വിറ്റോറിയോ ഡി-സീക്ക, ലോകസിനിമയിലെ പ്രശസ്തനായ സിനിമാക്കാരൻ 1948-ല്‍ എടുത്ത ‘ബൈസിക്കിള്‍ തീവ്സ്,’ ഇറ്റാലിയൻ പേരിലാണെങ്കില്‍, Ladri di biciclette, ഇംഗ്ലീഷില്‍ The bicycle thief ഇറ്റലിയിലും ലോകത്തും ‘നിയോ-റിയലിസ്റ്റ് സിനിമ’ എന്നറിയപ്പെട്ടിരുന്നു. അഥവാ, ആ സിനിമയെ സ്വാധീനിച്ചതു് ഇവയൊക്കെ എന്നും പറഞ്ഞു: poetic realism, communism, Christian humanism തന്റെ കളവുപോയ സൈക്കിളുമന്വേഷിച്ചു് റോമിലെ തെരുവിലലയുന്ന ദരിദ്രനായ അന്റോണിയോയുടെ കഥയായിരുന്നു. അയാളുടെ ജോലിക്കു് അത്യാവശ്യമായിരുന്ന സൈക്കിളായിരുന്നു കളഞ്ഞുപോയതു്. ല്യൂജി ബാർത്തോലിനിയുടെ അതേ പേരിലുള്ള സിനിമയുടെ കഥ. ജോണ്‍, ഞാൻ ജനിച്ചു് കൃത്യം പതിനൊന്നു വര്‍ഷം കഴിഞ്ഞാണു് ‘ബൈസിക്കിള്‍ തീവ്സ്’ നിർമ്മിക്കപ്പെടുന്നതു്.
ജോണ്‍ ആ പതിനൊന്നു വര്‍ഷവും, അതായതു് സിനിമയുടെയും അവന്റെയും ജനനത്തിനിടയിലെ കാലം, അവന്റെ മുത്തച്ഛന്റെ കൂടെ കോട്ടയത്തു് കഴിഞ്ഞു. ആ പതിനൊന്നു വര്‍ഷവും അതിനു പിന്നീടുള്ള ചില കാലവും എവിടെയായിരുന്നുവെന്നു് പറയേണ്ടതില്ല; ഞാൻ ആ കാലം മുഴുവൻ ഇപ്പോഴും തിരിച്ചറിയാത്ത കുറെ സ്വപ്നങ്ങളില്‍ ഒരിക്കലും കാണാൻ കഴിയാതിരുന്ന ഒരു ചെറുകാറ്റായി കഴിയുകയായിരുന്നു എന്നു് നുണ പറയുന്നു. കാരണം, അതത്ര പ്രധാനമല്ല. ഓർമ്മിക്കുമ്പോള്‍ വിശേഷിച്ചും.
അന്റോണിയോയും മകനും സൈക്കിളുമന്വേഷിച്ചു് റോമിലെ തെരുവിലലഞ്ഞു. ഒടുവില്‍ കണ്ടുകിട്ടാത്തതു കാരണം, തന്റെ ദാരിദ്ര്യത്തെ നേരിടാൻ വേണ്ടി മാത്രം, ജോലിക്കു് അത്യാവശ്യമായ ഒരു സൈക്കിള്‍, അന്റോണിയോ മോഷ്ടിക്കുകയും പിടിക്കപ്പെടുകയും ചെയ്തു. അതും മകൻ, ബ്രുണോ, കാണെ. സൈക്കിളിന്റെ ഉടമ അന്റോണിയോയെ ശിക്ഷിക്കേണ്ടതില്ലെന്നു പറഞ്ഞു. എങ്കിലും ഒരു കള്ളനേക്കാള്‍ ഉപരി സദാചാരപരമായി താനൊന്നും അല്ല എന്നു് തകര്‍ച്ചയോടെ അന്റോണിയോ സിനിമയുടെ അന്ത്യത്തില്‍ വന്നു നിന്നു; തൊണ്ണൂറ്റിമൂന്നു മിനിറ്റുകളും കഴിഞ്ഞു, സിനിമയുടെ.
സിനിമ കണ്ടു കഴിഞ്ഞതും ജോണ്‍ കരയാൻ തുടങ്ങി, എന്നിട്ടു് ‘നാം ജീവിക്കുന്ന ഈ ഭൂമി, ഗ്രഹം, ഓർമ്മിക്കപ്പെടാൻ പോകുന്നതു് സിനിമകൾകൊണ്ടാണെങ്കില്‍ ഈ സിനിമകൊണ്ടാണു് എന്നു പറഞ്ഞു.
ആ സിനിമ എപ്പോഴും അവനെ കരയിപ്പിച്ചു.
