ഒരു മരം. മരത്തിന്റെ പടിഞ്ഞാറെ ചരിവിലായി സൂര്യന്‍. ഒരു പക്ഷി പറക്കുന്നതു കണ്ടു. പിന്നെ കാണുന്നതു് ഒരു പുഴയുടെ കരയാണു്. പുഴയുടെ തീരത്തു് ഞാൻ കാത്തുനില്ക്കുന്നു. പതുക്കെ ഞാൻ വെള്ളത്തിലേക്കിറങ്ങി. പുഴയിലെ മീനുകൾ എന്റെ കാലിന്നടിയിൽ ഇക്കിളികൂട്ടി. നോക്കിനില്ക്കെ, പുഴയിൽ നിന്നു് ഒരു ആമ പൊന്തിവന്നു. അതിന്റെ ശിരസ്സിൽ ഒരുകെട്ടു കടലാസുകളും. വെള്ളം തൊടാതെ ആമ എന്റെ അരികിലേക്കു് വന്നു;
‘ജോണേ, എബ്രഹാമിന്റെ മകനേ, ഇതാ നിന്റെ സിനിമാക്കഥ, എടുത്തു കൊണ്ടുപോ.’
ഞാൻ ഭക്തിപുരസ്സരം കൂർമ്മാവതാരത്തിങ്കൽനിന്നും സിനിമാക്കഥ വാങ്ങി, കരയിലേക്കു മടങ്ങി. മരത്തിന്റെ ചോട്ടിലിരുന്നു. മരക്കൊമ്പിൽ ഒരു കിളി ഇരിക്കുന്നുണ്ടാകും. ഞാൻ സിനിമാക്കഥ വായിക്കാൻ തുടങ്ങി…
ഒന്നും എഴുതാത്ത കടലാസിൽ എന്തെങ്കിലും കണ്ടെത്തി വായിക്കുക ജോണിനു് പ്രിയപ്പെട്ട പ്രവൃത്തിയായിരുന്നു. അങ്ങനെയാണു് പാതി നുണയായും പാതി സത്യമായും ജോൺ തന്റെ സിനിമാജീവിതത്തെപ്പറ്റി പറയുക.
ഒരു ആമ നല്കിയതുകൊണ്ടു് അവന്റെ സിനിമ പതുക്കെ നിർമ്മിക്കപ്പെടും, പാതി സത്യം അതായിരുന്നു. ബാക്കി പാതി നുണ അവര്‍ പറഞ്ഞില്ല. പക്ഷേ, ഞങ്ങൾ അവന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും ഊഹിച്ചു. അതു് അവന്റെ മടിയായിരുന്നു. അവന്റെ ഭാവനയിലും അവൻ കാത്തിരുന്നു, മീനുകൾ കാലുകൾക്കടിയിൽ ഇക്കിളികൂട്ടുമ്പോഴും.
എങ്കിലും അവന്റെ പതിമൂന്നാമത്തെ സിനിമാക്കഥയിലെ സിനിമാനടി എന്റെയും മനസ്സിൽ ഒരു താമരക്കുളത്തിൽ എന്നപോലെ പ്രത്യക്ഷപ്പെട്ടു; ചിലപ്പോൾ പൂക്കളുടെ ജന്മസഹജമായ ജാഗ്രതയിൽ കാറ്റിനോടൊപ്പം നില്ക്കുമ്പോൾ, അവൾ, കൈവെള്ളകൾ വെള്ളത്തുള്ളികള്‍കൊണ്ടു് തുടച്ചുകൊണ്ടു് കുളത്തിൽ മലര്‍ന്നുകിടന്നു.
അങ്ങനെ മാത്രം അവൾ പ്രത്യക്ഷപ്പെട്ടു. താമരക്കുളവും ആകാശവും പൂക്കളും കാറ്റും ഓര്‍ക്കുന്ന ഓരോ സമയത്തെയും വെളിച്ചവും അവളെ സുന്ദരിയാക്കി. അടിമുടി അവൾ സിനിമാനടിയായി.
ജോൺ പറഞ്ഞ കഥയുടെ ആദ്യം കാണുക മന്ത്രവാദിയുടെ ഒരുക്കങ്ങളാണു്. തന്റെ വീട്ടിലെ മച്ചിലെ ദേവിക്കു മുന്നിലും തന്റെ വീട്ടുമുറ്റത്തു നില്ക്കുന്ന ഭാര്യയ്ക്കു മുന്നിലും തന്റെ മനസ്സു് പിടികൊടുക്കാതെ സിനിമാക്കൊട്ടകയിലേക്കു പുറപ്പെടുന്ന മന്ത്രവാദി ഒരേസമയം കഥയിലെ നായകനും പ്രതിനായകനുമായിരുന്നു. മന്ത്രവാദി മച്ചിലേക്കു നോക്കി പതുക്കെ പറഞ്ഞു: ‘ദേവീ, എന്നെ നീ നോക്കരുതേ, നീ ഇരുട്ടാക്കിയ വഴിയിലൂടെ ഞാൻ ഓടിപ്പോകുന്നു.’
പക്ഷേ, എന്തുകൊണ്ടായിരുന്നു ജോണിന്റെ കഥയിലെ മന്ത്രവാദിക്കു പിറകിൽ ഞാൻ പോകാതിരുന്നതു് എന്നു് ആ കഥ കേട്ട നാൾ മുതൽ ഞാൻ ആലോചിക്കുമായിരുന്നു. കാറ്റിൽ ജാഗ്രതയോടെ നില്ക്കുന്ന പൂക്കൾ അപ്പോഴൊക്കെയും ഓർമ്മ വന്നു. ഒരു ഓർമ്മ മാത്രം, വിവരിക്കാനാവാത്ത ഒരു വാചകം പോലെ, പൂർണ്ണമായും പറഞ്ഞുതീർത്തതുപോലെ എന്നു് അപ്പോഴൊക്കെയും തോന്നി. മന്ത്രവാദി, ഒരുപക്ഷേ, ഞാന്‍ തന്നെയായിരിക്കണം. അതുകൊണ്ടു മാത്രം ഞാൻ അയാളെ കണ്ടതേയില്ല. ജോണിന്റെ കഥയിലെ മന്ത്രവാദി സുന്ദരനായ, ആകര്‍ഷകങ്ങളായ കണ്ണുകളുള്ള പ്രസന്നമായ മുഖമുള്ള ഒരാളായിരുന്നു. ജോണ്‍, മന്ത്രവാദിയുടെ നാവിന്റെ റോസുനിറത്തെപ്പറ്റി പറഞ്ഞപ്പോൾ ഇതിനൊക്കെയും വിപരീതമായ എന്റെ മുഖം ഞാൻ ഓർമ്മിച്ചു. എന്താണു് ഒരു പുരുഷനെ ആകര്‍ഷകനാക്കുന്നതെന്നു് ആലോചിച്ചിരുന്ന ആ കാലം, ആധുനികതയുടെ കാലംതന്നെ, പതുക്കെ എനിക്കു മുന്നിൽ നരയ്ക്കാൻ തുടങ്ങുമ്പോഴും ഞാൻ സംശയങ്ങളുള്ള ഉത്തരങ്ങളോടെ നിന്നു. ജോൺ മന്ത്രവാദിയെ തന്റെ ഏറ്റവും സുന്ദരനായ പുരുഷകഥാപാത്രം എന്നു പരിചയപ്പെടുത്തി. സിനിമയിലെ ഷോട്ടുകൾ അവൻ പറഞ്ഞു;
- പുഴയിൽ മുങ്ങിക്കുളിച്ചു നിവരുന്ന അയാളുടെ മുഖം. ഉടൽ സൂര്യനു് അഭിമുഖമായി പിടിച്ചു് പ്രാർത്ഥന.
- തന്റെ വീട്ടിലെ മച്ചിലെ ഭഗവതിക്കു മുന്നിൽ കണ്ണുകൾ അടച്ചിരിക്കുന്ന മന്ത്രവാദി. വിളക്കിന്റെ വെളിച്ചത്തിലുള്ള മുഖം. ഉടല്‍.
- വീട്ടുമുറ്റത്തെ ഉച്ചവെയിലിലേക്കു് അയാൾ ഇറങ്ങിവരുമ്പോൾ എവിടെ നിന്നൊക്കെയോ ശബ്ദത്തോടെ പറന്നുവരുന്ന കോഴികളുടെ ഇടയിൽ രണ്ടു കൈവെള്ളകളിൽനിന്നും അരിമണികൾ വീഴ്ത്തിക്കൊണ്ടു് വെയിലിൽ തിളങ്ങുന്ന പൂര്‍ണ്ണകായം.
സുന്ദരന്‍തന്നെ. ഏതു നിഴലിലും നിന്നു്, വാക്കിൽ നിന്നു് ഓർമ്മയെ നുള്ളിയെടുത്തു് പുറത്തുവെക്കാൻ പ്രാപ്തനായ ആൾ. ദൈവത്തിനും ചെകുത്താനുമൊപ്പം ജീവിക്കുന്ന ആൾ. ജോൺ കഥ കേട്ടിരുന്ന ഞങ്ങളെ നോക്കി പറഞ്ഞു; ‘നമ്മൾ എല്ലാ പുരുഷന്മാരുടെയും അതിമനോഹരവും അപകടകരവും അവസാനത്തേതുമായ അഹന്ത.’
