കടല്‍ക്കരയില്‍ കൂട്ടത്തോടെ എത്തിയ പന്നികളുടെ കാഴ്ച ഉപകഥയാവുന്ന ഒരു സന്ദര്‍ഭം ജോണിന്റെ കഥയിലുണ്ടായിരുന്നു. വെള്ളത്തില്‍ മുങ്ങിനിവരുകയും കരയിലേക്കു് തിരിച്ചു നീന്തുകയും ചെയ്യുന്ന പന്നികളെ കാണുന്ന സിനിമാനടിയും മന്ത്രവാദിയുടെ ഭാര്യയും, പന്നികളുടെ ശബ്ദം ആദ്യമാദ്യം കൌതുകത്തോടെ അനുകരിക്കുന്നതും പിന്നെ അവ മുങ്ങിത്താഴുമ്പോള്‍ ഭീതിദമായ രണ്ടു ശബ്ദങ്ങളില്‍ കരയുന്നതും.
രണ്ടു ശബ്ദത്തില്‍ ഒരേസമയം കരയുന്ന രണ്ടു സ്ത്രീകളെപ്പറ്റി ജോണ്‍ വാചാലനായി; അവര്‍ പഴയ നിയമത്തിലെ പെണ്ണുങ്ങളെപ്പോലെയായിരുന്നു. ഉഴുതുമറിക്കപ്പെട്ട വയലുകള്‍പോലെ സമൃദ്ധമായ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നിട്ടും സ്വാതന്ത്ര്യം ഇല്ലാത്തവര്‍, കരഞ്ഞുകൊണ്ടു് ദൈവത്തെ അകറ്റാൻ ശ്രമിച്ചവര്‍, അവരുടെ കരച്ചില്‍ നിങ്ങള്‍ കേട്ടിട്ടുണ്ടോ?
പകല്‍, മരങ്ങളുടെ നിഴലുകള്‍ വീണ മുറ്റത്തു് ചെടികൾക്കു മീതെയായിരുന്നു തങ്കം വസ്ത്രങ്ങള്‍ തോരാനിട്ടിരുന്നതു്.
ഒരു അയ്ക്കോല്‍ കെട്ടാനുള്ള കയര്‍ വാങ്ങിക്കൊണ്ടുവരാൻ പലതവണ തങ്കം എന്നോടു് പറഞ്ഞിരുന്നുവെങ്കിലും ഞാൻ മറന്നു. അഥവാ, മറവി അക്കാലത്തു് ഞങ്ങളുടെ ദാരിദ്ര്യത്തിന്റെ വലിയ സുഖങ്ങള്‍ ആയിരുന്നു.
ഇങ്ങനെയായിരിക്കും അപ്പോള്‍ ഞങ്ങളുടെ സംഭാഷണം;
‘തങ്കം ഞാൻ മറന്നതല്ല.’
‘ഒരു ദിവസം നമ്മള്‍ നോക്കുമ്പോള്‍ തലയില്‍ തുണിയിട്ടു നില്ക്കാൻ ഈ ചെടികള്‍ വിസമ്മതിക്കും. ഒന്നുകില്‍ അവയെ കാണാതാകും. അല്ലെങ്കില്‍ ഒരു രാത്രികൊണ്ടു്, ഒരൊറ്റ തീരുമാനംകൊണ്ടു് അവയൊക്കെയും വലിയ മരങ്ങളാകും.’
ഞാൻ തങ്കത്തിനെ ശ്രദ്ധിച്ചു. അവളുടെ കൌമാരം ഇതാ ഈ നിമിഷം കഴിഞ്ഞതേയുള്ളുവെന്നു തോന്നി. ‘എന്റെ തങ്കം നീ കവിയുമാണല്ലോ’ എന്നു ഞാൻ അവളെ ഉമ്മവെച്ചു. ആശ്ചര്യകരമെന്നു പറയട്ടെ, അവളുടെ തലയില്‍ നിന്നു് അപ്പോള്‍ ഒരു മണം വന്നു. എനിക്കു് പരിചയമില്ലാത്തതു്.
‘നീ എണ്ണ തേച്ചിട്ടുണ്ടോ, തലയില്‍?’
‘ഇല്ല.
‘വേറൊരു മണം.
‘അതിപ്പോള്‍ ഞാൻ പുറപ്പെടുവിച്ച മണം.’
‘എന്തു മണം?’
‘എന്റെ മണം.’
‘ഞാനറിയാത്തതു്?’
‘അതെ.’
