ആ രാത്രി പകല്‍ നടന്നതു മുഴുവൻ ഒന്നുകൂടി കണ്ടു. ഷീലയുടെ പ്രതിശ്രുതവരനെ ഞാനിപ്പോള്‍ ഓർത്തതു് കഠിനമായ വെറുപ്പോടെയാണു്. കഥകളിലെ പന്നികളെ ഭയപ്പെട്ടു് സ്നേഹം ഉപേക്ഷിച്ചുപോയ അവൻ ദൈവത്തെ ഒരു പൊലീസുകാരനെപ്പോലെ തന്നോടുനിറുത്തി. അതു ഞാൻ സമ്മതിച്ചില്ല. സ്നേഹമല്ല, നീതി നടപ്പാക്കാൻ ഒരു കൂട്ടായിരിക്കണം ദൈവം എന്നു് ഞാൻ വാദിച്ചു.
അതുകൊണ്ടു് വണ്ടിയില്‍നിന്നു് അവനെ തള്ളി താഴെയിടാൻ ഒരു കാരണവും ഞാൻ വേറെ അന്വേഷിച്ചില്ല.
‘പന്നികളെ ഭയപ്പെട്ടതുകൊണ്ടു്?’
‘ആരായിരുന്നു പന്നി?’
രാത്രി വളരെ വൈകി ഞാൻ ഉറങ്ങാൻ കിടന്നു. വേറൊരു വിചാരത്തില്‍ അവൻ വീണ്ടും വന്നു. അതു് വണ്ടിക്കടിയിലേക്കു് അവൻ വീഴുന്നതു മുതലുള്ള കഥപോലെയായിരുന്നു… പെട്ടെന്നു് വണ്ടിച്ചക്രങ്ങള്‍ നിശ്ചലമായി. അഥവാ, ചക്രങ്ങള്‍ ഒക്കെയും, അതേ നിമിഷം, ഒരുമിച്ചു്, അവന്റെ ശരീരത്തിനു മുകളിലേക്കുയര്‍ന്നു, ആരോ വണ്ടി ഒരു കൊളുത്തിട്ടു മേല്പോട്ടുയർത്തിയതുപോലെ… അവൻ ചക്രങ്ങൾക്കടിയില്‍നിന്നു്, നാലു കാലില്‍, റെയില്‍ അതിവേഗം ഓടി മുറിച്ചുകടന്നു.
ആ സമയത്തുതന്നെ, എന്നെ ഉണർത്തിക്കൊണ്ടു് വാതിലില്‍ ഷീല മുട്ടുന്നതു കേട്ടു് ഞാൻ എഴുന്നേറ്റുചെന്നു. വിവര്‍ണമായ, ഭയപ്പെട്ട അവളുടെ മുഖം ഞാൻ മുന്‍കൂട്ടി കണ്ടു.
‘എന്താ മകളേ’ എന്നു ചോദിക്കുന്നതിനുമുന്‍പു് അവള്‍ വാതില്‍ തുറന്നു് ഇരിപ്പുമുറിയില്‍ ഇരിക്കുന്ന അവളുടെ സുഹൃത്തിനെ ചൂണ്ടിക്കാണിച്ചു;
‘അച്ഛാ, ജോണ്‍ വന്നിട്ടുണ്ടു്. ഈ രാത്രിയില്‍ത്തന്നെ അവനോടൊപ്പം ഞാൻ ചെല്ലണമെന്നു് പറയുന്നു.’
എന്റെ കൈകാലുകള്‍ കുഴഞ്ഞു. മരിച്ചവരെ ഞാനാദ്യമായി നേരിട്ടുകാണുകയായിരുന്നു. എനിക്കു് ശ്വാസംമുട്ടുന്നതുപോലെ തോന്നി. ഞാൻ വീഴാൻ പോവുകയായിരുന്നോ, അറിയില്ല. മകള്‍ എന്നെ പിടിച്ചു് പതുക്കെ പുറത്തേക്കു നടത്തി, അവനെതിരെ ഇരുത്തി. ഞാൻ അവന്റെ മുഖത്തു നോക്കാൻ ഭയപ്പെട്ടു.
ഷീലയുടെ അച്ഛൻ എന്നോടു് ക്ഷമിക്കണം. ഷീലയെ ഞാൻ കൊണ്ടുപോകുന്നു.’
