images/La_Cosecha_del_cacao_Diego_Rivera.jpg
La Cosecha del cacao, a painting by Diego Rivera (na).
കാന്റോ ജനറലും നെരൂദയുടെ ആരോഹണവും
കെജിഎസ്

സ്നേഹിതരേ,

images/Mural_David_Alfaro_Siqueiros_en_el_Tecpan_Tlatelolco.jpg
David Alfaro Siqueiros: Cuauhtémoc against the myth (Courtsey: Wikimedia)

ചുള്ളിക്കാടു് ഒരു മാസം മുൻപു് ഈ ശില്പശാലയുടെ കാര്യം പറഞ്ഞു. ക്ലാസ്സിക്കുകളെപ്പറ്റി വി. ജി. തമ്പിയുമൊത്തു് കേരളവർമ്മയിലെ വൈഖരിയിൽ നടത്തുന്ന കാര്യം. എന്നോടു് ‘കാന്റോ ജനറൽ’ പറഞ്ഞാൽ കൊള്ളാമെന്നു് ആവശ്യപ്പെട്ടു. സന്തോഷം. ഞാൻ വീട്ടിലെത്തി ‘കാന്റോ ജനറൽ’ തപ്പിത്തുടങ്ങി. കുറെ നാളായി കാന്റോ ജനറലും ഞാനുമായി സമ്പർക്കമൊന്നുമില്ല. ബാലൻ വിളിക്കുന്നതിനു കുറച്ചു ദിവസങ്ങൾക്കുമുമ്പു് ‘പോയംസ് ഓഫ് പാബ്ലോ നെരൂദ’ എന്ന സമാഹാരം വായിച്ചിരുന്നു. ഇലാൻ സ്റ്റാവൻസ് എഡിറ്റ് ചെയ്തതു്. മൂന്നു് പതിറ്റാണ്ടിനപ്പുറം നമ്മെ വിസ്മയിപ്പിച്ചിരുന്ന ആ കവിതയ്ക്കു് അന്നത്തെ ഊർജ്ജം ഇപ്പോഴില്ലെന്നു തോന്നി. യൂറോപ്യൻ ആധുനികതയിലെ പല മഹാകവികളും തന്നിരുന്നതിൽനിന്നു് തീർത്തും വ്യത്യസ്തമായിരുന്നു നെരൂദ യുടെ കവിതകൾ തന്ന അനുഭവപ്രപഞ്ചം. ജീവിതസ്നേഹത്തിന്റെ പുതിയ വിസ്തൃതിയും പുതുഗഹനതയും അത്യപൂർവമായ ഭാവ-ബിംബ ബഹുലതയും അനുഭൂതികളിൽ ഉണർന്നാടുന്ന ചരിത്രവും ചരാചര മഹാപാരമ്പര്യത്തിന്റെ വലിയ തുടർച്ചകളും വളർച്ചകളും മനുഷ്യനിൽ വായിക്കുന്ന ദർശനവും കെടാത്ത പ്രത്യാശയുംവഴി ആ കവിത നമ്മിൽ പുതുകാലവും മൂന്നാം ലോക സൗന്ദര്യകലാപങ്ങളും കോരിച്ചൊരിഞ്ഞു. ജീവിതത്തോടും സ്വാതന്ത്ര്യത്തോടും നീതിയോടും പ്രപഞ്ചത്തോടുമുള്ള ജീവന്റെ ആസ്ഥ കൂടുതൽ തീവ്രതരമാക്കി. നാം ജീവിക്കുന്ന ജീവിതത്തിന്മേലുള്ള നമ്മുടെ പിടി അതു കൂടുതൽ മുറുകിയതാക്കി. നമ്മുടെ രാഷ്ട്രീയദിശാബോധത്തെയും കാവ്യഭാവുകത്വത്തെയും അതു് അഗാധമായി അന്വയിച്ചു. നവീകരിച്ചു. ഐന്ദ്രിയവും വൈകാരികവും ദാർശനികവുമായ പുതിയൊരർത്ഥവും ആത്മവിശ്വാസവുമായി നെരൂദ നമ്മുടെ ഏതു് ദൈനംദിനാനുഭവത്തിലേക്കും കൂട്ടുവന്നു. തക്കാളിയുടെയോ മത്തന്റെയോ കോട്ടിന്റേയോ കയ്പ്പിന്റെയോ മധുരത്തിന്റെയോ ആറുകളുടേയോ പ്രണയത്തിന്റെയോ മഴയുടേയോ സ്ഥലനാമങ്ങളുടേയോ തെളിമയോടെ. നിരർത്ഥകതയുടെ ഇരുട്ടും കയ്പ്പും വാക്കിൽ കുരുങ്ങിനിന്ന യൂറോപ്യൻ ആധുനികതയുടെ അനുഭവത്തിൽനിന്നു് തീർത്തും വ്യത്യസ്തം. ഈ ലാറ്റിനമേരിക്കൻ കവിയുടെ വാക്കിൽനിന്നു കിട്ടിയ സ്നേഹംനിറഞ്ഞ ഉന്മേഷം എന്റെ തലമുറയ്ക്കു് അപൂർവമായ ഉത്തേജനമായിരുന്നു. ആ നെരൂദ ഇപ്പോൾ മങ്ങിയിട്ടുണ്ടെന്നു തോന്നി. പുതിയ വായനയിൽ. മങ്ങൽ നെരൂദയുടെയോ നമ്മുടെയോ? എന്നും പുതുക്കപ്പെടുന്നതിലെ ജാഗ്രതയ്ക്കു പകരം തൃപ്തിയുടെ ഭാവുകത്വ വ്യവസ്ഥയിലേക്കു് നാം ജഡീകരിക്കപ്പെട്ടോ?

ഇടതുപക്ഷ സാഹോദര്യത്തിന്റെ പശ്ചാത്തലം
images/Pablo_Neruda.jpg
പാബ്ലോ നെരൂദ

ചുള്ളിക്കാടിനോടു സമ്മതിക്കുമ്പോഴും ഈ തോന്നലെല്ലാം എന്നെ അലട്ടുന്നുണ്ടായിരുന്നു. ‘കാന്റോ ജനറൽ’ കണ്ടുകിട്ടിയതുമില്ല. എവിടെപ്പോയെന്നു് തിട്ടമില്ല. ഊഹംവെച്ചു കൊണ്ടുപോയ ആളെ പിടികൂടി. അദ്ദേഹം പറഞ്ഞു, അതു് ഞാൻ അന്നേ തിരിച്ചുതന്നെന്നു്. ഞാൻ നിസ്സഹായനായി. സത്യമായും അങ്ങനെ അജ്ഞേയതയിൽപ്പോയി മറയാനുള്ളതും കൂടിയാണു് ഏതു പുസ്തകവും. ബംഗലുരു, കൊച്ചി, കോട്ടയം, തിരുവനന്തപുരം, ഡൽഹി, ബോംബെ തുടങ്ങി ഒരുപാടു് പുസ്തകശാലകളിലും ലൈബ്രറികളിലുമൊക്കെ അന്വേഷിച്ചു. ഇന്റർനെറ്റിൽ പലപാടു് തപ്പി. അതിനു് ഗോപീകൃഷ്ണൻ സഹായിച്ചു. അവസാനം പുസ്തകങ്ങളെ അത്രയ്ക്കു് സ്നേഹിക്കുന്ന വൈക്കം മുരളിയെ വിളിച്ചു: ‘കാന്റോ ജനറൽ’ കിട്ടാൻ എന്താ വഴി? മുരളി പറഞ്ഞു: ‘ഞാൻ തരാല്ലോ.’ അങ്ങനെ രണ്ടാഴ്ചയ്ക്കു മുമ്പു് കാന്റോ ജനറൽ വീണ്ടും എന്റെ കൈയിൽ വന്നു. ജാക് ഷ്മിറ്റിന്റെ ഇംഗ്ലീഷ് വിവർത്തനം. മുരളി പറഞ്ഞു: വേറേ ആരെക്കൊണ്ടും തൊടീക്കാൻ പാടില്ല. ഫോട്ടോസ്റ്റാറ്റെടുക്കാൻ പാടില്ല. അധികം മലർത്താതെ ഇത്രേ തുറക്കാവൂ. ഇങ്ങനെ ഒരുപാടു് പഥ്യങ്ങൾ നിർദ്ദേശിച്ചു. വളരെ നന്ദിയുണ്ടു് വൈക്കം മുരളിയോടു്. പറഞ്ഞ പഥ്യങ്ങളൊക്കെ ഇതുവരെ ഞാൻ പാലിച്ചിട്ടുണ്ടു്.

images/CantoGeneral.jpg
കാന്റോ ജനറലിന്റെ ഒന്നാം പതിപ്പിന്റെ മുഖചിത്രം.

പാബ്ലോ നെരൂദ ഒരു പ്രധാന കവിയായി ഇന്ത്യയിൽ തിരിച്ചറിയപ്പെട്ടു തുടങ്ങിയതു് മൂന്നാം ലോക അവസ്ഥാവിവേകത്തോടു ചേർന്നുണ്ടായ രാഷ്ട്രീയ-സാംസ്കാരിക-ഭാവുകത്വസന്ദർഭത്തിലാണു്. പുതുമുതലാളിത്തത്തിനും ഫാസിസത്തിനുമെതിരായ പ്രതിരോധ ജനാധിപത്യം ലോകത്തു് പുതിയൊരു ഇടതുപക്ഷ ന്യൂ ലെഫ്റ്റ് (New Left) സാഹോദര്യമായി വ്യാപിക്കുന്ന സന്ദർഭം. കോളനിവിരുദ്ധസമരങ്ങൾ ദേശീയ സ്വാതന്ത്ര്യത്തിന്റെ ഘട്ടത്തിലെത്തി ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും ഉൾപ്പെടെയുള്ള പല രാജ്യങ്ങളിൽ. ചൈനയിൽ വിപ്ലവം വിജയിച്ചു. ലാറ്റിനമേരിക്കൻ നാടുകളിലും രാഷ്ട്രീയ പരിവർത്തനങ്ങൾ ത്വരിതപ്പെട്ടുകഴിഞ്ഞിരുന്നു. ഒന്നാം ലോകയുദ്ധത്തെക്കാളും മെക്സിക്കൻ വിപ്ലവത്തെക്കാളും ലാറ്റിനമേരിക്കൻ കവിതയെ അഗാധമായി ഉലച്ചതും ഉടച്ചുവാർത്തതും സ്പെയിനിലെ ആഭ്യന്തരയുദ്ധമായിരുന്നു. ‘കാന്റോ ജനറലി’നെപ്പറ്റി പറയാമെന്നേറ്റപ്പോൾ തോന്നിയിരുന്ന എളുപ്പവിചാരം ഈ പുസ്തകത്തിലൂടെ വീണ്ടും വീണ്ടും കടന്നുപോയപ്പോൾ നഷ്ടപ്പെട്ടു. നെരൂദ മങ്ങിയിട്ടില്ലെന്നു് മനസ്സിലായി. ആഗോളവൽക്കരണത്തിന്റെ രാജ്യസന്ദർഭത്തിലും അരാഷ്ട്രീയതയുടെ കാവ്യസന്ദർഭത്തിലും നെരൂദയുടെ കവിതകളിലെ തീക്ഷ്ണരാഷ്ട്രീയതയും ക്ഷോഭവും യുദ്ധപ്പുറപ്പാടും പ്രണയവും ഇന്നു് പുതുതായി വായിക്കപ്പെടും. അതു് നേരിടലിന്റെ കവിത. യേറ്റ്സ് സാക്ഷിയായ ഭീകരമായ സൗന്ദര്യത്തിന്റെ (A terrible beauty is born) തീവ്രഗണത്തിൽ അവ ഇന്നു് കൂടുതൽ അനുഭവപ്പെടും.

