അക്കാലത്തു തന്നെ ഞാനൊരു പ്രബന്ധം എഴുതി- ‘ആധുനികതയും സാഹിത്യവും’. എന്റെ അറിവിന്റെ അവതരണത്തേക്കാൾ ഒരു എഴുത്തുകാരനാവാനുള്ള ആഗ്രഹത്തിന്റെ ശമനത്തിനു വേണ്ടി. പിന്നീടു് അതൊരു ആത്മഭാഷണം പോലെയായി. അല്ലെങ്കില്‍ ഞങ്ങളുടെ ‘ആധുനികത തന്നെ ഒരാൾ തന്നില്‍ നിന്നു തന്നെ വേര്‍പെടുന്ന രീതിയായാണു് സാഹിത്യത്തിലും തെളിഞ്ഞതു്. വ്യക്തിയെ സംബന്ധിച്ചു് ഒന്നിലധികം വാദങ്ങൾ ഒരുപക്ഷേ, മറന്നേ പോകാവുന്ന വിവരങ്ങള്‍, ആധുനികതയ്ക്കുണ്ടായിരുന്നു. റോഡില്‍നിന്നും അപ്പോഴും അപ്രത്യക്ഷമാകാതിരുന്ന കാളവണ്ടികൾക്കു മീതെ, ദൂരെ ആകാശത്തില്‍, വിമാനങ്ങൾ പറന്നിരുന്നെങ്കിലും നിരത്തുകൾ തന്നെയായിരുന്നു ‘ആധുനികത’ നേരിട്ട സ്ഥലം—ആലോചനയിലും സാഹിത്യത്തിലും.
എന്റെ വാദങ്ങൾ ഇപ്പോൾ ഞാൻ ഓര്‍ക്കുന്നില്ല. ഒരുപക്ഷേ, ആ വാദങ്ങൾ ഒന്നും ഞാനിപ്പോൾ ഉയർത്തുന്നുമുണ്ടാകില്ല. പക്ഷേ, ഇപ്പോഴും പച്ചയായി നില്ക്കുന്ന ഓർമ്മയുടെ ഒരാല്‍ബം ആല്‍ബേര്‍ കമ്യുവിന്റെ ‘The Rebel’ എന്ന പുസ്തകം തന്ന ചിത്രങ്ങളാണു്. ഒരു റോഡപകടത്തില്‍ അയാൾ മരിക്കുന്നതോടെ ‘ആധുനികത’യുടെ ഒരു ആലോചനാഘട്ടം കഴിയുകയും തുടങ്ങുകയും ചെയ്തു എന്നു് ഞാൻ എഴുതിയതായി ഓര്‍ക്കുന്നു. എന്തുകൊണ്ടാകും അങ്ങനെ?
എന്തായാലും ‘Rebel’ എന്നതു് ഒരു ജീവിതരീതിയേക്കാള്‍, ജീവിതവീക്ഷണത്തേക്കാള്‍, ജീവിതോപാധിയാവുന്ന പുതിയ ഘട്ടം ഞാൻ പേടിയോടെ നേരിട്ടു. ഒരുപക്ഷേ, ഞങ്ങള്‍, ’ആധുനികത’യോടൊപ്പം നിന്നവര്‍ മുഴുവനും: ആത്മഹത്യക്കു് സമാസമം നിന്ന ഒരേ ഒരു പ്രവൃത്തി ‘Rebel’ എന്ന സങ്കല്പം ജീവിതോപാധിയാവുക എന്നാണു്—ഇങ്ങനെ പോയി എന്റെ വാദങ്ങൾ. വാക്കുകൾ നല്കിയ ആത്മവിശ്വാസം എന്നെ ആശയങ്ങളിലേക്കു നയിച്ചു എന്നു പറയാം. ലോകം, പക്ഷേ, അതിലും വിശ്വാസ്യത കുറഞ്ഞതായിരുന്നു. ആത്മവിശ്വാസം എന്നതു തന്നെ ചിതറിയ കാറ്റുപോലെ ചുറ്റും മൂടിനിന്നപ്പോഴും.
