എങ്ങനെയാണു് സിനിമ ഉണ്ടായതു്? സിനിമയ്ക്കു് ഒരു കഥ ഉണ്ടായതുകൊണ്ടു്. എന്താണു് സിനിമയുടെ കഥ എന്നാല്‍? സിനിമയുടെ കഥ എന്നാൽ നമ്മൾ പ്രേക്ഷകര്‍ക്കു നേരെ മുന്നിൽ വന്നു് ഒരുകൂട്ടം ആണുങ്ങളും ഒരുകൂട്ടം പെണ്ണുങ്ങളും പറയുന്നതെന്തോ, അതു് സിനിമയുടെ കഥ. ഇതു നിന്നോടു് ആരു പറഞ്ഞു? തന്തയ്ക്കു പിറക്കാത്ത ഒരുവന്‍. ആരും മിണ്ടുന്നില്ല. എന്താണു് തന്തയ്ക്കു പിറക്കാത്തവൻ എന്നാൽ എന്നു് ആരെങ്കിലും ചോദിക്കുമായിരുന്നു. ആ സമയം, ദൂരെ പാടവരമ്പിലൂടെ ഒരു തെരുവുനായ ഓടിപ്പോകുന്നതു കണ്ടു. നായയെ എവിടെനിന്നു് കിട്ടും? നിന്റെ അപ്പൻ സമ്മാനിക്കും. അപ്പനു് നായയെ എവിടെനിന്നു കിട്ടും? നിന്റെ അമ്മ സമ്മാനിക്കും. ആരും മിണ്ടുന്നില്ല. എന്താണു് ഒരു തെരുവുനായ എന്നാൽ ആരെങ്കിലും ചോദിക്കുമായിരുന്നു. ആ സമയം, വീടിന്റെ കോലായിൽ കുന്തിച്ചിരിക്കുന്ന നായകനെ കാണും… സിനിമ ആഗ്രഹിക്കുന്നതിലും അധികം ജീവിതത്തെ പുല്കുന്നു എന്ന ഒരു കാരണംകൊണ്ടുതന്നെ അതു് കലയിൽനിന്നു് അകന്നു കഴിഞ്ഞിരുന്നു എന്നു് എനിക്കു് തോന്നുന്നതു് ജോണിനോടൊപ്പമുള്ള സമയങ്ങളിലാണു്. അഥവാ, ജീവിതം സിനിമയാക്കാനുള്ള സംഭാഷണങ്ങളിൽ അവൻ കാണിച്ച കൌതുകം തന്നെ. ‘നായകനും നായയും’ എന്ന ഒരു സിനിമ ഈ സംഭാഷണത്തിലും കഥയിലും ഉണ്ടെന്നു് ജോൺ പറഞ്ഞു.
ഒരു തെരുവുനായയും ഒരു നായകനും അനാഥത്വത്തിന്റെ ഒരു പോള ജീവിതം ഹൃദയംഗമമായി കാണിക്കാനുള്ള വെമ്പൽ എന്നെ കുപിതനാക്കിയെങ്കിലും ഞാൻ പറഞ്ഞില്ല. കാരണം, ജോൺ ജീവിതത്തെ സിനിമയാക്കിയും, സിനിമയെ കലയിൽനിന്നു് മാറ്റിപ്പിടിച്ചിരുന്നു. അതു് ഒരുപക്ഷേ, അക്കാലത്തെ new wave സിനിമകളുടെ പ്രഖ്യാപിതമായ പാപവുമായിരുന്നു. ഞാൻ പാപം മറ്റു പലവിധത്തിലും ചെയ്യാനുണ്ടെന്നു് വിശ്വസിച്ചു: ഏതു സിനിമാടാക്കീസിനും എപ്പോൾ വേണമെങ്കിലും തീപിടിക്കാമെന്നു വിശ്വസിച്ചു. സിനിമ ഓടുമ്പോൾ സിനിമാടാക്കീസിനു തീപിടിക്കുന്നു…
അന്നു് പതിമൂന്നു പേജുള്ള തന്റെ പതിമൂന്നാമത്തെ തിരക്കഥ അവൻ നിലത്തു വിരിച്ചു. ഏതു വേണമെങ്കിലും എടുത്തു വായിക്കാം’ എന്നു പറഞ്ഞു. വീണ്ടും ഒരു രാത്രി. തങ്കം അന്നും ജോൺ വന്നതു് പ്രമാണിച്ചു് ഒരു മെഴുകുതിരി കത്തിച്ചുവെച്ചു. അന്നും ഷീല ഉമ്മറത്തു് ഞങ്ങളുടെ അടുത്തു കിടന്നുറങ്ങി.
