ചേന്നമംഗലത്തു നിന്നിരുന്ന ആദിചേരരാജധാനി വഞ്ചിനഗരം 1024 എ. ഡി.-യ്ക്കു സ്വൽപ്പം മുമ്പു് ചോള ചക്രവർത്തി രാജേന്ദ്രചോളൻ ഒന്നാമന്റെ ആക്രമണം നിമിത്തവും രണ്ടാം രാജധാനി തൃക്കണാമതിലകം 1040 എ. ഡി.-യ്ക്കു മുമ്പു് ആഭ്യന്തര കലഹം കൊണ്ടും നശിക്കുകയുണ്ടായി. തൃക്കണാമതിലകത്തിന്റെ നാശകാലത്തെയും ഇന്നത്തെ തൃശ്ശിവപേരൂരിന്റെ സ്ഥാപനകാലത്തെയും സംബന്ധിച്ചു് ‘തൃക്കണാമതിലകം’ എന്ന ലേഖനത്തിൽ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ടു്:
“എന്നാൽ കൊല്ലവർഷാരംഭങ്ങൾക്കു മുമ്പായി കലിവർഷം 3666-ാമാണ്ടു് പന്നിയൂർ ഗ്രാമക്കാർ വരാഹമൂർത്തിയെ ചുട്ടുപൊടിച്ചതായി പറയുന്ന കാലത്തിനും, ഒരലാശ്ശേരി യോഗാതിരിപ്പാടു് എന്ന പ്രസിദ്ധനായ മഹാപുരുഷൻ തൃശ്ശിവപേരൂർ മതിലകം പുഷ്ടിവരുത്തിയതായി പറയുന്ന കാലത്തിനുമിടയ്ക്കാണു് തൃക്കണാമതിലകം നശിച്ചുപോയതെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. പന്നിയൂർ ഗ്രാമം ക്ഷയിച്ചതിൽ പിന്നെയാണു് ഇരിങ്ങാലക്കുട ഗ്രാമം ഉയർന്നതെന്നും, ഒരലാശ്ശേരി യോഗാതിരിപ്പാടാണു് തൃക്കണാമതിലകത്തുണ്ടായിരുന്ന മഹാബ്രാഹ്മണയോഗം തൃശ്ശിവപേരൂർ ഭക്തപ്രിയ ക്ഷേത്രത്തിലേക്കു മാറ്റിയതെന്നും പ്രസിദ്ധിയുണ്ടു്”. തൃക്കണാമതിലകത്തിന്റെ താഴ്ചയ്ക്കും, ഇരിങ്ങാലക്കുട ഗ്രാമത്തിന്റെ ഉയർച്ചയ്ക്കും തമ്മിൽ എന്തോ ഒരു ദൃഢമായ സംബന്ധമുണ്ടെന്നു് തോന്നുന്നതിനാലാണു് ഈ തൃക്കണാമതിലകം നശിച്ചതു് മുൻപറഞ്ഞ കാലത്തായിരിക്കാമെന്നു് ഊഹിക്കാനിടവന്നതു്.

പന്നിയൂർ ഗ്രാമക്കാർ വരാഹമൂർത്തിയെ ചുട്ടു പൊട്ടിച്ച കാലമായ കലി 3666, എ. ഡി. 564 ആകുന്നു. ഇന്നത്തെ തൃശ്ശിവപേരൂർ മഹാക്ഷേത്രത്തിൽ കണ്ടുപിടിച്ചിട്ടുള്ള ഏറ്റവും പുരാതനമായ മൂന്നു ശിലാലേഖനങ്ങളുടെ ലിപിവടിവിൽ നിന്നു് ഇവരുടെ കാലം എ. ഡി. 12-ാം ശതകത്തോടു സമീപിച്ചു് ആയിരിക്കുമെന്നു് ആർക്കയോളജി ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിരുന്നു. തൃക്കണാമതിലകം നശിച്ചതു് പെരുമാൾ വാഴ്ചയ്ക്കു ശേഷമാണെന്നു് കുഞ്ഞിക്കുട്ടൻ തമ്പുരാനും പ്രസ്തുത ഗവേഷണലേഖനത്തിൽ പറഞ്ഞിട്ടുണ്ടു്. ഒടുവിലത്തെ പെരുമാളായ ഭാസ്കരരവിവർമ്മൻ 1036 എ. ഡി. വരെ നാടുവാണിരുന്നു. തൃക്കണാമതിലകം രാജധാനിയാക്കി സ്ഥാപിച്ചതു് 603–618 എ. ഡി. എന്ന കാലത്തു നാടുവാണിരുന്ന കേരളപ്പെരുമാളുമാകുന്നു.
ഇന്നത്തെ തൃശ്ശിവപേരൂർ മഹാക്ഷേത്രത്തിൽ കണ്ടുപിടിച്ചിട്ടുള്ള പ്രസ്തുത മൂന്നു പ്രാചീന ലേഖനങ്ങളിൽ രണ്ടെണ്ണം ഈ ക്ഷേത്രം വക വസ്തുക്കളിലെ കുടിയായ്മയെ സംബന്ധിച്ചുള്ളവയാകുന്നു. ഈ കുടിയായ്മ നിയമം സ്ഥാപിച്ച കോട്ടുമായിരവേലിക്കച്ചം എന്ന കച്ചത്തെ, അഥവാ സഭാനിശ്ചയത്തെ, ഈ ലേഖനങ്ങളിൽ പ്രസ്താവിച്ചിട്ടുണ്ടു്. ഇതിൽ നിന്നു് ഇന്നത്തെ തൃശ്ശിവപേരൂരിനു് കോട്ടുമായിരവേലി എന്ന അപരനാമവുമുണ്ടായിരുന്നു എന്നു സിദ്ധിക്കുന്നു. കോട്ടുമായിരവേലി എന്നതിനെ പന്നിയൂർ മഹാമതിലകം എന്നു പരിഭാഷപ്പെടുത്താമെന്നു് പറഞ്ഞിരുന്നല്ലോ. മധ്യകാലത്തു് തൃശ്ശൂർ മുതൽക്കു കുറേ തെക്കുവരെയുള്ള ദേശത്തെ പണമക്കത്തു കയ്മൾ അഥവാ മാളിയേക്കൽ കർത്താവു് എന്ന ദേശവാഴി ഭരിച്ചിരുന്നു. പണൈ എന്ന തമിഴ് പദത്തിനു കോട്ടുമാ എന്നതിനെപ്പോലെ, പന്നിയെന്നു് അർത്ഥമുള്ളതും ഇവിടെ ശ്രദ്ധേയമത്രേ.
തൃക്കണാമതിലകത്തിന്റെ നാശത്തെകുറിച്ചു് കുഞ്ഞിക്കുട്ടൻ തമ്പുരാൻ പറഞ്ഞിട്ടുള്ള ഐതിഹ്യം ചുവടെ സംഗ്രഹിക്കുന്നു: ഒടുവിലത്തെ ചേരമാൻ പെരുമാൾ ഭാസ്കരവിവർമ്മൻ ഭരണം വിട്ടൊഴിഞ്ഞപ്പോൾ, ഐരാണിക്കുളം ഗ്രാമകഴകത്തിന്റെ അധ്യക്ഷൻ പടിഞ്ഞാറേടത്തു ഭട്ടതിരിയ്ക്കു് കൊടുങ്ങല്ലൂർ നാട്ടകം അദ്ദേഹം വിട്ടുകൊടുക്കുകയുണ്ടായി. ഇതിൽ നിന്നിരുന്ന തൃക്കണാമതിലകം മഹാക്ഷേത്രത്തിന്റെ ഭരണം, ഇതിനു മുമ്പു് ഇതു് നടത്തിവന്നിരുന്ന വടക്കേടത്തു് നായർ, തെക്കേടത്തു് നായർ എന്നീ രണ്ടു് കുടുംബക്കാർ തന്നെ പടിഞ്ഞാറേടത്തു ഭട്ടേരിയുടെ കീഴിലും നിർവ്വഹിച്ചു വന്നു. കേരളത്തിലെ 64 ഗ്രാമക്കാർക്കും പൊതുവിലുള്ള ഒരു കുലദൈവാലയമായിരുന്നു തൃക്കണാമതിലകം ക്ഷേത്രം. തൃപ്പേക്കുളത്തമ്പലവും നെയ്ഭരണി അമ്പലവും ഉൾപ്പെട്ടിരുന്ന തൃക്കണാമതിലകത്തിന്റെ മതിലകത്തിനു് രണ്ടര നാഴികയോളം വിസ്താരമുണ്ടായിരുന്നുതാനും.

