
ഭാഷാസാഹിത്യത്തിലെ ബൃഹത്പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ ഒരു ശാഖയാണു് റോമാന്റിക്ക്-ഹൂമനിസ്റ്റ് പ്രസ്ഥാനം. ഇതിൽ ശ്രീമാന്മാരായ ജി. ശങ്കരക്കുറുപ്പു്, വെണ്ണിക്കുളം, നാഗവള്ളി ആർ. എസ്. കുറുപ്പു്, ടി. എൻ. ഗോപിനാഥൻനായർ, ഈ. എം. കോവൂർ, കമ്മത്തു്, ശ്രീമതി ലളിതാംബികാ അന്തർജ്ജനം ആദിയായ പല നല്ല സാഹിത്യകാരരും ഉൾപ്പെടുന്നുണ്ടു്. പ്രസ്തുത ശ്രീ: കോവൂരിന്റെ ഒൻപതു റൊമാന്റിക്ക് ചെറുകഥകളുടെ സമാഹാരമാണു് പ്രകൃതഗ്രന്ഥം. തീക്ഷ്ണത കുറഞ്ഞ ക്ഷണികമാനസികഭാവങ്ങളായ ‘മൂഡു’കൾക്കു പ്രാമുഖ്യം നൽകുന്ന കഥകളെക്കാൾ ഏറെ, ബാഹ്യചിത്രീകരണാത്മകവും, പ്ലോട്ടിനോ, പാത്രസൃഷ്ടിക്കോ പ്രാധാന്യം കൊടുക്കുന്നവയുമായ കഥകൾ രചിച്ചുവരുന്ന ഒരു ദേഹമാണു് പ്രകൃതഗ്രന്ഥകാരൻ. തിരുവിതാംകൂറിലെ ചിറ്റുദ്യോഗസ്ഥലോകത്തെ ചിത്രീകരിക്കുന്നതിൽ ശ്രീ: കോവൂർ കാണിച്ചിട്ടുള്ള പാടവം അനന്യസദൃശമാണു്. തിരുവിതാംകൂറിലെ ഉയർന്ന തരം ഉദ്യോഗസ്ഥന്മാരിൽ, ഒരാളാണു് ശ്രീ. കോവൂർ എന്നുള്ളതും ഇവിടെ സ്മരണീയമത്രെ. ഉജ്ജ്വലമായ ഭാഷാരീതി, പ്രസാദാത്മകത്വം, ഫലിതം, നിരീക്ഷണപാടവം, കോൺസെൻട്രേഷന്റെ സാരമായ കുറവു്, ഇവയാണു് ഗ്രന്ഥകാരന്റെ കഥയെഴുത്തിലെ മറ്റു ചില സ്വഭാവഘടകങ്ങൾ.
പ്രകൃതകൃതിയിൽ, ‘ട്വന്റ ി-ടു-ട്വന്റ ി ഫൈവ്’ എന്ന കഥ ഉത്തമവും, ‘കുഞ്ഞുങ്ങളെയോർത്തു്’, ‘സഹോദരി’, കള്ളപ്പക്കാരി’, ‘അഭിനവകുചേലൻ’ എന്നിവ നല്ല കഥകളും ശേഷിച്ച നാലും വെറും സാധാരണ കഥകളുമാണു്. ഈ കഥകളിൽവെച്ചു്, അഞ്ചെണ്ണത്തിൽ ചിറ്റുദ്യോഗസ്ഥന്മാർ നായകന്മാരും, രണ്ടെണ്ണത്തിൽ അവർ ഉപനായകന്മാരുമാണു്. ‘നീതിമാൻ’, ‘ബളാക്ക്മാർക്കറ്റ്’, ‘പൂജ്യത്തിലേയ്ക്കു്’, ‘അഭിനവകുചേലൻ’, ‘കുറ്റാലത്തു വച്ചു്’ എന്നീ അഞ്ചു കഥകളിലും പ്ലോട്ടിനു പാത്രസൃഷ്ടിയെക്കാളധികം പ്രാധാന്യമുണ്ടു്. ശേഷിച്ച നാലിന്റേയും കഥ നേരേ മറിച്ചും. ‘കള്ളപ്പക്കാരി’ എന്ന കഥയിൽ പ്ലോട്ടിൽ നിന്നു ജനിച്ച പാത്രസൃഷ്ടി പ്ലോട്ടിനെ അടിമപ്പെടുത്തിയിരിക്കുന്നതു കാണാം.

പ്ലോട്ടിൽ നിന്നു പാത്രസൃഷ്ടി ജനിച്ചിരിക്കുകയും, പ്ലോട്ടിനു പാത്രസൃഷ്ടി അടിമപ്പെട്ടിരിക്കുകയും ചെയ്യേണ്ടതാണു് എന്നു പ്രസിദ്ധ റൊമാന്റിക്ക് സാഹിത്യകാരനായ ആർ. എൽ. സ്റ്റീവൻസൺ അഭിപ്രായപ്പെട്ടിട്ടുണ്ടു്. ഈ അഭിപ്രായം പ്രസ്തുത അഞ്ചു കഥകളിലും ശ്രീ: കോവൂർ സ്വീകരിച്ചിരിക്കുന്നു. ഇന്നത്തെ ഭൂരിപക്ഷം നല്ല സാഹിത്യകാരന്മാരും സ്റ്റീവൻസന്റെ അഭിപ്രായത്തിനു നേരെ വിരുദ്ധമായ പദ്ധതിയാണു് സ്വീകരിച്ചു വരുന്നതു്. പ്ലോട്ടിനു പ്രാമുഖ്യമുള്ള കഥകളിൽ സാധാരണ വായനക്കാർക്കു തങ്ങളുടെ ദിവാസ്വപ്നങ്ങളിൽ യഥേഷ്ടം മുങ്ങിക്കുളിക്കുവാൻ സൗകര്യമുണ്ടായിരിക്കുമെന്നും, നേരേ മറിച്ചു, പാത്രസൃഷ്ടിക്കഥകളിൽ അവർക്കു കഥാപാത്രങ്ങളുടെ വിമർശനമനഃസ്ഥിതിപൂർവ്വം വീക്ഷിക്കേണ്ടതായി വരുമെന്നുമാണു് സ്റ്റീവൻസൻ തന്റെ അഭിപ്രായത്തിനു നല്കിയിരുന്ന ന്യായങ്ങൾ. പലപ്പോഴും പ്ലോട്ടു പാത്രസൃഷ്ടിയിൽനിന്നു ജനിക്കാറുണ്ടു്. ‘കുഞ്ഞുങ്ങളെയോർത്തു്’ എന്ന പ്രകൃത കൃതിയിലെ കഥ ഇതിനു ഒരു ഉദാഹരണമാണു്. ചിലപ്പോൾ ഈ രണ്ടു തരങ്ങൾ തമ്മിൽ വേർതിരിക്കുവാൻ വൈഷമ്യമുണ്ടാവുകയും ചെയ്യും.
താൻ സ്നേഹിച്ചിരുന്നവളും, എന്നാൽ അന്യന്റെ ഭാര്യയായി ഭവിച്ചവളുമായ ഒരു സ്ത്രീക്കുവേണ്ടി സർവ്വവും ബലികഴിക്കുന്ന ഒരു മഹാത്യാഗിയാണു് ‘കുഞ്ഞുങ്ങളെയോർത്തു്’ എന്നതിലെ നായകൻ ചിറ്റുദ്യോഗസ്ഥൻ രാഘവൻപിള്ള. ഇത്തരക്കാരെ ഇന്നും അപൂർവ്വമായിട്ടെങ്കിലും ലോകത്തിൽ കണ്ടുമുട്ടുവാൻ സാധിക്കും. പാത്രസൃഷ്ടിക്കും അന്തരീക്ഷത്തിനും പ്രാധാന്യമുള്ള ‘കള്ളപ്പക്കാരി’യിലെ നായികയായ കൊച്ചുമറിയച്ചേടത്തിയേയും, അവരുടെ അപ്പം ചുടലിനേയും വായനക്കാരൻ ഒരിക്കലും മറക്കുന്നതല്ല. കള്ളപ്പത്തീറ്റിയനുഭവത്തിൽനിന്നു ജനിച്ച ശ്രീ: കോവൂരിന്റെ വർണ്ണനപാടവം അതു തിന്നു നോക്കിയിട്ടില്ലാത്തവരുടെ വായിൽപ്പോലും വെള്ളമൂറിക്കും. “ശുഭ്രമോഹനമായ റേന്തത്തുണിപോലെ കാണപ്പെടുന്നതും”, “വൃദ്ധസന്യാസിയുടെ മുഖത്തു നരച്ച മീശയെന്നപോലെ”യുള്ളതുമായ ചുറ്റുമുള്ള “അലുക്കിന്റെ മെച്ചത്തിലാണു് കള്ളപ്പത്തിന്റെ മേന്മ യഥാർത്ഥത്തിൽ സ്ഥിതിചെയ്യുന്നതു്” എന്നുള്ള ഗ്രന്ഥകാരന്റെ വിദഗ്ദ്ധാഭിപ്രായത്തോടു് അതു തിന്നുനോക്കുവാൻ ഭാഗ്യമുണ്ടായിട്ടുള്ള അസ്മാദൃശരും പൂർണ്ണമായി യോജിക്കുക തന്നെ ചെയ്യും