എന്നാല്‍, അവന്റെ പതിമൂന്നാമത്തെ സിനിമാക്കഥയില്‍, സൈക്കിളില്‍ അലയുന്ന ആള്‍, ബൈസിക്കിള്‍ തീഫ്, ഈ ഓർമ്മയിലേ അല്ല. അതു് വേറൊരു ആൾ. ഒരുപക്ഷേ, ‘നിയോ-റിയലിസ’ത്തിൽ നിന്നും അയാള്‍ സൈക്കിള്‍ മോഷ്ടിച്ചു് ഈ കഥയിലെത്തി. ഷീല എന്നോടു്, ‘അച്ഛാ, ആരാണു് ബൈസിക്കിള്‍ തീഫ്’ എന്നു ചോദിക്കുമ്പോഴൊക്കെയും ഞാനും ഈ രണ്ടു സൈക്കിൾകാരിലുമെത്തി. ‘ഒരുപക്ഷേ, എനിക്കറിയില്ല എന്നു പറഞ്ഞാല്‍ അച്ഛൻ നുണ പറയുന്നു എന്നു നീ വിചാരിക്കില്ലേ, അതുകൊണ്ടു പറയാം…’
ജോണ്‍ ജനിച്ചു് കൃത്യം പതിനൊന്നു വര്‍ഷം കഴിഞ്ഞാണു് ‘ബൈസിക്കിള്‍ തീവ്സ് ’ നിർമ്മിക്കപ്പെടുന്നതു്. ആ പതിനൊന്നു വര്‍ഷവും അവൻ അവന്റെ മുത്തച്ഛന്റെ കൂടെ കോട്ടയത്തു കഴിഞ്ഞു. അവന്റെ മുത്തച്ഛനു് സിനിമ നിർമ്മിക്കുന്നതു് എങ്ങനെ എന്നു് അറിഞ്ഞുകൂടായിരുന്നു. എന്നാല്‍, 1987-ല്‍, അവന്റെ നാല്പത്തിയൊമ്പതാമത്തെ വയസ്സില്‍, മരിക്കുന്നതുവരെ ജോണ്‍ തന്റെ സിനിമയുടെ കഥകൾക്കെല്ലാം കാരണക്കാരനായി മുത്തച്ഛനെ കണ്ടു. ഉദാഹരണത്തിനു്, ജോണ്‍ മരിക്കുന്നതിനു് തലേന്നു് ഇങ്ങനെ പറഞ്ഞുവത്രേ: ‘എന്റെ ഈ സിനിമ, വാസ്തവത്തില്‍ മുത്തച്ഛൻ പറഞ്ഞുതന്ന കഥയാണു്; ഒരിക്കല്‍ ഉഗ്രപ്രതാപിയായ ഒരു മന്ത്രവാദി പുഴയില്‍ പകല്‍നേരത്തു് കുളിക്കുകയായിരുന്നു. പുഴയില്‍ മുങ്ങിനിവര്‍ന്നതും ആകാശത്തിലൂടെ ഒരു അപ്സരസ്സ് പോകുന്നതു കണ്ടു. സത്യത്തില്‍ അയാള്‍ കണ്ടതു് അവളുടെ നിഴലാണു്. വെള്ളത്തില്‍, തന്റെ കാല്‍ച്ചുവട്ടില്‍, വെള്ളത്തില്‍ അപ്പോള്‍ വീണ ഒരു പൂവിന്റെ ഇതള്‍പോലെ, ആ നിഴല്‍ നീങ്ങി. സുന്ദരമായ കാഴ്ച, സുന്ദരിയായ യുവതി, മന്ത്രവാദി വെള്ളത്തില്‍ അവളോടൊപ്പം നീന്തി… മന്ത്രവാദി അപ്സരസ്സിന്റെ നിഴലിനു ചുറ്റും ഒരു കളം വരച്ചു. ജോണ്‍ പറഞ്ഞു; ‘മുത്തച്ഛൻ അറിയാൻ പാടില്ലായിരുന്നു, ആ കുളമാണു് നമ്മള്‍ സിനിമാക്കാര്‍ പറയുന്ന ഫ്രൈം എന്നു്…’
നാലു ചലച്ചിത്രങ്ങളേ അവന്റേതായി പുറത്തിറങ്ങിയിട്ടുള്ളൂവെങ്കിലും ജോണ്‍ ചെയ്യാതിരുന്ന ചലച്ചിത്രങ്ങളും അതേപോലെ പ്രസിദ്ധമായിരുന്നു. അതിനാല്‍, അവന്റെ പതിമൂന്നാമത്തെ സിനിമ, സിനിമയെപ്പറ്റിത്തന്നെയുള്ള ഒരു കെട്ടുകഥയായി, 1971 മുതല്‍ 1988 വരെ അവൻ ഈ സിനിമാക്കഥ പറഞ്ഞു നടന്നു. അതായതു്, 1987 മേയ് 1-നും ജോണ്‍ ഈ കഥയിലുണ്ടു്. ഓരോ സമയം പറയുമ്പോഴും കഥ പല വഴികളിലേക്കും തിരിഞ്ഞു. എന്നാല്‍, എപ്പോഴും ഒരു കഥാപാത്രം അവൻ ഓർത്തുവെച്ചു പറഞ്ഞു: ബൈസിക്കിള്‍ തീഫ്. സിനിമാക്കൊട്ടകയുടെ പരിസരത്തു്, റോഡില്‍, പുഴയുടെ കരയില്‍, രാത്രിയില്‍, മന്ത്രവാദിയുടെ വീട്ടില്‍, അഭിനേത്രിയുടെ കൂടെ, മന്ത്രവാദിയുടെ കൂടെ അവനെ കണ്ടു. ആരാണു് അയാള്‍? ചലച്ചിത്രത്തിൽ ഭ്രമിച്ചുപോയ, അക്കാലത്തെ എല്ലാ തൊഴില്‍രഹിതരെയുംപോലെ ഒരു ചെറുപ്പക്കാരൻ—‘ചില സമയം അവൻ സൈക്കിളില്‍ അതിവേഗം പാഞ്ഞുപോകുമ്പോള്‍ എന്നെ തിരിഞ്ഞുനോക്കുന്നതു ഞാൻ കണ്ടിട്ടുണ്ടു്,’ ജോണ്‍ പറഞ്ഞു: ‘അതായതു്, ഞാനാണു് ഈ കഥ പറയുന്നതെന്ന വിധത്തില്‍.’
