images/Fish_Magic.jpg
Fish Magic, a painting by Paul Klee (1879–1940).
ജന്മദിനം
കരുണാകരൻ

എനിക്കു് ഇരുപത്തിയൊന്നു വയസ്സു് തികയുന്ന ദിവസം, അക്കാലത്തെ എന്റെ ദരിദ്രവും ദുഃഖഭരിതവുമായ ജീവിതത്തെ ഏതെങ്കിലും വിധത്തിൽ സന്തോഷിപ്പിക്കാൻ ഞനൊരു വഴി ആലോചിക്കുകയായിരുന്നു, യൗവ്വനങ്ങളിൽ ചിലപ്പോഴെങ്കിലും തളിർക്കുന്ന മോഹങ്ങൾ പോലെ.

അങ്ങനെയാണു്, ആ ദിവസം, രാവിലെ, പത്തുമണിയോടെ, അക്കാലത്തെ ബോംബെയിലെ പ്രസിദ്ധമായ കാമാട്ടിപുരയിൽ ഞാൻ എത്തിയതു്. ഒരിക്കൽ ഞാനവിടെ കണ്ടിരുന്ന എന്റെതന്നെ പ്രായമുള്ള വേശ്യകൾക്കുവേണ്ടി എന്റെ വക ഒരു ജാലവിദ്യാ പ്രകടനം, അതായിരുന്നു ഞാൻ കണ്ടുപിടിച്ച ആ ദിവസത്തെ സന്തോഷം. അല്ലെങ്കിൽ, ഇപ്പോൾ പറഞ്ഞതുപോലെ, ആ ദിവസങ്ങളിൽ ഞാൻ ഏറ്റവും ദരിദ്രനായി കഴിയുകയായിരുന്നു. ആ നഗരത്തിൽ പാർക്കാൻ ശരിക്കു് വീടോ മുറിയോ എനിക്കു് ഉണ്ടായിരുന്നില്ല. പലപ്പോഴും ചില പരിചയക്കാരുടെ ഔദാര്യത്തിൽ അവരുടെ വീടുകളിലൊ മറ്റുചിലപ്പോൾ കിഴക്കൻ ജോഗേശ്വരിയിലെ പ്രസിദ്ധമായ ഗുഹാക്ഷേത്രത്തിലെ, വലിയ തൂണുകളുടെ ഏതെങ്കിലും ഒന്നിന്റെ നിഴലിലോ ആയിരുന്നു, ഞാൻ അന്തി ഉറങ്ങിയിരുന്നതു്. ഒരു ജോലി തേടിയാണു് ബോംബയിൽ ഞാൻ എത്തിയതെങ്കിലും സ്ഥിരമായ ജോലിയൊന്നും എനിക്കു് ആയിരുന്നില്ല. ചർണിറോഡിലെ കെട്ടിടനിർമ്മാണത്തിനുള്ള സാധനങ്ങൾ വില്ക്കുന്ന ഒരു ഗുജറാത്തിയുടെ കടയിൽ ഡെലിവറി ബോയ് ആയി പാർട്ട്ടൈം ജോലി ചെയ്തിരുന്നുവെങ്കിലും. അതാകട്ടെ, അതേ തെരുവിലോ അല്ലെങ്കിൽ അതിനടുത്ത തെരുവുകളിലെ കടകളിൽ എത്തിക്കേണ്ടുന്ന പെയിന്റ് ആവും. രണ്ടോ മൂന്നോ കിലോ ഭാരമുള്ള പെയിന്റിങ് കാനുകൾ കടകളിൽ എത്തിയ്ക്കുക. അതായിരുന്നു മുഖ്യമായും എന്റെ ജോലി. അങ്ങനെയുള്ള യാത്രയിലാണു്, ചിലപ്പോൾ, ചെറിയ ചെറിയ ആൾക്കൂട്ടങ്ങൾക്കുമുമ്പിൽ ഞാൻ എന്റെ വിദ്യകൾ കാണിച്ചിരുന്നതു്.

images/karun-janmadinam-01.png

ചീട്ടുകൾകൊണ്ടുള്ള ചില കളികളായിരുന്നു പ്രധാനമായും ഞാൻ അവതരിപ്പിച്ചിരുന്നതു്. മാണ്ഡവി പോസ്റ്റ് ഓഫീസ്, സക്കറിയാ മസ്ജിദ് തുടങ്ങിയ ഇടങ്ങളിലെ ചെറിയ ചെറിയ ആൾക്കൂട്ടത്തിനു മുമ്പിൽ, അക്കാലത്തു്, അങ്ങനെ ചില ഇന്ദ്രജാലങ്ങൾ ഞാൻ അവതരിപ്പിച്ചിരുന്നു. അധികം ശിഷ്യരോ അധികം പ്രസിദ്ധിയോ ഇല്ലാതെ ഞങ്ങളുടെ നാട്ടിൽത്തന്നെ ജീവിച്ചിരുന്ന വൃദ്ധനായ ഒരു ജാലവിദ്യക്കാരന്റെ കൈയ്യിൽ നിന്നാണു് അങ്ങനെ ചില വിദ്യകൾ ഞാൻ പഠിച്ചതു്. അല്ലെങ്കിൽ മറ്റൊരു വിദ്യയും എനിക്കു് അറിയില്ലായിരുന്നു. ഇതിനെക്കാൾ ഗംഭീരമായ ഒരു വിദ്യയെങ്കിലും എന്നെ പഠിപ്പിക്കണം എന്നു് ഒരിക്കൽ ഞാൻ എന്റെ ഗുരുവിനോടു് അപേക്ഷിച്ചതുമാണു്. പക്ഷേ, അതല്ല ഉണ്ടായതു്.

