മലബാർ ജില്ലയുടെ കിഴക്കൻ താലൂക്കായ വയനാട്ടിലെ ഗണപതിവട്ടം അംശത്തിൽ സുൽത്താൻ ബത്തേരിക്കു നാലു മൈൽ തെക്കുപടിഞ്ഞാറായി എടക്കൽ മല നിൽക്കുന്നു. ഇതിന്റെ ഏറ്റവും ഉയർന്ന കൊടുമുടിയുടെ, സമുദ്രനിരപ്പിൽനിന്നു നാലായിരത്തിലധികം അടി പൊക്കമുള്ള ബത്തേരി റോക്കിന്റെ പടിഞ്ഞാറു ചെരിവിന്റെ മുകൾഭാഗത്താണു്, കേരളത്തിൽ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതിൽ വച്ചു് കൂടുതൽ പ്രാചീനതയും വളരെയധികം ചരിത്രപ്രാധാന്യവുമുള്ള സ്മാരകമായ എടക്കൽഗുഹ. ഈ പ്രാചീനഗുഹയെയും അതിനകത്തുള്ള പാറച്ചുമരുകളിലെ കൊത്തുചിത്രങ്ങളെയും (Rock-carvings) ശിലാലേഖനങ്ങളെയുംപറ്റി ബ്ലോക്കുകളോടും ഫോട്ടോകളോടും സവിസ്തരം വിവരിച്ചു്, 1901-ലെ ഇന്ത്യൻ ആന്റിക്വറിയുടെ 30-ാം വാല്യത്തിൽ എഫ്. ഫാസെറ്റ് (Fred Fawcett) ഒരു ദീർഘലേഖനം പ്രസിദ്ധപ്പെടുത്തിയിരുന്നു. ഗുഹയിലെ മൂന്നു പ്രാചീന ശിലാലേഖനങ്ങളിൽ ഒന്നു മുഴുവനും, മറ്റൊന്നിന്റെ ആദ്യഭാഗവും അന്നു് മദ്രാസിലെ എപ്പിഗ്രാഫിക് വകുപ്പിന്റെ അധ്യക്ഷനായിരുന്ന ഡോ. ഹുൾട്ട്ഷ് (Hultzch) വായിച്ചതും കൂടി മി. ഫാസെറ്റിന്റെ ലേഖനത്തിൽ ചേർത്തിട്ടുണ്ടു്. പ്രാമാണികമായ പ്രസ്തുത ലേഖനത്തിനുശേഷം, ചരിത്രകാലത്തിനുമുമ്പുള്ള ചരിത്രത്തിൽ വിദഗ്ദ്ധന്മാരായ ബ്രൂസ് ഫൂട്ടും (Robert Bruce Foote) പഞ്ചാനനൻ മിത്രയും എടക്കൽഗുഹയിലെ കൊത്തുചിത്രങ്ങളെപ്പറ്റി മാത്രം തങ്ങളുടെ ഗ്രന്ഥങ്ങളിൽ പ്രസംഗവശാൽ സാമാന്യമായി പ്രസ്താവിക്കുകയുണ്ടായി. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട എടക്കൽഗുഹയിലെ കൊത്തുചിത്രങ്ങളും ശിലാലേഖനങ്ങളും അന്ധകാരത്തിൽ ആണ്ടുകിടക്കുന്ന പ്രാചീന കേരളചരിത്രത്തിൽ കുറെയെങ്കിലും വെളിച്ചം പൊഴിക്കുമെന്നു മനസ്സിലാക്കിയതിനാലാണു് ഈ ലേഖകൻ പ്രസ്തുത വിഷയത്തിൽ ഗവേഷണം നടത്തിയതിന്റെ ഫലം ഇവിടെ സംക്ഷേപിച്ചു വിവരിക്കുന്നതു്.
മലയുടെ പിളർപ്പിൽ വമ്പിച്ച ഒരു പാറ വീണതുകൊണ്ടു് സ്വയമേ ഒരു ഗുഹയായിത്തീർന്ന എടക്കൽഗുഹയുടെ ചുമരുകളിൽ, മനുഷ്യരെയും, മൃഗങ്ങളെയും, സാധനങ്ങളെയും, സ്വസ്തിക, വൃത്തം, കുരിശു് മുതലായ ചിഹ്നങ്ങളെയും കൊത്തിയിരിക്കുന്നു. മി. ഫാസെറ്റ് ഇദംപ്രഥമമായി ഈ ഗുഹ പരിശോധിച്ചപ്പോൾ ഇതിന്റെ നിലത്തെ പായലിനു നാലടി കനമുണ്ടായിരുന്നതിനാൽ ഇതു ചരിത്രകാലത്തിനുമുമ്പുള്ള ഒരു ഗുഹയാണെന്നും ഇതുണ്ടായകാലത്തിനടുത്തായിട്ടാണു് മനുഷ്യൻ ഇതിൽ പ്രവേശിച്ചു് ചുമരുകളിൽ ചിത്രങ്ങൾ കൊത്തിയതെന്നും വിചാരിക്കണം. ഈ കൊത്തുചിത്രങ്ങളിൽ ചിലതിനെ, അവ കാണിക്കുന്ന കലാരീതിയുടെ മാതൃകകളായി ഈ ലേഖനത്തിൽ ചേർത്തിട്ടുണ്ടു്. ഇവയോടുകൂടി കൊത്തിയിട്ടുള്ള സ്വസ്തിക മുതലായ ചിഹ്നങ്ങളിൽ അഞ്ചെണ്ണത്തിനു് ബി. സി. 2500-നു സമീപത്തവസാനിച്ച സിന്ധുനദീതീരത്തിലെ മോഹൻജെദാരോ പരിഷ്കാരത്തിലെ ചിത്രലിപികളോടു് സാദൃശ്യമുള്ളതായി ഈ ലേഖകൻ കണ്ടുപിടിച്ചിട്ടുണ്ടു്. പക്ഷേ, ഇവ മോഹൻജെദാരോ ചിത്രലിപികളെപ്പോലെയുള്ള ലിപികളല്ലെന്നും കേവലം നിഗുഢവും മതപരവുമായ ചിഹ്നങ്ങളാണെന്നുമാണു് ലേഖകന്റെ അഭിപ്രായം. ഈ കൊത്തുപണികളുടെ കാലത്തിനുശേഷം ആറായിരത്തിൽപ്പരം വർഷം കഴിഞ്ഞിട്ടാണു് ഈ ലേഖനത്തിൽ ചേർത്ത രണ്ടു ശിലാലേഖനങ്ങളിൽ അടിയിലുള്ളതു കൊത്തപ്പെട്ടതു്. ഇതിനുശേഷം അഞ്ഞൂറിലധികം വർഷം കഴിഞ്ഞിട്ടാണു് ഡോക്ടർ ഹുൾട്ട്ഷ് വായിച്ചതായി മുകളിൽ പ്രസ്താവിച്ച ലേഖനവും ഇവിടെ ചേർത്തവയിൽ മുകളിലത്തെ ലേഖനവും ഉണ്ടായതു്. ഇതിൽനിന്നു് ചരിത്രാതീകാലങ്ങൾ മുതൽക്കു് എ. ഡി. അഞ്ഞൂറുവരെയുള്ള കേരളചരിത്രത്തിന്റെ ഇടവിട്ടുള്ള ഗതി ഈ ഗുഹയിലെ അവശിഷ്ടങ്ങൾ പ്രത്യക്ഷപ്പെടുത്തുന്നുണ്ടെന്നു മനസ്സിലാക്കാം. ആദ്യമായി ഈ കൊത്തുചിത്രങ്ങളുടെ കാലത്തെയും സ്വഭാവത്തെയും രണ്ടാമതായി, താരതമ്യേന ആധുനികകാലത്തുണ്ടായ ഈ ശിലാലേഖനങ്ങളെയും പ്രതിപാദിക്കുന്നതാണു്.
