ഗമാഷ് അപ്പൂപ്പന്റെ മരണ ശേഷം ഗില്മയുടെ അവസ്ഥ എന്താകുമെന്നു് ആരും ചിന്തിച്ചില്ല. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയവർ പല വഴിക്കു് പിരിഞ്ഞുപോയി. ചിലർ ആ വയസ്സായ മനുഷ്യന്റെ ഭ്രാന്തിനെക്കുറിച്ചു സംസാരിച്ചു, മറ്റു ചിലർ സന്ധ്യയാകും മുൻപു് അയാളെ പൂർണ്ണമായും മറന്നു, മരിച്ചവന്റെ കണക്കില്ലാത്ത സ്വത്തുക്കളെ കുറിച്ചു് വേവലാതിപ്പെട്ടവരും കുറവല്ല; 30 വർഷത്തോളം അയാൾ ജീവിച്ച 100 ഏക്കർ കൃഷിത്തോട്ടം, എഴുപതാം വയസ്സിൽ അവിടെ കിടന്നുതന്നെ മരണവും.
ഗില്മ ഒരു കൊച്ചു കുട്ടി ആയിരുന്നെങ്കിൽ ഒന്നിലധികം അമ്മ മനസുകൾ അവനു സാന്ത്വനവുമായി എത്തുമായിരുന്നു. ആരെങ്കിലുമൊക്കെ അവനെ സ്വന്തം വീട്ടിലേക്കു് കൂട്ടിക്കൊണ്ടു് പോകുന്നതിനെ പറ്റി ചിന്തിക്കുമായിരുന്നു; അവന്റെ ഭാവിക്കു് വേണ്ടി അല്ലെങ്കിലും തത്ക്കാലമൊരു ആശ്വാസമെന്നോണം അവർ അവനെ സഹായിക്കുമായിരുന്നു. എന്നാൽ ഗില്മ ഒരു കുട്ടി ആയിരുന്നില്ല. ആറടി ഉയരമുള്ള ബലിഷ്ഠനും ആരോഗ്യവാനുമായൊരു പത്തൊൻപതു് വയസ്സുകാരനാണവൻ. ഗമാഷ് എന്ന മുതലാളിക്കൊപ്പം ഈ തോട്ടത്തിൽ താമസമായിട്ടു് 10 വർഷമാകുന്നു; അവിടെ വന്നുകൂടിയവരിൽ ആ വയോധികന്റെ മരണത്തിൽ ഒരു തുള്ളി കണ്ണീർ പൊഴിക്കാൻ മനസ്സുണ്ടായതു് അവനു മാത്രമാണു്.
മരണദിനത്തിന്റെ പിറ്റേന്നു് കാഡോ പട്ടണത്തിൽ നിന്നു് ഒരു വണ്ടി നിറയെ ഗമാഷിന്റെ ബന്ധുക്കൾ എത്തിയിരുന്നു. അയാളുടെ അനന്തരവനായ സെപ്റ്റീം; മുടന്തനായ ഒരുവൻ, കണ്ടാൽ കഷ്ടം തോന്നുന്നൊരു വികലാംഗൻ. പിന്നെ, സെപ്റ്റീമിന്റെ വിധവയായ സഹോദരി മാഡം ബ്രോൻസ്, അവരുടെ 2 പെണ്മക്കൾ. ശവസംസ്കാര സമയത്തു് അവരെല്ലാം വീട്ടിൽ തന്നെയുണ്ടായിരുന്നു, ചടങ്ങുകൾക്കു് ശേഷവും അവർ അവിടെ തന്നെ ഉണ്ടെന്നു് ഗില്മ മനസ്സിലാക്കി. അല്പം വിശ്രമിക്കുവാനായി ഗില്മ തന്റെ മുറിയിലേക്കു് കയറി. ഗമാഷ് സുഖമില്ലാതെ കിടപ്പിലായിരുന്ന ദിനങ്ങൾ ഉറക്കമൊഴിഞ്ഞു് കൂടെയിരുന്നതിന്റെ ക്ഷീണമുണ്ടു് ഗില്മയ്ക്കു്; എന്നാൽ ശാരീരിക അസ്വാസ്ഥ്യങ്ങളെക്കാൾ ഉപരി ഗില്മയെ അലട്ടിയതു് ഇക്കഴിഞ്ഞ ആഴ്ച്ചയുടനീളം അനുഭവിച്ച മാനസിക സമ്മർദം ആയിരുന്നു. പക്ഷേ, ആ മുറിയിലേക്കു് പ്രവേശിച്ചപ്പോൾ അവനു് പതിവില്ലാത്തൊരു അപരിചിതത്വം തോന്നി, ഇതിനി അവന്റേതല്ലെന്ന ബോധം കടന്നുകൂടിയതു പോലെ. കൊളുത്തിൽ തൂക്കിയിട്ടിരുന്ന തന്റെ വസ്ത്രങ്ങൾക്കു് പകരം മുഷിഞ്ഞ കുട്ടിയുടുപ്പകളും പിഞ്ഞിപ്പറിഞ്ഞ വയ്ക്കോൽ തൊപ്പികളും കൊരുത്തിട്ടിരിക്കുന്നു, ബ്രോൻസിന്റെ കുട്ടികളുടേതാണവ. മേശവലിപ്പുകൾ ശൂന്യം, അവന്റേതെന്നു പറയാവുന്ന ഒരു ചെറു തുണ്ടുപോലുമില്ലാതെ ആ മുറി അപ്പാടെ മാറ്റപ്പെട്ടിരിക്കുന്നു. മാഡം ബ്രോൻസ് സാധനങ്ങൾ അടുക്കിവച്ചപ്പോൾ തനിക്കു് മറ്റേതെങ്കിലും മുറി ക്രമീകരിച്ചുണ്ടാകും എന്നാണു് അവനാദ്യം കരുതിയതു്.
