images/Peasant_woman.jpg
Peasant woman binding sheaves (after Millet), a painting by Vincent van Gogh (1853–1890).
പാട്ടബാക്കി
കെ. ദാമോദരൻ
രംഗം 1

(സമയം രാവിലെ എട്ടുമണി. സ്ഥലം പഴകി ജീർണ്ണിച്ച ഒരു ചെറിയ ഓലപ്പുര. ഉമ്മറത്തു് തിണ്ണമേൽ ഒരോലപ്പായ് ചുരുട്ടിവെച്ചിട്ടുണ്ട്. മുറ്റത്തു് ഒരു തടത്തിൽ കായ്ക്കാറായിട്ടില്ലാത്ത അമരച്ചെടി. അതിന്റെ ചുവട്ടിൽ ഉടഞ്ഞ കുടവും കലവും കിടക്കുന്നു. കുറച്ചകലത്തായി ഒരൊഴിഞ്ഞ തൊഴുത്ത്, ഏകദേശം 40 വയസ്സ് പ്രായമുള്ള, ചടച്ചു പരവശയായ ഒരു സ്ത്രീ പാത്രം മോറിക്കൊണ്ടിരിയ്ക്കുന്നു. ഏകദേശം 4 വയസ്സ് പ്രായമുള്ള ബാലൻ കണ്ണിൽ വെള്ളം നിറച്ചുകൊണ്ടും ഒട്ടിയ വയർ തടവിക്കൊണ്ടും പ്രവേശിക്കുന്നു. അവൻ ഒരു മുഷിഞ്ഞ പട്ടുകോണം ഉടുത്തിട്ടുണ്ട്.)

ബാലൻ:
അമ്മേ വിശക്ക്ണു അമ്മേ, (കരയുന്നു) വല്ലാതെ വിശക്ക്ണു. (അമ്മയുടെ അരക്കെട്ടിൽ പിടിക്കുന്നു.)
അമ്മ:
(മകനെയെടുത്തുമ്മവെച്ചുകൊണ്ട്) ഇപ്പൊ വരും ബാലാ; കുഞ്ഞിമാളു പോയിട്ടുണ്ട് വല്ലതും കിട്ട്വോന്നാക്കാൻ. വരാറായിരിക്കുണു.
ബാലൻ:
ഇന്ന് വറ്റുള്ള കഞ്ഞി തരണട്വൊ, മ്മേ,
അമ്മ:
എന്റെ മോൻ പോയി കുറച്ച് കളിക്ക്. കുഞ്ഞിമാളു പ്പൊ വരും-കഷ്ടം!-എനിക്കെന്റെ പൊന്നുമോന്റെ മുഖത്തേക്ക് നോക്കാൻ കൂടി തോന്ന്ണില്ല. ഈശ്വരാ! കഷ്ടപ്പെടുന്നോരുടെ പേരിൽ മാത്രം അവിടെക്ക് ദയയില്ലെന്നൊ?

(കുഞ്ഞിമാളു പ്രവേശിക്കുന്നു. അവൾ 17–18 വയസ്സ് പ്രായമായ സാമാന്യം സുന്ദരിയായ ഒരു കന്യകയാണു്. കണക്കില്ലാതെ പട്ടിണി കിടന്നിട്ടും അവളുടെ കണ്ണുകൾക്കുള്ള ആകർഷണശക്തി നശിച്ചിട്ടില്ല.)

കുഞ്ഞിമാളു:
അമ്മെ, ഇനി എന്താണ് വേണ്ടത്? മാധവന്നായരുടെ പീടികേന്നും കിട്ടീല്ല്യ.
അമ്മ:
എന്തേ പറഞ്ഞതയാള്?
കുഞ്ഞിമാളു:
വാങ്ങ്യേതൊക്കെ കിട്ട്യാ മതീന്ന് പറഞ്ഞു. ഉള്ളതൊക്കെ കിട്ടാക്കുറ്റികൾക്കു കൊടുക്കാൻ അയാളൊരു പൊണ്ണനൊന്നുമല്ലാത്രെ.
അമ്മ:
അത്തൻകുട്ടീടെ പീടികയിൽ തന്നെ ഒന്നു നോക്ക്.
കുഞ്ഞിമാളു:
അവിടേം പോയി. അത്തൻകുട്ടിക്ക് ആറിൽ ചില്ല്വാനം ഉറുപ്പിക കൊടുക്കാനുണ്ട്. മൂന്നു ദിവസത്തിനുള്ളിൽ മുഴോനും കൊടുത്തില്ലെങ്കിൽ കേസ്സ് കൊടുക്കുംന്നാണു പറഞ്ഞത്.
ബാലൻ:
ഏട്ടത്തീ! വല്ലാതെ വിശക്കുണു ഏട്ടത്തീ!
അമ്മ:
അവറാന്റെ പീടികയിൽ തന്നെ ഒന്നു പോയി നോക്കു അവനൊരു വല്ലാത്തോനാണ്. രണ്ടിൽ ചില്ല്വാനം ഉറുപ്പികയല്ലെ അവിടെ കൊടുക്കാനുള്ളത്?
കുഞ്ഞിമാളു:
അവിടേം പോയി അമ്മേ. അവനെന്തൊക്കെ പറഞ്ഞുന്നോ! അതൊന്നും ഇവിടെ പറയാൻ കൊള്ളില്ല.
അമ്മ:
എന്നാൽ മനക്കപ്പോയി കുറച്ചരി ചോദിച്ചു നോക്കൂ. കുഞ്ഞാത്തല് എന്തെങ്കിലും തരാതിരിക്കില്ല.
കുഞ്ഞിമാളു:
മനക്കൽ പോയിട്ടെന്താമ്മേ കാര്യം? ഇന്നാള് ഉച്ചക്ക് കഞ്ഞിക്ക് ചെന്നപ്പൊ ദിവസേന കഞ്ഞിം ചോറും തരാൻ ഇവടെ ഊട്ടൊന്ന്വല്ലാന്നല്ലെ കുഞ്ഞാത്തല് പറഞ്ഞത്.
അമ്മ:
(ആലോചിച്ചിട്ട്) ശങ്കുനായരുടെ വീട്ടിൽ പോയോ?
കുഞ്ഞിമാളു:
ഇല്ല. അവിടെ പോയിട്ടില്ല.
ബാലൻ:
വിശക്കുണു, മ്മേ! (തേങ്ങിക്കരയുന്നു)
അമ്മ:
(ബാലന്റെ കരച്ചിൽ കണ്ടിട്ട്) ഒന്നു പോയി നോക്കൂ കുറച്ചു കഞ്ഞിയെങ്കിലും തരാൻ പറയൂ.

(കുഞ്ഞിമാളു വ്യസനത്തോടും ക്ഷീണത്തോടും കൂടിപോകുന്നു)

അമ്മ:
ബാലാ, ഏടത്തി പോയിട്ടുണ്ട്. ഒന്നും കൊണ്ടുവരാതിരിക്കില്ല; കുറച്ചുകൂടി കാക്കു, എന്റെ പൊന്നു മോനല്ലെ (എടുത്തുമ്മ വെക്കുന്നു)
ബാലൻ:
ഇന്നലെ രാത്രി എനിക്കുറക്കം വന്നില്ലാമ്മേ! രാവിലെ ഏട്ടനോട് പറേണംന്ന് വിചാരിച്ചു, ഇണീറ്റപ്പോഴെക്കും ഏട്ടൻ പോയി.
അമ്മ:
നമ്മുടെ തലയിലെഴുത്താണ് ബാലാ. നമ്മളൊക്കെ കഷ്ടപ്പെടണംന്നാണ് ദൈവം വിധിച്ചിട്ടുള്ളത്.
ബാലൻ:
ഈ ദൈവം ഇത്ര ദുഷ്ടനാണോ മ്മേ? ഞാൻ വലുതാവട്ടെ കാണിച്ചു കൊടുക്കാം.
അമ്മ:
അയ്യൊ കുഞ്ഞേ! ദൈവം കേൾക്കും. ഇങ്ങനൊന്നും പറയരുത്.
ബാലൻ:
കേട്ടോട്ടെ എനിക്കെന്താ? പണ്ടാരക്കള്ളൻ! അമ്മേ! ഇനിക്കു വല്ലാതെ വിശക്ക്ണു അമ്മേ. ആ തച്ചക്കുളത്തിലെ ശ്രീധരൻ ല്ല്യേ, അവനെ ദൈവത്തിനു വല്യ ഇഷ്ടമാണ്. ഇന്നാളൊരു നല്ല മിനുത്ത കുപ്പായട്ടേർന്നു. അങ്ങനത്തെ കുപ്പായം തുന്നിച്ചു തരാൻ ഞാനേട്ടനോടു പറഞ്ഞിട്ടുണ്ട്.
അമ്മ:
അങ്ങിനത്തെ കുപ്പായം നമുക്കൊക്കെ തുന്നിക്കാൻ സാധിക്ക്വോ ബാലാ. അവരൊക്കെ വല്യോരല്ലെ? അവരുടെ കൈയിൽ കാശുണ്ട്.
ബാലൻ:
നമ്മക്കെന്താ കാശില്യാത്തമ്മെ?
അമ്മ:
ദൈവം തന്നില്ല്യ!
ബാലൻ:
കള്ള ദൈവം! അപ്പോമ്മേ, ഈ ദൈവം ചത്താലെ നമുക്കു സുഖാവൂ അല്ലേ?
അമ്മ:
ശൂ…! ദൈവത്തെ കുറ്റം പറേര്ത്ന്നു പറഞ്ഞില്ലെ? ദൈവം നല്ലവനാണ്.
ബാലൻ:
നല്ലവനാച്ചാ നമ്മള് പട്ടിണി കിടക്ക്വേമ്മേ?

(മുക്കാട്ടിരിമനക്കലെ കാര്യസ്ഥൻ രാമൻനായർ പ്രവേശിക്കുന്നു)

രാമൻനായർ:
ഇന്നെന്ത് സൂത്രമാണ് പറയുക ആവോ. ഇനി പറ്റ്ല്യ ചെറോട്ട്യമ്മേ. പാട്ടബാക്കി മുഴുവനും ഇന്നു കിട്ടണം (അമ്മ ദീർഘശ്വാസം വിടുന്നു) എവിടെ കിട്ടുണ്ണി?
അമ്മ:
അവൻ മില്ലീന്നു വന്നിട്ടില്ല. ഇന്നു ശനിയാഴ്ചയാണ്. അതുകൊണ്ടു ഉച്ചയ്ക്കു തന്നെ വരും. ഒന്നും കഴിക്കാതെയാണു പോയിട്ടുള്ളത്.
രാമൻനായർ:
അതുകൊണ്ട് കാര്യമായില്ലല്ലോ. പാട്ടം ഇന്നുതന്നെ കിട്ടണം. അല്ലെങ്കിൽ കേസ്സ് നാളെ ഫയലാവും. ഓർമ്മവെച്ചു കളിച്ചാൽമതി.
അമ്മ:
കുറച്ചു ദിവസത്തെ എട തരണം രാമൻനായരെ, വല്യബുദ്ധിമുട്ടാണ്.
രാമൻനായർ:
ബുദ്ധിമുട്ടാർക്കാല്യാത്തത് പ്പോ? ചെറിയവർക്കു ചെറിയ ബുദ്ധിമുട്ട്, വലിയവർക്കു വലിയ ബുദ്ധിമുട്ട്. പിന്നെ നിങ്ങടെ കയ്യീന്നൊക്കെ പാട്ടം പിരിഞ്ഞു കിട്ടാഞ്ഞാൽ മനക്കലെ ചെലവെങ്ങ്നാ നടക്ക്ാ?
അമ്മ:
ഇക്കൊല്ലം മഴ പെയ്യാതെ വിളവു നന്നെ കുറഞ്ഞൂന്ന് നിങ്ങൾക്ക് നിശ്ചല്യേ രാമൻനായരേ? ഉണ്ടായ നെല്ല് മുക്കാലും; മുഴോനുംന്നുതന്നെ പറയാം മനക്കലെത്തിച്ചില്ലേ ഞങ്ങള്? പിന്നെ ഈ പറമ്പിന്റെ പാട്ടാണ്—നാളികേരത്തിന്നു വിലയില്ല പിന്നെ-
രാമൻനായര്:
ആരോടന്നുവെച്ചിട്ടാ നിങ്ങൾ സംസാരിക്കുന്ന്? ഞായം പറയുന്നു—കരുതി സംസാരിച്ചാൽ മതി. മൂക്കാട്ടിരി മനക്കലെ കാര്യസ്ഥനാണ് രാമന്നായര്ന്ന് ഓർമ്മവെച്ചോണ്ട്—പണ്ടൊക്കെ കുറച്ചു മര്യാദേണ്ടായിരുന്നു—പാട്ടം മുഴുവനും തരാതിരുന്നാൽ പോരാ, ഞായം പറേം വേണം.
അമ്മ:
ദേഷ്യപ്പെടാൻ പറഞ്ഞതല്ല രാമൻനായരെ, ഞങ്ങളുടെ സങ്കടം പറഞ്ഞതാണ്.
രാമൻനായര്:
സങ്കടം! മണ്ണാങ്കട്ടയാണ്! സൂത്രം പറഞ്ഞാൽ രാമൻനായർ ഒഴിഞ്ഞുപോവൂന്നാണോ വിചാരിച്ചത്. എനിക്ക് നിൽക്കാനെടയില്ല. പറയിൻ ഇന്നു തരുമോ പാട്ടബാക്കി മുഴുവനും.
അമ്മ:
ആ കിട്ടുണ്ണിങ്ങ്ട്ട് വന്നോട്ടൊ. കുറച്ചു കാശു ഒരാളോടു കടം ചോദിച്ചിട്ടുണ്ട്.
രാമൻനായര്:
അതാദ്യംങ്ങ്ട്ട് ചുടാർന്നില്യേ? ഏതു വിധത്തിലെങ്കിലും പാട്ടം മുഴുവനും തന്ന് മര്യാദക്കാരായിരിക്യാണ് നല്ലത്. അല്ലെങ്കിൽ കുടി എറങ്ങിപ്പോവ്ന്നെ വേണ്യേരും. അതിന് എടേണ്ടാക്കാണ്ട് എല്ലാം നേരെയാക്കി വെക്കണം.

(ഒരു മൺകലത്തിൽ കുറച്ചു കഞ്ഞിയുമായി കുഞ്ഞിമാളു പ്രവേശിക്കുന്നു.—രാമൻനായർ അവളെ കുറച്ചുനേരം, നോക്കിനിന്ന് പോകുന്നു—ബാലൻ ആർത്തിയോടെ അവളുടെ അടുക്കലേക്കു ഓടി എത്തുന്നു—അവന്റെ മുഖം പ്രസന്നമായിത്തീരുന്നു. കുഞ്ഞിമാളു കലം നിലത്തുവെച്ചു അകത്തുപോയി ഒരു കിണ്ണംകൊണ്ടുവരുന്നു—അപ്പോഴേക്കും ബാലന്റെ ക്ഷമയെല്ലാം നശിച്ചു. കഞ്ഞി കിണ്ണത്തിലൊഴിച്ച ഉടനെ അവൻ അതെടുത്ത് മോന്തുന്നു. ഒടുവിൽ കിണ്ണത്തിൽ തപ്പിനോക്കിയിട്ട്,)

ബാലൻ:
(വ്യസനത്തോടെ) ഇതിലൊരു വറ്റൂല്യാമ്മേ!
കുഞ്ഞിമാളു:
ശങ്കരൻനായരുടെ വീട്ടിൽ നിന്നു അരിവാർത്ത കഞ്ഞിവെള്ളം കുറച്ചുകിട്ടി. ഇത് ബാലനേ തികേള്ളു, ഇനി അമ്മക്കെന്താചെയ്യാ?
ബാലൻ:
(വ്യസനത്തോടെ) അമ്മേ, ഞാൻ വെശുപ്പോണ്ട് കുറച്ചധികം കുടിച്ചു. ഇനീള്ളത് അമ്മേം ഏട്ടത്തീംകൂടി കുടിച്ചോളു.
അമ്മ:
വേണ്ടാ ബാലാ. മോൻതന്നെ കുടിച്ചോളു.
ബാലൻ:
എനിക്കു മതിയായി. അമ്മക്കുണ്ടാവൂലെ വിശപ്പ്.
അമ്മ:
ഏട്ടനിന്നു ശമ്പളം കിട്ടും. ഇന്നു ശനിയാഴ്ചല്ലെ? ഏട്ടൻ വന്നാൽ അരി കൊണ്ടുവന്നു വെച്ച് അമ്മയും ഏട്ടനും, ഏട്ടത്തിം കൂടി കുടിക്കും.
ബാലൻ:
ആ കഞ്ഞില് വറ്റുണ്ടാവ്ല്യേമ്മേ?
അമ്മ:
ബാലന് ചോറുണ്ടാക്കിത്തരണ്ട്.
ബാലൻ:
(സസന്തോഷം) ചോറുണ്ടാക്കിത്തര്വോ, ഏ?
അമ്മ:
ഉണ്ടാക്കിത്തരണ്ട്, ഇപ്പൊപോയി കുറച്ചു കളിക്ക്. (പിടിച്ചുമ്മ വെക്കുന്നു)

-കർട്ടൻ

രംഗം 2

(പട്ടണത്തിലെ ഒരു വൃത്തികെട്ട ചായപ്പീടിക. പീടികയുടെ മുൻഭാഗത്തായി ഒരു പഴക്കുല തൂങ്ങിക്കിടക്കുന്നു. വാതിലില്ലാത്ത ഒരലമാരിയിൽ ഒരു പൊളിഞ്ഞ കിണ്ണത്തിൽ കുറെ പിട്ട് പകുതി മൂടിക്കിടക്കുന്നു. പീടികയിലുള്ള ബഞ്ചുകളിന്മേൽ ഇരുന്നു ഉറക്കെ ഉറക്കെ സംസാരിച്ചുകൊണ്ടു ചിലർ ചായ കുടിക്കുന്നു. അതിലൊരാൾ കിട്ടുണ്ണിയുടെ സുപരിചിത സുഹൃത്തായ മുഹമ്മതാണ്.)

ഒരാൾ:
(ചായ കുടി കഴിഞ്ഞശേഷം പീടികക്കാരനോടു) എന്റെ കണക്കെന്തായി?
പീടികക്കാരൻ:
ഒരാഫ് ചായ, ഒരു കങ്ങം പിട്ട്, ഒരു മുക്കാലിന്നു ഇഷ്ടു—ആകെ മൂന്നു മുക്കാല്.
ആൾ:
ആട്ടെ, ഇപ്പോന്നും ഇല്ല, ഇന്നലത്തേം ഇന്നത്തേം കൂടി നാളെ തരാം.
പീടികക്കാരൻ:
അതു പറ്റില്ല. പൈസ ഇപ്പത്തന്നെക്കിട്ടണം.
ആൾ:
തൽക്കാലം ഇല്ലാഞ്ഞിട്ടല്ലെ. നാളെ തരണ്ണ്ട്.
പീടികക്കാരൻ:
അതു പറ്റില്ലെന്നല്ലെ പറഞ്ഞത്. ഇവിടെ കടം കൊടുക്കാൻ മാത്രം സ്വത്തൊന്നൂല്യ. കാശ്പ്പോ കിട്ടണം.

(ചെറിയൊരുവാക്കേറ്റവും കശപിശയുമുണ്ടാകുന്നു. വാദപ്രതിവാദത്തിൽ മറ്റുള്ള ചിലർകൂടി പങ്കുകൊള്ളുന്നു. ഒടുവിൽ പീടികക്കാരൻ ചായ കുടിച്ച ആളുടെ തോർത്തുമുണ്ട് പിടിച്ചുവെക്കുന്നു)

(കുറച്ചുനേരം നിശ്ശബ്ദത)

മുഹമ്മത്:
(കുറച്ചകലത്തേക്കു സൂക്ഷിച്ചു നോക്കിയിട്ട്) ആരാത്? കിട്ടുണ്യാരല്ലെ ആ പോണ്? ഏ! കിട്ടുണ്യാരെ! (കൈകൊട്ടിയിട്ട്) വരിൻ, കിട്ടുണ്യാരെ, വരീന്നേ. ഒരാഫ് കുടിച്ചിട്ട് പോവാം ഹേ!

(കിട്ടുണ്ണി വാടിയ മുഖത്തോടുകൂടി പ്രവേശിക്കുന്നു)

മുഹമ്മത്:
ഇരിക്കിൻ കിട്ടുണ്യാരെ! (പീടികക്കാരനോട്) എടൊ ഒരാഫ് കൂടി കൂട്ടടോ.
കിട്ടുണ്ണി:
(സംശയത്തോടുകൂടി) എനിയ്ക്കു ചായ കുടിക്കണമെന്നില്ല.
മുഹമ്മത്:
അതു പറ്റില്ല. ചായ കുടിക്കണം. (പീടികക്കാരനോട്) വേഗം വേണം. ഒരട്ക്ക് പിട്ടും ഒരു മുക്കാലിന്നു പഴോം (കിട്ടുണ്ണിയോട്) അപ്പോ, എന്താത് കിട്ടുണ്യാരെ, നിങ്ങൾക്കിത്ര ഉശാറില്ലാത്തത്? ഇന്നല്ലെ നിങ്ങൾക്കു ശമ്പളം കിട്ടുന്ന ദിവസം?
കിട്ടുണ്ണി:
എന്തു ശമ്പളം?… എന്റെ ചങ്ങാതീ ശമ്പളം കിട്ടീട്ടെന്താ? ദാ, ഈ ആഴ്ചേലും കൂലീന്ന് പിടിച്ചു. കഷ്ടപ്പെടുന്നോരുടെ നേരെ തെല്ലും ദയയില്ലാത്തോരാണ് ഈ മുതലാളികൾ.
മുഹമ്മത്:
എന്തേത്?
കിട്ടുണ്ണി:
സുഖക്കേടൊണ്ട് ഒരു ദിവസം പണിക്കു പോകുവാൻ സാധിച്ചില്ല. പിന്നെ, കഴിഞ്ഞ ചൊവ്വാഴ്ച കമ്പനീലെത്ത്യപ്പോഴെക്കും മണിയടിച്ചിട്ട് പത്തു മിനിട്ടു കഴിഞ്ഞു പോയി. അങ്ങനെ ഒന്നര ദിവസത്തെ കൂലി പിടിച്ചെടുത്തു.
മുഹമ്മത്:
അതാണ് മുതലാളികൾ! നമ്മുടെ—തൊഴിലാളികളുടെ—രക്തം പിഴിഞ്ഞെടുക്കുകയാണവരുടെ ജോലി. ദയ! സാധുക്കളുടെ നേരെ ദയ! ഇല്ല കിട്ടുണ്യാരെ, മുതലാളിക്കു ദയയില്ല, ധനികവർഗ്ഗത്തിനു ഹൃദയമില്ല.
കിട്ടുണ്ണി:
ഞങ്ങളുടെ ഇപ്പോളത്തെ മുതലാളീടെ ക്രൂരത ഒട്ടും കുറവല്ല. ഇന്നാളൊരു ദിവസം കണ്ടപ്പോ എനിക്ക് വല്ലാത്ത ഈറ വന്നു. ഒരു വേലക്കാരന്റെ മുഖത്തേക്കു കാക്കിരിച്ചൊരു തുപ്പ്!
മുഹമ്മത്:
തുപ്പുക? എന്തു തെമ്മാടിത്തം! എല്ലു മുറിയെ പണി ചെയ്താൽ പോര, ഇവരുടെ ചവിട്ടും കുത്തും കൊള്ളണം! അപമാനം സഹിക്കണം!
കിട്ടുണ്ണി:
എന്തു ചെയ്യാം, യാതൊരു നിവൃത്തിയുമില്ലാഞ്ഞിട്ടാണ് ഞാൻ കമ്പിനിയിൽ പോകുന്നത്. അച്ഛനുണ്ടായിരുന്ന കാലത്തു കൃഷി മാത്രമേ നടത്തിയിരുന്നുള്ളു. അനുഭവം കിട്ടുമെന്നു വിചാരിച്ചിട്ടല്ല. കിടന്നുപാർക്കാൻ ഒരു സ്ഥലം വേണ്ടേ? ഈ ഒരൊറ്റ കാര്യം കൊണ്ടാണ് ഞങ്ങൾ വീടും പറമ്പും ഒഴിഞ്ഞുകൊടുക്കാതിരിക്കുന്നത്. എത്ര കഷ്ടപ്പെട്ടിട്ടാണു ഞങ്ങൾ കഴിച്ചു കൂട്ടുന്നതെന്നോ!