ജോണിന്റെ കഥയിലെ പുഴയുടെ കരയിലെ വീടു്, അവൻ പറയുക, എന്റെയും തങ്കത്തിന്റെയും വീടാണു് എന്നാണെങ്കിലും അതു് മന്ത്രവാദിയുടെയും ഭാര്യയുടെയും വീടായിരുന്നു. ആ കാലത്തു്, സാധാരണ കേരളീയ ഗ്രാമങ്ങളില്‍ കാണാറുള്ളതുപോലെ ഓരോ ഗ്രാമത്തിലും ഒന്നോ ഒന്നിലധികമോ മന്ത്രവാദിയോ മന്ത്രവാദികളോ ഉണ്ടാകും. അവരില്‍ ഒരാള്‍ ആ പ്രദേശത്തെ തന്നെ ഉഗ്രമൂർത്തിയാകും. കഥയിലെ മന്ത്രവാദി ഉഗ്രമൂർത്തിയായിരുന്നു. പുഴ, പലപ്പോഴും അയാളുടെ ഉഗ്രപ്രതാപത്തിന്റെ നീര്‍ച്ചോലയായി, അക്കാലത്തെ ‘നിയോ-റിയലിസ’ത്തിലെ പുഴ പോലെയല്ല. അഥവാ കടലിന്റെ ഓർമ്മയില്‍ ഉള്ളതിനേക്കാള്‍ പുഴ മനുഷ്യരുടെ കഥകൾക്കുള്ളിലാണു്. പുഴയെപ്പറ്റി പറഞ്ഞു കൊണ്ടുമാത്രമേ ആ നാട്ടിലെ കല്യാണം, മരണം, ഉത്സവം, ജനനം ഒക്കെ നടക്കുകയുള്ളൂ. ‘പുഴ കടന്നു വേണം പോസ്റ്റ്മാൻ ഒരു ടെലിഗ്രാമുമായി എത്താന്‍’ എന്നു പറഞ്ഞാല്‍ ഏതു കാലത്തിനും കുറുകെ കിടക്കുന്ന പുഴയുടെ അപാരമായ സാന്നിദ്ധ്യം മനസ്സിലാകും. വേനലിലെയും വര്‍ഷകാലത്തെയും പുഴ സിനിമയിലുണ്ടു്.
ഒരു സമയം വറ്റാൻ തുടങ്ങുന്ന പുഴയുടെ കരയില്‍ ഉണങ്ങിയ ഒരു മരത്തിലെ ഒറ്റക്കൊമ്പില്‍ ഒറ്റയ്ക്കിരിക്കുന്ന പക്ഷിയെ കാണും. അങ്ങനെ ഒരു പക്ഷിയെ കിട്ടിയിട്ടില്ലെങ്കില്‍, അങ്ങനെ ഒരു പക്ഷിയെ മരക്കൊമ്പില്‍ ഉണ്ടാക്കിവെക്കാൻ, ഒരു പ്ലാസ്റ്റിക് പക്ഷിയെ കരുതണം എന്നു് ജോണ്‍ തിരക്കഥയുടെ മാര്‍ജിനില്‍ എഴുതിവെച്ചു.
‘അതു് എന്തുകൊണ്ടു്?’
‘ഭൂമിയില്‍ പക്ഷികള്‍ ഇല്ലാതാവുന്ന കാലം വരുന്നു.’
ഞങ്ങളുടെ വീട്ടില്‍നിന്നും മാറി, ജോണിനോടൊപ്പമുള്ള എന്റെ ഏഴാമത്തെ ദിവസമായിരുന്നു അതു്. തലേന്നു് ഞാൻ തങ്കത്തിനു് ഒരു കത്തെഴുതി; ‘ഞാൻ വേഗം വരും. ജോണ്‍ സിനിമയുടെ കഥ പൂർത്തിയാക്കുന്നു. കുറച്ചു മണിക്കൂറുകള്‍ കൂടി അവന്റെ കൂടെ നിന്നു് ഉടൻ പുറപ്പെടുന്നു. പേടിക്കേണ്ട.’
