സോഷ്യലിസത്തിന്റെ—പ്രത്യേകിച്ചും, അതിന്റെ ഒരു മൗലിക തത്വമായ സ്വകാര്യ ഉടമയുടെ നശീകരണം എന്നതിന്റെ—പേരു കേൾക്കുമ്പോൾ തന്നെ പേടിച്ചുവിറച്ചു അതിനെ ആവേശത്തോടെ അടിച്ചുടയ്ക്കുവാൻ ശ്രമിക്കുകയാണു് ഇന്നത്തെ രാജാക്കന്മാർ ഒന്നൊഴിയാതെ ചെയ്തു വരുന്നതു്. അതിനാൽ ലോകർ ഏറ്റവും കാമ്യങ്ങളായി കരുതിവരുന്ന പണത്തിലും പെണ്ണിലുമുള്ള സ്വകാര്യ ഉടമയെ ധ്വംസനം ചെയ്യുന്ന ഒരു മതത്തെ സ്വീകരിച്ചിരുന്ന ഒരു രാജാവു് പ്രാചീനകാലത്തു് പാരസികരാജ്യത്തെ (പേർസ്യയെ) ഭരിച്ചിരുന്നു എന്നറിയുന്നതു് ഇന്നത്തെ ലോകർക്കു് കൗതുകകരമായിരിക്കുമല്ലോ. ശേഷിമാന്മാരായ പാരസികരാജാക്കന്മാരുടെ കൂട്ടത്തിൽ ഒരു സ്ഥാനമുള്ള കോന്മദ് (കാമദ) ഒന്നാമൻ എന്ന ഒരു രാജാവിന്റെ രസകരമായ ചരിത്രമാണു് ഈ ലേഖനത്തിന്റെ വിഷയം.
ബുദ്ധന്റെ സമകാലീനന്മാരായിരുന്ന കൈറസ് (കുരൂഷ്) മഹാനും, ഡേരിയസ് (ദരവൌസ്) മഹാനും സ്ഥാപിച്ചതും, ഇന്നത്തെ ബൾഗേറിയായും ഈജിപ്തും മുതൽക്കു് സിന്ധുനദീതീരം വരെ നീണ്ടുകിടന്നിരുന്നതുമായ പ്രാചീന പാരസിക സാമ്രാജ്യം ചന്ദ്രഗുപ്ത മൗര്യന്റെ സമകാലീനനായ അലക്സാണ്ടർ മഹാൻ പിടിച്ചടക്കിയതോടുകൂടി അതു് യവനർക്കു് അധീനമായിത്തീർന്നു. അലക്സാണ്ടറുടെ മരണാനന്തരം പാരസികസാമ്രാജ്യത്തെ അദ്ദേഹത്തിന്റെ സേനാനായകന്മാരിൽ ഒരാളായ സെലുക്കസും അദ്ദേഹത്തിന്റെ വംശവും എഴുപത്തഞ്ചുവർഷത്തോളം ഭരിച്ചുവന്നു. അനന്തരം പാരസികരുമായി ചാർച്ചയുള്ള പാർത്ഥിവർ എന്ന വർഗ്ഗക്കാർ സെലുക്കസിന്റെ വംശത്തിൽ നിന്നു് പാരസിക സാമ്രാജ്യം കരസ്ഥമാക്കി ഭരിക്കുവാൻ തുടങ്ങി. പശ്ചിമ ഏഷ്യയെ പടിഞ്ഞാറുനിന്നുണ്ടാകുന്ന, യവന സാമ്രാജ്യത്തിന്റെ അനന്തരാവകാശിയായ റോമാസാമ്രാജ്യത്തിന്റെ ആക്രമണങ്ങളിൽ നിന്നും, വടക്കു് ഓക്സസ് നദിക്കപ്പുറത്തുള്ള തുറേനിയൻ (സിതിയൻ) വർഗ്ഗക്കാരിൽ നിന്നുണ്ടാകുന്ന ആക്രമണങ്ങളിൽ നിന്നും, സംരക്ഷിച്ചുകൊണ്ടു് പാർത്ഥിവചക്രവർത്തിമാർ അഞ്ഞൂറുവർഷത്തോളം നാടുവാണുവന്നു. A. D. 226-ൽ പാർത്ഥിവ ചക്രവർത്തിയുടെ കീഴിലുള്ള ഒരു ചെറിയ ഉദ്യോഗസ്ഥനായ അർദ്ധഷിർ (ഊർദ്ധ്വശിരസ്) പാബെഗൻ ഒടുവിലത്തെ പാർത്ഥിവ ചക്രവർത്തിയെ തോൽപ്പിച്ചു് തന്റെ വംശമായ സസെൻ വംശത്തിന്റെ കീഴിൽ ഒരു പുതിയ പാരസികസാമ്രാജ്യം സ്ഥാപിക്കുകയുണ്ടായി. യുഫ്രെട്ടീസ് നദിക്കും സിന്ധുനദിക്കും മധ്യേ കിടന്നിരുന്ന ഒരു പുതിയ സാമ്രാജ്യം സ്ഥാപിച്ച അർദ്ധഷിർ അന്നു് അധഃപതിച്ചിരുന്ന പ്രാചീന സോറോസ്ത്രിയൻ മതത്തെ (ഇന്നത്തെ പാർസിമതത്തെ) പുനരുദ്ധരിച്ചു് അതിനെ പാരസികസാമ്രാജ്യത്തിന്റെ ഓദ്യോഗികമതമായി സ്വീകരിക്കുകയും ക്രിസ്ത്യാനികൾ, ജൂതന്മാർ മുതലായ അന്യമതക്കാരുടെ പബ്ലിക്കായുള്ള ദൈവാരാധനയെ നിരോധിക്കുകയും ചെയ്തു. ഇങ്ങനെ സ്ഥാപിക്കപ്പെട്ട സസൻ രാജവംശത്തിലെ ഒമ്പതാമത്തെ രാജാവാണു് ഈ ലേഖനത്തിന്റെ വിഷയമായ കോബദ് ഒന്നാമൻ.
