
ഓരോ മനുഷ്യനിലും ഒരു നല്ല പത്രലേഖനത്തിനു വേണ്ട വക കാണുമെന്നും, ഒരു നല്ല പത്രാധിപരുടെ കർത്തവ്യങ്ങളിലൊന്നു് ഇതിനെ പുറത്തു കൊണ്ടുവരുന്നതാണെന്നും, പാരീസ്സിലെ പ്രസിദ്ധ പത്രമായ “ഫിഗാറോ ”യുടെ സ്ഥാപകൻ വില്ലേമെസ്സൗങ്ങ് വിശ്വസിച്ചിരുന്നു. അദ്ദേഹത്തെക്കുറിച്ചു ഒരു കഥയുമുണ്ടു്. ഒരു ദിവസം അദ്ദേഹം പട്ടണത്തിലെ ഒരു ചിമ്മിനി തൂപ്പുകാരനെ തെരുവിൽ നിന്നു വിളിച്ചു വരുത്തി തന്റെ ഓഫീസ് മുറിയിൽ ഇരുത്തി, അയാളോടു് “തന്റെ ലേഖനം എഴുതുക” എന്നു പറഞ്ഞു. ഇങ്ങിനെ എഴുതിയതു തിരുത്തി സാഹിത്യ ഫ്രഞ്ച് ഭാഷയിലാക്കിയപ്പോൾ അതു ഒരു നല്ല ലേഖനമായി ഭവിക്കുകയും ചെയ്തു. ഇതു പോലെ, ഓരോ മനുഷ്യനിലും ഒരു നല്ല ചെറുകഥയ്ക്കു വേണ്ട വകയും കൂടി കാണുമെന്നു പറയാവുന്നതാണു്. ഈ പരമാർത്ഥം അറിഞ്ഞാണു് ചില പാശ്ചാത്യരായ പത്രപ്രവർത്തകർ “ട്രൂ സ്റ്റോറി” എന്ന പേരിൽ സത്യാത്മക ചെറുകഥകൾ തങ്ങളുടെ മാസികകളിൽ പ്രസിദ്ധപ്പെടുത്തിവരുന്നതും.

ചെറുകഥ നാലു തരമുണ്ടു്. ശ്രീ. പൊറ്റക്കാട്ടിന്റെ റൊമാന്റിക് കഥകളെപ്പോലെ ശുദ്ധ ഭാവനയെ ആസ്പദിച്ചു രചിക്കുന്നതു്; ശ്രീ വൈക്കം മുഹമ്മദു് ബഷീറിന്റെ ചെറുകഥകളെപ്പോലെ സ്വന്തം ജീവിത കഥയെ ഭേദപ്പെടുത്തി രചിക്കുന്നതു്; ശ്രീമാന്മാരായ തകഴിയുടെയും കാരൂരിന്റേയും കഥകളെപ്പോലെ തങ്ങളുടെ നിരീക്ഷണത്തിൽപ്പെടുന്ന അന്യജീവിത കഥകളെ ഭേദപ്പെടുത്തി രചിക്കുന്നതു്; സ്വന്തം ജീവിത കഥയേയോ ബന്ധുമിത്രാദികളുടെ ജീവിത കഥകളേയോ ഈഷദ്ഭേദവും വരുത്താതെ അതേപടി ചെറുകഥയാക്കി രചിക്കുന്നതു്; എന്നിവയാണു് പ്രസ്തുത നാലു തരങ്ങൾ. ഒടുക്കം പറഞ്ഞതിനാണു് “ട്രൂ സ്റ്റോറി” എന്നു പാശ്ചാത്യർ പേരിട്ടിട്ടുള്ളതു്. ഭാഷാസാഹിത്യത്തിൽ ഇന്നുവരെ “ട്രൂ സ്റ്റോറി” ജന്മമെടുത്തിട്ടുള്ളതായി തോന്നുന്നില്ല.

