ഒരുപക്ഷേ, ഒരു സൈക്കിളും ആ സൈക്കിളില്‍ യാത്ര ചെയ്യുന്ന പല യാത്രക്കാരുമുണ്ടാകാം, പലപ്പോഴും ആതുരരെ സേവിക്കാനെത്തുന്നതു്. അങ്ങനെയൊരാഗ്രഹവും തന്റെ കഥയിലെ സൈക്കിളിനു് ജോണ്‍ നല്കുമായിരുന്നു; പുഴയുടെ കരയിലെ മരച്ചോട്ടില്‍, നിഴലില്‍, സൈക്കിള്‍, ഒരു സന്ധ്യക്കു്, ആരുടെയെങ്കിലും ഒപ്പം കാണുന്നുവെങ്കില്‍ അതു് അങ്ങനെയൊരു പ്രത്യക്ഷപ്പെടലാകുമായിരുന്നു.
ഒരു സന്ദര്‍ഭത്തില്‍ പ്രസവവേദനകൊണ്ടു് കരയുന്ന ഒരു യുവതിയെ തന്റെ സൈക്കിളിന്റെ പിറകില്‍വെച്ചു് ആശുപ്രതിയിലേക്കു് ഒരു രാത്രിയില്‍ കുതിക്കുന്ന കൌമാരപ്രായക്കാരനെ സങ്കല്പിച്ചു;
‘ചേച്ചി എന്തിനാ കരയുന്നതു്?
‘ഞാൻ പെറാൻ പോകുകയാണു്.’
‘ഈ രാത്രിയിലോ?’
‘എടാ നായേ, നീ വേഗം ആശുപത്രിയിലേക്കെന്നെ എത്തിക്കു്.’
‘ചേച്ചി കരയുമ്പോള്‍ എന്റെ സൈക്കിളാണു് പേടിക്കുന്നതു്, പ്ലീസ്…’
‘പ്ലീസോ?’
‘അതെ, പ്ലീസ്.’
‘എന്നുവെച്ചാല്‍?’
‘ഇംഗ്ലീഷാണു്, ‘ദയവായി’ എന്നര്‍ഥം.’
‘നിനക്കു് ഇംഗ്ലീഷ് അറിയുമോ?’
‘അറിയും.’
എങ്കില്‍ ഇംഗ്ലീഷില്‍ എന്തെങ്കിലും വേഗം വേഗം പറയ്, എന്റെ വേദന അറിയാതിരിക്കാനാണു്.’
‘അതിനിപ്പോ ഒന്നും തോന്നുന്നില്ല.’
‘പ്ലീസ്…’
ആണ്‍കുട്ടി സൈക്കിളിലെ യുവതിയെ തിരിഞ്ഞുനോക്കി ചിരിച്ചു. അവള്‍ അവനെ നോക്കി ചുണ്ടുകോട്ടി…
‘ബൈസിക്കിള്‍ തീഫ്’ എന്നാണു് ജോണിന്റെ കഥയ്ക്കു് തങ്കം കണ്ടുവെച്ചരുന്ന പേര്‍. ജോണ്‍ അതു് നിരാകരിച്ചു. മോഷണം ആരോപിക്കപ്പെടുമെന്നു ഭയന്നു. എന്നാല്‍, അവന്റെ കഥയില്‍ സൈക്കിള്‍ പ്രത്യക്ഷപ്പെട്ട സന്ദര്‍ഭങ്ങളിലൊക്കെ മോഷണം, അല്ലെങ്കില്‍ കൃത്യമായി പറയാത്ത എന്തോ ഒന്നു് പശ്ചാത്തലമായി വന്നു. നാട്ടിന്‍പുറത്തെ സിനിമാടാക്കീസ്, വശീകരണശക്തിയുള്ള ഒരു മന്ത്രവാദംപോലെയായിരുന്നു ജോണിനു്: കഥകള്‍കൊണ്ടും വാക്കുകള്‍ കൊണ്ടും ഭാഷ നടത്തുന്ന മന്ത്രവാദം നേരില്‍ കാണുക എന്നാണു്, തന്റെ കഥയിലെ സിനിമാടാക്കീസെന്നു് ജോണ്‍ വിശ്വസിച്ചു. അതിനാല്‍ എഴുതിയതോ എഴുതാത്തതോ ആയ കഥ എപ്പോഴും തിരുത്തി. ഓർമ്മകളുടെ ലോകവും തന്റേതന്നെ ഭാവനയുടെ ലോകവും ഒടുവിലൊടുവില്‍ ജോണിനു് ഒരൊറ്റ അനുഭവംപോലുമായി:; കഥയിലെ മന്ത്രവാദിക്കു പിറകെ അയാള്‍ അറിയാതെ ജോണ്‍ സഞ്ചരിക്കാൻ തുടങ്ങി…
‘എന്നിട്ടോ, ഷീല പറഞ്ഞു; ’ ആ കഥയും സിനിമയായില്ല.’
‘ഇല്ല,’ ഞാൻ പറഞ്ഞും; ‘പതിമൂന്നു് ചീത്ത അക്കമായതുകൊണ്ടു്.’
