‘പോസ്റ്റ് ഇംപ്രഷണിസം’ ആണു് പാശ്ചാത്യ ലോകത്തു് ഇന്നു് അധികമായി പ്രചാരമുള്ള ചിത്രകലാ പ്രസ്ഥാനം. ഈ പദത്തിന്റെ അർത്ഥം ‘ഇംപ്രഷണിസം’ എന്ന ചിത്രകലാ പ്രസ്ഥാനത്തിനു ശേഷം ജനിച്ച പ്രസ്ഥാനമെന്നാണു്. 1910-ൽ ഇംഗ്ലണ്ടിൽ ഗ്രാഫ്ടൻ ചിത്രശാല യിൽ പ്രദർശിപ്പിക്കപ്പെട്ട സേസൻ (Cezanne), ഗോഗിൻ, വാൻഗോഗ്, മതിസ് മുതലായ ചില ആധുനിക ഫ്രഞ്ച് ചിത്രകാരരുടെ ചിത്രങ്ങൾക്കു് പൊതുവെ റോജർ ഫ്രൈ എന്ന ഇംഗ്ലീഷ് കലാനിരൂപകൻ നൽകിയ പേരാണു് പോസ്റ്റ് ഇംപ്രഷണിസം. പത്തൊമ്പതാം ശതാബ്ദത്തിന്റെ ഉത്തരാർദ്ധത്തിന്റെ മദ്ധ്യത്തോടുകൂടി യൂറോപ്പിൽ ജനിച്ച ഇംപ്രഷണിസം പ്രസ്ഥാനത്തിന്റെ കലാരീതിയോടുള്ള പ്രതിഷേധത്തിന്റെ ഫലമായി ആവിർഭവിച്ച 1) നിയോ ഇംപ്രഷണിസം, 2) ഫോവിസം, 3) എക്സ്പ്രഷണിസം, 4) ക്യൂബിസം, 5) ഫ്യൂച്ചറിസം, 6) വോർട്ടിസിസം, 7) സർറിയലിസം, 8) കൺസ്ട്രക്ഷണിസം എന്നീ പല പ്രസ്ഥാനങ്ങളെയും പോസ്റ്റ് ഇംപ്രഷണിസം എന്ന സാമാന്യനാമത്തിൻ കീഴിൽ സാധാരണയായി ഉൾപ്പെടുത്താറുണ്ടു്. ഇവയ്ക്കു് പുറമെ റൂവോ യുടെ മദ്ധ്യകാല പ്രസ്ഥാനം, ജോൺ കെയ്നിന്റെ റിയലിസം, പാവേൽ ചെലിച്യൂവി ന്റെ പൗരസ്ത്യ പ്രസ്ഥാനം നിക്കോളാസ് റോറിക്കി ന്റെയും ഐവാൻ ബിലിബൈനി ന്റെയും ബൈസൻടൈൻ പ്രസ്ഥാനം എന്നീ പുതിയ പ്രസ്ഥാനങ്ങളും ഇന്നു് പാശ്ചാത്യലോകത്തു് ജനിച്ചിരിക്കുന്നു. പിന്നെയും, പ്രസിദ്ധ ഭൂഭാഗ ചിത്രകാരരായ (Lanscape painters) ലൂസിയൻ പിസ്സാറോ, സർ ജോർജ്ജ് ക്ലൗസൻ, വിൽസൺ സ്റ്റീർ എന്നീ ഇംഗ്ലീഷുകാരും, വാൾട്ടർ സിക്കെര്‍ട്ട് മുതലായ മറ്റു ചില ചിത്രകാരന്മാരും സമ്പൂർണ്ണമായ ഇംപ്രഷണിസം രീതിയിലോ ഭേദപ്പെടുത്തിയ ഇംപ്രഷണിസം രീതിയിലോ ഇന്നും ചിത്രങ്ങൾ രചിച്ചു വരുന്നുണ്ടു്. ഈ പല പ്രസ്ഥാനങ്ങളിൽ ചിലതിനെ മാത്രമേ ഈ ഒന്നാമത്തെ ലേഖനത്തിൽ വിവരിക്കുവാൻ സാധിക്കുകയുള്ളു. പിന്നീടുള്ളവയിൽ ശേഷിച്ച പ്രസ്ഥാനങ്ങളേയും വിവരിക്കാമെന്നു് വിചാരിക്കുന്നു.