images/kgs-Borges.jpg
ബോർഹെസ്

വീണ്ടും വീണ്ടും വായിക്കപ്പെടുന്ന കവി മഹാകവി. പല തലമുറകളുടെ ഓർമ്മയിൽ കത്തിനിൽക്കും ഒരു മഹാകവി. ഓരോ പുതുവായനയിലും പുതുതായനുഭവപ്പെടുന്ന കാവ്യം ഇതിഹാസം. ’70-കളിലെ നെരൂദയല്ല ഇന്നത്തെ ‘കാന്റോ ജനറൽ’ വായനയിൽ നാമനുഭവിക്കുന്ന നെരൂദ. പണ്ടെന്നത്തെക്കാളും ജീവന്റെ ഉത്സവങ്ങളോടെ. പ്രകൃതിയിലെ അഭയത്തിന്റെയും അതിജീവനത്തിന്റെയും സൂക്ഷ്മഹരങ്ങളോടെ. മനുഷ്യനിർഭരതയോടെ. സംസ്കാര/രാഷ്ട്രീയ മിഴിവോടെ. ഇന്നു് നെരൂദ ചിലിയുടെ മാത്രമല്ല, പുതിയ അധിനിവേശങ്ങളിൽ ഞെരിയുന്ന, അതിനെ തിരിച്ചറിയുന്ന, അതിനെതിരെ പ്രതിരോധിക്കുന്ന, എല്ലാ രാജ്യങ്ങളുടെയും മഹാകവി. സ്പാനിഷ് ഭാഷയുടെ മാത്രമല്ല, എല്ലാ ഭാഷകളുടെയും മഹാകവി. ഇപ്പോൾ ചുള്ളിക്കാടു് നെരൂദയെ മൂന്നാംലോക ആധുനികതയുടെ മഹാപ്രതിനിധി എന്നു് വിശേഷിപ്പിച്ചല്ലോ. പ്രധാനമാണതു്. നെരൂദയിൽനിന്നു് ഇന്നു കിട്ടുന്ന പുതിയ അനുഭവമണ്ഡലത്തിന്റെയും പ്രതിരോധദർശനത്തിന്റെയും പ്രസക്തിയെക്കുറിച്ചുള്ള ഓർമ്മിപ്പിക്കലാണതു്. യുദ്ധാനന്തര യൂറോപ്പു് പ്രത്യാശയും അതിജീവനസാധ്യതകളുടെ കാഴ്ചയും നഷ്ടപ്പെട്ടു് അസ്തിത്വഗ്ലാനിയിൽ ഇരുണ്ടാഴ്‌ന്നപ്പോൾ നെരൂദയോ ബോർഹെസോ പാസോ മാർക്വേസോ ഫ്യൂവെന്റെ യോ അയ്മെ സെസയറോ ഫാനനോ സെങ്കോറോ പ്രധാനപ്പെട്ട മറ്റേതെങ്കിലും മൂന്നാം ലോക കവിയോ നിരർത്ഥകതയിലേക്കങ്ങനെ വീണു പോയില്ല. പുതിയൊരു പ്രത്യാശയുടെയും നേരിടലിന്റെയും സ്വത്വാന്വേഷണത്തിന്റെയും തുടക്കം ലാറ്റിനമേരിക്കൻ/ ആഫ്രിക്കൻ എഴുത്തിൽ വെളിവായി.

images/kgs-Fuentes.jpg images/kgs-AimeCesaire.jpg images/kgs-Fanon.jpg images/kgs-Senghor.jpg
(ഇടതുനിന്നു്) ഫ്യൂവെന്റെ, അയ്മെ സെസയർ, ഫാനൻ, സെങ്കോർ

പീഡിതലോകത്തിന്റെ മൃത്യുഞ്ജയം
images/OctavioPaz.jpg
ഒക്ടാവിയോ പാസ്

മനുഷ്യവംശത്തോടു് യൂറോപ്പും അതിന്റെ ഹിംസോന്മത്തമായ നാഗരികതയും ചെയ്തുകൂട്ടിയ തെറ്റുകൾക്കെതിരെ പുതിയൊരു മാനവികതയുടെ ഉദയമുണ്ടായതു് മൂന്നാംലോക സർഗ്ഗാത്മകതയിലാണു്. അയ്മേ സെസയറിന്റെയും ഫാനന്റെയും നേതൃത്വത്തിൽ കറുപ്പിന്റെ വിമോചനപ്രത്യയശാസ്ത്രവും സൗന്ദര്യശാസ്ത്രവുമായി കാപ്പിരീയതയുടെ കണ്ടെത്തലായി. നെഗ്രിറ്റ്യൂഡ്–കാപ്പിരീയത /കാളിമ/കറുപ്പിന്റെ ഉണ്മ—ഇന്നു് സെസയറിന്റെ പേരിന്റെ ഭാഗമാണു്.

“My negritude is not a stone, its deafness hurled against the clamour of the day… my negritude is neither tower nor cathedral” (Note book of a return to my native land).

“മണ്ണിന്റെ ചുടുമാംസത്തിലാണതിന്റെ വേരു്. തടയാനാവാത്ത കരുത്തുമായി എല്ലാ പതനങ്ങളെയും തുളച്ചു കടന്നു് പോകുന്ന വേരു്.”

images/kgs-YoungNeruda.jpg
നെരൂദ ചെറുപ്പത്തിൽ

നെരൂദയുടെയും പാസിന്റെയും വയഹോയുടെയും ഗിയന്റെയുമൊക്കെ നേതൃത്വത്തിൽ ലാറ്റിനമേരിക്കൻ സ്വത്വങ്ങളുടെ വീണ്ടെടുപ്പുണ്ടായി. അർജന്റീനിയൻ, ബ്രസീലിയൻ, ചിലിയൻ തുടങ്ങിയ ദേശീയസ്വത്വങ്ങൾ. സ്പാനിഷ് അധിനിവേശത്തിനെതിരായ ദേശീയ രാഷ്ട്രീയത്തിന്റെയും സാംസ്കാരികമായ ഉയിർത്തെഴുന്നേല്പിന്റെയും കാലത്തു്, സറിയലിസ മുൾപ്പെടെയുള്ള ആധുനിക കലാപ്രസ്ഥാനങ്ങളിലെ പ്രതിരോധ സാദ്ധ്യതകളുടെ കണ്ടെത്തലും പ്രയോഗവുമായി അതു്. പ്രതിരോധരാഷ്ട്രീയവും ആധുനിക കലാപാരമ്പര്യങ്ങളിലെ വിനിമയവൈഭവങ്ങളും തമ്മിലിണക്കി. അവരവരുടെ ദേശീയ കലാസാഹിത്യത്തിന്റെ പരമ്പരാഗത രൂപങ്ങളെ ഭാവുകത്വപരമായി ഉയർത്തി. നീതിയോടു് ആഭിമുഖ്യം വളർത്തി. ഇങ്ങനെ ഒരു പ്രതിസംസ്കാരത്തിന്റെ ജനകീയവും അഗാധവും സമകാലികവും ഭൗതികവുമായ ജാഗ്രത പാകി. അവയുടെ രാഷ്ട്രീയസത്യവും സൂക്ഷ്മവശ്യതകളും മൂന്നാം ലോക ആധുനികതയുടെ ആധാരങ്ങളായി. ദുഃസ്വപ്നാത്മകമായ ഒരു സർറിയലിസ്റ്റു് കാലത്തിൽ നിന്നു് നെരൂദ വിമുക്തനാവുകയായിരുന്നു. അനുതാപത്തിന്റെയും പ്രതിജ്ഞാബദ്ധതയുടെയും രാഷ്ട്രീയകവിതയിലേയ്ക്കു്. ജനങ്ങൾ സഹിക്കുന്ന പീഡനത്തിന്റെയും നിസ്സഹായതയുടെയും പരുഷമായ ആഴങ്ങളുമായി ആത്മൈക്യം നേടിക്കൊണ്ടായിരുന്നു അതു്. ഏകാന്തസഹനത്തിന്റെയും ആസക്തിയുടെയും വിഷാദത്തിന്റെയും ഹതാശബിംബങ്ങളുടെ പെയ്ത്തു് നിലച്ചു. ധർമ്മരോഷത്തിന്റെ പുതിയൊരു കവിതാകാലം നെരൂദയിൽ ഉദിച്ചു. രോഷം നെരൂദയുടെ കവിതയെ വാച്യത്തിൽ തളച്ചിട്ടില്ല. പ്രസ്താവനകളുടെയും മുദ്രാവാക്യങ്ങളുടെയും പരപ്പു് ‘കാന്റോ ജനറലി’ലെത്തന്നെ ചില കവിതകളെ കെടുത്തിക്കളഞ്ഞിട്ടുണ്ടു്. അതിന്റെ പേരിൽ ചിലർ ‘കാന്റോ ജനറൽ’ ഒരു മോശം കൃതിയാണെന്നു് ക്ഷോഭിച്ചിട്ടുണ്ടു്. എന്നാൽ, സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെയും രണ്ടാം ലോകയുദ്ധത്തിന്റെയും കൊലയാളി സാഹചര്യത്തിൽ കവിതയ്ക്കു് അങ്ങനെയൊക്കെ വേണ്ടി വരുമെന്നു് പലരും നെരൂദയെ ന്യായീകരിച്ചിട്ടുമുണ്ടു്. അനുഭൂതിയിൽ ചരിത്രവും ചരിത്രത്തിൽ പ്രകൃതിയും പ്രകൃതിയിൽ സംസ്കൃതിയും സംസ്കൃതിയിൽ കവിതയുമാണു് കവിതയിൽ… ഇങ്ങനെയൊരു ചാക്രികചലനത്തിന്റെ അടരുകൾ വലയങ്ങളായി കവിതയിൽ വളരുന്നതു് ഞാൻ കാണാറുണ്ടു്, നെരൂദക്കവിതയുടെ ഓരോ വായനയിലും.

images/Gabriel_Garcia_Marquez.jpg
മാർക്വേസ്

‘സ്പെയിൻ എന്റെ ഹൃദയത്തിലെ’യും ‘കാന്റോ ജനറലി’ലെയും മികച്ച കവിതകൾ ലാറ്റിനമേരിക്കയുടെയും പീഡിതലോകത്തിന്റെയും മൃത്യുഞ്ജയമന്ത്രങ്ങളാണു്. മനുഷ്യന്റെ പതനവും ഉയിർത്തെഴുന്നേല്പുമാണു് അവയുടെ പ്രമേയം. നെരൂദയുടെ കണ്ണിൽ അതാണു് ചരിത്രത്തിന്റെ കേന്ദ്ര അരങ്ങിലെ മുഖ്യ ചലനങ്ങൾ. പ്രണയത്തിന്റെ ഉയരങ്ങളിലും മാക്കുപിക്കുവിന്റെ ഉയരങ്ങളിലും. ഏതനുഭവത്തിന്റേയും പാതാളങ്ങളിലും. തിരിച്ചുവരാൻ വേണ്ടിയുള്ള യാത്രകൾ. നെരൂദയുടെ ഓർമ്മക്കുറിപ്പുകളിൽ ഒരു രാത്രിചിത്രമുണ്ടു്. മറക്കില്ലതു്. കൊടും തണുപ്പുകാലത്തു് ഒരു പാതിരാത്രിയിൽ കുതിരപ്പുറത്തു് ആൻഡിസിലെ മലമ്പാതച്ചുരുളുകളും കൊടുമുടികളും താണ്ടി അർജന്റീനയിലെ സുഹൃത്തുക്കളുടെ അടുത്തേക്കു് അഭയം തേടിപ്പോകുന്ന നെരൂദയുടെയും ഭാര്യയുടേയും ചിത്രം. സ്വേച്ഛാധിപതി വിഡേലയുടെ കാലത്തെ നീതിയുടെ ചിത്രം.

