ജോണ്‍ മരിച്ചതിനുശേഷം, കൃത്യമായും മുപ്പത്തിനാലു ദിവസങ്ങൾക്കു ശേഷമാണു് തങ്കം ആത്മഹത്യ ചെയ്യുന്നതു്. ഒരു വലിയ കെട്ടിടത്തിന്റെ ടെറസ്സില്‍നിന്നു് കാല്‍തെറ്റി താഴെ നിലത്തേക്കു് വീഴുകയായിരുന്നു ജോണ്‍. തങ്കം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവളെ വിവരമറിയിക്കാൻ ഞാൻ ആശുപത്രിയിലെത്തി.
ആശുപത്രിയുടെ മുറ്റത്തു് ഡോക്ടര്‍ അസീസിനോടൊപ്പം തങ്കം നില്ക്കുന്നതു് കണ്ടു. ഡോക്ടര്‍ അവളോടു് ജോണിന്റെ മരണത്തെപ്പറ്റി പറഞ്ഞിരുന്നു. എന്നെ കണ്ടതും, അതിനും മുന്‍പു് അവള്‍ കരയുകയായിരുന്നുവെന്നു് ഡോക്ടര്‍ പറഞ്ഞു. തങ്കം അരികിലേക്കു് വന്നു. ‘എങ്ങനെയാണു് ജോണ്‍ മരിച്ചതു് ’ എന്നു് ചോദിച്ചു. ഞാൻ പറഞ്ഞു: ‘അപകടമായിരുന്നു. കാല്‍ തെറ്റി ടെറസ്സില്‍നിന്നു് താഴേക്കു് വീണു.’ തങ്കം ചോദിച്ചു; ‘ആരും കൂടെ ഉണ്ടായിരുന്നില്ലേ?’ ഞാൻ പറഞ്ഞു; ‘എല്ലാവരും ഉണ്ടായിരുന്നു.’
കുറച്ചുനേരം അവള്‍ നിശ്ശബ്ദയായി. സങ്കടത്തിന്റെ ഈ വേനല്‍ ഇപ്പോഴെങ്കിലും കരച്ചിലിലേക്കു് മാറിയെങ്കിലെന്നു്, അതിവേഗം വറ്റുന്ന ഞങ്ങളുടെ ശരീരങ്ങള്‍ ആഗ്രഹിച്ചിരുന്നിരിക്കണം. ഒച്ച ശരിയാക്കാൻ ഞാൻ ഇടയ്ക്കൊക്കെ തൊണ്ട ശരിയാക്കി. ആ സമയം, ആശുപത്രിമുറ്റത്തു് എവിടെനിന്നോ ഒരു കാക്കയും വന്നിറങ്ങി. അത്ഭുതകരങ്ങളായ വിചാരങ്ങളിലേക്കായിരുന്നു ചിലപ്പോഴെങ്കിലും ദുഃഖത്തിന്റെ കൂടുകളെങ്കില്‍ കാക്ക പറന്നുവന്നതു് അങ്ങനെയൊരു കൂട്ടില്‍ നിന്നാവുമെന്നു് തോന്നുന്നു. തങ്കം കാക്കയെ തെല്ലിട നോക്കിനിന്നു. കൈകള്‍ കൂപ്പി ആശുപത്രിമുറ്റത്തുനിന്നു് മുറിയിലേക്കു മടങ്ങി. അവളുടെ പിറകെ ഞങ്ങളും. എന്നാല്‍, അതേസമയം ആശുപത്രിവളപ്പില്‍ത്തന്നെ പ്രത്യക്ഷപ്പെട്ട സൈക്കിളിലെ പത്രവില്പനക്കാരൻ കുട്ടിയെ കണ്ടതും അവള്‍ നിന്നു.
ഞാൻ വിചാരിച്ചതു് ജോണിന്റെ മരണവാർത്ത അച്ചടിച്ചുവന്നിരിക്കുമോ എന്നറിയാനാകും എന്നായിരുന്നു. പകരം ഡോക്ടറോടു് തങ്കം അവളുടെ ആഗ്രഹം പ്രകടിപ്പിച്ചു.
‘സര്‍, തങ്കം പറഞ്ഞു: ‘ആ സൈക്കിളില്‍ എനിക്കു് ഈ ആശുപത്രിവളപ്പില്‍ ഒരുതവണ ചുറ്റണം… സമ്മതിക്കുമോ?’