കഴിഞ്ഞ അറുപതു വർഷങ്ങൾക്കുള്ളിൽ യൂറോപ്പിൽ കാണുന്ന ചിത്രകലാപ്രസ്ഥാനത്തിനു് തുല്യമായ പ്രസ്ഥാന ബാഹുല്യം ലോകത്തിൽ മറ്റൊരിടത്തും, മറ്റൊരു കാലഘട്ടത്തിലും കാണുവാൻ സാധിക്കുകയില്ല. ഈ പ്രസ്ഥാന ബാഹുല്യത്തിനു് കാരണം ഫോട്ടോഗ്രാഫിയുടെ കണ്ടുപിടിത്തമാണു്. പത്തൊമ്പതാം ശതാബ്ദത്തിന്റെ പൂർവ്വാർദ്ധത്തിൽ ഫോട്ടോഗ്രാഫി കണ്ടുപിടിച്ചതോടുകൂടി പാശ്ചാത്യലോകത്തു് ആധുനിക ചിത്രകല ജനിച്ചു എന്നു പറയാം. സാധനങ്ങളുടെ ഛായകളെ അത്രമാത്രം വ്യത്യാസമെന്യേ വരയ്ക്കുന്ന അത്ഭുത മനുഷ്യരായി ചിത്രകാരരെ പാശ്ചാത്യലോകർ ഫോട്ടോഗ്രാഫിയുടെ കണ്ടുപിടിത്തത്തിനുമുമ്പു് ബഹുമാനിച്ചു വന്നു. ഒരു സാധനത്തിന്റെ ഛായ യാതൊരു ചിത്രകാരനും ഒരിക്കലും സാധിക്കാത്ത വിധത്തിൽ അതിസൂക്ഷ്മമായി നിർമ്മിക്കുന്ന ഫോട്ടോഗ്രാഫി ജനിച്ചപ്പോൾ, ചിത്രകാരരുടെ ദിവ്യത്വം അവസാനിക്കുകയും, അവർ തൊഴിലില്ലാത്തവരായി ഭവിക്കുകയും ചെയ്തു. ഉടനെ, സാധനങ്ങളുടെ സൂക്ഷ്മച്ഛായ വരക്കുന്നതല്ല തങ്ങളുടെ തൊഴിലെന്നു് ചിത്രകാരന്മാർ ആത്മരക്ഷാർത്ഥം പറയുകയും, അതനുസരിച്ചു് പ്രവർത്തിക്കുവാൻ ഉദ്യമിക്കുകയും ചെയ്തു. ഫോട്ടോഗ്രാഫിയുടെ കണ്ടുപിടിത്തത്തിന്റെ മറ്റൊരു ഫലം പൊതുജനങ്ങളിൽ അതു് ഫോട്ടോഗ്രാഫിക് ദൃഷ്ടി ജനിപ്പിച്ചതാണു്. ദൃശ്യത്തെ അതായതു് പുറമേ കാണുന്നതിനെ അതുപോലെതന്നെ ഗ്രഹിക്കുന്നതത്രേ ഫോട്ടോഗ്രാഫിക് ദൃഷ്ടിയുടെ ഫലം. ഏതു ചിത്രത്തിലും സൂക്ഷ്മമായ ഛായ വന്നിട്ടുണ്ടോ എന്നാണു് ജനസാമാന്യം പ്രധാനമായി പരിശോധിച്ചതു്. ചിത്രകലാകാരന്മാർക്കുപോലും ഒരു ഭഗീരഥ പ്രയത്നം കൂടാതെ ഫോട്ടോഗ്രാഫിക് ദൃഷ്ടിയുടെ പിടിയിൽനിന്നു് രക്ഷപ്പെടാൻ സാധിക്കാതെ വന്നു. ഈ ഫോട്ടോഗ്രാഫിക് ദൃഷ്ടി എല്ലാവരിലും ഒന്നുപോലെ ഇരിക്കുമല്ലോ. തന്നിമിത്തം വ്യക്തിപരമായ ദൃഷ്ടി ഇതോടുകൂടി ഇല്ലാതാകുകയും ചെയ്തു. കല വ്യക്തിപരമായ ദൃഷ്ടിയുടെ ഫലമാണുതാനും. ഈ സമയത്തു തന്നെ മറ്റൊരു പ്രവൃത്തികൊണ്ടു് കലാകാരന്മാർ തങ്ങളുടെ ശവക്കല്ലറ തോണ്ടി. മഹാന്മാരായ ചിത്രകാരരുടെ പ്രസിദ്ധ ചിത്രങ്ങളുടെ ഫോട്ടോകൾ നിർമ്മിച്ചു പ്രസിദ്ധപ്പെടുത്തിയതാണു് പ്രസ്തുത പ്രവൃത്തി. ഇതു നിമിത്തം വ്യക്തിപരമായ ദൃഷ്ടിയുടെ അധികമായ ആവശ്യകത ജനിച്ചു. ഒരു സന്ദർഭത്തിൽ അവരുടെ തലച്ചോറുകളും കണ്ണുകളും പരസ്പര വിരുദ്ധമായ അനേകം മാതൃകകളും തോതുകളും വീക്ഷണ കോടികളും കൊണ്ടു് നിറഞ്ഞുപോയി. ഈ തക്കം ഫോട്ടോഗ്രാഫി പാഴാക്കിക്കളഞ്ഞില്ല. അതു് ഒരു സുന്ദരകലയുടെ വേഷം പൂണ്ടുകൊണ്ടു് ശവക്കുഴിയുടെ വക്കത്തിരിക്കുന്ന ചിത്രകലയെ അതിലേയ്ക്കു് പിടിച്ചു തള്ളി. ചിത്രകാരനിൽ നിരൂപണ വീക്ഷണകോടി ജനിപ്പിച്ചും തന്മൂലം അവരുടെ നിർമ്മാണശക്തി ക്ഷയിപ്പിച്ചുമാണു് അതു് ഇങ്ങനെ ചെയ്തതും.