അവള്‍ മുടി അഴിച്ചിട്ടു് കുടഞ്ഞു. ഞാനതില്‍ മുഖം പൂഴ്ത്തി അവളെ മുറുകെ പുണര്‍ന്നു.
ഒരു സന്ധ്യയായിരുന്നു അതു്. പക്ഷികള്‍ ആകാശത്തുനിന്നു് മടങ്ങുകയായിരുന്നു. ഞങ്ങള്‍ പാർത്തിരുന്ന വീട്ടുവളപ്പില്‍ വലിയൊരു പ്ലാവുണ്ടായിരുന്നു. അതിന്റെ ഉയരത്തെ കൊമ്പുകളില്‍ ചില പക്ഷികള്‍ താമസിച്ചിരുന്നു. പക്ഷികളുടെ ഉടലുകളില്‍നിന്നാകും ഒരു ഇളംകാറ്റും വന്നു… എന്തുകൊണ്ടാണു് ഒരാണും ഒരു പെണ്ണും ഇങ്ങനെ കെട്ടിപ്പിടിക്കുന്നതും ഉമ്മവെക്കുന്നതും ഇങ്ങനെ ഇണചേരുന്നതും എന്നു് ഞാൻ അന്നു് രതിക്കുശേഷം ആലോചിച്ചു: ഉത്തരങ്ങള്‍ പലതും വേണമെന്ന ശാഠ്യത്തില്‍.
എന്നാല്‍, ആ ദിവസത്തിന്റെ ഓർമ്മയേ ഇല്ലാത്തപ്പോള്‍, ‘കരഞ്ഞുകൊണ്ടു് ദൈവത്തെ അകറ്റാൻ ശ്രമിച്ചവര്‍, അവരുടെ, അതുപോലുള്ള സ്ത്രീകളുടെ, കരച്ചില്‍ നിങ്ങള്‍ ആരെങ്കിലും കേട്ടിട്ടുണ്ടോ’ എന്നു് കഥയിലെ രണ്ടു പെണ്ണുങ്ങളുടെ കഥ പറഞ്ഞു് ജോണ്‍ ചോദിച്ചപ്പോള്‍, അതുവരെയും വസ്ത്രങ്ങള്‍ തോരാനിടുകയായിരുന്ന തങ്കം ഞങ്ങളുടെ അടുക്കലേക്കു് വന്നു. ഞങ്ങള്‍—ഞാൻ, സത്യൻ, ബഷീര്‍—അവൾക്കു് പറയാനുള്ളതു് എന്തെന്നറിയാൻ കാത്തു. അവള്‍ ജോണിന്റെ മുന്നില്‍ ചെന്നുനിന്നു. അവനെ നോക്കി കണ്ണുകള്‍ ഉറപ്പിച്ചു കൊണ്ടു് ചോദിച്ചു; ‘നീ കേട്ടിട്ടുണ്ടോ?’
‘നീ…?’
ഞാൻ അദ്ഭുതപ്പെട്ടു. അവള്‍ ജോണിനെ അങ്ങനെ സംബോധന ചെയ്യുന്നതു് ഞാനാദ്യം കേൾക്കുകയായിരുന്നു. ആ ‘നീ’ കാര്‍ക്കശ്യത്തേക്കാള്‍ വെറുപ്പു് പ്രകടിപ്പിച്ചു.
‘നീ കേട്ടിട്ടില്ല,’ തങ്കംതന്നെ ഉത്തരം പറഞ്ഞു;
‘നിന്റെ ഈ കഥയില്‍നിന്നു് വന്ന കരച്ചിലും നീ കേട്ടിട്ടില്ല.’
ജോണ്‍ ഉമ്മറത്തെ തിണ്ണയില്‍ ഇരിക്കുകയായിരുന്നു. പെട്ടെന്നു് അവൻ താഴേക്കു് കലി വന്നവനെപ്പോലെ ചാടിയിറങ്ങി. തങ്കത്തിന്റെ മുന്നില്‍ നിന്നു.
കേട്ടിട്ടുണ്ടു്, എന്റെ കഥയിലെ എല്ലാ ശബ്ദങ്ങളും ഞാൻ കേട്ടിട്ടുണ്ട്. ഇതെന്റെ കഥയാണു്.’