വാസ്തവത്തില്‍ മലയാളത്തിലെ ആധുനികതയെ അന്വേഷിച്ചു ആ പ്രബന്ധം നോവലിനെയാണു് പരിശോധനയ്ക്കെടുത്തതു്. സ്വാഭാവികമായും, ആധുനികതയുടെ നായകനെത്തന്നെ ഞാൻ ആശ്രയിച്ചു. കമ്യു പറഞ്ഞു. ‘The novel is born simultaneously with the spirit of rebellion and expresses, on the aesthetic plane, the same ambition…’
‘എതിര്‍പ്പു്’ എന്ന സങ്കല്പം നോവലിനെ എങ്ങനെ ചരിത്രംപോലെത്തന്നെ വിശ്വാസയോഗ്യമാക്കുന്നുവെന്നു് ആ വരികളില്‍നിന്നും ഞാനും കണ്ടെത്തുകയായിരുന്നു. ഗദ്യത്തില്‍ എഴുതി ചരിത്രത്തോളം തന്നെ വിശ്വാസയോഗ്യമാക്കുന്ന പ്രവൃത്തി. രാത്രി ഞാനെഴുതിയ കടലാസുകൾ ഓരോന്നായി തങ്കം വായിച്ചു. ആധുനികതയെപ്പറ്റിയും ആത്മഹത്യയെപ്പറ്റിയും കമ്യുവിന്റെ വാദങ്ങളെ പിന്‍പറ്റി ആത്മഹത്യയെപ്പറ്റി പറയുന്ന ഭാഗങ്ങൾ അവൾ ശ്രദ്ധയോടെ വായിച്ചു. ചിലതൊക്കെ വ്യക്തമാവാൻ എന്നോടു ചോദിച്ചു. എനിക്കാകട്ടെ അതിലെ ഓരോ വരിയും എന്റെ തന്നെ ഞരമ്പുകളാണെന്നു തോന്നി. തങ്കം എന്റെ കഴുത്തിലും (ഒരുപക്ഷേ, കയര്‍ മുറുക്കേണ്ടുന്ന സ്ഥലം?) ചുണ്ടിലും (ഒരുപക്ഷേ, നാവു പുറത്തിടേണ്ടുന്ന സ്ഥലം) ഉമ്മ വെച്ചു. ‘സ്നേഹം രണ്ടുപേര്‍ തമ്മിലുള്ള സൌഹൃദത്തേക്കാൾ രണ്ടു പേര്‍ തമ്മിലുള്ള തുണയുടെ കാരണംകൂടിയാണു്,’ തങ്കം എന്റെ മുഖം രണ്ടു കൈകള്‍കൊണ്ടു് ചേർത്തു് അവളുടെ മുഖത്തിനു നേരെ പിടിച്ചു. ‘ശരിയല്ലേ?’ എന്നു് എന്റെ കണ്ണുകളില്‍ നോക്കി ചോദിച്ചു.
ഇപ്പോൾ ഓര്‍ക്കുമ്പോൾ അവ്യക്തങ്ങളായ ആശയങ്ങള്‍കൊണ്ടും അതിനേക്കാൾ മറവികൊണ്ടും ആ പ്രബന്ധം എന്റെതന്നെ ഓർമ്മയില്‍ മായാൻ തുടങ്ങിയിരുന്നു. ‘ആധുനികത’യുടെ ശരികള്‍ തന്നെ ഞാനോര്‍ക്കുന്നില്ല. ലോകം, അഥവാ നമ്മെ പഴയ മനുഷ്യരാക്കുന്നതു് ആദ്യം രൂപത്തിലല്ല, നമ്മെ പരിചയപ്പെടുത്തുന്ന ആശയങ്ങളിലാണെന്നു് എനിക്കു തോന്നുന്നു. ഉദാഹരണത്തിനു് ‘കലയും ജീവിതവും’ എന്ന വിഷയത്തെപ്പറ്റിയുള്ള പ്രഭാഷണം ആശയങ്ങളുടെ പഴമയെപ്പറ്റിയാകുന്നതു്. ഇങ്ങനെ എനിക്കു് ജോണിനെപ്പറ്റിയും പറയാം. ഒരു കലാകാരന്റെ ദരിദ്രജീവിതം, ഭൗതികമായതു്, അയാൾ തന്റെ കലയില്‍നിന്നും സ്വീകരിച്ചതല്ല എന്നതുകൊണ്ടുതന്നെ അനുതാപത്തിനു് അര്‍ഹമല്ലാത്തതാവുന്നു—ഇങ്ങനെ ഒരു ആശയം ഞാൻ പ്രകടിപ്പിക്കുന്നുവെങ്കില്‍ അതും ജോണിനെപ്പറ്റി എങ്ങനെ ശരിയാകും: ജോണ്‍ അവന്റെ പതിമൂന്നാമത്തെ തിരക്കഥ കത്തിച്ചു കളഞ്ഞതിനൊരു കാരണം തന്റെ സിനിമയ്ക്കു് പണം മുടക്കാൻ ആരുമില്ല എന്നതായിരുന്നു. ആ കാലത്തു് സിനിമയുടെ നിര്‍മ്മാണം ജനങ്ങൾ ഏറ്റെടുക്കുന്നു എന്നൊന്നും ജോണോ ഞങ്ങളോ ആലോചിച്ചിട്ടില്ല. പിന്നീടു് അതൊക്കെ വരുന്നുമുണ്ടു്.