‘തീര്‍ച്ചയായും,’ ഡോക്ടര്‍ പറഞ്ഞു. പത്രക്കാരൻ കുട്ടിയെ അരികിലേക്കു വിളിച്ചു. ഡോക്ടര്‍ തങ്കത്തിന്റെ ആഗ്രഹം അവനോടു് പറഞ്ഞു.
ചന്തു എന്നായിരുന്നു അവന്റെ പേര്‍. ഡോക്ടര്‍ അവനെ ‘ന്യൂസ്പേപ്പര്‍ ബോയ് എന്നു് സിനിമാരീതിയിലാണു് പരിചയപ്പെടുത്തിയതു്.
ചന്തു സൈക്കിളില്‍നിന്നിറങ്ങി തങ്കത്തിനു സൈക്കിള്‍ കൊടുത്തു. തങ്കം അവനെ ഒരുവേള അതിയായ ഇഷ്ടത്തോടെ നോക്കി, സൈക്കിളില്‍ കയറിയിരുന്നു. ‘ഞാനാദ്യമായാണു് സൈക്കിള്‍ ചവിട്ടുന്നതു്, അവള്‍ പറഞ്ഞു: ’ചന്തു എന്റെ കൂടെ വരണേ.
സങ്കടത്തിന്റെ വൃത്തം തന്നെയായിരുന്നു അവള്‍ തിരഞ്ഞെടുത്തതെന്നു് എനിക്കറിയാമായിരുന്നു, ഓർമ്മയുടെ വലയംതന്നെ.
പിന്നീടും ആ ആശുപത്രി വളപ്പു് എനിക്കോർമ്മ വന്നു. പക്ഷേ, അന്നത്തെ ദുഃഖഭാരമില്ലാതെയാണു് പിന്നെ ഞാനതോർത്തത്; പത്തോ അതില്‍ കൂടുതലോ ചന്തുവും തങ്കവും ആശുപത്രിമുറ്റത്തു് സൈക്കിളില്‍ വൃത്തങ്ങള്‍ തീർത്തു. ചിലപ്പോള്‍ അവള്‍ വീഴാൻ പോയി. അപ്പോഴൊക്കെ ചന്തു അവളെ രക്ഷിച്ചു. ചിലപ്പോള്‍ അവര്‍ ആശുപത്രി കെട്ടിടത്തെതന്നെ വലംവെച്ചു. ഒരു സമയം, അവളെ പിറകിലിരുത്തി ചന്തു സൈക്കിള്‍ ചവിട്ടി. അവൻ ബെല്ലടിക്കുമ്പോള്‍ തങ്കം പൊട്ടിച്ചിരിക്കുന്നതു കേട്ടു. ചിലപ്പോള്‍, പിറകിലിരിക്കുമ്പോള്‍, ചന്തുവിന്റെ കണ്ണുകള്‍ പൊത്തുന്നതു് കണ്ടു. ആ സമയം അവൻ, ‘അയ്യോ, വീഴുമേ’ എന്നു കളിയായി കരഞ്ഞു.
ആശുപത്രി മുറ്റത്തെത്തിയ വെയില്‍, മരങ്ങളില്‍നിന്നു് വീശിയ കാറ്റു് ആ സൈക്കിള്‍സഞ്ചാരികളെ മൂടുമ്പോള്‍ ഓർമ്മയ്ക്കുള്ളില്‍ വഴിതെറ്റുന്ന ആളുകളെപ്പറ്റി ഞാനോർത്തു. തങ്കം എന്നെ നോക്കി കൈ ഉയർത്തി വീശുമ്പോൾപ്പോലും.
