images/hill.jpg
Damavand, the west face, a photograph by Safa Daneshvar .
ലങ്കയും അയോധ്യയും
കേസരി ബാലകൃഷ്ണപിള്ള
images/Toda_Hut.jpg
തോഡരുടെ കുടിൽ.

കേരളത്തിലെ തിയ്യരും മുക്കുവരും ലങ്കയിൽ നിന്നു വന്നവരാണെന്നു് കേരളോല്പത്തിയിൽ പ്രസ്താവിച്ചിരിക്കുന്നു. നീലഗിരിയിലെ തോഡവർഗ്ഗക്കാരുടെ ഇടയ്ക്കു തങ്ങൾ ലങ്കാ രാജാവായിരുന്ന രാവണന്റെ പോങ്ങന്മാരായിരുന്നു എന്നും, രാവണന്റെ വധത്തിനുശേഷം തങ്ങളെ ലങ്കയിൽ നിന്നു ബഹിഷ്കരിച്ചു എന്നും ഒരൈതിഹ്യമുണ്ടു്. തോഡവർഗ്ഗക്കാരും കേരളത്തിലെ മലയന്മാരും ഒരേ വർഗ്ഗത്തിൽപ്പെട്ടവരാണെന്നു് ഇന്നത്തെ ചില നരവംശ ശാസ്ത്രജ്ഞന്മാർ വിചാരിച്ചുവരുന്നു. ഈ തോഡവരും മലയരും ഉൾപ്പെട്ട മെഡിറ്ററേനിയൻ നരവംശവും മുണ്ഡവർഗ്ഗ ക്കാരുൾപ്പെട്ട ആസ്ത്രലോയ്ഡ് നരവംശ വും കൂടിച്ചേർന്നിട്ടാണു് ദ്രാവിഡരെന്നു കുറെ മുമ്പു് ജനങ്ങൾ പേരിട്ടിരിക്കുന്ന വർഗ്ഗക്കാർ ഉണ്ടായതെന്നും ഈ നരവംശ ശാസ്ത്രജ്ഞരിൽ ചിലർക്കഭിപ്രായമുണ്ടു്. ഇങ്ങനെ കേരളത്തിലെ ചില പ്രധാന വർഗ്ഗങ്ങളുടെ ഉല്പത്തിസ്ഥാനമെന്നു് ഐതിഹ്യവും, സകല കേരളീയരുടെയും പൂർവ്വികരിൽ ഒരു കൂട്ടരുടെ ഉല്പത്തിസ്ഥാനമെന്നു് വ്യംഗ്യമായി നരവംശ ശാസ്ത്രജ്ഞരും പറയുന്ന ലങ്കയുടെ യഥാർത്ഥ സ്ഥാനം കണ്ടുപിടിക്കുന്നതിൽ കേരളീയർ താൽപര്യം കാണിക്കേണ്ടതാണു്. ലങ്ക മദ്ധ്യേന്ത്യയിലെ സെൻട്രൽ പ്രോവിൻസാണെന്നുള്ള സർദാർ കൈബിന്റെ അഭിപ്രായത്തെ സ്വീകരിച്ചുകൊണ്ടു് ഈ ലേഖകൻ ഒരുലേഖനം എഴുതിയിരുന്നല്ലൊ. എന്നാൽ പിന്നീടുള്ള ഗവേഷണങ്ങളുടെ ഫലമായി, രാവണന്റെ കാലത്തിനുശേഷമേ സെൻട്രൽ പ്രൊവിൻസിലെ ഒരു ഭാഗത്തിനു ലങ്ക എന്നു പേരു കിട്ടിയുള്ളു എന്നും, രാവണന്റെ കാലാനന്തരം ഈ ലങ്കയിലെ ജനങ്ങൾ സെൻട്രൽ പ്രൊവിൻസിലെ പ്രസ്തുത ഭാഗത്തിൽ കുടിയേറിപ്പാർത്തതു നിമിത്തമാണു് അതിനു ലങ്കയെന്നു പേരു കിട്ടിയതെന്നും രാവണന്റെ കാലത്തെ അയോധ്യ സിന്ധുനദി യുടെ പശ്ചിമഭാഗത്തുള്ള അതിന്റെ പോഷകനദിയായ കറം നദിയുടെ കരയിൽ സ്ഥിതിചെയ്യുന്ന ബന്നു (പണ്ടത്തെ വനായു) നഗരം തലസ്ഥാനമായിട്ടുള്ളതും, വടക്കു പടിഞ്ഞാറതിർത്തി പ്രദേശവും ഉത്തരബലൂചിസ്ഥാനും പശ്ചിമപഞ്ചാബും ഉൾപ്പെട്ടിരുന്നതുമായ ഒരു രാജ്യമായിരുന്നുവെന്നും ഈ ലേഖകൻ കണ്ടുപിടിക്കുകയുണ്ടായി. അയോധ്യയിൽ നിന്നു് നാലുദിവസത്തെ വഴിക്കപ്പുറം മിഥിലാരാജ്യം സ്ഥിതിചെയ്തിരുന്നുവെന്നു് വാല്മീകി പറയുന്നതിനാൽ, അയോധ്യയുടെ സ്ഥാനമാറ്റത്തോടുകൂടി മിഥിലയുടേയും സ്ഥാനം മാറ്റേണ്ടിവരുന്നു. പ്രസ്തുത കണ്ടുപിടുത്തത്തെപ്പറ്റിയാണു് ഇവിടെ വിവരിക്കുന്നതു്.

images/TodaTemple1.jpg
തോഡ ക്ഷേത്രം അഥവാ പാൽ സംഭരണി. ചുവരിലെ ആലേഖനങ്ങളിലും വാതിലിന്റെ വലിപ്പത്തിലും ഇവ വ്യത്യസ്തമാണു്.

വാല്മീകി രാമായണത്തിൽ നിന്നു കിഷ്കിന്ധയ്ക്കും അയോധ്യയ്ക്കും തമ്മിൽ വളരെ അധികം ദൂരമില്ലെന്നു മനസ്സിലാക്കാം. ഇന്നുവരെയുള്ള ചരിത്രപരമായ ഗവേഷണങ്ങളുടെ ഫലമായി ഇന്ത്യയിൽ നാലു സ്ഥലങ്ങളിൽ കിഷ്കിന്ധകളും മൂന്നു സ്ഥലങ്ങളിൽ ലങ്കകളും കണ്ടുപിടിച്ചിട്ടുണ്ടു്. കിഷ്കിന്ധകൾ മൈസൂരിനു വടക്കുള്ള തുംഗഭദ്രാനദീതീരത്തിലും, മധ്യേന്ത്യയിലെ വിന്ധ്യപർവ്വതത്തിന്റെ വടക്കെ ചരിവിലും, രാജപുട്ടാനയിലെ ജോഡ്പൂർ നാട്ടുരാജ്യത്തിലും, പഞ്ചാബിന്റെ കിഴക്കു ഭാഗത്തും ലങ്കകൾ സിലോണിലും സെൻട്രൽ പ്രോവിൻസിലും വടക്കുപടിഞ്ഞാറതിർത്തി പ്രോവിൻസിലുമാണു് കണ്ടുപിടിച്ചിരിക്കുന്നതു്. സിലോണിന്റെ പക്ഷക്കാരായി ഇന്നത്തെ പണ്ഡിതന്മാരിൽ ചിലരും ശേഷിച്ചവർ സെൻട്രൽ പ്രൊവിൻസിന്റെ പക്ഷക്കാരായും വർത്തിക്കുന്നു. രാമായണത്തിലെ അയോധ്യ ഇന്നത്തെ യുനൈറ്റഡ് പ്രൊവിൻസിലുള്ള ചരിത്രകാലത്തെ അയോധ്യയാണെന്നും ഈ രണ്ടുകൂട്ടരും വിചാരിച്ചുവരുന്നു. റെയിൽപാതകളും മോട്ടോർകാറുകളും ഇല്ലാതിരുന്ന രാവണന്റെ കാലത്തു് ഹിമാലയത്തിനു സമീപമുള്ള അയോധ്യയിൽ നിന്നു രണ്ടായിരം മൈൽ തെക്കുള്ള സിലോണിലേക്കു് അന്നു ഭാരതം നിറഞ്ഞിരുന്ന ഘോരവനങ്ങളിൽ കൂടി രാമനും സീതയ്ക്കും എങ്ങനെ ഒരുവിധം സ്വൈരമായി സഞ്ചരിക്കുവാൻ സാധിക്കുമെന്നുള്ള സംഗതി സിലോൺ പക്ഷക്കാർ ഓർമ്മിക്കുന്നില്ല. ഈ വിഷയത്തിൽ നമ്മുടെ മുഖ്യപ്രമാണഗ്രന്ഥമായ വാല്മീകി രാമായണം അയോധ്യയ്ക്കും മിഥിലയ്ക്കും കിഷ്ക്കിന്ധയ്ക്കും ലങ്കയ്ക്കും തമ്മിൽ തമ്മിലുള്ള ദൂരങ്ങളെ പ്രകടമായും ധ്വനിപ്പിച്ചും വിവരിച്ചിട്ടുണ്ടു്. ഈ ദൂരങ്ങളെപ്പറ്റിയുള്ള പ്രസ്താവനകളെ മുഴുവനും സെൻട്രൽ പ്രൊവിൻസു പക്ഷക്കാരും സ്വീകരിച്ചിട്ടുമില്ല. രണ്ടുകൂട്ടരും ഒരുപോലെ രാമൻ അയോധ്യയിൽ നിന്നു ദണ്ഡകാരണ്യത്തിലേക്കും അവിടെനിന്നു ലങ്കയിലേക്കും പോയ വഴികളിലുള്ള സ്ഥലങ്ങളുടെ നാമങ്ങളിൽ മാത്രമേ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളൂ. വാല്മീകി രാമായണം നൽകുന്ന ലങ്കാദ്വീപിന്റെ വിസ്തരിച്ചുള്ള വിവരണത്തെ ഇവർ വിസ്മരിച്ചിരിക്കുന്നു. അയോധ്യയുടെ സ്ഥാനം നിശ്ചയിക്കുവാൻ മതിയായ വിവരങ്ങൾ ദശരഥന്റെ മരണാനന്തരം ഭരതനെ അയോദ്ധ്യയിലേക്കു് കൂട്ടിക്കൊണ്ടുവരാനായി കേകയത്തിലേക്കു പോയ ദൂതന്മാരുടെയും കേകയത്തിൽ നിന്നു അയോദ്ധ്യയിലേക്കു തിരിച്ചുവന്ന ഭരതന്റെയും യാത്രകളുടെ വർണ്ണനകളിൽ വാല്മീകി നൽകിയിട്ടുണ്ടു്. ഇതിലും ഇവരുടെ ശ്രദ്ധ പതിഞ്ഞിട്ടില്ല. ഇവർ ഇങ്ങനെ ഉപേക്ഷിച്ചിട്ടുള്ള വർണ്ണനകളെ പ്രധാനമായി ആശ്രയിച്ചാണു്, രാവണന്റെ കാലത്തെ ലങ്കയുടെയും അയോദ്ധ്യയുടെയും സ്ഥാനങ്ങൾ ഇവിടെ കണ്ടുപിടിച്ചിട്ടുള്ളതു്.