“എന്താണു് നിന്നെ ഞാൻ പഠിപ്പിക്കേണ്ടതു്?”

അന്നു്, എന്റെ ഗുരു എന്നോടു ചോദിച്ചു.

ധനുമാസമായിരുന്നു, കുളിരുള്ള ആ വൈകുന്നേരം, തന്റെ വീടിനോടു ചേർന്നു് ഒഴുകുന്ന പുഴയിൽ കുളിക്കാൻ വന്നതായിരുന്നു ഗുരു, ഞാൻ ഗുരുവിനു തുണയായി കടവിലേക്കുള്ള കൽപ്പടവുകളിലൊന്നിൽ ഇരിക്കുന്നു.

അങ്ങനെ പുഴയിൽ കുളിച്ചുകൊണ്ടിരിക്കുമ്പോഴാണു് ചില വിദ്യകളെപ്പറ്റിയൊക്കെ ഗുരു എനിക്കു് പറഞ്ഞു തരിക. കളിയിൽ വേണ്ടുന്ന ശ്രദ്ധയെ പറ്റിയും. മാത്രമല്ല, ആ സമയത്താണു് ഗുരുവിനോടു് എനിക്കും എന്തെങ്കിലും ചോദിക്കാൻ തോന്നുക.

“പഠിച്ചതു് എല്ലാം വീണ്ടും വീണ്ടും പരിശീലിയ്ക്കുക, ഒന്നും മറക്കുകയും അരുതു്”, ഗുരു പറഞ്ഞു. “ആട്ടെ, എന്താണു് നിനക്കു് പഠിക്കേണ്ടതു്?”

“കണ്ണുകൾ കെട്ടി മോട്ടോർ സൈക്കിൾ ഓടിയ്ക്കുന്നതു് പഠിക്കണം” ഞാൻ, ഒച്ച താഴ്ത്തി, ചോദിക്കാനുള്ള മടിയോടെ പറഞ്ഞു.

ആ രാത്രിയിൽത്തന്നെ ഞങ്ങളുടെ അയൽപ്പക്കത്തെ ചെറിയ പട്ടണത്തിൽ അങ്ങനെ കണ്ണുകൾ കെട്ടി മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുന്നതു് ഞാൻ സങ്കല്പിക്കുകകൂടി ചെയ്തു.

“ഓ! അതാണോ പഠിക്കേണ്ടതു്!” ഗുരു ഒരു നിമിഷം എന്നെത്തന്നെ നോക്കി നിന്നു. പിന്നെ പറഞ്ഞു: “പക്ഷേ, എനിക്കു് തോന്നുന്നു ജാലവിദ്യയല്ല നിന്റെ അന്നമെന്നു്, നീ വേറെ ഒരു തൊഴിലിലാണു് അറിയപ്പെടുക!”

അതുപറഞ്ഞു് ഗുരു, പുഴയിൽ നിന്നു് തന്റെ കൈക്കുമ്പിളിൽ നിറയെ വെള്ളമെടുത്തു. “ഞാൻ നിന്നെ പഠിപ്പിച്ചതു് നിനക്കു് സന്തോഷിക്കാനുള്ള ചില വിദ്യകളാണു്”, പിന്നെ കൈക്കുമ്പിളിലെ വെള്ളം, പതുക്കെ പുഴയിലേയ്ക്കു് തന്നെ ഒഴിച്ചു.

ആ രാത്രി ഞാൻ പിന്നെ മറന്നതേ ഇല്ല.

സങ്കടങ്ങൾ ചെറുചുഴലികൾ പോലെ എന്നെ ചുറ്റി നിൽക്കുമ്പോൾ ഞാൻ എന്റെ ഗുരുവിനെ ഓർത്തു. ഈ സന്ദർഭം ഓർത്തു. ആ സമയം, ഏതെങ്കിലും ഒരു വിദ്യ ഞാൻ എന്റെ മനസ്സിൽത്തന്നെ ആടി. എന്റെ കളി കണ്ടു്, ആ സമയം, കൈ കൊട്ടി തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റുനില്ക്കുന്ന ഒരാളെയെങ്കിലും കണ്ടു. ചിലപ്പോൾ എന്റെ ഗുരുവിനെത്തന്നെ. എന്തിനു്, ദാരുണമായ ഒരു പ്രണയനഷ്ടത്തെ അതിജീവിച്ചതുപോലും ഞാൻ അങ്ങനെയൊരു ഭാവനയിലായിരുന്നു!

കൈത്തണ്ട മുറിച്ചു മരിക്കാനുള്ള നിശ്ചയവുമായി ഞാൻ അന്നു് ഒരു കുന്നിൻമുകളിൽ എത്തിയതാണു്. ഞങ്ങളുടെ ഗ്രാമത്തിലെ തൊട്ടുകൂടാത്തവർ മരിക്കുമ്പോൾ അവരെ കുഴിച്ചിട്ടിരുന്ന ചുടല ആ കുന്നിന്റെ തെക്കേ ചെരിവിലായിരുന്നു. കൈയ്യിലെ ചോര വാർന്നു് ഒടുവിൽ ഞാൻ മരിച്ചു വീഴേണ്ടതു് ആ ചുടലയിലേക്കാണു്. എന്നാൽ, അവസാന നിമിഷത്തിൽ, അങ്ങനെ മരിക്കുന്നതിനു പകരം, എന്റെ സങ്കടത്തെ ഞാൻ ഒരു പ്രാവാക്കി മാറ്റി, പ്രാവിനെ, എന്റെ ചുമലിൽ ഇരുത്തി.