ബറാംഗുർ, അഥവാ ബറാം (വരഹ്റാൻ) അഞ്ചാമൻ (420–438 A. D.) എന്ന പ്രസിദ്ധ പാരസിക ചക്രവർത്തിയുടെ പ്രപൌത്രനാണു് കോബദ്. ഈ ബറാം അഞ്ചാമനെപ്പറ്റി ഈ പംക്തികളിൽ ഈ ലേഖകൻ ഒരു വർഷത്തിനുമുമ്പു് ഒരു ലേഖനം എഴുതിയിരുന്നുവല്ലോ. കോബദിന്റെ പിതാമഹനായ യെസ്ഡെദിർഡ് രണ്ടാമൻ (438–457 A. D.) തന്റെ സാമ്രാജ്യത്തിനു വടക്കുകിഴക്കായുളള ബാഹ്ലികം (ആമഹസവ) ഗാന്ധാരം (ഗമയൗഹ) കാശ്മീരം എന്നീ രാജ്യങ്ങളിൽ കുടിയേറിപ്പാർത്തിരുന്ന അപരിഷ്കൃതവർഗ്ഗക്കാരായ ശ്വേതൂണന്മാരോടു് നിരന്തരം യുദ്ധം ചെയ്തു കൊണ്ടിരുന്ന സമർത്ഥനായ ഒരു രാജാവായിരുന്നു. തന്റെ മൂന്നു പുത്രന്മാരായ ഫിറുസ്, ഹോർമസ്ദ്, ബലഷ് എന്നിവരിൽ വെച്ചു് രണ്ടാമത്തെ പുത്രനായ ഹോർമസ്ദിനെയാണു് അയാളോടുള്ള അതിവാത്സല്യം നിമിത്തം യെസ്ഡെജിർഡ് തന്റെ പിൻഗാമിയായി നിർദേശിച്ചതു്. യെസ്ഡെജിർഡിന്റെ മരണസമയത്തു് അതായതു് A. D. 457-ൽ ഹോർമസ്ദ് തലസ്ഥാനത്തു (അതായതു് അഫ്ഗാനിസ്ഥാനിന്റെ പശ്ചിമ ഭാഗത്തുള്ള ഒരു സ്ഥലത്തു്) തന്നെ ആയിരുന്നതിനാൽ ഹോർമസ്ദിനു് അനായാസേന സിംഹാസനം കൈക്കലാക്കുവാൻ സാധിച്ചു. ഉടനെ മൂത്തപുത്രനായ ഫിറുസ് ഹൂണന്മാരെ അഭയം പ്രാപിക്കുകയും, അവർ അയച്ച ഒരു സൈന്യത്തിന്റെ സഹായത്തോടുകൂടി അദ്ദേഹം രാജധാനിയിൽ ചെന്നു് അനുജനായ ഹോർമസ്ദിനെ തോൽപ്പിച്ചു വധിച്ചു പാരസിക ചക്രവർത്തിയായിത്തീരുകയും ചെയ്തു.
A. D. 457 മുതൽക്കു് 484 വരെ നിലനിന്ന ഫിറുസിന്റെ വാഴ്ചക്കാലത്തു് പ്രധാനസംഭവങ്ങൾ ഏഴു വർഷം നിലനിന്ന ഒരു ഭയങ്കരമായ ക്ഷാമവും, ഹൂണന്മാരുമായുള്ള യുദ്ധങ്ങളുമാകുന്നു. സിംഹാസനം കൈക്കലാക്കുവാൻ തന്നെ സഹായിച്ച ഹൂണന്മാരോടു ഫിറുസ് ആദ്യം ലോഹ്യമായി പെരുമാറി. കൂടാതെ ഹൂണന്മാർ A. D. 455-ൽ ഗുപ്തചക്രവർത്തിയായ സ്കന്ദഗുപ്തൻ വിക്രമാദിത്യൻ ഭരിച്ചിരുന്ന ഉത്തരഭാരതത്തെ ഇദംപ്രഥമമായി ആക്രമിച്ചപ്പോൾ, ഹൂണന്മാർക്കു് സഹായമായി ഒരു പാരസിക സൈന്യവിഭാഗത്തെ ഫിറോസ് അയയ്ക്കുകകൂടി ചെയ്തു എന്നു് ടിബറ്റൻ ഭാഷയിലുള്ള ചന്ദ്രഗർഭ പരിപൃച്ഛത്തിലെ, ഈ ആക്രമണത്തെപ്പറ്റിയുള്ള വിവരണത്തിൽ നിന്നു് അനുമാനിക്കാവുന്നതാണു്. ഈ ആക്രമണത്തെ ചന്ദ്രഗുപ്തൻ ചെറുക്കുകയും ഹൂണന്മാരോടു് തുടരെ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയും ചെയ്തു. ഫിറുസും ഹൂണന്മാരുമായുള്ള സഖ്യം അധികംനാൾ നിലനിന്നില്ല. രണ്ടുതവണ അദ്ദേഹം ഹൂണന്മാരോടു യുദ്ധം ചെയ്യുകയുണ്ടായി. ആദ്യത്തേതിൽ പരാജയവും മരണവുമാണു് അദ്ദേഹത്തിനു് അനുഭവിക്കേണ്ടിവന്നതു്.
ഫിറുസിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ അനുജനായ ബലാഷ് (വലാഘശ്വൻ) രാജാവായി നാലു വർഷം നാടുവാണു. A. D. 488-ൽ ബലാഷ് മരിച്ചപ്പോൾ ഫിറുസിന്റെ മൂത്തപുത്രനായ കോബാദ് ഒന്നാമൻ പാരസിക ചക്രവർത്തിയായിത്തീർന്നു. കോബദിന്റെ വാഴ്ചക്കാലം രണ്ടു ഭാഗമായി പിരിയുന്നു. ആദ്യമായി പത്തുകൊല്ലം (488–497) നാടുവാണതിനു ശേഷം കോബാദിനു തന്റെ രാജ്യം നഷ്ടമായി. മൂന്നു വർഷത്തെ കാരാഗൃഹവാസത്തിനും പ്രവാസത്തിനും ശേഷം അദ്ദേഹം രാജ്യം വീണ്ടും കരസ്ഥമാക്കി 32 കൊല്ലം (499–531) നാടുവാഴുകയും ചെയ്തു. തന്റെ ഭരണകാലത്തിന്റെ ആദ്യത്തെ ഘട്ടത്തിൽ കോബാദ് പിതാവിന്റെ വിശ്വസ്തമന്ത്രിയും പ്രബലനുമായ സുഫ്രഫയെ വധിക്കുകയുണ്ടായി. ഇതു് പാരസിക പ്രഭുക്കന്മാരുടെ ഇടയ്ക്കു് വലുതായ ഒരു ക്ഷോഭം ഉളവാക്കി. ഇക്കാലത്തുതന്നെ ഈ പ്രക്ഷോഭത്തെ നൂറുമടങ്ങു് വർദ്ധിപ്പിക്കുന്ന മറ്റൊരു പ്രവൃത്തികൂടി കോബാദ് ചെയ്തു. അന്നത്തെ സമുദായസ്ഥിതിയെ പാടെ തകിടംമറിക്കുന്ന ഒരു വിപ്ലവകരമായ മതത്തിൽ അദ്ദേഹം ചേർന്നതാണു് ഈ പ്രവൃത്തി.