എന്നാല്‍, ഇതിനെക്കാളൊക്കെ, ആ തിരക്കഥ കത്തിക്കാനുള്ള കാരണം അതിന്റെ കഥയില്‍ അതിലെ പ്രധാന കഥാപാത്രങ്ങൾ ഏറ്റെടുത്ത മാനസിക സംഘര്‍ഷങ്ങളായിരുന്നു. ചിരി വരും (ജോണിനു പോലും) അങ്ങനെ ആലോചിക്കുമ്പോൾ. സ്വന്തം കഥയിലെ കഥാപാത്രങ്ങളുടെ സംഘര്‍ഷങ്ങൾ താങ്ങാൻ കഴിയാത്ത അല്ലെങ്കില്‍ അഭിമുഖീകരിക്കാൻ കഴിയാത്ത എഴുത്തുകാരുടെ വിധി ഓർത്തു്. പക്ഷേ, ശരിക്കും അങ്ങനെയൊരു ചിരി കഠിനമായ വേദന കണ്ടെത്തുന്ന തുറമുഖമാണു്.
ജോണ്‍ പറഞ്ഞു; ‘കേരളത്തിലെ ഗ്രാമങ്ങളില്‍ സിനിമാക്കൊട്ടകകൾ കൊണ്ടുവന്ന ജീവിതം പ്രധാനമായും നഗരത്തിന്റെകൂടി ഓർമ്മയുള്ളതായിരുന്നു.’ ജോണ്‍ അനവധി സിനിമകളുടെ പേരു പറഞ്ഞു. അവയുടെ കഥകളും. വിചിത്രമെന്നു തോന്നാം, തന്റെതന്നെ കെട്ടുകഥയില്‍ ജോണ്‍ മാത്രമല്ല ആ കഥയോടൊപ്പം സഞ്ചരിച്ച ഞങ്ങളെല്ലാവരും അങ്ങനെയൊരു ആലോചനയുടെ മുനമ്പില്‍ എത്തിയിരുന്നു. നഗരത്തിലെ ജീവിതങ്ങൾ പരിചയമുള്ള ഒരു സ്ത്രീ, അഭിനേത്രി, ഘോരങ്ങളായ താത്പര്യങ്ങളും അതെല്ലാം പൂർത്തീകരിക്കാൻ എല്ലാ തന്ത്രങ്ങളും വിജയകരമായിത്തന്നെ മെനയുന്ന മന്ത്രവാദിയും—അവര്‍ ഒരുമിച്ചു ജീവിക്കുക പ്രയാസമായിരുന്നു.
ഒരു രാത്രി മന്ത്രവാദി തന്റെ മാന്ത്രികസിദ്ധിയുടെ ശക്തിയില്‍ സിനിമാനടിയുടെ മുറിയിലെത്തി.
ജോണ്‍ പറഞ്ഞ കഥയില്‍ അങ്ങനെയൊരു സന്ദര്‍ഭം കാത്തിരിക്കുന്നതു് മന്ത്രവാദിയുടെ ഭാര്യയാണു്. അവൾ തന്റെ ഭർത്താവിന്റെ അരികില്‍ ഉറങ്ങുന്നു എന്നു നടിച്ചുകൊണ്ടു് കിടന്നു. എന്നാല്‍, മന്ത്രവാദി, അവളറിയാതെ തന്നെ രണ്ടാളായിക്കഴിഞ്ഞിരുന്നു. തന്റെ ഭാര്യയുടെ വിശ്വാസത്തോടൊപ്പം ആയിരിക്കുമ്പോഴും അതില്‍ നിന്നും വേര്‍പെട്ടു് സിനിമാനടിയുടെ അരികിലും എത്തിയിരുന്നു. ഇവരില്‍ ആരാണു് യഥാര്‍ഥത്തിലുള്ള ആൾ എന്നറിയില്ല. ഒരാൾ അയാളുടെ കാമനകളില്‍ പ്രവേശിക്കുന്നതു തന്നെ അയഥാര്‍ഥമാകാം. അറിയില്ല.
