‘പറയിപെറ്റ പന്തിരുകുല’ത്തിൽപ്പെട്ടതായി കേരളീയ ഐതിഹ്യം പ്രസ്താവിക്കുന്ന ദേഹവും, പ്രാചീനകേരളത്തിലെ ഏറ്റവും പ്രസിദ്ധപ്പെട്ട ശില്പിയുമായ ഉളിയന്നൂർ പെരുന്തച്ചനെ കുറിച്ചു തിരുവനന്തപുരത്തെ ശാരദാപ്രിന്റിങ് വർക്സ് വകയായി പുറപ്പെടുവിച്ചിരുന്ന 1940-ലെ ട്രാവൻകൂർ സോവനീർ എന്ന പ്രസിദ്ധീകരണത്തിൽ ഒരു ഇംഗ്ലീഷ് ലേഖനം ഈ ലേഖകൻ എഴുതിയിരുന്നു. താൻ പണിക്കു് ഏർപ്പെടുത്തിയ മരമറുപ്പുകാർക്കു് ഇദ്ദേഹം കൂലിയായി കുറെ മരപ്പൊടി കൊടുക്കാറുണ്ടായിരുന്നു എന്നും, ഇതു പൊന്നായി പരിവർത്തിച്ചിരുന്നു എന്നും ആലുവയ്ക്കു സമീപമുള്ള ഉളിയന്നൂരിലെ ക്രിസ്ത്യാനികളായ മരമറുപ്പുകാരുടെ ഇടയ്ക്കു് ഇന്നു പ്രചാരമുള്ള ഒരു ഐതിഹ്യത്തെയും ഇദ്ദേഹം തന്റെ സോദരനായ മേഴത്തോൾ അഗ്നിഹോത്രി എന്ന ആഢ്യൻ നമ്പൂതിരിക്കു ഏകദൈവവിശ്വാസത്തിന്റെ മാഹാത്മ്യം ഒരു നീതികഥ മുഖേന ചൂണ്ടിക്കാണിച്ചു കൊടുത്തു എന്നു കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല യിൽ പറഞ്ഞിട്ടുള്ള ഒരു കഥയെയും മറ്റു ചില സംഗതികളെയും ആസ്പദിച്ചു്, ഈ മഹാശില്പി എ. ഡി. ഏഴാം ശതാബ്ദത്തിന്റെ പൂർവാർധത്തിൽ സുപ്രസിദ്ധനായ ക്നായിതൊമ്മൻ മുതലാളി ഇദംപ്രഥമമായി സുറിയാനി ക്രിസ്ത്യാനികളെ പശ്ചിമേഷ്യയിൽ നിന്നു മഹോദയപട്ടണം എന്നപേരും കൂടിയുണ്ടായിരുന്ന ചേരരാജധാനിയായ കൊടുങ്ങല്ലൂരിൽ കുടി പാർപ്പിച്ചപ്പോൾ, ഇവരോടുകൂടി വന്നിരുന്ന ഒരു സുറിയാനി ക്രിസ്ത്യാനിയായിരിക്കുവാൻ ഇടയുണ്ടെന്നു് പ്രസ്തുത ലേഖനത്തിൽ പ്രസ്താവിച്ചിരുന്നു. കൂടാതെ, കോട്ടയം വലിയപള്ളിയിലെയും മൈലാപ്പൂരിലെ സെന്റ് തോമസ് മൌണ്ടിലെയും പഹ്ളവി ലേഖനങ്ങളോടുകൂടിയ പ്രാചീന കരിങ്കൽ കുരിശുകൾ നിർമിച്ചതു് ഈ പ്രസിദ്ധ ശില്പിയായിരിക്കുമെന്നും അതിൽ ഈ ലേഖകൻ ചൂണ്ടിക്കാണിച്ചിരുന്നു. പറയിപെറ്റ പന്തിരുകുലത്തിൽപ്പെട്ടവരുടെ കാലം എ. ഡി. ഏഴാം ശതാബ്ദമാണെന്നു കാണിച്ചു് മറ്റൊരു ലേഖനം കുറെ വർഷങ്ങൾക്കുമുമ്പു് ഈ ലേഖകൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. ഉളിയന്നൂർ പെരുന്തച്ചനെപ്പറ്റി പിന്നീടു നടത്തിയ പുതിയ ഗവേഷണങ്ങളുടെ ഫലമായി ഈ ലേഖകനു സംഭാവ്യമായി തോന്നുന്ന വിവരങ്ങളാണു് ഈ ലേഖനത്തിൽ ചേർത്തിരിക്കുന്നതു്.
