ശ്രീ. കെ. പി. കേശവമേനോൻ എൺപത്തൊന്നിലേയ്ക്കു കടക്കുന്നുവെന്നു വേണമെങ്കിൽ പറഞ്ഞോളൂ; വിരോധമില്ല. പക്ഷേ, അദ്ദേഹം വൃദ്ധനായി എന്നു പറഞ്ഞേയ്ക്കരുതു്. അതു കേൾക്കാൻ അദ്ദേഹത്തിനു് ഇഷ്ടമില്ല. തീരെ ഇഷ്ടമില്ലെന്നുറപ്പിച്ചു പറയട്ടെ. ഒരിക്കൽ ഒരു സമ്മേളനത്തിൽ അദ്ദേഹം അദ്ധ്യക്ഷനായിരിക്കുമ്പോൾ സ്വാഗതപ്രസംഗംചെയ്ത വിദ്വാനു് ഒരമളി പറ്റി. വാർദ്ധക്യക്ലേശമൊന്നും ഗണിക്കാതെ അധ്യക്ഷൻ അവിടെ വന്നുചേർന്നല്ലോ എന്നു സാധാരണച്ചടങ്ങനുസരിച്ചു പ്രസംഗകൻ തട്ടിവിട്ടു. ഒട്ടും താമസമുണ്ടായില്ല. അധ്യക്ഷനിൽനിന്നെതിർപ്പു പുറപ്പെടാൻ. അങ്ങനെ തെറ്റിദ്ധരിക്കേണ്ടാ, തനിക്കു വാർദ്ധക്യക്ലേശമൊന്നുമില്ലെന്നു് അദ്ദേഹം ഉടൻ അറിയിച്ചു.
ഇതൊരു നിസ്സാരസംഭവമാണെങ്കിലും വാർദ്ധക്യത്തോടുള്ള കേശവമേനോന്റെ മനോഭാവമെന്തെന്നു തെളിയിക്കുന്നുണ്ടു്. “ആസപ്തതേസ്തു വാർദ്ധക്യം” എന്ന ആപ്തവാക്യം അദ്ദേഹം വക വെച്ചിട്ടേയില്ല. താൻ വൃദ്ധനായിട്ടില്ല എന്നതിനു മൂന്നു തെളിവാണു് മേനോൻ എടുത്തുകാണിക്കാറു്. പൊതുവേ പറഞ്ഞാൽ മൂന്നില്ലായ്മകളാണത്രെ വാർദ്ധക്യ ലക്ഷണങ്ങൾ—ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ഓർമ്മയില്ലായ്മ—ഈ മൂന്നും തന്നെ ബാധിച്ചിട്ടില്ലെന്നാണു് അദ്ദേഹത്തിന്റെ വാദം. ശരിയാണു്, നല്ല ഉറക്കം, നല്ല വിശപ്പു് (എന്നു പറഞ്ഞാൽ നല്ല ഊണു്), നല്ല ഓർമ്മ—ഈ മൂന്നിലും ഇന്നത്തെ യുവാക്കന്മാരെപ്പോലും തോൽപ്പിക്കും അശീതിവർഷനായ കേശവമേനോൻ.
ഈയിടെ എഴുതിയ ഒരു കത്തിലദ്ദേഹം പറയുകയാണു്: “എന്റെ വിശപ്പിന്റെ കാര്യം കൃഷ്ണപിള്ളയ്ക്കു നല്ലപോലെ അറിയാമല്ലോ. ഉറക്കവും അതുപോലെതന്നെ. എപ്പോൾ വേണമെങ്കിലും എനിക്കുറങ്ങാൻ കഴിയും. ഉറക്കം മതിയാവാതെ ഞാൻ എഴുന്നേൽക്കുകയുമില്ല. രാത്രി ഒമ്പതര മണിയ്ക്കു കിടന്നാൽ അഞ്ചുമണിവരെ ഉറങ്ങും. ഉച്ചയ്ക്കു ഒരുമണിമുതൽ രണ്ടരവരെയും. ഓർമ്മയുടെ കാര്യത്തെപ്പറ്റിയും പറയാം. നടന്ന സംഭവങ്ങൾ, വളരെക്കാലം മുമ്പുകണ്ട ആളുകളെപ്പറ്റിക്കൂടിയും ശരിയായി ഓർമ്മിക്കുന്നതിനു് ഇപ്പോഴും സാധിക്കുന്നുണ്ടു്.”