പക്ഷേ, അവന്റേതെന്നു് പറയാവുന്നവയെല്ലാം വാതിലിനു പിന്നിലൊരു ബെഞ്ചിൽ കൂട്ടി വച്ചിരിക്കുന്നതു് കണ്ടപ്പോൾ ഗില്മയ്ക്കു് കാര്യം മനസ്സിലായി. അവന്റെ ഷൂസും ബൂട്ട്സും ബെഞ്ചിന്റെ അടിയിലുണ്ടു്, കോട്ടുകളും പാന്റും അടിവസ്ത്രങ്ങളും നിലത്തു് ഒരു കൂനയായി തൂത്തു കൂട്ടിയിരിക്കുന്നു.
അവന്റെ മുഖത്തു് രക്തം ഇരച്ചുകയറി, ഒരു നിമിഷത്തേക്കു് അവനൊരു അമേരിക്കൻ ആദിവാസിയെപ്പോലെ കാണപ്പെട്ടു. അവനൊരിക്കലും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. താൻ ഭാവിയെക്കുറിച്ചു് എന്തായിരുന്നു ചിന്തിച്ചിരുന്നതു്, അറിയില്ല; എന്നാൽ താൻ ഈ നിമിഷത്തിനായി സ്വയം തയ്യാറെടുക്കേണ്ടതായിരുന്നു എന്നവനു തോന്നി, അതെ ഇതു് സ്വന്തം തെറ്റു തന്നെ എന്നവൻ ഉറപ്പിച്ചു. എങ്കിലും ഗില്മക്കു് വല്ലാതെ വേദനിച്ചു. ലോകത്തിൽ എവിടെയെങ്കിലും വീടു് എന്നു് വിളിക്കാൻ ഒരിടം ഉണ്ടെങ്കിൽ അതു് ഇവിടെയായിരുന്നു. ഓരോ മരവും ഓരോ പുൽച്ചെടിയും അവന്റെ കൂട്ടുകാരായിരുന്നു; മതിലിലെ ഓരോ ചെറു പാടും അവനു പരിചിതമായിരുന്നു; വെയിലും കാറ്റുമേറ്റു് നരച്ച ആ പഴയ വീടു് അവന്റെ യൗവനത്തിന്റെ തണലായിരുന്നു; ജീവനില്ലാത്ത വസ്തുക്കളെ സ്നേഹിക്കാനാവുന്നതിന്റെ പരമാവതി ആത്മാർഥതയോടെ അവൻ സ്നേഹിച്ച വീടു്. അവനു മാഡം ബ്രോൻസിനോടു് വല്ലാത്ത ശത്രുത തോന്നി. അവർ വീടിനു ചുറ്റും നടക്കുകയായിരുന്നു, തല ഉയർത്തിപ്പിടിച്ചു് എല്ലാം ശ്രദ്ധിച്ചുകൊണ്ടുള്ള നടത്തം, അവരുടെ മുഷിഞ്ഞ വസ്ത്രം നിലത്തു് ഇഴയുന്നു. ചെറിയ പെൺകുട്ടികളെ അവർ ബലമായി കയ്യിൽ പിടിച്ചിട്ടുണ്ടു്. കുതിരപ്പുറത്തു് കയറി എവിടേക്കെങ്കിലും അപ്രത്യക്ഷമാവുക എന്നതല്ലാതെ ഗില്മയ്ക്കു് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. എല്ലാവിധ യോഗ്യതകളുമുള്ള പ്രസരിപ്പുള്ളൊരു കുതിരയാണതു്. ആഡ്യത്തമുള്ള പെരുമാറ്റത്തിനു ഗമാഷ് യജമാനൻ അതിനു നല്കിയ പേരായിരുന്നു ‘ജൂപീറ്റർ’, ഗില്മ അതിനെ ചുരുക്കി ‘ജൂപ്’ എന്നു് വിളിക്കും, അവനു അതിനോടുള്ള അടുപ്പം പ്രകടിതമാക്കുന്ന വിളിപ്പേരു്. യൗവനത്തിലെ ഒറ്റപ്പെടലിൽ അവനു ജൂപ് മാത്രമായിരുന്നു ഉറ്റസുഹൃത്തു്.
ചുരുക്കം ചില വസ്ത്രങ്ങൾ കുതിരച്ചേണത്തിനുള്ളിൽ തിരുകി വച്ചിട്ടു് ശേഷിക്കുന്ന തന്റെ സാധനങ്ങൾ എടുക്കാൻ ആളിനെ അയക്കും വരെ അവ ഭദ്രമായി എവിടെയെങ്കിലും സൂക്ഷിക്കുവാൻ അയാൾ മാഡം ബ്രോൻസിനോടു പറഞ്ഞു.
വീടിനു മുന്നിലൂടെ അയാൾ കുതിരയെ തെളിച്ചു പോകവെ വരാന്തയിൽ അമ്മാവൻ ഗമാഷിന്റെ കസേരയിൽ ഞെളിഞ്ഞിരുന്നു സെപ്റ്റീം വിളിച്ചുകൂവി:
“എടോ ഗില്മാ, നീ എവിടേക്കു് പോകുന്നു?”
“ഞാൻ ഇവിടംവിട്ടു പോകുന്നു”, ഗില്മ കുതിരപ്പുറത്തിരുന്നു നല്കിയ ചെറിയ മറുപടി.
“അതൊക്കെ ശരി, പക്ഷേ, പോകുമ്പോ ആ കുതിരയെ ഇവിടെ നിർത്തിയിട്ടു് പൊക്കോണം.”
“ഈ കുതിര എന്റേതാണു്.” ഗില്മ തിരിച്ചടിച്ചു.
“അതൊക്കെ പിന്നെ തീരുമാനിക്കാം സുഹൃത്തേ, തത്ക്കാലം അതിനെ ഇവിടെ നിർത്താനാണു് ഞാൻ ആവശ്യപ്പെടുന്നതു്.”