images/Cathredral_of_Todas.jpg
തോഡരുടെ വലിയ പള്ളി.

ദക്ഷിണദിക്കുകളിൽ സീതയെ അന്വേഷിക്കുവാനയയ്ക്കുന്ന വാനരന്മാരോടു് സുഗ്രീവൻ മാർഗ്ഗനിർദ്ദേശം ചെയ്യുന്ന കിഷ്ക്കിന്ധാകാണ്ഡത്തിലെ ഭാഗത്തിലാണു് ലങ്കയുടെ വിവരണമുള്ളതു്. അതിന്റെ ചുരുക്കം ചുവടെ ചേർക്കുന്നു. ദക്ഷിണസാഗരം കടക്കുമ്പോൾ രാവണൻ നാടുവാഴുന്ന ലങ്കാദ്വീപം കാണാം. അതിൽ കടക്കുവാൻ ശ്രമിക്കുമ്പോൾ സിംഹിക എന്ന രാക്ഷസി നിങ്ങളുടെ നിഴലുപിടിച്ചു് നിങ്ങളെ സംഹരിക്കാതെ സൂക്ഷിച്ചുകൊളളണം. ലങ്കാദ്വീപിന്റെ ദക്ഷിണഭാഗത്തു സിദ്ധചാരണ കിന്നര നിഷേവിതമായ പുഷ്പിതികം എന്നൊരു പർവ്വതവും അതിനപ്പുറത്തു് സൂര്യവാൻ പർവ്വതവും, അതിനപ്പുറത്തു് വൈദ്യുതഗിരിയും, ഇതുകഴിഞ്ഞു് അഗസ്ത്യന്റെ ഒരാശ്രമമുള്ള കുഞ്ജരം എന്ന മലയും സ്ഥിതിചെയുന്നുണ്ടു്. വാസുകിയുടെ കൊട്ടാരമുള്ള ഭഗവതീപുരവും ലങ്കാദ്വീപിലുണ്ടു്. അതിനടുത്തായി വൃഷഭമല നിൽക്കുന്നു. ഈ മലയുടെ മുകളിൽ പത്മം, ഹരിശ്യാമം, ഗോശഷീർഷം എന്ന പേരുള്ള മുന്നു ദിവ്യചന്ദനവൃക്ഷങ്ങളുണ്ടു്. ഈ ചന്ദനവനത്തെ ശുദ്രൻ, ഗ്രാമണി, ശിഗ്രു, ശൈലൂഷൻ, ബഗ്രു എന്ന അഞ്ചു് ഗന്ധർവ്വവരന്മാർ സദാ കാത്തുകൊണ്ടിരിക്കുന്നു. അതിനപ്പുറത്തായി അന്തപ്പുരം സ്ഥിതിചെയ്യുന്നു. ഇതിനപ്പുറത്തു് ഒരുത്തർക്കും പോകാൻ സാധിക്കുന്നതല്ല.

images/Remains_of_a_Stupa.jpg
ഗിരിവ്രജയിലുള്ള പുരാതന ബുദ്ധ സ്തൂപത്തിന്റെ അവശിഷ്ടങ്ങൾ.

മുകളിൽ വിവരിച്ച ലങ്കാദ്വീപിന്റെ വർണ്ണനയിൽ, ഛായ പിടിച്ചു ഭക്ഷിക്കുന്ന സിംഹിക എന്ന രാക്ഷസിയുടെ ഒരു പേരായ ഛായ എന്നതു ഗുജറാത്തിന്റെ തെക്കുപടിഞ്ഞാറൻ കടൽത്തീരത്തുള്ള ഇന്നത്തെ തുറമുഖമായ പോർബന്ദറിന്റെ പണ്ടത്തെ പേരാണു്. ലങ്കാദ്വീപിന്റെ ദക്ഷിണഭാഗത്തുള്ള സിദ്ധചാരണകിന്നര നിഷേവിതമായ പുഷ്പിതികശൈലം ഗുജറാത്തിന്റെ തെക്കുകിഴക്കു സ്ഥിതിചെയ്യുന്നതും ജൈനന്മാരുടെ പ്രസിദ്ധ തീർത്ഥാടന സ്ഥലവുമായ ശത്രുഞ്ജയമല യാകുന്നു. ശത്രുഞ്ജയമാഹാത്മ്യം എന്ന പ്രാചീന ജൈനകൃതിയിൽ ശത്രുഞ്ജയ മലയ്ക്കുള്ള പല നാമങ്ങളുടെ കൂട്ടത്തിൽ പുഷ്പദന്തം എന്ന പേരും ഉൾപ്പെടുത്തിയിരിക്കുന്നതിൽ നിന്നാണു്, അതു ലങ്കയിലെ പുഷ്പിതിക മലയാണെന്നനുമാനിക്കാവുന്നതു്. ചാരണന്മാർ ജൈനരുടെ ഒരുതരം ദിവ്യരാകയാൽ ചാരണനിഷേവിതമെന്നു് വാല്മീകി പറഞ്ഞിട്ടുള്ളതു് ജൈനപുണ്യസ്ഥലമായ ശത്രുഞ്ജയമാണെന്നു സൂചിപ്പിക്കുന്നുമുണ്ടു്. ജൈനമതം ഉദ്ദേശം ബി. സി. 2300-നു സമീപം സ്ഥാപിച്ചു എന്നു ജൈനമതത്തിന്റെ പ്രാചീനതയെപ്പറ്റി ഈ ലേഖകൻ എഴുതിയിരുന്ന ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നല്ലൊ. അതിനാൽ വാല്മീകി ജൈനരുടെ ദേവതകളെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നതിൽ യാതൊരു കാലവൈരുധ്യമില്ലെന്നും ഇവിടെ ചൂണ്ടിക്കാണിച്ചുകൊള്ളുന്നു. ശത്രുഞ്ജയത്തിന്റെ മറ്റൊരു പേർ ക്ഷിതിമണ്ഡനം എന്നാണെന്നു് ഒരു സ്ഥലത്തും, ക്ഷിതിമണ്ഡനം സിംഹളദ്വീപിന്റെ തലസ്ഥാനമാണെന്നു് മറ്റൊരിടത്തും ശത്രുഞ്ജയമാഹാത്മ്യത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്.

images/Gate_of_Junagadh.jpg
ജുനഗഡ് നഗരത്തിന്റെ കവാടം.