അടുത്തുനടന്ന സാഹിത്യപരിഷത്സമ്മേളനത്തിലെ അധ്യക്ഷപ്രസംഗം തന്നെ കേശവമേനോന്റെ അക്ഷീണമായ ഓർമ്മശക്തിക്കൊരുദാഹരണമാണു്. പറഞ്ഞുകൊടുത്തെഴുതിച്ച ആ പ്രസംഗം അച്ചടിച്ചു സദസ്യരുടെ ഇടയിൽ വിതരണം ചെയ്തിരുന്നു. അച്ചടി കഴിഞ്ഞതിനുശേഷം ഒരു തവണ വായിച്ചു കേൾക്കാൻ പോലും അദ്ദേഹത്തിനു സൗകര്യപ്പെട്ടില്ല. ചിലപ്പോൾ ചെയ്യാറുള്ളതുപോലെ, അതു മറ്റൊരാളെക്കൊണ്ടു സദസ്സിൽ വായിപ്പിക്കുകയല്ല അന്നദ്ദേഹംചെയ്തതു്. ഒരു വാചാപ്രസംഗം ചെയ്യുകയാണുണ്ടായതു്. എങ്കിലും ആ വാചാപ്രസംഗം അച്ചടിക്കോപ്പിയുടെ നേർപകർപ്പുതന്നെയായിരുന്നു. പദപ്രയോഗത്തിലും പ്രതിപാദനക്രമത്തിലും മറ്റും ഒരു വ്യത്യാസവുമുണ്ടായിരുന്നില്ല. പലരും അതുകേട്ടു് അദ്ഭുതപ്പെട്ടു. എൺപതാംവയസ്സിലും മനുഷ്യന്റെ ധാരണാശക്തി ഇത്രയ്ക്കു് അന്യൂനമായി പ്രവർത്തിക്കുക അസാധാരണം തന്നെ.
സർവ്വപഥീനമായി വികസിച്ചു വ്യക്തിമഹത്ത്വത്തെ വിളംബരം ചെയ്യുന്ന ഒരു മാതൃകാജീവിതമാണു് കേശവമേനോന്റേതു്. ഈ ദീർഘകാല ജീവിതത്തിന്റെ അന്ത്യഘട്ടത്തിൽ കേരളത്തിന്റെ ഗുരുനാഥൻ എന്ന പേരിനു് അദ്ദേഹം സർവ്വഥാ അർഹനായിത്തീർന്നിരിക്കുന്നു. രാഷ്ട്രീയപ്രവർത്തനം, സാമൂഹ്യസേവനം, വിദ്യാഭ്യാസം, സാഹിത്യം, പത്രപ്രവർത്തനം എന്നീ രംഗങ്ങളിലെല്ലാംതന്നെ ആധുനിക കേരളീയർ അദ്ദേഹത്തിനു ശിഷ്യപ്പെടേണ്ടതായിട്ടുണ്ടു്. ഓരോന്നിലും ഒരുത്തമ ജീവിതമാതൃക അദ്ദേഹം നമുക്കു കാണിച്ചുതന്നിരിക്കുന്നു.
