
മാനസികരോഗികൾക്കായുള്ള ഒരാസ്പത്രിയിൽവെച്ചു് 1890-ൽ വാൻഗോഗ് ചിത്തഭ്രമത്താൽ ആത്മഹത്യ ചെയ്യുകയുണ്ടായി. തന്റെ ആത്മമിത്രമായി തന്നോടൊന്നിച്ചു് പാർത്തിരുന്ന പ്രസിദ്ധചിത്രകാരനായ പോൾഗോഗി നോടു് പിണങ്ങി വാൻഗോഗ് തന്റെ ഒരു ചെവി ചെത്തിക്കളയുകയും, തന്മൂലം പാശ്ചാത്യകലാലോകത്തിൽ ഏറ്റവും പ്രസിദ്ധപ്പെട്ട ഒരു കലഹം ജനിപ്പിക്കുകയും ചെയ്തു. ഗൂപ്പിൻ കമ്പനിയിലെ ഒരു അസിസ്റ്റന്റായിരുന്നു, പ്രായേണ സ്വന്തം പരിശ്രമംകൊണ്ടു് മാത്രം ചിത്രമെഴുത്തു് പഠിച്ച വാൻഗോഗ് മർദ്ദിതരായി ദാരിദ്ര്യത്തിന്റെ അടിത്തട്ടിൽ ആണ്ടുകിടന്നിരുന്ന ഖനിവേലക്കാരോടൊന്നിച്ചു് പാർത്തു് അവരെ യഥാശക്തി സഹായിച്ചു് അവരെ അധഃപതനത്തിൽനിന്നു് കരയേറ്റുവാൻ ശ്രമിച്ചു.

പക്ഷേ, ഇവരോടുകൂടി ഏറിയ കാലം പാർക്കുന്നതിനു് അദ്ദേഹത്തിന്റെ സ്വഭാവം അദ്ദേഹത്തെ അനുവദിക്കയായ്കയാലും, ചിത്രമെഴുതുവാനല്ലാതെ സമുദായ സേവനജോലിക്കോ പ്രായോഗിക ജീവിതത്തിനോ അദ്ദേഹത്തിനു് ശേഷിയില്ലാതിരുന്നതിനാലും ഈ ശ്രമം പരാജയത്തിൽ കലാശിക്കുകയാണു് ചെയ്തതു്. ഇത്തരം വിപര്യപൂർണ്ണവും പ്രക്ഷോഭകരവുമായ ഒരു ജീവിതം നയിച്ച വാൻഗോഗിന്റെ ചിത്രകലാരീതിയുടെ വളർച്ച വിവരിക്കുമ്പോൾ മെയിർ ഗ്രേഫ് എന്ന കലാനിരൂപകൻ ഒരു നോവലിന്റെ രീതിയിൽ അങ്ങനെ ചെയ്തിരിക്കുന്നതും, ഈ പ്രസിദ്ധ ചിത്രകാരന്റെ ജീവചരിത്രം രചിച്ച ഇർവിങ് സ്റ്റോൺ എന്ന അമേരിക്കക്കാരൻ അതിനെ (Lust for Life എന്നാണതിന്റെ പേരു്) നോവൽ രൂപത്തിൽ രചിച്ചിരിക്കുന്നതും കണ്ടു് അത്ഭുതപ്പെടാനൊന്നുമില്ല.


സമുദായ സേവനോദ്ദേശം, പ്രത്യേകിച്ചു് അധഃപതിച്ച സമുദായ ഭാഗത്തെ സേവിക്കുന്നതിനുള്ള ഉദ്ദേശം, വാൻഗോഗിന്റെ ചിത്രമെഴുത്തിനുണ്ടായിരുന്നു. മർദ്ദിതരെ എങ്ങനെ സഹായിക്കാം, ചിത്രമെഴുത്തിൽ വാൻഗോഗിനെ സദാ അലട്ടിക്കൊണ്ടിരുന്ന പ്രശ്നം. സേസനേ യും ഗോഗിനേയും സംബന്ധിച്ചു് ഇങ്ങനെയൊരു പ്രശ്നം ജനിക്കുകയില്ലതന്നെ. ഒരു നല്ല ചിത്രത്തിനു് സമുദായ സേവനവുമായി നേരിട്ടൊരു ബന്ധവും ഉണ്ടായിരിക്കുകയില്ല. കലാലാവണ്യമാണു് അതിനു് പ്രാഥമികമായി വേണ്ടതു്.