അന്യന്റെ ജീവിത കഥയെ അധികം ഭേദപ്പെടുത്താതെ, അതിൽ നിന്നു ജനിച്ച കഥയ്ക്കു് മാതൃക ഏതു സമകാലീനന്റെ ജീവിത ചരിത്രമാണെന്നു് വായനക്കാർക്കു് എളുപ്പം മനസ്സിലാകത്തക്കവണ്ണം അതിനെ ആസ്പദിച്ചു കഥകളും നോവലുകളും ഗദ്യനാടകങ്ങളും കൂടി ചില പാശ്ചാത്യ സാഹിത്യകാരന്മാർ രചിച്ചു വന്നിരുന്നു. ഭാഷാസാഹിത്യത്തിലും അപൂർവമായിട്ടാണെങ്കിലും ഇത്തരം കൃതികളും ഉണ്ടാകാതെയിരുന്നിട്ടില്ല. ഇത്തരം കൃതികൾക്കു ചില ഉദാഹരണങ്ങൾ പാശ്ചാത്യ സാഹിത്യത്തിൽ നിന്നു ഉദ്ധരിച്ചു കൊള്ളട്ടെ. മോർലി റോബർട്ട്സിന്റെ “ഹെന്‍റി മെയിറ്റ്ലണ്ടിന്റെ സ്വകാര്യജീവിതം” എന്ന നോവൽ ഇംഗ്ലീഷ് നോവലെഴുത്തുകാരനായ ജോർജ്ജ് ഗിസ്സി ങ്ങിന്റെ ജീവചരിത്രമാണു്. എച്ച്. ജി. വെൽസിന്റെ “ന്യൂ മാക്കിയാവല്ലി”യിൽ സിഡ്നിവെബ്ബിനെ മിസ്റ്റർ ബെയ്ലി എന്ന പേരിലും, മിസ്സിസ് വെബ്ബിനെ അൽതിയോറാ എന്ന പേരിലും ചിത്രീകരിച്ചിരിക്കുന്നു. ബർനാർഡ് ഷായെ പഞ്ചിനെല്ലോ എന്ന പേരിൽ ജെ. എം. ബാരി എന്ന പ്രസിദ്ധ നാടക കർത്താവു് കാരിക്കേച്ചർ ചെയ്തിട്ടുണ്ടു്. ബർനാർഡ് ഷാ തന്റെ “മേജർ ബാർബറാ” എന്ന നാടകത്തിലെ പാത്രമായ ആൻഡ്രൂ അണ്ടർഫൂട്ടിനെ സൃഷ്ടിച്ചതു് കാർണേകിയെ ആസ്പദിച്ചാണെന്നു ചിലരും, നോബലിനെ ആസ്പദിച്ചാണെന്നു മറ്റു ചിലരും വിചാരിച്ചു വരുന്നു. ജോർജ്ജ് മെറിഡിത്തി ന്റെ “ബോഷാമ്പിന്റെ ജീവിതം” എന്ന നോവൽ അഡ്മിറൽ മാക്സിനേയും, “ഡയാനാ ഓഫ് ദി ക്രോസ്സ്വേസ് ” എന്നതു മിസ്സിസ് നോർട്ടനേയും ആസ്പദിച്ചാണു് രചിച്ചിട്ടുള്ളതു്. ജെർമനിയിലെ രാഷ്ട്രീയ സോഷ്യലിസത്തിന്റെ സ്ഥാപകനായ ഫെർഡിനാൻഡ് ലാസ്സെല്ലിന്റേയും പ്രസിദ്ധ സുന്ദരിയായ ഹെലൻഫൺറകോവിറ്റ്സായുടേയും സുവിദിതമായ പ്രണയ കഥയാണു് മെറിഡിത്തിന്റെ “ട്രാജിക്ക്കൊമഡിയൻസ്” എന്ന കൃതിക്കു മാതൃക നല്കിയതു്. ചാത്സ് ഡിക്കൻസിന്റെ മിക്കാബെർ എന്ന പ്രസിദ്ധ കഥാപാത്രത്തെ അദ്ദേഹത്തിന്റെ സ്വന്തം പിതാവിനെ ആസ്പദിച്ചാണു് സൃഷ്ടിച്ചിട്ടുള്ളതു്. ഡിക്കൻസിന്റെ ഹാരോൾഡ് സ്തിംപോൾ എന്ന കഥാപാത്രം ലെയ്ഫണ്ട് എന്ന പ്രസിദ്ധനായ ഇംഗ്ലീഷ് സാഹിത്യകാരനാണു്. അൽഫാൻസ് ദാദയുടെ “നബോബ്” എന്ന ഫ്രഞ്ച് നോവൽ ഡുക്ക്ദമോർനേയുടെ ഒരു ചിത്രവുമാണു്.

