ഒരു ദിവസം ഞങ്ങളുടെ മകള്‍ ഷീല, സ്കൂളില്‍നിന്നു് വരുമ്പോള്‍ കൂടെ ജോണുമുണ്ടായിരുന്നു. അവളുടെ പുസ്തകസഞ്ചി തന്റെ ചുമലില്‍ തൂക്കി മറ്റൊരു സ്കൂള്‍കുട്ടിയെപ്പോലെ. ഷീല ഒരു യാചകന്റെ കൂടെയാണു് വരുന്നതെന്നു തോന്നി എന്നു് ഞാൻ ജോണിനോടു് പറഞ്ഞു. ജോണ്‍ അവന്റെ വസ്ത്രങ്ങളില്‍ നോക്കി, ഷര്‍ട്ടിന്റെ കോളര്‍ മൂക്കിനോടടുപ്പിച്ചു് ഒരുതവണ മണത്തുനോക്കി, ‘ചിലപ്പോള്‍ ഞാൻ ഒരു യാചകന്‍തന്നെയാവും’ എന്നു പറഞ്ഞു; ‘പക്ഷേ, എന്റെ സഞ്ചിയില്‍ കോളജ് വാദ്ധ്യാന്മാരുടെ വസ്ത്രങ്ങളുമുണ്ടു്.’
‘ജോണ്‍ നിനക്കു് അദ്ധ്യാപകനാവാൻ ഇഷ്ടമാണോ?’ തങ്കം ചോദിച്ചു. അവള്‍ മകളുടെ സ്കൂള്‍വസ്ത്രങ്ങള്‍ മാറ്റി, അവളുടെ മേല് കഴുകിക്കാൻ കിണറ്റിന്‍കരയിലേക്കു് നടന്നു. കിണറ്റില്‍നിന്നു് വെള്ളം കോരുന്നതിനു മുന്‍പു്, ബക്കറ്റ് കിണറ്റിലെ വെള്ളത്തില്‍ തൊടുന്നതിനു മുന്‍പു് അവള്‍ വെള്ളത്തില്‍ അവളുടെ മുഖം കണ്ടിരിക്കും. മഴക്കാലം കഴിഞ്ഞു് കിണര്‍ നിറഞ്ഞിരുന്നതുകൊണ്ടു് ഒരു കണ്ണാടിയിലെന്നപോലെ അവൾക്കു് തന്റെ മുഖം കാണാൻ കിട്ടിയിരിക്കും. അവള്‍ അങ്ങനെ ശ്രദ്ധിച്ചുനോക്കുന്നതും തന്റെ മുടി കൈപ്പടം കൊണ്ടു് ശരിയാക്കുന്നതും കണ്ടു.
‘ഞാൻ ഇഷ്ടമാണെന്നു പറഞ്ഞാല്‍ തങ്കം എന്നെ ഇവന്റെ ട്യൂഷൻ സെന്ററിലെ വേറൊരു അദ്ധ്യാപകനാക്കും. അതുകൊണ്ടു് അദ്ധ്യാപകനാവാൻ എനിക്കിഷ്ടമല്ല,’
ജോണ്‍ കിണറ്റിന്‍കരയിലേക്കു് നോക്കാതെ വിളിച്ചുപറഞ്ഞു.
‘പിന്നെ എന്താവാനാണു് ഇഷ്ടം, സിനിമാക്കാരനല്ലാതെ?’
തങ്കം കിണറ്റിന്‍കരയില്‍നിന്നു് അവനെ തിരിഞ്ഞുനോക്കാതെ ഉറക്കെ ചോദിച്ചു.
