ഒരു ഉച്ചയ്ക്കു് ആരുമറിയാതെ മന്ത്രവാദിയുടെ വീട്ടില്‍നിന്നു് ഒളിച്ചു് രക്ഷപ്പെടാൻ ശ്രമിക്കുന്ന സിനിമാനടി, വീട്ടുവളപ്പിനു പുറത്തുകടന്നു് ഇടവഴിയിലൂടെ ഓടാൻ തുടങ്ങുമ്പോള്‍, അവള്‍ കാണെ, മുന്നിലുള്ള വഴി അടഞ്ഞടഞ്ഞു് വന്നു. നടി ഭയത്തോടെ പിന്തിരിഞ്ഞതും അവളുടെ തൊട്ടുപിറകില്‍ മന്ത്രവാദി ഒരു കാമറയുമായി നില്ക്കുന്നതു കണ്ടു—ഈ സന്ദര്‍ഭം ആദ്യം ജോണ്‍ രാത്രിയിലായിരുന്നു സങ്കല്പിച്ചതു്. എന്നാല്‍, കാമറ ഉച്ചയുടെതന്നെ ഒരായുധം പോലെ എന്നു് അവൻ തിരുത്തിയെഴുതി.
ആകാലത്തു് അവനെപ്പോഴും ഒരു കാമറ കൈയില്‍ കരുതി. അവൻ കണ്ടലോകം പകർത്തുക മാത്രമായിരുന്നില്ല, ലോകത്തുള്ള എല്ലാ ആളുകളും തങ്ങളുടെ ഓർമ്മകള്‍ സൂക്ഷിക്കുന്നതു് ഫോട്ടോകളിലൂടെയാണെന്നു് അവൻ വിശ്വസിച്ചു. ജോണ്‍ കാമറയെ വിശ്വസിച്ചു, ഫോട്ടോകളെ സ്നേഹിച്ചു. രണ്ടും ഓർമ്മകളുടെ ശേഖരങ്ങളുമായി. അതുകൊണ്ടുതന്നെയാകണം, തന്റെ കൈയിലെ കാമറ അവൻ കഥയിലെ മന്ത്രവാദിയെ ഏല്പിച്ചതു്.
അങ്ങനെയാണത്: വിശുദ്ധങ്ങളായ വചനങ്ങളില്‍, അവയുടെ സമരോത്സുകമായ നിലപാടുകളില്‍ ജോണ്‍ തന്റെ ആഗ്രഹങ്ങൾക്കു് അതിശയകരങ്ങളായ കഴിവുകളും ഏല്പിക്കുമായിരുന്നു. അത്രയും അവൻ ഒരു ദൈവവിശ്വാസിയെപ്പോലെയും ആയിരുന്നു. അതുകൊണ്ടു് കാമറയിലേക്കു് തിരിഞ്ഞു നിന്ന അഭിനേത്രിയുടെ മുഖം മന്ത്രവാദി കാണുമ്പോള്‍ പലതവണ പല ഭാവങ്ങളില്‍ മിന്നിമായുന്നതു് അവൻ സങ്കല്‍പിച്ചു; ഇന്ത്യക്കാരായ എല്ലാ സിനിമക്കാരും ഒരു നടിയില്‍ ഒരു ‘ദേവി’യെയും സങ്കല്പിച്ചു; ജോണും. അഴിച്ചിട്ട മുടിയും ഉരുണ്ടു് ഉയര്‍ന്നുനില്ക്കുന്ന മുലകളും മുറുകിയ അരക്കെട്ടും ഒക്കെയായി, തീര്‍ച്ചയായും, സുന്ദരികളായിരുന്നു ദേവിമാര്‍.
ഞാൻ ജോണിനോടു് തര്‍ക്കിച്ചു. ഭാവനയുടെതന്നെ മുഷിഞ്ഞ മുഖം എന്നു പറഞ്ഞു. ‘ഇതെന്റെ സിനിമയാണു്, എന്റെ സങ്കല്പമാണു് എന്നു് ജോണ്‍ തര്‍ക്കം അവസാനിപ്പിച്ചു.