മന്ത്രവാദി, ആ രാത്രിയില്‍, തന്റെ ഭാര്യയെ വിട്ടു് സിനിമാനടിയുടെ അരികിലേക്കെത്തുന്നതു് ചിത്രീകരിക്കേണ്ടതു് നേര്‍ക്കുനേരാണെന്നു് ജോണ്‍ പറഞ്ഞു; ‘അയാളുടെ മുഖം കാമനകളുടെ ഉത്സവം തല്ലുന്നതാണു്.’ ‘ലോകത്തെ എല്ലാ കാമനകളുടെയും ആരവം നിശ്ശബ്ദമായ ആഘോഷമാക്കുന്നതും മുഖമാണു്.’
വാതില്‍ തുറന്നു് അവളുടെ മുന്നില്‍ അയാൾ പ്രവേശിക്കുമ്പോൾ സിനിമാനടി ആ രാത്രിതന്നെ അവിടം വിട്ടുപോകാനുള്ള ഒരുക്കത്തിലാണു്. ഒളിച്ചോട്ടം തന്നെ. മന്ത്രവാദി വാതില്‍ അകത്തു നിന്നടച്ചു് അവളുടെ അരികിലേക്കു ചെന്നു.
‘നീ എവിടേക്കും പോകുന്നില്ല,’ മന്ത്രവാദി പറഞ്ഞു; ‘ഈ രാത്രിയില്‍ എന്നല്ല ഒരു രാത്രിയിലും.’
അവൾ തന്റെ ഒളിച്ചോട്ടം കണ്ടുപിടിക്കപ്പെട്ടതിനേക്കാൾ ഇനി ഉണ്ടാവാൻ പോകുന്ന രാത്രികള്‍ കൊണ്ടുതന്നെ അയാളെ ഭയപ്പെട്ടു.
‘എന്നെ തൊടരുതു്,’ സിനിമാനടി പറഞ്ഞു; ‘ഞാൻ നിന്നെ കൊല്ലും.’
ഇതാണു് തന്റെ കഥയില്‍ വന്നുപെട്ട ദുര്‍ഘടമായ സന്ദര്‍ഭമെന്നു ജോണ്‍ പറഞ്ഞു. ‘വാസ്തവത്തില്‍ പുതിയതായി ഒന്നുമില്ലാത്തതു്. ’കബളിക്കപ്പെടുന്ന ജീവിതത്തെപ്പറ്റി, അല്ലെങ്കില്‍, ആ കുറച്ചുകാലം കൊണ്ടുതന്നെ സിനിമകൾ പറഞ്ഞിരുന്നു. രണ്ടു പ്രശസ്തങ്ങളായ സന്ദര്‍ഭങ്ങള്‍കൊണ്ടു് ഈ കഥയും അങ്ങനെയായിരുന്നു.
- 1.
- മന്ത്രവാദി അവളെ ബലം ഉപയോഗിച്ചു് കീഴ്പ്പെടുത്തുന്നു. അവൾ അപമാനഭാരത്താല്‍ ആത്മഹത്യ ചെയ്യുന്നു.
- 2.
- അഭിനേത്രി ഒളിപ്പിച്ചുവെച്ച ഒരു കത്തികൊണ്ടു് മന്ത്രവാദിയെ കൊന്നു് തന്റെ അഭിമാനം സംരക്ഷിക്കുന്നു.
ഇതു രണ്ടും ജോണ്‍ വേണ്ടെന്നുവെച്ചു.
വാതില്‍ തുറക്കുമ്പോൾ മന്ത്രവാദി കാണുന്നതു് ഫിലിംറോളുകള്‍കൊണ്ടു് തന്റെ ഉടല്‍ മുഴുവൻ ചുറ്റി രൂക്ഷമായി നോക്കുന്ന അഭിനേത്രിയെയാണു്.