(പീടികക്കാരൻ ചായയും പലഹാരവും കിട്ടുണ്ണിയുടെ മുമ്പിൽ കൊണ്ടുവന്നു വെക്കുന്നു)

മുഹമ്മത്:
ആട്ടെ, ചായകുടിക്കിൻ. (കുറച്ചു നേരം മൗനമവലംബിച്ചശേഷം) എന്തൊരു നിർദ്ദയത! ഇന്നത്തെ നീചമായ സമുദായത്തിൽ മനുഷ്യൻ മൃഗമാണ്; പിടിച്ചുപറി നീതിയും; അതെ; ഒരു സോഷ്യലിസ്റ്റ് സമുദായത്തിൽ മാത്രമേ മനുഷ്യനു മനുഷ്യനായി ജീവിക്കുവാൻ സാധിക്കൂ.
കിട്ടുണ്ണി:
(ചായഗ്ലാസ്സ് കൈയിലെടുത്ത്) എന്റിഷ്ടാ, വീട്ടിലെ സ്ഥിതി വിചാരിക്കുമ്പോ എനിക്കിതു കുടിക്കാൻ തോന്ന്ണില്ല. വീട്ടിലുള്ളോരൊക്കെ ഞാൻ ചെല്ലുന്നതു കാത്തിരിക്കുന്നുണ്ടാവും. പക്ഷേ, ഞാൻ വെറുംകയ്യായിട്ടാണ് വീട്ടിലേക്കു മടങ്ങുന്നത്.
മുഹമ്മത്:
അപ്പോ നിങ്ങളെന്തേ ശമ്പളം കൊണ്ടു ചെയ്തത്?
കിട്ടുണ്ണി:
കുറെനാളായി കുഞ്ഞിമാളുങ്ങ്നെ പറഞ്ഞു തുടങ്ങീട്ട്. ഒരു ജാക്കറ്റിന്നുള്ള തുണി വേണംന്ന്. (പൊതി കാട്ടികൊടുക്കുന്നു) അതുവാങ്ങി. പിന്നെ നമ്മുടെ പാത്തുക്കുട്ടിക്കു കുറച്ചു കാശുകൊടുക്കാനുണ്ടായിരുന്നു. അതും കൊടുത്തു. അങ്ങിനെ ഈ ആഴ്ചേലെ കൂലിം പുളിശ്ശേരി വെച്ചു. ഇനി ബാലന് ഒരു കുപ്പായം വേണം. അതു അടുത്ത ആഴ്ചേലെ പറ്റൂ. അവനെന്തൊരു മോഹം ഒരു കുപ്പായത്തിന്!
മുഹമ്മത്:
അപ്ലേ, നിങ്ങളിങ്ങിനെ കിട്ടുന്ന ശമ്പളൊക്കെ ജാക്കറ്റിന്നും കുപ്പായത്തിന്നുമായി തൊലച്ചാൽ വീട്ടിൽ കഞ്ഞിവെക്കില്ല.
കിട്ടുണ്ണി:
വീട്ടിൽ കഞ്ഞിവെക്കില്ല! ശരിയാണ് ചങ്ങാതി, പക്ഷേ, ഞാൻ ഒരു ശില്ലിക്കാശും വെറുതെ ചിലവാക്കാറില്ല. കടം കുറേശ്ശെ കുറേശ്ശെ കൊടുത്തു തീർക്കാഞ്ഞാൽ നാട്ടിൽ തലപൊക്കി നടക്കാൻ കഴ്യോ? ഇങ്ങനെ ചില്ലറ കടങ്ങൾ ഇനീംണ്ട്. പിന്നെ ജാക്കറ്റിന്റെ കാര്യാണ്. ഇതൊന്നും മറ്റൊരാളോടു പറയാൻ കൊള്ളില്ല. മുഹമ്മതാവോണ്ടു പറേണൂന്നേള്ളു. കുഞ്ഞിമാളൂന് ആകെക്കൂടി ഒരൊറ്റ ജാക്കറ്റേള്ളു. അത്ന്നെ കീറ്യേതും. എന്തുചെയ്യും? അവൾക്കൊന്നു പുറത്തേക്കെറങ്ങണെങ്കിൽ ഒരു പൊത്ത്ര്ത്തുംല്ല. അതൊക്കെ വിചാരിച്ചിട്ടേ വാങ്ങ്യേത്.
മുഹമ്മത്:
പക്ഷേ, ഞാൻ കുറ്റം പറയാന്ന് വിചാരിക്കരുത്. എനിക്കു നിങ്ങളുടെ വീട്ടിലെ സ്ഥിതി അസ്സലായിട്ടറിയാം. അതുകൊണ്ട് പറഞ്ഞതാണ്.
കിട്ടുണ്ണി:
ഞാനും അറിയാഞ്ഞിട്ടല്ല. എനിക്കു നല്ല നിശ്ചയുണ്ട്. ഞാൻ ശമ്പളോംകൊണ്ടു ചെല്ലുന്നതു കാത്തിരിക്കണ്ണ്ടാവും. അവിടെ ഇന്ന് ഉച്ചക്കു കഞ്ഞി വെക്കാനുംകൂടി ഒരുമണ്യരീല്ല. ഞാൻ തന്നെ രാവിലെ ഒന്നും കഴിക്കാണ്ടാണ് പണിക്കു പോന്നത്. വല്ലേടത്തിന്നും വായ്പവാങ്ങി കഞ്ഞിവെച്ചിട്ടുണ്ടാവണം. അല്ലെങ്കിൽ ഒന്നും വെച്ചിട്ടുണ്ടാവില്ല. എല്ലാവരും പട്ടിണിയായിരിക്കും! എല്ലാവരും പട്ടിണിയായിരിക്കും! അയ്യോ, ബാലൻ! അവൻ പട്ടിണികിടന്നു ചത്തിട്ടുണ്ടാവും. ഇന്നലെ രാത്രീംകൂടി അവനൊന്നും കൊടുത്തിട്ടില്ല. മമ്മതേ, നിങ്ങൾ പറഞ്ഞതു ശരിയാണ്. ഞാൻ ചെയ്തതു തെറ്റായി. കുറച്ചരിയെങ്കിലും വാങ്ങായിരുന്നു. പക്ഷേ, ഇനി എന്തുചെയ്യും? (ആലോചനാസ്തബ്ധനായിരിക്കുന്നു.) ഹായ് എന്തു കടുംകയ്യാണ് ഞാൻ കാട്ടിയത്? മമ്മതെ, ഞാനിപ്പോ പോണു. നാളെ കാണാം.
മുഹമ്മത്:
അങ്ങനെയാവട്ടെ, നാളെ കാണാം. (പീടീകക്കാരനോട്) എന്റെ കണക്കിൽട്ടൊ.

-കർട്ടൻ

രംഗം 3

(സ്ഥലം അതേ പഴകി ദ്രവിച്ച വീട്. സമയം പകൽ 2 മണി. കിട്ടുണ്ണി പ്രവേശിക്കുന്നു.)

കിട്ടുണ്ണി:
കുഞ്ഞിമാളൂ!… കുഞ്ഞിമാളൂ!

(കുഞ്ഞിമാളു, അമ്മ, ബാലൻ എന്നിവർ പ്രവേശിക്കുന്നു.)

അമ്മ:
എന്താ മോനേ ന്ന് അകത്തേക്ക് വല്ലതും കഴിക്കണ്ടെ? ഇന്നൊന്നും വെച്ചിട്ടില്ല.
കിട്ടുണ്ണി:
ഒന്നും വെച്ചില്ല? ബാലനും ഒന്നും കൊടുത്തിട്ടില്ലേ?
അമ്മ:
ആ ശങ്കുനായരുടെ വീട്ടീന്നു കുറച്ച് അരിവാർത്ത കഞ്ഞി കൊണ്ടുവന്നിരുന്നു. അവനത് കൊടുത്തു.
ബാലൻ:
ഏട്ടാ! ഏട്ടാ! ആ കഞ്ഞീല് ഒരു വറ്റൂണ്ടായിരുന്നില്ല.
കിട്ടുണ്ണി:
അയ്യോ കഷ്ടം! എന്റെ ബാലനു വിശപ്പു മാറീട്ടുണ്ടാവില്ല്യ? പാവം!
അമ്മ:
ഇന്നു കൂലി കിട്ടീല്യേ?
കിട്ടുണ്ണി:
കിട്ടി, പക്ഷേ, (വസ്ത്രപ്പൊതി കൊടുക്കുന്നു. ബാലൻ തുറന്നുനോക്കി ബ്ളൌസാണെന്നറിഞ്ഞു വലിച്ചെറിയുന്നു. കുഞ്ഞിമാളു അതെടുത്തു സന്തോഷവും വ്യസനവും നടിച്ചു പോകുന്നു.)
അമ്മ:
ഇപ്പോ ഇത് വേണ്ടേർന്നില്ല.
ബാലൻ:
അപ്പോ, ഏട്ടാ നിക്കു കുപ്പായെടുത്വോ
കിട്ടുണ്ണി:
ബാലനു കുപ്പായം വരുന്നാഴ്ചേല് തുന്നിക്കാം.
ബാലൻ:
ഹും… നിക്കിപ്പത്തന്നെ വേണം. ഹുങ്ങ്…
കിട്ടുണ്ണി:
ആട്ടെ, ബാലൻ കരേണ്ട. നാളെ തുന്നിക്കാം.
ബാലൻ:
(കൈ ചൂണ്ടിക്കൊണ്ടു) നാളെ! നാളെ! തീർച്ചല്ലെ?
കിട്ടുണ്ണി:
അതെ, നാളെ തീർച്ച. നാളെ തുന്നിച്ചു തരാം.
ബാലൻ:
(കൈകൊട്ടി തുള്ളിച്ചാടികൊണ്ട്) നാളെ ഞാൻ കുപ്പായിടും…
അവറാൻ:
(പ്രവേശിച്ചിട്ട്) കിട്ടുണ്യാരെ, ഞമ്മന്റെ കായിങ്ങ്ടെട്ത്താണി.
കിട്ടുണ്ണി:
(പരിഭ്രമിച്ച്) അവറാനെ. എന്തായാലും ഇത്ര കാലം കഴിഞ്ഞില്ല്യെ? വരുന്നാഴ്ചവരെ ഒന്നു ക്ഷമിക്കണം.
അവറാൻ:
ഒരു മിനിട്ടു കാക്കാൻ വയ്യ. രണ്ടുറുപ്പിക മുപ്പത്താറരക്കായുണ്ട്. ഇങ്ങ്ട്ടെടുത്താണി.
കിട്ടുണ്ണി:
ഞങ്ങളിപ്പോൾ വലിയ ബുദ്ധിമുട്ടിലാണ് അവറാനെ ഞങ്ങള്…
അവറാൻ:
തിന്ന കായിങ്ങ്ട് എടുത്താണം—ഞായം പിന്നെ പറയ-അവറാനോടാ പിട്ടും പെരട്ടും കൊണ്ടുവരണ്? കൊടുക്കാനറ്യേങ്കിൽ വാങ്ങാനും അവറാനറീം. ആളെ മക്കാറാക്ക്ാ?
കിട്ടുണ്ണി:
അവറാനേ-,
അവറാൻ:
അവറാനേ കൊവറാനേന്നു ചൊല്ലാതെ ഞമ്മന്റെ കായിങ്ങ്ട്. എടുത്താണീന്നല്ലെ പറഞ്ഞത്.
കിട്ടുണ്ണി:
ഇന്നിവിടെ കഞ്ഞി വെച്ചിട്ടില്ല അവറാനെ.
അവറാൻ:
ഞമ്മന്റെ കുടീലും വെച്ചിട്ടില്ല. ങ്ങ്ട്ടെടുത്താണീ കായ്.

(രാമൻനായർ പ്രവേശിച്ചുകൊണ്ട്)

രാമൻനായർ:
കിട്ടുണ്ണി വന്നില്ലെ? കിട്ടുണ്ണി! (കണ്ടിട്ടു) ആങ് കിട്ടുണ്ണി!
കിട്ടുണ്ണി:
(ബഹുമാനത്തോടെ എഴുനേറ്റിട്ട്) ബാലാ, ആ പുൽപായിങ്ങട്ടെടുത്തു കൊണ്ടുവാ. കുഞ്ഞിമാളു, ത്തിരി മുറുക്കാന്ങ്ങ്ട്ടെടുത്തോ.
രാമൻനായർ:
എനിക്കു പായൊന്നും വേണ്ട. ഇരിക്കാൻ സമയമില്ല. ആട്ടെ, പാട്ടബാക്കിങ്ങ്ട്ട് തന്നാട്ടെ.
കിട്ടുണ്ണി:
രാമന്നായരെ, ഇക്കുറി ഞങ്ങളെ ഇനി ബുദ്ധിമുട്ടിക്കരുതെ.
രാമൻനായര്:
എന്തെ പറഞ്ഞത്? ബുദ്ധിമുട്ടിക്ക്ാന്നോ? നന്ദിയില്ലാത്തവർ—നിങ്ങൾക്കാണോ ബുദ്ധിമുട്ട്? നടന്നുനടന്നെന്റെ കാലിന്റെ തോലൊക്കെപ്പോയി. ന്ന്ട്ടും ബുദ്ധിമുട്ട് നിങ്ങൾക്കാണല്ലെ? ഇതുപോലെ എത്ര കുടിയാന്മാരുടെ അടുത്തേക്കു നടക്കണം ന്നറിയാമോ? പണ്ടൊക്കെക്കുറച്ചു മര്യാദേങ്കിലുമുണ്ടായിരുന്നു. പ്പതൂല്ല്യ.
കിട്ടുണ്ണി:
ശരിയാണ് രാമന്നായരെ, നിങ്ങൾക്കു നല്ല ബുദ്ധിമുട്ടുണ്ട്. പക്ഷേ, സങ്കടം പറ്ാണ്. പാട്ടബാക്കി തരാൻ ഞങ്ങൾക്കു യാതൊരു നിവൃത്തിയുമില്ല. രണ്ടു ദിവസമായിട്ട് പട്ടിണിയാണ് രാമന്നായരെ. അടുപ്പിൽ തീക്കൂട്ടീട്ടില്ല.
കുഞ്ഞിമാളു:
(പ്രവേശിച്ചു) ഇവിടെ ഒന്നൂല്യ ഏട്ടാ.
അമ്മ:
ന്നാ, അങ്ങേലെ നാണ്യമ്മേടിത്തിരി തരാൻ പറ വേം പോയി കൊണ്ട്ാ.
രാമൻനായര്:
(കുഞ്ഞിമാളുവിനെ നല്ലവണ്ണം നോക്കിയിട്ടു) ഹൂ—പട്ടിണിയാണത്രെ. കിട്ടുണ്ണീ! പട്ടിണി കിടക്കുന്നുണ്ടെങ്കിൽ അതു നിങ്ങളുടെ പൊണ്ണത്താണ്. എത്ര പെണ്ണുങ്ങള്-
കിട്ടുണ്ണി:
(ശുണ്ഠിയോടുകൂടി കണ്ണുരുട്ടികൊണ്ടു) എന്താ ഹേ! മര്യാദേല്ലാണ്ടെ സംസാരിക്കുന്നത്. അസംബന്ധം പറഞ്ഞിട്ടുണ്ടെങ്കിൽ വായിലെ പല്ലൊന്നു കാണില്ല. ഓർമ്മവെച്ചു സംസാരിച്ചോളിൻ.
രാമൻനായർ:
(ശുണ്ഠിയെടുത്തെഴുനേറ്റ്) പാട്ടം മുഴുവനും വെച്ചിട്ടു ഞായം പറയെടാ.
കിട്ടുണ്ണി:
പാട്ടബാക്കി തരുന്നു! നിങ്ങൾക്കു തരണ്ടതുണ്ട്. അതു വാങ്ങ്യേ പോവൂ. ഒരു കൂട്ടം തെമ്മാടികള്.
രാമൻനായർ:
എന്തെടാ നായെ പറഞ്ഞു? നിന്റെ പെങ്ങടെ-
കിട്ടുണ്ണി:
എന്തെടാ (അടിക്കുന്നു)
അമ്മ:
അയ്യോ, അരുത്, കിട്ടുണ്ണി, അരുത് തന്റേടമില്ലാതെ കണ്ട് ഓരോന്നു കാട്ടരുത്.
രാമൻനായർ:
(നാലടി പിന്നാക്കം വെച്ചുകൊണ്ടു) ഇതിനു പകരം വീട്ടീട്ടെ രാമന്നായരിരിക്കുള്ളു. ഒരൊറ്റ മാസത്തിനുള്ളിൽ നിങ്ങളെക്കൊണ്ടു പിച്ച തെണ്ടിച്ചിട്ടില്ലെങ്കിൽ രാമന്നായരാണല്ല. (പിറുപിറുത്തുകൊണ്ടും ചെവി തലോടിക്കൊണ്ടും പോകുന്നു.)

(കുറച്ചുനേരം നിശ്ശബ്ദത)

അവറാൻ:
(അത്ഭുതത്തോടുകൂടി) ങ്ങക്കിത്ര ഉശിരുണ്ടെന്നു ഞാൻ മനസ്സിലാക്കിരുന്നില്ല കിട്ടുണ്യാരെ. അവനതു കിട്ടണം. ഞമ്മളേം വല്ലാതെ ഉപദ്രവിക്ക്ണ്ണ്ട്. എത്ര കൊടുത്താലും തീരാത്തതാണീ പാട്ടം.
കിട്ടുണ്ണി:
സാധുക്കളുടെ പെണ്ണുങ്ങളൊക്കെ തേവിടിശ്ശികളാണെന്നാ ഈ പണള്ളോര്ടെ വിചാരം. കിട്ടുണ്ണീടെ പെങ്ങളെ അവര് മനസ്സിലാക്കീട്ടില്ല.
അവറാൻ:
കിട്ടുണ്യാരെ, അവർക്ക് പാട്ടം കിട്ട്യാ മാത്രം പോരാ. ഞമ്മക്കാർക്കെങ്കിലും നല്ല പെങ്ങളുണ്ടെങ്കിൽ ഓർക്കത് സഹിക്കൂല.
അമ്മ:
പക്ഷേ, രാമൻനായര് ദേഷ്യപ്പെട്ടിട്ടാണ് പോയിട്ടുള്ളത്. ഇനി എന്താണ്ടാവ്ാന്നു നിശ്ചല്ല്യ.
അവറാൻ:
ശരിയാണ്. ഈ ജന്മിമാരെപ്പോലെ ക്രൂരന്മാരായിട്ടു ഈ ദുനിയാവിന്റെഹത്ത് മറ്റാരൂല്ല്യന്നാ ഓലേം ബിറ്റു കായാക്കുന്നോരാണോലെ? കാര്യസ്ഥന്മാര്? ആട്ടെ ഞമ്മള് പോണ് ഞമ്മന്റെ കായ്ങ്ങള്ണ്ടാവ്മ്പം തന്നീക്കി (പോകുന്നു.)
അമ്മ:
ഏതായാലും ന്റെ മോൻ ത്ര ദേഷ്യപ്പെട്ടതു ശരിയായില്ല്യ. അവരൊക്കെ വലിയ പണക്കാരാണ്. നി എന്താണ്ടാവാവോ!
ബാലൻ:
ആ രാമന്നായരുടെ കണ്ണ് കണ്ടാനിക്ക് പേട്യാവും. അസ്സലായി, ഏട്ടൻ അടിച്ചു പറഞ്ഞയച്ചത്. അസ്സലായി, നിക്ക് തന്നെ ബോധിച്ചു. നിങ്ങ് വരില്ലല്ലോ.
അമ്മ:
ആട്ടെ അതോണ്ട് കാര്യായില്ലല്ലൊ. ന്ന് ബാലനെന്താ കൊട്ക്ക്? ഒന്നും വെച്ചിട്ടില്ലല്ലോ.
കിട്ടുണ്ണി:
ഒന്നും വെച്ചിട്ടില്ല! ആട്ടെ! ഞാനൊരു കാര്യം ചെയ്യാം. പൊറത്തൊന്നിറങ്ങി വരട്ടെ! ആരോടെങ്കിലും കുറച്ച് കാശ് കടം ചോദിക്കാം. പട്ടിണി കിടക്കുന്നതിലും ഭേദം കടക്കാരനാവുകയാണ്. ഞാൻ പോയി വരാം.

(അമ്മയും ബാലനും, നിശ്ശബ്ദരായി നോക്കി നിൽക്കുന്നു.)

-കർട്ടൻ

രംഗം 4

സ്ഥലം: മുതലാളിയുടെ ഭവനം.

സമയം… വൈകുന്നേരം

(മുതലാളി ഒരു മേശക്കു മുമ്പിൽ കസാലയിലിരിക്കുന്നു. മേശമേൽ ഒന്നുരണ്ടു പണസഞ്ചിയും കുറെ നാണ്യങ്ങളും കിടക്കുന്നു. മേശക്കു ചുറ്റും ഒന്നുരണ്ടു കസാലകൂടി കിടപ്പുണ്ട്. മുതലാളി നാണ്യങ്ങളെണ്ണുകയാണ്. ഭാര്യ മുതലാളിയിരിക്കുന്ന കസാലയുടെ കയ്യിന്മേൽ പകുതി ഇരിക്കുകയും പകുതി നില്ക്കുകയും ചെയ്തുകൊണ്ട് നാണ്യമെണ്ണുന്നത് സൂക്ഷിച്ചുനോക്കുന്നുണ്ട്.)

ഭാര്യ:
ഇന്നെന്താ, ചായയുടെ കാര്യം മറന്നു പോയെന്നു തോന്നുന്നു.
മുതലാളി:
ഇല്ല ദേവി, അതിങ്ങോട്ടു കൊണ്ടുവരാൻ പറയൂ.
ഭാര്യ:
ഗോപാലാ, എട ഗോപാലാ, ആ ചായ ഇങ്ങട്ട് കൊണ്ടു വാ-കഴുത-ആ ചെക്കൻ തെണ്ടാൻ പോയെന്നു തോന്നുന്നു. അല്ലെങ്കിൽ കുരുത്തം കെട്ടോന് വിളിച്ചാൽ വിളി കേട്ടൂടെ?
മുതലാളി:
ഗോപാലാ, എവിടെ ആ കഴുത? ഗോപാല! (ഒരു വാലിയക്കാരൻ ചെറുക്കൻ ചായ കൊണ്ടുവന്നു മേശപ്പുറത്തു വെച്ച് വണങ്ങി നിൽക്കുന്നു.)
ഭാര്യ:
എന്തെടാ? വിളിച്ചാൽ മിണ്ടിക്കൂടെ?
മുതലാളി:
നിന്റെ വിളവ് കുറെ ഏറിയിരിക്കുന്നു. എന്തെടാ ഇത്ര താമസം?

(ഗോപാലൻ പരുങ്ങുന്നു)

ഭാര്യ:
എന്തെടാ, വായിൽ നാവില്ലെ?
ഗോപാലൻ:
വെള്ളം തിളക്കാനുള്ള താമസമാണ്.
മുതലാളി:
എടാ, പെറുക്കി! മുഖത്തുനോക്കി കളവു പറയുന്നോ?

(ഗോപാലന്റെ ചെവി പിടിച്ചു തിരുമ്പുന്നു.)

(മുതലാളിയുടെ ഒരു ഖദർധാരിയായ സ്നേഹിതൻ പ്രവേശിക്കുന്നു.

മുതലാളി:
(‘അലോ ഗുഡ് മോണിങ്ങ്’, എന്നു പറഞ്ഞു ഉപചാരപൂർവ്വം ഇരുത്തുന്നു. ഇരിക്കുന്നു.) ഗോപാലാ, പോയി കുറേക്കൂടി ചായ കൊണ്ടുവാ
ഭാര്യ:
വേഗം വേണം.

(ഗോപാലൻ പോകുന്നു.)

മുതലാളി:
അരക്കാശിന്നു വിലയില്ലാത്ത വാലിയക്കാർപോലും പറഞ്ഞാൽ കേൾക്കാത്ത കാലമാണ്.
സ്നേഹിതൻ:
ഹും! കാലം മാറിയ മാറ്റം! ആർക്കും ആരേയും ബഹുമാനമില്ല. മഹാത്മജി പറഞ്ഞാൽക്കൂടി ആർക്കും വിലയില്ല. “പുരാ യത്ര സ്രോതഃ പുളിന മധുനാ” എന്നു പറഞ്ഞതുപോലെയാണ്. കാലത്തിന്റെ മറിച്ചില്!
മുതലാളി:
പണ്ടൊക്കെ തൊഴിലാളികൾ തിന്ന ചോറിന് കൂറു കാണിച്ചിരുന്നു. ആ സേട്ടു പറയുന്നതു കേൾക്കണം! കൂലി കുറച്ചപ്പോഴേക്കും, തുടങ്ങി, തൊഴിലാളികളൊക്കെ സ്ട്രൈക്ക്. നമ്മുടെ കമ്പിനിയിലും ഭാവമുണ്ടത്രെ! കൂലി കൂട്ടിയില്ലെങ്കിൽ, പതിനഞ്ചാം തീയതി മുതൽ പണിമുടക്കം തുടങ്ങുമെന്നു നോട്ടീസ്സു തന്നിരിക്കുന്നു. വലിയ വിഷമമായി.
സ്നേഹിതൻ:
എന്തു ചെയ്യാനാണ് ഞാൻ കുറെയെല്ലാം ശ്രമിച്ചുനോക്കി. ഈ പണിമുടക്കുകൊണ്ട് പൊതുജനങ്ങൾക്കുണ്ടാകാവുന്ന ആപത്തുകളെപറ്റി ദിനകാഹളം പത്രത്തിൽ ഒന്നു രണ്ടു ചുട്ട ലേഖനങ്ങൾ എഴുതി നോക്കി. അതുകൊണ്ടൊന്നും ഒരു ഫലവും കാണുന്നില്ല. ഇക്കാലത്തു കുറച്ചു നിലയും വിലയും ഉള്ളവരുടെ ഉപദേശം ആരും വകവെക്കില്ല. തൊഴിലാളികളെയൊക്കെ തെളിച്ചു കൊണ്ടുനടക്കാൻ ചില തെമ്മാടിപ്പിള്ളരുണ്ട്. പോലീസിനെക്കൂടി പേടിയില്ലാത്ത ചെകുത്താന്മാര്.
മുതലാളി:
സോഷ്യലിസാണത്രെ, സോഷ്യലിസം. മുതലാളിത്വം നശിപ്പിക്കണം. സ്വത്തൊക്കെ പിടിച്ചു പറിക്കണം. ഇതാണത്രെ സോഷ്യലിസം!
ഭാര്യ:
അയ്യയ്യോ! ഇതെന്തൊരു കൂട്ടരാണീശ്വരാ! ഇങ്ങിനെയൊക്കെ തുടങ്ങിയാൽ എന്താണു നിവൃത്തി?
മുതലാളി:
ഹൗ! ഇപ്പോ ഒരു കൂട്ടം യൂനിയൻ കാരുണ്ട്. കുരുത്തം കെട്ടോറ്റങ്ങള്. തൊഴിലാളിയൂനിയനാണത്രെ! സമയം കൂട്ടാൻ പാടില്ല; കൂലി കുറക്കാൻ പാടില്ല; ശാസിക്കാൻ പാടില്ല; മിണ്ടാൻ പാടില്ല; ഒന്നും പാടില്ല; അനങ്ങിയാൽ സ്ട്രൈക്ക്—എന്തൊരു കഷ്ടമാണ്!
സ്നേഹിതൻ:
ഇയ്യിടെ വേറെ ഒന്നുണ്ടായി. തൊഴിലാളി സംഘടനയെപ്പറ്റി പത്രത്തിൽ ഒരു ലേഖനം കൊടുത്തിരുന്നു. തൊഴിലാളികൾ സ്ട്രൈക്ക് ചെയ്യാൻ പാടില്ല. സഖാക്കൾ അവരെ വഴിപിഴപ്പിക്കുകയാണ്; എന്നൊക്കെയാണ് അതിലെ സാരം. അത് കമ്പോസ് ചെയ്യാൻ കമ്പോസിറ്റർ മടിച്ചുവത്രെ.
ഭാര്യ:
ആകപ്പാടെ കുഴപ്പം വർദ്ധിക്കയാണ്. ഇവിടുത്തെ കമ്പിനിയിലും കുഴപ്പം. ആട്ടെ ആ ഇൻസ്പെക്ടരെ ഒന്നു വിളിച്ചു പറഞ്ഞാലോ?
സ്നേഹിതൻ:
അതേതായാലും നന്ന്.
മുതലാളി:
ശരി, ഞാനിപ്പോൾ തന്നെ ഫോണിൽ വിളിച്ചു പറഞ്ഞുവരാം. അദ്ദേഹം ഒന്നിങ്ങോട്ടു വരട്ടെ.

(മുതലാളി അകത്തേക്കു പോകുന്നു. ഭാര്യയും സ്നേഹിതനും തമ്മിൽ സല്ലപിക്കുന്നു. ഗോപാലൻ ചായ കൊണ്ടുവന്നു മേശപ്പുറത്ത് വെക്കുന്നു. മുതലാളിയുടെ ഭാര്യ ശൃംഗാരാഭിനയത്തോടുകൂടി ചായ പകർന്നു കൊടുക്കുന്നു. മുതലാളി മടങ്ങി വരുന്നു.)

