ഞങ്ങളുടെ നാട്ടില്‍ ആദ്യത്തെ സിനിമാടാക്കീസ്, ‘വിജയ,’ വരുന്നതു് 1968-ലാണു്. ആ കാലം, അറുപതുകള്‍, ലോകത്തെ പലയിടത്തും പ്രധാന വര്‍ഷങ്ങള്‍ തന്നെയായിരുന്നു. വിയറ്റ്നാമില്‍ ഒരുസംഘം കമ്യൂണിസ്റ്റ് വിപ്ലവകാരികള്‍ അമേരിക്കയുടെ സ്ഥാനപതികാര്യാലയം പിടിച്ചുവെച്ചു, മാവോ പീക്കിങ്ങിലുണ്ടു്, സാര്‍ത്ര് പാരിസിലുണ്ടു്, ഇന്ത്യയില്‍ പലയിടത്തും നക്സലെറ്റുകളുമുണ്ടു്. പക്ഷേ, ഞാൻ കണ്ടതു് വിജയാടാക്കീസിലെ ഷീലയെയും ശാരദയെയുമായിരുന്നു. അക്കാലത്തു് അവരോളം സുന്ദരികളായ സ്ത്രീകള്‍ ഉണ്ടായിരുന്നില്ല. ആ കാലത്തു് അവരെ ഓർത്തു് പകല്‍ എനിക്കു് പനി വന്നിരുന്നു. രാത്രിയില്‍ സിനിമയ്ക്കു പോകാൻ പറ്റാത്ത ദിവസങ്ങളില്‍ രാത്രി മാത്രം വരുന്ന പനിയുണ്ടാകും. സിനിമയ്ക്കു പോകുന്ന രാത്രി, പകല്‍ മുഴുവൻ ഉണ്ടായിരുന്നു പനി, ടാക്കീസിലേക്കുള്ള യാത്രയില്‍, കൂടാൻ തുടങ്ങും: ഒരു വലിയ വയ്ക്കോല്‍പ്പുര, സിനിമാ ടാക്കീസ്, അത്ര കഠിനമായി എന്റെ ഓർമ്മയില്‍ ദൈവങ്ങളേക്കാളും അവരുടെ അമ്പലങ്ങളേക്കാളും ഉണ്ടായിരുന്നു. അങ്ങനെയായിരുന്നു, അതു്. കരുണാമയരായ ദൈവങ്ങള്‍, നടിമാരുടെയും നടന്മാരുടെയും രൂപത്തില്‍ കരഞ്ഞും ചിരിച്ചും ആ വയ്ക്കോല്‍പ്പുരയില്‍ താമസിച്ചു. അതാകട്ടെ, എപ്പോള്‍ വേണമെങ്കിലും തീപിടിക്കും. അല്ലെങ്കില്‍ മഴയില്‍ തകര്‍ന്നടിഞ്ഞു് പുഴയിലേക്കും അവിടെനിന്നു് കടലിലേക്കും അതു് ഒലിച്ചുപോകും. രണ്ടു ദുരന്തങ്ങളിലും ആ വയ്ക്കോല്‍പ്പുരയ്ക്കുള്ളില്‍ ഞാനുണ്ടാകും—കഥയില്ലെങ്കിലും.
ജോണ്‍ പറഞ്ഞ സന്ദര്‍ഭം ഇങ്ങനെയായിരുന്നു; തന്റെ ഭർത്താവിനെ, മന്ത്രവാദിയെത്തന്നെ, സിനിമാടാക്കീസിന്റെ വെള്ളിത്തിരയില്‍നിന്നും തട്ടിക്കൊണ്ടു വന്ന നടിയുമായി അവരുടെ വീട്ടിലെ കിടപ്പുമുറിയില്‍ കണ്ട രാത്രി, കലിയും സങ്കടവുമായി അയാളുടെ ഭാര്യ അടുപ്പില്‍നിന്നും എടുത്ത കത്തുന്ന ഒരു തീക്കൊള്ളിയുമായി സിനിമാടാക്കീസിലേക്കു് ഓടി. അവള്‍ ആരുമറിയാതെ ആ വയ്ക്കോല്‍പ്പുരയുടെ ഒരു മൂലയില്‍ നിന്നു, തന്റെ ചുണ്ടിലെ കൊടുങ്കാറ്റില്‍ നിന്നും തീക്കൊള്ളിയില്‍ തീപാറിച്ചു് വയ്ക്കോല്‍പ്പുരയ്ക്കു് തീവെച്ചു.
