
‘ഒരു പൊട്ടിച്ചിരി’ എന്ന ഒരു ഉത്തമപരാജയ പ്രസ്ഥാന കവിത കൈരളിയ്ക്കു സമ്മാനിച്ചിട്ടുള്ള പേരെടുത്ത ചെറുകഥാകാരി ശ്രീമതി ലളിതാംബിക അന്തർജ്ജനം മംഗളോദയത്തിന്റെ ചങ്ങമ്പുഴപ്പതിപ്പിൽ ആ മഹാകവിയെപ്പറ്റി ഇങ്ങിനെ എഴുതിയിരുന്നു: “പ്രതിപാദ്യമായ അംശം ഏതായാലും, അതിൽ കവിയുടെ പൂർണ്ണമായ ജീവാംശം കൂടി ഉരുക്കിച്ചേർത്തു് ആ നിമിഷത്തിൽ അതായിത്തന്നെ വർത്തിക്കുക അപൂർവ്വമായ ഒരു സിദ്ധിയാണു്. പലർക്കും അങ്ങിനെ പലതാകാൻ സാദ്ധ്യമല്ല. പക്ഷേ, ചങ്ങമ്പുഴ പലതായിരുന്നു. പാടുന്ന ചങ്ങമ്പുഴ, കരയുന്ന ചങ്ങമ്പുഴ, പടവാളിളക്കുന്ന ചങ്ങമ്പുഴ. ഇതിൽ ആരെയെങ്കിലും ഒരാളെ നമുക്കു സ്നേഹിക്കാതെ വയ്യ. അങ്ങിനെ ചങ്ങമ്പുഴയെ ആകെത്തന്നെ നാം സ്നേഹിച്ചുപോകുന്നു.” ഇന്നത്തെ സമുദായഘടന പരാജയമടഞ്ഞിരിക്കുന്നു എന്ന ഉറച്ച ബോധവും, ആത്മാർത്ഥയുമുള്ള സകല സാധാരണമനുഷ്യർക്കും പ്രസ്തുത മൂന്നു ഭാവങ്ങളും മാറിമാറി തോന്നുമെന്നാണു് ഞാൻ വിചാരിക്കുന്നതു്. പക്ഷേ, കവികളല്ലെങ്കിൽ, ഇവർക്കു പാടാനല്ല, ദിവാസ്വപ്നങ്ങളിൽ മുങ്ങിയിരിക്കുവാനാണു് തോന്നാറുള്ളതും മർദ്ദിതരായ സാധാരണജനങ്ങൾക്കു തോന്നാറുള്ള ഈ ഭാവത്രയങ്ങളും ചങ്ങമ്പുഴ തന്റെ മധുരകവിതകളിൽ പ്രതിബിംബിപ്പിച്ചിരുന്നു. ഇതുനിമിത്തമാണു് അദ്ദേഹം നമ്മുടെ ജനകീയ മഹാകവികളിൽ ഒരുത്തനായി ഭവിച്ചതും. ഈ വസ്തുത ‘പാടുന്ന മൺതരികൾ’ എന്ന ഭാഷാസാഹിത്യത്തിലെ ഒരു ഉത്തമവിലാപകാവ്യത്തിൽ,
“കുടലിൽനിന്നൊരു പുല്ലാങ്കുഴലാൽ
നെടിയസാമ്രാജ്യമൊന്നു നീ തീർത്തു;
നിജമനോജ്ഞമാം സ്നേഹസാമ്രാജ്യ-
പ്രജകളായ് ഞങ്ങൾ കപ്പം കൊടുത്തു.”
എന്ന മനോഹരമായ വരികളിൽ ശ്രീ: പി. ഭാസ്കരൻ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. പ്രകൃത കവിതാസമാഹാരത്തിലെ 13 കവിതകളിൽ എട്ടും പടവാളിളക്കുന്ന ചങ്ങമ്പുഴയെയാണു് നമുക്കു കാട്ടിത്തരുന്നതു്. വികാരപാരമ്യത്തിന്റെ ആവിഷ്കരണത്തിനു് അനന്യസദൃശനായി ശോഭിക്കുന്ന ചങ്ങമ്പുഴ പടവാളിളക്കുമ്പോൾ, അതു നീറുന്ന തീച്ചൂളയായി ഭവിക്കുന്നതാണു് തന്നിമിത്തം ഈ സമാഹാരത്തിന്റെ തലക്കെട്ടു് ഉചിതമായിട്ടുണ്ടു്.

