അത്ഭുതങ്ങള്‍ കഴിഞ്ഞിരുന്നു, ഭാഗ്യങ്ങള്‍ തേടാൻ തുടങ്ങിയിരുന്നു. കാറ്റു് ഒരു പരവതാനിയാണെന്നും അതിന്റെ പുറത്തിരുന്നാല്‍ സന്തോഷകരങ്ങളായ പാതകള്‍ കാണാമെന്നും ഞാൻ സ്വപ്നം കാണുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നുണ്ടായിരുന്നു. അതിനാല്‍ അക്കാലത്തെ കാറ്റുകളോരോന്നും ഞാനിപ്പോഴും വേറിട്ടു് ഓർമ്മിച്ചു; കഥകളില്‍ ഉള്ളവ, സ്വപ്നങ്ങളില്‍ ഉള്ളവ, ജീവിതത്തില്‍ ഉള്ളവ എന്നു്.
ഞങ്ങള്‍ താമസിച്ചിരുന്ന വാടകവീടു് ഉപേക്ഷിക്കാൻ സമയമായിരുന്നു. വാടകയ്ക്കുള്ള പൈസ തികയ്ക്കാൻ ഞാൻ ബുദ്ധിമുട്ടാൻ തുടങ്ങുകയായിരുന്നു. തങ്കം ഏറെയും അവളുടെ രോഗത്തില്‍ത്തന്നെ കഴിഞ്ഞു. മുറ്റത്തു ചെന്നു നില്ക്കാനും പിന്നെ വീട്ടിലേക്കു് കയറാതിരിക്കാനും അവള്‍ കൂടുതല്‍ ശ്രദ്ധകാണിച്ചു. കിണറ്റിന്‍കരയില്‍ പോയി കിണറ്റിലേക്കു നോക്കി മുഖം ഭംഗിയാക്കി. എന്റെ ശ്രദ്ധ അവളുടെ കൂടെയായതിനാല്‍ അദ്ധ്യാപനം ഉപേക്ഷിച്ചു. ആ സമയം കവിതകളും ലേഖനങ്ങളും എഴുതി മാസികകളിലേക്കു് അയച്ചു. ദാരിദ്യത്തേക്കാള്‍ അതു് എനിക്കു് ദുഃഖം തന്നു. അവ അച്ചടിച്ചു വന്നിരുന്നുവോ എന്നു് അറിയുന്നതിനേക്കാള്‍ അവയ്ക്കു് കിട്ടുന്ന ചെറിയ പത്രിഫലത്തിനു ഞാൻ കാത്തിരുന്നു. മാത്രമല്ല, അക്കാലത്തെ സ്വപ്നങ്ങൾക്കുള്ള ആശ്ചര്യകരങ്ങളായ കഴിവുകള്‍ കവിതയില്‍ പ്രകടിപ്പിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. അങ്ങനെ ജീവിതം ഓർമ്മിക്കുകയും ചെയ്തിരുന്നു.
ആല്‍ബേര്‍ കാമ്യു കാറപകടത്തില്‍ മരിച്ചതു് ഓര്‍ക്കുന്ന കാക്കയെയും കഴുതയെയും പറ്റിയുള്ള കവിത ഞാനെഴുതിയതു് ആ കാലത്താണു്. ഇങ്ങനെയാകും ആ വരികള്‍ എന്നു തോന്നുന്നു. ഓർമ്മ എന്റെ കവിതയെ പഴയതാക്കുന്നില്ലെങ്കിലും എഴുത്തിന്റെ ലോകം മായാൻ തുടങ്ങിയിരിക്കുന്നു, കണ്ണുകളുടെ കാഴ്ച പതുക്കെ നഷ്ടപ്പെടാൻ തുടങ്ങിയതുപോലെ.
മരിക്കുകയായിരുന്നു’-
കാക്ക കഴുതയോടു പറഞ്ഞു.
രണ്ടു മിത്രങ്ങൾ.
രണ്ടാംലോകമഹായുദ്ധകാലത്തുനിന്നും
വന്ന പുണ്യാത്മാക്കള്‍
ഇപ്പോഴും പിടികൊടുക്കാത്ത ഉറക്കത്തില്‍
കണ്ടുമുട്ടിയവര്‍.
‘എന്നിട്ടും, കാക്ക കഴുതയുടെ ചെവിയില്‍
പറഞ്ഞു;
‘അറുപതുകളും എഴുപതുകളും ഉണ്ടായി.