ക്നായിതൊമ്മനു ചെപ്പേടു കൊടുത്ത ചേരമാൻ പെരുമാളിന്റെ നാടുവാഴ്ചയുടെ അവസാനത്തിനു കോഴിക്കോട്ടെ ബ്രാഹ്മണർ നൽകിയിട്ടുള്ള കാലം 347 ആണെന്നും, അതിനു കൊച്ചിയിലെ ബ്രാഹ്മണർ നൽകിയിട്ടുള്ള കാലം 5286 ആണെന്നും, ‘ദസ് ആസ്യ’ എന്ന കൃതിയിൽ ദാ കുതോ എന്ന സ്പാനിഷ് ചരിത്രകാരൻ പ്രസ്താവിച്ചിട്ടുണ്ടു്. ഇതിൽ അന്തർഭവിച്ചിട്ടുള്ള ഒരു സംഗതിയെപ്പറ്റി—അതായതു്, പ്രാചീന കേരളത്തിൽ ഒന്നിലധികം അബ്ദങ്ങൾ പ്രചരിച്ചിരുന്നു എന്നുള്ളതിനെപ്പറ്റി—നടത്തിയ ഗവേഷണത്തിന്റെ ഫലമായി, ക്നായിത്തൊമ്മന്റെ ആഗമനകാലത്തെ കുറിക്കുന്ന കാലവാക്യമായ ‘ശോവാല’ (345) എന്നതു് എ. ഡി. 325-ൽ തുടങ്ങിയ അബ്ദത്തിൽ സ്ഥാപിതമായിട്ടുള്ളതാണെന്നും, തന്നിമിത്തം ഈ വാക്യം യഥാർത്ഥമായി സൂചിപ്പിച്ചിരുന്ന കാലം എ. ഡി. 670 ആണെന്നും ഈ ലേഖകൻ ഇപ്പോൾ വിചാരിക്കുന്നു. ഇതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ കേരളത്തിലെ പെരുമാൾവാഴ്ചയെക്കുറിച്ചു് മാതൃഭൂമി ആഴ്ചപതിപ്പിൽ ഈ ലേഖകൻ എഴുതിത്തുടങ്ങിയിരിക്കുന്ന ലേഖനപരമ്പരയിൽ കാണാവുന്നതാണു് ക്നായിതൊമ്മന്റെ ആഗമനകാലമായ എ. ഡി. 670-ൽ കേരളം ഭരിച്ചിരുന്നതു് ചിലപ്പതികാരം എന്ന പ്രസിദ്ധ ചെന്തമിഴു് മഹാകാവ്യം പ്രസ്താവിക്കുന്ന ചെങ്കുട്ടുവൻ (രണ്ടാമൻ) എന്ന ചേരനായിരുന്നു. ഇദ്ദേഹത്തിനു കേരളോൽപ്പത്തി കുലശേഖരപെരുമാൾ ഒന്നാമൻ എന്നും, വൈഷ്ണവഐതിഹ്യം കുലശേഖരആൾവാർ എന്നും പതിറ്റിപ്പത്തു് എന്ന ചെന്തമിഴു് കാവ്യമാല ഇളഞ്ചേരലിരുംപൊറൈ എന്നും ചേര, അഥവാ, മൂഷിക രാജവംശത്തിന്റെ ചരിത്രം വർണ്ണിക്കുന്ന മൂഷികവംശകാവ്യം രാമവർമൻ എന്നും പേരിട്ടിട്ടുണ്ടു്. മഹോദയപട്ടണത്തു് ക്നായിതൊമ്മൻ ഒരു പള്ളി പണികഴിപ്പിച്ചതിനുശേഷം അതിൽവച്ചു് ആദ്യം നടത്തിയ ആരാധനയിൽ അന്നത്തെ ചേരരാജാവു് പങ്കുകൊണ്ടു എന്ന ക്രൈസ്തവ ഐതിഹ്യം പറഞ്ഞിരിക്കുന്ന ചേരൻ ഈ കുലശേഖരപെരുമാളാണു്. ഈ ഐതിഹ്യത്തെ ചിലപ്പതികാരത്തിലെ ചുവടെ ചേർക്കുന്ന വരികൾ പിന്താങ്ങുന്നുമുണ്ടു്:
“ചതുക്കപ്പൂതരെ വഞ്ചിയുട്ടന്തു
മതുക്കാൾ വേൾവിവേട്ടോനായിനും.”
ഇതിലെ ചതുക്കപ്പൂതർ എന്നതു് ചതുഷ്കം (നാലു്, അറബിയിൽ അർബ) എന്ന പേരുണ്ടായിരുന്ന അറേബ്യയിലെ സുപ്രസിദ്ധ പ്രാചീന പരിഷ്കാരകേന്ദ്രമായ പൂത് എന്ന പ്രദേശത്തിൽ നിന്നു ക്നായി തൊമ്മൻ കൊണ്ടുവന്ന ക്രിസ്ത്യാനികൾക്കു കൊടുത്തിട്ടുള്ള ഒരു പേരാണെന്നു മാതൃഭൂമി ആഴ്ചപതിപ്പിൽ ‘കുരിശുമുടി’ എന്ന തലക്കെട്ടിൽ ഈ ലേഖകൻ പ്രസിദ്ധപ്പെടുത്തിയിരുന്ന ഒരു ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ചതുക്കപ്പൂതരെ വഞ്ചിനഗരത്തിൽ കൊണ്ടുവന്നു് അവരുടെ മധുകൊണ്ടുള്ള ആരാധനയിൽ (അതായതു്, കുർബാനയിൽ) ഈ ചേരൻ പങ്കുകൊണ്ടു എന്നാണു് ഈ വരികളുടെ അർത്ഥം.