ചങ്ങമ്പുഴ പാടുന്നതും കരയുന്നതുമായ സന്ദർഭങ്ങൾ ഏറിയിരുന്നു; പടവാളിളക്കുന്നവ—അലറി പൊട്ടിച്ചിരിക്കുന്നവ—കുറഞ്ഞും. ഇതിനു കാരണങ്ങൾ അദ്ദേഹത്തിന്റെ കറയറ്റ ആത്മാർത്ഥതയാണുതാനും. എത്രയധികം ഭയങ്കരനായ വിപ്ലവകാരിക്കും ആത്മാർത്ഥതാപൂർവ്വം എല്ലാ സന്ദർഭങ്ങളിലും പടവാളിളക്കുവാൻ സാധിക്കുന്നതല്ലല്ലോ. വ്യക്തിയെന്ന നിലയിൽ ഒരു കവിയ്ക്കു പ്രധാനമായിട്ടുള്ള ഭാവങ്ങളും അനുഭാവങ്ങളും തന്റെ കവിതയിൽ ഉൾക്കൊള്ളിച്ചേ മതിയാവൂ എന്നില്ലെന്നും, വ്യക്തിമുദ്രാത്മകത്വം ബലികഴിച്ചും ഉപകരണത്തിൽ മാത്രമേ ഒരു കവി ശ്രദ്ധിക്കേണ്ടതുള്ളൂ എന്നും ഇതിനുതകുന്ന ഏതു ഭാവവും, അതിൽ വിശ്വാസമില്ലെങ്കിലും, കൃത്രിമമായി ഒരു കവിക്കു സ്വീകരിക്കാമെന്നും, ടി. എസ്സ്. എലിയട്ട് ഒരു ഉപന്യാസത്തിൽ പ്രസ്താവിച്ചിരുന്നു. ഇങ്ങിനെയാണു് നമ്മുടെ ചില ‘മഹാകവി’കളും പല കവികളും പ്രവർത്തിച്ചു വരുന്നതും. ഈ സിദ്ധാന്തം ചങ്ങമ്പുഴയ്ക്കു സ്വീകരിക്കേണ്ടിവന്നിരുന്നില്ല. നഖശിഖാന്തം ഒരു കവിയായും ആത്മാർത്ഥതയുടെ മൂർത്തീകരണമായും ജനിച്ച ചങ്ങമ്പുഴയ്ക്കു വ്യക്തിമുദ്രാത്മകത്വം ബലികഴിക്കാതെ തന്റെ ഉപകരണത്തിൽ ശ്രദ്ധിക്കാതെ ശ്രദ്ധിക്കുവാൻ കഴിഞ്ഞിരുന്നു. താൻ വിശ്വസിക്കാത്ത വിശ്വാസങ്ങളിൽ കവിതയ്ക്കുവേണ്ടി വിശ്വസിക്കേണ്ടിവരുന്ന സന്ദർഭങ്ങളും അദ്ദേഹത്തിനു നേരിടേണ്ടിവന്നിരുന്നില്ല. ഇതു നിമിത്തം ചങ്ങമ്പുഴ പടവാളിളക്കുന്ന വേളകളിലും, സദാ പടവാളിളക്കിക്കൊണ്ടിരിക്കുന്ന നമ്മുടെ തീതുപ്പൻ വിപ്ലവകാരികളെപ്പോലെ അദ്ദേഹത്തിനു കവിതയ്ക്കു വേണ്ടി കാപട്യം സ്വീകരിക്കേണ്ടതായും വന്നിരുന്നില്ല.

സ്വന്തം സാഹിത്യകൃതികളിൽ ആത്മചരിത്രം സുവ്യക്തമായി വർണ്ണിച്ചിട്ടുള്ളതു നിമിത്തം, ഓസ്കാർ വൈൽഡ് തന്റെ ജീവചരിത്രകാരന്റെ പണി ലഘുവാക്കിച്ചമച്ചിരുന്നു എന്നു ഒരു നിരൂപകൻ ചൂണ്ടിക്കാണിച്ചിരുന്നു. ചങ്ങമ്പുഴയെപ്പറ്റിയും ഇതുതന്നെ പറയാം. ഇക്കാര്യത്തെ സംബന്ധിച്ചു് അദ്ദേഹത്തിന്റെ മരണാനന്തര പ്രകാശിതകൃതിയായ ‘പാടുന്ന പിശാചി’നു് അതിയായ പ്രാധാന്യമുണ്ടു്.