‘ഒന്നുമുതല്‍ പന്ത്രണ്ടുവരെ ഒന്നും പറയാനില്ലാതിരിക്കുമ്പോഴും, അല്ലേ?’ ഷീല ചോദിച്ചു.
‘അതെ,’ ഞാൻ പറഞ്ഞു; ‘പതിമൂന്നു് ചീത്ത അക്കമായതുകൊണ്ടു്.’
ആ രാത്രിതന്നെ കഥയുടെ അന്ത്യം എന്നപോലെ ഞാനെന്റെ ഓർമ്മയുടെ അവസാന പുറത്തും എത്തി.
മകള്‍ തൊട്ടുമുമ്പു് എനിക്കൊരു ഫോട്ടോയും പുസ്തകവും കാണിച്ചുതന്നു. ഫോട്ടോ എനിക്കു് ഓർമ്മയുണ്ടായിരുന്നു. നോട്ടുപുസ്തകം, പക്ഷേ, ഞാൻ മറന്നിരുന്നു. അതു് തങ്കത്തിന്റെ ഡയറിയാണെന്നു് മകള്‍ പറഞ്ഞു.
‘അച്ഛൻ ഓര്‍ക്കുന്നുണ്ടാവില്ല. ഞാൻ മുംബൈയിലേക്കു് പഠിക്കാൻ വരുമ്പോള്‍ എന്റെ പെട്ടിയില്‍ ഞാനറിയാതെ, ഒരുപക്ഷേ, അച്ഛനും അറിയാതെ, അമ്മ ആ നോട്ടുപുസ്തകം ഒളിപ്പിച്ചുവെച്ചു.’
ഒരു നിമിഷം ഞാൻ പേടിച്ചു, എന്റെ വാര്‍ധക്യത്തെ കണ്ടുമുട്ടുന്ന ഒരു കാലം, അത്രയും കാലം പെട്ടിയില്‍ അടച്ചുവെച്ചിരുന്നു. അടുത്ത നിമിഷം ഞാൻ ആ പേടിയില്‍നിന്നു് മുക്തനായി. വണ്ടിയിലെ തിരക്കുള്ള കമ്പാര്‍ട്ടമെന്റില്‍നിന്നു് ഒരു യുവാവിനെ വണ്ടിക്കടിയിലേക്കു് തള്ളിയതു് പകരം ഓർമ്മിച്ചു; ചിലതു് നമ്മള്‍ ചെയ്യും, നമുക്കു വേണ്ടിയല്ലെങ്കിലും നമുക്കുവേണ്ടിത്തന്നെ. വേറെ ഒരാളുടെ കൈകള്‍ കഴുത്തില്‍ പിടിമുറുകുന്നതിനു മുന്‍പു് പലതവണ നമ്മള്‍തന്നെ നമ്മുടെ കഴുത്തില്‍ പിടിമുറുക്കി പരിശീലിക്കുന്നു. അതിനാല്‍, ആ ഡയറിയില്‍ എന്താണു് എഴുതിയതെന്നു് ഞാൻ ചോദിച്ചില്ല. ഷീല പറഞ്ഞതുമില്ല.
ഫോട്ടോ: തങ്കവും ഞാനും ജോണും മകളും നില്ക്കുന്ന ഒരു പഴയ ഫോട്ടോ. ഞങ്ങള്‍ മൂന്നു പേര്‍ക്കുമിടയില്‍ ഷീല ഒരു കളിത്തോക്കുമായി നില്ക്കുന്നു.
‘അച്ഛൻ ഈ ഫോട്ടോ എടുക്കാൻ പോയതു് ഓര്‍ക്കുന്നുണ്ടോ?’
ഓർമ്മ ഉണ്ടായിരുന്നില്ലെങ്കിലും ഞാൻ ഓർമ്മിക്കുന്നതുപോലെ നടിച്ചു.
‘കോഴിക്കോടുവെച്ചു് എടുത്ത ഫോട്ടോ ആണു്, നിനക്കു് അപ്പോള്‍ എത്ര വയസ്സാണു്…’
‘അല്ല,’ മകള്‍ പറഞ്ഞു; ‘കോട്ടയത്തുവെച്ചു്.’
‘ആവില്ല,’ ഞാൻ പറഞ്ഞു.
‘കോട്ടയത്തുവെച്ചുതന്നെ, മകള്‍ പറഞ്ഞു: ‘ഇതാ, അമ്മ ഈ നോട്ടുപുസ്തകത്തില്‍ എഴുതിയിട്ടുണ്ടു്.’
ഞാനാ പുസ്തകം പേടിച്ചു, അതിലുമധികം വെറുത്തു.
അവള്‍, അഥവാ ആ ഭാഗം വായിക്കുന്നതു് കേൾക്കാതിരിക്കാൻ കാതുകള്‍ പൊത്തണമെന്നുണ്ടായിരുന്നു. പകരം കണ്ണുകള്‍ അടച്ചു.
‘എന്റെ കൈയിലെ തോക്കില്ലേ, അതു് ജോണ്‍ അങ്കിള്‍ വാങ്ങിച്ചുതന്നതാണു്.’
