ഷീല, വലിയ കുട്ടിയായി, സ്ത്രീയായി, ഒറ്റയ്ക്കു് ഒരു ഫ്ളാറ്റില്‍ താമസിക്കുന്ന കാലത്തു്, അവള്‍ എന്നെ മറന്നുപോയിരിക്കും എന്ന സമയത്താണു്, അവള്‍ വിളിച്ചതു്; ‘അച്ഛൻ മുംബൈയിലേക്കു് വരുന്നു. കൊച്ചിയില്‍ പോയി ഇന്ത്യൻ എയര്‍ലൈന്‍സിന്റെ ഓഫിസില്‍ പോയി ടിക്കറ്റ് വാങ്ങിച്ചാല്‍ മതി—ജൂണ്‍ 24. മുംബൈ എയര്‍പോര്‍ട്ടില്‍ ഞാൻ അച്ഛനെ കാത്തുനില്ക്കും. എനിക്കു് അച്ഛനെ കാണാൻ തോന്നുന്നില്ലെങ്കിലും അച്ഛനു് എന്നെ കാണാൻ തോന്നുന്നു എന്നു് ഇന്നലെ അമ്മ പറഞ്ഞു.’
എനിക്കു് സങ്കടം വന്നു. അവളുടെ അമ്മ എന്നെ ഓർത്തിരിക്കുന്നു. എന്നെ ഓര്‍ക്കാൻ മകളോടു് പറഞ്ഞിരിക്കുന്നു.
മുംബൈ എയര്‍പോര്‍ട്ടില്‍ ഷീല എന്നെ കാത്തുനിന്നു; ചുവപ്പില്‍ വെള്ളപുള്ളികളുള്ള സല്‍വാര്‍ കമ്മീസില്‍. വാത്സല്യം ഓർത്തുവെച്ച മുഖത്തോടെ എന്നെ കണ്ടതും ഓടിവന്നു് കെട്ടിപ്പിടിച്ചു. എനിക്കു് ഉമ്മ തന്നു. ഞാൻ പെട്ടെന്നു് വിതുമ്മി; വിമാനത്താവളത്തിലെ ആളുകള്‍ ശ്രദ്ധിച്ചുവോ എന്നറിയില്ല. അപ്പോഴാണു് അവൾക്കു പിറകെ നിന്നിരുന്ന പുരുഷൻ എനിക്കു നേരെ കൈ നീട്ടിയതു്.
‘ഹലോ അങ്കിള്‍,’ അയാള്‍ എന്റെ കൈ ബലമായി പിടിച്ചുകുലുക്കി. ഞാൻ അയാളെ നോക്കി പുഞ്ചിരിച്ചു. ‘അച്ഛാ,’ ഷീല പറഞ്ഞു; ഇതു ജോണ്‍, എന്റെ സുഹൃത്തു്.’ ഞാൻ അയാളോടു് ‘ഹലോ’ പറഞ്ഞു.
ഷീല പെട്ടെന്നു് എന്റെ കൂടെനിന്നു് എന്നെ ചേർത്തുപിടിച്ചു് അയാളോടു് ചോദിച്ചു; ‘ജോണ്‍ പറയൂ, ഞങ്ങൾക്കു് ഒരേ ഛായയല്ലേ?’
അല്ലാതിരുന്നിട്ടും അയാള്‍ ‘അതെ’ എന്നു പറഞ്ഞതും ഞാൻ അയാളെ അവിശ്വസിക്കാൻ തുടങ്ങി.
