മുംബൈയിലെ മഴ വര്‍ഷങ്ങൾക്കുശേഷം ഞാൻ കണ്ടു. ആകാശം ഇരുളുന്നതും അത്രയും ഇരുട്ടു് പിന്നെ വെള്ളമായി നഗരത്തിലേക്കു് ഒഴുകുന്നതും കണ്ടു. ഗതാഗതം മുടങ്ങുന്നതും നഗരം നിരാകാരമാവുന്നതും കണ്ടു.
റെയില്‍വേസ്റ്റേഷനില്‍നിന്നു് ഷീല പാർത്തിരുന്ന ഫ്ളാറ്റ് ഈഹംവെച്ചു് ഞാൻ നടന്നു.
വഴിയിലെ ഗട്ടറുകള്‍ ശ്രദ്ധിക്കാൻ യാത്രക്കാര്‍ പരസ്പരം പറയുന്നുണ്ടായിരുന്നു. അഴുക്കുകളുടെ മഹാപ്രളയം, കാല്‍മുട്ടുകൾക്കും മീതെയായിരുന്നു വെള്ളം. നീന്തുന്നതുപോലെ ഞാൻ നടന്നു, അടുത്ത മഴയ്ക്കു മുന്‍പേ വീട്ടിലെത്താനുള്ള ധിറുതിയില്ലാതെ. എങ്കിലും തൊട്ടുമുന്‍പേ അവസാനിപ്പിച്ച തീവണ്ടിയാത്ര, അഴുക്കുകളുടെ മഹാപ്രളയത്തിനൊപ്പം, എനിക്കു പിന്നെ വേറൊരു ഓളമായി തുടരുന്നുമുണ്ടായിരുന്നു. അതിനും പിറകെ എന്റെ വാര്‍ദ്ധക്യം, ആ നിമിഷം വേറൊന്നുകൂടിയായി പിളര്‍ന്നു് നീന്താൻ തുടങ്ങിയിരുന്നു.
അതുവരെയും വാര്‍ദ്ധക്യം ഏകാന്തതയുടെ ഒരു സഞ്ചാരസ്ഥലമായിരുന്നെങ്കില്‍ ഇപ്പോള്‍ അതു് അഴുക്കുവെള്ളത്തിലൂടെയുള്ള ഒരു യാത്രയായിരിക്കുന്നു. തീരാത്ത ഒരു പാതയില്‍ കൊളുത്തിയിട്ടതുപോലെ.
ഞാൻ തിരിഞ്ഞുനോക്കി; ഭയപ്പെടുത്തുന്നവിധം എനിക്കു പിറകെ വഴിയാത്രക്കാര്‍ ആരുമില്ലാതെ, ചളിവെള്ളത്തിന്റെ ഓളങ്ങള്‍ മാത്രമായി, നഗരത്തിലെ ഒരു ചെറുസ്ഥലം ആരോ എനിക്കുവേണ്ടി കരുതിയിരുന്നു.
ഞാൻ അതുവരെ നടന്നതൊക്കെ വീണ്ടും ഓര്‍ക്കാൻ തുടങ്ങി.
മാഹിമിലേക്കുള്ള യാത്രയില്‍ ടിക്കറ്റെടുക്കാതെ ഞാൻ ജോണ്‍ എബ്രഹാമെന്ന യുവപുരോഹിതനോടൊപ്പം എന്റെ മകളുടെ ജീവിതത്തിനുവേണ്ടി യാത്രചെയ്യുകയായിരുന്നു. സെമിനാരി വിട്ടു് മകളോടൊപ്പം, അവളെ വിവാഹം ചെയ്തു്, അവളോടൊപ്പം ജീവിച്ചു് അവളെ മധ്യവയസ്സിലേക്കും പിന്നെ വാര്‍ദ്ധക്യത്തിലേക്കും സ്നേഹത്തോടെയും ദയയോടെയും സന്തോഷത്തോടെയും കൊണ്ടുപോകാൻ ആഗ്രഹിച്ച അയാളോടൊപ്പമുള്ള യാത്ര, പക്ഷേ, ആ ദിവസം മുതല്‍ എനിക്കറിയാത്ത വഴിയിലായിക്കഴിഞ്ഞിരുന്നു.