പതിവുപോലെ അങ്ങനെയൊരു കലഹം അവസാനിക്കുക അവന്റെ തിരോധാനത്തോടെയാണെങ്കില്‍, ഈ പ്രാവശ്യം, അവൻ രാവിലെ ഒന്‍പതു മണിക്കുതന്നെ ഉറങ്ങാൻ നിശ്ചയിച്ചു. ഉറങ്ങുകയും ചെയ്തു.
തൃശൂരിലെ ഒരു ലോഡ്ജിലെ മുറിയായിരുന്നു അതു്. ആ മുറി അക്കാലത്തു് നിഷേധികളായ ചെറുപ്പക്കാരെയും അവരുടെ ഭാവിയെ ആശംസിക്കാനെത്തുന്ന മധ്യവയസ്കരെയുംകൊണ്ടു് ആര്‍ഭാടമായ ഒരാഹ്ലാദം അക്കാലത്തെ കലാപസങ്കല്പങ്ങൾക്കും നല്കിയിരുന്നു.
ഉദാഹരണത്തിനു്, സിവിക് ചന്ദ്രൻ, സുബ്രഹ്മണ്യദാസ്, ജോയ് തുടങ്ങിയ കലാപകാരികളെ കാണാൻ കെ. വേണു വരുന്നതു് അവിടെയാണു്. രഹസ്യമായ കൂടിക്കാഴ്ചകള്‍തന്നെ. ഇത്തരം ആഹ്ലാദങ്ങളില്ലാതെ ആ നിമിഷം മുതല്‍ ഉറങ്ങാൻ തീരുമാനമെടുത്ത ജോണ്‍ അവൻ തൊട്ടുമുന്‍പു പറഞ്ഞ ദൃശ്യത്തേക്കാള്‍ എന്നെ മടുപ്പിച്ചു. ഞാൻ വീട്ടിലേക്കു മടങ്ങി. എന്നാല്‍, ബസ്സില്‍വെച്ചു് വായിക്കാനെടുത്ത ഒരു ‘സമാന്തര മാസിക’യില്‍ ജോണ്‍ എഴുതിയ ഒരു ചെറുകഥ എന്നെ വളരെയധികം സന്തോഷിപ്പിച്ചു.
‘കാമറ എന്നായിരുന്നു അതിന്റെ പേര്.
വിചിത്രമായ വരികളില്‍ അസംഭാവ്യമെന്നു കരുതേണ്ടുന്ന ഒരു പ്രവൃത്തിപോലെയായിരുന്നു അതു്. ഇപ്പോള്‍ മുഴുവനായും ആ വരികള്‍ ഓർമ്മമയില്ലെങ്കിലും വരികള്‍ ഭാഷയെ എങ്ങനെയൊക്കെ അടുക്കിവെക്കുന്നു എന്നു പറയുമ്പോള്‍ ആ കഥയുടെ അനുഭവം, തീര്‍ച്ചയായും ഓർമ്മവരും.