ഏകാന്തതയുടെയും ഇരുട്ടിന്റെയും ചിത്രം. പ്രത്യാശയുടെയും ചിത്രം. കയറ്റങ്ങളും ഇറക്കങ്ങളും വിജനതയും രാത്രിയും വന്യതയും മഥിക്കുന്ന യാത്രകൾ. നെരൂദയുടെ കാവ്യപ്രപഞ്ചത്തിൽ ഞാൻ ആവർത്തിച്ചനുഭവിക്കാറുള്ള ചില ചലനചിത്രങ്ങൾ ഇങ്ങനെയൊക്കെയാണു്. ‘കാന്റോ ജനറലി’ലെ പത്താം കാന്റോയിൽ—ദി ഫ്യൂഗിറ്റിവോയിൽ—വിവരിക്കുന്നതരം പ്രവാസാനുഭവങ്ങളുടെ കാലത്താണു് നെരൂദയുടെ കവിത ഉടലിന്റെ ജൈവതൃഷ്ണകളിൽനിന്നു് ലോകത്തിന്റെ സാംസ്കാരിക/രാഷ്ട്രീയ സമസ്യകളിലേയ്ക്കു് നേടുന്ന ഈ ഉണർവിന്റെ തുടക്കം. 1938-ൽ പ്രസിദ്ധീകരിച്ച ‘സ്പെയിൻ എന്റെ ഹൃദയത്തിൽ’ എന്ന കവിതയിലാണു് നെരൂദയുടെ രാഷ്ട്രീയ പരിണാമത്തിന്റെ ആദ്യവെളിപ്പെടുത്തൽ. കരുത്തും തെളിമയുമുള്ള പുതിയൊരു ഭാഷയിൽ. ‘ചില കാര്യങ്ങളുടെ വിശദീകരണം’ പോലുള്ള നിരവധി കവിതകളിൽ നീതിനിഗ്രഹം തന്നെയാണു് ജനനിഗ്രഹവുമാവുന്നതെന്നതിൽ നെരൂദയ്ക്കു പണ്ടേ സംശയമൊന്നുമില്ലായിരുന്നു. തെരുവിൽ ഓടിക്കളിക്കുന്ന കുഞ്ഞുങ്ങളുടെ ഇളംചോരയ്ക്കു് ലോകത്തോടു പറയാനുള്ളതെന്തെന്നു് നെരൂദയ്ക്കു നല്ല തിട്ടമുണ്ടായിരുന്നു.

images/ErnestHemingway.jpg
ഹെമിങ്വേ

സ്പെയിനിലെ ഞെട്ടിക്കുന്ന അനുഭവങ്ങളും 1938-ലെ മാക്കുപിക്കു സന്ദർശനവും നെരൂദയെ അഗാധമായി ഉലച്ചു. പുതുക്കിയുണർത്തി. സ്പെയ്നാണു് നെരൂദയെ കമ്മ്യൂണിസ്റ്റാക്കിയതു്. മുപ്പതുകളിലെ സ്പെയ്ൻ. ചിലിയുടെ നയതന്ത്രപ്രതിനിധിയായി നെരൂദ ബാഴ്സിലോണയിലുണ്ടായിരുന്നതു് ആഭ്യന്തരകലാപങ്ങളുടെ കാലത്താണു്. സ്വേച്ഛാധിപത്യത്തിന്റെ ഹിംസാത്മകമുഖം നെരൂദ നേരിട്ടു കണ്ടതാണു്. ഫ്രാങ്കോ യുടെ ഫാസിസത്തിനെതിരായി 1936-39 കാലത്തു് നടന്ന മഹാകലാപം. ജനാധിപത്യത്തിനും നീതിവാഴ്ചയ്ക്കും സമാധാനത്തിനുംവേണ്ടി നടന്ന ഏറ്റവും വലിയ കലാപം. ലോകത്തെ ഭൂരിപക്ഷം എഴുത്തുകാരും കലാകാരന്മാരും മനസ്സുകൊണ്ടെങ്കിലും ഇതിൽ പങ്കെടുത്തു. പലരും പൈശാചികമായി പീഡിപ്പിക്കപ്പെട്ടു. ഹെമിങ്വേ, ആർതർ കോയ്സ്ലർ, ജോർജ് ഓർവൽ തുടങ്ങിയവരെല്ലാം ഫ്രാങ്കോയുടെ ഫാസിസത്തിനെതിരായ ഈ യുദ്ധത്തെ പിന്തുണച്ചവരാണു്. ലോർക, ക്രിസ്റ്റൊഫർ കാഡ്വെൽ തുടങ്ങി എത്രയോ ജീനിയസ്സുകളെ ഈ യുദ്ധത്തിൽ സ്പെയ്നിനു നഷ്ടപ്പെട്ടു. സ്വകാര്യതയുടെ തമ്പുകളിൽ നിന്നും വ്യക്തിപരതയിൽ നിന്നും നെരൂദ സാമൂഹ്യമായ തുറസ്സുകളിലേക്കും കടമകളിലേക്കും പരിണമിച്ചു. കമ്മ്യൂണിസം ദൂരെയല്ലാതായി.

images/George_Orwell.jpg
ജോർജ് ഓർവൽ

നെരൂദ കമ്മ്യൂണിസ്റ്റായി. പാർട്ടിയിൽ അംഗമായി. മരണം വരെ കമ്മ്യൂണിസ്റ്റായി തന്നെ ജീവിച്ചു. സിവിൽ വാറിന്റെ സ്വാധീനം സ്പാനിഷ് അമേരിക്കയിൽ ഗംഭീരമായ ബഹുമുഖവിമോചനങ്ങളുടെ രൂപത്തിലായിരുന്നു. കവിതയിലും കഥയിലും കലയിലാകെയും ചോരപുരണ്ട ഒരു വലിയ മ്യൂറൽ ചിത്രം പോലെ കലാപത്തിന്റെയും മാറ്റത്തിന്റെയും പുതുമയുടെയും കാലം നിവർത്തിക്കപ്പെട്ടു.

വിഷാദത്തിൽനിന്നു് പ്രതിരോധത്തിലേയ്ക്കു്
images/kgs-Guillen.jpg
നിക്കോളാസ് ഗിയൻ

ലാറ്റിനമേരിക്കയുടെ ചരിത്രം ‘കാന്റോ ജനറലി’ൽ നെരൂദ കാണുന്നതു് മാർക്സിയൻ ചരിത്രദർശനത്തിലൂടെയാണു്. ആദിമനാളുകൾ മുതൽ കമ്മ്യൂണിസം വരെയുള്ള ചരിത്രത്തിന്റെ രേഖീയ വികാസം. വിഷാദത്തിൽ നിന്നു് പ്രതിരോധത്തിലേക്കും സങ്കല്പത്തിൽ നിന്നു് ചരിത്രത്തിലേക്കും പറക്കാൻ നെരൂദയുടെ പക്ഷികൾ അതോടെ പൂർണ്ണസജ്ജരായി. കവിതയും രാഷ്ട്രീയവും രണ്ടല്ലാതായ ഒരു ഐതിഹാസിക ജീവിതത്തിലായി നെരൂദ. അർജന്റീന, ബ്രസീൽ, ചിലി, മെക്സിക്കോ, പെറു, കൊളംബിയ എന്നിങ്ങനെ പലതായി അറിഞ്ഞിരുന്ന ദേശീയതകളെ ഒരൊറ്റ സ്വത്വബോധത്തിലന്വയിക്കുകയായിരുന്നു നെരൂദയുടെ ദർശനം. ഈ ദർശനമാണു് ‘കാന്റോ ജനറലി’ലേക്കുള്ള നെരൂദയുടെ ആരോഹണത്തിന്റെ ആരംഭം. ‘കാന്റോ ജനറലി’ലേക്കുള്ള ദീർഘയാത്രയുടെ പുറപ്പാടു്. അതിനു പാകത്തിൽ ഒരു ലാറ്റിനമേരിക്കൻ പുരാവൃത്തവും ചരിത്രവും സൃഷ്ടിക്കുകയാണു് കാന്റോ ജനറലിൽ നെരൂദ. ‘ലാറ്റിനമേരിക്കൻ സ്വത്വ’ത്തിന്റെ പുനർനിർവചനം.

images/kgs-Vallejo.jpg
വയഹോ

പുരാണങ്ങളിലൊക്കെ കാണുന്നതുപോലെ ‘കാന്റോ ജനറൽ’ ചരാചരോത്പത്തിയും മനുഷ്യോത്പത്തിയും മുതൽ ഇന്നോളമുള്ള ലോകത്തിന്റെ ഒരു ലാറ്റിൻ അമേരിക്കൻ ബൃഹദ് കഥ. പ്രകൃതിയുടെ ജൈവതാളങ്ങളൊന്നിക്കുന്ന ബൃഹത്തായ ഒരു പരിണാമാഖ്യാനം. ഒരുപാടു് ഉപാഖ്യാനങ്ങൾ നിറഞ്ഞതു്. അത്യപൂർവ്വമായ കാവ്യരൂപസമൃദ്ധിയും ഭാവവിസ്തൃതിയും നിറഞ്ഞതു്. ദേശങ്ങളെയും ദേശാന്തരങ്ങളെയും ഗഹനമായി അറിയുന്നതു്. യുക്തിയും സ്വപ്നവും തമ്മിൽ, മിത്തും ചരിത്രവും തമ്മിൽ, പ്രണയവും നീതിയും തമ്മിൽ, ഒരു സൂക്ഷ്മസന്തുലനം എങ്ങനെ സാധ്യമാക്കാം ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ? യുദ്ധങ്ങളുടെയും കലാപങ്ങളുടെയും വിപ്ലവങ്ങളുടെയും അധിനിവേശമുക്തമായ ദേശീയസ്വത്വാന്വേഷണങ്ങളുടെയും ചരിത്രസന്ദർഭത്തിൽ? ഈ അന്വേഷണങ്ങളുംകൂടിയാണു് ‘കാന്റോ ജനറൽ.’ പാസി ലും യോസ യിലും മാർകേസി ലും വയഹോ യിലും നിക്കൊളാസ് ഗിയനി ലും കാർലോസ് ഫ്യുവന്റേയി ലും പ്രമുഖരായ മറ്റു് ലാറ്റിനമേരിക്കൻ എഴുത്തുകാരിലും കലാകാരന്മാരിലും കാണാം ഇതേ അന്വേഷണം. വ്യത്യസ്തമായ ശൈലികളിലും ആഖ്യാനങ്ങളിലും. അവരുടെ കൃതികളിൽ യൂറോപ്യൻ യുക്തിശക്തികൾ തിരയുന്നതു് വെറുതെയാണു്. ഭ്രമകല്പനകളുടെ ചുവരില്ലാ വീടുകളാണു് പ്രധാനപ്പെട്ട പല ലാറ്റിനമേരിക്കൻ കൃതികളും. മലയാളികളുടെ പുരാവൃത്തനിബിഡമായ ഉപബോധത്തോടു് അവ പുലർത്തുന്നതു് അമ്പരപ്പിക്കുന്ന അടുപ്പവും പൊരുത്തവും. യൂറോപ്യൻ അധിനിവേശത്തിനെതിരായ ലാറ്റിനമേരിക്കൻ പ്രതിരോധസമരങ്ങളിൽ അതിപ്രധാനമായിരുന്നു മഹാപ്രതിഭകളുടെ സർഗ്ഗാത്മകദൗത്യം. സ്വന്തം ദേശീയസ്വത്വത്തിലെ പുരാവൃത്തഖനികളുടെ ഒടുങ്ങാത്ത വൈവിധ്യവും മനസ്സിന്റെ അപാരമായ ജൈവപ്രഭാവവും ഉണർത്തിയാണു് യൂറോപ്യൻ പ്രബുദ്ധതയുടെ യുക്തിദാർഢ്യങ്ങളെയും ആധുനികമായ അനുഭൂതി പരിമിതികളെയും ലാറ്റിനമേരിക്കൻ പ്രതിഭ അതിജീവിച്ചതു്. അതിന്റെ ഏറ്റവും ഉജ്ജ്വലരായ പ്രതിനിധികളിലൊരാളാണു് പാബ്ലോ നെരൂദ.