“ലോകോത്തരങ്ങളാമാദർശരശ്മികൾ
പാകി ഞാനെന്റെ പാഴു് പാട്ടുകളിൽ
എന്നിട്ടിരുട്ടിൽ മദിച്ചു പുളച്ചു ഞാൻ
മന്നിൽ മൃഗത്തിലും നീചമായീ”
എന്നും,
“പാട്ടിൽക്കരഞ്ഞ ഞാൻ ജീവിതപ്പൂമര-
ച്ചോട്ടിലിരുന്നു പൊട്ടിച്ചിരിച്ചു”

എന്നും മറ്റും ചങ്ങമ്പുഴ ‘പാടുന്ന പിശാചി’ൽ സമ്മതിച്ചിരിക്കുന്നു. ഇങ്ങിനെയുള്ള ഒരു മനുഷ്യന്നു പാടുമ്പോഴും, കരയുമ്പോഴും. പൊട്ടിച്ചിരിക്കുമ്പോഴും ആത്മാർത്ഥയുണ്ടായിരുന്നു എന്നു പറയാമോ? പറയാം, നിശ്ചയമായും പറയാം. നിഷ്ക്കപടരും, ഹാംലറ്റിനു തുല്യം ആത്മനിരീക്ഷണപടുക്കളുമായ മനുഷ്യർക്കെല്ലാം തന്നെ ഇപ്രകാരമുള്ള പല ക്ഷണികഭാവങ്ങളും തങ്ങളെ മാറിമാറി ആക്രമിച്ചുകൊണ്ടിരിക്കുന്നതു കണ്ടുപിടിക്കുവാൻ കഴിയും. മിക്ക മനുഷ്യരും ഇത്തരം ക്ഷണികഭാവങ്ങളുടെ അയഞ്ഞ കെട്ടുകളാണെന്നു് ഇന്നത്തെ മനഃശ്ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നുമുണ്ടു് ചങ്ങമ്പുഴയെപ്പോലെ ആത്മാർത്ഥത ഏറിയിരിക്കുന്നവർ ഇവയിൽ ഓരോന്നിന്റെയും പിടിയിൽ വരുമ്പോൾ, അതിൽ ആത്മാർത്ഥമായി വിശ്വസിക്കുകയും ചെയ്യും. ചങ്ങമ്പുഴയെ സംബന്ധിച്ചിടത്തോളം ഈ ക്ഷണികഭാവങ്ങളെ തമ്മിൽ തമ്മിൽ ഘടിപ്പിച്ചിരുന്ന ചങ്ങല—അദ്ദേഹത്തിനു് ഏറിയ വ്യക്തിമുദ്രാത്മകത്വം നൽകിയതു്—ഇന്നത്തെ സമുദായഘടനയെക്കുറിച്ചുള്ള പരാജയബോധവും, ഇടപ്പള്ളി രാഘവൻപിള്ള യുടെ ഭാഷയിൽ, “ഈ തോൽവി തന്നശ്വോപരിയേറി ഞാൻ വിജയത്തിൻ തോളെത്തിപ്പിടിപ്പോളം തെല്ലിടവിരമിക്കാ”മെന്ന യശഃകാമനിഷ്ഠമായ ദൃഢനിശ്ചയവുമായിരുന്നു. ‘നീറുന്ന തീച്ചൂള’യിൽ ചേർത്തിട്ടുള്ള