images/Lord_Mahavira.jpg
, a painting by .
ജൈനമതത്തിന്റെ പ്രാചീനത (ഹിന്ദുമതവും പുരാണങ്ങളും ജൈനചരിത്രവുമായി ഒരു താരതമ്യപഠനം)
കേസരി ബാലകൃഷ്ണപിള്ള
images/Ellora_Cave.jpg
എല്ലോറ ഗുഹകളിലെ 32-ാം ഗുഹയിലെ മഹാവീര പ്രതിമ.

പുരാതനവസ്തു സംബന്ധമായ പര്യവേഷണങ്ങൾ ഒരു പത്തിരുപത്തഞ്ചു വർഷങ്ങൾക്കു മുമ്പുള്ള നമ്മുടെ പല അഭിപ്രായങ്ങളിലും വിപ്ലവകരങ്ങളായ പരിവർത്തനങ്ങൾ വരുത്തിയിട്ടുള്ളതിനു മകുടോദാഹരണമായി ജൈനമതത്തിന്റെ ഉത്ഭവത്തേയും, ഉത്ഭവകാലത്തേയും സംബന്ധിച്ചുള്ള അഭിപ്രായമാറ്റങ്ങളെ ഉദ്ധരിക്കാവുന്നതാണു്. വർദ്ധമാന മഹാവീരൻ ബി. സി. ആറാംശതകത്തിൽ ബുദ്ധമതത്തിന്റെ ഒരു ശാഖയായി സ്ഥാപിച്ച മതമാണു് ജൈനമതം എന്ന ഡോക്ടർ വേബറുടെ അഭിപ്രായവും, സിന്ധിലെ മൊഹഞ്ജെദാരൊവിൽ ഇയ്യിടെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതും ബി. സി. 2500-നടുത്തു് നശിച്ചുപോയതുമായ സൈന്ധവ പരിഷ്കാരത്തിന്റെ കാലത്തു് ജൈനമതം ഉണ്ടായിരുന്നു എന്നു് 1928-ൽ പാർശ്വനാഥ തീർത്ഥങ്കരനെപ്പറ്റി മി. കാന്താപ്രസാദ് ജൈനൻ രചിച്ച പുസ്തകത്തിൽ അദ്ദേഹം പ്രകടിപ്പിച്ചിരിക്കുന്ന അഭിപ്രായവും തമ്മിൽ താരതമ്യപ്പെടുത്തിനോക്കിയാൽ, നമ്മുടെ അഭിപ്രായഗതിയിൽ ഉണ്ടായിട്ടുള്ള വിപ്ലവത്തിന്റെ വൈപുല്യം വേഗത്തിൽ മനസ്സിലാക്കാൻ കഴിയും. മി. കാന്താപ്രസാദ് ജൈനന്റെ അഭിപ്രായം കുറെ കടന്നുപോയിട്ടുണ്ടെങ്കിലും ജൈനമതത്തിന്റെ സ്ഥാപകനും പ്രഥമ തീർത്ഥങ്കരനുമായ ഋഷഭന്റെ കാലം ബി. സി. 2300-നു് സമീപിച്ചാണെന്നു സ്ഥാപിക്കുവാൻ കഴിയുമെന്നു് ഈ ലേഖകൻ വിചാരിക്കുന്നു. ഋഗ്വേദസംഹിതയുടെ കാലം ഉദ്ദേശം ബി. സി. 2000-ത്തിനും ബി. സി. 1500-നും ഇടയ്ക്കാണെന്നു് സൊറാസ്റ്റരുടെ കാലം എന്ന ലേഖനത്തിൽ ഈ ലേഖകൻ ചൂണ്ടിക്കാണിച്ചിട്ടുണ്ടായിരുന്നല്ലോ. അതുകൊണ്ടു് ജൈനമതത്തിന്റെ പ്രഥമ സ്ഥാപകനായ ഋഷഭന്റെ കാലം ഋഗ്വേദകാലത്തിനു അല്പം മുമ്പാണെന്നു് വിചാരിക്കേണ്ടിവരുന്നു. ഇന്നു് ഇന്ത്യയുടെ ചില കോണുകളിൽ മാത്രം കാണപ്പെടുന്ന ജൈനമതം അതിന്റെ പ്രാരംഭകാലത്തു് ഏഷ്യയിലെ പല രാജ്യങ്ങളിലും പരന്നിരുന്നു എന്നു് ആധുനിക ഗവേഷണങ്ങൾ സ്ഥാപിച്ചിട്ടുണ്ടു്.

images/Kalpasutra_Mahavira_Nirvana.jpg
പതിനഞ്ചാം നൂറ്റാണ്ടിലെ കല്പസൂത്രത്തിൽ നിന്നുള്ള താൾ.
ജീവനും ആത്മാവും

പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങളുടെ ഭാരവാഹിയായ ഒരു ഈശ്വരനില്ലെന്നും, ഏതു ജീവിക്കും തന്റെ പ്രവൃത്തി മുഖേന ദിവ്യത്വം നേടാമെന്നും, ജന്തുക്കൾക്കും സസ്യങ്ങൾക്കും മാത്രമല്ല അഗ്നി, ജലം, കാറ്റു് മുതലായ പഞ്ചഭൂതങ്ങളുടെ പരമാണുക്കൾക്കു കൂടി ജീവനുണ്ടെന്നും ഉള്ള സിദ്ധാന്തങ്ങളും ദിവ്യന്മാരെ ഭൗമേയകർ, വ്യന്തരർ, ജ്യോതിഷ്കർ, വൈമാനികർ എന്നു് നാലായി തരംതിരിക്കാമെന്നും, അസുരകുമാരർ, നാഗകുമാരർ, അഗ്നികുമാരർ, ദ്വീപകുമാരർ, ഉദധികുമാരർ, സുവർണ്ണകുമാരർ, വിദ്യുത്കുമാരർ, ദിക്കുമാരർ, പവനകുമാരർ, സവിതകുമാരർ എന്നു പത്തു തരക്കാർ അമേയറരുടെ ഇടയ്ക്കുണ്ടെന്നും, പട്ടിണിനോമ്പു മുഖേന മരണത്തെ വരിക്കുന്ന സല്ലേഖനം എന്ന ആചാരം പുണ്യപ്രദമാണെന്നും ഉള്ള ആശയങ്ങൾ ജൈനമതത്തിന്റെ കൊടുംപഴമ സ്ഥാപിക്കുന്നുണ്ടു്. പ്രപഞ്ചത്തെ സജീവമെന്നും അജീവമെന്നും രണ്ടായി വേർതിരിച്ചു് സജീവ പ്രപഞ്ചത്തിനു് മറ്റേതിനേക്കാൾ ശ്രേഷ്ഠത്വം ജൈനമതം കൽപ്പിക്കുന്നുണ്ടു്. പ്രഥമ ദൃഷ്ടിയിൽ അവരുടെ ജീവൻ എന്ന ആശയവും ഭാരതത്തിലെ മറ്റുള്ള ദർശനങ്ങളിലെ ആത്മൻ (പുരുഷൻ) എന്ന ആശയവും ഒന്നാണെന്നു തോന്നുമെങ്കിലും അവയ്ക്കു തമ്മിൽ ചില സാരമായ വ്യത്യാസങ്ങളുണ്ടു്. ജൈനന്മാരുടെ ജീവൻ എന്ന ആശയം, മറ്റു ദർശനങ്ങളിലെ ആത്മൻ എന്ന ആശയം ജനിച്ചതുപോലെ, വ്യക്തിജീവിതത്തിന്റെ ആദ്ധ്യാത്മികമായ അടിസ്ഥാനം കണ്ടുപിടിക്കുവാനുള്ള ചിന്തയിൽ നിന്നു ജനിച്ചതല്ല. നേരെ മറിച്ചു് അതു് ജീവിതത്തെ നിരീക്ഷിച്ചു് കണ്ടുപിടിച്ചിട്ടുള്ളതാണു്. തന്നിമിത്തം ജൈനരുടെ ജീവൻ എന്ന ആശയത്തെ ആത്മാവു് എന്നു വിവരിക്കുന്നതിനേക്കാൾ ശരിയായിട്ടു ഏതു് ജീവച്ഛക്തി എന്നു വിവരിക്കുന്നതായിരിക്കും. ഇതും ജൈനമതത്തിന്റെ പ്രാചീനതയുടെ ഒരു ലക്ഷണമാണു്. പിന്നെയും, ജീവന്റെ വലുപ്പം അതു് ഉൾക്കൊള്ളുന്ന ശരീരത്തിന്റെ വലുപ്പത്തിനനുസരിച്ചു് മാറിക്കൊണ്ടിരിക്കുന്നു എന്നു ജൈനർ വിശ്വസിക്കുന്നു. ഇതിന്റെ ഉദാഹരണമായി ഒരേ ഒരു വിളക്കു് ഒരു ചെറിയ മുറി നിറച്ചും ഒരു വലിയ മുറി നിറച്ചും വെളിച്ചം പരത്തുന്നതിനെ അവർ ഉദ്ധരിക്കാറുമുണ്ടു്. ഭാരതത്തിലെ മറ്റു ദർശനങ്ങൾ ജീവന്റെ വലുപ്പം മാറിക്കൊണ്ടിരിക്കുന്നു എന്നു വിശ്വസിക്കുന്നില്ല. ഇതും ജൈനമതത്തിന്റെ പ്രാചീനതയാണു് സൂചിപ്പിക്കുന്നതു്.

