images/statue.jpg
Statue of Changampuzha, a photograph by Anee Jose .
ചങ്ങമ്പുഴയുടെ തത്ത്വശാസ്ത്രം
കേസരി ബാലകൃഷ്ണപിള്ള

ജീവിതത്തിൽ കാണുന്ന ധാർമ്മികവും ഭൗതികവുമായ തിന്മയെ പരിഹരിക്കുവാനുള്ള ഉദ്യമത്തിൽനിന്നു പൗരസ്ത്യതത്ത്വശാസ്ത്രവും മനുഷ്യന്റെ ജിജ്ഞാസയിലും അത്ഭുതത്തിലും നിന്നു പാശ്ചാത്യതത്ത്വശാസ്ത്രവും ഉദ്ഭവിച്ചു എന്നു സാധാരണയായി ഇന്നു പറഞ്ഞുവരുന്നു. രണ്ടിന്റെയും ഉദ്ഭവം ഒന്നുപോലെ തിന്മയകറ്റുവാനുള്ള ഉദ്യമത്തിൽ നിന്നാണെന്നു് പറയുന്നതാണു് ചരിത്രപരമായ പരമാർത്ഥം. ചരിത്രാതീതകാലത്തെ പശ്ചിമ എഷ്യയിൽനിന്നു് അന്നത്തെ അസംസ്കൃതവും അതിപ്രാചീനവുമായ പൗരസ്ത്യതത്ത്വശാസ്ത്രം വഹിച്ചുകൊണ്ടു് പടിഞ്ഞാറൻ ദിക്കുകളിൽപ്പോയി കുടിയേറിപ്പാർത്തവരാണു് ഇന്നത്തെ യൂറോപ്യന്മാരുടെ പൂർവ്വികർ. കേവലം ജിജ്ഞാസയാണു് തത്ത്വശാസ്ത്രത്തിന്റെ ജനനി എന്നതു വാസ്തവമാണെങ്കിൽ, സയൻസിന്റെ മൗലികസിദ്ധാന്തങ്ങൾക്കുതുല്യം സനാതനമായ ഒരു തത്ത്വശാസ്ത്രമുണ്ടെന്നുള്ള ലിബ് നിറ്റ്സിന്റെ അഭിപ്രായം ശരിയായിരുന്നേനെ. എന്നാൽ, ആദികാലം മുതൽക്കു് ഇന്നുവരെ വിഭിന്നതത്ത്വശാസ്ത്രങ്ങൾ ഉണ്ടായിരുന്നു. ഇതും പ്രസ്തുത അഭിപ്രായം ശരിയല്ലെന്നു സ്ഥാപിക്കുന്നുണ്ടു്.

തിന്മയകറ്റുവാനുള്ള പ്രസ്തുത ഉദ്യമത്തിന്റെ ഫലങ്ങളിലൊന്നാണു് ജിജ്ഞാസ. ജിജ്ഞാസ അനന്തരം മതം, സയൻസ് എന്നിവയെ ജനിപ്പിച്ചു. ആദിയിൽ മതവും കലയും സയാമീസ് യുഗ്മങ്ങളെപ്പോലെ കലർന്നാണിരുന്നതു്. മതത്തിന്റേയും സയൻസിന്റെയും തള്ളയായ ജിജ്ഞാസയുടെ സോദരിയാണു് കല. മതവും കലയും തമ്മിൽ നടന്ന വേഴ്ച നിമിത്തം സ്വർഗ്ഗമെന്ന ആശയവും പ്രസാദാത്മകത്വവും, പ്രാചീന സയൻസും കലയും തമ്മിലുണ്ടായ വേഴ്ച നിമിത്തം നരകമെന്ന ആശയവും, വിഷാദാത്മകത്വവും പില്ക്കാലത്തു് ജന്മമെടുക്കുകയുണ്ടായി. സ്വർഗ്ഗമെന്നതു കേവലം ഒരു ടെമ്പറമെന്റ് (അനുഭവജന്യമായ വീക്ഷണകോടി) മാത്രമാണെന്നു് ചില ചിന്തകർ ചൂണ്ടിക്കാണിച്ചിട്ടുള്ളതു് ഇവിടെ സ്മരണീയമാണു്. നരകത്തിന്റെ കഥയും ഇതുതന്നെ. മനുഷ്യന്റെ മനസ്സിൽ ഒരു മൗലികമായ പരിവർത്തനം വരുത്തുന്നതാണു് സ്വർഗ്ഗവും നരകവും എന്നാണു് ഇതിന്റെ അർത്ഥം. ആധുനിക സയൻസിനാകട്ടെ കലയുമായുള്ള വേഴ്ചയിൽ വിഷാദാത്മകത്വവും പ്രസാദാത്മകത്വവും കലർന്ന, അഥവാ സ്വർഗ്ഗവും നരകവും കലർന്ന, മനഃസ്ഥിതിയുള്ള കലാകാരന്മാരെ ജനിപ്പിക്കുവാൻ സാധിക്കുകയും ചെയ്തു.