മുതലാളി:
ഇൻസ്പെക്ടർ ഉടനെ പുറപ്പെടാമെന്നാണു പറഞ്ഞിട്ടുള്ളത്.
സ്നേഹിതൻ:
മൂപ്പർക്കെല്ലാം നല്ലവണ്ണം വിവരിച്ചുകൊടുക്കണം. സമാധാനഭംഗം വരുമെന്നു പറഞ്ഞു തൊഴിലാളിനേതാക്കന്മാർക്കു ഒരു 144 കൊടുക്കാൻ ഏർപ്പാടു ചെയ്യട്ടെ.
മുതലാളി:
എന്തു കൊടുത്തിട്ടെന്താണ്. അവരെയൊതുക്കാൻ നല്ല പണിയുണ്ട്.
സ്നേഹിതൻ:
അങ്ങിനെയല്ല. കുറച്ചൊക്കെ ഗുണമുണ്ടാവാതിരിക്കയില്ല. നമ്മുടെ ഗവർമ്മേണ്ടല്ലേ? റഷ്യയെപ്പോലെ നമ്മുടെ രാജ്യത്തെ കുട്ടിച്ചോറാക്കാൻ ഗവർമ്മേണ്ടിനു ബുദ്ധിയില്ലാന്നൊന്നും വിചാരിക്കണ്ട. പിന്നെ എന്നെക്കൊണ്ട് കഴിയുന്നതു ഞാനും ചെയ്യാം. നമുക്കു ഗുണമുള്ള ആശയങ്ങളെ ഞാൻ കഴിയുന്നതും പ്രചരിപ്പിച്ചുകൊള്ളാം.
മുതലാളി:
നിങ്ങൾ നല്ലൊരെഴുത്തുകാരനാണെന്നു ദേവി പറയാറുണ്ട്.
സ്നേഹിതൻ:
പിന്നെ ഒന്നുകൂടി ചെയ്യേണ്ടതുണ്ട്. തൊഴിലാളിപ്രവർത്തകന്മാരൊക്കെ കള്ളന്മാരാണ്. തൊഴിലാളി യൂനിയന്റെ പണം പിടുങ്ങാനാണ് അവർ വന്നിട്ടുള്ളത്. സ്ട്രൈക്കുണ്ടാക്കി തൊഴിലാളികളെ പട്ടിണി കിടത്തിയാലെ ഈ ചോരകുടിയന്മാർക്കു തൃപ്തിയാവൂ എന്നൊക്കെ പറഞ്ഞു പരത്താൻ ചിലരെ ഏർപ്പാടു ചെയ്യണം. മുതലാളി ചൂഷകനാണ്, മർദ്ദകനാണ്; എന്നൊക്കെ അവർ പറഞ്ഞു പരത്താറില്ലെ. അതുപോലെ നമുക്കും എന്തുകൊണ്ട് ചെയ്തുകൂടാ? ഈ ചൂഷണവും മർദ്ദനവും മറ്റും സഖാക്കളുടെ കുത്തകയോ മറ്റോ ആണോ?
മുതലാളി:
അല്ല; നിങ്ങളുടെ കണ്ടുപിടുത്തം പറ്റി.
സ്നേഹിതൻ:
എന്നാൽ ഞാൻ പോട്ടെ. (ഒന്നു സംശയിച്ച്) അന്നു ഞാൻ ഒരു പുസ്തകത്തിന്റെ കാര്യം പറഞ്ഞിരുന്നുവല്ലൊ. അതു മുക്കാലും എഴുതിക്കഴിഞ്ഞു. സോഷ്യലിസം മുഴുവനും കള്ളത്തരമാണ്. അതിന്റെ ധനശാസ്ത്രം അശാസ്ത്രീയമാണ്. റഷ്യയിൽ തൊഴിലില്ലായ്മയെ നശിപ്പിച്ചുവെന്നു പറയുന്നതു ഒരു മുഴുത്ത നുണ മാത്രമാണ്; എന്നൊക്കെയാണ് അതിലെ രത്നച്ചുരുക്കം. അതൊക്കെ എന്തായാലും, അത് അച്ചടിക്കേണ്ട കാര്യമാണ് ഒരു വിഷമപ്രശ്നം. താങ്കളെപ്പോലെ ഉള്ളവരുടെ ഔദാര്യത്തിന്മേലാണ് അതിന്റെ വിജയം.
മുതലാളി:
ആട്ടെ, എന്തുവേണ്ടി വരും? ആട്ടെ ഏതായാലും, ദേവി, ഒരു നൂറിന്റെ എടുത്തു കൊടുക്കു. (ഭാര്യ സ്നേഹിതന്നു നോട്ടു കൊടുക്കുന്നു.)
സ്നേഹിതൻ:
തേങ്ക്സ്. (Thanks) (ഇൻസ്പെക്ടർ പ്രവേശിക്കുന്നു)
മുതലാളി:
ഗുഡീവിനിങ്ങ്, ഇരിക്കൂ.
ഭാര്യ:
ഗോപാലാ ചായ കുറച്ചു കൂടി കൊണ്ടുവാ, (ഗോപാലൻ ചായ കൊണ്ടുവന്നു മേശപ്പുറത്തു വെക്കുന്നു. ഭാര്യ ചായ പകർന്നു കൊടുക്കുന്നു.)
സ്നേഹിതൻ:
ഞാൻ ഒരു കോപ്പ കൂടി കഴിച്ചുകളയാം. (എല്ലാവരും ചായ കുടിക്കുന്നു.)
ഇൻസ്പെക്ടർ:
വിശേഷിച്ചൊന്നും ഉണ്ടായിട്ടില്ലല്ലോ.
മുതലാളി:
ഈ പണിമുടക്കങ്ങളുടെ കാര്യത്തെപ്പറ്റി ഒന്നു പറയാമെന്നു വിചാരിച്ചു.
ഇൻസ്പെക്ടർ:
കള്ളൻ കുഞ്ഞാലനെ ഞാനാണ് പിടിച്ചത്. അതിന് ഒരു പണിയുമുണ്ടായില്ല. എന്നാൽ ഈ കുരുത്തം കെട്ട കൂട്ടരെകൊണ്ടു വലഞ്ഞു. അറസ്റ്റ് ചെയ്യാനാണെങ്കിൽ അതിനു പ്രതിഷേധപ്രമേയം, ടൌൺഹാളിൽ മീറ്റിങ്ങ്, ഘോഷയാത്ര ഇങ്ക്വിലാബ് സിന്ദാബാദ്.
മുതലാളി:
ആട്ടെ, ഇൻപെക്ടർ എന്തെങ്കിലും ഒരു വഴിയുണ്ടാക്കണം. (ഒരു പൊതി കൊടുക്കുന്നു)
സ്നേഹിതൻ:
എന്റെ അഭിപ്രായത്തിൽ അതു വളരെ ആലോചിച്ചു ചെയ്യേണ്ടതാണ്. തൽക്കാലം പ്രധാനപ്പെട്ട പ്രവർത്തകന്മാർക്കെല്ലാം ഓരോ 144 കൊടുത്താൽ കുറച്ചു ഭേദമുണ്ടാകും.
ഇൻസ്പെക്ടർ:
ഇനി എന്താ വേണ്ടത് എന്നാലോചിക്കയാണ്.
ഇൻസ്പെക്ടർ:
(ആലോചിച്ച്) ശരി, അതിനേർപ്പാടു ചെയ്യാം.
മുതലാളി:
എന്നാൽ ഇന്നു തന്നെ വേണം.
ഭാര്യ:
നിങ്ങളുടെ സഹായം കൊണ്ടാണ് ഞങ്ങൾക്കിങ്ങനെ ജീവിക്കുവാൻ സാധിക്കുന്നത്.
ഇൻസ്പെക്ടർ:
ഏയ്, അങ്ങനെയൊന്നും പറയാനില്ല. എന്റെ ഡ്യൂട്ടി ഞാൻ ശരിക്കു ചെയ്യുന്നു എന്നു മാത്രം.
സ്നേഹിതൻ:
‘കർമ്മണ്യേവാധികാരസ്തേ’
ഇൻസ്പെക്ടർ:
എന്നാൽ കുറച്ചു തിരക്കുണ്ട്. നാളെ കണ്ടുകൊള്ളാം. പത്താൾക്കു ഇന്നുതന്നെ 144; ഞാൻ പോട്ടെ. (സ്നേഹിതനും മുതലാളിയും—“ഗുഡ് ബൈ”.)
ഇൻസ്പെക്ടർ:
ഗുഡ്ബൈ (പോകുന്നു)
സ്നേഹിതൻ:
എന്നാൽ ഞാനും ഇറങ്ങിവരാം.
മുതലാളി:
ഗുഡ്ബൈ
സ്നേഹിതൻ:
ഗുഡ്ബൈ
ഭാര്യ:
(കടാക്ഷിച്ചിട്ട്) നാളെ വൈകിട്ടു കാണുമല്ലൊ?
സ്നേഹിതൻ:
യസ്, സേർട്ടൺലി
ഭാര്യ:
എന്നാ നാളെ വരുമ്പൊ ആ പ്രേമമഞ്ജരികൂടി ഒന്നു കൊണ്ടുവരണേ (സ്നേഹിതൻ പോകുന്നു)

(മുതലാളിയും ഭാര്യയും ദീർഘശ്വാസം വിടുന്നു.

കിട്ടുണ്ണി പ്രവേശിക്കുന്നു.)

കിട്ടുണ്ണി:
(താണു തൊഴുതുകൊണ്ടു) യജമാനനേ ഒരുപകാരം ചെയ്യണം. വീട്ടിൽ ഇന്നുപട്ടിണിയാണ്. ഒരുറുപ്പിക തരണം.
മുതലാളി:
ആരാത്? കേളുവോ? പണം കൊണ്ടുന്നിട്ടുണ്ടൊ?
കിട്ടുണ്ണി:
കേളു അല്ല, കിട്ടുണ്ണിയാണ്. ഒരുറുപ്പിക തരണം.
മുതലാളി:
(ദേഷ്യപ്പെട്ടു നോക്കിക്കൊണ്ട്) ഉറുപ്പികയോ? ഉറുപ്പിക വേണോ? ദേവീ, ഉറുപ്പിക വേണം പോലും! (കിട്ടുണ്ണിയോട്) പോയാട്ടെ കടന്ന്? ബ്ളഡീ ബെഗ്ഗെഴ്സ്.
കിട്ടുണ്ണി:
യജമാനനേ, യജമാനന്റെ കുട്ടിയെപ്പോലുള്ള എന്റെ ബാലൻ ഇന്നു പട്ടിണി കിടക്കുകയാണ്. വല്ലതും തരണം, ഒരു നാലണയെങ്കിലും തരണം.
ഭാര്യ:
അസ്സലായി. എന്തെടാ പറഞ്ഞത്? എന്റെ കുട്ടി നിന്റെ ചെക്കനേപ്പോലെയാണെന്നൊ. പോ പടിയ്ക്ക് പുറത്ത്.
കിട്ടുണ്ണി:
അയ്യോ, അമ്മേ! ഞാനങ്ങനെയൊന്നും പറഞ്ഞിട്ടില്ല. വീട്ടിൽ എന്റെ അമ്മയും അനുജനും പട്ടിണി കിടക്കുകയാണ് എന്നു മാത്രമേ പറഞ്ഞുള്ളു; വല്ലതും തരണം!
ഭാര്യ:
ഇവിടെ പണം കായ്ക്കുന്ന മരൊന്നൂല്ല കടന്നു പോയാട്ടെ.

(മുതലാളി ഒന്നും കേട്ടില്ലെന്നു നടിച്ചുകൊണ്ടു നോട്ടെണ്ണൽ അവസാനിപ്പിച്ച് ഉറുപ്പിക എണ്ണാൻ തുടങ്ങുന്നു.)

കിട്ടുണ്ണി:
എന്തെങ്കിലും ഒരു ദയ കാണിക്കണം.
ഭാര്യ:
ദയ! കടന്നുപോവാന പറഞ്ഞത്!.
കിട്ടുണ്ണി:
യജമാനനേ, നാലണയെങ്കിലും തരണം. കടമായിട്ടു തന്നാൽ മതി. വരുന്നാഴ്ചയിൽ മടക്കിത്തന്നുകൊള്ളാം.
മുതലാളി:
(കണ്ണടയിലൂടെ നോക്കിക്കൊണ്ട്) എടാ പിച്ചക്കാർക്കു കടം കൊടുക്കാൻ ഞാൻ ഒരു പൊണ്ണനാണെന്നു വിചാരിച്ചുവോ?
കിട്ടുണ്ണി:
യജമാനനേ, ഞാനൊരു പിച്ചക്കാരനല്ല. മില്ലിൽ പ്രവൃത്തിയെടുക്കുന്ന ഒരേഴയാണ്.
മുതലാളി:
സ്ട്രൈക്കു ചെയ്താൽ അങ്ങിനെയാണ്.
കിട്ടുണ്ണി:
എന്റെ കമ്പിനിയിൽ സ്ട്രൈക്കുണ്ടായിട്ടില്ല.
മുതലാളി:
അതൊന്നും എനിക്കു കേൾക്കണ്ട. പൊയ്ക്കോളു.
ഭാര്യ:
കൈയിൽ രണ്ടു കാശുണ്ടാവുമ്പോഴേക്കും തുടങ്ങി, ഭിക്ഷക്കാരേക്കൊണ്ടുള്ള ശല്യം.
കിട്ടുണ്ണി:
പരോപകാരം ചെയ്യുന്നവർക്കു മാത്രമേ ഗുണമുണ്ടാവുള്ളു.
മുതലാളി:
എടാ! ഞങ്ങളെ പഠിപ്പിക്കാനാണോ വന്നിട്ടുള്ളത്. പരോപകാരം! പണിയെടുത്തു സമ്പാദിക്കണം. പിന്നെ കുറച്ചു ഭാഗ്യവും വേണം. മറ്റുള്ളവരുടെ ഉപകാരം കൊണ്ടാണ് എനിക്കു ഭാഗ്യമുണ്ടാവുന്നത്?
ഭാര്യ:
അപ്പൊഴെ, വല്ല പിച്ചക്കാരുമായി സൊള്ളിക്കൊണ്ടിരിക്കാൻ ഇവിടെ നേരമില്ല (കിട്ടുണ്ണിയോട്) കടന്നുപോ പുറത്ത്.
കിട്ടുണ്ണി:
എന്തെങ്കിലും…
മുതലാളി:
എന്തെങ്കിലും! ഒരു ചവിട്ടാണ് കിട്ടുക. ഓർമ്മവെച്ചോ. കടന്നു പോണ്ണ്ടോ പടിപ്പുറത്ത്? അതോ പറഞ്ഞയക്കണോ? ആരൂല്യേ അവിടെ? ഗോപാലാ-ഗോപാ-ലാ! ഇവനെ പിടിച്ചു പുറത്താക്ക്. ആ നായയെ ഇങ്ങ് അഴിച്ചുവിട്.
കിട്ടുണ്ണി:
അതു വേണ്ട, ഞാൻ പൊയ്ക്കോളാം. (തല താഴ്ത്തിക്കൊണ്ടു മെല്ലെ പോകുന്നു. മുതലാളിയും ഭാര്യയും ചിരിക്കുന്നു.)

-കർട്ടൻ

രംഗം 5
സ്ഥലം:
നിരത്ത്
സമയം:
വൈകുന്നേരം ഏകദേശം 6 മണി

കിട്ടുണ്ണി പ്രവേശിച്ച് (ആത്മഗതം)

നാലണ കടം കിട്ടാൻവേണ്ടി ഞാൻ നാലു വീട്ടിൽ ചെന്നിരുന്നു. ഉള്ളവർ ഇല്ലാത്തവർക്കു യാതൊരുപകാരവും ചെയ്യില്ല. ആട്ടെ, ഇനിയെന്താണ് വേണ്ടത്? എനിക്കു യാതൊന്നും തോന്നുന്നില്ല!… ഒരു ഭാഗത്തു നോട്ടും ഉറുപ്പികയും ആർക്കും ഉപയോഗമില്ലാതെ കൂമ്പാരമായി കിടക്കുന്നു!-മറു ഭാഗത്ത് കഞ്ഞിവെള്ളം കിട്ടാതെ ജനങ്ങൾ പട്ടിണികിടക്കുന്നു. ഒരു ഭാഗത്ത് യാതൊരു പണിയുമെടുക്കാത്ത മുതലാളികൾ സുഖിതന്മാരായി കൂത്താടുന്നു. മറുഭാഗത്ത് എല്ലു മുറിയെ പണിയെടുക്കുന്ന എന്നെപ്പോലുള്ളവർ പിച്ചതെണ്ടുന്നു! ഇതന്യായമാണ്! ഇതക്രമമാണ്… ആങ്ങ് വെറുങ്കയ്യോടുകൂടി ഞാനെങ്ങിനെയാണ് മടങ്ങിച്ചെല്ലുക? ഞാനെന്തെങ്കിലും കൊണ്ടുവരുമെന്നു വിചാരിച്ചു അവർ കാത്തിരിക്കുന്നുണ്ടാവും. ഒന്നുമില്ലാതെ മടങ്ങിച്ചെന്ന്… ഹാ, ബാലൻ!… ബാലന്റെ വാടിയമുഖത്തേക്കു ഞാനെങ്ങിനെ നോക്കും? ഹൈ! അതു വയ്യാ… അപ്പോൾ ഞാനിനി എന്താണ് ചെയ്യേണ്ടത്? ഉള്ളവരാരും തരുന്നില്ല. അമ്മ… എന്റെ അമ്മ—രണ്ടു ദിവസമായി പട്ടിണി കിടക്കുകയാണ്…

ഒരു നിവൃത്തിയുണ്ട്; ഒരൊറ്റ നിവൃർത്തി. പക്ഷേ, അതെനിയ്ക്കു ധൈര്യം തോന്നുന്നില്ല. ഇന്നേവരെ ഞാനാരുടെയും മോഷ്ടിച്ചിട്ടില്ല. ഇന്നു… ഞാൻ യാതൊന്നും കൊണ്ടുചെല്ലാഞ്ഞാൽ അവരുടെ സ്ഥിതിയെന്താവും? അതു വിചാരിയ്ക്കാൻ വയ്യ!… അല്ല മോഷ്ടിച്ചാലെന്താ? അതേ നിവൃത്തിയുള്ളു. ആരും തരില്ലെങ്കിൽ മോഷ്ടിക്കതന്നെ. ഒരു കുടുംബത്തെ മുഴുവനും പട്ടിണി കിടത്തുന്നതിലും ഭേദം ഒരു കള്ളനാവുകയാണ്… ആയ്, വയ്യ, അതു വയ്യ… എന്തു തന്നെയായാലും ഞാനതു ചെയ്യില്ല, ഞാൻ കക്കില്ല!… അപ്പോ… ആട്ടെ, അത്തൻകുട്ടിയുടെ പീടികയിൽത്തന്നെ ഒന്നു പോയി നോക്കട്ടെ.

(പോകുന്നു)

-കർട്ടൻ

രംഗം 6

സ്ഥലം: അത്തൻകുട്ടിയുടെ പീടിക

സമയം: സന്ധ്യ

(അത്തൻക്കുട്ടി വിളക്കിന്റെ കുപ്പി തുടച്ചു നന്നാക്കുന്നു. ഒന്നു രണ്ടാൾ സാമാനം വാങ്ങാൻ വന്നു നിൽക്കുന്നു.)

ഒരാൾ:
അരക്കായിന് കാസ്രട്ട്, അരക്കായിനുപ്പ്, ബാക്കീക്ക് തിന്നാനും.
മറ്റൊരാൾ:
ഇരുന്നായി ബല്യാരി, ഒന്നരക്കായിനിപ്പ്, ഒയക്കെണ്ണ, ഒരു കായിനരക്കാനും തരാൻ പറഞ്ഞു.
അത്തൻ:
തരാനുള്ള കായ് തന്നയിച്ചിട്ട്ണ്ടൊ?
വന്നയാൾ:
ഞായറാഴ്ച തന്നായ്ക്കാന്നാപറഞ്ഞത്.
ആദ്യത്തെയാൾ:
നേരം മോന്ത്യായി, ബേം വേണം.

(അത്തൻകുട്ടി വിളക്ക് കത്തിച്ച് തൂക്കുന്നു. ആദ്യത്തെയാൾക്ക് ഓരോ സാമാനം കൊടുക്കുന്നു.)

അത്തൻ:
അരക്കായിന്പ്പ്, അരക്കായിന് കാസ്രട്ടും, പിന്നെ?
ആദ്യത്തെയാൾ:
ബാക്കിക്ക് തിന്നാനും.
മറ്റേയാൾ:
ബേം തന്നാട്ടെ, നേരം പോയ്.
അത്തൻ:
കായ്കൊണ്ട്രി—കടം തരാനൊക്കൂല.
മറ്റേയാൾ:
നേരം മോന്ത്യായി, ഞായറാഴ്ച തീർത്തുതരാന്നാ ബാപ്പ പറഞ്ഞയച്ചത്.
അത്തൻ:
ഞായറാഴ്ച തരണ്? യ്യ് കൊണ്ട്ന്ന് തര്ാേ?
മറ്റേയാൾ:
ആ-ന്ന്; ഞാൻ തീർത്തുതന്നോളാം.

(അത്തൻകുട്ടി അയാൾക്കും സാമാനം കൊടുക്കുന്നു. കിട്ടുണ്ണി പ്രവേശിക്കുന്നു.)

അത്തൻ:
ആരാത്. കിട്ടുണ്യാരല്ലെ—കായൊത്ത്വോ?
കിട്ടുണ്ണി:
കാശൊന്നും ഒത്തില്ലെടോ—വല്ലാത്ത തിരിച്ചില്. ഈ ആഴ്ചലെക്കൂല്യാണെങ്കിൽ മുഴോൻ കിട്ടീല്ല. കിട്ട്യേത്ന്നെ മുഴോനാവേം ചെയ്തു. ഒരൊറ്റ കാശില്ല കയ്യില്. വരണ ശനിയാഴ്ച തീർത്തു തരാം. അമാന്തം വരില്ല.
അത്തൻ:
എത്ര ശന്യാഴ്ച ബന്നു. എത്ര ശന്യാഴ്ച പോയി? ഇദിന് ബല്ല അറദീണ്ടോ നായരേ? കാക്കാലിച്ചുറുപ്പ്യേങ്കിലും ആയ്ചേല് തന്നെങ്കി ഞമ്മന്റെ കായ് തീർന്നില്ല്യേന്ന്?
കിട്ടുണ്ണി:
എടോ, അത്തൻകുട്ടി, മേടിച്ച കാശ് തരണ്ടാന്ന് ആർക്കെങ്കിലും ണ്ടാവോ്? (ഒന്നുകൂടി അരികിലേക്കു പറ്റിച്ചേർന്നു) എടോ ഇന്ന് വീട്ടിലാണെങ്കിൽ അടുപ്പിൽ തീക്കൂട്ടീട്ടില്ല. ഇന്നു ഒരുപടി ദിക്കിലൊക്കെ പോയി നോക്കി. ഒരു മണി അരിയും കിട്ടിയില്ല. എന്താണ് വേണ്ടതെന്ന് യാതൊരു പിടുത്തവും ഇല്ല. അത് കൊണ്ടാണ് ഞാനിങ്ങ്ട് എറങ്ങിയത്; താനെന്തെങ്കിലും ഒരു സഹായം-
അത്തൻ:
ഞമ്മന്റെ കയ്യിലൊന്നൂല്യ. തരാനുള്ളതു ആരും തരാഞ്ഞാപ്പിന്നെ, കുടീന്ന്കൊണ്ടോ്ന്നു കച്ചോടം ചെയ്യാൻ ഞമ്മന്റെ കയ്യിലില്ല.
കിട്ടുണ്ണി:
ഒരു സേറരി മതി-ന്നേയ്ക്കു മാത്രം നാളേക്കെന്തെങ്കിലും ഞാൻ വഴീണ്ടാക്കികൊള്ളാം.
അത്തൻ:
ങ്ങ്ള്ബൈ നോക്ക്യാലും ഇല്ലെങ്കിലും ഞമ്മനെക്കൊണ്ടാവില്ല. ഞമ്മക്ക്ത്ര മുന്ത്യ കച്ചോടൊന്നൂല്യ.
കിട്ടുണ്ണി:
യാതൊരു നിവൃത്തിയുമില്ലാഞ്ഞിട്ടാണത്തങ്കുട്ടി! നാലഞ്ചു വയസ്സായ ഒരു ചെക്കനുണ്ട്. ഓനുകൂടി ഒന്നും കൊടുത്തിട്ടില്ല. അര സേറരിയെങ്കിലും തരണം.
അത്തൻ:
അരസേറിന്റേം, കാസ്സേറിന്റേം കാര്യം പറയാണ്ടെ. കായെട്ത്താണി. ആ്.
കിട്ടുണ്ണി:
കാശ് കയ്യിലിണ്ടെങ്കിൽ ത്രെങ്ങും പറേണ്ടാടോ—ഇന്നത്തേംകൂടി ക്ഷമിക്കൂ. നാളെ തരാനുള്ളതൊക്കെതരാം.
അത്തൻ:
ന്നാ, നാളെ ഞമ്മളരീം തരാം. (അത്തൻകുട്ടി സാമാനങ്ങളെടുക്കുവാൻ പോകുന്നു—ആ തഞ്ചത്തിൽ കിട്ടുണ്ണി അരി മോഷ്ടിച്ചെടുക്കുന്നു—അത്തൻകുട്ടി കണ്ടുപിടിക്കുന്നു—കശപിശയാവുന്നു. ഒന്നു രണ്ടാളുകൾ ഓടിയെത്തുന്നു. കിട്ടുണ്ണിയെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നു.)

-കർട്ടൻ

രംഗം 7

(സ്ഥലം: പോലീസ് സ്റ്റേഷൻ-സബ്ബ് ഇൻസ്പെക്ടരുടെ ആപ്പീസ്—സമയം രാവിലെ 11 മണി.)