എ. ഡി. 671-ലോ ഇതിനു് അടുത്ത ആണ്ടിലോ മരിച്ച കുലശേഖരപെരുമാളിനുശേഷം, അദ്ദേഹത്തിന്റെ പുത്രനും, പള്ളിബാണപെരുമാൾ എന്നും ഭൂതപ്പെരുമാൾ എന്നും കൂടി പേരുകളുള്ള ചേരനുമായ ചന്ദ്രവർമൻ നാടുവാഴുകയുണ്ടായി. ഇദ്ദേഹത്തിന്റെ മന്ത്രിയായിരുന്നു ക്നായിതൊമ്മൻ. ഒരു ചേരരാജാവിന്റെ മന്ത്രിയായിരുന്നു ക്നായിതൊമ്മനെന്നും, ഈ രാജാവിനോടു ഒരു ജാതി വഴക്കു നിമിത്തം പിണങ്ങി സിലോണിലേക്കു് ഓടിപ്പോയിരുന്ന കമ്മാളരാദിയായ നാങ്കുടിപ്പരിഷകളെ മന്ത്രിയായ ക്നായിതൊമ്മനും അല്ലിമലയിലെ തിരുവരംഗൻ എന്ന പാണനും കൂടി അവിടെ ചെന്നു തിരിച്ചു കേരളത്തിലേക്കു കൂട്ടിക്കൊണ്ടുപോന്നു എന്നു് കേരള ക്രൈസ്തവ ഐതിഹ്യം പ്രസ്താവിക്കുന്നുണ്ടല്ലോ. ക്നായിതൊമ്മൻ പ്രസ്തുത പള്ളിബാണപെരുമാളിന്റെ പി. ഡബ്ല്യു. വകുപ്പിന്റെ മേൽനോട്ടം വഹിച്ചിരുന്ന ശില്പകലാവിദഗ്ദ്ധനായ മന്ത്രിയായിരുന്നു എന്നും, ഇദ്ദേഹത്തിനാണു് തന്നിമിത്തം കേരളത്തിലെ ഹൈന്ദവ ഐതിഹ്യം ഉളിയന്നൂർ പെരുന്തച്ചെന്നു പേരിട്ടിട്ടുള്ളതെന്നും ഈ ലേഖകൻ ഇപ്പോൾ വിചാരിക്കുന്നു. പള്ളിബാണപെരുമാൾ തന്റെ അന്ത്യകാലത്തു് ക്നായിതൊമ്മന്റെ പ്രേരണയാൽ പ്രസ്തുത പൂതരുടെ മതമായ ക്രിസ്തുമതം സ്വീകരിക്കുകയുണ്ടായി. ഇതു നിമിത്തമത്രെ ഇദ്ദേഹത്തിനു ഭൂതരായപെരുമാൾ (പൂതരായപെരുമാൾ) എന്ന പേരും കൂടി ലഭിച്ചതും. ഈ മതപരിവർത്തനം നിമിത്തം ഇദ്ദേഹത്തെ കക്കാട്ടുനമ്പിടി വധിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ മരണത്തോടുകൂടി അന്യംനിന്നുപോയ മൂഷികവംശത്തിലേക്കു് കുലശേഖരപെരുമാളുടെ ഒരു സഹോദരനും ചേദി രാജാവുമായ പാലകൻ ഒന്നാമനെ ദത്തെടുക്കുകയും ചെയ്തു. ബൌദ്ധേനായ പള്ളിബാണപ്പെരുമാൾ ക്രിസ്തുമതമാണു് സ്വീകരിച്ചിരുന്നതെന്നു് ഡോ. പി. ജെ. തോമസ് 1094-ലെ ഭാഷാപോഷിണിയിൽ ചൂണ്ടിക്കാണിച്ചിരുന്നതു് വാസ്തവമാണെന്നു് ഈ ലേഖകൻ ഇപ്പോൾ വിശ്വസിക്കുന്നു. കുറെമുമ്പു് കോട്ടയത്തിനടുത്തുള്ള കിളിരൂരിലെ ഭഗവതിക്ഷേത്രത്തിൽ നിന്നു് കണ്ടെടുത്തതായി പറയുന്ന പള്ളിബാണപെരുമാളുടെ കുരിശു ധരിച്ച ചെറുവിഗ്രഹം ഈ അഭിപ്രായത്തെ പിന്താങ്ങുന്നുമുണ്ടു്. എ. സി. ഏഴാം ശതാബ്ദത്തിന്റെ അന്ത്യകാലത്തു് നാടുവാണിരുന്ന ഈ പള്ളിബാണപെരുമാളെ എ. ഡി. 943 മുതൽക്കു 978 വരെ നാടുവാണതിനുശേഷം ഇസ്ലാംമതം സ്വീകരിച്ചവനെന്നു് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ പ്രസ്തുത പെരുമാൾവാഴ്ചയെപ്പറ്റിയുള്ള ലേഖനങ്ങളിൽ ചൂണ്ടിക്കാണിക്കുന്നതായ ഇന്ദുഗോദവർമൻ പാണ്ടിപെരുമാളിൽ നിന്നു വേർതിരിക്കാതെ, ഇവർ രണ്ടുപേരെയും കൂട്ടിക്കലർത്തിയതിന്റെ ഫലമായിട്ടാണു് പള്ളിബാണപെരുമാൾ മക്കത്തുപോയി എന്നു് കേരളോൽപ്പത്തി പ്രസ്താവിക്കുന്നതും.
അന്ത്യകാലത്തു് ക്രിസ്തുമതം സ്വീകരിക്കുന്നതിനു മുമ്പു് പള്ളിബാണപെരുമാൾ ശില്പശാസ്ത്രവിദഗ്ദ്ധനായ തന്റെ മന്ത്രിയും ഉളിയന്നൂർ പെരുന്തച്ചനെന്നു് സ്ഥാനപ്പേരുള്ള ദേഹവുമായ ക്നായിതൊമ്മനെകൊണ്ടു പല പ്രസിദ്ധ ഹിന്ദുദേവാലയങ്ങളും പണിയിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ മുൻഗാമിയായ കുലശേഖരപെരുമാൾ കൊടുങ്ങല്ലൂരിൽ തളിയാതിരിമാർക്കുള്ള വസതികൾ പണിയിച്ചതും ക്നായിതൊമ്മനെക്കൊണ്ടായിരുന്നിരിക്കണം. ഇങ്ങനെയുള്ള അമ്പലപണികൾക്കും മറ്റുംതച്ചന്മാർ മുതലായ തൊഴിലുകാരുടെ സമ്മതം അപരിത്യാജ്യമാണല്ലോ. അതിനാൽ ഈ തൊഴിലുകാരെ പ്രസ്തുത പെരുമാക്കന്മാർ ക്നായിതൊമ്മന്റെ പൂർണാധികാരത്തിൻകീഴിൽ ആക്കിയിരുന്നിരിക്കും. ഇതു നിമിത്തമായിരിക്കും ക്രിസ്ത്യാനികൾക്കു് തച്ചൻ എന്ന സ്ഥാനപ്പേരു ലഭിച്ചതും. ഇപ്രകാരം ഇവരുടെമേൽ ലഭിച്ച അധികാരം നിമിത്തമാണു് സിലോണിലേക്കു് ഓടിപ്പോയിരുന്ന കമ്മാളന്മാരെ തിരിച്ചു വിളിച്ചു കൊണ്ടുവരാനായി പള്ളിബാണപെരുമാൾ ക്നായിതൊമ്മനെ നിയോഗിച്ചതും.