പത്തുകൊല്ലം മുമ്പു കേശവമേനോന്റെ ആത്മകഥ ‘കഴിഞ്ഞകാലം’ എന്നപേരിൽ പുറത്തുവന്നല്ലോ. അതിനൊരാസ്വാദനമെഴുതിയപ്പോൾ ഞാൻ രേഖപ്പെടുത്തിയ ചില അഭിപ്രായങ്ങൾ ഇവിടെയും സംഗതമാകുമെന്നു വിശ്വസിക്കുന്നു; “കേശവമേനോന്റെ ആത്മകഥ ഒരുവിധത്തിൽ നോക്കിയാൽ അദ്ദേഹം കടന്നുപോന്നിട്ടുള്ള കാലഘട്ടത്തിലെ കേരളത്തിന്റെ ചരിത്രം തന്നെയാണു്. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹ്യവും സാംസ്ക്കാരികവുമായ പുരോഗതിക്കു് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ടു്. സ്വാതന്ത്ര്യസമരരംഗത്തിലെ ധീരനായ യോദ്ധാവു്, സുശിക്ഷിതനായ പത്രപ്രവർത്തകൻ, വിശാലവീക്ഷണമുള്ള സാമൂഹ്യ പരിഷ്ക്കർത്താവു്, സർവ്വോപരി സ്ഥിതപ്രജ്ഞനായ ജീവിതചിന്തകൻ എന്നീ വിവിധ നിലകളിൽ അദ്ദേഹം ഈ ഗ്രന്ഥത്തിൽ പ്രത്യക്ഷപ്പെടുന്നു. എന്നാൽ ഇതിലൊന്നിലും അഭിമാനം കൊള്ളാതെ ഒരു നിസ്സംഗന്റെ മട്ടിലാണു് അദ്ദേഹം പെരുമാറുന്നതു്. പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലും ഇത്രത്തോളം വിനയവും നിഷ്ക്കപടതയും പാലിക്കുവാൻ മറ്റേതെങ്കിലും നേതാവിനു സാധിച്ചിട്ടുണ്ടോ എന്നു സംശയമാണു്. താൻ ജീവിച്ച കാലഘട്ടത്തിന്റെ ചരിത്രകഥയായി രൂപാന്തരപ്പെടത്തക്കവണ്ണം ഒരാളുടെ ജീവിതത്തിനു നാനാമുഖമായ വികാസവും പ്രാമുഖ്യവും സിദ്ധിക്കുക എന്നതു വലിയൊരു ജന്മസാഫല്യംതന്നെയാണു്.”

ഈ സാഫല്യം കൈവന്നതിനുശേഷവും കേശവമേനോൻ തനിക്കർഹതയുള്ള വിശ്രമജീവിതത്തിലേയ്ക്കു പ്രവേശിക്കാതെ കേരളത്തെ മുന്നോട്ടു നയിക്കുന്നതിൽ അനവരതം ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നതു ഭക്ത്യാദരങ്ങളോടെ എടുത്തുപറയേണ്ട ഒരു വസ്തുതയാകുന്നു. നല്ല പൗരന്മാരെ സൃഷ്ടിക്കയും സംഘടിപ്പിക്കയും ചെയ്യണമെന്ന ഉദ്ദേശത്തോടെ അദ്ദേഹം ഒരു പൗരസംഘം സ്ഥാപിച്ചു പ്രവർത്തനമാരംഭിച്ചിട്ടു് അധികം നാളായിട്ടില്ല. ഇതുപോലെ എത്രയെത്ര കർമ്മരംഗങ്ങളിൽ ഈ ജനക്ഷേമകാംക്ഷി ഇന്നും അഗ്രേസരത്വം വഹിക്കുന്നു! ആശിച്ചിടത്തോളം നമ്മുടെ നാടു നന്നായിക്കാണാത്തതിലും വിശേഷിച്ചു് ഇവിടത്തെ കുഴഞ്ഞു മറിഞ്ഞ രാഷ്ട്രീയത്തിലും അദ്ദേഹം മറ്റാരേക്കാളുമധികം ആശങ്കാകുലനാണു്. മനുഷ്യൻ ധാർമ്മികമായി അധഃപതിക്കുന്നതു കണ്ടുകൊണ്ടു സ്വസ്ഥനായിരിക്കാൻ അദ്ദേഹത്തിനു കഴിയുന്നില്ല. ഇപ്പോഴത്തെ എഴുത്തിലും പ്രസംഗത്തിലുമെല്ലാം ഈ ആശങ്ക പ്രതിഫലിക്കുന്നുണ്ടു്. പ്രായം ഇത്രയുമായി, ചെയ്യാനുള്ളതു് ചെയ്തു്, ഇനി എന്തെങ്കിലുമാകട്ടെ എന്നു സാധാരണക്കാർക്കുണ്ടാകുന്ന നിർവ്വേദം ഈ ശതാഭിഷേകമടുത്ത വേളയിലും കേശവമേനോനെ ബാധിച്ചിട്ടില്ല. തൊണ്ണൂറിനുശേഷവും ലോകക്ഷേമത്തെ ലക്ഷീകരിച്ചു തൂലിക ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ബർട്രാൻഡ്റസ്സലി ന്റെ തീവ്രമായ സേവനൗത്സുക്യം ഈ കേരളാചാര്യനിലും തെളിഞ്ഞുകാണാം.