(സബ്ബ് ഇൻസ്പെക്ടർ ഒരു തൊപ്പിയും ചൂരലും കുറെ കടലാസിൻകെട്ടും വെച്ചിട്ടുള്ള ഒരു മേശക്കു മുമ്പിൽ ഒരു കസാലയിലിരുന്നു എന്തോ ചില കടലാസുകൾ തിരിച്ചും മറിച്ചും നോക്കിക്കൊണ്ടിരുന്നു. മുമ്പിൽ കിട്ടുണ്ണി തലതാഴ്ത്തി നിൽക്കുന്നു. അടുത്ത് രണ്ട് പോലീസുകാരുമുണ്ട്)

സബ്ബ് ഇൻസ്പെക്ടർ:
അപ്പോൾ താനെന്തിനു വേണ്ടീട്ടെ ആ പീടികയിൽ പോയതെന്നേ പറഞ്ഞത്? അരി എടുക്കാനോ?
കിട്ടുണ്ണി:
(തലതാഴ്ത്തിക്കൊണ്ടുതന്നെ) അതെ.
സബ്ബ് ഇൻസ്പെക്ടർ:
അരിയെടുക്കാൻ മാത്രമായിട്ടാണൊ ആ പീടികയിൽ കയറിച്ചെന്നത്?
കിട്ടുണ്ണി:
അതെ, യജമാന്നെ, അരിയെടുക്കാൻ മാത്രം. ഒരു നേരത്തെ ഭക്ഷണത്തിന്നുള്ള അരിയെടുക്കാൻ മാത്രം.
സബ്ബ് ഇൻസ്പെക്ടർ:
ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി പീടികയിൽ കടന്നു വല്ലവരും കക്കാറുണ്ടോ?
കിട്ടുണ്ണി:
(നിശ്ശബ്ദമായി നിൽക്കുന്നു)
സബ്ബ് ഇൻസ്പെക്ടർ:
എന്താ മിണ്ടാത്തതെടാ? ഏ? ചോദിച്ചതിന്നുത്തരം പറയില്ലേ? എടാ കഴുതേ, പറയിക്കാനിവിടെ അറിയാമെന്നറിഞ്ഞുകൂടെ?
കിട്ടുണ്ണി:
ഞാൻ വേറെ ഒന്നിനുമായിട്ടല്ല അവിടെ പോയത്. രണ്ടു ദിവസമായ് എന്റെ കുടുംബം മുഴുവൻ പട്ടിണി കിടക്കുകയായിരുന്നു.
സബ്ബ് ഇൻസ്പെക്ടർ:
ഹ! ഹ! പട്ടിണി തീർക്കാൻ നല്ല വഴി, പുതിയ കണ്ടുപിടുത്തമാണല്ലേ? എടാ-എത്ര കാലമായി ഈ സൂത്രം കണ്ടുപിടിച്ചിട്ട്? ഇതാണ് വിദ്യ അല്ലെ? അപ്പോൾ നീ ഞങ്ങൾക്കു പരിചയപ്പെട്ടോനാവണല്ലൊ? ഇതെത്രാമത്തെ തവണയാണ്? 856 bring that diary here. ആ ഡയറി ഇങ്ങെട്ടെടുക്കടോ. (856 ഡയറി കൊണ്ടുവരുന്നു. ഇൻസ്പെക്ടർ ഡയറി പരിശോധിച്ച് അശ്രദ്ധമായി മേശപ്പുറത്തിടുന്നു.)
സബ്ബ് ഇൻസ്പെക്ടർ:
എന്താ നീ പറഞ്ഞു? ഇതാദ്യത്തെ തവണയാണെന്നോ? ആദ്യമായി ഒരു പട്ടിണി വന്നു, ആദ്യമായി കട്ടു, ആദ്യമായി പിടിച്ചു, അല്ലേ?
കിട്ടുണ്ണി:
അതെ, എജമാന്നേ, ഞാൻ ഇതുവരെ കട്ടിട്ടില്ല. എനിക്ക് കക്കണന്നൂല്ല്യ. കുടുംബത്തിൽ തള്ളയും കുട്ടികളും പട്ടിണികിടന്നു കഷ്ടപ്പെടുന്നത് കണ്ടപ്പോൾ എന്താണ് ചെയ്യേണ്ടതെന്നറിഞ്ഞൂടാണ്ടെ ചെയ്തതാണ്. വേറെ ഒരു വഴിയും കാണാഞ്ഞ് ചെയ്തതാണ്. അല്ലാതെ ഞാനൊര് കള്ളനല്ല. ഞാനൊരു മര്യാദകേടും കാണിക്കാറുമില്ല.
സബ്ബ് ഇൻസ്പെക്ടർ:
എടാ, നീ ഹരിശ്ചന്ദ്രനേപ്പോലെ സംസാരിക്കുന്നുവല്ലൊ-കാട്ടുകള്ളാ, നീ മര്യാദക്കേടു് കാണിച്ചിട്ടില്ലത്രെ-എന്റെ കണ്ണിലാടാ പൊടിയിടാൻ ഭാവം. നീ വലിയൊരു തല്ലുകാരനാണെന്നു കേട്ടിട്ടുണ്ടല്ലോ. ഏ-അന്നൊരിക്കേ പാട്ടബാക്കി ചോദിച്ചപ്പോ ആ മനക്കലെ കാര്യസ്ഥനെ നീ അടിച്ചില്ലെ? ഇല്ലേ?-ഏ ഇല്ലെടാ?
കിട്ടുണ്ണി:
ഞാനടിച്ചു, ആ രാമൻനായരെ ഞാനടിച്ചു. ഞാനാവ്ാണ്ടോർന്നു, വേറൊരാളാണെങ്കിൽ അയാളുടെ അഹമ്മതിക്കു അയാളെ കൊന്നു കളഞ്ഞേർന്നു.
സബ്ബ് ഇൻസ്പെക്ടർ:
പാട്ടബാക്കി ചോദിച്ചാൽ കൊല്ലാല്ലെ?
കിട്ടുണ്ണി:
പാട്ടബാക്കിക്കല്ല. എന്റെ സഹോദരിയെ അപമാനിച്ചതിന്ന്. തന്റെ സഹോദരിയെ പറ്റി തെമ്മാടിത്തം പറയുന്നത് കേട്ടുകൊണ്ടിരിക്കാൻ ആർക്കാണു സാധിക്കുക?
ഇൻസ്പെക്ടർ:
(ശുണ്ഠിയെടുത്തെഴുനേറ്റു്) നീയൊരു സത്യവാനും, അവളൊരു സാവിത്രിയും. പറടാ നേര് (കിട്ടുണ്ണിയെ അടിക്കുന്നു) 856, ഇവനെ ലോക്കപ്പിൽ വെക്കെടോ. നേരു പറയില്ലെങ്കിൽ പറയിക്കണം.

-കർട്ടൻ

രംഗം 8

സ്ഥലം—അതേ പഴകി ദ്രവിച്ച വീട്

സമയം—രാവിലെ

(കുഞ്ഞിമാളു മുറ്റമടിക്കുന്നു-രാമൻനായർ പ്രവേശിക്കുന്നു. കുഞ്ഞിമാളുവിനെ അവളറിയാതെ കുറച്ചുനേരം നോക്കിനിൽക്കുന്നു.)

രാമൻനായർ:
മനയ്ക്കിന്നു പഞ്ഞയച്ചിട്ടുവര്ണേത്. എന്താ കാട്ട്ാ
കുഞ്ഞിമാളു:
ആങ്ങ് രാമൻനായരോ!
രാമൻനായർ:
അങ്ങിനെയാണ് അവിടുത്തെ സ്വഭാവം. ഇന്നപ്പോ ഇന്നത് പറഞ്ഞയ്ക്കാ അങ്ങിനെയില്ല അവിടേക്ക്.
കുഞ്ഞിമാളു:
(പെട്ടെന്നു തിരിഞ്ഞു നോക്കിയിട്ട്) എന്താ രാമൻനായര് പോന്ന്?
രാമൻനായർ:
ഒന്നൂണ്ടായിട്ടില്ല, അന്നത്തെ പാട്ടബാക്കിയ്ക്ക് ഒരു ലക്ഷ്യംതന്നിരുന്നൂലോ, അതിന്റെ ഒന്നു ചോദിക്കണം എന്നു വെച്ചിട്ടേത്. അമ്മ എവിടെ?
കുഞ്ഞിമാളു:
അമ്മ കുളിക്കാൻ പോയിരിക്ക്ാ

(കുറച്ചുനേരം നിശ്ശബ്ദത.)

രാമൻനായർ:
കറച്ചു നേരായ്യോ പോയിട്ട്?
കുഞ്ഞിമാളു:
കുറച്ചുനേരായി.
രാമൻനായർ:
ഇത്ര നേർത്തെ ഒറ്റക്ക് കുളിക്കാൻ പോവ്വോ.
കുഞ്ഞിമാളു:
അല്ല. ബാലനും കൂടെ പോയിട്ടുണ്ട്.

(രാമൻനായർ സന്തോഷവും പരിഭ്രമവും നടിച്ചുകൊണ്ട്)

രാമൻനായർ:
അപ്പോ നിങ്ങൾ മാത്രേള്ളു ഇവിടെ?
കുഞ്ഞിമാളു:
അതേ (വീണ്ടും മുറ്റമടിക്കുന്നു)

(കുറച്ചുനേരം നിശ്ശബ്ദത)

രാമൻനായർ:
ആട്ടെ, നിങ്ങൾക്കും അറിയാലോ, ആ പണം വല്ലതും ഒതിക്കിയിട്ടുണ്ടൊ?
കുഞ്ഞിമാളു:
രാമൻനായരെ, നിങ്ങൾക്കറിഞ്ഞൂടെ ഞങ്ങളുടെ സ്ഥിതിയൊക്കെ? ഏട്ടൻ കണ്ണൂര് ജയിലിലാണ്. വാസ്തവത്തിൽ ഞങ്ങൾക്കു വേണ്ടിയാണ്, ഏട്ടൻ-
രാമൻനായർ:
അതൊന്നുമല്ല കുഞ്ഞിമാളോമ്മേ, ഞാൻ പറയുമ്പോ ഒക്കെ നിങ്ങടെ തരക്കേടാ, നിങ്ങൾ വിചാരിച്ചാൽ ഒക്കെ നേര്ായേർന്നു.
കുഞ്ഞിമാളു:
ഞാൻ വിചാര്ച്ചാലെങ്ങ്നാ നേരെയാവ്ാ, പാട്ടോം കടോം മറ്റും വീട്ടാൻ എന്നെക്കൊണ്ട് സാധിയ്ക്കോ?
രാമൻനായർ:
സാധിക്കും. അതൊക്കെപ്പോട്ടെ. കഴിഞ്ഞതിനെപ്പറ്റി പറഞ്ഞിട്ട് കാര്യല്ല്യാലോ, (കുറച്ചു നേരം നിശ്ശബ്ദത—കുഞ്ഞിമാളു വീണ്ടും മുറ്റമടിക്കാൻ ഭാവിക്കുന്നു.)
രാമൻനായർ:
കുഞ്ഞിമാളോമ്മേ, നിങ്ങളെന്നെ വേണ്ടപോലെ മനസ്സിലാക്കീട്ടില്ല. നിങ്ങളുടെ കഷ്ടപ്പാടു കാണുമ്പോ എനിക്കെത്ര സങ്കടം തോന്നാറുണ്ടെന്നു നിശ്ചയണ്ടോ?
കുഞ്ഞിമാളു:
എന്നിട്ടാണോ ഞങ്ങൾക്കിത്ര കഷ്ടപ്പാട്; അന്നു നിങ്ങള് കൊറച്ചു ദയ വിചാരിച്ചെങ്കിൽ.
രാമൻനായർ:
ഞാനെന്താ ചെയ്യ്ാ, അവടേയ്ക്കാക്കെ ഒരു വാശിയാണ്. പിന്നെ അതിനു നിങ്ങളും കൂടി അല്പം വിചാരിക്കണ്ടെ (കടക്കണ്ണിട്ടു മുഖത്തേക്കു നോക്കുന്നു) ഉള്ളതു പറയാലൊ കുഞ്ഞിമാളോമ്മേ. നോക്കിൻ. എനിയ്ക്ക്ങ്ങള്ന്ന് വെച്ചാൽ … ല്ലെങ്കിൽ എത്രയോ മുമ്പ് നിങ്ങളെ ഇവിടന്നു പറഞ്ഞയച്ചേർന്നു.
കുഞ്ഞിമാളു:
(രാമൻനായരുടെ സംസാരത്തിലെ സൂചന അറിഞ്ഞ്) ഇതൊക്കെ എന്തിന് എന്നോടു പറേണ് രാമൻനായരെ, എനിക്കിതൊന്നുംകേക്കണ്ട.
രാമൻനായർ:
അങ്ങിനെയല്ല, കുഞ്ഞിമാളോമ്മേ, പരമാർത്ഥമായിട്ടു എനിക്കു നിങ്ങളെ വിചാരിച്ചു ഉറക്കം വരാറില്ല. നിങ്ങടെ കണ്ണിന്…
കുഞ്ഞിമാളു:
രാമൻനായരെ, അമ്മ ഇപ്പൊ കുളിച്ചുവരും. എനിക്ക് പണിയുണ്ട്. (പോകാൻ ഭാവിക്കുന്നു)
രാമൻനായർ:
(തടുത്തു) അങ്ങിനെ അങ്ങട്ട്പോയാൽ മതിയായില്ല. അമ്മ വരുന്നതിന്നു മുമ്പ്ന്നേ എനിക്കു നിങ്ങളോടു ചിലതു പറയാന്ണ്ട്.
കുഞ്ഞിമാളു:
എന്താണ്? പറയിൻ.
രാമൻനായർ:
അത് ഞാൻപറേണൊ?
കുഞ്ഞിമാളു:
എനിക്കു മനസ്സിലാവ്ണ്ല്ല ്യ നിങ്ങള് പറയുന്നതിന്റെ അർത്ഥം എനിക്കു മനസ്സിലാവ്ണില്ല്യ.
രാമൻനായർ:
മനസ്സിലാവ്ണ്ല്ല ്യ? എന്തിനാ ഇതൊക്കെ പറേണ്. നടക്കു, അമ്മ ഇപ്പോൾ കുളിച്ചുവരും. (കുഞ്ഞിമാളുവിനെ തൊടുവാനടുക്കുന്നു)
കുഞ്ഞിമാളു:
ഛീ! വിട്ടുനിന്നു സംസാരിക്കിൻ, ഇതെന്ത് മര്യാദയാണ്?
രാമൻനായർ:
പെണ്ണുങ്ങ്ടെ മര്യാദയൊക്കെ എനിക്കറിയാം. അതൊക്കെപ്പോട്ടെ, കുഞ്ഞിമാളോമ്മേ, രാമൻനായരുടെ അടുത്തെന്തിനാ ഈ നാട്യങ്ങളൊക്കെ (കൈ പിടിക്കുന്നു.)
കുഞ്ഞിമാളു:
(കൈ കൊതറി വിടുവിച്ചു) കടന്നു പോവിൻ നായരെ!
രാമൻനായർ:
അത് പോട്ടെ, ഞ്ഞിപ്പോ പെണ്ണേ! അത് പോട്ടെ ഞ്ഞിപ്പോ, നിന്നെപ്പോലെ ഒരായിരം പെണ്ണുങ്ങളെ കണ്ടിട്ടുണ്ടെടീയ് രാമൻ നായര് (പിടിയ്ക്കാൻ ചെല്ലുന്നു)
കുഞ്ഞിമാളു:
അരുത് നില്ക്കവിടെ, ഹും! തെമ്മാടിത്തം കാണിക്കുന്നു! ചോദിക്കാനാളില്ലെന്നാണോ വിചാരിച്ചത്.
രാമൻനായർ:
ആരാണ്ട്യേയ്. രാമൻനായരോടു ചോദിക്കാൻ? ഒന്നു കാണട്ടെ, (വീണ്ടും പിടിയ്ക്കാനടുക്കുന്നു)
കുഞ്ഞിമാളു:
അരുതെന്നല്ലെ പറഞ്ഞത്. ഓർമ്മവെച്ചോളൂ രാമൻനായരെ, ഇനി ഒരടി മുമ്പോട്ടു വെച്ചാൽ ഈ ചൂലാണ് നിങ്ങളുടെ മുഖത്ത്. കരുതിക്കളിച്ചാൽ മതി.
രാമൻനായർ:
നിനക്കുണ്ടോടി അതിനുശ്ര്? എന്നാ ഒന്നു കാണട്ടെ, (രാമൻനായർ വീണ്ടും പിടിക്കാനടുക്കുന്നു—കുഞ്ഞിമാളു സഹിക്കാൻ വയ്യാത്ത ദേഷ്യത്തോടെ രാമൻനായരുടെ മുഖത്ത് ചൂലുകൊണ്ടടിക്കുന്നു. രാമൻനായർ കോപാകുലനായി കുഞ്ഞിമാളുവിനെ നോക്കിക്കൊണ്ടു നില്ക്കുന്നു.)
കുഞ്ഞിമാളു:
ഫൂ തെമ്മാടി, പോ പടിപ്പുറത്ത്, നാണല്ല്യ! മര്യാദേല്ല്യ! പ്രമാണിയാണത്രെ! പണക്കാരനാണത്രെ! തന്റെ പണോം പ്രമാണിത്തോം എനിക്കു പുല്ലാണ്. വെറും പുല്ല്. പോ പുറത്ത്.
രാമൻനായർ:
ഇതിനു സമാധാനം പറയാൻ എനിക്കറിയാം പക്ഷേ, നീയ്യൊരു പെണ്ണൊരുത്തിയായിപ്പോയി. അല്ലെങ്കിൽ കാട്ടിത്തന്നേനേ,
കുഞ്ഞിമാളു:
ഇതിലധികം തനിക്കെന്താ കാട്ടാനുള്ളത്. പാട്ടബാക്കിയെന്നും പറഞ്ഞു ഞങ്ങളുടെ മുതലൊക്കെ തട്ടിപ്പറിച്ചു ഞങ്ങളെ പട്ടിണിയിട്ടു കൊല്ലാറാക്കി. എന്നെ അവമാനിക്കാൻ പുറപ്പെട്ടു-നായ്-നീചാ-തനിക്കെന്താ ഇതിലേറെ കാണിക്കാനുള്ളത്.
രാമൻനായർ:
നോക്കിക്കോ പെണ്ണേ, ഇന്നു നീ എന്നെ അടിച്ചോടിച്ചു. നാളെ ഞാൻ നിന്നേയും അടിച്ചോടിക്കും. ഓർമ്മ വെച്ചോ (പോകുന്നു)
കുഞ്ഞിമാളു:
വാ! നിന്റെ പ്രമാണിത്തോം കൊണ്ടു. വാ കാട്ടിത്തരാം. ഇനി ഈ മുറ്റത്തു കാലെടുത്തു കുത്തുമ്പോ ഓർമ്മിച്ചോ, എന്നും ചൂല് പിടിയ്ക്കുന്ന കയ്യാന്ന്!

-കർട്ടൻ

രംഗം 9

(സ്ഥലം മുക്കാട്ടിരി മനയ്ക്കലെ പത്തായപ്പുരയിലെ ആഫീസ്മുറി. സമയം ഉച്ചതിരിഞ്ഞു 3 മണി. മനക്കലെ കാരണവർ അഫൻ നമ്പൂതിരി ഉച്ചക്കലെ ഉറക്കം കഴിഞ്ഞു ചാരുകസാലമേൽ ഇരിക്കുന്നു. കസാലക്കയ്യിന്മേൽ ഒരു വെള്ളരിക്കൻ പിച്ചളച്ചെല്ലം വെച്ചിട്ടുണ്ട്. കാര്യസ്ഥൻ രാമൻനായർ നാൾവഴിബുക്കുകളും റിക്കാർട്ടുകളും—സ്റ്റീൽപെൻ—മഷികുപ്പി മുതലായവയും നിറഞ്ഞുകിടക്കുന്ന മേശക്കരികിൽ വണക്കത്തോടെ നിൽക്കുന്നു. അയാളുടെ ചെവിയിൽ ഒരു പെൻസിലുമുണ്ട്.

ജന്മി:
(കോട്ടുവായിട്ടു മുറുക്കിക്കൊണ്ടു) അപ്പഴേ, രാമ, ഇന്നെത്രായി തീതീ? എട്ടൂസ്സേ, വരാത്തതിന്റെ നീരയേക്ക്യയ്.
രാമൻനായർ:
റാൻ, ഇന്നെട്ടാന്ത്യാ വ്ടോണ്ട്.
ജന്മി:
ഇന്നെട്ടാ അല്ലെ? കാർത്തിക അമ്മേടെ ചാത്തം, അന്നാണല്ലൊ വാരം തൊടങ്ങ്ാ. അപ്പൊ എത്രാന്ത്യാവും?
രാമൻനായർ:
ഇരിപത്തഞ്ചാംതീതി വാരപ്പഴേരി തൊടങ്ങും, വ്ടോണ്ട്.
ജന്മി:
അന്നേക്ക് വേണ്ട ഒരുക്കങ്ങളൊക്കെ ആയിട്ടില്ല്യെ? കുടിയാന്മാരേം പാട്ടക്കാരേം ഒക്കെ അറീച്ചിട്ട്ണ്ടലൊ? ഈയാണ്ടില് വാരം തന്ന അവീലായിട്ട് പോരാന്ന്ണ്ട്. ഒന്നൂണ്ടായിട്ടല്ല. ഓത്തന്മാരും ആഢ്യന്മാരും ഒക്കെക്ഷ വരും. അതോണ്ട് ഈയാണ്ടിലെ എങ്ങന്ായാലും അത്ര ശ്രോന്നാക്ക്വയ്യ. എന്താ അങ്ങനെല്ലെ, രാമാ?
രാമൻനായർ:
റാൻ, അങ്ങന്യാവ്ടോണ്ട്. കുടിയാന്മാരോടൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷേ, ഇയാണ്ടില് പിരിവൊക്കെ മഹാമോശമാണ്. തരാനുള്ളോരാരും ഒന്നും തര്ണില്ല്യ. മിച്ചവാരം, പാട്ടം ഇതൊക്കെ ചോയിച്ചാതൊടങ്ങ്ായി, പട്ടണി ആണ്, അതാണ്, ഇതാണ് എന്നൊക്കെ, അവറ്റോള്ടെ കുറ്റല്ലാ. വ്ടോണ്ട്. നാളികേരത്തിന്നും നെല്ലിന്നും ഒന്നും വിലയില്ലാണ്ടായിരിക്കുന്നു. കാലക്ഷാമം.
ജന്മി:
അങ്ങന്ന്യാത്. കാലക്ഷാമത്തിന്റെ കഥയൊന്നും പറയാനില്ല. ന്ന്ച്ചിട്ട് വാരം ങ്ങ്ട്ട് വേണ്ടാക്ക്യേ? അത്ണ്ടാവില്ല്യട്ടോ, രാമാ, എന്റെ കാലം കഴിയ്യ്ളേം വാരം പൂരം ഇതൊക്കെ മൊടക്കാവില്ല്യ.
രാമൻനായർ:
വാരപ്പഴേരി മൊടക്കണംന്നല്ല അടിയൻ വിടകൊള്ള്ണ്. നികുതിതന്നെ കള്ളന്മാരടക്ക്ണ്ല്ല ്യ. ഒരാളും നികുതി മുഴുവൻ അടിച്ചിട്ടില്ല. പിന്ന്ല്ല്യെ പാട്ടം.
ജന്മി:
ചോദിയ്ക്കാന്നേള്ളു, ഇപ്പോ കള്ളന്മാർക്കും നികുതിണ്ടോ? ആഹാ! നിക്ത്യെന്നെ മുഴോനും അടച്ചിട്ടില്ല്യേ ആരും? ഒക്കെക്കയ്യീന്ന് അടക്കേണ്ടി വന്ന്വോ? കുടിയാന്മാരിങ്ങനെ നികുതി ബാക്കി വെച്ചാ വെഷമം തന്ന്യാ. അപ്പോ രാമാ, ഇന്യേത്തെക്കൊല്ലാ ഇവറ്റോളിങ്ങനെ ബാക്കി വയ്ക്കോ?
രാമൻനായർ:
ഇല്യാവിടോണ്ട്. അതിന്നു അടിയൻ പണിയെടുത്തിട്ടുണ്ട്. ഒക്കെ കൂട്ടുപട്ടയമാക്കാൻ ഹർജി കൊടുത്തിട്ടുണ്ട്. ഇനി നികുതി ബാക്കികൊണ്ടു നമുക്കു ബുദ്ധിമുട്ടേണ്ടി വരില്യവിടോണ്ട്.
ജന്മി:
അഹാ! അങ്ങനാല്ലേ? എന്നാ ഇനി നികുതി ബാക്കിക്കു വാറണ്ട് വര്ല്ല… വ്വോ? അതിശ്ശിപൊറുത്യായി. പിന്നെ ബാക്കി ആരും തന്ന് തീർക്കില്ലെങ്കിൽ ഒക്കേം കേസ്സ് കൊടുക്കാ. അതേ പറ്റൂ. ഒക്കെ കൊടുക്ക്ന്നെ. കിട്ട്വോന്ന് ഒന്നു നോക്കട്ടെ. ആ കിട്ടുണ്ണീടെ കൂട്ടത്തിൽ ഒക്കേം ഒഴിപ്പിക്കണം.
രാമൻനായർ:
റാൻ, അത്ന്നേ പറ്റൂ വിടോണ്ട്-ഹ്-കിട്ടുണ്യോ? അടിയനു അവറ്റകളെ വിചാരിക്കുമ്പോ വരണ ഒരു കലി! കള്ളന്മാര് ഒക്കേനീം നാട്ടീന്ന് തച്ചോടിക്കണം എന്നേ നാട് നേര്ാവൂ.
ജന്മി:
അവന്റെ കഥ നിരീയ്ക്ക്യാ ഞാനേയ്. ഇങ്ങ്നായീലോ! ഇത്ര കുരുത്തം കെട്ടൂലോ. അവന്റെ അമ്മാമൻ ആ കോന്തുണ്ടാർന്നുലോ! അവനും പാട്ടോം മിച്ചവാരോംന്നും തരില്യാച്ചാലും, കക്ക്ാ പൊളിപറ്ാ ഇതൊന്നും ഉണ്ടാർന്നില്ല. ഇപ്പോ അങ്ങനെല്ല്യാണ്ടായി. ഇന്നതേ പറയാവൂ. ഇന്നതേ കാട്ടാവൂ അങ്ങനെല്ല്യാണ്ടായ്, ഓ കലീടെ ഒര് ര് ര് ര് ര് ര്-എന്താ പറഞ്ഞ്-ഒര് വൈഭവം.
രാമൻനായർ:
തന്നേന്നെ, അവനു കിട്ടണ്ടത് കിട്ട്യോടണ്ട്. ആ കട്ടു കേസ്സില് ഓനെ ആറു മാസത്തിനു ശിക്ഷിച്ചു. കള്ളൻ. അവന്നു മതിയായിട്ടല്ല്യ. ആറുമാസം പോരാ. അന്നു പാട്ടബാക്കി ചോദിച്ചപ്പോ അടിയനായൊണ്ടു അടിച്ചില്ല. അടിയനെ തല്ലാൻ വന്നു. കുരുത്തം കെട്ടോൻ. അവനു ഇതല്ല, ഇതിലധികം പറ്റണം.
ജന്മി:
അങ്ങന്ന്യാത് കർമ്മഫലം അനുഭവിയ്ക്കാണ്ടിരിക്കില്ല. കൂടല്ലൂരെ കുഞ്ഞിക്കാവ്മ്പൂരിങ്ങ്നെ പറഞ്ഞുകേട്ടിട്ടുണ്ട്. അതിയായിട്ട് പുണ്യം ചെയ്താലും അതിയായിട്ടു പാപം ചെയ്താലും അതിന്റെ ഫലം ഇഹത്തിലെന്നെ അനുഭവിക്കും. അതാ ഇതൊക്കെയ്. കിട്ടുണ്ണീടെ കഥ പറഞ്ഞപ്പോ നിരീയ്ക്കാ അവറ്റെട കൂലിശ്ശീട്ട് റേസ്രാക്കിക്കഴിഞ്ഞില്ല്യേ? ശ്യാളായീലോ പറഞ്ഞെടങ്ങീട്ട്.
രാമൻനായർ:
റാൻ, അടിയൻ അതിനെപ്പറ്റി തിരുമനസ്സിലൊണർത്തിക്കാൻ തൊടങ്ങേർന്നോണ്ട്. അവറ്റ കൂലീശ്ശീട്ടെഴുതാൻ കൂട്ടാക്കുംന്ന് അടിയന്നു തോന്ന്ണ്ല്ല ്യ. പല തവണ ഇവറ്റോളോട് വിടോണ്ട് നോക്കി. കിട്ടുണ്ണി ജയിലിൽനിന്നു വരട്ടെ, എന്താ പറേണ്. ആ കള്ളൻ വിട്ടുവന്നു കൂലിശ്ശീട്ടെഴുതിത്തരുംന്ന് അടിയന്റെ പഴമനസ്സിൽ തോന്ന്ണില്ല്യ.
ജന്മി:
കൂലിശ്ശീട്ടെഴുതിത്തരില്ല്യേ? എന്നാ പെര ഒഴിഞ്ഞു തന്നേക്കട്ടെ-ആങ്-സംശല്ല്യ ഒഴിഞ്ഞു എങ്ങ്ട്ട്ാന്ന്വ്ച്ചാ കടന്ന് പൊയ്ക്കോട്ടെ.
രാമൻനായർ:
കൂലിശ്ശീട്ടിന്മേൽ തന്നെ ചെറ്റകളെ ആ പറമ്പിൽ ഇരുത്ത വയ്യാവ്ടോണ്ട്. ആ പറമ്പ് മുഴുവൻ നാനായ്ധാക്കിടക്ക്ണ് വ്ടോണ്ട്. ഒരൊറ്റ തെങ്ങ്മ്പക്കായി മനക്കലേക്ക് കിട്ടു്ണ്ല്യ. കഴിഞ്ഞ കേറ്റത്തിന്നു ഒരൊറ്റ മന്നിങ്ങ കിട്ടീട്ടില്ല.
ജന്മി:
ഒക്കെ കള്ളന്മാര് കൊണ്ടുപോവ്വാല്ല്യേ? നോട്ടക്കാരൻ ഇല്ല്യേ?
രാമൻനായർ:
അവൻ കഴിഞ്ഞ കേറ്റത്തിനു നോട്ടം ഒഴിഞ്ഞു. പറമ്പിൽ താമസിക്കുന്നവര് തെങ്ങിമ്മക്കായിട്ട് പറമ്പ് നശിപ്പിക്കാൻ തൊടങ്ങ്യാ നോട്ടക്കാരന് ഒരു പൊത്ത്ര്ത്തൂല്ല്യ.
ജന്മി:
അഹാ! ഒക്കേ അവറ്റേള്ഇട്ട്തിന്നോ? ചൊയിക്കാണ്ടെ? അതു പറ്റില്ല്യലോ.
രാമൻനായർ:
തിന്നാന്നന്നൂല്യ, ഒരു മന്നിങ്ങിട്ടു, അതിനൊക്കെ ഒരു മര്യാദേണ്ട്. അതല്ലലോ വ്ടോണ്ട്, തോന്ന്യോണ്ങ്ങ് തേങ്ങ്ടാ. രാത്രിയാ ആള്കള ്വരാ, തെങ്ങിമ്മക്കേറിതേങ്ങ്യാടാ-തിന്നാ-തോന്നിയതു കാട്ടാ-കൂത്തടിയ്ക്കാ. ഇതാണ് അവ്ടത്തെ വട്ടം. എല്ലാം അടിയന്നു വിട കൊള്ളാൻ വയ്യാ വ്ടോണ്ട്, ഒരു ജാതീല്ല്യ. മതോല്ല്യ. ഒന്നൂല്ല്യ-ഹായ് നാട്ടിനെ മുടിക്കാൻ തീർന്ന വക. ഒരാളെ പേടി വേണ്ടേ? ഒരൊടമസ്ഥൻ ഇല്ല്യാന്ന്ാ അവര്ടെ നാട്യം.
ജന്മി:
അഹ! ഇത്രയോ? ഒടമസ്ഥൻണ്ടോന്ന് നോക്കട്ടെ. പറമ്പങ്ങ്ട്ട് തോന്ന്യോണം നശിപ്പിക്കാ? അഹാ? അങ്ങ്നീണ്ടോ ഒരു തോന്ന്യാസം? ആ കള്ളന്റെ തള്ളേല്യേ? ആ ജന്തു ശ്ശി കരഞ്ഞു പറഞ്ഞപ്പോ ആ പറമ്പിൽ പാർത്തോട്ടേന്ന് നിരിക്ക്യേത്. ഇപ്പോ ഒപകാരം ചെയ്തു ഓദ്രയി. സംശല്യ. ഒക്കേം കുടിയിറങ്ങിപ്പോക്കോട്ടെ. താമസിക്കണ്ട-നാളെത്തന്നെ പൊക്കോട്ടെ കുടിയെറങ്ങ്ല്ല്യേ? എന്നാ എറക്കിപ്പറഞ്ഞയക്കാ-ട്ടോ-രാമാ-സംശേയക്കണ്ട. എറക്കിപ്പറഞ്ഞയച്ചോളു പറമ്പിനു ഒടമസ്ഥൻണ്ടോന്ന് ഒന്നറിയണല്ലോ!
രാമൻനായർ:
റാൻ, അടിയൻ വേണ്ടതു ചെയ്തോളാം.