ജോണ്‍ തങ്കത്തിനു നേരെ ചൂണ്ടാണിവിരല്‍ ചൂണ്ടി, പിന്നെ അതു മാറ്റി, അഞ്ചു വിരലുകളാക്കി, അതും മാറ്റി പത്തു വിരലുകളാക്കി ഒരു സിനിമാക്കാരന്റെ രീതിയില്‍ത്തന്നെ പിടിച്ചു. ഒരു ദൃശ്യം പകർത്താനുള്ള ഫ്രെയിം എന്നപോലെ, വിരിഞ്ഞുനിന്ന രണ്ടു കൈപ്പത്തികൾ. അതിനപ്പുറത്തു് അവന്റെ മുഖം. മുഖത്തെ ക്രോധം. അതിലുമധികം പുച്ഛം. ആ മുഖവും എന്നെ അത്ഭുതപ്പെടുത്തി.
ജോണ്‍ തങ്കത്തിനോടു് പറഞ്ഞു: ‘നിന്റെ കരച്ചിലും കേട്ടിട്ടുണ്ടു്.’
ഞാൻ തങ്കത്തിനെ നോക്കി. അവളുടെ ഉണ്ടക്കണ്ണുകള്‍ വേഗം വേഗം നനയാൻ തുടങ്ങുന്നതും അതിലും വേഗം കണ്ണീര്‍കൊണ്ടു നിറയുന്നതും, അതിലും വേഗം നിറഞ്ഞൊഴുകുന്നതും കണ്ടു. എന്നാല്‍, അതിലുമധികം നനവോടെ അവള്‍ ജോണിനെ നോക്കി തുപ്പി.
ഇതു് ഞങ്ങള്‍ പ്രതീക്ഷിച്ചില്ല.
ജോണും.
പെട്ടെന്നു്, കണ്ട കാഴ്ചയില്‍നിന്നു് വേര്‍പെട്ടതും, ഞാൻ തങ്കത്തിന്റെ അരികിലേക്കു് ചെന്നു. അതേ വേഗതയില്‍ ‘തൊടരുതു്’ എന്നു് അവള്‍ അലറി, പിറകോട്ടു നീങ്ങിനിന്നു.
തുപ്പല്‍ വീണ വസ്ത്രത്തോടെ, അല്ലെങ്കില്‍ ശരീരത്തോടെ, ആരോടും ഒന്നും പറയാതെ ജോണ്‍, അവന്റെ പിറകെ മറ്റുള്ളവരും പോയി. അതിനും മുന്‍പു്, ജോണ്‍ തങ്കത്തിനെ നോക്കി. ഒരൊറ്റനിമിഷംകൊണ്ടു് അഴുകിയ ശരീരത്തോടെ.
കുറച്ചു കഴിഞ്ഞപ്പോള്‍ ഞാൻ തങ്കത്തിനോടു് ഇങ്ങനെയൊക്കെ ഉണ്ടായതില്‍ വിഷമമില്ലേ എന്നു ചോദിച്ചു‘ ജോണ്‍ നമ്മുടെ സുഹൃത്തല്ല?’
‘എനിക്കറിയില്ല’, തങ്കം പറഞ്ഞു; ‘പക്ഷേ, ഒന്നു പറയാം, ഇന്നു മുതല്‍, ഞാൻ കരയുന്നതു് കേട്ടിട്ടുണ്ടെന്നു് ജോണ്‍ പറഞ്ഞതുമുതല്‍ എനിക്കു് ഭ്രാന്തായിരിക്കുന്നു.’
ഞാൻ പേടിച്ചു.
‘ഭ്രാന്തു്?
‘അതെ.’
ഞാൻ തങ്കത്തിന്റെ കൈകളില്‍ പിടിച്ചു് അവളെ എന്റെ അരികിലിരുത്തി. അവൾക്കു ഭയങ്കരമായി പനിക്കുന്നുണ്ടായിരുന്നു. അതു് വെറുംപനിയല്ല എന്നും ഭ്രാന്തായതിന്റെ പനിയാണെന്നും അവള്‍ പറഞ്ഞു.
ആയിരിക്കും. അത്രയും ചൂടുണ്ടായിരുന്നു അവൾക്കു്.
കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ഭ്രാന്തായതുകൊണ്ടാകാം, അവള്‍ ഒരു പാട്ടു മൂളാൻ തുടങ്ങി. ഒരു പഴയ ചലച്ചിത്രഗാനമായിരുന്നു അതു്.
പാട്ടു കേൾക്കേ, നുണ വേണ്ടാതെ, അല്ലെങ്കിലും ഭ്രാന്തിലെത്താൻ പറ്റൂ എന്നു തോന്നി.