‘നാം മുന്നോട്ടു്’ എന്ന പേരിൽ ‘മാതൃഭൂമിയിൽ’ ആഴ്ചതോറും മുടങ്ങാതെ കാണുന്ന ലേഖനപരമ്പര വായിക്കുമ്പോൾ ഞാൻ ചീനയിലെ ആദിഗുരുവായ കൺഫ്യൂഷ്യസ്സി നെ ഓർക്കാറുണ്ടു്. ഗണ്യമായ ആശയസാദൃശ്യമുണ്ടു് രണ്ടുപേർക്കും. കൺഫ്യൂഷ്യസ് തുടർച്ചയായി പുറപ്പെടുവിച്ചിരുന്ന വിശിഷ്ടോപദേശങ്ങളിൽ, അജ്ഞേയങ്ങളായ ആധ്യാത്മിക രഹസ്യങ്ങളിലേയ്ക്കും പരലോകവിശ്വാസങ്ങളിലേയ്ക്കും ശിഷ്യരെ വലിച്ചിഴച്ചു കൊണ്ടുപോയിരുന്നില്ല. ഇഹലോകജീവിതത്തിനാവശ്യമായ സദാചാരനിയമങ്ങൾ, നൈതികമൂല്യങ്ങൾ, ചിത്തശുദ്ധീകരണം എന്നിവയ്ക്കാണു് ആ ഗുരുവര്യൻ പ്രാധാന്യം കൽപ്പിച്ചിരുന്നതു്. ഇതുതന്നെയാണു് നമ്മുടെ ഗുരുനാഥന്റേയും പ്രബോധന പദ്ധതി. ഒരെത്തും പിടിയുമില്ലാത്ത പ്രപഞ്ചരഹസ്യങ്ങളെ ഒരജ്ഞേയത്വവാദിയുടെ (Agnostic) നിലയിൽ സവിസ്മയം വീക്ഷിക്കുക മാത്രമല്ലാതെ അവയെപ്പറ്റി ആർക്കും മനസ്സിലാകാത്ത ഭാഷയിൽ മസ്തിക്ഷ്കഗുസ്തി നടത്തി അദ്ദേഹം സമയം പാഴാക്കുന്നില്ല. അറിഞ്ഞുകൂടാത്തതു് അറിഞ്ഞുകൂടാ എന്നു പറയുവാനുള്ള ബുദ്ധിപരമായ സത്യസന്ധത അദ്ദേഹത്തിനു വേണ്ടുവോളമുണ്ടു്. യുക്തിക്കു ചേരാത്ത ചില വിശ്വാസങ്ങൾ തന്റെ ഹൃദയാന്തർഭാഗത്തു് കുടിയിരിക്കുന്നുണ്ടെങ്കിൽ, അവയെ അന്യരുടെ തലയിൽ അടിച്ചേൽപ്പിക്കാൻ അദ്ദേഹം ഒരിക്കലും ഉദ്യമിച്ചിട്ടില്ല. തന്റെ വിശ്വാസം മാത്രമാണു് ശരി, മറ്റുള്ളതൊക്കെ തെറ്റു് എന്നു വാദിക്കുന്ന വിചാരമൗഢ്യവും മേനവനെ തീണ്ടിയിട്ടില്ല. ‘മനുഷ്യത്വം അതിന്റെ ഏറ്റവും നല്ലനിലയിൽ’ (Manhood at its best) എന്നതായിരുന്നു ചീനഗുരുവിന്റെ പരമലക്ഷ്യം. നമ്മുടെ ആചാര്യന്റേയും ലക്ഷ്യം മറ്റൊന്നല്ല. മനുഷ്യത്വത്തിന്റെ സർവ്വതോമുഖമായ വികാസം—ജീവിതത്തിന്റെ വ്യഷ്ടിഗതവും സമഷ്ടിഗതവുമായ ഉത്ക്കർഷം—അതാണു് അദ്ദേഹത്തിന്റെ മുഖ്യ പ്രമേയം.