ഗുജറാത്തിലെ പ്രസിദ്ധ ഗിരിയും ഇന്നത്തെ ജുനഗഡ് നാട്ടുരാജ്യത്തിൽ സ്ഥിതിചെയുന്നതുമായ ഗിരിനഗരമാണു് സൂര്യപർവ്വതമെന്നു തോന്നുന്നു. ഈ ഗിരിനഗരത്തിൽ ഒരു സൂര്യമല്ലൻ പണ്ടു നാടുവാണിരുന്നതായി ശത്രുഞ്ജയ മാഹാത്മ്യത്തിൽ കാണുന്നു. ഗിരിനഗരത്തിനു സമീപമുള്ള മറ്റൊരു പ്രസിദ്ധമലയായ രൈവത ഗിരിയായിരിക്കും വൈദ്യുതഗിരി. ഈ രൈവതഗിരി ജൈനന്മാർക്കും ഹിന്ദുക്കൾക്കും ഒന്നുപോലെ ഒരു പുണ്യസ്ഥലമായിരുന്നുവെന്നു് ശത്രുഞ്ജയമാഹാത്മ്യത്തിലും സ്കന്ദപുരാണ ത്തിലും ഇതിന്റെ മാഹാത്മ്യത്തെ വാഴ്ത്തിയിരിക്കുന്നതിൽ നിന്നു മനസ്സിലാക്കാം. അഗസ്ത്യാശ്രമമുള്ള കുഞ്ജരപർവ്വതം, ഗുജറാത്തിൽ സ്ഥിതിചെയ്തിരുന്നതായി ശത്രുഞ്ജയ മാഹാത്മ്യം പ്രസ്താവിക്കുന്ന നാഗേശപർവ്വതമാണെന്നു് കുഞ്ജരത്തിന്റേയും നാഗത്തിന്റേയും അർത്ഥസാമ്യത്തിൽ നിന്നു് അനുമാനിക്കാം. ഇതു് ഗുജറാത്തിന്റെ കിഴക്കൻ സമുദ്രതീരത്തിലുള്ള ഇന്നത്തെ ഹത്ഥബ് (പണ്ടത്തെ ഹസ്തകവപ്രം) ആണെന്നു തോന്നുന്നു. വാസുകിയുടെ കൊട്ടാരം സ്ഥിതിചെയ്തിരുന്ന ഭഗവതിപുരം ഗുജറാത്തിന്റെ കിഴക്കൻ സമുദ്രതീരത്തിനടുത്തുള്ള ഇന്നത്തെ ഭാവനഗരം എന്ന പട്ടണമാണു്. വൃഷഭഗിരിയിലുള്ള മന്ദരമരങ്ങളിൽ ഒന്നിനു് ഗോശൃംഗം എന്ന പേരുണ്ടായിരുന്നതിൽ നിന്നു്, വൃഷഭഗിരി ഭവനഗരത്തിന്റെ തെക്കുള്ള ഇന്നത്തെ ഗോഗോനഗരമാണെന്നനുമാനിക്കാം. ഈ ഗിരിയുടെ മുകളിലുള്ള ചന്ദനമരങ്ങളെ കാത്തുരക്ഷിച്ചു വന്നിരുന്ന ഗന്ധർവ്വന്മാരിൽ ഒരാളായ ഗ്രാമണിയുടെ പേർ ഇവിടെ പ്രത്യേകം ശ്രദ്ധേയമാണു്. എന്തെന്നാൽ രാവണന്റെ പൂർവ്വികന്മാരിൽ ഒരുത്തനായ സുകേശനു ഗ്രാമണി എന്ന ഗന്ധർവ്വൻ തന്റെ മകളെ കല്യാണം കഴിച്ചുകൊടുത്തു എന്നു് അധ്യാത്മരാമായണത്തിൽ പറഞ്ഞിരിക്കുന്നു. വൃഷഭമലയിലെ ഗ്രാമണിയായിരിക്കും ഇപ്രകാരം ചെയ്തതു്. വാല്മീകിയുടെ ലങ്കാദ്വീപവർണ്ണനയിൽ അനന്തരം പ്രസ്താവിച്ചിട്ടുള്ള അന്തകപുരി ഗുജറാത്തിന്റെ ഉത്തരസമുദ്രക്കരയിൽ സ്ഥിതിചെയ്യുന്ന ഇന്നത്തെ ജാംനഗർ, അതായതു് യമനഗരമാണു്. ഇതു് കച്ച് ഉൾക്കടലിന്റെ തെക്കെക്കരയിൽ സ്ഥിതിചെയ്യുന്നതിനാലാണു് ഇതിനപ്പുറത്തു് ഒരുത്തർക്കും കടക്കുവാൻ സാധിക്കുന്നതല്ലെന്നു് വാല്മീകി പറഞ്ഞിട്ടുള്ളതും.

images/Bhagavata_Dasamskanda_series.jpg
ബലരാമൻ ഹസ്തിനാപുരത്തെ ഗംഗയിലേയ്ക്കു് വലിയ്ക്കുന്നു. ഭാഗവത ദശമസ്കന്ദത്തിൽ നിന്നു്.

ഇനി ലങ്കാനഗരത്തിന്റെ സ്ഥാനം മാത്രമേ കണ്ടുപിടിക്കേണ്ടതായിട്ടുള്ളു. ശൂർപ്പണഖയോടു കാണിച്ച അക്രമത്തിനും ഖരന്റെ വധത്തിനും പ്രതികാരം ചെയ്യുവാനായി രാവണൻ ലങ്കയിൽ നിന്നു പുറപ്പെട്ടു്, രാമനും സീതയും പാർത്തിരുന്നതും ജനസ്ഥാനത്തിനു അതിർത്തിയിൽ സ്ഥിതിചെയ്തിരുന്നതുമായ സ്ഥലത്തേക്കു പോയപ്പോൾ അദ്ദേഹം ആദ്യമായി ത്രികൂടമലയും പിന്നീടു് കാലപർവ്വതവും അനന്തരം സാഗരവും കടന്നുപോയി എന്നു മഹാഭാരതത്തിലെ രാമോപാഖ്യാനത്തിൽ പറഞ്ഞിട്ടുണ്ടു്. കാലപർവ്വതം കച്ച് ഉൾക്കടലിന്റെ തെക്കെക്കരയിലുള്ള മുമ്പുപറഞ്ഞ ജാംനഗരാണു്. അതിനാൽ ഇതിനുനേരെ തെക്കായി ത്രികൂടമലയും ഇതിനും തെക്കായി ലങ്കാനഗരവും സ്ഥിതിചെയ്തിരുന്നുവെന്നു് സിദ്ധിയ്ക്കുന്നു. ലങ്കയിൽ പ്രവേശിക്കുമ്പോൾ, ഛായ എന്ന രാക്ഷസി ഹനുമാനെ ഹിംസിക്കുവാൻ തുനിഞ്ഞതിനാൽ ഛായ, അഥവാ, ഇന്നത്തെ പോർബന്തർ എന്ന നഗരം ലങ്കാനഗരത്തിനു മുമ്പിൽ സ്ഥിതിചെയ്തിരുന്നു എന്നനുമാനിക്കാം. ഇങ്ങനെ ഗുജറാത്തിൽ അഥവാ, ലങ്കാദ്വീപിൽ പോർബന്തർ, അതിനു വടക്കു ലങ്കാനഗരം, അതിനു് വടക്കു് ത്രികൂടഗിരി, അതിനു വടക്കു് ജാംനഗർ, അതിനു് വടക്കു് കച്ഛ് ഉൾക്കടൽ എന്നു് ഒന്നിനെത്തുടർന്നു് ഒന്നു് സ്ഥിതിചെയ്തിരുന്നതാണു് വാസ്തവത്തിൽ രാമോപാഖ്യാനം ചൂണ്ടിക്കാണിച്ചിട്ടുള്ളതു്. പോർബന്തറിനും ജാംനഗറിനും ഇടയ്ക്കു് ഒന്നിനു വടക്കായി ഒന്നു സ്ഥിതിചെയ്യുന്ന രണ്ടു കുന്നുകളെ ഇന്നും കാണാവുന്നതാണു്. ഈ കുന്നുകളിൽ തെക്കെ കുന്നിൽ, അതായതു് പോർബന്തറിനു് നേരെ വടക്കുള്ള കുന്നിൽ ശ്രീനഗരം എന്നു പേരുള്ള ഒരു പ്രാചീനഗ്രാമം സ്ഥിതിചെയ്യുന്നുണ്ടു്. ഈ കുന്നിൽ നിന്നു് ഒരു നദി പുറപ്പെട്ടു തെക്കോട്ടൊഴുകി പോർബന്തറിനു കുറെ വടക്കായി അറബിക്കടലിൽ വീഴുന്നു. ശ്രീനഗരം സ്ഥിതിചെയ്യുന്ന കുന്നിനു് അമരകണ്ടക മെന്നും, അതിലുള്ള ശ്രീനഗരത്തിനു് ലങ്കാനഗരമെന്നും ആ മലയിൽ നിന്നൊഴുകുന്ന പ്രസ്തുത നദിയ്ക്കു് നർമ്മദയെന്നും, ആ മലയ്ക്കും ജാംനഗറിനും ഇടയ്ക്കു് സ്ഥിതിചെയ്തിരുന്ന കുന്നിനു് ത്രികൂടമെന്നും രാവണന്റെ കാലത്തു് പേരുകളുണ്ടായിരുന്നു എന്നു് വിചാരിക്കേണ്ടിയിരിക്കുന്നു. ഈ ശ്രീനഗരത്തിനു ശ്രീപുരമെന്നും, ഇതു് സ്ഥിതിചെയ്തിരുന്ന മലയ്ക്കു് ശ്രീപുരമെന്നും ശത്രുഞ്ജയ മാഹാത്മ്യത്തിൽ പേരിട്ടിട്ടുണ്ടു്. ഈ ശ്രീശൈല നഗരത്തിൽ ജൈനരുടെ 23-ാമത്തെ തീർത്ഥങ്കരനായ പാർശ്വനാഥ ന്റെ സമകാലീനനായ ഹസ്തിസേനൻ എന്ന കാശിരാജാവു് ഒരു ജൈനചൈത്യം പണികഴിപ്പിച്ചു എന്നും ശത്രുഞ്ജയ മാഹാത്മ്യം പ്രസ്താവിക്കുന്നുണ്ടു്. ഇതിൽനിന്നു് ഈ ശ്രീപുരം അഥവാ, ശ്രീനഗരം ഒരു രാക്ഷസരാജവംശത്തിന്റെ രാജധാനിയായിരുന്നു എന്നു് സിദ്ധിക്കുന്നുണ്ടല്ലോ. ത്രികൂട പർവ്വതത്തിന്റെ തെക്കുള്ള ഒരു കൊടുമുടിയാണു് ശ്രീനഗരം സ്ഥിതിചെയ്തിരുന്ന ശ്രീശൈലം, അഥവാ, അമരകണ്ടകം. ത്രികൂടഗിരിയിൽ ലങ്കാനഗരം സ്ഥിതിചെയ്തിരുന്നു എന്നു രാമായണത്തിൽ പറഞ്ഞിട്ടുള്ളതു് ഇതു നിമിത്തമാണു്. ശിവൻ ത്രിപുര ദഹിപ്പിച്ചപ്പോൾ, അതിൽ ഒരുപുറം കടപ്പാജില്ലയിലുള്ള ഇന്നത്തെ ശ്രീശൈലത്തിലും, മറ്റൊന്നു് ഇന്നത്തെ നർമ്മദാ നദിയുടെ ഉല്പത്തിസ്ഥാനമായി സെൻട്രൽ പ്രോവിൻസിൽ സ്ഥിതിചെയ്യുന്ന അമരകണ്ടകമലയിലും വീണതായി പത്മപുരാണത്തിൽ പറഞ്ഞിരിക്കുന്നു. ഗുജറാത്തിൽ നിന്നു് രാവണന്റെ കാലത്തിനുശേഷം ലങ്കാനിവാസികൾ സെൻട്രൽ പ്രോവിൻസിലും കൃഷ്ണാനദീതീരങ്ങളിലും കുടിയേറിപ്പാർത്തപ്പോൾ, അവർ ലങ്കയിലെ സ്ഥലങ്ങളുടെ നാമങ്ങളെ വേർതിരിച്ചു് തങ്ങളുടെ പുതിയ വാസസ്ഥലത്തെ പല സ്ഥലങ്ങൾക്കും നൽകിയതിനെയാണു് പത്മപുരാണത്തിലെ പ്രസ്തുത പ്രസ്താവന സൂചിപ്പിക്കുന്നതു്. രാവണന്റെ കാലത്തു് ശ്രീശൈലവും അമരകണ്ടകവും ഒരേ മലയുടെ പേരുകളായിരുന്നു. രാവണന്റെ പൂർവ്വികരിൽ ഒരാൾക്കു് സാലകണ്ടകൻ എന്ന പേരുണ്ടായിരുന്നതും ഇവിടെ സ്മരണയീമത്രെ.

