images/Hokusai_Daruma.jpg
Great Daruma at Honganji Nagoya Betsuin, a photograph by Katsushika Hokusai (1760–1849).
മഞ്ഞക്കിളികൾ
കേസരി ബാലകൃഷ്ണപിള്ള
images/Treasures_of_Ancient_China.jpg
ഹുവായ് രാജാവു് ഉപവിഭാഗത്തിലേക്കു് നൽകിയ ഷിപ്പിംഗ് ട്രാൻസിറ്റ് പാസ്സ്. മുളയുടെ ആകൃതിയിൽ വെങ്കലത്തിലുള്ള സ്വർണ്ണ ലിഖിതങ്ങൾ (ബി. സി. 323).

സയൻസിന്റെ ഇന്നത്തെ സർവ്വദേശീയത്വം കലയെ സംബന്ധിച്ചിടത്തോളം അത്രയധികം ഇന്നു ശക്തിപ്രാപിച്ചിട്ടില്ല. ദൂരം നശിപ്പിക്കാൻ പര്യാപ്തമായ ഇന്നത്തെ സയൻസിന്റെ കണ്ടുപിടിത്തങ്ങൾ ഇനി അതിവേഗം കലയിലും ഒരുവിധം പൂർണ്ണമായ സർവ്വദേശീയത്വം വരുത്തിവെയ്ക്കുന്നതാണു്. കലയ്ക്കു സർവ്വദേശീയത്വമുണ്ടായിരുന്ന കാലഘട്ടങ്ങൾ പണ്ടുമുണ്ടായിരുന്നു. ദൃശ്യകലകളെ സംബന്ധിച്ചിടത്തോളം രൂപസൗന്ദര്യം ഏതു രാജ്യക്കാരുടെയും കണ്ണിനും, ശ്രവ്യകലകളുടെ കാര്യത്തിൽ നാദം ഏതു രാജ്യക്കാരുടെയും ചെവിയ്ക്കും ഇമ്പം നൽകുന്നുണ്ടു്. ഇതാണു് ഏതു ദേശീയകലയ്ക്കും സർവ്വദേശീയമാകുവാൻ വഴിതെളിയ്ക്കുന്നതും. സർവ്വദേശീയമാകുന്ന ഒരു കലയ്ക്കുപോലും, ഒരുതരം പ്രാദേശികത്വം ഒഴിച്ചുകൂടാവുന്നതല്ല, രാഷ്ട്രീയമല്ല, പരിതസ്ഥിതിപരമാണു് — ഭൂപ്രകൃതിപരവും, ഭാഷാപരവും, സംസ്കാരപരവുമാണു് — ഇതു്. ഭാഷകൾക്കും ഭൂപ്രകൃതികൾക്കും തമ്മിൽ വ്യത്യാസമുണ്ടല്ലോ. സംസ്കാരങ്ങളും ഒന്നുപോലെയല്ല കാണപ്പെടുന്നതും. ഒരാളുടെ ദൃശ്യഭാവന പ്രായപൂർത്തി വരുന്നതിനുമുമ്പു് അതിശക്തിപൂർവ്വം പ്രവർത്തിച്ചുകൊണ്ടിരിക്കും. തന്നിമിത്തം ചുറ്റുമുള്ള ഭൂഭാഗക്കാഴ്ചയിലെ നിറങ്ങളും, രൂപങ്ങളും, കുട്ടിക്കാലത്തു മനസ്സിൽ പ്രവേശിച്ചു് അതിൽ പതിഞ്ഞിട്ടുള്ള ഐതിഹ്യാദിസംസ്കാരഘടകങ്ങളും, ആ മനുഷ്യന്റെ കലാരീതിയെ ശാശ്വതമായി ബാധിക്കുന്നതാണു്. ഇവയാണു് പ്രസ്തുത അനിവാര്യമായ പ്രാദേശികത്വം സർവ്വദേശീയമാകുന്ന കലകൾക്കുകൂടി നൽകുന്നതു്. കാവ്യത്തെ സംബന്ധിച്ചിടത്തോളം, വാസനാനുഗൃഹീതരായ കവികളുടെ അന്യഭാഷാകാവ്യപരിഭാഷകൾ ദേശീയകാവ്യങ്ങളെ സർവ്വദേശീയമാക്കുവാനും, ഇടുങ്ങിയ സഹൃദയത്വത്തെ വിശാലമാക്കുവാനും സഹായിക്കുന്നതാണു്. ഇത്തരം ഒന്നാണു് 42 ജപ്പാൻ മുക്തകങ്ങളും, എട്ടു ചീനക്കവിതകളുമടങ്ങിയ പ്രകൃതഗ്രന്ഥം.

images/Li_sao.png
സിയാവോ യുൻകോംഗ് ചിത്രീകരിച്ച കുസ്ഹ്സിയുടെ “The Lament”-ലെ രണ്ടു് പേജുകൾ, 1645-ലെ പകർപ്പിൽ നിന്നു്.

