ആടിനെപ്പറ്റി ഞാൻ പറഞ്ഞു. ഒരിക്കല്‍ ഞങ്ങളുടെ വീട്ടില്‍ ഒരു ആടു് വന്നതിനെപ്പറ്റി.
കൌതുകകരങ്ങളായ ചലനങ്ങളോടെയും എപ്പോഴും അത്ഭുതകരങ്ങളായ കാഴ്ചകളില്‍ എന്നപോലെ തിളങ്ങുന്ന കണ്ണുകളോടെയും, കരിമഷി എഴുതിയതുപോലെയാണു് ആ കണ്ണുകള്‍, തൂവെള്ള നിറത്തിലും ഉള്ള ആടു്. തങ്കത്തിനു് വളരെ ഇഷ്ടമായിരുന്നു അതിനെ. പുറത്തു തൊടിയില്‍ അലയുന്ന ആടിനോടു് അടുക്കളയിലും മുറ്റത്തും നിന്നു് അവള്‍ പലതും വിളിച്ചു ചോദിക്കും. എവിടെയാണു്, ‘എന്താ ഓര്‍ക്കുന്നേ?’, ‘മഴ വരുന്നുണ്ടോ?’ ഇങ്ങനെ. ഒരു മഴക്കാലത്തു്, രാത്രിയില്‍, ആടു് ദീനമായി കരയാൻ തുടങ്ങി. മഴ അതിനു പേടിയായിരുന്നിരിക്കണം. അത്ഭുതകരങ്ങളായ കണ്ണുകൾക്കു മുന്നില്‍ മഴ, രാത്രിയില്‍, അല്ലെങ്കിലും പലതുമാകും മഴയൊഴികെ. തങ്കം വാതില്‍ തുറന്നു് പുറത്തേക്കു് ഓടിച്ചെന്നു. മുറ്റത്തു് അത്രയൊന്നും ഭംഗിയില്ലാത്ത ഒരു കൂട്ടിലായിരുന്നു ആടു് പാർത്തിരുന്നതു്. ഷീല ആ കൂടിനെ ‘ആടിന്റെ വീടു്’ എന്നേ പറയൂ. ചിലപ്പോള്‍ ‘നീ എവിടെയാണു്, മോളേ’ എന്നു് ചോദിക്കുമ്പോള്‍ ‘അച്ഛാ ഞാൻ ആടിന്റെ വീടിന്റെ മുമ്പിലാണു്’ എന്നു് പറയും. ‘അവിടെ എന്തു ചെയ്യുന്നു’ എന്നു് ചോദിച്ചാല്‍ ‘ആടു് ഓര്‍ക്കുന്നതു് എന്താണെന്നു് മനസ്സിലാവാൻ നില്ക്കുന്നു’ എന്നു പറയും. പ്ലാവിലകള്‍ നിറയെയുള്ള ഒരു കമ്പു് കൂട്ടില്‍ കെട്ടിയിട്ടിട്ടുണ്ടാകും. ഷീല ഇലകള്‍ പറിച്ചെടുത്തു് എന്താണു് ആലോചിക്കുന്നതു് എന്നു് പറഞ്ഞാല്‍ മാത്രം തരും എന്നു ഭീഷണിപ്പെടുത്തും. ആടു്, ഒരു ആടും, ആരോടും തന്റെ വിചാരങ്ങള്‍ പങ്കുവെക്കില്ല എങ്കിലും.
ആ രാത്രി തങ്കം ആടിനെ വീട്ടിനുള്ളിലാക്കി കെട്ടിയിടാത്തതുകൊണ്ടു് ആടു് കിടപ്പുമുറിയുടെ വാതില്ക്കല്‍ വന്നു മുട്ടി.
‘തങ്കം, മഴക്കാലം കഴിഞ്ഞാലും താൻ അതിനെ വീടിനുള്ളിലായിരിക്കുമോ വളർത്തുക?’