ഈ മതിൽക്കെട്ടിനു പുറമേ ആറു് മതിൽക്കെട്ടും കൂടി ഉണ്ടാക്കി ഇതിനെ ശ്രീരംഗം പോലെയാക്കുവാനുള്ള ഉദ്യമം രണ്ടു നായർ കുടുംബക്കാർ ഉടനെ തുടങ്ങി. ഒടുവിലത്തെ മതിൽക്കെട്ടു് ഇരിങ്ങാലക്കുട ഗ്രാമത്തിന്റെ സങ്കേതത്തിൽ കടത്തിക്കെട്ടിയതുകൊണ്ടു് ഇരിങ്ങാലക്കുട ഗ്രാമക്കാർ ഇതിൽ പ്രതിഷേധിച്ചു. പ്രബലരായ രണ്ടു നായർ കുടുംബങ്ങൾ ഇതു തൃണവൽഗണിക്കുകയാണു് ചെയ്തതു്. ഇതിൽ നിന്നുത്ഭവിച്ച കലഹം വകയിൽ ഇരിങ്ങാലക്കുടക്കാർ സത്യഗ്രഹവും മറ്റും അനുഷ്ഠിച്ചു. ഫലമുണ്ടായില്ല. മതിൽ കെട്ടുന്നതിനു തടസ്സമുണ്ടാക്കിയ ഇരിങ്ങാലക്കുടയിലെ നമ്പൂതിരിമാരെ തടവിൽ പാർപ്പിക്കുകയും ശേഷിച്ച ജാതിക്കാരുടെ മേൽ മതിൽകെട്ടിപ്പൊക്കുകയും ചെയ്തു. ഇതു നിരോധിച്ചു പടിഞ്ഞാറ്റേടത്തു ഭട്ടേരി പുറപ്പെടുവിച്ച കല്പന നായന്മാർ വിഗണിക്കുകയും ചെയ്തു. ഇതെല്ലാം കണ്ടു് ഇവിടുത്തെ ആഢ്യന്മാരിൽ ചിലർ തൃക്കണാമതിലകം വിട്ടൊഴിഞ്ഞുപോയി.
ഈ കലഹത്തിനിടയ്ക്കു് ഇരിങ്ങാലക്കുടക്കാരുടെ തന്ത്രത്തിന്റെയോ മന്ത്രത്തിന്റെയോ ഫലമായി പരസ്പരം ബന്ധമില്ലാത്ത രണ്ടു നായർ കുടുംബക്കാരും തമ്മിൽ ശണ്ഠയുണ്ടായി. ഇതു് ഇവർ തമ്മിലുള്ള ഒരു യുദ്ധത്തിൽ കലാശിച്ചു. ഈ തക്കം ഉപയോഗിച്ചു് ഇരിങ്ങാലക്കുട ഗ്രാമക്കാർ ശണ്ഠകൂടുന്ന ഇരുപക്ഷക്കാരിൽ പലരെയും കൊന്നൊടുക്കുകയും, ഇവരുടെ വീടുകൾ ചുട്ടെരിക്കുകയും ചെയ്തു. കൂടാതെ തൃക്കണാമതിലകത്തിന്റെ മതിലുകളും ഇവിടുത്തെ മഹാക്ഷേത്രവും ഇടിച്ചു നിരത്തുവാനും ഈ ക്ഷേത്രത്തിലെ വിലയേറിയ ജംഗമവസ്തുക്കൾ അപഹരിക്കുവാൻ ഇരിങ്ങാലക്കുടക്കാർ മടിച്ചതുമില്ല. ഈ ക്ഷേത്രേത്തിലെ പരമേശ്വരബിംബം മാത്രം അവശേഷിച്ചു. ഇതിനെ ഇളക്കിയെടുത്തു പോർട്ടുഗീസുകാർ കൊച്ചിയിൽ കൊണ്ടുപോയി. കപ്പൽ യാത്രക്കാർക്കു് കൊടികാട്ടുന്ന കൊടിമരം കെട്ടി ഉറപ്പിക്കുന്ന കയർ വലിച്ചുകെട്ടിയിരുന്ന കല്ലാക്കിസ്ഥാപിക്കുകയും ചെയ്തു. ആധുനിക കാലത്തു് ഈ കല്ലിനെ തിരുമല ദേവസ്വക്കാർ ലേലത്തിൽ പിടിച്ചു് ഇവരുടെ ക്ഷേത്രത്തിനടുത്തു പ്രതിഷ്ഠിച്ചു.
കൊടുങ്ങല്ലൂർ നാട്ടകമെന്നു കുഞ്ഞിക്കുട്ടൻ തമ്പുരാൻ പറഞ്ഞിട്ടുള്ള ദേശം ഇന്നത്തെ കൊടുങ്ങല്ലുർ ഭഗവതിക്ഷേത്രം നിൽക്കുന്ന മേത്തല മുതൽക്കു് ഇരിങ്ങാലക്കുട ഗ്രാമംവരെ നീണ്ടുകിടക്കുന്ന ഉൾനാടു ദേശമാകുന്നു. ഈ ദേശത്തിലാണു് തൃക്കണാമതിലകം സ്ഥിതിചെയ്തിരുന്നതു്.
തെക്കേടത്തു നായരുടെ മരുമകൾ സീതക്കുട്ടി സുശീലയുടെയും ഒരു വില്വമംഗലം സ്വാമിയാരുടെയും പ്രണയകഥ ‘ചിന്താമണി’ എന്ന തമിഴ് സിനിമയിലൂടെ പ്രസിദ്ധി നേടിയിട്ടുണ്ടു്. ഇതിന്റെ കഥ ചുവടെ ചേർക്കുന്നു:
“തൃക്കണാമതിലകത്തെ പണ്ഡിതസദസ്സിലെ ഒരു അംഗം ആയിരുന്ന മംഗലം നമ്പൂതിരി വില്വമംഗലം സ്വാമിയാരാകുന്നതിനു മുമ്പു് പ്രസ്തുത സുശീലയെ സ്നേഹിച്ചിരുന്നു. സുശീലയ്ക്കാകട്ടെ, തന്റെ അമ്മാവന്റെ മകൻ കൊച്ചുരാമനോടാണു് അനുരാഗം ഉണ്ടായിരുന്നതു്.”

വർഷകാലത്തെ ഒരിരുണ്ട രാത്രിയിൽ, കാമുകിയെ കാണുവാൻ മംഗലം നമ്പൂതിരി തൃക്കണാമതിലകത്തുനിന്നു് അവൾ പാർത്തിരുന്ന കാക്കത്തുരുത്തിയിലേക്കു പോയി. ഇവ രണ്ടിനുമിടയ്ക്കുള്ള ഇടുങ്ങിയ കായൽ കടന്നാണു് അദ്ദേഹം കാക്കത്തുരുത്തിയിലേക്കു് പോയതു്. നേരം അസമയമായതിനാൽ കടത്തുകാരൻ അപ്പോൾ ഉണ്ടായിരുന്നില്ല. വെള്ളപ്പൊക്കം കൊണ്ടുവന്നിട്ടിരുന്ന ഒരു വലിയ തടിയിൽ കയറി തുഴഞ്ഞാണു് അദ്ദേഹം അക്കര പറ്റിയതു്. അപ്പോൾ, സുശീല വീടിന്റെ പടിവാതിൽ അടച്ചു് ഉറങ്ങാൻ കിടന്നിരുന്നു. അതുകൊണ്ടു് നമ്പൂതിരിക്കു് പടിപ്പുരയിൽ തുങ്ങിക്കിടന്നിരുന്ന ഒരു കയറിൽ പിടിച്ചു് വീട്ടിനകത്തു ചാടേണ്ടിവന്നു.