വലതു കൈ പോലെ കൊണ്ടു നടന്ന കുതിരയെ ഉപേക്ഷിക്കുക എന്നാൽ ഗില്മയ്ക്കു് ആലോചകൾക്കപ്പുറമായിരുന്നു. എന്നാൽ ഗമാഷ് മുതലാളി അവനെ നിയമം അനുസരിച്ചു ജീവിക്കാനാണു് പഠിപ്പിച്ചതു്. അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ അവൻ മുതിർന്നില്ല. തന്റെ അമർഷം കഴിയാവുന്നതിന്റെ പരമാവതി പിടിച്ചുകെട്ടിക്കൊണ്ടു് ഗില്മ കുതിരപ്പുറത്തു നിന്നിറങ്ങി. കുതിരയുടെ പുറത്തു നിന്നു സാധനങ്ങൾ മാറ്റി അതിനെ കുതിരാലയത്തിൽ കൊണ്ടു കെട്ടി. വീടു വിട്ടു ഇറങ്ങവെ അവൻ ഒന്നു മാത്രം സെപ്റ്റീമിനെ ഓർമ്മിപ്പിച്ചു: “നിനക്കറിയുമോ മിസ്റ്റർ സെപ്റ്റീം, ആ കുതിര എന്റേതു തന്നെയാണു്, അതു് തെളിയിക്കാൻ ഒരു 100 സത്യവാങ്മൂലങ്ങൾ എനിക്കു് ശേഖരിക്കാനാവും. ഒരു വക്കീലിന്റെ സാക്ഷിമൊഴിയോടുകൂടി ഏതാനും ദിവസങ്ങൾക്കുള്ളിൽ ഞാനതിവിടെ സമർപ്പിക്കും; അന്നേരം എന്റെ കുതിരയും സാധനങ്ങളും നല്ല അവസ്ഥയിൽ തന്നെ എന്നെ ഏല്പ്പിക്കണം”.
“ആയ്ക്കോട്ടെ, നമുക്കു് നോക്കാം. അത്താഴത്തിനു നില്ക്കുന്നില്ലേ?”
“ഇല്ല സർ, നന്ദി; മാഡം ബ്രോൻസ് എന്നോടു് ചോദിച്ചതാണു്.” ചെരിഞ്ഞ പുല്മേടുകൾക്കിടയിലൂടെയുള്ള തെളിഞ്ഞ പാതയിലൂടെ നടന്നു് ഗില്മ റോഡിലേക്കു് കയറി. പെട്ടന്നുണർന്ന ലക്ഷ്യബോധവും നിശ്ചയദാർഡ്യവും ഒരു മണിക്കൂർ മുൻപു് തകർന്നടിഞ്ഞ ഗില്മയുടെ ആത്മവിശ്വാസത്തെ ഉത്തേജിപ്പിച്ചു. തളർച്ചയുടെ ലക്ഷണമേതുമില്ലാതെയാണു് അവൻ സധൈര്യം ആ ചതുപ്പു് പ്രദേശത്തെ ചുറ്റി വരുന്ന തിരക്കുള്ള റോഡിലൂടെ നടന്നതു്.
വസന്തത്തിന്റെ ആദ്യ ദിനങ്ങളായിരുന്നു, പരുത്തി പാടങ്ങൾ സമൃദ്ധമാണു്. ചിലയിടങ്ങളിൽ നീഗ്രോകൾ കിളക്കുന്നുണ്ടു്. ഒരിടത്തു് ഗില്മ നിന്നു, വേലിക്കെട്ടിനപ്പുറം അധികം ദൂരത്തല്ലാതെ നില്ക്കുന്ന നീഗ്രോ സ്ത്രീയോടു് അവൻ ചോദിച്ചു, “ഹലോ ഹാലിഫാക്സ്! ഒന്നു് വരാമോ”.
അവർ അപ്പോൾ തന്നെ തൂമ്പ തോളിൽ വച്ചുകൊണ്ടു് അവനരികിലേക്കു് ഓടിവന്നു. ഉറച്ച എല്ലുകളുള്ള കറുത്ത സ്ത്രീ. പണിക്കാരുടെ വേഷത്തിലാണവർ.
“എന്നോടൊപ്പം ക്യാബിനിലേക്കു് ഒന്നു് വരാമോ ഹാലി ആന്റി”, അവൻ ചോദിച്ചു; “എനിക്കൊരു സത്യവാങ്മൂലം എഴുതിത്തരാൻ ആണു്”.
എന്തിനെന്നറിയില്ലെങ്കിലും ഇതുപോലെ ഒരുപാടു് പ്രമാണങ്ങളിൽ ഒപ്പുവച്ചു് അവർക്കു് ശീലമുണ്ടു്.
“എനിക്കു് അതൊന്നും പറ്റില്ല, ചെക്കാ. വെറുതെ എന്നെ ശല്യം ചെയ്യാതെ പോ.”
“അധികം സമയം എടുക്കില്ല, ഹാല്ലിഫാക്സ് ആന്റി. എന്റെ കുതിര ജൂപ്, എനിക്കു് അവകാശപ്പെട്ടതാണെന്നു് നിങ്ങൾക്കെല്ലാം അറിയുന്നതല്ലേ, അതിനായി ഞാനൊരു കുറിപ്പെഴുതും, അതിലൊന്നു് ഒപ്പിട്ടു തന്നാൽ മാത്രം മതി.”
“ജൂപ് നിന്റേതല്ലെന്നു് ആരു പറഞ്ഞു?” അവർ തൂമ്പയിൽ പിടിച്ചു് കുനിഞ്ഞു നിന്നു് ശ്രദ്ധയോടെ ചോദിച്ചു.
അവൻ ആ വീടിനു നേരെ നോക്കി.
“ആരു്? മിസ്റ്റർ സെപ്റ്റീമും മറ്റും ആണോ?”
“അതെ.”
“ഉം… ഞാൻ ഊഹിച്ചു!” അവർ അനുഭാവപൂർവ്വം പറഞ്ഞു.
“അതു തന്നെ, ഇനി അടുത്തതായി അവർ നിങ്ങളുടെ കിഴവൻ കോവർകഴുത ‘പൊലീസി’യ്ക്കു് അവകാശം പറഞ്ഞുവരും.” ഗില്മ പറഞ്ഞു.
അവർ ക്ഷോഭിച്ചു, “അതാരു പറഞ്ഞു?”
“ഇല്ല, ആരും പറഞ്ഞില്ല. പക്ഷേ, ഇനി അടുത്തതു് അങ്ങിനെ പറയാൻ സാധ്യതയുണ്ടു് എന്നാണു് ഞാൻ ഉദ്ദേശിച്ചതു്.”