‘തീ,’ ജോണ്‍ പറഞ്ഞു: ‘തീ കത്തുന്ന ടാക്കീസ് ഒരു ദേവതയെപ്പോലെ. പുകപടലങ്ങളുടെ ആകാശത്തു് രത്നപ്രഭയോടെ നില്ക്കുന്ന ദേവത.’
ജോണ്‍, തങ്കം കത്തിച്ചുവെച്ച മെഴുകുതിരിക്കു മുന്നില്‍ കൈകള്‍ കൂപ്പി, കണ്ണുകളടച്ചു നിന്നു.
അവൻ ചെയ്യുന്ന ഓരോ പ്രവൃത്തിയും കഥയായിരുന്നു. അതെല്ലാം ഭാവനയിലെ തിരകള്‍ എന്നപോലെ വരുകയും ഒടുങ്ങുകയും ചെയ്തു.
കത്തുന്ന സിനിമാടാക്കീസ് പുകച്ചുരുളുകളായി, തീപടർത്തി, ആകാശത്തു തന്നെ നഷ്ടപ്പെട്ടു; ‘അവള്‍ തീക്കൊള്ളി ഉപേക്ഷിച്ചു് വീട്ടിലേക്കു് ശാന്തയായി നടന്നു.’ ജോണ്‍ മന്ത്രവാദിയുടെ ഭാര്യയെപ്പറ്റി പറഞ്ഞു;
‘ഒരുപക്ഷേ, എന്റെ സിനിമയിലെ അതുവരെയുള്ള നടത്തത്തില്‍ ഇത്രയും ശാന്തവും ഭംഗിയുമുള്ള സ്ത്രീചലനമില്ല. കാരണം, അവള്‍ സിനിമ ഉപേക്ഷിച്ചിരുന്നു. ജീവിതത്തെ കഥയാക്കില്ല എന്നു് നിശ്ചയിച്ചിരുന്നു.’
ജോണ്‍ എന്നെ നോക്കി പറഞ്ഞു: ‘എന്റെ ചങ്ങാതീ, എനിക്കും നിനക്കും പറഞ്ഞിട്ടില്ലാത്ത പ്രവൃത്തിയാണതു്.’
എന്നാല്‍, കഥ ജീവിതംതന്നെ എന്നു് ആ രാത്രിയില്‍ത്തന്നെ ഞാൻ വിശ്വസിച്ചു. തങ്കം പതുക്കെ എഴുന്നേറ്റു് മുറ്റത്തെ കിണറ്റിന്‍കരയിലേക്കു് നടന്നു. കിണറ്റില്‍നിന്നും വെള്ളം കോരി വസ്ത്രങ്ങളോടെതന്നെ നിന്നു് ശിരസ്സിലൂടെ ഒഴിച്ചു, ഒരുപക്ഷേ, അങ്ങനെ മൂന്നു തവണ. ഞാൻ കിണറ്റിന്‍കരയിലേക്കു് ഓടിച്ചെന്നു. അവളെ എന്നോടു ചേർത്തുപിടിച്ചു. അവൾക്കു് അത്രയും ചുട്ടുപൊള്ളുന്നുണ്ടാകുമോ എന്നു് ഭയന്നു. ആ നിമിഷംതന്നെ തണുത്ത ഒരു ലോഹവിഗ്രഹത്തിലാണു് ഞാൻ തൊട്ടതു് എന്നു് എനിക്കു തോന്നി… ജോണ്‍ ഈ സമയം അവളുടെ തല തുടയ്ക്കാനായി ഒരു തോർത്തുമുണ്ടു് എനിക്കെറിഞ്ഞു തന്നു. ഞങ്ങളുടെ മകള്‍, ഷീല ഇതെല്ലാം കണ്ടു് വീട്ടുമുറ്റത്തു് നില്പുണ്ടായിരുന്നു. കഥയില്‍ മറന്നുപോയ ആളെപ്പോലെ… അവളാകട്ടെ ഞങ്ങളുടെ കഥയില്‍ ചുറ്റി നടക്കുന്നപോലെയും. അല്ലെങ്കില്‍ ഇങ്ങനെ സ്തംഭിച്ചുനിന്നവൾ.
‘ജോണ്‍ അങ്കിൾ’, ഷീല ജോണിനോടു് ചോദിച്ചു;
‘അമ്മക്കു് എന്താ?’