‘മക്കളെ ആരെങ്കിലും വീടിനു് പുറത്താക്കി വളർത്തുമോ?’
‘ആടു് വീടിനു് പുറത്തു് തൊഴുത്തിലല്ലേ വളരുക?’
‘അതു് ആരെങ്കിലും ആടിനോടു് ചോദിച്ചിട്ടുണ്ടോ?’
അങ്ങനെ ആ സംഭാഷണം രസകരങ്ങളായ സ്ഥലങ്ങളിലെത്തി, പരിമിതമായ വിവരങ്ങളില്‍ മൃഗങ്ങള്‍ മനുഷ്യരുടെയിടയില്‍ എങ്ങനെ കഴിയുന്നുവെന്നു് അത്ഭുതം തന്നും ചിലപ്പോള്‍ സ്വാര്‍ഥികളായ മനുഷ്യരെപ്പോലെയുള്ള മൃഗങ്ങളെപ്പറ്റി ഇല്ലാത്ത സത്യങ്ങള്‍ വിളമ്പിയും. എങ്കിലും രാത്രിയില്‍ വാതിലില്‍ വന്നുമുട്ടുന്ന മൃഗത്തെ ഞാൻ ഭയന്നു.
അങ്ങനെ ആ മഴക്കാലവും പിന്നെ വന്ന വേനലും പിന്നെ വന്ന മഴക്കാലവും ആടിനെ വലുതാക്കി. ഇപ്പോള്‍ ആടു് പുറത്തു കഴിയാന്‍ തന്നെ ഇഷ്ടപ്പെട്ടു. തൊടാൻ ചെല്ലുമ്പോള്‍ കുത്തുമെന്നു് കൊമ്പുകുലുക്കി കാണിച്ചു. വാടക വീട്ടിലെ വളപ്പില്‍ ഞങ്ങള്‍ രണ്ടു പ്ലാവിന്‍തൈകള്‍ നട്ടു.
‘പാത്തുമ്മായുടെ ആടു്’ പോലെ ഞങ്ങളുടെ സുഹൃത്തുക്കൾക്കിടയില്‍ ഈ ആടും പ്രശസ്തയായി. ജോണ്‍, അവനാണു്, ആ ആടിനോടു് തങ്കം കഴിഞ്ഞാല്‍ ഏറ്റവും അധികം സംസാരിച്ചിരിക്കുക; ചിലപ്പോള്‍, ‘അല്ലേ ആടേ?’ എന്നു് ചോദിക്കും. ‘കേട്ടില്ലെ, ആടു പറഞ്ഞതാണു് ശരി’ എന്നു് പറയും.
തങ്കം തന്നെ പറഞ്ഞ ഒരു കഥയുണ്ടു്, ജോണ്‍ ആടിനെപ്പറ്റി കുട്ടികളോടു് പറഞ്ഞ കഥ. ഷീലയും കൂട്ടുകാരും, ഒരിക്കല്‍, ആട്ടിന്‍കൂടിനടുത്തു് ആടിനെപ്പറ്റി ജോണ്‍ പറയുന്ന കഥ കേൾക്കാനിരുന്നു. ‘ഒരു ആടു് ഒരിക്കല്‍ ഒരു മനുഷ്യനോടു് പറഞ്ഞ കഥ’ എന്നത്രേ ജോണ്‍ പറഞ്ഞതു്.
‘പണ്ടു പണ്ടു് ഒരു ആടുണ്ടായിരുന്നു. ആ ആടിനു് മനുഷ്യരുടെ കൂട്ടത്തില്‍ നിന്നു് ഒരു അമ്മയും ഒരു അച്ഛനും ഒരു അനിയത്തിയും ഉണ്ടായിരുന്നു,’
കുട്ടികള്‍ ഷീലയെ നോക്കി. അവളാകും ആടിന്റെ അനുജത്തി. ഒരു കുട്ടി ചോദിച്ചു; ‘ഷീലേ, ഇതു നിന്റെ കഥകൂടിയാണോ?’ ‘അല്ല,’ ജോണ്‍ കുട്ടികളോടു് പറഞ്ഞു: ‘ആടു് മനുഷ്യനോടു് പറഞ്ഞ കഥ.’