നവശിലായുഗത്തിലെ (Neolithic) ഒരു മിനുസപ്പെടുത്തിയ കല്ലുളി (celt) എടക്കൽ ഗുഹയിൽനിന്നു് മി. ഫാസെറ്റ് കണ്ടെത്തിയിട്ടുള്ളതിനാലും, ഇത്തരം ഉളികൾകൊണ്ടാണു് എടക്കൽഗുഹയിലെ കൊത്തുചിത്രങ്ങൾ കൊത്തിയതെന്നു വിചാരിക്കേണ്ടിയിരിക്കുന്നതിനാലും, മധ്യ ഇന്ത്യയിലുള്ള ചോട്ടാനാഗ്പൂരിലെ ഘടശിലയ്ക്കടുത്തുള്ള കൊത്തുചിത്രങ്ങളോടു് ഇവയ്ക്കു സാദൃശ്യമുള്ളതിനാലും—ഈ ലേഖനത്തിൽ ചേർത്ത ഘടശിലയിലെ കൊത്തു ചിത്രങ്ങളോടു് എടക്കൽഗുഹയിലെ കൊത്തുചിത്രങ്ങളുടെ കൂട്ടത്തിൽ കാണുന്ന അമ്പുംവില്ലുംവച്ചു നിൽക്കുന്ന മനുഷ്യനെ താരതമ്യപ്പെടുത്തി നോക്കുക—എടക്കൽഗുഹയിലെ കൊത്തുചിത്രങ്ങൾ നവശിലായുഗകാലത്തു ജനിച്ചിരിക്കുമെന്നു് മി. പഞ്ചാനനമിത്രൻ ‘ചരിത്രകാലത്തിനു മുമ്പുള്ള ഇന്ത്യ’ എന്ന തന്റെ ഗ്രന്ഥത്തിൽ അഭിപ്രായപ്പെട്ടിരിക്കുന്നു. ദക്ഷിണഭാരതത്തിലെ നവശിലായുഗത്തിനു മി. മിത്രൻ നൽകിയിരിക്കുന്ന കാലം ബി. സി. പതിനായിരം മുതൽക്കു് ബി. സി. നാലായിരം വരെയാണു്. ഘടശിലയിലെ കൊത്തു ചിത്രങ്ങൾക്കും ആസ്ത്രേലിയയിലെ ചരിത്രാതീതകാലങ്ങളിലെ കൊത്തുചിത്രങ്ങൾക്കും തമ്മിലുള്ള വളരെ അടുത്ത സാദൃശ്യം അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ഇവ പ്രാചീനശിലായുഗത്തിന്റെ (Palaeolithic) അന്ത്യമായ ചെറുശിലായുഗത്തിലാണു് (Mesolithic Age) ജനിച്ചതെന്നു് സമർത്ഥിക്കുകയും ചെയ്യുന്നുണ്ടു്. നവശിലായുഗത്തിലെ എടക്കൽ കൊത്തുചിത്രങ്ങൾക്കു്, അതിനുമുമ്പുള്ള ചെറുശിലായുഗത്തിലെ ഘടശിലാ കൊത്തുചിത്രങ്ങളോടു് സാദൃശ്യമുള്ളതിനാൽ എടക്കൽ കൊത്തുചിത്രങ്ങളെ നവശിലായുഗത്തിന്റെ പൂർവ്വാർധത്തിൽ സ്ഥാപിക്കുന്നതായിരിക്കും മി. മിത്രന്റെ അഭിപ്രായത്തിനു യോജിക്കുന്നതെന്നു് നമുക്കനുമാനിക്കാം. അതായതു്, മി. മിത്രന്റെ അഭിപ്രായമനുസരിച്ചു് എടക്കൽ കൊത്തുചിത്രങ്ങളുടെ കാലം ബി. സി. പതിനായിരത്തിനും ബി. സി. ഏഴായിരത്തിനും മധ്യത്തിലാണു്. മനുഷ്യരുടെ അസ്ഥികഷണങ്ങളും ഇരുമ്പുപകരണങ്ങളും ആയുധങ്ങളും ഉള്ളിലുള്ള വട്ടക്കല്ലു് (Crombch) മുതലായ വൻശിലാപരിഷ്കാര (Megalithilic Culture) കാലത്തെ സ്മാരകങ്ങൾ എടക്കൽ മലയ്ക്കു സമീപിച്ചു കാണാം. ഇന്ത്യയിലെ വൻശിലാപരിഷ്കാരത്തിനു് മി. മിത്രൻ കൊടുത്തിട്ടുള്ള കാലം ബി. സി. രണ്ടായിരത്തഞ്ഞൂറു മുതൽക്കു് ബി. സി. എണ്ണൂറുവരെയാകുന്നു.
ഉത്തരഭാരതത്തെപ്പോലെ താമ്രയുഗത്തിലേക്കു കടക്കാതെ നേരിട്ടു് ഇരുമ്പുയുഗത്തിലേക്കു് പോകയാണു് ചെയ്തിട്ടുള്ളതു്. ഇവിടെ ഇരുമ്പുയുഗം തുടങ്ങിയതു് ബി. സി. നാലായിരത്തിലാണെന്നാണു് മി. മിത്രന്റെ അഭിപ്രായം. എടക്കൽ ഗുഹയിലെ കൊത്തുചിത്രങ്ങൾ വൻശിലാപരിഷ്കാര കാലത്തിനും ഇരുമ്പുയുഗത്തിനും മുമ്പുണ്ടായി എന്നു നിശ്ചയിക്കാം. അതിനാൽ ഈ കൊത്തുചിത്രങ്ങൾ ബി. സി. നാലായിരത്തിനു മുമ്പുള്ളവയാണു്. ഇതിനു് എത്രമുമ്പു്? ഈ ചോദ്യത്തിനു് ഉത്തരം പറയുന്നതിനുമുമ്പു് ചെറുശിലാ യുഗാന്ത്യത്തിലുള്ള ഘടശിലാ കൊത്തുചിത്രങ്ങളുടേതിൽനിന്നു് എടക്കൽ കൊത്തുചിത്രങ്ങളുടെ കലാരീതി കുറേ മുമ്പോട്ടു പോയിട്ടുണ്ടെന്ന പ്രത്യക്ഷസംഗതി നാമോർക്കണം. ഇതു പരിഗണിച്ചു് എടക്കൽ കൊത്തുചിത്രങ്ങൾക്കു് ബി. സി. ഏഴായിരം മുതൽക്കു് ബി. സി. ആറായിരം വരെ എന്ന ഉദ്ദേശകാലം കൊടുക്കാം. എടക്കൽ കൊത്തുചിത്രങ്ങളുടെ കൂട്ടത്തിൽ അമ്പും വില്ലും വച്ചു നിൽക്കുന്ന മനുഷ്യന്റെ ചിത്രത്തിനും പേർസ്യയിലുള്ള സൂസയിലെ ഒന്നാം നഗരത്തിൽ കണ്ടുപിടിച്ച ഒരു മൺപാത്രത്തിലെ ചിത്രത്തിനും തമ്മിലുള്ള സാദൃശ്യവും ഏറെക്കുറെ ഈ കാലത്തെ പിന്താങ്ങുന്നുമുണ്ടു്.