ജീവിതാനുഭവങ്ങൾ നല്കിയ ‘വിജ്ഞാനം’ (നോളഡ്ജ്) കലാകാരിൽ ജനിപ്പിക്കുന്ന ‘ജ്ഞാനം’ (ഇല്ലുമേഷൻ) വൈരാഗ്യത്തിൽ (സെൽഫ് റിനൺസിയേഷൻ) കലാശിച്ചാൽ അവർ റൊമാന്റിക്ക് ഹ്യൂമനിസ്റ്റ് പ്രസ്ഥാനക്കാരായോ, ശുദ്ധപുരോഗമന (വീര) പുരോഗമന സാഹിത്യപ്രസ്ഥാനക്കാരായോ ഭവിക്കുന്നതാണു്. ഈ ജ്ഞാനം വൈരാഗ്യത്തിൽ കലാശിച്ചില്ലെങ്കിൽ അവർ പരാജയപ്രസ്ഥാനക്കാർ (റിയലിസ്റ്റ്സ്) ആയിത്തീരും, ജീവിതാനുഭവങ്ങളിൽ നിന്നു് ഈ ജ്ഞാനമോ, വൈരാഗ്യമോ നേടാത്തവരാണു് മാറ്റൊലിക്കവികൾ, ഇന്നത്തെ പാശ്ചാത്യമനഃശാസ്ത്രത്തിന്റെ സാങ്കേതിക പദങ്ങൾ പ്രയോഗിച്ചു കുറെയൊക്കെ ശരിയായി ഈ മൂന്നുതരം സാഹിത്യകാരന്മാരെ ഇങ്ങനെ വിവരിക്കാം: വീരപുരോഗമനസാഹിത്യകാരുടെ തത്ത്വശാസ്ത്രം ലെനിന്റെ ‘മെറ്റീരിയലിസ്റ്റിക്ക് ആബ്സൊലൂട്ടിസം’ (ഒരുതരം ‘നാച്ചുറൽ റിയലിസം’); റൊമാന്റിക്ക് ഹ്യൂമനിസ്റ്റുകളുടേതു് ജാസ്പറുടെ ‘എക്സിസ്റ്റൻസ്’ ഫിലോസഫിയുടെ ഒരു വകഭേദം; പരാജയപ്രസ്ഥാനക്കാരുടേതു് ‘നാച്ചുറൽ റിയലിസ’വും ഹുസ്സെറലിന്റെ ‘ഫിനോമിനോളജി’യും കൂടിക്കലർന്ന ഒന്നും. മഹാകവി ചങ്ങമ്പുഴ ജ്ഞാനമാർഗ്ഗത്തിൽക്കൂടി ചരിച്ചിരുന്ന സന്ദർഭങ്ങൾ അധികവും വൈരാഗ്യത്തിലൂടെ ചരിച്ചവ കുറഞ്ഞുമിരുന്നിരുന്നു.

ചങ്ങമ്പുഴയ്ക്കു് തന്റെ വിജ്ഞാനത്തിൽ നിന്നു ലഭിച്ച ജ്ഞാനം, അഥവാ തത്ത്വശാസ്ത്രസിദ്ധാന്തം എന്താണു്? ഇതിന്റെ വിശദീകരണത്തിനുവേണ്ടി വ്യക്തിപരമായി ചങ്ങമ്പുഴയുമായുള്ള എന്റെ ബന്ധത്തെപ്പറ്റി രണ്ടു വാക്കു് ആദ്യമായി പറഞ്ഞുകൊള്ളട്ടെ. രണ്ടുതവണ മാത്രമേ ഞാൻ ചങ്ങമ്പുഴയെ കണ്ടിട്ടുള്ളു. ഒരിക്കൽ ഒരു പതിന്നാലു കൊല്ലത്തിനുമുമ്പു് തിരുവനന്തപുരത്തെ എന്റെ ‘കേസരി’ ഓഫീസിൽ വച്ചു് തനിച്ചും, മറ്റൊരിക്കൽ ഒരു രണ്ടു കൊല്ലത്തിനുമുമ്പു് പറവൂരിൽ ഞാൻ താമസിക്കുന്ന വീട്ടിൽ വച്ചു് ശ്രീ. കോവൂരിനോടു് ഒന്നിച്ചും. ശ്രീ. കോവൂർ യാത്ര പറഞ്ഞു മുറ്റത്തിറങ്ങിയതിനുശേഷം, ചങ്ങമ്പുഴയും ഞാനും തമ്മിൽ പിരിയാൻ പോകുന്ന നിമിഷത്തിൽ “നിങ്ങളിൽ നിന്നു ഭാഷയ്ക്കു് ഇനിയും അധികം സംഭാവനകൾ വേണ്ടിയിരിക്കുന്നു എന്നു് ഓർക്കണേ” എന്നു ഞാൻ പറയുകയുണ്ടായി. ഇതിനു് ഉദ്ദേശം ഒരു വർഷത്തിനുമുമ്പാണു് അദ്ദേഹത്തിന്റെ കത്തനുസരിച്ചു് ‘സ്പന്ദിക്കുന്ന അസ്ഥിമാട’ത്തിനു് ഒരു മുഖവുര ഞാൻ എഴുതിക്കൊടുത്തതു്. ഞങ്ങളുടെ ഒടുവിലത്തെ കൂടിക്കാഴ്ചയ്ക്കുശേഷം കുറേനാൾ കഴിഞ്ഞു് താൻ ഇവിടെ വന്നതിന്റെ ഫലമായി ‘യവനിക’ എന്ന ലഘുകാവ്യം പൂർത്തിയാക്കിയെന്നും, സ്വതന്ത്രമായി ഒരു എക്സ്പ്രഷണിസ്റ്റ് നോവൽ എഴുതാൻ തുടങ്ങിയെന്നും, പക്ഷേ, അതു നീങ്ങുന്നില്ലെന്നും കത്തു മുഖേന അദ്ദേഹം എന്നെ അറിയിച്ചു. കത്തിൽ പ്രസ്താവിച്ചിരുന്ന കാവ്യമായ ‘യവനിക’ പുറത്തുവന്നപ്പോൾ ഒടുവിൽ ഞങ്ങൾ തമ്മിൽ കണ്ടപ്പോൾ ഞാൻ പിരിയുന്നേരം ചെയ്ത അപേക്ഷയ്ക്കുള്ള മറുപടിയും കൂടി അദ്ദേഹത്തിന്റെ സകല പരാജയകാവ്യങ്ങളെപ്പോലെ ആത്മചരിത്ര ഏടുകളായ ആ സിംബോളിക്ക് കാവ്യത്തിൽ ഞാൻ കാണുകയും ചെയ്തു.

