1970-ലാണു് പുഴയുടെ കരയിലെ വീടു് ഞങ്ങൾ വാങ്ങിക്കുന്നതു്. ആ സമയം ഞാൻ തങ്കത്തിനെ പരിചയപ്പെട്ടിരുന്നു. വിവാഹിതരാകുന്നു എന്നതിനു് ഉറപ്പു കിട്ടിയതുപോലെയാണു് ആ വീടു് ഞങ്ങൾ വാങ്ങിച്ചതു്. ഇരുപത്തിനാലു വയസ്സുള്ള ഞാനും ഇരുപത്തിമൂന്നു വയസ്സുള്ള അവളും, ഞങ്ങൾ രണ്ടുപേരുടെയും വീടു് ഉപേക്ഷിച്ചു്, ഇങ്ങനെ ഈ വീട്ടിൽ താമസം തുടങ്ങാന്‍തന്നെ കാരണം ആ വീടും ആ പുഴയുമാണെന്നു് വിശ്വസിച്ചു: ഈ വീട്ടിൽ നമ്മൾ ഇപ്പോൾ താമസം തുടങ്ങിയില്ലെങ്കിൽ ഇനി ഒരിക്കലും ഒരു വീട്ടിലും നമ്മൾ താമസിക്കുകയില്ല.
നമുക്കു പഠിക്കേണ്ട.
നമുക്കു ജോലി വേണ്ട.
നമുക്കു് സുഖമായി കഴിയേണ്ട.
നമുക്കു ഭാഗ്യശാലികളാവേണ്ട.
ഞാൻ തങ്കത്തിന്റെ വായ പൊത്തി.
പുഴയുടെ തീരത്തു്, അന്നു് ആദ്യമായി ഞങ്ങൾ എത്തിയതായിരുന്നു. ഒരു വലിയ മാവു് ഉണ്ടായിരുന്നു അവിടെ. മാവിന്റെ ചോട്ടിലായിരുന്നു ഞങ്ങൾ ഇരുന്നിരുന്നതു്. അങ്ങനെ ഇരിക്കുമ്പോഴാണു് ഞങ്ങൾ ആ വീടു് കാണുന്നതു്.
അങ്ങനെയല്ല.
കണ്ണുകളടച്ചു്, ദീര്‍ഘമായി, പരസ്പരം ഉമ്മവെച്ചു്, കണ്ണുകൾ മിഴിച്ചതും ഞങ്ങൾ രണ്ടുപേരും ആ വീടു് കാണുകയായിരുന്നു.
തങ്കം പറഞ്ഞു, ‘രാമൂ, എനിക്കാ വീട്ടിൽ താമസിക്കണം, നിന്നോടൊപ്പം. ഇതാ ഇന്നു മുതല്‍.’
ഞങ്ങൾ കൈകൾ കോർത്തുപിടിച്ചു് മാഞ്ചോട്ടിൽനിന്നു് പുഴയുടെ തീരത്തെ വീട്ടിലേക്കു നടന്നു.
ചിലപ്പോൾ ഓടി.
വഴിയിൽ ചപ്പിലകളുടെ മീതെ അതുവരെയും ഉറങ്ങിക്കിടന്നിരുന്ന കാറ്റു് ഞങ്ങളെ കൂട്ടി. പുഴയിലേക്കു പറന്നു. ഞങ്ങൾക്കു് കുളിരു തോന്നി, ആ ഉച്ചയ്ക്കും.
വെയിൽ കാറ്റിനു് പുറത്തായിരുന്നു. കാറ്റാകട്ടെ പുഴയോടൊപ്പവും. വഴിയിൽ പൂമ്പാറ്റകളുണ്ടായിരുന്നു. ഒരു അരണയെ കണ്ടു. ഒരു പൂച്ചയെ കണ്ടു.
വീട്ടുമുറ്റത്തു് ഞങ്ങളെത്തുമ്പോൾ അവിടെ എന്റെ അച്ഛനും അമ്മയും സഹോദരങ്ങളും ഉണ്ടായിരുന്നു. തങ്കത്തിന്റെ അച്ഛനും അമ്മയും സഹോദരങ്ങളും ഉണ്ടായിരുന്നു. അവര്‍ ഞങ്ങളെ എതിരേറ്റു. എന്റെ അമ്മയും അവളുടെ അമ്മയും, ‘ഈ രാത്രി മുതൽ നിങ്ങൾ ഇവിടെ താമസിച്ചോളൂ’ എന്നു പറഞ്ഞു. ‘ഭാര്യയും ഭർത്താവുമായി.’