images/Jain_temple_at_Lakkundi.jpg
ജെയിൻ ക്ഷേത്രം, ലക്കുണ്ടി.
സന്ന്യാസവും പരിവ്രാജക ധർമ്മവും
images/Max_Muller.jpg
മാക്സ് മുള്ളർ

ജൈനമതത്തേയും അതിനോടു വളരെ അടുപ്പമുള്ള ആജീവക മതത്തേയും ഭാരതത്തിലെ മറ്റു മതങ്ങളിൽ നിന്നു വേർതിരിക്കുന്ന ഒരു പ്രധാനകാര്യം അതുരണ്ടും അവയുടെ അനുചാരികളിൽ നിന്നാവശ്യപ്പെടുന്ന അത്യുഗ്രമായ ആത്മശിക്ഷണമാകുന്നു. സമ്യക്ദർശനം, സമ്യക്ജ്ഞാനാ, സമ്യക് ചരിതം എന്ന ത്രിരത്നങ്ങൾക്കു പുറമെ അഹിംസ, സത്യം, അസ്തേയം (മോഷ്ടിക്കാതിരിക്കുക), ബ്രഹ്മചര്യം, അപരിഗ്രഹം (ലോകപരിത്യാഗം) എന്ന പഞ്ചരത്നങ്ങളും ഒരു ജൈനശ്രമണൻ, അഥവാ, ഭിക്ഷു സ്വീകരിച്ചേ മതിയാവൂ. സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ബ്രഹ്മചര്യത്തിനു പകരം ചാരിത്രവും, അപരിഗ്രഹത്തിനു പകരം ആവശ്യങ്ങളെ പരിമിതമാക്കുന്നതും ജൈനമതം അനുവദിക്കുന്നുണ്ടു്. പക്ഷേ, ജൈനമതത്തിന്റെ ഹൃദയം അതിന്റെ പരിവ്രാജക ധർമ്മത്തിൽ, അഥവാ, ശ്രമണധർമ്മത്തിലാണു് സ്ഥിതിചെയ്യുന്നതു്. ഹിന്ദുമതത്തിലെ പരിവ്രാജകധർമ്മത്തെ, അഥവാ, സന്ന്യാസിധർമ്മത്തെ മാതൃകയാക്കിയാണു് ജൈനമതത്തിലേയും ബുദ്ധമതത്തിലേയും ശ്രമണധർമ്മം രൂപവൽക്കരിക്കപ്പെട്ടിട്ടുള്ളതെന്നു് ജൈനമതത്തിന്റെ അതിയായ പ്രാചീനതയെക്കുറിച്ചു് പണ്ഡിതലോകം അറിയാതിരുന്ന കാലത്തു് മാക്സ് മുള്ളർ, ബുളർ, കേൺ, ജക്കോബി മുതലായ പണ്ഡിതന്മാർ അഭിപ്രായപ്പെടുകയുണ്ടായി. ഇന്നത്തെ നവീന ഗവേഷണങ്ങളുടെ ഫലമായി മി. സുകുമാരദത്തൻ ഈ അഭിപ്രായത്തെ വിശ്വാസയോഗ്യമായി ഖണ്ഡിക്കുകയും, പ്രാചീന ഹിന്ദുമതം ആദ്യത്തെ മൂന്നു് ആശ്രമങ്ങളെ മാത്രമേ—പ്രത്യകിച്ചു് രണ്ടാമത്തെ ആശ്രമമായ ഗൃഹസ്ഥാശ്രമത്തെ മാത്രമേ—വാഴ്ത്തിയിട്ടുള്ളു എന്നും പിൽക്കാലങ്ങളിലാണു് അതു് നാലാമത്തെ ആശ്രമമായ സന്ന്യാസാശ്രമത്തെ വാഴ്ത്തുവാൻ തുടങ്ങിയതെന്നു് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടു്. പിൽക്കാലങ്ങളിൽ ഇങ്ങനെ പ്രാചീന ഹിന്ദുമതം അംഗീകരിച്ച സന്ന്യാസാശ്രമം ആരാണു്, ഏതു മതമാണു് ആദ്യമായി പ്രചാരത്തിൽ വരുത്തിയതു്? ഇതു് ആദ്യമായി പ്രചാരത്തിൽ വരുത്തിയതു് ജൈനമതത്തിന്റെ സ്ഥാപകനും പ്രഥമതീർത്ഥങ്കരനുമായ ഋഷഭനാണെന്നു ഹിന്ദു പുരാണങ്ങൾ തന്നെ സമ്മതിക്കുന്നുണ്ടു്. ഭാഗവതത്തിൽ പറഞ്ഞിരിക്കുന്നതു നോക്കുക.

images/Shravanabelagola_and_Chandragiri_hill.jpg
വിന്ധ്യഗിരി കുന്നിൽ നിന്നു് ചന്ദ്രഗിരി കുന്നിന്റെയും ശ്രവണബൽഗുള നഗരത്തിന്റെയും കാഴ്ച.

“പ്രസ്തുതനായ പരൻ ഭഗവാനതുനേരം

സന്ന്യാസധർമ്മസ്ഥിതി ഭൂമിയിലുറപ്പിക്കാൻ

ധന്യനാം നാഭി തന്റെ പത്നിയാം മേരു ദേവി-

തന്നിലങ്ങവതരിച്ചിടിനാനതു കാലം

മന്നവൻ താനും പ്രസാദിച്ചാനങ്ങതിശയം

ഭഗവല്ലക്ഷണങ്ങൾ പലതും കാൺകകൊണ്ടും

ഋഷഭനെന്നു താതൻ നാമവുമരുൾ ചെയ്താൻ”

