അല്പം കൊല്ലങ്ങൾക്കു മുമ്പുവരെ സുപ്രസിദ്ധ കവിയായ ഭവഭൂതിയെ കേരളവുമായി ഘടിപ്പിക്കുന്ന യാതൊരു ഐതിഹ്യവും നാം അറിഞ്ഞിരുന്നില്ല. ഒരു കേരളീയ നാടകകർത്താവായ കുലശേഖരവർമൻ തന്റെ തപതീ സംവരണത്തിൽ ശൂദ്രകനെയും കാളിദാസനെയും ഹർഷനെയും ദണ്ഡിയേയും പറ്റി പ്രസ്താവിക്കുന്നുണ്ടെങ്കിലും ഭവഭൂതിയെപ്പറ്റി ഒന്നും തന്നെ പറയുന്നില്ല. ഇപ്പോൾ ഈ സ്ഥിതിക്കു് ഒരു പരിവർത്തനം വന്നിരിക്കുന്നു. ഭവഭൂതി കേരളത്തിൽ വന്നിട്ടുണ്ടെന്നും ഇവിടെ കുറേക്കാലം താമസിച്ചിട്ടുണ്ടെന്നും ഇവിടെ വെച്ചു മരിച്ചു എന്നും വിചാരിക്കുവാൻ ചില കണ്ടുപിടുത്തങ്ങൾ ഇടയാക്കിയിരിക്കുന്നു. ഇവയെപ്പറ്റി പ്രതിപാദിക്കുന്നതിനു് മുമ്പു് ഈ കണ്ടുപിടുത്തങ്ങൾക്കു മുമ്പു നമുക്കറിവുണ്ടായിരുന്ന ഭവഭൂതിയുടെ ജീവചരിത്രം സംക്ഷേപിച്ചു വിവരിച്ചുകൊള്ളട്ടെ.
യജുർവേദത്തിന്റെ തൈത്തരീയശാഖയിലും കാശ്യപഗോത്രത്തിലും പെട്ട ഒരു ഉദുംബരബ്രാഹ്മണനായ നീലകണ്ഠന്റെ പുത്രനായി ശ്രീകണ്ഠൻ എന്നു പേരുള്ള ഭവഭൂതി വിദർഭ(ബീറാർ)യിലെ പത്മപുരത്തു് എ. ഡി. എട്ടാം ശതാബ്ദത്തിന്റെ ആദ്യകാലത്തു് ജനിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ മാതാവിന്റെ നാമം ജാതുകർണിയെന്നും, മുത്തച്ഛന്റെ പേർ ഭട്ടഗോപാലനെന്നും ഗുരുവിന്റേതു് ജ്ഞാനനിധിയെന്നുമായിരുന്നു. ചെറുപ്പത്തിൽ അദ്ദേഹം അന്നു് ഗുർജനപ്രതിഹാരന്മാരുടെ കീഴിലായിരുന്നു. ഉജ്ജയിനിയിൽ താമസിച്ചിരുന്നു എന്നു് വിചാരിക്കുവാൻ കാരണമുണ്ടു്. അനന്തരം നാം അദ്ദേഹത്തെ കാണുന്നതു് കന്യാകുബ്ജത്തിലെ രാജാവായ യശോവർമ ന്റെ രാജധാനിയിൽ അദ്ദേഹം ആ രാജാവിനെ സേവിച്ചു പാർക്കുമ്പോഴാണു്. രാമാഭ്യുദയം എന്ന നാടകത്തിന്റെ കർത്താവായ ഈ യശോവർമൻ എ. ഡി. 728-നു് സമീപിച്ചു് രാജ്യഭാരമേൽക്കുകയും എ. ഡി. 731-ൽ ചീനാച്ചക്രവർത്തിയായ ഹിയുൻ സാങിന്റെ രാജധാനിയിലേക്കു് ഒരു രാജദൂതനെ അയക്കുകയും ചെയ്തതായി നമുക്കറിയാം. എ. ഡി. 740-നു് സമീപിച്ചു് ഇദ്ദേഹം ഒരു ദിഗ്വിജയം നടത്തി. ഗൗഡരാജാവിനെ വധിക്കുകയും മഗധരാജാവിനേയും വംഗരാജാവിനേയും സെൻട്രൽ പ്രോവിൻസിലുള്ള ഒരു രാജാവിനേയും (ഈ രാജാവു് നാഗപുരിനു് സമീപത്തു് ഭരിച്ചിരുന്ന ശൈലവംശജനായ ജയവർധനൻ ഒന്നാമനായിരിക്കുമെന്നു് ഈ ലേഖകൻ വിചാരിക്കുന്നു) പാരസികരേയും ജയിച്ചതിനുശേഷം ഗുർജരന്മാർ ഭരിച്ചിരുന്ന രാജപുട്ടാണയെ കടന്നു് സ്ഥാനേശ്വരത്തിൽക്കൂടി തന്റെ തലസ്ഥാനമായ കന്യാകുബ്ജത്തിലേക്കു് തിരിച്ചുപോരുകയും ചെയ്തു. ഈ ദിഗ്വിജയത്തിൽ ഉജ്ജയിനിയിൽ താമസിച്ചിരുന്ന ഭവഭൂതിയെ യശോവർമൻ കണ്ടുമുട്ടുകയും തന്നോടുകൂടി കന്യാകുബ്ജത്തിലേക്കു് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോരികയും ചെയ്തു എന്നു് നമുക്കു വിചാരിക്കാം. തന്റെ മൂന്നു നാടകങ്ങളിൽ ‘വീരചരിതം’ ഭവഭൂതി ഉജ്ജയിനിയിൽ താമസിക്കുമ്പോൾ രചിച്ചതായിരിക്കാം. ശേഷിച്ച രണ്ടും, അതായതു്, ‘മാലതീമാധവ’വും ‘ഉത്തരരാമചരിത’വും അദ്ദേഹം യശോവർമന്റെ രാജധാനിയിൽ രചിച്ചു എന്നു് വിചാരിക്കുവാൻ ന്യായമുണ്ടു്. ഭവഭൂതി എന്ന പേർ അദ്ദേഹത്തിനു കിട്ടിയതു്:
“തപസ്വികാം ഗതോവസ്ഥാ-
മിതി സ്മേരാനനാവിവ-
ഗിരിജായാഃ സ്തനൗവണ്ട
ഭഭൂതി സിതാനനൗ”
എന്ന അദ്ദേഹത്തിന്റെ ശ്ലോകത്തിൽ നിന്നാണെന്നാണു് ഐതിഹ്യം. കന്യാകുബ്ജത്തിൽ താമസിച്ചിരുന്നു കൊണ്ടിരുന്നപ്പോൾ ഭവഭൂതി ബംഗാൾ മുതലായ ഭാരതത്തിന്റെ പൂർവ്വദേശങ്ങളിൽ സഞ്ചരിച്ചിരുന്നു എന്നു് അദ്ദേഹത്തിന്റെ കൃതികളിൽ നിന്നു് നമുക്കനുമാനിക്കാം. ഉദാഹരണമായി ഉത്തരരാമചരിതം നാലാമങ്കത്തിൽ സീതയുടെ വനവാസം അറിഞ്ഞയുടനെ ദുഃഖശമനാർത്ഥം ജനകൻ (കിഴക്കെ ബംഗാളിലുള്ള) ചന്ദ്രദ്വീപിലെ ഒരാശ്രമത്തിൽ പോയി കുറേക്കാലം തപസ്സു ചെയ്തിരുന്നു എന്നു് അദ്ദേഹം പറഞ്ഞിരിക്കുന്നു. എ. ഡി. 745-നു് സമീപിച്ചു് മുക്താപീഡ ലളിതാദിത്യൻ എന്ന പ്രസിദ്ധനായ കാശ്മീരരാജാവു് യശോവർമനെ തോൽപ്പിച്ചു് കീഴടക്കുകയുണ്ടായി. ഇതിനുശേഷം ഉദ്ദേശം ഒരു ആറുവർഷം കുടി യശോവർമൻ ജീവിച്ചിരുന്നു എന്നു വിചാരിക്കുവാൻ കാരണമുണ്ടെങ്കിലും, ഇതു മുതൽക്കു് അദ്ദേഹത്തിന്റെ പ്രതാപം അസ്തമിച്ചു എന്നു് നമുക്കു വിചാരിക്കാം. യശോവർമന്റെ തോൽവിക്കുശേഷമുള്ള ഭവഭൂതിയുടെ ചരിത്രത്തെപ്പറ്റി നമുക്കു് യാതൊരു അറിവുമുണ്ടായിരുന്നില്ല.
