മഴക്കാലം വന്നു.
അതുവരെയും ഇടവിട്ടു പെയ്ത മഴ പകലും രാത്രിയും ഒരുപോലെ പെയ്തു. മരങ്ങളില്‍ പെയ്യാതിരിക്കുമ്പോഴും മഴയുടെ ഓർമ്മയുണ്ടായിരുന്നു. ഒച്ച കാണിക്കാതെ.
എന്റെ അദ്ധ്യാപനം മുടങ്ങിയും തുടര്‍ന്നും അനിശ്ചിതത്വത്തിലായിരുന്നു. തങ്കം പഴയൊരു തുന്നല്‍മെഷിൻ വാങ്ങി വീട്ടില്‍ കൊണ്ടുവന്നിട്ടിരുന്നു. ഷീല മൂന്നാംക്ലാസ്സില്‍ പഠിക്കുകയായിരുന്നു.
ഒരു രാത്രി, ഞങ്ങള്‍, ഒരു വാതുവെപ്പുപോലെ ഒരു പാട്ടു് കെട്ടിച്ചമച്ചു. ഞങ്ങള്‍ ഉണ്ടാക്കിച്ചൊല്ലിയ വരികള്‍ മഴയെപ്പറ്റിയായിരുന്നു. ‘മാനം കാറ്റില്‍ പൊട്ടി ഓട്ട വീണേ മഴ പെയ്തേ…’ എന്നു ഞാൻ ആദ്യത്തെ വരി പാടിയപ്പോള്‍ ഷീല ഓർത്തോർത്തു ചിരിച്ചു, ‘ശീലക്കുട ഓട്ടയായതുപോലെ’ എന്നു പറഞ്ഞു. അതു് ഞങ്ങള്‍ പാട്ടിന്റെ രണ്ടാമത്തെ വരിയാക്കി. അവൾക്കു സന്തോഷമായി.
മഴ പെയ്തേ, ശീലക്കുട ഓട്ടയായതുപോലെ…
തങ്കം ചോദിച്ചു; ‘ഇനി ഞാനല്ലേ?’
കുറച്ചുമാത്രം തുറന്നുവെച്ച ജനലിനു പുറത്തു് മിന്നല്‍ മാറി മാറി വന്നു. ചിലപ്പോള്‍ ഇടി മുരണ്ടു. ചിലപ്പോള്‍ ഒച്ചയോടെ ജനലിനു പുറത്തു് കാറ്റു വന്നു് മൂട്ടി.
‘മിന്നല്‍ കാണിച്ച മഴ എത്തിനോക്കി.’
‘ജനലിലൂടെയോ?’
അല്ല’
‘പിന്നെ?’
‘കാല്ക്കല്‍ വന്നു്.’
‘കാല്ക്കലിലോ?’
‘അതെ.’
‘മഴയോ?’
‘അതെ.’
തങ്കം പാട്ടു് കഥയാക്കി. ഞാനും ഷീലയും അവള്‍ പറയുന്ന കഥ കേട്ടു കിടന്നു.
അവളുണ്ടാക്കിയ കഥ, നിരാലംബയായ ഒരു സ്ത്രീയാണു് മഴ എന്നാണു്. അതിനാല്‍ മഴയുടെ പ്രാർത്ഥന ഇടിയും മിന്നലിനോടുമാണു്. ഇടിയും മിന്നലും ദൈവമായിരുന്നു. എന്നെ ഭൂമിയോടൊപ്പം കഴിയാൻ അനുവദിക്കണം എന്നായിരുന്നുവത്രേ മഴയുടെ ആവശ്യം. ഇടിയും മിന്നലും മഴയുമായി ഓടി.
‘ഭൂമിയില്‍ നീ എങ്ങനെ കഴിയും?’ മിന്നല്‍ മഴയോടു് ചോദിച്ചു.
‘പുഴയായി കഴിയും,’ മഴ പറഞ്ഞു.