‘അവള്‍ എന്തിനു പേടിക്കണം?’ ജോണ്‍ ഞാൻ തങ്കത്തിനു കത്തെഴുതുകയാണെന്നും ഉടൻ വരുകയാണെന്നും പേടിക്കരുതു് എന്നു പറയുകയാണെന്നും പറഞ്ഞപ്പോള്‍ ചോദിച്ചു; ‘അവള്‍ ആരാ, സിനിമാനടിയോ, ആരെങ്കിലും തട്ടിക്കൊണ്ടുപോകുമോ?’
കോട്ടയത്തെ അതേ ലോഡ്ജിലെ മുറിയിലായിരുന്നു ഞങ്ങൾ. അടിയന്തരാവസ്ഥ പിന്‍വലിച്ചിരുന്നു. ഇന്ദിരഗാന്ധി തിരഞ്ഞെടുപ്പു് പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയിലെ ജനങ്ങള്‍ വേറൊരു കഥ ഉണ്ടാക്കാൻ ഒളിച്ചിരിക്കുകയായിരുന്നു ആ പതിനെട്ടു മാസങ്ങള്‍ എന്നു ചിലര്‍ പറയാൻ തുടങ്ങിയിരുന്നു. ചില നക്സലെറ്റുകളും ജയിലില്‍നിന്നു് പുറത്തിറങ്ങിയിരുന്നു. ഇതേ ലോഡ്ജില്‍, ഇതേ മുറിയില്‍ പിറ്റേന്നു് രണ്ടു നക്സലെറ്റുകളുടെ നേതാക്കള്‍, ഒരാള്‍ സിവിക് ചന്ദ്രനായിരുന്നു, വരുമെന്നു് പറഞ്ഞിരുന്നു. മലയാളത്തില്‍ ഒരു ‘സാംസ്കാരിക മാസിക’ തുടങ്ങുന്നു എന്നു പറഞ്ഞിരുന്നു. അവരെ കണ്ടതിനുശേഷം ഞാൻ പിറ്റേന്നു് കോഴിക്കോട്ടേക്കു് മടങ്ങുമെന്നു് ജോണിനോടു് പറഞ്ഞു. ‘കാണാൻ മാത്രം ഭംഗിയൊന്നുമുള്ളവരല്ല അവര്‍. നസീറോ ഉമ്മറോ അല്ല, നീ ഇപ്പോള്‍ത്തന്നെ പോ, തങ്കത്തിനെയും ഷീലയെയും ഇവിടേക്കു കൊണ്ടുവാ, തങ്കം ഈ സിനിമയിലെ നായികയായി അഭിനയിക്കുന്നു…’
പക്ഷേ, അന്നു രാത്രി ഞാൻ അവിടെ തങ്ങി. മുറിയില്‍ അന്നു് ഞങ്ങള്‍ നാലു പേരുണ്ടായിരുന്നു. കിഴക്കുനിന്നു വന്ന ബഷീര്‍, വടക്കുനിന്നു വന്ന ഞാൻ, തെക്കുനിന്നു വന്ന സത്യൻ, ജോണ്‍. ബഷീര്‍ പഴയ നാടകഗാനങ്ങള്‍ പാടും, ജോണ്‍ ചിലപ്പോള്‍ അതു് അഭിനയിച്ചു കാണിക്കും. അനാഥനായ വൃദ്ധനും കാമുകനും കുഷ്ഠരോഗിയുമൊക്കെ. അവൻ നടന്‍ തന്നെ. ‘മന്ത്രവാദിയായി അഭിനയിക്കാൻ നീ തന്നെ മതി’ എന്നു ഞാൻ ജോണിനോടു പറയും. ‘നന്നാവും,’ ജോണ്‍ പറയും: ‘സിനിമ തിയറ്ററിലെത്തില്ല.’ അവൻ സുന്ദരനല്ല എന്നുപറയും. ഇന്ത്യയിലെ പുരുഷന്മാരും സ്ത്രീകളും ശ്രീകൃഷ്ണനെയാണു് ഇഷ്ടപ്പെടുന്നതെന്നു പറയും: ‘ശ്രീകൃഷ്ണൻ സുന്ദരനാണു്.’ ഇന്ത്യയിലെ എക്കാലത്തെയും, ആധുനികതയുടെ കാലത്തും, നായകസങ്കല്പം ജോണും ആവർത്തിച്ചു. ഒരു പക്ഷേ, ‘ബ്ലാക്ക് ആന്‍ഡ് വൈറ്റ് ’ ചലച്ചിത്രങ്ങളുടെ ഓർമ്മ തന്നെ അങ്ങനെ ചില നായകന്മാരുടെയും അവരെ വട്ടമിട്ടിരുന്ന നായികമാരുടേതുമാണു്.