ഉത്തരചീനസംസ്കാരത്തിന്റെ ഒരു ശാഖയായ കൊറിയാസംസ്കാരവും, ദക്ഷിണചീനസംസ്കാരത്തിന്റെ ഒരു ശാഖയായ മലയാസംസ്കാരവും കലർന്നാണു് ജപ്പാൻസംസ്കാരം ഉത്ഭവിച്ചിട്ടുള്ളതു്. പരിതസ്ഥിതികളുടെ വ്യത്യാസം മൂലം ചീനസംസ്കാരവും ജപ്പാനിലേതും തമ്മിൽ പിന്നീടു് ഏറെക്കുറെ വ്യത്യാസപ്പെടുകയുണ്ടായി. ഇവ രണ്ടിന്റേയും ഉത്ഭവ ഐക്യം മഹാകവി ചങ്ങമ്പുഴ ധരിച്ചിരുന്നു. പ്രകൃതഗ്രന്ഥത്തിന്റെ തലക്കെട്ടു് ഇതിന്റെ ഒടുക്കം ചേർത്തിട്ടുള്ള ഒരു ചീനക്കവിതയായ ‘ഒരു വിലാപം’ എന്നതിന്റെ,

“ …ഹാ കഷ്ടം ഞാനൊരു
മഞ്ഞക്കിളിയായി മാറിയെങ്കിൽ
പക്ഷപുടങ്ങളടിച്ചടിച്ചെൻ വീട്ടി-
ലിക്ഷണമെത്താൻ കഴിഞ്ഞുവെങ്കിൽ!”
images/Qu_Yuan_Sang_while_Walking.jpg
ക്യൂ യുവാൻ, ചെൻ ഹോങ്ഷോ വരച്ച ചിത്രം (1616).

എന്ന ഭാഗത്തിൽനിന്നെടുത്തതിനും, ജപ്പാൻ കവിതകളും ചീനക്കവിതകളും പ്രകൃത കൃതിയിൽ കലർത്തിയിരിക്കുന്നതിനും ഒരു കാരണം ഇതാണു്. ചിത്രലിപികളാണു് ചീനരുടെയും ജപ്പാൻകാരുടെയും ഇടയ്ക്കു നടപ്പിലിരുന്നിരുന്നതു്. തന്നിമിത്തം മറ്റൊരിടത്തും കാണാനില്ലാത്ത അടുപ്പം ചീനത്തും ജപ്പാനിലും ചിത്രകലയ്ക്കും കാവ്യകലയ്ക്കും തമ്മിലുണ്ടായിരുന്നതായി കാണാം. ഒരേ ബ്രഷ് തന്നെയാണു് ഇവർ ഈ ഇരു കലകളിലേയും കൃതികൾ രചിക്കുന്നതിൽ ഉപയോഗിച്ചിരുന്നതു്. അതുകൊണ്ടു് ഓരോ കവിതയേയും ഇവർ മഷിയിൽ ആലേഖ്യം ചെയ്യുകയും, ഇവരുടെ ഓരോ ലിപിയും ഒരു ചിത്രത്തിന്റെ സ്മരണ ഉദിപ്പിക്കുകയും ചെയ്തിരുന്നു. ഒരു കവിത ദൃശ്യരൂപമെടുക്കാത്ത ഒരു ചിത്രവും, ഒരു ചിത്രം രൂപമെടുത്തിട്ടുള്ള ഒരു കവിതയുമാണെന്നു പണ്ടത്തെ ഒരു ചീനയോഗി പറഞ്ഞിട്ടുള്ളതായി കുസ്ഹ്സി പ്രസ്താവിച്ചിട്ടുണ്ടു്. പ്രകൃതഗ്രന്ഥത്തിലെ പ്രസ്തുത കലർത്തലിനു മറ്റൊരു കാരണം ഇതാണുതാനും. ഈജിപ്ത് തൊട്ടു് അമേരിക്കയുടെ പശ്ചിമതീരങ്ങൾ വരെ ചരിത്രാതീതകാലത്തു പ്രചരിച്ചിരുന്ന ആസ്ത്രിക്ക് ഭാഷാകുടുംബത്തിന്റെ ഇരുശാഖകളായ ആസ്ത്രോനേഷ്യയിലേയും ആസ്ത്രോഏഷ്യാറ്റിക്കിലേയും പദങ്ങൾ ജപ്പാൻഭാഷയുടെ പദാവലിയിൽ കാണാമെങ്കിലും, ഇവയിൽ അധികവും ആസ്ത്രോഏഷ്യാറ്റിക് ശാഖയിൽ പെട്ടവയാണെന്നു് മത്സുമോട്ടോ എന്ന ജാപ്പനീസ് പണ്ഡിതൻ സ്ഥാപിച്ചിട്ടുണ്ടു്. ആസ്ത്രോഏഷ്യാറ്റിക്കിൽ ഭാരതത്തിലെ മുണ്ഡാ, ഇൻഡോചൈനയിലെ മോണ്ഖ്മർ, നിക്കൊബാറീസ്, സുമേരിയൻ, ടിബറ്റോചീന ഭാഷാകുടുംബം, ബർമ്മീസ് എന്നിവയും, ആസ്ത്രോനേഷ്യനിൽ ഇൻഡോനേഷ്യൻ (മലയൻ) മെലോനേഷ്യൻ, പോളിനേഷ്യൻ മുതലായവും ഉൾപ്പെടുന്നതാണു്.