ഈ കലാലാവണ്യം മനുഷ്യരുടെ ഹൃദയങ്ങളിൽ വികാരങ്ങൾ ജനിപ്പിച്ചു് ഈ വികാരപരത്വം മുഖേന അവ ഒരു സമുദായ സേവനാദി കർമ്മങ്ങൾക്കു് പ്രേരിപ്പിച്ചിരിക്കാം. ജനസാമാന്യത്തിന്റെ സേവനത്തെ ഉദ്ദേശിച്ചു് വാൻഗോഗ് രചിച്ച ചിത്രങ്ങൾ ആ ജനസാമാന്യത്തിനു് കണ്ടു് ആനന്ദിക്കാൻ കഴിഞ്ഞില്ല. കലാകാരനും ജനസാമാന്യവും തമ്മിൽ വളരെ അകൽച്ച ഇന്നു് അതുകണ്ടു് അത്ഭുതപ്പെടാനൊന്നുമില്ല. തന്റെ ചിത്രങ്ങളിൽ, ‘തൊഴിലാളികളേ’ നിങ്ങൾക്കു വേണ്ടിയാണു് ഞാൻ പ്രയത്നിക്കുന്നതു് എന്നു് വാൻഗോഗ് സൂചിപ്പിച്ചിരുന്നുവെങ്കിലും തൊഴിലാളികൾ അദ്ദേഹത്തോടു് മാന്യനോടെന്നതുപോലെ അകന്നു് പെരുമാറുകയാണു് ചെയ്തതു്. വാൻഗോഗിന്റെ ചിത്രങ്ങളെ സുഖജീവിതത്തോടു് ഘടിപ്പിച്ചു് പിൽക്കാലങ്ങളിൽ ഏതാനും സംസ്കൃതചിത്തന്മാർ മാത്രം കണ്ടാനന്ദിച്ചിരുന്നു എന്നു് സംഭവിച്ചതു് വിധിയുടെ വിളയാട്ടമെന്നേ പറയേണ്ടൂ.


പ്രസ്തുത സമുദായ സേവനമോഹത്തിന്റെ തീക്ഷ്ണത വാൻഗോഗിന്റെ ചിത്രങ്ങളിൽ പൊന്തിച്ചുനിൽക്കുന്നു, അവയിൽ അദ്ദേഹം ചിത്രമെഴുതുകയല്ല. ചായംകൊണ്ടു് പ്രസംഗിക്കുകയാണു് ചെയ്യുന്നതു്. ഒരു വാഗ്മിയായ പ്രാസംഗികന്റെ ശക്തിയേറിയ അഭ്യർത്ഥനകൾക്കു് തുല്യം അദ്ദേഹം തന്റെ കൃതികളെ കനത്ത ചായക്കഷണങ്ങൾകൊണ്ടു് നിറച്ചു. ഈ ചിത്രപരമായ വാഗ്മിത്വം അദ്ദേഹത്തിന്റെ പ്രത്യേകവും അദൃഷ്ടപൂർവ്വവുമായ ചിത്രകലാമാർഗ്ഗത്തിനു് കാരണമായി ഭവിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പടങ്ങളിലെ പുല്ലും മരവും മലയും മേഘവും ഒന്നുപോലെ ഒരു വിചിത്രമായ ജീവച്ഛക്തികൊണ്ടു് പുളയ്ക്കുകയാണു് ചെയ്യുന്നതു്. പ്രത്യേകം പ്രത്യേകം ബ്രഷ് പ്രയോഗംകൊണ്ടു് അദ്ദേഹം കനത്ത ചായം പ്രയോഗിച്ചിരിക്കുന്നു. ചായത്തിനു് ബലം കൂട്ടേണ്ട ദിക്കുകളിൽ അദ്ദേഹം ചായട്യൂബിനെ ഞെക്കി ചായമൊഴിച്ചിരിക്കുന്നു. അഗ്നിജ്വാലോപമങ്ങളായ രേഖകൾക്കും രൂപങ്ങൾക്കും പ്രേക്ഷകരിൽ കടുത്ത ക്ഷോഭം ജനിപ്പിക്കുവാൻ ശക്തിയുണ്ടെന്നു് എല്ലാ ചിത്രകാരന്മാർക്കും അറിയാവുന്നതാണു്.