എനിക്കും അദ്ഭുതം തോന്നുന്നു, എത്ര എളുപ്പമാണു് ജീവിതമെന്നു്. അതും എഴുപതുകളിലെ യുവാക്കളുടെ ജീവിതം. നല്ല വരികള്‍കൊണ്ടു മാത്രം പറയുന്ന ജീവിതം, അതും അത്ഭുതപ്പെടുത്തും. പക്ഷേ, ഇത്രയും വാക്കുകളിലേക്കു് നോക്കൂ; പുഴ, വീടു്, മാവു്, മാഞ്ചോടു്, ചപ്പിലകൾ, വഴി, പൂമ്പാറ്റ, അരണ, പൂച്ച, വീട്ടുമുറ്റം, വീട്ടുമുറ്റത്തെ ബന്ധുക്കൾ, ഞാൻ, തങ്കം… എല്ലാം സന്തോഷമുള്ള വാക്കുകള്‍തന്നെ. ഞങ്ങൾ വിശ്വസിക്കാനാകാതെ പരസ്പരം നോക്കി. തങ്കത്തിനു് സന്തോഷംകൊണ്ടു് കരച്ചിൽ വന്നു. അവളുടെ കണ്ണുകൾ എന്നെ വെള്ളത്തുള്ളികള്‍കൊണ്ടു് വട്ടമിടുന്നതുപോലെ തോന്നി. ഞാനും ഒന്നും വിശ്വസിക്കാനാകാതെ അവളെ നോക്കി… എന്തായാലും രാത്രിയാകുമായിരുന്നു. ആ രാത്രി മുതൽ ഞങ്ങൾ ഭാര്യാഭർത്താക്കന്മാരായി കഴിയുമെന്നും. തീർച്ചയായും ഇതു് ഞങ്ങളുടെ ജീവിതമായിരുന്നു. എന്നാൽ, പറഞ്ഞതെന്തോ അതും ജോണിന്റെ കഥയും. അവന്റെ പതിമൂന്നാമത്തെ സിനിമയുടെ കഥ, അതിലെ ഒരു ഭാഗം, നായികയുടെയും നായകന്റെയും കഥ.
കോഴിക്കോട്ടെ ഞങ്ങളുടെ വാടകവീടിനു് ഒരു മുറിയെ ഉണ്ടായിരുന്നുള്ളൂ. ഒരു ഉമ്മറം. അവിടെ തിണ്ണയിലാണു് ജോൺ ഇരിക്കുക. കിടക്കുക. ചിലപ്പോൾ നൃത്തം ചവിട്ടുക. ഒരു രാത്രിയാണു് അവൻ തന്റെ കഥയിലെ ഈ ഭാഗം പറഞ്ഞതു്. ആ വരികളൊക്കെയും ഞങ്ങൾക്കിഷ്ടപ്പെട്ടു. തങ്കം ചോദിച്ചു; ‘ഒരു കവിതപോലെയാണു് ജീവിതം ജോണിനു്’ അല്ലേ?
ജോൺ പറഞ്ഞു; ‘അറിയില്ല, കവിതയാണോ ജീവിതമാണോ സത്യം എന്നു്.’
തങ്കം ചോദിച്ചു; ‘ജോണിനു് രണ്ടുമറിയാം. സത്യവും നുണയും. കവിതയും ജീവിതവും. അതുകൊണ്ടു് ചോദിക്കട്ടെ, ഇങ്ങനെ ജീവിച്ച ആരെങ്കിലും ഉണ്ടാകുമോ?’
ജോൺ ഞങ്ങളെ നോക്കി. ഉമ്മറത്തു കത്തിച്ചുവെച്ച റാന്തല്‍വിളക്കിന്റെ കൂടെ, അവൻ വരുന്ന ദിവസം ചിലപ്പോൾ തങ്കം ഒരു മെഴുകുതിരിയുംകൂടി കത്തിച്ചുവെക്കും. കേരളത്തിൽ വൈദ്യുതി വ്യാപകമാവാത്ത കാലമാണതെന്നു് ഓര്‍ക്കണം. ആ വെളിച്ചത്തിൽ അവന്റെ കണ്ണുകൾ തിളങ്ങി;
‘എനിക്കറിയാം. നിങ്ങള്‍തന്നെ. നിങ്ങളുടെ കഥയാണു് ഇതു്.’