മരിച്ചവര്‍ സംസാരിക്കുന്നതും ഞാൻ ആദ്യമായി കേൾക്കുകയായിരുന്നു. തീര്‍ച്ചയായും കൊളുത്തിട്ടു് മുകളിലേക്കു് ഉയർത്തിയ വണ്ടിക്കടിയില്‍നിന്നു് രക്ഷപ്പെട്ട നാലുകാലില്‍ നടന്നു് ഇവിടെ എത്തുകയായിരുന്നു അവന്‍. മരിച്ചവരെ മരിച്ചവരായതുകൊണ്ടുതന്നെ വിശ്വസിക്കരുതു് എന്നു് എനിക്കു് തീര്‍ച്ചയായി.
‘അച്ഛാ, ഞാൻ ജോണിനോടൊപ്പം പോകുന്നു.’
ഞാൻ ഷീലയെ എന്റെ അരികിലേക്കു് വിളിച്ചു. അവളുടെ ചെവിയില്‍ അടക്കം പറഞ്ഞു;
‘എന്റെ മകളേ, ഇതു് അവനല്ല, പ്രേതമാണു്. അവൻ, നീ സ്നേഹിച്ചിരുന്ന, നിന്നെ സ്നേഹിച്ചിരുന്നു എന്നു് നടിച്ച അവൻ മരിച്ചതാണു്. വാസ്തവത്തില്‍ ഞാൻ അവനെ കൊന്നതാണു്. വണ്ടിക്കടിയിലേക്കു് തള്ളിയിടുകയായിരുന്നു. കാരണം, അവൻ പന്നികളെ ഭയപ്പെടുകയും അതുകൊണ്ടുതന്നെ അതേ കാരണത്താല്‍ നിന്നെ കൊല്ലുകയും ചെയ്യും എന്നതിനാല്‍. അതിനാല്‍, അവൻ പ്രേതമായി ഇവിടെ എത്തിയിരിക്കുകയാണു്. നിന്നെ ചതിക്കാൻ വന്നിരിക്കുകയാണു്. അല്ലെങ്കില്‍ ഈ രാത്രി മരിച്ചവര്‍ക്കല്ലാതെ, പ്രേതങ്ങൾക്കല്ലാതെ ഇങ്ങനെ സഞ്ചരിക്കാനാവില്ല.’
ചതിയനും നുണയനുമായ ഇവനെ വിശ്വസിക്കരുതു്. നമുക്കു് നാട്ടിലേക്കു പോകണം. പുഴയുടെ കരയിലെ വീട്ടില്‍ അമ്മ നിന്നെ കാത്തിരിക്കുന്നുണ്ടു്. അമ്മയ്ക്കു വലിയ സന്തോഷമാവും നിന്നെ കാണുമ്പോൾ. വലിയ യുവതിയായ, കവിയായ, ഷീല വരുന്നു എന്നു് ഞാൻ അവളോടു് പറഞ്ഞിരുന്നു. അതുകൊണ്ടു് നീ ഇപ്പോള്‍ പ്രേതത്തെ വിശ്വസിക്കരുതു്. പ്രേതം ദൈവത്തെപ്പോലെയല്ല. നമ്മെ, ജീവിച്ചിരിക്കുന്ന മനുഷ്യരെ സദാസമയവും പ്രേതം നിരീക്ഷിച്ചു കൊണ്ടിരിക്കും. കുളിമുറിയില്‍പ്പോലും നമ്മളോടൊപ്പം കയറും. സ്വൈരം ഉണ്ടാവില്ല. സ്വകാര്യത ഉണ്ടാവില്ല. ജീവിതം എപ്പോഴും നിരീക്ഷിക്കപ്പെടും. പ്രേതങ്ങള്‍ ഓർമ്മകളെ ഓർമ്മകളല്ലാതാക്കി നമ്മെ ജീവിതമെന്നു വിശ്വസിപ്പിക്കുകയും നമ്മെ അവരുടെ നുണകളാക്കുകയും ചെയ്യും. നുണകള്‍ ജീവിക്കേണ്ടതില്ല. അതിനാല്‍, ഷീലേ, എന്റെ മകളേ, നീ എന്നോടൊപ്പം നമ്മുടെ നാട്ടിലേക്കു മടങ്ങണം. അമ്മയും അതാണു് ആഗ്രഹിക്കുന്നതു്. ഞാനും അവൾക്കു് വാക്കുകൊടുത്തതാണു്. അതിനാല്‍, നമ്മുടെ നാട്ടിലേക്കു പോകാം. അതിനാല്‍, പ്രേതത്തെ വിശ്വസിക്കരുത്…’
അവളുടെ കാതില്‍നിന്നു് ആ അകലത്തില്‍ അത്രയും സമയം വിറയ്ക്കുകയും വിതുമ്പുകയും ചെയ്ത എന്റെ ചുണ്ടുകള്‍ ഞാനറിയാതെതന്നെ നിശ്ചലമായി. അഥവാ, എന്റെ വാക്കുകള്‍, ഒരുപക്ഷേ, എന്റെ ഭാഷയുടെ പ്രയോഗം ഞാൻ വാക്കുകള്‍കൊണ്ടു് ആചരിക്കുന്ന ലോകം അതോടെ അവസാനിച്ചു. ഞാൻ ഷീലയെ മറുപടിക്കായി നോക്കി.
അവള്‍ എന്റെ മുഖം ചേർത്തുപിടിച്ചു് എന്റെ വലതുകാതില്‍ അവളുടെ ചുണ്ടു ചേർത്തു് സ്വകാര്യമായി പറഞ്ഞു;
‘അച്ഛാ, പ്രേതങ്ങള്‍ ഇല്ലാത്തതിനാല്‍ ഞാൻ പ്രേതങ്ങളില്‍ വിശ്വസിക്കുന്നില്ല. അതിനാല്‍ ഈ ഇരിക്കുന്ന ജോണ്‍ എബ്രഹാം എന്ന സുഹൃത്തു് സെമിനാരിയില്‍നിന്നു് ഇന്നലെ രാത്രിയോടെ ചാടിപ്പോന്ന ആള്‍, പകല്‍ മുഴുവൻ യേശുവുമായി തര്‍ക്കിച്ചു്, രാത്രിയോടെ എന്നെ കാണാന്‍വന്ന ആള്‍, ഇയാളെയും ഞാൻ വിശ്വസിക്കുന്നില്ല. ഒരുതവണ നമ്മള്‍ ഉപേക്ഷിക്കുന്ന ആള്‍ ദൈവമാണെങ്കിലും പ്രേതമാണെങ്കിലും ജോണ്‍ എബ്രഹാമാണെങ്കിലും നമ്മള്‍ ഉപേക്ഷിച്ച ആളാണു്. അതുകൊണ്ടു് ഈ ഇരിക്കുന്ന ആള്‍ ജീവിച്ചിരിക്കുന്ന ആളോ മരിച്ചുപോയ ആളോ എന്നു് എനിക്കു് നിശ്ചയമില്ല. എങ്കിലും അയാൾക്കു് എങ്ങനെ വേണമെങ്കിലും ജീവിക്കാം, മരിച്ചുകൊണ്ടോ ജീവിച്ചുകൊണ്ടോ. അച്ഛാ, അതിന്റെ കാരണമെന്തെന്നു് അറിയുമോ? അച്ഛനുമാത്രം മനസ്സിലാകുന്ന ഒരു കാരണമാണതു്. നമ്മള്‍ മറ്റു പലരുടെയും ഓർമ്മയാണു് എന്നതുതന്നെ കാരണം. ആ കാരണംകൊണ്ടുതന്നെ അയാളുടെ ഓർമ്മ ഞാൻ ജീവിക്കുന്നു എന്നുമാത്രം. പക്ഷേ, എന്റെ ഓർമ്മയോ? എന്റെ ഓർമ്മയും ഞാൻ ജീവിക്കുന്നു. അച്ഛനു് ഓർമ്മയുണ്ടോ, അച്ഛനും അമ്മയ്ക്കുമൊപ്പം അച്ഛന്റെയും അമ്മയുടെയും സുഹൃത്തു് ജോണ്‍ അങ്കിളുമായി കോഴിക്കോട്ടെ ഒരു സ്റ്റുഡിയോവില്‍ പോയി ഫോട്ടോ എടുത്തതു്. അന്നു് എനിക്കു് മൂന്നര വയസ്സാണു്. കൃത്യമായും പറഞ്ഞാല്‍ മൂന്നു വയസ്സ്, ആറു മാസം, പതിമൂന്നു ദിവസം. എന്റെ അപ്പുറത്തും ഇപ്പുറത്തും അച്ഛനും അമ്മയും, ഞാൻ ഒരു കസേരയില്‍ ഇരിക്കുന്നു. ജോണ്‍ അങ്കിള്‍ എനിക്കൊപ്പം നിലത്തിരിക്കുന്നു, എന്റെ വലുപ്പത്തില്‍. ആ ദിവസം തന്നെ അമ്മയും അച്ഛനും മാത്രമായി വേറൊരു ഫോട്ടോ എടുക്കുമ്പോള്‍, ആ ഫോട്ടോ പിന്നെ ഞാൻ കണ്ടിട്ടേയില്ല, ഒരുപക്ഷേ, അങ്ങനെയൊരു ഫോട്ടോ എടുത്തിട്ടേയില്ല എന്നാകും. ആ സമയം ജോണ്‍ അങ്കിള്‍ എന്റെ കൈപിടിച്ചു് സ്റ്റുഡിയോവിനു പുറത്തുവന്നു. സ്റ്റുഡിയോവിനു് പുറത്തു് ഒരു സൈക്കിള്‍ ഉണ്ടായിരുന്നു. ജോണ്‍ അങ്കിള്‍ എന്നെ സൈക്കിളില്‍ ഇരുത്തി സ്റ്റുഡിയോയുടെ മുറ്റത്തു് വട്ടംചുറ്റി. ജോണ്‍ അങ്കിള്‍ ചോദിച്ചു, ‘മോൾക്കു് എന്നെ ഇഷ്ടമാണോ?’ എന്നു്. എനിക്കു് ജോണ്‍ അങ്കിളിനെ പേടിയായിരുന്നെങ്കിലും ഇഷ്ടമാണു് എന്നു പറഞ്ഞു. ‘മോൾക്കു് മോളുടെ അമ്മയെയാണോ അച്ഛനെയാണോ അധികം ഇഷ്ടമെന്നു് ചോദിച്ചു. ഞാൻ പേടിച്ചു. എനിക്കു് ആരെയാണു് കൂടുതല്‍ ഇഷ്ടമെന്നു് അറിഞ്ഞുകൂടായിരുന്നു. ജോണ്‍ അങ്കിള്‍ സൈക്കിള്‍ ചവിട്ടുന്നതിന്റെ വേഗത കൂട്ടി. ഞാൻ കരയാൻ ഭാവിച്ചു. ജോണ്‍ അങ്കിള്‍ ‘കരയാന്‍ പാടില്ല’ എന്നു് ആംഗ്യം കാണിച്ചു. ഞാൻ അച്ഛനെയും അമ്മയെയും കാണണമെന്നു പറഞ്ഞു. അച്ഛനെയും അമ്മയെയും സ്റ്റുഡിയോക്കാരൻ കൊന്നുകളഞ്ഞു എന്നു് ജോണ്‍ അങ്കിള്‍ പറഞ്ഞു. ഞാൻ പേടിച്ചു് നിലവിളിച്ചതും ജോണ്‍ അങ്കിള്‍ സൈക്കിള്‍ നിറുത്തി എന്നെ മാറോടു ചേർത്തുപിടിച്ചു. ‘മോൾക്കു് ഞാനുണ്ടല്ലോ’ എന്നു പറഞ്ഞു. എന്റെ കരച്ചില്‍ കേട്ടു് ആദ്യം അമ്മയും പിന്നെ അച്ഛനും ഓടിവന്നു. ചിലപ്പോള്‍ അമ്മയും അച്ഛനും ഓടിവന്നതു് സൈക്കിള്‍ വീഴുന്ന ശബ്ദം കേട്ടുമായിരിക്കും. അമ്മ എന്നെ ജോണ്‍ അങ്കിളിന്റെ കൈയില്‍ നിന്നു് വാങ്ങാൻ ഒരുമ്പെട്ടപ്പോള്‍ ജോണ്‍ അങ്കിള്‍ ഒരു നിമിഷം എന്നെ മുറുകെ പിടിച്ചു. അമ്മ എന്നെ, ‘കുട്ടിയെ എനിക്കു തരു’ എന്നു് ബലമായി പിടിച്ചുവാങ്ങിച്ചു. ജോണ്‍ അങ്കിള്‍ അപ്പോള്‍ത്തന്നെ അവിടെനിന്നു പോയി… അന്നു രാത്രി ഞാൻ അച്ഛനും അമ്മയും ഉറങ്ങിക്കിടക്കുമ്പോള്‍ നിങ്ങളറിയാതെ നിങ്ങളുടെ രണ്ടുപേരുടെയും ദേഹത്തു് വെടിയുണ്ടകളുടെ പാടുകളോ മുറിവുകളോ ഉണ്ടോ എന്നു് പരിശോധിക്കുമെന്നു് തീരുമാനിച്ചു…’