ഇംപ്രഷണിസ്റ്റ് ചിത്രകാരന്മാരും പ്രസ്തുത ഫോട്ടോഗ്രാഫിക് ദൃഷ്ടിയെ ഒഴിഞ്ഞുകളയുവാൻ ശ്രമിച്ചില്ല. നേരെമറിച്ചു് അവർ അതിനെ തങ്ങളുടെ കലാതത്വമായി സ്വീകരിക്കുകയാണു് ചെയ്തതു്. എന്നാൽ തൽസമയത്തുതന്നെ അവരിൽ ഓരോരുത്തനും ഓരോ രീതിയിൽ താൻ ഭയപ്പെട്ടിരുന്ന ഫോട്ടോ രീതിയിലുള്ള ചിത്രം വരയ്ക്കാതെയിരിക്കുവാൻ പഠിച്ച പണി പതിനെട്ടും പ്രയോഗിക്കുകയും ചെയ്തു. ഇംപ്രഷണിസം എന്ന ചിത്രകലാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ എഡ്വെർ മാനേ (Édouard Manet), ക്ലാദ് മോനെ (Monet), കമിൽ പിസ്സാറോ (Pissaro) എന്നിവർ ആകുന്നു. ഇവർ മൂവരിലും വെച്ചു് ആദ്യമായി ചിത്രമെഴുതിത്തുടങ്ങിയ മാനേക്ക് (1832–1883) നല്ല സാദൃശ്യാത്മകങ്ങളായ ചിത്രങ്ങൾ വരയ്ക്കുവാൻ വേണ്ട കെൽപ്പുണ്ടായിരുന്നു. പക്ഷേ, അങ്ങനെ ചെയ്യുന്നതിനു പകരം, അദ്ദേഹം ഒരു മനുഷ്യശിരസ്സിനെ, അതു് ഒരു ശിരസ്സിനെക്കാളധികം ഒരു തുള്ളി ചായം വീണു പരന്നതു് എന്നു് തോന്നിക്കുന്ന വിധത്തിൽ മനഃപൂർവ്വം വരയ്ക്കുകയാണു് ചെയ്തതു്. ഈ രീതി നിമിത്തമത്രേ ഇംപ്രഷണിസ്റ്റ് ചിത്രങ്ങളിൽ ചായം നിമിത്തം സാധനങ്ങളുടെ ഛായകൾ തിരിച്ചറിയാൻ പ്രയാസമാണെന്നു് സാധാരണയായി കുറ്റം പറയാറുള്ളതും. സാദൃശ്യാത്മകത്വത്തെ മനഃപൂർവ്വം ഒഴിച്ചുകളഞ്ഞ ആദ്യത്തെ യൂറോപ്യൻ ചിത്രകാരനാണു് മാനേ. പ്രസിദ്ധ ചിത്രകാരനായ വെലാസ്ക്വെസ്, ഗോയ എന്നീ പ്രാചീന സ്പെയിൻകാരുടെ ചിത്രകലാരീതിയുടെ ചില ഘടകങ്ങളെ മാനേയുടെ കൃതികളിൽ ദർശിക്കാൻ കഴിയും. ‘വാല്യൂ’ എന്നതിനെ (Value) അതായതു്, ദിഗന്തരത്തിൽ ഒരു സാധനത്തിന്റെ പ്രത്യക്ഷമായ സ്ഥാനം (ഭാരതീയ ചിത്രകലാഭാഷയിൽ ഭൂലംബം) നിർണ്ണയിക്കുന്നതിനുപകരിക്കുന്നതും ചായത്തിൽ വെളിച്ചത്തിന്റെ വീഴ്ചകൊണ്ടു് കാണിക്കപ്പെടുന്നതുമായ ‘ടോൺ’ (Tone) എന്നതിനെ സംബന്ധിച്ചുള്ളതാണു് മാനേയിൽ നിന്നു് ആധുനിക ചിത്രമെഴുത്തിനു് ലഭിച്ചിട്ടുള്ള നേട്ടം. പഴയ ചിത്രങ്ങളിലെ തവിട്ടു നിറത്തിനും സുവർണ്ണ നിറത്തിനും പകരമായി വെള്ളിനിറം മുതലായ പ്രകാശമേറിയ നിറങ്ങൾ മാനേ ഉപയോഗിച്ചു. മാനേയുടെ ഡ്രോയിങ്ങ് ഫലത്തിൽ വെലാസ്ക്വെസിന്റെതുപോലെ പര്യവസാനിക്കുന്നുണ്ടെങ്കിലും അതു് അയഞ്ഞ മട്ടിലുള്ള ഒന്നാണു്. ടോണിന്റെ ഖണ്ഡങ്ങളെ ലഘൂകരിച്ചു് മാനേ അവയെ വിഷയം കെട്ടിയുണ്ടാക്കുവാനായി വശത്തോടുവശം ചേർത്തുവെക്കുന്നുമുണ്ടു്.