ഒരു മാറ്റൊലിക്കവിയുടെ പാണ്ഡിത്യവും വാഗ്മിത്വവുംകൊണ്ടു വഞ്ചിതനായി ഒരു രാജാവു്—അദ്ദേഹം ഒരു യഥാർത്ഥകവിയായ നായകൻ ശേഖരനെ തോല്പിച്ചു എന്നു് രാജസദസ്സിൽവച്ചു വിധിക്കുകയും, തന്റെ കണ്ഠത്തിൽ കിടന്നിരുന്ന വജ്രമാല ആ പണ്ഡിതനു സമ്മാനിക്കുകയും ചെയ്തു. ഇതു കണ്ടു നിരാശക്കുണ്ടിൽ വീണു് ശേഖരൻ വിഷം കുടിച്ചുകൊണ്ടു മരിക്കാൻ സന്നദ്ധനായിക്കിടന്നു. രാജസദസ്സിലെ ഗാനങ്ങളും വാദങ്ങളും യവനികയുടെ പിന്നിലിരുന്നു കേട്ടുകൊണ്ടിരുന്ന രാജപുത്രി അജിതകുമാരി അന്നു രാത്രി ശേഖരൻ കിടന്നിരുന്ന കുടിലിൽച്ചെന്നു് ശേഖരനാണു് യഥാർത്ഥ കവിയെന്നും, അച്ഛന്റെ വിധി തെറ്റാണെന്നും പറഞ്ഞുകൊണ്ടു് ആസന്നമരണനായ ആ യുവാവിന്റെ മുടിയിൽ തന്റെ കഴുത്തിൽ കിടന്നിരുന്ന പൂമാലയെടുത്തു ചൂടി. അപ്പോൾ,

“ശിജ്ജിതങ്ങൾ—കവിയുടെ കണ്ഠ-
മൊന്നു ചാഞ്ഞു… മിഴികൾ മറിഞ്ഞു.
‘വൈകി, ദേവീ…’ മുഖത്തുടനേതോ
വൈകൃതം വന്നു… വൈഖരി നിന്നു.
ഉത്തരക്ഷണമക്കവിവര്യൻ
മെത്തയിന്മേൽ മരവിച്ചുവീണു.
കെട്ടു ദീപം! നിഴൽച്ചുരുൾക്കൂന്തൽ
കെട്ടഴിഞ്ഞു നിലാവു കരഞ്ഞു!”

ഈ വരികളിലെ ‘വൈകി’ എന്ന ഒറ്റപ്പദത്തിൽ എനിക്കുള്ള മറുപടി ഞാൻ കണ്ടു. അഭ്യസ്തവിദ്യരായ സഹൃദയലോകത്തിന്റെ ഭൂരിഭാഗവും തന്റെ കാവ്യങ്ങളെ പ്രശംസിക്കാതെയിരിക്കുന്നതു കണ്ടു് നൈരാശ്യപ്പെട്ടു് താൻ മരണത്തിലേക്കു നയിക്കുന്ന ഉഗ്രമായ ഒഴുക്കിൽ മനഃപൂർവ്വം എടുത്തുചാടിക്കളഞ്ഞതു നിമിത്തം അഭ്യസ്തവിദ്യ സഹൃദയലോകത്തിലെ അല്പപക്ഷത്തിന്റെ പ്രതിനിധിയെന്ന നിലയിൽ ഞാൻ ചെയ്ത പ്രശംസയും അപേക്ഷയും വൈകിപ്പോയി എന്നാണു് ഇതിലെ ധ്വനി. എന്റെ ഈ അനുമാനത്തിനു് രണ്ടു കാരണങ്ങളുണ്ടു്. എന്നെ സന്ദർശിച്ചതിന്റെ ഫലമായിട്ടാണു് ‘യവനിക’ പൂർത്തിയാക്കുവാൻ സാധിച്ചതെന്നുള്ള പ്രസ്തുത കത്തിലെ പ്രസ്താവനയാണു് ഇവയിലൊന്നു്. പ്രൈവറ്റ് ജീവിതത്തിൽ തലയിടുന്നതുകൊണ്ടു് എന്നെ അത്യന്തം വേദനിപ്പിച്ചിരുന്നതും, പ്രഥമദൃഷ്ടിയിൽ അദ്ദേഹത്തെയും ഇതുപോലെ നൊമ്പരപ്പെടുത്തിയിരുന്നേക്കാവുന്നതുമായ ഒരു നിർദ്ദയശസ്ത്രക്രിയയും കൂടി ‘സ്പന്ദിക്കുന്ന അസ്ഥിമാടം’ മുഖവുരയിൽ ഞാൻ നടത്തിയിരുന്നു. ഒരു യഥാർത്ഥകവി എങ്ങനെ മാറിമാറിവരുന്ന ജീവിതാനുഭവങ്ങളെ ആവിയാക്കി (എതീറിയലൈസ്) അവയ്ക്കു് ഏകരൂപം കൊടുത്തു് അവയിൽനിന്നു് ഒരു ദർശനകോടി അഥവാ തത്ത്വശാസ്ത്രം നേടുന്നു എന്നു പ്രത്യക്ഷപ്പെടുത്തി അദ്ദേഹം കാമിച്ചിരുന്ന പ്രസ്തുത സഹൃദയഭൂരിപക്ഷത്തിന്റെ പ്രശംസകൂടി നേടിക്കൊടുത്തു് ആസന്നമാണെന്നു ഞാൻ അന്നേ കണ്ടിരുന്ന വിപത്തിൽനിന്നു് അദ്ദേഹത്തെ രക്ഷിക്കുവാനുദ്ദേശിച്ചു മാത്രമാണു് ഈ ശസ്ത്രക്രിയ നടത്തിയിരുന്നതു്. “സൃഷ്ടിക്കുന്നതായാൽ മരണത്തെ ജയിക്കാം” എന്നുള്ള റൊമാങ് റൊളാങ്ങിന്റെ വാക്കുകൾ ഉദ്ധരിച്ചു് ജീവിച്ചിരിക്കുവാൻ അദ്ദേഹത്തോടു് അഭ്യർത്ഥിച്ചുംകൊണ്ടു് ഞാൻ ആ മുഖവുര അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയുള്ള ആ മുഖവുരയെപ്പറ്റി അദ്ദേഹം ആ കത്തിൽത്തന്നെ നല്ല അഭിപ്രായം പുറപ്പെടുവിച്ചിരുന്നതാണു് പ്രസ്തുത അനുമാനത്തിനു് എനിക്കു പറയുവാനുള്ള ശേഷിച്ച കാരണം.

