന്റെ വക്കിലിരിക്കുന്ന കളിക്കാരനെപ്പോലെ ജോണ്‍ ഞങ്ങളുടെ കൂടെ ഇരുന്നു. ഞങ്ങള്‍ അവനെ ശുശ്രൂഷിച്ചു. ഒരു സമയം അതൊരു കോമാളിക്കാഴ്ചയായി തോന്നി, പിന്നെ പ്രവചിക്കപ്പെട്ട ഒരു മരണവും.
മരിച്ചു കിടക്കുന്ന
ആടിന്റെ കാലടികൾ.
(തുടരും…)