‘സിനിമ സുന്ദരികളുടെയും സുന്ദരന്മാരുടേതുമാണു്’ എന്നു് ജോണും പറയും. പക്ഷേ, അവന്റെ കഥകള്‍ അവനെത്തന്നെ തോല്പിക്കും. അതില്‍ കഴുതയും നായകനായി.
‘മന്ത്രവാദി സുന്ദരനാവണമെന്നുണ്ടോ?’
‘മന്ത്രവാദി സുന്ദരനാണു്.’
‘എന്തുകൊണ്ടു്?’
‘മന്ത്രവാദി ആ നാട്ടിലെ എല്ലാ സ്ത്രീകളുടെയും കാമുകന്‍ കൂടിയാണു്.’
‘കാമുകരെല്ലാം സുന്ദരന്മാരാണോ?’
‘അതേ.’
‘എന്തുകൊണ്ടു്?’
വിചിത്രമായ മറുപടിയാണു് ജോണ്‍ പറയുക എന്നതുകൊണ്ടു് ഞങ്ങള്‍, കേള്‍വിക്കാര്‍, അതിലെ ഫലിതം കാത്തിരിക്കുമായിരുന്നു. ജോണ്‍ മറുപടി പറയും: ഇന്ത്യയില്‍ ഒരു കാമുകൻ ഉണ്ടാവുന്നതു് അവന്റെ അമ്മ അവനെ ഗര്‍ഭധാരണം നടത്തുന്ന നാള്‍ മുതലാണു്. അവൻ ലോകത്തു് എവിടെയായിരുന്നാലും ‘എന്റെ കൃഷ്ണാ’ എന്നു പ്രാര്‍ത്ഥിക്കും. അതിനു മതങ്ങളുടെ ഓർമ്മയില്ല. എന്തെന്നാല്‍, കൃഷ്ണൻ, ലോകത്തെ ഏറ്റവും പ്രാചീനമായ സംഗീതോപകരണത്തില്‍ പ്രാവീണ്യം തെളിയിച്ച ആള്‍ മാതമല്ല, അവൻ എപ്പോഴും തന്റെ മുരളി കൈയില്‍ കരുതിയിരുന്നു. അങ്ങനെ ആരാണുള്ളതു്? അതായതു്, യുദ്ധം ചെയ്യുമ്പോഴും പ്രേമിക്കുമ്പോഴും നുണ പറയുമ്പോഴും ചതി കാണിക്കുമ്പോഴും അയാൾക്കു് ഒരു ഓടക്കുഴല്‍ വേണം—ഇതും നായകസങ്കല്പത്തിന്റെ ആവർത്തനവിരസതയുള്ള വാദം. ആധുനികതയുടെ കാലത്തും.
എന്നാല്‍, ആ രാത്രി ‘എന്തുകൊണ്ടു് മന്ത്രവാദിയായിക്കൂടാ’ എന്നു ചോദിച്ചതിനു് ജോണ്‍ മറുപടി പറഞ്ഞതു് അവന്റെ തിരക്കഥയിലെ അവസാന ഭാഗമായിരുന്നു; അതു് അവൻ അതുവരെയും എഴുതുകയോ പറയുകയോ ചെയ്തിരുന്നില്ല. ജോണ്‍ ആ രാത്രി കഥയിലെ സന്ദര്‍ഭം വിവരിച്ചു.
വേനല്‍ക്കാലമായിരുന്നു. പലപ്പോഴും വെള്ളംപോലും കിട്ടാത്ത ഒരു ലോഡ്ജായിരുന്നു അതു്. മുറിയിലെ മണ്‍കൂജയിലെ വെള്ളം കഴിഞ്ഞിരുന്നു. ഞാൻ വിചാരിച്ചു, കഥയുടെ ഏതെങ്കിലും തിരിവില്‍വെച്ചു് ജോണ്‍ വെള്ളം ചോദിക്കും. വാക്കുകളുടെ മഹാദാഹം അവൻ അനുഭവിക്കുന്നതു് ശരീരംകൊണ്ടു മുഴുവനുമാണു്. ആ സമയം, ചിലപ്പോള്‍, ആ പരിസരത്തിലെ കിണറുകളെല്ലാം അവന്റെ ദാഹത്തില്‍ വറ്റാൻ തുടങ്ങും. മാതമല്ല, ജീവിതം ഒരു കഥ മാത്രമാണെന്നു് അവനോളം ഉറപ്പു് ഞങ്ങളിലാര്‍ക്കും ഉണ്ടായിരുന്നില്ല. കഥയിലെ ഒരു വരി മാത്രമായാണു് അവൻ തെരുവിലുറങ്ങിയതു്. പാരിസിലേക്കു പോയതു്. കഥാപാത്രമാകുക, ജീവിതം കഥയായി പറയുക. ഞാൻ ‘കൂജയില്‍ വെള്ളം ഉണ്ടാവട്ടെ’ എന്നു പ്രാര്‍ത്ഥിച്ചു. സത്യൻ ദൂരെ മാറി ഇരുന്നു. അവനാണു് ജോണ്‍ പറയുന്നതെല്ലാം എഴുതിവെച്ചിരുന്നതു്. ജോണിനുതന്നെ ഓർമ്മവരാൻ പിന്നീടു് ആ കുറിപ്പുകള്‍ സഹായം ചെയ്തു.
