ചിത്തരോഗാശുപത്രിയില്‍നിന്നു് തങ്കം വന്നിട്ടു് രണ്ടാഴ്ച കഴിഞ്ഞിരുന്നു. ആ ദിവസങ്ങളിലൊന്നില്‍ എനിക്കു് ജോണിന്റെ ഒരു കത്തു കിട്ടി. ‘ഞാൻ തങ്കത്തിനെ അവിടെ വന്നു കാണാൻ ആഗ്രഹിക്കുന്നു. സൌകര്യപൂർവ്വം എനിക്കൊരു മറുപടി എഴുതുക, കോട്ടയത്തെ മേല്‍വിലാസത്തില്‍’ ജോണ്‍ എന്നെഴുതി അതിനുനേരെ ഒരു കഴുതയുടെ മുഖം വരച്ചു. കത്തു് കാണിച്ചപ്പോള്‍ തങ്കം ചിരിച്ചു. അവള്‍ സ്കൂളില്‍നിന്നു് വന്ന മകളോടു് അവളുടെ കൂട്ടുകാരുടെ, അദ്ധ്യാപകരുടെ വിശേഷങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. ഷീലയും കത്തിലെ കഴുതയെ കണ്ടു പൊട്ടിച്ചിരിച്ചു. ചിലപ്പോള്‍ കഴുതയ്ക്കു പകരം അവൻ ആനയെയും വരയ്ക്കാറുണ്ടെന്നു ഞാൻ മകളോടു പറഞ്ഞു: ‘അവൻ ആനയുടെ മുഖം വേണമെന്നു് വലിയ ആഗ്രഹമായിരുന്നു.’
മകള്‍ ചോദിച്ചു; ’ഗണപതിയെപ്പോലെ?’ ഞാൻ പറഞ്ഞു; ‘അതേ,’ ഒരു കുടവയറനാകാനും.’ മഴ കഴിഞ്ഞ നാളുകള്‍, പ്രകാശമുള്ള പകലുകള്‍കൊണ്ടു് ഭംഗിയുള്ളവയായിരുന്നു. വീട്ടുമുറ്റത്തു്, ആ സമയം, പല രൂപങ്ങളുള്ള വെയിൽച്ചിത്രങ്ങള്‍ വരുമായിരുന്നു. വീട്ടുവളപ്പിലെ മരങ്ങളില്‍ പുതിയ പക്ഷികള്‍ പാര്‍ക്കാൻ തുടങ്ങിയിരുന്നു.
ഞങ്ങളുടെ വീട്ടുവാടക കൂട്ടിയിരുന്നുവെങ്കിലും ആ സ്ഥലം വിട്ടുപോകാൻ ഞാൻ ആഗ്രഹിച്ചില്ല. ചില സമയം ഉച്ചയ്ക്കു്, വീട്ടുമുറ്റത്തെ കിണറ്റില്‍ വെട്ടിത്തിളങ്ങുന്ന വെള്ളത്തില്‍ ആകാശത്തുനിന്നും പെയ്യുന്ന മോഹങ്ങളുടെ നിഴലുകള്‍ കാണുമായിരുന്നു. ഞാൻ അന്നുതന്നെ ജോണിനെഴുതി; ‘തീര്‍ച്ചയായും വരണം. എപ്പോള്‍ വേണമെങ്കിലും കിണറ്റിന്‍കരയില്‍നിന്നുള്ള കുളിയും നല്ല ഭക്ഷണവും ഏര്‍പ്പാടാക്കാം. കഥകള്‍ വല്ലതും എഴുതിയിട്ടുണ്ടെങ്കില്‍ കൊണ്ടു വരണം.’
ഞാനെഴുതിയ മറുപടിക്കത്തു് തങ്കത്തിനെ കാണിച്ചു. അവള്‍ ‘ഞാൻ സ്വന്തം രാമു’ എന്നെഴുതിയതിനു താഴെ അവളുടെ പേരുകൂടി വെക്കാൻ പറഞ്ഞു. ഞാൻ അവൾക്കു് പെന്നു് കൊടുത്തു. ‘താൻ എഴുതിക്കോളൂ’ എന്നു പറഞ്ഞു. എന്റെ പേരിനു നേരെ ഒരു ചെറിയ വരവരച്ചു് തങ്കവും’ എന്നെഴുതി, കത്തു് എനിക്കു് മടക്കിത്തന്നു.