ഞാൻ ആ യുവാവിനോടു പറഞ്ഞു; ‘എന്റെ പ്രിയപ്പെട്ട ചെറുപ്പക്കാരാ, ഇത്രയും കുപിതനാകാൻ, എന്നോടു് മിണ്ടാതിരിക്കാൻ, നീ ഇത്രയുംകാലം സ്നേഹിച്ച യുവതിയെ ഉപേക്ഷിച്ചുപോവാൻ അവള്‍ ചെയ്ത തെറ്റു് ഒന്നുമാത്രമാണു്, അവള്‍ പന്നികളെ പ്രസവിക്കും എന്നു പറഞ്ഞു. അതു് ഒരിക്കലും സംഭവിക്കാത്തതുകൊണ്ടു് അവള്‍ പറഞ്ഞതു് തമാശയായി മാത്രം കണ്ടു് എന്നോടൊപ്പം, എന്റെ പ്രിയപ്പെട്ട ചെറുപ്പക്കാരാ തിരിച്ചുവരണം. അവള്‍ നിന്നെ അത്രയധികം സ്നേഹിക്കുന്നു.’
മുംബൈയിലെ അസാധാരണമായൊരു യാത്രയായിരുന്നു അതു് എനിക്കു്. ആള്‍ത്തിരക്കില്‍ പരസ്പരം ഉരസുന്ന ശരീരങ്ങളും ശ്വാസോച്ഛ ്വാസങ്ങളും കൊണ്ടു് ഒരൊറ്റ ജീവിയെപ്പോലെയായിരുന്നു ആൾക്കൂട്ടം. ഞാനും യുവ പുരോഹിതനും സഞ്ചരിച്ചിരുന്ന കമ്പാര്‍ട്ട്മെന്റ്, ആ വണ്ടിയിലെ മറ്റു കമ്പാര്‍ട്ടുകളെപ്പോലെയല്ല, ഒറ്റയ്ക്കു് അതിന്റെ അന്ത്യത്തിലേക്കു് ഓടുകയാണെന്നു് തോന്നിയിരുന്നു. വാതില്ക്കലായിരുന്നു ഞങ്ങള്‍ നിന്നതു്.
അവൻ എന്നോടു് ചിലതു് പറയുന്നുണ്ടായിരുന്നു. ഞാൻ അവനോടും ചിലതു് പറയുന്നുണ്ടായിരുന്നു.
‘തീര്‍ച്ചയായും അവള്‍ പന്നികളെത്തന്നെ പ്രസവിക്കും, ദൈവഹിതം അങ്ങനെയാകും.’
‘നീ ദൈവഭയംകൊണ്ടു് വിചാരിക്കുന്നതാണു്. അതു ശരിയല്ല, ഒരു മനുഷ്യസ്ത്രീയും ഇന്നുവരെ പന്നിയെ പ്രസവിച്ചിട്ടില്ല. പന്നിയെ പ്രസവിക്കുക പന്നികളാണു്.’
‘അവള്‍ പ്രസവിക്കും.’
‘നീ ദൈവഭയംകൊണ്ടു് വിചാരിക്കുന്നതാണു്. സാരമില്ല. അപ്പോള്‍ നീ സെമിനാരി വിടുകയാണെന്നു പറഞ്ഞതു് ശരിയാണോ?
അവൻ ഒന്നും മിണ്ടിയില്ല. ‘ബൈബിളില്‍ യേശു പറഞ്ഞ ഒരു സന്ദര്‍ഭം നീ എന്തിനാണു് ഈ സന്ദര്‍ഭത്തിലേക്കെടുത്തതു്?
അവൻ നോക്കുക മാത്രം ചെയ്തു.
‘എന്നോടു് നീ സംസാരിക്കു.’
‘എനിക്കൊന്നും പറയാനില്ല.’
‘നീ സെമിനാരി വിടുമോ?’
‘ഞാൻ സെമിനാരി വിടുന്നില്ല.’
‘പക്ഷേ, നീ അവളെ സ്നേഹിക്കുന്നു.’
‘സ്നേഹിക്കുന്നില്ല.’
‘ഉപേക്ഷിച്ചു?’
‘ഉപേക്ഷിച്ചു.’
എപ്പോള്‍?’