അവർ കമ്പിവേലിക്കരികിൽ നിന്നു് പാടത്തേക്കു് നടന്നു തുടങ്ങിയപ്പോൾ അവനും അവർക്കൊപ്പം റോഡിന്റെ അരികിലുള്ള പുൽപ്പാതയിലൂടെ നടന്നു.
“ഞാൻ സത്യവാങ്മൂലം എഴുതാം ഹാലി ആന്റി, എനിക്കു് വേണ്ടതു് ചെയ്തു തരുമല്ലോ.”
“നിനക്കറിയാമല്ലോ ആ കഴുത എന്റേതാണെന്നു്. നല്ല കൃഷി കിട്ടിയ സമയത്തു് ഞാനതിനെ മിസ്റ്റർ ഗമാഷിന്റെ കയ്യിൽ നിന്നു് വാങ്ങിയതാണു്; അതു് ഗമാഷ് തന്നെ നേരിട്ടു് കണക്കു് പുസ്തകത്തിൽ രേഖപ്പെടുത്തിയതാണു്.”
ഹാലിഫാക്സിൽ നിന്നും കിട്ടേണ്ട ഒപ്പു് ലഭിച്ചതിനു ശേഷം ഗില്മ ഒരു നിമിഷം പോലും അവിടെ പാഴാക്കിയില്ല. ശേഖരിക്കാനുള്ള 100 സത്യവാങ്മൂലങ്ങളിൽ ആദ്യത്തേതു് തന്റെ കീശയിൽ ഭദ്രമായി വച്ചുകൊണ്ടു് അവൻ പട്ടണത്തിലേക്കുള്ള ഏറ്റവും ഹ്രസ്വമായ പാതയിലൂടെ അവൻ യാത്രയായി.
ഹാലിഫാക്സ് ആന്റി വാതിൽപ്പടിയിൽ നോക്കി നില്പ്പുണ്ടായിരുന്നു.
“റീലിയസ് ”, അവർ റോഡിൽ നിന്ന നീഗ്രോ ചെക്കനെ വിളിച്ചു, “നീ ആ പൊലീസിയെ എവിടെയെങ്കിലും കണ്ടോ? പോയി നോക്കു, അതു് അവിടെവിടെയെങ്കിലും ചുറ്റിത്തിരിയുന്നുണ്ടോന്നു്. ചിലപ്പോ അതു് നിന്റെ ചോള തോട്ടത്തിന്റെ വേലി ചാടി ഉള്ളിൽ കേറി കാണും”. എന്നിട്ടു് വെയിൽ തടയാൻ കണ്ണുകൾക്കു് മുകളിൽ കൈമറച്ചുകൊണ്ടു് അവർ അവിടമാകെ സൂക്ഷ്മമായി കണ്ണോടിച്ചു, “ആ കോവർകഴുത എവിടെപ്പോയി കിടക്കുന്നു?” അവർ പിറുപിറുത്തു.
അടുത്ത ദിവസം രാവിലെ ഗില്മ പട്ടണത്തിലെ വക്കീൽ പാക്സ്റ്റണിന്റെ ഓഫീസിലേക്കു് യാത്രയായി. കറുത്തവരിൽ നിന്നും വെളുത്തവരിൽ നിന്നും കുതിരയ്ക്കായുള്ള പ്രമാണങ്ങൾ ശേഖരിക്കുന്നതിൽ ഗില്മയ്ക്കു് ബുദ്ധിമുട്ടൊന്നും നേരിട്ടില്ല; എങ്കിലും അവനു തന്റെ അവകാശം നിയമപരമായി പ്രഖ്യാപ്പിക്കണം എന്നതു് വാശിയായിരുന്നു. അംഗീകൃത വക്കീലിൽ നിന്നുള്ള രേഖകളുമായി ആർക്കും തിരസ്കരിക്കാനാവാത്ത അവകാശം ഉറപ്പിച്ചുകൊണ്ടു് തോട്ടത്തിലേക്കു് മടങ്ങുക എന്നതാണു് ലക്ഷ്യം.
നിരത്തിലേക്കു് തുറക്കുന്ന ലളിതമായൊരു മുറിയാണു് വക്കീൽ ഓഫീസ്. അവിടെ ആരുമുണ്ടായിരുന്നില്ല, പക്ഷേ, വാതിൽ തുറന്നു തന്നെ കിടന്നു; ഗില്മ മുറിയിൽ കയറി ശൂന്യമായ വട്ട മേശയ്ക്കു് മുന്നിലിട്ടിരുന്ന കസേരയിൽ ഇരുന്നു. അല്പനേരം കഴിഞ്ഞു് വക്കീൽ കയറിവന്നു; അയാൾ തെരുവിൽ നിന്നു് ആരോടോ സംസാരിക്കുകയായിരുന്നു.
“ഗുഡ് മോണിംഗ് മിസ്റ്റർ പാക്സ്റ്റൺ”, ഗില്മ ഉപചാരപൂർവ്വം എണീറ്റു.
വക്കീലിനു അവനെ നല്ല മുഖപരിചയമുണ്ടു്, എങ്കിലും ആരാണെന്നു് കൃത്യമായ അറിവില്ല, അതിനാൽ “ഗുഡ്മോണിംഗ് സർ, ഗുഡ്മോണിംഗ്” എന്നു മാത്രം പ്രത്യഭിവാദനം ചെയ്തു.
“ഞാൻ താങ്കളെ കാണാൻ വന്നതാണു്”, എന്നു് പറഞ്ഞുകൊണ്ടു് ഗില്മ കാര്യത്തിലേക്കു് കടന്നു, കീശയിൽ കരുതിയിരുന്ന സത്യവാങ്മൂലങ്ങളുടെ കെട്ടു് പുറത്തെടുത്തു, “ഒരു സ്വത്തിന്റെ കാര്യമാണു്, എന്റെ കുതിരയുടെ ഉടമസ്ഥാവകാശം മിസ്റ്റർ ഗമാഷിന്റെ അനന്തരവനായ മിസ്റ്റർ സെപ്റ്റീമിൽ നിന്നും വീണ്ടെടുക്കുന്നതിനു വേണ്ടി ആണു്”.
