ഒരു ഉച്ചയ്ക്കു് കോട്ടയം റെയില്‍വേസ്റ്റേഷനില്‍ ഒരു മതിലിനോടു ചേര്‍ന്നു് കാലുകള്‍ നീട്ടിയിരിക്കുന്ന ജോണിനെ ഞങ്ങള്‍, ഞാനും സത്യനും ഷാജിയും, കണ്ടുപിടിക്കുമ്പോള്‍ മുപ്പത്തിമൂന്നു ദിവസങ്ങള്‍ കഴിഞ്ഞിരുന്നു. മുപ്പത്തിമൂന്നു ദിവസവും അവൻ ആകാശം നോക്കാതെയും കഴിഞ്ഞിരിക്കണം, കണ്ണുകള്‍ പാതി അടഞ്ഞുതന്നെ കിടന്നു.
അവൻ നാടകീയമായ തിരോധാനത്തെ ആദ്യം വാഴ്ത്തി; ‘എല്ലാ തെണ്ടികളെയും ഉപേക്ഷിച്ചു്, അല്ലെങ്കില്‍ എല്ലാ തെണ്ടികളെയും സമ്പന്നരും സൽസ്വവഭാവികളുമാക്കി തെണ്ടിയുടെ രാജാവു് മണ്‍മറഞ്ഞു.’
‘അങ്ങനെയല്ലേ പറയുക?’ ജോണ്‍ ഞങ്ങളോടു് ചോദിച്ചു; ‘രാജാക്കന്മാരുടെ മരണത്തെപ്പറ്റി.’
ഷാജി പറഞ്ഞു; ‘ജോണിനു് തെറ്റി, തീപ്പെട്ടു എന്നാണു് പറയുക.’
ജോണ്‍ തീപ്പെട്ടി ചോദിച്ചു.
ആ പകല്‍ പക്ഷികളുടെ കൂടെ കഴിയണമെന്നു പറഞ്ഞു് അവനോടൊപ്പം ഞങ്ങള്‍ കുമരകത്തു പോയി. വൃദ്ധയായ യാചകിക്കു കൊടുത്ത വാക്കു് തെറ്റിക്കാൻ തീരുമാനിച്ചു എന്നു പറഞ്ഞു. ആകാശം ശുന്യമായതുകൊണ്ടും ദൈവം ഇല്ലാത്തതുകൊണ്ടും ശപഥം പാലിക്കേണ്ടതില്ല എന്നു പറഞ്ഞു. കായലില്‍ വെയില്‍ വീഴുന്നതു്, ഒരു തോണി ആരുമില്ലാതെ നീങ്ങുന്നതു്, ഒരു വലിയ മരത്തില്‍ ഏകാകിയായി കഴിയുന്ന ഒരു പക്ഷിയുണ്ടെന്നു് കണ്ടെത്തുന്നതു്, ഒക്കെ അവൻ തന്റെ സിനിമയിലേക്കെന്നപോലെ പകർത്തി; സിനിമ മനുഷ്യരുടെ കലയാണെങ്കിലും അതില്‍ മറ്റു ജീവജാലങ്ങളും വന്നുപെടുന്നതു് അവയുടെ കാരണങ്ങള്‍കൂടി തന്നുകൊണ്ടാണെന്നു് എനിക്കു് തോന്നുകയായിരുന്നു. കായലിലൂടെ ഞങ്ങളുടെ അരികിലേക്കു് പതുക്കെ ഒഴുകിവന്ന ആരുമില്ലാത്ത തോണി ജോണ്‍ പിടിച്ചടക്കുമ്പോള്‍, നീണ്ട ഒരു കൂവലോടെ അതില്‍ കയറി കായലിനു നടുവിലേക്കു് അതിവേഗം തുഴഞ്ഞു നീങ്ങുമ്പോള്‍, പെട്ടെന്നു് മരങ്ങളില്‍ ഉണ്ടായിരുന്ന പക്ഷികളെല്ലാം അപകടസൂചനപോലെ ഉറക്കെ ചിലയ്ക്കാൻ തുടങ്ങിയതു് എന്നെ സ്തബ്ധനാക്കി.