images/Mihirakula_portrait.jpg
മിഹിരകുലൻ.

ഭാരതത്തിന്റെ പശ്ചിമസമുദ്രക്കരയിലുള്ള അപരാന്തകം എന്ന പ്രദേശത്തിലുള്ള സ്ഥലങ്ങളെയും വർഗ്ഗക്കാരെയും വായുപുരാണ ത്തിൽ ചുവടെചേർക്കുന്ന പ്രകാരം വിവരിച്ചിരിക്കുന്നു:

“സൂർപ്പാകാരഃ കലിവനാ

ദുർഗ്ഗാഃ കാലിതകൈഃ സഹ

പുലേയാശ്ച സുരാലാശ്ച

രൂപസാസ്താപസൈഃ സഹ

തഥാ തുരസിതാശ്ചൈവ

സർവേചൈവ പരസ്കരാഃ”

ബോംബെയ്ക്കു വടക്കു സ്ഥിതിചെയ്യുന്നതും അപരാന്തകത്തിന്റെ തലസ്ഥാനവും പ്രധാന തുറമുഖവും പരശുരാമനാൽ സൃഷ്ടിക്കപ്പെട്ടതുമായ ശുർപ്പാകരം, അഥവാ ശൂർപ്പാരകം തുടങ്ങി കച്ഛിലെ റണ്ണിന്റെ വടക്കേക്കരയായ പാരസ്കരം വരെയുള്ള അപരാന്തകത്തിലെ വിഭാഗങ്ങളേയും വർണ്ണങ്ങളെയുമാണു് ഇതിൽ വിവരിച്ചിട്ടുള്ളതു്. ഈ അതിർത്തികൾക്കകത്താണല്ലോ ഗുജറാത്തു് സ്ഥിതിചെയ്യുന്നതു്. ഗുജറാത്തിലെ, അഥവാ, പ്രാചീന ലങ്കയിലെ പുലസ്ത്യവർഗ്ഗ ത്തിൽ, അതായതു്, രാവണന്റെ വർഗ്ഗത്തിൽപ്പെട്ടവർക്കാണു് ഇതിൽ പുലേയർ എന്നു പേരിട്ടിട്ടുള്ളതു്. അപരാന്തകത്തെ ക്രിസ്ത്വബ്ദം തുടങ്ങിയ കാലംമുതൽക്കു് പന്ത്രണ്ടാം ശതാബ്ദംവരെ ഭരിച്ചുവന്നിരുന്ന ശിലാഹാര രാജാക്കന്മാർക്കു സിംഹളന്മാർ എന്ന ബിരുദമുണ്ടായിരുന്നതും ഇവിടെ സ്മരണീയമാണു്. പഞ്ചാബ്, രജപുത്താന എന്നീ പശ്ചിമോത്തര ദേശങ്ങളെ എ. ഡി. ആറാം ശതാബ്ദത്തിൽ ഭരിച്ചിരുന്ന കുപ്രസിദ്ധനായ ഹൂണരാജാവു് മിഹിരകുലൻ ലങ്കയെ ആക്രമിച്ചതായി രാജതരംഗിണി പ്രസ്താവിക്കുന്നുണ്ടു്. ഈ സിംഹളവും ഈ ലങ്കയും പ്രസ്തുതരാജാക്കന്മാരുടെ രാജ്യത്തിനു സമീപമുള്ള ഗുജറാത്തു് ആയിരിക്കുവാനേ ഇടയുള്ളൂ.

images/Satrunjaya_Hill_Stairway.jpg
ശത്രുഞ്ജയമല.