images/Japanischer_Maler.jpg
ഉജി ബ്രിഡ്ജ് സ്ക്രീൻ, യമതോയുടെ ഒരു ഉദാഹരണം (പതിനേഴാം നൂറ്റാണ്ടു്).

പ്രകൃതിസൗന്ദര്യത്തിന്റെ അതിലാളിത്യം, അഗ്നിപർവ്വതോല്പന്നങ്ങളും, പ്രായേണ നിരന്തരങ്ങളും സർവ്വസംഹാരികളുമായ ഭൂമികുലുക്കങ്ങൾ, ആദിനിവാസികളായ അയിനോവർഗ്ഗക്കാരുമായി രാജ്യചരിത്രത്തിന്റെ മധ്യകാലംവരെ നിത്യവും നടന്നുകൊണ്ടിരുന്ന പോരാട്ടങ്ങൾ എന്നിവയും, ജപ്പാൻകാരുടെ സ്വഭാവത്തിനു് ഒരു പ്രത്യേകമുദ്ര നൽകിയിരുന്നു. പ്രകൃതിസൗന്ദര്യം അവരുടെ കലാകൃതികൾക്ക് ഒരു അതിലാളിത്യം കൊടുത്തു. ഭൂമികുലുക്കങ്ങളും യുദ്ധങ്ങളും ജീവിതത്തിന്റെ ക്ഷണികത്വം അവരെ ധരിപ്പിച്ചു. ഇതുനിമിത്തം ജപ്പാൻകാർക്കു പാശ്ചാത്യസംസ്കാരവുമായി നിത്യസമ്പർക്കം സിദ്ധിക്കുവാൻ തുടങ്ങിയ എ. ഡി. 1868 വരെ അവരുടെ കാവ്യങ്ങളിൽ ബഹുഭൂരിഭാഗവും ക്ഷണനേരംകൊണ്ടു് ആനന്ദം ജനിപ്പിക്കുന്ന മുക്തകങ്ങളുടെ (ഒറ്റശ്ലോകങ്ങളുടെ) രൂപമാണു് സ്വീകരിച്ചിരുന്നതു്.

images/Hokusai_1760-1849_Ocean_waves.jpg
ഹൊകസായുടെ “Oceans of Wisdom” എന്ന സീരീസിൽ നിന്നു്.