ഇനി നെരൂദയുടെ ജീവചരിത്രത്തിന്റെ ഒരു ചെറിയ ചിത്രം വേണ്ടിവരും. കാരണം, ‘കാന്റോ ജനറൽ’ നെരൂദയുടെ ആത്മകഥയാണു്. നെരൂദയുടെ ചരിത്രവും ലാറ്റിനമേരിക്കയുടെ ചരിത്രവും മനുഷ്യചരിത്രവും കൂടിയാണതു്. 1904-ൽ തെക്കൻ ചിലിയിലെ മൗലെ പ്രദേശത്തുള്ള ലിനാറെസ് പ്രവിശ്യയിലെ പാറാൽ എന്ന ചെറുപട്ടണത്തിലാണു് നെരൂദ ജനിച്ചതു്. സാന്തിയാഗോയിൽ നിന്നു് മുന്നൂറ്റിയൻപതു് കിലോമീറ്ററോളം തെക്കു്. നെരൂദയുടെ അച്ഛൻ ജോസെ ദെയ് കാർമെൻ റെയെസ് മൊറാലെ റയിൽപ്പാളങ്ങൾ പണിയുന്ന ഒരു തൊഴിലാളി. അമ്മ റോസാ ബസായ്തോ. ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപിക. നെരൂദ ജനിച്ചു് രണ്ടു മാസം തികയുന്നതിനു മുമ്പു് അമ്മ മരിച്ചു. കടുത്ത ക്ഷയരോഗം മൂലം. അമ്മയുടെ ഒരു ഫോട്ടോ കുട്ടിക്കാലത്തൊരിക്കൽ ഒരാൽബത്തിൽ കണ്ടതിനെപ്പറ്റി നെരൂദ ഓർമ്മിക്കുന്നുണ്ടു്. കറുത്ത ഗൗൺ ധരിച്ച അമ്മയുടെ മെലിഞ്ഞ രൂപം. ദൂരെയെവിടേക്കോ നോക്കുന്ന കണ്ണുകൾ. അമ്മ കവിതകളെഴുതുമായിരുന്നു എന്നു് നെരൂദ കേട്ടിട്ടുണ്ടു്. ഒരെണ്ണം പോലും നെരൂദയ്ക്കു് കാണാൻ കഴിഞ്ഞിട്ടില്ല. കണ്ടിട്ടില്ലാത്ത അമ്മ കണ്ട അമ്മയെക്കാൾ ദേവത. ആദ്യ രണ്ടു വർഷം കുഞ്ഞു നെരൂദയെ അച്ഛൻ വളർത്തി. റെക്കാഡോ എലീസർ നെഫതാലി റെയെസ് ബസാൽതോ എന്നായിരുന്നു നെരൂദയുടെ അന്നത്തെ പേരു്. നീണ്ട പേരു്. ‘കാന്റോ ജനറലി’ലുള്ളതൊക്കെ ഈ നീണ്ട പേരിലുമുണ്ടാവുമെന്നെനിക്കു തോന്നാറുണ്ടു്. പിക്കാസ്സോയുടെ പേരു് ഒരു പാരഗ്രാഫ് എഴുതാനുണ്ടു്. സ്പാനിഷ് പേരുകളങ്ങനെയാണു്. വന്ന വഴി പറയും.

images/Federico_Lorca.jpg
ലോർക

രണ്ടു വർഷം കഴിഞ്ഞു് അച്ഛനും മകനും പാറാലിൽ നിന്നു് താമസം മാറി. 1906-ൽ. ചിലിയിൽ തന്നെ. കുറെക്കൂടി തെക്കു്. വലിയ മഴക്കാടുകളും കൊടുംകാടുകളും നിറഞ്ഞ ടെമുകോ എന്ന സ്ഥലത്തേക്കു്. ഇവിടെ നെരൂദയുടെ അച്ഛൻ രണ്ടാമതൊരു വിവാഹം കഴിച്ചു. ട്രിനിദാദ് കാൻഡിയാ മർവേദയെ. അവരിൽ അദ്ദേഹത്തിനു് ഒമ്പതു് വയസ്സുള്ള ഒരു മകനുണ്ടായിരുന്നു. റുഡോൾഫോ, എന്നു് ചിലർ ജീവചരിത്രക്കുറിപ്പുകളിൽ പഴിപറയുംപോലെ കാണുന്നു. അനിയത്തി ലോറയോടൊപ്പമുള്ള കുട്ടിക്കാലച്ചിത്രങ്ങൾ നെരൂദയുടെ ഓർമ്മക്കുറിപ്പുകളിൽ കാണാം. കടലിൽ കുളിച്ചതും മരണത്തിന്റെ കടൽക്കൊടുമുടിയിലേക്കു് ഒരു തിര വന്നു് അവരെ വലിച്ചെറിയുന്നതിൽ നിന്നു് രക്ഷപ്പെട്ടതും മറ്റും. അവളാകട്ടെ നെരൂദയുടെ അച്ഛനു് മൂന്നാമതൊരു സ്ത്രീയിലുണ്ടായ കുട്ടിയാണെന്നും കാണുന്നു. റുഡോൾഫിനെപ്പറ്റി കൂടുതലെന്തെങ്കിലും കണ്ടതായി ഞാനോർക്കുന്നില്ല.

നെരൂദയുടെ രണ്ടാനമ്മ വളരെ നല്ലൊരു സ്ത്രീയായിരുന്നു. അങ്ങേയറ്റം ആർദ്രമനസ്സായ ഒരു സ്ത്രീ. ബാല്യത്തിൽ തന്നെ സംരക്ഷിച്ച മാലാഖയെന്നാണു് നെരൂദ പില്ക്കാലത്തു് അവരെ ഓർക്കുന്നതു്, ഈ പോറ്റമ്മയെ. അവരാണു് ഈ ഭൂമി ഇത്ര മനോഹരമാണെന്നു്, ജീവിതം ഇത്രമേൽ പ്രിയപ്പെട്ടതാണെന്നൊക്കെ നെരൂദയെ ആദ്യം അനുഭവിപ്പിക്കുന്നതു്. വലിയ ദൂരങ്ങൾ നെരൂദയ്ക്കു് കാട്ടിക്കൊടുക്കുന്നതു്. കടലിലേക്കും അവസാനിക്കാത്ത കഥകളിലേക്കും നെരൂദയുടെ കണ്ണും കാതും മനസ്സും എത്തിക്കുന്നതു്. ചില തിരമാലകളിൽ ഏകാകികളോടു മാത്രം പറയാനുള്ള കഥകളുമായി മത്സ്യകന്യകമാർ തീരത്തേക്കു് വരാറുണ്ടെന്നു കേട്ടു് കടലിലേക്കു തന്നെ നോക്കിയിരുന്നതു്. ഇവ പ്രകൃതിയെ ധ്യാനിക്കാൻ പഠിക്കലായി.

പുതുകാലത്തിന്റെ പുരാവൃത്തസംഹിതകൾ
images/Mural_La_Nueva_Democracia_Siqueiros_2.jpg
David Alfaro Siqueiros (1945): La Nueva Democracia. A mural (Courtsey: Wikimedia)

അപാരതയെയും ജൈവപ്രകൃതിയുടെ അനന്തവിസ്തൃതിയെയും ചരിത്രത്തിന്റെ അവസാനിക്കലില്ലായ്കയെയും ഉള്ളിലേക്കെടുക്കലായി ആ ബാല്യധ്യാനം നെരൂദയുടെ കവിതയിൽ വളർന്നു കാണാം. കടലിന്റെ മുഴക്കം ഭൂമിയുടെ വലിയ ഹൃദയത്തിന്റെ മിടിപ്പായി നെരൂദ ആദ്യം കേട്ടതു് ടെമുകോയിലെ രണ്ടു കുന്നുകൾക്കു നടുവിൽനിന്നാണു്. അച്ഛനും അമ്മയുംപോലെ രണ്ടു കുന്നുകൾ എന്നാണെനിക്കു തോന്നിയതു് അതു വായിച്ചപ്പോൾ. ടെമുകോയിൽ രാപകൽ മഞ്ഞുകാറ്റു വീശും. മരങ്ങൾ തിങ്ങി നിൽക്കുന്ന, എവിടെയും നിലത്തു് ഇലകൾ വീണുകിടക്കുന്ന, ഏതു കാലൊച്ചയും കരിയിലയിലെ പതിഞ്ഞ ഒച്ചയാവുന്ന, ഏതൊച്ചയും ഏതെങ്കിലുമൊരു ജീവിയുടെ കാലൊച്ചയായിമാറുന്ന, അവയ്ക്കു തമ്മിൽ വ്യത്യാസമുള്ള, അവയിലോരോന്നിലും ഭൂമിക്കടിയിലെ ലോഹനിക്ഷേപത്തിന്റെ മുഴക്കമുള്ള, വിചിത്രഗഹനമായ ദേശമാണു് ടെമുകോ. പ്രകൃതിയുടെ നിശ്ശബ്ദതയിൽനിന്നു് സംഗീതം, സിംഫണി, സൃഷ്ടിച്ചെടുക്കാൻ കഴിയുന്ന ഒരു ജൈവപരിസരം ടെമുകോയിൽ നെരൂദയ്ക്കു് കുട്ടിക്കാലത്തു കിട്ടി. അവിടത്തെ സാധാരണ തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന സ്കൂളിൽ നെരൂദയും പഠിച്ചു. പതിനാറു വയസ്സുവരെ. കൗമാരം മിക്കവാറും അവിടെത്തന്നെ. ഏകാകിയായിക്കഴിഞ്ഞു. ചില കൂട്ടുകാരുണ്ടായിരുന്നിട്ടും. സാമൂഹികമോ മതപരമോ ആയ മാമൂലുകളോ പരിഷ്ക്കാരത്തിന്റെയും പുരോഗതിയുടെയും പേരിലുള്ള അലങ്കോലങ്ങളോ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരിടമായിരുന്നു ടെമുകോ. അതുമൂലം നെരൂദയുടെ പ്രതിഭയെ അതിന്റെ പുലർകാലത്തു് ദമനം ചെയ്യാൻ ഒന്നും വന്നില്ല. പഴമയുടെ ആസുരതകളോ ചെകുത്താന്മാരോ സാംസ്കാരിക/സദാചാര അലോസരങ്ങളോ ഒന്നും. ടെമുകോയിലെ അന്നത്തെ ജീവിതത്തിന്റെ എളിമയിൽ അത്തരം അദൃശ്യകോയ്മകൾക്കൊന്നും ഇടമില്ലായിരുന്നു.

images/Jan_Neruda.jpg
യാൻ നെരൂദ

കാമംപോലെ ജൈവമായ കരുത്തോടെ വികാരവും വാക്കും വരികളും ബിംബങ്ങളും നെരൂദയിൽനിന്നു വന്നു. അനർഗ്ഗളമായി എന്നു് നിസ്സംശയം പറയാവുന്നതരത്തിൽ പ്രതിഭയുടെ സമൃദ്ധതേജസ്സോടെ. പെരുമഴപോലെ. മഴയായിരുന്നു മറക്കാനാവാത്ത ഏറ്റവും ഗഹനമായ ബാല്യകാലസാന്നിധ്യം, ദൈവം, എന്നു് ഓർമ്മക്കുറിപ്പുകളിൽ നെരൂദ പിന്നെ ഓർമ്മിക്കുന്നുണ്ടു്. മഴപോലെ തെളിമ തുളുമ്പുന്നതും മറവിയിൽ വീണുറങ്ങുന്ന വിത്തുകളെ ജീവിതത്തിലേക്കു വിളിച്ചുണർത്തുന്നതും മൺമറഞ്ഞവയെ പുനരുജ്ജീവിപ്പിക്കുന്നതുമായ ഒരു കാവ്യഭാഷയുടെ ജീവശക്തിയിലേക്കു കാവ്യജീവിതത്തിന്റെ തുടക്കത്തിലേതന്നെ നെരൂദയ്ക്കു് എത്തിച്ചേരാൻ കഴിഞ്ഞു. മഴയും കാടുംപോലെ ആ കവിത കൂടുതൽ കൂടുതൽ ഭാവനിബിഡമായി വളർന്നു. നീതിയും പ്രണയവും സ്വാതന്ത്ര്യവും നാളെ പൂത്തുലയാൻ വേണ്ട പുതുവിത്തുകളുടെയും കവിതയുടെയും ഉർവരതയുടെയും പുതിയൊരു പുരാവൃത്തസംഹിത ‘കാന്റോ ജനറലി’ൽ പില്ക്കാലത്തു ഒരുക്കിയതിനു പിന്നിൽ കുട്ടിക്കാലത്തെ ആ പഴയ മഴകളുടെയെല്ലാം കുളിരുകൾ പ്രവർത്തിച്ചിട്ടുണ്ടാവാം. അറുപത്തൊൻപതു കൊല്ലം നെരൂദ ജീവിച്ചിരുന്നു. അതിൽ അമ്പത്തിയഞ്ചു കൊല്ലവും അദ്ദേഹം കവിതയെഴുതി. പ്രകൃതിയുടെ രൂപനിബിഡതയോടും ചരിത്രത്തിലെ ഇച്ഛാസമ്പന്നതയോടും എല്ലാറ്റിലുമുള്ള സൗന്ദര്യം അനുഭവിക്കാനാവുന്ന ഉള്ളുണർവോടും നൈതികജാഗ്രതയോടുംകൂടി.