മറവിയെ യാത്രയാക്കിയ ഒരു സ്ത്രീ, ഓർമ്മയെ സ്വന്തം ശരീരത്തിനു ചുറ്റുമുള്ള ഒരു വലയമാക്കിയ ആള്‍, തങ്കത്തിനു നേരെ കൈ ഉയർത്തി വീശുമ്പോള്‍ ഞാൻ പാലിച്ച ദൂരം എന്നെ വേദനിപ്പിച്ചു. അതേ ദൂരത്തിലായിരുന്നു, ഭാവനയിലെങ്കിലും, ഞങ്ങള്‍ പണിത പുഴക്കരയിലെ വീടും…
സൈക്കിളില്‍നിന്നു് ഇറങ്ങി തങ്കം എന്റെ അരികിലേക്കു വന്നു. ചന്തുവിനെ അവള്‍ രണ്ടു പേരുകള്‍കൊണ്ടു് വിശേഷിപ്പിച്ചു; ‘ന്യൂസ്പേപ്പര്‍ ബോയ്, ബൈസിക്കിള്‍ തീഫ്.’ ഞാൻ പറഞ്ഞു; ‘രണ്ടും സിനിമാപേരുകള്‍തന്നെ, പ്രസിദ്ധമായ സിനിമകളും.’
തങ്കം എന്നെ നോക്കി ചിരിക്കുക മാത്രം ചെയ്തു.
എന്നാല്‍, ഒരിക്കല്‍, തങ്കത്തിന്റെ മരണത്തിനുശേഷം യാദൃച്ഛികമായി എനിക്കൊരു കടലാസുകഷണം കിട്ടി, അവളുടെ ഹാന്‍ഡ്ബാഗില്‍നിന്നു്. ആശുപത്രിയിൽ കിടക്കുമ്പോഴും ഹാന്‍ഡ്ബാഗ് അവളുടെ കട്ടിലിനടിയില്‍ സൂക്ഷിച്ചുവെച്ചിരുന്നു. തന്റെ അഴകിന്റെ ചെറിയ ചെറിയ പണിയായുധങ്ങളാണു് അതിലെന്നു് തങ്കം പറയും: ചീപ്പു്, സേഫ്റ്റിപിന്നുകള്‍, മുഖത്തു തേയ്ക്കുന്ന ഒരു ആയുര്‍വേദ ക്രീം, തുടങ്ങി കൈയില്‍ കെട്ടാതെ എങ്കിലും എപ്പോഴും കൊണ്ടു നടന്ന ഒരു പഴയ വാച്ച്, സ്കൂള്‍ ഫൈനല്‍ പരീക്ഷയ്ക്കു് ഒരിക്കല്‍ അവളുടെ അച്ഛൻ വാങ്ങിച്ചുകൊടുത്തതായിരുന്നു അതു്. പിന്നെ ഒരു നോട്ടുപുസ്തകം. നോട്ടുപുസ്തകത്തില്‍ പക്ഷേ, എഴുതുക വളരെ ചുരുക്കം: ചില പാചകക്കുറിപ്പുകള്‍, ചില മഹദ്വചനങ്ങള്‍, അവ പറയുമ്പോള്‍ അവള്‍ സ്വന്തം പേരും ചേർത്താണു് ആദ്യമാദ്യം പറഞ്ഞിരുന്നതു്, മകൾക്കുവേണ്ടി ഓർമ്മിച്ചുവെച്ച ചില നാടോടിക്കഥകള്‍… അതൊക്കെയായിരുന്നു ആ നോട്ടുപുസ്തകത്തില്‍. ആ പുസ്തകത്തില്‍ മടക്കിവെച്ച ഒരു കടലാസുകഷണത്തില്‍ അവള്‍ രണ്ടു് സിനിമകളുടെയും പേര്‍ എഴുതിവെച്ചിരുന്നു. ബൈസിക്കിള്‍ തീഫ്, ‘ന്യൂസ് പേപ്പര്‍ ബോയ്’—അതേ കടലാസിന്റെ മറുപുറത്തു്, ‘ഇന്നു മുതല്‍ ഭ്രാന്തു്’ എന്നും എഴുതിയിരുന്നു.