ജോണ്‍ മരിക്കാൻ തീരുമാനിച്ചതുപോലെ തോന്നി. അവൻ കായലില്‍ മുങ്ങിമരിക്കും. ഞാൻ സത്യനെയും ഷാജിയെയും നോക്കി. അവരും പക്ഷികളുടെ കൂട്ടനിലവിളിയില്‍ സ്തബ്ധരായിത്തന്നെ നില്ക്കുകയായിരുന്നു. ഞാൻ പറഞ്ഞു: ‘സത്യാ, ജോണ്‍ മരിക്കാൻ പോവുകയാണു്.’ ജോണ്‍ കായലിന്റെ നടുവില്‍നിന്നു് ഞങ്ങളെ നോക്കി കൈവീശി… ഷാജി കായലിലേക്കു് ചാടി അവനു നേരെ നീന്താൻ തുടങ്ങി. പിന്നെ അതേ വഴിയില്‍ തുഴഞ്ഞുനിന്നു; ‘എന്റെ കാലുകളും കൈകളും തളരുന്നു.’ എനിക്കു് പേടി വര്‍ദ്ധിച്ചു. പക്ഷികള്‍ ഇപ്പോള്‍ നിശ്ശബ്ദരായിരിക്കുന്നു. ആകാശം നീലനിറത്തിലായിരിക്കുന്നു… ഇപ്പോള്‍ സത്യൻ വെള്ളത്തില്‍ മുങ്ങിമരിക്കാൻ പോകുന്ന ഷാജിക്കു നേരെ നീന്താൻ തുടങ്ങിയിരുന്നു… ഇനി എന്റെ ഊഴമാണു്… ഞാൻ അരയോളം വെള്ളത്തില്‍ മരണഭയത്തോടെ നിന്നു… ആ സമയം ഞങ്ങളെയൊക്കെ അത്ഭുതപ്പെടുത്തിക്കൊണ്ടു് ഒരാള്‍ കായലില്‍ വേറൊരിടത്തു് പ്രത്യക്ഷപ്പെട്ടു. അഥവാ, അയാള്‍ അത്രയും സമയം വെള്ളത്തിനടിയിലോ ആകാശത്തോ വെയിലിലോ ഉണ്ടായിരുന്നു.
ആദ്യം അയാള്‍ ജോണിനു നേരെ തുഴഞ്ഞുചെന്നു. തോണിയോടൊപ്പം വെള്ളത്തിലേക്കു് മുങ്ങിപ്പോയ അവൻ ഇപ്പോള്‍ കായലില്‍ അവന്റെ മരണത്തോടൊപ്പമായിരുന്നു. അവനെ അയാള്‍ തോണിയിലേക്കു് എടുത്തിട്ടു ഷാജിയുടെ അരികിലേക്കു് തോണിയുമായെത്തി. അവനെയും രക്ഷിച്ച അയാള്‍ സത്യനു നേരെ കൈ നീട്ടി അവനെയും തോണിയിലിരുത്തി കരയിലേക്കു് തുഴഞ്ഞു. ഓരോരുത്തരെയും കരയിലിറക്കി അയാള്‍ ഞങ്ങളെ കൌതുകത്തോടെ നോക്കി അതേ തോണിയില്‍ കായലിലേക്കുതന്നെ മടങ്ങി… മടക്കത്തില്‍ കായലിലൊരിടത്തു് തോണി ഉപേക്ഷിച്ചു് അയാള്‍ വെള്ളത്തില്‍ അപ്രത്യക്ഷനായി… ഒരുപക്ഷേ, കടലില്‍ പൊന്താൻ എന്നോണം. ഒരു കഥയിലോ സിനിമയിലോ എന്നപോലെ ഈ സംഭവം പിന്നീടു് പലപ്പോഴും ഞാൻ ഓർത്തു, വർണ്ണിച്ചു. എന്റെ അത്രയും ജീവിതത്തില്‍ ഞാൻ കണ്ട ഏകാന്തവും ധീരവുമായ രക്ഷാപ്രവർത്തനമായിരുന്നു അതു്. ഇപ്പോഴും അങ്ങനെ വിശ്വസിച്ചു.