യശോവർമന്റെ രാജധാനിയിൽ അദ്ദേഹത്തിന്റെ ആശ്രിതനായി ഭവഭൂതിക്കു പുറമേ വാക്പതി എന്ന ഒരു സാമന്ത കവിയുണ്ടായിരുന്നു. ‘ഗൗഡവഹോ’ (ഗൗഡവധം) എന്ന പ്രസിദ്ധ പ്രാകൃത കാവ്യത്തിന്റെയും ‘മഹുമഹവിജയോ’ (മഥുമഥവിജയം) എന്ന മറ്റൊന്നിന്റെയും കർത്താവാണു് വാക്പതി. ഇവയിൽ മഹുമഹാവിജയം നമുക്കു ലഭിച്ചിട്ടില്ല. യശോവർമന്റെ ഗൗഡയുദ്ധത്തേയും ഗൗഡരാജാവിന്റെ വധത്തേയും വിവരിക്കുന്ന ഗൗഡവഹോവിൽ നിന്നാണു് ആ രാജാവിന്റെ ദിഗ്ജയത്തെപ്പറ്റി മുകളിൽ വിവരിച്ചിട്ടുള്ള വിവരങ്ങൾ നമുക്കു് ലഭിച്ചിട്ടുള്ളതു്. വാക്പതി ഭവഭൂതിയെ വളരെ സ്തുതിച്ചിരിക്കുന്നതുകൊണ്ടും മറ്റു കാരണങ്ങളാലും ആ പ്രാകൃത കവിക്കു് ഭവഭൂതിയെക്കാൾ ഒട്ടധികം പ്രായം കുറഞ്ഞിരുന്നു എന്നു നമുക്കു് വിചാരിക്കാം. ഒടുക്കം ഒരു ജൈനനായിത്തീർന്നു. ജൈനന്മാർ അനുഷ്ഠിക്കാറുള്ള പട്ടിണി നോമ്പുകൊണ്ടു് ജീവത്യാഗം ചെയ്ത വാക്പതിയെക്കുറിച്ചും, ജൈനമതം സ്വീകരിച്ച യശോവർമപുത്രനായ ആമരാജാവിനെ സംബന്ധിച്ചും ജൈനഗ്രന്ഥങ്ങളിൽ നിന്നും നമുക്കു് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടു്. യശോവർമന്റെ കൊട്ടാരത്തിലെ കവി രാജാവായിരുന്ന വാക്പതി ആദ്യം ആ രാജാവു് വധിച്ച ആമരാജാവിന്റെ ആശ്രിതനായിരുന്നുവെന്നും, തന്റെ രക്ഷിതാവിന്റെ മരണാനന്തരമാണു്, അതായതു്, ഉദ്ദേശം 751-നു ശേഷമാണു് വാക്പതി ഗൗഡവഹോ രചിച്ചതെന്നും ആ രാജാവിനെ ജൈനമതത്തിലേക്കു് കൊണ്ടുവന്ന ജൈനാചാര്യൻ ബപ്പഭട്ടി എ. ഡി. 743 മുതൽക്കു് 837 വരെ ജീവിച്ചിരുന്നുവെന്നും നമുക്കു് പ്രസ്തുത ജൈനഗ്രന്ഥങ്ങളിൽ നിന്നറിയാം. ഇതിൽനിന്നു് എ. ഡി. 751-നു് മുമ്പു് ഭവഭൂതി തന്റെ മൂന്നു നാടകങ്ങളും രചിച്ചിരുന്നുവെന്നു് നമുക്കൂഹിക്കുകയും ചെയ്യാം. നാടകരചനയ്ക്കുള്ള കെൽപ്പു് വളരെ കുറയുമെങ്കിലും കവിത്വം മികച്ചിരുന്ന ഭവഭൂതിക്കു് അസാധാരണ ബുദ്ധിശക്തി ഉണ്ടായിരുന്നതിനാൽ, തന്റെ ഒടുവിലത്തെ കൃതി രചിച്ചു തീർന്നിരുന്ന കാലമായ എ. ഡി. 751-ൽ കുറഞ്ഞപക്ഷം മുപ്പത്തിരണ്ടു് വയസ്സുണ്ടായിരുന്നു എന്നും നമുക്കു വിചാരിക്കാവുന്നതാണു്. അതിനാൽ ഭവഭൂതിയുടെ ജനനം എ. ഡി. 720-നു് സമീപമായിരിക്കുവാൻ ഇടയുണ്ടു്.
ഇനി നമുക്കു് ഭവഭൂതിയെപ്പറ്റി നവീനമായി ലഭിച്ചിട്ടുള്ള അറിവുകളിലേക്കു് കടക്കാം. പ്രസിദ്ധ മീമാംസകനായ കുമാരിലഭട്ടന്റെ നാലു മുഖ്യശിഷ്യന്മാരെ വിവരിക്കുന്ന:
“ഉംബേകകാരികാം വേത്തി
തന്ത്രം വേത്തി പ്രഭാകരഃ
മണ്ഡനസ്തുഭയം വേത്തി
ന കിഞ്ചിഭപി രേവണഃ”
എന്ന ശ്ലോകത്തിൽ പറയുന്ന ഉംബേകനും, ശങ്കരാചാര്യന്മാരുടെ സുപ്രസിദ്ധ ശിഷ്യനായ സുരേശ്വരനും, യാജ്ഞവൽക്ക്യ സംഹിതയ്ക്കു ബാലക്രീഡ എന്ന പേരിൽ ഒരു വ്യാഖ്യാനമെഴുതിയിട്ടുള്ള വിശ്വരൂപനും, ഭവഭൂതിയും ഒന്നാണെന്നു കാണിക്കുന്ന ലക്ഷ്യങ്ങളാണു് നമുക്കു പുതുതായി കിട്ടിയിരിക്കുന്നതു്. മി. ദിനേശചന്ദ്ര ഭട്ടാചാര്യ ഈ തെളിവുകളെയെല്ലാം കൂട്ടിച്ചേർത്തു. പ്രസ്തുത നാലുപേരും ഒന്നാണെന്നും മണ്ഡന മിശ്രനും, ഉംബേകനും, വിശ്വരൂപനും സുരേശ്വനും മാധവന്റെ ശങ്കര ദിഗ്വിജയത്തെ ആസ്പദിച്ചുള്ള സാധാരണയായ ധാരണ തെറ്റാണെന്നും ഇന്ത്യൻ ഹിസ്റ്റോറിക്കൽ ക്വാർട്ടേർലിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. മുകളിൽ ഉദ്ധരിച്ച കുമാരിലയിൽ ശിഷ്യനെ പറ്റിയുള്ള ശ്ലോകത്തിന്റെ മൂന്നാമത്തെ വരിയിൽ മണ്ഡനനെന്നതിനുപകരം വാമനനെന്ന പാഠഭേദമുണ്ടെന്നും ഇടയ്ക്കു പറഞ്ഞുകൊള്ളട്ടെ. സുരേശ്വരനും മണ്ഡനമിശ്രനും ഒന്നല്ലെന്നു മി. ഭട്ടാചാര്യക്കു മുമ്പുതന്നെ പ്രൊഫസർ ഹിരിയണ്ണ ചൂണ്ടിക്കാണിച്ചിരുന്നു. ഈ തെളിവുകളിലേക്കു കടക്കുന്നതിനു് മുമ്പു് ഈ പ്രസിദ്ധ പണ്ഡിതന്മാരെപ്പറ്റി യാതൊരറിവും ഇല്ലാത്തവരുടെ ഉപയോഗത്തിനായി അവരെക്കുറിച്ചു് ചില വിവരങ്ങൾ പറഞ്ഞുകൊള്ളട്ടെ.
അർത്ഥം മനസ്സിലാക്കുവാൻ പ്രയാസമായിത്തീർന്നിരുന്ന വേദങ്ങളിലെ ആരാധനാവിധികളേയും യുക്തി ചെലുത്തി വ്യാഖ്യാനിക്കുന്ന മീമാംസശാസ്ത്രത്തിന്റെ പ്രധാനഗ്രന്ഥമായ ജൈമിനിയുടെ പൂർവ്വമീമാംസാ സൂത്രത്തിനുണ്ടായിട്ടുള്ള പ്രധാന വ്യാഖ്യാനങ്ങളിലൊന്നു് ശബരഭാഷ്യമാണു്. ഈ ശബരഭാഷ്യത്തിനും വ്യാഖ്യാനങ്ങളെഴുതി മീമാംസയെ മൂന്നു പ്രത്യേക വഴികളിലേക്കു് തിരിച്ചവരാണു് കുമാരിലനും പ്രഭാകരഗുരുവും മണ്ഡനമിശ്രനും. കുമാരിലന്റെ വ്യാഖ്യാനഗ്രന്ഥങ്ങളുടെ പേരുകൾ ശ്ലോകവാർത്തികം, താന്ത്രവാർത്തികം, ടുപ് ടീക എന്നും പ്രഭാകരന്റെ വ്യാഖ്യാനത്തിന്റെ പേരു് ബൃഹതി എന്നും, മണ്ഡനമിശ്രന്റെ വ്യാഖ്യാനങ്ങൾ വിധിവിവേകം, ബ്രഹ്മസിദ്ധി മുതലായവയുമാകുന്നു. ബാദാരായണനന്റെ വേദാന്തസൂത്രത്തെയും അതിന്റെ പ്രാചീന വ്യാഖ്യാനങ്ങളെയും ആസ്പദിച്ചു് ശങ്കരാചാര്യന്റെ പ്രസിദ്ധ ഭാഷ്യഗ്രന്ഥങ്ങളും സുരേശ്വരന്റെ പലവാർത്തികങ്ങളും നൈഷ്കർമ്മസിദ്ധിയും ജനിക്കുകയുണ്ടായി. ശങ്കരാചാര്യനും സുരേശ്വരനും തമ്മിലും, ശങ്കരാചാര്യരും മണ്ഡനമിശ്രനും തമ്മിലുണ്ടായതായി ഐതിഹ്യം ഘോഷിക്കുന്ന വാദപ്രതിവാദങ്ങളും സുപ്രസിദ്ധമാണല്ലോ. മുകളിൽ ഉദ്ധരിച്ചിട്ടുള്ള കുമാരിലന്റെ ശിഷ്യന്മാരെ സൂചിപ്പിക്കുന്ന ശ്ലോകത്തിൽ പ്രസ്താവിക്കുന്ന രേവണൻ രേവണാരാധ്യനെന്ന നാമത്തിൽ ഒരു കാമശാസ്ത്രഗ്രന്ഥമായ സ്മരതത്വപ്രകാശിക രചിച്ചിട്ടുള്ളതായും കാണുന്നു.