ഞാനവരുടെ സംഭാഷണം കൗതുകത്തോടെ കേൾക്കുകയായിരുന്നു. കമ്പിയില്ലാക്കമ്പിപോലെ കൈമാറുന്ന സന്ദേശങ്ങൾ. ജോണ്‍ പറഞ്ഞു, പതിമൂന്നാമത്തെ സിനിമാക്കഥയിലെ മന്ത്രവാദിയുടെ തൊഴില്‍ അവന് ഇഷ്ടമാണെന്നു്. അവൻ ഒരു മന്ത്രവാദിയില്‍നിന്നു് മന്ത്രവാദം പഠിക്കാൻ തുടങ്ങിയിട്ടുണ്ടെന്നു പറഞ്ഞു. ചുട്ട കോഴിയെ പറപ്പിക്കാൻ പഠിച്ചു.
തങ്കം പറഞ്ഞതു് അവൾക്കു് തുന്നല്‍പ്പണിതന്നെയാണു് ഇഷ്ടം എന്നാണു്. ലോകത്തിലെ എല്ലാ സ്ത്രീകളും അറിയുന്ന ഒരു തുന്നല്‍ക്കട അവള്‍ തുറക്കുമെന്നു പറഞ്ഞു.
‘പുഴയുടെ കരയില്‍?’ ജോണ്‍ വിളിച്ചു ചോദിച്ചു.
‘തീര്‍ച്ചയായും, തങ്കം പറഞ്ഞു: ‘ഒരു തോണിയിലാകും വസ്ത്രങ്ങളുടെ വ്യാപാരം നടക്കുക.’
‘തോണിയുടെ നിറം?’ ജോണ്‍ ചോദിച്ചു.
‘നീല,’ തങ്കം പറഞ്ഞു. പിന്നെ തിരുത്തി; ‘അല്ലെങ്കില്‍ മഞ്ഞ.’
‘മഞ്ഞ?’ ജോണ്‍ ചോദിച്ചു.
‘ഉം,’ തങ്കം മൂളിയതു് ജോണ്‍ കേട്ടില്ല. അവൻ ഉത്തരത്തിനായി കിണറ്റിൻ കരയിലേക്കു് നടന്നു. ഉത്തരത്തിനു തന്നെയാകാം അവൻ തങ്കത്തിനു മുന്നില്‍ ചെന്നു നിന്നതും. അടുത്ത നിമിഷം ഞങ്ങളെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടു് തങ്കം ജോണിന്റെ തലയിലൂടെ അപ്പോള്‍ കോരിയെടുത്ത വെള്ളമൊഴിച്ചു. അപ്രതീക്ഷിതമായിരുന്നു, ജോണിനു് അതു്. ഒരു കുട്ടിയെപ്പോലെ തണുത്തുവിറയ്ക്കുന്നതു കണ്ടു. പിന്നെ കൊട്ടത്തളത്തില്‍ ഇരുന്നു. ഷീല അവന്റെ തലമുടി പിറകില്‍നിന്നും ഒരു തവണ വലിച്ചു് എന്റെ അരികിലേക്കു് ഓടിവന്നു. തങ്കം രണ്ടാമത്തെയും മൂന്നാമത്തെയും വെള്ളം അവന്റെ ശിരസ്സിലൂടെ ഒഴിച്ചു.
‘ഇനി ജോണ്‍ കുളിക്കു്’ എന്നു പറഞ്ഞു് തങ്കം തിരിച്ചുവന്നു. അവളുടെ മുഖം പ്രസന്നമായ ആഗ്രഹങ്ങള്‍കൊണ്ടു് തുടുത്തിരുന്നു. മകളെ തുവർത്താൻ തുടങ്ങുമ്പോള്‍, ‘അച്ഛൻ മതി’ എന്നു ഷീല പറയുന്നതു് കേട്ടപ്പോള്‍ മാത്രം തങ്കം എന്നെ നോക്കി. ഒരു നിമിഷം അവളുടെ കൃഷ്ണമണികള്‍ പതറിയതു് ഞാൻ ശ്രദ്ധിച്ചു. എനിക്കു് അത്ഭുതമാവില്ലായിരുന്നു അതു്. പക്ഷേ, ജോണ്‍ പറഞ്ഞ പതിമൂന്നാമത്തെ സിനിമാക്കഥയിലെ മന്ത്രവാദിയെ ആ നിമിഷംമുതലാണു് ഞാൻ നേരിടാൻ തുടങ്ങുക എന്നു തോന്നി. ഞാൻ തങ്കത്തിനോടു് പറഞ്ഞും:
‘നിന്റെ തോണി കടവിലേക്കു് അടുക്കുമ്പോള്‍ ഒരു മന്ത്രവാദിയാകുമോ തുണിക്കെട്ടിനു പകരം വന്നിറങ്ങുക?’