ജോണ്‍ വന്നു. ഒരു പകല്‍. സൈക്കിളില്‍. സൈക്കിള്‍ അവൻ ആരോ കൊടുത്തതാകുമെന്നു ഞാൻ കരുതി. അങ്ങനെയായിരുന്നില്ല. മറ്റൊരു പട്ടണത്തില്‍നിന്നു് പുറപ്പെട്ടു് ഇവിടെ എത്തുന്നതിനു മുന്‍പു് അവന്റെ കൈയിലെ കാശു് കഴിഞ്ഞതുകൊണ്ടു് നടക്കാൻ തീരുമാനിച്ചു. നടന്നുവരുമ്പോള്‍ ഒരു സൈക്കിൾക്കട കണ്ടു. ആ സമയം കടയില്‍ ആരും ഉണ്ടാവാത്തതുകൊണ്ടു് ഒരു സൈക്കിള്‍ കടമായി വാങ്ങിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല എന്നു പറഞ്ഞു. ‘തിരിച്ചുപോകുമ്പോള്‍ ഞാനിതു് അവിടെത്തന്നെ വെക്കും. വാടക ചോദിക്കുകയാണെങ്കില്‍ ഞാൻ ഈ സൈക്കിള്‍ മാത്രം കത്തിക്കും.’ അക്രമങ്ങള്‍ പറയാനും അതിനേക്കാള്‍ അധികം അവ അഭിനയിച്ചു കാണിക്കാനും ജോണ്‍ താത്പര്യം കാണിച്ചിരുന്നു. ‘കത്തുന്ന ശിരസ്സുള്ള ദൈവത്തെ നീ കണ്ടിട്ടുണ്ടോ?’ എന്നു ചോദിച്ചു് ദൃഷ്ടികള്‍ മേല്പോട്ടാക്കി ജ്വലിച്ചുനില്ക്കുന്നപോലെ തല ഉയർത്തിപ്പിടിക്കും. ‘പഴയ നിയമത്തിലാണെങ്കില്‍ ഇങ്ങനെ ഇരിക്കും’ എന്നു കാണിക്കും.
വാസ്തവത്തില്‍ അവനൊരു ചീത്ത നടനായിരുന്നു. പക്ഷേ, അവന്റെ ഭാവന അവനെ എന്തുമാക്കുമായിരുന്നു, യാചകനും കള്ളനും പൊലീസും ദൈവവും. സൈക്കിള്‍ എടുത്തുവെക്കുന്നതിനു മുന്‍പു് അവൻ മകളെ പിറകിലിരുത്തി കുറെ തവണ ഞങ്ങളുടെ മുറ്റത്തു് സവാരി ചെയ്തു കാണിച്ചു. തങ്കം വന്നു കണ്ടപ്പോള്‍ അവളെ കൈകള്‍ കൂപ്പി വന്ദിക്കാൻ ശ്രമിച്ചു. സൈക്കിളില്‍ നിന്നു് വീഴാൻ പോയി. അപ്പോള്‍ ‘സൈക്കിളിനും അമ്മയെ പേടിയാണെന്നു പറഞ്ഞു.
ആ സൈക്കിള്‍ മോഷ്ടിച്ചതാണെന്നു കേട്ടപ്പോള്‍ തങ്കം അവനെ ’ബൈസിക്കിള്‍ തീഫ്’ എന്നു വിളിച്ചു. ബൈസിക്കിള്‍ തീവ്സ്’ എന്നും ദി ബൈസിക്കിള്‍ തീഫ്’ എന്നും ആ സിനിമ അറിയപ്പെടുന്നുവെന്നു് അവൻ പറഞ്ഞു. വിശ്വപ്രസിദ്ധമായ ആ സിനിമയുടെ പല സന്ദര്‍ഭങ്ങളും മുറ്റത്തെ സൈക്കിള്‍ ചുറ്റലില്‍ അവൻ പറഞ്ഞു, ഇറ്റലിയിലും മറ്റു രാജ്യങ്ങളിലും അക്കാലത്തുണ്ടായിരുന്ന ന്യൂവേവ് സിനിമകളെപ്പറ്റിയും.
ആ രാത്രി ഞങ്ങളോടൊപ്പം അവൻ തങ്ങി. നഷ്ടപ്പെട്ട തിരക്കഥയെപ്പറ്റി ചോദിച്ചപ്പോള്‍, തങ്കമാണു് അതു് ചോദിച്ചതു്, അവൻ ആ കഥതന്നെ മറന്നുപോയതുപോലെയായിരുന്നു. പക്ഷേ, നിര്‍ബന്ധിച്ചപ്പോള്‍ അവൻ ആ കഥ ഓർമ്മിക്കാൻ ശ്രമിച്ചു. ചില അനുക്രമങ്ങള്‍ പറഞ്ഞു് കഥ ഓർത്തു.