സൊറാസ്ട്രിയൻ മതത്തിലെ ഒരു പുരോഹിതനും പാരസികരുടെ തലസ്ഥാനങ്ങളിൽ ഒന്നായ ഇഷ്ടക്കറിൽ, അഥവാ പെർസിപ്പോളിസിൽ ജനിച്ചവനുമായ മസ്ഡക്ക് ആയിരുന്നു കോബാദിന്റെ ഭരണത്തിന്റെ പത്താമത്തെ വർഷത്തിൽ വിപ്ലവകരമായ മതംസ്ഥാപിച്ചതു്. സൊറാസ്ട്രിയൻ മതത്തെ പരിഷ്കരിക്കുവാനായി മസ്ഡക്ക് ചില പുതിയ സിദ്ധാന്തങ്ങൾ രൂപവൽക്കരിച്ചു. സ്വകാര്യ ഉടമയും അവനവന്റെ മിതമായ ആവശ്യത്തിലേയ്ക്കു വേണ്ടതിലധികം സ്വത്തും വെച്ചുകൊണ്ടിരിക്കുന്നതു് ദൈവനീതിക്കു് വിപരീതമാകയാൽ, സ്വകാര്യ ഉടമ പാടില്ലെന്നും ഓരോ മനുഷ്യനും തുല്യമായ വസ്തുവകകൾ മാത്രമേ ഉണ്ടായിരിക്കാവു എന്നുമായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളിൽ ഏറ്റവും പ്രധാനമായിട്ടുള്ളതു്. സ്വകാര്യഉടമ പാടില്ലെന്ന സിദ്ധാന്തത്തിന്റെ ഉപസിദ്ധാന്തമായി യാതൊരു സ്ത്രീയും യാതൊരു പുരുഷന്റെയും സ്വകാര്യസ്വത്തു് ആയിരുന്നുകൂടാ എന്നും അദ്ദേഹം പ്രഖ്യാപനം ചെയ്യുകയുണ്ടായി. ഇതിന്റെ ഫലമായി അദ്ദേഹത്തിന്റെ അനുയായികൾക്കു് സ്വകാര്യസ്വത്തും വിവാഹവും പാടില്ലെന്നുവന്നു. അതിനാൽ ഒരുത്തന്റെ സ്വത്തിനെയോ ഭാര്യയേയോ അന്യൻ ആവശ്യപ്പെട്ടാൽ ആ സ്വത്തിനെയും ഭാര്യയെയും ആ അന്യന്നു വിട്ടുകൊടുക്കാതെ ഗത്യന്തരമില്ല. മനുഷ്യരുടെ ഇടയ്ക്കുള്ള കലഹങ്ങൾക്കു് മുഖ്യകാരണങ്ങളായ പണത്തിലും പെണ്ണിലും ഇങ്ങനെ തുല്യാവകാശം സ്ഥാപിച്ചതിനുപുറമേ പാലും മുട്ടയും ഒഴികെ മത്സ്യമാംസ ഭക്ഷണങ്ങൾ കഴിക്കരുതെന്നും, ആഡംബരരഹിതമായി വസ്ത്രം ധരിക്കണമെന്നും മസ്ഡക്ക് നിർബന്ധിക്കുകയുണ്ടായി. മസ്ഡക്കിന്റെ പ്രസ്തുത പ്രധാന സിദ്ധാന്തത്തിന്റെ ആകർഷണശക്തിയും അദ്ദേഹത്തിന്റെ ആത്മാർഥതയും ദൈവഭക്തിയും ആർഷജീവിതവും അദ്ദേഹത്തിന്റെ മതത്തിനു് അതിയായ പ്രചാരം സാധാരണ ജനങ്ങളുടെ ഇടയ്ക്കു് ഉണ്ടാക്കിക്കൊടുത്തു. പാരസിക ചക്രവർത്തിയായ കോബാദും മസ്ഡക്കിന്റെ ശിഷ്യനായിത്തീർന്നു. കോബാദിന്റെ ഈ മതപരിവർത്തനത്തെ പറ്റി ഒരു കഥ ചില പാരസികചരിത്രകാരന്മാർ പറഞ്ഞിട്ടുണ്ടു്. തന്റെ പുതിയ മതത്തിനു് ദൈവത്തിന്റെ ആനുകൂല്യമുണ്ടെന്നു് കോബദിനെ ധരിപ്പിക്കുവാനായി മസ്ഡക്ക് അദ്ദേഹത്തെ ഒരു സൊറാസ്ട്രിയൻ അഗ്നിക്ഷേത്രത്തിലേയ്ക്കു് വിളിച്ചുകൊണ്ടുപോയി എന്നും അഗ്നിദേവന്റെ പീഠത്തിനു പിറകിൽ താൻ ഒളിച്ചുനിർത്തിയിരുന്ന ഒരാളെക്കൊണ്ടു് കോബദിനോടു സംസാരിപ്പിച്ചു് അതു് അഗ്നിദേവൻ സംസാരിക്കുന്നതാണെന്നു് കോബദിനെ ബോധ്യപ്പെടുത്തിയെന്നുമാണു് ഈ കഥ. ഇതു് മസ്ഡക്കിന്റെ വിരോധികൾ കെട്ടിച്ചമച്ച ഒരു കഥയാണെന്നേ ന്യായമായി വിചാരിക്കാവൂ.