ലഘ്വാക്ഷേപ കവിതകളും ഉഗ്രാക്ഷേപകവിതകളുമായ പ്രസ്തുത എട്ടെണ്ണം രചിക്കുന്നതിനു മുമ്പുതന്നെ ചങ്ങമ്പുഴ ഈ രണ്ടു തരത്തിലുമുള്ള ചില കൃതികൾ രചിച്ചിരുന്നു. ‘സ്റ്റാലിന്റെ മീശ’ എന്നതും, ‘അപരാധികൾ’ എന്ന സമാഹാരത്തിൽ ചേർത്തിട്ടുള്ള ‘കല്യാണബോംബ്’ എന്നതും പ്രസ്തുത ലഘ്വാക്ഷേപകവിതകൾക്കും, ‘രക്തപുഷ്പങ്ങൾ’ എന്ന സമാഹാരത്തിലെ ‘നവർഷാനാന്ദി’ ‘ആ കൊടുങ്കാറ്റു്’ എന്നിവയും ‘ഓണപ്പൂക്കളി’ലെ ‘മനുഷ്യൻ’ എന്നതും ഉഗ്രാക്ഷേപകവിതകൾക്കും ഉദാഹരണങ്ങളാണു്. ഈ ഉഗ്രാക്ഷേപകവിതകളേക്കാൾ വളരെയധികം ശക്തിയുള്ളവയാണു് പ്രകൃതഗ്രന്ഥത്തിലെ ‘ചുട്ടെരിയ്ക്കിൻ’, ‘ഗളഹസ്തം’ എന്നിവ. വാഗ്മിത്വം അശേഷമില്ലാത്ത ചങ്ങമ്പുഴ പടവാളിളക്കുമ്പോൾ വലിയ വാഗ്മിയായിത്തീരുന്നതു് ഇവയിൽ കാണാം. ‘ഫങ്ക്ഷനാലിസം’ (ഉദ്ദേശനിർവ്വഹണതത്വം) ആണു് ഇതിനു കാരണവും.
റാബലേയ്, സ്വിഫ്റ്റ്, അലക്സാണ്ടർ പോപ്പ് എന്നിവർ ഉത്തമമാതൃകകളായിട്ടുള്ള മൂന്നുതരം ശ്രേഷ്ഠാക്ഷേപഹാസ്യസാഹിത്യകാരന്മാരുണ്ടെന്നു ഒരിക്കൽ ജി. കെ. ചെസ്റ്റർട്ടൺ ചൂണ്ടിക്കാണിച്ചിരുന്നു. റാബലേയുടെ ആക്ഷേപഹാസ്യത്തിൽ ഏറിയ വാഗ്മിത്വം, പ്രചണ്ഡത, അശ്ലീലത, ദുഷ്ടത്വത്തിന്റെ അഭാവം, എന്നിവ കാണാം. സ്വിഫ്റ്റിന്റേതിൽ കാണുന്നതു് അസഹ്യമായ അന്യായബോധം ജനിപ്പിച്ച വാഗ്മിത്വം കുറഞ്ഞതും സംസ്കൃതകോപം നിറഞ്ഞതുമായ മനുഷ്യവർഗ്ഗാക്ഷേപമാണു്. പോപ്പാകട്ടേ, അനുകമ്പ കലർന്ന ആക്ഷേപമാണു് ചൊരിഞ്ഞിരുന്നതും. ‘ചുട്ടെരിയ്ക്കിൻ’ ‘ഗളഹസ്തം’ എന്നിവയിൽ റാബലേയുടേതിനോടു അടുക്കുന്ന ആക്ഷേപഹാസ്യമാണു് കാണുന്നതു്.