എടക്കൽ കൊത്തുചിത്രങ്ങൾ മനുഷ്യരെയും മറ്റും ചിത്രീകരിക്കുന്നുവെന്നു് മുകളിൽ പറഞ്ഞുവല്ലോ. നവശിലായുഗകാലത്തെ ഈ ചിത്രകലയ്ക്കും, അതിനുമുമ്പുള്ള പ്രാചീനശിലായുഗത്തിലേതിനും തമ്മിൽ സാരമായ വ്യത്യാസമുണ്ടു്. സ്പെയിനിന്റെ കിഴക്കുഭാഗത്തും ഉത്തര ആഫ്രിക്കയിലെ ടൂണിസിലും ഭാരതത്തിലെ സെൻട്രൽ പ്രൊവിൻസിലെ സിംഗപൂർ എന്ന സ്ഥലത്തും കാണാവുന്ന ചായമിട്ട പ്രാചീനശിലായുഗചിത്രങ്ങൾ സാദൃശ്യാത്മകത്വവും (Realism) ചൈതന്യവും പുതുമയുള്ള ഒരു കലാരീതിയെയാണു് കാണിക്കുന്നതു്. നേരെമറിച്ചു്, ഘടശിലയിലെയും എടക്കൽ ഗുഹയിലെയും കൊച്ചുചിത്രങ്ങൾ സങ്കേതാത്മകങ്ങളും (conventional) ചൈതന്യശുന്യങ്ങളും, പുതുമ കുറഞ്ഞവയുമാകുന്നു. എടക്കൽ കൊത്തുചിത്രങ്ങളിൽ മനുഷ്യരെയും മറ്റും, പ്രാചീനശിലായുഗക്കാർ ചെയ്തിരുന്നതുപോലെ അവരുടെ യഥാർഥരൂപത്തിൽ വരയ്ക്കാതെ ഒരു കൃത്രിമമായ കലാസങ്കേതമനുസരിച്ചു് വരച്ചിരിക്കുന്നു. ഘടശിലയിലെയും എടക്കൽ ഗുഹയിലെയും കൊത്തുചിത്രങ്ങൾ, സെൻട്രൽ പ്രൊവിൻസിലെ സിംഗപ്പൂരിലെയും കിഴക്കൻ സ്പെയിനിലെയും പ്രാചീനശിലായുഗ ചിത്രകലയിൽ കാണുന്ന ഒരു കലാരീതി—മനുഷ്യരുടെ രൂപങ്ങൾക്കു നീളം കൂട്ടി വരയ്ക്കുന്ന രീതി—സ്വീകരിച്ചിരിക്കുന്നു. കൂടാതെ, ഈ പ്രാചീനശിലായുഗചിത്രങ്ങൾ മനുഷ്യരെ മുഖമൂടുപടങ്ങളോടുകൂടി നൃത്തം ചെയ്യുന്ന ഭാവത്തിൽ വരച്ചിരിക്കുന്നതുപോലെ, എടക്കൽ ഗുഹയിലെ കൊത്തുചിത്രങ്ങളും മനുഷ്യരെ മുഖമൂടുപടങ്ങളോടും ഉഷ്ണീഷ വിശേഷങ്ങളോടുംകൂടി നൃത്തം ചെയ്യുന്ന ഭാവത്തിലാണു് ചിത്രീകരിച്ചിരിക്കുന്നതു്. പ്രാചീനശിലായുഗചിത്രങ്ങളിൽ കാണുന്ന ഈ നൃത്തഭാവം മതസംബന്ധിയായ നൃത്തത്തെയാണു് ചിത്രീകരിക്കുന്നതെന്നു് വിദഗ്ദ്ധന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ടു്. അതുപോലെ എടക്കൽ കൊത്തുചിത്രങ്ങളും മതസംബന്ധിയായ കോലം തുള്ളലുകളെയും ദൈവം തുള്ളലുകളെയും ചിത്രീകരിക്കുന്നു എന്നു വിചാരിക്കാം. ഈ കൊത്തുചിത്രങ്ങൾ പാളയും കുരുത്തോലയും വച്ചുകെട്ടി തുള്ളാറുള്ള വേലന്മാരുടെയും മറ്റും കോലം തുള്ളലുകളെ സ്മരിപ്പിക്കുന്നു. ഒരു തെങ്ങിന്മടലോ പനമടലോ ഓല കളഞ്ഞു പിടിച്ചുകൊണ്ടു് മുഖംമൂടിയോടും ഉഷ്ണീഷത്തോടുംകൂടെ തുള്ളുന്ന ഒരു മനുഷ്യന്റെ ചിത്രവും എടക്കൽ ഗുഹയിൽ കൊത്തിയിട്ടുണ്ടു്.
പ്രാചീനശിലായുഗത്തിലെ ശിലാനിർമ്മിതങ്ങളായ ഉപകരണങ്ങളും ആയുധങ്ങളും കേരളത്തിൽനിന്നു് ഇതുവരെ കണ്ടുപിടിച്ചതായറിയുന്നില്ല. അതിനാൽ പ്രാചീനശിലായുഗത്തിൽ കേരളത്തിൽ മനുഷ്യർ നിവസിച്ചിരുന്നില്ലെന്നും, നവശിലായുഗത്തിലാണു് മനുഷ്യവാസം തുടങ്ങിയതെന്നും അനുമാനിക്കാം. എടക്കൽഗുഹയിലെ കൊത്തുചിത്രങ്ങൾ ഉദാഹരിക്കുന്ന ഈ നവയുഗകല സങ്കേതാത്മകവുമാണു്. അതിനാൽ കേരളകലയുടെ ഉത്ഭവം സങ്കേതാത്മകമായിട്ടാണെന്നു് വിചാരിക്കേണ്ടിയിരിക്കുന്നു. പ്രാചീനശിലായുഗകലയുടെ ഒരു പരിവർത്തനവും ക്ഷയവും കൊണ്ടായിരിക്കണം ഈ കല ഉത്ഭവിച്ചതു്. പക്ഷേ, ഈ ആദ്യത്തെ സങ്കേതാത്മകമായ കേരളകലയുടെ പൂർവികസ്ഥാനമുള്ള പ്രാചീനശിലായുഗത്തിലെ സാദൃശ്യാത്മക കല കേരളത്തിനു പുറമെയാണു് ജനിച്ചതു്. അതിന്റെ പുതിയ രൂപമായ സങ്കേതാത്മകകലയോടു കൂടിയായിരിക്കാം കേരളത്തിലെ ആദിമനിവാസികൾ പുറമെ നിന്നും കേരളത്തിൽ കുടിയേറിപ്പാർത്തതു്. അതിനാൽ ഉത്ഭവം എങ്ങനെയായാലും കേരളത്തിൽ കല ആദ്യമായി ജനിച്ചതു്, സങ്കേതാത്മക രീതിയോടുകൂടിയാണു്. പിന്നെയും കേരളം കല സംബന്ധിച്ചു ലോകത്തിൽ പേരെടുത്തിട്ടുണ്ടെങ്കിൽ അതു് കൊത്തുപണിയിൽ മാത്രമാണു്. ഇവിടുത്തെ മരത്തിലും ദന്തത്തിലുമുള്ള കൊത്തുപണി പ്രസിദ്ധിനേടിയിട്ടുണ്ടു്. ഇങ്ങനെ കേൾവികേട്ട കേരളത്തിലെ കൊത്തുപണിയുടെ പ്രാരംഭദശയെയാണു്, നാം എടക്കൽഗുഹയിലെ കൊത്തുചിത്രങ്ങളിൽ കാണുന്നതും.