‘തീര്‍ച്ചയായും നല്ല ഛായ അച്ഛനും മകളും’—ജോണ്‍ പറഞ്ഞു. അയാള്‍ മൊബൈല്‍ ഫോണില്‍ ഞങ്ങളുടെ ഫോട്ടോ എടുത്തു. എന്റെ വാര്‍ദ്ധക്യത്തെ ഞാൻ നേരിട്ടു. എന്റെ യുവത്വം മധ്യവയസ്സിലേക്കു് നടന്നതും പിന്നെ വാര്‍ദ്ധക്യത്തിലേക്കു് ഓടിയെത്തുകയായിരുന്നുവെന്നും തോന്നി. ഷീലയുടെ സുഹൃത്തു്, ജോണ്‍, എടുത്ത ഫോട്ടോയില്‍ ഷീല കുഞ്ഞും ഞാൻ ചെറുപ്പക്കാരനുമായി പതിയുകയായിരുന്നു എന്നും തോന്നി. അല്ലെങ്കില്‍ അങ്ങനെയൊരു ഫോട്ടോ പതിഞ്ഞിട്ടില്ല.
സിനിമാക്കാരനായ ജോണ്‍ മരിക്കുന്നതു് അവന്റെ നാല്പത്തിയൊമ്പതാമത്തെ വയസ്സിലാണു്. അതേ വയസ്സ് അതേ സംഖ്യയില്‍ അവന്റെ എല്ലാ സുഹൃത്തുകൾക്കും വീതം വെച്ചുവെന്നു് ഷാജി പറയും, ‘അന്നുമുതല്‍ നമ്മളുടെ മധ്യവയസ്സ് മാഞ്ഞുപോയി. സ്വപ്നങ്ങള്‍ ഇല്ലാത്തവരായി. കലാപങ്ങള്‍ ഇല്ലാത്തവരുമായി. കാറ്റു് നമ്മളെ കൊണ്ടു പോയില്ല. കടല്‍ നമ്മളെ കൊണ്ടു പോയില്ല. സേതുബന്ധനം കഴിഞ്ഞു വന്ന അണ്ണാറക്കണ്ണന്മാരെപ്പോലെ കൈവെള്ളയില്‍ പതിഞ്ഞ മണല്‍ത്തരികളുടെ ഓർമ്മ നമ്മള്‍ വെയിലില്‍ വന്നിരുന്നു കണ്ടു.’ വാസ്തവത്തില്‍ ജോണ്‍ മരിച്ചനാളുകളില്‍ ഞാൻ ഓർത്തതു് ജോണിന്റെ സിനിമാക്കഥയിലെ അഭിനേത്രിയെയായിരുന്നു. ഒരുപക്ഷേ, ആഗ്രഹങ്ങളുടെ മനസ്സുമായി പാഞ്ഞു നടന്ന മന്ത്രവാദിയേക്കാൾ.
വല്ലാത്തൊരു സ്ത്രീയായിരുന്നു അവൾ. അല്ലെങ്കില്‍ ജീവിച്ചുകൊണ്ടിരുന്ന കഥയില്‍ നിന്നും ജീവിതത്തില്‍നിന്നും തന്നെ, അവൾക്കു് അറിയാത്ത ഒരാളുടെ കൂടെ അവള്‍ എന്തുകൊണ്ടിറങ്ങിപ്പോന്നു, അതും സുന്ദരനായ, അക്കാലത്തെ പ്രശസ്തനായ, നായകനെ, ഉപേക്ഷിച്ചു്—അങ്ങനെ ഞങ്ങള്‍ ആഘോഷിച്ചിരുന്ന ആധുനികതയുടെ തലച്ചോറില്‍’ അവള്‍ ഒരു മുദ്രാവാക്യമെഴുതി; ‘കല ജീവിതത്തിലേക്കു് ഒളിച്ചു കടക്കാനുള്ള ആരുമറിയാത്ത ഇടവഴിയാകുന്നു.’ അങ്ങനെ തിരശ്ശീലയിലെ ആദ്യമധ്യാന്തമുള്ള കഥ അസ്ഥിരപ്പെടുത്തി. മന്ത്രവാദിയുടെ വീട്ടിലെത്തുമ്പോള്‍ അയാളുടെ ഭാര്യ അവളുടെ അഴകിനെ ഭയത്തോടെ കണ്ട നിമിഷം, ഇങ്ങനെയാണു് നേരിടുക:
മന്ത്രവാദിയുടെ ഭാര്യ; ഈ കൂത്തിച്ചിക്കു് ഇവിടെ എന്തു കാര്യം?