അതിനും മുമ്പു്, കീശയിലെ തൂവാല എടുത്തു് ഞാൻ വായുവിൽ പലതവണ വീശിക്കാണിച്ചു. “ഇനി നോക്കുക” എന്റെ ചുറ്റുമുള്ള വിജനതയെ നോക്കി ഞാൻ ആവശ്യപ്പെട്ടു. “എല്ലാവരും കണ്ണുകൾ തുറന്നുവെയ്ക്കുക, ഇമ പോലും വെട്ടരുതു്, ഇമ വെട്ടിയാൽ ചിലപ്പോൾ ഈ ഇന്ദ്രജാലം നിങ്ങൾ കാണാതെ പോകും”. പിറകെ, എന്റെ അതേ വാക്കുകൾ, അടരുന്ന ഒച്ചയിൽ ഞാൻ വീണ്ടും കേട്ടു.

കുന്നിനു ചുറ്റുമുള്ള നിശ്ശബ്ദതയിൽ എന്റെ ജീവവായു കലരുകയായിരുന്നു. പ്രാവു് എന്റെ കൈവണ്ണയിൽ ഇരിക്കുകയായിരുന്നു. ചെറുതായി വിറച്ചുകൊണ്ടു്. ഞാൻ ആ എളിയ പക്ഷിയെ എന്റെ മുഖത്തിനൊപ്പം ഉയർത്തി. രണ്ടു് കണ്ണീർത്തുള്ളികൾപോലെ തിളങ്ങുന്ന അതിന്റെ കണ്ണുകളിൽ ലോകത്തെ ഏറ്റവും പരാജിതനായ ഒരുവനെപ്പോലെ നോക്കി. പിന്നെ, ഞാൻ പ്രാവിനെ ഉയരത്തിലേക്കു് പറത്തി വിട്ടു.

images/karun-janmadinam-03.png

വളരെ ദൂരേയ്ക്കു് പറന്നുപോകുന്ന പ്രാവിനെ നോക്കി പതുക്കെ കൈ കൊട്ടി.

എന്നാൽ, ഇപ്പോൾ, എന്റെ ജന്മദിനം ആഘോഷിക്കാനെത്തിയ കാമാട്ടിപുരയിലെ തെരുവിൽ, എന്റെ ഇന്ദ്രജാലം കാണാൻ കെട്ടിടങ്ങളുടെ ജനാലക്കലും വാതിൽക്കലും പടികളിലും പല പ്രായമുള്ള സ്ത്രീകൾ നില്ക്കുമ്പോൾ, എന്റെ വിദ്യകൾ ഓരോന്നും പരാജയപ്പെട്ടുകൊണ്ടിരുന്നു. വാസ്തവത്തിൽ, എന്റെ ആദ്യത്തെയും രണ്ടാമത്തെയും വിദ്യകൾ കയ്യടികളോടെയാണു് സ്വീകരിക്കപ്പെട്ടതു്. ഞാൻ കൈകളിൽ ഉയർത്തിയ ചീട്ടുകൾ അവർ നോക്കി നില്ക്കെ ഞാൻ കാണാതാക്കിയിരുന്നു. ഒരു ചീട്ടു് അവരുടെ നേർക്ക് തന്നെ എറിഞ്ഞിരുന്നു. വഴിയിൽ ആ ചീട്ടുതന്നെ കാണാതാക്കിയിരുന്നു. നിലത്തുനിന്നും അവർ കാണെ വാരി എടുത്ത ഒരു പിടി പൂഴിമണ്ണു് പഞ്ചസാരയാക്കി മാറ്റിയിരുന്നു. അതേ പൂഴിയുടെ ഒരു നുള്ളു് എടുത്തു് ഭസ്മമാക്കി അവിടെ എന്റെ കളി കണ്ടുകൊണ്ടു നിന്നിരുന്ന പശുവിന്റെ നെറ്റിയിൽ തൊടുവിച്ചിരുന്നു. അപ്പോഴാണു്, അവിടെ, കെട്ടിടത്തിനോടു ചേർന്നുള്ള ഏറ്റവും മുകളിലെ പടിയിൽ, ഒരു ഗുസ്തിക്കാരന്റെ മെയ്യഴകോടെ ഇരുന്നിരുന്ന ഒരാളെ ഞാൻ കണ്ടതു്.

അത്രയും നേരം അയാൾ എന്നെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു.

ഒരു നിമിഷം, എനിക്കു് അയാളെ പരിചയമുള്ളതുപോലെ തോന്നി. എവിടെയോ കണ്ടിട്ടുള്ളതുപോലെ. പരിചയമുണ്ടു് എന്നു് കാണിക്കാൻ ഞാൻ അയാളെ നോക്കി കൈ വീശി കാണിച്ചു. “സാർ എനിക്കു് താങ്കളെ അറിയാം” എന്നു് ആദ്യം മലയാളത്തിലും പിന്നെ ഹിന്ദിയിലും ഉറക്കെ പറഞ്ഞു.