തീര്‍ച്ചയായും അതു് സിനിമയുടെ പേരായിരുന്നില്ല. ഒരുപക്ഷേ, ജീവിതത്തിനിട്ട പേരാകും. എന്നാല്‍, ആ വാചകം ജീവിതത്തെപ്പറ്റിയാണെങ്കില്‍ ആ ജീവിതം അമ്പരപ്പിക്കുന്നവിധം ഒരാളുടെ തീരുമാനമായിരുന്നു എന്നു വിചാരിക്കുമ്പോഴൊക്കെ ഞാൻ വിറച്ചു. ഭ്രാന്താവുന്ന ആളും ഭ്രാന്താവാൻ തീരുമാനിക്കുന്ന ആളും രണ്ടുപേരാണു്. ആദ്യത്തെ ആള്‍ രോഗിയാണെങ്കില്‍ രണ്ടാമത്തെ ആള്‍ രോഗിയല്ലാത്ത ആള്‍ എന്നതുകൊണ്ടായിരുന്നില്ല; രണ്ടാമത്തെ ആള്‍ ഒരു സ്വേച്ഛാധികാരിയെപ്പോലെയാണു്. തന്റെ ഇഷ്ടം താന്‍തന്നെ ജീവിക്കുന്നതോടൊപ്പം അതേ ഇഷ്ടത്തിലേക്കു് തൂക്കിക്കൊണ്ടുവരുന്ന മറ്റു് ഇഷ്ടങ്ങള്‍ കൊണ്ടാണു് ആ ഭ്രാന്തു് പ്രസിദ്ധമാകുന്നതു്. തങ്കം, രോഗിയാണെന്നുതന്നെ ഞാൻ വിശ്വസിച്ചു. അതിനാല്‍ അവളുടെ ഹാന്‍ഡ്ബാഗില്‍നിന്നു് കിട്ടിയ ചെറിയ കടലാസിലെ വാക്കുകളെയും വിശ്വസിച്ചു.
‘ന്യൂസ്പേപ്പര്‍ ബോയ്’ മലയാളത്തിലെ പ്രസിദ്ധമായ ചലച്ചിത്രമായിരുന്നു. ‘നിയോ റിയലിസത്തിന്റെ വഴിയിലെ ആദ്യത്തെ സിനിമ; ആ സിനിമ ഞങ്ങള്‍ കണ്ടിട്ടുണ്ടു്. ജീവിതം ഒഴുകിയെത്തുകയും ഒഴുകിപ്പോകുകയും ചെയ്യുന്ന ഒന്നാണെന്നു് ആ സിനിമയും തോന്നിപ്പിച്ചു. എന്നാല്‍, ‘ബൈസിക്കിള്‍ തീഫ്’ ഡിസീക്കയുടെ മഹത്തായ സിനിമ മാത്രമായിരുന്നില്ല, ഞങ്ങളുടെ ജീവിതത്തിലെ ഒരു രൂപകംതന്നെയായിരുന്നു.
ആദ്യമായി തന്റെ പതിമൂന്നാമത്തെ സിനിമയുടെ കഥ ജോണ്‍, എന്നോടും തങ്കത്തിനോടും പറയുമ്പോള്‍, ഒരു രാത്രി, തങ്കത്തിന്റെ മടിയില്‍ ഷീല കിടക്കുന്നുണ്ടായിരുന്നു. ജോണ്‍ വീട്ടുമുറ്റത്തു് ഒരു ഗോസായിയെപ്പോലെ ഇരുന്നു് കഥ പറയുകയായിരുന്നു. കഥയില്‍ പലതവണ വന്ന സൈക്കിള്‍യാത്രക്കാരൻ ഒരു രൂപകംപോലെ എന്നു് ഞാൻ പറഞ്ഞു.
‘രൂപകം?’ ജോണ്‍ ചോദിച്ചു.
‘സിനിമയുടെ പെട്ടിയുമായി സൈക്കിളില്‍ വരുന്ന ചെറുപ്പക്കാരൻ പുഴയിലേക്കു് കുതിക്കുന്ന സൈക്കിള്‍യാത്രക്കാരനുമാണല്ലോ,’ ഞാൻ പറഞ്ഞു; ‘എനിക്കു് എന്റെ സാഹിത്യം മണക്കുന്നു.’
തങ്കം ഞങ്ങളെ തിരുത്തി, ‘അവൻ കള്ളനുമാണു്, ചിലപ്പോഴെങ്കിലും ഒരു ജാരനുമാണു്.’
ജോണ്‍ തങ്കത്തിനെ നോക്കി, കണ്ണുകള്‍ ചെറുതാക്കി, അവന്റെ കണ്ണുകൾക്കു ചുറ്റുമുള്ള വലയങ്ങള്‍, രാത്രികളും പകലുകളും മുദ്രയാക്കിയവ എന്നു് അവന്‍തന്നെ ആ വലയങ്ങളെ വിശേഷിപ്പിച്ചു, ആ ചെറിയ വെളിച്ചത്തിലും കണ്ടു.