കലയും ജീവിതവും. ജീവിക്കാൻ ഞങ്ങൾ തുടങ്ങിയിരുന്നു. തങ്കം സ്ത്രീകൾ നടത്തുന്ന ഒരു തുന്നല്‍ക്കടയിൽ പോയി തുന്നൽ പഠിക്കാനും പതുക്കെ തുന്നൽ ജീവിതമാർഗ്ഗമാക്കുകയും ചെയ്തിരുന്നു. ഞാൻ ഒരു സ്കൂളിൽ, സ്ഥിരമല്ലെങ്കിലും അധ്യാപകനായി പോകാൻ തുടങ്ങിയിരുന്നു. ഞങ്ങൾ തിരഞ്ഞെടുത്ത രണ്ടു ജോലികളും അക്കാലത്തു് വിദ്യാസമ്പന്നരും തൊഴില്‍രഹിതരുമായ യുവാക്കൾ തിരഞ്ഞെടുക്കുന്ന ജോലിയുമായിരുന്നു.
ഞാനെന്റെ ആദ്യത്തെ ക്ലാസ് സ്കൂളിൽ ഒരു മാഞ്ചോട്ടില്‍വെച്ചു തുടങ്ങി. തലേന്നു രാത്രി ഞാൻ തങ്കത്തിനോടു് പറഞ്ഞു: ‘നാളെ ഞാൻ ടാഗോറിന്റെ ഗീതാഞ്ജലിയായിരിക്കും ക്ലാസ്സിൽ പറയുക.’ തങ്കം പറഞ്ഞു; ‘എനിക്കു് ഊഹിക്കാൻ പറ്റും. മാഞ്ചോട്ടിൽ രാമു ശാന്തിനികേതൻ തുടങ്ങാൻ പോകുന്നു.’ എനിക്കു് ചിരിപൊട്ടി. ജീവിതം ലളിതമായ നുണയാണെന്നു് ഏതുറക്കത്തിലും കണ്ടുപിടിക്കുന്ന ഒരാൾ, അല്ലെങ്കിൽ, എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. പക്ഷേ, നുണ ജീവിക്കുക എന്നതായിരുന്നു ജീവിതത്തെപ്പറ്റിയുള്ള ഏറ്റവും ഖേദകരമായ പ്രസ്താവം. അക്കാലത്തു് ഞാൻ ജീന്‍പോൾ സാർത്രിനെ വായിച്ചിട്ടില്ല. വാസ്തവത്തിൽ സാർത്രിനെ പരിചയപ്പെടുത്തിത്തന്നതു് ഒരിക്കല്‍ ജോണിനോടൊപ്പം ഞങ്ങളുടെ വീട്ടിൽ വന്ന ഒരു യുവാവായിരുന്നു. ഒരു കവി. അതിനേക്കാൾ അസ്തിത്വവാദി.
‘അസ്തിത്വവാദി’ എന്നു് മലയാളത്തിൽ തർജ്ജമ ചെയ്തു മനസ്സിലാക്കുന്നതിനേക്കാൾ ഞാനതിന്റെ ഇംഗ്ലീഷിൽനിന്നു; exit എന്ന പദം, പുറത്തേക്കുള്ള ഒരു വഴി, ആ വാക്കിലും ആ ജീവിതത്തിലും ഉണ്ടായിരുന്നു. യുവാവു് ആ രാത്രി ഞങ്ങളോടൊപ്പം താമസിച്ചു. കവിതകൾ ചൊല്ലി. കവിതയെപ്പറ്റി പറഞ്ഞു. ഒരു ഘട്ടത്തിൽ, ജോൺ അവൻ വരുമ്പോൾ മാത്രം തങ്കം കത്തിച്ചുവെക്കാറുള്ള മെഴുകുതിരി എടുത്തു മുറ്റത്തേക്കിറങ്ങി. മുറ്റത്തായിരുന്നു യുവകവി ഇരുന്നതു്. ജോൺ കവിയെ വട്ടമിട്ടു, അവനും കവിത ചൊല്ലി. ഞാനും മുറ്റത്തേക്കിറങ്ങി…
കെ. സച്ചിദാനന്ദൻ എന്നായിരുന്നു ആ യുവാവിന്റെ പേരു് പിന്നീടു് പ്രശസ്തനാകുന്ന കവി. സച്ചിദാനന്ദൻ, പക്ഷേ, ഒരു സന്ന്യാസിയുടെ പേരായിരുന്നു. ജോൺ പറഞ്ഞു, സന്ന്യാസി സച്ചിദാനന്ദന്‍.’ ‘എസ്. സച്ചിദാനന്ദനല്ലെ.’ ഇയാൾ ‘കവി സച്ചിദാനന്ദൻ, ‘അതുകൊണ്ടു് കെ. സച്ചിദാനന്ദന്‍.’