ഷീല പെട്ടെന്നു് എന്റെ ഷര്‍ട്ടിന്റെ കുടുക്കുകള്‍ അഴിച്ചു. എന്റെ നെഞ്ചിലും വയറിലും വെടിയുണ്ടയുടെ പാടുകളോ മുറിവുകളോ തേടി. ഞാൻ അവളെ, അവള്‍ പറഞ്ഞ ഓർമ്മയിലെ കുട്ടിയെപ്പോലെ, അതൊക്കെ അനുവദിച്ചു. ഒടുവില്‍ എന്റെ നെഞ്ചിനും വയറിനുമിടയില്‍, ഷീല, അതുവരെയും ഒളിപ്പിച്ചുവെച്ചിരുന്ന ഒരു തോക്കെടുത്തു് അമർത്തി, ‘ഠോ’ എന്നു കൂട്ടികളുണ്ടാക്കുന്ന ശബ്ദമുണ്ടാക്കി… ഞാൻ വേദനകൊണ്ടു് പുളഞ്ഞു, സിനിമയിലെന്നപോലെ, സ്ലോമോഷനില്‍ പിറകോട്ടു വീണു…
ആ സമയംതന്നെ, ആ ഉയരത്തില്‍ ഏഴാംനിലയിലെ ഇരിപ്പുമുറിയിലിരിക്കുമ്പോഴും താഴെ, ഏഴു നിലകളും തീരുന്നിടത്തു് മുറ്റത്തു് ഒരു സൈക്കിള്‍ ഒച്ചയോടെ വീഴുന്ന ശബ്ദം, അതും സിനിമയിലെന്നപോലെ നീണ്ടുപോയതു്, കൃത്യമായും കേട്ടു…
ഞാൻ കണ്ണുകള്‍ തുറിച്ചു. ജനലിനടുത്തേക്കു്, അല്ലെങ്കില്‍ ബാല്‍ക്കണിയില്‍ ചെന്നു്, താഴേക്കു നോക്കണമെന്നുണ്ടായിരുന്നു. കഴിഞ്ഞില്ല. നെഞ്ചിനും വയറിനുമിടയ്ക്കു് അതിനുംമുന്‍പേ ഒരു കറുത്ത ഗുഹ, നീരാവിയില്‍ തുരന്നതു്, എന്നെ പിടിച്ചുവെച്ചിരുന്നു. എങ്കിലും എനിക്കു് ഒച്ചയുണ്ടായിരുന്നു. വാസ്തവത്തില്‍, ഒച്ചയുണ്ടോ എന്നു പരിശോധിക്കുകയായിരുന്നു ഞാന്‍. ഞാൻ ‘ഹാ’ എന്നു് ശബ്ദിച്ചു. ആ ശബ്ദത്തിനുശേഷം ഇനിയും വാക്കുകള്‍ വല്ലതും പറയാനാകുമോ എന്നു ശ്രമിച്ചു. ഞാൻ വിജയിച്ചു: ‘ഒരു സൈക്കിള്‍ വീഴുന്ന ശബ്ദം കേട്ടുവോ’ എന്നു് മകളോടു് ചോദിച്ചു.
മകള്‍ പറഞ്ഞു: ‘ഞാനും കേട്ടു.’
‘ആരുടെ സൈക്കിള്‍ ആണതു്?’ ഞാൻ വീണ്ടും ജയിച്ചു.
മകള്‍ പറഞ്ഞു: ‘ബൈസിക്കിള്‍ തീഫ്, അയാളുടെ…’
‘ബൈസിക്കിള്‍ തീ? ആരാ അതു്?’
‘ജോണ്‍.’
‘ജോണ്‍?’
‘ആ ഇരിക്കുന്ന ആൾ.’