ഏവം വിധങ്ങളായ കാരണങ്ങളാൽ രാവണന്റെ കാലത്തെ ലങ്കാദ്വീപു് ഗുജറാത്താണെന്നും, അതിലുള്ള ലങ്കാനഗരം ശ്രീനഗരമാണെന്നും നിസ്സംശയം വിചാരിക്കാവുന്നതാണു്. ഇനി ദണ്ഡകാരണ്യവും കിഷ്കിന്ധയും ഗോദാവരിയും രാമന്റെ വനവാസകാലത്തെ സംഭവങ്ങൾ നടന്ന മറ്റു സ്ഥലങ്ങളും എവിടെയായിരുന്നു എന്നു കണ്ടുപിടിക്കുവാൻ ശ്രമിക്കാം. എ. ഡി. 18-ാം ശതാബ്ദത്തിലുള്ള മധ്യേന്ത്യയിലുള്ള ഒരു ചെപ്പേടിൽ ദണ്ഡകാരണ്യത്തിനു സമീപം സ്ഥിതിചെയ്തിരുന്നു എന്നു് പ്രസ്താവിച്ചിട്ടുള്ള വസ്തരദേശം ഒറീസ്സയിൽ ഉൾപ്പെട്ടതും, സെൻട്രൽ പ്രോവിൻസിനു തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നതുമായ ഇന്നത്തെ ബസ്താർ എന്ന നാട്ടുരാജ്യമാണു്. ബസ്താറിനു് വടക്കു് മഹാനദീതീരത്തിൽ സ്ഥിതിചെയ്യുന്ന സോൺപീർ നഗരത്തിൽ നിന്നും കണ്ടെടുത്ത എ. ഡി. 10-ാം ശതാബ്ദത്തിലെ ഒരു ശാസനത്തിൽ, ആ പ്രദേശം ഭരിച്ചിരുന്ന ഒരു ഗുപ്തരാജാവായ സോമേശ്വരനു് പശ്ചിമലങ്കാപതിയെന്നു് ബിരുദം നൽകിയിരിക്കുന്നു. ഇതിൽനിന്നു് എ. ഡി. 10-ാം ശതാബ്ദത്തിൽ സെൻട്രൽ പ്രോവിൻസിന്റെ തെക്കുകിഴക്കും ഒറീസ്സയുടെ തെക്കുമുള്ള പ്രദേശത്തിനു് പശ്ചിമലങ്കയെന്നു പേരുണ്ടായിരുന്നു എന്നും ഇതിനു സമീപമുള്ള ബസ്താർ, അഥവാ, വസ്തരരാജ്യം ദണ്ഡകാരണ്യത്തിനു സമീപം സ്ഥിതിചെയ്തിരുന്നു എന്നും സിദ്ധിക്കുന്നു. സ്കന്ദപുരാണത്തിന്റെ പ്രസാദഖണ്ഡത്തിൽ നിന്നു് ഗുജറാത്തിലെ ഗിരിനഗരപർവ്വതം സ്ഥിതിചെയ്തിരുന്ന പ്രദേശത്തിനു് വസ്ത്രാപഥം, അതായതു് വസ്തരദേശം എന്നു് പേരുണ്ടായിരുന്നു എന്നു മനസ്സിലാക്കാം. ആദ്യത്തെ ലങ്കയായ ഗുജറാത്തിലെ സ്ഥലനാമങ്ങളെ രണ്ടാമത്തെ ലങ്കയായ സെൻട്രൽ പ്രൊവിൻസിലെ സ്ഥലങ്ങൾക്കു നൽകിയതിനെപ്പറ്റി മുകളിൽ പ്രസ്താവിച്ചിരുന്നല്ലൊ. അതുകൊണ്ടു ഗുജറാത്തിലെ വസ്തരയ്ക്കു്, അതായതു്, ഗിരിനഗരത്തിനു് സമീപമുള്ളദേശം രാവണന്റെ കാലത്തു് ദണ്ഡകാരണ്യ ത്തിനു സമീപം സ്ഥിതിചെയ്തിരുന്നു എന്നു് ഊഹിക്കാം. വാമനപുരാണത്തിൽ പ്രഹ്ലാദന്റെ തീർത്ഥാടനം വിവരിക്കുമ്പോൾ അദ്ദേഹം ത്രികൂടഗിരിയിൽ നിന്നു് ദണ്ഡകവനത്തിലേക്കു് പോയി എന്നു് പ്രസ്താവിച്ചിട്ടുള്ളതും, രാവണന്റെ കാലത്തു് ഗുജറാത്തിന്റെ ഉത്തരഭാഗത്തുകുടി ദണ്ഡകാരണ്യം നീണ്ടുകിടന്നിരുന്നു എന്നു് കാണിക്കുന്നുണ്ടു്. രാവണന്റെ കാലത്തു് ദണ്ഡകാരണ്യം ഗുജറാത്തിന്റെ വടക്കുഭാഗത്തും കച്ഛിലും കച്ഛിന്റെ വടക്കുള്ള സിന്ധിലും കൂടി പോയി ഉത്തരസിന്ധിലുള്ള സെഹ്വാൻ എന്ന ഇന്നത്തെ നഗരം വരെ നീണ്ടുകിടന്നിരുന്നു എന്നു് വിചാരിക്കുവാൻ കാരണമുണ്ടു്.

images/Amarkantak4.jpg
അമരകണ്ടകത്തിലെ പുരാതന ക്ഷേത്രങ്ങൾ.

ഖരവധത്തിനു് പ്രതികാരം ചെയ്യുവാനായി രാവണൻ ലങ്കയിൽ നിന്നു് ത്രികൂടം, ജാംനഗർ, കച്ച് ഉൾക്കടൽ എന്നിവ കടന്നു് രാമൻ നിവസിച്ചിരുന്ന ഗോദാവരിയുടെ സമീപത്തുള്ള സ്ഥലത്തേക്കു് പോകുകയുണ്ടായല്ലോ. ഇതിൽ നിന്നു് കച്ഛ് ഉൾക്കടലിന്റെ വടക്കാണു് രാവണന്റെ കാലത്തെ ഗോദാവരിയും അതിനടുത്തുള്ള ജനസ്ഥാനവും എന്നു സിദ്ധിക്കുന്നു. സിന്ധുനദി സിന്ധിലെ പല സ്ഥലങ്ങളിലും വെച്ചു് പല കൈവഴികളായി പിരിഞ്ഞാണു് അറബിക്കടലിൽ വീഴുന്നതു്. ഈ കൈവഴികളിൽ ഒന്നിനു് ഗോതി, അഥവാ, കോരി എന്നു് ഇന്നു പേരുണ്ടു്. ഇതാണു് രാവണന്റെ കാലത്തെ ഗോദാവരി നദി. ഗോദാവരി എന്ന പേരു ലോപിച്ചു് ഗോതിയും കോരിയുമായിത്തീർന്നിരിക്കണം. ഇതിന്റെ കിഴക്കേ തീരത്തിൽ നിന്നു ഒരു പതിനാറു മൈൽ അകലെയുള്ള സ്ഥലത്താണു് സീതാപഹരണകാലത്തു് രാമൻ പാർത്തിരുന്നതു്. ഇതിൽനിന്നു് വളരെദൂരം വടക്കോട്ടു ദണ്ഡകാരണ്യം നീണ്ടുകിടന്നിരുന്നു. ഗോതിയുടെ തീരംവരെ ജനസ്ഥാനം സ്ഥിതിചെയ്തിരുന്നു. ഈ ജനസ്ഥാനത്തിനും ഗുജറാത്തിലെ ജാംനഗറിനും ഇടയ്ക്കാണു് രാമായണത്തിലെ കിഷ്ക്കിന്ധയും വിന്ധ്യനും പമ്പാസരസ്സും മലയപർവ്വതവും ഹനുമാൻ ലങ്കയിലേക്കു ചാടാൻ ഉപയോഗിച്ച മഹേന്ദ്രപർവ്വതവും സ്ഥിതിചെയ്തിരുന്നതു്. ലങ്കാദ്വീപായ ഗുജറാത്തിന്റെ വടക്കുള്ള ദക്ഷിണസാഗരം കച്ഛ് ഉൾക്കടലാണെന്നുള്ളതു് പ്രത്യക്ഷമാണല്ലോ. ഇതിന്റെ വടക്കേക്കരയ്ക്കുള്ളവയും തമ്മിൽ തൊട്ടുകിടക്കുന്നവയുമാണു് മലയവും മഹേന്ദ്രവും. കച്ഛിനേയും ഗുജറാത്തിനേയും ഇന്നു ഘടിപ്പിച്ചിരിക്കുന്നതും പ്രായേണ സമുദ്രത്താൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ ഒരു ദ്വീപിനോടു സാദൃശ്യമുള്ളതുമായ കരയ്ക്കു് ഇന്നും മാലിയ, അതായതു്, മലയ എന്നു പേരുണ്ടു്. ഇതാണു് രാവണന്റെ കാലത്തെ മലയപർവ്വതം. അന്നു് ഇതിനും ഗുജറാത്തിന്റെ വടക്കേക്കരയ്ക്കും ഇടയ്ക്കു് വീതികുറഞ്ഞ ഒരു സമുദ്രഭാഗം ഉണ്ടായിരുന്നിരിക്കണം. ഇതിനെയാണു് ഹനുമാൻ ചാടിക്കടന്നതായി രാമായണത്തിൽ പറഞ്ഞിട്ടുള്ളതു്. ഇതിലാണു് മർക്കടന്മാർ പിന്നീടു് രാമന്റെ സൈന്യങ്ങൾക്കു കടക്കുവാനായി ചിറകെട്ടിയതും. ഈ മലയത്തെത്തൊട്ടു് സമുദ്രക്കരയിൽ മഹേന്ദ്രം സ്ഥിതിചെയ്തിരുന്നിരിക്കണം. കച്ഛിന്റെ മധ്യഭാഗത്തായി ചില കുന്നുകൾ കിഴക്കു പടിഞ്ഞാറായി നീണ്ടുകിടക്കുന്നുണ്ടു്. ഇതായിരിക്കണം രാവണന്റെ കാലത്തെ വിന്ധ്യാപർവ്വതം. ഇതിന്റെ വടക്കെചെരിവിലായിരിക്കണം കിഷ്ക്കിന്ധ സ്ഥിതിചെയ്തിരുന്നതു്. ഈ വിന്ധ്യനു വടക്കായി കച്ഛിലെ റണ്ണിനു സമീപിച്ചു് നീണ്ടു വീതികുറഞ്ഞ ഒരു കായൽ സ്ഥിതിചെയ്യുന്നതു് ഇന്നും കാണാവുന്നതാണു്. ഇതായിരിക്കണം പമ്പാസരസ്സ്. ഇതിനു സമീപം വെച്ചാണു് സുഗ്രീവനെ രാമൻ ആദ്യമായി കണ്ടതും.

images/Bazaar_in_Junagadh.jpg
1890കളിൽ എഫ്. നെൽസൺ എടുത്ത ജുനഗഡിലെ ഒരു ബസാറിന്റെ ചിത്രം.