നടി: ഞാൻ എനിക്കിഷ്ടമുള്ള ഒരാളുടെ കൂടെ ജീവിക്കാൻ പോകുന്നു.
മന്ത്രവാദിയുടെ ഭാര്യ നടിയെ നോക്കുന്നു, ശ്രദ്ധിച്ചു്. കറുത്ത മുടിയുടെ ഓരോ ഇഴയിലും അവളുടെ സ്വപ്നവും തേച്ചുപിടിപ്പിച്ചിരിക്കുന്നു എന്നു കണ്ടു. വെള്ളിത്തിരയില്‍ കാണുന്നതുപോലെ അവളുടെ മുലകളുടെ കൂര്‍പ്പ് ഉയരുന്നതും താഴുന്നതും ജീവനോടെ കണ്ടു.
മന്ത്രവാദിയുടെ ഭാര്യ നീ കൂത്തിച്ചി തന്നെ.
മന്ത്രവാദി: നിനക്കു് എന്തെങ്കിലും പ്രശ്നമുണ്ടോ ഇവള്‍ ഇവിടെ ഈ വീട്ടില്‍ താമസിക്കുന്നതിനു്?
ഭാര്യ അയാളെ നിരാശയോടും അതിനേക്കാള്‍ തന്റെ നിര്‍ഭാഗ്യത്തോടും നോക്കി. അവൾക്കു് തന്റെ പൊക്കിളിനു ചുറ്റും ഒരു എരിച്ചില്‍ വന്നതു പോലെയായി. അവള്‍ വയറ്റില്‍ കൈവെച്ചുകൊണ്ടു് മന്ത്രവാദിയോടു് പറഞ്ഞു;
‘ഇല്ല.’
തന്റെ സിനിമാക്കഥ, ഒരുപക്ഷേ, സ്ത്രീകളെപ്പറ്റിയുള്ള കഥ കൂടിയാണെന്നു് ജോണ്‍ വിശ്വസിച്ചിരിക്കണം: ‘ബ്രാ കത്തിച്ചവരുടെ സിനിമ.’
‘ഹൃദയത്തിനു് തീ കൊടുക്കാൻ ശ്രമിച്ചവരുടെ കഥ.’
തങ്കം ജോണിനെ നോക്കി. അല്ലെങ്കില്‍ അവള്‍ മന്ത്രവാദിയുടെ ഭാര്യയെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. ജോണ്‍, ഇങ്ങനെയൊരു കഥ സിനിമയാകുമോ’ എന്നു് ഇടയ്ക്കു് അവള്‍ ചോദിച്ചിരുന്നു.
ഇപ്പോള്‍ അവള്‍ ജോണിനോടു് കഥയെപ്പറ്റിയല്ല ചോദിച്ചതു്. തങ്കം ചോദിച്ചു; ‘ഈ സമയം കാമറ അവളുടെ മുഖത്തു തന്നെയാകും, അല്ലേ?’
‘അതെ.’
‘മുഖത്തു മാത്രം?’
അല്ല’
‘പിന്നെ?’
‘കഴുത്തു്.’
‘പിന്നെ?’
‘മാറില്‍.’
‘മാറില്‍… ഉം… പിന്നെ?’
ഞാൻ തങ്കത്തിനെ നോക്കുകയായിരുന്നു. അവള്‍, പക്ഷേ, ജോണിനെ മാതം നോക്കി. ജോണാകട്ടെ തന്റെ കഥ വേറെയും സന്ദര്‍ഭങ്ങളിലേക്കു് ഓളം വെക്കാൻ കാത്തിരിക്കും.
‘കഴിഞ്ഞോ?’ തങ്കം ചോദിച്ചു.