ജോൺ മുറ്റത്തുനിന്നു് ആകാശത്തെ നക്ഷത്രങ്ങൾ, അവയുടെ പ്രകൃതം, അവയുടെ ജീവിതം, സ്ഥലം ഒക്കെ പ്രവചിക്കാൻ തുടങ്ങി. കടലാസുകളിലൊന്നു് ഞാനെടുത്തു; മറ്റൊന്നു് തങ്കവും. ബാക്കി പതിനൊന്നു പേജുകളും അതേപോലെ ഞാൻ കമിഴ്ത്തിവെച്ചു. ഞാൻ എനിക്കു കിട്ടിയ കടലാസിലെ കഥ വായിക്കാൻ തുടങ്ങി… പക്ഷേ, ഇപ്പോൾ ആദ്യം ഞാൻ തങ്കത്തിനു കിട്ടിയ കടലാസിലെ കഥ പറയാം:
പുഴയുടെ സമീപമുള്ള വീട്ടിൽ നിന്നു് ഒരു രാവിലെ കരഞ്ഞുകൊണ്ടും പേടിച്ചും ഓടിവരുന്ന ഒരു സ്ത്രീ, അവളുടെ വീട്ടുമുറ്റത്തുനിന്നു് ചുറ്റും നോക്കി. പകലാണു്. വീട്ടുമുറ്റത്തെ മരക്കൊമ്പിൽ കണ്ട ഒരു കാക്കയെ അവൾ കല്ലെടുത്തെറിയുന്നതായി കാണിച്ചു. കാക്ക മേല്പോട്ടുയര്‍ന്നു് ആകാശത്തിൽ വേഗം അപ്രത്യക്ഷമായി. പിന്നെ കാണുന്നതു് വീടിന്റെ അകം. അവിടെ ചോരയിൽ കുളിച്ചു് മരിച്ചുകിടക്കുന്ന ഒരു പുരുഷനെ കാണാം. കത്തുന്ന നിലവിളക്കിൽ കാണാന്‍ കിട്ടുന്ന മുഖം, കണ്ണുകൾ, ചുണ്ടുകൾ, മരിക്കുന്നതേയുള്ളൂ—ഒരു ഞരക്കത്തോടെ അയാൾ എഴുന്നേറ്റിരിക്കാൻ ശ്രമിക്കുന്നുണ്ടു്; കൈകൂപ്പി പ്രാര്‍ത്ഥിക്കാനും—പക്ഷേ, ഇതൊന്നും നമ്മെ ഭയപ്പെടുത്തുന്നില്ല. കാരണം, അനുഷ്ഠാനപരമായ പ്രവൃത്തികളുടെ നിരന്തരമായ ചില കാഴ്ചകൾ നമ്മൾ ഇതിനു മുൻപു് കാണുന്നുണ്ടു്. ഉദാഹരണത്തിനു്, അയാൾ ഒരു കോഴിയെ പിടിച്ചു് ജീവനോടെ കൊല്ലുന്നതു്. അതിന്റെ ഭീതിജനകവും ദുഃഖപൂർണ്ണവുമായ നിലവിളികൾ കേൾക്കുന്നുണ്ടു്. ഒടുവിൽ തൂവലുകൾ, ഒരു കൊടുങ്കാറ്റിലെന്നോണം, തൂവലുകൾ എന്നാൽ ഒരു പത്തു കിലോ തൂവലുകൾ, മുറ്റത്തു വന്നുവീഴുന്നതു കാണുന്നുണ്ടു്… ഇപ്പോൾ അയാൾ വേദനയോടെ ദേവിയെ സ്തുതിക്കുന്നുണ്ടു്; തന്റെ കാമനയുടെ ലോകത്തെ പലതരം സ്ത്രീകളെപ്പറ്റി, പ്രണയിയും ശക്തിമതിയും ശാന്തയുമായ ദേവിയെപ്പറ്റിയൊക്കെ. എന്നാൽ, വിളക്കു് അണയുമ്പോൾ കാണുന്നതു് വേറൊന്നു്: ഇപ്പോൾ അതേ പുരുഷശരീരം മുറ്റത്തേക്കു് വലിച്ചിടുന്നതു് വേറൊരു ആൾ. അതുവരെയും കാണാത്ത ആള്‍…
വാസ്തവത്തിൽ ആരാണു് മന്ത്രവാദി മരിച്ചുകഴിഞ്ഞ ആളോ അതോ ശവം വലിച്ചു പുറത്തുകൊണ്ടുവന്നിടുന്ന ആളോ എന്നു തീർച്ചയില്ല. എന്നാൽ, കരഞ്ഞുകൊണ്ടു് മുറ്റത്തേക്കോടിയ സ്ത്രീയാണു് അഭിനേത്രി. മന്ത്രവാദി സിനിമാ ടാക്കീസിൽനിന്നും ആടിക്കൊണ്ടിരുന്ന കഥയിൽനിന്നും ആരുമറിയാതെ, പിടിച്ചുകൊണ്ടുവന്നവൾ.