ഫ്രായ്ഡി ന്റെ ഏറ്റവും അദൃഷ്ടപൂർവ്വകമായ കൃതികളിൽ ഒന്നാണു് ‘ടോട്ടം ആൻഡ് ടാബൂ ’ എന്നതു്. സൈക്കോ ആനിലിറ്റിക് മനഃശ്ശാസ്ത്രം ആധുനികമനുഷ്യർക്കു സമ്മാനിച്ചിട്ടുള്ള ഏറ്റവും അഗാധമായ ആശയം ഇതിലാണു് ഫ്രായ്ഡ് ഇദംപ്രഥമമായി പ്രഖ്യാപനം ചെയ്തതെന്നു ഡോക്ടർ ഡബ്ളിയു. എ. വൈറ്റ് ചൂണ്ടിക്കാണിച്ചിരുന്നു. ജന്മവാസനകളുടെ ബഹുമുഖത്വം (ആംബിവാലൻസ് ഓഫ് ഇൻസ്റ്റിങ്ക്സ്) എന്നതത്രെ ഈ ആശയം. മാതാപിതാക്കന്മാരും സന്താനങ്ങളും തമ്മിലും, ഭർത്താക്കന്മാരും ഭാര്യമാരും തമ്മിലുമുള്ള ബന്ധത്തിൽ അന്തർഭവിച്ചിട്ടുള്ളതായി കണ്ണുള്ളവർക്കു് കാണാവുന്ന സ്നേഹ-വെറുപ്പു് എന്ന പരസ്പരവിരുദ്ധഘടങ്ങളടങ്ങിയിട്ടുള്ള സങ്കീർണ്ണവികാരം ഇതിനു് ഒരു ഉദാഹരണമാണെന്നു മാത്രം പറയുവാനേ ഇവിടെ സ്ഥലമുള്ളു. വിദേശികളുടെ ഭരണത്തിൻ കീഴിലിരുന്നപ്പോൾ, ഈ ബഹുമുഖത്വത്തിനു മറ്റൊരു ഉദാഹരണമായ ദൗർബ്ബല്യ-ശ്രേഷ്ഠത്വബോധം (ഇൻഫീരിയോറിറ്റി-സുപ്പീരിയോറിറ്റി കോംപ്ലക്സ്) ഭാരതത്തിലെ ഹിന്ദുക്കളെ പിടികൂടിയിരുന്നു. രാഷ്ട്രീയമായതാണു് ദൗർബ്ബല്യബോധം; മതപരവും സാംസ്കാരികവുമായ ശ്രേഷ്ഠത്വബോധവും. രാഷ്ട്രീയപാരതന്ത്ര്യം അകറ്റുവാനുള്ള പോരാട്ടത്തിൽ ഈ ദൗർബ്ബല്യ-ശ്രേഷ്ഠത്വബോധത്തെ രാഷ്ട്രീയസമരനായകന്മാർ തങ്ങളുടെ മാർഗ്ഗത്തിന്റെ അനന്തരദൂഷ്യഫലങ്ങളെപ്പറ്റി ചിന്തിക്കാതെ തല്ക്കാല ഉദ്ദേശസാധ്യത്തിന്നായി ശക്തിപൂർവ്വം ഊതി ജ്വലിപ്പിക്കുകയുണ്ടായി. രാഷ്ട്രീയ സ്വാതന്ത്രലബ്ധിയോടുകൂടി ഭാരതത്തിലെ ഹിന്ദുക്കളിൽനിന്നു പ്രസ്തുത ദൗർബ്ബല്യബോധം വിട്ടുമാറി. എന്നാൽ ഇതിനോടുകൂടിയുണ്ടായിരുന്ന ശ്രേഷ്ഠത്വബോധം പൂർവ്വാധികം ശക്തിയോടുകൂടി നിലനില്ക്കുകയാണു് ചെയ്തതു്. ഇതിന്റെ ഫലമോ? നാം അല്പം മുമ്പു കണ്ട മൃഗീയമായ മതസംസ്കാരമത്സരങ്ങളും ഭീകരമായ ചോരക്കളങ്ങളും.