രാമൻ അയോധ്യയിൽ നിന്നു ദണ്ഡകാരണ്യത്തിലേക്കു യാത്ര ചെയ്തവഴി അറിഞ്ഞാൽ മാത്രമേ ദണ്ഡാരണ്യത്തിന്റെ വടക്കെ അതിർത്തി കണ്ടുപിടിക്കുവാൻ സാധിക്കുകയുള്ളു. ഇതിനു പ്രാരംഭമായി അയോധ്യയുടെ സ്ഥാനം കണ്ടുപിടിക്കേണ്ടതാണെന്നുള്ളതു് പ്രത്യക്ഷമാണല്ലോ. ഇതിനുള്ള മാർഗ്ഗം കേകയത്തിൽ നിന്നു അയോധ്യയിലേക്കു് പോയ ഭരതന്റെ യാത്രകളുടെ വർണ്ണനകളിൽ വാല്മീകി പ്രസ്താവിച്ചിട്ടുള്ള സ്ഥലങ്ങൾ ഏതെല്ലാമാണെന്നു കണ്ടുപിടിക്കുന്നതാകുന്നു. ദൂതന്മാർ അതിവേഗത്തിൽ കുറുക്കുവഴികളിൽക്കൂടിയാണു് കേകയത്തിലേക്കു് പോയതു്. നേരെമറിച്ചു് ഭരതൻ സൈന്യസമേതം അയോധ്യയിലേക്കു് സഞ്ചരിച്ചതിനാൽ അദ്ദേഹത്തിനു രാജപാതയിൽക്കൂടി സാവധാനത്തിൽ യാത്ര ചെയ്യേണ്ടിവന്നു. കേകയം അയോധ്യയ്ക്കു പടിഞ്ഞാറായി വളരെ ദൂരെ സ്ഥിതിചെയ്തിരുന്നു എന്നു രാമായണത്തിൽ നിന്നു പ്രഥമദൃഷ്ടിയിൽ മനസ്സിലാക്കാം. ദൂതന്മാരുടെ മാർഗ്ഗം ആദ്യമായി ഇവിടെ വിവരിക്കുന്നു. അവർ അയോധ്യയിൽ നിന്നു പുറപ്പെട്ടു് പ്രലംബഗിരിയുടെ സമീപത്തുകൂടി അപരതാലത്തിന്റെ കിഴക്കു ഭാഗത്തു ചെന്നു് വടക്കോട്ടുപോയി മാലിനീ നദി കടന്നു. അനന്തരം അവർ പടിഞ്ഞാറും വടക്കു പടിഞ്ഞാറുമായി യാത്ര ചെയ്യുന്നു. ഇങ്ങനെ സഞ്ചരിക്കുമ്പോൾ അവർക്കു പാഞ്ചാല വിഷയവും സുരനദി യും, ഗംഗാതീരത്തുള്ള ഹസ്തിനപുര വും കുരു ജാംഗലവും പല സരസ്സുകളും ശരദണ്ഡനദിയും കലിംഗപുരിയും ഭികാളനഗരവും ഇക്ഷുമതി നദിയും ബാഹ്ലീകദേശവും മദഗിരിയും ഹരിവടവും വിവശനദിയും ഒരു വലിയ ശാല്മലിവൃക്ഷവും കടക്കേണ്ടിവന്നു. പിന്നെയും പല സരസ്സുകളും വനങ്ങളും നദികളും കടന്നു് അവർ യാത്രചെയ്തു് ഒടുക്കം കേകയത്തിന്റെ തലസ്ഥാനമായ ഗിരിവ്രജ നഗരത്തിൽ ചെന്നുചേരുകയും ചെയ്തു.

അയോധ്യയിലേയ്ക്കുള്ള ഭരതന്റെ യാത്ര ഇനി ചുരുക്കി വിവരിക്കുന്നു; കേകയ രാജധാനിയായ ഗിരിവ്രജത്തിൽ നിന്നു് ഭരതൻ പുറപ്പെട്ടു് സമീപത്തുള്ള സുദാമപർവ്വതവും സുദാമനദിയും കടന്നു് ആധാന നഗരത്തിലെത്തി. പിന്നീടു് ഭരതൻ അപരസർപ്പദാദേശം, ശിവ, കുർവ്വതി എന്നീ നദികൾ, ശല്യകർത്തനനഗരം, ശിലാവാപനദി, ചൈത്രരഥവനം, സരസരീസുരാനദീ സംഗമം, മത്സ്യവിഷയം, കലിംഗനദി, മലമ്പ്രദേശത്തുള്ള ഹ്ലാദിനീനദി എന്നിവ കടന്നു് യമുനാതീരത്തു ചെന്നു ചേരുകയുണ്ടായി. പിന്നീടു് യമുനയ്ക്കു് അപ്പുറമുള്ള മഹാരണ്യവും സുരനദിയും ഗംഗാനദീതീരത്തുള്ള പ്രാഗ്വടപുരവും ഗംഗാതീരത്തു തന്നെയുള്ള ഹസ്തിനപുരവും കടന്നു് ജംബുപ്രസ്ഥാനത്തിൽ ചെന്നുചേർന്നു. അതിനുശേഷം ഉജ്ജിഹാന പട്ടണവും താനികനദി മുതലായ പല നദികളും കടന്നു് കടികനദിയുടെ തീരത്തെത്തി. പിന്നീടു് കടികനദി, ലോഹിത്യപുരം, ഏകസാലപുരം, സ്ഥാണുമതീനദി എന്നിവ കടന്നു് ഗോമതി തീരത്തുളള വിനിത ഗ്രാമത്തിൽ ചെന്നുചേർന്നു. അനന്തരം കലിംഗഗ്രാമം കടന്നു് അയോധ്യയിൽ എത്തുകയും ചെയ്തു.

images/Gulabbari.jpg
ഗുലാബ് ബാരി, ഫൈസാബാദിലെ നവാബിന്റെ ശവകുടീരം.