images/Caspar_Kern.jpg
കേൺ

നാലാമത്തെ ആശ്രമത്തിനു മനനാശ്രമമെന്നു് ആപസ്തംഭൻ പേരിട്ടിട്ടുണ്ടു്. ഋഗ്വേദ സംഹിതയുടെ പത്താം മണ്ഡലത്തിൽ മുനികളെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ടെങ്കിലും, ആ പ്രസ്താവനകൾ അവ്യക്തമായിട്ടുള്ളവയാണു്. ഐതരേയ ബ്രാഹ്മണത്തിൽ ഐതസൻ എന്നൊരു മുനിയെപ്പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ വർണ്ണന മുനിവർഗ്ഗത്തെ ആക്ഷേപിക്കാൻ ചെയ്തിട്ടുള്ളതാണെന്നു തോന്നിപ്പോകും. നേരെമറിച്ചു് വേദസംഹിതകളിൽ പരിപാവനത്വത്തെ സംബന്ധിച്ചു് ഒടുവിലത്തെ സ്ഥാനം മാത്രമുള്ളതും ആധുനിക ഗവേഷണരീതി ഋഗ്വേദസംഹിതയോടു തുല്യമായ പഴക്കമെങ്കിലും ഉണ്ടെന്നു കാണിക്കുന്നതുമായ അഥർവ്വവേദ സംഹിത വ്രാത്യരെ, അതായതു് ജൈനരുടെ പഞ്ചവ്രതങ്ങൾ അനുഷ്ഠിക്കുന്നവരെ, വളരെ സ്തുതിച്ചു വർണ്ണിക്കുന്നുണ്ടു്. ഈ വ്രാത്യർ പ്രാചീന ജൈനന്മാരാണെന്നു് പ്രൊ. ക്യു. ചക്രവർത്തി ചൂണ്ടിക്കാണിച്ചിട്ടുമുണ്ടു്. ശ്രമണന്മാരെ, അതായതു് ജൈന പരിവ്രാജകരെ, ബ്രാഹ്മണരിൽ നിന്നു വേർതിരിച്ചു്, വാല്മീകി രാമായണത്തിലെ ചുവടെ ചേർക്കുന്ന ശ്രീരാമന്റെ വാക്കുകളിൽ നിന്നു മനസ്സിലാക്കാവുന്നതാണു്.

images/Jain_temple_at_Ambapuram.jpg
ഏഴാം നൂറ്റാണ്ടിലെ അംബാപുരം ഗ്രാമത്തിലെ ഗുഹയ്ക്കുള്ളിലെ മഹാവീര പ്രതിമ.

“ആര്യേണ മമ മന്ധാത്രാ

വ്യസനം ഘോര മീപ്സിതം

ശ്രമണേന ക്രതേ പാപേ

യഥാ പാപം കൃതം ത്വയാ”

images/Friedrich_Heinrich_Jacobi_portrait.jpg
ജക്കോബി

സന്ന്യാസാശ്രമത്തോടു് പ്രാചീന ഹിന്ദുമതാനുസാരികൾക്കുണ്ടായിരുന്ന നീരസത്തിനു ചില ഉദാഹരണങ്ങൾ മി. സുകുമാരദത്തൻ മുകളിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ലേഖനത്തിൽ ഉദ്ധരിച്ചിട്ടുണ്ടു്. യജ്ഞകർമ്മാദികൾ നടക്കുമ്പോൾ മുണ്ഡന്മാരുടെ, അതായതു് സന്ന്യാസികളുടെ സാന്നിദ്ധ്യം അശുഭമാണെന്നു് പ്രാചീന ഹിന്ദുക്കൾ വിചാരിക്കുന്നു. അഗ്ഗികഭരദ്വാജൻ എന്ന ബ്രാഹ്മണൻ കോപാന്ധനായ ഗൌതമനോടു് അകലെ നിൽക്കുവാൻ വിളിച്ചുപറഞ്ഞു എന്നു ബൌദ്ധസൂത്രമായ വസലസൂത്തത്തിൽ പ്രസ്താവിച്ചിരിക്കുന്നു. താരതമ്യേന ആധുനികമായ ഒരു കാലത്തിൽപോലും സന്ന്യാസിമാരോടുള്ള ഈ നീരസം ഹിന്ദുക്കളുടെ ഇടയ്ക്കു് നിലനിന്നിരുന്നു എന്നു് ആനന്ദഗിരിയുടെ ശങ്കരവിജയത്തിൽ പ്രസ്താവിച്ചിട്ടുള്ള ഒരു സംഭവം കാണിക്കുന്നുണ്ടു്. ഒരിക്കൽ മണ്ഡനമിശ്രൻ യാഗം ചെയ്തുകൊണ്ടിരുന്നപ്പോൾ ശങ്കരാചാര്യർ അവിടെ ചെല്ലുകയുണ്ടായി. ഉടനെ കോപാന്ധനായി മണ്ഡനമിശ്രൻ ആചാര്യരെ അധിക്ഷേപിച്ചു എന്നാണു് ആനന്ദഗിരി പറഞ്ഞിട്ടുള്ളതു്. സന്ന്യാസധർമ്മം ആചരിക്കുവാൻ ഭാവിക്കുന്നവർ അതിനുമുമ്പു് ആര്യ സംസ്കാരത്തിന്റെ മുഖ്യബാഹ്യചിഹ്നങ്ങളായ യജ്ഞോപവീതവും ശിഖയും എടുത്തുകളയേണ്ടതാണെന്നു ആരുണേയോപനിഷത്തിൽ പ്രസ്താവിച്ചിട്ടുള്ളതും സന്ന്യാസധർമ്മത്തിന്റെ അനാര്യമായ ഉത്ഭവത്തെ ചൂണ്ടിക്കാണിക്കുന്നു എന്നും മി. സുകുമാരദത്തൻ അഭിപ്രായപ്പെട്ടിരിക്കുന്നു.

images/Nishidhi_stone.jpg
നിഷിധി, പതിനാലാം നൂറ്റാണ്ടിലെ സ്മാരകക്കല്ലു്, പഴയ കന്നഡ ലിഖിതങ്ങളോടെ സല്ലേഖനയുടെ നേർച്ച ആചരിക്കുന്നതായി ചിത്രീകരിക്കുന്നു. കർണാടകയിലെ തവനന്ദി വനത്തിൽ കണ്ടെത്തി.
തീർത്ഥങ്കരന്മാർ

ജൈനമതത്തിലെ ഇരുപത്തിനാലു തീർത്ഥങ്കരന്മാരുടെ—അതായതു് ജൈനമതത്തിന്റെ സ്ഥാപകരും പുനഃസ്ഥാപകരുമായ ദിവ്യ മനുഷ്യരുടെ—ചരിത്രങ്ങളും ആ മതത്തിന്റെ അതിയായ പ്രാചീനതയെ സംശയരഹിതമായ വിധത്തിൽ സ്ഥാപിക്കുന്നുണ്ടു്. ഈ തീർത്ഥങ്കരന്മാരിൽ പ്രധാനിമാരുടെ കാലം കണ്ടുപിടിക്കുന്നതായാൽ, അതു ജൈനമതത്തിന്റെ പ്രാചീനത സ്ഥാപിക്കുന്നതാണു്. അതിനാൽ ഈ കാലനിർണ്ണയത്തിനാണു് പ്രധാനമായി ഇവിടെ ഉദ്യമിക്കുന്നതു്. 24 തീർത്ഥങ്കരന്മാരുടെയും നാമങ്ങൾ ഉൾക്കൊള്ളുന്ന ഒരു ശ്ലോകം മൈസൂരിലെ പ്രസിദ്ധ ജൈനകേന്ദ്രമായ ശ്രവണബൽഗുളയിലെ വിന്ധ്യാഗിരിയിൽ കൊത്തിയിട്ടുള്ള ഒരു പ്രാചീന ശിലാലേഖനത്തിൽ നിന്നു ചുവടെ ചേർക്കുന്നു.

“ശ്രീനാഭേയോഽജിതസ്സം ഭവനിമി

ഹമലസ്സുവ്രതാനന്തധർമ്മാ-

ശ്ചന്ദ്രങ്കാശ്ശാന്തി കുമ്പൂസ്സ സമിതി

സുവിധിശ്ശീതളോ വാസുപൂജ്യഃ

മല്ലിശ്രേയസ്സു പാർശ്ശോ ജലജരുചിരരോ

നന്ദനഃ പാശ്ചനേ മി

ശ്രീ വീരശ്ചേതി ദേവാ ഭൂവി ഭദതു

ചതുർവിംഗതീർമാഗലാനി”

ഈ ശ്ലോകത്തിൽ നാഭേയൻ, ചന്ദ്രാംഗൻ, ജലജരുചി, നന്ദനൻ എന്നുപറഞ്ഞിരിക്കുന്നവരെ യഥാക്രമം ഋഷഭൻ, ചന്ദ്രപ്രഭൻ, പത്മപ്രഭൻ, അഭിനന്ദൻ എന്നാണു് സാധാരണയായി വിളിച്ചുവരുന്നതു്. കാലമുറ അനുസരിച്ചു് ഈ ഇരുപത്തിനാലു തീർത്ഥങ്കരന്മാരുടെ പട്ടിക ചുവടെ ചേർക്കുന്നു.

images/Inscriptions.jpg
ഒഡെഗൽ ബസാദിയിലെ കന്നഡ ലിഖിതം.