തങ്കം ചെവിയോർത്തു.
‘ഒരു ദിവസം അവരുടെ വീട്ടില്‍ ആ അച്ഛന്റെയും ആ അമ്മയുടെയും ആ അനിയത്തിയുടെയും കൂട്ടുകാരൻ ജോണ്‍ എന്നു പേരുള്ള ആള്‍ വന്നു. അവരുടെ വീട്ടിലെ ആടിനെപ്പറ്റി അവനും കേട്ടിരുന്നു.’
കഥകള്‍ ഉണ്ടാകുമ്പോള്‍ അവന്റെ ഓർമ്മയും ആശയും അവനാഗ്രഹിക്കുന്ന സത്യവും ജോണ്‍ കൊണ്ടുവരും. കഥ, ജീവിതമാക്കാൻ, അങ്ങനെ ‘റിയലിസ’ത്തിന്റെ മാറാപ്പു പേറാൻ, അവന്റെ ‘സര്‍റിയലിസ’ത്തില്‍ത്തന്നെ ഒരിടമുണ്ടായിരുന്നു. ഒരുപക്ഷേ, ഞങ്ങളുടെ ‘ആധുനികത തന്നെ അങ്ങനെയായിരുന്നു. ഞങ്ങളുടെ നോവലുകള്‍ അങ്ങനെയായിരുന്നു. തലമുറകളുടെ ചരിത്രത്തില്‍ മനുഷ്യര്‍ വരിവരിയായി നിന്നു കഥ പറഞ്ഞു. അതിനാല്‍ ഓർമ്മകളാണു് മനുഷ്യചരിത്രത്തിലെ ആർത്തിപുരണ്ടതും പുരാതനവുമായ പടനീക്കങ്ങള്‍ എന്നു് വിശ്വസിക്കുക എളുപ്പമായി. ഇപ്പോഴും അങ്ങനെയാണതു്. ഓർമ്മകളില്‍ എല്ലാവരും മ്യൂസിയത്തിലെന്നപോലെ എത്തുന്നു. പിന്നീടാണു് ഓർമ്മകള്‍ കണ്ണാടികളായതും, ഓരോ കണ്ണാടിയും ഒരു ഓർമ്മയെ കുറുക്കിയും പരത്തിയും വലുതാക്കിയും കാണിക്കാൻ തുടങ്ങിയതും. ‘ആധുനികത’ യഥാർഥമല്ല എന്നു പറഞ്ഞുതരാന്‍. ജോണ്‍, പക്ഷേ, വേറൊരു തിരിവിലൂടെയും വന്നു. കഥയില്‍ വരുംവരായ്മകള്‍ ഒന്നും ആലോചിക്കാനില്ലാതെ. നുണ സത്യംതന്നെയെന്നു വിശ്വസിക്കാന്‍.
‘അന്നു് ആ വീട്ടില്‍ ആടു മാത്രമേ ഉണ്ടായിരുന്നുള്ളൂ. വേറെ ആരുമില്ല. ജോണ്‍, ആ വീട്ടുകാരുടെ സുഹൃത്തു്, ആട്ടിന്‍കൂടിനു മുന്‍പില്‍ നാലുകാലില്‍ ആടിനെപ്പോലെ നിന്നു. ആടിനോടു് ‘എന്നെ അറിയുമോ?’ എന്നു് ചോദിച്ചു. ആടിനു് പെട്ടെന്നു് ആളെ മനസ്സിലായി. ‘ജോണ്‍ അല്ലേ?’ എന്നു് ചോദിച്ചു. ‘കണ്ടതില്‍ വളരെയധികം സന്തോഷം എന്നു പറഞ്ഞു. ജോണ്‍ കൈകള്‍ കൂപ്പി, ‘ഞാൻ വിചാരിച്ചു, മറന്നിരിക്കും എന്നു്. ‘മറക്കുകയോ, ആടു പറഞ്ഞു: ‘അതും ജോണിനെ.’
