തങ്കത്തിന്റെ മനസ്സിന്റെ താളം തെറ്റുന്നു എന്നു് എനിക്കു തോന്നിയ നാളുകള്‍, ഞങ്ങള്‍ ഷീലയോടൊപ്പം തൃശ്ശൂരിലേക്കു വന്നു. വേണുവിന്റെ വീട്ടില്‍ താമസിച്ചു. തങ്കത്തിനെ വേണുവിന്റെ പരിചയക്കാരനായ ഡോക്ടര്‍ അസീസിനെ കാണിച്ചു.
നിശ്ശബ്ദമായും ചിലപ്പോള്‍ തുടരെ സംസാരിച്ചും തന്റെ തന്നെ ഏകാന്തതയുടെ വന്യത തങ്കം നേരിട്ടു, പലപ്പോഴും അവള്‍ കിടപ്പുമുറിയുടെ ചുമരിലേക്കു നോക്കിയിരുന്നു. ചുമരിലെ നിഴലുകള്‍ കഥാപാത്രങ്ങളാവുന്ന ഒരു സിനിമ കാണുന്ന വിധം, ദുഃഖകരമായ ആ ഇരിപ്പു്, എന്റെ മറ്റൊരു പേടിയില്‍ ഒരു സിനിമാക്കൊട്ടക പോലെത്തന്നെ തോന്നി.
വേണുവിന്റെ വീട്ടില്‍ ഷീലയെ നിറുത്തിയതിനുശേഷം അന്നു് ഞങ്ങള്‍ ഡോക്ടറുടെ അടുത്തേക്കു വന്നു. ആ സമയമൊക്കെയും അവള്‍ വേണുവിനോടു ഈ ദിവസം തന്നെ നീ എന്തിനു തിരഞ്ഞെടുത്തു എന്നു ചോദിച്ചു. അതു് ആ മാസം ഏഴാംതീയതിയായിരുന്നെങ്കിലും അവള്‍ പതിമൂന്നാണെന്നു് വിശ്വസിച്ചു.
‘പതിമൂന്നു് ചീത്ത അക്കമാണു്.’
ഒരാളുടെ ജീവിതം മറ്റു പലരും പറയുന്ന കെട്ടുകഥകൂടിയാണെന്നു് എനിക്കു തോന്നാൻ തുടങ്ങിയിരുന്നു. കെട്ടുകഥകള്‍ വാസ്തവങ്ങളില്‍ പാര്‍പ്പാകാൻ തുടങ്ങിയിരുന്നു. എല്ലാ കാലങ്ങളെയും വകതിരിവില്ലാതെ പകർത്തുന്ന കഥ പതുക്കെ ചുരുളഴിയാൻ തുടങ്ങുന്നു.
ഞാൻ പറഞ്ഞു ‘തങ്കം, ഇന്നു് ഏഴാംതീയതിയാണു്. മാത്രമല്ല, പതിമൂന്നു് ഒരു സംഖ്യ മാത്രമാണു്.’
തങ്കം എന്നെ നോക്കി. ഷീലയെ അന്വേഷിച്ചു. അവള്‍ ആശുപ്രതിയിലേക്കു് വന്നിരുന്നില്ല. വേണുവിന്റെ വീട്ടിലുണ്ടെന്നു് ഞാൻ പറഞ്ഞു.
‘അവിടെ എന്റെ മകനോടൊപ്പം അവള്‍ കളിക്കും,’ വേണു പറഞ്ഞു; ‘അവര്‍ സമപ്രായക്കാരുമാണു്.’
ഞാനതു് ശ്രദ്ധിച്ചിരുന്നു. വേണുവിന്റെ വീട്ടുമുറ്റത്തെ മാഞ്ചോട്ടിലേക്കു് അവൻ അവളുടെ കൈപിടിച്ചു കൊണ്ടുപോകുന്നതു് ഞാൻ കണ്ടു. അവർക്കു പിറകെ പോയ ഒരു ശലഭത്തെയും ഞാൻ കണ്ടു.
‘അച്ഛനും അമ്മയും വേണുമാമയുടെ കൂടെ ഒരു സ്ഥലംവരെ പോവുകയാണു്,’ ഞാൻ ഷീലയോടു് പറഞ്ഞു: ‘വേഗം വരാം.’