സമരങ്ങള്‍ ഉണ്ടായി
വിപ്ലവങ്ങള്‍ ഉണ്ടായി
വെള്ളപ്പൊക്കങ്ങള്‍ പോലും ഉണ്ടായി.’
കഴുത കാക്കയെ ഓർമ്മിപ്പിച്ചു;
പക്ഷേ, നീ പ്രധാനപ്പെട്ട കാര്യം മറന്നു.’
‘മി. കാമ്യു എങ്ങനെ മരിച്ചു?’
‘ആരുടെ തെറ്റുകൊണ്ടു്?
കാക്ക ഓര്‍ക്കാൻ ശ്രമിച്ചു.
കഴുത, കൂട്ടത്തില്‍ ബുദ്ധിയുള്ള ആള്‍,
ഉറക്കത്തിലേക്കും പോയി;
വെട്ടവും വെടിവെപ്പുമുള്ള ഒരു ചലച്ചിത്രം,
മുമ്പേ കണ്ടതു്, സ്വപ്നം കണ്ടു.
കാക്ക, അവള്‍ എല്ലാം ഓർത്തുപറഞ്ഞുമിരുന്നു.
വിശുദ്ധ ചെവിയില്‍
എല്ലാ ആത്മകഥകളെയുംപോലെ
നിറുത്താതെ,
സങ്കടപ്പെട്ടും സന്തോഷിച്ചും…
‘ആധുനികതയുടെ ഓളങ്ങള്‍ നില്ക്കാൻ തുടങ്ങിയിരുന്നതുകൊണ്ടാകണം ഞാനും മറ്റു പലരെയുംപോലെ കാമ്യുവിനെയും കാഫ്കയെയും ഓർത്തതു്. വാസ്തവത്തില്‍, ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ കവിതയിലെ ആ രണ്ടു ജീവികളുടെയും ഉത്ഭവകഥകള്‍കൂടി ഓർമ്മവരുന്നു;
കാക്ക വീട്ടുവളപ്പിലെ മരക്കൊമ്പിലെവിടെയോ പാര്‍ക്കുകയായിരുന്നു. മരണത്തിനു മീതെ, കടലിനു മീതെ എന്നപോലെ, പറക്കുന്ന പക്ഷിയെപ്പറ്റി ഒരു സാരോപദേശകഥ പറയാൻ പറ്റും. കഴുത, പക്ഷേ, ആ ജീവി മാത്രം അതിന്റെ രണ്ടു് ഉത്ഭവകഥകള്‍ പറയും. ഒന്നാമത്തെ കഥയില്‍ ജീവിച്ചിരുന്നിട്ടില്ലാത്ത ഒരു സങ്കല്പകഥാപാത്രത്തെ ജീവിക്കുന്നു എന്നു കാണിച്ചു. ജോണിന്റെ സിനിമയിലെന്നപോലെ. രണ്ടാമത്തെ കഴുതയായിരുന്നു കവിതയിലെ കഥാപാതം. രണ്ടു് ആത്മാക്കള്‍ ഒരു അറയില്‍ കൊണ്ടുനടക്കുന്ന മൃഗം. ഉണര്‍ന്നിരിക്കുമ്പോള്‍ എന്തു കണ്ടുവോ, അതുതന്നെ ഉറക്കത്തില്‍ സ്വപ്നമായി കാണുന്ന ആൾ.
ഞങ്ങളുടെ ആധുനികതയെപ്പറ്റി ഒരു ഓർമ്മക്കുറിപ്പും ഞാനെഴുതി; യക്ഷികള്‍ ആധുനികതയെപ്പറ്റി സംസാരിക്കുന്നു. എഴുതിക്കൊണ്ടിരുന്നപ്പോൾത്തന്നെ അതു് എവിടെയോ നഷ്ടപ്പെട്ടു. ഓർമ്മിക്കാൻ വയ്യാത്ത ദൂരംവരെ വന്നു് നമ്മളെ നോക്കുന്ന ചില രൂപങ്ങള്‍ പോലെ, പക്ഷേ, ആ വരികള്‍ ചിലപ്പോള്‍ ഓർമ്മിക്കും. അപ്പോള്‍ ഹതാശമായ ഒരു ചിരിയില്‍ ഞാൻ മടങ്ങിവരും: ആധുനികത യക്ഷികളുടെകൂടി കഥയായിരുന്നു. ജീവിതം അതിലും വലിയ യക്ഷിക്കഥയും.