കഥ, ഏതാണ്ടു്, ഇങ്ങനെയാണു്;
ഒരിടത്തു് ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അവര്‍ പ്രണയബദ്ധരായിരുന്നു. എന്നാല്‍, അവരുടെ കൌമാരകൗതുകങ്ങള്‍ യുവത്വത്തിലേക്കു് കടക്കുന്നതിനു മുന്‍പു് പെണ്‍കുട്ടി അവളുടെ വീട്ടുവളപ്പിലെ കുളത്തില്‍ മുങ്ങിമരിക്കുന്നു. വാസ്തവത്തില്‍ അവളുടെ കാലുകള്‍ ആരോ താഴെനിന്നു് പിടിച്ചുവലിക്കുകയായിരുന്നു. അഥവാ, ആ കുളത്തിനടിയില്‍ ആരോ ഒളിഞ്ഞു കിടപ്പുണ്ടെന്നു് എല്ലാവരും വിശ്വസിച്ചു. ആണ്‍കുട്ടി യുവാവായി, മറവിയുടെ മാത്രം അനുഗ്രഹംകൊണ്ടു് വിവാഹിതനായി, സുന്ദരിയായ ഒരു ഭാര്യ തുണയായി, കുഞ്ഞുങ്ങള്‍ ഉണ്ടായി, അവര്‍ വലുതായി, അയാള്‍ വൃദ്ധനായി… അങ്ങനെയിരിക്കെ, അയാളുടെ മകൻ വിദേശത്തുനിന്നു് വന്നപ്പോള്‍ ഒരു കാമറകൊണ്ടുവന്നു. ഒരു ദിവസം ആ കാമറയുമായി വൃദ്ധൻ ആരുമറിയാതെ ആ നാടുവിട്ടു. തന്റെ പഴയ നാട്ടിന്‍പുറത്തു് പെണ്‍കുട്ടി മുങ്ങിമരിച്ച കുളത്തിനടുത്തെത്തി. വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞിരുന്നെങ്കിലും കുളം അതുപോലെ ഉണ്ടായിരുന്നു. ഉച്ചസമയം, സൂര്യന്റെ വെളിച്ചമുള്ള നിഴലുകള്‍ വീണ കുളത്തില്‍, ഒരുപക്ഷേ, തന്റെ പ്രണയിനിയുടെ ഫോട്ടോ എടുക്കാനാവണം, വൃദ്ധൻ കാമറയുമായി താണുതാണു പോയി… പിന്നെയും കുളത്തിലെ വെള്ളത്തിനെപ്പറ്റി, സൂര്യനെപ്പറ്റി ചില വരികള്‍കൂടി ഉണ്ടായിരുന്നു, ഓർമ്മയില്ല.
ജോണിന്റെ കഥ ഞാൻ തങ്കത്തിനു് കാണിച്ചുകൊടുത്തു. കഥ വായിച്ചു് അവള്‍ പൊട്ടിച്ചിരിച്ചു. അവള്‍ പറഞ്ഞതു്, ഇതു് അവള്‍ കണ്ട ഒരു സ്വപ്നമാണെന്നും ഒരിക്കല്‍ ജോണിനോടു് പറഞ്ഞിട്ടുണ്ടെന്നും അവൻ ഇതു് കഥയാക്കി മോഷണം നടത്തിയിരിക്കുന്നു എന്നുമായിരുന്നു.
‘കാമറയുമായി മടങ്ങിയെത്തുന്നതു് ഞാനാണു്, തങ്കം പറഞ്ഞു; ‘വൃദ്ധയായിട്ടു്. കുളത്തില്‍ വീണുപോയതു് എന്റെ ആദ്യത്തെ കൂട്ടുകാരിയും.’
‘പക്ഷേ, സ്വപ്നത്തേക്കാള്‍ കഥ നന്നായിട്ടുണ്ടു്, ഇല്ലേ?’ ഞാൻ ചോദിച്ചു.
‘അതെ,’ തങ്കം പറഞ്ഞു; ‘ജോണിന്റെ മൂശയില്‍ ആരുടെ സ്വപ്നവും കഥയാകും, ജീവിതമാവില്ലെങ്കിലും.’
നോക്കൂ, ഇത്രകാലം കഴിഞ്ഞിട്ടും ഞാനാ വരികള്‍, തങ്കം പറഞ്ഞതു്, ഓർത്തിരിക്കുന്നു. മറന്നിട്ടില്ല. ഓർത്തതോ ഇപ്പോള്‍ മാത്രവും.
ആ കഥയുടെ ആഗ്രഹം പ്രണയമാണോ എന്നു് തീര്‍ച്ചയില്ല, ചില ബന്ധങ്ങള്‍ ചില വസ്തുക്കള്‍ പോലെ കളയാൻ വിസമ്മതിക്കുന്നു എന്നു പറഞ്ഞതാണോ എന്നറിയില്ല, പിന്നെയും കുറച്ചുനാള്‍ എന്റെ കൂടെ ഉണ്ടായിരുന്നു.