തങ്കത്തിനു് തോന്നി, ഇനി ജോണ്‍ പറയുന്ന കഥ ആടിന്റേതാവില്ല. മാത്രമല്ല, കൂട്ടികളെ ഭയപ്പെടുത്തുന്ന എന്തെങ്കിലും ഈ കഥയില്‍ വരും. തങ്കം, ജോണ്‍ അറിയാൻ, അല്ലെങ്കില്‍ കഥ തെറ്റിക്കാൻ വെറുതേ തൊണ്ടകൊണ്ടു് ശബ്ദമുണ്ടാക്കി. ജോണ്‍ പറഞ്ഞു; ‘സമ്പൂർണ്ണമായും പാവപ്പെട്ട ഒരു ആടിന്റെ കഥയാണിതു്.’
‘എന്നിട്ടു് ജോണ്‍ ആടിനോടു് ചോദിച്ചു: ആടേ, നിനക്കു് ഓർമ്മയുണ്ടോ, എല്ലാ ജന്മത്തിലും നീ ആടു തന്നെയായിരുന്നുവോ?’ ആടു പറഞ്ഞു; ഞാനൊരു ആടു തന്നെയായിരുന്നു എല്ലാ ജന്മത്തിലും. പക്ഷേ, ഈ ജന്മത്തില്‍ ഞാൻ വന്നതു് മറ്റൊരു കാര്യത്തിനാണു്.’ ജോണ്‍ ആടിനോടു് എന്താണു് ആ കാര്യമെന്നു് ചോദിച്ചു. ആടു പറഞ്ഞു; ‘പറയാം.’ ആടു് ആ കഥ പറഞ്ഞു;
‘പണ്ടു പണ്ടു് ഞങ്ങള്‍ ആടുകളുടെ ലോകത്തു് ഒരു സുന്ദരിയുണ്ടായിരുന്നു. വെളുത്തു മെലിഞ്ഞ കാലുകളും നീണ്ട കണ്ണുകളുമുള്ളവൾ. ഒരു ദിവസം അവളെ കാണാതായി. അവളുടെ അച്ഛനും അമ്മയും അവളെ വിളിച്ചു കരഞ്ഞു് ആടുകളുടെ ലോകം മുഴുവൻ അലഞ്ഞു. മൂന്നാംദിവസം അവള്‍ മരിച്ചു കിടക്കുന്നതു് കണ്ടു.’
ജോണിന്റെ കണ്ണുകള്‍ നിറഞ്ഞു; കുട്ടികളുടെയും. ആടുകള്‍ എന്നും രാത്രി കണ്ണീരോടെ പാടാറുള്ള പ്രാർത്ഥനാഗാനം ജോണ്‍ കുട്ടിക190ൾക്കുവേണ്ടി പാടി.
ജോണിനെ യേശു ബാധിച്ചിരുന്നു; അവന്റെ മുഖംകൊണ്ടു് മാത്രമല്ല. ഹതാശമെന്നു് കരുതിയ യാഥാർഥ്യങ്ങളില്‍ ഒറ്റയ്ക്കു നില്ക്കാനും അതിനെക്കുറിച്ചു് വിലപിക്കാനുമുള്ള അവന്റെ വാസന അങ്ങനെയായിരുന്നു. ആരെങ്കിലുമൊരാള്‍ പിന്നീടൊരിക്കല്‍ അവനെ, ജീന്‍പോള്‍ സാർത്ര്, ഴാങ്ഷെനെനെ വിളിച്ച പോലെ ‘സെയിന്റ് ജോണ്‍’ എന്നു് പറയുമായിരുന്നുവെന്നു് എനിക്കു് തീര്‍ച്ചയുണ്ടായിരുന്നു. അത്രമാത്രം അവൻ ജീവിതത്തെ അവിസ്മരണീയമാക്കാൻ ശ്രമിച്ചു. അഥവാ, ഒരു കലാകാരൻ അയാളുടെ കലപോലെ അയാളുടെ ജീവിതവും കെട്ടിച്ചമയ്ക്കുന്നുവെന്നു് വിശ്വസിച്ചു; അതും ‘ആധുനികതയുടെ നേര്‍ച്ചയായിരുന്നു.