തങ്കം പറഞ്ഞ കഥയോടൊപ്പം ഞാൻ ‘പുഴയുടെ കരയിലെ വീട്ടി’ലും എത്തി. കഥകള്‍ തുണയാകുന്ന ഏകാന്തത, അച്ഛനും അമ്മയും മകളുമായി ഞങ്ങള്‍ പിന്നിടുന്ന രാത്രിയെ പതുക്കെ പതുക്കെ ചീത്ത ഓർമ്മകളില്‍നിന്നെല്ലാം കൊണ്ടുപോകുന്നതായിരുന്നു. ഞങ്ങളുടെ ദാരിദ്ര്യത്തില്‍നിന്നും.
ഞാൻ ‘പുഴയുടെ കരയിലെ വീട്ടിലെത്തി. മഴ കഴിഞ്ഞെത്തുന്ന ഒരു പ്രഭാതം. ഇലകളും മണ്ണും വെളിച്ചത്തില്‍ തിളങ്ങുന്നുണ്ടായിരുന്നു. തിളങ്ങുന്ന കണ്ണുകളുള്ള ഉറുമ്പുകളുടെ ഒരു നിര അതിശയകരമായ ഒരു സംഗീതത്തിന്റെ അകമ്പടിയോടെ നീങ്ങുന്നുണ്ടായിരുന്നു. അപ്പോഴും ഞാൻ തങ്കം പറയുന്ന കഥ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മഴയുടെ മോഹങ്ങള്‍ സമ്മതിക്കാമെന്നു് ഇടിയും മിന്നലും പറഞ്ഞു. പക്ഷേ, അവര്‍ മഴയറിയാതെ അവളെ വേറൊരു കുടുക്കിലും ഇട്ടു; എല്ലാ നിമിഷവും അവരെ മാത്രം ഓര്‍ക്കുക…
‘എന്നിട്ടോ?’ ഷീല ചോദിച്ചു.
‘അതുകൊണ്ടാണു് പുഴ നിറഞ്ഞൊഴുകുമ്പോഴും വറ്റിക്കൊണ്ടിരിക്കുന്നതു്,’ തങ്കം പറഞ്ഞു.
മകളോടൊപ്പം ഞങ്ങളും കുറച്ചുനേരം കഥ വന്നുപെട്ട നിശ്ശബ്ദതയില്‍ വന്നു. പതുക്കെ ഷീല ഉറക്കത്തിലേക്കും പോയി.
കിളികളുടെ ഒച്ചയും കാറ്റിന്റെ മൂളലും പിറ്റേന്നു വരാനുള്ള വെയിലിന്റെ തിളക്കവും അത്രയും സൂക്ഷ്മമായി തങ്കം പറഞ്ഞതു് എന്നെ ആഹ്ലാദത്തിലേക്കു കൊണ്ടുപോയിരുന്നു. ഇരുട്ടില്‍ കൈനീട്ടി ഞാൻ അവളുടെ കരം ഗ്രഹിച്ചു; പുറത്തു പെയ്യുന്ന മഴയ്ക്കൊപ്പം ആ രാത്രി, ഞങ്ങള്‍ പ്രണയിച്ചു. ഒരു സമയം നഗ്നരായി കിടപ്പുമുറിയിലെ ജനാലയ്ക്കല്‍ വന്നുനിന്നു് ഇരുട്ടില്‍ പെയ്യുന്ന മഴ കണ്ടു. ഞാൻ ‘പുഴയുടെ കരയിലെ വീടു്’ ഓർത്തു;
‘തീര്‍ച്ചയായും നമുക്കു് പുഴയുടെ കരയില്‍ ഒരു വീടു വേണം.’
‘വേണ്ട.’
‘ഉം?’
‘മഴക്കാലത്തു് പുഴ വീട്ടില്‍ വരും, എന്നെയും കൊണ്ടുപോകും.’
‘പോകട്ടെ.’
‘വേണ്ട.’
‘ഉം?’
‘കടല്‍ എനിക്കു് പേടിയാണു്.’