images/TheChrysanthemumAndTheSword.jpg

ക്രിസാന്തേമം പുഷ്പവും വാളും’ എന്ന കൃതിയിൽ അമേരിക്കയിലെ ഇന്നത്തെ പേരെടുത്ത ഒരു നരവംശശാസ്ത്രജ്ഞയായ ഡോക്ടർ റൂത്ത് ബെനെഡിക്റ്റ് ജപ്പാൻകാരുടെ സ്വഭാവത്തിലുള്ള പരസ്പരവിരുദ്ധഘടകങ്ങളെ സംക്ഷേപിച്ചു വിവരിച്ചിട്ടുള്ള ഒരു ഭാഗം ചുവടെ ഉദ്ധരിക്കുന്നു “ഈ ചിത്രത്തിൽ വാളും ക്രിസാന്തേമം പുഷ്പവും ഒന്നുപോലെ രണ്ടു ഘടകങ്ങളാണു്. ആക്രമണനാക്രമണശീലങ്ങളും, യുദ്ധസുന്ദരകലാവാസനകളും, ഔദ്ധത്യമര്യാദകളും, ഋജൂത്വആനമ്യതകളും, വിനയധിക്കാരശീലങ്ങളും, ഭക്തിചിന്തകളും, ധൈര്യഭീരുത്വങ്ങളും, യാഥാസ്ഥിതികത്വമുൽപതിഷ്ണുത്വങ്ങളും അത്യധികമായി ജപ്പാൻകാരുടെ സ്വഭാവത്തിൽ കലർന്നിരുന്നു”. ദൈ നിപ്പോണ് (വലിയ നിപ്പോണ്) എന്ന ജപ്പാൻകാരുടെയിടയ്ക്കു പേരുള്ള ജപ്പാനിലെ കലയിൽ പ്രകൃതഗ്രന്ഥത്തിലെ മുക്തകങ്ങളെപ്പോലെയുള്ള ചെറിയ കൃതികൾ മാത്രമേയുള്ളൂ എന്ന ലോകരുടെ സാധാരണമായ വിചാരം തെറ്റാണെന്നും, ജപ്പാൻ കലയുടെ താക്കോൽ ചിത്രകലയാണെന്നും, ‘ജപ്പാനിലെ പ്രധാന കലാകൃതികൾ’ എന്ന ഫ്രഞ്ചുകൃതിയിൽ ഗാസ്റ്റൻ മിഗ്യോങ് ചൂണ്ടിക്കാണിച്ചിരുന്നു. തോസസ്കൂളും, കസുഗസ്കൂളും രണ്ടു ശാഖകളായ യമതോസ്കൂൾ എന്ന ചിത്രകലാപ്രസ്ഥാനത്തിലെ ചിത്രങ്ങളിലാണു് ഏറ്റവുമധികം ദേശീയമുദ്രയും, ഏറ്റവുമധികം ശക്തിയും കാണുന്നതെന്നും, ഇവയെയാണു് ജപ്പാൻകാർ ഏറ്റവുമധികം ബഹുമാനിച്ചിരുന്നതെന്നും, ഹൊകസായ് മുതലായ പിൽക്കാലത്തെ സുപ്രസിദ്ധരായ ചിത്രകാരിൽ ആർക്കുംതന്നെ പ്രചണ്ഡമായ പ്രവർത്തനങ്ങളുടെ ചിത്രീകരണത്തിലോ ഡ്രായിങ്ങിന്റെ എക്സ്പ്രസ്സീവായ (അർത്ഥഗർഭമായ) ലാഘവത്വത്തിലോ, യമതോസ്കൂളിൽപെട്ട മിൽസുനഗ, കെയോൻ എന്നിവരെ സമീപിക്കുവാൻ സാധിച്ചിട്ടില്ലെന്നുംകൂടി ഈ ഫ്രഞ്ചുകലാനിരൂപകൻ അഭിപ്രായപ്പെട്ടിട്ടുണ്ടു്. മതസംബന്ധമായ ജപ്പാൻ കലാകൃതികളിൽ ഭാരതീയ ഐഡിയലിസം (വിജ്ഞാനവാദം) പ്രതിബിംബിച്ചിരിക്കുന്നതു കാണാം. ചീനചിത്രകലയിലുള്ളതിനെക്കാളധികം ലാഘവത്വങ്ങളുമുള്ള രേഖകളും, അധികം പ്രകാശമുള്ള വർണ്ണങ്ങളും ജപ്പാൻ ചിത്രങ്ങളിലുണ്ടു്. സ്വദേശി ചീനചിത്രങ്ങളെയും, സ്വദേശി ജപ്പാൻ ചിത്രങ്ങളെയും ഭാരതീയരുടെ ചിത്രങ്ങളിൽനിന്നു വേർതിരിക്കുന്ന ഘടകത്തെ ചുവടെ ചേർക്കുന്നപ്രകാരം ഒരു കലാനിരൂപകൻ ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഭാരതത്തിൽ ഒരു ചിത്രകലാകൃതി മതപരമായ ഒരു ആശയത്തെ ഉദാഹരിക്കുവാൻ വേണ്ടിയുള്ള തത്വശാസ്ത്രപരമായ ഒരു വിഭാവനയുടെ ഫലവും, ചീനത്തും ജപ്പാനിലും അതു മുഴുവൻ സൗന്ദര്യബോധം മാത്രം ഉദ്ദീപിപ്പിക്കുന്ന ഒരു ദൃശ്യകലാവിഭാവനയുടെ ഫലവുമാണു്.

images/Ruth_Benedict.jpg
റൂത്ത് ബെനെഡിക്റ്റ്.