‘ബൈസിക്കിള്‍ തീഫ്’ ജോണ്‍ അത്ഭുതപ്പെട്ടു.
‘അതെ,’ തങ്കം പറഞ്ഞു; ‘സൈക്കിളില്‍ വരുകയും പോവുകയും ചെയ്യുന്ന കള്ളൻ, ഇങ്ങനെയാണു് അതിന്റെ പരിഭാഷ.’
ജോണ്‍ അവളെ തിരുത്തി; ‘ദ ബൈസിക്കിള്‍ തീഫ് എന്നുവേണം ഇംഗ്ലീഷില്‍ പറയാന്‍.’
തങ്കം പറഞ്ഞു; ‘ബൈസിക്കിള്‍ തീഫ്, ദ ഇല്ല,’
അവന്റെ കഥയില്‍ പുഴയിലേക്കു് കുതിക്കുകയും പുഴയിലേക്കു് കെട്ടിമറിഞ്ഞുവീഴുകയും ചെയ്യുന്ന സൈക്കിള്‍യാത്രക്കാരൻ, ആ വീഴ്ച ഉണ്ടാക്കുന്ന ശബ്ദം, ഒരു തവണ അങ്ങനെ പറയുമ്പോള്‍, ജോണ്‍ കാതോർത്തു കേട്ടു.
പുഴയില്‍ വെള്ളം ചിതറിപ്പിച്ചു് സൈക്കിള്‍മണി മുഴക്കി, ഇരുചക്രവാഹനം ആകാശത്തുനിന്നെന്നപോലെ വെള്ളത്തില്‍ പരക്കുകയായിരുന്നു.
എങ്കില്‍, യഹോവ, താഴെ ഭൂമിയിലേക്കെറിഞ്ഞ ആദ്യത്തെ യന്ത്രം എന്നു് ജോണ്‍ ആ സൈക്കിളിനെ വിശേഷിപ്പിച്ചു.
‘ആകാശത്തു് കൈകള്‍ വിടർത്തി യഹോവ നിന്നു. ഭൂമിയില്‍ മനുഷ്യാ നിനക്കിനി സൈക്കിള്‍കൂടി ഉണ്ടാവട്ടെ എന്നു പറഞ്ഞു. ആ കൈകളില്‍ അപ്പോള്‍ സൈക്കിള്‍ പ്രത്യക്ഷപ്പെട്ടു. കാരുണ്യവാനായ ദൈവം അങ്ങനെ ഭൂമിയിലെ അവന്റെ അടിമയ്ക്കു് ഒരു നൂലില്‍ കെട്ടി സൈക്കിള്‍ പതുക്കെ താഴേക്കു് ഇറക്കിക്കൊടുത്തു.’
ഓർമ്മയിലും വസ്തുക്കള്‍ ചിലപ്പോള്‍ രൂപകങ്ങളാവുന്നു. സൈക്കിളിനു വേണ്ടി ആകാശത്തേക്കു നോക്കി കൈകള്‍ വിടർത്തിനിന്ന ജോണിനെപ്പോലെ, ആശുപത്രിമുറ്റത്തു് സൈക്കിള്‍ ചവിട്ടുന്ന തങ്കത്തിനെപ്പോലെ, പഴയ വാടകവീടിന്റെ മുന്നിലെ ആട്ടിന്‍തൊഴുത്തിനോടു ചേർത്തുവെച്ച, തലേന്നു് ആരുമറിയാതെ കടയില്‍നിന്നു് കൊണ്ടുവന്ന സൈക്കിള്‍പോലെ—ഇപ്പോള്‍ ജോണ്‍ രാത്രിയിലേക്കു നോക്കി നക്ഷ്രതങ്ങളെ കണ്ടു് തന്റെ പതിമൂന്നാമത്തെ കഥ പറഞ്ഞപ്പോഴും അങ്ങനെയൊരു സന്ദര്‍ഭം വന്നു.