പിന്നീടു് ഒരു ദിവസം ജോണ്‍ വീട്ടില്‍ വന്നപ്പോള്‍ ഈ കഥയെപ്പറ്റി പറഞ്ഞു്, തന്റെ സ്വപ്നം മോഷണം ചെയ്തതിനെപ്പറ്റി പറഞ്ഞു് തങ്കം ജോണിനെ കളിയാക്കിക്കൊണ്ടിരുന്നു. ഒടുവില്‍ അതിനൊരു പശ്ചാത്താപം ജോണ്‍ കണ്ടെത്തി; ‘നമ്മള്‍ നാലു പേരുടെയും ഒരു ഫോട്ടോ എന്റെ ചെലവില്‍ ഇപ്പോള്‍ത്തന്നെ ഒരു സ്റ്റുഡിയോയില്‍ പോയി എടുക്കുന്നു…’ അന്നുതന്നെ ടൗണിലെ ഒരേയൊരു സ്റ്റുഡിയോയില്‍ ഞങ്ങള്‍ എത്തി: ‘കൃഷ്ണന്‍നായര്‍ സ്റ്റുഡിയോ’ എന്നായിരുന്നു അതിന്റെ പേര്‍. അവളുടെ പേര്‍ അതല്ലാതിരുന്നിട്ടും ‘രാധേ, കൃഷ്ണന്‍നായര്‍ അകത്തുണ്ടോ’ എന്നു് ജോണ്‍ ചോദിച്ചു. ‘അദ്ദേഹംതന്നെ ഞങ്ങളുടെ ഫോട്ടോ എടുക്കണം’ എന്നു പറഞ്ഞു.
ജോണിന്റെ കഥയില്‍ മന്ത്രവാദി എടുക്കുന്ന അഭിനേത്രിയുടെ ഫോട്ടോ അയാളുടെ കാമറയില്‍ പതിയുന്നതേയില്ല. ജോണ്‍ മന്ത്രവാദിയെപ്പറ്റി പിന്നെ പറയുന്നുമുണ്ടു്. അയാള്‍ ഫോട്ടോകള്‍ കഴുകാൻ കൊണ്ടുപോകുന്നതു് ദൂരെ ഒരു ടൗണിലാണു്. സ്റ്റുഡിയോയിലെ യുവതി, ‘സാര്‍ ഈ ഫിലിംറോളില്‍ ഫോട്ടോകള്‍ ഒന്നും ഇല്ലല്ലോ’ എന്നു പറയുമ്പോള്‍ തന്റെ സാങ്കേതികജ്ഞാനത്തെപ്പറ്റി മന്ത്രവാദി അവളോടു് വിശദീകരിക്കുന്നുണ്ടു്.
‘ആശ്ചര്യംതന്നെ, ഞാൻ എത്രയോ വര്‍ഷങ്ങളായി ഫോട്ടോകള്‍ എടുത്തു ശീലിച്ചു ഒരാളായിട്ടും… ഇതു് ആരോ ചതിച്ചതാണു്.’
‘ആവാൻ വഴിയില്ല സാര്‍,’ യുവതി പറഞ്ഞു; ‘എന്തോ, താങ്കൾക്കു് അബദ്ധം പറ്റിയതാണു്.’
മന്ത്രവാദി അവളെ രൂക്ഷമായി നോക്കി തന്റെ കാമറയുമായി പുറത്തിറങ്ങി.
പിന്നെ, ജോണ്‍ അയാളെ ഒരു ബസ്സ്റ്റോപ്പില്‍ നില്ക്കുന്നതാണു് കാണിക്കുന്നതു്. കാമറ തന്റെ ബാഗില്‍ വെച്ചു് ഒരു ബസ്സിലും കയറാതെ ആലോചനയിലാണ്ടുനില്ക്കുന്ന ആൾ. എന്നാല്‍, അയാളെ കൂടുതല്‍ പരിശ്രമത്തിലേക്കു് എത്തിക്കുന്നതു് ആ സമയം അയാൾക്കു് പരിചയമുള്ള നാട്ടിന്‍പുറത്തെ ചെറുപ്പക്കാരനാണു്. അവൻ തന്റെ സൈക്കിളില്‍ മുന്നിലൂടെ കടന്നുപോകുമ്പോള്‍ മന്ത്രവാദിയെ നോക്കി ചിരിച്ചു. അടുത്തുവരുന്ന ബസ്സില്‍ കയറി അവിടെനിന്നു് മാറാൻ നിശ്ചയിക്കുന്ന മന്ത്രവാദി പക്ഷേ, രണ്ടു കാഴ്ചകളിലേക്കു് വീണ്ടും വന്നുപെട്ടു;
ബസ്സിലേക്കു് കയറുന്ന അയാള്‍ വീണ്ടും ആ ചെറുപ്പക്കാരനെ കാണുന്നു.