ഞങ്ങൾ തമ്മിലുള്ള ഈ ബന്ധത്തിന്റെ കഥ ഇവിടെ എടുത്തു വിളമ്പിയതു് ഔദ്ധത്യം നിമിത്തമോ, ആത്മപ്രശംസയ്ക്കു വേണ്ടിയോ, ഏതെങ്കിലും ഒരു വ്യക്തിയേയോ സ്ഥാപനത്തെയാ പഴിക്കണമെന്നുദ്ദേശിച്ചോ അല്ല. ചങ്ങമ്പുഴയ്ക്കു് അനുഭവജന്യമായ ഒരു തത്ത്വശാസ്ത്രമുണ്ടെന്നും, ഇതിൽ അദ്ദേഹം ഗാഢമായി വിശ്വസിച്ചിരുന്നുവെന്നും, അദ്ദേഹത്തിന്റെ തേങ്ങിക്കരച്ചിലുകൾ പല കവികളിലും കാണാറുള്ള കേവലം നാട്യമല്ലെന്നും സ്ഥാപിക്കുവാനാണു് ഞാൻ ഇങ്ങനെ ചെയ്തതു്. എന്താണു് ഈ തത്ത്വശാസ്ത്രം? ഓരോരുത്തനും അവന്റെ കഴിവനുസരിച്ചു് വികസിക്കുവാൻ ഇന്നത്തെ സമുദായം അനുവദിക്കുന്നില്ല എന്നതാണു് ഈ തത്ത്വശാസ്ത്രം. ഇതിനെപ്പറ്റിയുള്ള വിലാപങ്ങളും ആക്ഷേപങ്ങളുമാണു് അദ്ദേഹത്തിന്റെ കവിതകളിൽ ഭൂരിഭാഗത്തിലും അടങ്ങിയിട്ടുള്ളതു്. സാർവ്വത്രികമായ സ്നേഹവും സഹിഷ്ണുതയും ഇതു പരിഹരിക്കുവാനുള്ള ഒരു മാർഗ്ഗമാണെന്നു് അദ്ദേഹം വിശ്വസിച്ചിരുന്നു. സ്ത്രീയെ സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും സിംബളാക്കി അദ്ദേഹം രചിച്ചിട്ടുള്ള ഉത്തമകവിതകളിൽ പലതും സിംബോളിസ്റ്റ് സാങ്കേതിക മാർഗ്ഗത്തെപ്പറ്റി ഒരു ഗന്ധവുമില്ലാത്ത പലരും പച്ചശൃംഗാരകാവ്യങ്ങളായി പരിഗണിച്ചു് അദ്ദേഹത്തെ പഴിക്കുകയും ചെയ്തു.

പ്രസ്തുത വികാസത്തിനു് ചങ്ങമ്പുഴ കണ്ട തടസ്സങ്ങളെ രണ്ടുതരമായി വിഭജിക്കാം. ഒന്നു് സാമ്പത്തികവും മറ്റേതു് മാനസികവുമാണു്. ചങ്ങമ്പുഴയ്ക്കക്കുണ്ടായിരുന്ന സാമ്പത്തികതടസ്സങ്ങളെക്കുറിച്ചു് എല്ലാവർക്കും അറിവുള്ളതിനാൽ, അവയെ ഇവിടെ വിവരിക്കേണ്ട ആവശ്യമില്ല. ആദിയിൽ ഈ സാമ്പത്തികതടസ്സങ്ങൾ ചങ്ങമ്പുഴയ്ക്കു് നേരിടേണ്ടിവന്നിരുന്നുവെങ്കിലും അചിരേണ അഭ്യസ്തവിദ്യരല്ലാത്ത ജനസാമാന്യം അദ്ദേഹത്തിന്റെ അനന്യസദൃശമായ പ്രതിഭ ജന്മവാസനകൊണ്ടറിഞ്ഞു് അദ്ദേഹത്തെ മുക്തഹസ്തം സഹായിച്ചതുനിമിത്തം ഇവ ഏറെനാൾ നിലനിന്നിരുന്നില്ല. ഇടതും വലതും പക്ഷക്കാരുൾപ്പെട്ട അഭ്യസ്തവിദ്യരുടെ ഭൂരിഭാഗത്തിൽനിന്നാണു് പ്രസ്തുത മാനസികതടസ്സങ്ങൾ ജനിച്ചതു്. അദ്ദേഹത്തിന്റെ കൃതികളോടു് അവർ കാണിച്ച അഭിനന്ദനവൈമുഖ്യമാണു് ഈ തടസ്സം.

സാഹിത്യശാസ്ത്രപരമായ വിസ്തൃതവിജ്ഞാനത്തിന്റെ കുറവാണു് പ്രധാനമായി പ്രസ്തുത അഭിനന്ദനവൈമുഖ്യം അഭ്യസ്തവിദ്യരിൽ ജനിപ്പിച്ചതു്. മറ്റു കാരണങ്ങളും ഇവരിൽ ചിലർക്കു് ഉണ്ടായിരുന്നേക്കാം. എങ്കിലും മനഃശാസ്ത്രജ്ഞന്മാർ ‘പെർസിക്യൂഷൻ മേനിയ’ (ശത്രുപീഡാഭ്രമം) എന്നു പേരിട്ടിട്ടുള്ളതു കുറെ ബാധിച്ചിരുന്ന ചങ്ങമ്പുഴ കണ്ട വ്യക്തിപരമായ വൈരമല്ല പ്രസ്തുത ഭൂരിപക്ഷത്തിന്റെ നിലയ്ക്കു കാരണം. ഈ ഭ്രമത്തിനു് ഒരുദാഹരണം ചുവടെ ചേർത്തുകൊള്ളുന്നു.

“ഭീമപ്രചണ്ഡപ്രതികാരമേ, നിന്റെ
ഹോമകുണ്ഡത്തിൽ ദഹിക്കണം ഞാൻ.
എന്നസ്ഥിയോരോന്നൊടിച്ചെടുത്തിട്ടു നിൻ
വെന്നിക്കൊടികൾ പറത്തണം ഞാൻ.
മജ്ജീവരക്തം തളിച്ചു തളിച്ചു നി-
ന്നുജ്ജ്വലദാഹം കെടുത്തണം ഞാൻ
ആകട്ടെ, ഞാനിന്നതിനുമൊരുക്കമാ-
ണേകാന്തതേ, നീ സമാശ്വസിക്കൂ.”
(സ്പന്ദിക്കുന്ന അസ്ഥിമാടം)

ഇതിലെ ഒടുവിലത്തെ രണ്ടു വരികൾ ഈ ലേഖനത്തിൽ പിന്നീടു പ്രതിപാദിക്കുവാൻ പോകുന്ന മനഃപൂർവ്വമായുള്ള മരണവരണത്തെ സംബന്ധിച്ചു് വായനക്കാർ പ്രത്യേകം ഓർമ്മിക്കേണ്ടതാണെന്നും ഇവിടെ ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. ഇവരിൽ ചിലർക്കുണ്ടായിരുന്നേക്കാവുന്ന വ്യക്തിവൈരവും അസൂയയും ചങ്ങമ്പുഴ ഇവരിൽ എല്ലാവർക്കും ആരോപിക്കുകയുണ്ടായി. ഇതുനിമിത്തമാണു് ഇവർ തന്റെ കവിതാപ്രയത്നങ്ങളെ അഭിനന്ദിക്കാതെയിരിക്കുന്നതെന്നു് അദ്ദേഹം വിചാരിക്കുകയും ചെയ്തു.