എടക്കൽ ഗുഹയിലെ കൊത്തുചിത്രങ്ങൾ ചിത്രീകരിക്കുന്ന മനുഷ്യർ ഏതു വർഗ്ഗത്തിൽപ്പെട്ടവരാണെന്നു് ഇനി കണ്ടുപിടിക്കാൻ ശ്രമിക്കാം. പ്രൊഫ. ഗിയുഫ്രിഡാ റുഗേറിയുടെ (Ruggeri) ‘ഏഷ്യയിലെ നരവംശശാസ്ത്രം’ എന്ന പ്രാമാണിക ഗ്രന്ഥത്തെ ആസ്പദിച്ചു് ഈ മനുഷ്യർ ദ്രാവിഡരുടെയും ആര്യന്മാരുടെയും വരവിനുമുമ്പ് ഇന്ത്യയിൽ പാർത്തിരുന്ന ആസ്ത്രലോ വേടർ എന്ന നരവംശത്തിൽപ്പെടുമെന്നു് ഈ ലേഖകൻ വിചാരിക്കുന്നു. മധ്യേന്ത്യയിലെ ഗാണ്ഡ്, മുണ്ഡ, ഹോസ് മുതലായ വർഗ്ഗക്കാരും കേരളത്തിലെ മലവേടൻ, മുള്ളുക്കുറുമ്പൻ, പണിയൻ, ചെറുമൻ എന്നീ വർഗ്ഗക്കാരും ഈ ആസ്ത്രലോവേടർ എന്ന നരവംശത്തിൽപ്പെട്ടവരാണു്. പ്രത്യേകിച്ചു് എടക്കൽ ഗുഹയിലെ കൊത്തുചിത്രങ്ങൾ കൊത്തിയതു് എടക്കൽമലയ്ക്കു സമീപം ഇന്നു കാണുന്ന മുള്ളുക്കുറുമ്പരുടെ പൂർവികരാണെന്നു് ഈ ലേഖകനു തോന്നുന്നു. വയനാടൻ ചെട്ടികൾ ആണ്ടിലൊരിക്കൽ എടക്കൽ മലയിലെ ബത്തേരി റോക്കു കൊടുമുടിയിൽ ചെന്നു് മുടിയംപിള്ളി എന്നൊരു ദേവിയെ ആരാധിക്കാറുണ്ടെന്നു് മി. ഫാസെറ്റു ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ഈ വയനാടൻ ചെട്ടികൾ സാധാരണയായി ചെട്ടികളെന്നറിയപ്പെടുന്നവരല്ല, പുലികളെ വലവച്ചു പിടിക്കുന്ന ഒരുമാതിരി വേടജാതിക്കാരാണു്. വയനാട്ടിൽ കാണുന്ന കർണാടക ദേശീയരായ എടനാടൻ ചെട്ടികൾക്കും മന്ദാടൻ ചെട്ടികൾക്കും, പ്രസ്തുത വയനാടൻ ചെട്ടികൾക്കും തമ്മിൽ വലിയ വ്യത്യാസമുണ്ടു്. വയനാടൻ ചെട്ടികൾക്കിടയിൽ തങ്ങൾ തമിഴകത്തുനിന്നു വന്ന വെള്ളാളരാണെന്നു് ഒരൈതിഹ്യമുണ്ടെങ്കിലും അതു് വിശ്വാസയോഗ്യമാണെന്നു് ഈ ലേഖകനു തോന്നുന്നില്ല. ദ്രാവിഡ നരവംശത്തിൽപ്പെട്ട മൈസൂരിലെയും കർണാടക ദേശങ്ങളിലെയും ബേഡർ അഥവാ ബോയർ എന്ന വർഗ്ഗത്തിനു സദൃശ്യരായി പണ്ടു കേരളത്തിലുണ്ടായിരുന്നവരുടെ സന്താനങ്ങളാണു് വയനാടൻ ചെട്ടികളെന്നു് ഈ ലേഖകൻ വിചാരിക്കുന്നു. ഈ ബോയർ ജാതിക്കാരും മലവേടന്മാരും ഒരേ വംശത്തിൽപ്പെട്ടവരല്ലെന്നും ബോയർ ദ്രാവിഡവംശത്തിലും മലവേടർ ആസ്ത്രലോവേടവംശത്തിലും പെട്ടവരാണെന്നും പ്രത്യേകം ഓർമിക്കണം. വയനാടൻ ചെട്ടികൾക്കു പുറമേ മുള്ളുക്കുറുമ്പരും എടക്കൽ ഗുഹയെ ബഹുമാനിക്കുന്നു എന്നും എന്നാൽ, പണിയർ ഇങ്ങനെ ചെയ്യുന്നില്ലെന്നും മി. ഫാസെറ്റ് ചൂണ്ടിക്കാണിക്കുന്നുണ്ടു്. ഈ മുള്ളുക്കുറുമ്പന്മാർ ആസ്ത്രലോവേടർ വംശത്തിൽപ്പെട്ടവരാണുതാനും. അതിനാലത്രേ മുള്ളുക്കുറുമ്പന്മാരുടെ പൂർവികരാണു് എടക്കൽഗുഹയിലെ കൊത്തുചിത്രങ്ങൾ കൊത്തിയതെന്നു് ഈ ലേഖകൻ വിചാരിക്കുന്നതു്. എടക്കൽ കൊത്തുചിത്രങ്ങളിൽ അമ്പും വില്ലും വച്ചു നിൽക്കുന്ന മനുഷ്യന്റെ പടത്തിൽനിന്നു് ആ കൊത്തുചിത്രങ്ങൾ കൊത്തിയ വർഗ്ഗക്കാർക്കു് സാധാരണ പൊക്കത്തിലും കുറഞ്ഞ പൊക്കമേ ഉണ്ടായിരുന്നുള്ളു എന്നു് സ്പഷ്ടമാകുന്നു. ആസ്ത്രലോവേടർ വംശക്കാർക്കും ഈ പൊക്കമേയുള്ളു. ഈ മുള്ളുക്കുറുമ്പരുടെ ആധിപത്യത്തിനുശേഷം ദ്രാവിഡവംശത്തിൽപ്പെട്ട വയനാടൻ ചെട്ടികൾ വയനാട്ടിന്റെ നാഥന്മാരായിത്തീർന്നിരിക്കണം. ഇവരുടെ രാജാക്കന്മാരിൽ നിന്നാണു് എ. ഡി. 10-ാം ശതാബ്ദത്തോടടുപ്പിച്ച വടക്കൻ കോട്ടയം രാജാക്കന്മാരും കുറുമ്പ്രനാടു് രാജാക്കന്മാരും വയനാട്ടിന്റെ തെക്കൻ ഭാഗങ്ങളെ കൈവശപ്പെടുത്തിയതു്. ഇങ്ങനെ ദ്രാവിഡരുടെ വരവിനുമുമ്പ് നവശിലായുഗത്തിൽ കേരത്തിൽ നിവസിച്ചിരുന്ന ആസ്ത്രലോവേടർ വർഗ്ഗത്തിൽപ്പെട്ട കുറുമ്പരാണു് എടക്കൽഗുഹയിലെ കൊത്തുചിത്രങ്ങൾ കൊത്തിയതെന്നാണു് ഈ ലേഖകന്റെ അഭിപ്രായം.
