
ഫെയൊഡോർ സൊലോഗുബ്, മാക്സിംഗോർക്കി, വലേറി ബ്രൂസോവ്, വാലൻ ടൈകാറിന്ദ്, കൗണ്ട് ലിയോ ടോൾസ്റ്റോയ്, അലക്സാണ്ടർ പുഷ്കിൻ എന്നീ ആറു റഷ്യൻ കഥാകാരരുടെ ഓരോ ചെറുകഥ വീതം അടങ്ങിയ ഒരു കഥാസമാഹാരമാണു് പ്രകൃതഗ്രന്ഥം. ഇതു് ഒരു സൂക്ഷ്മപരിഭാഷയുമാണു്. നെപ്പോളിയൻ ബോണപ്പാർട്ടി ന്റെ ആക്രമണത്തിന്റെ ഫലമായി ആധുനിക റഷ്യൻസാഹിത്യം ജനിച്ചു. ഇതിന്റെ പ്രാരംഭം മുതല്ക്കു, കൺസ്ട്രക്ഷണിസ്റ്റ് (നിർമ്മാണാത്മക, അഥവാ, യഥേപ്സിത) സാഹിത്യപ്രസ്ഥാനം അവസാനിക്കുന്നതും, രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നതുമായ കാലംവരെയുള്ള ചില പ്രധാന സാഹിത്യപ്രസ്ഥാനങ്ങളിൽപ്പെട്ടവരാണു് ഈ സാഹിത്യകാരന്മാർ ആറുപേരും. പുഷ്കിന്റെ റൊമാന്റിക്ക് പ്രസ്ഥാനസ്വപ്നകഥയായ ‘വിഭ്രാന്തി’ ഒഴിച്ചു് ശേഷിച്ച അഞ്ചും പരാജയപ്രസ്ഥാനകഥകളാണു്. ഈ അഞ്ചിൽ, സോലോഗുബിന്റെ ‘ബോധോദയം’, ബ്രൂസോവി ന്റെ ‘മാർബിൾ പ്രതിമ’ എന്നിവയിൽ സിംബോളിക്ക് സാങ്കേതികമാർഗ്ഗവും പ്രയോഗിച്ചിരിക്കുന്നു. ‘ബോധോദയം’, ‘സമ്പാദ്യങ്ങൾ’ എന്നിവയിൽ ആക്ഷേപഹാസ്യരസവും, ‘ആ രാത്രി’ ‘മാർബിൾ പ്രതിമ’, ‘നിയമത്തിന്റെ പേരിൽ’ എന്നിവയിൽ കരുണവും, ‘വിഭ്രാന്തി’ എന്നതിൽ അത്ഭുതരസവും പൊന്തിനില്ക്കുകയും ചെയ്യുന്നു.

ഇന്നത്തെ വിശ്വസാഹിത്യത്തിൽ ആധുനിക റഷ്യൻ സാഹിത്യത്തിന്റെ പിടി വർദ്ധിച്ചു വന്നിട്ടുള്ളതിനു് കാരണമെന്തു് ? ഇതു ഗ്രഹിക്കുവാൻ ഇതിനു് കാരണമായ അതിന്റെ ഒരു മൗലികസ്വഭാവം മനസ്സിലാക്കിയേ മതിയാവൂ. ഇതിനെ മാറിസ് ബാറിങ്ങ് ഇങ്ങനെ വിവരിച്ചിരിക്കുന്നു. “സകല സാഹിത്യങ്ങളിലും വെച്ചു് റഷ്യൻസാഹിത്യം ഏറ്റവും ഇളയതാണെങ്കിലും, ആദ്ധ്യാത്മികമായി അതാണു് മറ്റുള്ളവയേക്കാൾ ഏറ്റവുമധികം പരിണതവയസ്ക്കയായിട്ടുള്ളതു് എന്ന വസ്തുതയത്രേ നമ്മുടെ ശ്രദ്ധയിൽ രണ്ടാമതായി പതിയുന്നതു്. ചില വശങ്ങളെ സംബന്ധിച്ചിടത്തോളം, അതു പ്രായപൂർത്തിയിലെത്തുന്നതിനു് മുമ്പുതന്നെ അതിപക്വാവസ്ഥ പ്രാപിച്ചുകഴിഞ്ഞിരുന്നു. ഒരുപക്ഷേ, അതിന്റെ മഹത്വം ഇതിലായിരിക്കും സ്ഥിതിചെയ്യുന്നതു്. മനുഷ്യന്റെ ആത്മാവിനു് അതു നൽകുന്ന സംഭാവനയുടെ മൂല്യവും ഇതുതന്നെയായിരിക്കാം. അതു ദുഃഖത്തിൽ പഴകിയതും, കണ്ണീരിൽനിന്നു് അധികം വിവേകം നേടിയതും ആകുന്നു. ഈ ദുഃഖവും, ഈ വിവേകവും ഒരു മഹാഹൃദയത്തിൽ നിന്നു്—മുഴുവൻ ലോകത്തേയും ആശ്ലേഷിക്കുവാനും, തന്റെ അനുകമ്പ, സാഹോദര്യം, കരുണ, ദീനവത്സലത, സ്നേഹം എന്നിവയുടെ ആനന്ത്യംകൊണ്ടു് അതിന്റെ സകല ദുഃഖങ്ങളും കഴുകിക്കളയുന്നതിനും, കെല്പുള്ള ഒരു വിശാല ഹൃദയത്തിൽ നിന്നു്—ജനിച്ചതാണു്. അതുല്യമായ അക്ലിഷ്ടതയോടും, ആത്മാർത്ഥതയോടും, അനന്യസദൃശമായ ദൈനംദിന ജീവിതപ്രമാണത്തോടുംകൂടി—(ഗദ്യമായാലും ശരി, പദ്യമായാലും ശരി, സകല റഷ്യൻ സാഹിത്യവും ദൈനംദിനജീവിതത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണെന്നു് ഇടയ്ക്കു് പറഞ്ഞുകൊള്ളട്ടെ)—നടത്തുന്ന പ്രസ്തുത ദുഃഖവിവേകങ്ങളുടെ ആവിഷ്ക്കാരമാണു് റഷ്യൻസാഹിത്യം മനുഷ്യവർഗ്ഗത്തിനു് നൽകിയിട്ടുള്ള പ്രധാനോപഹാരം.”
റഷ്യൻകലയുടെ പ്രസ്തുതസ്വഭാവം ഇന്നോ, ഇന്നലെയോ അതിനു് സിദ്ധിച്ചതല്ല. പിന്നെയോ, ആദികാലംമുതല്ക്കേ അതിൽ കാണാവുന്ന ഒന്നാണു്. ഇതുനിമിത്തമത്രേ ബാറിങ് പ്രസ്താവിച്ചിട്ടുള്ള സ്ഥവിരത്വം അതിനുണ്ടായിട്ടുള്ളതും. ഋഗ്വേദത്തിന്റെ എട്ടാംമണ്ഡലത്തിലെ,
‘യദ്വാ രൂമേ രുശമേ ശ്യാവകേ
കൃപ ഇന്ദ്ര (മദായസേ സചാ)
കണ്വാസസ്ത്വാ ബ്രാഹ്മഭിഃ
സ്തോമവാഹസ (ഇന്ദ്രായച്ഛന്ത്യാഗഹ)
എന്ന ഋക്കിൽ ഇന്ദ്രന്റെ സർക്കീട്ടുസ്ഥലങ്ങളായി രൂമ, രുശമ, ശ്യാവക, കൃപ എന്നീ ദേശങ്ങൾ പറഞ്ഞിട്ടുണ്ടു്. ഇതിലെ രൂശിയന്മാരുടെ—(റഷ്യ എന്നു് നാം ഉച്ചരിച്ചുവരുന്നതു് ശരിയല്ലെന്നും, രൂശിയ എന്നതാണു് അതിന്റെ ശരിയായ ഉച്ചാരണമെന്നും ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ) വാസസ്ഥലമായ രുശമ (അസ്സിരിയൻ ഭാഷയിൽ രുശമ എന്നതിനു് രുശന്മാരുടെ നാടു് എന്നു് അർത്ഥമുണ്ടു്) എവിടെയായിരുന്നു എന്നു് സംശയരഹിതമായി നിർണ്ണയിക്കുവാൻ സാദ്ധ്യമല്ല. എന്നാലും ബി. സി. 9-ം 8-ം ശതാബ്ദങ്ങളിൽ ഉത്തരമെസോപ്പൊത്തേമ്യയിലെ വൻകായലിനു് സമീപം സ്ഥിതിചെയ്തിരുന്ന ഉറർത്തു രാജ്യത്തിലെ രാജാക്കന്മാരുടെ ശാസനകളിൽ രുയിസിയൻവർഗ്ഗത്തെപ്പറ്റി പ്രസ്താവിച്ചിട്ടുള്ളതുനിമിത്തം, അന്നത്തെ റഷ്യൻവർഗ്ഗം അതിനുസമീപം, അതായതു് ഇന്നത്തെ അസ്സർ ബെയ്ജാനി ൽ പാർത്തിരുന്നു എന്നും, പിന്നീടാണു് ഇവർ തെക്കൻറഷ്യയിലെ നിപ്പർ നദീതീരങ്ങളിൽ ചെന്നു കുടിപാർത്തതെന്നും അനുമാനിക്കാം. അസ്സർ ബെയ്ജാൻ, കാസസ് പ്രദേശം, കരിങ്കടലിന്റെ ഉത്തരതീരം എന്നിവിടങ്ങളിൽ പ്രാചീനകാലത്തു് സിതിയൻ വർഗ്ഗക്കാർ അധിവസിച്ചിരുന്നതിനാൽ, റഷ്യൻജനതയുടെ സൃഷ്ടിയിലുള്ള ഒരു പ്രധാനഘടകം സിതിയൻവർഗ്ഗമാണെന്നു വിശ്വസിക്കുകയും ചെയ്യാം.