എനിക്കു് ചിരിക്കണമെന്നു തോന്നി. നെഞ്ചിനും വയറിനും ഇടയ്ക്കുള്ള കറുത്ത ഗുഹ, ഇപ്പോള്‍ എന്നെ താഴേക്കു വലിച്ചുകൊണ്ടുപോയിരുന്നു. ഒരു വീഴ്ചയായിരുന്നു അതും. കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ പിറകോട്ടു് കാല്‍വെച്ചു് കാല്‍വെച്ചു് ടെറസ്സില്‍നിന്നു് വീഴാൻ തീരുമാനിച്ച വേറൊരു മരണം ഓർമ്മിച്ചുകൊണ്ടുള്ള വേറൊരു വീഴ്ച.
‘സാരമില്ല,’ ഷീല പറഞ്ഞു; ‘കണ്ണടച്ചോളൂ.’
‘കണ്ണടയ്ക്കണം അല്ലേ?’ ഞാൻ ചോദിച്ചു.
കണ്ണുകളടച്ചാല്‍ ഉറങ്ങാൻ പറ്റും. മരിക്കുന്നതുതന്നെ ഉറങ്ങുകയല്ല,’ മകള്‍ പറഞ്ഞു.
‘ശരിയാണു്,’ ഞാൻ കണ്ണുകളടച്ചു.
നെഞ്ചിനും വയറിനും ഇടയ്ക്കുള്ള കറുത്ത ഗുഹ. ഒരുപക്ഷേ, ഒരു പലകകൊണ്ടു് മൂടിയിട്ടുണ്ടാകും. ഞാനൊന്നും പിന്നെ കണ്ടതേ ഇല്ല. ഞാൻ പക്ഷേ, അടുത്ത ശ്രമത്തില്‍ വേറൊരു വാക്കു് പറയാൻ ഓർമ്മിച്ചു. ‘എന്തെന്നാല്‍’ എന്നായിരുന്നു ആ വാക്കു്. ‘ആധുനികത’യുടെ മനോഹരമായ ഒരു പദമായിരുന്നു അതു്. മരിക്കുമ്പോള്‍ തീര്‍ച്ചയായും ആ വാക്കു് ഉച്ചരിക്കുകതന്നെ ചെയ്യുമെന്നും ഉറപ്പിച്ചു.
പക്ഷേ, തീര്‍ച്ചയില്ലായിരുന്നു, മരിക്കുകയാണെന്നോ ഉറങ്ങുകയാണെന്നോ. ‘ഠോ’ എന്ന ശബ്ദം ചിലപ്പോള്‍ ‘എന്തെന്നാല്‍’ എന്ന വാക്കിനേക്കാള്‍ ഭാരമുള്ളതും കഠിനമായ ആഗ്രഹമുള്ളതുമാകാം. എങ്കിലും മരിക്കുകയാണെന്നു് ഉറപ്പായാല്‍, ‘എന്തെന്നാല്‍ ’ എന്നു ഞാൻ പറയുകതന്നെ ചെയ്യും. അതു കേൾക്കുമ്പോള്‍ എന്തായാലും ഷീല ചിരിക്കും. അതോർത്തപ്പോള്‍ എനിക്കു് അവളുടെ മുഖം കാണണമെന്നും തോന്നി. ഞാൻ തങ്കത്തിനെ ഓർത്തു. സിനിമാക്കാരനെ ഓർത്തു. അവന്റെ സിനിമാക്കഥ ഓർത്തു. സിനിമാനടിയെ ഓർത്തു. മന്ത്രവാദിയെ ഓർത്തു. അയാളുടെ ഭാര്യയെ ഓർത്തു. ഞങ്ങളുടെ ആധുനികതയെ ഓർത്തു. ‘എന്തെന്നാല്‍ എന്ന വാക്കുമോർത്തു. ആ വാക്കു്, പക്ഷേ, ഉച്ചരിക്കുനതിനു മുന്‍പു്, കാതില്‍ തീരുന്ന ഒച്ചയ്ക്കു്, സൈക്കിള്‍ വീഴുന്ന ഒച്ചതന്നെ, ഞാൻ കാത്തുകിടന്നു…
എനിക്കറിയാം, അല്ലെങ്കില്‍ എനിക്കുമാത്രം അറിയാം, സൈക്കിളില്‍നിന്നു് ഒരാള്‍ എങ്ങനെ വീഴുന്നുവെന്നു്…