‘കാന്റോ ജനറലി’ലെ കവിതകളിൽ പ്രകൃതി ഒരു ഗഹനസാന്നിധ്യമാണു്. വിഭവസമൃദ്ധിയായും ആത്മീയധനമായും മനസ്സിന്റെ അമൂർത്തഭൂപടങ്ങളായും പകർന്നാടുന്ന പ്രകൃതി, സംസ്കാരത്തെയും രാഷ്ട്രീയത്തെയും ചരിത്രത്തെയും അനായാസം പ്രതിനിധീകരിക്കുന്നുണ്ടതിൽ. ഉടലിൽ കത്തിപ്പടരുന്ന ജന്മവാസനകളിലേക്കും പ്രണയാഭിനിവേശത്തിലേക്കും അനന്യമാന്ത്രികതയോടെ സാന്ദ്രീകരിക്കപ്പടുന്നുമുണ്ടു്.

images/Paul_Verlaine.png
പോൾ വെർലേയ്ൻ

പതിമൂന്നാം വയസ്സിൽ നെഫ്താലി റെയിസ് എന്ന പേരിൽ ‘ലാമൻനാ’ ദിനപത്രത്തിലെഴുതിയ ഒരു ലേഖനമായിരുന്നു (Enthusiasm and Perseverance) നെരൂദയുടെ സാഹിത്യജീവിതത്തിന്റെ തുടക്കം. ടെമുകോയിലും സാന്റിയാഗോയിലും നെരൂദ ജേർണലിസത്തിൽ സജീവമായിരുന്നു. അച്ഛനിഷ്ടമില്ലായിരുന്നു കവിതയിലും സാഹിത്യത്തിലും നെരൂദ മുഴുകുന്നതു്. അതുകൊണ്ടൊന്നും ജീവിക്കാനാവില്ലല്ലോ എന്നായിരുന്ന പ്രാരബ്ധം നന്നായറിയുന്ന അച്ഛന്റെ ന്യായം. അച്ഛന്റെ അപ്രീതി ഒഴിവാക്കാൻ 1920 ഒക്ടോബറിൽ നെരൂദ സ്വന്തം എഴുത്തുപേർ പാബ്ലോ നെരൂദ എന്നാക്കി. റെക്കാർഡോ എലീസർ നെഫ്താലിയ റെയിസ് ബൊസായ്തോ എന്ന വലിയ പേരു് പാബ്ലോ നെരൂദ എന്നായി. ഫ്രഞ്ച് സിംബലിസ്റ്റ് കവി പോൾ വെർലേയ്നി ലെ പോളാണു് പാബ്ലോയായതു്. ഒരു മാഗസിൻ വായിക്കുന്നതിനിടയിൽ യാദൃച്ഛികമായി കണ്ണിൽപ്പെട്ട ചെക്കോസ്ലോവാക്യൻ എഴുത്തുകാരൻ യാൻ നെരൂദ യുടെ പേരിലെ നെരൂദ നെരൂദയുമായി. അങ്ങനെ ‘പാബ്ലൊ നെരൂദ’ എന്ന പേരിന്റെ സൃഷ്ടി. ഇഷ്ടപ്പെട്ട രണ്ടു പേരെ കൂട്ടിച്ചേർത്തു്. ചെക്കോസ്ലോവാക്യയിലെ ആദ്യസന്ദർശനത്തിൽത്തന്നെ പ്രേഗിലെ യാൻ നെരൂദയുടെ പ്രതിമയ്ക്കു മുന്നിലെത്തി ഒരു പൂവു് വെച്ച കാര്യം നെരൂദ ഓർമ്മിക്കുന്നുണ്ടു്, ‘ഓർമ്മകളി’ൽ.

രതിയും ലോകാഭിമുഖ്യങ്ങളും
images/Gabriela_Mistral.jpg
ഗബ്രിയേല മിസ്ട്രേല

1921-ൽ നെരൂദ സാന്റിയാഗോയിലേക്കു താമസം മാറി. യൂണിവേഴ്സിറ്റി ഓഫ് ചിലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെഡഗോഗികാ എന്ന സ്ഥാപനത്തിൽ ഫ്രഞ്ച് പഠിക്കാൻ ചേർന്നു. നെരൂദയുടെ അന്നത്തെ ഏറ്റവും വലിയ ആഗ്രഹം ഒരു ഫ്രഞ്ച് അധ്യാപകനാവുക എന്നതായിരുന്നു. സ്പാനിഷ് പ്രമാണിമാരെയൊക്കെ വിരട്ടാൻ ഫ്രഞ്ച് അറിയുന്നതു നല്ലതാണു്. ലാവിഷായി ഫ്രഞ്ച് സംസാരിച്ചു് സാന്റിയാഗോയിലെ ഫ്രഞ്ചുസ്കൂളിലെ മാഷായി വിലസാനാണു് അന്നു് നെരൂദ ആഗ്രഹിച്ചതും തയ്യാറായതും. ഇൻസ്റ്റിറ്റ്യൂട്ടിൽ അന്നത്തെ പ്രിൻസിപ്പൽ പില്ക്കാലത്തു നോബൽ സമ്മാനജേതാവായ കവി ഗബ്രിയേല മിസ്ട്രേല യായിരുന്നു. ഉയരം കൂടിയ രൂപം. അവരാണു് പത്തൊമ്പതാം നൂറ്റാണ്ടിലെ മഹാന്മാരായ റഷ്യൻ നോവലിസ്റ്റുകളുടെ ഇതിഹാസരചനകളുമായി നെരൂദയെ പരിചയപ്പെടുത്തുന്നതു്. വളരെക്കുറച്ചേ അവരെ അടുത്തു കാണാനും സംസാരിക്കാനും കഴിഞ്ഞുള്ളൂവെങ്കിലും അവരുടെ പ്രാഭവം നെരൂദയിൽ സ്വാധീനമായി. 1923-ൽ നെരൂദ ആദ്യപുസ്തകം പ്രസിദ്ധീകരിച്ചു, 19-ാമത്തെ വയസ്സിൽ. ഒരു കവിതാസമാഹാരം: ക്രെപസ്കുയേറിയൊ (Book of Twilights). 1920-നും 23-നുമിടയിലെഴുതിയ കവിതകൾ. സ്വന്തം ഏകാന്തതയെ നിർവചിക്കാനുള്ള ശ്രമങ്ങൾ.

images/Ruben_Dario.jpg
റുബേൻ ദാരിയോ

അക്കാലത്തു് റുബേൻ ദാരിയോ യും ഹോസെ മാർടി യും നേതൃത്വം കൊടുത്ത ലാറ്റിനമേരിക്കൻ ആധുനികതയുടെയും അതിന്റെ മുഖ്യകരുത്തായിരുന്ന സിംബലിസ ത്തിന്റെയും സ്വാധീനം നെരൂദയുടെ ഈ ആദ്യകാലകവിതകളിൽ വിമർശകർ കണ്ടിട്ടുണ്ടു്. അതു് യൂറോപ്യൻ ആധുനികതയിൽനിന്നു വ്യത്യസ്തമായിരുന്നു. കാർഷികബിംബങ്ങൾക്കു് പ്രാധാന്യമുള്ള കവിതകളാണിവ. ഇവ എഴുതുന്ന കാലത്തു് നെരൂദ പുഷ്കിൻ, ആന്ദ്രെയേവ്, ദസ്തയേവ്സ്കി തുടങ്ങിയവരെ വായിച്ചു തുടങ്ങിയിരുന്നു. കൗമാരം. പലരോടും പ്രണയം. ‘ആരാദ്യം പറയും’ സിൻഡ്രോം. പ്രണയഭ്രാന്തു്. പലതരം ആസക്തിയും ലജ്ജയും അവിചാരിതമായിവന്ന ചില ശാരീരികാനുഭവങ്ങളും. അതൊക്കെ നെരൂദയിൽ സൃഷ്ടിച്ച ഭാവസമ്മർദ്ദങ്ങളും തുളുമ്പിനിന്നു ആ കവിതകളിൽ. അഡോളസൻസിലൂടെ കടന്നുപോവുന്ന ഏകാകിയായ ഒരാൺകുട്ടി അനുഭവിക്കാനിടയുള്ള സംഘർഷങ്ങളെന്നു പറയാം. അല്ലെങ്കിൽ രതിയും ലോകാഭിമുഖ്യങ്ങളുമെന്നു്. പ്രണയതീവ്രതയും ആദർശാവേശവുമെന്നു്. ആദ്യകാല നെരൂദയിലെ നിറവുകളെന്നു്… ഒരു പത്തൊൻപതുകാരന്റെ ആദ്യകൃതിയെന്നനിലയിൽ അതിനു് ചിലിയിൽ വലിയ പരിഗണന കിട്ടി. എന്നാൽ നെരൂദ അതിൽ അത്ര തൃപ്തനായിരുന്നില്ല. കഴിഞ്ഞുകൂടാനൊരു വഴി എന്നനിലയിൽ ഇക്കാലത്തു് നെരൂദ പത്രങ്ങളിൽ ലേഖനങ്ങളെഴുതി. അനറ്റോളെ ഫ്രാൻസി നെ, റിൽകെ യെ അങ്ങനെയങ്ങനെ പലരെയും അല്പാല്പമൊക്കെ വിവർത്തനം ചെയ്തു. ടോൾസ്റ്റോയ്, ദസ്തയേവ്സ്കി, ചെഖോവ്, തർജ്ജനീവ്, വില്യം ബ്ലേക്, ഷേക്സ്പിയർ. ഉപജീവനത്തിനു് വേറേ വഴി ഉണ്ടായിരുന്നില്ല. അവരുടെ ഇരുണ്ടു് അഗാധമായ ഉൾപ്രപഞ്ചങ്ങളിലേക്കുള്ള സഞ്ചാരങ്ങൾ നെരൂദയെ ആഴത്തിന്റെ അപരിചിതമായ വന്യവിതാനങ്ങളിലേക്കു നയിച്ചു. കവിതകളെക്കാൾ വായിക്കപ്പെട്ടു ഈ കവിയുടെ കാല്പാടുകൾ, നെരൂദയുടെ ഉജ്ജ്വലമായ ഓർമ്മക്കുറിപ്പുകൾ. നെരൂദയുടെ ഏറ്റവും വലിയ ജീവചരിത്രം എഴുതിയ ടിയൽട്ടോ എന്ന സ്പാനിഷ് എഴുത്തുകാരനും ഇതു പറയുന്നുണ്ടു്. ചില പുസ്തകങ്ങൾ നെരൂദ എഡിറ്റ് ചെയ്തു.

images/kgs-Tolstoy.jpg images/kgs-Turgenev.jpg images/kgs-Blake.jpg images/kgs-Shakespeare.jpg
(ഇടതുനിന്നു്) ടോൾസ്റ്റോയ്, തർജ്ജനീവ്, വില്യം ബ്ലേൿ, ഷേൿസ്പീയർ

കമ്മ്യൂണിസ്റ്റിലേക്കുള്ള പരിണാമം
images/twentypoems.jpg

സർറിയലിസത്തിന്റെ സ്വാധീനത്തിൽ ആർഡന്റ് സ്ലിങ്മൻ ആൻഡ് വെൻച്വർ ഓഫ് ദ ഇൻഫിനിറ്റ് മാൻ (Ardent Slingman and venture of the Infinite Man) എന്നൊരു പുസ്തകത്തിന്റെ ചില ഭാഗങ്ങൾ തയ്യാറാക്കി. 1926-ൽ നെരൂദ തന്റെ ഒരേയൊരു നോവലായ ദ ഹാബിറ്റന്റു് ആന്റു് ഹിസു് ഹോപ്പു് (‘The Habitant and his Hope’) എഴുതി. ഇതിനിടെ 1924-ൽ, ഇരുപതാമത്തെ വയസ്സിൽ ട്വന്റ ി ലവ് പോയംസ് ആൻഡ് എ സോങ് ഓഫ് ഡെസ്പയർ (‘Twenty Love Poems and a Song of Despair’) എന്ന കൃതി വന്നു. വസന്തം ചെറിമരത്തോടു ചെയ്തതെല്ലാം യൗവനം നെരൂദയോടു് ചെയ്തതിന്റെ കവിത. അതു് വളരെ പ്രസിദ്ധമായി. സ്പാനിഷ് സംസാരിക്കുന്ന പ്രദേശങ്ങളിലെവിടെയുമുള്ള എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു കവിതാസമാഹാരമായി.