-കർട്ടൻ

രംഗം 10

(അമ്മയും, ബാലനും, കുഞ്ഞിമാളുവും പ്രവേശിക്കുന്നു)

അമ്മ:
എന്റെ കിട്ടുണ്ണി ഇവിടെ ഉണ്ടായിരുന്നെങ്കിൽ! ഇങ്ങിനെ ഒന്നും വന്നേർന്നില്ല. ഒരു മാസം ഒരു യുഗംപോലെ കഴിഞ്ഞു. ആ രാമൻനായർ പറ്റിച്ച പണിയാണ്. ഗുരുവായൂരപ്പാ! ഞങ്ങളിനി എന്താണ് ചെയ്യേണ്ടത് ?
ബാലൻ:
അമ്മേ, ഏട്ടനെന്താ വരാത്തത്? എന്താ കുപ്പായം കൊണ്ടുവരാത്തത്?
അമ്മ:
ഇല്ല: ബാലാ, ഏട്ടനിപ്പൊന്നും വരില്ല. ഏട്ടൻ ജെയ്ലിലാണ്. നാലഞ്ചുമാസംകൂടി കഴിഞ്ഞാവരും.
ബാലൻ:
എന്റെ പിറന്നാൾക്കു വരില്ല ഏട്ടനമ്മേ? അല്ലെങ്കിൽ വേണ്ട, നോക്കും പോവ്വ്ാ ജേലിലേക്ക്. എന്നാലേക്ക്. എന്നാലേട്ടനെ കാണാലൊ.
കുഞ്ഞിമാളു:
അതെ, ജെയിലിൽ പോവുകയാണിതിൽ ഭേദം. എന്നാൽ പട്ടിണി കിടക്കേണ്ടലൊ അമ്മേ. ഞാൻ പട്ടിണി കിടക്കുന്നതിൽ എനിക്കു വേദനയില്ല. എന്നാൽ എന്റെ അമ്മയും എന്റെ ബാലനും (കണ്ണിൽ വെള്ളം നിറഞ്ഞു തുളുമ്പുന്നു)
ബാലൻ:
ഏട്ടത്ത്യേ, അവിടെ വറ്റുള്ള കഞ്ഞികിട്ട്വോ.

(രാമൻനായർ പ്രവേശിച്ചുകൊണ്ട്)

ഇപ്പം മതിയായില്ലേ. ഇങ്ങനാട്ടോ രാമന്നായരോടു കളിച്ചാൽ.

കുഞ്ഞിമാളു:
(കണ്ണു തുടച്ചു ഗൌരവത്തോടുകൂടി) അതേ, ഈ ദുഷ്ടന്മാരായ ജന്മിമാർക്ക് എന്താണ് ചെയ്വാൻ വയ്യാത്തത്. ജന്മിക്കു പറ്റിയ കാര്യസ്ഥൻ. ഒത്ത തൊണ. ഒറ്റ നുകത്തിനു പൂട്ടണം. പറയിൻനായരെ, എത്ര കുടുംബങ്ങളെ നിങ്ങൾ അഗതികളാക്കി.
രാമൻനായർ:
(കോപത്തോടുകൂടി) എന്ത് ഞാഞ്ഞൂളും തല പൊന്തിച്ചു തുടങ്ങ്യോ? ഇനിയും ധിക്കാരം അവസാനിച്ചില്ലെ?
കുഞ്ഞിമാളു:
ഇല്ല, നായരെ. ഗ്രഹണസമയത്തു ഞാഞ്ഞൂളിനും വിഷമുണ്ട്. അതിറിയില്ലേ നിങ്ങൾക്ക്? ചതഞ്ഞില്ലെങ്കിൽ ചവിട്ടിയ കാലിന്മേൽ അതും കടിക്കും.
അമ്മ:
ആരാത് കുഞ്ഞിമാളോ്. മേല്കീഴ്ല്ലാണ്ട്ങ്ങനെ ഓരോന്നു പറേര്ത്. രാമൻനായരെ. ദേഷ്യപ്പെടര്ത്. സങ്കടംകൊണ്ടു പറഞ്ഞതാണെ. ഇവിടെ നിന്നു ഞങ്ങളെ പറഞ്ഞയച്ചാൽ ഞങ്ങളഗതികളായിത്തീരും. ഞങ്ങൾക്കു ഒര് സ്ഥലവുമില്ല. നോക്കിൻ. ഈ കുട്ടിയേയും പെണ്ണിനേയും വെച്ചു ഞാനെങ്ങ്ട്ടാ പോവ്വ്ാ (കരയുന്നു)
രാമൻനായർ:
കൊള്ളാം. ഈ വകക്കാർക്കു ആവശ്യമുള്ളപ്പോളെല്ലാം വരും കരച്ചില്-ഹും-പക്ഷേ രാമൻനായരുടെ അടുത്ത് ചപ്പടാച്ചി ഒന്നും ഫലിക്കില്ല. അന്തോം കുന്തോം ഇല്ലാത്ത നായ്ക്കള്. ചെറ്റപ്പെറുക്ക്യോള്.
ബാലൻ:
വേണ്ട. ഏറെ കളിക്കണ്ടാ. എന്റെ വീട്ടിന്ന് കടന്നു പോവ്വാ നല്ലത്. ഹും.
രാമൻനായർ:
എന്തെടാ ചെക്കാ പറഞ്ഞത്? നിന്റെ വീട്? നാളെ ഉച്ചക്കമ്പ്ള്ക്ക് കാണാം.

(ബാലൻ ഗൗരവത്തോടുകൂടി നോക്കുന്നു.)

രാമൻനായർ:
എന്തെടാ തുറിച്ചുനോക്കുണത്?

(ബാലന്റെ തലയിൽ കിഴുക്കുന്നു. ബാലൻ ഉറക്കെ കരയുന്നു. കുഞ്ഞിമാളു പല്ലുകടിച്ച് കോപം ഒതുക്കുന്നു.)

രാമൻനായർ:
എന്തായാലും അഹമ്മതി അവസാനിയ്ക്കില്ലേ! പറങ്ങോട, പറ-ങ്ങോ-ടാ.

(പറങ്ങോടൻ എന്ന ഭൃത്യൻ പ്രവേശിക്കുന്നു.)

രാമൻനായർ:
ഇപ്പോൾതന്നെ കഴിഞ്ഞോട്ടെ. എല്ലാറ്റിനീം പിടിച്ചു പുറത്താക്ക്. ഉം. പോവിൻപുറത്ത്. നായ്ക്കള്. പറങ്ങോടാ, എന്തെടാ മിഴിച്ചു നിക്ക്ണ്? ഉം—വേഗം.

(പറങ്ങോടൻ വീട്ടൽനിന്നു ചട്ടിയും കലവും മറ്റും എടുത്തു പുറത്തെറിഞ്ഞു പൊട്ടിക്കുന്നു. അമ്മയേയും മക്കളേയും പിടിച്ചു പുറത്താക്കുന്നു. അവർ കരയുന്നു.)

-കർട്ടൻ

രംഗം 11

സമയം: ഉച്ചയോടടുത്ത്

സ്ഥലം: നിരത്തുവക്കത്ത് ഒരു മരത്തിന്റെചുവട്

(അർദ്ധബോധയും ആസന്നമരണയുമായ അമ്മയെ ശുശ്രൂഷിച്ചു കൊണ്ട് കുഞ്ഞിമാളു അടുത്തിരിക്കുന്നു. അരികത്തു വിശപ്പുകൊണ്ട് തളർന്ന ബാലൻ കിടന്നുറങ്ങുന്നുണ്ട്. അടുത്ത് അവിടവിടെയായി ചില ചട്ടികളും കീറിപ്പറിഞ്ഞ ഭാണ്ഡങ്ങളും.)

കുഞ്ഞിമാളു:
(നെടുവീർപ്പിട്ടുകൊണ്ടു) ഹാ! എന്റെ ഈശ്വരാ! എനക്കിതും അനുഭവിക്കേണ്ടി വന്നു. പട്ടിണി കിടന്നു ദണ്ഡം പിടിച്ചു മരിക്കാറായ അമ്മ ഈ നിരത്തുവക്കത്ത് കിടന്നു ഇങ്ങിനെ ഞരങ്ങ്ണത് ഞാനെങ്ങിനെയാണ് കണ്ടുകൊണ്ടിരിയ്ക്കാ? കാറ്റും വെയിലും കൊള്ളാണ്ടെ ഒന്നു കിടന്നുപൊറുക്കാൻ ഒരിടമെങ്കിലും ഉണ്ടാർന്നെങ്കിൽ! എന്റെ ദൈവമേ! ഞാനെന്താ ഇനി ചെയ്യേണ്ടത്? എനിക്കൊന്നും നിശ്ചല്യ. ഏട്ടനിപ്പോ-
അമ്മ:
(കണ്ണുമിഴിച്ചു ചുറ്റും നോക്കി, ഇഴയുന്ന സ്വരത്തിൽ) ആ! കിട്ടുണ്ണി വന്നോ? എടുത്വോ എന്റെ മോൻ ഒ! ന്റെ കുഞ്ഞിമോനെ ഞാനെത്ര നേരായി ന്റെ മോനെ കാത്തിരിക്കുന്നു കിട്ടുണ്ണി…
കുഞ്ഞിമാളു:
(നിറഞ്ഞ കണ്ണുനീരോട്) ഏട്ടൻ വന്നിട്ടില്ല്യ അമ്മേ, ഏട്ടനെങ്ങ്നാ ഇപ്പോ ഇങ്ങട്ട് വരാൻ സാധിയ്ക്കോ? ഏട്ടനെ പോലീസ്കാര് ജയലിലേക്ക് പിടിച്ചുകൊണ്ടുപോയില്യേ? പിന്നെ ഏട്ടനും നമ്മുടെ അടുക്കലേക്കു വരാൻ കഴിയോ്? ഹാ! എട്ടൻ ഇവിടെ ണ്ടാർന്നെങ്കിൽ നോക്കിത്രയൊന്നും കഷ്ടപ്പെടേണ്ടി വന്നേർന്നില്ല. യാതൊരാശ്രയോല്ല്യാണ്ടെ അമ്മ ഇങ്ങിനെ നിരത്തുവക്കത്തു കിടന്നു നരകിക്കുന്നതു കാണുമ്പോഴാണു എനിക്കു സഹിക്ക വയ്യാത്തത്. (കരയുന്നു:)
അമ്മ:
കരഞ്ഞിട്ടൊന്നും കാര്യല്യാന്റെ കുഞ്ഞിമാളു. ഒക്കെ ഈശ്വരേഛ! ഇങ്ങിനെ വഴിവക്കത്തു കിടന്നു മരിക്കണം ന്നാ എന്റെ തലേലെഴുത്ത്. എന്താ കാട്ട്ാ അയ്യോ! (നെഞ്ഞത്തു കൈവച്ചു വേദന നടിക്കുന്നു) എന്തു വേദനാ ഇവിടെ… കുഞ്ഞിമാളു…
കുഞ്ഞിമാളു:
എവട്യാ അമ്മക്കു വേദന? മാറത്തോ? (അമ്മയുടെ മാറത്ത് തലോടുന്നു)
അമ്മ:
ഇപ്പോ കുറച്ചുഭേദേം തോന്ന്ണ്ണ്ട്, വേദനക്ക്. ബാലനെടുത്തു കുഞ്ഞിമാളു?
കുഞ്ഞിമാളു:
ഇവിടെ കിടന്നോർങ്ങ്ണ്ണ്ട്. വിശപ്പോണ്ട് തളർന്നു ഈ വെറും മണ്ണിൽ കെടന്നുറങ്ങ്ാണ് പാവം!
അമ്മ:
(ഏറിവരുന്ന വേദനയോടെ) ബാലനെ വിചാരിക്കുമ്പഴ്ാ എന്റെ കുഞ്ഞിമാളു, എനിക്കു വല്ലാണ്ടെ വ്യസനം തോന്ന്ണത്. കിട്ടുണ്യാണെങ്കിൽ ജയില്ല്-ഞാനൊ-ഞാൻ ചാവാൻ കിടക്കുണു-നിയ്യല്ലാണ്ടെ ആരൂല്ല്യട്ടൊ-കുഞ്ഞിമാളു അവന് നീ അവനെ നല്ലോണം നോക്കണം ഞാൻ പോയാൽ.
കുഞ്ഞിമാളു:
അയ്യോ, അമ്മേ, അങ്ങിനെയൊന്നും പറയരുതെ അമ്മ മരിയെക്ക്ാന്നും ആയിട്ടില്ല്യ. അമ്മ മരിച്ചാപ്പിന്നെ ഞങ്ങളുടെ സ്ഥിതിയെന്താ?

(അമ്മയുടെ നെഞ്ഞത്തെ വേദന വർദ്ധിക്കുന്നു. കുഞ്ഞിമാളു തലോടുന്നു.)

അമ്മ:
അയ്യൊ-എന്തൊരു ചൂട്. കുഞ്ഞിമാളു ആരാ എന്റെ മേലൊക്കെ തിയ്യ് കോരിയിടയണത്? ആവൂ എന്തൊരെരിച്ചില്.
കുഞ്ഞിമാളു:
തിയ്യല്ലാ, അമ്മേ, ഇങ്ങോട്ടും വന്നു വെയില്. ഇനി ഏങ്ങോട്ടാ അമ്മയെ മാറ്റിക്കിടത്തേണ്ടത്? (ചുറ്റുപാടും നോക്കിയിട്ട്) അടുത്തെങ്ങും ഒരു തണലും കാണാനില്ല്യാ. ഹായ് പാവങ്ങൾക്കു കിടന്നു ചാവാൻ ഒരു തണലുകൂടി ഈശ്വരൻ കൊടുക്കില്ല്യാ? എന്തൊരു പക!-ഞാനെന്താ ചെയ്യേണ്ടത്? എന്റെ ഈശ്വരാ! അമ്മാ! ഈ മരത്തിന്റെ കടയ്ക്കല് കുറച്ചു തണലുണ്ട്. ഞാൻ പതുക്കെ അമ്മയെ എടുത്തു ആ തണലത്തു കൊണ്ടുപോയി കിടത്തട്ടെ?
അമ്മ:
വേണ്ട, കുഞ്ഞിമാളു. അതൊന്നും വേണ്ട. എവിടെക്കിടന്നു ചത്താലെന്താ? ഈ മഹാപാപി വെയിലത്തു കിടന്നു ചാവണ്ന്നേരിക്കാം ദൈവത്തിനുകൂടി ഇഷ്ടം-അയ്യോ, കുഞ്ഞിമാളു, വല്ലാണ്ടെ ദാഹിക്കുന്നു. ഒരു തുള്ളി വെള്ളം-ഒരു തുള്ളി-(വായ് പിളർക്കുന്നു)

(കുഞ്ഞിമാളു അടുത്തിരിക്കുന്ന ഉടഞ്ഞചട്ടിയിൽനിന്നു വെള്ളമെടുത്തു തുള്ളി തുള്ളിയായി അമ്മയുടെ വായിൽ ഒഴിച്ചു കൊടുക്കുന്നു)

(അമ്മ ഒരിറക്ക് പണിപ്പെട്ടുകഴിച്ചു.)

മതി കുഞ്ഞിമാളു—എനിക്കു വയ്യലോ

എന്റെ കുഞ്ഞിമാളു—ഞാൻ ചാവാറായി

ഞാൻ ചത്താ, ബാലനെ-അയ്യോ-നല്ലോണം-നോക്കണം-കേട്ടോ-അവന് നിയ്യല്ലാണ്ടെ-ആവൂ-ഒരാശ്രയോല്ല്യ. ഞാൻ മരിച്ചാൽ-(കിതപ്പു കൂടിക്കൂടി വരുന്നു) നിയ്യേയ്-അവനേം കൊണ്ടു-മനക്കപ്പോയി തിരുമനസ്സിലോടു-സങ്കടം പറഞ്ഞാൽ-അവിടന്നു (ശബ്ദം പിന്നെപ്പിന്നെ നേർക്കുന്നു) എന്തെങ്കിലും-ചെയ്യാണ്ടിരിയ്ക്കി-ല്യ.

കുഞ്ഞിമാളു:
ഇല്ല്യാ, അമ്മേ, ഞാൻ മനക്കലേക്കു ഈ ജന്മത്തു പോവില്യ. നമ്മളെ ഈ നിലക്കാക്കിയ ആ ദുഷ്ടനായ ജന്മീടെ പടി ഞാനൊരുക്കലും കേറില്യ. അമ്മ വ്യസനിക്കേണ്ട. ബാലനെ ഞാൻ നല്ലപോലെ നോക്കിക്കൊള്ളാം. എന്തു തൊഴിലെടുത്തിട്ടെങ്കിലും ഞാൻ ബാലനെ രക്ഷിച്ചുകൊള്ളാം.
അമ്മ:
(മുഖത്ത് കുറച്ചുനേരം നിന്ന സന്തോഷ പ്രകാശത്തോടെ) എന്റെ മോളെ-അതു മതി-എനിക്കു അതു മാത്രം മതി കുഞ്ഞിമാളു-എനിയ്ക്കൊക്കെ-സുഖമായി-ഞ്ഞി-എനിക്ക്-മരിയ്ക്കാം!-അതിനു-മുമ്പെ-എന്റെ കി-ട്ടു-ണ്ണി-യെ-ഒന്നു-കാണാൻ-ക-ഴി-ഞ്ഞെ-ങ്കി-ൽ!-കി-ട്ടു-ണ്ണി.

(ശബ്ദം ക്രമേണ നേർത്തു തുടങ്ങുന്നു—ഊർദ്ധാൻ വലി തുടങ്ങുന്നു. കുഞ്ഞിമാളു പൊട്ടിക്കരയുന്നു. തിരക്കുകേട്ടു ബാലൻ ഉണർന്നെഴന്നേറ്റു അമ്മയുടെ മുഖത്തേക്കു പകച്ചു നോക്കുന്നു.)

ബാലൻ:
അമ്മേ, അമ്മേ… അമ്മേ…

-കർട്ടൻ

രംഗം 12

സ്ഥലം: വ്യഭിചാരശാല

സമയം: രാത്രി ഒമ്പതു മണി കഴിഞ്ഞ്

(കുഞ്ഞിമാളു സാമാന്യം മോടിയുള്ളതും, ആകർഷകവും വേശ്യോചിതവുമായ വേഷത്തോടുകൂടി നിലാവത്ത് അങ്ങോട്ടുമിങ്ങോട്ടും അക്ഷമയായി വിലാസപൂർവ്വം ഉലാത്തുന്നു. ഇടയ്ക്കിടെ കൂരിരുട്ടിലേക്ക് ഉൽക്കണ്ഠയോടെ നോക്കുന്നുണ്ട്. ഉമ്മറത്ത് ഒരു അമേരിക്കൻ ലേമ്പ് ഇരുന്നു പുകഞ്ഞു കത്തുന്നുണ്ട്. അതിന്റെ മങ്ങിയ വെളിച്ചത്തിൽ ബാലൻ സ്ലേറ്റും പുസ്തകവുമായി കുനിഞ്ഞിരുന്നു എന്തോ എഴുതുന്നു.)