ഒരു സമയം, സൈക്കിള്‍ ബസ്സിന്റെ മുന്നില്‍ വന്നു, പിന്നെ വശത്തോട്ടു് തിരിഞ്ഞുപോയി, സൈക്കിളിനു പിറകിലിരിക്കുന്ന ആള്‍, ഒരു സ്ത്രീ, മന്ത്രവാദിയുടെ സ്വൈരംകെടുത്തി.
തനിക്കു് പരിചയമുള്ള രണ്ടു സ്ത്രീകള്‍ ഒരു ഉടലില്‍ കയറിക്കൂടി ഇരിക്കുന്നതുപോലെയാണു് അയാൾക്കു തോന്നിയതു്. അതു് ഒന്നുകില്‍, സിനിമാനടിയാണു് അല്ലെങ്കില്‍ തന്റെ ഭാര്യ. മന്ത്രവാദി ഓടിക്കൊണ്ടിരുന്ന ബസ്സില്‍ കലങ്ങിയ കണ്ണുകളോടെ ആ പട്ടണത്തെത്തന്നെ കാണാൻ വിസമ്മതിച്ചു് ഇരുന്നു.
‘അച്ഛാ’, ഷീല തങ്കത്തിന്റെ നോട്ടുപുസ്തകത്തിലെ ഒരു പേജ് എടുത്തു് എനിക്കു് കാണിച്ചുതന്നു; ‘അമ്മ കഥകള്‍ എഴുതുമായിരുന്നുവെന്നു് അച്ഛൻ അറിയാമായിരുന്നോ?’
എനിക്കു് അറിയില്ല എന്നു പറയാൻ മടിച്ചതുകൊണ്ടുമാത്രം ‘അറിയാം’ എന്നു് ഞാൻ തലകുലുക്കി. ഷീല പറഞ്ഞു; ‘ഇല്ല, അച്ഛനു് അറിയില്ല…’
അവള്‍ എന്റെ മടിയില്‍ നോട്ടുപുസ്തകം മലർത്തിവെച്ചു. വര്‍ഷങ്ങൾക്കു ശേഷം കാണുന്ന ആ കൈപ്പട ആദ്യം എന്റെ കണ്‍മുന്നില്‍ അവയുടെ കണ്ണുകള്‍ ചിമ്മിത്തുറന്നതുപോലെ, ആ നിമിഷം, നിറത്തോടെ തെളിഞ്ഞു…
എന്റെ കണ്ണുകള്‍ നിറഞ്ഞു. എനിക്കൊന്നും വായിക്കാനായില്ല.
ഷീല, പകരം, ആ കഥ എനിക്കു് വായിച്ചുതന്നു.
ഒരു തുന്നല്‍ക്കാരി പെണ്‍കുട്ടിയുടെ കഥയായിരുന്നു അതു്. തങ്കത്തിന്റെ ആത്മാംശങ്ങള്‍ പലയിടത്തുമുണ്ടായിരുന്നു. ലളിതമായൊരു കഥ. അതിലെ നാടോടിപ്പഴമ പക്ഷേ, ആഹ്ലാദം തരുമായിരുന്നു.