ലോകത്തിലെ മഹാചിത്രകാരന്മാരായ ബോട്ടിസെല്ലി, മിക്കലാഞ്ചലോ, എൽഗ്രെക്കോ എന്നിവർ പ്രത്യേകിച്ചു്, ബരോക്ക് പ്രസ്ഥാനത്തിലെ അതിപ്രധാന ചിത്രകാരനായ എൽഗ്രെക്കോ, ഈ അഗ്നിജ്വാലോപമങ്ങളായ രൂപങ്ങൾ വരച്ചു് വലിയ ക്ഷോഭം ജനിപ്പിച്ചിട്ടുണ്ടു്. എന്നാൽ ഇതു് പരമകാഷ്ഠ പ്രാപിച്ചിട്ടുള്ളതു് വാൻഗോഗിന്റെ ചിത്രങ്ങളിലാകുന്നു. ഈ അഗ്നിജ്വാലകൾക്കു് ഔട്ട്ലൈൻ രേഖകൾ വാൻഗോഗ് വരച്ചിട്ടുള്ളതു് പൗരസ്ത്യചിത്രകലാരീതിയനുസരിച്ചാണു്. പൗരസ്ത്യചിത്രകല രേഖകൾ പ്രയോഗിക്കുന്ന ചിത്രകലയും പാശ്ചാത്യ ചിത്രകല പ്ലെയിനുകൾ, അഥവാ പിണ്ഡങ്ങൾ (Mass) പ്രയോഗിക്കുന്ന ചിത്രകലയുമാണെന്നു് ഇവിടെ അറിഞ്ഞിരിക്കേണ്ടതാണു്. പൗരസ്ത്യചിത്രകലയിലെ ഔട്ട്ലൈൻ രേഖകൾ ചിത്രങ്ങളിലെ രൂപങ്ങളുടെ ഭാവത്തിനു് ഉല്ലാസം നൽകും. മുകളിൽ വിവരിച്ച വർണ്ണങ്ങളുടെ മുഖരതയ്ക്കും അഗ്നിജ്വാലോപമരൂപങ്ങൾക്കും പുറമേ രൂപത്തെ താളാനുസൃതമായി (Rhythmically) വക്രിപ്പിക്കുന്നതും വാൻഗോഗിന്റെ സാങ്കേതിക മാർഗ്ഗത്തിന്റെ മറ്റൊരു ഘടകമാണു്. ചില രൂപങ്ങളുടെയും, ചില ടോണുകളുടെയും, ചില നിറങ്ങളുടെയും ആവർത്തനംകൊണ്ടാണു് ചിത്രമെഴുത്തിൽ താളം ജനിക്കുന്നതു്. ഇതു് പ്രേക്ഷകരുടെ മാനസങ്ങളിൽ ഒരു ശക്തിയേറിയ ബോധം ജനിപ്പിക്കും. സേസന്റെ ഘനീകരണവും, ഗോഗിന്റെ ലഘൂകരിച്ച ഡ്രോയിംഗും വാൻഗോഗിന്റെ കൃതികളിൽ കാണാം. എന്നാൽ ഇവരെക്കാൾ അധികമായി അദ്ദേഹം ചായത്തെ ആശ്രയിക്കുകയും ചെയ്തു.