ഭാരതത്തിലെ ഹിന്ദുക്കളുടെ പൂർവ്വികന്മാർ പടിഞ്ഞാറൻ ദേശങ്ങളിൽ നിന്നു് ഇന്നത്തെ ഭാരതത്തിൽ പ്രവേശിച്ച നാൾ മുതല്ക്കു ഇവിടത്തെ പൂർവ്വനിവാസികളായ ആസ്ത്രലോയ്ഡ് നരവംശക്കാരിലും, പിന്നിടു് സ്വന്തം ബന്ധുക്കളിൽനിന്നുണ്ടായ ബുദ്ധമതക്കാരിലും ജയിനമതക്കാരിലും ഒന്നുപോലെ ആർഷമതത്തിന്റെ ശ്രേഷ്ഠത്വമെന്ന മയക്കുമരുന്നു കുത്തിവച്ചു തുടങ്ങി. ഇതിന്റെ ഫലമായി ഈ പൂർവ്വനിവാസികളിലും ഈ അന്യമതക്കാരിലും ഒരു മാനസികപരിവർത്തനം വന്നു. തീണ്ടൽ ജാതിക്കാരായെങ്കിലും ആർഷമതത്തിനകത്തു നിന്നാൽ സായൂജ്യം കിട്ടുമെന്നുള്ള ബോധമാണിതു്. ഇതിന്റെ അനന്തര ഫലങ്ങളോ? ഒരുമിപ്പില്ലായ്മയും, രാഷ്ട്രീയസ്വാതന്ത്ര്യ നഷ്ടവും. സർവ്വലോകപ്പരപ്പിന്റെ ശക്തിയോടുകൂടി ഇന്നത്തെ ഭാരതത്തിൽ പാർത്തുവരുന്ന ഇസ്ലാമിന്റെയും ക്രിസ്തുമതത്തിന്റെയും അനുയായികളിൽ ഈ പഴയ മയക്കുമരുന്നു ഫലിക്കുകയില്ല. ഇതിന്റെ പ്രയോഗം, രാഷ്ട്രീയസ്വാതന്ത്ര്യം ലഭിച്ച ഇന്നത്തെ ഭാരതത്തിലും വീണ്ടും ഒരുമിപ്പില്ലായ്മയും രാഷ്ട്രീയ അടിമത്വവും വരുത്തിവെയ്ക്കുകയും ചെയ്യും. വരാൻപോകുന്ന ഈ ദൂഷ്യഫലങ്ങളെ മുൻകൂട്ടി കണ്ടു്, അവയെ തടയുവാനാണു്, ആർഷമതത്തിന്റെയും സംസ്കാരത്തിന്റെയും മഹിമയെപ്പറ്റി പാടിക്കൊണ്ടിരിക്കുന്ന നമ്മുടെ രാഷ്ട്രീയകവികളുടെ പതിവു വിട്ടു, ചങ്ങമ്പുഴ ‘ചുട്ടെരിക്കിൻ’ എന്ന അലറുന്ന ഉഗ്രാക്ഷേപകവിത രചിച്ചതു്. പ്രസ്തുത രാഷ്ട്രീയനായകന്മാരുടേയും രാഷ്ട്രീയകവികളുടെയും ഫാഷിസ്റ്റ് മനഃസ്ഥിതി ഇദംപ്രഥമമായി ചൂണ്ടിക്കാണിച്ചു ചങ്ങമ്പുഴയ്ക്കു് ഈ കവിതയെഴുതുവാൻ പ്രചോദനം നൽകിയ ധീരചിന്തകനായ ശ്രീ: കുറ്റിപ്പുഴ കൃഷ്ണപിള്ള യെ ഭാവിതലമുറകൾ എന്നും കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നതാണു്. ഈ വീക്ഷണകോടി സാധാരണ മനുഷ്യരുടെ മനസ്സിൽ പതിയുംവണ്ണം അവർക്കു പരിചയമുള്ള ത്രസിക്കുന്ന നാടൻ ശീലിൽ ഈ കവിത രചിച്ച ചങ്ങമ്പുഴയേയും ഭാവിതലമുറകൾ മറക്കുന്നതല്ല.
‘ചുട്ടെരിക്കിൻ’ എന്ന സുപ്രസിദ്ധമായ കവിത രചിച്ച ചങ്ങമ്പുഴയെ നമ്മുടെ ആർഷമതക്കാരായ ചില സാഹിത്യകാരന്മാർ പുലഭ്യം പറഞ്ഞപ്പോൾ, അദ്ദേഹം പൂർവ്വാധികം ഉച്ചത്തിൽ അലറിക്കൊണ്ടു് അതേ ഭാഷയിൽ ‘ഗളഹസ്തം’ എന്നതു രചിച്ചു. ഇതിൽ കോൺഗ്രസ്സുകാരെ കഠിനമായി ആക്ഷേപിക്കുകയും, ഭാരതീയരുടെ ഇടുങ്ങിയ പ്രാദേശിക മനഃസ്ഥിതിയെ കളിയാക്കുകയും, മാർക്സിസത്തിലുള്ള തന്റെ ദൃഢവിശ്വാസം പ്രഖ്യാപിക്കുകയും ചെയ്തതിനും പുറമെ, അദ്ദേഹം പഴയ സാഹിത്യവും പുരോഗമന സാഹിത്യവും തമ്മിലുള്ള മൗലികവ്യത്യാസങ്ങൾ അതിസരസമായും സാധാരണ മനുഷ്യരുടെ മാനസങ്ങളിൽ പതിയുന്ന മട്ടിലും വർണ്ണിച്ചിട്ടുണ്ടു്. ഈ വ്യത്യാസങ്ങൾ വിവരിച്ചിട്ടുള്ളതിന്റെ ഒരു ഭാഗം ചുവടെ ഉദ്ധരിക്കുന്നു.