ഇറാനിയൻ നരവംശത്തിന്റെ ഒരു ശാഖയായ സിതിയന്മാരുടെ (തുറാനീയന്മാരുടെ) കലയുടെ സ്വഭാവം ഗ്രെഗിറി ബൊറോവ്ക എന്ന പണ്ഡിതൻ ഇങ്ങനെ വിവരിച്ചിരിക്കുന്നു: “സിതിയൻ (കൊത്തുപണി) കലാകൃതികളുടെ മുഖ്യസ്വഭാവം, തീക്ഷ്ണമായ രേഖാബോധം മൃഗങ്ങളുടെ രൂപങ്ങൾമാത്രം വരയ്ക്കുന്നതിൽ നിർബ്ബന്ധം, ഒരു മൃഗത്തിന്റെ കൊമ്പോ, വാലോ, മറ്റു അലങ്കാരപരമായ മുഴയോ വരയ്ക്കുന്നതു് മറ്റൊരു മൃഗത്തിന്റെ—പലപ്പോഴും ഈ മൃഗം കൊത്തുപണിയുടെ വിഷയമായ മൃഗത്തിൽനിന്നു് പാടെ വ്യത്യാസപ്പെട്ട ഒന്നായിരിക്കും—തല വരച്ചു് പൂർത്തിയാക്കുന്ന പതിവു്, എന്നിവ കലർന്നിട്ടുള്ള ഒന്നാണു്.” മൃഗങ്ങളെ, പ്രത്യേകിച്ചു് കുതിരകളെ, ഇണക്കിത്തീറ്റിവളർത്തി അവയുടെ പാലും മാംസവുംകൊണ്ടു് ഉപജീവിച്ചുവന്നിരുന്നതുനിമിത്തം, സിതിയന്മാർ തങ്ങൾക്കു് ദൈനംദിനജിവിതത്തിൽ സദാ സമ്പർക്കമുള്ളതും തങ്ങൾക്കു് ജീവനുതുല്യം പ്രാധാന്യമുള്ളതുമായ മൃഗങ്ങളുടെ രൂപങ്ങൾമാത്രം വരച്ചിരുന്നു. സദാ സഞ്ചരിച്ചുകൊണ്ടിരുന്ന ഇവരുടെ മൃഗപാലകജീവിതത്തിൽ, കൂട്ടുചേർന്നുള്ള കഷ്ടപ്പാടുനിറഞ്ഞ സഞ്ചാരം, നിയതകാലികവും ആകസ്മികവുമായുള്ള വരൾച്ചയിൽനിന്നുള്ള ദുരിതങ്ങൾ, പരമ്പരയാ തങ്ങളുടെ ശത്രുക്കളും കർഷകരുമായുള്ള പാരസികവർഗ്ഗത്തോടും, തങ്ങളെപ്പോലെ സഞ്ചാരികളും മൃഗപാലകരുമായ മംഗോളിയൻവർഗ്ഗത്തോടും മിക്കപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്ന യുദ്ധങ്ങളിൽനിന്നുള്ള ദുഃഖങ്ങൾ എന്നിവ പതിവായ അനുഭവങ്ങളായിരുന്നു. ഇതുനിമിത്തമാണു് സിതിയൻകലയും, അതിന്റെ സന്താനമായ ആധുനിക റഷ്യൻസാഹിത്യവും, ‘ദുഃഖത്തിൽ പഴകിയതും, കണ്ണീരിൽനിന്നു് അധികം വിവേകം നേടിയതു’മായി ഭവിച്ചതു്. ഇതുനിമിത്തമാണു് സർവ്വസാഹോദര്യാദിഗുണങ്ങൾ അവയിൽ നിറഞ്ഞിരിക്കുന്നതും. ഭിന്നവർഗ്ഗങ്ങളിലുള്ള മൃഗങ്ങളെ കൂട്ടിച്ചേർത്തു് സിതിയൻകല വരച്ചിട്ടുള്ളതു് അതിന്റെ സർവ്വസാഹോദര്യത്തിന്റെ സിംബളായും പരിഗണിക്കാം.