ഞങ്ങള്‍ കായല്‍ക്കരയില്‍, ഇപ്പോള്‍, പതുക്കെ വീണ്ടും ചിലയ്ക്കാൻ തുടങ്ങിയ പക്ഷികളുടെ ഒച്ച കേട്ടു് നിശ്ശബ്ദരായി ഇരുന്നു. അവയുടെ ശബ്ദത്തിലെ സ്വരവ്യത്യാസം കേട്ടു. കുറേക്കഴിഞ്ഞു് ജോണ്‍ ഒരു പ്രാർത്ഥനപോലെ പറഞ്ഞു; ‘സങ്കടങ്ങളുടെ കായലില്‍നിന്നു് നീ എന്തിനെന്നെ രക്ഷപ്പെടുത്തി എന്നു് ഞാൻ ചോദിക്കുന്നില്ല. നീ ഞങ്ങൾക്കുവേണ്ടി കാണിച്ചുതന്ന രക്ഷാപ്രവർത്തനം ഞാനും എന്റെ ഈ ചങ്ങാതികളും ഈ മരക്കൊമ്പുകളിലെ പക്ഷികളും അല്ലാതെ എത്രപേര്‍ ഇതിനകം കണ്ടിട്ടുണ്ടാകും എന്നും ഞാൻ ചോദിക്കുന്നില്ല. പകരം ഒന്നു മാത്രം ചോദിക്കുന്നു; എന്റെ പതിമൂന്നാമത്തെ സിനിമാക്കഥയിലേക്കു് ഇത്രയും കാഴ്ച പകർത്താൻ നീ അനുവാദം തരണം…’
ജോണ്‍ കണ്ണുകളടച്ചു്, ചെവി കൂര്‍പ്പിച്ചു് പിന്നെയും പലതും പറഞ്ഞു. എനിക്കു് അവന്റെ കഥയിലെ മന്ത്രവാദിയെ ഓർമ്മ വന്നു.
രാത്രി കോട്ടയത്തു് ആര്‍പ്പൂക്കരയിലെ ലോഡ്ജില്‍, നക്സലെറ്റുകള്‍ താമസിച്ചിരുന്ന മുറിയില്‍ ഞങ്ങള്‍ അന്തിയുറങ്ങി. അതിരാവിലെ ആരോടും യാത്ര പറയാതെ ഞാൻ റെയില്‍വേസ്റ്റേഷനിലേക്കു് നടക്കാൻ തുടങ്ങി. വഴിയില്‍ വെച്ചു് രണ്ടു പൊലീസുകാര്‍ എന്നെ പിടിച്ചു. അതിനും ഏതാനും മണിക്കൂറുകൾക്കു മുൻപു് ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഞാൻ, അല്ലെങ്കില്‍ ഞങ്ങളാരും അറിഞ്ഞിരുന്നില്ല. ഒരു ബാത്ത്ടബ്ബില്‍ കിടന്നുകൊണ്ടു് വാതിലിലൂടെ നീണ്ട കൈകളിലേക്കു് ഒരു കടലാസ് നല്കിക്കൊണ്ടു് ഇനി എന്തെങ്കിലും ഒപ്പിടേണ്ടതുണ്ടോ എന്നു ചോദിക്കുന്ന രാഷ്ട്രപതിയെ വരച്ച അബു എബ്രഹാമിന്റെ കാര്‍ട്ടൂണ്‍ പിന്നീടെപ്പോഴോ കാണുകയും ചിരിക്കുകയും ചെയ്തിട്ടുണ്ടു്. എന്നാല്‍, ആ രാവിലെ രണ്ടു പൊലീസുകാരോടൊപ്പം നില്ക്കുമ്പോള്‍ എനിക്കു് ചിരി വന്നു. ഞാൻ നുണ പറയുമെന്നു് എനിക്കു് ഉറപ്പായിരുന്നു. ഞാൻ പറഞ്ഞു; ‘വീട്ടില്‍നിന്നും വരുന്നു. അടുത്തുള്ള ശിവക്ഷേത്രത്തിലേക്കു് പോവുകയാണു്. അവിടത്തെ മാലകെട്ടുന്ന ആളാണു്.’