ഇനി നമുക്കു് മി. ദിനേശ്ചന്ദ്ര ഭട്ടാചാര്യ ചൂണ്ടിക്കാണിച്ചിട്ടുള്ള സംഗതികളിലേക്കു കടക്കാം. മണ്ഡനമിശ്രനും ഉംബേകനും വിശ്വരൂപനും സുരേശ്വരനും ഒന്നാണെന്നു് മാധവന്റെ ശങ്കരദിഗ്വിജയത്തിൽ പറഞ്ഞിരിക്കുന്നതു തെറ്റാണെന്നും, സുരേശ്വരന്റെ കൃതികളിലും മണ്ഡനമിശ്രന്റെ കൃതികളിലും കാണുന്ന അഭിപ്രായവ്യത്യാസങ്ങളും ചിത്സുഖജനിയുടെ കൃതികളിൽ സുരേശ്വരന്റെയും മണ്ഡനമിശ്രന്റെയും അഭിപ്രായങ്ങളെ വെവ്വേറെ ഉദ്ധരിച്ചിരിക്കുന്ന വസ്തുതയും ഗുരുവംശകാവ്യത്തിൽ ശങ്കരാചാര്യർ മണ്ഡനമിശ്രനേയും വിശ്വരൂപനേയും കണ്ടുമുട്ടിയതായി പ്രസ്താവിച്ചിരിക്കുന്നതും, മണ്ഡനമിശ്രനും സുരേശ്വരനും ഒന്നല്ലെന്നു കാണിക്കുന്നു. മണ്ഡനമിശ്രന്റെ കൃതിയായ ഭാവനാവിവേകവും, ഉംബേകന്റെ നഷ്ടമായ ശ്ലോകവാർത്തിക വ്യാഖ്യാനത്തിൽ നിന്നു് ശാസ്ത്രദീപികയിൽ ഭട്ടരാമകൃഷ്ണൻ ഉദ്ധരിച്ചിട്ടുള്ള ഭാഗങ്ങളും, ഉംബേകൻ കുമാരിലഭട്ടന്റെ ശിഷ്യനാണെന്നും, മണ്ഡനമിശ്രൻ കുമാരിലന്റെ ചില അഭിപ്രായങ്ങളെ ആക്ഷേപിക്കുന്നു എന്നും, ഉംബേകനും മണ്ഡനമിശ്രനും തമ്മിൽ അഭിപ്രായ വൃത്യാസമുണ്ടെന്നും വരുന്നു. ഭവഭൂതിയുടെ മാലതീമാധവത്തിന്റെ ഒരു കൈയെഴുത്തുപ്രതിയിൽ അതു് കുമാരിലഭട്ടന്റെ ശിഷ്യന്റെ കൃതിയാണു് എന്നു് ഒരിടത്തും, ഉംബേകാചാര്യന്റെ കൃതിയാണെന്നു് മറ്റൊരിടത്തും പറഞ്ഞിട്ടുള്ളതും, ചിൽസുഖി എന്ന വ്യാഖ്യാനഗ്രന്ഥത്തിൽ ഉംബേകനാണു് ഭവഭൂതിയെന്നു വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതും ഉംബേകനും ഭവഭൂതിയും ഒന്നാണെന്നു സ്ഥാപിക്കുന്നുണ്ടു്. അവസാനമായി വിശ്വരൂപൻ യാജ്ഞവല്ക്യസംഹിതയുടെ വ്യാഖ്യാനമായി രചിച്ചിട്ടുള്ള ‘ബാലക്രീഡ’യ്ക്കു യതീശ്വരൻ എഴുതിയ ‘വിഭാവനാ’ എന്ന ഉപവ്യാഖ്യാനത്തിൽ:
“യത് പ്രസാദാദയം ലോകോ
ധർമ്മമാർക്ഷസ്ഥിതഃ സുഖീ
ഭവഭൂതി സുരേശാഖ്യം
വിശ്വരൂപം പ്രണമ്യച്ഛതം.”
എന്നു ബാലക്രീഡാകർത്താവായ വിശ്വരൂപനെപ്പറ്റി പറയുന്നതിൽ നിന്നു് ഭവഭൂതിയും, സുരേശ്വരനും, വിശ്വരൂപനും ഒന്നാണെന്നു് വ്യക്തമാക്കുന്നുണ്ടു്. ബാലക്രീഡയിൽ ഭവഭൂതിയുടെ കയ്യു കാണിക്കുന്ന പല ഉദാഹരണങ്ങളും മി. ദിനേശചന്ദ്ര ഭട്ടാചാര്യ ഉദ്ധരിച്ചിട്ടുണ്ടു്. ഭവഭൂതി തന്റെ നാടകങ്ങളിൽ പ്രദർശിപ്പിച്ചിരുന്ന വേദങ്ങളോടുള്ള താല്പര്യം വേദങ്ങളിൽ നിന്നു ധാരാളം ഭാഗങ്ങളുദ്ധരിച്ചു ബാലക്രീഡയിലും അദ്ദേഹം കാണിച്ചിരിക്കുന്നു. ഉത്തരരാമചരിതത്തിന്റെ നാലാമങ്കത്തിൽ ഗോമാംസം ഭക്ഷിക്കുന്നതിനെ ഋഗ്വേദത്തെ ആസ്പദിച്ചു ന്യായീകരിച്ചിരിക്കുന്നതുപോലെ ബാലക്രീഡയിലും ഭവഭൂതി ഗോവധത്തെ ന്യായീകരിച്ചിരിക്കുന്നു. ബാലക്രീഡ ഭവഭൂതിയുടെ യൗവനകാലത്തെ ഒരു കൃതിയാണു്. വിശ്വരൂപനും ശങ്കരാചാര്യരും തമ്മിൽ മഗധയിൽ വച്ചു നടന്നതായി ഗുരുവംശകാവ്യം പ്രസ്താവിക്കുന്ന പ്രസിദ്ധ വാദപ്രതിവാദത്തിന്റെ പരമാർത്ഥത്തെ മഗധയെ കീഴടക്കിവാണിരുന്ന യശോവർമന്റെ രാജധാനിയായ കന്യാകുബ്ജത്തിൽ ഭവഭൂതി താമസിച്ചിരുന്നതിനുള്ള സംഗതി പിന്താങ്ങുന്നുണ്ടു്. മണ്ഡനമിശ്രനും സുരേശ്വരനും ഒന്നല്ലെന്നും, ഉംബേകനും സുരേശ്വരനും, വിശ്വരൂപനും ഭവഭൂതിയും ഒന്നാണെന്നുള്ള മി. ദിനേശഭട്ടാചാര്യയുടെ അഭിപ്രായം സ്വീകരിക്കുന്നതിനു് കാലസംബന്ധമായ ചില പൊരുത്തമില്ലായ്മകൾ ഉണ്ടെന്നു് പ്രഥമദൃഷ്ടിയിൽ തോന്നുമെങ്കിലും, അതു ചില തെറ്റായ കാലഗണന കൊണ്ടാണെന്നു് സൂക്ഷ്മപരിശോധനയിൽ നിന്നു മനസ്സിലാക്കാവുന്നതാണു്. അതിനാൽ ഈ ലേഖകന്റെ പ്രസ്തുത അഭിപ്രായങ്ങളോടു പൂർണ്ണമായി യോജിക്കുന്നു. മി. ഭട്ടാചാര്യയുടെ അഭിപ്രായത്തെ സ്വീകരിക്കുന്നതിൽ കാലസംബന്ധമായും യാതൊരു തടസ്സവുമില്ലെന്നു് കാണിക്കുവാനായി എ. ഡി. എട്ടാം ശതാബ്ദത്തിൽ ഭാരതത്തെ ഭരിച്ചിരുന്ന പ്രധാന രാജവംശങ്ങളുടെ വംശാവലിയും ഉദ്ദേശകാലങ്ങളും ആദ്യമായി ചുവടെ ചേർത്തുകൊള്ളുന്നു;
രാഷ്ട്രകൂടവംശം കാശ്മീരവംശം കന്യാകുബ്ജം ഗൗഡവംശം ഗൂർജര പ്രതിഹാര വംശം
കക്കൻ മുക്താപീഢ (724–760) 728–751 740–768 നാഗഭടൻ
ഇന്ദ്രൻ കൃഷ്ണൻ ലളിതാദിത്യൻ ആമ (751–780) ഗോപാലൻ ദേവശക്തി (769–779) (768–808)
ദന്തിദുർഗ്ഗൻ കുവലയപീഡൻ വജ്രായുധൻ ധർമ്മപാലൻ വത്സരാജൻ (754–769) (761) (783)
ഇന്ദ്രായുധൻ (783) ത്രിഭുവനപാലൻ
നാഗഭടൻ-11 ഗോവന്ദൻ 11 (779) വജ്രായിതലളിതാദ്യിത്യൻ ചക്രായുധൻ (800) ദേവപാലൻ (790–815)
