തങ്കം വീട്ടുവളപ്പിൽ, തെക്കുഭാഗത്തു്, പുല്ലുകൾ മുളച്ചിരുന്ന സ്ഥലമായിരുന്നു അതു്, ആയിടെ ഞങ്ങൾ വാങ്ങിച്ച ആടുമായി നിന്നു. ആടിനു് അവൾ പേരിട്ടിരുന്നു. ‘അമ്മുവിന്റെ ആട്ടിന്‍കുട്ടി’ എന്ന കഥയിലെപ്പോലെ ‘അമ്മു’ എന്നോ, ‘ആട്ടിന്‍കുട്ടി’ എന്നോ പിരിക്കാതെ.
ആ ആടു്, വാസ്തവത്തിൽ, ഞങ്ങളുടെ വീട്ടിൽ വന്നതുതന്നെ സന്തോഷം തരാനാണെന്നു് തങ്കം വിശ്വസിച്ചു. ഞാനും അതെ. അങ്ങനെയായിരുന്നു ആടു് ഞങ്ങളുടെ വീട്ടിൽ വന്നതു്.
ഒരു രാവിലെ ഞങ്ങളുടെ വീട്ടുപടിക്കൽ അപരിചിതനായ ഒരാൾ ആടുമായി പ്രത്യക്ഷപ്പെടുകയായിരുന്നു. അയാൾ, വെളുത്തു, മെലിഞ്ഞു്, ആര്‍ദ്രങ്ങളായ കണ്ണുകളുള്ള ആടിനെ ആദ്യം ഞങ്ങൾക്കു് പരിചയപ്പെടുത്തി; അനുസരണയുള്ളവളാണു്. ഗർഭിണിയാണു്. ഒരു ആട്ടിന്‍കുട്ടിയെ പ്രസവിക്കും. പാൽ തരും. പാൽ വിറ്റു് നിങ്ങൾ പണക്കാരാകും.
അയാൾ എവിടെനിന്നാണു് വരുന്നതെന്നു് തങ്കം ചോദിച്ചു; ‘ഇവിടെ ഒന്നും കണ്ടിട്ടില്ലാത്തതുകൊണ്ടാണു്.’ പകരം അയാൾ അവളെ കൂടുതൽ സന്തോഷിപ്പിക്കാനെന്നോണം പറഞ്ഞു, ‘ഇന്നലെ രാത്രി ഞാനീ വീടു് സ്വപ്നം കണ്ടു. ഈ വഴി സ്വപ്നം കണ്ടു. നിങ്ങളെയും സ്വപ്നം കണ്ടു. ഞാൻ അതിരാവിലെത്തന്നെ സ്വപ്നത്തിൽ കണ്ട വഴിയിലൂടെ വന്നു. ഇവിടെ എത്തി. ഈ ആടിനെ നിങ്ങൾക്കു് തരുന്നു.’
ആടിന്റെ വില പറയുമ്പോൾ അയാൾ വില കുറച്ചില്ല. ഇതൊരിക്കലും ഒരു ദാനമായി തോന്നാതിരിക്കാനാണെന്നു പറഞ്ഞു. ഇരുന്നുറു രൂപയാണു് ആടിനു് അയാൾ വില പറഞ്ഞതു്. ഇരുന്നൂറു രൂപ ഞങ്ങളുടെ കൈയിൽ ആ സമയം ഉണ്ടായിരുന്നു. ഒരുപക്ഷേ, അതും അയാളുടെ സ്വപ്നത്തിൽ ഉണ്ടായിരുന്നു.