രണ്ടുവിധത്തില്‍ ആ കാഴ്ച മന്ത്രവാദിയെ ഭയപ്പെടുത്തി. ആദ്യമായും ഫിലിം റോളുകള്‍, പരിചയമില്ലാത്ത വസ്തു, സിനിമയുടെ കുടല്‍മാല, അയാളുടെ ഏതു തീര്‍ച്ചയേയും കെടുത്തുന്നതായിരുന്നു. രണ്ടാമതായി, അവളുടെ ഉടല്‍, ഒരു മോട്ടോര്‍ എൻജിൻപോലെ, ഉത്പാദിപ്പിക്കുന്ന ഉഷ്ണം.
‘രണ്ടും എനിക്കു് പരിചയമില്ല,’ ജോണ്‍ പറഞ്ഞു.
‘ഒരുപക്ഷേ, ഉടലിന്റെ അത്യുഷ്ണം സിനിമയില്‍ എനിക്കു് കൊണ്ടുവരാനേ ആവില്ല. ഞാനെന്തു കാണിക്കും?
രണ്ടു ദിവസമെങ്കിലും ജോണ്‍ തന്റെ കഥയുടെ സന്ദര്‍ഭത്തില്‍ വന്നു. എന്തു ചെയ്യേണ്ടു എന്നു തോറ്റു.
ഒരു സമയം ഫിലിം റോളുകൾ ഉടലില്‍ ചുറ്റിനിന്ന അവൾ ഒരു ദുര്‍ദേവത തന്നെ എന്നു് ജോണിനും തോന്നിയിരിക്കും. ആഭിചാരങ്ങളുടെ നായിക.
ഇപ്പോൾ അവളാണു് മന്ത്രവാദിയുടെ അരികിലേക്കു നടന്നു വന്നതു്. അവൾ അയാളെ ബലാത്കാരമായി പുണരുമെന്നു തന്നെ വന്നപ്പോൾ മന്ത്രവാദി അവളില്‍നിന്നു് രക്ഷപ്പെടാൻ ആഗ്രഹിച്ചു… അതിനും മുമ്പു് ഫിലിം റോളുകൾ ഉരുകുന്ന രൂക്ഷമായ ഗന്ധം അയാളെ പൊതിഞ്ഞു. പതുക്കെ അയാളുടെ കണ്ണുകൾ അടഞ്ഞു…
ഇരുട്ടിലേക്കു് ഒരു നിമിഷം മാത്രം കണ്ണുചിമ്മുന്ന കാമറ, പിന്നെ ഒരു പുലര്‍ച്ചയിലേക്കു് ഉണര്‍ന്നു. കാമറയുടെ ഏറ്റവും സമീപത്തുനിന്നു് ഒരു മണിയൊച്ചയോടെ സൈക്കിള്‍യാത്രക്കാരന്റെ (ബൈസിക്കിൾ തീഫ്) യാത്രയുടെ പിന്‍ദൃശ്യം കാണും. ഒരുപക്ഷേ, കഥയിലെ ചെറുപ്പക്കാരനാകാം അതു്. അയാൾ തന്നെ മതി. എന്നാല്‍, സൈക്കിളില്‍ അവന്റെ മുന്നിലിരിക്കുന്ന സ്ത്രീ, അഭിനേത്രി തന്നെയോ എന്നു തീര്‍ച്ചയില്ല—ആ ദൃശ്യം കണ്ണില്‍നിന്നു് മായുന്നതുവരെയും…
മൂന്നാമത്തെ രാത്രി, വളരെ വൈകി തെരുവിലൂടെ നടക്കുമ്പോൾ ജോണ്‍ വേറൊരു സന്ദർഭത്തിലെത്തി.
ഡിസംബറിലെ തണുപ്പുള്ള രാത്രി, തെരുവില്‍വെച്ചു് ജോണ്‍ ഒരു വൃദ്ധയെ കണ്ടു. ഒരു യാചകി. തണുപ്പു് അകറ്റാൻ അവരൊരു ചെറിയ തീക്കുണ്ഡം ഉണ്ടാക്കിയിരുന്നു. ജോണും അവരോടൊപ്പമിരുന്നു് തണുപ്പു മാറ്റി. തീ അണയുന്നതിനു മുന്‍പു് തന്റെ സിനിമാക്കഥയെഴുതിയ കടലാസുകളും സഞ്ചിയില്‍ നിന്നെടുത്തു് തീയിലിട്ടു. വൃദ്ധ ചോദിച്ചു; എന്താണിത്രയധികം കടലാസുകള്‍?’ ജോണ്‍ പറഞ്ഞു: ‘ഇതൊരു സിനിമാക്കഥയാണു്.’ വൃദ്ധ പറഞ്ഞു: ‘ഇങ്ങു താ ഞാനും കത്തിക്കാം.’ പകുതി കടലാസുകള്‍ ജോണ്‍ അവര്‍ക്കു് പകുത്തു നല്കി. ‘ഞാൻ ശിവാജി ഗണേശന്റെ സിനിമകൾ കാണാറുണ്ടു്’ വൃദ്ധ പറഞ്ഞു; ‘സിനിമ കാണാൻ പോകാൻ ഞാനൊരു സാരി സൂക്ഷിച്ചു വെച്ചിട്ടുണ്ടു്.’