പെട്ടെന്നു് തങ്കത്തിന്റെ മുഖം മാറി. അവള്‍ മകളെ എന്റെ മുന്നിലേക്കു് നീക്കി, ‘മോള്‍ടെ തല തുവർത്തിക്കൊടുക്കു’ എന്നു പറഞ്ഞു് വീടിനകത്തേക്കുപോയി.
കിണറ്റിന്‍കരയില്‍ത്തന്നെ വിശദമായി കുളിക്കാൻ തുടങ്ങിയിരുന്നു ജോണ്‍. അവൻ ആറ്, ഏഴ് എന്നെണ്ണി വെള്ളം തലയിലൂടെ ഒഴിച്ചുകൊണ്ടിരുന്നു. ആ സമയം അവന്റെ കുളി കാണാനെത്തിയ ഒരു കാക്ക, കഴുത്തില്‍ ചാരവലയമുള്ളതു്, തൊട്ടപ്പുറത്തു് ഒരു ഭയവുമില്ലാതെ ഇരിക്കുന്നതു് കണ്ടു.
ജോണും കാക്കയെ കണ്ടു. ഇടയ്ക്കു് കാക്കയോടു് പലതും ചോദിച്ചു. അവനോടുള്ള ചോദ്യങ്ങൾക്കെന്നപോലെ ഉത്തരം പറയുകയും ചെയ്യുന്നുണ്ടായിരുന്നു.
കുളി കഴിഞ്ഞെത്തിയ അവനോടു്, ‘നിന്റെ കുളി ഞങ്ങള്‍ മാത്രമല്ല, ഒരു കാക്കയും കണ്ടു’ എന്നു ഞാൻ കളിപറഞ്ഞു.
‘ഉം,’ ജോണ്‍ പറഞ്ഞു; ‘അതെന്റെ അമ്മയായിരുന്നു.’
‘അതിനു് നീയോ നിന്റെ അമ്മയോ ഹിന്ദുവല്ലല്ലോ, കാക്കയാകാൻ,’ ഞാൻ വീണ്ടും കളിപറഞ്ഞു.
‘ഞാൻ മരിച്ചവരുടെ ഓർമ്മകൂടിയാണു്,’ ജോണ്‍ പറഞ്ഞു.
ഞാനവനെ കളിയാക്കി, ഇതൊന്നും ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരുടെയും ഓർമ്മയല്ല എന്നു പറഞ്ഞു. ‘മരിച്ചവരെ കൂടെ പിടിച്ചുനിറുത്തരുതു്, മരിക്കാൻ വിടണം.’
ഞാൻ പറഞ്ഞതു് ജോണിനു് ഇഷ്ടമായി. അവൻ എന്നെ നോക്കി രണ്ടു തവണ ശബ്ദമില്ലാതെ കൈകൊട്ടി.
‘എന്നെ അത്ഭുതപ്പെടുത്തിയതു് മറ്റൊരു സംഭവമാണു്. നീ കണ്ട ഈ കാഴ്ചയില്ലേ, ഇങ്ങനെ ഒന്നു് ഞാനെന്റെ സിനിമാക്കഥയിലും എഴുതിയിരുന്നു.’