പെട്ടെന്നു് ജോണ്‍ തങ്കത്തിനെ നോക്കി ക്ഷുഭിതനായി. അവൻ പറഞ്ഞു; ‘ഇല്ല, കഴിഞ്ഞില്ല. അവളുടെ പൊക്കിൾ. പൊക്കിളിനു് താഴെ, തുടകള്‍…’
തങ്കം ‘ശ്ശ് ശ്ശ്’ എന്നു് ജോണിനെ നിശ്ശബ്ദനാക്കി; ‘ഒച്ച താഴ്ത്തി സംസാരിക്കു്. ഇതു് ഒരു വീടാണു്. സിനിമാകൊട്ടകയല്ല…’
ഞാൻ തങ്കത്തിന്റെ അരികിലേക്കു് ചെന്നു. ‘നിനക്കെന്തുപറ്റി’ എന്നു് അവളെ ചേർത്തു പിടിക്കാൻ ശ്രമിച്ചു… തങ്കം അതേ ക്ഷോഭത്തോടെ അതേ നിശ്ശബ്ദതയോടെ എന്നെ നോക്കി. ‘പറ്റിയതു് എനിക്കല്ല, തന്റെ ചങ്ങാതിക്കാണു്.’
ജോണ്‍ ആ സമയത്തുതന്നെ, ആ രാത്രി തന്നെ പോയി. രാത്രിയാണു് ഞങ്ങള്‍ എപ്പോഴും മുഴുമിപ്പിക്കാതിരുന്നതു്. വാക്കുകളില്‍. വിശ്വാസത്തില്‍. ഓർമ്മയില്‍, തീര്‍ച്ചയായും.
വാസ്തവത്തില്‍, ജോണിന്റെ കഥയിലെ നായിക, അഭിനേത്രി, പത്തൊമ്പതാമത്തെയോ ഇരുപതാമത്തെയോ ദൃശ്യത്തില്‍ മന്ത്രവാദിയുടെ ഭാര്യയുമായി പുഴയിലൂടെ ഒരു തോണിയില്‍ പോകുന്നുണ്ടു്. അഥവാ, അവര്‍ രണ്ടുപേരും കഥയിലെവിടെയോവെച്ചു് സ്നേഹിതകളാകുന്നു. ‘മോഹങ്ങൾക്കു് പിറകെ പോകുമ്പോള്‍ ജീവിതം ആശകള്‍കൊണ്ടു് അന്ധമാവുന്നു’ എന്നോ മറ്റോ, അല്ലെങ്കില്‍ അതേ അർത്ഥമുള്ള ഒരു സംഭാഷണം മന്ത്രവാദിയുടെ തന്നെയുണ്ടു്, മന്ത്രവാദി പുഴയുടെ കരയില്‍ വന്നുനിന്നു് അഭിനേത്രിയെയും ഭാര്യയെയും നോക്കുമ്പോൾ.
പുഴ. ദൂരെ തോണി. പുഴയില്‍നിന്നു് വെയില്‍ പിന്‍വാങ്ങാൻ തുടങ്ങുന്നു. തോണിയില്‍ ഇരിക്കുന്ന അഭിനേത്രിയും മന്ത്രവാദിയുടെ ഭാര്യയും. അവര്‍ സ്നേഹിതരായിരിക്കുന്നു. പശ്ചാത്തലശബ്ദത്തില്‍ അവരുടെ ചിരിയും സംഭാഷണവും.