പക്ഷേ, അയാൾ അതൊന്നും കേട്ടതായി ഭാവിച്ചില്ല. ഞാൻ വീണ്ടും എന്റെ കൈ ഉയർത്തി. ആ സമയം, അവിടെ ഇരുന്നുകൊണ്ടുതന്നെ, അയാൾ, ഹിന്ദിയിൽ, ഇങ്ങനെ, ഉറക്കെ വിളിച്ചു പറഞ്ഞു:

“ഇവനു് ആരെങ്കിലും ഒരാൾ ഒരു മോട്ടോർ സൈക്കിൾ കൊണ്ടുവന്നു കൊടുക്കട്ടെ! ആരെങ്കിലും ഒരാൾ ഇവന്റെ കണ്ണുകൾ കെട്ടട്ടെ! പിന്നെ നമ്മുടെ മുപ്പത്തിയൊമ്പതു് ഏക്കറുള്ള ഈ കാമാട്ടിപുര ഒരു പ്രാവശ്യം ഇവൻ മോട്ടോർസൈക്കിളിൽ ചുറ്റി വരട്ടെ!”

പെട്ടെന്നു് എന്റെ തല താഴ്‌ന്നു.

പരാജിതനും അപമാനിതനുമാവാൻ തിരഞ്ഞെടുത്ത ദിവസവും സ്ഥലവും കളിയും ഓർത്തു് ഞാൻ കൂടുതൽ പരാജയപ്പെട്ടു. എന്റെ കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി. ഒപ്പം, ഇതെല്ലാം ആവശ്യപ്പെട്ട ആൾ ഞാൻ നേരത്തെ സംശയിച്ചപോലെ എനിക്കു് പരിചയമുള്ള ആൾ തന്നെയാണോ എന്നും ശങ്കിച്ചു. ഞാൻ അയാളെ കാണാൻ വീണ്ടും തല ഉയർത്തി. പക്ഷേ, അയാളെ ഇപ്പോൾ അവിടെ കാണാൻ ഇല്ലായിരുന്നു!

പകരം, ഏറ്റവും പുതിയതെന്നു തോന്നിച്ച ഒരു സൈക്കിളുമായു്, അതേ സ്ഥലത്തു് ഒരു യുവതി നിന്നിരുന്നു.

എല്ലാം എനിക്കു് അവിശ്വസനീയമായി തോന്നി.

ഞാൻ അയാളെ ഒരു പ്രാവശ്യം കൂടി തിരഞ്ഞു. അതിനേക്കാൾ മോഹത്തോടെ ഞാൻ ആ യുവതിയെത്തന്നെ വീണ്ടും വീണ്ടും നോക്കി. അതോടെ, ഞാൻ അവളിൽ ആഗ്രഹമുള്ളവനായും തീർന്നു. അവളെ ശരിക്കും കാണാൻ ഞാൻ രണ്ടോ മൂന്നോ അടി മുമ്പോട്ടു് വെച്ചു. അവളുടെ മുഖത്തിന്റെ കാന്തി, ആ ദിവസത്തെ ഏറ്റവും പ്രകാശമുള്ള വെളിച്ചം പോലെയായിരുന്നു. അവളുടെ ഉയർന്ന നെറ്റിയും ചെറിയ കണ്ണുകളും ഇളം റോസ് നിറമുള്ള കവിൾത്തടങ്ങളും ചായം തേച്ച ചുണ്ടും ഒക്കെ, അങ്ങനെ ഏതാനും നിമിഷങ്ങൾ കൂടി ഞാൻ കണ്ടു നിന്നു. അതേ സമയം, മറ്റൊരു വേഗത്തിൽ ഞാൻ പരാജയപ്പെടാൻപോകുന്ന നിമിഷങ്ങളും എന്നെ പൂണ്ടുപിടിച്ചു. ഞാൻ പിറകോട്ടു് കാലുകൾ വെച്ചു. അവളോടും അവിടെയുള്ളവരോടും എനിക്കു് അങ്ങനെയൊരു ഇന്ദ്രജാലം അറിയില്ല എന്നു പറഞ്ഞു.

“എല്ലാവരും എന്നോടു് ക്ഷമിക്കണം, എനിക്കു് ഈ കളി അറിയില്ല!”

ഞാൻ അവളെ നോക്കി കൈ കൂപ്പി.

നോക്കു, ഇതെല്ലാം കഴിഞ്ഞു് ഇപ്പോൾ എത്രയോ കാലമായിരിക്കുന്നു! ഇരുപത്തിയൊന്നോ അതിൽ കൂടുതലോ അക്കമുള്ള ജന്മദിനങ്ങൾതന്നെ എന്നെ കടന്നുപോയിരിക്കുന്നു. ആ നഗരത്തിൽ ഞാൻ പാർത്ത ദിവസങ്ങൾതന്നെ ഇപ്പോൾ ഓർമ്മയിൽ മങ്ങാൻ തുടങ്ങിയിരിക്കുന്നു. എത്രയോ പ്രാവശ്യം ഞാൻ എഴുതിയ കഥകളിൽ ആ മഹാനഗരം, ഇതുപോലെ, വന്നു നിറയുമ്പോഴും. അപ്പോഴും, ഒരിക്കൽ ഞാൻ ആഘോഷിക്കാൻ ആഗ്രഹിച്ച എന്റെ ഇരുപത്തിയൊന്നാം ജന്മദിനം, പിന്നീടു്, പലപ്പോഴും, അല്ലെങ്കിൽ എന്റെ എല്ലാ ജന്മദിനത്തിലും എനിക്കു് ഓർമ്മ വന്നു. അന്നു്, സൈക്കിളുമായി പടികൾ ഇറങ്ങി എന്റെ അരികിലേക്കു് വന്ന ആ യുവതിയുടെ മുടിക്കെട്ടിൽ നിന്നും ഉയർന്ന പൂക്കളുടെ മണവും ഞാൻ പിന്നെ മറന്നതേ ഇല്ല!