ആടിന്റെ കഥ തന്നെ നോക്കൂ;
മരിച്ചു കിടക്കുന്ന ആടിന്റെ കാലടികള്‍ അസാധാരണമായ ഒരു ഗന്ധം പടർത്തി. ആടുകളുടെ രാജ്യത്തു് ആ ഗന്ധം പ്രസിദ്ധമായി. ആടുകള്‍ മുഴുവൻ ആ മണത്തിന്റെ പിറകെ പോയി. ‘നമ്മുടെ ഈ ആടും.’ ജോണ്‍ കൂട്ടിലെ ആടിനെ കാണാൻ കുട്ടികളോടൊപ്പം ഒന്നുകൂടി നീങ്ങിയിരുന്നു.
‘ആ ആടുകളെല്ലാം അവര്‍ വരുന്നതും കാത്തിരുന്ന മനുഷ്യരുടെ പിടിയിലുമായി. എല്ലാ ആടുകളെയും മനുഷ്യര്‍ കെട്ടിയിട്ടു, നമ്മുടെ ഈ ആടിനെയും.’ ജോണ്‍ കണ്ണുകളടച്ചു് വിലപിച്ചു; ‘എല്ലാ ആടുകളും പാവം ആ ആട്ടിൻ കുട്ടിയെ വെറുത്തു. ശപിച്ചു. അവളുടെ സൌന്ദര്യത്തെ. അവളുടെ മണംപൊഴിക്കുന്ന കാലുകളെ. അവള്‍ നടന്ന വഴി നരകത്തിലേക്കുള്ള വഴിയായിരുന്നല്ലോ എന്നു് നിലവിളിച്ചു…’
തങ്കം ജോണിനെ ഇനിയും കഥ തുടരുന്നതില്‍നിന്നും തടഞ്ഞു: ‘ജോണ്‍, നീ കുട്ടികൾക്കു നല്ല കഥകള്‍ വല്ലതും പറഞ്ഞുകൊടുക്കുമോ? നീ ആരാണു്? പഴയ നിയമത്തിലെ ദൈവമോ?’
ജോണ്‍ തങ്കത്തിനെ രൂക്ഷമായി നോക്കി. കുട്ടികളുടെ ഇടയില്‍നിന്നു് അവൻ പഴയനിയമത്തിലെ ദൈവത്തെപ്പോലെത്തന്നെ എഴുന്നേറ്റു. കുട്ടികള്‍ പേടിച്ചു. ജോണ്‍ നിലത്തുനിന്നു് കുറച്ചു മണ്ണു വാരി തങ്കത്തിന്റെ ദേഹത്തിലേക്കെറിഞ്ഞു. ഒപ്പം അലറി: ‘അതെ, ഞാൻ പഴയനിയമത്തിലെ ദൈവമാണു്…’
തങ്കം അവളുടെ മുഖം പൊത്തിക്കൊണ്ടുതന്നെ അവന്റെ അരികിലേക്കു് ഓടിച്ചെന്നു. തലകൊണ്ടു് അവന്റെ നെഞ്ചില്‍ ഇടിച്ചു. വീണുപോയി ജോണ്‍. അവൻ അതു കരുതാത്തതുകൊണ്ടല്ല. വീഴ്ചകളിലും അവൻ കഥ പറയാൻ കണ്ണുകള്‍ തുറക്കും. വാക്കുകള്‍ തേടും…
എനിക്കു് ചിരി വന്നു, ജോണും തങ്കവും പിന്നീടു് ഈ സന്ദര്‍ഭങ്ങളൊക്കെ പറയുമ്പോള്‍ അവരും ചിരിച്ചു. കഥയുടെ പൊട്ടക്കിണറ്റിലേക്കു് വീണതുപോലെയായിരുന്നുവത്രേ, അതു്.