‘കഥയുടെ അവസാന സന്ദര്‍ഭം ഇതാണു്,’ ജോണ്‍ കണ്ണുകളടച്ചുകൊണ്ടു് പറഞ്ഞു;
‘സിനിമാടാക്കീസ് കത്തിത്തീരുകയായിരുന്നു. കേട്ടറിഞ്ഞവരെല്ലാം അവിടേക്കു് ഓടുകയാണു്. അവര്‍ക്കതു് തങ്ങളുടെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും സ്ഥലമായിരുന്നു. അവിടെനിന്നും കേട്ട പല പാട്ടുകളും അവര്‍ മൂളാൻ തുടങ്ങിയിരുന്നു. അവിടെവെച്ചു കണ്ട സിനിമ ജീവിതംതന്നെ എന്നുപറഞ്ഞിരുന്നു. ടാക്കീസ് കത്തിയമരുന്നതു കണ്ട ഒരാള്‍ മാത്രം, ചെറുപ്പക്കാരൻ, ബൈസിക്കിള്‍ തീഫ്, ടാക്കീസിന്റെ വളപ്പില്‍നിന്നും പുറത്തുകടന്നു് വേറെ വഴിയിലൂടെ ഓടുന്ന ഒരാൾക്കു് പിറകെ ഓടി. സിനിമാടാക്കീസ് കത്തിച്ചതു് ആ ആളാണു് എന്നു് അവനു തീര്‍ച്ചയായിരുന്നു. കാരണം, അങ്ങനെ ഒരാളെ അവൻ മാത്രമേ കണ്ടുള്ളു; ഒരുപക്ഷേ, സിനിമാടാക്കീസിലെത്തുന്ന ഓരോ സിനിമയും കഥകളാക്കി എത്തുന്ന നോട്ടീസ് ആ നാട്ടില്‍ വിതരണം ചെയ്യുന്നതും സിനിമാപോസ്റ്ററുകള്‍ ഒട്ടിക്കുന്നതും അവനാണു്. ടാക്കീസിനു മുന്നില്‍, ടാക്കീസിനു പുറത്തു്, തെരുവില്‍ എപ്പോഴും അവനുണ്ടു്.
തന്റെ തൊട്ടുമുന്നില്‍ ഇപ്പോള്‍ ഓടുന്നതു് മന്ത്രവാദിയുടെ ഭാര്യയാണെന്നു് ചെറുപ്പക്കാരനു തീര്‍ച്ചയായി. അവളാണു് ടാക്കീസ് കത്തിച്ചതെന്നും ഓട്ടത്തിൽത്തന്നെ അവൻ അതിന്റെ കാരണവും കിട്ടി: ആ നാട്ടിലെ മറ്റു പലരെയുംപോലെ മന്ത്രവാദിയുടെ വീട്ടില്‍ രഹസ്യമായി കഴിയുന്ന വേറൊരു സ്ത്രീയെപ്പറ്റി അവനും കേട്ടിരുന്നു. അതു് ഒരു സിനിമാനടിയാണെന്നും അവൻ കേട്ടിരുന്നു. വശീകരണകലയില്‍ മന്ത്രവാദിക്കുള്ള കഴിവു് അവൻ കേട്ടിരുന്നു. എങ്കില്‍ ഒരു പക്ഷേ, കത്തിയമരുന്ന ടാക്കീസിനുള്ളില്‍ മന്ത്രവാദിയും സിനിമാനടിയുമുണ്ടെന്നും അവൻ ഊഹിച്ചു. മാതമല്ല, മറ്റൊന്നുകൂടി അവൻ ഓർത്തു;
ഒരു ദിവസം ചെറുപ്പക്കാരൻ, തന്റെ സത്യാന്വേഷണത്തിന്റെ ഭാഗമായി സിനിമാനടിയെ കാണാൻ മന്ത്രവാദിയുടെ വീട്ടിലെത്തി. ഒരു ഉച്ചസമയം. അപ്പോള്‍ മന്ത്രവാദിയുടെ ഭാര്യ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. അവൻ അവളെ മുന്‍പും കണ്ടിട്ടുണ്ടു്. ‘എന്തിനാണു് നീ വന്നതു്’ എന്നു് അവള്‍ ചോദിച്ചപ്പോള്‍ ‘അഭിനേത്രിയെ കാണാനാണു്’ എന്നു് അവൻ പറഞ്ഞു. ‘എന്തിനാണു് നീ അവളെ കാണുന്നതു്’ എന്നു ചോദിച്ചപ്പോള്‍ ‘ഇതുവരെയും ഒരു സിനിമാനടിയെ നേരിട്ടു കണ്ടിട്ടില്ല’ എന്നു പറഞ്ഞു. മന്ത്രവാദിയുടെ ഭാര്യ അവനെ ഒരു നിമിഷം നോക്കി. അവളുടെ കണ്ണുകള്‍ തന്റെ ശരീരത്തില്‍ ഓടിക്കളിക്കുന്നതു് ചെറുപ്പക്കാരനും കണ്ടു.