എടക്കൽഗുഹയിലെ കൊത്തുചിത്രങ്ങളുടെ കാലത്തിനുശേഷം ആറായിരത്തോളം വർഷം കഴിഞ്ഞാണു് മേൽപ്പറഞ്ഞ ശിലാലേഖന ചിത്രത്തിൽ അടിയിൽ പകർത്തിയിട്ടുള്ള ലേഖനം കൊത്തിയതെന്നു് ഈ ലേഖകൻ വിചാരിക്കുന്നു. ഇതു് എഴുതിയിരുന്ന ലിപി പ്രാചീനലിപി വിദഗ്ധന്മാർ ‘കേവു്’ എന്നു പേരിട്ടിട്ടുള്ളതും അശോകനുശേഷമുണ്ടായതുമായ ഒരു ബ്രാഹ്മി ലിപിയാണു്. ഇതുവരെ വായിച്ചിട്ടില്ലാത്ത ഈ ലേഖനം. ‘സകമുനേവേരകോവ (ഹു) ദാനം’ എന്നു വായിക്കാമെന്നു് ഈ ലേഖകൻ വിചാരിക്കുന്നു. പാതി മാഞ്ഞുപോയതിനാൽ ലേഖനപ്പകർപ്പിൽ മുഴുവനും വരാത്ത ആദ്യത്തെ അക്ഷരമായ ‘സ’യുടെ രൂപത്തിന്റെ ഒട്ടുമുഴുക്കാലും മി. ഫാസെറ്റ് എടുത്തിട്ടുള്ള ഈ ലേഖനം കൊത്തിയിട്ടുള്ള ചുമരിന്റെ ഫോട്ടോയിൽ കാണാം. ലേഖനപ്പകർപ്പിൽ ‘സ’യുടെ നടുവിലത്തെ കീഴ്പ്പോട്ടുള്ള വരമാത്രം കാണുന്നതിനാൽ, അതു ‘ര’ ആണെന്നു തോന്നും. പക്ഷേ, ഈ ‘ര’യുടെ ഇരുവശങ്ങളിലും പകർപ്പിൽത്തന്നെ ചില കുത്തുകൾ കാണുന്നതു് ‘സ’യുടെ അവശിഷ്ടങ്ങളാണെന്നു ഫോട്ടോയും പകർപ്പും സൂക്ഷിച്ചു പഠിച്ചാൽ മനസ്സിലാക്കാം. സ്ക്വയർ ബ്രാക്കറ്റിൽ ഇട്ടിട്ടുള്ള ‘ഹു’ എന്ന അക്ഷരം ലേഖനത്തിനു് അടിയിൽ കൊത്തിയിട്ടുള്ളതാണു്. ‘വ’യുടെ മുകളിൽ ഒരു ഒമിഷൻ മാർക്കു് ഇട്ടിട്ടുള്ളതു് ‘വ’യ്ക്കുശേഷം ഒരക്ഷരം വിട്ടുപോയി എന്നും അതു് അടിയിൽ ചേർത്തിട്ടുണ്ടെന്നും കാണിക്കാനാണു്. ‘വേ’യുടെ അടിയിൽ ‘ഉ’ എന്ന അക്ഷരം കൊത്തിയിട്ടുളളതുപോലെ ഫോട്ടോവിൽ നിന്നു തോന്നുന്നു. ‘വേ’ എന്ന അക്ഷരത്തിലെ രകാരം ‘വേ’യുടെ അടിയിൽ കീഴ്പോട്ടുള്ള ഒരു വരകൊണ്ടാണു് ശിലാലേഖനത്തിൽ സൂചിപ്പിച്ചിട്ടുള്ളതു്. ഈ രകാരത്തിന്റെ അടയാളം ‘വേ’യുടെ കീഴിൽ ചേർക്കുവാൻ ഈ ലേഖനത്തിലുള്ള പകർപ്പിന്റെ കോപ്പി എഴുതിയപ്പോൾ ഈ ലേഖകൻ വിട്ടുപോയെന്നും അതുണ്ടെന്നുകൂടി മനസ്സിൽ വിചാരിച്ചു വേണം ലേഖനം വായിക്കേണ്ടതെന്നും ഇവിടെ പറഞ്ഞുകൊള്ളട്ടെ. പാലിഭാഷയിലുള്ള ഈ ലേഖനത്തിന്റെ സംസ്കൃതരൂപം ‘ശാക്യമുനേ ഒവരകോ ബഹുദാനം’ എന്നാണു്. ‘വേ’യുടെ അടിയിൽ ചേർത്തിട്ടുള്ള ‘ഉ’ എന്ന അക്ഷരവും കൂട്ടിച്ചേർത്തു വായിക്കുകയാണെങ്കിൽ അതു് ‘സകമുനേർ ഉവേരകോവഹുദാനം’ എന്നുവരും. ഇതു സംസ്കൃതസന്ധി പ്രകാരം തെറ്റായതുകൊണ്ടു് ‘ഉ’ വിട്ടു വായിക്കുകയാണു് നല്ലതെന്നു തോന്നുന്നു. ഈ ലേഖനത്തിന്റെ അർഥം ശാക്യമുനിയുടെ (ബുദ്ധന്റെ) ഒവരകകൾ പലതു ദാനം ചെയ്തു എന്നാണു്. ഒവരക എന്ന പദത്തെ ആരാധനയ്ക്കുള്ള ഗുഹ എന്ന അർത്ഥത്തിൽ പാലി ഭാഷയിലും കേവു് ലിപിയിലുമുള്ള ശിലാലേഖനങ്ങളിൽ ധാരാളമായി ഉപയോഗിച്ചിരിക്കുന്നു.