കുടിച്ചിരുന്ന മദ്യം, ഒരു നിമിഷം, ജോണിന്റെ മുഖത്തെ ലഹരിയെ ഉത്സവ തുല്യമാക്കുന്ന നിമിഷങ്ങൾ കൂടിയായിരുന്നു അതു്. കഥയിൽ മാത്രം നില്ക്കുന്ന അവൻ, മന്ത്രവാദം എന്നാൽ ഭാവനയുടെ സംക്ഷിപ്തങ്ങളായ അറിയിപ്പുകളെ ഓരോന്നായി തുറക്കുന്ന ആഖ്യാനം എന്നു വിശ്വസിച്ചതുകൊണ്ടുകൂടിയാകണം, ഞാൻ കഥ കേട്ടു് ഇരിക്കുമ്പോഴും, ജോണിന്റെ മന്ത്രവാദിയെ കനമില്ലാതെ എടുത്തു. ജോൺ പറഞ്ഞ മൂന്നു ഷോട്ടുകളും ഞാൻ അപ്പോള്‍ത്തന്നെ കണ്ടിരുന്നു. ‘നീ കഥ പറയ്,’ ഞാൻ ജോണിനോടു് പറഞ്ഞു;
‘ആ ടാക്കീസിന്റെ കഥ.’
ജീവിതംപോലെ ഓർമ്മിക്കാൻ ചലച്ചിത്രങ്ങൾ ബാക്കിവെക്കുന്നതു് എന്തെല്ലാമെന്നു് അന്നും എനിക്കു് തീർച്ചയില്ല. എന്നാൽ, വെള്ളിത്തിരയിലെ ശൂന്യതയിലേക്കു് ശബ്ദത്തോടെയും നിശ്ശബ്ദതയോടെയും കുതിക്കുന്ന നിഴലുകൾ ഭൂമിയിൽ എനിക്കു് പരിചയമുള്ള എല്ലാറ്റിനേയും അതേ പരിചയത്തിൽ ത്തന്നെ അസാധാരണവുമാക്കി. നിഴലുകൾക്കു ചുറ്റും പകലും രാത്രിയുമായി ഒരുകഥ നടന്നു. കൊട്ടകയിലെ തിരശ്ശീലയിൽ പ്രത്യക്ഷപ്പെട്ട സിനിമാനടിയുടെ നിഴലിനു മുന്നിൽ തിരശ്ശീലയിൽ ഒരിക്കലും പെടില്ലെന്ന ഉറപ്പോടെ നില്ക്കുന്ന മന്ത്രവാദിയുടെ ഒരു ലോങ്ഷോട്ട് ജോൺ പറഞ്ഞു. അദ്ഭുതങ്ങളോടെ മിഴിച്ചു നില്ക്കുന്ന കണ്ണുകളുള്ള തലയ്ക്കു മുകളിലൂടെ തിരശ്ലീലയിലേക്കു പായുന്ന വെളിച്ചം ഒടുവിൽ സുന്ദരനായ മന്ത്രവാദിക്കുമേൽ മുട്ടിനിന്നു.
ജോൺ തന്നെയായിരുന്നു മന്ത്രവാദി. തന്റെ മുഷിഞ്ഞ രൂപം സുന്ദരനായ മന്ത്രവാദിയുടേതാണെന്നുതന്നെ അവൻ വിശ്വസിച്ചു. സുന്ദരനായ മന്ത്രവാദിക്കു പിറകെ വെള്ളിത്തിരയിൽനിന്നു് ഇറങ്ങിവന്ന സുന്ദരിയായ നടി നടന്നു പോയതു് തനിക്കു മാത്രം അറിയുന്ന രഹസ്യം എന്നു് അവൻ വിശ്വസിച്ചു:
‘വെള്ളിത്തിരയിൽനിന്നും അപ്രത്യക്ഷയായ നടി കഥ തെറ്റിച്ചു് കൊട്ടകയെ ഒരു നിമിഷം നിശബ്ദമാക്കി. കാണികൾ ബഹളംവെച്ചു. ചിലര്‍ വിഷണ്ണരായി ഇറങ്ങിപ്പോന്നു. ടാക്കീസിന്റെ ഫിലിംറൂമിനു മുന്നിൽ തടിച്ചുനിന്ന ആൾക്കൂട്ടത്തെ നേരിടാൻ ഒരു പൊലീസുമാത്രം കൈയിൽ മുളവടിയുമായി നിന്നു.’