“മരണത്തിന്നപ്പുറം ഒരു സ്ഥിതി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ ജീവിതം സുന്ദരവും ധന്യവുമാക്കുവാനുള്ള ബാധ്യത നമുക്കുണ്ടു്. അതിനു ശ്രമിക്കുകയാണു് ഒരുത്തമ മനുഷ്യൻ ചെയ്യേണ്ടതു്” എന്നു് അദ്ദേഹം ഉപദേശിക്കുന്നു. കാലോചിതവും യുക്തിയുക്തവുമായ ഒരു ചിന്തയാണിതു്. നൂറ്റാണ്ടുകളായി, ജഗന്മിഥ്യാവാദത്താൽ ബുദ്ധിമാന്ദ്യം സംഭവിച്ചു് ഇഹലോക ജീവിതത്തെ തുച്ഛീകരിച്ചധഃപതിച്ചു പോയ ഭാരതീയർക്കു് ഒരു മൃതസഞ്ജീവിനിയാകും ഏതാദൃശാശയങ്ങൾ. ‘നാം മുന്നോട്ടു്’ എന്ന ലേഖനങ്ങളിൽ പലതും ശുഷ്ക്കങ്ങളാണെന്നും വായനക്കാരെ മടുപ്പിക്കുമെന്നും മറ്റും അഭിപ്രായപ്പെടുന്നവരുണ്ടു്. പക്ഷേ, അവയിലുടനീളം തുടിക്കുന്ന ആത്മാർത്ഥതയും ഹൃദയം ഹൃദയത്തോടു സംസാരിക്കുന്ന മട്ടിലുള്ള പ്രതിപാദനവും യഥാസന്ദർഭം ഉദാഹരണങ്ങളായി ഉദ്ധരിക്കുന്ന സംഭവകഥകളും പ്രസ്തുത ദോഷത്തിനു പരിഹാരമാകുന്നുണ്ടു്. ലേഖനകർത്താവിന്റെ അതിവിപുലമായ പുസ്തകപരിചയത്തിൽ നിന്നും അനുഭവസമ്പത്തിൽ നിന്നും പുറപ്പെടുന്ന ഈ സംഭവകഥകളാണു് വാസ്തവത്തിൽ പ്രകൃത ലേഖനങ്ങൾക്കു നവജീവൻ നൽകുന്നതു് നമ്മുടെ ജീവിതചിന്തയെ ഉദ്ബുദ്ധമാക്കാൻ അവ ഒട്ടേറെ ഉപകരിക്കും. ഇത്തരം സംഭവകഥകളുടെ (Anecdotes) ഒരക്ഷയപാത്രമാണു് ലേഖകൻ. അദ്ദേഹമായിട്ടൊന്നു സംഭാഷണത്തിലേർപ്പെട്ടു നോക്കു. അഞ്ചു മിനിട്ടിനകം ഫലിതസംവലിതമായ ഭാഷയിൽ പലപല സ്മരണകളും പൊട്ടിപ്പുറപ്പെടുകയായി.