കോബദിന്റെ മതപരിവർത്തനം നിമിത്തം അതിനു് മുമ്പുതന്നെ ജനസാമാന്യത്തിന്റെ ഇടയ്ക്കു് ധാരാളം പ്രചാരം സിദ്ധിച്ചിരുന്ന ഈ പുതിയ മതത്തിനു അത്യധികമായ ശക്തിയുണ്ടായി. സമുദായത്തെ പാടെ ഇളക്കിമറിക്കുന്ന ഈ മതത്തിന്റെ പ്രചാരവും അതിനു ലഭിച്ച ഗവൺമെന്റ് അംഗീകരണവും കണ്ടു് ഭയവിഹ്വലരായിത്തീർന്ന പാരസിക പ്രഭുക്കൾ ഈ അത്യാപത്തിനെ ചെറുക്കാനുള്ള മാർഗ്ഗങ്ങൾ ആലോചിച്ചുതുടങ്ങി. പേർസ്യയിൽ മാത്രമല്ല, തന്റെ ഒരു സാമന്തൻ ഭരിച്ചിരുന്നതും “മതഭ്രാന്ത”രായ ക്രിസ്ത്യാനികൾ പാർത്തിരുന്നതുമായ അർമേനിയാ രാജ്യത്തിലും കൂടി ഈ നൂതനമതം പരത്തുവാൻ കോബദ് ഉദ്യമിച്ചു. ഇതുനിമിത്തം അർമേനിയക്കാർ റോമാചക്രവർത്തിയോടു് സഹായം അഭ്യർഥിക്കുവാൻ ഒരുങ്ങി. ഇങ്ങനെ രാജ്യത്തിൽ അഭൂതപൂർവ്വമായ ഒരു സാമുദായിക വിപ്ലവവും റോമാസാമ്രാജ്യത്തോടു് കലഹവും വരുത്തിവെച്ച കോബദിനെ സിംഹാസനത്തിൽ നിന്നു് മറിച്ചിടാനായി ഒരു കൂടിയാലോചന നടത്തി അവർ അപ്രകാരം ബന്ധിച്ചു് വധിക്കാൻ തുനിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ അനുയായികൾ ബലംപ്രയോഗിച്ചു് ആ പ്രവാചകനെ മോചിപ്പിക്കുകയുണ്ടായി. ഒരു ജനകീയ വിപ്ലവം ഭയന്നു് മസ്ഡക്കിനെ ഒതുങ്ങിയ ജീവിതം നയിക്കാൻ അവർ അനുവദിച്ചു. കോബദിനുപകരം അദ്ദേഹത്തിന്റെ അനുജനായ യമാസ്പിനെ അവർ രാജാവായി അഭിഷേകം ചെയ്തു. കോബദിനെ വധിക്കുവാൻ അവരിൽ ചിലർ യമാസ്പിനോടു് ഉപദേശിച്ചുവെങ്കിലും ദയാലുവായ ആ രാജാവു് അതിനു് വഴിപ്പെട്ടില്ല.
സരസനായ കോബദിനു് അധികംനാൾ കാരാഗൃഹത്തിൽ കിടക്കേണ്ടിവന്നില്ല. അദ്ദേഹം കാരാഗൃഹത്തിൽ നിന്നു രക്ഷപ്പെട്ടു് ഹൂണരാജാവിനെ അഭയംപ്രാപിച്ചു. കോബദിന്റെ സഹോദരിയും ഒളിഭാര്യയുമായിരുന്ന ഒരു സ്ത്രീ വ്യഭിചരിച്ചു് ജയിലർമാരെ വശീകരിച്ചു് അദ്ദേഹത്തെ രക്ഷപെടുത്തി എന്നൊരു കഥയുണ്ടു്. A. D. 499-ൽ ഒരു ഹൂണസൈന്യത്തോടുകൂടി കോബദ് രാജധാനിയിൽ എത്തിയപ്പോൾ യമാസ്പ് ജ്യേഷ്ഠനോടു യുദ്ധം ചെയ്യാതെ സിംഹാസനം ഒഴിഞ്ഞുകൊടുത്തു. യമാസ്പ് തന്നോടുകാണിച്ച ദയവിനെ വിസ്മരിച്ചു് പാരസിക രാജാക്കന്മാരിൽ പലരും മത്സരികളായ രാജകുമാരന്മാരോടു് അനുസരിക്കാനുള്ള പതിവനുസരിച്ചു് അനുജന്റെ രണ്ടു കണ്ണും കുത്തിപ്പൊട്ടിച്ചു് ആ നിർഭാഗ്യവാനെ സിംഹാസനത്തിനു് അയോഗ്യനാക്കിത്തീർക്കുകയും ചെയ്തു. ഇങ്ങനെ രണ്ടാമതു രാജാവായിത്തീർന്നതിന്റെ ശേഷം കോബദ് 32 വർഷംകൂടി നാടുവാണു.
അനുഭവത്തിൽ നിന്നു വിവേകവാനായിത്തീർന്ന കോബദ് രണ്ടാമതും രാജാവായ ഉടനെ താൻ വധിച്ച മന്ത്രി സുഫ്രഫയുടെ പുത്രനായ സെർമിഹിരനെ പ്രധാനമന്ത്രിയായി നിയമിക്കുകയും മസ്ഡക്കിന്റെ മതത്തെ സംബന്ധിച്ചു് ബുദ്ധിപൂർവ്വമായ ഒരു നയം സ്വീകരിക്കുകയും ചെയ്തു. താൻ വ്യക്തിപരമായ നിലയിൽ മസ്ഡക്കിന്റെ മതത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിലും രാജാവെന്ന നിലയിൽ തനിക്കു് അതിനെ പിന്താങ്ങുവാൻ നിവൃത്തിയില്ലെന്നു് അദ്ദേഹം ജനങ്ങളെ ധരിപ്പിച്ചു. ഇതുനിമിത്തം ആ മതത്തിനു പണ്ടത്തെപ്പോലെ അതിയായ പ്രചാരമുണ്ടായില്ലെങ്കിലും അതു പാരസിക സാമ്രാജ്യത്തിലെ പ്രബലമായ ഒരു മതമായി നിലനിന്നുപോന്നു. കോബദ് മരണപര്യന്തം മസ്ഡക്കിന്റെ മതത്തിൽ ആത്മാർഥമായി വിശ്വസിച്ചിരുന്നു എന്നു് സ്ഥാപിക്കുവാനായി ഒരു സംഭവം ഇവിടെ ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. മസ്ഡക്കിന്റെ മതമനുസരിച്ചു് ഭാര്യ ഭർത്താവിന്റെ സ്വകാര്യസ്വത്തായി ഭവിക്കുന്നതല്ലല്ലോ. തന്റെ ശിഷ്യനായ കോബദിന്റെ പുതിയ മതത്തിലുള്ള വിശ്വാസം പരീക്ഷിച്ചു നോക്കുവാനായി മസ്ഡക്ക് ഒരിക്കൽ കോബദിന്റെ ഏറ്റവും പ്രിയപ്പെട്ട ഭാര്യയും അദ്ദേഹത്തിന്റെ സുപ്രസിദ്ധ പിൻഗാമിയായ കുസ്റ്റ് അനുഷീർവാന്റെ മാതാവുമായ രാജ്ഞിയെ തനിക്കു് വിട്ടുതരണമെന്നു് അദ്ദേഹത്തോടു് ആവശ്യപ്പെട്ടു. എന്നാൽ തന്റെ വാത്സല്യഭാജനമായ അനുഷീർവാന്റെ സങ്കടംകണ്ടു് അദ്ദേഹം ഒടുക്കം അതിൽനിന്നു വിരമിച്ചു. തന്റെ അന്ത്യകാലത്തിൽ കോബദ് മസ്ഡക്കിന്റെ അനേകശതം അനുയായികളെ ചതിച്ചു വധിച്ചതിനുകാരണം അവർ തന്നെ വധിക്കുവാൻ ഉദ്യമിക്കുന്ന രാജദ്രോഹികൾ എന്നുള്ള തെറ്റിദ്ധാരണമാത്രമാണു്. കോബദിന്റെ നാലു പുത്രന്മാരിൽ അനുഷീർവാൻ ഉൾപ്പെടെ മൂന്നുപേരും മസ്ഡക്കിന്റെ മതത്തിന്റെ ബദ്ധശത്രുക്കളായിരുന്നതിനാൽ തങ്ങളുടെ ഭാവിയെപ്പറ്റി മസ്ഡക്കിന്റെ അനുചരന്മാർക്കു് അതിയായ ഭയം തോന്നി. തൽഫലമായി തങ്ങളുടെ മതത്തെ അനുകൂലിക്കുന്ന കോബദിന്റെ പുത്രനെ അദ്ദേഹത്തിന്റെ മരണത്തിനുശേഷം രാജാവായി വാഴിക്കുവാൻ അവർ നിശ്ചയിച്ചു. അതിനുവേണ്ടി പ്രവർത്തനങ്ങൾ ചെയ്തുതുടങ്ങി. ഈ കൂടിയാലോചനയെക്കുറിച്ചു് കോബദിനു് അറിവുകിട്ടി. തന്നെ വധിക്കുവാനാണു് ഈ കൃതഘ്നർ ഉദ്ദേശിക്കുന്നതെന്നു് തെറ്റിദ്ധരിച്ചു് അവരെ ഒരു പാഠം പഠിപ്പിക്കുവാൻ കോബദ് നിശ്ചയിച്ചു. തന്റെ പിൻഗാമിയായി മസ്ഡക്കിന്റെ ശിഷ്യനായ രാജകുമാരനെ പ്രഖ്യാപനം ചെയ്യുന്നതു കേൾക്കാൻ അവരെ കോബദ് കൊട്ടാരത്തിലേയ്ക്കു് ക്ഷണിച്ചു. വഞ്ചന ശങ്കിക്കാതെ കൊട്ടാരത്തിനു മുൻപിൽ ഹാജരായ അനേകം മസ്ഡക്ക് മതക്കാരെ കോബദ് തന്റെ ഭടന്മാരെക്കൊണ്ടു് വധിപ്പിച്ചു. അവിടെ സന്നിഹിതനാകാത്തതുകൊണ്ടു് മസ്ഡക്ക് രക്ഷപെടുകയും ചെയ്തു. കോബദിന്റെ പിൻഗാമിയായ കുസ്റു അനുഷീർവാനാണു് തന്റെ ഭരണകാലത്തു് മസ്ഡക്കിനേയും അദ്ദേഹത്തിന്റെ അനുയായികളിൽ പലരേയും വധിപ്പിച്ചു് ആ മതത്തെ നശിപ്പിച്ചതു്.
കോബദ് പ്രജാക്ഷേമതൽപ്പരനും നല്ല യോദ്ധാവുമായ ഒരു രാജാവായിരുന്നു. തന്റെ കാലംവരെ നടപ്പിലിരുന്നിരുന്ന ധാന്യരൂപത്തിലുള്ള ഭൂനികുതിപിരിവു് അദ്ദേഹം നിർത്തൽ ചെയ്തു. അതിനുപകരം ഒരു നിശ്ചിതതുക പണമായി കരം കൊടുത്താൽ മതിയെന്നു് ഏർപ്പാടു ചെയ്തു. ധാന്യമായി കരം രാജകീയോദ്യോഗസ്ഥന്മാർ പിരിച്ചിരുന്ന രീതിയിൽ നിന്നു് ജനങ്ങൾക്കുണ്ടാകുന്ന സങ്കടം മനസ്സിലാക്കിയതു കൊണ്ടാണു് കോബദ് ഈ പരിഷ്കാരം നടപ്പിൽ വരുത്തിയതു്. അതിനെപ്പറ്റി ഒരു കഥയുണ്ടു്. ഒരിക്കൽ കോബദ് ഒരു ഗ്രാമത്തിൽകൂടി സഞ്ചരിക്കുമ്പോൾ, ഒരു മുന്തിരിച്ചെടിയിൽ നിന്നു് ഒരു മുന്തിരിപ്പഴം പറിച്ചുതിന്നതിനു് ഒരു ചെറുകർഷകന്റെ ഭാര്യ ബാലനായ തന്റെ പുത്രനെ ശകാരിക്കുന്നതു് അദ്ദേഹം കേട്ടു. ആ സ്ത്രീയെ വരുത്തി കോബദ് വിവരം ചോദിച്ചു. തന്റെ മുന്തിരിത്തോട്ടത്തിലെ വിളവുകണ്ടു് രാജകീയോദ്യാഗസ്ഥന്മാർ രാജഭോഗം നിശ്ചയിച്ചതിനുശേഷം മാത്രമേ തനിക്കതിൽനിന്നു വിളവെടുക്കാൻ അവകാശമുള്ളു എന്നും അതിനുമുമ്പ് മുന്തിരിപ്പഴം പറിച്ചതുകൊണ്ടാണു് താൻ കുട്ടിയെ ശാസിച്ചതെന്നും ആ സ്ത്രീ കോബദിനെ ധരിപ്പിച്ചു. ഇതിൽനിന്നു കർഷകരായ പ്രജകളുടെ സങ്കടം നേരിട്ടു മനസ്സിലാക്കിയതുകൊണ്ടു് അദ്ദേഹം പ്രസ്തുത ഭൂനികുതിപരിഷ്കാരം നടപ്പിൽവരുത്തുകയും ചെയ്തു.