പൊലീസുകാരൻ പറഞ്ഞു; ‘ദയവായി എല്ലാവരും പിരിഞ്ഞുപോകണം.’
ജോൺ ഞങ്ങളെ മാറി മാറി നോക്കി. അവന്റെ കഥയിൽ ഒളിച്ചിരിക്കുന്ന നടിയെ ആര്‍ക്കും വിട്ടുതരില്ലെന്ന ഉറപ്പോടെ. അവളാകട്ടെ, എനിക്കു തോന്നി, അവന്റെ കണ്‍പോള മറവിലാണു് നിന്നതെന്നും.
എന്നാൽ, പിന്നീടൊരു രാത്രി സിനിമാടാക്കീസ് കത്തിത്തീര്‍ന്നു. ഒരുപക്ഷേ, ഇനി ഒരിക്കലും ഒരാളും ഒരു സിനിമയും കാണില്ലെന്ന ഉറപ്പോടെ—അവ്യക്തമായ വാക്കുകളോടെ ജോൺ ആ തീയിനെപ്പറ്റിയും പറഞ്ഞു. പക്ഷേ, ആ തീയിനെ അവൻ ഉപനിഷത്തിലെ ഭാഷയിൽ അഗ്നി എന്നു് സംസ്കൃതത്തിൽ പറഞ്ഞു. വിശുദ്ധമായിരുന്നു അവനും അഗ്നി; തര്‍ക്കോവ്സ്കിയുടെ ചലച്ചിത്രത്തിലെന്നപോലെ. പക്ഷേ, ആ വിശുദ്ധിയും അടുത്ത നിമിഷം അവൻ കെടുത്തി: ‘തീകൊണ്ടു കളിക്കരുതു്.’
തന്റെ സിനിമാക്കഥയിലെ ആ ദൃശ്യം ജോൺ വിവരിച്ചുതീര്‍ന്നതും കഥ കേട്ടിരുന്ന ഞങ്ങൾ കഥയുടെ ബാക്കിഭാഗത്തേക്കു നീങ്ങി. അതു് കഥയുടെ അന്ത്യമായിരുന്നില്ല. എന്നാൽ, ജോൺ സിനിമാടാക്കീസ് കത്തിയമര്‍ന്നു എന്നു പറഞ്ഞു് ഏറെ വൈകാതെ ബാക്കി പറഞ്ഞു; പിറ്റേന്നു് കത്തിയമര്‍ന്ന സിനിമാകൊട്ടുകയുടെ ഓർമ്മ കറുത്ത കുന്നുപോലെ നിന്നു. വെളിച്ചം ചുറ്റുമുണ്ടു്. ആ പ്രഭാതത്തിന്റെ തണുപ്പും. ആ കറുത്ത കുന്നിന്റെ ഒത്തനടുവിൽനിന്നു്, അഥവാ ആ കുറുത്ത കുന്നിന്റെ യോനിയിൽനിന്നു്, പതുക്കെ വളരെ പതുക്കെ ഒരുകൂട്ടം പന്നിക്കുട്ടികൾ നിലത്തേക്കു് ഉരുണ്ടുവീണു… ഒരുവേള, ആ ദൃശ്യത്തിനു മുന്നിൽ ഞാൻ പേടിയോടെ ഇരുന്നു. പന്നികളുടെ ഉടലുകളുടെ നിശ്ശബ്ദമായ ചലനങ്ങൾ വെള്ളിത്തിരയിൽ ഞാൻ പേടിയോടെ കണ്ടു.
‘ഏഴാംനാൾ ഞാൻ ഒരു പന്നിയെ പ്രസവിക്കും’ എന്നു പറഞ്ഞതുകൊണ്ടാണു് ഷീലയെ അവളുടെ കാമുകൻ ഉപേക്ഷിച്ചുപോയതു്. നാലു വര്‍ഷത്തെ അവരുടെ പ്രണയം നോക്കിനിന്നതും അതേ പന്നിയെ—തീർച്ചയായും ഞാൻ ഭയപ്പെട്ടു. അഥവാ, ആമകൾ സമ്മാനിക്കുന്ന സിനിമാക്കഥകളിൽ മനുഷ്യരുടെ ജീവിതം അവരൊക്കെയും പറഞ്ഞുകേട്ട ഒരു കഥയുടെ ഇതിവൃത്തമെന്നാകും. എനിക്കു് ജോണിനെ അവൻ നിന്നിടത്തുനിന്നും തള്ളിയിടാൻ തോന്നി.