“സാരസ്യം നുകരുവാൻ പനയോലക്കെട്ടുകളിൽ
സാഹിത്യം പരതും സന്യാസിമാരേ
അതു വാണിദേവിതന്നൊരു മുലയല്ലറിയുവി-
നഴകിലതിൻ കണ്ണൊന്നു ഞെരടിനോക്കാൻ.
സാഹിത്യസിംഹമിന്നതു കൊല്ലും നിങ്ങളെ
സാമവേദക്കാരേ പറപറക്കിൻ!
കവിത കടക്കണ്ണേറാൽ
ചിലർ നിങ്ങളെയെങ്ങാനും
കപിയാക്കുമൊരു കള്ളക്കാമിനിയാകാം.
അവൾതൻ മൂക്കെള്ളിൻ പൂവായിടാം കണ്ണുകൾ
കുവലയമാകാം ചുണ്ടമൃതമാകാം.
ഞങ്ങളതു നിങ്ങൾതൻ നേർക്കുവീശൂം.
അതു ഞങ്ങൾക്കായുധ,മതിനിശിതമായുധം,
അഴിമതികൾക്കരുളുവാൻ കണ്ഠവേധം
കവിതാകാമുകരല്ല കവികൾ കവിതായുധർ
കരളൂറ്റം കുത്തുന്ന കർമ്മയോധർ;
അവരെഗ്ഗളഹസ്തം ചെയ്താട്ടിയോടിപ്പതാ-
രരമനപ്പൂങ്കളിത്തത്തകളോ?
കലരുന്നതു ഞങ്ങൾതൻ
ശബ്ദത്തിൽ ഞങ്ങൾതൻ
കരളിലെച്ചോരയാണോർമ്മവേണം.”
പ്രസ്തുത രണ്ടു കവിതകളിലേയും
“പരലോകപ്പാറ്റകൾ കലരുമാ മോക്ഷത്തിൻ
പതിരിനായുള്ളൊരീ പ്രാണദാഹം
പരമ്പര വിഡ്ഢിത്തം—പരമാർത്ഥമിതുമാത്രം
പരുപരുത്തുള്ളൊരീ മണ്ണുമാത്രം.”
(ചുട്ടെരിക്കിൻ)
“വേദാന്തം കൊണ്ടു വിശപ്പാറുമോ?—വെളുവെള്ള
വേദത്തിൻ മണ്ണിലും നിണമൊഴുകും
മാവേലി വിഹരിച്ചു, മാമാങ്കം വികസിച്ച
മലനാടിൻ കണ്ണിലും മഷിയിളകും.”
(ഗളഹസ്തം)
“പെരുമാക്കന്മാരുടെ കഴൽനക്കിച്ചുണകെട്ട
തിരുനാവായ്ക്കപ്പുറവുമുണ്ടു ലോകം.”
(ഗളഹസ്തം)
എന്നിത്യാദി വരികൾ ഇന്നു സാധാരണ ജനങ്ങളുടെ ഇടയ്ക്കു നാടോടിപ്പാട്ടായിത്തീർന്നിട്ടുമുണ്ടു്.
പ്രകൃതകൃതിയിലെ പടവാളെടുക്കുന്ന ശേഷിച്ച കവിതകൾ ‘പുരോഗതിയെ തടുത്താൽ’, ‘അവരാരു്?’, ‘ഞങ്ങൾ’, ‘പാടാനും പാടില്ലേ?’, വെളിച്ചം വരുന്നു’, ‘നാളത്തെ ലോകം’ എന്നിവയാണു്. ഇവയിൽ ‘അവരാരു്?’ എന്നതു രചിച്ചതു ശ്രീ. കെടാമംഗലത്തിന്റെ ഒരു കവിതയെ അനുകരിച്ചാണെന്നു ചങ്ങമ്പുഴ അതു് ആദ്യം പ്രസിദ്ധപ്പെടുത്തിയ കോട്ടയത്തെ ‘ചിത്രോദയം’ വാരിയിൽ പ്രസ്താവിച്ചിരുന്നു. മയക്കോവ്സ്ക്കി മട്ടിലുള്ള ഈ പടപ്പാട്ടിലെ ശബ്ദഭംഗിക്കു് ഒരു ഉദാഹരണം ഉദ്ധരിക്കുന്നു:
“വഹിത വൈഭവഘനധനമദ
മഥനലോലുപരായി
വനഹുതാശന സദൃശദാഹക-
സമര ഭീകരരായി
വരുവതാരവർ വരുവതാരവർ
വയറെരിഞ്ഞിടും കൂട്ടർ?