പൊലീസുകാരിലൊരാള്‍ എന്റെ കൈപിടിച്ചു് കൈപ്പത്തി മലർത്തിനോക്കി; ‘ഒരു ദിവസം എത്ര മാലകള്‍ കെട്ടുമെടാ’ എന്നു് ചോദിച്ചു. ‘ഇന്നു മുതല്‍ അടിയന്തരാവസ്ഥയാണു്’ എന്നു പറഞ്ഞു. ‘അതിനാല്‍ കൈകള്‍ തലയില്‍ കെട്ടി റോഡ് മുറിച്ചുകടന്നു് വേഗം അമ്പലത്തിലെത്താൻ നോക്കു്, തിരിഞ്ഞുനോക്കരുതു്’ എന്നു പറഞ്ഞു.
ഞാൻ കൈകള്‍ തലയില്‍ കെട്ടി റോഡ് മുറിച്ചുകടന്നു, തിരിഞ്ഞുനോക്കാതെ.
ദൈവം നുണകളുടെയും ഉടമയാകുന്നു. വേറൊരു വഴിയിലൂടെ ഞാൻ ജോണും സുഹൃത്തുക്കളും താമസിച്ചിരുന്ന മുറിയില്‍ വീണ്ടുമെത്തി. ജോണ്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൻ എന്നെ കണ്ടതും ഓടി വന്നു. കെട്ടിപ്പിടിച്ചു. ‘നീയും എന്നെ കൈവിട്ടുവോ’ എന്നു ചോദിച്ചു. ജോണ്‍ ഭയന്നിരുന്നു എന്നു തോന്നി.
‘എന്തുപറ്റി ജോണ്‍?’
‘എല്ലാവരും ഒളിച്ചുകഴിഞ്ഞു. ഇന്ദിരാഗാന്ധിയെ പേടിച്ചു്, പൊലീസിനെ പേടിച്ചു്.’
‘നീയോ ജോണ്‍?’
‘ഞാൻ നക്സലെറ്റല്ലല്ലോ.’
‘എന്നെ പൊലീസുകാര്‍ തടഞ്ഞു. ഒരുപക്ഷേ, അവര്‍ ഈ മുറിയിലെത്തും.’
‘നമ്മള്‍ നക്സലെറ്റുകളല്ല, ഞാൻ ഇന്ദിരാഗാന്ധിയുടെ കൂടെയാണു്.’
‘ഈ സമയത്തോ?’
‘ഈ സമയം മുതല്‍.’
ജോണ്‍ മുറി വിട്ടു് വരാന്തയിലെത്തി, റോഡിലേക്കു നോക്കി. എട്ടു മണിയായിക്കാണും, റോഡില്‍ അപ്പോഴും ആരും ഉണ്ടായിരുന്നില്ല. എങ്കിലും ജനസമുദ്രമായ ഒരു സ്ഥലമാണതെന്ന വിധത്തില്‍ ജോണ്‍ അങ്ങനെ വരാന്തയില്‍ നിന്നു് ‘ഇന്ദിരാഗാന്ധി നീണാള്‍ വാഴട്ടെ!’ എന്നു് ഉറക്കെ പറഞ്ഞു: ‘അച്ചടക്കം വളരെ പ്രധാനമാണു്. നാവു് അടക്കണം. സ്വാതന്ത്ര്യം എന്നാല്‍ മിണ്ടാതിരിക്കലാണു്.’
ആരും കേൾക്കാനില്ല. ഞാൻ ജോണിനെ നോക്കി. അവൻ വാസ്തവത്തില്‍ കരയുകയായിരുന്നു. രണ്ടാമതും അവൻ ഇന്ദിരാഗാന്ധിക്കു് ജയ് വിളിക്കാൻ തുടങ്ങിയതും ഞാൻ അവനെ കടന്നുപിടിച്ചു. വായ പൊത്തി. അവൻ നിയന്ത്രണംവിട്ടു് പൊട്ടിക്കരഞ്ഞു…
ജോണ്‍ കരഞ്ഞതു് പുലര്‍ച്ചെതന്നെ അവന്റെ കൂടെ ഉണ്ടായിരുന്ന മൂന്നു പേരെ (രവി, ചന്ദ്രൻ, ഹംസ), നക്സലെറ്റുകളായിരുന്നു അവര്‍ മൂന്നു പേരും, മഫ്തിയില്‍ വന്ന പൊലീസുകാരായിരിക്കണം, രണ്ടു പേര്‍ വന്നു് പിടിച്ചുകൊണ്ടുപോയിരുന്നു.