‘എന്നിട്ടു് കേൾക്കൂ,’ തങ്കം ആടുകളുടെ കഥ പൂർണമാക്കി; ‘കിടന്നുകൊണ്ടു് ജോണ്‍ വീണ്ടും വിലപിച്ചു. ആ പാവം ആട്ടിന്‍കുട്ടിയുടെ കാലില്‍ വിഷദീപ്തമായ മണം പുരട്ടി നീ കടന്നുകളയുകയായിരുന്നുവെന്നു് പറഞ്ഞു.’
‘നിന്നോടോ?’ ഞാൻ ചോദിച്ചു.
‘അതെ, ’ തങ്കം പറഞ്ഞു.
‘ബാക്കി ഞാൻ പറയുന്നു, ജോണ്‍ ഇടപെട്ടു; ‘എന്റെ രാമൂ, ആടുകളുടെ കഥ, ആടുകളെ മാത്രംവെച്ചു് ഞാനെടുക്കാന്‍ പോകുന്ന സിനിമയായിരുന്നു. സത്യത്തില്‍, കഥ കേട്ടിരുന്ന കുട്ടികളുടെ കണ്ണുകളും മുഖങ്ങളും ഓർത്തു് ഞാനാ തിരക്കഥ പൂർത്തിയാക്കുമായിരുന്നു. അവരെക്കൊണ്ടു് ആടുകൾക്കു് ഞാൻ ശബ്ദം നല്കുമായിരുന്നു. പക്ഷേ, ഇവള്‍, തങ്കം, അതു സമ്മതിച്ചില്ല…’
‘ഇതു് നിന്റെ എത്രാമത്തെ സിനിമയാണു്?’ ഞാൻ ചോദിച്ചു.
‘ആദ്യത്തേതിനും മുമ്പത്തെ സിനിമ,’ ജോണ്‍ പറഞ്ഞു.
എല്ലാ ദുരന്തങ്ങളിലും അവന്റെ കൂടെ ഒരു വിദൂഷകൻ ഉണ്ടായതു ഭാഗ്യം; അല്ലെങ്കില്‍ അവന്റെ ജീവിതം അവന്‍തന്നെ ഒരു പാറയ്ക്കടിയില്‍, ദൈവമോ ചെകുത്താനോ കാണാതെ സൂക്ഷിച്ച ഒരു ക്ഷേത്രം പോലെയാകുമായിരുന്നു.
പക്ഷേ, ആടുകളുടെ കഥ അങ്ങനെയല്ല. അതു സത്യമായും സംഭവിച്ചു. പിറ്റേന്നുതന്നെ വീട്ടുമുറ്റത്തു് ആരോ കഴുത്തിനു് വെട്ടിയ നിലയില്‍ ചോരവാര്‍ന്നു് ആടു് മരിച്ചുകിടക്കുന്നതു കണ്ടു…
എനിക്കതു് സങ്കല്പിക്കാനേ കഴിഞ്ഞില്ല.
തങ്കവും ഷീലയും പൊട്ടിക്കരഞ്ഞു.