ഇരുപതാമത്തെ വയസ്സിൽ സ്പാനിഷ് സാഹിത്യത്തിൽ ഏറ്റവും അറിയപ്പെടുന്ന ഒരു യുവകവിയായി പാബ്ലോ നെരൂദ. പേരുമാറ്റം അച്ഛനെതിരേ ഒരു പരിച. ഒരു മറ. ഒപ്പം തന്റെ സത്തയ്ക്കു് ലോകത്തേക്കു് ഏറ്റവും വലിയ തുറയും. അന്തർനിരോധനങ്ങളിൽനിന്നെല്ലാം അതോടെ നെരൂദ വിടുതിനേടി. എന്തും കൂസലില്ലാതെ തുറന്നെഴുതി. അതിനദ്ദേഹം സർറിയലിസത്തിന്റെയും സിംബലിസത്തിന്റേയും ആധുനികതയുടെയും സാധ്യതകൾ പരീക്ഷിച്ചു. ട്വന്റ ി ലവ് പോയംസ് ആൻഡ് എ സോങ് ഓഫ് ഡെസ്പയർ യുവത്വത്തിന്റെ കവിതയാണു്. അതിലെ ഒന്നാമത്തെ കവിത അതിമാംസളം. ഇറോട്ടിക് (Erotic). ശൃംഗാര തരളം. രതിപ്രിയം. ആ സമാഹാരത്തിലെ മിക്ക കവിതകളും രതിവിലസിതം. ദ ബോഡി ഓഫ് എവുമൺ (The body of a woman) എന്ന കവിതയ്ക്കു് പരസ്യശത്രുക്കളും രഹസ്യമിത്രങ്ങളും ധാരാളമുണ്ടായി. ജീവിതത്തോടുള്ള തീക്ഷ്ണമായ ഇഷ്ടം, ചിലപ്പോഴതു് വിഷാദഭരിതമാണെങ്കിൽപ്പോലും കാപട്യത്തിനോ പ്യൂറിറ്റനിസത്തിനോ അടിയറവയ്ക്കാൻ ചിന്തിച്ചതേയില്ല

images/Jose_Marti.jpg
ഹോസെ മാർടി

നെരൂദ. ശുദ്ധാശുദ്ധങ്ങളുടെയും ശ്ലീലാശ്ലീലങ്ങളുടെയും യാഥാസ്ഥിതികപരിധികൾക്കു വെളിയിലായിരുന്നു നെരൂദയുടെ മനസ്സു്. പ്രണയവും പ്രണയസന്ദിഗ്ധതയും പ്രണയനഷ്ടവും പ്രണയശൂന്യതയും പ്രണയത്തിന്റെ വിപരീതധ്രുവങ്ങളുമെല്ലാം അതിൽ തിരയടിക്കുന്നു തൃഷ്ണയുടെ സമുദ്രതാളത്തിൽ.

സോങ് ഓഫ് ഡെസ്പെയർ എഴുതിയതു് നെരൂദ റൊമെയ്ൻ റോളാങിന്റെ ജീൻ ക്രിസ്റ്റോഫ് വായിച്ചശേഷമാണു്. കപ്പൽച്ചേതത്തിൽ ബാക്കിയായ ഒരു ലൈഫ് ബോട്ടിന്റെ മൃദുലദേഹത്തു്പറ്റിക്കിടന്നു് എഴുതിയതിന്റെ അനുഭവം പില്ക്കാലത്തു് വിവരിച്ചിട്ടുണ്ടു്. ഏകാന്തതയായിരുന്നു അന്നു് നെരൂദയ്ക്കു് ദാരിദ്ര്യത്തെക്കാളും വലിയ പ്രശ്നം. അതിനെ നേരിടൽ കൂടുതൽ ആഴമുള്ള വെല്ലുവിളി. ഇതുവന്നതോടെ നെരൂദയുടെ ഒരു കവിതയെങ്കിലും പാടാത്ത ഒരു ചെറുപ്പക്കാരനോ, ചെറുപ്പക്കാരിയോ സ്പാനിഷ് ലോകത്തു് ഇല്ലാതായി. നെരൂദ സ്വീകരിക്കപ്പെട്ടു. ഇതു നെരൂദയ്ക്കു് ഇഷ്ടപ്പെട്ട ഒരു കാര്യമായി. ഇന്നു വായിക്കുമ്പോൾ പല വരികളിലും ട്വന്റ ി ലവ് പോയംസ് ആൻഡ് എ സോങ് ഓഫ് ഡെസ്പയർ എന്ന കൃതി ‘കാന്റോ ജനറലി’നെ പ്രവചിക്കുന്നുണ്ടെന്നു തോന്നും. ‘കാന്റോ ജനറലി’ലേക്കുള്ള നെരൂദയുടെ വളർച്ച രാഷ്ട്രീയബോധത്തിലേക്കും ഏതു് പതനത്തിൽനിന്നും മനുഷ്യൻ ഉയിർത്തെഴുന്നേൽക്കുമെന്ന പ്രത്യാശയിലേക്കും ഉള്ള വളർച്ചയാണു്. 1924-ലെ പ്രണയവിവശനും വിഷാദിയുമായ ചിലിയനിൽനിന്നും 1950-ലെ പ്രബുദ്ധ ലാറ്റിനമേരിക്കനിലേക്കും കമ്മ്യൂണിസ്റ്റിലേക്കുമുള്ള നെരൂദയുടേ പരിണാമമാണു് ‘സോങ് ഓഫ് ഡെസ്പെയറി’ൽനിന്നു് ‘കാന്റോ ജനറൽ’ എന്ന ‘സോങ് ഓഫ് ഓൾ’-ലേക്കുള്ള വളർച്ച. ഡെസ്പെയറിനെ അതിജീവിക്കുന്നതു് ഒരാൾ എത്ര കടലുകളും ഭൂഖണ്ഡങ്ങളൂം ഏകാന്തതയും കലാപങ്ങളും ഒളിവിലെ സഹനങ്ങളും കൊടുംതണുപ്പിലും കൂരിരുട്ടിലും ചുറ്റിപ്പടർന്ന എത്രയെത്ര മലമ്പാതകളും കാടുകളും താണ്ടിയിട്ടാണെന്നു കണ്ടു കണ്ടു് നമ്മുടെ സമ്മതമില്ലാതെ തന്നെ നാം പ്രബുദ്ധരായിപ്പോയെന്നുവരും.

images/Alexander_Pushkin.png
പുഷ്കിൻ

‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെഡാഗോഗിക’യിലെ മൂന്നു വർഷത്തെ പരിശീലനം പൂർത്തിയാകുമ്പോഴേക്കും നെരൂദയുടെ കൂടുതൽ കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടു. ചിലിക്കു വെളിയിലേക്കു് നെരൂദയുടെ യശസ്സു് വ്യാപിച്ചു. പക്ഷേ, ദാരിദ്ര്യം അതിലേറെ നെരൂദയുടെ ജീവിതത്തിൽ വ്യാപിച്ചുകഴിഞ്ഞിരുന്നു. അന്നു് ലാറ്റിനമേരിക്കയിൽ സർവ്വരാലും ആദരിക്കപ്പെടുന്ന വ്യക്തികളെ ‘ഡിപ്ലോമാറ്റിസ് സർവീസി’ലേക്കെടുക്കുന്ന ഒരു പതിവുണ്ടായിരുന്നു. ജുനിയർ കോൺസലായിട്ടു്, സീനിയർ കോൺസലായിട്ടു്, കോൺസൽ ജനറലായിട്ടൊക്കെ. 1927-ൽ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ നെരൂദ റങ്കൂണിലെ ചിലിയുടെ കോൺസലായിട്ടു് നിയമിക്കപ്പെട്ടു. അതൊരു ബഹുമതി. അവാർഡുപോലൊക്കെ. ഒരു റെക്കഗ്നിഷൻ. ഒരു ജനത, ഒരു രാജ്യം, ഒരു കവിയെ ആദരിക്കുന്നതാണതു്. പക്ഷേ, ബഹുമതിയേക്കാൾ ദാരിദ്ര്യത്തിൽനിന്നുള്ള വിമോചനപ്രതീക്ഷയായിരുന്നു ഈ നയതന്ത്രജോലി സ്വീകരിക്കാൻ നെരൂദയെ പ്രേരിപ്പിച്ചതു്.

ആത്മാവിനെ വലയംചെയ്യുന്ന ഏകാന്തത
images/Rainer_Maria_Rilke.jpg
റിൽകെ

വളരെക്കാലമായി നെരൂദ ആഗ്രഹിക്കുന്നതാണു് ഒരു ദൂരയാത്ര. പക്ഷേ, റങ്കൂൺ എത്ര ദൂരെ? ഭൂമിശാസ്ത്രം അത്ര പരിചയമില്ലാത്തതുകൊണ്ടു് വിചാരിച്ചു, റങ്കൂൺ ബ്രസീലിൽ എവിടെയെങ്കിലുമായിരിക്കുമെന്നു്. ലാറ്റിനമേരിക്കയിലെവിടെയോ ആണെന്നു്. പിന്നെയാണു് ഭൂപടം പറയുന്നതു് അതു് ഇന്ത്യയ്ക്കും അപ്പുറത്താണെന്നു്. ബർമ്മയിലാണെന്നു്. ദൂരം കൂടുന്തോറും നെരൂദയുടെ സന്തോഷവും കൂടിയിട്ടുണ്ടാവും. റങ്കൂണിലും സിലോണിലും ജാവയിലും സിംഗപ്പൂരിലുമായി 1929 വരെ നെരൂദ കോൺസലായി ജോലിചെയ്തു. ജാവയിൽ ജോലിയിരിക്കെ ഒരു ഡച്ചുകാരി ബാങ്കുദ്യോഗസ്ഥയെ നെരൂദ വിവാഹം കഴിച്ചു. മാരിക്കാ അന്റോയ്നെറ്റ ഹഗനേകർ വോഗെൽസങിനെ. അതിൽ ഒരു മോളുണ്ടായി. ആ ബന്ധം ശിഥിലമായി. ഹ്രസ്വജീവിതം മുഴുവൻ രോഗിയായി ജീവിച്ച് അവൾ മരിച്ചു. അതു് നെരൂദ അറിയുന്നതു് പിന്നെ എപ്പോഴോ ആരോ പറഞ്ഞാണു്. നിത്യകാമുകനായ നെരൂദയുടെ ജീവിതത്തിൽ പല പല കവിതകളെഴുതിച്ചു് പല പല രമണികൾ വന്നു… പോയി… അവസാനം മെറ്റിൽഡാ ഉറൂഷ്യയെ കണ്ടെത്തുംവരെയുള്ള നെരൂദയുടെ പ്രണയങ്ങളെല്ലാം ശിഥിലമായി. 1952-ൽ പ്രസിദ്ധീകരിച്ച ‘ക്യാപ്റ്റന്റെ മകളി’ലെ സങ്കല്പകാമുകിയോടു് നെരൂദ സംസാരിച്ചതു മുഴുവൻ യഥാർത്ഥ കാമുകി മെറ്റിൽഡാ ഉറൂഷ്യയോടായിരുന്നു. ‘നൂറു പ്രണയഗീതങ്ങൾ’ (1959) ഉറൂഷ്യയ്ക്കാണു് നെരൂദ സമർപ്പിച്ചതു്. പിന്നെയും കവിതകളുണ്ടായി ഉറൂഷ്യയ്ക്കായി. പ്രേമവും പിണക്കവും പരിഭവവും മടുപ്പും താക്കീതും രതിയുമെല്ലാം കലർന്നു്. സാധാരണ ദിവസങ്ങളെയും ജീവിതങ്ങളെയും ഓർമ്മിപ്പിക്കുന്നവയായിരുന്നു ഈ കവിതകൾ. ഉറൂഷ്യയ്ക്കെഴുതിയ പ്രണയഗീതത്തിൽ യു ആർ ദ വൺ ചൂസൺ ഫോർ മീ (You are the one chosen for me) എന്നു് പ്രണയാതുരനായി നെരൂദ എഴുതിയിട്ടൂണ്ടു്. നെരൂദയെയും നെരൂദയുടെ അനന്യമായ കവിതയെയും മെറ്റിൽഡാ ഉറൂഷ്യ മനസ്സിലാക്കി. ആ ബന്ധം കെട്ടുപോയില്ല. നെരൂദയുടെ മരണശേഷം അദ്ദേഹത്തിന്റെ കൃതികൾ സമാഹരിച്ചു് ആധികാരികമായ ഒരെഡിഷനായി സമ്പൂർണ്ണകൃതികൾ പ്രസിദ്ധീകരിച്ചതും മെറ്റിൽഡയാണു്. ചിലിയിൽ കടലിനഭിമുഖമായ ഐലാ നെഗ്രാ എന്ന വീട്ടിലും കടലോരത്തും നെരൂദയും മെറ്റിൽഡാ ഉറൂഷ്യയും ജീവിച്ച നാളുകളായിരിക്കും സ്വതേസ്വൈരം കമ്മിയായ നെരൂദയുടെ ജീവിതത്തിലെ എറ്റവും തിരയടങ്ങിയ കാലം.