അനന്തരം ഈ കാമിനീകാമുകന്മാർ തമ്മിൽ നടന്ന സംഭാഷണമധ്യേ സുശീല വിളക്കെടുത്തുകൊണ്ടു് പടിപ്പുരയിലും കടത്തു കടവിലും ചെന്നു നോക്കി. അപ്പോൾ നമ്പൂതിരി പിടിച്ചു കയറിയ കയറു് ഒരു വലിയ പാമ്പാണെന്നും കടത്തുകടന്ന തടി ഒരു ശവശരീരമാണെന്നും അവൾക്കു മനസ്സിലായി. പിന്നീടുണ്ടായ സംഭാഷണത്തിൽ, തനിക്കുവേണ്ടി ഇത്തരം സാഹസങ്ങൾ ചെയ്തു ജീവിതം പാഴാക്കിക്കളയാതെ, തന്നോടു കാണിച്ച ഭക്തി ഈശ്വരനോടു കാണിച്ചു മോക്ഷമടയുവാൻ സുശീല നമ്പൂതിരിയോടുപദേശിച്ചു. ഈ ഉപദേശം സ്വീകരിച്ച മംഗലം നമ്പൂതിരി സന്യാസം വരിച്ചു് ഒടുക്കം വില്വമംഗലം സ്വാമിയാരായിത്തീരുകയും ചെയ്തു.
ആദിവഞ്ചിയായ ചേന്ദമംഗലത്തിന്റെ തൃശ്ശിവപേരൂർ ആദിയായ സകലനാമങ്ങളും തൃക്കണാമതിലകവും വഹിച്ചിരുന്നു. കൂവളമരത്തിനു് ശിവദ്രുമം, വില്വം, മാവിലാവു്, മംഗല്യം എന്നീ പര്യായങ്ങളുണ്ടു്. ശിവദ്രുമത്തിന്റെ പേരുള്ള തൃശ്ശിവപേരൂരായ തൃക്കണാമതിലകത്തിനു് തന്നിമിത്തം വില്വപുരം, മാവിലപുരം, മംഗലപുരം എന്നീ നാമങ്ങളും കിട്ടും. ‘കു’ എന്ന പദത്തിൽ ഭൂമി, സ്ഥലം എന്ന അർത്ഥമുള്ളതുകൊണ്ടു് മാവിലപുരത്തിനു മാവിലം— കു, അഥവാ മാവിലങ്ക എന്നു പേരുണ്ടായിരിക്കുന്നതാണു്.
കാഞ്ചീപുരത്തിനു ടോളമി മാവിലങ്കം എന്നു പേരിട്ടിട്ടുള്ളതു കാരണം തൃക്കണാമതിലകത്തിനും കാഞ്ചിയെന്ന പേരുണ്ടായിരുന്നതായി അനുമാനിക്കാം. മാംഗല്യപുരം സംഭാഷണരീതിയിൽ മംഗലപുരം ആകുകയും ചെയ്യും.
മംഗലപുരം, വില്വപുരം എന്നീ പേരുകളും വഹിച്ചിരുന്ന തൃക്കണാമതിലകത്തുകാരനാണു് മംഗലം നമ്പൂതിരി. ശ്രീശങ്കരാചാര്യരുടെ ശിഷ്യൻ സുരേശ്വരൻ തൃക്കണാമതിലകത്തു് എ. ഡി. 876-നു് കുറേമുമ്പു് നടുവിൽ മഠം എന്ന അദ്വൈതമഠം സ്ഥാപിക്കുകയുണ്ടായി. തൃക്കണാമതിലകത്തിന്റെ വില്വപുരം, മംഗലപുരം എന്നീ നാമങ്ങളിൽ നിന്നു് ഈ മഠത്തിന്റെ അധ്യക്ഷന്മാർക്കു് വില്വമംഗലം സ്വാമിയാർമാർ എന്നു നാമം ലഭിച്ചു. ശ്രീശങ്കരൻ സ്ഥാപിച്ച ഗുരുപരമ്പരയിൽപ്പെട്ടവരാകയാൽ, ഇവർക്കു് ശങ്കരാചാര്യന്മാരെന്ന മാറാപ്പേരുമുണ്ടായിരുന്നു. പല കാലങ്ങളിലും ജീവിച്ചിരുന്ന ഈ മഠത്തിലെ ശങ്കരാചാര്യന്മാരാണു് കേരളത്തിലെ പല ക്ഷേത്ര പ്രതിഷ്ഠകളോടും ജനകീയ ഐതിഹ്യം ഘടിപ്പിച്ചിട്ടുള്ള വില്വമംഗലം സ്വാമിയാർമാർ. ‘ചിന്താമണി’ കഥയിലെ വില്വമംഗലം സ്വാമിയാർ ഒടുവിലത്തെ പെരുമാളായ ഭാസ്കരരവിവർമ്മന്റെ (987–1036 എ. ഡി.) അന്ത്യകാലത്തു ജീവിച്ചിരുന്ന ഒരു ദേഹമാകുന്നു.
തൃക്കണാമതിലകത്തിന്റെ അധഃപതനം പരോക്ഷമായി കേരളോല്പത്തിയിലും വിവരിച്ചിട്ടുണ്ടു്. ഒരു പെരുമാൾ സ്വർഗ്ഗത്തു പോയതിനു (മരിച്ചതിനു) ശേഷം പത്തര അവരോധ ഗ്രാമങ്ങൾ യോഗം കൂടി രക്ഷാപുരുഷന്മാരെ തെരഞ്ഞെടുത്തതു് വിവരിക്കുന്ന നാലാം അധ്യായത്തിലാണു് ഇങ്ങനെ ഇതു ചെയ്തിട്ടുള്ളതു്. പെരുമാക്കന്മാരുടെ വാഴ്ച അവസാനിച്ച കാലത്തു മാത്രമേ ഇതു സംഭവിക്കുകയുള്ളു. തന്നിമിത്തം ഈ തെരഞ്ഞെടുപ്പു് നടന്നതു് 1036 എ. ഡി.-യിൽ ആണെന്നു സിദ്ധിക്കുന്നു. ഈ പത്തര അവരോധ ഗ്രാമങ്ങളുടെ പേരുകൾ ചുവടെ ചേർക്കുന്നു:
1. പെരുമനം 2. ഇരിങ്ങാലക്കുട 3. ചോവര 4. ആലത്തൂർ 5. കരിക്കാടു് 6. പയ്യന്നൂർ 7. തിരുവിലായി 8. തൃശ്ശിവപേരൂർ 9. ഐരാണിക്കുളം 10. മുഷികക്കുളം 11. കഴുതനാടുപാതി. കഴുതനാടിനെ അരഗ്രാമമായി പരിഗണിച്ചിരുന്നതുകൊണ്ടാണു് ഈ പതിനൊന്നിനെ പത്തര എന്നു വിവരിച്ചിട്ടുള്ളതു്.
ഈ തെരഞ്ഞെടുപ്പിൽ ആദ്യം എട്ടരഗ്രാമക്കാർ മാത്രമേ രക്ഷാപുരുഷന്മാരായി വാളെടുത്തുള്ളു. ഇതിനു കാരണം രക്ഷാപുരുഷ സ്ഥാനത്തേക്കു് ആവട്ടിപ്പുത്തൂർ ഗ്രാമക്കാരും ഏറ്റുമാനൂർ ഗ്രാമക്കാരും തമ്മിൽ മത്സരിച്ചതാകുന്നു. ഒടുക്കം ഈ രണ്ടു കൂട്ടരും കൂടി വാളെടുക്കുകയും ചെയ്തു. പ്രസ്തുത മത്സരത്തിന്റെ ഫലമായി, തൃക്കണാമതിലകത്തെ 72 ആഢ്യന്മാരും, ഇരിങ്ങാലക്കുടയിലെ പുഷ്കരപ്പാടും വേറെ ചിലരും മൃതിയടഞ്ഞു. അനന്തരം കേരളോൽപ്പത്തിയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു—“പത്തരയിൽ ചിലർ മരിക്ക ഹേതു അതു് ഇന്നും തൃക്കണാപുരത്തെ 72 ഒഴിഞ്ഞു എന്നും പറയുന്നതു്”.

സുവ്യക്തമല്ലാത്ത ഈ വിവരണത്തിൽ നിന്നു ഒരു സംഗതി പ്രത്യക്ഷമാകുന്നുണ്ടു്. ആവട്ടിപ്പുത്തുർ, ഏറ്റുമാനൂർ എന്നീ ഗ്രാമങ്ങളുടെ അപരമനാമങ്ങളാണു് യഥാക്രമം തൃക്കണാമതിലകം, ഇരിങ്ങാലക്കുട എന്നിവ എന്നതത്രേ ഇതു്. ആദിവഞ്ചിക്കുണ്ടായിരുന്ന ആലൂർ, ആലശുദ്ധി എന്നീ നാമങ്ങൾ തൃക്കണാമതിലകവും വഹിച്ചിരുന്നു. ആലശുദ്ധിക്കു് ആവട്ടി എന്ന പേരും ഉണ്ടാകുന്നതാണു്. എന്തെന്നാൽ ആലചുത്തിയെന്ന തമിഴ് പേരിനു് ഗോശാല നഗരമെന്നും ആവട്ടി എന്ന തമിഴ് നാമത്തിനു് ഗോശാല എന്നും അർത്ഥങ്ങളുണ്ടു്. ‘ആ’ എന്നതു് പശുവും വട്ടി, അഥവാ വട്ടിക എന്നതു് സ്ഥലവുമാകുന്നു. പുതിയ ആലശുദ്ധിയാണു് ആവട്ടിപ്പുത്തുർ.
ശേഷിച്ച ഏറ്റുമാനൂർ ഇരിങ്ങാലക്കുടയുമാകുന്നു. ഇരിങ്ങാലക്കുട കഴകത്തിന്റെ തളിവഞ്ചി മഹാനഗരത്തിലെ ശൃംഗപുരത്തും ഐരാണിക്കുളത്തിന്റേതു് കീഴ്ത്തളിയിലും (കീത്തൊളിയിലും), പറവൂരിന്റേതു് നെടിയന്തളിയിലും മുഷികക്കുളത്തിന്റേതു് മേൽത്തളിയിലും (മേത്തല) നിന്നിരുന്നു എന്നു് കേരളോൽപ്പത്തിയിൽ വിവിരിച്ചിട്ടുണ്ടു്. ഇതിൽ നിന്നും ഇരിങ്ങാലക്കുടയ്ക്കു് ശൃംഗപുരമെന്ന അപരനാമവുണ്ടായിരുന്നു എന്നു് അനുമാനിക്കാം. ഇന്നത്തെ ഏറ്റുമാനൂരിന്റെ സ്ഥലപുരാണം നൽകുന്ന കഥ അതിനും ശൃംഗപുരമെന്ന പേരുണ്ടായിരുന്നു എന്നു ധ്വനിപ്പിക്കുകയും ചെയ്യുന്നു. ഈ കഥ ചുവടെ സംഗ്രഹിക്കുന്നു:
മഹാവിഷ്ണു നരസിംഹമായി അവതരിച്ചു് അസുര ചക്രവർത്തി ഹിരണ്യകശിപുവിനെ കൊല്ലുകയുണ്ടായല്ലോ. ഈ വധത്തിനുശേഷവും നരസിംഹത്തിന്റെ കോപാഗ്നി ശമിക്കായ്കയാൽ, ലോകം അതിൽ ദഹിച്ചു പോകുമെന്ന നിലവന്നു. ഇതു തടയുവാൻ ദേവന്മാർ മഹേശ്വരനോടപേക്ഷിച്ചു. മഹേശ്വരൻ ശരഭമെന്ന ഒരു ഭയങ്കരപക്ഷിയുടെ രൂപം പൂണ്ടു് നരസിംഹത്തിന്റെ മസ്തകം കൊത്തിമുറിച്ചു തുടങ്ങി. ഇതുമൂലം ഇവർ തമ്മിലുണ്ടായ ശണ്ഠ നടക്കുമ്പോൾ, ത്രിശൃംഗിയായ ഒരു മാനിനെ ബ്രഹ്മാവു സൃഷ്ടിച്ചു ശണ്ഠക്കാരുടെ ഇടയ്ക്കുവിട്ടു. ഈ മാൻ വിഹരിച്ച സ്ഥലത്തിനു് ഹിരണ (മാൻ) ദ്വീപെന്ന പേരുകിട്ടി. ഈ ഹിരണദ്വീപിലാണു് ഇന്നത്തെ ഏറ്റുമാനൂർ നിൽക്കുന്നതു്. ബ്രഹ്മാവു് ത്രിശൃംഗിയായ മാനിനെ സൃഷ്ടിച്ചതു് ഏറ്റുമാനൂരിനു് സമീപമുള്ള വേദഗിരിയിൽ വച്ചുമാകുന്നു. ഈ വീരശരദേശ്വരമൂർത്തിയാണു് ഏറ്റുമാനൂരിലെ മഹാദേവൻ. ഈ ക്ഷേത്രത്തിലെ കീഴ്തൃക്കോവിലിൽ നരസിംഹമായി അവതരിച്ച മഹാവിഷ്ണുവിനെയും പ്രതിഷ്ഠിച്ചിരിക്കുന്നു.
ഈ കഥയിൽനിന്നു ഏറ്റുമാനൂരിനു ത്രിശൃംഗിപുരം, അഥവാ ശൃംഗിപുരം (ശൃംഗപുരം) എന്ന അപരനാമവും കൂടി ഉണ്ടായിരുന്നതായി അനുമാനിക്കാം. ഇരിങ്ങാലക്കുടയ്ക്കും ശൃംഗിപുരമെന്ന അപരനാമം ഉണ്ടായിരുന്നതു് ചൂണ്ടിക്കാട്ടിയിരുന്നല്ലോ. ഇരിങ്ങാലക്കുടയായ ശൃംഗപുരത്തു നിന്നു പോയ കുടിപാർപ്പുകാരാണു് ഇന്നത്തെ ഏറ്റുമാനൂർ സ്ഥാപിച്ചതു്.


1036 എ. ഡി.-യിൽ തുടങ്ങിയ ആവട്ടിപ്പുത്തുർ-ഏറ്റുമാനൂർ കലഹം ഒരു മൂന്നു നാലു വർഷം നിലനിന്നിരുന്നു എന്നു വിചാരിക്കാം. തന്നിമിത്തം ആവട്ടിപ്പുത്തൂരായ തൃക്കണാമതിലകത്തിന്റെ നാശം 1040 എ. ഡി.-യ്ക്കു സമീപിച്ചു സംഭവിച്ചിരിക്കാനിടയുണ്ടു്. 1040 എ. ഡി.-യിൽ നിന്നു് ബൃഹസ്പതി വർഷമായ അറുപതു വർഷത്തോളം കഴിയുന്ന 1100 എ. ഡി.-യ്ക്കു സമീപിച്ചു് ഒരലാശ്ശേരി യോഗാതിരിപ്പാടു് ക്ഷയിച്ച തൃക്കണാമതിലകത്തെ ബ്രാഹ്മണസഭയെ ഇന്നത്തെ തൃശ്ശിവപേരൂരിലേക്കു് മാറ്റി സ്ഥാപിക്കുകയും ചെയ്തു.
ലക്ഷ്മീദാസന്റെ ‘ശുകസന്ദേശം’ രചിച്ചതു തൃക്കണാമതിലകത്തിന്റെ നാശകാലത്തിനു മുമ്പാണെന്നു പറഞ്ഞിരുന്നുവല്ലോ. ശുകസന്ദേശത്തിന്റെ കാലം അതിലെ രണ്ടു ശ്ലോകങ്ങളിൽ നിന്നു നിർണ്ണയിക്കാം. ഇവ രണ്ടും ചുവടെ ഉദ്ധരിക്കുന്നു:
“ലക്ഷ്മ്യാരംഗേ ശരദി
ശശിനസ്സൌധശൃംഗേ കയോശ്ചിൽ
പ്രേമ്ണാ യുനോസ്സഹ
വിഹരിതോഃ പേശലാഭിഃ കലാഭിഃ
ദ്വാരാ ബോധേഃ ക്വനു
ഹതവിധേർദൂര നീതസ്സതസ്യാഃ
സ്രാന്തസ്വപ്നേ ശുകമിതി
ഗിരാ ശ്രാവ്യയാ സന്ദിദേശ.”