(1) ഋഷഭൻ (2) അജിതൻ (3) സംഭവൻ (4) അഭിനന്ദൻ (5) സമുതി (6) പത്മപ്രഭൻ (7) സുപാർശ്വൻ (8) ചന്ദ്രപ്രഭൻ (9) സുവിധി (പുഷ്പദന്തൻ) ശ്രീ ശീതളൻ (11) ശ്രേയാംഗൻ (12) വാസുപൂജ്യൻ (13) വിമലൻ (14) അനന്തൻ (15) ധർമ്മൻ (16) ശാന്തി (17) ജന്തു (18) അരൻ (അർഹനാഥൻ) (19) മല്ലി (20) സുവ്രതൻ (21) നിമി (22) നേമി (അരിഷ്ടനേമി) (23) പാർത്ഥനാഥൻ (24) വർദ്ധമാന മഹാവീരൻ. ഇവരിൽ ഇരുപത്തിരണ്ടുപേരും ഇക്ഷ്വാകുവംശത്തിൽപ്പെട്ട (സൂര്യവംശം) ക്ഷത്രിയരും കശ്യപഗോത്രക്കാരുമാണു്. ശേഷിച്ച രണ്ടുപേരുടെ, അതായതു് പതിനൊന്നാമത്തെ തീർത്ഥങ്കരനായ ശ്രേയാംഗന്റെയും 20-ാമത്തെ തീർത്ഥങ്കരനായ സുവ്രതന്റെയും വംശം സോമവംശവും, ഗോത്രം ഗൌതമവുമാകുന്നു. ഇന്ത്യയിലെ പല പ്രധാന മതങ്ങളുടെയും സ്ഥാപകന്മാർ ക്ഷത്രിയന്മാരാണെന്നുള്ള സംഗതി ശ്രദ്ധേയമാണു്. ക്ഷത്രിയനായ ഋഷഭൻ ജൈനമതവും ക്ഷത്രിയനായ ശ്രീകൃഷ്ണൻ ഭാഗവത മതവും, ക്ഷത്രിയനായ ഗൌതമബുദ്ധൻ ബുദ്ധമതവും സ്ഥാപിക്കുകയുണ്ടായി. പ്രസ്തുത ഇരുപത്തിനാലു തീർത്ഥങ്കരന്മാരിൽ വെച്ചു് ഋഷഭനും ശാന്തിയും അരിഷ്ടനേമിയും മഹാവീരനും പാർശ്വനാഥനുമാണു് ജൈനരുടെ ഇടയ്ക്കു് അധികം വിശ്രുതി നേടിയിട്ടുള്ളവർ.

images/parshvanatha.jpg
പാർശ്വനാഥ തീർത്ഥങ്കരന്റെ ചിത്രം (6–7 നൂറ്റാണ്ടു്).

വൈശാലിയിലുള്ള കുണ്ഡഗ്രാമത്തിലെ ഒരു ജ്ഞാനി ക്ഷത്രിയ പ്രഭുവായ സിദ്ധാർത്ഥന്റെയും അദ്ദേഹത്തിന്റെ പത്നിയായ ത്രിശാലയുടെയും പുത്രനായ മഹാവീരൻ ഗൌതമബുദ്ധന്റെ സമകാലീനനാണു്. മഹാവീരൻ കൈവല്യം പ്രാപിച്ചതു് ബി. സി. 527-ൽ ആണെന്നു ജൈന ഐതിഹ്യവും ബി. സി. 454-ൽ ആണെന്നു് ആധുനിക ഗവേഷകരിൽ ചിലരും പറയുന്നുണ്ടു്. 72-ാമത്തെ വയസ്സിലാണു് അദ്ദേഹം പറപാ ഗ്രാമത്തിൽ വെച്ചു് കൈവല്യം അടഞ്ഞതു്.

images/model_of_Mohenjo-Daro_seal.jpg
കര കണ്ടെത്തുന്നതിനായി പക്ഷികളെ കണ്ടെത്തുന്ന ദിശയിലുള്ള ബോട്ട്. മൊഹഞ്ജെദാരൊ ​​മുദ്രയുടെ മാതൃക, ക്രി. മു. 2500–1750.
തീർത്ഥങ്കരന്മാരും സങ്കേതങ്ങളും

23-മത്തെ തീർത്ഥങ്കരനായ പാർശ്വനാഥൻ, മഹാവീരനു 250 വർഷങ്ങൾക്കു മുമ്പു് അതായതു് ബി. സി. 777-ൽ കൈവല്യം പ്രാപിച്ചു എന്നാണു് ജൈന ഐതിഹ്യം. കൈവല്യമടയുമ്പോൾ അദ്ദേഹത്തിനു നൂറുവയസ്സ് പ്രായമുണ്ടായിരുന്നു. “ജനങ്ങളുടെ കണ്ണിലുണ്ണി” (പുരിസാദാണീയ) എന്ന പേരു് നേടിയിരുന്ന ഈ തീർത്ഥങ്കരൻ കാശിരാജാവായ അശ്വസേനന്റെയും രാജ്ഞി വാമാദേവിയുടെയും പുത്രനായി കാശിയിൽ ജനിച്ചു. നരവർമ്മൻ എന്ന രാജാവിന്റെ പുത്രിയായ പ്രഭാവതിയെയാണു് പാർശ്വനാഥൻ കല്യാണം കഴിച്ചതു്. മുപ്പതു വയസ്സിൽ അദ്ദേഹം സന്ന്യസിച്ചു. ഓരോ തീർത്ഥങ്കരനും ഓരോ ലാഞ്ഛനവും ഓരോ വൃക്ഷവും ഓരോ യക്ഷനേയും ഓരോ യക്ഷിണിയേയും ജൈനന്മാർ സങ്കൽപ്പിച്ചിട്ടുണ്ടു്. മഹാവീരന്റെ ലാഞ്ഛനം സിംഹവും വൃക്ഷം ശാലമരവും യക്ഷൻ മാതംഗനും യക്ഷിണി സിദ്ധായികയുമാണു്. പത്തിവിരിച്ച സർപ്പവും ധാതകീ വൃക്ഷവും പാർശ്വയക്ഷനും പത്മാവതി യക്ഷിണിയുമാണു് പാർശ്വനാഥന്റെ ലാഞ്ഛനാദികൾ. പാർശ്വനാഥനെ സർപ്പങ്ങളോടു ഘടിപ്പിക്കുന്ന ഐതിഹ്യങ്ങൾ പലതുണ്ടു്. അദ്ദേഹത്തിന്റെ നാമോച്ചാരണം സർപ്പഭയത്തിനു പ്രതിവിധിയായി ജൈനന്മാർ വിശ്വസിച്ചിരുന്നു. പാർശ്വനാഥന്റെ വിഗ്രഹങ്ങളിൽ പത്തിവിരിച്ച സർപ്പത്തെ അദ്ദേഹത്തിന്റെ തലയ്ക്കുമീതെ കൊത്തിയിരിക്കും. ബംഗാളിലെ സമ്മേതശൈലത്തിൽ വെച്ചു് പാർശ്വനാഥൻ കൈവല്യമടഞ്ഞ കാലത്തു് ജൈനമതത്തിൽ പതിനായിരം ശ്രമണന്മാരും മുപ്പത്തി എണ്ണായിരം ഭിക്ഷുണികളും അഞ്ചുലക്ഷത്തോളം സാധാരണ ജനങ്ങളുമുണ്ടായിരുന്നു എന്നു് കല്പസൂത്രത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. ഇതിൽ നിന്നു് ബി. സി. എട്ടാം ശതകത്തിന്റെ പ്രാരംഭത്തിൽ ജൈനമതത്തിനു ഭാരതീയരുടെ ഇടയ്ക്കു് വളരെ പ്രചാരമുണ്ടായിരുന്നു എന്നു് അനുമാനിക്കാം. മഹാവീരന്റെ കാലത്തുള്ള ശ്രമണരെ നിർഗ്രന്ഥന്മാരെന്നും, പാർശ്വനാഥന്റെ കാലത്തുള്ള ശ്രമണരെ കുമാരശ്രമണരെന്നും വിളിച്ചുവന്നിരുന്നു. മഹാവീരന്റെ ശ്രമണർ വസ്ത്രം ധരിച്ചിരുന്നില്ല; പാർശ്വനാഥന്റെ ശ്രമണർ ഉപേക്ഷിച്ചിരുന്നുമില്ല.