അങ്ങനെ പടികൾ ഇറങ്ങി വന്നു് അവൾ സൈക്കിൾ എന്റെ കൈയ്യിൽ പിടിപ്പിച്ചു. എന്നോടു് എന്റെ ഷർട്ട് ഊരി കണ്ണുകൾ കെട്ടാൻ പറഞ്ഞു.

“എന്നിട്ടു് എന്റെ ഈ മോട്ടോർസൈക്കിളിൽ, ഇന്നെനിയ്ക്കു് എന്റെ പ്രിയപ്പെട്ട സുൽത്താൻ സമ്മാനിച്ച ഈ മനോഹരമായ വാഹനത്തിൽ, നീ ഞങ്ങളുടെ ഈ കാമാട്ടിപുര ഒരു പ്രാവശ്യം വട്ടമിടു്, എന്നിട്ടു് ഇവിടെത്തന്നെ തിരിച്ചു വാ” അവൾ എന്നോടു് ആവശ്യപ്പെട്ടു.

“എനിക്കു് ആ വിദ്യ അറിയില്ല” ഞാൻ അവളോടു് പറഞ്ഞു. വീണ്ടും ചുറ്റും നോക്കി. വീണ്ടും അയാളെ തിരഞ്ഞു.

എത്രയും വേഗം അവിടെനിന്നും മടങ്ങാൻ ഞാൻ ആഗ്രഹിച്ചു. എന്റെ നിർഭാഗ്യം എന്റെ മോഹത്തെക്കാൾ എത്രയോ കഠിനമായിരുന്നു. ഇപ്പോഴാകട്ടെ, അതേ നിർഭാഗ്യം എന്നെ മറ്റൊരു പരാജയത്തിനുമുമ്പിൽ ഒറ്റയ്ക്കു് നിർത്തി പോയിരിക്കുന്നു.

സൈക്കിൾ ഞാൻ അതിന്റെ സ്റ്റാൻഡിൽ നിർത്തി വെച്ചു. വീണ്ടും അവളെ നോക്കി കൈകൂപ്പി. “ദയവായി എന്നെ അപമാനിക്കരുതു്”, ഞാൻ വീണ്ടും അവളോടു് അപേക്ഷിച്ചു.

അവിടെ, ജനാലകൾക്കരികിലും വാതിൽപ്പടികളിലും നിന്നിരുന്ന സ്ത്രീകൾ എന്തോ ചിലതു് വിളിച്ചു പറയുന്നുണ്ടായിരുന്നു. ചിലർ ആണുങ്ങൾ കൂവുന്നപോലെ ഒച്ചയുണ്ടാക്കുന്നുണ്ടായിരുന്നു. യുവതിയാകട്ടെ, ഇപ്പോൾ എന്നെ ഞെട്ടിച്ചുകൊണ്ടു്, എന്റെ ഷർട്ടിന്റെ കോളറിൽ കൂട്ടിപ്പിടിച്ചു. എന്നെ മുമ്പോട്ടു നിർത്തി.

“നിനക്കു് എത്ര വയസ്സായി?” അവൾ എന്നോടു് സ്വകാര്യം എന്നപോലെ ചോദിച്ചു.

“ഇരുപത്തിയൊന്നു്” ഞാൻ പറഞ്ഞു. “ഇന്നു് എന്റെ ജന്മദിനമാണു്”

അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു.

അങ്ങനെ എന്റെ കോളറിൽ പിടിച്ചുകൊണ്ടുതന്നെ അവൾ മേൽപ്പോട്ടു് നോക്കി, “എല്ലാവരും ഇവനുവേണ്ടി ഒരു ഹാപ്പി ബർത്ത്ഡേ പറയ്!” എന്നു് വിളിച്ചു പറഞ്ഞു. “ഇന്നു് ഈ ഇരുപത്തിയൊന്നുകാരൻ ഇന്ദ്രജാലക്കാരന്റെ ഹാപ്പി ബർത്ത്ഡേ ആണു്!”.

പല ശബ്ദങ്ങൾ പല പ്രാവശ്യം എനിക്കു് സന്തോഷകരമായ ഒരു ജന്മദിനം നേർന്നു. ആരോ ഒരാൾ ഒരു പൂമാലയുടെ കഷണം എന്റെ നേരെ എറിഞ്ഞു.

യുവതി തിരിഞ്ഞു് എന്റെ കണ്ണുകളിൽ നോക്കി. എന്റെ ചുണ്ടുകളിൽ നോക്കി. മറ്റൊരു ഭാവത്തോടെ എന്റെ അരക്കെട്ടിലേക്കു് നോക്കി. പിന്നെ എന്നെ നോക്കി പുഞ്ചിരിച്ചു. എന്റെ കോളറിലെ പിടി വിട്ടു. പിന്നെ എന്റെ ഷർട്ടിന്റെ കീശയിൽ ഉണ്ടായിരുന്ന ചീട്ടുകൾ എടുത്തു. അതേ വേഗത്തിൽ ചീട്ടുകൾ ബ്ലൌസിനുള്ളിലൂടെ അവളുടെ മുലകൾക്കിടയിലേക്കു് തിരുകി വെച്ചു.

“ചീട്ടുകൾകൊണ്ടു് നിനക്കു് എന്തെല്ലാം കളികൾ അറിയാം?” യുവതി എന്നോടു് ചോദിച്ചു.

അവളെ കേൾക്കാൻ അല്ലെങ്കിൽ എന്നെ തോല്പിക്കാൻ വേറെയും രണ്ടോ മൂന്നോ യുവതികൾ അവിടേക്കു് വന്നു. എന്റെ പരാജയം കാണാൻ അവർ അവിടെ പടിയിൽ ഇരുന്നു.