ആ ആടുവില്പനക്കാരൻ അവിശ്വാസിയായിരുന്ന എന്നെ ദൈവത്തെക്കുറിച്ചു് ഓര്‍ക്കാൻ പ്രേരിപ്പിച്ചു. ഞങ്ങളുടെ ആധുനികതയുടെ കാലത്തു് ഫ്രെഡറിക് നീച്ചെയുടെ ആവശ്യപ്രകാരം കൊന്ന ദൈവത്തെ ഞാൻ വീണ്ടും കാണുകയായിരുന്നു. ആ സമയം ജോൺ വീട്ടുപടിക്കൽ പ്രത്യക്ഷപ്പെട്ടു. മുഷിഞ്ഞും മദ്യപിച്ചും അവൻ ഞങ്ങൾ മൂന്നു പേരുടെയും പേരുകൾ മാറി മാറി വിളിച്ചു. മുറ്റത്തെ ആടിനെ കണ്ടു് ‘ഈ രാവിലെ ഇവൾ എനിക്കു് ഒരു മുത്തം തരട്ടെ’ എന്നു് അഭ്യര്‍ഥിച്ചു. അവൻ മുറ്റത്തുതന്നെ ആടിനോടൊപ്പം ഇരുന്നു. അതിന്റെ മുഖത്തു് ചുംബിച്ചു; ‘പ്രിയപ്പെട്ടവളേ നീ എവിടെയായിരുന്നു’ എന്നു് ആദ്യം കഥയായും പിന്നെ കരച്ചിലായും ചോദിച്ചു. തങ്കം ജോണിനോടു് ആടിനെ വിടാൻ പറഞ്ഞു. ഒരുപക്ഷേ, എനിക്കോ ജോണിനോ ഇഷ്ടമില്ലാത്ത സ്വരത്തിൽ തങ്കം പറഞ്ഞു; ‘ജോണ്‍, ആ പാവം മൃഗത്തെ വിടു്.’ എന്നെ നോക്കി, ‘നീ ജോൺ പറയുന്ന കഥ കേൾക്കു്’ എന്നു പറഞ്ഞു.
ആ പകൽ ഞങ്ങൾക്കു് സൗഭാഗ്യങ്ങളായാണു് വന്നതെങ്കിൽ അതു് കഴിഞ്ഞിരുന്നു. പകരം നീരസങ്ങളുടെ പകൽ ആരംഭിച്ചിരുന്നു. ജോൺ ആടിന്റെ നെറുകിൽ ഒരു തവണകൂടി തലോടി എഴുന്നേറ്റു്, തങ്കത്തിനെ നോക്കി പറഞ്ഞു, ‘തങ്കം, നീ ആടിന്റെ ഉടമ. നിനക്കു് എന്തറിയാം മനുഷ്യരേയും മൃഗങ്ങളേയും പറ്റി, ജോണിനേയും ആടിനേയും പറ്റി!’
ആ പകൽ മുഴുവൻ ബൈബിളിന്റെ രീതിയിൽ ഇങ്ങനെ താരതമ്യവാചകങ്ങൾ ജോൺ പറയുമെന്നു് ഉറപ്പായിരുന്നു. ഇതുപോലെ ‘നിനക്കു് അല്ലെങ്കിൽ എന്തറിയാം, ആടുകളുടെ സ്വപ്നത്തെപ്പറ്റി. ഞാനോ, ജോണ്‍, കഴുതയുടെ കഥ പറഞ്ഞവന്‍.’
അവൻ ആടിനെ തങ്കത്തിന്റെ മുന്നിലേക്കു് തള്ളി, കൈകൾ കൂപ്പി ദൈവത്തെ കാണാനെന്നോണം ആകാശത്തിലേക്കു നോക്കി, ‘എങ്കിലും ഞാൻ പറയുന്നു ഇന്നു രാത്രി മുതൽ മഴ പെയ്തു തുടങ്ങും. നിന്റെ വീടു് ചോരാൻ തുടങ്ങും. ആടു് നിറുത്താതെ കരയാൻ തുടങ്ങും. നീ മഴയെ എന്നപോലെ എന്നെ ശപിക്കാൻ തുടങ്ങും…’
അഭിനയത്തിന്റെ ഒരു ചെറിയ മുഹൂർത്തം മതി ആഹ്ലാദത്തിലേക്കു് ഇപ്പോൾ തിരിച്ചുവരാൻ എന്നെനിക്കു തോന്നി. ജോൺ സംഭാഷണങ്ങളുടെ നായകനുമായിരുന്നു. ഒരാടിനും ഒരു സ്ത്രീക്കും ഇടയിൽ അവന്റെ ഏകാഭിനയം ദൈവത്തിന്റെ മഹത്ത്വം വരച്ചു. എന്നാൽ, എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടും സങ്കടപ്പെടുത്തിക്കൊണ്ടും തങ്കം പെട്ടെന്നു് പൊട്ടിക്കരഞ്ഞു. ഭീതി തരുന്ന എന്തോ ഒന്നു് കണ്ടുമുട്ടിയതുപോലെ ഞാൻ ആ നിമിഷം സ്തബ്ധനായി. ജോൺ വീണ്ടും ഒരു തവണ ഞങ്ങളെ നോക്കാതെതന്നെ വീട്ടിലേക്കു് കയറാതെ മടങ്ങിപ്പോവുകയും ചെയ്തു. ഞാൻ അവനെ തിരിച്ചുവിളിക്കുമെന്നുതന്നെ തോന്നി. പക്ഷേ, ചെയ്തില്ല. മാത്രമല്ല, ഞങ്ങളുടെ വീട്ടിൽ വന്ന ആടിനെ പ്രതി, അതിന്റെ ഓർമ്മയെ പ്രതി, ആശങ്കപൂണ്ടു; എന്താണു് മനുഷ്യരും മൃഗങ്ങളും തമ്മിൽ, സ്നേഹമോ വൈരമോ—ഇപ്പോഴും തീർച്ചയില്ല.