ഇനി ലേഖനത്തിന്റെ കാലം കണ്ടുപിടിക്കാൻ ശ്രമിക്കാം: ‘ദാ’ എന്ന അക്ഷരത്തിന്റെ നടുവിലത്തെ വളവിന്റെ മുകളിലും താഴെയുമുള്ള വരകൾക്കു് നീളം കുടുതലായി കാണുന്നതിനാൽ ബ്യൂളരു ടെ (Buhler) അഭിപ്രായമനുസരിച്ചു് ഈ ലേഖനം ബി. സി. 200-നടുപ്പിച്ചു കൊത്തിയതെന്നുവേണം വിചാരിക്കുക. ‘മുനേ’ എന്ന പദത്തിലെ ‘ന’യുടെ അപൂർവരുപം അശോകന്റെ മൈസൂറിലുള്ള സിദ്ധിപുരം ഒന്നാം ശിലാലേഖനത്തിലും കാണാവുന്നതാണു്. ‘വേ’യിലെ രകാരം അടിയിൽ ചേർക്കാതെ മുകളിൽ ചേർത്തിട്ടുള്ളതും, ഈ ലേഖനത്തിനും അശോകനും വലുതായ കാലാന്തരമില്ലെന്നു സൂചിപ്പിക്കുന്നു. ഈ കാരണങ്ങളാൽ ഈ ലേഖനത്തിന്റെ കാലം ബി. സി. 200-നും 150-നും ഇടയ്ക്കാണെന്നു് ഈ ലേഖകൻ വിചാരിക്കുന്നു. ബി. സി. 242-ൽ മരിച്ച അശോക ചക്രവർത്തിയുടെ സുപ്രസിദ്ധമായ ശിലാലേഖനങ്ങളിൽ നിന്നു് മൗര്യസാമ്രാജ്യത്തിൽ മൈസൂരിലെ വടക്കൻ താലൂക്കുകൾ വരെയുള്ള പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നു എന്നും, അതിനു തെക്കുള്ള ചോഴം, പാണ്ഡ്യം, കേരളപുത്രം, സതീയപുത്രം (ഈ ഒടുവിൽ പറഞ്ഞതു് കാഞ്ചീപുരത്തിനു സമീപമുള്ള പ്രദേശമാണെന്നു് ഈ ലേഖകൻ വിചാരിക്കുന്നു എന്നു് ഇടയ്ക്കു പറഞ്ഞുകൊള്ളട്ടെ) എന്നീ രാജ്യങ്ങളിലേക്കു് അദ്ദേഹം ബുദ്ധമതപ്രചാരകരെ അയച്ചിരുന്നു എന്നും നമുക്കു വിചാരിക്കാം. ഈ മതപ്രചാരകരായിരിക്കും അന്നു കേരളത്തിൽ ഉൾപ്പെട്ടിരുന്ന വയനാട്ടിൽ വന്നു് അവിടെ പ്രചാരമുണ്ടാക്കിയിരുന്നു എന്നു് ഈ എടക്കൽ ലേഖനം പ്രത്യക്ഷപ്പെടുത്തുന്ന ബുദ്ധമതം അവിടെ സ്ഥാപിച്ചതു്. എ. ഡി. രണ്ടാം ശതാബ്ദത്തിൽ പ്രസിദ്ധ യവന ഭൂമിശാസ്ത്രജ്ഞനായ ടോളമി രചിച്ച ഏഷ്യയുടെ ഭൂമിശാസ്ത്രത്തിൽ പസഗെ (അതായതു് മൈസൂരിന്റെ പശ്ചിമഭാഗത്തു ഹൻസൊഗെ) കേരളപുത്ര രാജാവിന്റെ രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു എന്നും അനുമാനിക്കാവുന്നതാണു്. ബി. സി. രണ്ടാം ശതാബ്ദത്തിൽ കേരളത്തിൽ ബുദ്ധമതം പ്രചരിച്ചിരുന്നു എന്നും, അന്നു് എടക്കൽഗുഹ ബുദ്ധഭിക്ഷുക്കളുടെ ഒരു ഗുഹയായിരുന്നു എന്നും ഈ എടക്കൽ ലേഖനത്തിൽനിന്നും വിചാരിക്കാവുന്നതാണു്.
ഈ ലേഖനത്തിലുള്ള ശിലാലേഖന ചിത്രത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള ശിലാലേഖനം ഡോക്ടർ ഹുൾട്ട്ഷ് പാതി വായിച്ചിരുന്ന ഗുഹയിലെ ഒരു പ്രാചീന തമിഴു് ലേഖനത്തിന്റെ വായിക്കാത്ത ശിഷ്ടഭാഗമാകുന്നു. ഗുഹയിലെ ചുമരിന്റെ മുകളിലത്തെ വരിയിൽ കൊത്തിയിട്ടുള്ള ഈ ലേഖനത്തിന്റെ ആദ്യഭാഗം ‘പൽപുലിതാനന്തകാരി’ എന്നും അടിയിലത്തെ വരിയിലുള്ള ലേഖനം മുഴുവനും ‘ശ്രീവിഷ്ണുവർമ കുടുംബീയ കുലവർദ്ധനസ്യലിഖിത’ എന്നും ഡോക്ടർ ഹുൾട്ട്ഷ് വായിച്ചിട്ടുണ്ടു്. മുകളിലത്തെ വരിയുടെ ഉത്തരഭാഗമാണു് ഇതിലുള്ള ശിലാലേഖന ചിത്രത്തിൽ ചേർത്തിട്ടുള്ളതു്. ഇതിനെ ‘വേട്കോപണാകചം നന്നുചത്തി’ എന്നു വായിക്കാമെന്നു് ഈ ലേഖകൻ വിചാരിക്കുന്നു. അപ്പോൾ ഇതിന്റെ ആദ്യത്തെ ഭാഗവും കുട്ടിച്ചേർത്താൽ ഇതു് ‘പൽപുലിതാനന്തകാരി വേടു് കോപണാകചം നന്നുചത്തി’ എന്നു വരുന്നതാണു്. ഇതിന്റെ അർഥം, പല പുലികളെ കൊന്നൊടുക്കിയ വേടു് കോവനായ നാഗവംശജൻ നന്നു ശക്തി എന്നാണു്. വേട്കോ അഥവാ വേടു് കോവൻ എന്ന പദത്തിനു് ചെന്തമിഴിൽ കുശവൻ എന്ന അർത്ഥമുണ്ടെന്നു് മണിമേകലയിലെ,
“പൈന്നിണ വിലൈ ഞർ, പാചവർ വാചവ-
രെന്നു നർ മറുകുമിരുങ്കോവടു് കളു”
എന്ന വരികളും തമിഴു് സംഘത്തിന്റെ അധ്യക്ഷനായിരുന്ന സുപ്രസിദ്ധനായ നക്കീരാരും കൊണ്ടാൻ എന്ന വേട്കോവും തമ്മിൽ സംസ്കൃതത്തിന്റെയും തമിഴിന്റെയും മേന്മയയെപ്പറ്റി നടന്ന തർക്കത്തെപ്പറ്റിയുള്ള ഐതിഹ്യത്തെ സൂചിപ്പിക്കുന്ന പഴയപാട്ടിലെ,
“മരണത്തിൽ പൊതിയിൻ മുതർ പുത്തേൾ വാഴി
പരണ കലിലരും വാഴി, അരണിചാ
ആനന്ദവേടു് കയാൻ വേടു് കൊക്കുയക്കൊണ്ടാൻ
ആനന്ദഞ്ചേർ കവുവാകാ”