യുവാവു് പറഞ്ഞു; എന്റെ അച്ഛനും അമ്മയും ഞാൻ ഒരു സന്ന്യാസിയാകുമെന്നു് ഭയക്കുന്നു. എന്റെ ജാതകത്തിലുണ്ടത്രേ.
ജോൺ പറഞ്ഞു: അതിനാൽ അങ്ങനെ സന്ന്യാസിയാകുന്ന കാലത്തു് അവൻ ഒരു പേരില്ലാതെ സന്ന്യാസിയായി കഴിയേണ്ടിവരുമല്ലോ എന്നോർത്തു് അവന്റെ അച്ഛനും അമ്മയും അവൻ സച്ചിദാനന്ദൻ എന്നു പേരിട്ടു.
ജോൺ ഞങ്ങളോടു് ചോദിച്ചു: എന്താ പേരു് മാറ്റണോ?
തങ്കം സച്ചിദാനന്ദനോടു് പറഞ്ഞു; മാറ്റണം. ഒരു പേരുമില്ലാതെ കുറേക്കാലം നടക്കണം.
ആ ദിവസത്തെ ആപ്തവാക്യം ഇതാണെന്നു് ജോൺ പ്രഖ്യാപിച്ചു. അവൻ തങ്കത്തിനെ നോക്കി കൈകൾ കൂപ്പി. ഉമ്മറത്തേക്കു കയറി അവന്റെ സഞ്ചി എടുത്തു് ആ രാത്രിയിൽത്തന്നെ പോവുകയാണെന്നു പറഞ്ഞു; ‘പേരില്ലാതെ പതിനാലു നാളുകൾ അലയാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു.’
ആ രാത്രിതന്നെ അവനെ ഒരു പാമ്പു കടിക്കുമെന്നും അവൻ മരിക്കുമെന്നും ഞാൻ ഭയപ്പെട്ടു. അത്രമാത്രം അവന്റെ ജീവിതം കഥയായിരുന്നു. കഥ പുരണ്ട മനസ്സുമായി അവൻ ഞങ്ങളുടെ ജീവിതത്തിൽ ഓരോരോ കഥകളിൽ സന്ദര്‍ശനത്തിനെത്തി. അതുകൊണ്ടുതന്നെ ഞാൻ ജോണിനെ അവന്റെ കഥയിലെ മന്ത്രവാദിക്കു് ഒറ്റുകൊടുക്കാൻ തീരുമാനിച്ചു. അവന്റെ പതിമൂന്നാമത്തെ കഥ നടക്കാതെ പോകട്ടെ എന്നു് പ്രാര്‍ത്ഥിച്ചു. എങ്കിലും, കഥയുടെ ഒരു കോണിൽ, അതിനുമാത്രം ഉണ്ടാക്കിയ ഇരുട്ടിൽ, പാമ്പു് പാതി തുറന്ന കണ്ണുകളുമായി കിടക്കുന്നതു് ഞാൻ വീണ്ടും കണ്ടു.
സിനിമാടാക്കീസിൽ രഹസ്യമായി സിനിമ കാണാനെത്തിയ മന്ത്രവാദിയെ അതിനുംമുൻപു് രഹസ്യമായി അവിടെ എത്തിയ ഒരു പാമ്പു്, ടാക്കീസിന്റെ ഇരുട്ടിൽ കിടന്നുകൊണ്ടുതന്നെ, മന്ത്രവാദിയുടെ കാലിൽ കൊത്തി… ആരും അറിഞ്ഞില്ല. ആദ്യം അയാൾ പോലും… വെള്ളിത്തിരയിലെ വെളിച്ചം അയാൾക്കു് നഷ്ടപ്പെട്ടു. പിന്നെ ജീവനും. പാമ്പു് ടാക്കീസിനു് പുറത്തേക്കിഴഞ്ഞു… ജോൺ എന്നെ കഠിനമായി നോക്കി; ‘ഇതു് നീ പറഞ്ഞ കഥ. എന്റെ കഥയല്ല. പിന്നെ ഞാനാണു് ഞാൻ മാത്രമാണു് എന്റെ സിനിമയുടെ സ്വേച്ഛാധിപതി…
ആ വാചകം പിന്നീടു് വളരെ പ്രശസ്തമായി, അവനെപ്പറ്റി പറയുന്നവരുടെ ഇടയില്‍.
‘ഞാൻ എന്റെ സിനിമയുടെ സ്വേച്ഛാധിപതിയാകുന്നു’…
ഇനി ഞാൻ എങ്ങനെ ആകാശം നോക്കും?
നക്ഷത്രങ്ങൾ കാണും…?