കുഞ്ഞിമാളു:
എന്താ ബാലാ, ഇന്നത്തെ എഴുത്തും വായനയുമൊക്കെ കഴിഞ്ഞില്ലേ?
ബാലൻ:
ഉവ്വ് ഏട്ടത്തീ, കഴിയാറായി, ഇനി ഈ കോപ്പീംകൂടി എഴുതണം. അത്രേ വേണ്ടൂ.
കുഞ്ഞിമാളു:
ആ! എന്നാൽ എന്റെ അനുജൻ വേഗം എഴുത്തു കഴിക്കൂ. കുട്ടികൾ നേരത്തെ ഉറങ്ങണം. (പിന്നെയും ലാത്തുന്നു.)
ബാലൻ:
(സ്ലേറ്റെടുത്തു കോപ്പി എഴുതാൻ തുടങ്ങുന്നു) ഏട്ടത്തീ! ഇന്നെനിക്ക് ഏട്ടത്തീടെ ഒപ്പം കെടക്കണം ട്ടോ, ഏടത്തീ ദിവസോം പറയും കെടത്താന്ന്. ഒരു ദിവസോം കെടത്തീല്യേനീം (വീണ്ടും വേഗം എഴുതുന്നു.)
കുഞ്ഞിമാളു:
ബാലാ, ബാലൻ കുട്ടിയല്ലെ? കുട്ടികളധികം ഉറക്കൊഴിക്കരുത്. വല്ല ദീനവും പിടിയ്ക്കും.
ബാലൻ:
എന്നാ എന്റെ കൂടെ കിടക്കാൻ പോരൂ. എന്തിനാ ഒറക്കൊഴിച്ചു ഉമ്മറത്തിങ്ങനെ നിക്ക്ണ് ഏടത്തീ! (എഴുത്തു കഴിഞ്ഞ സ്ലേറ്റും പുസ്തകവും അടുക്കിവെച്ച്) എന്റെ എഴുത്തൊക്കെക്കഴിഞ്ഞു. ഇനി നോക്ക് കെടക്കാൻ പോവ്വാ (കുഞ്ഞിമാളുവിന്റെ അടുത്തുചെന്നു കൈ പിടിക്കുന്നു) പുവ്വ്ാ ഏടത്തീ, നോക്ക് കിടക്കാൻ.
കുഞ്ഞിമാളു:
ഇല്യാ ബാലാ, ഏടത്തിക്ക് കെടക്കാറായിട്ടില്യ. ഏടത്തിക്ക് ഇനീം വളരെ പണീണ്ട് അടുക്കളേല്: ബാലൻ പോയി കിടന്നോളു. ഏടത്തി ദാ ഇപ്പം വരാം.
ബാലൻ:
ഇല്ലാല്ല്യ. ഏടത്തി വരാന്ന് പറ്ള്ളേു. വരില്ല്യ. അ്-അ്-ഏട്ടത്തീം വരണം. എനിക്ക് തന്നത്താന്നെ കെടക്കാൻ പേട്യാവും. ഏടത്തീ, വരൂന്ന്. (കൈ പിടിച്ചു വലിക്കുന്നു)
കുഞ്ഞിമാളു:
എന്താ ബാലാ ഇങ്ങനെ വാശി പിടിയ്ക്കണേ. കൊച്ചു കുട്ടിയാണോ ബാലൻ. ഏട്ടത്തി പറഞ്ഞില്ല്യേ ഏട്ടത്തിക്ക് പണിയുണ്ടെന്ന്-എ!-ബാലൻ പോയി കിടന്നോളു.
ബാലൻ:
(പരിഭവസ്വരത്തിൽ) ആട്ടെട്ടോ, ഏടത്തീ. ഓ ഓ ഇത്രൊന്നും വേണ്ടാട്ടൊ. ഇന്നെന്റെ ഒപ്പം കെടക്കാൻ പോന്നോളു. ഏടത്തീ, എനിയ്ക്ക് പേടിയായിട്ടല്ലെ ഞാൻ പറേണ്. ഓ-കഷ്ടട്ടൊ ഏട്ടത്തീ. ഏട്ടത്തിക്ക് ഇത്ര ഇഷ്ടല്ല്യേലോ എന്നെ (കരയാൻ ഭാവിക്കുന്നു)
കുഞ്ഞിമാളു:
(ബാലനെ അണച്ചുപിടിച്ചിട്ട്) അയ്യോ! എന്റെ ബാലാ, ഏട്ടത്തിക്ക് ബാലനെ ഇഷ്ടല്ല്യാന്നോ? പിന്നെ ആരെയാണേടത്തിക്കിഷ്ടം? ബാലനെപോലെ ഇഷ്ടായിട്ട് ഏട്ടത്തിക്കാരൂല്യ. ഏട്ടത്തീടെ ബാലനല്ലെ. ബാലൻ കരയാതിരിക്കൂ. (ഉടുത്ത ശീലത്തുമ്പുകൊണ്ടു ബാലന്റെ കണ്ണീർ തുടക്കുന്നു. ഒരു കാലൊച്ച കേട്ട് പെട്ടെന്നു കുറച്ചകലത്തേക്ക് നോക്കുന്നു. ആരോ വരുന്നതായി തോന്നി പരിഭ്രമിച്ച്) ബാലാ, നേരം വളരെയായി. പോയിക്കിടക്ക്, (ബാലൻ സംശയിച്ചു നിൽക്കുന്നു.) എന്താ ബാലൻ പോയിക്കിടക്കില്ല്യേ? ഏട്ടത്തി പറഞ്ഞത് കേൾക്കില്ല്യേ ബാലൻ? ബാലൻ ഏട്ടത്തിയെ ഇഷ്ടണ്ടെങ്കിൽ പോയിക്കിടക്ക്. എ്, പൊയ്ക്കോളൂ.

(ബാലൻ കുണ്ഠിതത്തോടെ കരഞ്ഞുകൊണ്ടു പോകുന്നു. കുഞ്ഞിമാളു ബാലൻ പോകുന്നതു നോക്കിക്കാണുന്നു)

കുഞ്ഞിമാളു:
(ഇടറുന്ന സ്വരത്തിൽ) ഇങ്ങിനെ എത്ര കാലം കഴിക്കണം. ഒരോ ദിവസവും എനിക്കിവനെ ഇങ്ങിനെ വേദനിപ്പിക്കേണ്ടി വരുന്നു! അവന്റെ നിർമ്മലഹൃദയത്തെ വഞ്ചിക്കേണ്ടി വരുന്നു! എന്തൊരു ഹൃദയശൂന്യതയാണ് ഞാൻ കാണിക്കുന്നത്! സ്നേഹിക്കുന്നവരെ ഉപദ്രവിക്കുക! ഉപദ്രവിക്കുന്നവരെ സ്നേഹിക്കുക: ഹായ്! എത്ര പൈശാചികമാണ് വേശ്യയുടെ ജീവിതാഭിനയം! എന്തെല്ലാം കൃത്രിമച്ചായങ്ങൾ അവർക്കു മുഖത്തുതേക്കേണ്ടിവരുന്നു! തന്റെ സൌന്ദര്യത്തിന്റെ തീജ്വാലയിൽ എത്ര പുരുഷന്മാരെ അവൾക്കു പാറ്റകളാക്കേണ്ടിവരുന്നു. (അറപ്പോടെ) ഛീ! എത്ര നികൃഷ്ടമായ ജീവിതം! പക്ഷേ ഈ കച്ചവടം എനിക്കിവിടെ നിർത്തിക്കളയുവാൻ വയ്യ. ഒരു ദിവസം ഞാനെന്റെ ശരീരം വിറ്റിട്ടില്ലെങ്കിൽ, എന്റെ ബാലൻ പട്ടിണിയാണ്. ഞാനീ നീചമായ വ്യാപാരം നടത്തീട്ടില്ലെങ്കിൽ എന്റെ കൊച്ചനുജനു അമ്മയെപ്പോലെതന്നെ മരിക്കേണ്ടിവരും! പട്ടിണികിടന്ന് കിടന്നു, വിശന്ന് വിശന്ന്, തൊണ്ട നനക്കാൻ ഒരു തുള്ളി വെള്ളംപോലും കിട്ടാതെ വല്ല നിരത്തുവക്കത്തും കിടന്നു മരിക്കേണ്ടിവരും! അയ്യോ! ഞാനൊരിക്കലും അതിന്നിടവരുത്തുകയില്ല. അവന്നു വേണ്ടി ഞാനെന്റെ ഒടുക്കത്തെ മാംസക്കഷണം പോലും വില്ക്കും. ഹാ എന്റെ അമ്മ! അവിടെയിരുന്നു മകളുടെ ദുഷ്പ്രവൃത്തികളെ നോക്കിക്കാണുന്നുണ്ടാകും. അമ്മേ, എന്റെ പ്രിയപ്പെട്ട അമ്മേ! ഞാൻ ചെയ്യുന്നത് തെറ്റാണ്. അമ്മയുടെ മകൾ മാനം വിറ്റവളാണ്. നാണംകെട്ടവാണ്. പാപംചെയ്തവളാണ്. ഇഹത്തിലും പരത്തിലും ഗതിയില്ലാത്തവൾ! നരകത്തിന്നുകൂടി അറപ്പുതോന്നിക്കുന്നവൾ എന്നാലും, അമ്മേ, അമ്മ എന്നെ കുറ്റപ്പെടുത്തരുത്, വേറൊരു നിവൃത്തിയുമില്ലാഞ്ഞിട്ടാണ് ഞാനിതു ചെയ്യുന്നത്. അമ്മേ, എനിക്കുമാപ്പു തരൂ. അമ്മയുടെ ഒടുക്കത്തെ അപേക്ഷയെ നിറവേറ്റാൻവേണ്ടിയാണ്; എന്റെ ബാലനെ രക്ഷിക്കാൻ വേണ്ടി മാത്രമാണ്, ഞാൻ ഈ പാപകർമ്മം ചെയ്യുന്നത്. ഇല്ല്യേ, അമ്മ എനിക്കു മാപ്പു തരില്ല്യേ? അല്ലെങ്കിൽ-

(ആരോ വരുന്നതായി നടിക്കുന്നു. പെട്ടെന്നു മുഖഭാവം മാറുന്നു. വരുന്ന ആളെ അകലെ കണ്ടിട്ട് സവിലാസം കടാക്ഷിക്കുന്നു. കണ്ണുകൊണ്ട് വരാനാവശ്യപ്പെടുന്നു. മുതലാളിയായ ഒരാൾ വന്നു കയറുന്നു.)

കുഞ്ഞിമാളു:
ഞാൻ മുറുക്കാൻകൊണ്ടുവരാം. (പോയി തമ്പോളം കൊണ്ടുവന്നു വെച്ചുകൊടുത്ത് ഒരിടത്ത് ഒതുങ്ങി നിൽക്കുന്നു.)
മുതലാളി:
(മുറുക്കികൊണ്ട്) എന്തൊക്കെയാ വർത്തമാനം? കുറേക്കാലായി ഇപ്പോ കണ്ടിട്ട്.
കുഞ്ഞിമാളു:
ഞങ്ങൾക്കൊക്കെ എന്ത് വർത്തമാനം! നിങ്ങളെയൊക്കെ കണ്ട കാലം മറന്നു നാട്ടുകാരാണെന്നു പറഞ്ഞിട്ടെന്താ? ഉമ്മറത്തൂടെ കടന്നു പോവുമ്പോൾ ഒന്നു തിരിഞ്ഞു നോക്കുകകൂടിയില്ല.
മുതലാളി:
ഏയ് ! അങ്ങിനെയൊന്നുമല്ല. ഇപ്പോ കച്ചവടമൊക്കെ ചുരുങ്ങിയിരിയ്ക്ക്ാ. അപ്പോ സാമാനം എടുക്കാൻ ഇങ്ങോട്ടൊന്നും അധികം വരേണ്ട ആവശ്യമില്ല. അതുകൊണ്ടു ഇവിടെ വരാൻ തരാവാറില്ല. അത്രയെ ഉള്ളു.
കുഞ്ഞിമാളു:
കാണുമ്പോഴൊക്കെ ഭംഗി പറയാൻ നിങ്ങളൊക്കെ ബഹുമിടുക്കന്മാരാ. പെണ്ണുങ്ങളെ മെരട്ടാനുള്ള വിദ്യയൊക്കേണ്ട് കയ്യില്. അതേതേ, നിങ്ങളൊക്കെ വല്ല്യേ വല്ല്യേ ആളുകള്. പണക്കാർ. ഞങ്ങളൊക്കെ സാധുക്കൾ, ദരിദ്രന്മാർ, നിങ്ങളുണ്ടോ ഞങ്ങളെ വിചാരിക്കുന്നു. വഴി തെറ്റീട്ടെങ്കിലും ഇടക്കിടക്ക് ഇങ്ങിനെ വരുന്നുണ്ടല്ലോ. അതുതന്നെ മറ്റുള്ളവരുടെ ഭാഗ്യം.
മുതലാളി:
ഏയ് പരിഭവിയ്ക്കേണ്ട. ആസകലാക്കൂടി അങ്ങിനെ ഇങ്ങട്ട് സൌകര്യപ്പെടാറില്ല എന്നേപറയാനുള്ളു. പിന്നെ ഇവിടെയൊക്കെ വരുമ്പോൾ അങ്ങിനെ വെറുതെ വന്നുപോയാലും പോരല്ലൊ?
കുഞ്ഞിമാളു:
അതുപോരല്ലോ! പിന്നെ നിങ്ങളൊക്കെ ഇവിടെ വന്നു പോകുമ്പോൾ ആനത്തലയല്ലെ കാഴ്ചവെക്കാറ്!
മുതലാളി:
എന്നല്ലാ പറയുന്നത്. എപ്പോഴും ഓരോ തിരക്കുകളാണ്. ഇങ്ങിനെയുള്ള നേരമ്പോക്കിനൊന്നും സമയം കിട്ടാറില്ല. പിന്നെ ഞാനൊരു കുടുംബിയല്ലേ?
കുഞ്ഞിമാളു:
സംശയണ്ടോ? കുടുംബമുണ്ടെങ്കിൽ എല്ലാവരും സ്നേഹിക്കുന്നവരെ മറക്കുകയല്ലെ പതിവ്? അങ്ങിനെ തന്നെയാണ് വേണ്ടത്. കുടുംബമുള്ളവർക്ക് സ്നേഹിക്കാൻ പാടില്ല. ഓ; ഇങ്ങിനെയായീലോ ആളുകള്. ആട്ടെ ഇപ്പോൾതന്നെ പോകുന്നില്ല്യലോ? കാലത്തല്ലെ ഉള്ളൂ.
മുതലാളി:
അല്ല. ഈ പന്ത്രണ്ടര മണി വണ്ടിക്കുതന്നെ പോണം. അടിയന്തര കാര്യമുണ്ട്. നാളെ കാലത്ത് 10 മണിക്കു പൊള്ളാച്ചിയിൽ എത്തണം.
കുഞ്ഞിമാളു:
എന്നാൽ മുറുക്കു കഴിഞ്ഞാൽ-

(മുതലാളി പുൽപായിൽ നിന്നെഴുന്നേറ്റു നിൽക്കുന്നു. രണ്ടുപേരും കൂടി അകത്തേക്കു പോകുന്നു)

-കർട്ടൻ

രംഗം 13

(സ്ഥലം: ജയിൽ. സമയം: രാവിലെ ഏകദേശം 8 മണി. കിട്ടുണ്ണിയും മുഹമ്മതും നാരായണൻ നമ്പ്യാർ എന്ന ഒരു ക്രിമിനൽ തടവുകാരനും ഇരുന്നുകൊണ്ടു കയർ പിരിക്കുന്നു. ഒരു വാർഡർ നോക്കിനിന്നു പരിശോധിക്കുന്നു.)

വാർഡർ:
ഉം, വേഗംപിരിയ്ക്കിൻ (പോകുന്നു)
കിട്ടുണ്ണി:
എനിക്കിനി പന്ത്രണ്ടു ദിവസേള്ളൂ പുറത്തുകടക്കാൻ.
മുഹമ്മത്:
പുറത്തുപോയാൽ പിന്നെ എന്തു ചെയ്യണമെന്നാണ് നിങ്ങളലോചിക്കുന്നത്?
കിട്ടുണ്ണി:
എനിക്കു യാതൊന്നും നിശ്ചല്യ. ഇപ്പോ വീട്ടിലെ സ്ഥിതിയെന്തായിരിക്കുമെന്നു ഞാൻ ആലോചിച്ചുനോക്ക്ാണ്. പാട്ടബാക്കി കൊടുത്തുതീർക്കാൻ അമ്മക്ക് സാധിച്ചിട്ടുണ്ടാവില്ല! ഞാൻ ജെയിലിലായതുകൊണ്ടു അവർക്കെന്തെല്ലാം ബുദ്ധിമുട്ടുകളാണ് നേരിട്ടിട്ടുണ്ടാവുക! എനിക്കതാലോചിക്കാൻ വയ്യാ.
മുഹമ്മത്:
ഇവിടെയുള്ള ഓരോ തടവുകാരന്റെയും കുടുംബം ഇതുപോലെ കഷ്ടപ്പെടുന്നുണ്ടാവും! അനവധി കുടുംബങ്ങൾ നശിച്ചു ചാമ്പലായിട്ടുണ്ടാവും!
ക്രിമിനൽ തടവുകാരൻ:
ഭരണാധികാരികളുടെ ഒരു പക! കുറ്റം ചെയ്തവരെ മാത്രമല്ല യാതൊരു കുറ്റവും ചെയ്യാത്ത സ്ത്രീകളേയും കുട്ടികളേയുംകൂടി ദ്രോഹിക്കുന്നു. തടവുകാരുടെ കുടുംബങ്ങളെ രക്ഷിക്കേണ്ട യാതൊരു ഭാരവും അവർക്കില്ല. എന്റെ മൂന്നു വയസ്സായ കുട്ടി പനി പിടിച്ചു കിടക്കുമ്പോഴാണ് ഒരു പണക്കാരനെ അപമാനിച്ചു എന്ന കള്ളക്കേസ്സിന്നു എന്നെ അറസ്റ്റ് ചെയ്തത്. എന്റെ കുട്ടി മരുന്നു കിട്ടാതെ മരിച്ചു പോയി.
കിട്ടുണ്ണി:
ഭയങ്കരം! ഇന്നത്തെ ഭരണസമ്പ്രദായം ഭയങ്കരമാണ്! കഠിനമാണ്! നിർദ്ദയമാണ്!
ക്രിമിനൽ തടവുകാരൻ:
പണിയെടുക്കുന്ന നമ്മൾ പട്ടിണി കിടക്കുന്നു. പണിയെടുക്കാത്തവർ സുഖിച്ചു മദിക്കുന്നു.
കിട്ടുണ്ണി:
പാട്ടന്നും പലിശാന്നും പറഞ്ഞു നമ്മളുടെ പ്രയത്നഫലമെല്ലാം അവർ പിടിച്ചു പറിക്കുന്നു. നിയമത്തിന്റെ സഹായത്തോടുകൂടി പകൽ കൊള്ളനടത്തുന്നു. എന്നിട്ടു നമ്മളുണ്ടാക്കിയ നെല്ലിൽനിന്നു തന്നെ ഒരു പിടി വാരിയാൽ അതു കുറ്റമായി. നമ്മളെ പിടിച്ചു ജയിലിലിടുന്നു. ഏതൊരു ദയനീയഘട്ടത്തിലാണ് ഞാൻ കളവുകുറ്റം ചെയ്തതെന്നു ഇന്നലെ പറഞ്ഞുവല്ലൊ.
ക്രിമിനൽ തടവുകാരൻ:
അതെ! ഇന്നത്തെ സമുദായത്തിൽ വിശപ്പ് ഒരപരാധമാണ്. മുതലാളികളുടെയും ജന്മികളുടെയും അക്രമങ്ങൾക്കെതിരായി നമ്മൾ സംഘടിക്കുമ്പോഴെക്കും എന്തെല്ലാം കോപ്പിരാട്ടിത്തരങ്ങളാണ് അവർ കാട്ടിക്കൂട്ടുക. ഏതെല്ലാം തരത്തിലുള്ള അസംബന്ധങ്ങളും അപവാദങ്ങളുമാണവർ പറഞ്ഞു നടക്കുക!
കിട്ടുണ്ണി:
പിന്നെ, അക്കൂട്ടർക്കു പാവങ്ങളോടുള്ള അനുകമ്പ നോക്കണം! മുതലാളി തൊഴിലാളിയുടെ ചെകിടത്തടിക്കുമ്പോഴും കുട കൊണ്ടടിച്ചു തലയിൽനിന്നു ചോര ഒലിപ്പിക്കുമ്പോഴും നിർദ്ദയമായി ചവിട്ടിത്തേക്കുമ്പോഴും കൂലി കുറച്ചും മറ്റും പട്ടിണിയിട്ടു നരകിപ്പിക്കുമ്പോഴും കൈവിരലനക്കാത്ത ആ അഹിംസാഭക്തന്മാർ പട്ടിണിക്കൊരറുതിയുണ്ടാവാൻ വേണ്ടി നമ്മൾ ന്യായമായി പ്രക്ഷോഭം കൂട്ടുമ്പോൾ നമ്മളെ ആക്ഷേപിക്കുന്നു. നടത്താൻ നിർബന്ധിതരായിത്തീരുമ്പോൾ പരസ്യമായി ആ പകൽക്കൊള്ളക്കാരെ സഹായിക്കുന്നു. നമ്മളെപ്പിടിച്ചു ജയിലിലിടാൻ അവരൊത്തു നിൽക്കുന്നു. മുഹമ്മതിനെത്തന്നെ സ്ട്രൈക്കിലേർപ്പെട്ടതിനല്ലെ അറസ്റ്റ് ചെയ്തത്?
മുഹമ്മത്:
സമാധാനം പുലർത്താനാണെന്ന കള്ള നാട്യത്തിൽ പോലീസും മർദ്ദകവർഗ്ഗക്കാരെയാണ് സഹായിക്കുന്നതും.
കിട്ടുണ്ണി:
എന്താണിതിനെല്ലാമൊരു നിവൃത്തി.
മുഹമ്മത്:
എന്റെ അഭിപ്രായത്തിൽ ഈ മർദ്ദനത്തിൽ നിന്നെല്ലാം രക്ഷ നേടാൻ ഒരൊറ്റ നിവൃത്തിയേയുള്ളു. ഇന്നു എല്ലാ അധികാരങ്ങളും ധനികവർഗ്ഗക്കാർക്കു മാത്രമാണ്. ആ അധികാരങ്ങളും, ആ ഭരണകൂടവും നമ്മൾ തൊഴിലാളികളും കൃഷിക്കാരും, ഇടത്തരക്കാരും കൂടി സംഘടിച്ചു പ്രക്ഷോഭം നടത്തി പിടിച്ചെടുക്കണം.
ക്രിമിനൽ തടവുകാരൻ:
അതത്ര എളുപ്പമുള്ള കാര്യമാണോ?
മുഹമ്മത്:
അല്ല; എളുപ്പമുള്ള കാര്യമല്ല; മുതലാളിവർഗ്ഗത്തിന്റെ കയ്യിൽനിന്നു അധികാരം പിടിച്ചെടുക്കാൻ വേണ്ടി എന്തു കഷ്ടപ്പാടും സഹിക്കാൻ നമ്മൾ തയ്യാറാവേണ്ടി വരും.
ക്രിമിനൽ തടവുകാരൻ:
ജയിലിൽനിന്നു പുറത്തു കടന്നാൽ പിന്നെ നമ്മളെന്താണ് ചെയ്യേണ്ടതെന്നു പറയൂ.
മുഹമ്മത്:
മുതലാളികളുടെയും ജന്മികളുടെയും ഉപദ്രവങ്ങളോടെതിരിടുവാൻ ഓരോ സ്ഥലത്തും തൊഴിലാളി സംഘങ്ങളും കർഷകസംഘങ്ങളും വളർന്നു വരണം. പട്ടണത്തിന്റെ ഓരോ തെരുവിലും മുതലാളിത്വത്തിന്ന് എതിരായുള്ള പ്രക്ഷോഭപ്രദർശനങ്ങൾ നടക്കണം. ഗ്രാമത്തിന്റെ ഓരോ മൂലയും ജന്മിക്കും മുതലാളിക്കും എതിരായുള്ള പ്രക്ഷോഭകേന്ദ്രമായിത്തീരണം. വിദ്യാർത്ഥികളുടേയും തൊഴിലാളികളുടേയും, തൊഴിലില്ലാത്തവരുടേയും സംഘടനാപ്രവൃത്തികൾ ഓരോ സ്ഥലത്തും പടർന്നു പിടിക്കണം. ഒരുറച്ച രാഷ്ട്രീയ പാർട്ടിയുടെ കീഴിൽ നിന്നു സമരം ചെയ്യുന്ന നമ്മുടെ വിപ്ലവകാഹളം കേട്ട് മർദ്ദകവർഗ്ഗം വിറക്കണം. ഇതൊക്കെയാണ് ആദ്യമായി ചെയ്യേണ്ടിയിരിക്കുന്നത്.
കിട്ടുണ്ണി:
ഇത്തരം പ്രവൃത്തികളെല്ലാം ഇപ്പോൾത്തന്നെ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. അവയെ ശരിയായ വഴിയ്ക്കു മുന്നോട്ടു കൊണ്ടുപോവുക മാത്രമെ ഇനി ചെയ്യേണ്ടതുള്ളു.
മുഹമ്മത്:
ഒരു കാര്യം എപ്പോഴും ഓർമ്മ വെക്കണം. നമ്മുടെ സംഘടനാപ്രവൃത്തികളുടെ ശക്തി കുറയ്ക്കാൻ വേണ്ടി മുതലാളികളും അവരുടെ ഏജന്റുമാരും കഴിയുന്നതെല്ലാം ചെയ്തുനോക്കും. എന്നാൽ അത്തരം ശക്തികളോടെല്ലാം വേണ്ടിവന്നാൽ ഒരു സ്വാതന്ത്ര്യസമരം തന്നെ നടത്തുവാനും നാം തയ്യാറായിരിക്കേണ്ടതാണ്.
കിട്ടുണ്ണി:
അതെ, ഇതിനോടെല്ലാം എതിരിട്ടു കൊണ്ടുവേണം നമ്മൾ മുന്നോട്ടു പോകാൻ.
മുഹമ്മത്:
മർദ്ദകവർഗ്ഗക്കാരിൽനിന്നു അധികാരം പിടിച്ചെടുക്കുന്നതുവരെ നമ്മൾ അടങ്ങിയിരിക്കരുത്.

(വാർഡർ പ്രവേശിച്ചു) ഹുങ്ങ്, ഞായം പറഞ്ഞു കൊണ്ടിരിക്ക്ാണ്! എവിടെ പിരിച്ച കയറെല്ലാം? ഇങ്ങിനെയാണെങ്കിൽ എല്ലാറ്റിനേയും പിടിച്ചു സിങ്കിൾ സെല്ലിലിടും. ഓർമ്മ വെച്ചോളിൻ.

-കർട്ടൻ

രംഗം 14

സ്ഥലം: വ്യഭിചാരശാല. സമയം 5 മണി

കിട്ടുണ്ണിയും കുഞ്ഞിമാളുവും

കിട്ടുണ്ണി:
പറ, സത്യം പറ, നീ എങ്ങിനെയാണ് ഇവിടെ ജീവിക്കുന്നത്?

(കുഞ്ഞിമാളു മുഖം പൊത്തി കരയുന്നു)

കിട്ടുണ്ണി:
(കൂടുതൽ ക്രോധത്തോടെ) പറ നേരുപറ, നീ എങ്ങിനെയാണ് ഇവിടെ ജീവിക്കുന്നത്?