“ചീട്ടുകൾ കാണാതാക്കും”, ഞാൻ പറഞ്ഞു. “ചിലപ്പോൾ ചീട്ടുകൾ പക്ഷികളാക്കി പറത്തും”. ഇപ്പോൾ എന്റെ തൊണ്ട വറ്റി.

“പക്ഷികൾ?” അവൾ ചോദിച്ചു.

“അതെ”, ഞാൻ പറഞ്ഞു.

അവൾ, ഒരു നിമിഷം, എന്തോ ആലോചിക്കുന്നതായി നടിച്ചു.

“എങ്കിൽ കണ്ണുകൾ കെട്ടി എന്റെ ഈ മോട്ടോർസൈക്കിൾ നീ ഓടിക്കേണ്ട. അതു് മാത്രം കാണിക്കു്. ചീട്ടുകളെ പക്ഷികളാക്കുന്ന വിദ്യ. എന്നിട്ടു് വേഗം സ്ഥലം വിടു്. നീ ഇപ്പോഴും ഒരു ബാലനാണു്”

“ശരി” ഞാൻ പറഞ്ഞു.

അവളോടു് എന്റെ ചീട്ടുകൾ തരാൻ ആവശ്യപ്പെട്ടു.

“വേറെ ചീട്ടുകൾ ഇല്ലേ നിന്റെ കൈയ്യിൽ?”, അവൾ ചോദിച്ചു.

“ഇല്ല” ഞാൻ പറഞ്ഞു.

അവൾ കൈകൾ രണ്ടും പിറകിലേക്കു് കെട്ടി എന്റെ അരികിലേക്കു് ചേർന്നു് നിന്നു. അവളുടെ മാറിടം എന്റെ നെഞ്ചിൽ തൊടുവിച്ചു.

“എങ്കിൽ ഇതാ, ഇവിടെ നിന്നു് നിന്റെ ചീട്ടുകൾ ഓരോന്നായി എടുത്തോ” അവൾ പറഞ്ഞു. മറ്റു സ്ത്രീകൾ പൊട്ടിച്ചിരിച്ചു.

ഞാൻ പിറകോട്ടു മാറി.

images/karun-janmadinam-02.png

ഞാൻ പഠിച്ച എല്ലാ വിദ്യകളും എന്നെ വിട്ടുപോവുകയായിരുന്നു. സന്തോഷിക്കാനുള്ള എന്റെ വഴികളും അടയുകയായിരുന്നു.

അപമാനഭാരത്തോടെ കളി മതിയാക്കി ഞാൻ അവിടെനിന്നും മടങ്ങി. അതിനും മുമ്പു്, ഞാൻ വിചാരിച്ചതുപോലെതന്നെ, അവൾ, ആ ഗുസ്തിക്കാരന്റെ കാമിനി, അവളുടെ സൈക്കിളുമായി പടവുകൾ കയറി അവളുടെ മുറിയിലേക്കു് പോകുന്നതു കണ്ടു.

പോകുമ്പോൾ, വഴിയിൽ, ചീട്ടുകൾ ഓരോന്നായി പിറകിലേക്ക് എറിയുന്നതും കണ്ടു.

അന്നു് രാത്രി ഞാൻ അന്തിയുറങ്ങിയതു് നേരത്തെ പറഞ്ഞ ആ ഗുഹാക്ഷേത്രത്തിലായിരുന്നു. അശരണനായ ഒരാളുടെ സമയമെടുത്തു് ക്ഷേത്രച്ചുമരിലെ ഓരോ ദേവതകളെയും അന്നു് ഞാൻ കുറേനേരം നോക്കി നിന്നു. പിന്നെ, അവിടത്തെ അനേകം തൂണുകളിൽ ഒന്നിന്റെ താഴെ ഇരുന്നു. തെരുവിൽനിന്നും അവിടെ ഉറങ്ങാൻ ആളുകൾ എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ. ഒരുപക്ഷേ, ഞാനാകും അന്നവിടെ ആദ്യം എത്തിയിരിക്കുക. എന്നാൽ, എന്നെ ഭയപ്പെടുത്തിക്കൊണ്ടു്, ആ പകൽ വേശ്യാലയത്തിൽവെച്ചു കണ്ട ആൾ, ആ ഗുസ്തിക്കാരൻ, എനിക്കും മുമ്പേ അവിടെ ഉണ്ടായിരുന്നു.

എന്നെ കണ്ടതും അയാൾ എന്റെ അരികിലേക്കു വന്നു. ഞാൻ നിന്നെ കാത്തു് ഇവിടെത്തന്നെ നിൽക്കുകയായിരുന്നു എന്നു് പറഞ്ഞു.

“എനിക്കറിയാം, ഈ രാത്രി നീ അന്തി ഉറങ്ങുക ഇവിടെത്തന്നെ ആയിരിക്കും എന്ന്”.

നഗരത്തിലെ മുന്തിയ പോക്കറ്റടിക്കാരനായിരുന്നു അയാൾ. വർഷങ്ങളായി തന്റെ തൊഴിലും അതാണെന്നു് പറഞ്ഞു. “തെളിവു് വേണോ” എന്നു ചോദിച്ചു് ആ പകൽ എനിക്കു് നഷ്ടപ്പെട്ട ചീട്ടു പെട്ടി എന്റെ മുമ്പിൽ വെച്ചു.