സന്യാസി മനസ്ഥിതിക്കാരായ പല മാന്യ കുടുംബനായകന്മാരും “ട്രൂ സ്റ്റോറി” നിയമേന തെറിക്കഥയായിരിക്കുമെന്നു സ്വന്തം ജീവിതങ്ങളെ ആസ്പദിച്ചു തെറ്റിദ്ധരിച്ചു് കുടുംബാംഗങ്ങൾ അത്തരം കഥകൾ പ്രസിദ്ധീകരിക്കുന്ന മാസികകൾ വായിച്ചു പോകരുതെന്നു വിലക്കാറുണ്ടു്. എന്നാലും, ഇത്തരം ചെറുകഥകൾ പ്രസിദ്ധപ്പെടുത്തുന്ന മാസികകൾ അസംഖ്യം വിറ്റഴിയുന്നു. ഒന്നാം ലോകമഹായുദ്ധക്കാലത്തു പേപ്പർ സംബന്ധമായ പ്രതിബന്ധമുണ്ടായിരുന്നിട്ടും, ഇവയുടെ ഏഴുലക്ഷം കോപ്പികളാണു് ഇംഗ്ലണ്ടിൽ മാസം തോറും വിറ്റഴിഞ്ഞിരുന്നതു്. കഥാപാത്രങ്ങളില്ലാത്ത മനുഷ്യരുടെ ഫോട്ടോ ഗ്രാഫിക്കു് ഇലസ്ട്രേഷൻ കൂടി ഇവയിൽ പലതിലും ചേർക്കുക പതിവാണു്. ഈ കഥാകാരന്മാർക്കും, കഥാകാരികൾക്കും കൊടുക്കാറുള്ള പ്രതിഫലം ആയിരം വാക്കിനു രണ്ടു ഗിനി (ഏകദേശം മുപ്പത്തിരണ്ടുറുപ്പിക) ആണു താനും.
ഈ സത്യാത്മക കഥകൾ വായിക്കുന്നതായാൽ പാശ്ചാത്യരുടെ ഇടയ്ക്കു ഭൂരിപക്ഷം മനുഷ്യരും തെറിക്കു വക കൊടുക്കുന്ന ജീവിതമല്ല നയിച്ചു വരുന്നതെന്നുള്ള ബോധം നമ്മിൽ ജനിക്കുന്നതാണു്. ഇംഗ്ലീഷുകാരുടെ തീരെ റൊമാന്റിക്കല്ലാത്ത ഇത്തരം ദൈനംദിനജീവിതമാണു് റൊമാന്റിസിസം പൊന്തിനില്ക്കുന്ന നോവലുകൾക്കു് അവരുടെ ഇടയ്ക്കു് വലിയ പ്രചാരമുണ്ടാക്കിക്കൊടുക്കുന്നതെന്നു് ട്രോബ്രിഡ്ജ് എന്ന നോവലെഴുത്തുകാരൻ ഇങ്ങനെ ചൂണ്ടിക്കാണിച്ചിരുന്നു. ഏറ്റവുമധികം സ്മാർട്ടായ (പരിഷ്കൃതമായ) സാഹിത്യ കൃതികൾ ഫ്രഞ്ച് സാഹിത്യ കൃതികളാണു്. ഇംഗ്ലീഷ് നോവലുകളിലെ കഥാപാത്രങ്ങളെപ്പോലെയുള്ളവരെ യഥാർത്ഥ ജീവിതത്തിൽ കണ്ടു മുട്ടുവാൻ പ്രയാസമാണു്. ഇതു നിമിത്തത്രേ ഇവയ്ക്കു് അവിടെ വലിയ പ്രചാരമുള്ളതു്. ഭാവനാപരമായ കഥകളോടു് ബ്രിട്ടനിലെ പൊതു ജനങ്ങൾക്കു് പ്രത്യേക താല്പര്യമുണ്ടു്.