മകളെ, ഷീലയെ, മുംബൈയിലെ ഒരു സുഹൃത്തിന്റെ അരികിലേക്കു് പഠിക്കാനും തുടര്‍ന്നുള്ള കാലം ജീവിക്കാനും പറഞ്ഞയച്ചു. അവൾക്കു് പതിമൂന്നു വയസ്സുള്ളപ്പോൾ. സുഹൃത്തു്, തങ്കത്തിന്റെ ഒരു ബന്ധുവായിരുന്നതുകൊണ്ടു് മനസ്സും വേഗം സമ്മതിച്ചു. ‘അവളെ എനിക്കു് തരൂ,’ ‘അവളെ ഞാൻ നോക്കിക്കോളാം,’ ‘അവള്‍ സന്തോഷത്തോടെ എന്റെ കൂടെ ഉണ്ടാകും’—മൂന്നും എനിക്കു് സന്തോഷകരങ്ങളായ വാചകങ്ങളായിരുന്നുവെങ്കിലും സങ്കടവും തന്നു.
തങ്കത്തിനോടു് അവളുടെ ബന്ധു പറഞ്ഞു: ‘ഷീല എന്റെകൂടി മകളാണു്.’
തങ്കം മുറ്റത്തുനിന്നു് മടങ്ങി വീട്ടില്‍, അടുക്കളയില്‍, ശാന്തയായി പണികള്‍ ചെയ്യാൻ തുടങ്ങി. ഞാൻ അവളുടെ പിറകെ ചെന്നു.
‘തങ്കം അതല്ലേ നല്ലതു്?’ ഞാൻ പറഞ്ഞു; ‘ഇവിടെ നിന്നാല്‍ അവൾക്കു് നല്ല ഭക്ഷണം, നല്ല വിദ്യാഭ്യാസം ഇതിനൊക്കെ ബുദ്ധിമുട്ടേണ്ടിവന്നെങ്കിലോ?’
തങ്കം എന്നെ നോക്കുക മാത്രം ചെയ്തു.
അടുക്കളയില്‍ ഞങ്ങള്‍ കുറച്ചുനേരംകൂടി തനിച്ചായി, നിശ്ശബ്ദതയില്‍.
ആ രാത്രി ഞാനൊരു സ്വപ്നം കണ്ടു: ഒരു പുഴ, പുഴയുടെ വക്കില്‍ ഒരു വീടു്. രാത്രിയാണു്. പുഴയുടെ മീതെ ആദ്യം ഒരു വിരി ഇടുന്നതുപോലെ നിലാവു വീണു, ഒരു ശബ്ദത്തോടെത്തന്നെ. അഥവാ, ഒരു പിയാനോവിന്റെ കട്ടകൾക്കുമീതെ മനോഹരമായ വരികള്‍ എഴുതിയ ഒരു കടലാസു വീണാല്‍ ഉണ്ടാകുന്ന ഒട്ടും നിശ്ചയമില്ലാത്ത ശബ്ദം.
വെള്ളത്തില്‍ ഓളങ്ങള്‍ കണ്ടു. അവിടെത്തന്നെ, പതുക്കെ, ഒരു സൈക്കിള്‍ പൊന്തിവന്നു… പിന്നെ, സൈക്കിള്‍ വലിയ ഒരു പക്ഷിപോലെ ശബ്ദമുണ്ടാക്കി ചിറകടിച്ചു് പുഴയ്ക്കു മീതെ ഉയര്‍ന്നു് അപ്രത്യക്ഷമായി…
പുഴയ്ക്കും ആകാശത്തിനും ഇടയില്‍ നിലാവിലെ ആ കാഴ്ച ഒരു വാഹനത്തിന്റെ ഭംഗിയും മനുഷ്യൻ നിർമ്മിച്ച എന്തിന്റെയോ നിസ്സഹായമായ കണ്ടെടുപ്പുപോലെയും എനിക്കു തോന്നി…
ഞാൻ സ്വപ്നം നോട്ടുപുസ്തകത്തില്‍ കുറിച്ചിട്ടു. കഥയിലേക്കോ കവിതയിലേക്കോ പടരാവുന്ന സ്വപ്നമായും ഒരുപക്ഷേ, ‘സര്‍റിയലിസത്തെപ്പറ്റി ഞാൻ എഴുതുമായിരുന്ന പ്രബന്ധത്തില്‍ എനിക്കു മുന്‍പേ ആരെങ്കിലും കാണുകയോ വരയ്ക്കുകയോ ചെയ്ത ചിത്രമായും ആ കുറിപ്പു് സൂക്ഷിച്ചു. എന്നാല്‍, പിന്നൊരിക്കല്‍, ചിലപ്പോള്‍, രണ്ടോ മൂന്നോ മണിക്കൂറുകൾക്കു ശേഷമാകും ആ സ്വപ്നത്തില്‍ ഞാൻ കാണാതിരുന്ന, എന്നാല്‍ സ്വപ്നത്തിനു് അനുബന്ധമായി രണ്ടുമൂന്നു വരികള്‍കൂടി എഴുതിച്ചേർത്തു:
‘പിന്നെ, ഞാൻ നോക്കിനില്ക്കെ ഒരു ചെറുപ്പക്കാരൻ പൊന്തിവന്നു, നനഞ്ഞ വസ്ത്രങ്ങളില്‍ അവൻ പുഴക്കരയിലേക്കു നീന്തി, കരയിലെത്തി. കൈകള്‍ കൊണ്ടു് മുഖവും തലയും തുടച്ചു്, ശ്രദ്ധയോടെ ചൂളംവിളിക്കാൻ തുടങ്ങി. ഒരു പക്ഷേ, ആ സ്വപ്നത്തിനു് മുന്‍പും സ്വപ്നത്തിനുശേഷവും ഉണ്ടായിരുന്ന സംഗീതവും അതായിരുന്നു.’
ദുഃഖങ്ങള്‍ എന്നാല്‍ എന്താകണം: ഇലകളില്‍ വീഴുന്ന മഞ്ഞുതുള്ളികളെപ്പറ്റി ഓർത്തുപറയുക, ഇലകളും മഞ്ഞുതുള്ളികളും ഒരിക്കലും ഇല്ലാതിരിക്കുമ്പോഴും. മരിച്ചവരെപ്പറ്റി ഓർമ്മവരുക. അവരോടു് കരുതിക്കൂട്ടി പറയാതിരുന്ന കാര്യങ്ങള്‍ വീണ്ടും ഓർമ്മ വരുമെങ്കിലും പറയാതിരിക്കുക.
മകളെ മുംബൈയിലേക്കു് പറഞ്ഞയച്ചതിന്റെ മൂന്നാംനാള്‍ ഒരു ഉച്ചയ്ക്കു് തങ്കം ആത്മഹത്യ ചെയ്തു. തൊടിയില്‍ പക്ഷികള്‍ പാർത്തിരുന്ന മരത്തിനു താഴെ വലതു കൈപ്പത്തിക്കു തൊട്ടുതാഴെ ഞരമ്പുകള്‍ മുറിച്ചുതിനാല്‍, അതിനു് അവള്‍ ഉപയോഗിച്ചിരുന്ന ആയുധം അവളുടെ തുന്നല്‍കത്രികയായിരുന്നു. ഉച്ചയായതിനാല്‍, അവള്‍ കിടന്നിടത്തു് മണ്ണില്‍ ചോര പടര്‍ന്നിരുന്നു. ഞാൻ അവളെ അന്വേഷിച്ചു് എത്തുമ്പോള്‍ എന്നെ കാണാതിരിക്കാൻ കണ്ണുകളടച്ചിരുന്നു. കരഞ്ഞിട്ടുണ്ടായിരുന്നു.
ആദ്യമാദ്യം ഇതെല്ലാം ഓര്‍ക്കുകതന്നെ പ്രയാസമായിരുന്നു എനിക്കു്. പിന്നെ, ഒരു ചലച്ചിത്രത്തിലെന്നപോലെ, ഒരു ആത്മഹത്യക്കുള്ള കാരണങ്ങള്‍, ആത്മഹത്യയുടെ വിശദാംശങ്ങള്‍ ഓർമ്മവരുകയായിരുന്നു.
മരിച്ചവരെ, പക്ഷേ, ഞാനും ഭയപ്പെട്ടു; നമ്മെ അവര്‍ ഭയങ്കരമായ കാത്തിരിപ്പിലേക്കു് വിടുമെന്നതിനാല്‍.
തങ്കത്തെ, നിശ്ചയമായും, ഞാൻ ഭയപ്പെട്ടു.
ദൈവത്തിലേക്കുതന്നെ ഞാന്‍ തിരിച്ചുപോകുന്നു.