- ഒരു നാട്ടുമ്പുറം. പുഴയോരം. ഒരു സിനിമാടാക്കീസ്. അറുപതുകളുടെ ആദ്യമാണതു്. ഉച്ചയായിക്കാണും. പകല്‍ സിനിമ കാണാനെത്തിയവര്‍ ദൂരെ നിന്നു് സൈക്കിളില്‍ ഒരു ഇരുപതു വയസ്സുകാരൻ വരുന്നതു കാണുന്നു. സൈക്കിളില്‍ അന്നത്തെ സിനിമയുടെ നോട്ടീസും പോസ്റ്ററുകളും പശ നിറച്ച ബക്കറ്റും ഉണ്ടു്. ആൾക്കൂട്ടത്തിനു നടുവില്‍ ഒരു നായകനെപ്പോലെ അവൻ, സൈക്കിളില്‍ നിന്നിറങ്ങാതെ.
- അവിടെ എവിടെയോ ഒരു പുഴയുണ്ടു്. പുഴയുടെ തീരത്തു് ഒരു വീടും. ഒരുപക്ഷേ, ആ ഗ്രാമത്തില്‍ ഒറ്റയ്ക്കുകഴിയുന്ന ഒരു വീടായിരുന്നിരിക്കും അതു്. അവിടെ നാല്പതു വയസ്സുള്ള ഒരു പുരുഷനും മുപ്പത്തിരണ്ടു വയസ്സുള്ള ഒരു സ്ത്രീയും താമസിച്ചിരുന്നു. ഭർത്താവും ഭാര്യയും. അയാള്‍ ആ നാട്ടിലും അയല്‍ദേശത്തും അറിയപ്പെടുന്ന മന്ത്രവാദിയായിരുന്നു. അയാളുടെ ഭാര്യ, സുന്ദരിയാണു്. എപ്പോഴും എന്തോ നഷ്ടപ്പെട്ടതിനെപ്പറ്റി ഓർത്തിരിക്കുകയോ നടക്കുകയോ ചെയ്യുന്നവളാണു്. ഒരു വൈകുന്നേരം, തന്റെ വീട്ടുമുറ്റത്തു് നിശ്ശബ്ദനായി വട്ടംചുറ്റുന്ന ആ പൂവന്‍കോഴിയെ വീട്ടുമുറ്റത്തുതന്നെ ഇരുന്നു് നിരീക്ഷിക്കുകയാണു; മന്ത്രവാദി. വെളിച്ചം പിന്‍വാങ്ങാൻ തുടങ്ങുന്ന സമയം, അയാളുടെ ഭാര്യ പുഴയില്‍നിന്നു് കുളിച്ചു് ഒറ്റയ്ക്കു നടന്നുവരുന്നു.
- ചില വീടുകൾ. വീടുകളുടെ വാതില്‍ സാക്ഷയിട്ടു് പുറത്തേക്കിറങ്ങുന്ന ഗൃഹനാഥന്മാരും ഗൃഹനാഥകളും. ഇടവഴികളിലൂടെ ഓടിപ്പോകുന്ന കുട്ടികളും. ദൂരത്തുള്ള സിനിമാടാക്കീസില്‍നിന്നു് കേൾക്കുന്ന പാട്ട് അവരെയെല്ലാം സന്തോഷമുള്ളവരാക്കിയിരിക്കുന്നു. വഴിവിളക്കുകള്‍ തെളിഞ്ഞിരുന്നു. ചെറുപ്പക്കാരുടെ സംഘങ്ങള്‍ ടാക്കീസിനു പുറത്തു നില്പുണ്ടായിരുന്നു.
- സിനിമാടാക്കീസിന്റെ മുറ്റത്തു് സൈക്കിളില്‍ ഇരുന്നുകൊണ്ടുതന്നെ ചെറുപ്പക്കാരൻ കളിക്കാൻ പോകുന്ന സിനിമയെപ്പറ്റി ലക്ഷ്യം മറച്ചും ലക്ഷ്യം തെറ്റിച്ചും തനിക്കു് ചുറ്റും നിന്ന കുട്ടികളോടു പറയുന്നുണ്ടായിരുന്നു. അന്നത്തെ രാത്രിയിലെ ആദ്യത്തെ കാറ്റു്, കുളിരോടെ, ആ സിനിമാക്കൊട്ടകയുടെ നെറുകില്‍നിന്നും പുറപ്പെട്ട സിനിമ കാണാനെത്തിയ എല്ലാവരെയും തഴുകി മരക്കൊമ്പുകളിലേക്കു് മടങ്ങുന്നു.