ഈ സത്യാത്മക ചെറുകഥകൾ നല്ലവരായ സ്ത്രീകളും പുരുഷന്മാരുമാണു് എഴുതാറുള്ളതു്. ചീത്ത മനുഷ്യർ രചിച്ചിട്ടുള്ള “ട്രൂ സ്റ്റോറി”കൾ പത്രപ്രവർത്തകർ നിരസിക്കാറുള്ളതുകൊണ്ടു് ഇങ്ങനെ സംഭവിച്ചു എന്നും വരാം. ഈ സത്യാത്മക കഥാകാരരുടെ ജീവിതത്തിൽ കുമ്പസാരത്തിനു വേണ്ട പാപങ്ങളൊന്നുമില്ലെന്നുള്ളതാണു് ഈ കഥകളുടെ ഒരു വിശേഷത. ഏറ്റവും രസകരങ്ങളായ ജീവചരിത്രങ്ങളും, ഏറ്റവും രസകരങ്ങളായ ജീവചരിത്രങ്ങളും, ഏറ്റവും രസകരങ്ങളായ കഥകളും ഒന്നുപോലെ പബ്ലിക്കായി പറയാറില്ല എന്നു് ഒരു മനുഷ്യവിദ്വേഷി പറഞ്ഞിട്ടുള്ളതു് ഇവിടെ ചിന്തനീയമാണു്. ഇതിലെ രസകരമെന്ന പദത്തിൽ തെറി കൊണ്ടുണ്ടാകുന്ന രസത്തെയാണു് സൂചിപ്പിച്ചിട്ടുള്ളതു്. വിഷയത്തിലെ തെറിക്കു പുറമേ, വിഷയത്തിൽ ജീവിതം മനസ്സിലാക്കി അതു വിജയപൂർവം നയിച്ചുകൊണ്ടു പോകുവാൻ സഹായിക്കുന്ന അംശംകൂടിയുണ്ടെങ്കിൽ, ഇതിലും മനുഷ്യർക്കു് രസം തോന്നാറുണ്ടു്. കൂടാതെ, കഥ പറയുന്ന രീതികൊണ്ടും അതിനു മനുഷ്യരിൽ രസം ജനിപ്പിക്കുവാൻ കഴിയും. ഒടുവിൽ പറഞ്ഞ സംഗതി മനസ്സിലാക്കിയാണു് പതിനെട്ടാം ശതാബ്ദത്തിലെ ഫ്രഞ്ച് രാജധാനിയിലെ പ്രു പാതിരി കുമ്പസാരമുറിയിൽ വച്ചു മാത്രമേ കുമ്പസാരങ്ങൾ രസശൂന്യമായിരിക്കയുള്ളു എന്നു പറഞ്ഞിട്ടുള്ളതും. സ്വന്തം രസത്തിനു വേണ്ടിയല്ലാതെ കർത്തവ്യ നിർവ്വഹണത്തിനായി മാത്രം കുമ്പസാരം ചെയ്യുന്നതുകൊണ്ടാണു് കുമ്പസാരമുറിയിലെ കുമ്പസാരം രസശൂന്യമായി ഭവിക്കുന്നതും.

പ്രസ്തുത സത്യാത്മക കഥകളിലെ പാത്രങ്ങളുടെ കുറവുകൾ ക്ഷന്തവ്യങ്ങളായവയാണു്. മുൻവിചാരമില്ലായ്മ, മുൻദേഷ്യം, അല്പം സ്വാർത്ഥം മുതലായവയാണു് ഇവരുടെ കുറവുകൾ. ഈ കഥകളിൽ സ്ത്രീകളെഴുതിയ മുപ്പതെണ്ണത്തിന്റെ സ്വഭാവം അപഗ്രഥിച്ചു് ഒരു നിരൂപക ഇങ്ങനെ എഴുതിയിരുന്നു: “കുമ്പസാരം ചെയ്യുന്ന ഈ മുപ്പതു സ്ത്രീകളുടെ മുഖ്യ സ്വഭാവഘടകങ്ങൾ ആത്മത്യാഗം, വിശ്വസ്തത, ധൈര്യം, മാധുര്യം, സ്ത്രീസഹജമായ യഥാർത്ഥ വിവേകം എന്നിവയാണു്… പത്തു കഥകളിൽ പ്രഥമ ദൃഷ്ടിയിൽ ജനിച്ച പ്രണയം കാണാം: ഒമ്പതിൽ ഒരു കുഞ്ഞിന്റെ ജനനം മറ്റുള്ളവരുടെ ഹൃദയകാഠിന്യം അലിയിപ്പിച്ചതു വിവരിച്ചിരിക്കുന്നു. ഒമ്പതെണ്ണത്തിൽ, ഭർത്തവിന്റെ മാതാപിതാക്കന്മാരുടെ രോഗവേളകളിൽ ഭാര്യ അവരുടെ ഗൃഹത്തിൽ പോയി പാർത്തു് അവരെ ശുശ്രൂഷിച്ചു് അവരുടെ സ്നേഹം സമ്പാദിക്കുന്നതു കാണാം… അമ്മായിഅമ്മയും മരുമകളും തമ്മിൽ, ഉടനെ തന്നെയല്ലെങ്കിലും, ഒടുക്കം സ്നേഹിച്ചേ മതിയാവൂ എന്നു നിയമ പ്രാബല്യമുള്ള ഒരു പതിവു വെച്ചു പരിപാലിച്ചു കൊണ്ടു വരുന്ന ഏക കലാരൂപം ഒരുപക്ഷേ, ഈ ട്രൂ സ്റ്റോറി മാത്രമായിരിക്കും… ഇത്തരം മറ്റു പതിവുകളും ഇവയിൽ കാണാം. സകലതും ബൂർഷാമയമായിരിക്കണം. പ്രഭുക്കന്മാരെയോ, ലോറി ഡ്രൈവർമാരേയോ ഈ കഥകളിൽ കാണുന്നതല്ല… കഥാകാരികളിൽ മാത്രമല്ല, കഥാപാത്രങ്ങളിൽ കൂടി ജീവിത പരിശുദ്ധത കുറേ അധികമായിപ്പോയി എന്നുള്ളതാണു് ഈ ജീവ ചരിത്രങ്ങളുടെ ഒരു സ്വഭാവഘടകം. ഇവരിൽ ഒരുത്തരം കള്ളം പറയുകയോ, മോഷ്ടിക്കുകയോ, മദ്യം കുടിക്കുകയോ ചെയ്യുന്നില്ല. ഇവരിൽ ഒരാളിലും രാഷ്ട്രീയാഭിപ്രായമോ, കല്യാണദിവസം പള്ളിയിൽ ചെന്നു സ്തോത്രം പാടുന്നതിൽ കവിഞ്ഞുള്ള മതഭക്തിയോ ഉള്ളതായി കാണുന്നുമില്ല.”

ചെറുകഥാരൂപത്തിന്റെ വൈഷമ്യങ്ങൾക്കു് അനുസരണമായ ആത്മനിയന്ത്രണവും ഒതുക്കവും ഈ കഥാകാരികൾ പ്രദർശിപ്പിക്കുന്നുണ്ടു്. ചിലപ്പോൾ ഇവർക്കു തങ്ങളുടെ ശരീരവടിവു വർണ്ണിക്കേണ്ടതായിവരും. അപ്പോൾ ഗ്ലാസ്സുനോക്കി അതിൽ കണ്ടതു സത്യമായി വിവരിക്കുന്ന ഉപായം ഇവരിൽ പലരും സ്വീകരിച്ചിരിക്കുന്നതു കാണാം. “ഒരു സ്ത്രീയുടെ ഉത്തമഭാവം കാണാവുന്നതു് അവൾ ഒരു ഗ്ലാസ്സിനു മുമ്പിലിരിക്കുമ്പോഴാണു്; ഒരു പുരുഷനിൽ ഇതു കാണുന്നതു് ഒരു ഗ്ലാസ്സിനു ശേഷവും,” എന്നു് ഒരു ഫലിതക്കാരൻ പറഞ്ഞിട്ടുള്ളതു് ഇവർ അറിഞ്ഞിരിക്കുമോ എന്തോ!