ധ്രുവൻ (780–794) (761–768) ഗോവിന്ദൻ 111 പൃഥിവ്യാപീഡൻ 794–815 സാഗ്രാമപീഡൻ (768–775)
കന്യാകുബ്ജത്തിലെ യശോവർമന്റെ പുത്രനായ ആമരാജാവിനെ സാധാരണയായി ചരിത്രകാരന്മാർ വിഗണിച്ചു് യശോവർമനുശേഷം 783-ൽ നാടുവാണിരുന്ന ഇന്ദ്രായുധനു് മുമ്പു് ഒരു വജ്രായുധൻ വാണിരുന്നു എന്നു് രാജശേഖരകവിയുടെ കർപ്പൂരമഞ്ജരിയിലെ ഒരു പ്രസ്താവനയെ ആസ്പദമാക്കി വിശ്വസിച്ചുവരുന്നു. എന്നാൽ ജൈനന്മാരുടെ ഗ്രന്ഥങ്ങൾ ആമരാജാവിനെ വളരെ കീർത്തിക്കുന്നുണ്ടു്. അതിനാൽ ആമരാജാവിന്റെ ഒരു ബിരുദം മാത്രമാണു് ഈ വജ്രായുധനെന്നു് ഈ ലേഖകൻ വിചാരിക്കുന്നു. ഇതിനു് മറ്റൊരു തെളിവുമുണ്ടു്. ചാലുക്യവംശത്തിന്റെ ശക്തി നശിപ്പിച്ചു് ഹൈദരാബാദിലുള്ള മാന്യകേടത്തിലെ രാഷ്ട്രകൂടന്മാരെ ഇന്ത്യയിലെ ഒരു മഹച്ഛക്തിയാക്കിച്ചമച്ച ദന്തിദുർക്ഷൻ കർണാടകത്തിലെ ചാലുക്യന്മാർക്കു് പുറമേ മാളവത്തിലെ ഗുർജരപ്രതിഹാരന്മാരെയും കാഞ്ചിയിലെ പല്ലവരെയും കേരള ചോളപാണ്ഡ്യരാജാക്കന്മാരെയും ഒരു ശ്രീഹർഷനെയും ഒരു വജ്രടനെയും തോൽപ്പിച്ചു് ഉജ്ജയിനിയിൽ വച്ചു് ഹിരണ്യഗർഭവും മറ്റും നടത്തിയതായി ചെപ്പേടുകളിൽ നിന്നും ശിലാലേഖനങ്ങളിൽ നിന്നും നമുക്കറിയാം. രാഷ്ട്രകൂട ചക്രവർത്തിയായ ഗോവിന്ദൻ മൂന്നാമന്റെ പൈലാൽ ചെപ്പേടിലാണു് ചുവടെ ചേർക്കുന്ന പ്രകാരം ശ്രീ ഹർഷവജ്രകൂടന്മാരെ തോല്പിച്ചകാര്യം പറഞ്ഞിട്ടുള്ളതു്.
“കാഞ്ചീശകേരളനരാധിപ ചോളപാണ്ഡ്യ-
ശ്രീഹർഷവജ്രടവിഭേദ വിധാന ഭക്ഷം
കർണ്ണാടകം ബല മനന്ത മജേയമന്യൈർ
ഭൃതൈഃകിയദ്ഭിരപിയഃ സഹസാജിലായ”
ഇതിൽ പറഞ്ഞിരിക്കുന്ന വജ്രടൻ കന്യാകുബ്ജത്തിലെ വജ്രായുധനും ശ്രീഹർഷൻ കാമരൂപത്തിലെ (ആസാമിലെ) ശ്രീഹർഷനുമാണെന്നാണു് ഈ ലേഖകന്റെ അഭിപ്രായം. ഈ ശ്രീഹർഷനെ ഗൗഡോഡാദാദി കലിംഗ കോശലപതിയായി എ. ഡി. 759-ൽ ഉള്ള നേപ്പാളിലെ ജയദേവന്റെ ഒരു ലേഖനവും, ഗൌനഡരാജാവായ ഗോപാലന്റെ സമകാലീനനായി താരാനാഥനും നിർണ്ണയിച്ചിരിക്കുന്നതിനാൽ അദ്ദേഹം ദന്തിദുർഗന്റെ സമകാലീനനാണെന്നു വരുന്നു. യശോവർമന്റെ പുത്രനായ ആമരാജാവു് ഗോപാലന്റെയും ധർമ്മപാലന്റെയും കാലത്തു് നാടുവാണിരുന്നു എന്നു് ജൈനഗ്രന്ഥങ്ങളിൽ നിന്നനുമാനിക്കാവുന്നതിനാൽ ദന്തിദുർഗൻ തോൽപിച്ച വജ്രടനാണു് ആമരാജാവ്, അഥവാ വജ്രായുധൻ എന്നു പ്രത്യക്ഷമാകുന്നുണ്ടു്. ദന്തിദുർഗനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ ഒരു പിൻഗാമിയായ ഗോവിന്ദൻ മൂന്നാമനും ഉത്തരഭാരതത്തെ ആക്രമിച്ചു് കന്യാകുബ്ജത്തിലെ ചക്രായുധനെയും, മാലവത്തിലെ ഗുർജരപ്രതിഹാരനായ നാഗഭടൻ രണ്ടാമനേയും, ഗൗഡത്തിലെ ധർമ്മപാലനേയും തോൽപ്പിച്ചിരുന്നു. പ്രസ്തുത ആമരാജാവിന്റെ ശക്തിയിൽ അസൂയ ജനിച്ചതുകൊണ്ടായിരിക്കണം കാശ്മീരത്തിലെ മുക്താ പീഡലാളിതാദിത്യന്റെ ഒരു പിൻഗാമിയായ ജയാപീഡവിനയാദിത്യൻ ആമരാജാവിനെ തോൽപ്പിച്ചു് കന്യാകുബ്ജത്തിലെ സിംഹാസനം അപഹരിച്ചു് കാശ്മീരത്തേക്കു കൊണ്ടുപോയതു്. യശോവർമന്റെ മരണാനന്തരം ഭവഭൂതി ആമരാജാവിനേയും സേവിച്ചു് കന്യാകുബ്ജത്തിലും അതിന്റെ അധീനത്തിലിരുന്നിരുന്ന മഗധയിലും പാർത്തിരിക്കണം. ആമരാജാവിന്റെ മരണം 780-നു സമീപിച്ചാകയാൽ ആ കാലംവരെ ഭവഭൂതി ഉത്തരേന്ത്യയിൽ പാർത്തിരുന്നു എന്നുവരുന്നു.
ഭവഭൂതി മുകളിൽ ചൂണ്ടിക്കാണിച്ചതുപോലെതന്നെ 720-നു സമീപത്തു ജനിച്ചിരുന്നതിനാലും ശങ്കരാചാര്യർ 788-ൽ ജനിച്ചു് 840 വരെ ജീവിച്ചിരുന്നതായി ഇന്നു സാധാരണയായി വിചാരിച്ചു വരുന്നതിനാലും ഭവഭൂതിക്കു് ശങ്കരന്റെ ശിഷ്യനായിത്തീരുവാൻ സാധിക്കുന്നതല്ലെന്നു തോന്നിയേക്കാം. ഭവഭൂതി 85 വയസ്സുവരെ ജീവിച്ചിരുന്നു എന്നു വിചാരിച്ചാൽപ്പോലും അദ്ദേഹം മരിക്കുമ്പോൾ ശങ്കരനു പ്രസ്തുത കാലനിർണ്ണയമനുസരിച്ചു് 17 വയസ്സുമാത്രമേ ഉണ്ടായിരിക്കുകയുള്ളു. 17 വയസ്സായ ഒരു ബാലൻ മഗധയിൽ ചെന്നു് ഗുരുവംശകാവ്യം പ്രസ്താവിക്കുന്നതുപോലെ പണ്ഡിതകേസരിയായ വിശ്വരൂപത്തെ, അഥവാ ഭവഭൂതിയെ വാദത്തിൽ തോല്പിക്കുന്നതു സംഭാവ്യമല്ല. അതിനാൽ ഭവഭൂതിയെ മുകളിൽ ഉദ്ധരിച്ച അവിതർക്കിതങ്ങളായ തെളിവുകളനുസരിച്ചു് ശങ്കരന്റെ ശിഷ്യനാകണമെങ്കിൽ ഇപ്പോൾ ഊഹിക്കപ്പെട്ടുവരുന്ന ശങ്കരന്റെ ജനനവർഷത്തെ, അതായതു് 788-നെ കുറേക്കൂടി പുറകോട്ടു് കൊണ്ടുപോകേണ്ടിവരുന്നു. ഇങ്ങനെ ചെയ്യുന്നതിനു് മറ്റു കാരണങ്ങളുമുണ്ടു്.