‘എനിക്കു് പേടിയില്ല.’
‘എനിക്കു നീന്താനറിയില്ല.’
‘ഞാൻ പഠിപ്പിക്കാം.’
പിറകില്‍ വന്നുനിന്നു് ഞാൻ തങ്കത്തിനെ പുണര്‍ന്നു. ‘നീന്തിക്കോളു’ എന്നു പറഞ്ഞു. അവള്‍ ഇക്കിളികൂട്ടി എന്റെ പിടി വിടുവിച്ചു…
ഒരുപക്ഷേ, ഇത്രയും വര്‍ഷങ്ങൾക്കു ശേഷവും ആ മഴയും രാത്രിയും ഓർമ്മയും എനിക്കു് കുളിര്‍ കോരിയിട്ടു. ആണിന്റെയും പെണ്ണിന്റെയും കൂട്ടു് എന്നാല്‍, ഹൃദ്യമായൊരു പ്രണയത്തിനുശേഷം ഒരു രാത്രി മഴ കണ്ടുകൊണ്ടു് നില്ക്കല്‍ മാത്രമാണെന്നു തോന്നും: നിങ്ങള്‍ ഒരുമിച്ചു് യാത്ര ചെയ്യുമ്പോഴോ, ഒരുമിച്ചു് ദൈവത്തിനു മുന്നില്‍ നില്ക്കുമ്പോഴോ എന്നതിനേക്കാളൊക്കെ—എന്റെ ഉള്ളംകൈകള്‍ പഴയ കാറ്റിന്റെ ഓർമ്മയില്‍ തണുത്തു.
ആദ്യത്തെ കാക്കയുടെ ശബ്ദത്തില്‍ത്തന്നെ പിറ്റേന്നത്തെ പ്രഭാതം ഞങ്ങളുടെ കണ്ണുകളില്‍ തട്ടി. മകള്‍ അപ്പോഴും ഉറങ്ങുകയായിരുന്നു. ഞാൻ എഴുന്നേറ്റു് ഉമ്മറത്തേക്കു് ചെന്നു. ഉദിച്ചു വരുന്ന സൂര്യനെ കാണാൻ കിഴക്കോട്ടു നോക്കി ഇരിക്കണമെന്നു് ആഗ്രഹിച്ചു. എന്നാല്‍, ഉമ്മറത്തേക്കുള്ള വാതില്‍ തുറന്നതും വാതില്‍പ്പടിയോടു ചേർത്തു്, തലേന്നു വീശിയടിച്ച കാറ്റും മഴയും നനയിച്ച നിലത്തു്, ചുരുണ്ടുകൂടി കിടക്കുന്ന ജോണിനെ കണ്ടു. മുഷിഞ്ഞ വസ്ത്രങ്ങളില്‍ അവൻ ഒരു തെണ്ടിയെപ്പോലെ ഉറങ്ങുകയായിരുന്നു. ഞാൻ വാതില്‍ ചാരി തിരിച്ചുവന്നു് തങ്കത്തിനോടു് ജോണ്‍ പുറത്തു കിടക്കുന്ന കാര്യം പറഞ്ഞു. അവൾക്കു് ആശ്ചര്യം തോന്നിയില്ല. തലേന്നത്തെ മഴയത്തു് അവൻ വന്നുകയറിയ സമയം അവള്‍ അറിഞ്ഞതു പോലെ.
ഞാൻ ചോദിച്ചു; ‘തങ്കം വല്ലതും കേട്ടുവോ, ജോണ്‍ എപ്പോഴായിരിക്കും വന്നിരിക്കുക?’
അവള്‍ എന്നെ നോക്കി കൈമലർത്തി കാണിക്കുക മാത്രം ചെയ്തു. വീണ്ടും ‘ഉറങ്ങാൻ പോകുന്നു’ എന്നു പറഞ്ഞു് മകളെ പുണര്‍ന്നു കിടന്നു. അവള്‍ ഉറങ്ങുകയില്ല എന്നു് എനിക്കു് അറിയാമെങ്കിലും.
ഞാൻ ജോണ്‍ വന്നിരിക്കാവുന്ന സമയം ഊഹിച്ചു; രാത്രി മഴ പെയ്യുമ്പോള്‍ തന്നെ. മഴ നനഞ്ഞു് ചിലപ്പോള്‍ മഴയത്തു് നൃത്തം വെച്ചു. കാലുകള്‍ തളര്‍ന്നപ്പോള്‍ വാതില്ക്കല്‍ വന്നു കിടന്നു. ഉറങ്ങാൻ തുടങ്ങി.
ഞാൻ വീണ്ടും ഉമ്മറത്തു വന്നു. കിഴക്കോട്ടു നോക്കി ഇരുന്നു. മഴയുടെ തണുത്ത ഓർമ്മയില്‍ സൂര്യൻ പ്രത്യക്ഷപ്പെട്ടതും എന്തുകൊണ്ടോ കടുത്ത വേനലിലേക്കാണു് ഇനി ആ ദിവസം തുറക്കുക എന്നു തോന്നി.
പ്രഭാതഭക്ഷണവുമായി അടുക്കളയില്‍ത്തന്നെ ഞങ്ങള്‍ ജോണിനെ കാത്തിരുന്നു. അതാണു് പതിവു്. എന്നാല്‍, അന്നു് അവൻ അടുക്കളയിലേക്കു് വരാതെ നിന്നു. തങ്കം ‘എന്നാല്‍, ഇന്നു് എല്ലാവര്‍ക്കും ഉമ്മറത്തിരിക്കാം’ എന്നു പറഞ്ഞു് ചെന്നു. പിറകില്‍ ഞാനും. ജോണ്‍ കുളി കഴിഞ്ഞു് വസ്ത്രങ്ങള്‍ മാറി, പോകാനുള്ള തയാറെടുപ്പിലായിരുന്നു.
‘നീ പോവുകയാണോ?’ ഞാൻ ചോദിച്ചു. ‘അതേ,’ ജോണ്‍ പറഞ്ഞു; ‘ഞാനൊരു കാര്യം പറയാൻ വന്നതാണു്.’
‘ജോണ്‍ ആദ്യം ചായ കുടിക്കൂ,’ തങ്കം പറഞ്ഞു.
അവൻ തങ്കത്തിന്റെ കൈയില്‍നിന്നു് ചായ വാങ്ങി, വിശപ്പുണ്ടാകും, ചായയോടൊപ്പം പ്ലേറ്റില്‍നിന്നു് ഇഡ്ഡലിയുമെടുത്തു് കഴിക്കാൻ തുടങ്ങി. ‘പതുക്കെ, സമയമുണ്ടു്’ എന്നു് തങ്കം പറഞ്ഞപ്പോള്‍ ജോണ്‍ അവളെ നോക്കി ചിരിച്ചു. പെട്ടെന്നു് തങ്കത്തിന്റെ കണ്ണുകള്‍ നനയുന്നതു് കണ്ടു.
‘ജോണ്‍ എന്തേ രാത്രി ഞങ്ങളെ വിളിക്കാതിരുന്നതു്?’ അവള്‍ ചോദിച്ചു.
‘ഞാൻ വിളിക്കുമെന്നുതന്നെ പേടിച്ചു,’ ജോണ്‍ പറഞ്ഞു: ‘പക്ഷേ, ഭാഗ്യം! വിളിച്ചില്ല.’
‘ഭാഗ്യം?’ തങ്കം അവനെ നോക്കി അത്ഭുതപ്പെട്ടു. പകരം അവൻ ചിരിക്കുക മാത്രം ചെയ്തു.
സിനിമ ഉണ്ടായതും ലോകത്തു് ആളുകള്‍ എന്നത്തേക്കാളും അധികം ഓർമ്മയുടെ പിടിയിലായി എന്നു് എനിക്കു് തോന്നിയിട്ടുണ്ടു്. സിനിമ അവരെ ഭൂതകാലത്തിന്റെ ഇരകളാക്കി. ഓർമ്മയെ സദാസമയവും കണ്ടുകൊണ്ടിരിക്കുന്നവരാക്കി.