പ്രകാശാത്മകത്വം (Luminism) എന്ന മാർഗ്ഗമുപയോഗിച്ചു് ചിത്രമെഴുതിയ ഒരു ഇംപ്രഷണിസ്റ്റ് ചിത്രകാരനാണു് മോനെ. ഇദ്ദേഹം ജനിച്ചതു് 1940-ലാണു്. വെളിച്ചത്തിനു് സർവ്വ പ്രാധാന്യം നൽകുന്നതും, നിഴലിനെ വെളിച്ചത്തിന്റെ അഭാവമായിട്ടല്ല, പിന്നെയോ, മറ്റൊരുതരം വെളിച്ചമായി കരുതുന്നതുമായ മാർഗ്ഗമാണു് പ്രകാശാത്മക മാർഗ്ഗം. മോനേയുടെ ചിത്രങ്ങൾ വെളിച്ചത്തിന്റെ കേളീരംഗങ്ങളാണു്. വെളിച്ചം വീഴുവാനുപയോഗിക്കുന്ന സ്ഥലങ്ങളായി മാത്രമേ മോനെ സാധനങ്ങളെ പരിഗണിച്ചിരുന്നുള്ളു എന്നു പറയാം. ഒരേ രംഗത്തെ ആസ്പദിച്ചു തന്നെ പകലിന്റെ പല ഭാഗങ്ങളിലും വ്യത്യാസപ്പെട്ടു കാണുന്ന വെളിച്ചത്തിന്റെ വ്യത്യാസങ്ങളെ ആധാരമാക്കി പല ചിത്രങ്ങളും രചിക്കാമെന്നു് മോനേയ്ക്കു് നിശ്ചയമുണ്ടായിരുന്നു. പഴയ കറുപ്പുനിറം, തവിട്ടുനിറം, ഭൂമിയുടെ നിറം മുതലായ സൗമ്യനിറങ്ങളെ ഉപേക്ഷിച്ചു് സൗരസ്പെക്ട്രത്തിലെ പ്രകാശമേറിയ നിറങ്ങൾ അദ്ദേഹം ഉപയോഗിക്കുകയും ചെയ്തു. ടെർണ (1776–1857) എന്ന പ്രസിദ്ധനായ ഇംഗ്ലീഷ് ഭൂഭാഗ ചിത്രകാരന്റെ കലാരീതിയുടെ ചില ഘടകങ്ങൾ പ്രകാശാത്മകമാർഗ്ഗത്തിൽ കാണാൻ സാധിക്കും. പ്രകാശാത്മകമാർഗ്ഗം ഉപയോഗിച്ചിരുന്ന മറ്റൊരു പ്രസിദ്ധ ഇംപ്രഷണിസ്റ്റ് ചിത്രകാരൻ ആൽഫ്രഡ് സിസ്ലേ (Sisley) എന്ന ആംഗ്ലോ ഫ്രഞ്ച് കലാകാരനാണു്. ഡിവിഷണിസം, അഥവാ, പോയിന്റലിസം എന്ന മാർഗ്ഗം ചിത്രകലയിൽ ആദ്യമായി ഉപയോഗിച്ച ഇംപ്രഷണിസ്റ്റ് ചിത്രകാരൻ ജോർജ് സുറേ യും (Seuret) കമിൽ പിസാറോ യുമാണു്. പിസാറോയുടെ ജീവിതകാലം 1831 മുതൽക്കു് 1903 വരെയാണു്. മുകളിൽ പ്രസ്താവിച്ച പ്രസിദ്ധ ഭൂഭാഗ ചിത്രകാരനായ ലൂസിയൻ പിസാറോ ഇദ്ദേഹത്തിന്റെ പുത്രനാണു്. രണ്ടു തരം ചായങ്ങൾ ഒന്നിച്ചു കൂട്ടിച്ചേർത്തു് ആ സമ്മിശ്രവർണ്ണംകൊണ്ടു് ചിത്രമെഴുതുന്നതിനേക്കാൾ അധികം ജാജ്വല്യമാനമായ ഫലം, ആ രണ്ടു ചായങ്ങളെയും കൂട്ടിക്കലർത്താതെ ചിത്രത്തിൽ വശത്തോടുവശം നിക്ഷേപിച്ചു് അവയെ കൂട്ടിക്കലർത്തുന്ന ജോലി നയനങ്ങൾക്കു് വിട്ടുകൊടുത്താൽ ഉണ്ടാകുന്നതാണെന്നുള്ള തത്വമാണു് ഡിവിഷണിസം എന്ന മാർഗ്ഗത്തിൽ അന്തർഭവിച്ചിട്ടുള്ളതു്. ഇംപ്രഷണിസത്തിന്റെയും പോസ്റ്റ് ഇംപ്രഷണിസത്തിന്റെയും ഘടകങ്ങൾ കൂടിച്ചേർന്നിട്ടുള്ള നിയോ ഇംപ്രഷണിസം എന്ന പ്രസ്ഥാനത്തിൽപ്പെട്ട ചിത്രകാരന്മാർ ഈ ഡിവിഷണിസം എന്ന മാർഗ്ഗത്തെ വളരെ മുറുകെ പിടിച്ചിട്ടുണ്ടു്. നിയോ ഇംപ്രഷണിസ്റ്റ് പ്രസ്ഥാനത്തിലെ പ്രധാന ചിത്രകാരൻ പോൾ സിന്യാക് ആണു്. മറ്റു രണ്ടു പ്രസിദ്ധരായ ഇംപ്രഷണിസ്റ്റ് ചിത്രകാരന്മാർ എച്ച്. ജി. ഇ. ദെഗാ യും (1834–1917), അഗസ്റ്റ് റെന്വാ യും (1841–1919) ആകുന്നു. ഇവർ രണ്ടുപേരും ഫ്രഞ്ചുകാരാണു്. ജന്മനാൽതന്നെ ഒരു ചിത്രകാരനായിരുന്ന റെന്വായുടെ ഒടുവിലത്തെ ചിത്രങ്ങളിൽ പോസ്റ്റ് ഇംപ്രഷണിസത്തിന്റെ രീതി നല്ലപോലെ തെളിഞ്ഞു കാണാം എന്നു ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. ഒരു ഒന്നാന്തരം ഡ്രാഫ്റ്റ്സ്മാനും, നല്ല ഡിസൈനറുമാണു് ദെഗാ.
പ്രസിദ്ധ ഇംഗ്ലീഷ് ഭൂഭാഗ ചിത്രകാരനായ ജോൺ കോൺസ്റ്റബിളി നെ (1778–1887) ഇംപ്രഷണിസത്തിന്റെ അകന്ന പൂർവ്വികനായി കരുതി വരുന്നു. ഇംപ്രഷണിസ്റ്റ് ചിത്രകാരരെ സാഹിത്യത്തിലെ റിയലിസ്റ്റ്, അഥവാ, സാദൃശ്യാത്മക പ്രസ്ഥാനക്കാരോടു് ഏറെക്കുറെ ശരിയായി സദൃശപ്പെടുത്താം. ഇംപ്രഷണിസത്തിന്റെ തത്വങ്ങളെ വിശദീകരിച്ചു് തുടരെ എഴുതിയവനും, അതിനുവേണ്ടി തീവ്രമായി വാദിച്ചവനും, ഫ്രഞ്ചു സാഹിത്യത്തിലെ കടുത്ത റിയലിസ്റ്റിക്ക് പ്രസ്ഥാനക്കാരനും പ്രസിദ്ധ നോവലെഴുത്തുകാരനുമായ സോൾ ആയിരുന്നു എന്നുള്ള സംഗതി ഇവിടെ സ്മരണീയമാണു്. മറ്റു ഇംപ്രഷണിസ്റ്റ് ചിത്രകാരർ ഡച്ചുകാരനായ മൂന്നു മോവ് സഹോദരർ, ജർമ്മനായ മാക്സ് ലിബർമാൻ, അമേരിക്കക്കാരനായ എഡ്വിൻ ഡിക്കിൻസൺ, സ്പെയിൻകാരനായ റിക്കട്സ് കനൽസ് മുതലായവരാണു്.