ഖണ്ഡകാവ്യപ്രസ്ഥാനത്തിൽ, ഗുരുകാവ്യം, ലഘുകാവ്യം, പാട്ടുകാവ്യം, നടന നൃത്ത കാവ്യം, അഥവാ തുള്ളൽ, ഫൂച്ചറിസ്റ്റ് കാവ്യം, സർറിയലിസ്റ്റ് കാവ്യം, മുക്തകം ആദിയായ പല തരങ്ങളും പല പ്രസ്ഥാനങ്ങളുമുള്ളതു് ഇവരിൽ അധികം പേരും അറിഞ്ഞിരുന്നില്ല. അറിഞ്ഞിട്ടുള്ളവർ തന്നെ, ക്ലാസ്സിക് പ്രസ്ഥാനക്കാർ മഹാകാവ്യമൊന്നു മാത്രമേ ശ്രേഷ്ഠമായിട്ടുള്ളു എന്നു വിചാരിച്ചിരുന്നതുപോലെ, ഗുരുകാവ്യം ഒന്നു മാത്രമേ ശ്രേഷ്ഠമായിട്ടുള്ളു എന്നു വിശ്വസിക്കുകയും ചെയ്തിരുന്നു. വിശ്വസാഹിത്യത്തിന്റെയും, അയൽനാടുകളായ തമിഴകാദികളിലെ സാഹിത്യത്തിന്റെയും ഇന്നത്തെ ഗതിയിൽ ഇവർ ശ്രദ്ധചെലുത്തിയിരുന്നതുമില്ല. ചങ്ങമ്പുഴ പ്രസ്ഥാനത്തോടു് ഒരു വിധം സാദൃശ്യമുള്ള ‘ഇശൈ’ പ്രസ്ഥാനം തമിഴകരുടെയിടയ്ക്കു് ഇന്നു പ്രാബല്യത്തിൽ വന്നിരിക്കുന്നു. സംഗീതത്തിനു സർവ്വപ്രാധാന്യം കൊടുത്തു പ്രാചീനശീലുകളിൽ ദൈനംദിന ജീവിതകാര്യങ്ങളെ പ്രതിപാദിക്കുന്ന പാട്ടു കാവ്യങ്ങളെ സൃഷ്ടിക്കുന്നതാണു് ഈ ‘ഇശൈ’ പ്രസ്ഥാനത്തിന്റെ ആദർശം, സാഹിത്യപ്രസ്ഥാനങ്ങൾ തമ്മിൽ ഉച്ചനീചത്തങ്ങളില്ലെന്നും അവയിൽപ്പെട്ട കൃതികൾക്കു തമ്മിൽ മാത്രമേ ഇതുള്ളു എന്നുമുള്ള പരമാർത്ഥം അദ്വൈത മനഃസ്ഥിതി നിമിത്തം ഈ ഭൂരിപക്ഷക്കാർ അറിഞ്ഞിരുന്നില്ല. കൂടാതെ ഇവരിൽപ്പലരും, മതത്തിലോ, രാഷ്ട്രീയ വിപ്ലവത്തിലോ ചെന്നവസാനിക്കുന്ന വൈരാഗ്യപന്ഥാവിൽ ചങ്ങമ്പുഴ ഉറച്ചുനില്ക്കാതെയിരുന്നതിനെ അഭിനന്ദനത്തിനു് ഒരു ഗണീയമായ പ്രതിബന്ധമായി വിചാരിക്കുകയും ചെയ്തു.

‘സ്പന്ദിക്കുന്ന അസ്ഥിമാടം’ മുഖവുരയിൽ ഞാൻ ചൂണ്ടിക്കാണിച്ചിരുന്നതുപോലെ, ചങ്ങമ്പുഴ ഉൾപ്പെടുന്ന സ്ത്രീചിത്തരായ കവിമാർഗ്ഗം സാമ്പത്തിക തടസ്സങ്ങളെക്കാളധികം മാനസിക തടസ്സങ്ങൾക്കു പ്രാമുഖ്യം കല്പിക്കുന്നതാണു്. വേരു കുറഞ്ഞും, ഇല അധികവുമുള്ള ചെടികൾക്കു വായുവിൽനിന്നു് അധികമായി പഞ്ചസാരയുടെ ഒരു ഘടകമായ കാർബൺ ഡയോക്സൈഡ് ഗ്യാസ് വലിച്ചെടുത്തു തങ്ങളുടെ കനികൾക്കു കൂടുതൽ മാധുര്യം നല്കുവാൻ സാധിക്കുന്നു എന്നു് റേഡിയോ ആക്ടീവ് കാർബൺ പ്രയോഗിച്ചു കാലിഫോർണിയായിലെ നാലു ശാസ്ത്രജ്ഞന്മാർ ഈയിടെ കണ്ടുപിടിക്കുകയുണ്ടായി. ഇത്തരം ഒരു ചെടിയോടു് ചങ്ങമ്പുഴയെ ഉപമിക്കാം, അഭ്യസ്തവിദ്യയുടെ അഭിനന്ദനമായിരുന്നു ചങ്ങമ്പുഴച്ചെടിക്കു വേണ്ടിയിരുന്ന കാർബൺ ഡയോക്സൈഡ് ഗ്യാസ്. ഈ ചെടിയുടെ വികാസത്തിനും ഇതു കൂടിയേ മതിയാവൂ. എന്നെപ്പോലെയുള്ള ഏതാനും കിറുക്കന്മാരുടെ ദുർബ്ബലശ്രമത്തിനും മരണപര്യന്തം ഇതു് അദ്ദേഹത്തിനു നേടിക്കൊടുക്കുവാൻ കഴിഞ്ഞില്ല.