വാൻഗോഗിന്റെ ചിത്രങ്ങളിൽ കാണുന്ന അദൃഷ്ടപൂർവ്വതയോടു് സമീപിക്കുന്ന അദൃഷ്ടപൂർവ്വത പത്തൊമ്പതാം ശതാബ്ദത്തിലെ മറ്റൊരു പാശ്ചാത്യ ചിത്രകാരന്റെ കൃതികളിലും കാണാവുന്നതല്ല. അദ്ദേഹത്തെക്കാൾ അധികം ആത്മാർത്ഥതയോടെ മറ്റൊരു ചിത്രകാരനും പടം വരച്ചിട്ടുമില്ല. അദ്ദേഹം “ഒരു ഭ്രാന്തനെപ്പോലെ ചിത്രമെഴുതി” എന്നു സേസൻ ഒരിക്കൽ പറയുകയുണ്ടായി. അന്ത്യകാലത്തു് തന്നെ പിടികൂടിയ ചിത്തഭ്രമം വാൻഗോഗിന്റെ ചിത്രങ്ങളിലും പ്രതിബിംബിച്ചു കാണാമെന്ന അർത്ഥത്തിലല്ല, പിന്നെയോ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ കാണാവുന്ന വികാരതീക്ഷ്ണതയും വർണ്ണങ്ങളുടെ മുഖരതയും വർണ്ണിക്കുവാൻ ഉദ്ദേശിച്ചാണു് സേസൻ ഇപ്രകാരം പ്രസ്താവിച്ചതു്. വാൻഗോഗിന്റെ പടങ്ങളിൽ ചിത്തഭ്രമത്തിന്റെ ലക്ഷണങ്ങളുണ്ടെങ്കിൽ അവ, ചായത്തിനു സാധിക്കുവാൻ കഴിയുന്നതിനെക്കാൾ അധികം വേല അതിനെക്കൊണ്ടു് ചെയ്യിച്ചതിലാണു് സ്ഥിതി ചെയ്യുന്നതും.

വാൻഗോഗിന്റെ ചിത്രങ്ങളിൽ കാണുന്ന ഭ്രാന്തിന്റെ ഒരംശമെങ്കിലും തന്നെയും പിടികൂടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നു് ഒരു ആർട് സ്ക്കൂളിലെ പ്രസിദ്ധനായ ഒരു പ്രൊഫെസർ ഒരിക്കൽ പറയുകയുണ്ടായി. മിക്കലാഞ്ചലോവിനെപ്പോലുള്ള ചില അതിമഹാന്മാരായ ചിത്രകാരർ നമ്മിൽ ജനിപ്പിക്കുന്ന ഭയഭക്തി സംയുക്തമായ ആദരവല്ല, തന്റെ ചിത്രങ്ങൾ മുഖേന വാൻഗോഗ് തന്നോടു് ജനിപ്പിക്കുന്നതു്. തന്റെ ചിത്രീകരണം പൊതുവായി കലാലോകത്തിൽ സുപ്രസിദ്ധങ്ങളായി ഭവിച്ച അദ്ദേഹത്തിന്റെ കസേര, പുകവലിക്കുന്ന പൈപ്പ്, അലങ്കാരരഹിതമായ ശയനമുറി മുതലായവയോടു്, നാം

നിത്യം ഉപയോഗിക്കുന്ന സ്നേഹപൂർണ്ണമായ അടുപ്പമാണു് നമുക്കു് തോന്നുന്നതു്. ഇത്തരം സർവ്വസാധാരണമായ സാധനങ്ങളെ ഇത്രയധികം വിനയയുക്തമായ അത്ഭുതത്തോടുകൂടി നിരീക്ഷിച്ച ആ ബാലതുല്യനായ മഹാചിത്രകാരനെ അഭിനന്ദിച്ചു് പുഞ്ചിരി തൂകുക മാത്രമേ നാം ചെയ്യുകയുള്ളൂ. ഒരു ജനകീയ ചിത്രകല സൃഷ്ടിക്കണമെന്നു് വാൻഗോഗിന്റെ ഉദ്ദേശം അവസാനത്തിൽ ഈ രീതിയിൽ വിജയിച്ചു എന്നും പറയാവുന്നതാണു്.