ഞാൻ അവളുടെ കവിളില്‍ ഉമ്മവെക്കുന്നതു് വേണുവിന്റെ മകനും കൌതുകത്തോടെ കണ്ടു. ഞാൻ അവനും ഉമ്മ കൊടുത്തു. അവന്റെ മുഖം പെട്ടെന്നു വിടർന്നു. വീടിന്റെ പൂമുഖത്തു് നിന്നിരുന്ന രശ്മി, വേണുവിന്റെ ഭാര്യ, ഞങ്ങളുടെ അടുത്തേക്കു് വന്നു. രശ്മി കുട്ടികളെ രണ്ടു പേരെയും ചേർത്തുപിടിച്ചു. ‘തങ്കത്തിനെ ശ്രദ്ധിക്കണം’ എന്നു പറഞ്ഞു.
ഒരുപക്ഷേ, നാല്പതോ നാല്പത്തഞ്ചോ ദിവസത്തോളം തങ്കം ഡോക്ടര്‍ അസീസിന്റെ ചികിത്സയിലായിരുന്നു. പലപ്പോഴും ഞാനും ആശുപ്രതി കെട്ടിടപരിസരത്തില്‍ ഒരു മുറിയില്‍ കഴിഞ്ഞു, അസീസ് ചെയ്തു തന്ന സൗകര്യങ്ങളോടെ. ഇടയ്ക്കൊക്കെ അയാള്‍ എന്റെ മുറിയില്‍ വന്നു. സാഹിത്യത്തിലും രാഷ്ട്രീയത്തിലും അയാൾക്കു് താത്പര്യമുണ്ടായിരുന്നു. ഒരു ദിവസം അസീസ് തങ്കവുമായി എന്റെ മുറിയില്‍ വന്നു. ഞാൻ ഒരു പുസ്തകം വായിച്ചിരിക്കുകയായിരുന്നു.
പകല്‍വെളിച്ചത്തില്‍ വാതില്ക്കല്‍ തങ്കത്തിനെ കണ്ടപ്പോള്‍ ഞാനൊരുവേള സ്തബ്ധനായി. ഡോക്ടറുടെ കൂടെയാണെന്നു് കണ്ടപ്പോള്‍ പെട്ടെന്നു് പലതും ഓർമ്മിച്ചു, ആലോചിക്കുകയും. ഞാൻ തങ്കത്തിന്റെ അടുത്തേക്കു ചെന്നു് അവളുടെ കൈകളില്‍ പിടിച്ചു. ഡോക്ടര്‍ പറഞ്ഞു: ‘തങ്കത്തിനു് പെട്ടെന്നു് താങ്കളെ കാണണമെന്നു തോന്നി. ഞാൻ കൂടെ കൊണ്ടുപോന്നു.’
ഞാനും ആശുപ്രതിയിലൊരിടത്തുണ്ടെന്നു് അവള്‍ അറിഞ്ഞിരുന്നില്ല. ഡോക്ടര്‍ തങ്കത്തിനോടു് പറഞ്ഞു; ‘തങ്കത്തിനെ പിരിയാനാകാതെ, തങ്കംപോലുമറിയാതെ, രാമു ഇവിടെ ഒളിച്ചുതാമസിക്കുകയാണു്.’
ഞങ്ങള്‍ നിന്നിടത്തേക്കു് പുറത്തുനിന്നും ഒരിളംകാറ്റു് വന്നു. വാക്കുകളുടെ ഓർമ്മയുള്ളതു്, പതുക്കെ ചിറകുകള്‍ വിരിക്കുന്നവ.
തങ്കവും ഞാനും എന്റെ കട്ടിലില്‍ ഇരുന്നു. ഡോക്ടര്‍ കസേരയിലും.
‘തങ്കവും പുസ്തകങ്ങള്‍ വായിക്കും, ഇല്ലേ?’ ഡോക്ടര്‍ ചോദിച്ചു.
‘ഉവ്വു്, ഡോക്ടര്‍,’ തങ്കം പറഞ്ഞു. ‘ആ അര്‍ത്ഥത്തില്‍ ഞാനും രാമുവും പുസ്തകപ്പുഴുക്കളുമാണു്.’