“ദേഭീധ്യച്ഛുക്രദത്തോആട
നവഭടവാഗ്ബദ്ധബുദ്ധാധ്വമധ്വ-
സ്വാദപ്രോദസ്തവേദാഭൃതിരഥ
സജയാപീഡ സമ്രാഡപിദ്രാക്
യദ്വാഗുദ്ഭൂതബോധ ശ്രുതിമഥ
വപുഷഃ ശാരദായാഃ പുരസ്താൽ
പീഠേ സർവ്വജ്ഞയോഗ്യേ
നിദധദധിപദച്ഛായ മാർച്ചീദ്യമർച്യം”.
എന്ന ശ്ലോകത്തിൽ നിന്നു് ജയാപീഡ വിനയാദിത്യന്റെ സഭാപതിയായ ഉത്ഭടനെ കാശ്മീരത്തിലെ ശാരദാപീഠത്തിൽ വച്ചു് തോൽപ്പിച്ചു് ശങ്കരാചാര്യൻ സർവ്വജ്ഞപീഠം കയറി എന്നതു് പ്രത്യക്ഷമാണു്. എ. ഡി. 860-നു് സമീപിച്ചു് ജയാപീഠൻ മരിക്കുമ്പോൾ ഇന്നു സ്വീകരിച്ചിട്ടുള്ള ശങ്കരന്റെ ജനനതീയതിയനുസരിച്ചു് അദ്ദേഹത്തിനു് 18 വയസ്സുമാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഇതു് സംഭാവ്യമാണു്. ഇതും ശങ്കരന്റെ ജനനകാലം പിറകോട്ടു കൊണ്ടുപോകണമെന്നു് കാണിക്കുന്നു. എത്ര വർഷത്തേക്കു് പിറകോട്ടു കൊണ്ടുപോകണമെന്നതാണു് അടുത്തപ്രശ്നം. ശങ്കരന്റെ സമാധികാലം ഇപ്പോൾ സ്വീകരിച്ചിട്ടുള്ള 840-നു സമീപമാണെന്നുള്ളതു് നിശ്ചയമാണു്. ആചാര്യവാഗഭേദ്യ എന്ന കലിവാക്യം 830-നു് സമീപകാലത്തു് ശങ്കരൻ ജീവിച്ചിരുന്നു എന്നു കാണിക്കുന്നു. മാതൃഭുമി ആഴ്ചപ്പതിപ്പിൽ ചിറക്കൽ ടി. ബാലകൃഷ്ണൻ നായർ പ്രസിദ്ധപ്പെടുത്തിയിരുന്ന ഒരു ലേഖനത്തിൽ രവിവർമ വിരചിതമായ ഉദയവർമചരിതത്തിൽ എ. ഡി. 835-ൽ ശങ്കരാചാര്യർ കോലത്തുനാട്ടിൽ നിന്നു് തൃശൂർക്കു് പോയി എന്നു് പ്രസ്താവിച്ചിട്ടുള്ളതായി പറഞ്ഞിരുന്നു. അതിനാൽ 835-നു ശേഷവും അതിനടുപ്പിച്ചും അദ്ദേഹം തൃശൂരിൽ വച്ചു് സമാധിയടഞ്ഞിരുന്നു എന്നു് നമുക്കു വിചാരിക്കാം. ദേവിയെ സ്തുതിച്ചു് ശങ്കരൻ എഴുതിയിട്ടുള്ള:
“പരിത്യക്ത്വം ദേവാൻ വിവിധവിധി സേവാ കുല തയാ
മയാ പഞ്ചാഗീതേ രധിക മപനീതേ തുവയസി
ഇദാനീം ചേന്മാത. തവയദികൃപാ നാപിഭവതാ
നിരാലംബോ ലംബോദര ജനനികം യാമി ശരണം”
എന്ന ശ്ലോകത്തിൽ തനിക്കു് 85 വയസ്സായതായി അദ്ദേഹം പ്രസ്താവിക്കുന്നതിനാൽ ശങ്കരൻ കുറഞ്ഞപക്ഷം 85 വയസ്സുവരെ ജീവിച്ചിരുന്നു എന്നു് വിചാരിക്കണമെന്നു് മി. എ. വി. വെങ്കിടേശ്വരൻ ചൂണ്ടിക്കാണിച്ചിട്ടുള്ളതു് ഇവിടെ സ്മരണീയമാണു്. 32 വയസ്സിൽ മരിച്ചതായി ഐതിഹ്യം പ്രസ്താവിക്കുന്ന ശങ്കരാചാര്യർ ആദിശങ്കരാചാര്യരാണെന്നും, അഭിനവ ശങ്കരനല്ലെന്നും, ഇന്നത്തെ പണ്ഡിതന്മാർ വിചാരിച്ചു വരുന്നു എന്നും പറഞ്ഞുകൊള്ളട്ടെ. 840-ൽ 85 വയസ്സായതുകൊണ്ടു് ശങ്കരന്റെ ജനനം എ. ഡി. 755-നു സമീപിച്ചായിരിക്കണം. അപ്പോൾ കാശ്മീരത്തിൽ വച്ചു് സർവ്വജ്ഞപീഠം കയറിയപ്പോൾ ശങ്കരനു് 45 വയസ്സു് ഉണ്ടായിരുന്നിരിക്കാനിടയുണ്ടു്. എ. ഡി. 800-നു സമീപിച്ചു് കന്യാകുബ്ജത്തിലെ ഇന്ദ്രായുധനെ തോൽപ്പിച്ചു് ചക്രായുധനെ അവിടെ വാഴ്ത്തിയശേഷം ഗൗഡരാജാവും ബുദ്ധമതാനുസാരിയുമായ ധർമ്മപാലൻ മഗധയുടെ പ്രസിദ്ധ തലസ്ഥാനമായ പാടലീപുത്രത്തിൽവച്ചു് ചക്രവർത്തിയായി തന്റെ കിരീടധാരണം നടത്തിയെന്നു് നമുക്കറിയാം. ഈ രാജാഭിഷേകത്തെയാണു് പൂർണ്ണവർമന്റെ കിരീടധാരണമായി ശങ്കരാചാര്യർ ശാരീരികഭാഷ്യത്തിൽ പറഞ്ഞിട്ടുള്ളതെന്നു് ഈ ലേഖകൻ വിചാരിക്കുന്നു. പൂർണ്ണവർമൻ എന്നതു് ധർമ്മപാലന്റെ വ്യക്തിപരമായ പേരും, ധർമ്മപാലൻ എന്നതു് അദ്ദേഹത്തിന്റെ ബിരുദവുമായി വന്നേക്കാം. ഈ ഉത്സവത്തിൽ പങ്കുകൊണ്ടതിനുശേഷം ശങ്കരൻ കാശ്മീരത്തിലേക്കുപോയി സർവ്വജ്ഞപീഠം കയറിയിരിക്കാനിടയുണ്ടു്. അതിനാൽ ഈ അനുഭവം 800-നു് സമീപത്തു നടന്നിരിക്കാം.
വിശ്വരൂപനും ശങ്കരനും തമ്മിൽ മഗധയിൽ വച്ചു നടന്നതായി ഗുരുവംശകാവ്യം പ്രസ്താവിക്കുന്ന പ്രസിദ്ധമായ വാദപ്രതിവാദം 800-നു വളരെ മുമ്പു നടന്നിരിക്കണമെന്നു് വിചാരിക്കുവാൻ ലക്ഷ്യങ്ങളുണ്ടു്. മണ്ഡനമിശ്രനും ശങ്കരനും നടത്തിയ വാദപ്രതിവാദത്തിനിടയ്ക്കു് മണ്ഡനമിശ്രന്റെ ഭാര്യയും കുമാരിലഭട്ടന്റെ സഹോദരിയുമായ ശാരദ ശങ്കരനോടു് കാമകലയെക്കുറിച്ചു് കുറേ ചോദ്യങ്ങൾ ചോദിച്ചുവെന്നും, അതിനുത്തരം പറയാൻ ശങ്കരൻ മരിച്ച അമരുക രാജാവിന്റെ ശവശരീരത്തിൽ പ്രവേശിച്ചു് ആ രാജാവിന്റെ ഭാര്യമാരുമായി രമിച്ചു് അമരുകശതകം ശാരദയുടെ ചോദ്യങ്ങൾക്കുത്തരമായി രചിച്ചു എന്നും സുപ്രസിദ്ധമായ ഒരു ഐതിഹ്യമുണ്ടല്ലോ. അമരുകശതകം വ്യാഖ്യാതാവായ രാമചന്ദ്രൻ ഈ സംഭവത്തെ ശങ്കരൻ കാശ്മീരത്തു് ജ്ഞാനപീഠം കയറിയ കാലത്താണു് സ്ഥാപിക്കുന്നതു്. ഈ ഐതിഹ്യത്തിൽ ചില പരമാർത്ഥങ്ങൾ ഉണ്ടെന്നു് ഈ ലേഖകൻ വിചാരിക്കുന്നു. ഏറെക്കുറെ വിശ്വാസയോഗ്യമായ ഗുരുവംശകാവ്യം പ്രസ്താവിക്കുന്ന ശങ്കരനും, വിശ്വരൂപനും അഥവാ ഭവഭൂതിയുമായുള്ള വാദപ്രതിവാദമാണു് ഇതു് സൂചിപ്പിക്കുന്നതു്. ഇതു് മഗധയിൽ വച്ചാണു് നടന്നതും. ദുർവാസാവിനാൽ ശപിക്കപ്പെട്ട സരസ്വതീദേവി ഉഭയഭാരതി എന്ന നാമത്തിൻകീഴിൽ മനുഷ്യസ്ത്രീയായി പിറന്നു വിശ്വരൂപനോടു പ്രേമം പ്രാപിച്ചു എന്നു ഗുരുവംശകാവ്യം പറഞ്ഞിട്ടുള്ളതും,
“യം ബ്രഹ്മാണം ഇയം ദേവീ
വാഗ്വശ്യേവാനു വർത്തതേ.”