രാമായണത്തിലെ കിഷ്കിന്ധ കച്ചിൽ സ്ഥിതിചെയ്തിരുന്നതിനാൽ അതിൽ പറഞ്ഞിട്ടുള്ള അയോധ്യ യുനൈറ്റഡ് പ്രോവിൻസിലെ ഫൈസബാദ് ജില്ലയിലെ ചരിത്രകാലത്തെ അയോധ്യയായിരിക്കുകയില്ല എന്നതു് നിശ്ചയംതന്നെ. എന്തെന്നാൽ യു. പി.-യിലെ ചരിത്രകാലത്തെ അയോധ്യയ്ക്കും കച്ഛിലെ കിഷ്ക്കിന്ധയ്ക്കും തമ്മിൽ രാമായണത്തിൽ പറഞ്ഞിട്ടുള്ളതിലധികം ദൂരമുണ്ടു്. കൂടാതെ രാമന്റെ വനയാത്രാ വിവരണത്തിൽ പ്രസ്താവിച്ചിട്ടുള്ള സ്ഥലങ്ങൾ മിക്കതും ഇവ രണ്ടിനും ഇടയ്ക്കല്ല താനും. പിന്നെയും സംവരപുത്രനായ കുരു സ്ഥാപിച്ച ആദ്യത്തെ കുരുക്ഷേത്രം, അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് നദി യുടെയും അതിന്റെ ഒരു പോഷകനദിയായ ദൃഷദ്വതിയുടേയും (ഇന്നത്തെ ദെരി) ഇടയ്ക്കായിരുന്നു എന്നു പാതാള മാഹാത്മ്യം എന്ന ലേഖനത്തിൽ ഈ ലേഖകൻ ചൂണ്ടിക്കാണിച്ചിരുന്നല്ലോ. ഇതിൽ നിന്നു കുരുവിന്റെ കാലത്തു് ഹിന്ദുക്കൾ ഭാരതത്തിൽ പ്രവേശിച്ചിരുന്നില്ലെന്നു് വിചാരിക്കേണ്ടിയിരിക്കുന്നു. കുരുവിന്റെ കാലത്തിൽ നിന്നു് വളരെ അകന്ന ഒരു കാലത്തിലല്ല ദശരഥനും രാമനും ജീവിച്ചിരുന്നതു്. ചരിത്രകാലങ്ങളിൽ കുരുക്ഷേത്രത്തിനു കിഴക്കായിട്ടാണു് അയോധ്യാ രാജ്യം സ്ഥിതിചെയ്തിരുന്നതും. രാമന്റെ കാലത്തെ സ്ഥിതിയും ഇതുതന്നെയായിരുന്നിരിക്കണം. അതുകൊണ്ടു് ആദ്യത്തെ കുരുക്ഷേത്രം സ്ഥിതിചെയ്തിരുന്ന ഹെൽമണ്ട് നദിയ്ക്കു കിഴക്കായി വളരെ അകലെയല്ലാതെ അയോധ്യ രാമന്റെ കാലത്തു് സ്ഥിതിചെയ്തിരുന്നു എന്നു് അനുമാനിക്കാം. അയോധ്യയുടെ ഈ സ്ഥാനം വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലും പശ്ചിമ പഞ്ചാബിലും ആയിരിക്കും. ഭരതന്റേയും കേകയത്തിലേക്കുപോയ ദൂതന്മാരുടേയും യാത്രകളുടെ വിവരണങ്ങൾ ഈ ഊഹത്തെ പിന്താങ്ങുന്നുമുണ്ടു്. ഗോമതീ നദിയ്ക്കും അയോധ്യയ്ക്കും തമ്മിൽ അധികം ദൂരമുണ്ടായിരുന്നില്ലെന്നു് ഭരതന്റെ യാത്രയുടെ വിവരണത്തിൽ നിന്നും മനസ്സിലാക്കാം. ഈ ഗോമതിനദി യു. പി.-യിലുള്ള ഗോമതീനദിയല്ല, പടിഞ്ഞാറുനിന്നൊഴുകി സിന്ധുവിൽ ചേരുന്ന ഉത്തര ബലൂചിസ്ഥാനിലെയും വടക്കുപടിഞ്ഞാറൻ അതിർത്തി പ്രോവിൻസിലേയും ഗോമൽ നദി യാണു്. ഋഗ്വേദസംഹിതയിൽ പ്രസ്താവിച്ചിട്ടുള്ള ഗോമതീനദി കടക്കുന്നതിനു കുറെ മുമ്പു ഭരതൻ ഒരു കടികനദി കടന്നതായി പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഗോമൽനദിയുടെ വടക്കുള്ള കറം നദിയുടെ ഒരു പോഷകനദിയായ ഇന്നത്തെ കൈടൂൺ നദിയാണു് ഈ കടിക നദി എന്നു് പേരുകളുടെ സാദൃശ്യത്തിൽ നിന്നനുമാനിക്കാം. ഇങ്ങനെ ഗോമൽ നദിക്കും കൈടൂൺ നദിക്കും സമീപിച്ചും സിന്ധുനദിയുടെ പടിഞ്ഞാറായും സ്ഥിതിചെയ്തിരുന്ന ഒരു പട്ടണമാണു് അയോധ്യയെന്നു് ഇതിൽ നിന്നു സിദ്ധിക്കുന്നു. അയോധ്യയിൽ നിന്നു കേകയത്തിലേക്കു പോകുവാനായി ദൂതന്മാർ തിരിച്ചപ്പോൾ അവർ അയോധ്യയ്ക്കു് അടുത്തുള്ള പ്രലംബഗിരിയിൽ നിന്നു് അപരതാലത്തിലേക്കു പോയി എന്നു് രാമായണത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഈ അപരതാലം കറം നദീതീരത്തുള്ള ഇന്നത്തെ ഥാൽ നഗരമാണു്. ഇതിൽനിന്നു് അയോധ്യ സ്ഥിതിചെയ്തിരുന്നതു് കറം നദിക്കും ഥാൽ ഗ്രാമത്തിനും വളരെ സമീപിച്ചായിരുന്നു എന്നു് സിദ്ധിക്കുന്നു. ഈ പ്രദേശത്തു് ഗൗതമ ബുദ്ധന്റെ ജീവിതകാലത്തിനടുത്തു് വനായു എന്നൊരു പ്രസിദ്ധ രാജധാനിയും രാജ്യവും ഉണ്ടായിരുന്നതായി താരാനാഥന്റെ ബുദ്ധമത ചരിത്രത്തിൽ നിന്നു നമുക്കറിവുണ്ടു്. ഈ വനായുനഗരം ഥാൽ ഗ്രാമത്തിനു അല്പം തെക്കായി കറം നദിയുടെ പടിഞ്ഞാറെക്കരയിൽ സ്ഥിതിചെയുന്ന ഇന്നത്തെ ബന്നു നഗരമാണു്. ഒരു രാജ്യത്തിന്റെ രാജധാനി അതിലുള്ള മറ്റൊരു സ്ഥലത്തേക്കു് മാറ്റുന്നതു് ഒരു അപൂർവ്വസംഭവമാകയാൽ രാമന്റെ കാലത്തെ അയോധ്യാ നഗരം ബുദ്ധന്റെ കാലത്തെ രാജധാനിയായ വനായു അഥവാ, ബന്നുവായിരുന്നു എന്നനുമാനിക്കാം. ഈ അയോധ്യ സരയുനദിയുടെ പശ്ചിമതീരത്തിൽ സ്ഥിതിചെയ്തിരുന്നു എന്നു രാമായണത്തിൽ നിന്നു മനസ്സിലാക്കാവുന്നതിനാൽ, രാമന്റെ കാലത്തെ സരയുനദി ഇന്നത്തെ കറം നദിയാണെന്നു സിദ്ധിക്കുന്നു.

images/parshvanatha.jpg
പാർശ്വനാഥ തീർത്ഥങ്കരന്റെ ചിത്രം (6–7 നൂറ്റാണ്ടു്).

ഇനി കേകയ രാജ്യത്തിന്റെ സ്ഥാനം കണ്ടുപിടിക്കുവാൻ ശ്രമിക്കാം. മഹാഭാരത യുദ്ധകാലത്തു് കേകയം സിന്ധുനദിക്കു് പടിഞ്ഞാറ് ആകയാൽ, തക്ഷശിലയ്ക്കു് സമീപമുള്ള പ്രദേശമല്ല രാമന്റെ കാലത്തെ കേകയം എന്നുള്ളതു് പ്രത്യക്ഷമാണല്ലോ. കാസ്പിയൻ കടലിനു തെക്കുകിഴക്കായി പേർസ്യയുടെ ഉത്തരഭാഗത്തിൽ സ്ഥിതിചെയ്യുന്ന ദമാവന്ദ് പർവ്വതത്തിനു ചുറ്റുമുള്ള പ്രദേശമാണു് രാമന്റെ കാലത്തെ കേകയം എന്നു വിചാരിക്കുവാൻ കാരണമുണ്ടു്. കേകയത്തിന്റെ തലസ്ഥാനമായ ഗിരിവ്രജനഗരത്തിനു വളരെ സമീപിച്ചു സ്ഥിതിചെയ്യുന്ന സുദാമഗിരിയിൽ വിഷ്ണുവിന്റെ പാദത്തിന്റെ അടയാളമുണ്ടെന്നു പ്രസ്തുത യാത്രയുടെ വർണ്ണനകൾക്കിടയ്ക്കു് വാല്മീകി പറഞ്ഞിരിക്കുന്നു. പിന്നെയും സീതാന്വേഷണാർത്ഥം സുഗ്രീവൻ വാനരന്മാർക്കു മാർഗ്ഗനിർദ്ദേശം ചെയ്യുന്നതിനെ വിവരിക്കുന്ന ഭാഗത്തിൽ അനന്തന്റെ വാസസ്ഥാനമായ ബഡവത്തിലെ കനകാചലത്തിനും അന്ധകാരം എന്ന പ്രദേശത്തിനും ഇടയ്ക്കായി സ്ഥിതിചെയ്യുന്നതും, ത്രിവിക്രമാവതാരത്തിൽ വിഷ്ണു തന്റെ മൂന്നാമത്തെ ചുവടുവെച്ചതുമായ ഒരു സൗമനസപർവ്വതത്തെപ്പറ്റിയും വാല്മീകി പ്രസ്താവിച്ചിട്ടുണ്ടു്. വിഷ്ണുവിന്റെ പാദമുദ്രയുള്ള സുദാമപർവ്വതവും ഈ സൗമനസ പർവ്വതവും ഒന്നുതന്നെയാണെന്നനുമാനിക്കാം. പാർസികളുടെ ഒരു പ്രാചീന മതഗ്രന്ഥമായ ബുന്ദാഹിസി ൽ പ്രസ്താവിച്ചിട്ടുള്ള മാനുഷപർവ്വതവും ഇതുതന്നെയാണു്. അനന്തന്റെ വാസസ്ഥലമായ ഒരു മണിഭിത്തിയെ പുരാണങ്ങൾ പ്രസ്താവിക്കുന്നുണ്ടു്. ഇതു് ബാക്ക് നഗരത്തിനു തെക്കുപടിഞ്ഞാറുള്ള ഇന്നത്തെ മയിമണിയാണു്. അതിനാൽ ബഡവത്തിലെ കനകാചലവും മയിമണിയും ഒന്നാണെന്നനുമാനിക്കാം. ക്രൗഞ്ചദ്വീപിലെ ഒരു വർഷമായി പുരാണങ്ങളിൽ പ്രസ്താവിച്ചിട്ടുള്ള അന്ധകാരവർഷം ഗോവിന്ദപർവ്വതം വരെ, അതായതു് കാസ്പിയൻ കടലിന്റെ തെക്കുകിഴക്കു് സ്ഥിതിചെയ്യുന്ന ഇന്നത്തെ കോഫെത്ത്ദാഘ് എന്ന പർവ്വതം വരെ പടിഞ്ഞാറു നിന്നു നീണ്ടുകിടക്കുന്നു. അതിനാൽ സൗമനസപർവ്വതം, അതായതു്, കേകയ രാജധാനിയ്ക്കു സമീപമുള്ള സുദാമഗിരി, മയിമണിയ്ക്കു പടിഞ്ഞാറായും കാസ്പിയന്റെ തെക്കേക്കരയായ അന്ധകാരവർഷത്തിനും ഇടയ്ക്കു സ്ഥിതിചെയ്തിരുന്നു എന്നു സിദ്ധിക്കുന്നു. ഇതിനിടയ്ക്കാണു് ഒരു പ്രസിദ്ധ ഗിരിയായ ദമാവന്ദ് സ്ഥിതിചെയ്യുന്നതു്. ഈ ഗിരിയ്ക്കു് സമീപത്തായി ദമാവന്ദ് എന്നൊരു ഗ്രാമവും ഇന്നു കാണാവുന്നതാണു്. ദമാവന്ദ് പർവ്വതത്തിനു ചുറ്റുമുള്ള പ്രദേശത്തിനു് പാരസിക കലാകാരന്മാർ ദഘോൽ എന്ന പേരു കൊടുത്തിട്ടുണ്ടു്. ഈ സംഗതികളിൽ നിന്നു് ദമാവന്ദ് പർവ്വതമാണു് സുദാമഗിരിയെന്നും ദമാവന്ദ് ഗ്രാമമാണു് പണ്ടത്തെ കേകയരാജധാനിയായ ഗിരിവ്രജമെന്നും, ദാഘോൽ എന്ന പ്രദേശമാണു് രാമന്റെ കാലത്തെ കേകയ രാജ്യമെന്നു അനുമാനിക്കാം. പ്രാചീന പാരസികരാജാവും പ്രസിദ്ധനുമായ യിമക്ഷേതനെ തോൽപിച്ചു് അദ്ദേഹത്തിന്റെ സാമ്രാജ്യം പിടിച്ചടക്കിയ പ്രസിദ്ധ നാഗരാജാവായ അഹിദാഹകന്റെ കൊട്ടാരത്തെ പാരസിക മഹാകവിയായ ഫിർദൗസി തന്റെ മഹാകാവ്യമായ ഷാനാമേയിൽ വർണ്ണിച്ചിട്ടുണ്ടു്.