അസാധാരണ പ്ലോട്ടുകളോടു മാത്രമുള്ള പ്രിയം ഒരു നല്ല സാഹിത്യകാരനെ എത്രയധികം അധഃപതിപ്പിക്കുമെന്നുള്ളതിന്നു് ഒരു നല്ല ഉദാഹരണമാണു് ‘നീതിമാൻ’ എന്ന കഥ. ഇതിലെ നായകൻ ചിറ്റുദ്യോഗസ്ഥൻ രാഘവൻപിള്ള പുരുഷവീര്യം നശിച്ച വൃദ്ധനും, തണ്ടു് ആദിയായ വഷളത്തരങ്ങളില്ലാത്തവനും, നീതിമാനുമാണു്. ഇദ്ദേഹത്തിന്റെ ഭാര്യ വളരെ ചെറുപ്പക്കാരിയും ആരോഗ്യവതിയുമാണെന്നു മാത്രമേ ഗ്രന്ഥകാരൻ പറഞ്ഞിട്ടുള്ളു. തന്റെ ന്യായദീക്ഷ രാഘവൻപിള്ളയെ, തന്റെ ഭാര്യക്കു ജാരനായി ഒരു ഹോമിയോ ഡാക്ടരെ കൂട്ടിവിടാൻ പ്രേരിപ്പിച്ചു എന്നാണു് ഗ്രന്ഥകാരൻ ഇതിൽ കാണിച്ചിട്ടുള്ളതു്. പണക്കൊതി, ഉദ്യോഗമോഹം എന്നിവയുള്ളവരോ, ‘വായേർസ്’ എന്ന ഫ്രഞ്ച് പേരുള്ള ചിലതരം ലൈംഗികരോഗികളോ ഏറെക്കുറെ ഇതുപോലെ പ്രവർത്തിച്ചേക്കാം. ഇവയൊന്നുമില്ലാത്ത രാഘവൻപിള്ള തന്റെ നീതിബോധംകൊണ്ടു മാത്രം ഇപ്രകാരം പ്രവർത്തിക്കുമെന്നു പുരുഷ സ്വഭാവം അറിയാവുന്നവർ വിശ്വസിക്കുന്നതല്ല. പുരുഷവീര്യക്കുറവു്, ന്യായബോധം എന്നിവയ്ക്കു പുറമേ രാഘവൻ പിള്ളയ്ക്കു ഒരു പ്രത്യേകമായ ലൈംഗികപ്രകൃതിയുണ്ടെന്നുകൂടി ഗ്രന്ഥകാരൻ സൂചിപ്പിക്കേണ്ടതായിരുന്നു. രാഘവൻപിള്ളയുടെ വിവാഹിതയായ മകൾ മീനാക്ഷിയുടെ വരവിനേയും അതിനെതുടർന്നുണ്ടായ കലഹത്തേയും വിവരിക്കുന്നതിന്നു് മിനക്കെടുത്തിയ സ്ഥലം ശ്രീ. കോവൂരിന്നു് ഇതിനായി ഉപയോഗപ്പെടുത്തുകയും ചെയ്യാമായിരുന്നു. ഒരുവിധം ഇത്തരത്തിലുള്ള അസാധാരണ പ്ലോട്ടിന്റെ സാന്നിദ്ധ്യത്തിലും പാത്രസൃഷ്ടിയുടെ മേന്മ മുഖേന ഒരു ചെറുകഥയെ നല്ലതായ ഒന്നാക്കാൻ മനസ്സുവെച്ചാൽ സാധിക്കുമെന്നു് എച്ച്. ഈ. ബേറ്റ്സി ന്റെ ‘കിമോനോ’ എന്ന കുപ്രസിദ്ധ ഇംഗ്ലീഷ് ചെറുകഥ സ്ഥാപിക്കുന്നുമുണ്ടു്.