ഈ ട്രൂസ്റ്റോറികളുടെ സ്വഭാവം സുവ്യക്തമാക്കുന്നതിനു് അവയിൽ ഒന്നിന്റെ പ്ലാട്ടു് സംഗ്രഹിച്ചു വിവരിച്ചു കൊള്ളട്ടെ. മൂക്കിന്റെ അറ്റത്തു കോപവും, ഗൃഹനാഥന്റെ അടിമകളാണു ഗൃഹനായികയും കുഞ്ഞുങ്ങളുമെന്ന വിശ്വാസമുള്ള ജിം സ്റ്റാൻലി എന്ന കർഷകൻ തന്റെ ദുശ്ശാസനത്വംകൊണ്ടു മുപ്പത്തിയെട്ടു വയസ്സുള്ള ഭാര്യയുടേയും നാലു കുഞ്ഞുങ്ങളുടേയും കുടുംബജീവിതം നരകമയമാക്കിച്ചമയ്ക്കുന്നു. കാലക്ഷേപത്തിനും വകയുള്ള കർഷക ഭർത്താവിന്റെ ക്രൂരത ചെറുക്കുവാൻ വേണ്ട തന്റേടമോ ധൈര്യമോ മിസ്സിസ്സ് സ്റ്റാൻലിക്കുണ്ടായിരുന്നില്ല. ഒരു ദിവസം തന്റെ പതിവായ നെഞ്ചു വേദന സംബന്ധിച്ചു സമീപമുള്ള ടൗണിലെ ഡാക്ടരെ കാണുവാൻ ഭർത്താവിന്റെ അനുവാദപൂർവ്വം കുട്ടികളുമായി മിസ്സിസ്സ് സ്റ്റാൻലി പോയി. രോഗിയുടെ ശരീര പരിശോധനയ്ക്കു ശേഷം അവർക്കു കഠിനമായ ഹൃദ്രോഹം ബാധിച്ചിട്ടുണ്ടെന്നും ഡാക്ടർ അവരെ ധരിപ്പിച്ചു. ഇതു കേട്ടപ്പോൾ മിസ്സിസ്സ് സ്റ്റാൻലിയിൽ ഒരു മാനസിക പരിവർത്തനം സംഭവിക്കുകയുണ്ടായി. ഇതിന്റെ ഫലമായി തനിക്കു ശേഷിച്ചിട്ടുള്ള മുപ്പതു ദിവസമെങ്കിലും, താനും കുട്ടികളും സുഖമായി ജീവിക്കത്തക്കവണ്ണം ഭർത്താവിനോടു് അതിയായ തന്റേടപൂർവ്വം പെരുമാറണമെന്നു് ആ സ്ത്രീ നിശ്ചയിച്ചു. ഈ നിശ്ചയപ്രകാരം പിന്നീടു് അവർ പ്രവർത്തിക്കുകയും ചെയ്തു.

എലിയെ പുലിയാക്കിയ ഈ മാനസിക പരിവർത്തനത്തിന്റെ കാരണം ഗ്രഹിക്കാതെ ജിം സ്റ്റാൻലി അത്ഭുതത്തിൽ തല്ക്കാലം ആണ്ടുപോയി എങ്കിലും, ഒടുക്കം അതിന്റെ പുതുമ പോയപ്പോൾ, ഭാര്യയുടെമേൽ തന്റെ നാഥത്വം സ്ഥാപിക്കുവാൻ അവളോടു കായികഗുസ്തി നടത്തുന്നു. ഇതു സമജോടിയിൽ കലാശിച്ചുവെങ്കിലും, മിസ്സിസ്സ് സ്റ്റാൻലി ഇതിന്റെ ഫലമായി ബോധംകെട്ടു വീണു രോഗശയ്യയെ അവലംബിക്കുന്നു. പഴയ ടൗൺ ഡാക്ടറിൽ നിന്നു ഭാര്യയുടെ രോഗവിവരമറിഞ്ഞു വിഷാദിച്ചു. ജിം സ്റ്റാൻലി ഒരു വിദഗ്ദ്ധ ഡാക്ടരെ വരുത്തി ഭാര്യയെ പരിശോധിപ്പിക്കുന്നു. മിസ്സിസ്സ് സ്റ്റാൻലിക്കു ഹൃദ്രോഗമില്ലെന്നും, ക്ഷീണം മാത്രമേയുള്ളുവെന്നും ആ വിദഗ്ദ്ധൻ അവരെ ധരിപ്പിക്കുന്നു. അനന്തരം ജിം സ്റ്റാൻലി രോഗശയ്യയിൽ കിടന്നിരുന്ന ഭാര്യയോടു പുതിയ രീതിയിൽ പെരുമാറുകയും, അവളോടു “ആദ്യമേ തന്നെ നീ എന്നോടു് ഇങ്ങിനെ പെരുമാറാതെയിരുന്നതു് എന്തുകൊണ്ടു്? ഒരു തന്റേടക്കാരിയെ എനിക്കു് എന്നും ഇഷ്ടമാണു്.” എന്നു പറഞ്ഞു രഞ്ജിക്കുകയും ചെയ്യുന്നു.