ഞാൻ, പക്ഷേ, മൃഗങ്ങളിൽനിന്നും അകുന്നുകഴിഞ്ഞു. പൂച്ചയെ എനിക്കു പേടിയാണു്. പശുവിനെ ഞാൻ പൂജിച്ചിട്ടില്ല. കുതിരപ്പുറത്തു് കയറിയിട്ടില്ല. ആടിനെ തൊട്ടിട്ടുണ്ടെങ്കിലും പരിചയമില്ല. ആനയെ പേടിച്ചു. കാളപ്പോരു് വെറുത്തു. പറയാവുന്നതു് കഴുതയെപ്പറ്റിയുള്ള ഒരു കഥയാണു്. അതാകട്ടെ ജോൺ പറഞ്ഞതും.
തൊടിയിൽ ആടിനോടൊപ്പം ഒരു മൃഗത്തോടൊപ്പം ഒരു മനുഷ്യൻ നില്‍ക്കുന്നു എന്നപോലെ, തങ്കം നിന്നു. ഞാൻ അവളുടെ കൈ പിടിച്ചു. ഇപ്പോൾ ഒരു മൃഗവും രണ്ടു മനുഷ്യരും. തങ്കം പറഞ്ഞു; ‘മൂന്നുനാലു ദിവസങ്ങളായി ഇതൊന്നും തിന്നുന്നില്ല. കുടിക്കുന്നുമില്ല. പക്ഷേ, ഇതു് നമ്മുടെ വീട്ടില്‍വെച്ചു് മരിക്കാൻ വന്നതാണു്.’
‘തീർച്ചയായും അല്ല,’ ഞാൻ പറഞ്ഞു. ’ നീ ഓരോന്നു് ഓർത്തുപറയുന്നു.’
തങ്കം ജോണിനെപ്പറ്റി ചോദിക്കുമെന്നെനിക്കു തോന്നി. അടുത്ത നാല്പതു ദിവസത്തേക്കു് അവൻ വരുകയേ ഇല്ല എന്നായിരുന്നു എന്റെ മനസ്സില്‍. ശരിയായിരുന്നു. അവൻ വന്നില്ല, നാല്പത്തിയൊന്നാമത്തെ ദിവസം അവന്റെ ഒരു കത്തു വന്നു. ചെറുതും ഭംഗിയില്ലാത്തതുമായ കൈപ്പടയില്‍. ആ വരികൾ, പക്ഷേ, അവന്റെ പതിമൂന്നാമത്തെ സിനിമാക്കഥയുടെ വിശേഷണങ്ങളായിരുന്നു. അവനെഴുതി: ഞാനിതു് ഷൂട്ട് ചെയ്തുകഴിഞ്ഞു. ഫിലിം റോൾ അടങ്ങിയ പെട്ടി ഇന്നലെ രാത്രി ആരും കാണാതെ കടലിലുമൊഴുക്കി. എനിക്കുതന്നെ തീർച്ചയില്ലാത്ത എന്റെതന്നെ മേല്‍വിലാസത്തില്‍. ഒരുപക്ഷേ, മേല്‍വിലാസക്കാരനുതന്നെ അതു കിട്ടും. കിട്ടിയാലുടൻ വിവരമറിയിക്കാം…
ആ കത്തു്, അതിലെ വിശേഷങ്ങൾ ഞാനിപ്പോഴും ഓര്‍ക്കുന്നു. പക്ഷേ, കത്തു് നഷ്ടപ്പെട്ടു. ഒരുപക്ഷേ, നഷ്ടപ്പെടട്ടെ എന്നു് കരുതിത്തന്നെ. എന്നാൽ, ഒന്‍പതു മാസം കഴിഞ്ഞു് ഷീലയുടെ സ്കൂൾപാഠപുസ്തകത്തിൽനിന്നു് അതേ കത്തു് കണ്ടെടുത്തപ്പോൾ തങ്കം അരിശംകൊണ്ടു. മകളെ ചീത്തപറഞ്ഞു. കത്തു്, ഒരു ഭ്രാന്തിയെപ്പോലെ, കീറിക്കളഞ്ഞു. ഇതു ഞാൻ കണ്ടതല്ല. ഷീല പറഞ്ഞതാണു്. ഷീല പറഞ്ഞു, ‘ജോൺ അങ്കിൾ എഴുതിയ കഥ അമ്മ കീറിക്കളഞ്ഞു. ഭ്രാന്തു വന്നു അമ്മയ്ക്കു്. ചീത്തവാക്കുകൾ പറഞ്ഞു…’