മറ്റുള്ള മഹാചിത്രകാരന്മാരെപ്പറ്റി ചിന്തിക്കുമ്പോൾ, അവരുടെ കൃതികളെ പ്രത്യേകം പ്രത്യേകമായി ഓർക്കുവാൻ കുറെ വൈഷമ്യം തോന്നും. അവരുടെ കൃതികൾ ആകപ്പാടെ ജനിപ്പിക്കുന്ന സങ്കലമായ ബോധമാണു് നമ്മിൽ അപ്പോൾ ജനിക്കുന്നതു്. നേരെമറിച്ചു്, വാൻഗോഗിന്റെ സൂര്യകാന്തി പുഷ്പങ്ങളും, അദ്ദേഹത്തിന്റെ കസേരയും ബൂട്ട്സും മറ്റും നമ്മുടെ ദൃഷ്ടിയിൽനിന്നു് ഒരിക്കലും മായുന്നതല്ല.

ഒരു മഹാചിത്രത്തിനു് അപരിത്യാജമായ ഗുണങ്ങൾ സജീവത്വം (Vitality) ഒരു ചിത്രത്തിന്റെ സന്ദേശം മുഴുവനും ഗ്രഹിക്കുന്നതിനായി അതിനെ വീണ്ടും വീണ്ടും സമീപിക്കാൻ പ്രേരിപ്പിക്കുന്ന അപാരത (Infinity), ഐക്യം (Unity) എന്നിവയാണു്. ഈ ഗുണങ്ങളെല്ലാം വാൻഗോഗിന്റെ ചിത്രങ്ങൾ ഉൾക്കൊണ്ടിരുന്നതിനാൽ, അദ്ദേഹത്തിനു് ലോകത്തിലെ മഹാന്മാരായ ചിത്രകാരന്മാരുടെ ഇടയ്ക്കു് ഒരു സ്ഥാനമുണ്ടെന്നു് നിസ്സംശയം പറയാം. ഇന്നു് ജീവിച്ചിരിക്കുന്ന ഒരു നല്ല അമേരിക്കൻ ചിത്രകാരനായ എംലൻ എറ്റിങ്ങ്, ഒരു നല്ല ബെൽജിയൻ ചിത്രകാരനായ മറീസ് ദെ ഡാമിങ്ക് മുതലായവരുടെ കൃതികളിൽ വാൻഗോഗിന്റെ ചിത്രകലാരീതിയുടെ സ്വാധീനശക്തി നിഴലിച്ചു കാണാം.

‘സൂര്യകാന്തി പുഷ്പങ്ങൾ’, ‘മഞ്ഞക്കസ്സേര’, ‘ആർലേ നഗരത്തിനു് സമീപമുള്ള ഒരു പാടം’, ‘റൂലിൻ എന്ന പോസ്റ്റുമാൻ’,‘ആർലേക്കാരിയായ യുവതി’, ‘മില്ലിയേ എന്ന സുഅവ് പട്ടാളക്കാരൻ’, ‘പൂത്ത പെയർ വൃക്ഷം’, ‘നദ്മാസെൽ ഗാഷേ’, ‘ജീർണ്ണിച്ച വീടു്’ മുതലായവയാണു് വാൻഗോഗിന്റെ പ്രശസ്ത ചിത്രങ്ങൾ. ആത്മചരിത്ര വിശദീകരണമെന്ന നിലയ്ക്കു് ലോകത്തിലെ ഇതര സാഹിത്യകൃതികളിൽ ഒന്നായി പരിഗണിക്കാവുന്ന വാൻഗോഗിന്റെ കത്തുകളിൽ തന്റെ മിക്ക ചിത്രങ്ങളെക്കുറിച്ചും ഒരു റിമാർക്ക് അദ്ദേഹം ചേർത്തിട്ടുണ്ടു്. ഈ റിമാർക്കുകൾ പലതും മുകളിൽ വിവരിച്ച അദ്ദേഹത്തിന്റെ വർണ്ണഭ്രമം പ്രസ്പഷ്ടമാക്കുന്നതിനാൽ, ഇവയിൽ ചിലതിനെ ചുവടെ ഉദ്ധരിച്ചുകൊള്ളുന്നു. തന്റെ ‘സൂര്യകാന്തി പുഷ്പങ്ങൾ’ എന്ന സുപ്രസിദ്ധ പടത്തെപ്പറ്റി 1888-ലെ ഒരു