അപ്പോസ്തലനായ സെന്റ് തോമസിന്റെ ശവകുടീരം വാസ്തവത്തിൽ കുരിശുമുടിയിലായിരുന്നു എന്നും, ക്നായിതൊമ്മന്റെ ശവകുടീരമാണു് മൈലാപ്പുരിലെ സെന്റ് തോമസ് മൗണ്ടിൽ ഉള്ളതെന്നും, ഇവർ രണ്ടുപേരെയും ഒന്നുപോലെ മാർത്തോമ എന്നു ഭാരതത്തിലെ ക്രിസ്ത്യാനികൾ വിളിച്ചുവന്നിരുന്നതിൽ നിന്നു പോർട്ടുഗീസുകാർക്കുണ്ടായ തെറ്റിദ്ധാരണ നിമിത്തമാണു് സെന്റ് തോമസ് മൗണ്ട്, അപ്പോസ്തലൻ തോമസിന്റെ ശവകുടിരമാണെന്നുള്ള ഇന്നു പ്രചാരത്തിലിരിക്കുന്ന കഥ അവർ സൃഷ്ടിച്ചതെന്നും പ്രസ്തുത കുരിശുമുടി എന്ന ലേഖനത്തിൽ ഈ ലേഖകൻ അഭിപ്രായപ്പെട്ടിരുന്നു. സെന്റ് തോമസ് മൗണ്ടിൽ പോർട്ടുഗീസുകാർ കണ്ടുപിടിച്ച ജീർണ്ണിച്ച പള്ളിക്കു മുമ്പു് അവിടെ ഉണ്ടായിരുന്ന ചെറിയ പള്ളി ക്നായിതൊമ്മൻ പണിയിച്ചതാണെന്നും ഈ ലേഖകൻ അതിൽ ചൂണ്ടിക്കാണിച്ചിരുന്നു. സെന്റ് തോമസ് മൗണ്ടിലെ പ്രാചീന കരിങ്കൽ കുരിശ് പോർട്ടുഗീസുകാർ കണ്ടുപിടിച്ചപ്പോൾ, അവർ അതിലുള്ള പഹ്ളവി ലേഖനത്തെ, അതു് ഏതു ഭാഷയിലുള്ള ലേഖനമെന്നറിയാതെ, പലരെക്കൊണ്ടും വായിപ്പിക്കുവാൻ ശ്രമിക്കുകയുണ്ടായി. ഇക്കൂട്ടത്തിൽപ്പെട്ട അവിടത്തെ ഒരു ബ്രാഹ്മണൻ അതു് ഒരു തമിഴു് ലേഖനമാണെന്നു പറഞ്ഞു് അതിനെ വായിച്ചു കേൾപ്പിച്ചു് പോർട്ടുഗീസുകാരെ ചതിക്കുകയും ചെയ്തു. ഒരു വ്യാജചരക്കാണെങ്കിലും, ആ കുരിശിന്റെ ഉത്ഭവത്തെപ്പറ്റി പോർട്ടുഗീസുകാരുടെ കാലത്തു്, അവിടത്തെ ജനങ്ങളുടെ ഇടയിൽ പ്രചരിച്ചിരുന്ന ഐതിഹ്യം ഉൾക്കൊള്ളുന്നതിനാൽ അതിപ്രധാനമായ ഒരു ചരിത്രരേഖയായി ഭവിച്ചിട്ടുള്ള പ്രസ്തുത ബ്രാഹ്മണന്റെ പാഠത്തെ അന്നു പോർട്ടുഗീസുകാർ കുറിച്ചിടുകയും ചെയ്തിരുന്നു. ഒരു തമിഴു് പാട്ടായ ഇതിനെ ഇന്നത്തെ തമിഴു് പണ്ഡിതന്മാർ തെറ്റുതിരുത്തി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. അതു് ചുവടെ ചേർത്തിരിക്കുന്നതാണു്:
“ആറിയ ശകാർത്തം അയ്യാറു തന്നിൽ
തേറിയ തനുവിൽ തിരുന്തു മുടവ്വഴിൽ
പാരാപരമാകിയ പരമ്പൊരുൾ ഒൻറേ
തരാതരക്കലിയതു കണ്ടു തീയകി
ഇതുകുലത്തുതായക്കറമുനിന്തു
വാതിൽ പെരിതും വകൈയുമാകിയേ
കന്നിയമരിയാ കരുപമതാകി
മന്നിയമുപ്പതാം വരുശമാറിയതിൽ
ഒൻറേയെന്നും ഒരു പൊരുൾ തന്നൈ
കുന്റിനിൽ പന്തിരു തേശിയർക്കുരൈപ്പാർ
ആറുചമൈയത്തരുവന്തവർ ഉരൈയും
കുറിയമയിലൈക്കൊരു മുനിതോൻറി
തച്ചക്കോലും തച്ചകതരുവും
നച്ചികോയിൽ ഇറൈവന്നു ചമൈപ്പാൻ
സിരി പൂവനത്തിൽ ചേരലക്കോനും
കുരുകുലച്ചോഴൻ കോർക്കൈയിൽ പാണ്ടിയൻ
അത്തിനപുരത്തിൽ അരിച്ചന്തിരനും
കത്തരീൻ എന്നും കന്നിയർക്കചും
മറ്റും പലപലമാർക്കത്താരും