കെട്ടിടത്തിന്റെ ടെറസ്സില്‍ ഞങ്ങള്‍ ബാക്കി അഞ്ചുപേരുമായി തന്റെ സിനിമാക്കഥയുടെ അവസാന ഭാഗങ്ങള്‍ ജോണ്‍ പറയുകയായിരുന്നു. പുഴയിലേക്കു് സിനിമാക്കൊട്ടകയില്‍നിന്നും സൈക്കിളില്‍ കുതിക്കുന്ന ചെറുപ്പക്കാരനായി അഭിനയിക്കാൻ ഒരാളെ കണ്ടെത്തിയിട്ടുണ്ടെന്നു് ജോണ്‍ പറഞ്ഞു;
‘അവൻ ഈ റോള്‍ തീര്‍ച്ചയായും നന്നാക്കും. കാരണം, അവസാന ഭാഗത്തു് സൈക്കിള്‍ പുഴയിലേക്കു് വീഴുമ്പോള്‍ അവൻ എന്നെ തിരിഞ്ഞുനോക്കും… രണ്ടു കാരണങ്ങള്‍കൊണ്ടു്.’
ജോണ്‍ വലതുകൈ ഉയർത്തി, ചൂണ്ടാണിവിരല്‍ ആകാശത്തേക്കു് കൂര്‍പ്പിച്ചു പിടിച്ചു;
‘ഒന്നു്, ആദ്യത്തെ കാരണം, പുഴയില്‍ തന്നെ കാത്തുനില്ക്കുന്ന നടി, മന്ത്രവാദിയുടെ ഭാര്യ, ഉണ്ടാകുമല്ലോ എന്നു് ചോദിക്കാതെ ചോദിക്കാന്‍.’
ജോണ്‍ രണ്ടാമത്തെ വിരല്‍ പൊന്തിച്ചു: ‘രണ്ടാമത്തെ കാരണം, ഞാനിതൊക്കെ ഷൂട്ട് ചെയ്യുന്നുണ്ടോ എന്നു് ഉറപ്പുവരുത്താന്‍.’
ഈ രണ്ടു കാരണങ്ങള്‍കൊണ്ടും അവൻ തന്റെ കഥാപാത്രമല്ലാതാവും എന്നു് ജോണ്‍ വിശ്വസിച്ചു. പുഴയ്ക്കും പുഴയിലെ നടിക്കും വേണ്ടി അവൻ അപകടകരമായി കൊതിക്കുമെന്നും ജോണ്‍ വിശ്വസിച്ചു. അതുകൊണ്ടു തന്നെ സൈക്കിളില്‍ ബാലന്‍സ് തെറ്റി പുഴയിലേക്കു് വീഴുന്ന അവനെ മനോഹരമായി സിനിമയിലേക്കു് പകർത്തുമെന്നും ജോണ്‍ വിശ്വസിച്ചു.
ഇതുതന്നെയായിരുന്നുവോ, ഇങ്ങനെയായിരുന്നുവോ ജോണ്‍ പറഞ്ഞതു് എന്നു് എനിക്കിപ്പോള്‍ ഓർമ്മയില്ല. ഇങ്ങനെത്തന്നെയാകാം: അടുത്ത നിമിഷം ഞാൻ, ബാക്കി നാലുപേരും, ഒരു നിലവിളിയോടെ എഴുന്നേറ്റു നിന്നു…
ജോണ്‍, അത്രയും ഉയരത്തില്‍നിന്നു്, വാക്കിന്റെ മുനമ്പില്‍ അതുവരെയും നിന്നിടത്തുനിന്നു്, ടെറസ്സില്‍നിന്നു് പിറകോട്ടു വീണിരുന്നു…
ആ നിലവിളിയിലും ഒപ്പം വന്ന വീഴ്ചയുടെ ഭീതി തന്ന ഓർമ്മയിലും, താഴെ ജോണ്‍ ചെന്നുവീണിടത്തു്, ഒരു പുഴ ഉണ്ടാകുമെന്നുതന്നെ ഞാൻ വിശ്വസിച്ചു. പുഴയ്ക്കുവേണ്ടിയും ഞാൻ നിലവിളിച്ചു; ‘ആരെങ്കിലും ഒരാള്‍ താഴെ ഒരു പുഴ…’
അതോടെ എന്റെ ഒച്ച അടഞ്ഞു. കണ്ണുകള്‍ ഇരുട്ടിലേക്കു് കൂമ്പുകയും ചെയ്തു.