“ഉസ്തീർണസ്താമുദധി
ദയിതാമുത്തരേണ് ക്രമേഥാ-
രാജൽപത്തിദ്വിപഹയ
രഥാനീകനീം രാജധാനീം
രാജ്ഞാമജ്ഞാ നിയമിത
നൃണാ മാനനൈർ ബുരിധാമ്നാം-
രാജാ രാജേത്യവനി
വലയേ ഗീയതേ യൽപ്രതാപഃ”
ഒന്നാംശ്ലോകത്തിലെ ‘ലക്ഷ്മ്യാരംഗേശരദി’ എന്ന വാക്യം വത്സരത്തൽ നിന്നു് എന്നർത്ഥമുള്ള ശരദി എന്ന പദത്തിന്റെ പ്രയോഗം ഹേതുവായി ‘ശുകസന്ദേശം’ രചിച്ച കാലം കുറിക്കുന്നു എന്നു മനസ്സിലാക്കാം. ഈ കലിവാക്യം സാധാരണയായി കലിവർഷം എന്നു പരിഗണിച്ചു വരുന്ന 3101 ബി. സി.-യെ ആസ്പദിച്ചു 112 എ. ഡി. എന്ന കാലം തരും. പക്ഷേ, ഇതല്ല ഇതിലെ കലിവർഷം. പണ്ടു് പല കലിവർഷങ്ങളും ഭാരതത്തിൽ പ്രചരിച്ചിരുന്നു. ഇവയ്ക്കു തമ്മിൽ പത്തു വ്യാഴവട്ടങ്ങളുടെ, അഥവാ 120 വർഷങ്ങളുടെ അന്തരമുണ്ടായിരുന്നു. 84 എ. ഡി. ഒരു കലിവർഷമാണെന്നു് ഐതിഹ്യമുണ്ടു്. തന്നിമിത്തം 204, 324, 444, 564, 684, 804 എ. ഡി. എന്നിവ കലിവർഷങ്ങളായിരിക്കുന്നതാണു്. ‘ശുകസന്ദേശ’ ത്തിലെ കലി 804 എ. ഡി. ആകുന്നു. ഈ കലിവർഷത്തിനോടു് പ്രസ്തുത 112 എ. ഡി.-യിലെ 112 വർഷം കൂട്ടിയാൽ ശുകസന്ദേശം രചിച്ച കാലം കിട്ടും. ഇതു് 916 എ. ഡി. ആകുന്നുതാനും.
ഒരു യുഗനഗരമായിരുന്ന വഞ്ചിയുടെ ഒരു ഭാഗമായ മഹോദയപുരത്തെ വർണ്ണിക്കുന്ന രണ്ടാം ശ്ലോകത്തിൽ, ഇതിൽ അന്നു നാടുവാണിരുന്ന നൃപതു് ‘ഭൂരിധാമ്നാം രാജാ’ എന്നും ‘രാജ്’ എന്നും രണ്ടു പേരുകൾ നൽകിയിരിക്കുന്നു. ഇദ്ദേഹം ശുദ്ധസുര്യവംശക്കാരനായ കൊച്ചിയിലെ പെരുമ്പടപ്പു സ്വരൂപത്തിന്റെ സ്ഥാപകനും 56-ാം ചേരമാൻ പെരുമാളുമായ ഗോദരവിവർമ്മൻ, അഥവാ ആദിരാജപ്പെരുമാൾ (911–959 എ. ഡി.) ആകുന്നു. കൊച്ചിയിലെ വെള്ളാരപ്പള്ളിക്കടുത്തുള്ള കരിങ്ങമ്പള്ളി മനയ്ക്കലെ നമ്പൂതിരിയായ ലക്ഷ്മീദാസൻ മഹോദയപുരം നിന്നിരുന്ന കോട്ടപ്പുറത്തിനു് ഒരു മൈലോളം വടക്കുള്ള കീഴ്ത്തളിയിലെ (ഇന്നത്തെ കീത്തൊളിയിലെ) തളിയാതിരിയായിരുന്നു. ഐരാണിക്കുളം കഴകത്തിന്റെ തളിയാണു് കീഴ്ത്തളി. ഇതിന്റെ തളിയാതിരിമാരെ കരിങ്ങമ്പള്ളി, ചെറുവള്ളി എന്നീ മനകളിൽ നിന്നു തെരഞ്ഞെടുത്തിരുന്നു എന്നു കേരളോൽപ്പത്തിയുടെ ഒരു പാഠത്തിൽ വിവരിച്ചിട്ടുണ്ടു്.

കാഞ്ഞൂർ, കീരങ്ങാടു് അഥവാ, കാഞ്ഞിരങ്ങാട്ട, കരിങ്ങമ്പള്ളി എന്നീ പേരുകളുള്ള മൂന്നു് അവരോധനമ്പികളെ കേരളോൽപ്പത്തിയിൽ പ്രസ്താവിച്ചിരിക്കുന്നു. കാഞ്ഞൂർ പള്ളി നിൽക്കുന്ന വെള്ളാരപ്പള്ളിയിലാണു് കാഞ്ഞൂർ അവരോധനമ്പിയുടെ മന നിന്നിരുന്നതു്. വെള്ളാരപ്പള്ളി വടക്കുംഭാഗത്തുള്ള തൃപ്പുതമംഗലം ക്ഷേത്രത്തിനടുത്താണു് കരിങ്ങാപ്പള്ളി മനയുടെ സ്ഥാനം. കാഞ്ഞിരങ്ങാട്ടിൽ ആയിരിക്കും ചെറുവള്ളിമന നിന്നിരുന്നതു്. ചങ്ങനാശ്ശേരി താലൂക്കിലെ കാഞ്ഞിരപ്പള്ളിയും ഇതിനു കുറെ തെക്കുള്ള ചെറുവള്ളിയും സ്ഥാപിച്ചവർ വെള്ളാരപ്പള്ളിക്കു സമീപമുള്ള കാഞ്ഞിരങ്ങാട്ടു ഗ്രാമത്തിൽ നിന്നു പോയ കുടിപാർപ്പുകാരാകുന്നു.
ഗോദരവി എന്ന പേരിലെ ഗോദ എന്ന പദത്തിനു രശ്മി നൽകുന്നവൻ എന്നും അർത്ഥമുണ്ടു്. തന്നിമിത്തം ലക്ഷ്മീദാസൻ ഗോദരവിവർമ്മനു ‘ഭൂരിധാമ്നാം രാജാ’ (വളരെയധികം രശ്മികളുള്ള രാജാവു്) എന്ന പേർ നൽകിയിരിക്കുന്നു. രവിക്കു് ധാമനിധിയെന്ന പര്യായമുണ്ടു്. ഗോദരവിക്കു് ലക്ഷ്മീദാസൻ കൊടുത്തിട്ടുള്ള രണ്ടാം നാമമായ രാജ എന്നതു് അദ്ദേഹത്തിന്റെ ആദിരാജപ്പെരുമാളെന്ന പേരിനെ സൂചിപ്പിക്കുകയും ചെയ്യുന്നു.
വള്ളുവനാട്ടിലെ വെള്ളാട്ടിരി സ്വരൂപക്കാരൻ ഉദയവർമ്മൻ ശ്രീകണ്ഠൻ എ. ഡി. 15-ാം ശതകത്തിലെ ‘മയൂരസന്ദേശ’ത്തിൽ തൃക്കണാമതിലകത്തെ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ഇതു രാജധാനിയാണെന്നു് സൂചിപ്പിക്കുകപോലും ചെയ്തിട്ടില്ല. തന്നിമിത്തം ഈ പ്രസ്താവനയെ ആസ്പദിച്ച തൃക്കണാമതിലകത്തിന്റെ നാശകാലം നിർണ്ണയിക്കുവാൻ പാടില്ല.