ഡോക്ടര്‍ തങ്കത്തിനോടു് ഏതു തരം പുസ്തകങ്ങളാണു് അധികം ഇഷ്ടം എന്നു ചോദിച്ചു. ഇഷ്ടമുള്ള എഴുത്തുകാരുടെ പേരും.
അന്നു് ഞങ്ങള്‍ കുറച്ചുനേരം പുസ്തകങ്ങളെക്കുറിച്ചു് സംസാരിച്ചു. എം. ടിയും മാധവിക്കുട്ടിയും ഒ. വി. വിജയനും ഞങ്ങളുടെ സംഭാഷണത്തില്‍ വന്നു. ഡോക്ടർക്കു് വിജയനെ പരിചയമുണ്ടായിരുന്നു. വിജയന്റെ സഹോദരിയുടെ വിദ്യാർത്ഥിയായിരുന്നു ഒരുസമയം അയാൾ. ഒരു ദിവസം ടീച്ചറുടെ ക്ഷണപ്രകാരം, കുട്ടികളുടെ ആവശ്യം പരിഗണിച്ചു്, അസീസും മറ്റു കുട്ടികളുംകൂടി വിജയനെ കാണാൻ പാലക്കാട്ടെ അവരുടെ വീട്ടിലെത്തി.
‘ഞങ്ങള്‍ ആറേഴു പേരുണ്ടായിരുന്നു. കൂട്ടത്തിലെ ഒരു കുട്ടിയുടെ പേരും തങ്കം എന്നായിരുന്നു, ഡോക്ടര്‍ തങ്കത്തിനെ നോക്കി ചിരിച്ചുകൊണ്ടു് ഓർമ്മിച്ചു. വിജയനോടു് അവൾക്കു് വലിയ ആരാധനയായിരുന്നു.’
‘വിജയൻ ഞങ്ങളുടെ ഓരോരുത്തരുടെയും പേര്‍ ചോദിച്ചു് പരിചയപ്പെട്ടു, തങ്കത്തിനോടും. തങ്കം എന്നു് അവള്‍ പറഞ്ഞപ്പോള്‍ വിജയൻ ‘തനി തങ്കമാണോ?’ എന്നു ചോദിച്ചു. അവളും വിട്ടുകൊടുത്തില്ല. ‘നൂറുമാറ്റു്’ എന്നു പറഞ്ഞു. വിജയൻ ‘നോക്കട്ടെ എന്നു ചിരിച്ചു, അവളോടു് വലതുകൈമുട്ടു് നിലത്തു് ഉരച്ചു കാണിക്കാൻ പറഞ്ഞു.’
‘തങ്കം വിജയന്റെ മുന്‍പില്‍ ചമ്രം പടിഞ്ഞിരുന്നു. കൈമുട്ടു് നിലത്തുരയ്ക്കുന്നതായി അഭിനയിച്ചു. അതു് ഒരു കൂട്ടച്ചിരിയിലുമെത്തി.’
ഡോക്ടര്‍ അസീസ് അതേ ഓർമ്മയോടെ യാത്ര പറയാൻ എഴുന്നേറ്റു. പെട്ടെന്നു് തങ്കം, ‘ആ കുട്ടി ഇപ്പോള്‍ എവിടെയാണെന്നു് ചോദിച്ചു. ഡോക്ടറും ആ ചോദ്യം പ്രതീക്ഷിച്ചതുപോലെയായിരുന്നു. അസീസ് അവളുടെ അടുത്തു വന്നു് തന്റെ മോതിരവിരലിലെ മോതിരം കാണിച്ചുകൊടുത്തു.
കുറച്ചുകഴിഞ്ഞു് വാര്‍ഡിലേക്കു് മടങ്ങണമെന്നും അതുവരെ എന്നോടൊപ്പം കഴിയാൻ തങ്കത്തിനു് അനുവാദം കൊടുത്തിരിക്കുകയാണെന്നും പറഞ്ഞു് ഡോക്ടര്‍ പോയി.