കൊലപാതകിയേയും, കുലടയേയും, കുചേലനേയും റഷ്യൻസാഹിത്യം മുകളിൽ ചൂണ്ടിക്കാണിച്ചപ്രകാരം സാഹോദര്യബോധപൂർവ്വം വീക്ഷിക്കുന്നുണ്ടെങ്കിലും, ഇന്നത്തെ ഭാഷാസാഹിത്യകാരിൽ മിക്കവരും, റഷ്യൻസാഹിത്യം അരച്ചുകുടിച്ചിട്ടുള്ളവർപോലും, കുലടാത്വത്തിൽ സഹിഷ്ണുത പ്രദർശിപ്പിച്ചു വരുന്നില്ല. ഇതു പ്രദർശിപ്പിച്ചുവരുന്ന ഏതാനും ഭാഷാസാഹിത്യകാരരെ, ഒടുക്കംപറഞ്ഞ കൂട്ടർപോലും, റഷ്യൻസാഹിത്യത്തിന്റെ ആത്മാവിനെ ശരിയായി മനസ്സിലാക്കാതെ ബൂർഷ്വാസഹജമായ സുപ്പീരിയോരിറ്റി കോംപ്ലക്സ് (ശ്രേഷ്ഠത്വബോധം) പൂർവ്വം, ആക്ഷേപിച്ചുവരുന്നുമുണ്ടു്. ജാതിയിൽനിന്നു് ജനിച്ച അയിത്തവും, കുചേലത്വത്തിൽനിന്നു് ജനിച്ച അയിത്തവും, ലൈംഗികജീവിതത്തിൽനിന്നു് ജനിച്ച അയിത്തവും ഇന്നും ഇവിടെ നിലനില്ക്കുന്നുണ്ടു്. ഒടുക്കംപറഞ്ഞ തരത്തിലുള്ള അയിത്തം ഇല്ലായ്മചെയ്യുവാൻ ശ്രമിക്കുന്ന പ്രസ്തുത സാഹിത്യകാരരിൽ മറ്റുള്ളവർ ആക്ഷേപശരം വർഷിക്കുമ്പോൾ, ലിയോണിഡ് അന്ദ്രയേവ് എന്ന റഷ്യൻസാഹിത്യകാരന്റെ ഒരു സിംബോളിക്ക് നാടകമായ ‘അടികൊള്ളുന്നവൻ’ എന്നതിലെ കഥാനായകനെ ആക്ഷേപിക്കുന്നവരെപ്പോലെയാണു് തങ്ങൾ ഈ അയിത്തപ്പിശാചു് ബാധിച്ചിട്ടില്ലാത്ത ജനസാമാന്യത്തിന്റെ ദൃഷ്ടിയിൽ തോന്നുന്നതു് എന്നുള്ള പരമാർത്ഥം ഇവർ മനസ്സിലാക്കിയിട്ടില്ല. ഉദാരമനസ്ക്കനും പ്രതിഭാശാലിയുമായ ഒരു മനുഷ്യന്റെ ജീവിതം ഒരു സ്നേഹിതന്റെ ചതിനിമിത്തം പരാജയപ്പെടുന്നതും, അനന്തരം ഈ പരാജിതൻ പ്രതികാരനിർവ്വഹണാർത്ഥം സ്നേഹിതരുടേയും അന്യരുടേയും പരിഹാസത്തിനു് പാത്രമാകുംവണ്ണം പ്രവർത്തിക്കുന്നതും, ഇതുകണ്ടു് അവർ അയാളെ അധികമധികം പരിഹസിക്കുന്നതും, തന്നെ പരിഹസിക്കുന്നവരെ ഇങ്ങനെ അയാൾ ജനസമാന്യത്തിന്റെ ദൃഷ്ടിയിൽ പരിഹാസപാത്രങ്ങളാക്കുന്നതുമാണു് ഈ നാടകത്തിന്റെ കഥാസാരം. കേരളത്തിലെ മുകളിൽ വിവരിച്ച പരിതഃസ്ഥിതിയിൽ ലൈംഗികജീവിതസംബന്ധമായ അയിത്തത്തെപ്പറ്റി റഷ്യൻ സാഹോദര്യത്തിന്റെ മൂർത്തീകരണമായ ഗോർക്കി പ്രതിപാദിക്കുന്ന ‘ആ രാത്രി’ എന്ന കഥ തിരഞ്ഞെടുത്തതിനു് ശ്രീ. നാരായണൻനായരെ പ്രത്യേകം അഭിനന്ദിക്കേണ്ടിയിരിക്കുന്നു.