കണ്ണട ശരിയാക്കിക്കൊണ്ടു് വക്കീൽ കടലാസുകൾ പരിശോധിച്ചു.
“അതു ശരി”, അയാൾ പറഞ്ഞു; “ഞാൻ മനസ്സിലാക്കുന്നു”.
“മിസ്റ്റർ ഗമാഷ് ചൊവ്വാഴ്ച്ച മരണപ്പെട്ടതിനാൽ” ഗില്മ തുടങ്ങി.
“ഗമാഷ് മരിച്ചുവോ!” പാക്സ്റ്റൺ വക്കീൽ ആശ്ചര്യത്താൽ തന്റെ വാക്കുകൾ ആവർത്തിച്ചു. “നിങ്ങൾ ഉദ്ദേശിച്ചതു് വയസ്സൻ ഗമാഷ് മരിച്ചുവെന്നു തന്നെയാണോ? ശരി, ശരി. ഞാൻ അറിഞ്ഞില്ല; ഞാൻ ഇന്നു രാവിലെ ഷ്രെവ്പോർട്ടിൽ നിന്നും മടങ്ങിയെത്തിയതേയുള്ളൂ. അപ്പോൾ വൃദ്ധനായ ഗമാഷ് മരിച്ചു, അല്ലേ? പിന്നെ, നിങ്ങൾ എന്താണു് പറഞ്ഞതു്, കുതിരയുടെ അവകാശം. നിങ്ങളുടെ പേരെന്താണെന്നാണു് പറഞ്ഞതു്?” കീശയിൽ നിന്നൊരു പെൻസിൽ കയ്യിലെടുത്തുകൊണ്ടു് അയാൾ ചോദിച്ചു.
“ഗില്മ ജെർമാൻ എന്നാണു് എന്റെ പേരു്, സർ.”
“ഗില്മ ജെർമാൻ”, വക്കീൽ ആവർത്തിച്ചു, എന്നിട്ടു് ധ്യാനമഗ്നനായി തന്റെ സന്ദർശകനെ നോക്കിയിരുന്നു. “അതെ, ഞാനിപ്പോൾ നിന്റെ മുഖം ഓർക്കുന്നു. വയസ്സൻ ഗമാഷ് പത്തു് പന്ത്രണ്ടു് വർഷം മുൻപു് സഹായിയായി കൂടെ കൂട്ടിയ പയ്യനല്ലേ നീ.”
“പത്തു് വർഷം മുൻപു് ഒരു നവംബറിൽ, സർ.”
പാക്സ്റ്റൺ വക്കീൽ എഴുന്നേറ്റു് അലമാരയ്ക്കരികിലേക്കു് നടന്നു, അതിനുള്ളിൽ നിന്നു് നിയമപരമായ രേഖകളെന്തോ തപ്പിയെടുത്തു് ശ്രദ്ധാപൂർവ്വം വായിച്ചു.
“അപ്പോൾ മിസ്റ്റർ ജെർമാൻ, ആ കുതിരയുടെ ഉടമസ്ഥാവകാശം വീണ്ടെടുക്കുന്നതിൽ പ്രശ്നമൊന്നും ഉണ്ടാവാൻ സാധ്യതയില്ല”, വക്കീൽ ചിരിച്ചു. “പ്രിയ സർ, ഒരു സന്തോഷ വാർത്ത ഞാൻ നിങ്ങളെ അറിയിച്ചുകൊള്ളട്ടെ, മിസ്റ്റർ ഗമാഷ് തന്റെ സ്വത്തുവകകൾക്കെല്ലാം പിന്തുടർച്ചാവകാശിയായി താങ്കളെയാണു് കണ്ടിരിക്കുന്നതു്; അതായതു്, അയാളുടെ തോട്ടം, കന്നുകാലികൾ, പണിയായുധങ്ങൾ, യന്ത്രസാമഗ്രികൾ, വീട്ടുസാധനങ്ങൾ, മുതലായവ. സാമാന്യം നല്ലൊരു സമ്പത്തു്”, അയാൾ സാവകാശം പ്രസ്താവിച്ചു. തന്റെ ഇരിപ്പിടത്തിൽ ഒരു നീണ്ട വർത്തമാനത്തിനായി സൗകര്യപൂർവ്വം ഇരുന്നുകൊണ്ടു് അയാൾ പറഞ്ഞു, “മറ്റൊന്നു കൂടി ഓർമ്മിപ്പിക്കട്ടെ, നിങ്ങളെപ്പോലെ ജീവിതാരംഭത്തിൽ നില്ക്കുന്ന ഏതൊരു യുവാവിനും ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമാണിതു്. മരണപ്പെട്ടവന്റെ ചെരുപ്പുകൾ അണിയുവാൻ ലഭിച്ച സുവർണ്ണാവസരം, മഹത്തായ അനുഭവം. നിങ്ങൾക്കറിയുമോ സർ, നിങ്ങളുടെ പേരു കേട്ട നിമിഷം ഒരു വെള്ളിടി പോലെ ആ ദിനം എന്റെ ഓർമ്മയിൽ തെളിഞ്ഞു, വൃദ്ധനായ ഗമാഷ് ഇവിടേക്കു് കയറിവന്നതും, തന്റെ അനന്തരാവകാശിയായി നിങ്ങളുടെ പേരുവച്ചു് വില്പത്രം എഴുതണമെന്നു് ആവശ്യപ്പെട്ടതും”—വാചാലനായ വക്കീൽ തന്റെ ഓർമ്മകൾ അതീവ ഹൃദ്യമായി പറഞ്ഞുകൊണ്ടിരുന്നു, എന്നാൽ ഗില്മ അതൊന്നും കേൾക്കുന്നതേയുണ്ടായില്ല.