images/Shilahar.jpg
വടക്കൻ കൊങ്കണിലെ ശിലാഹാരരുടെ നാണയം.

മുകളിൽ പ്രസ്താവിച്ചിട്ടുള്ള സംഗതികളിൽ നിന്നു്, ഭരതൻ ഉത്തര പേർഷ്യയിലുള്ള ദമാവന്ദ് നഗരത്തിൽ നിന്നു് വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലുള്ള ബന്നു നഗരത്തിലേക്കാണു് യാത്ര ചെയ്തതെന്നു് സ്പഷ്ടമാകുന്നുണ്ടല്ലോ. അതിനാൽ ഭരതന്റേയും ദൂതന്മാരുടേയും യാത്ര വർണ്ണിക്കുമ്പോൾ വാല്മീകി പ്രസ്താവിച്ചിട്ടുള്ള സ്ഥലങ്ങളെല്ലാം പ്രസ്തുത നഗരങ്ങൾ രണ്ടിനും ഇടയ്ക്കു സ്ഥിതിചെയ്തിരുന്നു എന്നു സിദ്ധിക്കുന്നുണ്ടു്. ഈ സ്ഥലങ്ങളിൽ ചിലതിന്റെ സ്ഥാനങ്ങൾ മാത്രമേ ഇവിടെ ചൂണ്ടിക്കാണിക്കുന്നുള്ളു. ഗിരിവ്രജത്തിൽ നിന്നു തിരിച്ച ഉടനെ ഭരതൻ കടന്ന സുദാമനദി ദമാവന്ദ് പർവ്വതത്തിൽ നിന്നുത്ഭവിച്ചു് വടക്കോട്ടൊഴുകി കാസ്പിയൻ കടലിൽ വീഴുന്ന ഇന്നത്തെ ഹറാസ് നദിയാണു്. അനന്തരം പടിഞ്ഞാറോട്ടു് ഒഴുകുന്ന ഒരു ഫ്ലാദിനീ നദിയെ അദ്ദേഹം കടക്കുകയുണ്ടായല്ലോ. ഇതു് മെഷ്ദ് നഗരത്തിനു സമീപമുത്ഭവിച്ചു് പടിഞ്ഞാറോട്ടൊഴുകി ഉത്തര പേർസ്യയിലുള്ള ഒരു കായലിൽ വീഴുന്ന ഇന്നത്തെ കസക്ക് നദിയാണു്. ഭരതൻ കടന്നതും മലമ്പ്രദേശത്തുകുടി ഒഴുകിയിരുന്നതുമായ ഫ്ലാദിനി നദി, അഫ്ഘാനിസ്ഥാനിലെ ഹെൽമണ്ട് നദിക്കു് പടിഞ്ഞാറായി ഒഴുകി ഹെൽമണ്ട് നദി വീഴുന്ന ഹേമൂൺ കായലിൽ (അതായതു്, വാമനപുരാണത്തിലെ സന്നിഹിത സരസ്സിൽ) തന്നെ വീഴുന്ന ഇന്നത്തെ ഹെരോദ് നദിയാണു്. ഈ ഹെരോദ് നദിയ്ക്കും ഹെൽമണ്ട് നദിയ്ക്കും ഇടയ്ക്കുംകൂടി ഒഴുകി ഹേമൂൺ കായലിൽ വീഴുന്ന ഇന്നത്തെ ഫറാ നദി യാണു് ഭരതൻ കടന്ന യമുനാനദി. ഋഗ്വേദത്തിൽ പ്രസ്താവിച്ചിട്ടുള്ള യമുനാനദിയും ഇതു തന്നെയായിരിക്കാനിടയുണ്ടു്. ഭരതൻ കടന്നതും, ഹസ്തിനപുരതീരത്തു സ്ഥിതിചെയ്തിരുന്നതുമായ ഗംഗാനദി ഇന്നത്തെ ഹെൽമണ്ട് കുരുക്ഷേത്രത്തിനടുത്തുള്ള ആദ്യത്തെ ഹസ്തിനപുരമാണു്. കുരുവിന്റെ കാലത്തിനുശേഷം കുറെ ശതാബ്ദങ്ങൾ കഴിഞ്ഞിട്ടാകണം ഹിന്ദുരാജാക്കന്മാർ ഭാരതത്തിലുള്ള സുപ്രസിദ്ധമായ രണ്ടാമത്തെ കുരുക്ഷേത്രവും രണ്ടാമത്തെ ഹസ്തിനപുരവും സ്ഥാപിച്ചതു്. ഭരതൻ കടന്ന ഗംഗാനദീതീരത്തുള്ള മറ്റൊരു പട്ടണം പ്രാഗ്വടമാണല്ലോ. വടതീർത്ഥം പശ്ചിമ സരസ്വതിയുടെ, അതായതു് ഹെൽമണ്ട് നദിയുടെ സമീപത്തു് സ്ഥിതിചെയ്തിരുന്നു എന്നു് വാമനപുരാണത്തിൽ പറഞ്ഞിട്ടുള്ളതും, ഹെൽമണ്ട് നദിക്കാണു്, രാമായണത്തിലെ ഈ ഭാഗത്തിൽ വാല്മീകി ഗംഗയെന്നു പേരിട്ടിട്ടുള്ളതെന്നു് സ്ഥാപിക്കുന്നുണ്ടു്. വാല്മീകി മറ്റൊരു നദിയ്ക്കു കൂടി, അതായതു്, ഇന്നത്തെ സിന്ധു നദിക്കു കൂടി ഗംഗയെന്നു പേരിട്ടിട്ടുണ്ടെന്നു പിന്നീടു ചൂണ്ടിക്കാണിക്കുന്നതാണു്. ദൂതന്മാർ കടന്ന പാഞ്ചാലദേശം ഹെൽമണ്ട് നദിയ്ക്കു സമീപമുള്ള കുരുക്ഷേത്രത്തിന്റെ വടക്കുകിഴക്കായി സ്ഥിതിചെയ്തിരുന്നിരിക്കണം. ഇവർ കടന്ന ബാഹ്ലീകദേശം ബാക്ക് നഗരത്തിനു തെക്കുള്ള പ്രദേശമാണു്. ഈ ദൂതന്മാർ കടന്നുപോയ ശാൽമലിവൃക്ഷം ശാൽമലിദ്വീപിന്റെ, അതായതു്, പശ്ചിമ അഫ്ഗാനിസ്ഥാനും പേർസ്യയും അടങ്ങിയ പ്രദേശത്തിന്റെ മധ്യത്തിൽ സ്ഥിതിചെയ്തു് അതിനു് ശാല്മലി ദ്വീപെന്ന നാമം നേടിക്കൊടുത്തതായി പുരാണങ്ങളിൽ പറഞ്ഞിരിക്കുന്ന ശാല്മലി വൃക്ഷമാണുതാനും.

(മാതൃഭൂമി ആഴ്ചപതിപ്പു്, 1939 ജനുവരി 29, ഫ്രെബുവരി 5.)

കേസരിയുടെ ലഘുജീവചരിത്രം

Colophon

Title: Lankayum Ayodhyayum (ml: ലങ്കയും അയോധ്യയും).

Author(s): Kesari Balakrishna Pillai.

First publication details: Sayahna Foundation; Trivandrum, Kerala; 2021-02-28.

Deafult language: ml, Malayalam.

Keywords: Article, Kesari Balakrishna Pillai, Lankayum Ayodhyayum, കേസരി ബാലകൃഷ്ണപിള്ള, ലങ്കയും അയോധ്യയും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 29, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Damavand, the west face, a photograph by Safa Daneshvar . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.