ക്ഷോഭവും നിരാശയുമായി, ദിവ്യങ്ങളായ ഒന്നും ഇനി തനിക്കറിയില്ല എന്നു്, മന്ത്രവാദി കുറച്ചു നേരംകൂടി പുഴക്കരയില്‍ നിന്നു. അയാളുടെ മുഖത്തു് അസ്തമയസൂര്യന്റെ വെളിച്ചം വീണു. പിന്നെ ഒരു പക്ഷി കൂടിലേക്കു് പറന്നതു് കണ്ടു. വേറെയും പക്ഷികൾ. മേഘങ്ങള്‍ കാണാതായി. പുഴ ഇരുട്ടിലേക്കു് വീണു…
പതുക്കെ കാല്‍ച്ചിലങ്കകളുടെ ഒച്ച കേട്ടു. നൃത്തം ചവിട്ടുന്ന രണ്ടു കാല്‍പ്പാദങ്ങള്‍ കണ്ടു. ഒരു മുഖം കണ്ടു, മന്ത്രവാദിയുടെ ഭാര്യയുടെ. പിന്നെ അവളെ നൃത്തം പഠിപ്പിക്കുന്ന മന്ത്രവാദിയുടെ. ഇപ്പോള്‍ അതേ ദൃശ്യം വെള്ളിത്തിരയില്‍ പൂർണ്ണകായത്തില്‍ കാണാം. ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും അതേ ദൃശ്യം, അതേ ശബ്ദപശ്ചാത്തലത്തില്‍ പതുക്കെ മാഞ്ഞു; പ്രഭാതം. വളരെ ദൂരെ പുഴയുടെ കരയില്‍ ഒരു വീടു് കണ്ടു…
ഷീലയുടെ ഫ്ളാറ്റിലെത്തുമ്പോള്‍ ഞാനാദ്യം ശ്രദ്ധിച്ചതു് അവളുടെ ഷോക്കേസിലെ ഞങ്ങളുടെ കുടുംബചിത്രമായിരുന്നു. തങ്കം, ഷീല, ഞാന്‍. അതു് ഫ്രെയിം ചെയ്ത വിധമാണു് എന്നെ ആകര്‍ഷിച്ചതു്. മെലിഞ്ഞതും വഴിതെറ്റിയതുമായ ഒരു കൈപ്പടയുടെ പശ്ചാത്തലത്തിലാണു് ഫോട്ടോ ഒട്ടിച്ചിരുന്നതു്. മലയാളത്തിലെഴുതിയതു്. എന്താണു് അതെന്നു് പക്ഷേ, എനിക്കു മനസ്സിലായില്ല. പക്ഷേ, കൈപ്പട ജോണിന്റേതായിരുന്നു. ഞാൻ കൈ നീട്ടി തങ്കത്തിന്റെ മുഖം തൊട്ടു.
‘അച്ഛനു മനസ്സിലായോ ഇതു് ആരുടെ കൈപ്പടയാണെന്നു്?’
‘തീര്‍ച്ചയായും.’
‘എന്താണെഴുതിയിരിക്കുന്നതെന്നോ?’
‘ഇല്ല.’
‘ബൈസിക്കിള്‍ തീഫ്.’
‘ഓ…’
വാസ്തവത്തില്‍ ആ കഥയിലെ പല സന്ദര്‍ഭങ്ങളും ഞാൻ മറന്നുപോയിരുന്നു. അതിനാല്‍ ആ അക്ഷരങ്ങളില്‍ മാത്രം വാക്കുകളിലേക്കു് പോകാനാകാതെ ഞാൻ നിന്നു. ഞാൻ പറഞ്ഞു; ‘ഓർമ്മയില്ല.’
ഷീല എന്നെ അവൾക്കു് അഭിമുഖമായി നിറുത്തി. അവള്‍ യുവതിയാണിപ്പോൾ. എന്നാല്‍, ഒരു നിമിഷം അവളുടെ തലമുടിയുടെ ഇടയിലെവിടെയോ ഒരു നരച്ച മുടിയിഴ കണ്ടതായി തോന്നി. ഞാൻ അവളുടെ നെറുകില്‍ സ്നേഹത്തോടെ ഉമ്മവെച്ചു. പെട്ടെന്നു് എനിക്കു് കരച്ചില്‍ വന്നതുപോലെയായി. ഷീല എന്റെ കണ്ണുകളിലേക്കു് ഉറ്റുനോക്കി. അവളുടെ കണ്ണുകളിലും കഥകളുടെ നനവുണ്ടു്. ഷീല ചോദിച്ചു:
‘അച്ഛനായിരുന്നു ബൈസിക്കിള്‍ തീഫ്, അല്ലേ?’
ആ സമയം തന്നെ എന്റെ കണ്ണിമകള്‍ ‘അറിയില്ല’ എന്നു കൂമ്പുകയും ചെയ്തു.