ഇനി കോബദിന്റെ യുദ്ധങ്ങളെപ്പറ്റിയും സമകാലീനരെപ്പറ്റിയും ചില സംഗതികൾ പറഞ്ഞുകൊള്ളട്ടെ. ഹൂണന്മാരോടും കിഴക്കൻ റോമാസാമ്രാജ്യത്തോടുമാണു് അദ്ദേഹം പ്രധാനമായി യുദ്ധം ചെയ്തതു്. കോബദിന്റെ മുൻഗാമിയായ ബലാഷ് പേർസ്യൻ ഹൂണന്മാരുടെ ആക്രമണങ്ങളിൽ നിന്നു രക്ഷിക്കുവാനായി അവർക്കു് കപ്പം കൊടുത്തുവന്നിരുന്നു. കോബദിന്റെ ഭരണത്തിന്റെ ആദ്യഘട്ടത്തിൽ അദ്ദേഹം ഈ പതിവിനെ തുടർന്നുകൊണ്ടു പോയിരുന്നു. കോബദിനു നഷ്ടമായ സിംഹാസനത്തെ വിണ്ടെടുക്കാൻ ഹൂണന്മാരാണല്ലോ സഹായിച്ചതു്. എന്നാൽ രണ്ടാമതു രാജാവായിത്തീർന്നതിനുശേഷം അധികം നാൾ കോബദ് അവർക്കു് കപ്പം കൊടുത്തില്ല. ഇതുനിമിത്തം കോബദും ഹൂണന്മാരും തമ്മിൽ പത്തു വർഷത്തോളം നീണ്ടുനിന്ന ഒരു യുദ്ധം A. D. 503-ൽ ആരംഭിച്ചു. ഇതിന്റെ ഫലമായി ഹൂണന്മാരുടെ ആക്രമണത്തെ തടയുവാൻ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. കോബദുമായി പോരാടിയ ഹൂണരാജാവു് ഉത്തരഭാരതത്തിലെ ഗുപ്തചക്രവർത്തിയായ ഭാനുഗുപ്തന്റെ കാലത്തു ഭാരതത്തെ ആക്രമിച്ചു് അതിന്റെ പശ്ചിമഭാഗങ്ങളെ കൈവശപ്പെടുത്തിയ ദേഹവും കുപ്രസിദ്ധ ഹൂണരാജാവായ മിഹിരകുലന്റെ പിതാവുമായ തൊരമാണൻ ആണെന്നു ഈ ലേഖകൻ വിചാരിക്കുന്നു. കോബദിന്റെ പിതാവായ ഫിറുസിനോടു പൊരുതി ഹൂണരാജാവിനു് ഫാഗാനിഷ് എന്നും കോബദിനോടു് യുദ്ധംചെയ്ത ഹൂണരാജാവിനു് കഷ്നവസ് എന്നും പാരസികമഹാകവിയായ ഫിർദൗസി പേരിട്ടിട്ടുണ്ടു്. ഇക്കാലത്തു് ഹൂണന്മാർ ബാഹ്ലിക രാജ്യത്തിലും പണ്ടു് കുഷാണരാജാക്കന്മാർ ഭരിച്ചിരുന്ന ഗാന്ധാരത്തിലും കാശ്മീരത്തിലും അധികാരം ചെലുത്തിയിരുന്നു എന്നു് നമുക്കറിയാം. അതിനാൽ രാജതരംഗിണിയിൽ പ്രസ്താവിച്ചിട്ടുളള കാശ്മീരത്തെ ഹൂണരാജാക്കന്മാരായ മേഘവാഹനനും മിഹിരകുലന്റെ പിതാവായ വസുകുലനും (തൊരമാണനും) യഥാക്രമം ഫിർദൌസിയുടെ ഫഗാനിഷും കുഷ്നവസും ആയിരിക്കാൻ ഇടയുണ്ടു്. മേഘവാഹനൻ എന്ന പേരിന്റെ ഒടുവിലത്തെ പദമായ വാഹനൻ പേർസ്യൻ ഭാഷയിൽ ഫാഗനിഷ ആയിത്തീർന്നേക്കാം. അതുപോലെതന്നെ കാശ്മീരത്തേയും കുഷാനരാജ്യമായ ഗാന്ധാരത്തേയും ഭരിച്ചിരുന്ന വസുകുലൻ, കുഷ്നവസ്, അതായതു് കുഷാണനായ വസു ആയും രുപാന്തരപ്പെട്ടേക്കാം. ഇക്കാലത്തിനടുത്തു തുഞ്ജീനർ എന്നു പേരുള്ള രണ്ടു രാജാക്കന്മാർ കാശ്മീരത്തെ ഭരിച്ചിരുന്നു എന്നും രാജതരംഗിണിയിൽ കാണുന്നുണ്ടു്. ഹൂണഭാഷയിൽ തഞ്ജു എന്ന പദത്തിനു് അർത്ഥം ചക്രവർത്തി എന്നാണെന്നു ഡേഗിനസിന്റെ ഹൂണചരിത്രത്തിൽ നിന്നു മനസ്സിലാക്കാവുന്നതാണു്. ഈ തഞ്ജു എന്ന സാമാന്യനാമത്തെയാണു് കൽഹണൻ തുഞ്ജീനൻ എന്നുപേരുള്ള രണ്ടു രാജാക്കന്മാരായിത്തീർന്നതെന്നു് ഈ ലേഖകൻ വിചാരിക്കുന്നു. കൽഹണന്റെ തുഞ്ജീനൻ ഒന്നാമൻ മേഘവാഹനനും തുഞ്ജീനൻ രണ്ടാമൻ വസുകുലനും, അഥവാ തൊരമാണനും ആയിരിക്കുവാനിടയുണ്ടു്.
തുഞ്ജീനൻ ഒന്നാമൻ എന്ന രാജാവിനു് സംസ്കൃതസാഹിത്യ ചരിത്രത്തിൽ പ്രാധാന്യമുണ്ടു്. എന്തെന്നാൽ വ്യാസന്റെ അംശമായ ഒരു മഹാകവിയും ഒരു നാടകകർത്താവുമായ കൽഹണൻ
“നാട്യം സർവ്വജനപ്രേക്ഷ്യം
യശ്ചക്രേ സമഹാകവിഃ
ദ്വൈപായന മുനേരംശ
സ്തത്കാലേ ചന്ദ്രകോഭവേത്”
എന്ന രാജതരംഗിണീ ശ്ലോകത്തിൽ സ്തുതിക്കുന്ന ചന്ദ്രകൻ (അഥവാ ചന്ദകൻ) എന്ന കവി തുഞ്ജീനൻ ഒന്നാമന്റെ സമകാലീനനാണെന്നു് അദ്ദേഹം പറഞ്ഞിട്ടുണ്ടു്. ഈ തുഞ്ജീനൻ ഒന്നാമന്റെ കാലത്തു് ഒരു ഭയങ്കരമായ ക്ഷാമം ഉണ്ടായിയെന്നു കൽഹണൻ പ്രസ്താവിച്ചിട്ടുളളതിൽ നിന്നു്, പേർസ്യയെ ഏഴു വർഷത്തെ ക്ഷാമംബാധിച്ച കാലത്തു് അവിടെ ഭരിച്ചിരുന്ന ഫിറുസ് രാജാവിന്റെ (കോബദിന്റെ പിതാവിന്റെ) സമകാലീനനാണു് തുഞ്ജീനൻ ഒന്നാമനും ചന്ദ്രകൻ എന്ന കവിയും എന്നു് സംശയംവിനാ അനുമാനിക്കാം. അതിനാൽ ചന്ദ്രക കവിയുടെ കാലം സ്കന്ദഗുപ്തൻ വിക്രമാദിത്യൻ A. D. 455 മുതൽ 467 വരെ നാടുവാണിരുന്നതിനാൽ ചന്ദ്രക കവി സ്കന്ദഗുപ്തന്റേയും സമകാലീനനാണെന്നു വരുന്നുണ്ടു്.