‘ശരി, നില്ക്കൂ’ എന്നു പറഞ്ഞു് മന്ത്രവാദിയുടെ ഭാര്യ വീട്ടിനകത്തേക്കു് പോയി. ചെറുപ്പക്കാരൻ ആകാംക്ഷയോടെ കാത്തുനിന്നു. എന്നാല്‍, അവള്‍ പുറത്തുവന്നതു് കൈയില്‍ കത്തുന്ന തീക്കൊള്ളിയുമായിട്ടായിരുന്നു. അവളുടെ കണ്ണുകള്‍ വീണ്ടും അവന്റെ ശരീരത്തില്‍ ഓടിക്കളിച്ചു. ‘നിന്റെ കണ്ണുകള്‍ ഞാൻ കത്തിച്ചുകളയും’ എന്നു പറഞ്ഞു് അവള്‍ അവന്റെ അരികിലേക്കു് ചെന്നു. ചെറുപ്പക്കാരൻ പുറത്തേക്കു് ഓടി, പടിക്കുപുറത്തു വെച്ചിരുന്ന സൈക്കിളില്‍ കയറി അതിവേഗം അവിടെനിന്നും രക്ഷപ്പെട്ടു.
ചെറുപ്പക്കാരന്‍തന്നെയാണു് മന്ത്രവാദിയുടെ ഭാര്യ ഭ്രാന്തിയായിരിക്കുന്നു എന്നു് നാട്ടില്‍ പരത്തുന്നതും.
‘അവളുടെ കണ്ണുകള്‍ തീക്കൊള്ളിയേക്കാള്‍ ഭയങ്കരം.’
‘ഭ്രാന്തു തന്നെ.’
‘ദുഷ്ടൻ, ആ പാവം പെണ്ണിനെ ഭ്രാന്തിയാക്കി.’
‘നടികള്‍ അല്ലെങ്കിലും തേവിടിശ്ലികളാണു്.’
‘തേവിടിശ്ശികളോ?’
‘അതേ.’
‘അതെങ്ങനെ?’
‘നിന്റെ തള്ളയോടു് പോയി ചോദിക്കു്.’
‘അതിനു് എന്റെ അമ്മ ചത്തതല്ലേ.’
‘ചത്തവരും വർത്തമാനം പറയും.’
‘ആരു പറഞ്ഞു?’
‘അങ്ങനെയൊരു സിനിമയുണ്ടു്.’
‘ശരിക്കും?’
‘ഞാൻ മനസ്സിലാക്കിയിട്ടുണ്ടു്.’
ഇപ്പോള്‍ അതേ തീക്കൊള്ളികൊണ്ടാണു് മന്ത്രവാദിയുടെ ഭാര്യ സിനിമാടാക്കീസിനു തീ കൊടുത്തിരിക്കുന്നതു്. അവള്‍ ടാക്കീസിനുള്ളില്‍ തീവെന്തു മരിക്കാൻ മന്ത്രവാദിയെയും സിനിമാനടിയെയും തിരഞ്ഞെടുത്തിരിക്കുന്നു. മന്ത്രവാദിയുടെ ഭാര്യയുടെ പിറകെ അവൻ, തന്റെ സൈക്കിളില്‍, പിന്തുടര്‍ന്നു. പുഴയിലേക്കാണു് അവള്‍ ഓടിയതു്. ഒടുവില്‍ അവള്‍ പുഴയിലേക്കിറങ്ങുന്നതും അവൻ കണ്ടു, പുഴയുടെ കരയിലെ ഒരു മരച്ചോട്ടില്‍ അവൻ മറഞ്ഞുനിന്നു.
ഇനി എന്താണുണ്ടാവുക എന്നു് അവനു തീര്‍ച്ചയായിരുന്നു. കത്തുന്ന സിനിമാടാക്കീസ് രക്ഷപ്പെടുത്താൻ നാട്ടുകാര്‍ ശ്രമിക്കുമ്പോള്‍ ഇവള്‍ പുഴയിലെ വെള്ളത്തിലൂടെ ഒഴുകിപ്പോകും. സാരമില്ല. ഒഴുകിപ്പോകട്ടെ. സന്തോഷങ്ങള്‍ പങ്കിടാനോ അനുഭവിക്കാനോ അറിയാത്തവൾ. കഥ കേൾക്കാനോ കാണാനോ അറിയാത്തവൾ. അവൻ നോക്കിനില്ക്കെ അവള്‍ പതുക്കെ പുഴയിലേക്കിറങ്ങി. പുഴയില്‍ ഒരിടത്തുനിന്നു് മുങ്ങിനിവര്‍ന്നു. മുടിക്കെട്ടഴിച്ചു. ഒന്നുകൂടി മുങ്ങിനിവര്‍ന്നു. ചെറുപ്പക്കാരൻ, മരത്തിനു പിറകെ, അത്ഭുതത്തോടെ നോക്കിനിന്നു.