1036 എ. ഡി.-യിൽ നടന്ന പ്രസ്തുത രക്ഷാപുരുഷ തെരഞ്ഞെടുപ്പു് വിവരിക്കുമ്പോൾ, ഐരൂർ കോവിലകത്തു സാക്ഷച്ചാത്രർ മാത്രമേ രക്ഷാപുരുഷന്മാരിൽ ക്ഷത്രിയൻ ആയിട്ടുണ്ടായിരുന്നുള്ളു എന്ന കേരളോൽപ്പത്തിയിൽ പറഞ്ഞിരിക്കുന്നു. ശേഷിച്ചവർ ഐരാണിക്കുളം പടിഞ്ഞാറ്റേടത്തു ഭട്ടതിരിയെ പോലെ നമ്പൂതിരിമാരായിരുന്നു. പൊന്നാനിപ്പുഴയ്ക്കു തെക്കുള്ള വന്നേരിനാട്ടിലെ ഐരൂർ തലസ്ഥാനമായുള്ള ഐരുർ-ശാർക്കര സ്വരൂപത്തിന്റെ ഒരു ശാഖയായ ഐരൂർ വംശത്തിലെ സാമന്തനാണു് സാക്ഷച്ചാത്രർ. ഐരൂർ ഗ്രാമത്തിന്റെ അയൽഗ്രാമമാണു് കൊച്ചിരാജവംശത്തിന്റെ ആദിതലസ്ഥാനമായ പെരുമ്പടപ്പു്.
കേരളോൽപ്പത്തിയിലെ പത്തര അവരോധ ഗ്രാമപട്ടികയിലെ കരിക്കോട്ടു ഗ്രാമത്തിലെ രക്ഷാപുരുഷനായിരുന്നു അയിരൂർ സാമന്തൻ. ഈ കരിക്കോട്ടു കേരളോൽപ്പത്തിയിലെ 64 നമ്പൂതിരി ഗ്രാമപട്ടികയിലെ കരന്തോളവും പറയിപെറ്റ പന്തിരുകുലം ഐതിഹ്യത്തിലെ മേഴത്തോളും ആകുന്നു. ഇതു് തൃത്താലയ്ക്കു നാലുമൈൽ തെക്കായി സ്ഥിതിചെയ്തിരുന്നു. ഇതിനടുത്തു കാട്ടിൽമാടം എന്നു പേരുള്ള ഒരു പ്രാചീന മതിൽക്കെട്ടിന്റെ ജീർണ്ണിച്ച അവശിഷ്ടം നിൽക്കുന്നതു കാണാം. കരിക്കോട്ടു ഗ്രാമത്തിലെ കാണിയോട, കാട്ടുമാടം എന്നീ മനകളിലെ നമ്പൂതിരിമാർക്കു് ദുർമന്ത്രവും, സന്മന്ത്രവും പരശുരാമൻ കൽപ്പിച്ചു കൊടുത്തു എന്നു കേരളോൽപ്പത്തിയിൽ വിവരിച്ചിട്ടുണ്ടു്.
ഐരൂർ-ശാർക്കര സ്വരൂപം കൊംഗുമണ്ഡലത്തിലെ വേട്ടുവരെ (വേടരെ) ഭരിച്ചിരുന്ന ക്ഷത്രിയരായ നന്ന സ്വരൂപത്തിൽ നിന്നു് ചേരരാജവംശത്തിലേക്കു് ദത്തെടുത്ത 41-ാം പെരുമാളായ ചെങ്കൽ പെരുമാളിന്റെ (618–689 എ. ഡി.) ക്ഷത്രിയപുത്രൻ സ്ഥാപിച്ച വംശത്തിൽപ്പെട്ടവരാകുന്നു. വെട്ടത്തു സ്വരൂപം എന്നു കേരളോൽപ്പത്തിയിലെ ജനകീയ ഐതിഹ്യം പേരിട്ടിട്ടുള്ള വംശത്തിലെ ഒന്നാമത്തെ നൃപൻ ചെംഗൽ പെരുമാളാകുന്നു. ഐരൂർ-ശാർക്കര സ്വരൂപത്തിന്റെ ഒരു ശാഖയത്രേ പൂഞ്ഞാറ്റു സ്വരൂപവും.
പെരുമാൾ വാഴ്ചയുടെ അന്ത്യം മുതൽക്കു് പൊന്നാനിപ്പുഴ മുഖത്തിനും, കൊടുങ്ങല്ലൂർ അഴിക്കുമിടയ്ക്കുള്ള കടലോരദേശം മൂന്നു ക്ഷത്രിയസ്വരൂപങ്ങൾ ഭരിച്ചുവന്നിരുന്നു. ഇതിന്റെ വടക്കൻ ഭാഗത്തു ഐരൂർസ്വരൂപവും മധ്യഭാഗത്തു പെരുമ്പടപ്പു സ്വരൂപത്തിന്റെ ഒരു ശാഖയും തെക്കൻ ഭാഗത്തു ശാർക്കരസ്വരൂപവുമാണു് നാടുവാണിരുന്നതു്.
1320 എ. ഡി.-യിൽ മഹോദയപുരം ഭരിച്ചിരുന്ന ഒരു വീരരാഘവ ചക്രവർത്തിയുടെ ചെപ്പേടു് കണ്ടുപിടിച്ചിട്ടുണ്ടു്. ഇതു കണ്ടുപിടിച്ച സംഘത്തിന്റെ നാമത്തിൽ നിന്നു ചരിത്രകാരൻ ഇതിനു വീരരാഘവ ചക്രവർത്തിയുടെ കോട്ടയം ചെപ്പേടെന്നാണു് പേരു കൊടുത്തിട്ടുള്ളതു്. ഈ വീരരാഘവ ചക്രവർത്തി കൂപകരാജ്യത്തിലെ സുപ്രസിദ്ധനായ രവിവർമ്മൻ സംഗ്രാമധീരന്റെ സമകാലീനനും, പിതാവിന്റെ വംശക്കാരനുമാകുന്നു. ചേറ്റുവാ മണപ്പുറം ഭരിച്ചിരുന്ന ശാർക്കരസ്വരൂപത്തിലെ ഒരു രാജാവാണു് വീരരാഘവ ചക്രവർത്തി എന്നു വിചാരിക്കുവാൻ കാരണങ്ങളുണ്ടു്.

1656–1659 എ. ഡി. എന്ന കാലത്തു കൊച്ചിയിൽ നാടുവാണിരുന്ന പെരുമ്പടപ്പു സ്വരൂപത്തിന്റെ ചാഴുർ താവഴിയിലെ റാണി ഗംഗാധരമഹാലക്ഷ്മിയായിരുന്നു. ഈ താവഴിയിലെ ഒടുവിലത്തെ അംഗമായിരുന്ന ഇവർ വംശം അന്യം നിൽക്കാതെയിരിക്കുവാൻ തന്റെ ഉപദേഷ്ടാവായിരുന്ന രാഘവൻ കോവിലിന്റെയും, കൊച്ചിയിലെ പോർട്ടുഗീസുകാരുടെയും നിർദ്ദേശപ്രകാരം താനൂരിലെ വെട്ടത്തുസ്വരൂപത്തിൽനിന്നു നാലു തമ്പുരാക്കന്മാരെ ദത്തെടുക്കുകയും ഇവരിൽ മൂത്തതമ്പുരാനായ രാമവർമ്മനെ കൊച്ചി മഹാരാജാവായി വാഴിക്കയും ചെയ്തു. പെരുമ്പടപ്പു സ്വരൂപത്തിലെ മൂത്തതാവഴിക്കാരുടെയും, ഇളയതാവഴിക്കാരുടെയും ന്യായമായ അവകാശങ്ങളെ വിഗണിച്ചാണു് റാണി ഇങ്ങനെ പ്രവർത്തിച്ചതു്.
ഇതുകാരണം മൂത്തതാവഴിക്കാരും, ഇളയതാവഴിക്കാരും പോർട്ടുഗീസുകാരുടെ ശത്രുക്കളായിരുന്ന ഡച്ചുകാരെ അഭയം പ്രാപിച്ചു. 1662 എ. ഡി.-യിൽ ഡച്ചുകാർ പോർട്ടുഗീസുകാരിൽ നിന്നു കൊച്ചിക്കോട്ട പിടിച്ചെടുത്തപ്പോൾ, അവർ റാണി ഗംഗാധര മഹാലക്ഷ്മിയെ കൊണ്ടു് മൂത്തതാവഴിയിലെ കേരളവർമ്മനെ തന്റെ പിൻഗാമിയായി സ്വീകരിപ്പിക്കുകയും ചെയ്തു.