ഉപദേഷ്ടാക്കൾ ധാരാളമുണ്ടല്ലോ നമ്മുടെ നാട്ടിൽ. പക്ഷേ, അവരുടെ ഉപദേശവും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവും ഉണ്ടായിരിക്കുകയില്ല. ഇതിൽനിന്നെത്രയോ വ്യത്യസ്തനാണു് കേശവമേനോൻ. മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കുന്നതെല്ലാം അദ്ദേഹം തന്റെ ജീവിതംകൊണ്ടുദാഹരിച്ചു കാണിക്കുന്നു.
“കണ്ണുപോയാലും കരുത്തു കൈവിടരുതു്” എന്നു് ഈയിടെ അദ്ദേഹം എഴുതുകയുണ്ടായി. സ്വാനുഭവത്തിൽനിന്നു പുറപ്പെട്ട ഉപദേശമാണതു്. കാഴ്ച നഷ്ടപ്പെട്ടിട്ടും മറ്റു പലരുമെന്നപോലെ അദ്ദേഹം നൈരാശ്യ ഗർത്തത്തിൽ വീഴാതെ മനക്കരുത്തോടെ നാലുപാടും ഉന്മേഷം വീശി നടക്കുന്നു. പഴയ മട്ടിൽ, ഒട്ടും വിട്ടുവീഴ്ചകൂടാതെ സ്വകൃത്യങ്ങളിൽ വ്യാപൃതനാകുന്നു. ധാരാളം സഞ്ചരിക്കുന്നു. എഴുതുന്നു, പ്രസംഗിക്കുന്നു. ഇതെന്തൊരത്ഭുതം! ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നു പലരും ചോദിക്കുന്നുണ്ടു്. കേശവമേനോൻ ദൽഹിയിൽ ചെന്നപ്പോൾ സർ രാധാകൃഷ്ണൻ തൊട്ടു പല സുഹൃത്തുക്കൾക്കും ഇക്കാര്യത്തിൽ അദ്ഭുതമുളവായി. കാഴ്ചയുള്ളവർപോലും വിഷാദമഗ്നരാവുമ്പോൾ മേനോന്റെ അടുത്തുചെന്നാൽ മതി അവർ ഉന്മേഷഭരിതരാകുമെന്നുകൂടി അവർ അഭിപ്രായപ്പെട്ടുവത്രേ. കാഴ്ച നഷ്ടപ്പെട്ടാൽ—സ്വയം പുസ്തകം വായിക്കാൻ സാധിക്കാതായാൽ—ആ നിമിഷം മരിക്കണമെന്ന വിചാരമാണു് ഇതെഴുതുന്ന ആൾക്കുള്ളതു്. എങ്കിലും ഈ മഹാശയന്റെ മുമ്പിലിരിക്കുമ്പോൾ ആ വിചാരം മൂഢമാണെന്ന ബോധം ഉദിക്കുന്നു.
“ചലിക്കുന്ന ഒരു നിഴൽമാത്രമാണു് ജീവിതം ” (Life is but a walking shadow) എന്നു ഷേക്സ്പിയർ മാക്ക്ബത്തി നെക്കൊണ്ടു പറയിക്കുന്നുണ്ടു്.

ഇതിനു നേരെ വിപരീതമാണു് കേശവമേനോന്റെ ജീവിതദർശനം. ജീവിതം ചരിക്കുന്ന പ്രകാശമാണെന്നും അതു തല്ലിക്കെടുത്തരുതെന്നും അദ്ദേഹം പഠിപ്പിക്കുന്നു. അന്യാദൃശമായ ഒരു ജീവശക്തിയും ജീവിത പ്രകാശവുമാണു് ഈ ധന്യാത്മാവിൽ നാം ദർശിക്കുന്നതു്. നൈരാശ്യത്തിന്റെ ഇരുട്ടിൽ വെളിച്ചം വീശുക മാത്രമല്ല അദ്ദേഹം ചെയ്യുന്നതു്. കണ്ണിലെ ഇരുട്ടിനെ വെളിച്ചമാക്കി മാറ്റാനുള്ള അന്തശ്ശക്തികൂടി അദ്ദേഹം പ്രദർശിപ്പിക്കുന്നു. തത്താദൃശനായ ഒരു ഗുരുനാഥൻതന്നെ വേണം കേരളീയർക്കു വേണ്ട ഉപദേശം നൽകാൻ.