എന്ന വരികളും കാണിക്കുന്നുണ്ടു്. എന്നാൽ ചില ശിലാലേഖനങ്ങളിൽ നിന്നു് വേട്കോവൻ എന്നതു് പരമ്പരയായി ഒരു പ്രാചീനഗ്രാമമുഖ്യന്റെ ഉദ്യോഗസ്ഥരാണെന്നു് അനുമാനിക്കേണ്ടിയിരിക്കുന്നു. ഉദാഹരണമായി, ദക്ഷിണതിരുവിതാംകുറിലെ പാർഥിവശേഖരപുരം ക്ഷേത്രത്തിലുള്ള കൊല്ലം 98-ലെ ഒരു ശിലാലേഖനത്തിൽ, ഒരാൾ രണ്ടു നന്ദാവിളക്കുകളുടെ ചെലവിലേക്കായി രണ്ടു പടത്തലവന്മാരുടെ പക്കൽ ഏഴേഴു് എരുമകൾ വീതം ഏൽപ്പിച്ചതായി പറഞ്ഞിരിക്കുന്നു. അനന്തരം “ഇവ്വുർ വേട്കോവ നാകിന്റെ ചെങ്കോടനും തമ്പി മരുമക്കളും അമ്പലവും വാതിൽമാടവും ചുറ്റുമണ്ടപമും അഴിവു ചെല… കടവർ” എന്ന ലേഖനത്തിൽ കാണുന്നു. ‘കടവർ’ എന്നതിനു മുമ്പ് കുറേ അക്ഷരങ്ങൾ മാഞ്ഞുപോയിട്ടുണ്ടു്. എന്നാലും ഇതിന്റെ അർഥം വേട്കോവനായ ചെങ്കോടനും കുടുംബവും ആ ക്ഷേത്രം നിലനിൽക്കുന്ന കാലത്തോളം നന്ദാവിളക്കുകൾക്കുണ്ടായ ഈ ദാനത്തെ കാത്തുരക്ഷിക്കണം എന്നാണെന്നു് അനുമാനിക്കാവുന്നതാണു്. വേട്കോവർ എന്ന ഒരു വർഗ്ഗത്തെയോ ഉദ്യോഗസ്ഥവൃന്ദത്തെയോപറ്റി കൊംഗുദേശത്തെ (അതായതു് കോയമ്പത്തൂർ, സേലം എന്നീ ജില്ലകളിലെ) ശിലാലേഖനങ്ങളും പ്രസ്താവിക്കുന്നുണ്ടു്. സുപ്രസിദ്ധനായ കരികാലചോഴൻ ഒരിക്കൽ നശിപ്പിച്ച സഹ്യപർവ്വത പ്രാന്തസ്ഥമായ അരയം എന്നൊരു തലസ്ഥാനവും, സ്വർണ്ണം വിളയുന്ന ഒരു മലയുള്ളതും എ. ഡി. പന്ത്രണ്ടാം ശതാബ്ദത്തിൽ പ്രബലമായിത്തീർന്ന മൈസൂറിലെ ഹൊയ്സള രാജവംശത്തിന്റെ സ്ഥാപകനെ സംബന്ധിച്ചുള്ള ഐതിഹ്യത്തിനു് തുല്യമായ ഒരൈതിഹ്യം സ്ഫുരിക്കുന്ന ‘പുലികടിമാൽ’ എന്ന ബിരുദമുള്ളതുമായ ഇരുങ്കോവേൾ എന്നൊരു ക്ഷത്രിയ രാജവംശത്തെവപ്പറ്റി, തമിഴു് സംഘകവിയായ കപിലർ പുറനാനൂറിൽ ചേർത്തിട്ടുള്ള രണ്ടു പാട്ടുകളിൽ പ്രസ്താവിച്ചിട്ടുണ്ടു്. വയനാട്ടിൽ വൻശിലായുഗകാലത്തു് സ്വർണ്ണഖനികളിൽ നിന്നു് സ്വർണ്ണം കുഴിച്ചെടുത്തിരുന്നതിനു ലക്ഷ്യമുണ്ടെങ്കിലും, ഇരുങ്കോവർ രാജകുടുംബത്തിനും എടക്കൽ ലേഖനത്തിലെ പുലികളെ കൊന്ന വേട്കോവനായ നന്നുശക്തിക്കും തമ്മിൽ വല്ല ഛായയുമുണ്ടോ എന്നു തൽക്കാലം നിർണ്ണയിക്കാൻ സാധിക്കുകയില്ല.
മൈസൂറിലെ പാവഗഡ എന്ന സ്ഥലത്തു നിന്നു ലഭിച്ചിട്ടുള്ള എ. ഡി. എട്ടാം ശതാബ്ദത്തിലെ ഒരു ശിലാലേഖനത്തിൽ മാഗുത വൈരശക്തി കുലത്തിൽപ്പെട്ട ഒരു പരമേശ്വരദേവശക്തിയെയും വടുക്കണ്ണശക്തിയെയും പറ്റി പറയുന്നുണ്ടു്. മൈസൂറിലെ ഒരു പശ്ചിമജില്ലയിലെ ഹാസ്സൻ ഡിസ്ട്രിക്ടിൽ എ. ഡി. എട്ടാം ശതാബ്ദത്തിനു മുമ്പുതന്നെ ഭാനുശക്തി, ആദിത്യശക്തി മുതലായ ശക്തി എന്ന പദത്തിൽ അവസാനിക്കുന്ന പേരുകളുള്ളവരും, നാഗവംശത്തിൽപ്പെട്ടവരുമായ സ്വേന്ദക കുലരാജാക്കന്മാർ ഉണ്ടായിരുന്നു എന്നു് പ്രാചീനശിലാലേഖനങ്ങളും ചെമ്പുപട്ടയങ്ങളും കാണിക്കുന്നുണ്ടു്. എടക്കൽ ഗുഹയിലെ നന്നുശക്തിയും ഇതുപോലെ നാഗവംശത്തിൽപ്പെട്ട ഒരു ഗ്രാമീണോദ്യോഗസ്ഥനോ പ്രഭുവോ ആയിരിക്കണം. നന്നുകൻ, നന്ദൻ എന്നീ പേരുകൾ പണ്ടുണ്ടായിരുന്നു എന്നു് ശിലാലേഖനങ്ങളും തമിഴു് സംഘകാവ്യങ്ങളും സ്ഥാപിക്കുകയും ചെയ്യുന്നു.
കുടുംബി കുലത്തിൽപ്പെട്ട വിഷ്ണുവർമന്റെ പേരുപറയുന്ന ഗുഹയിലെ അടിയിലുള്ള വരിയിലെ ലേഖനവും മുകളിലത്തെ ലേഖനവും രണ്ടുതരം ലിപികളിൽ എഴുതിയിരിക്കുന്നതിനാൽ മുകളിലത്തെ വരിയുടെ തുടർച്ചയല്ല രണ്ടാമത്തെ വരി എന്നു് ഈ ലേഖകൻ വിചാരിക്കുന്നു. വിഷ്ണുവർമനെപ്പറ്റി പറയുന്ന താഴത്തെ വരി ഡോക്ടർ ഹുൾട്ട്ഷ് ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, എ. ഡി. 500-നു സമീപിച്ചുള്ള പൂർവചാലൂക്യലിപിയിൽ (കുറേക്കൂടി സൂക്ഷ്മമായി പറയുകയാണെങ്കിൽ പ്രാചീനകദംബര രാജാക്കന്മാർ ഉപയോഗിച്ചിരുന്ന ലിപിയിൽ) ആണു് എഴുതിയിട്ടുള്ളതു്. ഈ പൂർവചാലൂക്യലിപിയിൽ നിന്നാണു് പിൽക്കാലത്തു് കർണാടകലിപിയും തെലുങ്കുലിപിയും ഉണ്ടായതു്. നന്നുശക്തിയെപ്പറ്റി പറയുന്ന ലേഖനം അതിപ്രാചീനമായ തമിഴു് ലിപിയിൽ എഴുതിയിരിക്കുന്നു. കേരളത്തിൽ പിൽക്കാലത്തു പ്രചാരമുണ്ടായിരുന്ന വട്ടെഴുത്തു ലിപിയല്ല ഇതു്. ‘നന്നു’ എന്നതിന്റെ ഒടുവിലത്തെ ‘നു’ എന്ന അക്ഷരത്തിനും ‘വത്തി’ എന്നതിലെ ‘ത’ എന്ന അക്ഷരത്തിനും മാത്രമേ വട്ടെഴുത്തിന്റെ ഛായയുള്ളു. ഇന്നു് അതിപ്രാചീന തമിഴു് ലിപിയിലായി കരുതിവരുന്ന തിരുനാഥക്കുന്നിലെ ജൈനശിലാലേഖനത്തിലെ ലിപിയെക്കാൾ അധികം പ്രാചീനമായ ഒരു തമിഴു് ലിപിയാണു് ഈ എടക്കൽ തമിഴു് ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്നതും.