കത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞിരിക്കുന്നു. “സൂര്യകാന്തിപ്പൂവുകളുടെ അരഡസൻ ചിത്രങ്ങൾകൊണ്ടു് എന്റെ ചിത്രമെഴുത്തു മുറി അലങ്കരിക്കാൻ ഞാൻ വിചാരിക്കുന്നു. ഈ അലങ്കാരം ഏറ്റവും മരതകപ്പച്ച മുതല്ക്കു് റോയൽ നീലം വരെയുള്ള പലതരം നീലനിറങ്ങളോടു കൂടിയ ഭൂമികളിൽനിന്നു് വളർന്നു് പ്രകാശിക്കുന്നതും ഓറഞ്ച് ചായമിട്ടു വീതികുറഞ്ഞ പലകത്തുണ്ടുകളാൽ ചുറ്റപ്പെട്ടതുമായിരിക്കും. ഗോത്തിക് ശില്പരീതിയിലുള്ള പള്ളികളിലെ ചായമിട്ട കണ്ണാടി ജനലുകളുടെ ഫലം അതു ജനിപ്പിക്കും”. “ആർലേക്കാരിയായ യുവതി”യെക്കുറിച്ചു് അദ്ദേഹം ഇപ്രകാരം എഴുതിയിരിക്കുന്നു. “ഇന്നലെ അതിശാന്തവും മനോഹരവുമായ മറ്റൊരു കാഴ്ച കാണുകയുണ്ടായി. കാപ്പിയുടെ നിറവും ചാമ്പൽ നിറമുള്ള തലമുടിയും ഇളം കറുപ്പും വെള്ളയും ചേർന്ന കണ്ണുകളും ഇളംപിങ്ക് (ഒരുതരം ഇളംചുമപ്പു്) നിറത്തോടു കൂടിയ ഒരു തരം ചീട്ടി ബോഡീസുമുള്ള ഒരു യുവതിയായിരുന്നു അതു്”. ‘മദ്മാസെൽ ഗാഷേ’യെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കുറിപ്പു് ഇങ്ങനെയാണു്; “ഇന്നലെയും മിനിഞ്ഞാന്നുമായി മദ്മാസെൽ ഗാഷേയുടെ പോർട്രയിറ്റ് ചിത്രം വരച്ചു. അതു് നിങ്ങൾക്കു് താമസിയാതെ കാണാൻ സാധിക്കുമെന്നു് വിശ്വസിക്കുന്നു. ആ സ്ത്രീയുടെ വസ്ത്രം പിങ്ക് നിറവും പിൻഭാഗത്തിലെ ചുമരു് ഓറഞ്ച് പുള്ളികളോടുകൂടിയ പച്ചയും, കാർപെറ്റ് ചുവന്ന പുള്ളികളുള്ള പച്ചയും പിയാനോകളും ഊത നിറവുമാണു്.” ‘ജീർണ്ണിച്ച വീടു്’ എന്ന പടത്തെപ്പറ്റി അദ്ദേഹം ഇങ്ങനെ പറയുന്നു. “വെളുപ്പു്, ചുകപ്പു്, പച്ച എന്നീ നിറങ്ങളോടുകൂടിയ ഒരു സൈപ്രസ് മരത്തിനു സമീപം നിൽക്കുന്ന ഒരു ജീർണ്ണിച്ച വീടിനെ കാണിക്കുന്ന ഒരു ചെറിയ ഭൂഭാഗചിത്രം ഞാൻ വരച്ചു. അതിന്റെ ഡ്രോയിംഗ് നിങ്ങളുടെ പക്കലുണ്ടല്ലോ. വീട്ടിനകത്തിരുന്നാണു് ഞാനീ ചിത്രം എഴുതിയതു്. ഈ ഡ്രോയിംഗുകൾ എല്ലാറ്റിനെയുംകൊണ്ടു്—നിങ്ങൾക്കു് വേണമെങ്കിൽ—ജാപ്പാനീസ് പ്രിന്റുകൾപോലെയുള്ള ഇത്തരം ചെറിയ ചിത്രങ്ങൾ എനിക്കു രചിക്കുവാൻ സാധിക്കുമെന്നു് ഇതു് സ്പഷ്ടമാക്കുന്നതാണു്.”