അവൾ മുറ്റത്തുനിന്നു് തന്റെ വസ്ത്രങ്ങളിൽ പുരണ്ട പൊടിയും ചളിയും തുടച്ചുകളഞ്ഞു. മുടി അഴിച്ചുകെട്ടി. തീർച്ചയായും അതീവ സുന്ദരിയായിരുന്നു, അവൾ.
തങ്കം കഥയുടെ ആ പേജിൽനിന്നും മറ്റേതെങ്കിലും പേജിലേക്കു് ബാക്കി ഭാഗം തിരഞ്ഞുകൊണ്ടു് എത്തുമെന്നു് ഞാൻ കരുതിയതാണു്. പക്ഷേ, പിന്നീടൊന്നും വായിക്കാതെ അവിടെത്തന്നെ ഇരുന്നു.
എനിക്കു കിട്ടിയ കഥാഭാഗവും ഞാൻ വായിച്ചുകഴിഞ്ഞിരുന്നു. അതു് എന്താണെന്നു് തങ്കം ചോദിച്ചില്ല. ഞാൻ പറഞ്ഞുമില്ല. ജോൺ ആകട്ടെ, നക്ഷത്രങ്ങളുള്ള ആകാശം ഉപേക്ഷിച്ചു് ഇപ്പോൾ മുറ്റത്തു്, നന്ത്യാര്‍വട്ടത്തിനു താഴെ, വിരിയാനിരുന്ന പൂവിനെയും നോക്കിയിരിക്കുകയായിരുന്നു.
എല്ലാം അവന്റെ ശീലങ്ങൾ പോലെതന്നെ. പാതി ഉപേക്ഷിക്കുന്ന കഥ, പാതി പറയുന്ന സംഭാഷണം, വിരിയുമോ എന്നറിയാത്ത പൂവിനെ നോക്കി ഇരിപ്പു്, ജീവിതം ഒരു ദ്രാവകം പോലെയായിരുന്നു. എവിടെയാണോ അതായി ആകൃതിയും പ്രകൃതിയും; തളംകെട്ടി നില്ക്കുമ്പോഴും തുടർച്ചയായി പെയ്യുമ്പോഴും. പക്ഷേ, ആ സമയം എവിടെനിന്നോ വന്നു് ഞങ്ങൾക്കുമേൽ നിശ്ശബ്ദതയും പെയ്യാൻ തുടങ്ങി.
അത്രയും നിശ്ശബ്ദത, അത്രയും കഥ എന്റെയോ തങ്കത്തിന്റെയോ ജീവിതത്തിൽ പിന്നീടും വന്നിട്ടുണ്ടു്. എന്നാൽ, അന്നത്തെ നിശ്ശബ്ദത, അതിനു മുൻപു് നടന്ന പ്രവൃത്തികൾ, അതായതു് ജോൺ എത്തിയതു്, തന്റെ കഥ എഴുതിയ കടലാസുകൾ നിലത്തു വിതറിയിട്ടതു്, ഞാനും തങ്കവും ഓരോ പേജുകൾ എടുത്തു വായിക്കുന്നതു്, മന്ത്രവാദി മരിച്ചുകിടക്കുന്നതു്, സിനിമാനടിയെ മുറ്റത്തു കാണുന്നതു്, മരക്കൊമ്പിലെ കാക്ക ആകാശത്തു് അപ്രത്യക്ഷമാകുന്നതു്, നിലവിളക്കു് കത്തിനില്ക്കുന്നതു്, ഒരാൾ ശവം വലിച്ചുകൊണ്ടു് പുറത്തുകൊണ്ടു വന്നിടുന്നതു്, മന്ത്രവാദി ഇടയ്ക്കു് ദേവിയെ സ്തുതിക്കുന്നതു്, ജോൺ മുറ്റത്തു് പൂവിരിയുന്നതു് കാത്തിരിക്കുന്നതു്—എല്ലാം പിന്നീടു വന്ന നിശ്ശബ്ദതയുടെ പെട്ടിയിൽ സൂക്ഷിക്കാന്‍വെച്ചു വസ്തുക്കൾ പോലെയായി.