ജോണ്‍ കഥ തുടര്‍ന്നില്ല, അഥവാ അനുക്രമങ്ങള്‍ തെറ്റി. വാസ്തവത്തില്‍ അവൻ ഉപേക്ഷിച്ച മൂന്നു കഥാസന്ദര്‍ഭങ്ങള്‍,
- തന്റെ വീട്ടുമുറ്റത്തു് വലംവെക്കുന്ന പൂുവന്‍കോഴിയെ നോക്കി ഇരിക്കുന്ന മന്ത്രവാദിക്കു് പിന്നീടുള്ള കഥ.
- പുഴയില്‍നിന്നു കുളിച്ചുവരുന്ന അയാളുടെ ഭാര്യക്കുള്ള കഥ.
- സൈക്കിളില്‍ ഇരിക്കുന്ന ചെറുപ്പക്കാരന്റെ പിന്നീടുള്ള കഥ, ഇവയുടെയൊക്കെ തുടര്‍ച്ചകള്‍ ജോണ്‍ മാറി മാറി കണ്ടുമുട്ടുന്നുണ്ടായിരുന്നു. ചിലതൊക്കെ പറയുകയും ചെയ്തു. എന്നാല്‍, തന്റെതന്നെ കഥയുടെ മറവിയില്‍ മുറ്റത്തു് വെളിപ്പെടാനിരിക്കുന്ന ഒരു ഭാവിയെ കാത്തിരിക്കുന്ന മന്ത്രവാദിയെപ്പോലെയാണു് അപ്പോള്‍ ജോണും. അവനു് വെളിപ്പെടാനിരിക്കുന്ന ഭാവി അവന്റെ സിനിമാക്കഥയേക്കാള്‍ അവന്റെതന്നെ ജീവിതത്തിന്റെ ഭൂതവും. പെട്ടെന്നു് അവൻ ഓര്‍ക്കുന്നതു നിറുത്തി തങ്കത്തിനോടു ചോദിച്ചു;
തങ്കം കഥ മുഴുവനും വായിച്ചിട്ടില്ലെന്നും പക്ഷേ, ജോണ്‍ പലപ്പോഴായി പറഞ്ഞ കഥ ചിലപ്പോഴൊക്കെ ഓർത്തിരുന്നു എന്നും പറഞ്ഞു. ‘ഇപ്പോള്‍ എന്തായാലും ഞാൻ ഒന്നും ഓര്‍ക്കുന്നില്ല.’
‘ഒന്നും?
ജോണ്‍ വീണ്ടും ചോദിച്ചു. അവള്‍ ഇല്ല എന്നു തലയാട്ടി. എങ്കില്‍ അവൻ എന്നോടു ചോദിക്കുമെന്നു ഞാൻ വിചാരിച്ചു. കാരണം, കഥ പറഞ്ഞ സന്ദര്‍ഭങ്ങളിലൊക്കെ ഞാനും ഉണ്ടായിട്ടുണ്ടു്. കഥയുടെ ചില ഭാഗങ്ങള്‍ ഞാൻ വായിച്ചിട്ടുമുണ്ടു്. പക്ഷേ, ഇപ്പോള്‍ അവൻ ഓർത്തുപറഞ്ഞ നാലു സന്ദര്‍ഭങ്ങളും, അവൻ പറഞ്ഞ കഥയുടെ ഭാഗമായി നില്ക്കുമെങ്കിലും, മുന്‍പു പറഞ്ഞ കഥയില്‍ ഉണ്ടായിരുന്നില്ല. ഒരുപക്ഷേ, അതു് അങ്ങനെയാകാം. കഥാപാത്രങ്ങള്‍ അവരുടെ കഥകള്‍ ഓര്‍ക്കാം. തങ്ങളുടെ കഥാസന്ദര്‍ഭങ്ങളില്‍ അതുവരെയും പെരുമാറിയതുപോലെയും അല്ലാതെയും പെരുമാറാം. ജീവിതം കഥയാക്കാൻ ഇഷ്ടപ്പെടുന്ന ആരും തീരുമാനിക്കുന്ന സന്ദര്‍ഭങ്ങള്‍, രസനീയം എന്നു് ആരും ആഗ്രഹിക്കുന്നതു്. ആ സമയം ഞാൻ മൌനം പാലിച്ചുവെങ്കിലും ജോണ്‍ പറഞ്ഞ കഥയിലെ ഒരു സന്ദര്‍ഭം കൃത്യമായും ഓർത്തു;