വാൻഗോഗിന്റെ ചിത്രങ്ങൾ കാഴ്ചയിൽ എങ്ങനെയിരിക്കുമെന്നു് കാണിക്കുവാനായി അദ്ദേഹത്തിന്റെ ജീർണ്ണിച്ച വീടു് എന്ന പടമെടുത്തു് ഇവിടെ വർണ്ണിക്കുന്നു. റെക്ടാംഗിളിന്റെ ആകൃതിയിലുള്ള ഈ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ പ്രായേണ നീണ്ട ത്രികോണരൂപമുള്ളതും, പൊക്കമേറിയതുമായ ഒരു ഇരുണ്ട പച്ച സൈപ്രസ് വൃക്ഷത്തിന്റെ വലതുവശത്തോടു് ചേർന്നു് ഈ ചിത്രത്തിനു് പേരുനൽകിയ ചതുരാകൃതിയുള്ള ജീർണ്ണിച്ച വീടു് സ്ഥിതി ചെയ്യുന്നു. അതിന്റെ ചുവന്ന മേൽക്കൂരയുടെ വലതുവശത്തുള്ള ഒരു ഭാഗം പൊളിഞ്ഞുപോയിരിക്കുന്നു. വെള്ളച്ചുമരുകളിൽ മുകളിലും താഴെയുമുള്ള മൂന്നു പച്ച ജനലുകളുടെയും ഒരു വാതിലിന്റെയും മുകളിലത്തെ ഭിത്തികളുടെ കുറേ ഭാഗങ്ങൾ ഇടിഞ്ഞിരിക്കുന്നതു കാണാം. പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇളം പച്ചയായ ആകാശത്തിൽ ഇളം മഞ്ഞ വീശിയ മേഘങ്ങൾ കാണാവുന്നതാണു്. ഈ ആകാശത്തിലേക്കു പൊങ്ങി വലതു വശത്തു് നാലഞ്ചു കനംകുറഞ്ഞ തടിയുള്ള വൃക്ഷങ്ങളും ഇടതുവശത്തു് ഇത്തരം അഞ്ചു വൃക്ഷങ്ങളും നിൽക്കുന്നു. ഈ വൃക്ഷങ്ങളിൽ ചുകപ്പും മഞ്ഞയും നിറങ്ങളുള്ള നീണ്ട പൂവുകൾ ഉള്ളതായി കാണാം. പ്രസ്തുത ജീർണ്ണിച്ച വീടിന്റെ വലതു വശത്തു് ഒരുണങ്ങിയ തടിയൻ വൃക്ഷക്കുറ്റിയാൽ മിക്കവാറും മറയ്ക്കപ്പെട്ട മറ്റൊരു വീടും, ഇടതുവശത്തു് വളരെ പിറകിലായി ആകാശത്തിന്റെ അടിവശത്തോടു ചേർന്നു് നെടുനീളത്തിൽ അല്പം വീതിയിൽ നീലച്ചായമിട്ടിരിക്കുന്നു. ഈ നീലസ്ഥലത്തിനു് മുമ്പിലായി കാണുന്ന പുൽപ്രദേശത്തിനു് ഇരുണ്ട ഓറഞ്ച് നിറത്തോടുകൂടിയ ചില ചെടികൾ നിൽക്കുന്നു.