പഴഞ്ചൻ നീതികഥകളുടെ (മോറൽ ടെയിൽസ്) ആധുനികരൂപവും, തത്വജ്ഞാനപരമായ ഒരു അവസാനത്തോടുകൂടിയതുമായ രണ്ടു പ്ലോട്ടുകഥകളാണു് ‘ബ്ളാക്ക്മാർക്കറ്റ്’, ‘പൂജ്യത്തിലേയ്ക്കു്’ എന്നിവ. ‘കള്ളപ്പക്കാരി’യിലും ഈ തത്ത്വജ്ഞാനപ്പോക്കിനെ ഒരു നേരിയ രൂപത്തിൽ കാണാം. പാപം ചെയ്യുന്നവനു് ഈ ലോകത്തുവച്ചുതന്നെ ദൈവശിക്ഷ അനുഭവിക്കേണ്ടിവരുമെന്നു ‘ബ്ളാക്ക്മാർക്കറ്റും’, ധനമുള്ളവനു സുഖമുണ്ടാകുന്നതല്ലെന്നു ‘പൂജ്യത്തിലേയ്ക്കു്’ എന്നതും പഠിപ്പിക്കുന്നു. ‘കുറ്റാലത്തുവച്ചു്’ എന്നതു് ഒരു വെറും സാധാരണ പ്ലോട്ടുകഥയാണു്. ഡിസ്സ്മിസ്സ് ചെയ്യപ്പെട്ട പൊലീസ് ഇൻസ്പെക്ടർ ഗോവിന്ദൻകുട്ടി മഹാവീരകൃത്യങ്ങൾ ചെയ്യുന്നതും, കേട്ടതെല്ലാം അതുപടി വിഴുങ്ങുന്ന പൊട്ടിപ്പെണ്ണായ വിശാലാക്ഷിയുടെ വാസ്തവികത്വവും വായനക്കാർക്കു വിശ്വസിക്കുവാൻ വേണ്ട സംഗതികൾ ഗ്രന്ഥകാരൻ കഥയിൽ കൊണ്ടുവന്നിട്ടില്ല. ഒരുവിധത്തിൽ ഇതുപോലെയുള്ള ഒരു ആശയത്തിൽ കെട്ടിപ്പടുത്തിട്ടുള്ള തോമസ് ഹാർഡി യുടെ ‘എ ചെയിഞ്ച്ഡ് മാൻ’ എന്ന ചെറുകഥ ഇത്തരം കഥകളെ ശ്രേഷ്ഠമായ പാത്രസൃഷ്ടിക്കഥകളുംകൂടിയാക്കി രൂപാന്തരപ്പെടുത്തുന്നതിനുള്ള സാങ്കേതികമാർഗ്ഗം പ്രസ്പഷ്ടമാക്കീട്ടുമുണ്ടു്.