ചിത്തൻ തെളിന്തപചിരന്തെയോർ ആയ
താമേ പൊരുന്തിത്തവ മുനിയാന
തോമാകുലത്തിൽ തൊഴുതടി പണിന്താർ
അന്തണമൂതോൻ അരിവൊടു മീതേ
വന്തൊരു യോകം മറൈയവൻ ചെയ്താൾ
കണ്ടു ചമൈന്ത ഉതിരക്കുരുചിൽ
തൊണ്ടർകുലത്തിൽ തൊഴുമടിയാർകൾ
പിറവിപ്പാവപ്പെരുങ്കടൽ നീങ്കി
ഇറൈയവനൈചേർത്തങ്കിരിപ്പതു തിണ്ണാ”
ഇതിലെ ആദ്യത്തെ പത്തുവരികളിൽ, ആര്യശകാബ്ദമായി ബി. സി. 57-ൽ തുടങ്ങുന്ന വിക്രമാബ്ദത്തിന്റെ 26-ാം ആണ്ടിൽ ധനുമാസം 21 -ാം൹ ജുതകുലത്തിൽപ്പെട്ട കന്യകമറിയയുടെ പുത്രനായി ജനിച്ച ദേഹവും, മുപ്പതാമത്തെ വയസ്സിൽ മലമേലേറി തന്റെ പന്ത്രണ്ടു ശിഷ്യന്മാരോട് ഏകദൈവമതത്തെപ്പറ്റി പ്രസംഗിച്ച ഗുരുവായ യേശുക്രിസ്തുവിനെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നു. പിന്നീടുള്ള പന്ത്രണ്ടു വരികളിൽ പ്രസ്താവിച്ചിട്ടുള്ളതു്, ജൈനമതം, ബുദ്ധമതം, ആജീവകമതം, ശൈവമതം, വൈഷ്ണവമതം, ശാക്തേയമതം എന്നീ ആറു ദർശനങ്ങളിൽപ്പെട്ട മതകൃതികൾക്കു ഭാഷ്യങ്ങൾ ചമച്ചിട്ടുള്ള പണ്ഡിതന്മാരുടെ വാസസ്ഥലമായ മൈലാപ്പുരിൽ ഒരു ദേവാലയം പണിയുവാനായി തച്ചകോലും തമ്പകതടിയും കൊണ്ടു ഒരു മുനി വന്നതും, ഈ മുനി പണിഞ്ഞ തോമാപള്ളിയിൽ ചേരരാജാവും, കുരുകുലത്തിൽപ്പെട്ട ചോഴരാജാവും, പാണ്ഡ്യതലസ്ഥാനങ്ങളിൽ ഒന്നായ തിരുനെൽവേലി ജില്ലയിലെ കൊർക്കൈനഗരത്തിൽ നാടുവാണിരുന്ന പാണ്ഡ്യരാജാവും ഹസ്തിനപുരത്തിലെ (ഇതു് ഹസ്തിനപുരമെന്ന പേരുള്ള കാഞ്ചിനഗരമോ, തുംഗഭദ്ര നദീതീരത്തുള്ള ആനെഗുണ്ഡിയോ, ചിറ്റൂർ താലുക്കിലെ കാളഹസ്തിയോ ആയിരുന്നേക്കാം) ഹരിശ്ചന്ദ്രൻ എന്ന രാജാവും, കന്യകകൾക്കു് രാജ്ഞിയായ കാതറീൻ എന്ന സ്ത്രീയും മറ്റു പല ക്രിസ്ത്യാനികളും ചെന്നു് ആരാധന നടത്തിയതുമാണു് ശേഷിച്ച വരികളിൽ, ആ പള്ളിയിൽ ഉണ്ടായ ദൈവയോഗം കണ്ടു പ്രസ്തുത മുനി പണിത രക്തകുരിശിനെ ആരാധിക്കുന്നവർക്കു പിറവിയാകുന്ന കടൽ കടന്നു ദൈവത്തോടു ലയിക്കുവാൻ സാധിക്കുന്നതു നിശ്ചയമാണെന്നും പ്രസ്താവിച്ചിരിക്കുന്നു.
ഇതിൽ പ്രസ്താവിച്ചിരിക്കുന്ന മുനി അപ്പോസ്തലനായ മാർത്തോമയാണെന്നാണു് ഇന്നത്തെ പണ്ഡിതന്മാരുടെ ധാരണ. ഇതു് ശരിയാണെന്നു് ഈ ലേഖകൻ വിചാരിക്കുന്നില്ല. ഈ മുനി ക്നായിതൊമ്മനായ മാർത്തോമായാണു്. ഒന്നാമതായി അപ്പോസ്തലനായ മാർത്തോമാ മതപരിവർത്തനം നടത്തിയതായി പറഞ്ഞിട്ടുള്ളവരെയല്ല, ഈ പാട്ടിലെ മുനിയുടെ പള്ളിയിൽ ആരാധന നടത്തിയവരായി പ്രസ്താവിച്ചിട്ടുള്ളതു്. അപ്പോസ്തലൻ മാർത്തോമാ ഭാരതത്തിൽ ആദ്യം വന്നിറങ്ങിയതും, ക്രൈസ്തവ ഐതിഹ്യങ്ങൾ മാല്യങ്കര, മൈലാപ്പൂർ, സാന്ദ്രുക്ക്, ആന്ദ്രാപൊലീസ് എന്നീ പല പേരുകൾ ഇട്ടിട്ടുള്ളതുമായ നഗരം ചേരരാജാക്കന്മാരുടെ ഒരു വടക്കൻ ശാഖയായ ഹൈഹയരാജവംശക്കാരുടെ രാജധാനിയായ ഉത്തരകാനറ ജില്ലയിലെ ഗോകർണനഗരമാണെന്നും, ആ സിദ്ധനെ ഒരു കൊട്ടാരം പണിയുവാനായി വരുത്തിയ ദേഹവും, ഗൊദണ്ഡഫറസ് എന്ന പേരും കൂടി വഹിച്ചിരുന്നവനുമായ ചോഴപ്പെരുമാൾ കണ്ടൻപാലകൻ എന്ന പേരുണ്ടായിരുന്നേക്കാവുന്ന കൊടുങ്ങല്ലുരിലെ ഒരു ചേരരാജാവാണെന്നും പെരുമാൾവാഴ്ചയെപ്പറ്റിയുള്ള പ്രസ്തുത ലേഖനങ്ങളിൽ ഈ ലേഖകൻ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ഗോകർണത്തിലെ ഹൈഹയ രാജാവിനെയും, അദ്ദേഹത്തിന്റെ പുത്രിയായ പെലാജിയായെയും, ജാമാതാവും ഭാഗിനേയനുമായരാജകുമാരനെയും, കൊടുങ്ങല്ലുരിലെ ചോഴപെരുമാളിന്റെ അനുജനായഗോദവർമനെയും, മയിലാപ്പുരിലെ മസ്ദായിയുടെ രാജ്യത്തിലെ (ഈ രാജ്യം ദേവികുളം ഡിവിഷനിലും സമീപ്രപദേശങ്ങളിലുമായി സ്ഥിതിചെയ്തിരുന്നു എന്നു പ്രസ്തുത കുരിശുമുടി ലേഖനത്തിൽ ഈ ലേഖകൻ ചൂണ്ടിക്കാണിച്ചിരുന്നു.) ചിലരേയുമാണു് അപ്പോസ്തലൻ മാർത്തോമാ ക്രിസ്ത്യാനികളാക്കിയതു്. നേരെമറിച്ചു്, മുകളിൽ ഉദ്ധരിച്ചിട്ടുള്ള പാട്ടിൽ പറഞ്ഞിട്ടുള്ള ചേരൻ എ. ഡി. എട്ടാംശതാബ്ദത്തിലെ പള്ളിബാണപെരുമാളും, അതിലെ പാണ്ഡ്യരാജാവു് പള്ളിബാണപെരുമാളുടെ സമകാലീനനും പാണ്ഡ്യശാസനങ്ങൾ ചെഴിയൻ ചേന്തനെന്നു പേരിട്ടിട്ടുള്ളവനുമാണെന്നു് വിചാരിക്കുവാനാണു് കാരണമുള്ളതു്. രണ്ടാമതായി, കുരിശിനു ക്രിസ്തുമത ചിഹ്നമായി ജനസാമാന്യത്തിന്റെ ഇടയ്ക്കു പ്രചാരമുണ്ടായതു് എ. ഡി. നാലാം ശതാബ്ദത്തിലാണെന്നുള്ള പണ്ഡിതാഭിപ്രായം മയിലാപ്പൂർ കുരിശു പണിതതു്. എ. ഡി. ഒന്നാം ശതാബ്ദത്തിൽ ജീവിച്ചിരുന്ന അപ്പോസ്തലൻ മാർത്തോമയല്ലെന്നു് സ്ഥാപിക്കുന്നുണ്ടു്. തച്ചകോലു കൈയിലേന്തി വന്നു എന്നും, കരിങ്കൽ കുരിശുപണിതു എന്നും പറഞ്ഞിരിക്കുന്നതു് ശിലാവിദഗ്ദ്ധനായ അപ്പോസ്തലൻ മാർത്തോമ്മയ്ക്കും ക്നായിതൊമ്മനും ഒന്നുപോലെ യോജിക്കുമെങ്കിലും, മറ്റൊരു സംഗതി നിമിത്തം ഇതു് ക്നായിതൊമ്മനാണു് കുടുതൽ യോജിക്കുന്നതു്. ഈ സംഗതി വിശദീകരിക്കുന്നതിനു മുമ്പു് പ്രാചീന പാരസികർ ഈശ്വരനെ സൃഷ്ടികർത്താവു് എന്ന അർത്ഥത്തിൽ തക്ഷൻ (തച്ചൻ) എന്നു പേരിട്ടിട്ടുള്ളതു് ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ; ഷീ-സോ എന്ന പ്രാചീനകൃതിയിൽ ചേർത്തിട്ടുള്ള ചില പ്രാചീന ചീനത്തെ കൊത്തുപണികളുടെ ചിത്രങ്ങളിലും ദിവ്യനായ അവിടത്തെ പ്രഥമരാജാവു ഫുഹിയെ കൈയിൽ തച്ചക്കോൽ ഏന്തിയവനായി ചിത്രീകരിച്ചിട്ടുള്ളതും ഇവിടെ സ്മരണീയമാണു്.