ഒരു പെട്ടി, കറുത്തതും തോല്‍കൊണ്ടു് ഉണ്ടാക്കിയതും, മദിരാശിയിൽ നിർമ്മിച്ചതു്, ഞങ്ങളുടെ കൂടെയുണ്ടായിരുന്നു; വീടുമാറ്റങ്ങൾക്കൊപ്പം. ചിലപ്പോള്‍ പഴയതും പുതിയതും വസ്ത്രങ്ങൾ സൂക്ഷിക്കാൻ, ചിലപ്പോൾ ഞങ്ങളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകൾ സൂക്ഷിക്കാൻ, ചിലപ്പോൾ മിച്ചംവന്ന പൈസ സൂക്ഷിക്കാന്‍. ഒരു ദിവസം ഷീലയെ ആ പെട്ടി കാണിക്കാൻ ഞാൻ നിശ്ചയിച്ചു. ഞങ്ങളുടെ പഴയ വീട്ടിൽ, അല്ലെങ്കിൽ അവസാനത്തെ വീട്ടിൽ, ഞാൻ ഒറ്റയ്ക്കായിരുന്നു അപ്പോൾ. ഷീല എന്നെ കാണാൻ വന്നതാണു്. അവൾ എനിക്കു് കൊണ്ടുവന്ന ഒരു ജോടി വസ്ത്രങ്ങള്‍—കള്ളികളുള്ള ഷര്‍ട്ട്, കോട്ടൺ പാന്റ്, തവിട്ടുനിറം—വെക്കാൻ ഓർമ്മിച്ചപ്പോൾ.
‘പെട്ടി ഞാനെടുത്തു തരാം, അച്ഛാ,’ ഷീല പറഞ്ഞു; ‘വേണമെങ്കിൽ അതു തുറക്കാതെതന്നെ അതിലെ സാധനങ്ങളും ഞാൻ പറയാം.’
ഞങ്ങൾ ഇരുന്നിരുന്ന മുറിയിൽ, ഒരു മൂലയിൽ, പഴയൊരു തുണികൊണ്ടു് മൂടിയിട്ട ‘വസ്തു’ ആ പെട്ടിയായിരുന്നു. ഷീല തുണിയോടെ വലിച്ചു് പെട്ടി എന്റെ മുന്നിലേക്കു നീക്കി. ഞാൻ ഷീലയെ നോക്കി ചിരിച്ചു. ‘പെട്ടിക്കുള്ളിലെന്താണെന്നു പറയട്ടെ’ എന്നു് അവൾ ചോദിച്ചു. ഞാൻ പെട്ടിയെ മൂടിയിരുന്ന തുണിയെടുത്തു് ആദ്യം പുതച്ചു. തങ്കത്തിന്റെ പഴയ സാരിയായിരുന്നു അതു്. വസ്ത്രങ്ങളും സ്മാരകങ്ങൾ തന്നെ. ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും മണങ്ങൾ ഉള്ളവ.
സാരിയുടെ ഒരറ്റം, എന്റെ കൈയിൽ കൊള്ളാവുന്നത്ര, എന്റെ കണ്ണുകളിൽ വെച്ചു… ഷീല എന്റെ അരികിൽ ഇരുന്നു, എന്നെ ഒരു കൈകൊണ്ടു പുണര്‍ന്നു, ‘അമ്മയെ ഓർമ്മ വന്നുവല്ലേ?’ എന്നു ചോദിച്ചു. പിന്നെ അവൾ പെട്ടിക്കുള്ളിലെ സാധനങ്ങൾ എന്തൊക്കെയെന്നു പറഞ്ഞു;
ഒന്നു്: അച്ഛനും അമ്മയും കല്യാണം കഴിക്കാൻ രജിസ്ട്രാപ്പീസിൽ പോയ ദിവസം ധരിച്ച വസ്ത്രങ്ങൾ, ഒരു വെളുത്ത ഷര്‍ട്ട്, ഒരു ഡബിൾ മുണ്ടു്, ചന്ദന നിറമുള്ള ഒരു സാരി, അതേ നിറത്തിൽ ബ്ലൌസ്, ഒരു കല്യാണക്കുറി—ഇവ കല്യാണത്തിന്റെ ഓർമ്മ.’