(കുഞ്ഞിമാളു നിശബ്ദമായി നിൽക്കുന്നു)

കിട്ടുണ്ണി:
അപ്പോൾ ഞാൻ കേട്ടതു ശരിയാണ്. ഏതൊരു അനുജത്തിയുടെ മാനമര്യാദകളെ ഞാൻ എല്ലാറ്റിനും ഉപരിയായികരുതിയിരുന്നുവോ ആ സഹോദരി-ആ സഹോദരി-ഛീ! സഹോദരിയല്ല, കുലട… ഇത്ര വലിയൊരപമാനം എനിക്കിതുവരെയുണ്ടായിട്ടില്ല…
കുഞ്ഞിമാളു:
ഏട്ടാ, ഞാൻ കുലടയാണ്, ഞാൻ വ്യഭിചാരിണിയാണ്, ഞാൻ മാനം വിറ്റവളാണ്, ഞാൻ എല്ലാമാണ്! പക്ഷേ, ഇങ്ങോട്ടു നോക്കൂ. എനിക്കും കരയാനറിയാം. എന്റെ കണ്ണിലും വെള്ളം നിറയാറുണ്ട്. ഏട്ടാ!…

(കിട്ടുണ്ണിയുടെ അടുത്തേക്കു ചെല്ലുന്നു)

കിട്ടുണ്ണി:
ഛീ! വിട്ടുനിൽക്ക്. കരയാനറിയാം! തേവിടിശ്ശികൾക്കു ചിരിയ്ക്കാൻ മാത്രമല്ല, കരയാനുമറിയാം! അതു ഞാൻ മനസ്സിലാക്കിയിരുന്നില്ല!
കുഞ്ഞിമാളു:
ഏട്ടൻ എന്തു വേണമെങ്കിലും പറഞ്ഞോളു. എന്റെ മുഖത്തേയ്ക്കൊന്നു നോക്കിയാൽ മതി.
കിട്ടുണ്ണി:
ഞാൻ ജേഷ്ഠനല്ല!… മാനം വിറ്റ കുലട!
കുഞ്ഞിമാളു:
ഹായ് ! ഞാൻ ഇതും അനുഭവിക്കേണ്ടവളായിരിക്കാം. ഈ ക്രൂരമായ സമുദായത്തിൽ, വിശപ്പടക്കാൻവേണ്ടി ശരീരം വിൽക്കേണ്ടിവരുന്ന ഇന്നത്തെ ഈ നീചമായ സമുദായത്തിൽ, ജേഷ്ഠനും അനുജത്തിയും തമ്മിലുള്ള ബന്ധംപോലും നില നിൽക്കില്ല. ആവട്ടെ, കുഞ്ഞിമാളുവിന്ന്,—ദാരിദ്ര്യംകൊണ്ട് അമ്മയെ കളഞ്ഞ്, അനുജന്നുവേണ്ടി മാനംവിറ്റ്, ജ്യേഷ്ഠന്റെ നിന്ദയ്ക്കുകൂടി പാത്രമായിക്കഴിഞ്ഞ ഈ തേവിടിശ്ശിക്ക്—ഇനിയെന്താണു ചെയ്യേണ്ടതെന്ന് അസ്സലായിട്ടറിയാം. പക്ഷേ, ഒരു കാര്യം ഏട്ടൻ മനസ്സിലാക്കേണ്ടതായിരുന്നു. എനിയ്ക്കു വേണ്ടിയല്ല ഞാനീ നീചപ്രവൃത്തി ചെയ്തത്.
കിട്ടുണ്ണി:
(കുഞ്ഞിമാളുവിന്റെ മുഖത്തേയ്ക്കു തുറിച്ചു നോക്കികൊണ്ടു) നിനക്കു വേണ്ടിയല്ല, പിന്നെ ആർക്കുവേണ്ടിയാണ്?
കുഞ്ഞിമാളു:
ആർക്കുവേണ്ടിയെന്നോ? പറയാം. എന്റെ അനുജന്നുവേണ്ടി, എന്റെ പ്രിയപ്പെട്ട അനുജന്നുവേണ്ടി… ഏട്ടൻ ആർക്കുവേണ്ടിയാണ് അന്നു മോഷണം നടത്തിയത്? ആർക്കുവേണ്ടിയാണ് ഏട്ടൻ ജെയിലിൽ കിടന്നു കഷ്ടപ്പെട്ടത്?
കിട്ടുണ്ണി:
എന്റെ അമ്മയ്ക്കുവേണ്ടി, എന്റെ അനുജത്തിക്കുവേണ്ടി, എന്റെ അനുജനുവേണ്ടി.
കുഞ്ഞിമാളു:
അതേ, ഏട്ടാ, കഷ്ടപ്പെടുന്ന കുടുംബത്തെ രക്ഷിക്കാൻവേണ്ടി ഏട്ടന്റെ അനുജത്തി മാനം വിറ്റു!
കിട്ടുണ്ണി:
കുഞ്ഞിമാളു!
കുഞ്ഞിമാളു:
ഏട്ടാ, നമ്മളുടെ പ്രിയപ്പെട്ട അമ്മ യാതൊരു ഗതിയുമില്ലാതെ, നിരത്തിന്റെ വക്കത്തു കിടന്ന്, മരുന്നു കിട്ടാതെ, കഞ്ഞിവെള്ളംപ്പോലും കിട്ടാതെ, എങ്ങിനെ മരിച്ചുവെന്ന് എട്ടനറിഞ്ഞിരുന്നുവെങ്കിൽ…

(കണ്ണിൽ വെള്ളം നിറയുന്നു)

ബാലൻ:
(ബാലൻ പ്രവേശിക്കുന്നു) ആര് ഏട്ടനോ:

(കിട്ടുണ്ണിയെ കെട്ടിപ്പിടിയ്ക്കുന്നു. പലവിധം സ്തോഭങ്ങളോടുകൂടി മൂന്നുപേരും നിശ്ശബ്ദരായി നൽക്കുന്നു.)

കിട്ടുണ്ണി:
എന്റെ അമ്മ, എന്റെ പ്രിയപ്പെട്ട അമ്മേ…!
ബാലൻ:
ഏട്ടാ, നമ്മുടെ അമ്മ മരിച്ചുപോയി; മരിച്ചുപോയി!
കുഞ്ഞിമാളു:
ഏട്ടാ, അമ്മ മരിച്ചു എന്നല്ല പറയേണ്ടത്. ആ ജന്മി, ആ ദുഷ്ടൻ, ആ കൊടുംക്രൂരൻ അമ്മയെ കൊന്നു എന്നു പറയണം!
കിട്ടുണ്ണി:
അതെ, കൊല്ലുക എന്നുതന്നെയാണ് പറയേണ്ടത്, പാട്ടബാക്കിയ്ക്കെന്നും പറഞ്ഞ് നമ്മൾ ജനിച്ചുവളർന്ന വീട്ടിൽനിന്നു നമ്മളെ ആട്ടിയോടിയ്ക്കുക; പാട്ടബാക്കിയെന്നും പറഞ്ഞു നമ്മളുണ്ടാക്കിയ നെല്ലു മുഴുവനും പിടിച്ചുപറിയ്ക്കുക; പാട്ടബാക്കിയെന്നും പറഞ്ഞു യാതൊരു ഗതിയുമില്ലാതെ നിരത്തുവക്കത്തു കിടന്നുചാവാൻ വിടുക—ഇതിന്നു കൊല്ലുക എന്നുതന്നെയാണ് പറയേണ്ടത്.
കുഞ്ഞിമാളു:
ഇത്തരം ജന്മികളുടെ അക്രമണങ്ങൾ കൊണ്ടാണ് നമ്മളേപ്പോലെയുള്ളവർക്കു കക്കേണ്ടിവരുന്നത്; വ്യഭിചരിയ്ക്കേണ്ടിവരുന്നത്.
ബാലൻ:
ഏട്ടാ, ദോക്കു, ഏട്ടത്തി ഇനിയ്ക്കു കുപ്പായം തുന്നിച്ചുതന്നു!
കിട്ടുണ്ണി:
അതേ, ഈ ക്രൂരമായ സമുദായത്തിൽ, മുതലാളികളുടേയും അവരുടെ കിങ്കരന്മാരുടേയും ഉപദ്രവം കൊണ്ട്, മർദ്ദനം കൊണ്ട്, അനേകം ജനങ്ങൾക്ക് പട്ടിണി കിടക്കേണ്ടിവരുന്ന ഇന്നത്തെ സമുദായത്തിൽ, കളവും വ്യഭിചാരവും പാപമല്ല!… കുഞ്ഞിമാളു, ദാരിദ്ര്യമാണ് മനുഷ്യനെക്കൊണ്ട് മോഷണം നടത്തിക്കുന്നത്. മോഷണവും വ്യഭിചാരവും ഇല്ലാതാവണമെങ്കിൽ ദാരിദ്ര്യം നശിക്കണം. ദാരിദ്ര്യംനശിക്കണമെങ്കിലോ ഇന്നത്തെ ഭരണസമ്പ്രദായം മാറണം.
കുഞ്ഞിമാളു:
മാറണം, പക്ഷേ, എങ്ങിനെ?
കിട്ടുണ്ണി:
കുഞ്ഞിമാളു, നമുക്കീ സമുദായത്തോടു പകരം ചോദിക്കണം. ഈ സമുദായസംഘടനയെ നമുക്കൊന്നുടച്ചു വാർക്കണം.
കുഞ്ഞിമാളു:
പകരം ചോദിക്കണം! ഉടച്ചു വാർക്കണം! പക്ഷേ, എങ്ങിനെ?
കിട്ടുണ്ണി:
എങ്ങിനെയെന്നു ഞാൻ പറഞ്ഞു തരാം. വരൂ.

-കർട്ടൻ

ശുഭം

‘പാട്ടബാക്കി’യെപ്പറ്റി

കൊല്ലം 1937. ഗുരുവായൂരിൽനിന്ന് അഞ്ചാറുനാഴിക വടക്ക് വൈലത്തൂർ എന്ന സ്ഥലത്തുവെച്ച് പൊന്നാനി താലൂക്ക് കർഷകസമ്മേളനം നടക്കാൻ പോവുകയാണ്. പ്രാരംഭപ്രവർത്തനങ്ങൾക്കുവേണ്ടി വന്നു ചേർന്ന നേതാക്കന്മാർ കടലായി മനയ്ക്കലിരുന്നുകൊണ്ട് സമ്മേളനം വിജയിപ്പിക്കേണ്ടതെങ്ങിനെയെന്നതിനെപ്പറ്റി കൂടിയാലോചനകൾ നടത്തുകയാണ്. ഞാനൊരഭിപ്രായമെടുത്തിട്ടു: “ഒരു നാടകമോ മറ്റെന്തെങ്കിലും കലാപരിപാടികളോ ഉണ്ടെങ്കിൽ കൂടുതൽ കൃഷിക്കാരെ ആകർഷിക്കാൻ കഴിയും.”

ഇ. എം. എസ്സ്. നമ്പൂതിരിപ്പാട് പറഞ്ഞു:
“ശരിയാണ്. നാടകമുണ്ടെന്നറിഞ്ഞാൽ സമ്മേളനത്തിൽ കൂടുതൽ ആളുകൾ പങ്കെടുക്കും. എന്തെങ്കിലും നാടകമായാൽപ്പോര. കൃഷിക്കാരുടെ ജീവിതം ചിത്രീകരിക്കുന്ന നാടകമാവണം. പക്ഷേ, അത്തരമൊരു നാടകം മലയാളത്തിലാരും ഇതേവരെ എഴുതിയിട്ടില്ല. പ്രായോഗികമായ വല്ല നിർദ്ദേശങ്ങളുമുണ്ടോ?”
എന്നിട്ട് എന്റെ നേർക്ക് തിരിഞ്ഞുകൊണ്ടു ചോദിച്ചു:
തനിക്കൊരു നാടകമെഴുതിക്കൂടേ?”

നിശ്ശബ്ദത… എല്ലാവരും എന്റെ നേരെ നോക്കുന്നു.

ഞാൻ പറഞ്ഞു:
“ശ്രമിച്ചുനോക്കാം.”
ഇ. എം. എസ്സ്:
“നോക്കുമെന്നു പറഞ്ഞാൽപ്പോരാ. ഇനി ഒരാഴ്ചയേയുള്ളു.”
ഞാൻ:
“ശരി എഴുതാം.”
ആരോ ചോദിച്ചു:
“നാടകമെഴുതലും റിഹേഴ്സലും എല്ലാം ഒരാഴ്ചക്കുള്ളിൽ കഴിയുമോ?”
കൊടമന നാരായണൻനായരാണ് മറുപടി പറഞ്ഞതു്:
വേണമെങ്കിൽ കഴിയും. ദാമോദരൻ ഏറ്റുകഴിഞ്ഞില്ലേ? ഇനി സമ്മേളനത്തിനു നാടകമുണ്ടാവുമെന്ന് നല്ലപ്രചാരം ചെയ്യുകയാണ് വേണ്ടത്.
എന്റെ മനസ്സു മന്ത്രിച്ചു:
“കഴിയുമോ ഏല്ക്കേണ്ടിയിരുന്നില്ല.”

പക്ഷേ, ഏറ്റുപോയി.

അതിനു മുമ്പൊരിക്കലും ഞാനൊരു നാടകമെഴുതിയിട്ടില്ല. കവിതകളെഴുതിയിട്ടുണ്ടു്. ചെറുകഥകളെഴുതിയിട്ടുണ്ടു്. 1934–35 കാലത്തു് ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിലും മറ്റുമെഴുതിയ പല ചെറുകഥകളുടെ ഒരു സമാഹാരം ‘കണ്ണുനീർ’ എന്ന പേരിൽ 1936-ൽ പ്രസിദ്ധം ചെയ്തുകഴിഞ്ഞിരുന്നു. പക്ഷേ, നാടകമെഴുതാൻ പറ്റുമോ?

മലയാളനാടകത്തിന്റെ രൂപത്തിലും ഭാവത്തിലും വലിയൊരു മാറ്റമുണ്ടായിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. സംഗീതനാടകങ്ങളുടെ വേലിയേറ്റത്തിനെതിരായി ഒരു പ്രക്ഷോഭം തന്നെ നടന്നിരുന്നു. 1930-ലോ 1931-ലോ മഹാകവി വള്ളത്തോൾ ചെയ്ത ഒരു പ്രസംഗം എനിയ്ക്കിപ്പോഴും ഓർമ്മയുണ്ടു്. രംഗത്തിൽവെച്ചു് നായികാനായകന്മാർ കർണ്ണാടകസംഗീതത്തിൽ പ്രേമസംഭാഷണങ്ങൾ നടത്തുകയും ഇടയ്ക്കിടയ്ക്കു് ഹാർമ്മോണിയക്കാരനുമായി മത്സരത്തിലേർപ്പെടുകയും ചെയ്യുന്ന സമ്പ്രാദയത്തെ കളിയാക്കിക്കൊണ്ടു് അദ്ദേഹം പറഞ്ഞു: “പാട്ടുവേണമെങ്കിൽ പാട്ടുകച്ചേരി നടത്താം. നൃത്തം വേണമെങ്കിൽ നൃത്തപരിപാടികൾ നടത്താം. നാടകത്തിൽ പാട്ടും നൃത്തവും വേണ്ട. പാട്ടും നൃത്തവും കുത്തിച്ചെലുത്തിയാൽ നാടകം നാടകമല്ലാതാവും.”

ഹിന്ദിയിലും ബങ്കാളിയിലും ഇംഗ്ലീഷിലുമുള്ള ചില നാടകങ്ങൾ മലയാളത്തിലേക്കു് കടന്നുവരുന്നതു് അക്കാലത്താണു്. പി. കുഞ്ഞിരാമൻനായർ ദ്വിജേന്ദ്രലാൽറായിയുടെ ചില നാടകങ്ങൾ തർജ്ജമ ചെയ്തു. ഏ. ബാലകൃഷ്ണപിള്ളയാണു് ഇബ്സന്റെ ചുവടുപിടിച്ചുകൊണ്ടു് എൻ കൃഷ്ണപിള്ള എഴുതിയ നാടകങ്ങൾക്കും കൈനിക്കര പത്മനാഭപിള്ള മുതലായ മറ്റു ചില സാഹിത്യകാരന്മാർ രചിച്ച ഗദ്യനാടകങ്ങൾക്കും ധാരാളം പ്രചാരം ലഭിച്ചു. ആ നാടകങ്ങളിൽ മിക്കവയും ഇടത്തരക്കാരുടെ കുടുംബജീവിതത്തിലെ വൈരുദ്ധ്യങ്ങളെയും വിവാഹജീവിതത്തിലെ പൊരുത്തക്കേടുകളേയും വ്യക്തികളുടെ മാനസികസംഘട്ടനങ്ങളെയും ചിത്രീകരിക്കുന്നവയായിരുന്നു.

സാമൂഹ്യപരിഷ്ക്കരണപരിപാടികൾക്കു് നാടകസങ്കേതമുപയോഗിക്കാൻ കഴിയുമെന്നു് കാണിച്ചുതന്നതു് വി. ടി ഭട്ടതിരിപ്പാടും. എം. ആർ. ബി. യുമാണു്. അവരുടെ നാടകങ്ങൾ യാഥാസ്ഥിതികത്വത്തിന്റെ നേർക്കുള്ള കനത്ത പ്രഹരങ്ങളായിരുന്നു. നമ്പൂതിരി സമുദായത്തിൽ പ്രത്യേകിച്ചും അവ വലിയൊരു കോളിളക്കം തന്നെ സൃഷ്ടിച്ചു. വി. ടി. യുടെ ‘അടുക്കളയിൽനിന്നും അരങ്ങത്തേയ്ക്കു്’ എന്ന നാടകം ഞാനാദ്യമായി കണ്ടതു് 1933-ലാണു്. അതിലെ ഉള്ളിൽ തട്ടുന്ന ചില രംഗങ്ങൾ 1937 ആയിട്ടും എന്റെ മനസ്സിൽനിന്നു മാഞ്ഞുപോയിട്ടുണ്ടായിരുന്നില്ല.

പക്ഷേ, കർഷകപ്രക്ഷോഭങ്ങൾക്കു പ്രചോദനം നൽകാൻ പറ്റിയ ഒരു നാടകമെഴുതാൻ എനിയ്ക്കു സാധിയ്ക്കുമോ?

ആലോചിച്ചിരിക്കാൻ സമയമുണ്ടായിരുന്നില്ല. കടലായിമനയ്ക്കലെ ആതിഥേയൻ നമ്പൂതിരി, ഒരു ബൌണ്ടുബുക്കുമായി വന്നു: “എന്നാൽ തുടങ്ങാം. ആ മുറിയിൽ പോയി ഇരിക്കാം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി.”

രണ്ടു ദിവസംകൊണ്ടു നാടകമെഴുതിത്തീർത്തു. പിന്നെ വേണ്ടതു് റിഹേഴ്സലാണു്. സംവിധായകന്റെ ജോലിയും ഞാൻ തന്നെ ഏറ്റെടുത്തു. ചെറുപ്പക്കാരായ ചില പ്രവർത്തകരെയും പണിക്കാരെയും വിളിച്ചിരുത്തി വേഷം കെട്ടേണ്ടവരാരെല്ലാമെന്നു തീരുമാനിച്ചു. നോട്ടുപുസ്തകത്തിലെഴുതിവെച്ചതു് ചീന്തിയെടുത്തു വിതരണം ചെയ്തു. ഒരു ഭാഗം ഞാനുമെടുത്തു. മൂന്നു ദിവസത്തെ റിഹേഴ്സൽ. കർട്ടനും മറ്റു സാമഗ്രികളും സമ്പാദിച്ചു. സമ്മേളനത്തിൽ ഞാനും ഒരു പ്രാസംഗികനായിരുന്നു. പ്രസംഗം കഴിഞ്ഞയുടനെ അണിയറക്കുള്ളിൽചെന്നു വേഷം കെട്ടി. മറ്റുള്ളവരുടെ വേഷം പരിശോധിച്ചു. പ്രസംഗങ്ങളെല്ലാം കഴിഞ്ഞപ്പോഴേയ്ക്കും ഞങ്ങൾ തയ്യാറായി. അങ്ങിനെ ‘പാട്ടബാക്കി’യുടെ അരങ്ങേറ്റം കഴിഞ്ഞു.

നാടകമവസാനിച്ചയുടനെ പ്രവർത്തകർ എന്റെ ചുറ്റുംകൂടി. “നാടകം അസ്സലായി.’ ‘ഗംഭീരമായി’ ‘കാണിൾക്കിഷ്ടമായി’ ഇ. എം. എസ്സ്. അഭിപ്രായപ്പെട്ടു: “നമുക്കൊരു കാര്യം ചെയ്യണം. മറ്റു താലൂക്കുകളിലും ഈ നാടകം കളിക്കണം.”

അപ്പോളാണ് നാടകത്തിന്റെ കോപ്പി എന്റെ കയ്യിലില്ലെന്നോർമ്മ വന്നത്. നോട്ടുപുസ്തകത്തിൽനിന്നു് പലർക്കുമായി ചീന്തിക്കൊടുത്ത കടലാസ്സുകഷ്ണങ്ങൾ മടക്കിവാങ്ങി. നാടകമാകെ മാറ്റിയെഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പിലേയ്ക്കു് അയച്ചുകൊടുത്തു. ആഴ്ചപതിപ്പിന്റെ മൂന്നു ലക്കങ്ങളിലായി അതു് പ്രസിദ്ധം ചെയ്യപ്പെട്ടു.

‘പാട്ടബാക്കി’ എഴുതിയപ്പോളാകട്ടെ, അഭിനയിച്ചപ്പോളാകട്ടെ, ‘മാതൃഭൂമി’യിൽ പ്രസിദ്ധം ചെയ്തപ്പോളാകട്ടെ, അതു മലയാളനാടകസാഹിത്യത്തിലെ ഒരു നാഴികക്കല്ലായും പുതിയൊരു നാടകപ്രസ്ഥാനത്തിന്റെ തുടക്കമായും വാഴ്ത്തപ്പെടുമെന്നു് ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, വെറും പ്രചാരവേലയ്ക്കുവേണ്ടി പെട്ടെന്നെഴുതിയുണ്ടാക്കിയ ആ നാടകത്തിന്നു് പ്രതീക്ഷിച്ചതിലും എത്രയോ അധികം അനുമോദനങ്ങളും പ്രശംസകളുമാണ് ലഭിച്ചത്. ഏ. ബാലകൃഷ്ണപിളള ‘കടത്തുവഞ്ചി’യുടെ അവതാരികയിൽ പുരോഗമനസാഹിത്യത്തിന്റെ ഒരുത്തമമാതൃകയായി ‘പാട്ടബാക്കി’യെ ഉയർത്തിക്കാട്ടി. ‘മലയാളസാഹിത്യചരിത്ര’ ത്തിൽ ശ്രീ. പി. കെ പരമേശ്വരൻനായർ വി. ടി. യുടേയും എം. പി. ഭട്ടതിരിപ്പാടിന്റെയും നാടകങ്ങളെപ്പറ്റി പ്രതിപാദിച്ചതിന്നുശേഷം ‘പാട്ടബാക്കിയെ’പ്പറ്റി എഴുതിയതിങ്ങനെയാണ്:

“സാമൂഹ്യവിമർശപരങ്ങളായ നാടകങ്ങളിൽനിന്നു രാഷ്ട്രീയനാടകങ്ങളിലേയ്ക്കുള്ള മാറ്റമാണ് അടുത്തഘട്ടം. ഇന്ത്യൻ ദേശീയസമരം അധികാരശക്തികളെ ചെറുക്കുന്നതിനും ചോദ്യം ചെയ്യുന്നതിനും ഉള്ള ഒരു പ്രവണത പൊതുവെ പരത്തിയതോടുകൂടിത്തന്നെ ജന്മികുടിയാൻ സംഘട്ടനത്തിന്റെ തീവ്രതയും വർദ്ധിച്ചു. അങ്ങിനെയുള്ള സാഹചര്യങ്ങളിലാണ് കെ. ദാമോദരന്റെ ‘പാട്ടബാക്കി’ യെന്ന നാടകത്തിന്റെ ആവിർഭാവം… ദാരിദ്ര്യവും പരാധീനതയുമാണ് അസ്സന്മാർഗികതകൾക്കു പ്രേരണ നല്കുന്നതെന്നും സമത്വസുന്ദരമായ ഒരു സാമൂഹ്യവ്യവസ്ഥിതികൊണ്ടല്ലാതെ സദാചാരവും സാമൂഹ്യക്ഷേമവും പുലരുകയില്ലെന്നും വർഗ്ഗസമരംകൊണ്ടേ മൌലികമായ സാമൂഹ്യപരിവർത്തനം ഉണ്ടാകൂ എന്നുമുള്ള ആശയങ്ങൾ സ്ഥാപിക്കുകയാണ് നാടകത്തിന്റെ ഉദ്ദേശം. കഥാഘടന വിശ്വസനീയവും കലാസുന്ദരവുമായരീതിയിൽ നിർവഹിച്ചിട്ടുണ്ട്. സാധാരണക്കാരന്റെ ജീവിതത്തിൽനിന്നു് അടർത്തിയെടുത്ത ഒരേടാണ് അത്. അതിനാൽ അതു് സാമാന്യജനങ്ങൾക്കു് വ്യക്തമായി മനസ്സിലാക്കിയെടുക്കാൻ പ്രയാസമില്ല. അതിലെ സംഘട്ടനം അവരെ ആവേശം കൊള്ളിക്കുകയും ചെയ്യും.” (മലയാളസാഹിത്യചരിത്രം, പേജ്, 165–166)

‘ഉയരുന്ന യവനിക’യിൽ സി. ജെ. തോമസ് ‘പാട്ടബാക്കി’ യിലെ കഥ ചുരുക്കി വിവരിച്ചതിനു ശേഷം ഇങ്ങിനെ എഴുതി:

“ഈ നാടകത്തിലെ കഥാവസ്തുവിനു് ചില വിശിഷ്ടഗുണങ്ങൾ ഉണ്ട്. കഥയ്ക്കു് ഒട്ടും തന്നെ അസംഭവ്യതയില്ല. അതിലെ സംഭവങ്ങൾ എല്ലാം സാധാരണജീവിതത്തിൽ നിന്നെടുത്തതാണു്. അതുകൊണ്ടുതന്നെ ആ സംഘട്ടനങ്ങൾ സാധാരണക്കാരനു് എളുപ്പം മനസ്സിലാവുന്നതുമാണ്… ആദർശസുന്ദരമായ ഒരു ജീവിതം സാദ്ധ്യമാകണമെങ്കിൽ സാമുദായികവ്യവസ്ഥിതിക്കുതന്നെ മൌലികമായ ഒരു പരിവർത്തനമുണ്ടാകണം. ഈ ആശയം വ്യക്തമായും വിശ്വസനീയമായും ശ്രീ. ദാമോദരൻ ‘പാട്ടബാക്കി’യിൽ പ്രകടിപ്പിക്കുന്നുണ്ട്. “രാഷ്ട്രീയമായി നോക്കിയാൽ ‘പാട്ടബാക്കി’ യുടെ മെച്ചം അതിലെ ചിന്താഗതിയുടെ സത്യസ്ഥിതിയാണ്… കഥാഘടനയുടെ ലാളിത്യവും ഉള്ളടക്കത്തിന്റെ സത്യാവസ്ഥയും ‘പാട്ടബാക്കി’ യെ മലയാളത്തിലെ ഏറ്റവും വിജയകരമായ രാഷ്ട്രീയനാടകമാക്കിത്തീർക്കുന്നു. ഈ നാടകത്തിന്റെ നീണ്ട ചരിത്രവും ഈ അനുമാനത്തെ പിൻതാങ്ങുന്നുണ്ട്. മലബാറിലെ കർഷകപ്രസ്ഥാനത്തിൽ നിന്നും ഉടലെടുത്ത കലാസൃഷ്ടിയാണു്. ‘പാട്ടബാക്കി’. അതിലെ കഥയും രംഗങ്ങളും പാത്രങ്ങളുമെല്ലാം കർഷകജീവിതത്തിന്റെ പ്രതിഫലനം മാത്രമാണു്. കർഷകസമരത്തിലെ പങ്കാളിത്തമാണ് നാടകകൃത്തിനുണ്ടായ പ്രചോദനം. കിട്ടുണ്ണി എത്തിച്ചേരുന്ന തത്വം ശ്രീ. ദാമോദരന്റെ തലയിൽ മുളച്ചുണ്ടായതല്ല; കർഷകജനത അവരുടെ ദൈനംദിനജീവിതംകൊണ്ടു ചൂണ്ടിക്കാണിച്ചതാണു്. ഒരു ദിവസം ‘ഇൻസ്പിരേഷൻ വന്നു ശല്യമുണ്ടാക്കിയതുകൊണ്ടെഴുതിയതല്ല ‘പാട്ടബാക്കി’. ഇന്ത്യൻ ദേശീയപ്രസ്ഥാനം സാമാന്യജനതയുടെ ഇടയിലേയ്ക്കു പ്രചരിപ്പിക്കാൻ ഒരുങ്ങിയിറങ്ങിയ കുറേ യുവാക്കന്മാർക്കു് ഒരു പ്രതിബന്ധത്തെ നേരിടേണ്ടിവന്നു. യുഗങ്ങളായി അജ്ഞതയിലും അന്ധവിശ്വാസത്തിലും ആണ്ടുകിടക്കുന്ന ഒരു ജനതയുടെ നിസ്സഹായതാബോധമായിരുന്നു അത്. അവരെ ഉണർത്തിചിന്തിപ്പിക്കുക എന്നതു് ഭഗീരഥപ്രയത്നമായിരുന്നു. സ്വന്തം വർഗ്ഗതാല്പര്യങ്ങളുടെ ഭാഷയിൽമാത്രമേ അവർക്കു ദേശീയബോധം ഗ്രഹിക്കുവാൻ കഴിഞ്ഞിരുന്നുള്ളൂ. അതും സാധാരണ പ്രസംഗങ്ങളും ലഘുലേഖകളുംകൊണ്ടു നടത്തുക സാധ്യമായിരുന്നില്ല. ഇത്തരുണത്തിൽ കല ആ ജോലി ഏറ്റെടുത്തു. മലബാറിലെ എണ്ണമറ്റ ഗ്രമങ്ങളിൽ പാട്ടബാക്കി അഭിനയിക്കപ്പെട്ടു. നാടകകൃത്തും ശ്രീ എം. കെ. ഗോപാലൻ, സർദാർ ചന്ത്രോത്തു് മുതലായവരും നടന്മാരായിരുന്നുവെന്നു പറയുമ്പോൾത്തന്നെ ‘പാട്ടബാക്കി’ യുടെ രാഷ്ട്രീയകടമ വ്യക്തമാകുന്നുണ്ടല്ലോ. പത്തും പന്ത്രണ്ടും മൈലകലെനിന്നും പാട്ടബാക്കി കാണാൻ കൃഷിക്കാർ നടന്നെത്തുകയെന്നതു് ഒരു സാധാരണ സംഭവമായിരുന്നു. അഭിനയത്തിനിടയിൽ സദസ്യർ എഴുന്നേറ്റുനിന്നു് നീചപാത്രങ്ങളുടെ സംഭാഷണങ്ങൾക്കു ചുട്ട മറുപടി കൊടുക്കാറുണ്ടായിരുന്നുവെന്നതിൽ കവിഞ്ഞ് ഒരു നാടകത്തിനു് എന്തു വിജയമാണ് വേണ്ടത്? അഭിനയത്തിന്റെ അന്ത്യത്തിൽ രാഷ്ട്രീയ പ്രസംഗങ്ങളും സംഘടനാ പ്രവർത്തനങ്ങളും നടക്കാറുമുണ്ടായിരുന്നു. അതിനുള്ള പ്രചോദനമാണ് സദസ്യർക്കു നാടകത്തിൽനിന്നു കിട്ടിയിരുന്നത്. കരഞ്ഞു നശിക്കുന്ന ഒരു ജനതയല്ലാ പോരാടിജീവിക്കുന്ന ഒരു ജനതയെയാണ് ‘പാട്ടബാക്കി’ ചിത്രീകരിക്കുന്നത്. പ്രചരണമെന്നനിലയ്ക്കു് ഏറ്റവും വിജയകരമായ മലയാള രാഷ്ട്രീയനാടകമേതെന്നു ചോദിച്ചാൽ ‘പാട്ടബാക്കി’ എന്നു ഞാൻ ഉച്ചത്തിൽ വിളിച്ചു പറയും.”

(ഉയരുന്ന യവനിക, പേജ്, 85–89)

എസ്. ഗുപ്തൻ നായർ ഇയ്യിടെ എഴുതിയ ‘മലയാളസാഹിത്യവും വിപ്ലവചിന്തകളും’ എന്ന ലേഖനത്തിൽ ‘പാട്ടബാക്കി’ യ്ക്കു് ഒരു ചരിത്രരേഖയുടെ വിലമാത്രം കല്പിച്ചാൽ പോരാ എന്നു് അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹം എഴുതി: മലബാറിൽ അനേകം നാടകരംഗങ്ങളിൽ അതു് അഭിനയിക്കപ്പെട്ടു. സാഹിത്യത്തിലെന്നപോലെ സമൂഹത്തിലും ആ നാടകം കോളിളക്കമുണ്ടാക്കി. ജന്മിയും കുടിയാനും തമ്മിലുള്ള ബന്ധത്തെ ക്രൂരവും മനുഷ്യത്വഹീനവുമായ വശങ്ങളെപ്പറ്റി ആ നാടകം ഉൽബോധിപ്പിച്ചു.” (അർപ്പണം, ത്രൈമാസികം)

ഈ നിരൂപണങ്ങളിൽ നിന്നെല്ലാം മനസ്സിലാക്കേണ്ടതു് കലാപരമായി കുറ്റമറ്റ ഒരു കൃതിയാണ് ‘പാട്ടബാക്കി’ എന്നാണോ? കലാമൂല്യങ്ങൾ കൊണ്ടളന്നുനോക്കുമ്പോൾ ‘പാട്ടബാക്കി’ ഒരു പരിപൂർണ്ണ വിജയമാണെന്നു് പറയാമോ? ഇതിനെപ്പറ്റി വ്യത്യസ്തഭിപ്രായങ്ങളുണ്ട്. ‘പാട്ടബാക്കി’ യിലെ കഥാഘടന വിശ്വസനീയവും കലാസുന്ദരവുമാണെന്നു് മലയാളസാഹിത്യചരിത്രകാരന്മാർ പറയുമ്പോൾ “കലാപരമായി ഒരൊന്നാംതരം നാടകമെന്നു ‘പാട്ടബാക്കി’ യെപ്പറ്റി പറയാൻവയ്യ. കഥാപാത്രങ്ങൾ വ്യക്തികളെക്കാൾ ടൈപ്പുകളാണു്. ജന്മി അസ്സൽ വില്ലൻതന്നെ. എങ്കിലും ഉള്ളിൽ തറയ്ക്കുന്ന ചില രംഗങ്ങളുണ്ട് ‘പാട്ടബാക്കി’യിൽ എന്നാണ് ഗുപ്തൻനായർ അഭിപ്രായപ്പെടുന്നത്.

‘പാട്ടബാക്കി’യുടെ മേന്മയെപ്പറ്റി സവിസ്തരം പ്രതിപാദിച്ച സി. ജെ. തോമ്മസ്തന്നെ അതിലെ കലാപരമായ ദൌർബ്ബല്യങ്ങളുടെ നേർക്കും വിരൽചൂണ്ടുകയുണ്ടായി.

“ഉത്തമമായ നാടകങ്ങളുടെ വിജയം അന്തർഭവിച്ചിരിക്കുന്നതു് പാത്രങ്ങളുടെ മനസ്സിലെ സംഘട്ടനങ്ങളെ നാടകീയമായി ചിത്രീകരിക്കുന്നതിലാണു്. ആ നാടകത്തിൽ അത്തരം ഘട്ടങ്ങൾ മൂന്നാണു്. അവയിലൊന്നിലും തന്നെ സദസ്യരെ ശ്വാസംമുട്ടിയ്ക്കുന്ന രംഗങ്ങൾ ചിത്രീകരിക്കപ്പെട്ടിട്ടില്ല… ‘പാട്ടബാക്കി’ യിലെ പാത്രങ്ങൾക്കു് ആകെക്കൂടി ഒരു പന്തികേടുണ്ട്. അവയോട് നമുക്കു് അനുഭാവമോ, വെറുപ്പോ തോന്നിയെന്നുവരാം. പക്ഷേ, ഒരിയ്ക്കൽക്കൂടി അവരെ കാണണമെന്നാഗ്രഹമുണ്ടാവില്ല. പ്രചരണഭ്രമം മറ്റു ചില തെറ്റുകൾക്കു് കാരണമാകുന്നുണ്ട്. ചായപ്പീടികയിലെ സംഭാഷണത്തിൽ സോഷ്യലിസ്റ്റ് സമുദായത്തിൽ മാത്രമേ മനുഷ്യനു മനുഷ്യനായി ജീവിക്കാൻ സാധിക്കുകയുള്ളൂ എന്നു മുഹമ്മദു പറയുന്നു. പക്ഷേ, പറയുന്നതു് മുഹമ്മദല്ല: നാടകകൃത്തു തന്നെ രംഗത്തുവന്നു് പ്രസംഗിക്കുകയാണു്. കഥയുടെ ആ ഘട്ടത്തിൽ അത്രയ്ക്കൊന്നു പ്രസംഗിക്കാൻ മുഹമ്മദ് വളർന്നിട്ടില്ല. അഞ്ചാം രംഗത്തിലും പന്ത്രണ്ടാം രംഗത്തിലും കടന്നുകൂടിയിട്ടുള്ള ആത്മഗതങ്ങൾ ഇങ്ങനെ തന്നെ വന്നതാണെന്നു തോന്നുന്നു. അവ സംഭാഷണങ്ങളായി മാറ്റുവാൻ വിഷമമൊന്നുമില്ല.”

(ഉയരുന്ന യവനിക, പേജ്, 85–89)

പരമേശ്വരൻനായരുടെ അഭിപ്രായത്തോടല്ല, ഗുപ്തൻനായരുടേയും സി. ജെ യുടേയും വിമർശനങ്ങളോടാണ് എനിയ്ക്കു് യോജിപ്പ്. പക്ഷേ, ഒരു കാര്യം ഇവിടെ ചൂണ്ടിക്കാണിയ്ക്കേണ്ടതുണ്ട്: ആദ്യം മാതൃഭൂമിയിൽ പ്രസിദ്ധം ചെയ്തു. പിന്നീട് പുസ്തകരൂപത്തിൽ അച്ചടിച്ചിറക്കിയതുമായ നാടകം വായിക്കുമ്പോളുണ്ടാവുന്ന വിമർശനങ്ങളാണിവ: അഭിനയിക്കപ്പെട്ട നാടകത്തെപ്പറ്റിയുള്ള വിമർശനങ്ങളല്ല. അച്ചടിച്ചു പ്രസിദ്ധം ചെയ്ത നാടകവും അഭിനയിക്കപ്പെട്ട നാടകവും രണ്ടും ഒന്നല്ല. ആ വൈരുധ്യം എങ്ങിനെ സംഭവിച്ചു എന്നു് ചുരുക്കിപ്പറയാം.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘പാട്ടബാക്കി’ അച്ചടിച്ചു കണ്ടപ്പോൾ കോഴിക്കോട്ടെ പ്രവർത്തകന്മാർക്കു രസം പിടിച്ചു. കൂടുതൽ വിപുലമായ ഒരുക്കങ്ങളോടുകൂടി അതു കോഴിക്കോട്ടുവെച്ചു വീണ്ടു അഭിനയിക്കണമെന്ന ആവശ്യം പൊന്തിവന്നു. തൊഴിലാളികളുടെ ഇടയിൽ നിന്നുതന്നെ അഭിനയിക്കാൻ കഴിവുള്ളവർ മുന്നോട്ടുവന്നു. പ്രസ്സുതൊഴിലാളിയായ പെരച്ചുട്ടി കിട്ടുണ്ണിയാവും. നെയ്ത്തുതൊഴിലാളി യൂണിയൻ ജോയിൻറ് സെക്രട്ടറി കൃഷ്ണൻ നായർ രാമൻനായരുടെ കാര്യമെടുക്കാം. ശേഖരൻ അവറാൻ. ഏ. കെ. ഗോപാലൻ ഇൻസ്പെക്ടറാവട്ടെ. കുഞ്ഞിമാളുവിന്റെ പാർട്ടെടുക്കാൻ ആരാണ്? സ്ത്രീകളുടെ ഭാഗം അഭിനയിക്കുന്നതു് സ്ത്രീകൾ തന്നെയായാൽ കൂടുതൽ നന്നായിരിക്കുമെന്നു് ഞാനഭിപ്രായപ്പെട്ടു. ബാലന്റെ ഭാഗം അഭിനയിക്കുന്ന കുട്ടിയുടെ സഹോദരിയുണ്ട്. ഹൈസ്ക്കൂൾ പഠിത്തം പൂർത്തിയാവാറായി. ഞാൻ നേരിട്ടു പോയി ആ കുട്ടിയുടെ അമ്മയോടു സംസാരിച്ചാൽ കാര്യം ശരിപ്പെടുമെന്നു ശേഖരൻ പറഞ്ഞു. ഞാനും ശേഖരനുംകൂടി പോയി കാര്യം പറഞ്ഞപ്പോൾ അമ്മയ്ക്കു ശുണ്ഠിയും വ്യസനവും വന്നു. തന്റെ മകളെ നാടകക്കാരിയാക്കണമെന്ന്! ഹും! ഞാനും ശേഖരനും നിരാശരായി മടങ്ങി. ഇനിയെന്ത്? ഒരു കുഴപ്പവുമുണ്ടായില്ല. “മാതൃഭൂമിയിലെ കമ്പോസിറ്റർ നാരായണൻ കുഞ്ഞിമാളുവായി അഭിനയിക്കാൻ തയ്യാറായി. കുഞ്ഞിമാളുവിന്റെ അമ്മയോ അതിനുപറ്റിയ ആളില്ല. ഒടുവിൽ ഞാൻ തന്നെ ആ ഭാഗം ഏറ്റെടുക്കേണ്ടിവന്നു.

നാടകം നടന്നുകൊണ്ടിരുന്നപ്പോൾ കയ്യടിച്ചവരുടെ കൂട്ടത്തിൽ പി. കൃഷ്ണപിള്ളയുമുണ്ടായിരുന്നു. കളികഴിഞ്ഞ് കാണികൾ പിരിഞ്ഞുപോയതിനുശേഷം അദ്ദേഹം എന്നെ വിളിച്ചുപറഞ്ഞു: “ആകപ്പാടെ നന്നായിട്ടുണ്ട്. പക്ഷേ, ചില രംഗങ്ങൾ കുറച്ചുകൂടി നന്നാക്കാണം. ഉദാഹരണത്തിനു് ചായപ്പീടിക,. മുഹമ്മദിനെപ്പോലെ സംസ്കൃതത്തിൽ പ്രസംഗിക്കുന്ന ഏതെങ്കിലും തൊഴിലാളിയുടെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? താൻ പ്ലാറ്റ് ഫാറത്തിൽ കയറി പ്രസംഗിക്കുന്നതുപോലെയുണ്ട്. ഒരു കാര്യം ചെയ്താലെന്താണ്? ചായപ്പീടിക അതാതു് സന്ദർഭത്തിലെ രാഷ്ട്രീയ കാര്യങ്ങളെപ്പറ്റിയും അതാതു് സ്ഥലത്തെ മർദ്ദനങ്ങളെപ്പറ്റിയുമെല്ലാം സാധാരണ ജനങ്ങളുടെ ഭാഷയിൽ വാദപ്രതിവാദം നടത്തുന്ന ഒരു രംഗമാക്കിക്കൂടേ? അതുപോലെ…’

അരമണിക്കൂറിലധികം കൃഷ്ണപിള്ള നാടകത്തിന്റെ ദൌർബല്യങ്ങളെപ്പറ്റി ഗുണദോഷിച്ചു.

എം.പി. ഭട്ടതിരിപ്പാട്, പരിയാനംപറ്റ, കുത്തുള്ളി നമ്പൂതിരി, എം. എസ്. നമ്പൂതിരി തുടങ്ങിയ പല നടന്മാരും അഭിനയിക്കാൻ തുടങ്ങിയതോടെ നാടകത്തിന്റെ കെട്ടും മട്ടും മാറാൻ തുടങ്ങി. ഓരോ പ്രവശ്യം അഭിനയിക്കുമ്പോഴും പുതിയ പുതിയ പരീക്ഷണങ്ങളുണ്ടായി. അങ്ങിനെ കളിച്ച് കളിച്ച് നാടകം എന്റെ സ്വന്തമല്ലാതായി. അതൊരു കൂട്ടായ പരിശ്രമത്തിന്റെ ഫലമായിത്തീർന്നു. അതോടെ കലാപരമായും അതു് വളരെ മെച്ചപ്പെട്ടു. അതുകൊണ്ടാണ് അതു കൂടുതൽ കൂടുതൽ ജനങ്ങളെ ആകർഷിച്ചത്.

ഇങ്ങിനെ ഒട്ടനവധി ആളുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി രൂപാന്തരം പ്രാപിച്ച നാടകം പുതുക്കിയെഴുതി പുസ്തകരൂപത്തിൽ അച്ചടിക്കാനുള്ള ആലോചനകൾ തുടങ്ങി. പക്ഷേ, അപ്പോഴേക്കും രണ്ടാം ലോകമഹായുദ്ധം പുറപ്പെട്ടു. ഞാൻ അറസ്റ്റിലായി. അഞ്ചുകൊല്ലം നീണ്ടുനിന്ന തടവുശിക്ഷ കഴിഞ്ഞ് 1945-ന്റെ അവസാനത്തിൽ പുറത്തുവന്നപ്പോൾ രാജ്യമാകെ മാറിക്കഴിഞ്ഞിരുന്നു. ‘പാട്ടബാക്കി’ തിരുത്തിയെഴുതുന്നകാര്യം ഞാൻ ഏറെക്കുറെ വിസ്മരിച്ചുകഴിഞ്ഞിരുന്നു. അങ്ങിനെയിരിക്കുമ്പോഴാണ് 1946-ൽ തൃശ്ശൂരിലെ വി. എസ്. പ്രസ്സിന്റെ ഉടമസ്ഥൻ കോഴിക്കോട്ടുവന്നു ‘മാതൃഭൂമിയിൽ’ പണ്ട് പ്രസിദ്ധീകരിച്ച നാടകം പുസ്തകരൂപത്തിലാക്കാൻ അനുവാദം ചോദിച്ചത്. പണത്തിനു ബുദ്ധിമുട്ടുണ്ടായിരുന്നതുകൊണ്ട് ഞാനുടനെ സമ്മതം മൂളി.

പുസ്തകം വായിച്ചുകഴിഞ്ഞപ്പോളാണ് അബദ്ധം മനസ്സിലായത്. ഇതു നൂറുകണക്കിനുള്ള ഗ്രാമങ്ങളിലുള്ള, ആയിരക്കണക്കിനുള്ള കൃഷിക്കാരാർ കണ്ടാസ്വാദിച്ച നാടകമല്ല. കടലായി മനക്കൽ വെച്ചെഴുതിയ പഴയ നാടകമാണു്. എനിക്കല്പം ലജ്ജ തോന്നി. നാടകമാകെ മാറ്റിയെഴുതി ഒരു പുതിയ പതിപ്പ് അച്ചടിയ്ക്കാൻ പ്ലാനിട്ടു. അപ്പോഴേയ്ക്കും ഞാൻ വീണ്ടും അറസ്റ്റിലായി.

1950-ൽ ഞാൻ പരോളിൽനിന്നു ചാടിരക്ഷപ്പെട്ടു കൊടുങ്ങല്ലൂരിലെ ഒരു വീട്ടിൽ ഒളിവിൽ താമസിയ്ക്കുകയായിരുന്നു. അതിനിടയ്ക്കാണ് ടി. എൻ. നമ്പൂതിരിയുടേയും, പി ഭാസ്ക്കരൻറേയും മറ്റും പരിശ്രമഫലമായി ഇരിങ്ങാലക്കുടയിലെ ശ്രീകണ്ഠവാരിയാർ തന്റെ വിജയാ പ്രസ്സിൽ അച്ചടിച്ച ‘പാട്ടബാക്കി’ യുടെ പുതിയ പതിപ്പിന്റെ രണ്ടുകോപ്പികൾ എനിയ്ക്കു് അയച്ചുതന്നത്. ഉള്ളടക്കം പഴയതുതന്നെ. പക്ഷേ, മനോഹരമായ അച്ചടി. കമനീയമായ പുറംചട്ട. ഒരു കോപ്പി ഞാനാർക്കോ ദാനം ചെയ്തു. മറ്റേ കോപ്പി ഭദ്രമായി സൂക്ഷിച്ചുവെയ്ക്കാൻ പാർട്ടിഭാരവാഹികളെ എല്പിച്ചു. (മൂന്നും നാലും കൊല്ലങ്ങൾക്കുശേഷം അതിനെപ്പറ്റി അന്വേഷണം നടത്തിയപ്പോൾ ഒരു തുമ്പും കിട്ടിയില്ല).

കൊച്ചി ഗവേണ്മേണ്ടിന്റെ പോലീസ് ഇരിങ്ങാലക്കുടയിലെ വിജയപ്രസ്സ് കയ്യേറി. ‘പാട്ടബാക്കി’ യുടെ അച്ചടിച്ചുവെച്ച കോപ്പികൾ മുഴുവൻ എടുത്തോണ്ടുപോയി. ഗവേണ്മേണ്ട് എന്റെ നാടകം നിരോധിച്ചു. വിപ്ലവസാഹിത്യങ്ങൾ അച്ചടിച്ചുവെന്ന കുറ്റം ചുമത്തി പ്രസ്സ് കണ്ടുകെട്ടി.

ഏറെക്കഴിയുന്നതിനുമുമ്പ് ഞാൻ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 1951-ന്റെ അവസാനത്തിൽ ജയിലിൽനിന്നു തിരിച്ചുവന്നപ്പോൾ പുതിയൊരു കേരളത്തെയാണ് കണ്ടത്. രാഷ്ട്രീയ സ്ഥിതിയിൽ വമ്പിച്ച മാറ്റം വന്നുകഴിഞ്ഞിരുന്നു. പത്തുപതിനഞ്ചുകൊല്ലത്തെ വിടവിനുശേഷം പുതിയ സാഹചര്യങ്ങളിൽ ‘പാട്ടബാക്കി’ മാറ്റിയെഴുതുക അത്ര എളുപ്പമായിരുന്നില്ല. അഭിലഷണീയവുമായിരുന്നില്ല. ആ പരിശ്രമം ഞാനുപേക്ഷിച്ചു. അതുകൊണ്ടു പിന്നീട് വന്ന പതിപ്പുകളും 1937-ൽ ആദ്യമായി പുറത്തുവന്ന നാടകത്തിന്റെ തനിപകർപ്പായിരുന്നു.

‘പാട്ടബാക്കി’ യെ നിരോധിച്ച കൊച്ചി ഗവൺമെൻറ് ഇന്നു നിലനിൽക്കുന്നില്ല. യാതൊരു ജന്മിസമ്പ്രദായത്തിനെതിരായി കുട്ടുണ്ണിയും കുഞ്ഞിമാളുവും ലക്ഷക്കണക്കിനുള്ള മർദ്ദിതരുടെ കൈകോർത്തുപിടിച്ചുകൊണ്ടു സമരം ചെയ്തുവോ ആ ജന്മിസമ്പ്രദായവും ഇന്നില്ല. ‘പാട്ടബാക്കി’ മാത്രം ഒരു ചരിത്ര സംഭവമെന്ന നിലയ്ക്കു കുറച്ചുകാലംകൂടി ജീവിച്ചിരിയ്ക്കട്ടെ. (പാട്ടബാക്കിയുടെ ഏഴാംപതിപ്പിൽ എഴുതിയ മുഖവുര)

കെ. ദാമോദരൻ
images/Kdamodaran.jpg

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ സ്ഥാപകനേതാക്കളിൽ ഒരാളും മാർക്സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്നു കെ. ദാമോദരൻ (ഫെബ്രുവരി 25, 1904–ജൂലൈ 3, 1976). മലപ്പുറം ജില്ലയിലെ തിരൂർ വില്ലേജിൽ പൊറൂർ ദേശത്തു് കീഴേടത്ത് എന്ന സമ്പന്ന നായർ കുടുംബത്തിൽ കിഴക്കിനിയേടത്ത് തുപ്പൻ നമ്പൂതിരിയുടേയും കീഴേടത്ത് നാരായണി അമ്മയുടേയും മകനായാണു് ദാമോദരൻ ജനിച്ചതു്. കേരള മാർക്സ് എന്നാണു് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നതു്. ‘പാട്ടബാക്കി’ എന്ന നാടകരചനയിലൂടെയും അദ്ദേഹം പ്രശസ്തനായി. കോഴിക്കോട് സാമൂതിരി കോളേജിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ദേശീയപ്രസ്ഥാനങ്ങളോടു് ആകർഷിക്കപ്പെട്ടു. നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തു് അറസ്റ്റ് വരിച്ചു.

കാശിവിദ്യാപീഠത്തിലെ പഠനകാലഘട്ടം മാർക്സിസ്റ്റ് ആശയങ്ങളോടു് താൽപര്യം വർദ്ധിപ്പിച്ചു. തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായാണു് കേരളത്തിൽ തിരിച്ചെത്തിയതു്. പൊന്നാനി ബീഡിതൊഴിലാളി പണിമുടക്കിൽ പങ്കെടുത്തു് അറസ്റ്റ് വരിച്ചു. നവയുഗം വാരികയുടെ പത്രാധിപരായിരുന്നു. പാർട്ടി പിളർന്നപ്പോൾ സി. പി. ഐ. യിൽ ഉറച്ചുനിന്നെങ്കിലും അവസാനകാലത്തു് പാർട്ടിയിൽ നിന്നും അകന്നു. ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ചരിത്രം തയ്യാറാക്കാനുള്ള പഠനത്തിനിടെ 1976 ജൂലൈ 3-നു് അന്തരിച്ചു. പദ്മം ജീവിതപങ്കാളിയായിരുന്നു.

ചിത്രങ്ങൾ: അഷ്റഫ് മുഹമ്മദ്

Colophon

Title: Pattabakki (ml: പാട്ടബാക്കി).

Author(s): K. Damodaran.

First publication details: Sayahna Foundation; Trivandrum, Kerala; 2020-08-25.

Deafult language: ml, Malayalam.

Keywords: Playwright, K. Damodaran, Pattabakki, കെ. ദാമോദരൻ, പാട്ടബാക്കി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 14, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Peasant woman binding sheaves (after Millet), a painting by Vincent van Gogh (1853–1890). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.