തലേന്നു് ഞങ്ങളുടെ കൂടെ കഴിഞ്ഞ ജോണിനെ നോക്കി ഞാൻ വീട്ടുവളപ്പിൽ തിരഞ്ഞു. ഒരു സമയം അവന്റെ പതിഞ്ഞ കരച്ചില്‍ കേട്ടു. ഒരു മരത്തിനു മുകളില്‍, എന്തോ കണ്ടു ഭയന്നപോലെ അവൻ കയറിപ്പറ്റി ഇരിക്കുകയായിരുന്നു… ആ കാഴ്ചയും എന്നെ ഭയപ്പെടുത്തി. ഞാൻ അവനോടു് താഴേക്കിറങ്ങിവരാൻ അപേക്ഷിച്ചു…
ജോണാണു് ആടിനെ കൊന്നതെന്നു് തങ്കം വിശ്വസിച്ചു. അതു് അവൻ പറഞ്ഞ കഥയുടെ പ്രശസ്തിക്കുവേണ്ടിയാണെന്നും പറഞ്ഞു. ഞാൻ അവളെ തടഞ്ഞു. ഞാൻ വിശ്വസിച്ചതുമില്ല. ജോണ്‍ ഭയത്തോടെ ഒന്നും പറയാതെ നിന്നു. മകളാകട്ടെ, എല്ലാം കണ്ടും എല്ലാം കേട്ടും വല്ലാതെ ഭയന്നിരുന്നു.
തീര്‍ച്ചയായും, ഒരു പുരാവൃത്തത്തിനകത്തായിരുന്നു ഞങ്ങള്‍ എന്നു തോന്നി. മനുഷ്യരും മൃഗങ്ങളും കഥാപാത്രങ്ങളായ, ദുരന്തങ്ങളും വിജയങ്ങളും പ്രകീർത്തിക്കപ്പെട്ട ഒരു നാടോടിക്കഥയില്‍. എന്നാല്‍, ആ കഥയും ഒരു സാരോപദേശം സൂക്ഷിക്കുന്നു എന്നു വരുമ്പോള്‍ കഥാപാത്രങ്ങള്‍ മനുഷ്യര്‍ മാത്രമാകുന്നു. ദൈവത്തിന്റെ മൂല്യവ്യവ190സ്ഥ വരുന്നു. ദൈവം മനുഷ്യരുടെ സ്വപ്നമോ ആഗ്രഹമോ ആയിരുന്നിട്ടും ദൈവത്തിന്റെ അധികാരലോകം അതിനേക്കാളൊക്കെ കഠിനമായിരുന്നു. ഈ കഥയും ദൈവം പറഞ്ഞതായി;
ജോണ്‍ പെട്ടെന്നു് തെന്നിമാറി നിലവിളിച്ചുകൊണ്ടു് പുറത്തേക്കോടി… അവനു നേരെ തങ്കം ഒരു വെട്ടുകത്തി ചുഴറ്റി എറിഞ്ഞിരുന്നു. അതു് അവന്റെ കഴുത്തിലോ കാലിലോ കൊണ്ടിരുന്നു…
ഞാൻ തങ്കത്തിനെ കണ്ടു് സ്തബ്ധനായി നിന്നു.
അതുവരെയും അവള്‍ മറച്ചുപിടിച്ച വെട്ടുകത്തി ആ രാത്രിയിലോ ആ പകലിലോ അല്ലെങ്കില്‍ കഴിഞ്ഞ കുറെ നാളുകളിലോ ഉണ്ടായിരുന്നതോ എന്നു് എനിക്കറിയില്ല. ഒരുപക്ഷേ, മാരകമായ കഥപറച്ചിലുകള്‍ ആയുധധാരികളെപ്പോലെയാകും, സ്വയം മരിക്കാനും അല്ലെങ്കില്‍ കൊല്ലാനും ഒരുങ്ങി… കഥ ജീവിതത്തിലേക്കു് പിറകില്‍നിന്നും കിട്ടിയ തട്ടലോടെ വീണതുപോലെ…
ഞാൻ നോക്കിനില്ക്കെ, വിളറിവെളുത്തു്, എന്നെ നോക്കി തങ്കം നിലത്തേക്കു കുഴഞ്ഞുവീണു.
പതിമൂന്നാമത്തെ സിനിമയുടെ
തിരക്കഥ.