ജപ്പാൻ സാഹിത്യത്തിന്റെ പദ്യശാഖയിൽ മഹാകാവ്യങ്ങൾ ഇല്ലതന്നെ. ബാല്ലഡുകുളും. രാഷ്ട്രീയഗാനങ്ങളും, പടപ്പാട്ടുകളും അതിൽ വളരെ അപൂർവ്വമായിട്ടേ കാണുന്നുളളൂ. ‘വസൗ’ എന്നു പേരുള്ള ബുദ്ധമതസ്തവങ്ങളെ വിഗണിച്ചാൽ, തനി മതകാവ്യങ്ങളും അതിൽ വിരളമാണെന്നു പറയാം. വിരഹം തുടങ്ങിയ കേവലം വികാരങ്ങളേയും പ്രകൃതിസൗന്ദര്യത്തെയും ചിത്രീകരിക്കുന്ന കവിതകളാണു് അതിൽ അധികമായി കാണുന്നതു്. ഇവയിൽ അധികവും കൊട്ടാരക്കവികളുടേയും ഉയർന്ന തരക്കാരുടേയും കൃതികളുമാണു്. ജപ്പാൻ പദ്യത്തിന്റെ ‘സുവർണ്ണകാലം നരകാലഘട്ടം’ (എ. ഡി. 710–784) ആയിരുന്നു. പ്രകൃതഗ്രന്ഥത്തിൽ പരിഭാഷപ്പെടുത്തിയിട്ടുള്ള ഏതാനും മുക്തകങ്ങളുടെ കർത്താവായ കോക്കിനോമോട്ടോനോ ഹിറ്റോമാറോയും, അക്കഹിറ്റോയും ജപ്പാൻ കാവ്യലോകത്തിലെ അതുല്യരായ രണ്ടു നക്ഷത്രങ്ങളും, നര കാലഘട്ടത്തിൽ ജീവിച്ചിരുന്നവരുമാണു്. ഈ കാലഘട്ടത്തിലെ ഒരു കവിതാകോശമായ ‘മന്യോഷൂ’ പ്രസിദ്ധപ്പെടുത്തിയ യാക്കോമോച്ചി എന്ന കവിയുടെ ഒരു കവിതയും പ്രകൃതഗ്രന്ഥത്തിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ടു്.

images/Karlflorenz.jpg
Karl Florenz

നര കാലഘട്ടത്തിൽ ഭാരതീയസംസ്കാരത്തിന്റെ പ്രേരകശക്തി ജപ്പാനിൽ താൽക്കാലികമായി പ്രവേശിച്ചു പ്രവർത്തിച്ചിരുന്നതിനെ ജർമ്മൻഭാഷയിൽ ഒരു വലിയ ജപ്പാൻ സാഹിത്യചരിത്രം രചിച്ചിരുന്ന പ്രൊഫസ്സർ ഫ്ലോറെൻസ് ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ‘ബ്രാഹ്മണമെത്രാൻ’ എന്നു ജപ്പാൻകാർ പേരിട്ടിരുന്ന ബുദ്ധമതക്കാരനായിരുന്ന ബോധിസേനൻഭരദ്വാജൻ എന്ന ഭാരതീയബ്രാഹ്മണൻ മുഖേനയാണു് ഇതു് ഏറിയകൂറുമുണ്ടായതു്. കൊച്ചിൻചൈനയിലെ ചമ്പാരാജ്യത്തിൽ കപ്പലുടഞ്ഞപ്പോൾ കേറി രക്ഷപ്പെട്ട ഇദ്ദേഹം അവിടുത്തെ ഒരു ബുദ്ധമതഭിക്ഷുവിനോടുകൂടി ഇക്കാലത്തു ജപ്പാൻ രാജധാനിയായിരുന്ന നരനഗരത്തിൽ എ. ഡി. 736-ൽ ചെന്നു് അവിടെ താൻ മരിച്ച എ. ഡി. 760 വരെ പാർക്കുകയുണ്ടായി. അന്നത്തെ ജപ്പാൻ ചക്രവർത്തി ഷോമു (724–756) ഇദ്ദേഹത്തെ സ്വീകരിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മുകളിൽ പറഞ്ഞ ‘മന്യോഷൂ’ എന്ന കവിതാകോശത്തിലെ ഒരു കവിത ഈ ഭാരതീയനെ സൂചിപ്പിച്ചിട്ടുമുണ്ടു്. ഇദ്ദേഹത്തിന്റെ ഭിക്ഷുമഠത്തിന്റെ സ്ഥാനവും ശവകുടീരവും ഇന്നും ഈ നരനഗരത്തിൽ കാണാം. പിന്നീടു വീണ്ടും തിരയടിച്ചുവന്ന ചീന പരിഷ്കാരപ്രവാഹത്തിൽ ജപ്പാൻകാർ ഈ ഭാരതീയപ്രേരകശക്തിയെ വിസ്മരിക്കുകയും ചെയ്തു. ജപ്പാൻകവിതയിൽ കാണാവുന്ന ശ്ലേഷപ്രയോഗവും (കെനോഗെൻ), മറ്റു ചിലതും ഈ ഭാരതീയസംസ്കാരസമ്പർക്കത്തിന്റെ ഫലമാണെന്നാണു് ഫ്ലോറെൻസ് വിചാരിക്കുന്നതു്.