തനിക്കു് സങ്കല്പിക്കാൻ കഴിഞ്ഞതിലും അധികം സന്ദര്യമുള്ളവളാണു് മന്ത്രവാദിയുടെ ഭാര്യ എന്നു് അവനു തോന്നി. ഒരുപക്ഷേ, ഒരു സിനിമാനടിയെപ്പോലെത്തന്നെ. ഒരുപക്ഷേ, പുഴയില്‍ മുങ്ങിനിവര്‍ന്നതോടെ അവള്‍ സൌന്ദര്യവതിയായി. ഇപ്പോള്‍ അവളെ ശരിക്കും കാണാനായി അവൻ മരത്തിനു പിറകില്‍നിന്നും പുറത്തുവന്നു. മന്ത്രവാദിയുടെ ഭാര്യയും അവനെ കണ്ടു. ഈ സമയം, രാത്രിയിലേക്കു്, നിലാവും ഒഴുകിവന്നു.
മന്ത്രവാദിയുടെ ഭാര്യ ചോദിച്ചു;
‘നീ എല്ലാം കണ്ടു, അല്ലേ?’
അവൻ പറഞ്ഞു:
‘കണ്ടു.’
‘ടാക്കീസ് കത്തിച്ചതു്?’
‘കണ്ടു.’
‘ഓടിപ്പോരുന്നതു്?’
‘കണ്ടു.’
‘ഇപ്പോള്‍ ഇങ്ങനെയും എന്നെ കണ്ടു, അല്ലേ?’
‘ഉം?’
അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു. പുഴയില്‍ ഒരു തവണകൂടി മുങ്ങിനിവര്‍ന്നു. വീണ്ടും അവനെ നോക്കി പുഞ്ചിരിച്ചു. പതുക്കെ പിറകോട്ടു് തുഴഞ്ഞു… നിലാവില്‍ വീണ്ടും ഒരു സിനിമാനടിയായി… അവനെ ആ രാത്രി മുഴുവൻ മോഹിപ്പിക്കുന്നവളായി… ഇനിയും പിറകോട്ടു പോകുമ്പോള്‍ അവളെ കാണാതാകുമെന്നു് അവനു തോന്നി… അവൻ, വേഗം പുഴയിലേക്കിറങ്ങി, അവളുടെ അരികിലേക്കു് നീന്താൻ തുടങ്ങി…’
ജോണ്‍ കഥ നിറുത്തി ഞങ്ങളെ നോക്കി. ഒരു നിമിഷം നിശ്ശബ്ദനായി. പിന്നെ പൊട്ടിച്ചിരിച്ചു; ‘ഇപ്പോള്‍ മനസ്സിലായില്ലേ, സിനിമ സ്വർഗ്ഗത്തിലെ കലയാണെന്നു്…’
അതേ, സിനിമ ശരിക്കും സ്വർഗ്ഗത്തിലെ കലയാവണം, നോവല്‍ ഭൂമിയിലെ കലയായതുപോലെ. കഥയുടെ അസുലഭമായ ഒരു സന്ദര്‍ഭമാണു് ജോണ്‍ പറഞ്ഞതു്. പ്രത്യേകിച്ചും കഠിനമായ വ്രതനിഷ്ഠകളുള്ള ഒരു സെന്‍സര്‍ഷിപ്പ് അന്നു് ഇന്ത്യയിലുണ്ടായിരുന്നപ്പോൾ. ചുംബനങ്ങള്‍വരെ വേണ്ടെന്നുവെച്ചു്. മാതമല്ല, മുറുകെ പുണരുന്ന നായികാനായകന്മാര്‍വരെ, വെള്ളിത്തിരയില്‍, അന്നു് ശ്രദ്ധപുലർത്തും. തന്നെ പുണരുന്ന നായകന്റെ നെഞ്ചിനു് കുറുകെ നായിക അവളുടെ കൈകള്‍ വെക്കും, അവളുടെ മാറിടം നായകന്റെ നെഞ്ചില്‍ തട്ടാതിരിക്കാന്‍. എന്നാല്‍, അതേ മാറിടം, മോഹിപ്പിക്കുന്നവിധം തിരശ്ശീലയില്‍ കൂർത്തുനില്ക്കും. അവള്‍ കരയുമ്പോള്‍പ്പോലും അതു് നമ്മെ നോക്കും… ദുഷിച്ചവരായിരുന്നു നമ്മളും. സിനിമാടാക്കീസ് വിട്ടുവരാൻ മടിയുള്ളവര്‍…
ആ സെന്‍സര്‍ഷിപ്പിലേക്കാണു് ജോണിന്റെ കഥാന്ത്യം നീങ്ങിയതു്; നിറഞ്ഞു നിന്ന നിലാവില്‍ പുഴയുടെ ഓളങ്ങളില്‍, അതീവ സൗന്ദര്യത്തോടെ ഒരു സ്ത്രീയുടെ ഉടല്‍ കാണുകയായിരുന്നു… ഞാൻ തീര്‍ച്ചയായും…