“നോക്കു്, നിന്റെ രണ്ടാമത്തെ കളി കഴിഞ്ഞതോടെ ഞാൻ ഇതു് നിന്റെ കീശയിൽ നിന്നും അടിച്ചു മാറ്റിയിരുന്നു. പാവം നീ അറിഞ്ഞതേ ഇല്ല”. അയാൾ പറഞ്ഞു.

ഞാൻ അയാളെ നോക്കുകമാത്രം ചെയ്തു. എന്റെ കീശയിൽ നിന്നും ചീട്ടുപെട്ടി എടുത്തതു് ആ യുവതിയായിരുന്നു. അവളതു് ബൌസിന്റെ ഉള്ളിലേക്കിട്ടതു ഞാൻ കണ്ടിരുന്നു. മടങ്ങിപോകുമ്പോൾ ചീട്ടുകൾ പിറകിലേക്കു് അവൾ എറിയുന്നതും കണ്ടിരുന്നു.

“നീ അവളെയല്ലേ ഇപ്പോൾ ഓർക്കുന്നതു്? അതു് മറന്നേയ്ക്കു്” അയാൾ ചിരിച്ചുകൊണ്ടു് പറഞ്ഞു. “അവളും നിന്നെപ്പോലെ ചില വിദ്യകളൊക്കെ കാണിക്കും. അതും മറന്നേയ്ക്കു്”

പിന്നെ അയാൾ എന്റെ മുമ്പിൽ കുറെ പേഴ്സുകൾ വെച്ചു് അതിലെതെങ്കിലും ഒന്നു് എന്നോടു് എടുത്തോളാൻ പറഞ്ഞു.

“നീ എടുക്കുന്ന പേഴ്സിൽ എത്ര രൂപയുണ്ടോ അതെല്ലാം നിനക്കാണു്” അയാൾ പറഞ്ഞു.

“ഇനി അഥവാ അതിൽ പൈസ ഒന്നുമില്ലെങ്കിലും ആ പേഴ്സ് നിനക്കുള്ളതാണു്”. “നിനക്കുള്ള എന്റെ ജന്മദിനസമ്മാനം”

അയാൾ എല്ലാ പേഴ്സുകളും തുറന്നു കാണിച്ചു തന്നു. അവയിൽ എല്ലാറ്റിലും രൂപകൾ നിവർത്തിയോ മടക്കിയോ വെച്ചിരുന്നു. പിന്നീടു്, പേഴ്സുകൾ എല്ലാം എടുത്തു് ഒരു പ്രാവശ്യം തറയിൽ വെച്ചുതന്നെ കശക്കി, പിന്നെ അവ എല്ലാം നിരത്തിവെച്ചു.

“ഇനി ഇതിൽ നിന്നും ഒന്നെടുക്ക്” അയാൾ എന്നോടു് ആവശ്യപ്പെട്ടു.

അധികം ആലോചിക്കാതെ ഞാൻ അതിൽനിന്നും തവിട്ടുനിറമുള്ള ഒരു പേഴ്സ് തിരഞ്ഞെടുത്തു. അതൊരു ധനികന്റെ പേഴ്സ് ഒന്നും ആയിരിക്കില്ല എന്നു് എനിക്കു് ഉറപ്പായിരുന്നു. പക്ഷേ, ആ ദിവസങ്ങളുടെ ഓർമ്മയിൽ, അതൊരു കളവു മുതലായിരുന്നിട്ടും, അതിലെ ഏതു സംഖ്യയും ആ ഒരു ദിവസത്തേക്കു് എന്നെ ധനികനാക്കുമായിരുന്നു. പക്ഷേ, നോക്കു, വീണ്ടും എന്റെ നിർഭാഗ്യം, ഒരു പൂതം പോലെ, എന്നെ തേടി എത്തി.

ഞാൻ തിരഞ്ഞെടുത്ത പേഴ്സിൽ രൂപയൊന്നും ഉണ്ടായിരുന്നില്ല.

അയാൾ എന്നെ നോക്കി ചിരിച്ചു.

“സാരമില്ല”, അയാൾ പറഞ്ഞു “ഇനി മറ്റൊന്നു് എടുത്തു നോക്കു്”

ഞാൻ മറ്റൊരു പേഴ്സ് എടുത്തു. കറുത്ത ഒന്നു്. ആ പേഴ്സും കാലിയായിരുന്നു. അങ്ങനെ എല്ലാ പേഴ്സുകളും അയാൾ ആവശ്യപ്പെട്ട പ്രകാരം ഞാൻ തുറക്കുകയും ഓരോന്നിലും ഒരു രൂപ പോലും ഇല്ലെന്നു കണ്ടു് തിരികെ വെയ്ക്കുകയും ചെയ്തു. ഇപ്പോഴും അയാൾ എന്നെ നോക്കി ചിരിച്ചു. പിന്നെ, എന്റെ നിർഭാഗ്യത്തെപ്പറ്റി എന്തോ പറഞ്ഞു് പേഴ്സുകൾ എല്ലാം വാരിക്കൂട്ടി അയാൾ പോകാനായി എഴുന്നേറ്റു. ഞാനും അയാൾക്ക് ഒപ്പം എഴുന്നേറ്റു.

“ചില സമയങ്ങൾ അങ്ങനെയാണു്, നമ്മുടെ ആവില്ല, നമ്മൾ എത്ര വിചാരിച്ചാലും”. അയാൾ പറഞ്ഞു. പിറകെ, കയ്യിലെ പേഴ്സുകൾ ഓരോന്നായി ഇരുട്ടിലേക്കു് വലിച്ചെറിഞ്ഞു.

കുറച്ചു നേരം ഞങ്ങൾ രണ്ടുപേരും നിശബ്ദരായി. ഇപ്പോൾ അയാൾ എന്നെ നോക്കി തിരിഞ്ഞു നിന്നു. എന്റെ നേരെ കൈ നീട്ടി.