ഈ ചന്ദ്രകന്റെ
“ഏകേനാക്ഷ്ണാ പരിതതരുഷാ
വീക്ഷതേ വ്യോമസംസ്ഥം
ഭാനോർബിംബം സജല ലളിതേ
നാലരേണാത്മകാന്തം
അഹ്ന ഛേദേ ദയിതവിരഹാശങ്കനീ?
ചക്രവാകീ
ദൗ സങ്കീർണ്ണാ രചയതി രഡൗ
നർത്തകീവ പ്രഗത്ഭാ”
ഇത്യാദിയായി നാനാരസങ്ങൾ സമ്മേളിച്ചിട്ടുള്ള ചില ശ്ലോകങ്ങളെ ദശരുപകാദി അലങ്കാര ഗ്രന്ഥങ്ങളിലും സുഭാഷിതാവലികളിലും ഉദ്ധരിച്ചിട്ടുണ്ടെങ്കിലും ഈ കവിയെപ്പറ്റി മറ്റു യാതൊരു വിവരവും നമുക്കു് ലഭിച്ചിട്ടില്ല, ഈ കവി സുപ്രസിദ്ധമായ ചന്ദ്രവ്യാകരണത്തിന്റെയും “ലോകാനന്ദം” എന്ന കൃതിയുടേയും കർത്താവായ ബൗദ്ധാചാര്യർ ചന്ദ്രലോമിയാണെന്നു ചില കാരണങ്ങളാൽ ഈ ലേഖകൻ വിശ്വസിക്കുന്നു എന്നു മാത്രമേ തൽക്കാലം ഇതിനെപ്പറ്റി ഇവിടെ പറയുന്നുള്ളൂ.
പെർസ്യായുടെ പൂർവ്വോത്തരഭാഗത്തു നിവസിച്ചിരുന്ന പ്രസ്തുത ശ്വേതഹൂണന്മാരോടു പൊരുതിയതിനുപുറമേ കോബദ് പേർസ്യയുടെ പശ്ചിമോത്തര ഭാഗത്തു് കാക്കസസ് പർവ്വതനിരയുടെ വടക്കായി പാർത്തിരുന്നവരും ഹൂണന്മാരോടു ചാർച്ചയുള്ള ഖസർ എന്ന അപരിഷ്കൃതക്കാരോടും വിജയപൂർവ്വം യുദ്ധം ചെയ്തിരുന്നു. കോബദിന്റെ അന്ത്യകാലത്തു് പാരസികർക്കു് സിന്ധിലുണ്ടായിരുന്ന മേൽക്കോയ്മാധികാരം നഷ്ടമായി എന്നും ഇതിനുകാരണം കാളിദാസന്റെ സമകാലീനനും രക്ഷിതാവുമായ യശോവർമൻ വിക്രമാദിത്യന്റെ ദിഗ്വിജയമാണെന്നും വിചാരിക്കുവാൻ കാരണങ്ങളുണ്ടു്. (പ്രൊഫസർ എ. ആർ. രാജരാജവർമ്മയുടെ മലയാളശാകുന്തളത്തിന്റെ പുതിയ പതിപ്പിൽ ഈ ലേഖകൻ എഴുതിച്ചേർത്തിട്ടുള്ള മുഖവുര നോക്കുക).
കിഴക്കൻ റോമാസാമ്രാജ്യത്തോടു് A. D. 502–505, 528–531 എന്നീ കാലഘട്ടങ്ങളിൽ കോബദ് രണ്ടു് യുദ്ധം നടത്തിയിരുന്നു. ഒരു എൺപതുവർഷം സമാധാനപരമായി വർത്തിച്ചതിനുശേഷമാണു് A. D. 502-ൽ പാരസികസാമ്രാജ്യവും റോമാസാമ്രാജ്യവും തമ്മിൽ കലഹം തുടങ്ങിയതു്. അന്നത്തെ റോമാ ചക്രവർത്തി അനസ്താസിക്സ് ആയിരുന്നു. ഈ ഒന്നാമത്തെ യുദ്ധത്തിന്റെ പ്രാരംഭകാലത്തു് കോബദ് നേരിട്ടു് സേനാനായകത്വം വഹിച്ചിരുന്നതു് നിമിത്തം അദ്ദേഹത്തിനു് റോമാക്കാരുടെ മേൽ പല വിജയങ്ങളും നേടാൻ സാധിച്ചു. എന്നാൽ 503-ൽ കോബദ് ഹൂണന്മാരുമായി യുദ്ധത്തിലേർപ്പെട്ടതുനിമിത്തം ആ പുതിയ യുദ്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ വേണ്ടി റോമായുദ്ധം നയിക്കുന്നതിനു് അദ്ദേഹം തന്റെ സേനാനായകന്മാരെ ചുമതലപ്പെടുത്തി. ഇതു മുതൽക്കു് റോമാക്കാർക്കു് വിജയം ലഭിച്ചുതുടങ്ങി. ഒടുക്കം ഇരുകക്ഷികളും തമ്മിൽ യുദ്ധത്തിനു മുമ്പുള്ള സ്ഥിതി സമ്മതിക്കുന്ന ഒരു ഉടമ്പടി ഉണ്ടാക്കി അതു് അവസാനിപ്പിക്കുകയും ചെയ്തു. A. D. 528-ൽ തുടങ്ങിയ കോബദിന്റെ രണ്ടാമത്തെ റോമായുദ്ധം അവസാനിക്കുന്നതിനു് മുമ്പു് അദ്ദേഹം മൃതിയടഞ്ഞു. ഈ യുദ്ധത്തിൽ വൃദ്ധനായ കോബദ് പാരസികസൈന്യത്തെ നേരിട്ടു നയിച്ചിരുന്നില്ലെങ്കിലും അതിന്റെ പ്രാരംഭത്തിലും അദ്ദേഹത്തിനു വിജയം നേടുവാൻ സാധിച്ചു. അന്നത്തെ റോമാച്ചക്രവർത്തി സുപ്രസിദ്ധനായ ജസ്റ്റീനിയൻ ആയിരുന്നു. പിൽക്കാലത്തു സുപ്രസിദ്ധ റോമാസേനാനായകനായിത്തീർന്ന ബലിസാറിയുസിനു ഈ യുദ്ധത്തിന്റെ പ്രാരംഭത്തിൽ ഭീമമായ പരാജയം സംഭവിച്ചതും ഇവിടെ സ്മരണീയമാണു്. യുദ്ധത്തിന്റെ അന്ത്യഭാഗത്തിൽ റോമാക്കാർക്കു കൂടുതൽ വിജയം നേടുവാൻ കഴിഞ്ഞു. യുദ്ധം അവസാനിക്കുന്നതിനു് മുമ്പു് കോബദ് മരിച്ചുപോയതിനാൽ അദ്ദേഹത്തിന്റെ പിൻഗാമിയായ കുസ്റു അനുഷീർവാ നാണു് അതിനെ അവസാനിപ്പിച്ചതു്.