ഒരു നിമിഷത്തിൽ വന്നു ചേർന്ന മഹാഭാഗ്യത്തെ കുറിച്ചു് ഓർത്തു് അവൻ മദോന്മത്തനായി ഇരുന്നുപോയി; സ്വപ്നം കാണാൻ പോലും സാധിക്കാത്ത ആ വമ്പിച്ച സ്വത്തുക്കൾ തന്റേതു മാത്രമായി മാറിയിരിക്കുന്നു—തന്റേതു മാത്രം! ഒരു 100 വികാരങ്ങൾ വന്നവനെ ഒരുമിച്ചു മൂടിയതു പോലെ, ഒരായിരം ചിന്തകൾ അവനു ചുറ്റും കുമിഞ്ഞുകൂടി. പുതു ലോകത്തേക്കു് എടുത്തെറിയപ്പെട്ടൊരു ജീവിയെപ്പോലെ അവൻ തന്റെ പുതുസാഹചര്യത്തോടു് പൊരുത്തപ്പെടുന്നതിന്റെ ബദ്ധപ്പാടിലാണു്. ആ ഇടുങ്ങിയ ഓഫീസ് മുറി അവനെ ശ്വാസം മുട്ടിച്ചു, വക്കീലിന്റെ സംസാരമാണെങ്കിൽ അനന്തമായി ഒഴുകിക്കൊണ്ടേയിരുന്നു. ഗില്മ പെട്ടെന്നു് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു, മുഴുവനാക്കാത്ത ഒരു ക്ഷമാപണം പറഞ്ഞുകൊണ്ടു് മുറിയിൽ നിന്നു് അല്പം ശുദ്ധവായുവിനായി പുറത്തു് ചാടി.
രണ്ടു് ദിവസത്തിനു ശേഷം തോട്ടത്തിലേക്കു് പോകും വഴി ഗില്മ വീണ്ടും ഹാലിഫാക്സ് ആന്റിയുടെ കൂരയ്ക്കു് മുന്നിലെത്തി. അങ്ങോട്ടു പോയതു പോലെ നടന്നു തന്നെയാണു് അവൻ തിരികെ വന്നതും. പട്ടണത്തിൽ നിന്നു വരും വഴി പലരും അവനു സവാരി വാഗ്ദാനം ചെയ്തുവെങ്കിലും ഗില്മ ഒക്കെ നിരസിച്ചിരുന്നു. അവനു വന്നു ചേർന്ന മഹാഭാഗ്യത്തെ കുറിച്ചുള്ള വാർത്തകൾ അവനെത്തും മുൻപേ ഗ്രാമമാകെ പടർന്നിരുന്നു, ഹാലിഫാക്സ് ആന്റി ഉച്ചത്തിലുള്ള ജയാരവവുമായി ആണു് അവനെ എതിരേറ്റതു്. “മിസ്റ്റർ ഗില്മാ, ദൈവത്തിനറിയാം നിനക്കിതിനുള്ള യോഗ്യതയുണ്ടെന്നു്! ദൈവം നല്കിയതാണിതു്, വരൂ, അകത്തേക്കു് വരൂ, ഇരിക്കൂ. റീലിയസേ, ഇറങ്ങിപ്പോ മര്യാദക്കു്, വെറുതെ മുറിയിൽ കൂടിനിന്നു് തിക്കലുണ്ടാക്കാതെ!” അവർ അവിടെയുള്ള ഏറ്റവും നല്ല കസേര തുടച്ചു് ഗില്മയ്ക്കു് മുന്നിൽ നീക്കിയിട്ടു.
അവൻ സന്തോഷപൂർവ്വം ഹാലിഫാക്സ് ആന്റിയുടെ കയ്യിൽ നിന്നും ഒരു കപ്പ് കാപ്പി സ്വീകരിച്ചു. അവൻ അവിടേക്കു് കയറി വന്നപ്പോൾ അവർ ആ മുറിയുടെ കോണിലുള്ള ചെറിയ തീക്കനലിൽ കാപ്പി തിളപ്പിക്കുകയായിരുന്നു. തീക്കനലിൽ നിന്നു് മാറി ദൂരത്താണു് ഗില്മ ഇരുന്നതു്, എന്തെന്നാൽ സാമാന്യം നല്ല ചൂടുള്ള ദിനമായിരുന്നു അതു്; അവൻ മുഖം തുടച്ചു, തന്റെ വിശാലമായ തൊപ്പി വിശറിയാക്കി അവൻ ചൂടകറ്റി.
“ഓർക്കുമ്പോൾ എനിക്കു് ചിരി അടക്കാൻ കഴിയുന്നില്ല”, ആ വൃദ്ധയായ സ്ത്രീ വിറച്ചുകൊണ്ടു് പറഞ്ഞു. നെരിപ്പോടിൽ ചാരിനിന്നുകൊണ്ടു് അവർ വീണ്ടും, “ഞാൻ രാത്രി ഇടക്കിടെ ഉണരും, എന്നിട്ടു വെറുതെ ചിരിക്കും.”
“അതെന്താ ഹാലിഫാക്സ് ആന്റി, അങ്ങിനെ”, എന്തിനെന്നറിയാതെ ചിരിച്ചുകൊണ്ടാണു് ഗില്മ അതു് ചോദിച്ചതു്.
“ഒന്നു് പോയെ ഗില്മാ, ഒന്നും അറിയാത്ത പോലെ! എനിക്കു് സെപ്റ്റീമിനെയും കുടുംബത്തെയും ഓർക്കുമ്പോഴുണ്ടല്ലോ, നാളെ രാവിലെ കുതിരവണ്ടിയിൽ കേറി എല്ലാം ഇവിടം വിട്ടു് കാഡോയിലേക്കു് പോകുന്ന കാഴ്ച്ച ഓർക്കുമ്പോ, ഓഹ്, ഭയങ്കരമായിരിക്കും!”
“അതു് അത്ര രസകരമായ ഒന്നല്ല ഹാലിഫാക്സ് ആന്റി”, ഗില്മ പറഞ്ഞു, അവർ ഉപചാരപൂർവ്വം ഒരു താലത്തിൽ വച്ചു് ആഡംബരമായി നല്കിയ കാപ്പി കപ്പ് ഗില്മ അല്പം അസ്വസ്ഥതയോടെയാണു് പിടിച്ചിരുന്നതു്. “എനിക്കു് സെപ്റ്റീമിനോടു് അനുകമ്പയാണു് തോന്നുന്നതു്.”