images/Fyodor_Dostoevsky.jpg
ദസ്തയേവ്സ്കി

നയതന്ത്ര ജീവിതകാലം നെരൂദയ്ക്കു് വായനയുടേയും എഴുത്തിന്റെയും കാലം. പല നാടുകളിലെ പല രീതികളിലും രൂപങ്ങളിലുമുള്ള ധാരാളം മനുഷ്യരുമായും കവിതകളുമായും പല വ്യാപ്തികളുള്ള സംസ്കാരങ്ങളുമായും ഇക്കാലത്തു് നെരൂദ അടുത്തു പരിചയിച്ചു. ബ്യൂനസ് അയേഴ്സ്, ലിസ്ബൺ, മാഡ്രിഡ്, പാരീസ് തുടങ്ങി പല പല നഗരങ്ങളിൽ നെരൂദ യാത്ര ചെയ്തു. ഒരാണ്ടു കഴിഞ്ഞു് നെരൂദ കൊളംബോയിലേക്കു മാറ്റപ്പെട്ടു. പിന്നെ ജാവയിലേക്കു്. 1931-ൽ സിംഗപ്പൂരിലേക്കു്. അതിനടുത്ത കൊല്ലം ചിലിയിലേക്കു മടങ്ങി. ‘എ സീസൺ ഇൻ ദ ഹെൽ’ എന്നാണു് ഒറ്റപ്പെടലിന്റേയും വിഷാദത്തിന്റേയും കൂടുതൽ കൂടുതൽ തന്നിലേക്കു് ആണ്ടു പോകുന്നതിന്റെയും ഈ കാലത്തെ നെരൂദാപഠിതാക്കൾ വിവരിക്കുന്നതു്.

യാത്രകളുടെയും പ്രവാസത്തിന്റെയും ഈ കാലത്താണു് ഭൂമിയിലെ നിവാസത്തിന്റെ ആദ്യഭാഗത്തിലെ കവിതകൾ നെരൂദ രചിക്കുന്നതു്. അകലെയും തനിച്ചുമായിരിക്കുന്ന ഒരു ജീവിതാവസ്ഥയുടെ ആത്മരേഖകളാണു് ഈ കവിതകൾ. ഏകാന്തതയായിരുന്നു തുടക്കം മുതലേ നെരൂദയുടെ കവിതകളിലെ ഏറ്റവും ആധുനികവും പ്രാകൃതികവുമായ മൂലധാതു. അതിനെ മെരുക്കാനും അതിനോടിണങ്ങാനും അതിൽ പ്രണയവും രതിയും ദർശനവും വിളയിക്കാനുമുള്ള സഹജവ്യഗ്രതയും സ്വാതന്ത്ര്യവും ജൈവപ്രകൃതിയായിത്തന്നെ നെരൂദയുടെ കവിതയിലുണ്ടായിരുന്നു. ഇരുണ്ടതും മ്ലാനവുമായ വൈയക്തിക തടങ്ങളിലാണു് 1933-ൽ പുറത്തുവന്ന ‘ഭൂമിയിലെ നിവാസ’ത്തിലെ കവിതകളിലേറെയും വിളഞ്ഞതു്. എന്നാൽ ഇതിന്റെ അടുത്ത ഭാഗങ്ങളിൽ നാം കാണുന്നതു് സാമൂഹ്യ/രാഷ്ട്രീയ ഉത്കണ്ഠകൾ കൂടുതൽ കൂടുതൽ വന്നുനിറയുന്ന കവിതകളാണു്. ലോകം വാക്കിൽ അനായാസം ഉദിക്കുന്ന കവിതകൾ. മാറിവരുന്ന നെരൂദയെ. ലോർക്കയുമായുള്ള സൗഹൃദം ഈ കാലത്താണു് ഗാഢമായതു് (ആർസ് പൊയറ്റിക്ക, ഓഡ് ടു ഫെഡഫിക്കോ ഗാർസിയ ലോർക, സ്പെയ്ൻ ഇൻ മൈ ഹാർട്ട് — Ars Poetica, Ode to Federico Garcia Lorca, Spain in my Heart — തുടങ്ങിയ പ്രശസ്ത കവിതകൾ ഈ കാലത്തു് എഴുതപ്പെട്ടവയാണു്). “ലോകം മാറി, എന്റെ കവിതയും” എന്ന പ്രസ്താവവും സ്പാനിഷ് ആഭ്യന്തരയുദ്ധത്തിനു തൊട്ടുമുൻപുള്ള സ്പാനിഷ് കാലത്താണു്. ചിലിയുടെ മണ്ണിലും മനസ്സിലും വന്നലയ്ക്കുന്ന എല്ലാ തിരകളിലേക്കുമുള്ള ഒരസാധാരണ തിരിച്ചുവരവായിരുന്നു നെരൂദയുടേതു്. മുപ്പതുകളുടെ ആദ്യം.

images/Anatole_France.jpg
അനറ്റോളെ ഫ്രാൻസ്

ചിലിയുടെ കാടുകളോടും പർവ്വതങ്ങളോടും മഴകളോടും ഈണങ്ങളോടും തേങ്ങലുകളോടും പ്രണയങ്ങളോടും പുഴകളോടുമൊക്കെയുണ്ടായിരുന്ന പ്രിയങ്ങളെല്ലാം നെരൂദ വീണ്ടെടുത്തു. ചിലിയുടെ ഋതുക്കളോടും താളങ്ങളോടും കിളികളോടും പ്രതിഭയോടും ഏകാന്തതയോടും സഹനങ്ങളോടുമുണ്ടായിരുന്ന നെരൂദയുടെ മൈത്രി മുമ്പെന്നത്തെക്കാളും വെളിച്ചം നിറഞ്ഞതായി. വിദൂരദേശങ്ങളിലെ വിസ്തൃതവും വൈവിധ്യപൂർണ്ണവുമായ അനുഭവളുമായിട്ടാണു് നെരൂദയുടെ തിരിച്ചുവരവു്. നെരൂദ മാറി. അദ്ദേഹത്തിന്റെ ദർശനം വിശാലവും ദീപ്തവുമായി. ചരിത്ര വിവേകം പക്വമായി. യാഥാർത്ഥ്യബോധം നീതിനിഷ്ഠമായി. കവിത അഗാധമായി. ചിലി കണ്ടതു്, പുതിയ മുതിർന്ന, നെരൂദയെ ആണു്. നെരൂദ ചിലിയെ കണ്ടതു് ലാറ്റിനമേരിക്ക മുഴുവനായിട്ടാണു്. ചിലിയിലെ സ്പാനിഷ്/ഇന്ത്യൻ പാരമ്പര്യങ്ങളും നവീനതകളും ലാറ്റിനമേരിക്കയുടെ പാരമ്പര്യങ്ങളുടെയും നവീനതകളുടെയും ഭാഗമായിട്ടാണു്. കോളനിവിരുദ്ധ ദേശീയ സ്വാതന്ത്ര്യസമരങ്ങൾ ഏഷ്യയിൽ ശക്തിപ്പെടുന്ന നാളുകളിലാണു് നെരൂദ ഏഷ്യയിലുണ്ടായിരുന്നതു്. കൊളോണിയലിസവും അതിന്റെ സാമ്രാജ്യത്വഗർവ്വും തകർന്നുതുടങ്ങിയ കാലത്തു്. കിഴക്കിന്റെ ഭൗതികവും ആത്മീയതയും കോളനിവാഴ്ചയ്ക്കെതിരായ ആയുധമായി ദേശീയതയുടെ ആശയം രൂപീകരിക്കുന്ന 1920-കളിലാണതു്. ദേശീയസ്വത്വത്തെ ഏറ്റവും ശക്തമായ കോളനിവിരുദ്ധ ആശയമായി കണ്ടെത്തി ഉന്നയിച്ചുകൊണ്ടാണു് ഏഷ്യയിൽ ദേശീയ പ്രസ്ഥാനങ്ങൾ വളർന്നതു്. ദേശീയസ്വത്വബോധത്തിന്റെ ഏഷ്യയിലുണ്ടായ സർഗ്ഗാത്മക രചനകൾ തൊണ്ണൂറുശതമാനവും പരപ്പിന്റെ പുൽമേടുകളായിരുന്നു. അവയിൽനിന്നു് നെരൂദയുടെ ദേശീയതയും സ്വത്വബോധവും അത്യന്തം ഭിന്നമാണു്. ‘കാന്റോ ജനറലി’ലെ ബഹുഭൂരിപക്ഷം കവിതകളും ഈ അന്തരത്തിന്റെ വിസ്മയിപ്പിക്കുന്ന അഗാധതയ്ക്കു തെളിവുകളാണു്. ജന്മദേശത്തേക്കു് സ്വത്വപ്രബുദ്ധരായി തിരിച്ചെത്തുന്ന മക്കളെ എത്ര തീവ്ര വാത്സല്യത്തോടെയാണു് നാടും പ്രകൃതിയും വരവേൽക്കുന്നതെന്നു് അയ്മേ സെസയറിന്റെ കവിതയിൽ 1930-കളിൽ മൂന്നാം ലോകം അനുഭവിച്ചതാണു്. എത്രയും തീവ്രമായ സ്നേഹ/ശക്തിയുടെ ബിംബങ്ങളിലൂടെ. ഏറെയും വന്യമായ സർറിയൽ ബിംബങ്ങളിലൂടെ. എന്നാൽ ചിലിയിൽ തിരിച്ചെത്തിയ നെരൂദ ഒരു സർറിയലിസ്റ്റു് കവിയേ അല്ലാതായിക്കഴിഞ്ഞിരുന്നു. അനുഭവങ്ങളിലെ ചരിത്രപ്രകൃതി അനാവൃതമാകുന്നതിനു് നെരൂദ കൂടുതൽ ലളിതവും ഋജുവും ഊഷ്മളവുമായ ഭാഷയും സ്വീകരിച്ചു. അനുഭവസത്യവുമായി മനസ്സിനെ കൂടുതൽ ഗാഢമായി ഇണക്കുന്ന കവിത കണ്ടെത്താൻ. ‘കാന്റോ ജനറൽ ഓഫ് ചിലി’യിലെ കവിതകൾ ഉദാഹരണം.