എന്നും രാത്രി ഒരു ആന, ആനപ്പുറത്തു് ഒരു ആണ്‍കുട്ടി, ആനയുടെ പാപ്പാൻ, അവളുടെ തുന്നല്‍ക്കടയില്‍ എത്തുന്നതു് അവൻ സ്വപ്നം കാണുന്നു. ‘എന്തുകൊണ്ടു് പകല്‍ വരുന്നില്ല’ എന്നു ചോദിക്കുമ്പോള്‍, പാപ്പാനായ ആണ്‍കുട്ടി പറയും, പകല്‍ ഞങ്ങൾക്കുള്ളതല്ല, രാത്രി മാത്രം’ എന്നു്. ‘എന്തിനാ എപ്പോഴും ആനപ്പുറത്തു വരുന്നതു്’ എന്നു് അവള്‍ ചോദിക്കും. ‘ഈ ആനയ്ക്കും നിന്നെ ഇഷ്ടമാണു്’ എന്നു് അവൻ പറയും. പെണ്‍കുട്ടി ചിരിച്ചു.
ഒരു ദിവസം പകല്‍ ആന മാത്രം അവളുടെ തുന്നല്‍ക്കടയുടെ മുന്നില്‍ വന്നു. ആന തുമ്പിക്കൈ അവളുടെ നേരെ നീട്ടിയതും അവള്‍ സൂചികൊണ്ടു് ഒരു കുത്തുകൊടുത്തു. ആന വേദനിച്ചു്, ആളുകള്‍ കരയുന്ന ഒച്ചയില്‍ കരഞ്ഞു.
ആ രാത്രി സ്വപ്നത്തില്‍ ആന വന്നില്ല.
എന്നാല്‍, പിന്നീടൊരു ദിവസം ആണ്‍കുട്ടി മാത്രം വന്നു. അവൻ വന്നതു് ഒരു സൈക്കിളിലാണു്. അവളോടു് അവൻ അപ്പോള്‍ത്തന്നെ തന്റെ കൂടെ വരാൻ പറഞ്ഞു. തുന്നിക്കൊണ്ടിരുന്ന ഉടുപ്പു് താഴെയിട്ടു്, തുന്നല്‍ക്കടയും വീടുമൊക്കെ ഉപേക്ഷിച്ചു് പെണ്‍കുട്ടി അവന്റെ കൂടെ സൈക്കിളില്‍ നാടുവിട്ടു.
യാത്രയില്‍ അവള്‍ ചോദിക്കും: ‘നമ്മള്‍ എവിടേക്കാണു് പോകുന്നതു്?’
അവൻ പറഞ്ഞു; ‘മുംബൈയിലേക്കു്.’
അവള്‍ ചോദിച്ചു; സൈക്കിളിലോ?’
അവൻ പറഞ്ഞു: ‘അതെ.’
പക്ഷേ, ആ യാത്രയില്‍ത്തന്നെ സൈക്കിള്‍ ഒരു ആനയാവുകയും ആണ്‍കുട്ടിയെ കാണാതാവുകയും ചെയ്യും. പിന്നെ ഒരു കാര്‍ട്ടൂണ്‍ചിത്രത്തിലെന്നപോലെ പറയുന്നതു്, ഒരു തീവണ്ടിയുടെ കമ്പാര്‍ട്ട്മെന്റില്‍ കുടുങ്ങിനില്ക്കുന്ന ആനയെപ്പറ്റിയാണു്. അതിന്റെ പാപ്പാനായി ഒരു പെണ്‍കുട്ടിയും. റെയില്‍വേ സ്റ്റേഷനില്‍ ആന വന്നിറങ്ങുന്നതു കാണാൻ കുറെ ആളുകള്‍ നിന്നിരുന്നു. അവരുടെ കൂട്ടത്തില്‍ ആ ആനക്കാരൻ ആണ്‍കുട്ടിയും…
‘ഈ കഥ അമ്മ എനിക്കു് പറഞ്ഞുതരാന്‍വേണ്ടി എഴുതിയതാണു്,’ ഷീല പറഞ്ഞു; ‘പക്ഷേ, എന്നോടു് പറഞ്ഞിട്ടില്ല.’
‘അവള്‍ പറഞ്ഞിട്ടുണ്ടാകും,’ ഞാൻ പറഞ്ഞു; ‘നിനക്കു് ഓർമ്മയില്ലാഞ്ഞിട്ടാകും.’