ഡച്ചു ചരിത്രകൃതികൾ പ്രസ്തുത രാഘവൻ കോവിലിനെ രമണൻ കോയിലെന്നു പേരിട്ട, ഇദ്ദേഹം വേണാട്ടു രാജാവിന്റെ സഹോദരൻ ആണെന്നു വിവരിച്ചിരിക്കുന്നു. ആര്യപ്പെരുമാൾ (717–729 എ. ഡി.) കേരളത്തിന്റെ പണ്ടത്തെ നാലു ഖണ്ഡങ്ങളുടെ സ്ഥാനം മാറ്റി സ്ഥാപിച്ചപ്പോൾ വേണാടു് പരമ്പരയായി ഭരിക്കുവാൻ 729 എ. ഡി.-യിൽ വീരമാർത്താണ്ഡ വർമ്മനെ കൊല്ലത്തു നിയമിക്കുകയുണ്ടായി. ഇദ്ദേഹം ശാർക്കര സ്വരൂപക്കാരനായിരുന്നു. ഈ വേണാട്ടിൽ ഓണ, അഥവാ ഓട, നാടും ഉൾപ്പെട്ടിരുന്നു. ശാർക്കരസ്വരൂപവുമായുള്ള ഈ ബന്ധം നിമിത്തമാണു് 1342 എ. ഡി.-യിൽ ഓണാട്ടുകര രാജാവു് രവിവർമ്മൻ ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ ചില അവകാശങ്ങൾ നേടുവാൻ സാധിച്ചതും.
1305 എ. ഡി.-യിൽ കോലത്തുനാട്ടിൽ നിന്നു രണ്ടു തമ്പുരാട്ടിമാരെ ആറ്റിങ്ങൽ റാണിമാരായി ദത്തെടുക്കുകയുണ്ടായി. ഇതിനു മുമ്പുണ്ടായിരുന്ന ആറ്റിങ്ങൽ റാണിമാർ പതിവായി കൊല്ലം തലസ്ഥാനമായുള്ള ജയസിംഹനാട്ടു സ്വരൂപക്കാരെയാണു് തങ്ങളുടെ കോയിൽ തമ്പുരാക്കന്മാരായി വരിച്ചു വന്നിരുന്നതു്. ഈ ബാന്ധവങ്ങളിൽ ഒന്നിൽ നിന്നാണു് രവിവർമ്മൻ സംഗ്രാമധീരൻ അഥവാ, രവിവർമ്മൻ ജനിച്ചതും. ശാർക്കര സ്വരൂപക്കാരായ ഇവർക്കു് പാർക്കുവാൻ ആറ്റിങ്ങൽ റാണിമാർ ചിറയിൻകീഴിന്റെ പരിസരഗ്രാമം വിട്ടുകൊടുത്തിരുന്നു. ഇവർ ഇതിനു തങ്ങളുടെ വംശനാമം നൽകുകയും ചെയ്തു. ഇതത്രേ ഇന്നത്തെ ശാർക്കര.
രാഘവൻ എന്ന പേര് ഐരൂർ സ്വരൂപക്കാരും ഇവരിൽ നിന്നു പിൽക്കാലത്തു് ഉത്ഭവിച്ച കൊടുങ്ങല്ലൂർ പടിഞ്ഞാറ്റേടത്തു സ്വരൂപക്കാരും സ്വീകരിക്കുക പതിവല്ല. തന്നിമിത്തം റാണി ഗംഗാധര മഹാലക്ഷ്മിയുടെ ഉപദേഷ്ടാവു് രാഘവൻ കോവിൽ ഒരു ശാർക്കര സ്വരൂപക്കാരൻ ആയിരുന്നിരിക്കണം.
മറ്റൊരു സംഭവവും ഈ ഊഹം ശരിയാണെന്നു കാട്ടുന്നുണ്ടു്. 1626 എ. ഡി.-യിൽ കൊല്ലം തലസ്ഥാനമായുള്ള വേണാടിനു സാമൂതിരി ആക്രമിച്ചു വേണാട്ടു രാജാവിനെക്കൊണ്ടു് തന്റെ മേൽക്കോയ്മ സ്വീകരിപ്പിച്ചതു് ചുവടെ ഉദ്ധരിക്കുന്ന പ്രകാരം കേരളോൽപ്പത്തിയിൽ വിവരിച്ചിരിക്കുന്നു:
‘തെക്കു വേണാട്ടടികളോടുകൂടി ജയിച്ചു് കപ്പം വാങ്ങി ചേർത്തിരിക്കും കാലം എന്നെയ്ക്കും മാറിവരാതെ ഇരിപ്പാൻ കാഴ്ചയായി മഹാമകത്തിനു് ഒരു കൊടിയും കൊടുത്തുവിട്ടു. ആ കൊടി വേണാട്ടിൻ കൊടിയെന്നു പറയുന്നു ഞായം. പിന്നെ ചെങ്ങണിയൂർ മതിലകങ്ങളിൽ കോയ്മയും കൊടുത്തു; ആ സ്ഥാനത്തേക്കു തിരുമനച്ചേരി നമ്പൂതിരിപ്പാടിനു മാനുഷ്യമായി ഇന്നും നടക്കുന്നു.
വേണാട്ടടികളിലെ കൂലിച്ചേകക്കാരിൽ ഒരുത്തൻ കഞ്ഞറ്റിക്കടവിൽ നിന്ന ഒരു ബ്രാഹ്മണനെ കുളിയും ഊക്കയും മുടക്കി തടുത്തു പായിച്ചിരിക്കുന്നു. അന്നു മൂന്നാംകൂറായ തമ്പുരാൻ യഥായോഗം അവിടേക്കെഴുന്നള്ളി അവനെ വെട്ടിക്കൊന്നു. ബ്രാഹ്മണന്റെ കുളിയും ഊക്കയും കഴിപ്പിച്ചു എഴുന്നള്ളിയിരിക്കുന്നു. അതിനു വേണാട്ടടികൾ പരിഭ്രമിച്ചു പുരുഷാരത്തെ കൽപ്പിച്ചു. “ചേറ്റുവായിൽ തെക്കോട്ടു നൊമ്പടെ തമ്പുരാന്റെ മേൽക്കോയ്മ സ്ഥാനം നടക്കരുതു്” എന്നു കൽപ്പിച്ചു.

അക്കാലം നൊമ്പടെ തമ്പുരാൻ തിരുവുള്ളത്തിൽ ഏറി യാഗം തികച്ചു ചേറ്റുവായി കടന്നു, കാഞ്ഞൂർ പുഴ കടന്നു, വൈപ്പിയുടെ കൊച്ചി അഴി കടന്നു, കൊച്ചിയിൽ കൂടെ പുറപ്പെട്ടു ചിരങ്ങനാട്ടു കടപ്പുറത്തു കൂടി പയറ്റുകാട്ട പാലം (ഏറ്റുകൊട്ടപ്പാലം) കടന്നു, ആലപ്പുഴയ്ക്കു് പുറപ്പെട്ടു, തൃക്കുന്നത്തു പുഴയ്ക്കു കൂടി കാർത്തികപ്പള്ളി കടന്നു് ഉടയനാട്ടുകരയ്ക്കു് എഴുന്നള്ളുമ്പോൾ വേണാട്ടടികളും വന്നു നൊമ്പടേതു തൃക്കാക്കൽ അഭയം ചൊല്ലി നൊമ്പടേതു അഴിഞ്ഞ അർഥവും വടക്കോട്ടു തിരിച്ചുവച്ചു, കാള തോക്കും പിഴ പോക്കുവാനായി ആനയും ഇരുത്തി. അന്നു ദിഗ്ജയം കൊണ്ടു. വീരമദ്ദളം അടിപ്പിച്ചു ആനക്കഴുത്തിൽ ഏറി വടക്കോട്ടു എഴുന്നള്ളി, തിരുവനന്തപുരത്തു വായിത്തരം കെട്ടിയ ദേശങ്ങളും കൽപ്പിച്ചു. മഹാരാജാവു കുന്നലക്കോനാതിരിയെന്നു കേട്ടിരിക്കുന്നു. കൊല്ലം 802 കുംഭ ഞായിറു 30-നു ബുധനാഴ്ച തൃക്കാവിൽ കോവിലകത്തു നിന്നു തിരുമുടിപ്പട്ടം കെട്ടി തിരുനാടുവാണു നാലായിരം പ്രഭുക്കന്മാരും ചേകിച്ചു.’