ലണ്ടനിലെ നാഷണൽ ഗാലറിയിലുള്ള സിസ്ലേയുടെ ‘വസന്തത്തിന്റെ പ്രാരംഭം’ [1] എന്ന ചിത്രമെടുത്തു് ഒരു ഇംപ്രഷണിസ്റ്റ് ചിത്രം എങ്ങനെയിരിക്കുമെന്നു് വർണ്ണിക്കാൻ ശ്രമിക്കാം. ഇതിനേക്കാൾ പ്രകാശാത്മകത്വമേറിയ ചിത്രങ്ങൾ സിസ്ലേ രചിച്ചിട്ടുണ്ടെങ്കിലും, ഇംപ്രഷണിസത്തിന്റെ ചില പ്രധാന ഘടകങ്ങളായ അന്തരീക്ഷം, പ്രകാശാത്മകത്വം മുതലായവ ഇതിൽ നല്ലപോലെ കാണാവുന്നതാണു്. തടിക്കു് കനം കുറഞ്ഞവയും എന്നാൽ ധാരാളം പൊക്കമുള്ളവയുമായ ആറേഴു വൃക്ഷങ്ങൾ മുമ്പിലായും ഏഴെട്ടു വൃക്ഷങ്ങൾ അകലെയായും നില്ക്കുന്നു. ഭൂമിയിൽ ധാരാളം പുല്ലു് കിളിർത്തിട്ടുണ്ടു്. ഈ പുൽപ്രദേശത്തിൽകൂടി ചുകപ്പുകലർന്ന കടും തവിട്ടുനിറമുള്ള രണ്ടു പാതകൾ പോകുന്നുണ്ടു്. ചിത്രത്തിന്റെ വലതുവശത്തിനടുത്തു് ഒരു പൊയ്ക കാണാം. അതിന്റെ അങ്ങേക്കരയിൽ ഒരു ചെറുഭവനം നിൽക്കുന്നതു് അവ്യക്തമായി കാണാം. നീലിമ കോലുന്ന വ്യോമമണ്ഡലത്തിന്റെ ഇരുവശങ്ങളിലും ഇളം ചുകപ്പിന്റെ കലർപ്പോടുകൂടിയ ചാമ്പൽ നിറമുള്ള മേഘങ്ങൾ അനുപ്രസ്തങ്ങളായും, എന്നാൽ വിഭിന്ന രൂപങ്ങൾപൂണ്ടൂം നിലകൊള്ളുന്നു. ആകാശത്തിന്റെ മദ്ധ്യഭാഗത്തിലും വലതുവശത്തുള്ള വൃക്ഷക്കൂട്ടങ്ങളുടെ ഇടതുവശത്തായും ഒരു മേഘഖണ്ഡം കാണാം: ഈ മേഘങ്ങൾക്കു് പുക പോകുമ്പോൾ കാണാവുന്ന ചലനഭാവം നൽകി വായുവിന്റെ ത്രസനം കാണിച്ചിരിക്കുന്നു. ഇതുപോലെത്തന്നെ വൃക്ഷങ്ങളുടെ ഇടയ്ക്കുള്ള വായുവും ത്രസിക്കുന്നതു കാണാം. അന്തരീക്ഷം ചിത്രീകരിക്കാനാണു് ഇങ്ങനെ ചെയ്തിട്ടുള്ളതു്. ഈ ചിത്രം സൗമ്യമായ വികാരപരത്വവും പ്രകടിപ്പിക്കുന്നു. ഇടതുവശത്തു് നിൽക്കുന്ന വൃക്ഷങ്ങളിൽ തളിരുകൾ കിളിർത്തു തുടങ്ങിയിട്ടില്ല. നേരെമറിച്ചു് വലതുവശത്തുള്ള തരുകളിൽ തളിരുകൾ പൊടിയ്ക്കുവാൻ തുടങ്ങിയിരിക്കുന്നു. വസന്ത പ്രാരംഭമാണു് ഇതു് സൂചിപ്പിക്കുന്നതു്. തളിരു കിളിർക്കാത്ത വൃക്ഷങ്ങൾക്കു് റോസും ഊതയും നിറങ്ങൾ നൽകിയിരിക്കുന്നു. തളിരുള്ളവയിലാകട്ടെ ഓറഞ്ചുകലർന്ന ഇളംചുകപ്പും ഊതനിറവും കാണാം. നിലത്തുള്ള ഓരോ പുല്ലിനും അല്പസ്വല്പ വ്യത്യാസങ്ങളുള്ള വിഭിന്ന നിറങ്ങൾ നൽകി വെളിച്ചത്തിന്റെ വിളയാട്ടങ്ങൾ ചിത്രീകരിച്ചിരിക്കുന്നു. പ്രകൃതിയിൽ ഋജുരേഖകളുള്ള മാനേയുടെ സിദ്ധാന്തമനുസരിച്ചു് ഈ പുല്ലുകളെ തമ്മിൽ വേർതിരിച്ചു് കാണിച്ചിരിക്കുന്നതു് രേഖകൾ മുഖേനയല്ല, ചായത്തിന്റെ നിറഭേദം മുഖേനയാണു്. ഇരുൾച്ചയും മഞ്ഞയും കലർന്ന ഒരുതരം പച്ചനിറത്തിന്റെ വകഭേദങ്ങളാണു് ഈ നിറങ്ങളിൽ ഭൂരിഭാഗവും. ഇളം നീല വസ്ത്രം ധരിച്ച ഒരു സ്ത്രീ മുൻവശത്തു് നടക്കുന്നതായും, ഇരുണ്ട വസ്ത്രം ധരിച്ച മറ്റു രണ്ടു മനുഷ്യർ അകലെയായി നില്ക്കുകയും ഇരിക്കുകയും ചെയ്യുന്നതായും കാണിച്ചിരിക്കുന്നു. മുകളിൽ വിവരിച്ച അന്തരീക്ഷ ചിത്രീകരണവും, വികാരപരത്വവും വെളിച്ചത്തിന്റെ വിളയാട്ടങ്ങളും നിമിത്തമാണു് ഒരു ഇംപ്രഷണിസ്റ്റ് ചിത്രം ഒരു രാഗം മൂളൂന്നുവെന്നും, പഴയതരം ചിത്രങ്ങൾ പ്രേക്ഷകരിൽ ഒരു ശാന്തതയാണു് ജനിപ്പിച്ചിരുന്നതു്. നേരെമറിച്ചു് ഇംപ്രഷണിസ്റ്റ് ഭൂഭാഗചിത്രങ്ങൾ പ്രേക്ഷകരിൽ ഒരു ക്ഷോഭം ജനിപ്പിക്കുന്നു. മുകളിൽ വർണ്ണിച്ചിട്ടുള്ള സിസ്ലേയുടെ ഭൂഭാഗചിത്രം ജനിപ്പിക്കുന്ന ക്ഷോഭത്തേക്കാൾ ശക്തിയേറിയ ക്ഷോഭം മാനേ മുതലായ മറ്റു ചില ഇംപ്രഷണിസ്റ്റ് ചിത്രകാരരുടെ ഭൂഭാഗചിത്രങ്ങൾ ഉളവാക്കിയിരുന്നു.
ഇംപ്രഷണിസ്റ്റ് രീതിയിലുള്ള ചിത്രങ്ങളുടെ സാങ്കേതിക മാർഗ്ഗം (Technique) മുകളിൽ സംക്ഷേപിച്ചു വിവരിച്ചു കഴിഞ്ഞു. ഇനി അവയിൽ പ്രധാനപ്പെട്ടവയുടെ വിഷയത്തെപ്പറ്റി രണ്ടു വാക്കു പറഞ്ഞുകൊള്ളട്ടെ. അവയുടെ വിഷയം വളരെ സങ്കുചിതമാണു്. സമകാലീന ജീവിതത്തിന്റെ സമ്പൂർണ്ണമായ പ്രതിബിംബനമോ, വ്യാഖ്യാനമോ അവയിൽ കാണാവുന്നതല്ല. ഏറിയകൂറും പട്ടണ ജീവിതമാണു്, ഗ്രാമീണജീവിതമല്ല അവയുടെ വിഷയം. ഇതു് ഇവരുടെ ചിത്രങ്ങളുടെ പേരുകൾ കൊണ്ടുതന്നെ പ്രത്യക്ഷമാകൂന്നതാണു്. ‘അർജന്തേയിലുള്ള പാലം’, ‘റൂയേലിലെ തോട്ടം’, ‘ഫോളീസ് ഫെയിർജേർ നാടകശാലയുടെ ദ്വാരം’, ‘ഇവാഗൊൻസെലസ് ’, ‘അലഞ്ഞു നടക്കുന്ന പാട്ടുകാർ’, ‘ത്വീൽറീസ് കൊട്ടാരത്തിലെ സദീര്’, മുതലായവ മോനേ യുടെ പ്രസിദ്ധ ചിത്രങ്ങളും, ‘ബുൽവർ മന്ത് മർത് ’, ‘ഒപ്പെയ്റാ നാടകശാലയിലെ വൃക്ഷശ്രേണി’, മുതലായ കമിൽ പിസാറോ യുടെ ചിത്രങ്ങളും, ‘പട്ടണത്തിലെ നൃത്തം’, ‘നാട്ടുമ്പുറത്തെ നൃത്തം’, ‘കടകൾ’, ‘ഉപഗ്രഹം’, ‘കടൽക്കരെയുള്ള കളിക്കാരി’, ‘കറുത്ത വസ്ത്രം ധരിച്ച യുവതി’, ‘തണ്ടു പിടിച്ചതിനു് ശേഷമുള്ള ലഘു ഭക്ഷണം’, മുതലായ റെനോ യുടെ പ്രസിദ്ധ ചിത്രങ്ങളുമാണു്. സംഗീതശാലകളിലും, നാടകശാലകളിലും വെച്ചു് രാത്രിയിൽ ചായമിട്ടു് പ്രായേണ നഗ്നകളായി കാണുമ്പോൾ ഉർവ്വശീതുല്യരായ യുവസുന്ദരികളായി തോന്നിക്കുന്ന പാട്ടുകാരികളും, നർത്തകികളും, നടികളും മറ്റും യഥാർത്ഥത്തിൽ മദ്ധ്യവയസ്കകളും, സൗന്ദര്യശൂന്യരായ ഗണികകളാണെന്നു് ദെഗ തന്റെ ‘ഒരു നർത്തകി ഒരു ഷൂവിന്റെ നാട കെട്ടുന്നതു് ’, അലക്കുകാരി മുതലായ പ്രസിദ്ധ ചിത്രങ്ങൾ മുഖേന ചൂണ്ടിക്കാണിക്കുകയുണ്ടായി.
പഴയ രീതിയിലുള്ള ചിത്രത്തെ നാം ഡിസൈൻ മുഖേന സ്മരിക്കുന്നു. എന്നാൽ ഒരു ഇംപ്രഷണിസ്റ്റ് ചിത്രത്തെ ഒരു ത്രസനമോ, ഒരു സ്മരണമോ, ഒരു തിളക്കമോ — അതായതു് ഒരു നിമിഷത്തിന്റെയോ, ഒരു ഋതുവിന്റെയോ ക്ഷണിക ഗുണങ്ങൾ — മുഖേനയാണു് നാം ദർശിക്കുന്നതു്. ഫോട്ടോഗ്രാഫിക് ദൃഷ്ടി, ചായത്തിന്റെ പരപ്പു നിമിത്തം സാധനങ്ങളെ തിരിച്ചറിയുന്നതിനുള്ള ബുദ്ധിമുട്ടു്, ഡിസൈനിലുള്ള ഉദാസീനത, വിഷയത്തിന്റെ സങ്കുചിതത്വം എന്നീ പ്രത്യേക ദൂഷ്യങ്ങൾ ഇംപ്രഷണിസത്തിനുണ്ടു്. രണ്ടാമതു് പറഞ്ഞ ദൂഷ്യം ചിത്രത്തിൽ നിന്നു് അകലെ നിന്നു് നോക്കിയാൽ ഇല്ലാതാകുന്നതാണു്. പക്ഷേ, സാധാരണ ജനങ്ങൾ ഇങ്ങനെ പ്രവർത്തിക്കാറില്ല. അതിനാൽ സാധാരണ ജനങ്ങൾക്കു് ഇംപ്രഷണിസ്റ്റ് ചിത്രങ്ങൾ കണ്ടു രസിക്കുവാൻ സാധിക്കാതെ വന്നു. ഇതു പൊതുവായി ഇംപ്രഷണിസം പ്രഭുക്കന്മാർക്കു് മാത്രം ഉപയോഗപ്പെടുന്ന ഒരു കലാരീതിയായി ഭവിക്കുകയും ചെയ്തു. ഈ ദൂഷ്യങ്ങളെല്ലാം ഇംപ്രഷണിസ്റ്റ് ചിത്രങ്ങൾക്കുണ്ടെങ്കിലും, പഴയ ചിത്രകാരന്മാർ ശ്രദ്ധപതിപ്പിക്കാതെയിരുന്ന വെളിച്ചത്തിന്റെ വിളയാട്ടങ്ങളിലും, അന്തരീക്ഷ ചിത്രീകരണത്തിലും, അതിമനോഹരങ്ങളായ നിറങ്ങളുടെ പ്രയോഗത്തിലും അവ ചിത്രകാരരുടെ ശ്രദ്ധയെ തിരിച്ചുവിട്ടു എന്നുംകൂടി പറഞ്ഞേ മതിയാവൂ.
മാതൃഭൂമി ആഴ്ചപ്പതിപ്പു്,
20-10-40.
കേസരിയുടെ ലഘുജീവചരിത്രം