തങ്കം മകളെ കാണണമെന്നു പറഞ്ഞു. വീട്ടിലേക്കു് മടങ്ങണമെന്നും. അവള്‍ ഞാൻ വായിച്ചുകൊണ്ടിരുന്ന പുസ്തകം എടുത്തു നോക്കി. ആധുനികരെന്നു് വിശേഷിക്കപ്പെട്ട ചില കഥാകൃത്തുക്കളുടെ രചനകളുടെ ഒരു സമാഹാരമായിരുന്നു അതു്.
‘കഥകള്‍ ഇഷ്ടമായോ? തങ്കം ചോദിച്ചു.
‘ചിലതൊക്കെ,’ ഞാൻ പറഞ്ഞു.
‘എങ്കില്‍ ഇപ്പോള്‍ ഇതിലെ ഇഷ്ടപ്പെട്ട ഒരു കഥ എന്നോടു് പറയുമോ?’ തങ്കം ചോദിച്ചു.
ആശുപ്രതിമുറ്റത്തെ പൂന്തോട്ടത്തില്‍ ഇപ്പോള്‍ ഒരിളംകാറ്റു് പിച്ചവെക്കാൻ തുടങ്ങിയിരിക്കുമെന്നും കുറച്ചുകഴിയുമ്പോള്‍ കാറ്റു് ഈ മുറിയിലെത്തുമെന്നും എനിക്കു് ഉറപ്പുണ്ടായിരുന്നു. ആ സമയംതന്നെ, മുറിയിലെവിടെയോ ഒളിച്ചിരുന്ന വേറൊരു ഇളംകാറ്റു് വന്നു. പിന്നെ പൂന്തോട്ടത്തിലെ കാറ്റും വന്നു. ഇലകളുടെ മണമുള്ളതു്.
പുസ്തകത്തിലെ ഒരു കഥയും പക്ഷേ, എനിക്കു് ഓർമ്മ വന്നില്ല. ഓർമ്മ വന്നതു് ജോണിന്റെ സിനിമാക്കഥയിലെ ഒരു സന്ദര്‍ഭമായിരുന്നു. എന്തുകൊണ്ടും ആ ഓർമ്മ അപ്പോള്‍ത്തന്നെ എന്നെ ഭയപ്പെടുത്തി; കടലില്‍ മുങ്ങിച്ചാകാൻ പോകുന്ന പന്നികളുടെ കാഴ്ച.
ആ സമയം അങ്ങനെ ഒരു ഓർമ്മ കടന്നുവരാൻ പാടില്ലായിരുന്നു. അതും ഈശ്വരരഹിതമായ ഓർമ്മയിലേക്കു്. ‘പഴയെ നിയമ’ത്തിലെ പാപമുക്തിയില്ലാത്ത വരികള്‍കൊണ്ടായിരുന്നു പന്നികളെ ജോണും വര്‍ണ്ണിച്ചതു്. എന്നിട്ടു്, ‘പഴയനിയമത്തിലെ ദൈവത്തോടു്, ‘ഞങ്ങള്‍ മനുഷ്യരോടു്, മൃഗങ്ങളോടു്, വൃക്ഷലതാദികളോടു്, പൂക്കളോടു്, പുഴകളോടു്, മലകളോടു്, ഭൂമിയുടെ സകല അവകാശികളോടു് അസൂയപ്പെട്ടിട്ടു എന്തു കാര്യം തമ്പുരാനേ’ എന്നു ചോദിക്കും… എന്തായാലും പന്നികളുടെ കാഴ്ച ഓർമ്മിച്ചതു് ഞാൻ തങ്കത്തിനോടു് പറഞ്ഞില്ല. പകരം മറ്റൊരു കഥ പറഞ്ഞു.
ഒരു നാട്ടുമ്പുറത്തു് അസാധാരണമായ ചിറകുകളും ശരീരവുമായി പ്രത്യക്ഷപ്പെട്ട ഒരാളെപ്പറ്റി, അയാളെ അവിടത്തെ സ്ത്രീകൾ ഓർക്കുന്നതിനെപ്പറ്റി! മാർക്വേസിനെ അന്നു് ഞങ്ങൾക്കു് അധികം പരിചയമുണ്ടായിരുന്നില്ലെങ്കിലും ആ ഒരൊറ്റ കഥകൊണ്ടുതന്നെ ഞാൻ അയാളെ ഇഷ്ടപ്പെട്ടു. ഇപ്പോള്‍ തങ്കവും. അവള്‍ കഥ കേട്ടു് സന്തോഷത്തോടെ ‘ആധുനികത ഒട്ടും മോശമല്ല’ എന്നു പറഞ്ഞു. ശരിയായിരുന്നു അതു്.