സിനിമാടാക്കീസിന്റെ മുറ്റത്തുനിന്നു് സൈക്കിളില്‍ അതിവേഗം പോകുന്ന ചെറുപ്പക്കാരന്റെ കാഴ്ച. വഴിവിളക്കുകള്‍ കത്തുന്ന റോഡുകള്‍ പിന്നിട്ടു്, ജോണ്‍ പറഞ്ഞതു് ഗ്രാമത്തിലെ നിരത്തുകളെല്ലാം ആ രാത്രി സൈക്കിളില്‍ അവൻ സഞ്ചരിക്കുന്നു എന്നാണു്. അവൻ പുഴയിലെത്തുന്നു. പുഴയിലേക്കു് സൈക്കിളോടെത്തന്നെ വീഴുന്നു. നിലാവില്‍ തിളങ്ങുന്ന പുഴയും സൈക്കിളിന്റെ തിരിയുന്ന ചക്രങ്ങളും ചെറുപ്പക്കാരന്റെ അത്ഭുതങ്ങള്‍ തേടുന്ന മുഖവും കാണുന്നു. ഇതേ സംഭവം കഥയുടെ പല സന്ദര്‍ഭങ്ങളിലും ആവർത്തിച്ചിരുന്നു. വഴിവിളക്കുകള്‍ കത്തുന്ന നിരത്തു്, സൈക്കിളില്‍ യാത്രചെയ്യുന്ന ചെറുപ്പക്കാരൻ, പുഴ, പുഴയിലേക്കു് വീഴുന്ന യാത, ഓരോ ഷോ തുടങ്ങുമ്പോഴും സിനിമാടാക്കീസന്റെ മുറ്റത്തുനിന്നും പുറപ്പെടുന്ന ഈ കാഴ്ചയായിരുന്നു വാസ്തവത്തില്‍ ജോണിന്റെ കഥയുടെ ചരടു്. പക്ഷേ, ഇപ്പോള്‍ അവൻ ഇതൊന്നും ഓർത്തതേയില്ല, ഓർത്തിരിക്കാവുന്ന തങ്കം അതു് പറഞ്ഞതുമില്ല. ഞാനാകട്ടെ, കഥ കേൾക്കാൻ ഇഷ്ടമുള്ള ഒരാളെപ്പോലെ ആ സമയം മുഴുവൻ മൌനം പാലിക്കാൻ നിശ്ചയിക്കുകയും ചെയ്തിരുന്നു.
![images/karunakaran-bicycle-23.png](images/karunakaran-bicycle-23.png)
ജോണ്‍ ഓര്‍ക്കുന്നതു നിറുത്തി ഹതാശമായ നർമ്മത്തില്‍ തന്നെത്തന്നെ നേരിട്ടു. ആ രാത്രിയിലും അവൻ ഞങ്ങളുടെ വീടിന്റെ ഉമ്മറത്തിണ്ണയിലിരുന്നു് പുറത്തേക്കു സൂക്ഷിച്ചുനോക്കി;
‘ഒരുപക്ഷേ, ആ കോഴി ഓര്‍ക്കുന്നുണ്ടാകും… ആ കോഴി ഈ വീട്ടുവളപ്പില്‍ എവിടെയോ നില്ക്കുന്നുമുണ്ടാകും… ഹേ, ആണ്‍കോഴി, ഓർമ്മശാലീ…’
അവന്റെ സ്വരത്തിലെ വിലാപം അവൻ പറയാൻ ആഗ്രഹിച്ച കഥയുടെ മറവിയെ പതുക്കെ അലിയിക്കുമെന്നു് എനിക്കു തോന്നി. അല്ലെങ്കില്‍, സിനിമാടാക്കീസില്‍നിന്നു് പുറപ്പെട്ടു്, സിനിമ കാണാനെത്തിയവരെ തഴുകി, മരക്കൊമ്പുകളിലേക്കു പോയ കാറ്റ്, ആ സമയം ഞങ്ങളുടെ വീട്ടുവളപ്പിലും ഞങ്ങളുടെ അടുത്തും എത്തി. എന്നല്ല, ആ സമയത്തുതന്നെ, ദൂരെ എവിടെനിന്നോ, ആ രാത്രിയിലും ഒരു കോഴി കൂവിയതും ആദ്യം തങ്കവും പിന്നെ ഞാനും പിന്നെ ജോണും പൊട്ടിച്ചിരിച്ചു.
കഥ മറവിയില്‍ത്തന്നെ നില്ക്കുകയും.
ആല്‍ബേര്‍ കാമ്യു കാറപകടത്തില്‍ മരിക്കുകയായിരുന്നു.