ജോണ്‍ അവളുടെ അരികില്‍ കൈകള്‍ പിടിച്ചു് കുനിഞ്ഞിരുന്നു.
‘അങ്കിള്‍ ഒരു കഥ പറയുകയാണു്, അമ്മ അതില്‍ അഭിനയിക്കുകയും ചെയ്യുന്നു.
ഷീല ചിരിച്ചു.
‘എന്തു കഥ?’
ജോണ്‍ കഥ മാറ്റിപ്പറഞ്ഞു;
‘കിണറ്റില്‍ ഒരു സിംഹം വേറൊരു സിംഹത്തിനെ കണ്ടതു്.’
പഴയ കഥ. കാടും മൃഗങ്ങളും മൃഗരാജാവുമുള്ള കഥ ജോണ്‍ നീട്ടിയും കുറുക്കിയും ഒച്ചയുണ്ടാക്കിയും പറയുമ്പോള്‍ ഞാൻ തങ്കവുമായി കിടപ്പുമുറിയില്‍ ഇരുന്നു. ഒരു സമയം ഞാൻ അവളെ നെറുകില്‍ ഉമ്മവെച്ചു…
ഉമ്മറത്തു് ജോണ്‍ സിംഹമോ കുറുക്കനോ ആയി. അല്ലെങ്കില്‍ ഒരു കാട്ടുമൈന. കുറെ കഴിഞ്ഞു് രാത്രിയിലെപ്പോഴോ ഞാൻ ഉമ്മറത്തേക്കു് ചെന്നു. വരാന്തയില്‍ത്തന്നെ ജോണ്‍ കിടന്നിരുന്നു. അവന്റെ നെഞ്ചില്‍ കഥകളില്‍ത്തന്നെ എന്നപോലെ മകളും… ഞാൻ ഷീലയെ അവന്റെ നെഞ്ചിൽനിന്നുമെടുത്തു് കിടപ്പുമുറിയിലേക്കു ചെന്നു. തങ്കം ചുവരിലേക്കു് നോക്കി ചരിഞ്ഞു കിടക്കുകയായിരുന്നു. അവള്‍, തിരിഞ്ഞു്, ഞങ്ങളെ നോക്കി പുഞ്ചിരിച്ചു… ആ സമയം മുതല്‍ ശാന്തമാകാൻ തുടങ്ങിയ എന്റെ മനസ്സിനെ ഞാൻ മറച്ചുപിടിച്ചു. ‘മോള്‍ ഉറങ്ങിയിരുന്നു.’ ഞാൻ ഷീലയെ തങ്കത്തിന്റെ അരികില്‍ കിടത്തി, കട്ടിലില്‍ ഇരുന്നു. തങ്കം ചോദിച്ചു; ‘ജോണ്‍ പോയോ?’ ‘ഇല്ല,’ ഞാൻ പറഞ്ഞു; ‘നല്ല ഉറക്കമാണു്.’ തങ്കം കട്ടിലില്‍ നിന്നെഴുന്നേറ്റു; ‘ജോണിനോടു് പോകാൻ പറയണം, ഇനി ഇവിടെ വരരുതെന്നും…
ഞാൻ തങ്കത്തെ നോക്കി. അവളുടെ കണ്ണുകളില്‍ അലിവിന്റെയോ മടുപ്പിന്റെയോ നനവു പടര്‍ന്നിരുന്നു. ഞാൻ അവളോടു് ‘കണ്ണുകളടച്ചു് ഉറങ്ങിക്കോളൂ’ എന്നു പറഞ്ഞു. എന്നാല്‍, ‘ഈ രാത്രിതന്നെ ജോണിനെ പറഞ്ഞയയ്ക്കണം’ എന്നു് അവള്‍ ശഠിച്ചു. അവൻ ഒരു മന്ത്രവാദി മാത്രമാണെന്നും സിനിമക്കാരനല്ലെന്നും പറഞ്ഞു.
‘രാമു പറയുന്നില്ലെങ്കില്‍ ഞാൻ പോയി പറയാം.’