images/Gommateshwara.jpg
വിന്ധ്യഗിരി കുന്നിലെ ഒഡെഗൽ ബസാദി.
പൗരാണിക പാത്രങ്ങൾ

22-ാമത്തെ തീർത്ഥങ്കരനായ അരിഷ്ടനേമി ശ്രീകൃഷ്ണന്റെ ഒരു യുവസമകാലീനനും ബന്ധുവുമായിരുന്നു. പുരാണങ്ങൾ നൽകുന്ന വിവരങ്ങളിൽ നിന്നു് ശ്രീകൃഷ്ണന്റെ കാലം ബി. സി. 1400-നും 1350-നും ഇടയ്ക്കാണെന്നു വിചാരിക്കാവുന്നതിനാൽ അരിഷ്ടനേമിയുടെ കാലവും ഇതിനടുത്തായിരിക്കണം. ജൈന ഐതിഹ്യപ്രകാരം വൃഷ്ണിവംശജനായ അന്ധകവൃഷ്ണിയുടെ പത്തുപുത്രന്മാരിൽ മൂത്തവനും ഗൗരിപുരത്തെ സാമന്തരാജാവുമായ സമുദ്രവിജയനാണു് അരിഷ്ടനേമിയുടെ പിതാവു്. ഈ സമുദ്രവിജയനാണു് അക്രൂരൻ എന്നു് ഹിന്ദു പുരാണങ്ങൾ പേരിട്ടിരിക്കുന്നതു്. സമുദ്രവിജയനു പുറമേ അന്ധകവൃഷ്ണിക്കു അക്ഷോഭ്യൻ, സ്തിമിതൻ, സാഗരൻ, ഹിമവാൻ, അപലൻ, ധരണൻ, പുരാണൻ, അഭിചന്ദ്രൻ, വാസുദേവൻ എന്ന ഒൻപതു പുത്രന്മാരും കുന്തി, മാദ്രി എന്നീ രണ്ടു പുത്രിമാരുമുണ്ടായിരുന്നു. അന്ധകവൃഷ്ണിയുടെ പിതൃസഹോദരനായ സവീരന്റെ പത്നിയാണു് കംസന്റെ ഭാര്യയായ ശിവാ അരിഷ്ടനേമിയെ പ്രസവിച്ചതു്. കൃഷ്ണൻ കംസനെ വധിച്ചതിനുശേഷം, അദ്ദേഹം സമുദ്രവിജയന്റെ സഹായത്തോടുകൂടി കംസന്റെ പിതാവും കംസൻ തടവിൽ പാർപ്പിച്ചിരുന്നവരുമായ ഉഗ്രസേനനെ വീണ്ടും രാജാവായി വാഴിക്കുകയുണ്ടായി. ഇതറിഞ്ഞു കംസന്റെ ഭാര്യയുടെ പിതാവായ ജരാസന്ധൻ യുദ്ധത്തിനൊരുമ്പെട്ടപ്പോൾ വൃഷ്ണവർഗ്ഗക്കാർ സുരാഷ്ട്രത്തിലേക്കു് (ഗുജറാത്ത്) പോയിക്കളഞ്ഞു. അവിടെ അവർ സ്ഥാപിച്ച ദ്വാരകയിലാണു് അരിഷ്ടനേമി തന്റെ യൗവനകാലം നയിച്ചതു്. കൃഷ്ണന്റെ നിർബന്ധം നിമിത്തം അരിഷ്ടനേമി സത്യഭാമയുടെ സഹോദരിയും ഉഗ്രസേനന്റെ പുത്രിയുമായ രാജിമതിയെ മനസ്സില്ലാ മനസ്സോടെ കല്യാണം കഴിച്ചു. വിവാഹത്തിനുശേഷം അധികംനാൾ കഴിയുന്നതിനുമുമ്പു് അരിഷ്ടനേമി സന്ന്യസിക്കുകയും ചെയ്തു. ഗുജറാത്തിലെ രൈവതഗിരിയിൽ (ഗിർനർമല) വെച്ചു് അരിഷ്ടനേമി കൈവല്യമടഞ്ഞു. അക്കാലത്തു് ജൈനമതത്തിനു് പതിനൊന്നായിരം ശ്രമണന്മാരും, നാൽപത്തി നാലായിരം ഭിക്ഷുണികളും അഞ്ചുലക്ഷത്തിൽപ്പരം സാധാരണ ജനങ്ങളുമുണ്ടായിരുന്നു. അരിഷ്ടനേമിയുടെ ലാഞ്ഛനം ഒരു ശംഖും വൃക്ഷം വേടമ്പവും, യക്ഷൻ ഗോമധനും യക്ഷിണി അംബികയുമാണു്. അരിഷ്ടനേമിക്കു് ഒരു തലമുറയ്ക്കു മുമ്പു ജീവിച്ചിരുന്ന ഗാന്ധാരരാജാവായ നഗ്നജിത്തും വിദേഹരാജാവായ നിമിയും കലിംഗ രാജാവായ കരണുവും, വിദർഭ രാജാവായ ഭീമനും ദണ്ഡകരാജാവായ ദണ്ഡകിയും പാഞ്ചാല രാജാവായ ദുർമുഖനും ജൈന മതാനുയായികളുമായിരുന്നു. ഈ നഗ്നജിത്തിന്റെ പുത്രിയാണു് കൃഷ്ണന്റെ ഭാര്യമാരിൽ ഒരുത്തിയായ നഗ്നാജിതാ.

images/Jain_Prateek_Chihna.png
ജൈനമത ചിഹ്നം.
images/In-jain-o.png
ജൈന പതാക.
നിമിയുടെ കാലം

വിജയന്റെ പുത്രനായ നിമിയാണു് 21-ാമത്തെ തീർത്ഥങ്കരൻ. നിമിയുടെയും നിമിക്കു മുമ്പുള്ള തീർത്ഥങ്കരന്മാരുടെയും കാലങ്ങളെപ്പറ്റി ജൈനമതഗ്രന്ഥങ്ങൾ നൽകുന്ന വിവരങ്ങൾ ഒട്ടുംതന്നെ വിശ്വാസയോഗ്യമല്ല. ഉദാഹരണമായി നിമിയുടെ കാലത്തിനും എ. ഡി. ആറാം ശതാബ്ദത്തിൽ നടന്ന വലഭിയിലെ പ്രസിദ്ധ സമ്മേളനത്തിനും തമ്മിലുള്ള കാലാന്തരം 584979 വർഷങ്ങൾ ആണെന്നാണു് അവയിൽ പറഞ്ഞിരിക്കുന്നതു്. ഇതിലും അതിഭീമമായ കാലസംഖ്യകൾ ഇദ്ദേഹത്തിനു മുമ്പുള്ള തീർത്ഥങ്കരന്മാരുടെ കാലങ്ങൾക്കു് അവ നൽകുകയും ചെയ്തിരിക്കുന്നു. എന്നാൽ നിമിയുടെ ഉദ്ദേശകാലവും സുവ്രതന്റെ കാലവും പ്രഥമ തീർത്ഥങ്കരനായ ഋഷഭന്റെ കാലവും കണ്ടുപിടിക്കുവാൻ സാധിക്കുമെന്നു് ഈ ലേഖകൻ വിചാരിക്കുന്നു.

images/Doddahundi_Nishidhi.jpg
പഴയ കന്നഡ ലിഖിതത്തോടുകൂടിയ ദോദാഹുണ്ടി നിഷിധി (സ്മാരക കല്ലു്, 869 C. E.).