ഒരുപക്ഷേ, ബാക്കി എല്ലാവരും എഴുന്നേറ്റു പോകുമ്പോഴും കഥ കഴിഞ്ഞും ടാക്കീസില്‍ ഇരിക്കുന്ന ഒരാളെപ്പോലെയാണു് ഇന്നും ഞാന്‍. സിനിമയുടെ ഒരു ഇരപോലെത്തന്നെ. രാത്രിയുടെ അറ്റത്തു് വയ്ക്കോല്‍കൊണ്ടും ഓലകൊണ്ടും കെട്ടിപ്പൊക്കിയ സിനിമാ ടാക്കീസ്, സിനിമാ പാരഡൈസോ, ജോണിന്റെ കഥയിലെ അഭിനേത്രിയെപ്പോലെ അകമഴിഞ്ഞ ക്ഷേമാന്വേഷണങ്ങളോടെ ബാക്കി നില്ക്കുകയായിരുന്നു. സിനിമാ ടാക്കീസ് ചോദിക്കും: ‘നിനക്കു് സുഖമല്ലേ?’ ‘നിന്നെ കാണാറില്ലല്ലോ,’ ‘നിനക്കു് ഇഷ്ടമായില്ലേ, ‘എന്നിട്ടു് പറയു’ എന്നിങ്ങനെയുള്ള വാക്കുകള്‍ തുടക്കത്തിലും ഒടുവിലുമായി പറയുന്ന വാചകങ്ങളുടെ മാസ്മരികമായ ഭംഗിയില്‍. അപ്പോഴൊക്കെയും ഏകാന്തമായ അറിയിപ്പുപോലെ ‘എന്റെ സിനിമേ!’ എന്നു് ഞാനും തുടങ്ങും…
ഒരു പക്ഷേ, കല, ഒരാള്‍ അയാളെപ്പറ്റി പറയാന്‍പോകുന്ന ഓർമ്മയാകണം. തന്നത്തനെപ്പറ്റിയുള്ള വാഗ്ദാനങ്ങള്‍ ഓര്‍ക്കാന്‍. തീര്‍ച്ചയില്ലാത്ത വാദം. അന്നു ജോണ്‍ ഞങ്ങളെ കാണാൻ വന്നതു് അവന്റെ സിനിമാക്കഥ കത്തിച്ചു കളഞ്ഞുവെന്നു് പറയാനായിരുന്നു. അതു് കേട്ടതും ഞങ്ങള്‍—ജോണ്‍, തങ്കം, ഞാന്‍—കുറ്റവാളികളെപ്പോലെയായി. അഥവാ, ഒരു കുറ്റകൃത്യത്തില്‍ ഗൂഢമായി പങ്കുചേര്‍ന്നതുപോലെ.
‘ഞാനെന്റെ പതിമൂന്നാമത്തെ സിനിമയുടെ തിരക്കഥ കത്തിച്ചു കളഞ്ഞു.’
തങ്കം അധികം നില്ക്കാതെ അകത്തേക്കു പോയി. കുറച്ചു കഴിഞ്ഞു് അവള്‍ പതിവിലും നേരത്തേ വീട്ടിലെ പണികള്‍ ചെയ്യാൻ തുടങ്ങി. ‘എന്തുകൊണ്ടു്?’ എന്നു ചോദിക്കാതിരിക്കാൻ ഞാനെന്നോടുതന്നെ പൊരുതിക്കൊണ്ടിരുന്നു. ജോണ്‍, ഒരുപക്ഷേ, അതു് പറയാതിരിക്കാനും.
ചായ കുടിച്ചതിനുശേഷം ജോണ്‍ പോകാൻ പുറപ്പെട്ടു. തങ്കം അവനെ യാത്രയാക്കാൻ വരുന്നില്ല എന്നു ഞാൻ ശ്രദ്ധിച്ചു. ഒരുപക്ഷേ, ഇനി ഒരിക്കലും ഞങ്ങള്‍ അവനെ കാണുകയുണ്ടാവില്ല എന്നും. ഞാൻ തങ്കത്തിനോടു് വിളിച്ചു പറഞ്ഞു; ‘ജോണ്‍ പോകുന്നു.’ അവള്‍ മൂളുക മാത്രം ചെയ്തു. ജോണ്‍ ഷീലയെ അന്വേഷിച്ചു. ഞാൻ അവള്‍ ഉറങ്ങുകയാണെന്നു പറഞ്ഞു. സഞ്ചിയില്‍നിന്നു് അവൻ ഒരു പെന്നെടുത്തു്, ‘ഇതു് മോൾക്കു് കൊടുക്കണം’ എന്നു പറഞ്ഞു.
ഒരു കാറ്റു വന്നു, മുറ്റത്തുനിന്നു്. അതെന്റെ കാലുകളെ തൊട്ടു. ഡിസംബറിലെ ആദ്യത്തെ ആഴ്ചയായിരുന്നു. ജോണിനോടു് നീ ക്രിസ്മസ്സിനു് എവിടെയുണ്ടാകുമെന്നു് ചോദിച്ചു. അവൻ ചിരിച്ചു. പെട്ടെന്നു് എല്ലാ മുറുക്കങ്ങളെയും നിരാലംബമായ ആ കാഴ്ച മറച്ചുവെക്കുകയും ചെയ്തു. അവൻ പറഞ്ഞു; ഒരു കുരിശിനു താഴെ, ശീര്‍ഷാസനത്തില്‍, ധ്യാനിക്കുകയായിരിക്കും.’
അതു് അവൻ അളവറ്റ നിരാശകൊണ്ടു പറഞ്ഞതാകും. ‘കുരിശില്‍ യേശുവുണ്ടാകും, ഇല്ലേ?’ എന്നു ഞാൻ ചോദിച്ചു. ചിരിച്ചുകൊണ്ടു വേണമായിരുന്നു അതു് ചോദിക്കാന്‍. ‘തീര്‍ച്ചയായും, ജോണ്‍ പറഞ്ഞു; ‘അല്ലെങ്കില്‍ എനിക്കെന്തുറപ്പു് എന്നെപ്പറ്റി?’
ആ സമയം മുറ്റത്തെത്തിയ അയല്‍വീട്ടിലെ പൂച്ചയെ കണ്ടു് ‘ഈ രാവിലെത്തന്നെ ഇവിടെ പുലി ഇറങ്ങിയോ’ എന്നു ചോദിച്ചു് അതിനെ പുറത്തേക്കോടിച്ചു. ജോണ്‍ പൂച്ചയുടെ പിറകെ ‘പുലിവാല്‍ പിടിച്ചുവല്ലോ’ എന്നു് പടികടന്നു പോയി. ഇടവഴിയില്‍നിന്നു് അവൻ വിളിച്ചുപറഞ്ഞു; ‘തങ്കം ഞാൻ പോയി…’
ആ ശബ്ദത്തിലേക്കെന്നപോലെ തങ്കം ഉമ്മറത്തേക്കു് ഓടി വന്നു. ഞങ്ങളുടെ കണ്ണുകള്‍ അവിശ്വാസത്തോടെ ഒരേ സമയം പിടഞ്ഞു കാണും. അങ്ങനെ നേര്‍ക്കുനേര്‍ കണ്ടപ്പോള്‍ അങ്ങനെ നില്ക്കാനാകാതെ ഞാൻ കിടപ്പുമുറിയിലേക്കു മടങ്ങി, തൊട്ടു മുന്‍പേ കാലില്‍ തൊട്ട കാറ്റു്, ഇപ്പോള്‍ എന്റെ ഉടലിനുള്ളിലുമായിരുന്നു.
തങ്കവും കഥ പറയുന്നു.