ഈ വിവരണത്തിൽ, സാമൂതിരിക്കു കോയ്മ വിട്ടുകൊടുത്തതായി പറഞ്ഞിരിക്കുന്ന ചെങ്ങന്നിയൂർ (ചെങ്ങന്നൂർ) മതിൽക്കകവും, ഇതിലെ കന്നേറ്റിക്കാവും, തിരുവനന്തപുരവും, ഒന്നുതന്നെ. ഈ ഗ്രാമം പറവൂർ താലുക്കിലെ പുത്തൻചിറയിലെ തിരുച്ചക്രപുരമാകുന്നു. ഇവിടെ ആദിചെങ്ങന്നുമായ ചിറ്റൂർ താലുക്കിലെ ചിറ്റൂരിലെ വിഷ്ണുക്ഷേത്രം പോലെ ഒരു വിഷ്ണുക്ഷേത്രമുണ്ടു്. കന്നേറ്റിക്കടവെന്നതിന്റെ ശരിയായ രൂപം കുന്നേറ്റിക്കടവു് എന്നാകുന്നു. ഇതിന്റെ പൂർണ്ണരൂപം ചെങ്കുന്നേറ്റിക്കടവു് എന്നാണുതാനും. ഇതിൽ നിന്നു് ഇതിനു് ചെങ്ങന്നൂർ എന്ന പേരും കിട്ടി.
തിരുച്ചക്രപുരത്തിനു സമീപമുള്ള കുന്നംകുളങ്ങര ഗ്രാമത്തിന്റെ പേരിൽ കുന്നേറ്റിയിലെ കുന്നം എന്ന ഭാഗം കാണാം. കുന്നേറ്റിക്കടവിലെ കടവു് എന്ന പദം കുളം എന്നതിനെ ധ്വനിപ്പിക്കുന്നുമുണ്ടു്. ‘ആശ്ചര്യചൂഡാമണി’ എന്നു പേരുകേട്ട സംസ്കൃത നാടകത്തിന്റെ കർത്താവായ ശക്തിഭദ്രൻ എന്ന പോറ്റി പ്രഭു ഈ ചെങ്ങന്നൂർകാരനാകുന്നു. ഗോദരവിവർമ്മന്റെ (911–945 എ. ഡി.) സമകാലീനനത്രേ ഈ ശക്തിഭദ്രൻ.
കേരളോൽപ്പത്തി വിവരണത്തിലെ കാഞ്ഞൂർപുഴ ചേന്ദമംഗലത്തിനു തെക്കുള്ള പെരിയാർപുഴ ഭാഗവും, പയറ്റുകൊട്ടപാലം ചേർത്തല താലുക്കിലെ വടക്കൻ തുറവൂരിനടുത്തുള്ള പാലവുമാകുന്നു. മാവേലിക്കര ടൗണിന്റെ പരിസരത്തുള്ള കണ്ടിയൂർമറ്റമാണു് ഓണ, അഥവാ ഓടനാടിന്റെ (കേരളോൽപ്പത്തിയിലെ ഉടയനാട്ടുകരയുടെ) തലസ്ഥാനം. വേണാട്ടടികളുടെ കീഴിലിരുന്നിരുന്നു അന്നത്തെ ഓണനാടു്.
കേരളോൽപ്പത്തിയിലെ വിവരണത്തിൽ, ചേറ്റുവായ്ക്കു് തെക്കോട്ടു് സാമൂതിരിയുടെ മേൽക്കോയ്മ നടക്കരുതു് എന്നു് വേണാട്ടടികൾ കൽപ്പിച്ചതായി പറഞ്ഞിട്ടുണ്ടല്ലോ. ചേറ്റുവാ മണപ്പുറവും അതിനു തെക്കോട്ടുള്ള ദേശങ്ങളിൽ മിക്കതും കൊല്ലത്തെ വേണാടു സ്വരൂപത്തിന്റെ, അഥവാ ശാർക്കര സ്വരൂപത്തിന്റെ ശാഖക്കാർ ഭരിച്ചിരുന്നതാണു് ഈ കൽപ്പനയ്ക്കു കാരണം. ചേറ്റുവാ മണപ്പുറത്തെ മൂലശാർക്കരസ്വരൂപശാഖ എ. ഡി. പതിനെട്ടാം ശതാബ്ദത്തിൽ അന്യം നിന്നപ്പോൾ, അതിന്റെ വസ്തുക്കൾ ഒടുവിലത്തെ അംഗത്തിന്റെ നായർ പുത്രന്മാർ വീതിച്ചെടുക്കുകയും ചെയ്തു.
ഐരാണിക്കുളത്തെ പടിഞ്ഞാറ്റേടത്തു ഭട്ടേരിയുടെ വംശം അന്യം നിൽക്കാറായപ്പോൾ, ഒടുവിലത്തെ ഭട്ടേരി തന്റെ വംശം നിലനിർത്തുവാൻ ഒരു നമ്പൂതിരിയെ ദത്തെടുക്കാതെ, തന്റെ ക്ഷത്രിയ ഭാര്യയായ ഐരൂർസ്വരൂപക്കാരിയുടെ പുത്രനു് കൊടുങ്ങല്ലൂർ നാട്ടകം വിട്ടുകൊടുത്തു. ഈ പുത്രനാണു് ഇന്നത്തെ കൊടുങ്ങല്ലൂർ പടിഞ്ഞാറ്റേടത്തു സ്വരൂപത്തിന്റെ സ്ഥാപകൻ.
കൊടുങ്ങല്ലൂർ പടിഞ്ഞാറ്റേടത്തു സ്വരൂപക്കാർ ഐരൂർ സ്വരൂപത്തിന്റെ പതിവു തുടർന്നു. സാമൂതിരിവംശത്തിലെ തമ്പുരാട്ടിമാരെ പതിവായി വിവാഹം ചെയ്തുവന്നിരുന്ന കൊച്ചിരാജാക്കന്മാരും സാമൂതിരിയും തമ്മിൽ 1502 എ. ഡി. മുതൽക്കു് തുടങ്ങിയ യുദ്ധങ്ങളിൽ പലപ്പോഴും കൊടുങ്ങല്ലൂർ സ്വരൂപക്കാർ സാമൂതിരിയുടെ പക്ഷക്കാരായി പ്രവർത്തിക്കുകയും ചെയ്തുവന്നു. കൊടുങ്ങല്ലൂർ സ്വരൂപക്കാർക്കു് സാമൂതിരിയുടെ നെടിയിരിപ്പു സ്വരൂപത്തിന്റെ പിതൃസ്ഥാനമുണ്ടായിരുന്നതു നിമിത്തമാണു് സാമൂതിരിയുടെ കീഴിൽ നടന്നുവന്ന മാമാങ്ക ആഘോഷത്തിൽ കൊടുങ്ങല്ലൂർ തമ്പുരാക്കന്മാർക്കു് ഒരു പ്രത്യേക ബഹുമാനം സിദ്ധിച്ചിരുന്നതു്. കൊടുങ്ങല്ലൂർ സ്വരൂപത്തിൽ നിന്നു ‘മാടം കേറി’യതിനുശേഷമേ മാമാങ്കത്തിനായി തിരുനാവാ മണപ്പുറത്തു കെട്ടിയുണ്ടാക്കുന്ന ഭോജനശാലയിൽ ബ്രാഹ്മണർക്കു ഭക്ഷിക്കാൻ പാടുള്ളു എന്ന ഏർപ്പാടത്രേ ഈ ബഹുമാനം.
കേരളഭൂഷണം വിശേഷാൽ പ്രതി, 1955.