അവൻ കാക്കയോടു് പറഞ്ഞതൊക്കെ എന്തെന്നറിയാൻ മകളും എന്റെ കൂടെക്കൂടി. മരിച്ചുപോയവര്‍ കാക്കകളാകുന്നുവെന്നു് ജോണ്‍ കഥയാക്കി പറഞ്ഞു. എങ്കില്‍ നമ്മള്‍ എങ്ങനെ നമ്മുടെ അമ്മയെയും അച്ഛനെയും കാക്കകളായാല്‍ തിരിച്ചറിയുക എന്നു് മകള്‍ ചോദിച്ചു. നമ്മള്‍ തിരിച്ചറിയുക കാക്കകള്‍ നമ്മളെ തിരിച്ചറിയുമ്പോഴാണെന്നു് ജോണ്‍ മകളോടു് പറഞ്ഞു. മുറ്റത്തു് അപ്പോഴും എന്തോ ഓർത്തുകൊണ്ടിരുന്ന കാക്കയെ ജോണ്‍ ഷീലയ്ക്കു് കാണിച്ചുകൊടുത്തു; ‘കണ്ടില്ലേ, എന്റെ അമ്മ എന്നെ കാണാൻ വന്നതു്.’
ഒരിക്കല്‍ അമ്മയോടൊപ്പം വേളാങ്കണ്ണി മാതാവിനെ കാണാൻ പോയ കഥ ജോണ്‍ പറഞ്ഞു, ഒരു രാവിലെ മുതല്‍ കുറെ രാവിലെകള്‍ കഴിഞ്ഞു് അവിടെ എത്തുമ്പോള്‍’ എന്നു്. എല്ലാ കഥപറച്ചിലുകാരെയുംപോലെ. എന്നാല്‍, ആള്‍ത്തിരക്കില്‍പ്പെട്ടു് അമ്മയെ കാണാതായതു് പറഞ്ഞപ്പോഴൊക്കെയും അവൻ തന്റെ ഓർമ്മയിലെ കുട്ടിയെപ്പോലെ ഭയപ്പെട്ടു.
‘അമ്മ എന്നെ ഉപേക്ഷിക്കാൻ വന്നതായിരുന്നു അവിടെ എന്നു ഞാൻ ഭയപ്പെട്ടു.’
അങ്ങനെ സംഭവിച്ചിട്ടില്ലായിരുന്നെങ്കിലും അങ്ങനെയാണു് ഉണ്ടായതു് എന്നു് ജോണ്‍ വിശ്വസിച്ചു. അതോടെ, അവന്റെ കുട്ടിക്കാലവും ഒരാൾക്കൂട്ടത്തിനകത്തു് പെട്ടു. പെട്ടെന്നു് വന്നുവീണ ഒരു പക്ഷിക്കുഞ്ഞുപോലെ. എപ്പോള്‍ വേണമെങ്കിലും ആരുടെയും ചവിട്ടു് ഏല്ക്കും എന്നു പേടിച്ചു്. ജീവനുണ്ടെന്നറിയിക്കാൻ ചിറകുകളും ഉടലും ചലിപ്പിച്ചു്.
‘അതുകൊണ്ടു മാത്രമാണു് നീ എപ്പോഴും നിന്റെ ചുറ്റും ആൾക്കൂട്ടത്തെ നിറുത്തിയതും,’ ഞാൻ ജോണിനോടു് പറഞ്ഞു: ‘നിന്റെ കുട്ടിക്കാലം വിളികേൾക്കാനും സംരക്ഷിക്കാനും നീ മുതിര്‍ന്നവരുടെ കൈയില്‍ ഏല്പിച്ചു കൊടുത്തതുപോലെ ഇപ്പോഴും.’