‘അഭിനവകുചേലനി’ൽ നായകൻ കൊച്ചുതൊമ്മന്റെ ചിത്രമല്ല, എക്സൈസ് പ്യൂൺ ‘തീവട്ടി’ പപ്പുപിള്ളയുടെ ചിത്രമാണു് അസ്സലായിട്ടുള്ളതു്. ഉദ്യോഗസ്ഥലോകത്തെ അഭിമുഖീകരിക്കുമ്പോൾ നട്ടെല്ലില്ലായ്മയുടെ പാരമ്യം കാണിക്കുന്നതിന്നു പേരെടുത്തിട്ടുള്ള തിരുവിതാംകൂർ ജനസാമാന്യത്തിന്റെ സ്വഭാവത്തിൽനിന്നു വ്യതിചലിച്ചിട്ടുള്ളതു നിമിത്തമാണു് ഏറിയകൂറും കൊച്ചുതൊമ്മന്നു ഒരു വ്യക്തിമുദ്ര സിദ്ധിക്കുന്നതു്. ഇതു ഗ്രന്ഥകാരൻ തന്നെ ചൂണ്ടിക്കാണിച്ചിട്ടുമുണ്ടു്. “ഉദ്യോഗസ്ഥമൃഗശാലയിൽ, ശമ്പളം കറയുന്നതനുസരിച്ചാണു് തണ്ടു കൂടുന്നതെ”ന്നുള്ള പരമാർത്ഥം ശ്രീ. കോവൂർ ഈ കഥയിൽ പ്രസ്താവിച്ചിരിക്കുന്നു. പക്ഷേ, ചിറ്റുദ്യോഗസ്ഥന്മാരോടു ഉയർന്ന ഉദ്യോഗസ്ഥന്മാർ കാട്ടുന്ന തണ്ടിനു മറുമരുന്നായിട്ടാണു് അവർ ജനസാമാന്യത്തോടു തണ്ടുകാട്ടാറുള്ളതെന്ന പരമാർത്ഥം ഗ്രന്ഥകാരൻ വിസ്മരിച്ചു കളഞ്ഞതു് എന്തുകൊണ്ടാണാവോ?

ഗോഗോളി ന്റെ സുപ്രസിദ്ധമായ ‘ദി ക്ലോക്ക്’ എന്ന ദീർഘ ചെറുകഥയെ ചില കാര്യങ്ങളിൽ സ്മരിപ്പിക്കുന്ന ഉത്തമകഥയാണു് ഒടുവിലത്തേതായ ‘ട്വന്റ ി-ടു-ട്വന്റ ി ഫൈവ്’ എന്നതു്. എന്നാൽ ആ റഷ്യൻകഥയിലെ നായകനായ ചിറ്റുദ്യോഗസ്ഥൻ അകാകി അകാകിയേവിച്ചിനോടു ഗോഗോൾ കാണിച്ചിട്ടുളള കരുണയുടെ ഒരംശം പോലും ശ്രീ: കോവൂർ പ്രസ്തുത കഥയിലെ നായകനായ അഞ്ചൽ ക്ലാർക്ക് ചെല്ലൻപിള്ളയോടു കാണിച്ചിട്ടില്ല. ഇത്ര ഭംഗിയായി ഭാഷയിലെ മറ്റൊരു സാഹിത്യകാരനും ഒരു ചിറ്റുദ്യോഗസ്ഥന്റെ പടം വരച്ചിട്ടുണ്ടോ എന്നുള്ള കാര്യം സംശയമാണു്. പാത്രസൃഷ്ടിപാടവത്തിന്റെ ഒരു മകുടോദാഹരണമാണു് ഈ കഥ. ഫലിതസാമർത്ഥ്യം കാണിക്കുവാനുള്ള ആവേശത്തിൽ താൻ ഒരു ചെറുകഥയാണു് രചിക്കുന്നതെന്നുള്ള കാര്യം മറന്നു കാടുകേറി അനാവശ്യവർണ്ണനകളും, ഉപാഖ്യാനങ്ങളും കഥയിൽ വലിച്ചുകൊണ്ടുവരുന്ന പതിവു് ശ്രീ: കോവൂർ ഈ കഥയിൽ ഉപേക്ഷിച്ചിരിക്കുന്നു. ചെല്ലൻപിള്ളയുടെ ഭാര്യ കാമാക്ഷിയുടെ പാത്രസൃഷ്ടിയും നന്നായിട്ടുണ്ടു്.
ഗ്രന്ഥകർത്താ: ഈ. എം. കോവൂർ.
(ഈ. എം. കോവൂരിന്റെ റൊമാന്റിക്ക് ചെറുകഥകൾക്കു് കേസരി ബാലകൃഷ്ണപിള്ള എഴുതിയ നിരൂപണം.)