20-ാമത്തെ തീർത്ഥങ്കരനായ സുവ്രതൻ ശ്രീരാമന്റെ സമകാലീനനാണെന്നു ശത്രുഞ്ജയമാഹാത്മ്യം എന്ന ജൈനമതഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ടു്. ശ്രീരാമനു് മഹാപത്മൻ എന്ന ബിരുദം കൂടി ജൈനഗ്രന്ഥങ്ങൾ നൽകുന്നുണ്ടു്. ശ്രീരാമന്റെ ജീവിത കഥയെ ആസ്പദിച്ചു് വിലമാചാര്യൻ എന്ന ഒരു ജൈനകവി പൗമചരിതം (പത്മചരിതം) എന്ന ഒരു പ്രാകൃതകാവ്യം ബി. സി. 3-ൽ രചിച്ചതായും നമുക്കറിവുണ്ടു്. ദശരഥൻ പാർസി മതസ്ഥാപകനായ സൊറാസ്ട്രരുടെ സമകാലീനനാണെന്നും അദ്ദേഹത്തിന്റെ കാലം ബി. സി. 1530-നു സമീപിച്ചാണെന്നും ‘സൊറാസ്തറുടെ കാലം’ എന്ന ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നല്ലോ. ഇതിൽ നിന്നും ശ്രീരാമന്റെയും ഇരുപതാമത്തെ തീർത്ഥങ്കരനായ സുവ്രതന്റെയും കാലം ബി. സി. 1560-നു സമീപിച്ചും 22-ാമത്തെ തീർത്ഥങ്കരനായ അരിഷ്ടനേമിയുടെ കാലം ബി. സി. 1350-നും സമീപിച്ചാകയാൽ ഈ കാലങ്ങൾക്കിടയ്ക്കായിരിക്കണം 21-ാമത്തെ തീർത്ഥങ്കരനായ നിമി ജീവിച്ചിരുന്നതു്.

images/Adoration_of_the_Jaina_Tirthankara_Mahavira.jpg
മഹാവീര ആരാധനയുടെ ഒരു ചിത്രം, c. 1825.
മറ്റു തീർത്ഥങ്കരന്മാർ

ഋഷഭനും സുവ്രതനും ഇടയ്ക്കുള്ള കാലം നിർണ്ണയിക്കുന്നതിനു സാധിക്കുകയില്ല. ഇവരെപ്പറ്റിയുള്ള ചില വിവരങ്ങൾ ചുവടെ ചേർക്കുന്നു. 24 തീർത്ഥങ്കരന്മാരുടെ കഥകൾ പറയുന്നതിനോടുകൂടി ജൈനമതഗ്രന്ഥങ്ങൾ പന്ത്രണ്ടു ചക്രവർത്തിമാരുടെയും ഒമ്പതു വാസുദേവന്മാരുടെയും കഥകൾ വിവരിക്കുന്നുണ്ടു്. ഋഷഭന്റെ പുത്രനായ ഭരതൻ, സഗരൻ, മഘവാൻ, സനത്കുമാരൻ, ശാന്തി, കുമ്പു, ആരൻ, സുഭ്രമൻ, മഹാപത്മൻ (ശ്രീരാമൻ), കാമ്പല്യത്തിലെ ഹരിപേഷൻ മുതലായവരാണു് പ്രസ്തുത പന്ത്രണ്ടു ചക്രവർത്തികൾ. ഒമ്പതു ബലദേവന്മാരുടെ കൂട്ടത്തിൽ ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായ ബലദഭദ്രനും ഒമ്പതു വാസുദേവന്മാരുടെ കൂട്ടത്തിൽ ജൈനന്മാർ നാരായണൻ എന്ന ബിരുദം നൽകിയിട്ടുള്ളവനും ശ്രീരാമന്റെ അനുജനായ ലക്ഷ്മണനും ശ്രീകൃഷ്ണനും ഉൾപ്പെടുന്നുണ്ടു്. പ്രസ്തുത പന്ത്രണ്ടു് ചക്രവർത്തിമാരിൽ അഞ്ചാമത്തെ ചക്രവർത്തിയായ ശാന്തി പതിനാറാമത്തെ തീർത്ഥങ്കരനും ആറാമത്തെ ചക്രവർത്തിയായ കുമ്പു പതിനേഴാമത്തെ തീർത്ഥങ്കരനും, ഏഴാമത്തെ ചക്രവർത്തിയായ ആരൻ പതിനെട്ടാമത്തെ തീർത്ഥങ്കരനും കൂടിയാണു്. രണ്ടാമത്തെ ചക്രവർത്തിയായ സഗരൻ രണ്ടാമത്തെ തീർത്ഥങ്കരനായ അജിതന്റെ അനുജനുമാണു്.

images/KU14.jpg
സന്യാസിമാരുടെ സല്ലെഖാന സ്ഥലം.
ഋഷഭന്റെ കാലം

ഇനി പ്രഥമ തീർത്ഥങ്കരനായ ഋഷഭന്റെ കാലം കണ്ടുപിടിക്കാൻ ശ്രമിക്കാം. ഇതിനു് ജൈന ഐതിഹ്യപ്രകാരമുള്ള അദ്ദേഹത്തിന്റെ വംശാവലിയിലെ ഹിന്ദു ഐതിഹ്യ പ്രകാരമുള്ള അദ്ദേഹത്തിന്റെ വംശാവലിയോടു താരതമ്യപ്പെടുത്തി രണ്ടിനും തമ്മിൽ പൊരുത്തമുണ്ടാക്കിയേ മതിയാവൂ. ആദ്യമായി ജൈനഐതിഹ്യ പ്രകാരമുള്ള ഋഷഭന്റെ വംശാവലി ശത്രുഞ്ജയ മഹാത്മ്യത്തിൽ നിന്നും, പിന്നീടു് ഹിന്ദു ഐതിഹ്യപ്രകാരമുള്ള അദ്ദേഹത്തിന്റെ വംശാവലി ഭാഗവതത്തിൽ നിന്നും, ചുവടെ ചേർക്കുന്നു.

images/Tirthankaras.jpg
തീർത്ഥങ്കരന്മാർ ഋഷഭനാഥ (ഇടത്തു്), മഹാവീര (വലത്തു്), പതിനൊന്നാം നൂറ്റാണ്ടു്.