ക്നായിതൊമ്മന്റെ ആഗമനകാലം കുറിക്കുന്ന ‘ശോവാല’ എന്ന വാക്യം ഇത്തരം വാക്യങ്ങളുടെ പതിവനുസരിച്ചു്, അദ്ദേഹം എവിടെ നിന്നു കുടിപാർപ്പുകാരായ സുറിയാനി ക്രിസ്ത്യാനികളോടു കൂടി കേരളത്തിലേക്കു കപ്പൽകയറി എന്നു കാണിക്കുന്നുണ്ടു്. ഇതിലെ ‘ശോവൈ’ (ചോവൈ) എന്ന പദത്തിനു് തമിഴിൽ മഞ്ഞപിത്തം എന്നു് അർത്ഥമുള്ളതിനാൽ, പ്രസ്തുത സുറിയാനികളുടെ മഞ്ഞനിറത്തിൽ നിന്നാണു് ഈ വാക്യത്തെ സൃഷ്ടിച്ചുള്ളതെന്നു് പ്രസ്തുത കുരിശുമുടി ലേഖനത്തിൽ ഈ ലേഖകൻ അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായം ശരിയല്ലെന്നും, ഇവർ കപ്പൽ കയറിയ കിഴക്കെ അറേബ്യയിലെ അഷ്ഷഫ എന്ന നഗരത്തിൽ നിന്നാണെന്നു് പ്രസ്തുത വാക്യം നിർമിച്ചിട്ടുള്ളതെന്നും ഇപ്പോൾ ഈ ലേഖകൻ വിചാരിക്കുന്നു. ഇസ്ലാംമതത്തിന്റെ ഉത്ഭവകാലത്തു് ബഹ്റീൻ ദ്വീപുകൾക്കു് സമീപമുള്ള കടാർ എന്ന അറബിക്കരയിൽ, ദിറിൽ, മസാനിഗ, തലോൻ, വട, ഹജർ (ഹജ്റ) എന്ന അഞ്ചു നെസ്തോറിയൻ മെത്രാസനങ്ങൾ ഉണ്ടായിരുന്നതായി നമുക്കു് അറിവുണ്ടു്. ഹജറിന്റെ തലസ്ഥാനം വലിയ ബഹറിൻ ദ്വീപിലെ അഷ്ഷഫ നഗരമാണെന്നും, പ്രസ്തുത കടാരവും ഭാരതവുമായി വലുതായ കച്ചവടം നടന്നിരുന്നു എന്നും യാചുട് (Yacut) എന്ന അറബി ഭൂമിശാസ്ത്രജ്ഞൻ പ്രസ്താവിച്ചിട്ടുമുണ്ടു്. ഹജ, അഥവാ, ഹജ്റ എന്ന പദത്തെ ഹ്രസ എന്നും അസ്സ എന്നും ഉച്ചരിക്കാവുന്നതാണു്. ക്നായിതൊമ്മന്റെ ആഗമനത്തെപ്പറ്റി പ്രതിപാദിക്കുന്ന ചില മലയാളം പാട്ടുകളുടെ ഇംഗ്ലീഷ് പരിഭാഷകൾ ശ്രീമാൻ ടി. കെ. ജോസഫ് 1928-ലെ ഇന്ത്യൻ ആന്റിക്വറിയിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇവയിൽ ഒന്നിൽ നിന്നു്, ക്നായിതൊമ്മനെ കേരളത്തിലേക്കു് അയച്ച പൂർവ്വദേശത്തെ കത്തോലിക്കാസിന്റെ മെത്രാസനം എസ്ര എന്ന നഗരമാണെന്നു് അനുമാനിക്കാം.
അസ്രയുടെ ഒരു രൂപഭേദമായിരിക്കും എസ്സ. അഷ്ഷഫ എന്ന അറബിനാമത്തിൽ, അഷ് എന്നതു് അൽ എന്ന അറബി സർവനാമത്തിന്റെ ഒരു രൂപഭേദമാണു്. അതിനാൽ ഈ നഗരത്തിന്റെ യഥാർത്ഥനാമം ഷഫ എന്നാണെന്നു സിദ്ധിക്കുന്നു. ഷഫയിൽ നിന്നു വന്നവർക്കു ഷഫാലൻ എന്ന പേരു കൊടുക്കാമല്ലോ. ഇതിന്റെ ഒരു ദുഷിച്ച ജനകീയ രുപഭേദമായിരിക്കും ‘ശോവാല’ എന്ന തമിഴ്‌വാക്യം. ക്നായിതൊമ്മൻ നെസ്തോറിയാനോ, അല്ല യാക്കോബായക്കാരനോ ആയിരുന്നതു് എന്നുള്ള വാദവിഷയമായ പ്രശ്നത്തെപ്പറ്റി ഈ ലേഖകൻ ഖണ്ഡിച്ചു് ഒരു അഭിപ്രായവും പുറപ്പെടുവിക്കുന്നില്ല. നെസ്തോറിയൻ മതം ക്രിസ്തുമതത്തിൽ എ. ഡി. 432-ൽ വരുത്തിവച്ച ഭിന്നിപ്പിനുശേഷം എ. ഡി. 910-ൽ ആന്റിയോക്കിലെ എലിയാസ് പാത്രിയാർക്കീസ് ബാഗ്ദാഡിൽ പൂർവ്വദേശത്തെ കത്തോലിക്കസിന്റെ മെത്രാസനം സ്ഥാപിക്കുന്നതുവരെ മെസപ്പൊട്ടേമിയയിലല്ല അതു് സ്ഥിതിചെയ്തിരുന്നതു് എന്നു് ബാർഹെബ്രയസ് പ്രസ്താവിച്ചിട്ടുണ്ടു്. അതിനാൽ പ്രസ്തുത കത്തോലിക്കസിന്റെ മെത്രാസനം കൂടി ഹജ്റയുടെ തലസ്ഥാനമായ അഷ്ഷഫയിൽ സ്ഥാപിച്ചിരുന്നു എന്നുവന്നേക്കാം.
ക്നായിതൊമ്മന്റെ വരവിനെ കുറിച്ചുള്ള ഐതിഹ്യങ്ങളിൽ എഡെസ എന്ന പേരുള്ള ഒരു മെത്രാസനത്തേയും പറ്റി പറഞ്ഞിട്ടുണ്ടല്ലോ. മെസപ്പൊട്ടേമിയയിലെ സുപ്രസിദ്ധ നഗരമായ എഡെസ അന്നു് ഖലീഫുകളുടെ അധികാരത്തിൻ കീഴിലായിരുന്നു. അതിനാൽ പ്രസ്തുത ഐതിഹ്യം പ്രസ്താവിക്കുന്ന എഡെസ ഈ എഡെസ ആയിരിക്കുവാൻ ഇടയില്ല. ബഹ്റീൻ ദ്വീപിനു് ഇബിൻ ഹാക്കൻ എന്ന അറബി ഭൂമിശാസ്ത്രജ്ഞൻ അവാൽ എന്ന പേരു നൽകിയിരിക്കുന്നു. അറബിയിൽ ഈപദത്തിന്റെ അർത്ഥം ഒന്നാമത്തേതു് എന്നാണു്. ‘എദു’ എന്ന പദത്തിനു് അസിറിയൻ ഭാഷയിൽ ഒന്നു് എന്നു് അർത്ഥമുള്ളതിനാലും, എദുസ (എദെസു എന്നതിനെ പരിശുദ്ധമായ ഒന്നാമത്തെ (നഗരം) എന്നു വ്യാഖ്യാനിക്കാവുന്നതിനാലും, ക്നായിതൊമ്മനെപ്പറ്റിയുള്ള ഐതിഹ്യങ്ങൾ പ്രസ്താവിക്കുന്ന എഡെസ എന്ന മെത്രാസനം അവാലിൻ, അഥവാ, ബഹ്റീനിലുള്ള അഷ്ഷഫ ആയിരിക്കുമെന്നും വന്നേക്കാം.