‘അപ്പോൾ.’
‘അപ്പോള്‍ എന്നു പറഞ്ഞാല്‍?’
‘പന്നികളെ പ്രസവിക്കാൻ അവള്‍ തീരുമാനിച്ചതുമുതല്‍.’
‘അതു തമാശയല്ല?
‘അല്ല’
‘എങ്ങനെ അറിയാം?’
‘അവളുടെ വയര്‍ ഒരു നിമിഷം കുത്തിമറിയുന്നതു ഞാൻ കണ്ടു.’
‘വയറ്റില്‍ പന്നികളാണെന്നാണോ?’
‘അതെ.’
‘നീ അവളോടൊപ്പം കിടന്നിട്ടുണ്ടോ?’
‘ഉണ്ടു്.’
‘എത്ര തവണ?’
‘ഒമ്പതു തവണ.’
‘ഒമ്പതു് ഒരു ചീത്ത അക്കമാണു്.’
‘എട്ടു തവണ.’
‘പത്തു തവണ.’
‘എട്ടു തവണ.’
‘ഉറകള്‍ ഉപയോഗിച്ചിരുന്നില്ലേ?’
‘ഉം’
‘പിന്നെയും പന്നികള്‍ എങ്ങനെ പ്രസവിക്കും?’
‘എനിക്കു് നിങ്ങളോടു് സംസാരിക്കണമെന്നില്ല.’
‘പക്ഷേ, ഞാൻ സംസാരിക്കുന്നു.’
‘നിങ്ങള്‍ എന്നെ പിന്തുടരരുതു്. ’
‘എന്തുകൊണ്ടു്?
‘ഞാൻ നിങ്ങളെ ഭയപ്പെടുന്നു.’
‘ഞാൻ നിന്നെയും ഭയക്കുന്നു.’
‘നിങ്ങള്‍ എന്നെ പിന്തുടരരുതു്. ഉപദ്രവിക്കരുതു്. ’
‘ഒരാളെ ഒരാള്‍ സ്നേഹിക്കുന്നു എന്നു്, അതായതു് അവള്‍ നിന്നെയും നീ അവളെയും സ്നേഹിക്കുന്നു എന്നതുകൊണ്ടു്, ഞാൻ അവളുടെ അച്ഛനായതുകൊണ്ടു്, എനിക്കു് അവള്‍ പന്നിയല്ലാത്തതുകൊണ്ടു്, അവള്‍ അമ്മയില്ലാത്ത കുട്ടിയായതുകൊണ്ടു്, അവള്‍ ഞാൻ മരിച്ചാലും അനാഥയാകാൻ പാടില്ലാത്തതുകൊണ്ടു്, ഇതൊക്കെ നിന്നോടു പറയണമെന്നും നീ തിരിച്ചു് അവളുടെ അടുത്തേക്കു് വരണമെന്നും ഉള്ളതുകൊണ്ടു് ഞാൻ നിന്നോടൊപ്പം യാത്ര ചെയ്യുകയാണു്.’
‘ദയവായി നിങ്ങള്‍ മടങ്ങിപ്പോകണം.’
‘നീ അവളെ സ്നേഹിക്കുന്നില്ലേ?’
‘നിറുത്തി.’
‘പിന്നെ?’
‘അതു് സാത്താന്റെ പ്രലോഭനംപോലെയായിരുന്നു. ഞാൻ ദൈവത്തിലേക്കുതന്നെ തിരിച്ചുപോകുന്നു. എന്റെ സ്വസ്ഥതയാണതു്.’
‘അന്തിമ തീരുമാനം?’
‘അതെ.’
‘പക്ഷേ, ഇതു് നീ എന്റെ മകളോടു് പറഞ്ഞിട്ടില്ല.’
‘പറയേണ്ടതില്ല.’
‘എന്തുകൊണ്ടു്?
‘ഞാൻ സ്നേഹിക്കുന്നില്ല എന്നതുകൊണ്ടു്.’
‘ശരിക്കും?’
‘ശരിക്കും.’
‘അന്തിമ തീരുമാനം?’
‘അതെ.’