എ. ഡി. 1905 മുതൽക്കു് 1917 വരെ റഷ്യയിൽ അതിപ്രാബല്യത്തിലിരുന്നതും, ഒരു ജനകീയവിപ്ലവത്തിനു് അപരിത്യാജ്യമായിട്ടുള്ള പരമമായ വിഷാദാത്മകത്വത്തിന്റെ ചിത്രീകരണവും, വസ്തുതകളെ മനസ്സിൽ മായാത്തവിധം പതിപ്പിക്കുന്ന സിംബോളിക്ക് സാങ്കേതികമാർഗ്ഗത്തിന്റെ പ്രയോഗംമുഖേന ബോൾഷെവിക്ക് വിപ്ലവത്തെ വളരെയധികം സഹായിച്ചിട്ടുള്ളതുമായ സിംബോളിക്ക് പരാജയപ്രസ്ഥാനത്തിലെ ഉജ്ജ്വലതാരങ്ങളാണു് സോലോഗുബും, ബ്രൂസോവും. പ്രതിഭയിൽ സോലോഗുബിന്റെ വികാരപാരമ്യം ഒരു ക്ലാസിക്ക് സാഹിത്യകാരന്റെ സാങ്കേതികമാർഗ്ഗം പ്രായേണ സ്വീകരിച്ചിരുന്ന ബ്രൂസോവിൽ കാണ്മാനില്ല. ഒത്തുചേർന്നുണ്ടാകുന്ന ഒരു ജനകീയവിപ്ലവം കൂടാതെ പ്രോലിട്ടേറിയറ്റിനു് (ജനസാമാന്യത്തിനു്) ബൂർഷ്വാവർഗ്ഗക്കാരോടു് സമത്വം നേടുവാൻ സാധിക്കുന്നതല്ലെന്നു ധ്വനിപ്പിക്കുകയാണു് സോലോഗുബ് ‘ബോധോദയ’ത്തിൽ ചെയ്തിരിക്കുന്നതു്.
ഒരു മഹാസാഹിത്യകാരനായ ടോൾസ്റ്റോയിയുടെ ഗുണങ്ങളും ദോഷങ്ങളും ഒരേസമയത്തുതന്നെ വെളിപ്പെടുത്തുന്ന ഒരു പ്രസിദ്ധകഥയാണു് ‘നിയമത്തിന്റെ പേരിൽ’ എന്നതു്. റഷ്യയിലെ ചെറുകർഷകരുടെ മനഃസ്ഥിതി സൂക്ഷ്മമായി ചിത്രീകരിച്ചിട്ടുള്ള ഒരു മഹാസാഹിത്യകാരനാണു് ടോൾസ്റ്റോയ്. തങ്ങളുടെ ഭൂതകാലജീവിതം മുതലാളിമാരായ ജന്മിമാരേയും ഉദ്യോഗസ്ഥന്മാരേയും വെറുക്കുവാൻ ഈ കർഷകരെ പഠിപ്പിച്ചിരുന്നുവെങ്കിലും, ഈ വെറുപ്പു് ഫലപ്രദമാക്കുന്നതിനുള്ള ഏകമാർഗ്ഗം ജനകീയവിപ്ലവം മാത്രമാണെന്നുള്ള പരമാർത്ഥം ഗ്രഹിക്കാതെ, ഇവർ കരയുകയും, ദൈവത്തോടു് പ്രാർത്ഥിക്കുകയും, സാർചക്രവർത്തിക്കു് ഹർജി സമർപ്പിക്കുകയും, സ്വപ്നം കാണുകയും മാത്രമേ ചെയ്തിരുന്നുള്ളു എന്നും, ഇവ തന്നെയാണു് ടോൾസ്റ്റോയിയുടെ ഗുണങ്ങളും ദോഷങ്ങളുമെന്നും, ലെനിൻ ചൂണ്ടിക്കാണിച്ചിരുന്നു.