ജോണ്‍ എന്നെ രൂക്ഷമായി നോക്കി. ഒരു ആടിനെപ്പോലെ തല എന്റെ നേരെ നീട്ടി, അവന്റെ കണ്ണുകളില്‍ നോക്കാൻ പറഞ്ഞു. ഞാൻ നോക്കിയില്ല. ‘എന്റെ മുഖത്തേക്കു നോക്കു്’ എന്നു് എന്നോടു് ആജ്ഞാപിച്ചു. അതെന്നെ കോപാകുലനാക്കി. ഇപ്പോള്‍ ഞാൻ അവന്റെ കണ്ണുകളെത്തന്നെ നേരിട്ടു. അടുത്ത നിമിഷം അവനെന്റെ ചെകിടത്തു് അടിച്ചു. ആ സമയം അതു് പ്രതീക്ഷിക്കാത്തതുകൊണ്ടാകാം എന്റെ കണ്ണുകളില്‍നിന്നും പൊന്നീച്ചുകള്‍ പറന്നു. അവനെ തിരിച്ചടിക്കാന്‍തന്നെ ഞാൻ തീരുമാനിച്ചു. അവൻ മുറ്റത്തെ അരമതിലില്‍ കയറിനിന്നതും ഞാൻ അവനെ നിലത്തു വീഴ്ത്തി. അവന്റെ രണ്ടു ചെകിടത്തും അടിച്ചു. ഷീലയുടെ കരച്ചില്‍ കേട്ട തങ്കവും ഓടിവന്നു. തങ്കം ഞങ്ങളെ പിടിച്ചുമാറ്റി, അവളുടെ തുളുമ്പിയ കണ്ണുകള്‍ ഞങ്ങളെ നിശ്ശബ്ദരാക്കി.
ഉമ്മറത്തേക്കു കയറുമ്പോള്‍ ഞാൻ അവനെ ഒരു തവണ തിരിഞ്ഞുനോക്കി. അരമതിലില്‍ത്തന്നെ ഇരിക്കുകയായിരുന്നു, അവന്‍. നവോത്ഥാനകാലത്തെ യൂറോപ്യൻ ചിത്രകാരന്മാര്‍ക്കു കിട്ടിയ ഒരു മോഡല്‍പോലെ എന്നു്, അപ്പോൾത്തന്നെ, ആ ഇരിപ്പിനെ ഞാൻ ഓർത്തുവെങ്കിലും ജോണിനോടു് പറഞ്ഞില്ല. അല്ലെങ്കിലും ഞങ്ങളുടെ അപരാധങ്ങൾക്കും മുകളില്‍ ഉച്ചത്തിലായിരുന്നു ഞങ്ങളുടെ നിരപരാധിത്വങ്ങളും പാർത്തിരുന്നതു്. ഉമ്മറത്തേക്കു കയറാതെ, തിരിച്ചു് ഞാൻ അവന്റെ അരികിലെത്തിയതും അവനോടു് അകത്തേക്കു വരാൻ പറഞ്ഞതും, ജോണ്‍ ഒരു കുട്ടിയെപ്പോലെത്തന്നെയായി… അപ്പോഴും പേടിച്ചു നിന്നിരുന്ന ഷീലയുടെ മുന്നില്‍ ചെന്നു് ജോണ്‍ കുനിഞ്ഞിരുന്നു, വീണ്ടും, ഒരു കഥയിലെ വരിപോലെ, ‘ഇങ്ങനെ രണ്ടു് രാക്ഷസന്മാര്‍ രണ്ടു് ദൈവങ്ങളെപ്പോലെ അടിപിടികൂടി കഴിയുന്ന കാലത്തു്’ എന്നു പറഞ്ഞു, തങ്കത്തിനെ നോക്കി അവൻ ചിരിച്ചു; ‘വേണ്ട, ഞാൻ സിനിമാക്കാരൻ മാത്രമാണു്, സിനിമാക്കാരൻ മാത്രം ആയാല്‍ മതി’ എന്നു പറഞ്ഞു.
തങ്കം ചിരിച്ചപ്പോഴും കണ്ണുകള്‍ തുളുമ്പി.