കോബദ് ഗുണങ്ങളും ദോഷങ്ങളും ധാരാളം ഇടകലർന്നിട്ടുള്ള ഒരു സാധാരണ മനുഷ്യനായിരുന്നു. ഇടയ്ക്കിടെ അദ്ദേഹം ക്രൂരതയും ചാപല്യവും കാണിക്കാറുണ്ടായിരുന്നു. മസ്ഡക്കിന്റെ വിപ്ലവകരമായ മതത്തിൽ അദ്ദേഹം മരണപര്യന്തം വിശ്വസിക്കുന്നതും ഭൂനികുതി പരിഷ്കാരം അദ്ദേഹം നടപ്പിൽവരുത്തിയതും ചില ഉന്നതങ്ങളായ ആദർശങ്ങളുള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം എന്നു കാണിക്കുന്നുണ്ടു്. മസ്ഡക്കിന്റെ സോഷ്യലിസ്റ്റ് സിദ്ധാന്തം സ്വീകരിച്ചതിനാൽ ലോകത്തിലെ രാജാക്കന്മാരുടെ ഇടയ്ക്കു് അദ്ദേഹത്തിനു് അനന്യസദൃശമായ ഒരു സ്ഥാനവുമുണ്ടു്. തന്റെ ആശ്രിതന്മാരോടും കുടുംബത്തോടും അദ്ദേഹം സ്നേഹപൂർവ്വം വർത്തിക്കുക പതിവായിരുന്നുവെങ്കിലും, തന്റെ ഇളയ പുത്രനായ കുസ്റു അനുഷീർവാനോടും തന്റെ പ്രവാസത്തിൽ പങ്കുകൊണ്ടവനും താൻ വധിച്ച മന്ത്രിയുടെ പുത്രനായ സെർമിഹിരനോടുമാണു് അദ്ദേഹം പ്രത്യേകമായ സ്നേഹം പ്രകടിപ്പിച്ചിരുന്നതു്. കൂടാതെ തന്റെ മൂത്ത പുത്രനായ കയുസിന്റെ അവകാശത്തെ വിഗണിച്ചു് അദ്ദേഹം അനുഷീർവാനെ തന്റെ പിൻഗാമിയായി നിശ്ചയിക്കുകയും ചെയ്തു. അനുഷീർവാനോടു് കോബദ് കാണിച്ച പ്രത്യേക വാത്സല്യത്തിനു് ആ രാജകുമാരന്റെ അനിതരസാധാരണമായ സൽഗുണങ്ങൾക്കും ശേഷിക്കും പുറമേ മറ്റൊരു കാരണംകൂടി ഉണ്ടായിരുന്നു. പിതാവിന്റെ മരണശേഷം പിതൃസഹോദരനായ ബലാഷ് രാജ്യം കൈവശപ്പെടുത്തിയപ്പോൾ കോബദ് തന്റെ നിർഭാഗ്യത്തെപ്പറ്റി ചിന്തിച്ചു് നിരാശപ്പെട്ടുകൊണ്ടു് ഒരു ദേശസഞ്ചാരം ചെയ്യുകയുണ്ടായി. ഈ സഞ്ചാരത്തിനിടയ്ക്കു് അദ്ദേഹം നിശാപുരം എന്നൊരു നഗരത്തിൽ സുന്ദരിയായ ഒരു സ്ത്രീയുമായി ഒരു രാത്രി കഴിച്ചുകൂട്ടി. നാലുവർഷത്തെ സഞ്ചാരം കഴിഞ്ഞു് കോബദ് നിശാപുരിയിൽ കൂടി വീണ്ടും തിരിച്ചുപോയപ്പോൾ തന്റെ ഒരു ദിവസത്തെ ഭാര്യയായിരുന്ന ആ സ്ത്രീയെ ഒന്നുകൂടി കാണണമെന്നു മോഹം തോന്നിയതിനാൽ അവളെ അദ്ദേഹം സന്ദർശിച്ചു. അപ്പോൾ ഒരു സുകുമാരനായ ബാലനെ അദ്ദേഹത്തിന്റെ പുത്രനാണെന്നുപറഞ്ഞു് അവൾ അദ്ദേഹത്തിന്റെ മുമ്പിൽ കൊണ്ടുചെന്നു നിർത്തി.
അപ്രതീക്ഷിതമായുണ്ടായ ഈ പുത്രലാഭത്തിൽ നിന്നുളവായ ആനന്ദത്തിൽ കോബദ് മുഴുകിയിരിക്കുമ്പോൾ തന്റെ പിതൃവ്യനായ ബലാഷ് രാജാവു് മരിച്ചു എന്നും തന്മൂലം താൻ പാരസികരാജാവായിത്തീർന്നു എന്നുമുള്ള സന്തോഷവാർത്ത അദ്ദേഹം അറിഞ്ഞു. പുതുതായി കണ്ടുകിട്ടിയ പുത്രനായ അനുഷീർവാന്റെ ഭാഗ്യം കൊണ്ടാണിതെന്നു് അന്നുമുതൽക്കു് കോബദ് ദൃഢമായി വിശ്വസിക്കുകയും ചെയ്തു. ഇതാണു് അനുഷീർവാനോടു് പ്രത്യേകം വാത്സല്യം കാണിക്കുവാൻ കോബദിനെ പ്രേരിപ്പിച്ച മറ്റൊരു സംഗതി. അദ്ദേഹത്തിന്റെ ഈ പക്ഷപാതം പാരസികരാജ്യത്തിനു മാത്രമല്ല, ഏഷ്യാ ഖണ്ഡത്തിനും കൂടി പ്രയോജനകരമായിട്ടാണു് പരിണമിച്ചതു്. എന്തെന്നാൽ പാരസികരാജാക്കന്മാരുടേയും ഏഷ്യാഖണ്ഡത്തിലെ മറ്റു രാജാക്കന്മാരുടെയം ഇടയ്ക്കു് കർത്തവ്യബോധം കൊണ്ടും നീതിബോധം കൊണ്ടും ഭരണസാമർഥ്യം കൊണ്ടും കലാപോഷണതാല്പര്യം കൊണ്ടും നീതിമാനായ കുസ്റു അനുഷീർവാന്റെ മുമ്പിൽ നിൽക്കുവാൻ യോഗ്യതയുള്ള മറ്റൊരു രാജാവുപോലും ഇന്നുവരെ ഉണ്ടായിട്ടില്ല.
(1937 നവംബർ 22, മാതൃഭൂമി.)