ഈ അഭിനന്ദന മനഃസ്ഥിതിക്കു വേണ്ട വിശാലമായ സ്നേഹവും സഹിഷ്ണുതയും അദ്ദേഹം സ്ത്രീവർഗ്ഗത്തിലാണു് അധികമായി കണ്ടതു്. തന്നിമിത്തം ചങ്ങമ്പുഴ സ്ത്രീയെ ഇതിന്റെ സിംബളായി സ്വീകരിച്ചു. പ്രത്യക്ഷത്തിൽ ശൃംഗാരമയങ്ങളായി തോന്നുന്ന കാവ്യങ്ങൾ ധാരാളമായി രചിക്കുകയുംചെയ്തു. ഇതും പ്രസ്തുത കൂട്ടരുടെ ആക്ഷേപത്തിനു കാരണമായി ഭവിച്ചു. ഇവരുടെ അഭിനന്ദനംകൂടി ലഭിച്ചിരുന്നുവെങ്കിൽ താൻ എത്രയധികം വികസിക്കുമായിരുന്നു എന്നു് ‘സ്പന്ദിക്കുന്ന അസ്ഥിമാട’ത്തിലെ അതിമനോഹരമായ ഒരു കവിതയായ ‘ഒരു കഥ’ എന്നതിൽ ചുവടെ ചേർക്കുന്ന പ്രകാരം അദ്ദേഹം സിംബോളിക് ഭാഷയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

“ഒഴിയുവതോ വിധിവിഹിതം?—
പികസദൃശനാമ-
ക്കഴുകനിലാസ്സുകൃതലത-
യ്ക്കിയലുകയായ് പ്രേമം!
ഗൃദ്ധ്രമീ ഞാൻ, ചെമ്പകമേ,
വിസ്മരിക്കുകെന്നെ
ബുദ്ധിശൂന്യയല്ല നീ, കെ-
ടുത്തരുതു നിന്നെ!-
പാട്ടുപാടും പൂങ്കുയിലായ്
നീയണഞ്ഞു മന്നിൽ
പാട്ടുപാടും പൂങ്കുയിലായ്
നീയടിയും മണ്ണിൽ.
കഷ്ടകാലമാക്കുയിലിൻ
രണ്ടുനാലു തൂവൽ
കെട്ടിവെച്ചു കാണും, പക്ഷേ,
നിൻചിറകിനുള്ളിൽ.
ഉദയരവിക്കഭിമുഖമായ്ക്കളകളവും പെയ്ത-
ങ്ങുയരുക നീ ചിറകടിയോടവ
കൊഴിയും താനേ!…
ഏവമോതി,ജ്ജീവനാമ-
ക്കോകിലത്തിനായി
പൂവണിപ്പൊൻചെമ്പകം തൻ
മുഗ്ദ്ധചിത്തമേകി.
ശുദ്ധിവായ്ക്കുമാലതയ്ക്കായ്-
ജ്ജീവിതമർപ്പിച്ചാ-
ഗ്ഗൃദ്ധ്രവും നൽപ്പൂങ്കുയിലായ്
ത്തീരുവാൻ ശ്രമിച്ചു.
കാലദോഷം തീർന്നശേഷ-
മാക്കഴുകൻ വീണ്ടും
കാർകുയിലായ്ത്തീർന്നു.
മേന്മേൽ-
ക്കാകളി പകർന്നു.”

ഏറിയ കൂറും അജ്ഞതയിൽനിന്നും അസഹിഷ്ണുതയിൽ നിന്നും ജനിച്ച സഹൃദയലോകഭൂരിപക്ഷത്തിന്റെ പ്രസ്തുത പ്രതികൂലഭാവം ചങ്ങമ്പുഴയിൽ കൊടുംനൈരാശ്യം ജനിപ്പിക്കുകയാണു ചെയ്തതു്. ഈ നൈരാശ്യത്തെ ‘സ്പന്ദിക്കുന്ന അസ്ഥിമാട’ത്തിലെ ‘സൗഹൃദമുദ്ര’ എന്ന ലേഖന കവിതയിൽ അദ്ദേഹം ഇങ്ങനെ വിവരിച്ചിരുന്നു:

“ക്ഷിതി നരകസമാനമായി, ധർമ്മ-
ച്യുതിയുടെ ചൂടിലെനിക്കു വീർപ്പുമുട്ടി
മൃതിയണവതിനാശയായി—പക്ഷേ, മുതിരുകയില്ലിവനാത്മഹത്യചെയ്യാൻ!
അതിനു,മൊരുവ,നല്പമൊക്കെ വേണം
മതിഘടനയ്ക്കൊരു മാർദ്ദവം, മഹത്ത്വം
ചതിയൊടഖിലദൗഷ്ട്യമൊത്തെഴുന്നെൻ
മതിയിതിനില്ലതിനുള്ള മേന്മപോലും!”

കൊടുംനൈരാശ്യം നിമിത്തം തന്റെ തോഴൻ ഇടപ്പള്ളി രാഘവൻപിള്ളയെപ്പോലെ ആത്മഹത്യചെയ്യുവാൻ തനിക്കു ധൈര്യമില്ലെന്നു് ചങ്ങമ്പുഴ ഇതിൽ പറയുന്നുണ്ടു്. എങ്കിലും ഈ കവിതയിൽത്തന്നെ,

“ഒരുപിടിമണലിന്നു മേന്മയെന്തു-
ണ്ടാരുദിനമാ മണൽ മണ്ണടിഞ്ഞിടില്ലേ?
വരുവതു വരു,മാക്രമിക്കു,മയ്യോ,
പൊരുതുകിലും ഫലമില്ല, കാലുതെറ്റും!
തടയുവതിലൊരർത്ഥമി,ല്ലൊഴുക്കാ-
ക്കടയൊടെടുത്തു മറിച്ചുകൊണ്ടുപോകും.
വിടപികഥയിതാണു, പിന്നെ വാഴ-
ത്തടയുടെയോ?—വിജയിപ്പൂ, ഹാ വിധേ നീ!”