മറ്റു രംഗങ്ങളിലെന്നതുപോലെ സാഹിത്യത്തിലും സഹൃദയനായ കേശവമേനോൻ സമുന്നതമായ നായകസ്ഥാനത്തുതന്നെ പ്രശോഭിക്കുന്നു. മഹച്ചരിതങ്ങൾ, ജീവചരിത്രം, ആത്മകഥ, സഞ്ചാരസാഹിത്യം, ചെറുകഥ, ഉപന്യാസം, ജീവിത തത്ത്വചിന്ത. ഇങ്ങനെ ഏതേതു സാഹിതീശാഖയിൽ അദ്ദേഹത്തിന്റെ കൈവിരുതു വിജയപൂർവ്വം കളിയാടിയിട്ടില്ല! ‘കഴിഞ്ഞ കാലവും’ ‘ഭൂതവും ഭാവിയും’ വായിച്ചുനോക്കുന്നവർക്കേ അദ്ദേഹത്തിന്റെ ജീവിതത്തെ ശരിക്കു വിലയിരുത്താൻ കഴിയൂ. മഹച്ചരിതസംഗ്രഹങ്ങളുടേയും ജീവചരിത്രങ്ങളുടേയും രചനയിൽ അസാമാന്യമായ വാസനയും വൈദഗ്ദ്ധ്യവും മാത്രമല്ല അതീവ താത്പര്യവും അദ്ദേഹം പ്രകടിപ്പിക്കുന്നു. നവഭാരതശിൽപ്പികൾ, എബ്രഹാംലിങ്കൺ മുതലായ കൃതികൾ ഇതിന്നു ദാഹരണമാണു്. ഗാന്ധി യുടേയും നെഹ്റു വിന്റേയും വിസ്തൃത ജീവചരിത്രങ്ങൾ കേരളീയർക്കു ലഭിക്കാറായിട്ടുണ്ടു്. എബ്രഹാംലിങ്കനാ ണെന്നു തോന്നുന്നു, ഈ സാഹിത്യനായകന്റെ ആദർശപുരുഷൻ. ഗാന്ധിയോടൊപ്പമോ അതിൽ കൂടുതലോ അദ്ദേഹം ലിങ്കണെ ആദരാതിരേകത്തോടെ സ്മരിക്കാറുണ്ടു്. സന്ദർഭം കിട്ടുമ്പോഴൊക്കെ ആ മഹാത്മാവിനെ സംബന്ധിക്കുന്ന കഥകൾ പറയുക അദ്ദേഹത്തിന്റെയൊരു പതിവാണു്. ലിങ്കന്റെ ലഘുജീവചരിത്രം, ജീവിതചിന്തകൾ, നാം മുന്നോട്ടു് ഇത്യാദി കൃതികൾ വിദ്യാർത്ഥികൾക്കു പാഠ്യപുസ്തകമാക്കാൻ ഏറ്റവും പറ്റിയവയത്രേ. കേശവമേനോന്റെ കൃതികളെപ്പറ്റി ഒരു സമഗ്രപഠനംതന്നെയാവശ്യമാണു് ഇതുവരെ അതിനാരും തുനിഞ്ഞിട്ടില്ല. നിരൂപകന്മാരുടെ ശ്രദ്ധ ഇനിയെങ്കിലും അങ്ങോട്ടു തിരിയുമെന്നാശിക്കാം.
“കുർവന്നേവേഹ കർമ്മാണി ജിജീവിഷേച്ഛതം സമാഃ” എന്ന ഉപനിഷദ്വാക്യം അന്വർത്ഥമാകുംവിധം ഈ കർമ്മയോഗിയുടെ സമുത്കൃഷ്ട സേവനം ഇനിയും നീണാൾ കേരളത്തിനു ലഭിക്കുമാറാകട്ടെ!
ദീപാവലി—1966.

ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, ക്രേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971