ചിത്രത്തിന്റെ മുൻഭാഗത്തു് അഗ്നിജ്വാലാകൃതിയോടുകൂടിയ ഒരു റോഡ് ചിത്രത്തിന്റെ കീഴ്ഭാഗത്തെ ഇടത്തെ മൂലയിൽനിന്നു ജീർണ്ണിച്ച ഭവനത്തിന്റെ വലതുവശത്തേക്കു് പോകുന്നതും, ഈ റോഡിന്റെ ഇരുവശങ്ങളിലുമുള്ളതും, അഗ്നിജ്വാലാകൃതിയിലുള്ള പുല്ലുകൾ നിറഞ്ഞതും, പല ഉണങ്ങിയ വൃക്ഷക്കുറ്റികളോടു കൂടിയതുമായ ഭൂമിയും വളരെ വിസ്തരിച്ചു് ചിത്രീകരിച്ചിരിക്കുന്നു. റോഡു നിറഞ്ഞിരിക്കുന്ന കുണ്ടും കുഴിയും കടും ഊതച്ചായം ട്യൂബിൽനിന്നും ഞെക്കിയൊഴിച്ചു് കോണിപ്പടി രൂപത്തിൽ കാണിച്ചിരിക്കുന്നു. വെള്ളം കെട്ടിനിൽക്കുന്ന റോഡിന്റെ ചില ഭാഗങ്ങളെ ഇളം നീലച്ചായമിട്ടും, ഉണങ്ങിയ പുല്ലുനിറഞ്ഞ റോഡിന്റെ ഭാഗങ്ങളെ ഒരുതരം ഇരുണ്ട മഞ്ഞച്ചായമിട്ടും പ്രത്യക്ഷപ്പെടുത്തിയിട്ടുണ്ടു്. റോഡിന്റെ വലതുവശത്തു് കാണുന്ന രണ്ടു തടിയൻ വൃക്ഷക്കുറ്റികൾക്കു് ഇളം ഊതയും കടും ഓറഞ്ചും നിറങ്ങൾ നൽകിയിരിക്കുന്നു. റോഡിന്റെ ഇടതുവശത്തു് അതിന്റെ അരികിനു് സമീപിച്ചു് നെടുനീളത്തിൽ നിൽക്കുന്ന ഇരുപതിൽപരം ചെറിയ വൃക്ഷക്കുറ്റികൾക്കു് കടും ഊതനിറത്തിലുള്ള ചായം ഇട്ടിട്ടുണ്ടു്. റോഡിന്റെ ഇരുവശങ്ങളും നിറഞ്ഞുനിൽക്കുന്ന പുല്ലുകൾക്കു് ഇരുണ്ട മഞ്ഞനിറവും ഇടയ്ക്കിടയ്ക്കു് കടുംപച്ചനിറവും കടും ഊതനിറവും നൽകിയിരിക്കുന്നു. പച്ചപ്പുല്ലുകൾക്കു് ഔട്ട്ലൈൻ രേഖകളും വരച്ചിരിക്കുന്നു. ഓരോ പുല്ലും വികാരത്തള്ളൽ നിമിത്തം വളഞ്ഞുപുളഞ്ഞു് ആ ഭൂഭാഗക്കാഴ്ചയിൽ പൊന്തിച്ചു നിൽക്കുന്ന സ്വഭാവമായ ജീർണ്ണിപ്പിനെ അത്യുച്ചത്തിൽ വിളിച്ചുപറയുന്നതായി തോന്നും. ഉണക്കിന്റെ ഒരു നിറമായ മഞ്ഞ വീശിയിട്ടുള്ള ഒരു ആകാശവും ഈ ജീർണ്ണിപ്പിനെ സൂചിപ്പിക്കുകയാണു് ചെയ്യുന്നതു്. പുല്ലുകളുടെ പച്ച നിറത്തിന്റെ അപൂർവ്വതയും, ഉണക്കിന്റെ മറ്റൊരു നിറമായ ഊതയുടെ പ്രാചുര്യവും ഈ ജീർണ്ണിപ്പിന്റെ ബോധത്തെ വർണ്ണിക്കുന്നുമുണ്ടു്.

17-11-40.