ചുവടെ ചേർത്തിട്ടുള്ള രണ്ടു പട്ടികകളിൽ നിന്നും ഹിന്ദുക്കളുടെ അഗ്നിദ്ധ്രൻ ജൈനരുടെ പ്രസേനജിത്തും, ഹിന്ദുക്കളുടെ പ്രിയവ്രതൻ ജൈനരുടെ അഭിചന്ദ്രനും, ഹിന്ദുക്കളുടെ സ്വയംഭൂമനു ജൈനരുടെ ചക്ഷുഷ്ദ്ധനും ആണെന്നു് സ്പഷ്ടമാകുന്നുണ്ടല്ലോ. ഏഴു് കുലകാരന്മാർ ഉണ്ടായിരുന്നുവെന്നും മരുദേവൻ അഥവാ നാഭി ഏഴാമത്തെ കുലകാരനാണെന്നും ജൈനർ പറയുന്നുണ്ടു്. ഈ കുലകാരന്മാരാണു് ഹിന്ദുക്കളുടെ മനുക്കൾ. ഏഴാമത്തെ മനുവായ വൈവസ്വതന്റെ മന്വന്തരമാണു് ഹിന്ദു പുരാണങ്ങൾ രചിച്ച കാലത്തു് നിലവിലിരുന്നതെന്നും അന്നത്തെ മനുപുത്രരായ രാജാക്കന്മാർ ഇക്ഷ്വാകു, നൃശൻ, ശർയ്യാതി, നകിഷന്ദൻ, നാഭാഗാൻ, നേതിഷ്ഠൻ, അരിഷ്ഠൻ, കരൂഷൻ, പ്രഷദ്ധ്രൻ എന്നിവരാണെന്നും വിഷ്ണുപുരാണം മുതലായവ പറയുന്നുണ്ടു്. വൈവസ്വതനു മുമ്പുള്ള ആറു് മനുക്കൾ സ്വയംഭൂ, സ്വരോചിഷൻ, ഉത്തമൻ, താമസൻ, രൈവതൻ, ചാക്ഷുകൻ എന്നിവരാണു്. ഭാഗവതത്തിൽ നിന്നു് മുകളിൽ ചേർത്തിട്ടുള്ള വംശാവലിയിൽ നിന്നു് സ്വരോചിഷൻ, ഉത്തമൻ, താമസൻ, രൈവതൻ എന്നീ മനുക്കൾ പ്രിയവ്രതന്റെ വംശത്തിൽ ജനിച്ചവരാണെന്നു കാണാം.

ജൈനവംശാവലി:

വിമലവാഹനൻ

ചക്ഷുഷ്മന്ത്

അഭിചന്ദ്രൻ

പ്രസേനജിത്

മന്ദദേവൻ (നാഭി)

ഋഷഭൻ

ഭരതൻ – ബാഹുബലി – ദ്രവിഡൻ – കുരു – മറ്റു പുത്രന്മാർ

സൂയ്യയശസ് സേമയശസ് ദ്രാവിഡൻ വാലിവില്യൻ

ഹിന്ദുവംശാവലി:

സ്വയംഭൂമനു

പ്രിയവ്രതൻ ഉത്താനപാദൻ

ഒരു ഭാര്യ മറ്റൊരു ഭാര്യ

അഗ്നിദ്ധ്രൻ (സ്വരോചിഷമനു) മറ്റു 9 പുത്രന്മാർ രൈവതമനു താമസമനു ഉത്തമമനു ധ്രുവൻ ലത്സൻ വ്യുഷ്ഠൻ ചക്ഷുസ് ചാക്ഷുസമനു

നാഭി ഋഷഭൻ മറ്റു പുത്രന്മാർ ഭരതൻ മറ്റു പുത്രന്മാർ (99) സുമതി

images/Mahamastakabhisheka.jpg
ഗോമതേശ്വര പ്രതിമയിലെ മഹാമസ്തകാഭിഷേകം.

വിഷ്ണുപുരാണത്തിലും ഇങ്ങനെതന്നെയാണു് പറഞ്ഞിരുന്നതും. ആറാമത്തെ മനുവായ ചാക്ഷുഷൻ ഉത്താനപാദന്റെ വംശത്തിൽപ്പെട്ടവനാണു്. ഏഴാമത്തെ മനുവായ വൈവസ്വതനു് (വിവസ്വന്റെ പുത്രനു്) ഹിന്ദുപുരാണങ്ങൾ ശ്രാദ്ധദേവൻ എന്ന പേരുകൊടുത്തിട്ടുണ്ടു്. ഈ വൈവസ്വതൻ (ശ്രാദ്ധദേവൻ) ആരാണു്? ജൈനന്മാർ ഏഴാമത്തെ കുലകാരൻ നാഭിയാണെന്നു പറഞ്ഞിട്ടുള്ളതിനാൽ ഈ നാഭിയാണു് ഏഴാമത്തെ മനുവായ വൈവസ്വതൻ എന്നു് അനുമാനിക്കാം. നാഭിയുടെ പുത്രനായ ഋഷഭൻ (വൃഷസേനൻ) ആണു് ഇക്ഷ്വാകു വംശത്തിന്റെ സ്ഥാപകൻ എന്നും ജൈനർ പറയുന്നുണ്ടു്. വൈവസ്വത മനുവിന്റെ പുത്രനാണു് ഇക്ഷ്വാകു വംശം സ്ഥാപിച്ച ഇക്ഷ്വാകു എന്നും ഹിന്ദു പുരാണങ്ങളിൽ കാണാം. ഇതിൽ നിന്നു് വൈവസ്വതമനു നാഭിയാണെന്നുള്ള അനുമാനം ശരിയാണെന്നു വരുന്നു. കൂടാതെ ഋഷഭനും ഇക്ഷ്വാകുവും ഒന്നാണെന്നും ഇതിൽ സ്പഷ്ടമാകുന്നുണ്ടു്. പിന്നെയും ഋഷഭ പുത്രനും ഭാരതത്തിനു ആ പേർ ലഭിക്കുവാൻ കാരണഭൂതനുമായ ഭരതനാണു് ഇക്ഷ്വാകുവിന്റെ മൂത്തപുത്രനായി ഹിന്ദുപുരാണങ്ങളിൽ പറഞ്ഞിട്ടുള്ള പികുക്ഷി (ശശാദൻ) എന്നും ഭരതപുത്രനായി ജൈനന്മാർ പറഞ്ഞിട്ടുള്ള ആര്യയശബും, ഭരതപുത്രനായി ഭാഗവതം പറയുന്ന സുമതിയും, വികുക്ഷിയുടെ പുത്രനായി ഹിന്ദുപുരാണങ്ങൾ പറയുന്ന പുരഞ്ജയനും (കാകുൽസ്ഥൻ) ഒന്നാണെന്നും മുകളിൽ പ്രസ്താവിച്ചിടുള്ള സംഗതികളിൽ നിന്നും വരുന്നുണ്ടു്. മറ്റൊരു പ്രധാന സംഗതിയും മുകളിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള വസ്തുതകളിൽ നിന്നു് വ്യക്തമാകുന്നു. ഓരോ മനുവിന്റെയും അധികാരകാലം, അതായതു് ഒരു മന്വന്തരം, നാൽപത്തിമൂന്നു ലക്ഷത്തി ഇരുപതിനായിരം വർഷം ആണെന്നും ഓരോ മന്വന്തരവും ഒന്നു കഴിഞ്ഞു് ഒന്നുമായി വന്നുകൊണ്ടിരുന്നുവെന്നും എന്നുമുള്ള പ്രസ്താവനകൾ വാസ്തവമല്ലെന്നുള്ളതാണു് അതു്. അയനം നിർണ്ണയബിന്ദുവിന്റെ ഇരുവശത്തേയ്ക്കും ഇരുപത്തേഴ് ഡിഗ്രി ഒരു നിശ്ചിത കാലത്തിനകത്തു് മാറിക്കൊണ്ടിരിക്കുന്നുവെന്നും, ഇങ്ങനെയുള്ള ഇരുനൂറു മാറ്റങ്ങൾക്കു് 43,20,000 വർഷങ്ങൾ വേണ്ടിവരുമെന്നും പ്രാചീന ഏഷ്യയിലെ ജ്യോതിശാസ്ത്രജ്ഞന്മാർ ഗണിച്ചു് നിശ്ചയിച്ചിരുന്നു. ഈ ജ്യോതിശ്ശാസ്ത്ര സംബന്ധമായ കാലാന്തരത്തെയാണു് ഒരു മനുവിന്റെ കാലമായി ഹിന്ദുപുരാണ കർത്താക്കന്മാർ പ്രസ്താവിച്ചിരിക്കുന്നതു്. പ്രാചീന ബാബിലോണിയാ ചരിത്രത്തിലെ സുപ്രസിദ്ധമായ മഹാപ്രളയത്തിനു മുമ്പു വാണിരുന്ന പത്തു രാജാക്കന്മാരുടെയും ഭരണകാലം 4,32,000 വർഷങ്ങൾ, അതായതു് ഹിന്ദുക്കളുടെ ഒരു മന്വന്തരത്തിന്റെ പത്തിലൊരംശം ആണെന്നു് വെറോസസ് എന്ന പ്രാചീന ബാബിലോണിയായിലെ ചരിത്രകാരന്മാർ പ്രസ്താവിച്ചിട്ടുള്ളതും ഇവിടെ സ്മരണീയമത്രേ.

images/KassalaMukram_suburb.jpg
കസല, സുഡാനിലെ മുക്രം പർവ്വതത്തിനടുത്തുള്ള പ്രാന്തപ്രദേശങ്ങൾ.