‘രണ്ടു്: പഴയ മൂന്നു മലയാളം മാസികകൾ. ഇപ്പോൾ പ്രസിദ്ധീകരിക്കാത്തവ. അക്കാലത്തെ എല്ലാ ഇടതുതീവ്രവാദി ബുദ്ധിജീവികളും ഇപ്പോഴും സൂക്ഷിക്കുന്നവ: യെനാൻ, പ്രസക്തി, പ്രേരണ.’
‘മൂന്നു്: അമ്മ തല ചീകാൻ, പേനുകൾ എടുക്കാനും, ഉപയോഗിച്ച ഒരു പഴയ ചീര്‍പ്പു്,’
‘നാലു്: ഒരു തൂവാല, അതു് ആരുടേതാണെന്നു് എനിക്കറിയില്ല. അതിൽ ചുവപ്പു നൂലിൽ തുന്നിച്ചേർത്ത ഒരു റോസാപ്പൂ—ഹി ഹി ഹി…’
‘അഞ്ചു്: ഒരു പഴയ ഫോട്ടോ; അച്ഛൻ, അമ്മ, ജോൺ അങ്കിൾ. അച്ഛനും അമ്മയും ഇരിക്കുന്നു. ജോൺ അങ്കിൾ നിങ്ങൾക്കു പിറകെ നില്ക്കുന്നു…’
‘ആറു്: ഇനി രണ്ടു വസ്ത്രങ്ങള്‍കൂടി; ഒരു ജുബ്ബ, തവിട്ടുനിറം. അച്ഛന്റെയോ ജോൺ അങ്കിളിന്റെയോ. ഇതുവരെയും ആരും ധരിച്ചിട്ടില്ല എന്നു തോന്നും. ഇനി ഒരു കുഞ്ഞുടുപ്പു്, എന്റെ. ഞാനാദ്യം ധരിച്ച വസ്ത്രം…’
‘ഏഴു്: കടലാസുകൾ, കടലാസുകള്‍… എഴുതിയവ. അച്ചടിച്ചവ… കഴിഞ്ഞു…’
കഴിഞ്ഞുവോ?
ഒരുപക്ഷേ,
ആ പെട്ടിയെപ്പറ്റി ഷീല പറഞ്ഞില്ല. അതു് ഓർമ്മിപ്പിച്ചപ്പോൾ ഷീല ചിരിച്ചു; ‘മറന്നുപോയി, പാവത്തെ…’
ജോണിന്റെ തിരക്കഥയിൽ പ്രതേകിച്ചു് കഥയൊന്നുമില്ലാത്തൊരാളുടെ ദൃശ്യം കടന്നുവരും: ഒരു തെരുവിൽ, അല്ലെങ്കിൽ പുഴക്കരയിൽ, അല്ലെങ്കിൽ സിനിമാകൊട്ടകയ്ക്കു പുറത്തു്, ഒരു പെട്ടിയുടെ മീതെ ഇരിക്കുന്ന ആള്‍; ഭ്രാന്തനാകണം. പലപ്പോഴും അതു് വിദൂരദൃശ്യമാണു്. ഒടുവിൽ അയാളെ കാണില്ല. പെട്ടി മാത്രം കാണും. പെട്ടിയുടെ അടുത്തു് അതു് തുറന്നുനോക്കാൻ ശ്രമിക്കുന്ന ഒരു സ്ത്രീയെ കാണും. അയാളുടെ ആരെങ്കിലുമാകണം. ഭ്രാന്തിയാകണം. പെട്ടി തുറക്കാൻ അവൾക്കാവില്ല. സമീപദൃശ്യമായിരുന്നു ആ കാഴ്ച; ‘പെട്ടി തുറക്കാൻ അവൾ പലതവണ ശ്രമിക്കുന്നുണ്ടു്. ഒപ്പം അവളുടെ നനയുന്ന കണ്ണുകളും…’ കഥയിലെ ‘ബ്ലാക് ബോക്സ്’ എന്നാണു് ജോൺ ആ പെട്ടിക്കു് പേരിട്ടിരുന്നതു്. ഒരുപക്ഷേ, കഥ മുഴുവനും ആ പെട്ടിക്കുള്ളിലായിരുന്നു.
(തുടരും…)