തങ്കം കട്ടിലില്‍ നിന്നെഴുന്നേറ്റ് മുറിയുടെ പുറത്തേക്കിറങ്ങി. ഞാൻ തടഞ്ഞില്ല. അവൾക്കു പിറകെ ഉമ്മറത്തേക്കു് ചെന്നു. എനിക്കറിയാമായിരുന്നു, ജോണ്‍ ഇതിനകം അപ്രത്യക്ഷനായിരിക്കുമെന്നു്. രണ്ടാമതൊന്നുകൂടി എനിക്കറിയാമായിരുന്നു, ഇപ്പോള്‍ ജോണ്‍ തെരുവിലെ ഏതെങ്കിലും കടത്തിണ്ണയിലായിരിക്കുമെന്നും. ഉറങ്ങാതിരിക്കുന്ന ഒരു യാചകിയോടു് തന്റെ സിനിമാക്കഥ പറയുകയായിരിക്കുമെന്നും.
ഞാൻ സങ്കല്പിച്ചതെല്ലാം ശരി; ജോണ്‍ അപ്രത്യക്ഷനായിരുന്നു. തെരുവിലെത്തിയിരുന്നു. ഉറങ്ങാതിരുന്ന യാചകിയോടു് സിനിമാക്കഥ പറയുകയായിരുന്നു… ഇതൊന്നും അവൻ എന്നോടു് പറഞ്ഞതല്ല. ഞങ്ങളുടെ ഒരു സുഹൃത്തിനോടു് പറഞ്ഞതാണു്. ജോണ്‍ പറഞ്ഞു; ‘ആ രാത്രി രാമു എന്റെ നെഞ്ചില്‍ നിന്നും ഷീലയെ എടുത്തുകൊണ്ടുപോയി. തങ്കം എന്റെ കഥ വെറുത്തു. ഞാൻ തെരുവിലേക്കു് ഓടി. അവിടെ കടത്തിണ്ണയില്‍ ഒരു യാചകിയോടൊപ്പം ഇരുന്നു. അവൾക്കു് നക്ഷത്രങ്ങൾ വിരിഞ്ഞ ആകാശം വർണ്ണിച്ചുകൊടുത്തു. അവള്‍ മുത്തുകള്‍ പൊഴിക്കുന്നതുപോലെ ചിരിച്ചു…’
പിന്നെ ജോണ്‍ പൊട്ടിക്കരഞ്ഞുവത്രേ, ഒരു കുട്ടിയെപ്പോലെ.
‘അന്ധയായിരുന്ന ആ യാചകി എന്നോടു് അവളുടെ മടിയില്‍ കിടക്കാൻ പറഞ്ഞു, ഉറങ്ങാനും. ഇനി മുതല്‍ ആകാശത്തേക്കു് നോക്കില്ല എന്നു് അവള്‍ എന്നെക്കൊണ്ടു് ശപഥം ചെയ്യിച്ചു…’
ജോണ്‍ വിലപിച്ചു; ‘ഇനി ഞാൻ എങ്ങനെ ആകാശം നോക്കും? നക്ഷത്രങ്ങൾ കാണും?…’
സുഹൃത്തു് ഇതെല്ലാം ഞങ്ങളോടു പറയുമ്പോള്‍ ഞാൻ തങ്കത്തിനെ നോക്കുകയായിരുന്നു. അവള്‍, പകരം, കഥ കേൾക്കുന്നപോലെയും. ഷീല ജോണ്‍ അങ്കിളിനെ വിളിക്കണമെന്നു് ശാഠ്യം പിടിച്ചു. തീര്‍ച്ചയായും’ എന്നു് ഞാനവൾക്കു് വാക്കുകൊടുത്തു. സുഹൃത്തു് പറഞ്ഞു;
‘ആ രാത്രിതന്നെ ജോണ്‍ അവന്റെ പതിമൂന്നാമത്തെ സിനിമാക്കഥ കത്തിച്ചു കളഞ്ഞു. യാചകിയെ ഉമ്മവെച്ചു് യാത്ര പറഞ്ഞു. ആദ്യം വന്ന ബസ്സില്‍ കയറിപ്പോയി…’
തങ്കത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. കുറച്ചുനേരം അങ്ങനെ ഇരുന്നു് അവള്‍ കിണറ്റിന്‍കരയിലേക്കു് പതുക്കെ നടന്നു… ആ രാത്രിയിലും അവള്‍, വസ്ത്രങ്ങളോടെ, തലയില്‍ വെള്ളം കോരി ഒഴിക്കുവാൻ പോകുകയാണെന്നു് എനിക്കറിയാമായിരുന്നു…
ഇപ്പോള്‍ ആകാശത്തേക്കു നോക്കാൻ ഞാനാണു് ഭയപ്പെട്ടതു്.