എന്ന ഭാഗത്തിലും,

“മരണങ്കൊണ്ടെന്നെ ഞാൻ വരിയുകയാണനുദിനം
മമശബ്ദമിടിവെട്ടുമിടിവാൾ വീശും
സമതതൻ സമരത്തിനെന്നാത്മസിദ്ധികൾ
സകലം സമർപ്പിപ്പാൻ സന്നദ്ധൻ ഞാൻ”

എന്നു “ഗളഹസ്തം” എന്ന ആക്ഷേപകവിതയിലും ‘സ്പന്ദിക്കുന്ന അസ്ഥി മാട’ത്തിൽനിന്നു മുകളിൽ ഉദ്ധരിച്ചിരുന്ന ഭാഗത്തിലെ ഒടുവിലത്തെ ‘ആകട്ടെ. ഞാനിന്നതിനുമൊരുക്കമാണെ’ന്നു തുടങ്ങുന്ന വരികളിലും ‘യവനിക’യിലും നിന്നു് അദ്ദേഹത്തിന്റെ അകാലമരണം അദ്ദേഹം തന്നെ നൈരാശ്യം ഹേതുവായി മനഃപൂർവ്വം വരുത്തിവച്ചതാണെന്നു ഞാൻ ദൃഢമായി വിശ്വസിക്കുന്നു. ഇപ്രകാരം ഇഞ്ചിഞ്ചായി മരിക്കുന്നതിനുള്ള നിശ്ചയം അതിധീരനായ ഒരുവനിൽ മാത്രമേ ജനിക്കുകയുള്ളൂ. തന്നെപ്പോലെയുള്ള പ്രതിഭാശാലികളും അതിധീരരുമായ അനേകായിരം യുവാക്കന്മാരുടെ ആത്മഹത്യ കൊണ്ടുമാത്രമേ സമുദായത്തിലെ അസഹിഷ്ണുത മാറുകയുള്ളു എന്നു് അദ്ദേഹം വിശ്വസിച്ചിരുന്നു. ചങ്ങമ്പുഴയുടെ ഈ ആത്മഹത്യയ്ക്കു് കാരണക്കാർ പ്രസ്തുത സഹൃദയഭൂരിപക്ഷവുമാകുന്നു.

തന്റെ തത്ത്വശാസ്ത്രം മുഖേന താൻ സമുദായത്തിൽ കണ്ട പ്രസ്തുത കുറവിനു് വൈരാഗ്യവേളകളിൽ മറ്റൊരു പരിഹാരമാണു് ചങ്ങമ്പുഴ നിർദ്ദേശിച്ചതു്. മാർക്സിന്റെ സിദ്ധാന്തങ്ങളുടേയും ചാർവാകദർനത്തിന്റെയും വരണമാണു് ഈ പരിഹാരമാർഗ്ഗം. ‘ചുട്ടെരിക്കിൻ’, ‘ഗളഹസ്തം’ മൂതലായ ആക്ഷേപകവിതകളിലും, സംഗീതത്തിന്റെ മൂർത്തീകരണമായ ‘തുയിലുണരൂ’ പാട്ടിലും മറ്റും അദ്ദേഹം ഈ പരിഹാരമാർഗ്ഗം നിർദ്ദേശിച്ചിട്ടുണ്ടു്. ‘ചുട്ടെരിക്കിൻ’ എന്നതിൽനിന്നു് ഒരു ഉദാഹരണം ഉദ്ധരിക്കുന്നു:

“ജടയുടെ സംസ്കാരപ്പനയോലക്കെട്ടൊക്കെ-
പ്പൊടികെട്ടിപ്പുഴുകുത്തിച്ചിതലുമുറ്റി.
ചികയുന്നാ?—ചിരിവരും—ചിലതിനിയുമുണ്ടെന്നോ?
ചിതയിലേക്കവയെടുത്തറിയൂ വേഗം!
അറിയാനിനിയുലകിൽ
നമുക്കുള്ളതൊന്നെന്തെന്നോ?
പറയാം ഞാൻ—അരിവാളിൻ തത്ത്വശാസ്ത്രം!
… … …
ഇതുവരെയും, ഹാ, നമ്മെ വഴിതെറ്റിച്ചഴൽമുറ്റി-
ച്ചിവിടംവരെയെത്തിച്ചു കാവിവസ്ത്രം,
ഇനിയുമിതിൻ പുറകെയോ?—
തിരിയുവിൻ, തിരിയുവിൻ
തുനിയല്ലേ നിഴലുകളെപ്പിന്തുടരാൻ!
ഭജനകൾ പാടി നാം ഭസ്മക്കുറി ചൂടി നാം
ഭരദേവതമാരുടെ പടിയും കാത്തു.
വയറെങ്ങനെയിപ്പോഴും?—(പവിഴക്കതിരിടമുറ്റും
വയലുകൾ!)—വയറൊട്ടി വരളുന്നെന്നോ?
വരളും, വരളും, നിങ്ങൾക്കിനിയും വരളും, നിങ്ങൾ
വനവീഥിയിലേക്കുള്ളീ വഴിയേ പോയാൽ.”

സമുദായത്തിനു ജീനിയസ്സുള്ളവരെ (പ്രതിഭയുള്ളവരെ) കൊല്ലുവാൻ വേണ്ട ശക്തിയുണ്ടെങ്കിലും, അതിനു ജീനിയസ്സിനെ (പ്രതിഭയെ) ഹനിക്കുവാൻ ശക്തിയില്ലെന്നു് ഒരു നിരൂപകൻ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ഇതു വാസ്തവമാണു്. എന്നാലും ചങ്ങമ്പുഴയുടെ പ്രത്യേകതരം ജീനിയസ്സുള്ള ഒരു മഹാകവിയെ ഇനി എന്നെങ്കിലും കൈരളിക്കു കിട്ടുവാൻ സാധിക്കുമോ എന്നു ഞാൻ ബലമായി സംശയിക്കുന്നു. തന്റെ കെല്പു മനസ്സിലാക്കി അദ്ദേഹം തന്നെ ഇതു് ഇങ്ങനെ ‘യവനിക’യിൽ ചൂണ്ടിക്കാണിച്ചിരുന്നു:

“എത്ര ലോകം തപസ്സുചെയ്താലാ-
ണെത്തിടുന്നതൊരിക്കലിശ്ശബ്ദം!”