എന്നു് ഉത്തരരാമചരിതത്തിൽ ഭവഭൂതി പ്രസ്താവിച്ചിട്ടുള്ളതും ഭവഭൂതിയുടെ വിദുഷിയായ ഭാര്യയുടെ പേരു് സരസ്വതി എന്നോ ഭാരതി എന്നോ ആയിരുന്നുവെന്നു് സൂചിപ്പിക്കുന്നു. അമരുകരാജാവിനെപ്പറ്റിയുള്ള മുകളിൽ പ്രസ്താവിച്ച ഐതിഹ്യം, കന്യാകുബ്ജത്തിലെയും മഗധയിലേയും രാജാവായിരുന്ന ആമരാജാവിനെയും, ഈ രാജാവിന്റെ ആശ്രിതനായിരുന്ന അമരു എന്ന കവിയേയും കൂട്ടിക്കുഴച്ചതിന്റെ ഫലമാണെന്നാണു് ഈ ലേഖകന്റെ അഭിപ്രായം. അമരുകശതകത്തിന്റെ ഒരു വ്യാഖ്യാനത്തിൽ കവിയെ ‘വിശ്വവിഖ്യാതനാഡിം ധമ കുലതിലകോ വിശ്വകർമ്മാ ദ്വിതീയ’നെന്നു് വർണ്ണിച്ചിരിക്കുന്നതിനാൽ, അമരു തട്ടാൻജാതിയിൽപ്പെട്ട ഒരു കവിയാണെന്നു് അനുമാനിക്കാം. അമരുരാജാവിന്റെ മരണത്തെപ്പറ്റി പ്രസ്തുത ഐതിഹ്യം പറയുന്നതിനാൽ ആമരാജാവിന്റെ മരണകാലമായ 780-നു സമീപം ഇതു നിർമ്മിച്ചിരിക്കണം. ജയാപീഡന്റെ പണ്ഡിത സഭയിലെ ഒരു അംഗമായ വാമനന്റെ കാവ്യാലങ്കാര സൂതപ്രവൃത്തിയിൽ ഇതിനെ ഉദ്ധരിച്ചിട്ടുള്ളതും ഈ കാലത്തോടു യോജിക്കുന്നുണ്ടു്. ഇതിന്റെ രചനാകാലത്തിനടുത്തു് ഭവഭൂതിയും ശങ്കരനും തമ്മിലുള്ള വാദം നടന്നതുകൊണ്ടാണു് അതിനെ ശങ്കരനും വിശ്വരൂപനും, അതായതു് ഭവഭൂതിയുമായി ഐതിഹ്യം ഘടിപ്പിച്ചിട്ടുള്ളതെന്നു വിചാരിക്കാം.
ഇപ്രകാരം എ. ഡി. 770-നു സമീപിച്ചു് മഗധയിൽ വച്ചു് ശങ്കരാചാര്യർ തന്നെ വാദത്തിൽ തോല്പിച്ചതിനാൽ താൻ അതുവരെ സ്വീകരിച്ചിരുന്ന തന്റെ ഭാര്യാസഹോദരനും ഗുരുവുമായ കുമാരിലഭട്ടന്റെ മീമാംസമതം ഉപേക്ഷിച്ചു് ശങ്കരന്റെ വേദാന്തമതം സ്വീകരിച്ചു് അദ്ദേഹത്തിന്റെ ശിഷ്യനായിത്തീർന്നിരിക്കണം. ഇതോടുകൂടി സുരേശ്വരനെന്ന നാമത്തിൻ കീഴിൽ ഭവഭൂതി സന്ന്യസിക്കുകയും, ശങ്കരനൊന്നിച്ചു കുറേക്കാലം സഞ്ചരിച്ചതിനുശേഷം അദ്ദേഹത്തോടുകൂടി കേരളത്തിലേക്കു പോന്നു എന്നുളളതും സംഭാവ്യമാണു്. ഭവഭൂതിയുടെ യഥാർഥനാമം ശ്രീകണ്ഠനെന്നോ വിശ്വരൂപനെന്നോ ആയിരിക്കണം. ജ്ഞാനനിധിയെന്ന ബിരുദം വഹിച്ചിരുന്ന അദ്ദേഹത്തിന്റെ ഗുരു കുമാരിലഭട്ടനാണു്. ഉംബകനെന്നു ഭവഭൂതിക്കു പേരു ലഭിച്ചതു് അദ്ദേഹം ഒരു ഉദുംബര ബ്രാഹ്മണനായിരുന്നതു കൊണ്ടായിരിക്കാം. ഉദുംബരമെന്ന പദത്തെ പ്രാകൃതീകരിച്ചപ്പോൾ ഉംബേകമെന്നായിത്തീർന്നിരിക്കാം. രാഷ്ട്രകൂട രാജാക്കന്മാരായ ദന്തിദുർഗന്റെയും അദ്ദേഹത്തിന്റെ പിതൃസഹോദരനായ കൃഷ്ണൻ ഒന്നാമന്റെയും സമകാലീനനായ അകളങ്കൻ എന്ന പ്രസിദ്ധ ജൈനാചാര്യന്റെ സമകാലീനനായി കുമാരിലഭട്ടൻ ജീവിച്ചിരുന്നതിനാൽ എ. ഡി. 700-നും 760-നും മധ്യേയായിരിക്കും കുമാരിലഭട്ടന്റെ കാലം. കുമാരിലനെക്കാൾ കുറേയധികം പ്രായംകുറഞ്ഞ സഹോദരിയെയായിരിക്കാം ഭവഭൂതി കല്യാണം കഴിച്ചതു്. അഷ്ടസഹ്രസി എന്ന വ്യാഖ്യാനഗ്രന്ഥത്തിൽ അതിന്റെ കർത്താവും സുരേശ്വരന്റെ സമകാലീനനുമായ ജൈനഗ്രന്ഥകാരൻ വിദ്യാനന്ദൻ, കുമാരിലൻ (എ. ഡി 672-ൽ മരിച്ച) ധർമ്മകീർത്തിയുടെയും പ്രഭാകരന്റെയും അഭിപ്രായങ്ങളെ ഖണ്ഡിക്കുന്നു എന്നു പ്രസ്താവിച്ചിരിക്കുന്നതിനാൽ, പ്രഭാകരൻ കുമാരിലഭട്ടന്റെ സമകാലീനനോ, മുൻഗാമിയോ ആയിരുന്നിരിക്കണം. പ്രഭാകരനെ കുമാരിലന്റെ ശിഷ്യനാക്കുന്ന ഐതിഹ്യം നിമിത്തവും മറ്റുചില കാരണങ്ങളാൽ പ്രഭാകരൻ കുമാരിലന്റെ പ്രായംകുറഞ്ഞ സമകാലീനനാണെന്നാണു് ഈ ലേഖകന്റെ അഭിപ്രായം. പ്രസിദ്ധ മീമാംസാഗ്രന്ഥമായ ശബരഭാഷ്യത്തിനു പ്രഭാകരൻ നിർമ്മിച്ചിട്ടുള്ള ബൃഹതി എന്ന വ്യാഖ്യാനം, ശബരഭാഷ്യത്തിനു വാർത്തികൻ എന്ന പേരിൽ പ്രസിദ്ധനായിത്തിർന്ന വ്യാഖ്യാതാവെഴുതിയിട്ടുള്ള വ്യാഖ്യാനത്തെ ആസ്പദിച്ചാണു് രചിച്ചിടുള്ളതെന്നു് ഡോക്ടർ ഝാ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ശബരഭാഷ്യത്തിന്റെ കാലത്തെപ്പറ്റി ചില ഊഹങ്ങൾ മാത്രമേ ഇപ്പോഴുള്ളൂ.