“ജൂപ് ആരുടേതെന്നു് അവനിപ്പോൾ ബോധ്യപ്പെട്ടുകാണുമെന്നു് ഞാൻ കരുതുന്നു”, അവർ തുടർന്നു, ഗില്മയുടെ മുഖത്തെ സഹതാപഭാവമൊന്നും അവർ ശ്രദ്ധിക്കുന്നില്ല; “പൊലീസി ആരുടേതെന്നും ഇനി പ്രത്യേകം പറയേണ്ടതില്ല. പിന്നെ, ഒന്നു് ഞാൻ ഉറപ്പിച്ചു പറയാം മിസ്റ്റർ ഗില്മാ”, അവർ ഇരിപ്പിടത്തെ അവഗണിച്ചുകൊണ്ടു് മേശമേൽ കുനിഞ്ഞു നിന്നുകൊണ്ടാണു് സംസാരിക്കുന്നതു്, “അവർ കാഡോയിൽ ദുരിതത്തിലേക്കാണു് കൂപ്പുകുത്താൻ പോകുന്നതു്. തിന്നാൻ പോലും ഒന്നുമുണ്ടാവില്ല. ആ സെപ്റ്റീമിനു ജോലിയൊന്നുമില്ലാതെ പാമ്പു് കണക്കു് വല്ലിടത്തും ചുരുണ്ടുകൂടി ഇരിക്കാനാ യോഗം. മാഡം ബ്രോൻസ് എന്തെങ്കിലും തുന്നൽ പണിയോ മറ്റോ ചെയ്യും; പക്ഷേ, അതിനു പോലും വകതിരിവുള്ള സ്ത്രീ ആണെന്നു് കണ്ടാൽ തോന്നില്ല. പിന്നെ ആ കൊച്ചു പെൺകുട്ടികൾ ഉണ്ടല്ലോ, കഴിഞ്ഞ ശൈത്യകാലത്തു് അവർ ചെരുപ്പു് പോലുമില്ലാതെ തണുപ്പത്തു് ഇറങ്ങി നടന്നു് ഉപ്പൂറ്റിയാകെ വീങ്ങിയ കഥ എന്നോടു പറഞ്ഞിരുന്നു. നാളെ കാഡോയിലേക്കു് പോകുന്ന പോക്കു് എനിക്കൊന്നു് കാണണം!”
ഹാലിഫാക്സ് ആന്റിയുമായുള്ള നിമിഷങ്ങൾ ഗില്മയ്ക്കു് ഒരിക്കലും ഇത്രയും അനഭിലഷണീയമായി അനുഭവപ്പെട്ടിട്ടില്ല. അവരെ അത്ഭുതപ്പെടുത്തുമാറു് അവൻ വേഗം കാപ്പിക്കു് നന്ദി പറഞ്ഞുകൊണ്ടു് ഇറങ്ങി നടന്നു. പക്ഷേ, രസികത്വം വിടാതെ അവർ പിന്നിൽ നിന്നു് വിളിച്ചുകൂവി: “മിസ്റ്റർ ഗില്മാ, നോക്കിക്കോ ഇപ്പോൾ അവർക്കു് ബോധ്യപ്പെട്ടുകാണും പൊലീസി ആരുടേതെന്നു്?”
അവനു എന്തുകൊണ്ടോ സെപ്റ്റീമിനെ നേരിടാൻ മാനസികമായി തയ്യാറായില്ലെന്നു് തോന്നി; അവൻ റോഡിൽ ആങ്ങിത്തൂങ്ങി നിന്നു. ഇടക്കു് വിശ്രമിക്കാനായി ഒരിടത്തു് ഇരിക്കുകയും ചെയ്തു, ചതുപ്പു് നിലങ്ങളിലേക്കു് തിരിയുന്നിടത്തു് ഒരു ഇലവു് മരച്ചോട്ടിൽ അല്പനേരം ഇരുന്നു. ആദ്യം മുതല്ക്കു് അവനെ വല്ലാത്തൊരു അസ്വസ്ഥത വരിഞ്ഞു മുറിക്കിയിരുന്നു, അവന്റെ ആവേശത്തിനൊപ്പം വിചിത്രമായൊരു അസംതൃപ്തിയും കൂടിക്കലർന്നിരുന്നു, എന്തുകൊണ്ടു് അങ്ങിനെ എന്നതു് അവൻ തിരിച്ചറിയാൻ തുടങ്ങി.
നേർവഴി മാത്രം ശീലിച്ച സത്യസന്ധനായ ഗില്മയ്ക്കു് തന്നോടുള്ള പെരുമാറ്റത്തിൽ ചുറ്റുമുള്ളവരിൽ വന്ന പെട്ടന്നുള്ള മാറ്റം വിദ്വേഷമുളവാക്കി. വക്കീൽ പറഞ്ഞ ഒരു കാര്യം അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു; ഒരു ചെറിയ വാചകം, അവന്റെ ബോധതലത്തിൽ വന്നു വീണ ആയിരക്കണക്കിനു വാക്കുകൾക്കിടയിൽ നിന്നൊരു കുഞ്ഞു വാക്യം. അതു് വന്നു വീണിടത്തു് ഒരു വ്രണം വളർന്നിരിക്കുന്നു, അലോസരപ്പെടുത്തുന്നൊരു സാന്നിധ്യമായി അതു് അവനുള്ളിൽ വികസിച്ചുവന്നു. എന്തായിരുന്നു അതു്, ആ വാചകം? അന്നേരത്തെ ആവേശത്തിൽ പാതി കേട്ടു മറന്ന ആ വാക്കുകൾ—മരിച്ചവരുടെ ചെരുപ്പുകളെ കുറിച്ചു് എന്തോ ഒന്നു്.