പ്ലാനനുസരിച്ചുള്ള റഷ്യയുടെ പുനർനിർമ്മാണത്തെ ചിത്രീകരിക്കുന്നതും, 1925-ൽ ‘സിമെന്റ് ’ എന്ന തന്റെ നോവൽ മുഖേന ഫെയോഡോർ ഗ്ലാഡ്കോവ് സ്ഥാപിച്ചതുമായ കൺസ്ട്രക്ഷണിസ്റ്റ് പ്രസ്ഥാനത്തിൽപ്പെട്ട ദേഹവും, ‘കാലമേ മുമ്പോട്ടു് ’ എന്ന പ്രസിദ്ധ നോവലിന്റെ കർത്താവുമാണു് കാറ്റീവ്. ഭീമമായ മാഗ്നിറ്റോഗോസ്ക്ക് യന്ത്രശാലയുടെ നിർമ്മാണത്തിന്റെ ഒരു ഘട്ടത്തെ ഈ നോവലിൽ ചിത്രീകരിച്ചിരിക്കുന്നു. സോവിയറ്റ് റഷ്യയിലെ പുതിയ കുടുംബജീവിതത്തിന്റെ നിർമ്മാണം ഏതു വിധത്തിലായിരിക്കുവാൻ പാടില്ലെന്നു് ‘സമ്പാദ്യങ്ങൾ’ എന്ന കഥയിൽ കാറ്റീവ് ചൂണ്ടിക്കാണിച്ചിരിക്കുന്നു. ആധുനിക റഷ്യൻസാഹിത്യത്തിന്റെ സ്ഥാപകനെന്നു് പറയാവുന്ന പുഷ്ക്കിന്റെ ‘വിഭ്രാന്തി’ എന്ന കഥ റഷ്യയിലെ റൊമാന്റിക്ക് പ്രസ്ഥാനകൃതികളിൽകൂടി റഷ്യക്കാരുടെ കൂടപ്പിറവിയായ റിയലിസം നിഴലിച്ചിരിക്കുമെന്നുള്ളതിനെ സ്ഥാപിക്കുന്നുമുണ്ടു്.
ശ്രീ. നാരായണൻനായരുടെ പ്രകൃതകൃതി ഒരു സൂക്ഷ്മപരിഭാഷയാണെന്നു് മുകളിൽ പ്രസ്താവിച്ചിരുന്നുവല്ലോ. ഫ്രഞ്ചുകാർ പരിഭാഷയെ ‘വെർഷൻ’ എന്നും, ‘ട്രാഡക്ഷൻ’ എന്നും രണ്ടുതരമായി ഭാഗിച്ചിട്ടുണ്ടു്. വെർഷൻ സൂക്ഷ്മപരിഭാഷയും, ട്രാഡക്ഷൻ സ്വതന്ത്രപരിഭാഷയുമാണു്. വെർഷനിൽ ഭാഷാരീതിക്കു് പ്രത്യേകഭംഗി ആവശ്യമില്ലെന്നാണു് ഫ്രഞ്ചുകാരുട അഭിപ്രായം. ട്രാഡക്ഷനിലാകട്ടെ ഈ ഭംഗി വേണ്ടതാണെന്നും അവർ വിചാരിക്കുന്നു. ശ്രീ. നാരായണൻനായരുടെ പ്രകൃതകൃതി ഒരു വെർഷനാണു്. എന്നാലും ഭാഷാരീതി പ്രസന്നമായിരിക്കുന്നു.
ഗ്രന്ഥകർത്താ: ശ്രീ. നാരായണൻനായർ.
(ശ്രീ. നാരായണൻനായരുടെ പ്രകൃതകൃതിയ്ക്കു് കേസരി ബാലകൃഷ്ണപിള്ള എഴുതിയ നിരൂപണം.)