ജീവിതത്തിനുമേൽ കഥയ്ക്കുള്ളത്ര പിടി മറ്റെന്തിനുണ്ടു്! ജീവിതത്തിനോ! എന്തായാലും ജോൺ എഴുതിയ ആ വരികൾ ഓര്‍ക്കുമ്പോഴൊക്കെയും മുഷിഞ്ഞ, നീലനിറമുള്ള ആ ഇന്‍ലന്റും ഓർമ്മവന്നു. ഇന്ത്യയുടെ അത്ഭുതകരമായ ആത്മാംശമുള്ള ഒരു കടലാസായിരുന്നു അഥവാ ഇന്‍ലന്റ്: അതിൽ പച്ച നിറമുള്ള മഷികൊണ്ടാണു് ജോൺ കത്തുകൾ എഴുതുക. എന്നാൽ, ആദ്യമായി ജോൺ ആ കത്തിൽ കറുപ്പു മഷികൊണ്ടാണെഴുതിയതു്; ‘പുഴയുടെ കരയിലെ വീടായിരുന്നു, അതു്.’ ജോണിന്റെ കത്തിലെ ആദ്യത്തെ വരിതന്നെ ഞങ്ങൾക്കുണ്ടെന്നു കരുതിയ വീടിനെപ്പറ്റിയായിരുന്നു. ‘അവിടെ ഒരു ഗൃഹനാഥനും അയാളുടെ പ്രിയപത്നിയും അവരുടെ അഞ്ചു വയസ്സുള്ള മകളും പാർത്തിരുന്നു.’
‘പുഴയുടെ കരയിൽത്തന്നെയായിരുന്നു സിനിമാടാക്കീസും. സിനിമാടാക്കീസിലേക്കു വരുകയും സിനിമാടാക്കീസിൽനിന്നു് പുറപ്പെട്ടുപോവുകയും ചെയ്യുന്ന ഒരു സൈക്കിൾക്കാരൻ പയ്യനും, ഇരുപത്തിയൊന്നു വയസ്സുള്ളവൻ, ഉണ്ടായിരുന്നു. അവനെ ‘ബൈസിക്കിൾ തീഫ് ’ എന്നാണു് പേരു വിളിച്ചിരുന്നതു്. അങ്ങനെയാണു് ആ ഗൃഹനാഥനും ഭാര്യയും പരസ്പരം അവനെപ്പറ്റി പറയുമ്പോൾ വിളിച്ചതു്.’
ജോൺ തന്റെ സിനിമ ചിത്രീകരിച്ചിരുന്നില്ലെങ്കിലും ചിത്രീകരിച്ചു എന്നെഴുതിയതു് നുണയായിത്തന്നെ ഞങ്ങൾ വായിക്കും എന്നു് അവൻ അറിയുമായിരുന്നു. അതുകൊണ്ടാണു് ‘ഞാനിതു് ഷൂട്ട് ചെയ്തുകഴിഞ്ഞു. ഫിലിംറോൾ അടങ്ങിയ പെട്ടി ഇന്നലെ രാത്രി ആരും കാണാതെ കടലിലുമൊഴുക്കി’ എന്നെഴുതിയതും. പക്ഷേ, അങ്ങനെയാണെങ്കിൽ, അവൻ കുറിച്ചിട്ടു എന്നു പറഞ്ഞ മേല്‍വിലാസം എനിക്കും തങ്കത്തിനും അറിയില്ലായിരുന്നു. അവന്റെ വീടു്? അവന്റെ മുത്തച്ഛന്റെ വീടു് ? അവൻ ജോലി ചെയ്തിരുന്ന സ്ഥലം?
അവൻ ചിലപ്പോൾ താമസിച്ചിരുന്ന ലോഡ്ജ്? തങ്കം പകുതി കളിയായി പറഞ്ഞു: ആ പെട്ടിയുമായി അതേ ചെക്കൻ സൈക്കിളിൽ കറങ്ങുന്നുണ്ടാകും. ഒരുപക്ഷേ, ഈ രാത്രി ഇവിടെ എത്താനും മതി.
കടലിലെ ആമയെപ്പറ്റി അവൾ പറഞ്ഞില്ല.