നല്ല ആരോഗ്യവും പ്രസരിപ്പുമുള്ള ശരീരം; പൗരുഷവും ധൈര്യവും സഹനശീലവുമുള്ള അവന്റെ സ്വഭാവം ഈ സന്ദർഭത്തിൽ അവനോടു തന്നെ കലഹിച്ചു. മരിച്ചവരുടെ ചെരുപ്പുകൾ! അവ സെപ്റ്റീമിനെ പോലെ ക്ലേശം അനുഭവിക്കുന്നവർക്കു് ഉള്ളതല്ലേ? നിരാലംബയായ ആ സ്ത്രീയെ പോലെ ഉള്ളവർക്കുള്ളതല്ലേ? പോഷകാഹാരക്കുറവുള്ള, അല്പ വസ്ത്രധാരികളായ, ദൈന്യതയാർന്ന മിഴികളുള്ള ആ കുട്ടികൾക്കുള്ളതല്ലേ? എങ്കിലും അവരോടു് എന്തു പറയുമെന്നും എങ്ങിനെ പെരുമാറുമെന്നും അവനു രൂപമില്ല.
പക്ഷേ, അവരെ മുഖാമുഖം കണ്ടപ്പോൾ ഒരു വിധ ശങ്കകൾക്കും അവൻ തന്നെ വിട്ടുകൊടുത്തില്ല. അപ്പൊഴും സെപ്റ്റീം തന്റെ അമ്മാവന്റെ കസേരയിൽ കൂനിക്കൂടി ഇരിപ്പുണ്ടായിരുന്നു; ശവസംസ്കാരത്തിനു ശേഷം ഒരു വട്ടം പോലും അവൻ അവിടെ നിന്നു് എഴുന്നേറ്റ ലക്ഷണമില്ല. മാഡം ബ്രോൻസ് കരയുന്നുണ്ടു്, കുട്ടികളും—അനുതാപം മൂലമാവാം.
“മിസ്റ്റർ സെപ്റ്റീം”, ഗില്മ അയാൾക്കരികിലേക്കു് നടന്നു. “കുതിരയ്ക്കായുള്ള സത്യവാങ്മൂലങ്ങൾ ഞാൻ കൊണ്ടുവന്നിട്ടുണ്ടു്. പ്രശ്നങ്ങൾ ഒന്നുമില്ലാതെ എനിക്കതിനെ നല്കാമെന്ന തീരുമാനത്തിൽ നിങ്ങളെത്തിക്കാണുമെന്നു് ഞാൻ പ്രതീക്ഷിക്കുന്നു.”
സെപ്റ്റീം ആകെ ഭയന്നു വിറച്ചു് നിശബ്ദനായി.
“നിങ്ങൾ എന്താണു് ഉദ്ദേശിക്കുന്നതു്?” അയാൾ പതറി, ഇടംകണ്ണിട്ടു് ഗില്മയെ നോക്കിക്കൊണ്ടു് അയാൾ തുടർന്നു, “ഇവിടം മൊത്തം നിനക്കുള്ളതല്ലേ. എന്താ നീ കളിയാക്കുകയാണോ?”
“ഈ സ്വത്തുക്കൾ മിസ്റ്റർ ഗമാഷിന്റെ രക്തബന്ധങ്ങൾ തന്നെ പങ്കിടട്ടെ എന്നാണു് എന്റെ അഭിപ്രായം. നാളെതന്നെ ഞാൻ മിസ്റ്റർ പാക്സ്റ്റണെ കണ്ടു് നിയമപരമായി എല്ലാം ശരിയാക്കുന്നുണ്ടു്. പക്ഷേ, എനിക്കെന്റെ കുതിരയെ വേണം.”
കുതിരയെ കൂടാതെ ഒരു വസ്തു കൂടി ഗില്മ കൈവശം എടുത്തു—ചുമരിൽ വച്ചിരുന്ന മിസ്റ്റർ ഗമാഷിന്റെ ചിത്രം. അവനതു് തന്റെ കീശയിൽ തിരുകി. തന്റെ വൃദ്ധനായ യജമാനന്റെ ഊന്നുവടിയും തോക്കും കൂടി അവൻ എടുത്തു.
അവൻ തന്റെ പ്രിയങ്കരനായ ജൂപ്പിന്റെ മുകളിൽ കയറി, പിന്നാലെ വിശ്വസ്ഥനായ ഒരു നായയും ഉണ്ടായിരുന്നു, ആ ഗേറ്റു കടന്നു പോകുമ്പോൾ അവൻ മത്തു് പിടിപ്പിക്കുന്ന വിഷാദകരമായൊരു സ്വപ്നത്തിൽ നിന്നുണർത്തപ്പെട്ടവൻ ആയി മാറിയിരുന്നു.
അമേരിക്കൻ ഫെമിനിസ്റ്റ് എഴുത്തിന്റെ മുന്‍ഗാമികളിൽ ഒരാളായി കരുതപ്പെടുന്ന എഴുത്തുകാരിയാണു് കാതറിൻ ഓ ഫ്ലാഹെർട്ടി എന്ന കേറ്റ് ചോപ്പിൻ (1850–1904). 1890-കളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ചോപ്പിൻ അനേകം ചെറുകഥകൾ എഴുതി. അവയിൽ പലതും അന്നത്തെ യാഥാസ്ഥിതിക കത്തോലിക്കാ സമൂഹം സദാചാരവിരുദ്ധമെന്നു് ആരോപിച്ചു് തള്ളിപ്പറയുകയുണ്ടായി. ‘At Fault’, ‘The awakening’ എന്നിവയാണ് ഏറെ പ്രശസ്ഥമായ നോവലുകൾ. പത്തൊൻപതാം നൂറ്റാണ്ടിൽ പല എഴുത്തുകാരും പരാമർശിക്കാൻ ഭയന്നിരുന്ന വംശീയ വിരോധവും അടിമത്തവും വിഷയമാക്കി ചോപ്പിൻ അനേകം രചനകൾ നടത്തിയിട്ടുണ്ടു്. ലോല മനസ്സുള്ള വിവേകമതികളായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു കേറ്റ് ചോപ്പിന്റേതു്. തന്റെ നിലപാടുകളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ച കേറ്റ് ചോപ്പിൻ 1904-ൽ മരണമടയുമ്പോൾ നൂറോളം ചെറുകഥകളുടെ രചയിതാവായി മാറിയിരുന്നു.