images/Ch42_nioumiya.jpg
ഗെഞ്ചി മോണോഗാതാരിയുടെ ചിത്രീകരണം, തോസ മിത്സുവോക്കി വരച്ച ചിത്രം.

ദൈഗോചക്രവർത്തി യുടെ കാലത്തു് (എ. ഡി. 898–930) മറ്റൊരു കവിതാകോശമായ ‘കോക്കിൻഷ്യൂ’ പ്രസിദ്ധപ്പെടുത്തിയ കവിയാണു് ‘മഞ്ഞക്കിളികളി’ലെ കിനോത്സുരയുകി. ഈ കവിതാകോശത്തിൽ അഞ്ചു നഗ ഉത (ദീർഘകവിതകൾ) മാത്രമേ കാണുന്നുള്ളൂ. പിന്നീടു യൂറോപ്യൻമാരുമായുള്ള സ്ഥിരസമ്പർക്കമുണ്ടാകുന്നതുവരെ 31 അക്ഷരം വീതമുള്ള ടൗക എന്ന തരം കവിതകളാണു് ജപ്പാനിൽ അധികമായി ജനിച്ചിരുന്നതും. പ്രകൃതഗ്രന്ഥത്തിലെ ഒടുവിലത്തെ എട്ടു ചീനക്കവിതകളിലൊന്നായ ‘ലിഫ്യൂജെൻ’ രചിച്ച ജിൻ ചക്രവർത്തി വൂടി (എ. ഡി. 502–549) ലിയാങ് രാജവംശത്തിലെ സയോകുടുംബത്തിൽപ്പെട്ടവനാണു്. ചീനത്തെ അശോകനാണെന്നു് ഇദ്ദേഹത്തെ വർണ്ണിക്കാം. എ. ഡി. 539-ൽ ഇദ്ദേഹം ഭാരതത്തിലെ ബുദ്ധമതഗ്രന്ഥങ്ങളും സംസ്കൃതകൃതികളും വാങ്ങിക്കൊണ്ടുവരാൻ ഒരു ദൗത്യസംഘത്തെ മഗധയിലേക്കു നിയോഗിക്കുകയും ചെയ്തിരുന്നു.

images/Bamboo_in_the_4_seasons.jpg
നാലു് സീസണുകളിലെ മുള, മുരോമാച്ചി കാലഘട്ടത്തിലെ ചിത്രം.

വലിപ്പം കുറച്ചു ശക്തി വർദ്ധിപ്പിക്കുന്നതു പരിണാമത്തിന്റെ ഒരു പോക്കാണു്. ഇതാണു് മുക്തകത്തിന്റെ മൗലികസ്വഭാവവും. ധ്വനി ഇതിൽ ഏറിയിരിക്കും. പദപ്രയോഗം കുറച്ചുകുറച്ചു് ഓരോ ശ്ലോകത്തെയും ഓരോ രത്നമാക്കിയാൽ, ഭാവിതലമുറക്കാർ അതിനെ ദീർഘകാലം ഓർമ്മിക്കുമെന്നു പെർസ്യൻകവി നിസ്സാമി പറഞ്ഞിട്ടുള്ളതും, ഒരു ഒറ്റ പുല്ലിലയുടെ ഞരമ്പുകളിൽ അറിവിന്റെ പ്രവാഹം മുഴുവനും അടങ്ങിയിരിക്കുമെന്നു് ഇംഗ്ലീഷുകവി ഫ്രാൻസിസ്സ് തോംസൺ പ്രസ്താവിച്ചിട്ടുള്ളതും ഇവിടെ ശ്രദ്ധേയമാണു്. മറ്റു സകലതരം കവിതകൾക്കും വേണ്ടതായ ഓർഗനൈസ്ഡ് റിഥിം (കാവ്യാത്മകതാളങ്ങൾ) മുക്തകങ്ങളും ഉൾക്കൊണ്ടിരിക്കും. ഒരു അനുഭവമോ, പല അനുഭവങ്ങളോ, ജനിപ്പിക്കുന്ന ഏകമനസ്ഥിതിയുടെ ഘടകങ്ങളെ തുടരെ ഒരു മുറയ്ക്കു വൈവിധ്യപൂർവ്വം ഉല്ലേഖങ്ങളോ സിംബളുകളോ മുഖേന ഒരുക്കുന്നതാണു് ഓർഗാനിക് റിഥിമിന്റെ ആവിഷ്കരണം. ദീർഘകവിതകളിൽ ഇടയ്ക്കിടയ്ക്കു കാണുന്ന അനിവാര്യമായ കവിതാത്മകത്വശൂന്യത മുക്തകങ്ങളിൽ കാണുന്നതുമല്ല.