‘എനിക്കു് ഓർമ്മയുണ്ടു് അച്ഛാ,’ ഷീല പറഞ്ഞു; ‘പക്ഷേ, ഈ കഥയല്ല. വേറൊരു കഥ. പേടിപ്പെടുത്തുന്ന കഥ…’
ഞാൻ അവളെ നോക്കി ചിരിച്ചു. എത്രയോ കാലത്തിനുശേഷമാണു് ഞാനെന്റെ മകളെ അത്രയും അടുത്തിരുന്നു് കാണുന്നതു്. അവള്‍ സുന്ദരിയായ യുവതിയായിരിക്കുന്നു. തങ്കത്തിന്റെ ഛായ, ഞാൻ എന്റെ മുഖത്തെ എന്തെങ്കിലും അടയാളങ്ങള്‍, ഛായ, ഒരു നിമിഷം തിരഞ്ഞു.
‘നിനക്കു് അമ്മയുടെ ഛായയാണു്.’
ഷീല പുഞ്ചിരിച്ചു.
എന്നിട്ടു് ഇപ്പോഴും ഓര്‍ക്കാൻ പേടി തോന്നുന്ന കഥ, അമ്മ അവൾക്കു് പറഞ്ഞുകൊടുത്ത കഥ പറഞ്ഞു; തന്റെ ഗര്‍ഭത്തില്‍ ഒരു പന്നിയാണു് വളരുന്നതു് എന്നു് ആദ്യം തോന്നുകയും പിന്നെ വിശ്വസിക്കുകയും ചെയ്യുന്ന ഒരു അമ്മയുടെ കഥയായിരുന്നു അതു്—കഥ പറഞ്ഞുതുടങ്ങിയതും ഞാൻ ഷീലയെ തടഞ്ഞു. അവള്‍ എന്റെ ചുമലില്‍ തലവെച്ചു് കരയാൻ തുടങ്ങി… തന്റെ ഗര്‍ഭത്തിലെ കുഞ്ഞു് പന്നിയാണോ എന്നു് സംശയിക്കുകയും പിന്നീടു് പന്നിയാണെന്നു് വിശ്വസിക്കുകയും ഒടുവില്‍ തന്റെ വയറിനു പുറത്തു്, ഈരിലെവിടെയോ ആണു് തന്റെ കുഞ്ഞു് വളരുന്നതു് എന്നു് വിലപിക്കുകയും ചെയ്യുന്ന അമ്മ, തങ്കത്തിനു്, തങ്കം തന്നെയായിരുന്നു.
ഷീല കുറച്ചുനേരംകൂടി എന്റെ അരികിലിരുന്നു. ‘ഇനി ഈ നോട്ടുപുസ്തകം എനിക്കു വേണ്ട’ എന്നു പറഞ്ഞു് അതു് ഇരിപ്പുമുറിയിലെ ഒരു മൂലയിലേക്കെറിഞ്ഞു.
‘ഇനി മുതല്‍ ഒരു നുണയും എനിക്കു് ജീവിക്കേണ്ടതില്ല, ആരുടെയും.’
എന്റെ കവിളില്‍ ഉമ്മവെച്ചു് ഷീല അവളുടെ മുറിയിലേക്കു പോയി.
ഞാനോ?
ബസ്സിലെ, കലങ്ങിയ കണ്ണുകളോടെ ഇരിക്കുന്ന മന്ത്രവാദിയെ ആ നിമിഷം തന്നെ എനിക്കു് ഓർമ്മവന്നു. കഥയിലും നമ്മള്‍ നമ്മുടെ ജീവിതത്തെ ചിലപ്പോള്‍ കണ്ടുമുട്ടുന്നു. അതു് വിഡ്ഢികളുടെ നിമിഷങ്ങളും നമുക്കു് തരുന്നു. അതിനാല്‍ ധീരനാവാൻ ഞാൻ ഷീലയുടെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ വന്നുനിന്നു. മുംബൈയുടെ രാതി, കണ്ണിനു മുന്നിലേക്കും കണ്ണിനു പിറകിലേക്കും ഒരേസമയം എനിക്കുള്ള വഴി വെട്ടി…
നീ സ്നേഹിച്ചിരുന്ന, നിന്നെ സ്നേഹിച്ചിരുന്നു എന്നു് നടിച്ച അവന്‍.