ജോണ്‍ വൃദ്ധയുടെ കവിളില്‍ നുള്ളി. അവര്‍ ഒരു നായികയെപ്പോലെ ചിരിച്ചു…
‘ആ വൃദ്ധയെ നോക്കി, കഥ കത്തിത്തീരും വരെ ഞാൻ സന്തോഷത്തോടെ ഇരുന്നു.’
ജോണ്‍ പോയതിനു ശേഷം അവൻ പറഞ്ഞതു് വിശ്വസിക്കുന്നുണ്ടോ എന്നു് തങ്കം എന്നോടു് ചോദിച്ചു.
‘അവനെന്തിനു് കളവു പറയണം?’
‘ജോണ്‍ സിനിമാക്കഥ കത്തിച്ചുവെന്നതു് ശരിയാണു്, പക്ഷേ, എന്തുകൊണ്ടാണെന്നു പറഞ്ഞതു് വിശ്വസിക്കുന്നുണ്ടോ?’
‘ഒരുപക്ഷേ, വേറൊന്നും വേണ്ടാത്തവിധം ഒരു കഥ വഴിമുട്ടുമ്പോൾ നമ്മൾ ആ കഥ ഉപേക്ഷിക്കുന്നു.’
തങ്കം എന്നെ നോക്കി. ഒരുപക്ഷേ, പരിഹാസത്തോടെ.
തങ്കം പറഞ്ഞു; ‘അവൻ ഭയപ്പെടുന്നു, 13 എന്ന സംഖ്യയെ.’
ഞാൻ വിശ്വസിച്ചില്ല.
തങ്കം പറഞ്ഞു; ‘പതിമൂന്നാമത്തെ കഥ അങ്ങനെ അവനെത്തന്നെ ഭയപ്പെടുത്തി. അതു് അവനെപ്പറ്റിത്തന്നെയുള്ള കഥയായതുകൊണ്ടു്.’
തങ്കത്തിന്റെ ഒച്ച ഇടയ്ക്കൊക്കെയും പൊട്ടി. അവളുടെ വാക്കുകൾ എവിടെയൊക്കെയോ വീഴുന്ന കല്ലുകൾ പോലെ എന്നു തോന്നി. ഞാൻ അവളുടെ അരികിലേക്കു് ചെന്നു.
‘സിനിമ അവനും പേടിയാണു്. കഥയിലെ മന്ത്രവാദിയെപ്പോലെ,’ തങ്കം പറഞ്ഞു; ‘തന്റെ പതിമൂന്നാമത്തെ കഥ കത്തിച്ചു് ജോണ്‍ അവന്റെ ഭാഗ്യത്തിനു പിറകെ നടന്നു.’
ഞാൻ വിശ്വസിച്ചില്ല.
എന്തെന്നാല്‍, ‘ആധുനികത’ തന്നെ ഞങ്ങൾ അവിശ്വാസികൾ നിർമ്മിച്ച ലോകമായിരുന്നു. ദൈവം ഉണ്ടായിരുന്നില്ല, അവിടെ. ചെകുത്താൻ തീര്‍ച്ചയായും ഉണ്ടായിരുന്നപ്പോഴും. പതിമൂന്നു് എന്നു് അക്കത്തില്‍ 13 എന്നെഴുതി കാണുമ്പോൾ ഞാനും ഇഷ്ടപ്പെട്ടിരുന്നു, ജോണിനെപ്പോലെ.
13
‘ഒന്നിനു മുന്‍പില്‍ മുന്നും കൊതിച്ചു നില്ക്കുന്ന മൂന്നു്,’ ജോണ്‍ പറയും.