ചേരരാജാവായ താണുരവി (സ്ഥാണുരവി) എ. ഡി. ഒമ്പതാം ശതാബ്ദത്തിൽ കൊല്ലത്തെ തരിശാപള്ളിക്കായി സബീർ ഈശോവിനു നൽകിയ രണ്ടാമത്തെ ചെപ്പേടിന്റെ അവസാനത്തിൽ ചില നാഗരി അക്ഷരങ്ങൾ എഴുതിയിരിക്കുന്നു. ഇതിനെ ‘യേശുസപ്രസഭാസംഘമ്മെതാ’ എന്നു വായിക്കാമെന്നു് ഒരു പത്തിരുപതു വർഷത്തിനു മുമ്പു് ഈ ലേഖകൻ അഭിപ്രായപ്പെട്ടിരുന്നു. (ശ്രീമാൻ ടി. കെ. ജോസഫിന്റെ ‘മലങ്കര നസ്രാണികണികളുടെ നാലു ചെപ്പേടുകൾ’ എന്ന കൃതി നോക്കുക) ഇതിൽ കൊല്ലത്തെ ക്രൈസ്തവസംഘത്തിന്റെ മെത്രാനായ സബീർ ഈശോവിനു സഭാസംഘമെത്രാൻ എന്നു പേരിട്ടിരിക്കുന്നതു് സഭാ നഗരത്തിൽ അതായതു്, ബഹ്റീനിലെ അഷ്ഷഫ നഗരത്തിൽ നിന്നു് ഈ സംഘം പൂർവകാലത്തു് കേരളത്തിൽ കുടിയേറിപ്പാർത്തിരുന്നതു കൊണ്ടായിരിക്കാം.
അറേബ്യയുടെ പ്രസ്തുത കിഴക്കൻ തീരമാണു് ചരിത്രാതീതകാലത്തെ പരിഷ്കാരകേന്ദ്രമായ പൂത് (പൂന്ത്) ദേശമെന്നു കൂടുതൽ ഗവേഷണം കൊണ്ട് ഈ ലേഖകൻ ഇപ്പോൾ വിശ്വസിക്കുന്നു. മൈലാപ്പൂരിലെ പ്രാചീന കുരിശിൽ കൊത്തിയിട്ടുള്ള പഹ്ളവി ലേഖനത്തിൽ അതുനാട്ടിയ ദേഹത്തെ ചഹർബുതിന്റെ പുത്രൻ എന്നു വർണിച്ചിരിക്കുന്നതു് അദ്ദേഹം ചതുഷ്ക്ക (ചഹർ) പൂതം (ബൂത്) ആയ പ്രസ്തുത അറബിക്കരയിൽ നിന്നു വന്ന മനുഷ്യനായതുകൊണ്ടാകുന്നു. അഷ്ഷഫ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തിനു പ്രാചീന ബാബിലോണിയാ നിവാസികൾ മഗൻ എന്ന പേരു കൊടുത്തിരുന്നു. ഇതിനെ ബി. സി. 2500-നു സമീപം നാടുവാണിരുന്ന അഗാഡിലെ ചക്രവർത്തിയായ നരാംസിനു് പിടിച്ചടക്കിയതായും ബാബിലോണിയാ ചരിത്രം പ്രസ്താവിക്കുന്നുണ്ടു്. ഡയോറൈറ്റ് (Diorite) എന്ന പേരുള്ളതും, പ്രതിമകളും മറ്റും പണിയാൻ ഒരു ഒന്നാന്തരം അസംസ്കൃതസാധനമായതുമായ ഒരുതരം കറുത്ത കരിങ്കല്ലിനു് ഈ പ്രദേശം പ്രാചീന ബാബിലോണിയക്കാരുടെ ഇടയ്ക്കു കീർത്തി നേടിയിരുന്നു. ഇവിടത്തെ കരിങ്കല്ലുകൊണ്ടുള്ള പണിയിൽ വൈദഗ്ദ്ധ്യം നേടിയിരുന്ന ഒരു ശില്പിയായിരുന്നിരിക്കും ക്നായിതൊമ്മൻ. ഈ വൈദഗ്ദ്ധ്യം അദ്ദേഹം പണിത മൈലാപ്പുരിലേയും, കോട്ടയം വലിയ പള്ളിയിലേയും കരിങ്കൽ കുരിശുകളിൽ കാണാവുന്നതുമാണു്. അപ്പോസ്തലനായ മാർത്തോമാ ഭാരതത്തിലേക്കു കപ്പൽ കയറിയ സ്ഥലമായ ബാബിലോണിയായിലെ മഹോഷയിൽ കരിങ്കൽ ദുർല്ലഭമാകയാൽ, അദ്ദേഹത്തിനു കൽപ്പണിയിൽ മഗനിലെ ക്നായിതൊമ്മനോളം വൈദഗ്ദ്ധ്യം സിദ്ധിച്ചിരിക്കുവാൻ ഇടയില്ലെന്നുള്ളതാണു് മുകളിൽ സൂചിപ്പിച്ച സംഗതി.
(സഹൃദയ വാർഷികപതിപ്പു് 1943.)