തങ്ങളുടെ ഭാഷ നിലനില്ക്കുന്നിടത്തോളം കാലം കേരളീയർ എറ്റവും അധികമായി ഓമനിക്കുവാനിടയുള്ള രണ്ടേ രണ്ടു മഹാകവികൾ മാത്രമേ ഇന്നു വരെ ഈ മണ്ണിൽ ജനിച്ചിട്ടുള്ളു. കുഞ്ചൻമ്പ്യാരും ചങ്ങമ്പുഴയുമാണു് ഇവർ. ചരമക്കുറിപ്പുകളിൽ പതിവുള്ള ഭംഗിവാക്കല്ല ഇതു്. ‘സ്പന്ദിക്കുന്ന അസ്ഥിമാടം’ മുഖവുരയിലും ഞാൻ ചങ്ങമ്പുഴയെസ്സംബന്ധിച്ചു് ഇതു ചൂണ്ടിക്കാണിച്ചിരുന്നു. ചരിത്രാതീതകാലം മുതല്ക്കുള്ള കേരളചരിത്രഗവേഷണം എനിക്കു നല്കിയ വിജ്ഞാനത്തെ ആസ്പദിച്ചാണു് ഞാൻ ഇങ്ങനെ പറയുന്നതു്. ആദികാലം മുതൽക്കു് ഇന്നുവരെ കേരളീയജനതയുടെ സ്വഭാവത്തിൽ അഞ്ചു ഘടകങ്ങൾ വിട്ടുമാറാതെ നില്ക്കുന്നുണ്ടു്. നടനത്തിലും നൃത്തത്തിലുമുള്ള ഭ്രമം, സംഗീതഭ്രമം, ഹാസ്യഭ്രമം, നേരിയ വിഷാദാത്മകത്വം, ക്ഷണികമായ വികാരപാരമ്യം എന്നതാണു് ഇവ, ശ്രേഷ്ഠമായ ഒരു ‘മുത്തമിൾ’ മഹാകാവ്യമായ ഇശൈയും (സംഗീതവും), ഇയലും (സാഹിത്യവും) നാടകവും കലർന്ന ഒന്നെന്നാണിതിന്റെ അർത്ഥം—‘ചിലപ്പതികാര’ത്തിന്റെ കർത്താവു് ഇളംകോഅടികളയും, ചെറുശ്ശേരിയേയും, ഉണ്ണായിവാര്യരേയും, സ്വാതിതിരുനാളിനേയും, ഗോവിന്ദമാരാരേയും, കുഞ്ചൻമ്പ്യാരേയും, കുമാരനാശാനേയും, വള്ളത്തോളിനേയും, ചങ്ങമ്പുഴയേയും, ഇ. വി.-യേയും, സഞ്ജയനേയും, സീതാരാമനേയും കൈരളിക്കു ജനിപ്പിക്കുവാൻ സാധിച്ചതു് അവളുടെ പ്രസ്തുത സ്വഭാവ ഘടകങ്ങൾ നിമിത്തമാണു്. കുഞ്ചൻമ്പ്യാർ തന്റെ കൃതികൾ മുഖേന കേരളീയരുടെ ജന്മവാസനകളായ നടന-നൃത്തഭ്രമം, സംഗീതഭ്രമം, ഹാസ്യഭ്രമം എന്നിവയെ ഒന്നിച്ചു തൃപ്തിപ്പെടുത്തിയിരുന്നു. ചങ്ങമ്പുഴയാകട്ടെ, അവളുടെ ജന്മവാസനകളായ സംഗീതഭ്രമം, നേരിയ കൃതികൾ മുഖേനയാണു് തൃപ്തിപ്പെടുത്തിയിരുന്നതു്. ഇതാണു് ഇവർ രണ്ടുപേരേയുംപറ്റി മുകളിൽ പറഞ്ഞതു പറയാനുള്ള എന്റെ പ്രധാനകാരണം.

അല്പം പരിഹാരമില്ലാത്തതായ ഒരു കുറ്റവുമില്ല. ദരിദ്രനായി ജനിച്ചു വളർന്നു് സാമാന്യം ധനികനായി ജീവിച്ചു്, ദരിദ്രനായി അകാലചരമമടഞ്ഞ മഹാകവി ചങ്ങമ്പുഴയോടു് തങ്ങളുടെ ഒരു വിഭാഗംമുഖേന കേരളീയസമുദായം ചെയ്ത കുറ്റത്തിനു് ഒരു പരിഹാരം വേണമെങ്കിൽ അവർക്കു ചെയ്യാം, കേവലം അനുശോചനയോഗങ്ങൾ കൊണ്ടു സംതൃപ്തിയടയാതെ അദ്ദേഹത്തിന്റെ കൃതികൾ പൂർവ്വാധികം ധാരാളം വിറ്റഴിക്കുവാൻ ഭഗീരഥപ്രയത്നം ചെയ്യുക. തങ്ങളുടെ പ്രതിനിധികളായ കേരളത്തിലെ ഇന്നത്തെ ജനകീയ ഗവൺമെന്റുകളെക്കൊണ്ടു് അദ്ദേഹത്തിന്റെ കുടുംബത്തിനു പെൻഷൻ അനുവദിപ്പിക്കുക എന്നിവയാണു് പ്രസ്തുത പരിഹാരത്തിന്റെ ഘടകങ്ങൾ.

കേസരിയുടെ ലഘു ജീവചരിത്രം.

Colophon

Title: Changampuzhayude thathwashasthram (ml: ചങ്ങമ്പുഴയുടെ തത്ത്വശാസ്ത്രം).

Author(s): Kesari Balakrishna Pillai.

First publication details: Sayahna Foundation; Trivandrum, Kerala; 2021-06-13.

Deafult language: ml, Malayalam.

Keywords: Article, Kesari Balakrishna Pillai, Changampuzhayude thathwashasthram, കേസരി ബാലകൃഷ്ണപിള്ള, ചങ്ങമ്പുഴയുടെ തത്ത്വശാസ്ത്രം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 13, 2021.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Statue of Changampuzha, a photograph by Anee Jose . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.