വരിഞ്ഞുകെട്ടിക്കൊണ്ടരതല; പോരി-
നെരിപൊരിക്കൊള്ളും കൂട്ടർ?”
ഒരു പുലയനൃത്തം ജന്മി വന്നു മുടക്കുന്നതു വർണ്ണിച്ചിട്ടുള്ള ‘പാടാനും പാടില്ലേ?’ എന്ന മനോഹരമായ ലഘ്വാക്ഷേപ കവിത ഈ സമാഹാരത്തിന്റെ മാറ്റുകൂട്ടിയിട്ടുണ്ടു്

പ്രസ്തുത എട്ടു കവിതകൾക്കും പുറമേ, അന്ത്യകാലത്തെ രോഗവേളയിൽ തന്നെ മുക്തഹസ്തം സഹായിച്ചവരോടു കൃതജ്ഞത പറയുന്ന ഒരു കവിത, ‘കൈകോർത്തു പോക നാം’, ‘പൊരുതും ഞാൻ’, ‘പൊൻ പുലരി’ ‘കരയും ഞാൻ’ എന്നിവയും പ്രകൃതസമാഹാരത്തിലുണ്ടു്. ‘കൈകോർത്തു പോക നാം’, ‘പൊൻ പുലരി എന്നിവ രണ്ടും ഈയിടെ ഭാരതത്തിനു ലഭിച്ച രാഷ്ട്രീയ സ്വാതന്ത്ര്യത്തിൽ സന്തുഷ്ടി പ്രകടിപ്പിക്കുന്നവയാണു്. എന്നാലും ആദ്യത്തേതിൽ പിന്നേയും പഴയ ചരിത്രം ആവർത്തിക്കപ്പെടുകയില്ലയോ എന്നു കവി ഇങ്ങിനെ ശങ്കിക്കുന്നുമുണ്ടു്:
“എന്തിനു? ശതാബ്ദങ്ങൾക്കപ്പുറം
തേനു പാലും
ചിന്തിയെന്നോതും സ്വാർത്ഥം
വാഴ്ത്തുവാൻ താനോ മേലും?
ഇരുളൊക്കയും പോയോ,
പോവുമോ? നിലയ്ക്കുമോ
തെരുവിൻ ഞരക്കങ്ങൾ,
സമത്വം കിളിർക്കുമോ?”
ഈ സംശയമാണു് അവർണ്ണനായി ജനിച്ച മഹാകവി കുമാരനാശന്റേ യും, കുടിലിൽ ജനിച്ച മഹാകവി ചങ്ങമ്പുഴയുടേയും, രാഷ്ട്രീയപ്പാട്ടു പാടാനുള്ള സഹജമായ വാസനയിൽ തണുത്ത വെള്ളം കോരിത്തളിച്ചതും.
പ്രകൃതഗ്രന്ഥത്തിൽ കവിതകളെ ഒരുക്കിയിരിക്കുന്ന മുറശ്ലാഘ്യമല്ല. ഒന്നുരണ്ടു സാരമായ അച്ചടിപ്പിഴകളും വന്നുപോയിട്ടുണ്ടു്.
ഗ്രന്ഥകർത്താ: ചങ്ങമ്പുഴ കൃഷ്ണപിള്ള.
പ്രസാധകർ: നേഷണൽ ബുക്ക് സ്റ്റാൾ കോട്ടയം.
വില 1 ക. 4 ണ.—മംഗളോദയം, 1124 ഇടവം.
(ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കവിതയ്ക്കു് കേസരി ബാലകൃഷ്ണപിള്ള എഴുതിയ നിരൂപണം.)