ആശുപത്രിജീവിതം അവളെയും എന്നെയും ഞങ്ങളുടെതന്നെ വേറൊരു ജീവിതത്തിലേക്കും ഒരുക്കുന്നുണ്ടായിരുന്നു. ‘പുഴയുടെ കരയിലെ വീടു്’ ഏറക്കുറെ ഞാൻ ഉപേക്ഷിച്ചിരുന്നു. കഥയില്‍ തീര്‍ച്ചയായും. ജീവിതത്തിലാകട്ടെ പുഴയുടെ കരയിലെ വീടിനേക്കാള്‍, വീടു്, മനസ്സില്‍ത്തന്നെ തിരഞ്ഞുനടക്കുന്ന ഒന്നായി—ഒരു ഗോളം, ആകാശത്തും ഭൂമിയിലും കണ്ടുപിടിക്കാൻ കഴിയാതെ കഴിയുന്ന ഒരു പേടകംപോലെ…
തങ്കം അപ്പോള്‍ കേട്ട കഥയുടെ ഓർമ്മയിലേക്കുതന്നെ വീണ്ടും വന്നു.
‘നല്ല കഥ,’ തങ്കം പറഞ്ഞു: ‘ഒരുപക്ഷേ, അങ്ങനെ ഒരാളെ നമ്മുടെ വീട്ടുവളപ്പില്‍നിന്നു് ഞാൻ കുഴിച്ചെടുക്കും.’
‘തങ്കവും കഥ പറയുന്നു,’ ഞാൻ പറഞ്ഞു.
‘ആധുനികം, അല്ലേ?’ തങ്കം ചോദിച്ചു.
‘ശരിക്കും,’ ഞാൻ പറഞ്ഞു.
അവള്‍ പുസ്തകം എടുത്തു് മാറില്‍വെച്ചു് ‘ആർക്കറിയാം, ഞാനും കഥകള്‍ എഴുതില്ല എന്നു്’ എന്നു പറഞ്ഞു് വാര്‍ഡിലേക്കു് മടങ്ങാനൊരുങ്ങി.
തോന്നുന്നുവെങ്കില്‍ തീര്‍ച്ചയായും,’ ഞാനവളുടെ കൈകള്‍ പിടിച്ചുകൊണ്ടു പറഞ്ഞു: ‘അതേ, ആർക്കറിയാം…!’
തങ്കം പോകുമ്പോള്‍ അവൾക്കു പിറകെ അതുവരെയും മുറിയിലുണ്ടായിരുന്ന രണ്ടു കാറ്റും പോയി. മുറ്റത്തുചെന്നു് അവ പെട്ടെന്നു് മരങ്ങളിലേക്കു് ഉയർന്നു. ചില്ലകളെ കുലുക്കി.
മരക്കൊമ്പുകള്‍ കടലില്‍നിന്നും ഉയർന്നു വന്നതാണെന്നു് എനിക്കു് തോന്നി. ജോണിന്റെ കഥയിലെ വേറൊരു സന്ദര്‍ഭമായിരുന്നു അതും; വെള്ളത്തില്‍ തലനീട്ടി നീന്തുന്ന പന്നികൾ. അത്രയും അവനെഴുതിയതോ പറഞ്ഞതോ ആയിരുന്നു. എന്നാല്‍, എനിക്കിപ്പോള്‍, മരക്കൊമ്പില്‍, കൈപ്പടങ്ങളിലെന്നപോലെ, തൂക്കിയിട്ട പന്നികളെ കാണാനായി; പന്നികളുടെ ജഡങ്ങള്‍… ഈശ്വരരഹിതമായിരുന്നു ആ കാഴ്ചയും.
കഥ മാത്രമല്ല, ഭാവനയും ഞാൻ ഭയന്നു. ഞാൻ കണ്ണുകളടച്ചു.
പതിമൂന്നാമത്തെ സിനിമാക്കഥയിലെ
മന്ത്രവാദി.