ആ വൈകുന്നേരം ഞാൻ യാത്ര ചെയ്ത മഴയുടെ ഒച്ചയാണു് എന്റെ കൂടെ ഇപ്പോൾ. മഴയിലൂടെ മാത്രം യാത്ര, എനിക്കു് ഓരോ നിമിഷവും അപരിചിതമാകുന്ന ഒച്ച, അതില്‍ ഇതിനകം മനുഷ്യരായി പിറന്ന എല്ലാവരും ഉച്ചരിക്കുന്ന ശബ്ദങ്ങള്‍കൂടിയുണ്ടായിരുന്നു.
കൊലപാതകം ഒച്ചയുടെ പ്രവൃത്തികൂടിയാണു്, നിശ്ശബ്ദമായി ചെയ്യുമ്പോഴും.
ഞാൻ കൈ നീട്ടി മകളുടെ വായ പൊത്തി. എന്റെ ചെവിയില്‍ നോക്കാൻ പറഞ്ഞു.
‘നീ എന്താണു് കാണുന്നതു്?’
അവള്‍ എന്റെ ചെവിക്കുള്ളിലേക്കു് ഒരു വൈദ്യനെപ്പോലെ നോക്കി.
‘എന്തു കേൾക്കുന്നു?’ ഞാൻ ചോദിച്ചു.
‘ഒരു ഗുഹ മാത്രം കാണുന്നു,’ മകള്‍ പറഞ്ഞു.
‘ഗുഹ? ശരിയാണു്, എന്തിന്റെ എന്നറിയാമോ?’
‘അറിയാം,’ മകള്‍ പറഞ്ഞു: ‘വാക്കുകളുടെ ഗുഹ, നുണകളുടെ ഗുഹ.’
‘ശരിയാണു്,’ ഞാൻ പറഞ്ഞു; ‘നീ കണ്ടുപിടിച്ചിരിക്കുന്നു.’
ഞാനെന്റെ ചെവികള്‍ രണ്ടും പൊത്തിപ്പിടിച്ചു. ഇനി ഒന്നും കേൾക്കില്ല, ഞാൻ പറയുന്നതുപോലും. അതുകൊണ്ടുതന്നെ എന്റെ ചുണ്ടുകളുടെ അനക്കം എനിക്കു് സത്യംപോലെയായി; ‘ഞാൻ അവനെ കൊലപ്പെടുത്തി’ എന്നു പറഞ്ഞു് മകളെ നോക്കി, വാര്‍ധക്യത്തിനു മാത്രം കിട്ടുന്ന ശ്രദ്ധയോടെ.
പക്ഷേ, എന്നെ തെറ്റിച്ചു, ചെവിക്കുള്ളില്‍ മുഴങ്ങുന്ന മണിയൊച്ച. എനിക്കറിയാം, ഇത്തവണയും അതു് സൈക്കിളിന്റെ മണിയൊച്ചതന്നെ—‘ബൈസിക്കിള്‍ തീഫ്,’ തങ്കം എന്റെ ചെവിക്കുള്ളിലിരുന്നു് മന്ത്രിച്ചു: ‘രാമൂ, ‘ബൈസിക്കിള്‍ തീഫ്’എന്ന കഥ വാസ്തവത്തില്‍ ആര്‍ എഴുതി എന്നു നീ പറഞ്ഞു?’
‘ജോണ്‍,’ ചെവിക്കുള്ളിലിരിക്കുന്ന തങ്കത്തിനോടു് ഞാൻ പറഞ്ഞു; ‘നീ ഒരു വണ്ടായി, അല്ലെങ്കില്‍ തിരിയുന്ന ഒരു സൈക്കിള്‍ച്ചക്രമായി എന്റെ ചെവിക്കുള്ളില്‍ എന്തിനിരിക്കുന്നു?’
‘മരിച്ചതുകൊണ്ടു്, തങ്കം പറഞ്ഞു: ‘അതുകൊണ്ടുമാത്രം.’
‘പ്ലീസ്’ ഞാൻ കൈകള്‍ എടുത്തു, വായ പൊളിച്ചു ഷീലയെ നോക്കി. ഒരു നിമിഷം, അവള്‍ എന്നെ കണ്ണിമകള്‍ വെട്ടാതെ നോക്കി; ‘എനിക്കു് അച്ഛനെ നോക്കി ഇരുന്നപ്പോള്‍ ജോണ്‍ അങ്കിളിനെ ഓർമ്മവന്നു.’
‘അവൻ എന്റെ പ്രിയ സുഹൃത്തായിരുന്നു,’ ഞാൻ പറഞ്ഞു; ‘ഒരുപക്ഷേ, മരിച്ചവരുടെ ഛായ വരും നമ്മള്‍ അവരെ ഓര്‍ക്കുമ്പോൾ.’
ഷീല എന്നെ നോക്കി ചിരിച്ചു, എന്റെ അരികിലേക്കു് നീങ്ങി ഇരുന്നു, അവളുടെ അമ്മയെ ഓര്‍ക്കാൻ പറഞ്ഞു…
ഞാൻ ശമിച്ചില്ല.