ഞാൻ നിശ്ശബ്ദനായി. ഇനി വാക്കുകള്‍ കൂട്ടേണ്ടതില്ല. മാത്രമല്ല, എന്റെ വാര്‍ദ്ധക്യം കുറ്റകരമായ ഒരു വഴി ആ നിമിഷം തിരഞ്ഞെടുക്കുകയും ചെയ്തു.
ഞാൻ യുവാവിനോടു് ചേര്‍ന്നുനിന്നു. അവന്റെ ശ്വാസം, ഒരു പഴയ തണുപ്പോടെ എന്റെ മുഖത്തു തട്ടി. ഞാൻ അവന്റെ കവിളില്‍ ചുംബിച്ചു. അത്ഭുതത്തോടും അതിലുമധികം ഭയത്തോടും അവൻ എന്നെ തിരിഞ്ഞുനോക്കി. അതേനിമിഷംതന്നെ, ഓടുന്ന വണ്ടിയില്‍നിന്നു് അവന്റെ കൈകള്‍ പിടിച്ചിടത്തുനിന്നു് ഞാൻ വിടുവിച്ചു. അവനെ താഴെ ചക്രങ്ങളുടെ അടിയിലേക്കു് തള്ളിയിട്ടു…
എന്നിട്ടു് ‘അയ്യോ’ എന്നു് മറ്റു യാത്രക്കാര്‍ക്കുവേണ്ടി ഉറക്കെ നിലവിളിച്ചു. അപകടമരണമാക്കി. അടുത്ത സ്റ്റേഷനിലിറങ്ങാൻ ഒരുങ്ങി. ആരോ ചങ്ങലവലിച്ചു് വണ്ടി നിറുത്തി. ഞാൻ വണ്ടിയില്‍നിന്നു് പുറത്തുചാടി, റെയില്‍വേപ്പാളത്തിലൂടെ ഓടി, പുറത്തുകടന്നു, ഓട്ടോയില്‍ മകളുടെ ഫ്ളാറ്റിലേക്കു മടങ്ങി.
ഇപ്പോള്‍ ഓട്ടോയില്‍ ഇരിക്കുമ്പോള്‍ ഞാൻ വിറച്ചു. ഒരു തണുത്ത മറവി എന്നെ സമാധാനിപ്പിക്കുമെന്നു് കരുതി. മഴ നിറഞ്ഞ ആകാശം എനിക്കു് കാണാമായിരുന്നു; നഗരം കുത്തിയൊലിക്കുന്നതും.
മകള്‍ താമസിച്ചിരുന്ന ഏഴാമത്തെ നിലയിലെ ഫ്ളാറ്റിലേക്കു് ലിഫ്റ്റ് ഉപയോഗിക്കാതെ ഞാൻ പടികള്‍ കയറി. എന്റെ വാര്‍ദ്ധക്യത്തിന്റെ ഉയരംകൂടിയായിരുന്നു അതു്. ഞാൻ എത്തുന്ന മുനമ്പു്.
എന്നാല്‍, അതിനുംമുന്‍പു് മറ്റൊന്നുകൂടി സംഭവിച്ചു. വഴിയില്‍, സൈക്കിളില്‍ വന്ന യായതക്കാരൻ, ഇടയ്ക്കെപ്പോഴോ ഓട്ടോയില്‍നിന്നിറങ്ങി നടക്കാൻ തുടങ്ങിയിരുന്ന എന്നെ, അയാളുടെ സൈക്കിളില്‍ ഇരുത്തി. മഴവെള്ളത്തില്‍ ഒരു തവണ അയാള്‍ എന്നെ ചുറ്റി, എന്റെ മുഖത്തേക്കു നോക്കി, അയാളുടെ മുഖം ഒരു കുട്ടിയുടേതുപോലെ തിളങ്ങി, അയാളുടെ സൈക്കിളില്‍ എന്നെ മുന്നിലിരുത്തി അടുത്ത മഴയ്ക്കുമുന്‍പേ എന്നെ വീടിനു മുന്നില്‍ ഇറക്കി.
ആ ചെറിയ യാത്രയില്‍ തണുപ്പുള്ള ഒരു ചൂളംവിളി എന്റെ കഴുത്തിനു ചുറ്റും പാറിനടന്നു…
കാമറ അവൻ കഥയിലെ മന്ത്രവാദിയെ ഏല്പിച്ചു.