images/Francis_Thompson.jpg
ഫ്രാൻസിസ്സ് തോംസൺ.

images/Genryaku_Manyosyu.jpg
മന്യോഷൂവിലെ ഒരു താൾ.

മലയാളമുൾപ്പെടെ പല ഭാഷാസാഹിത്യങ്ങളിലും മുക്തകങ്ങളും, മുക്തകമാലകളും കാണാം. ചങ്ങമ്പുഴയുടെ കവിതാസമാഹാരങ്ങളിൽതന്നെ ചില നല്ല മുക്തകങ്ങൾ ഇടയ്ക്കിടയ്ക്കു ചേർന്നിട്ടുണ്ടു്. പാശ്ചാത്യസാഹിത്യത്തിലെ സോണ്ണറ്റുകളും ഒരുതരം മുക്തകങ്ങളാണെന്നു പറയാം. നമ്മുടെ ഭാഷയിൽ മുക്തകങ്ങൾ കുറഞ്ഞുവരുന്നതിന്റെ ഒരു കാരണം ഇന്നു് ഏറെപ്രചാരം സിദ്ധിച്ചിട്ടുള്ള ദ്രാവിഡവൃത്തങ്ങളുടെ ബന്ധശൈഥില്യമാണെന്നുള്ള അഭിപ്രായം ശരിയല്ല. വേണമെങ്കിൽ ദ്രാവിഡവൃത്തങ്ങളിലും ഒന്നാംതരം മുക്തകങ്ങൾ രചിക്കാൻ സാധിക്കും. ഇതു സഥാപിക്കുവാനായി പണ്ടു കേരളീയരും ഉപയോഗിച്ചുവന്നിരുന്ന ചെന്തമിഴിലെ സുപ്രസിദ്ധ മുക്തകമാലകളായ തിരുവള്ളുവരുടെ ‘തിരുക്കുറലി’ൽനിന്നും, പതുമനാരുടെ ‘നാലടി നാനൂറി’ൽനിന്നും ഓരോ മുക്തകം വീതം ചുവടെ ഉദ്ധരിക്കുന്നു:

“കുഴലിനിതിയാഴിനിതെൻ പതമ്മക്കണ്
മഴലൈച്ചൊർ കേളാതവർ”
(തിരുക്കുറൾ)

കുഞ്ഞുങ്ങളുടെ കൊഞ്ഞലുള്ള ചൊല്ലു കേൾക്കാത്തവർ മാത്രമേ കുഴൽവാദ്യം ഇനിയതെന്നും (മധുരമെന്നും) യാഴു് വാദ്യം ഇനിയതെന്നും പറയുകയുള്ളൂ എന്നാണു് ഇതിന്റെ അർത്ഥം.

images/Nara.jpg
ബോധിസേനൻ.

“ചെന്റേ എറിപ ഒരുകാൽ, ചിറുവരൈ
നിന്റേ എറിപ പറയിനൈ, നന്റെ കാണ്!
മുക്കാലൈക്കൊട്ടിൻ ഉൾമൂടിത്തീക്കൊണ്ടെഴുവർ
ചെത്താരൈ ചാവാർ ചുമന്തു”.
(നാലടി നാനൂറു്)

“അവർ മാർച്ചു ചെയ്തു യുദ്ധപടഹം ഒന്നടിക്കുന്നു. കുറേനേരം അവർ കാത്തുനിൽക്കുന്നു. രണ്ടാമതും അവർ പടഹമടിക്കുന്നു. അവരുടെ ധൈര്യം കാണുക! മൂന്നാമതും പടഹധ്വനി കേൾക്കുന്നു. പടഹം മൂടിവെച്ചിട്ടു് അവർ തീയ്യെടുത്തുകൊണ്ടു നടക്കുന്നു. ചത്തവരെ ചാവാത്തവർ ചുമന്നുകൊണ്ടുപോവുകയും ചെയ്യുന്നു”. ഇതാണു് ഇതിന്റെ അർത്ഥം.

images/Calligraphy_Emperor_Daigo.jpg
ദൈഗോചക്രവർത്തിയുടെ കലിഗ്രഫി.