നന്നുശക്തി ഒരു രാജാവല്ലെന്നും, ഒരു ഗ്രാമീണ ഉദ്യോഗസ്ഥനോ, പ്രഭുവോ മാത്രമാണെന്നുമാണു് ഈ ലേഖകനും തോന്നുന്നതു്. വിഷ്ണുവർമൻ കുടുംബിവംശത്തിലെ ഒരു സാമന്തരാജാവാണെന്നു് അദ്ദേഹത്തിന്റെ ലേഖനം കാണിക്കുന്നു. ഈ കുടുംബി (കുടുമി) കുലരാജാവു് വയനാടൻചെട്ടികളുടെ വർഗ്ഗത്തിൽപ്പെട്ടവനായിരുന്നു എന്നു് ഈ ലേഖകൻ വിചാരിക്കുന്നു. ഇന്നു കുടുമിച്ചെട്ടി എന്നു പേരുള്ളതു് ഗൗഡസാരസ്വതശുദ്രർക്കാണു്. കുടുംബിവംശജനായ വിഷ്ണുവർമൻ പ്രാചീന കദംബരാജാവായ രവിവർമന്റെ (ഉദ്ദേശം ബി. സി. 497–537) കീഴിലോ അദ്ദേഹത്തിന്റെ സമകാലീനരായ ത്രിപർവത (ഹലേബീഡ്) കദംബരാജാക്കന്മാരായ വിഷ്ണുവർമന്റെയും സിംഹവർമന്റെയും കീഴിലോ നാടുവാണിരുന്നിരിക്കാനിടയുണ്ടു്. രവിവർമന്റെ ഒരു ചെമ്പുപട്ടയം നിലമ്പൂരിൽ നിന്നു കണ്ടെടുത്തിട്ടുള്ള വസ്തുതയും, രവിവർമന്റെ സാമ്രാജ്യത്തിൽ വയനാടിനെ തൊട്ടുകിടക്കുന്ന മൈസൂർ ജില്ലയിലെ ഏതാനും ഭാഗങ്ങൾ ഉൾപ്പെട്ടിരുന്നു എന്നുള്ള സംഗതിയും ഇവിടെ സ്മരണീയമാണു്. എ. ഡി. നാലാം ശതാബ്ദത്തിന്റെ ഉത്തരാർദ്ധത്തിൽ മയൂരവർമൻ കദംബരാജവംശത്തെ പ്രബലമാക്കിച്ചമച്ചതോടുകൂടി വയനാടിന്റെ മിക്കഭാഗങ്ങളും കേരളരാജാവിന്റെ കൈവശത്തുനിന്നു വിട്ടുപോയിരുന്നിരിക്കണം. കുടുംബിവംശജനായ എടക്കൽ ലേഖനത്തിലെ വിഷ്ണുവർമൻ തിരുനെല്ലിക്കടുത്തുള്ള ഭാഗമൊഴിച്ചു വയനാടിന്റെ മറ്റെല്ലാഭാഗങ്ങളും നീലഗിരിയിലെ ഗുഡല്ലൂറിനു സമീപമുള്ള പ്രദേശങ്ങളും ഭരിച്ചിരുന്നിരിക്കുവാനിടയുണ്ടു്. തിരുനെല്ലിക്കു് സമീപമുള്ള നാലംശങ്ങളൊഴിച്ചു് വയനാടിന്റെ മറ്റെല്ലാഭാഗങ്ങളും ഒരു വേടരാജവംശം ഭരിച്ചിരുന്നു എന്നും ഒരു തുളുരാജാവായ കാബ്ലിയിലെ രാജാവിനെ തിരുനെല്ലിക്ഷേത്രത്തിലേക്കു പോകുന്ന വഴിക്കുവച്ചു് പ്രസ്തുത വേടവംശത്തിൽപ്പെട്ട രാജാവു് തടവുകാരനാക്കിയെന്നും തടവുകാരനായ കാംബ്ലിയിലെ രാജാവിന്റെ അപേക്ഷയനുസരിച്ചു് വടക്കൻ കോട്ടയം രാജാവും അദ്ദേഹത്തിന്റെ ബന്ധുവായ കുറുമ്പ്രനാട്ടുരാജാവും കൂടി പ്രസ്തുതവേടരാജാവിനെ തോൽപ്പിച്ചു് വയനാടിനെ തമ്മിൽ വീതിച്ചെടുത്തു എന്നുമുള്ള ഐതിഹ്യം മി. ഗോപാലൻനായർ വയനാടിനെപ്പറ്റിയുള്ള തന്റെ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ടു്. ഈ വേടരാജവംശം എടക്കൽ ലേഖനത്തിലെ കുടുംബി വിഷ്ണുവർമന്റെ വംശമാണെന്നു് ഈ ലേഖകൻ വിചാരിക്കുന്നു. കോട്ടയം രാജവംശത്തിന്റെ ഉത്ഭവം എ. ഡി. ഒമ്പതാം ശതാബ്ദത്തിലാണെന്നു വിചാരിക്കാൻ കാരണമുള്ളതിനാൽ മി. ഗോപാലൻനായർ പ്രസ്താവിക്കുന്ന സംഭവം നടന്നതു് എ. ഡി. പത്താം ശതാബ്ദത്തിലായിരിക്കുമെന്നു് ലേഖകനു തോന്നുന്നു.
അവസാനമായി എടക്കൽ ഗുഹയിലെ കൊത്തുചിത്രങ്ങളെക്കുറിച്ചു് രണ്ടുവാക്കു പറഞ്ഞുകൊള്ളട്ടെ. ഇന്ത്യാ ഗവൺമെന്റിന്റെയും മദ്രാസ് ഗവൺമെന്റിന്റെയും ആർക്കിയോളജി വകുപ്പുകൾ കൃത്യാന്തര ബാഹുല്യത്താൽ കേരളത്തിലെ പ്രാചീനലേഖനങ്ങളുടെയും സ്മാരകങ്ങളുടെയും കണ്ടുപിടിത്തത്തിലും സംരക്ഷണത്തിലും അധികം ശ്രദ്ധപതിപ്പിക്കാറില്ല. കൊച്ചിയിലെയും തിരുവിതാംകുറിലെയും ഗവൺമെന്റുകൾ ഇപ്പോൾ കേരളത്തിലെ മധ്യകാലചിത്രങ്ങൾ ശേഖരിക്കുവാൻ തുടങ്ങിയിരിക്കുന്ന സ്ഥിതിക്കു് അവരെങ്കിലും എണ്ണായിരത്തോളം വർഷങ്ങൾക്കു മുമ്പുള്ള കേരളചിത്രകലയുടെ അഥവാ കേരള കൊത്തുപണിക്കലയുടെ മാതൃകകളായ എടക്കൽ കൊത്തു ചിത്രങ്ങൾ മുഴുവനും പകർത്തി തങ്ങളുടെ ചിത്രശാലകളിൽ സൂക്ഷിച്ചു വയ്ക്കേണ്ടതാണു്. എന്നാൽ മാത്രമേ കേരള ചിത്രകലയുടെ പ്രാരംഭം മുതൽക്കുള്ള ചരിത്രം ഗ്രഹിക്കുവാൻ കേരളീയർക്കു സാധിക്കുകയുള്ളു.
മാതൃഭൂമി വിശേഷാൽ പ്രതി
1938
കേസരി ബാലകൃഷ്ണപിള്ളയുടെ ലഘുജീവചരിത്രക്കുറിപ്പു്.