“ഈ ഭൂമിയുടെയും ഭൂമിയിലെ സകല തെണ്ടികളുടെയും ഭൂമിയിലെ സകല വേശ്യകളുടെയും ഉടയോൻ ആ വലിയ തമ്പുരാൻ നിന്നെ കാത്തു രക്ഷിക്കട്ടെ!” അങ്ങനെ പറഞ്ഞു് അയാൾ എന്നെ ചേർത്തുപിടിച്ചു. എന്റെ നെറുകിൽ ഉമ്മവെച്ചു. ധൃതിയിൽ, ഇരുട്ടിലേക്കു് നടന്നു, പിറകെ അപ്രത്യക്ഷനുമായി.

കുറച്ചുനേരം കൂടി ഞാൻ അയാളെ നോക്കി നിന്നു. അവിടെത്തന്നെ, തൂണിൽ ചാരി ഇരുന്നു. എന്റെ അന്നത്തെ ദിവസം ഒന്നുകൂടി ഞാൻ ഓർത്തു. പിന്നെ, കീശയിൽ വെച്ചിരുന്ന ചീട്ടുപെട്ടി എടുത്തു തുറന്നു. ചീട്ടുകൾ ഓരോന്നായി എടുത്തു. ഓരോന്നും തെരുവിലെ വെളിച്ചത്തിലേക്കു് കാണിച്ചു് തറയിൽ വെച്ചു. എന്നാൽ, അങ്ങനെ രണ്ടോ മൂന്നോ ചീട്ടുകൾ കഴിയുമ്പോൾ, ചീട്ടുകൾക്കു് ഇടയിൽ നിവർത്തിയും മടക്കിയും വെച്ച രൂപകളും ഞാൻ കണ്ടു. ഞാൻ ചീട്ടുപെട്ടി മുഴുവനായി നിലത്തെയ്ക്കു് കുടഞ്ഞു. പല സംഖ്യകളിലുള്ള വേറെയും രൂപകൾ കണ്ടു. എന്റെ കണ്ണുകൾ നിറഞ്ഞു.

images/karun-janmadinam-04.png

അയാൾ പോയ ദിക്കിലേക്കു നോക്കി ഞാൻ എഴുന്നേറ്റു നിന്നു.

ആകാശത്തു് നക്ഷത്രങ്ങൾ നിറഞ്ഞിരുന്നു.

ഞാൻ ഇപ്പോൾ ആകാശത്തെയ്ക്കു മാത്രം നോക്കി. അവിടെ നക്ഷത്രങ്ങളുടെ നിരകളിൽ ഒരു വലിയ മത്സ്യത്തിന്റെ ആകൃതിപോലെ ഒന്നു് ഞാൻ കണ്ടുപിടിച്ചു.

സ്വർണ്ണമത്സ്യം പോലെ ഒന്നു്.

കരുണാകരൻ
images/karunakaran.jpg

കഥാകൃത്തു്, നോവലിസ്റ്റ്, കവി, നാടകകൃത്തു്. പാലക്കാടു് ജില്ലയിലെ പട്ടാമ്പി സ്വദേശി. പ്രസിദ്ധീകരിച്ച കൃതികൾ മകരത്തിൽ പറഞ്ഞതു് (കഥകൾ – പാഠഭേദം), കൊച്ചിയിലെ നല്ല സ്ത്രീ (കഥകൾ – സൈൻ ബുക്സ്), പായക്കപ്പൽ, (കഥകൾ – ഡി. സി. ബുക്സ്) ഏകാന്തതയെ കുറിച്ചു പറഞ്ഞു കേട്ടിട്ടല്ലേ ഉള്ളു (കഥകൾ – ഡി. സി. ബുക്സ്) അതികുപിതനായ കുറ്റാന്വേഷകനും മറ്റു് കഥകളും (കഥകൾ – ഡി. സി. ബുക്സ്), പരസ്യജീവിതം (നോവൽ – ഡി. സി. ബുക്സ്), ബൈസിക്കിൾ തീഫ് (നോവൽ – മാതൃഭൂമി ബുക്സ്), യുദ്ധകാലത്തെ നുണകളും മരക്കൊമ്പിലെ കാക്കയും (നോവൽ – ഡി. സി. ബുക്സ്), യുവാവായിരുന്ന ഒൻപതു വർഷം (നോവൽ – ഡി. സി. ബുക്സ്), യക്ഷിയും സൈക്കിൾ യാത്രക്കാരനും (കവിതകൾ – ഗ്രീൻ ബുക്സ്) ഉടൽ എന്ന മോഹം (ലേഖനങ്ങൾ – ലോഗോ ബുക്സ്). “യുവാവായിരുന്ന ഒൻപതു വർഷം” എന്ന നോവലിനു് ഹൈദരാബാദിലെ നവീന കലാസാംസ്കാരിക കേന്ദ്രത്തിന്റെ “ഒ. വി. വിജയൻ പുരസ്കാരം” ലഭിച്ചു. കുവൈറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.

ചിത്രീകരണം: വി. പി. സുനിൽകുമാർ

Colophon

Title: Janmadinam (ml: ജന്മദിനം).

Author(s): Karunakaran.

First publication details: Sayahna Foundation; Trivandrum, Kerala; 2020-11-18.

Deafult language: ml, Malayalam.

Keywords: Short Story, Karunakaran, Janmadinam, കരുണാകരൻ, ജന്മദിനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 21, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Fish Magic, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.