ദ്രാവിഡവൃത്തപ്രയോഗം നല്ല മുക്തകങ്ങളുടെ രചനയ്ക്കു തടസ്സമാകുന്നില്ലെന്നു കാണിക്കുവാൻ പ്രകൃതഗ്രന്ഥത്തിൽനിന്നും രണ്ടു് ഉദാഹരണങ്ങൾ ഉദ്ധരിക്കുന്നു.

“പേമാരി വാരിക്കോരിച്ചൊരിയും, നേരം, സ്വൈരം
താമസിക്കുവാൻ തക്ക താവളം, സ്വൽപം നേരം
അതുതാനീ നാം വാഴുമുലകംഞൊടിക്കകം
സ്മിതപൂർവ്വകം ചൊൽവൂ യാത്ര നാം നമോവാകം”.
(സോഗി)
images/Emperor_Shomu.jpg
ഷോമു ചക്രവർത്തിയുടെ ചിത്രം, ജപ്പാൻ, 13-ാം നൂറ്റാണ്ടു്.

ആ മലയിൽപ്പുല്ലുചെത്തി
നിന്നിടുന്ന ബാലാ
അരുതു ചെത്തരുതവിടെ നി-
ന്നേവ,മവിടെ നിൽക്കുമപ്പുൽകൾ.
ഹൃദ്രമണൻ ജീവനാഥ
നുദ്രസമിങ്ങെത്തും:
ഭദ്രമദ്രിയിലെത്തൃണാവലി
മുറ്റി നിൽക്കണമെങ്ങും
നീളെ നീളെക്കൺകുളിർക്കെ
നിൽക്കണമതെങ്ങും
നിജനിരുപമതുരഗത്തിന്നൊ-
രമൃതഭക്ഷണമാകാൻ.
(ഹിറ്റോ മാറോ)
images/Soutatsu_Matsushima.jpg
യമതോ-ഇയുടെ റിൻപ സ്കൂൾ പതിപ്പു്, 17-ാം നൂറ്റാണ്ടു്.

ചങ്ങമ്പുഴയുടെ ദ്രാവിഡവൃത്തത്തിലുള്ള ഇത്തരം പരിഭാഷകളും, സംസ്കൃതവൃത്തത്തിലുള്ള പരിഭാഷകളും ഒന്നുപോലെ വളരെ നന്നായിട്ടുണ്ടു്. സംസ്കൃതവൃത്തങ്ങളിലുള്ള രണ്ടെണ്ണം ചുവടെ ചേർക്കുന്നു:

“അല്ലാ മാനവനെക്കുറിച്ചു പറയാ-
നാണെങ്കി, ലാർക്കായിടും
ചൊല്ലീടാൻ, പിഴപറ്റിടാ,തുലകിലി-
ന്നെന്തെന്നവൻ തൻമനം?
ചൊല്ലാളുന്ന പുരാതനത്വമെഴുമി
ഗ്രാമത്തിൽ മാറ്റം പെടാ-
തല്ലീ, പെയ്യുവതി,ന്നതേ പരിമളം
പൂവിട്ട തൈച്ചെമ്പകം?”
(ത്സരയുകി)
“പുറമെ നോക്കുകിൽ ചിഹ്ന-
മൊരു ലേശവുമെന്നിയേ
കരിയും വസ്തുവീ മന്നിൽ
നരന്തൻ ചിത്തപുഷ്പമാം”.
(ത്സരയുകി)

ഒടുവിലുദ്ധരിച്ച ഒരു മുക്തകത്തിന്റെ ഒരു പരിഭാഷ മറ്റൊരു മാന്യൻ പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിനേക്കാൾ വളരെ നന്നായിട്ടുണ്ടു് ചങ്ങമ്പുഴയുടേതു്.

കേസരിയുടെ ലഘു ജീവചരിത്രം.

Colophon

Title: Manjakkilikal (ml: മഞ്ഞക്കിളികൾ).

Author(s): Kesari Balakrishna Pillai.

First publication details: Sayahna Foundation; Trivandrum, Kerala; 2021-06-27.

Deafult language: ml, Malayalam.

Keywords: Article, Kesari Balakrishna Pillai, Manjakkilikal, കേസരി ബാലകൃഷ്ണപിള്ള, മഞ്ഞക്കിളികൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2021.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Great Daruma at Honganji Nagoya Betsuin, a photograph by Katsushika Hokusai (1760–1849). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.