അതു് ബി. സി. 57-ൽ ജീവിച്ചിരുന്ന പ്രസിദ്ധനായ വിക്രമാദിത്യന്റെ കാലത്തു രചിച്ചു എന്നു ചിലർ വിചാരിക്കുന്നു. ഇതു് ശരിയല്ലെന്നും അതു് രചിച്ചതു് എ. ഡി. ആറാം ശതാബ്ദത്തിന്റെ മധ്യത്തിലാണെന്നുമാണു് ഈ ലേഖകന്റെ അഭിപ്രായം. ഹർഷവർധനൻ എന്ന രാജാവിന്റെ ‘ലിംഗാനുശാസന’മെന്ന ഗ്രന്ഥത്തിനു് ഭട്ടഭരദ്വാജന്റെ പുത്രനായ പൃഥിവിശ്വരനും ഭട്ടദീപ്തസ്വാമിയുടെ പുത്രനായ ശബരിസ്വാമിയും ഓരോ വ്യാഖ്യാനങ്ങൾ വീതമെഴുതിയിട്ടുണ്ടു്. ഈ ഹർഷവർധനൻ നാഗാനന്ദകർത്താവായ ഹർഷ ചക്രവർത്തിയല്ലെന്നും അദ്ദേഹം ആറാം ശതാബ്ദത്തിൽ കാളിദാസന്റെ സമകാലീനനായി ജീവിച്ചിരുന്ന യശോവർമ വിക്രമാദിത്യഹർഷനാണെന്നും പ്രസ്തുത ഭട്ടഭരദ്വാജൻ പ്രസിദ്ധ ന്യായശാസ്ത്രജ്ഞനായ ഉദ്യോതകരനും ശബരിസ്വാമി ശബരഭാഷ്യകർത്താവുമാണെന്നും ഈ ലേഖകൻ വിചാരിക്കുന്നു. വിക്രമാദിത്യനേയും ശബരിസ്വാമിയേയും ഘടിപ്പിച്ചിരുന്ന ശ്ലോകം ഇതിനൊരു ലക്ഷ്യമാണു്. എ. ഡി. 600-നു സമീപിച്ചു് ജീവിച്ചിരുന്ന സുബന്ധുതന്റെ വാസവദത്തയിൽ ‘മീമാംസാദർഗനേനേവ തിരസ്കൃത ദിഗംബര ദർഗനേന രജസാ ജജ്യംഭേ’ എന്നിങ്ങനെ പലതവണയും മീമാംസകമതം ജൈനമതത്തെ ഓടിച്ചു എന്നു് പറഞ്ഞിരിക്കുന്നതു് പുതുതായി പുറപ്പെട്ട ശബരഭാഷ്യംകൊണ്ടു് ജൈനമതത്തിനു വന്നിട്ടുള്ള ഇടിവിനെ സൂചിപ്പിക്കുന്നു. ശബരഭാഷ്യം ഇങ്ങനെ എ. ഡി. ആറാം ശതാബ്ദത്തിൽ ജനിച്ചതിനാൽ, അതിനു് ആദ്യമായി വ്യാഖ്യാനമെഴുതിയ വാർത്തികകാരൻ ഏഴാം ശതാബ്ദത്തിലും, ഈ വാർത്തികകാരന്റെ വ്യാഖ്യാനത്തെ ആസ്പദിച്ചു് ബൃഹതി രചിച്ച പ്രഭാകരൻ എട്ടാം ശതാബ്ദത്തിലും ജീവിച്ചിരുന്നു എന്നു് വിചാരിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ ഐതിഹ്യം കുമാരിലമതപ്രചരണത്തെ ഹരിശ്ചന്ദ്രപ്പെരുമാളിനോടും പ്രഭാകരമതപ്രചരണത്തെ ഹരിശ്ചന്ദ്രപ്പെരുമാളുടെ പിൻഗാമിയുടെ പിൻഗാമിയായ കുലശേഖരപ്പെരുമാളോടും ഘടിപ്പിച്ചിരിക്കുന്നതും പ്രഭാകരൻ കുമാരിലഭട്ടനു മുമ്പു് ജീവിച്ചിരുന്നില്ലെന്നു് കാണിക്കുന്നു. ഈ രണ്ടു മീമാംസക ഗുരുക്കന്മാരുടേയും മതങ്ങൾ ഹരിശ്ചന്ദ്രപ്പെരുമാളും കുലശേഖരപ്പെരുമാളും പ്രചരിപ്പിക്കുവാൻ മഠങ്ങളും മറ്റും ഉണ്ടാക്കിയെന്നല്ലാതെ ഈ ഗുരുക്കന്മാർ അവരുടെ സമകാലീനരാണെന്നും, കേരളോൽപ്പത്തി എന്തു പറഞ്ഞിരുന്നാലും വിചാരിച്ചുപോകരുതു്. കുലശേഖരപ്പെരുമാൾ പ്രഭാകരഗുരുക്കളെ കേരളത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു എന്നു കേരളോൽപ്പത്തിയിൽ പറഞ്ഞിരിക്കുന്നതിന്റെ അർത്ഥം പ്രഭാകരപരമ്പരയിലുള്ള ഒരു ഗുരുവിനെ ഇവിടെ കൊണ്ടുവന്നു എന്നേയുള്ളു. കുലശേഖരപ്പെരുമാൾ എ. ഡി. 864-നു സമീപിച്ചു മരിച്ചു എന്നു് ഈ ലേഖകൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന ‘ആൾവാർമാരും തമിഴകത്തിലെ-പ്രാചീന വൈഷ്ണവ ക്ഷേത്രങ്ങളും’ എന്ന ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. അതിനാൽ അദ്ദേഹത്തിന്റെ മുൻഗാമിയുടെ മുൻഗാമിയായ ഹരിശ്ചന്ദ്രപ്പെരുമാൾ എ. ഡി. 800-നു് സമീപിച്ചു് ജീവിച്ചിരുന്നിരിക്കണം. എട്ടാം ശതാബ്ദത്തിന്റെ പൂർവ്വാർദ്ധത്തിൽ സ്ഥാപിച്ചിട്ടുള്ള പ്രസ്തുത മതങ്ങൾക്കു് പ്രസിദ്ധി നേടുവാൻ ഈ കാലാന്തരം ഒട്ടും അധികമായിപ്പോകുന്നതല്ല. എ. ഡി. 800-നു് സമീപിച്ചു് രാജശേഖരൻ എന്നൊരു ചേരരാജാവു് ജീവിച്ചിരുന്നതായി അദ്ദേഹത്തിന്റെ തലമന ഇല്ലം ചെപ്പേടിൽ നിന്നു് നമുക്കറിയാം. ഈ രാജശേഖരനായിരിക്കാം ഹരിശ്ചന്ദ്രപ്പെരുമാൾ. സദാശിവ ബ്രഹ്മേന്ദ്രന്റെ ജഗദ്ഗുരു രത്നമാലാസ്തവത്തിൽ അന്ധനായ യായാവരൻ രാജശേഖരൻ തന്റെ മൂന്നു നാടകങ്ങളെ ശങ്കരാചാര്യനിൽ നിന്നു് മൂന്നാമത്തെ തലമുറയിലുള്ള കാഞ്ചിയിലെ കാമകോടി മഠാധ്യക്ഷനു് സമർപ്പിച്ചു എന്നു് പറഞ്ഞിട്ടുണ്ടു്. ഈ നാടകങ്ങളുടെ പേർ അതിന്റെ സമകാലീന വ്യാഖ്യാതാവു് കൊടുത്തിട്ടുള്ളതിൽ നിന്നു് ഇതു് 9-ാം ശതാബ്ദത്തിൽ ജീവിച്ചിരുന്ന രാജശേഖരനാണെന്നു് പ്രത്യക്ഷമാണു്. എന്നാൽ രാജശേഖരകവിക്കു് അന്ധത്വമുള്ളതായി മറ്റു യാതൊരു ഐതിഹ്യവുമില്ല. തിറയാട്ടം, അഥവാ തെയ്യം തുള്ളൽ എന്ന തലക്കെട്ടിൽ ശ്രീമാൻ നെട്ടൂർ പി. ദാമോദരൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഈയിടെ എഴുതിയിരുന്ന ഒരു രസകരമായ ലേഖനത്തിൽ അദ്ദേഹം പുരളിമല മുത്തപ്പൻ എന്ന പേരിൽ ഒരു അന്ധനായ വടക്കൻ കോട്ടയം രാജാവിനെ വിവരിച്ചിരുന്നു. ഒരുപക്ഷേ, ഇദ്ദേഹമായിരിക്കാം ഹരിശ്ചന്ദ്രപ്പെരുമാൾ. ശങ്കരാചാര്യരുടെ സമകാലീനനും അന്ധനുമായ ഈ ഹരിശ്ചന്ദ്രപ്പെരുമാളേയും അഥവാ രാജശേഖരനേയും അദ്ദേഹത്തിനു് ഒരു ശതവർഷത്തിനുശേഷം ജീവിച്ചിരുന്ന കർപ്പൂരമഞ്ജരി മുതലായ കൃതികളുടെ കർത്താവായ അന്ധനല്ലാത്ത രാജശേഖരകവിയേയും പ്രസ്തുത സ്തവത്തിന്റെ കർത്താവു് കൂട്ടിക്കുഴച്ചതു കൊണ്ടായിരിക്കാം രാജശേഖരകവി അന്ധനെന്നു് അദ്ദേഹം പറഞ്ഞിരിക്കുന്നതു്.