‘നിന്നെ അവര്‍ കണ്ടില്ലേ?
‘എനിക്കറിയില്ല.’
‘നീ എവിടെയായിരുന്നു?’
‘എനിക്കറിയില്ല.’
ആ മൂന്നു പേരെയും കൊന്നു് കായലില്‍ താഴ്ത്തിയിട്ടുണ്ടാകും എന്നു് ജോണ്‍ പറഞ്ഞു. ഞാൻ ജോണുമായി, മുറി പൂട്ടി, താക്കോല്‍ ലോഡ്ജിന്റെ സൂക്ഷിപ്പുകാരനായ വേലായുധനെ ഏല്പിക്കാനെത്തി. വേലായുധൻ പറഞ്ഞു: ‘ഈ കത്തു് നിങ്ങളെ ആരെയെങ്കിലും കാണിക്കണമെന്നു പറഞ്ഞു് ഹംസ തന്നതാണു്.’ ആ കത്തു് വാങ്ങിക്കരുത് എന്നു് ജോണ്‍ എന്നെ വിലക്കി.
‘അതു് മരണത്തിന്റെ മുന്നറിയിപ്പാണു്.’
വേലായുധൻ കത്തു് എനിക്കു് തന്നു; ‘എങ്കില്‍ നിങ്ങള്‍ വായിക്കൂ.’
ഞാൻ ജോണ്‍ കേൾക്കാന്‍കൂടി കത്തു് ഉറക്കെ വായിച്ചു; ‘അറിയാമല്ലോ, കാര്യങ്ങൾ. ഞങ്ങള്‍ രക്ഷപ്പെടുകയാണു്. നാട്ടിലില്ല, ഇനി. ജോണിനോടു് പറഞ്ഞിട്ടില്ല. വിപ്ലവം ജയിക്കട്ടെ.’
എനിക്കു് അത്ഭുതമായി. ഞാൻ വേലായുധനോടു് ചോദിച്ചു; ‘അപ്പോള്‍ വന്നതു പൊലീസുകാരല്ലേ?’ വേലായുധൻ പറഞ്ഞു: ‘അല്ല, സഖാക്കൾ.’
ജോണ്‍ ആർത്തുചിരിച്ചുകൊണ്ടു് വേലായുധനെ കെട്ടിപ്പിടിച്ചു. ‘എന്തുകൊണ്ടു് എന്നോടിതു പറഞ്ഞില്ല, സഖാക്കളെ കാണാൻ ഞാൻ ഉറങ്ങാതെ ഇരിക്കുമായിരുന്നല്ലോ’ എന്നു പറഞ്ഞു. ‘ജോണ്‍ പോയാല്‍ ആരു സിനിമയെടുക്കും’ എന്നാണു് ഹംസ പറഞ്ഞതു്, ‘അവൻ ഉറങ്ങിക്കോട്ടെ’ എന്നു്.
ജോണ്‍ അവിടെ ഒരു കളം സങ്കല്പിച്ചു് ചുവടുകള്‍ വെച്ചു. പ്രസിദ്ധമാകാവുന്ന ഒരു വരികൂടി വീണ്ടും പറഞ്ഞു: ‘ഒരു സിനിമ തരു, എനിക്കു് ഒളിച്ചിരിക്കാനാണു്…’ എന്നാല്‍, ആ നിമിഷം അവൻ പടച്ചുണ്ടാക്കിയ പാട്ടു് ഇടയ്ക്കൊക്കെയും ഞാൻ ഓര്‍ക്കുമായിരുന്നു. ഇങ്ങനെയാണു് അതു്;
രവിചന്ദ്രന്മാര്‍ മാഞ്ഞു, കിഴക്കേ മാനത്തു് മാഞ്ഞു കിഴക്കേ മാനത്തു്…
ഓ, നാവടക്കൂ നാവടക്കൂ കണ്ടതുപോലും
മിണ്ടാതെ, മിണ്ടാതെ
പണിയെടുക്കൂ പണിയെടുക്കൂ, അവരെ
ഓർത്തു്, അവരെ ഓർത്തു്…’