ഋഷഭനും ഇക്ഷ്വാകുവും ഒന്നാണെന്നു മുകളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. കാശ്യപഗോത്രജനായ ഋഷഭൻ കോസലത്തിൽ ജനിച്ചു എന്നും അദ്ദേഹത്തിനു നൂറുപുത്രന്മാർ ഉണ്ടായിരുന്നുവെന്നും മൂത്ത പുത്രനായ ഭരതനെ രാജാവായി വാഴിച്ചതിനുശേഷം ഋഷഭൻ സന്ന്യസിച്ചു എന്നും ചഷ്ടാലഭ ഗിരിയിൽ വെച്ചു് അദ്ദേഹം കൈവല്യം പ്രാപിച്ചുവെന്നും ജൈനമത ഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചിരിക്കുന്നു. ഋഷഭന്റെ ലാഞ്ഛനം വൃഷഭവും വൃക്ഷം വടവൃക്ഷവും യക്ഷൻ ഗോമുഖനും യക്ഷിണി ചക്രേശ്വരിയുമാണു്. ഋഷഭൻ ജനിച്ചതായി പറയുന്ന കോസലം ഉത്തരേന്ത്യയിലെ കോസലം ആണെന്നു് തോന്നുന്നില്ല. അതു് ഏലാം രാജ്യത്തിലുള്ളതായി ബാബിലോണിയൻ ചരിത്രത്തിൽ പറയുന്ന കസല എന്ന, ടൈഗ്രീസ് നദിക്കു് സമീപമുള്ള ഒരു പ്രദേശമായിരുന്നേക്കാം. ഋഷഭന്റെ പുത്രന്മാരായ ഭരതനും ബാഹുബലിയും തമ്മിൽ സാമ്രാജ്യം കൈക്കലാക്കുവാനായി പൊരുതി എന്നും ഈ യുദ്ധത്തിൽ ബാഹുബലിക്കാണു് രാജ്യം ലഭിച്ചതെന്നും, എന്നാൽ അനിതര സാധാരണമായ ത്യാഗബുദ്ധിയോടുകൂടി ബാഹുബലി ജേഷ്ഠനായ ഭരതനു രാജ്യം വിട്ടുകൊടുത്തുവെന്നും, അനന്തരം ബാഹുബലി ഒരു ജൈനശ്രമണനായി സന്യസിച്ചുവെന്നും, ഈ ബാഹുബലിയുടെ പ്രതിമയാണു് മൈസൂരിലെ ജൈനകേന്ദ്രമായ ശ്രവണബൽഗുളയിൽ സ്ഥാപിച്ചിട്ടുളള ഭീമമായ ഗൊമ്മട പ്രതിമയെന്നും ദക്ഷിണേന്ത്യയിലെ ജൈനന്മാർ വിശ്വസിച്ചുവരുന്നു.

images/Sallekhana.jpg
സല്ലേഖനയെ നിരീക്ഷിച്ച വിനായദേവസേനന്റെ സ്മരണയ്ക്കായി ഒരു ലിഖിതം. ഏഴാം നൂറ്റാണ്ടിലെ കന്നഡ ലിപി. കർണാടകയിലെ ശ്രവണബൽഗുളയിൽ കണ്ടെത്തി.

ഋഷഭനും വൈവസ്വത മനുവിന്റെ പുത്രനായ ഇക്ഷ്വാകുവും ഒന്നാണെന്നുള്ളതുകൊണ്ടു് ഋഷഭന്റെ കാലം കണ്ടുപിടിക്കുവാൻ അത്ര അധികം വിഷമമില്ല. ശ്രീരാമനും മന്ധാതാവിനും തമ്മിൽ ഇരുപത്തിയഞ്ചു് തലമുറയുടെ അന്തരമുണ്ടെന്നു് വാത്മീകി രാമായണത്തിൽ നിന്നു് മനസ്സിലാക്കാം. മന്ധാതാവിനും ഇക്ഷ്വാകുവിനും തമ്മിൽ പതിനേഴു് തലമുറയുടെ അന്തരമുണ്ടെന്നു് പുരാണങ്ങളിൽ പറയുന്നുണ്ടു്. അതിനാൽ ശ്രീരാമനും ഇക്ഷ്വാകുവിനും (ഋഷഭനും) തമ്മിൽ നാൽപത്തിരണ്ടു തലമുറയുടെ അന്തരമുണ്ടു്. സാധാരണയായി ഒരു തലമുറയ്ക്കു് ഇരുപതുവർഷം അനുവദിക്കുന്നതു് ഒരു വിധം ശരിയായിരിക്കുമെങ്കിലും ദീർഘകാലത്തേയ്ക്കുള്ള കണക്കുകൂട്ടലുകളിൽ ഒരു തലമുറയ്ക്കു് പതിനാറോ പതിനെട്ടോ കൊല്ലങ്ങൾ അനുവദിച്ചു കൊടുക്കുന്നതായിരിക്കും കുറേക്കൂടി സൂക്ഷ്മമായ ഫലം നൽകുന്നതെന്നു് പല വംശാവലികളിലെയും കാലങ്ങൾ പരിശോധിച്ചാൽ കാണാം. ഇവിടെ ഒരു തലമുറയ്ക്കു് പതിനെട്ടു വർഷം കൊടുക്കാം. ഇതനുസരിച്ചു ശ്രീരാമനും ഋഷഭനും തമ്മിലുള്ള നാൽപത്തിരണ്ടു് തലമുറകൾ എഴുന്നൂറ്റി അമ്പത്താറു വർഷം വരുന്നതാണു്. ശ്രീരാമന്റെ കാലം ബി. സി. 1560 ആണെന്നു് മുകളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. അതുകൊണ്ടു് ഋഷഭന്റെ കാലം ബി. സി. 2300-നു സമീപമാണെന്നു വരുന്നു. ഋഗ്വേദകാലം ബി. സി. 2000-ത്തിനു സമീപിച്ചു തുടങ്ങിയതിനാൽ ഋഷഭൻ ഋഗ്വേദകാലം ആരംഭിക്കുന്നതിനു ഒരു മുന്നൂറു വർഷത്തിനു മുമ്പു് ജീവിച്ചിരുന്നു എന്നു വിശ്വസിക്കാവുന്നതാണു്.

images/View_of_Akkana_Basadi_from_northeastern_side_at_Shravanabelagola.jpg
ശ്രവണബൽഗുളയിൽ വടക്കുകിഴക്കൻ ഭാഗത്തു് നിന്നു് അക്കന ബസാദിയുടെ കാഴ്ച.

മാതൃഭൂമി ആഴ്ചപ്പതിപ്പു്, 1938 ജുൺ 6.

കേസരിയുടെ ലഘുജീവചരിത്രം

Colophon

Title: Jainamathaththinte Pracheenatha (ml: ജൈനമതത്തിന്റെ പ്രാചീനത).

Author(s): Kesari Balakrishna Pillai.

First publication details: Sayahna Foundation; Trivandrum, Kerala; 2021-04-18.

Deafult language: ml, Malayalam.

Keywords: Article, Kesari Balakrishna Pillai, Jainamathaththinte Pracheenatha, കേസരി ബാലകൃഷ്ണപിള്ള, ജൈനമതത്തിന്റെ പ്രാചീനത, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 11, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: , a painting by . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.