ഒരു കേരളീയനായ ഗോവിന്ദനാഥയതി എഴുതിയിട്ടുള്ള ശങ്കരാചാര്യചരിതത്തിൽ ശങ്കരന്റെ പ്രധാന ശിഷ്യന്മാരിൽ മൂന്നുപേർ കേരളീയരാണെന്നും, ഇവരിൽ പത്മപാദൻ, വിഷ്ണുശർമൻ എന്നു പേരുള്ള ആലത്തൂർ ഗ്രാമത്തിലെ ഒരു നമ്പൂതിരിയാണെന്നും പറഞ്ഞിരിക്കുന്നു. ശങ്കരന്റെ നാലു പ്രധാന ശിഷ്യന്മാർ സുരേശ്വരനും പത്മപാദനും തോടകനും ഹസ്താമലകനുമാണു്. സുരേശ്വരൻ ഭവഭൂതിയായാൽ ശേഷിച്ച മൂന്നുപേരുമാണു് കേരളീയർ. പത്മപാദനാണു് മണ്ഡനമിശ്രൻ എന്നു് ഈ ലേഖകൻ വിചാരിക്കുന്നു. സുരേശ്വരനും പത്മപാദനും ശങ്കരനെക്കാൾ മൂപ്പുകുടിയ ശിഷ്യന്മാരാണു്. തൃശൂരിലെ നടുവിലെ മഠം സ്ഥാപിച്ചതു് സുരേശ്വരനും, തെക്കെ മഠം സ്ഥാപിച്ചതു് പത്മപാദനുമാണെന്നുള്ള കേരളീയ ഐതിഹ്യത്തെ അവിശ്വസിക്കുവാൻ ഒരു കാരണവും കാണുന്നില്ല. സാധാരണയായി പറഞ്ഞുവരുന്നതു് ശങ്കരൻ സുരേശ്വരനെ മൈസൂരിലുള്ള ശൃംഗേരി മഠത്തിന്റേയും, പത്മപാദനെ ഗുജറാത്തിലുള്ള ദ്വാരകാമഠത്തിന്റേയും, തോടകനെ ഹിമാലയത്തിലുള്ള ബദരി മഠത്തിന്റേയും, ഹസ്താമലകനെ ഒറീസ്സയിലുള്ള ജഗന്നാഥ (പുരി) മഠത്തിന്റേയും മഠാധിപതികളായി നിയമിച്ചു എന്നാകുന്നു. ശൃംഗേരിമഠം. എ. ഡി. 6-ാം ശതാബ്ദം മുതൽക്കു് 14-ാം ശതാബ്ദം വരെ പൂട്ടിയിട്ടിരുന്നു എന്നു് വിചാരിക്കുവാൻ കാരണമുള്ളതിനാൽ, സുരേശ്വരൻ തൃശൂരിലെ നടുവിലെ മഠത്തിലേയും പത്മപാദൻ അവിടുത്തെ തെക്കെ മഠത്തിലേയും മഠാധിപതികളായിട്ടാണു് പ്രായോഗികജീവിതം നയിച്ചിരുന്നതെന്നു് നമുക്കു് വിശ്വസിക്കാം. ഇങ്ങനെ പണ്ഡിതാഗ്രേസരനും മഹാകവിയുമായ സുരേശ്വരൻ അഥവാ ഭവഭൂതി കുറേക്കാലം തൃശുരിലെ നടുവിലെ മഠത്തിന്റെ അധിപനായിരുന്നശേഷം, ശങ്കരന്റെ ജീവിതകാലത്തുതന്നെ, അതായതു് എ. ഡി. 800-നു കുറേവർഷങ്ങൾക്കുമുമ്പു് മരണമടഞ്ഞിരിക്കണം.
തൃശൂരിനു് മാത്രമല്ല, തിരുവനന്തപുരത്തിനുകൂടി ഭവഭൂതിയോടു് ഒരു ബന്ധമുണ്ടു്. ഈ ബന്ധം തൃശൂരിന്റേതുപോലെ അത്ര അടുത്തായിരുന്നില്ലെന്നേയുള്ളു. സുരേശ്വരൻ അഥവാ ഭവഭൂതിയുടെ മരണാനന്തരം നടുവിലെ മഠത്തിന്റെ മഠാധിപതിയായതു് ലീലാശുകൻ എന്ന അപരനാമമുള്ള കേരളത്തിലെ ഒന്നാമത്തെ വില്വമംഗലം സ്വാമിയാരായിരുന്നുവെന്നു് ഈ ലേഖകൻ വിചാരിക്കുന്നു. ഈ ഒന്നാമത്തെ വില്വമംഗലം സ്വാമിയാരാണു് ലീലാശുകൻ എന്നു് മി. ഗോവിന്ദയ്യർ പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായത്തോടു് ഈ ലേഖകൻ പൂർണ്ണമായി യോജിക്കുന്നു. പത്മപാദനാണു് ഗുരുവെന്നു് ഒന്നാമത്തെ വില്വമംഗലം സ്വാമിയാർ അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങളിലൊന്നിൽ പ്രസ്താവിച്ചിട്ടുള്ളതായി മി. വാര്യർ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. എന്നാൽ തന്റെ ശിക്ഷാഗുരു പത്മപാദരാണെങ്കിലും തന്റെ പരമ്പരാഗുരു സുരേശ്വരനാണെന്നുംകൂടി ലീലാശുകൻ തന്റെ സുപ്രധാനകൃതിയായ ശ്രീകൃഷ്ണകർണാമൃതത്തിലെ ചുവടെ ചേർത്തിരിക്കുന്ന ശ്ലോകാർധത്തിൽ പ്രസ്താവിച്ചിരിക്കുന്നു എന്നു് ഈ ലേഖകൻ വിചാരിക്കുന്നു.
‘ചിന്താമണിർജയന്തി സേമഗിരിർ ഗുരുർമേ
ശിക്ഷാഗുരുശ്ച ഭഗവാൻ ശിവി പിഞ്ചാമൗലി’
സുരേശ്വരൻ ശൃംഗേരി മഠത്തെ ഭരിച്ചിരുന്നില്ലെങ്കിലും ആ മഠാധിപതിയുടെ സ്ഥാനം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നു് മുകളിൽ പ്രസ്താവിച്ചിട്ടുളള ഐതിഹ്യങ്ങളിൽ നിന്നു് വിചാരിക്കാവുന്നതാണു്. ശൃംഗേരി മഠത്തിലെ സ്വാമിയാരുടെ ബിരുദങ്ങൾ സരസ്വതി, പുരി, ഭാരതി, ആരണ്യൻ, തീർഥൻ, ആശ്രമൻ എന്നും ബദരിമഠത്തിലെ സ്വാമിയാരുടെ ബിരുദങ്ങൾ ഗിരി, പർവ്വതൻ, സാഗരൻ എന്നും ദ്വാരകാമാഠത്തിലെ സ്വാമിയാരുടെ ബിരുദങ്ങൾ തീർഥൻ, ആശ്രമൻ എന്നും, പുരിമഠത്തിലെ സ്വാമിയാരുടെ ബിരുദങ്ങൾ അരണ്യൻ, വനൻ എന്നുമാണു്. പ്രസ്തുത ശ്ലോകത്തിലെ ഒന്നാമത്തെ വരിയിൽ പറഞ്ഞിട്ടുള്ള സോമഗിരി അതിനാൽ ഗിരിസ്ഥാനമുള്ള നടുവിലെ മഠത്തിലെ വില്വമംഗലം സ്വാമിയാരുടെ മുൻഗാമിയായ സുരേശ്വരനാണെന്നു് വിചാരിക്കാവുന്നതാണു്. പത്മനാഭൻ, അഥവാ മണ്ഡനമിശ്രൻ എന്ന ശങ്കരശിഷ്യന്റെ യഥാർഥനാമം വിഷ്ണുശർമ്മൻ എന്നാണെന്നു് മുകളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. രണ്ടാമത്തെ വരി ശ്രീകൃഷ്ണനെന്ന അർഥത്തിൽ വിഷ്ണുശർമ്മനേയും സൂചിപ്പിക്കുന്നു. തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്നും പുഷ്പാഞ്ജലി ചെയ്യുന്ന സ്വാമിയാർമാർ നടുവിലെ മഠത്തിലെ സ്വാമിയാരാകയാൽ, ആദ്യത്തെ വില്വമംഗലം സ്വാമിയാരായ ലീലാശുകൻ ശ്രീപത്മനാഭസ്വാമിക്ഷേത്രം പ്രതിഷ്ഠിച്ചപ്പോൾ അതിൽ ആദ്യമായി പുഷ്പാഞ്ജലി ചെയ്തു എന്നും തന്മൂലമാണു് മറ്റു സ്വാമിയാർമാർക്കു് ഈ അവകാശം സിദ്ധിച്ചതെന്നും വിചാരിക്കാവുന്നതാണു്. ഇങ്ങനെ ഭവഭൂതിയുടെ ശിഷ്യനാണു് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ ആദ്യം പുഷ്പാഞ്ജലി ചെയ്തതെന്നു് തിരുവനന്തപുരത്തുകാർക്കു് അഭിമാനിക്കാം. തുഞ്ച-കുഞ്ചാദികളുടെ സ്മാരകങ്ങൾ അവർ പാർത്തിരുന്ന പറമ്പുകളിൽ കെട്ടുവാൻ ഉദ്യമിക്കുന്ന കേരളീയരായ ഭാഷാഭിമാനികളുടെ ദൃഷ്ടിയിൽ ഭാരതത്തിലെ പണ്ഡിതന്മാരുടെയും കവികളുടെയും മുന്നണിയിൽ നിൽക്കുന്ന ഭവഭൂതിയുടെ സ്മാരകം തൃശൂരിലെ നടുവിലെ മഠത്തിൽ കെട്ടേണ്ടതിന്റെ ആവശ്യകത ഈ ലേഖകൻ കൊണ്ടുവന്നു കൊള്ളുന്നു.
(1937 മെയ് 3.)