ചിലിയിൽ തിരിച്ചെത്തിയ നെരൂദ ആദ്യം അർജന്റീനയിലെ ബ്യൂനസ് അയേഴ്സിലും പിന്നെ സ്പെയിനിലെ ബാഴ്സിലോണയിലും മാഡ്രിഡിലും കൂടുതൽ ഉയർന്ന നയതന്ത്ര തസ്തികളിൽ നിയമിക്കപ്പെട്ടു. മാഡ്രിഡിൽ അദ്ദേഹമെത്തിയതു് തന്റെ പഴയ ഗുരുനാഥ ഗബ്രിയേല മിസ്ട്രേലിക്കു് പകരമായിട്ടാണു്. ലോകസഞ്ചാരത്തിനിറങ്ങിയ ലോർക്കയെ നെരൂദ ബ്യൂനസു് അയേഴ്സിൽ പരിചയപ്പെട്ടു. അവർ ആത്മമിത്രങ്ങളായി. മാഡ്രിഡിൽ നെരൂദയ്ക്കു് കൂടുതൽ മിത്രങ്ങളെ കിട്ടി. റാഫേൽ ആൽബെർട്ടി, സെസാർ വയഹോ, ലോർക, മിഗുവെൽ ഹെർനാൻഡെസു് തുടങ്ങി ധാരാളം പേരെ. സ്പാനിഷ് മേഖലയിൽതന്നെ പിന്നെ കുറെക്കാലം ജീവിക്കാനായി.

images/one_hundred.jpg

ലാറ്റിനമേരിക്കയുടെ ഒരു പ്രിയപ്പെട്ട ആത്മബോധവും പ്രമേയവുമാണു് ഏകാന്തത. നമുക്കറിയാം ഒൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ് (മാർക്വേസ്) ‘ദ ലാബറിന്ത് ഓഫ് സോളിറ്റ്യൂഡ് ’ (പാസ്) തുടങ്ങി പ്രസിദ്ധവും അപ്രസിദ്ധവുമായ ഒട്ടനവധി കൃതികളിൽ ലാറ്റിനമേരിക്കയുടെ വൈകാരികവും സാമൂഹികവും ദാർശനികവും രാഷ്ട്രീയവുമായ നിരന്തരാനുഭവവും മുഖ്യപ്രമേയവുമാണു് ഏകാന്തത. ലാറ്റിനമേരിക്കയുടെ സ്വത്വം. യാതനയുടെയും സമരത്തിന്റെയും അതിജീവനത്തിന്റെയും ആത്മാഭിമാനത്തിന്റെയും ഗാഢ മുദ്രകളുണ്ടതിൽ. ഏതു് അധിനിവേശിത രാജ്യത്തിനും സഹിക്കേണ്ടിവന്നിട്ടുണ്ടു് പീഡനത്തിന്റെയും നിരാകരണത്തിന്റെയും പാർശ്വവൽക്കരണത്തിന്റെയും ഫലമായ ഏകാന്തത. ‘കാന്റോ ജനറലി’ലെ പല കാണ്ഡങ്ങളിലും നാം അതു് ആഴത്തിൽ അനുഭവിക്കുന്നുണ്ടു്. സ്പാനിഷ് അമേരിക്കയുടെ ആത്മാവിനെ വലയംചെയ്യുന്ന ഏകാന്തത. മനസ്സിലാകായ്കയും മനസ്സിലാക്കപ്പെടായ്കയുമായ ഏകാന്തത.

ഏഷ്യയിൽ നെരൂദ അനുഭവിച്ചതു് ഏറെയും ഇത്തരം ഏകാന്തതയാണു്. ഇതായിരുന്നു ലോകവുമായി സജീവ വിനിമയങ്ങളില്ലാതെ ഒറ്റപ്പെട്ടു കഴിയുന്ന ലാറ്റിനമേരിക്കയുടെ നിശ്ശബ്ദസ്വത്വം. കീഴടങ്ങായ്കയാണു് അവരുടെ സ്വത്വം. വേരുകളുടെയും കാതലിന്റെയും അന്തർബലത്തോടും ഊർജ്ജശിഖരങ്ങളോടും പൂക്കളോടും കനികളോടുംകൂടിയ ഒരു വലിയ വൃക്ഷത്തെപ്പോലെയാണു് ലാറ്റിനമേരിക്കൻ സ്വത്വം. തനിച്ചു നിൽക്കുന്നതു്. ഋതുഭേദങ്ങളറിയുന്നതു്. ഭാവി കാണുന്നതു്. വൃക്ഷത്തെപ്പോലെ ഭാവിക്കായി കരുതുന്നതും ഒതുങ്ങുന്നതും. അകലെയായിരുന്ന നെരൂദ ഇതു കൂടുതൽ തെളിഞ്ഞുകണ്ടു. ബർമ്മയിലും സിലോണിലും ജാവയിലുമിരുന്നെഴുതിയ കവിതകളിൽ നെരൂദ ഇതു് വരയുന്നുണ്ടു്. സ്വത്വബോധത്തിന്റെ ഈ വൃക്ഷം വെയിലുകളിലൂടെ ‘കാന്റോ ജനറലി’ൽ വളരുന്നുണ്ടു്. ചരിത്രബോധത്തിലേക്കും നീതിബോധത്തിലേക്കും കമ്മ്യൂണിസത്തിലേക്കും മനുഷ്യചരിത്രം സജീവഭാഗമായ ഐന്ദ്രിയവും രാഷ്ട്രീയവും ആത്മീയവുമായ അലകളുള്ളതുമായ ഒരു പ്രപഞ്ചദർശനത്തിലേക്കും. ഈ വൃക്ഷം ഒരു പുതിയ ‘മോട്ടീഫ്’ (Motif)-ഉം ഒരു വലിയ തീമുമായി ‘കാന്റോ ജനറലി’ലുടനീളം കാണാം.

images/The_Labyrinth_of_Solitude.jpg

മുഴുവൻ ഇലകളെയും വൃക്ഷം തന്നിലേക്കു ചേർത്തുനിർത്തുന്നതുപോലെ മനുഷ്യചരിത്രത്തിൽ ഓരോ രാജ്യവും ഓരോ സംസ്കാരവും ഓരോ മഹാവൃക്ഷമായി പല തലമുറകളെ ചൂടിനിൽക്കുന്നു. ആ വൃക്ഷത്തിലെ വ്യത്യസ്തങ്ങളായ ഇലകളാണു് നമൊക്കെ. മാനുഷികമായ ഉണ്മയ്ക്കു് ‘കാന്റോ ജനറലി’ൽ ഇങ്ങനെയൊരു ജൈവരൂപകമുണ്ടു്; വൃക്ഷം. നെരൂദ ആവർത്തിക്കുന്ന ബിംബങ്ങളിലൊന്നാണു് വൃക്ഷം. വൃക്ഷത്തിൽനിന്നു് പഴുക്കില കൊഴിയുന്നതുപോലെ ഓരോ നിമിഷവും ഓരോ ചെറിയ മരണം. ലോകം മരിക്കുന്നു. (എവരി ഡേ എ ലിറ്റിൽ ഡെത്ത് ‘Every day a little death’). പതുക്കെ രക്തം വാർന്നു വാർന്നു തീരാൻ ജീവിതം നമ്മെ കുരിശേറ്റുന്നതായിരിക്കും. മുറിവുകളിൽ കെട്ടിയിടുന്നതായിരിക്കും. നമ്മുടേതായ അല്പം മരണം ദിവസവും നാം മരിച്ചുകൊണ്ടേയിരിക്കുന്നുണ്ടു്. പക്ഷേ, ഇതാണു് കേമം, കേന്ദ്രം, എന്നൊന്നും നെരൂദയിലെ ഒരു പ്രത്യേകബിംബത്തെപ്പറ്റി പറയാൻ ആരും ധൈര്യപ്പെടില്ല. അത്രയ്ക്കു് വിപുലം ബഹുലം ശബളം അപാരം നെരൂദക്കവിതയിലെ ബിംബപ്രപഞ്ചം.

‘കാന്റോ ജനറലി’ന്റെ ആഗമനം
images/Robert_Bly.jpg
റോബർട്ട് ബ്ലൈ

റോബർട്ട് ബ്ലൈ എന്ന അമേരിക്കൻ യുവകവിയുമായി നടത്തിയ സംഭാഷണത്തിൽ നെരൂദ സ്വന്തം കവിതയിലെ ഈ ബിംബസമൃദ്ധിയുടെ കാരണം സ്വന്തം നാടായ ചിലിയിലെ പ്രകൃതിയുടെ നിബിഡതയാണെന്നു പറയുന്നു: നിങ്ങൾക്കറിയില്ല. ഞങ്ങൾ വരുന്നതു് ദാരിദ്ര്യത്തിൽനിന്നാണു്, ഇരുണ്ട മഴക്കാടുകളിൽനിന്നു്. ഇനിയും പേരിട്ടിട്ടില്ലാത്ത പുഴകളും അരുവികളും മരങ്ങളും ചിലിയിൽ എമ്പാടുമുണ്ടു്. പുഴകളും അരുവികളും മൃഗങ്ങളും കിളികളുമുണ്ടു്. ‘കാന്റോ ജനറലി’ൽ ഇവ നിറഞ്ഞുകവിയുന്നുണ്ടു്. ആർദ്രതയുടെയും സ്നേഹത്തിന്റെയും വെളിച്ചത്തിന്റെയും ചരിത്രത്തിന്റെയും മനസ്സിന്റെയും അപ്രതിരോധ്യതയുടെയും പ്രതിനിധാനങ്ങളായി അവ ‘കാന്റോ ജനറലി’ൽ നിറയുന്നുണ്ടു്.

‘കാന്റോ ജനറൽ’ 1950-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. നെരൂദയുടെ നാൽപത്താറാം വയസ്സിൽ. ദാന്തെ ‘ഡിവൈൻ കോമഡി’ പ്രസിദ്ധീകരിച്ച അതേ മധ്യവയസ്സിൽ എന്നെല്ലാവരും സാമ്യം പറയുന്നു. ഈ കൃതിയുടെ ആന്തരികപക്വതയും ഐതിഹാസികവ്യാപ്തിയും കാരണം. പതനത്തിന്റെയും ഉയിർത്തെഴുന്നേല്പിന്റെയും പ്രമേയസാമ്യവും കാരണം. അപ്പോഴേക്കും ലോകകവിതയിൽ ആദരിക്കപ്പെട്ടുകഴിഞ്ഞ ഒരു വലിയ കവിയായി നെരൂദ. അപ്പോഴേക്കും ലോകകവിതയിൽ ഇംഗ്ലീഷ്-ആധുനികതയുടെ പ്രതാപയുഗം മങ്ങിയിരുന്നു. ഇംഗ്ലീഷിലും ഫ്രഞ്ചിലും ഇറ്റാലിയനിലും സ്പാനിഷിലും പോർച്ചുഗീസിലും കവികളുടെ പുതിയ തലമുറയും പുതിയ രീതികളും വന്നു. ഇംഗ്ലീഷിനു വെളിയിൽ രചിക്കപ്പെട്ട ആധുനികകവിതകൾ ലോകം അറിഞ്ഞുതുടങ്ങി. പോളിഷ്, ഫ്രഞ്ച്, ജർമ്മൻ, പോർച്ചുഗീസ്, സ്പാനിഷ്, ജാപ്പനീസ്, ലാറ്റിനമേരിക്കൻ, അഫ്രിക്കൻ ഭാഷകളിൽ ഇംഗ്ലീഷിലുള്ളതിനേക്കാൾ ആധുനികമായ കവിതകൾ എഴുതപ്പെടുന്നുണ്ടെന്നും ദേശീയതകൾപോലെ ആധുനികതകളും പലതുണ്ടെന്നും തിരിച്ചറിയപ്പെട്ടു.

images/Faber_Book_of_Modern_Verse.jpg

ഇംഗ്ലീഷിനു പുറത്തെ ലോകത്താണു് കൂടുതൽ പുതിയ കവിതയെന്നു് ഫേബർ ബുക്ക് ഓഫ് മോഡേൺ വെഴ്സസി ന്റെ ആമുഖം പോലും ഏറ്റുപറഞ്ഞു. അതൊരു വലിയ തിരോധാനമോ പിന്മാറ്റമോ പതനമോ ആണു്. കൊളോണിയൽ കാവ്യവാഴ്ചയുടെ കോയ്മയിൽനിന്നു് ഇംഗ്ലീഷിന്റെ പിന്മാറ്റം. എന്നിട്ടു് യൂറോപ്പിലെയും ആഫ്രിക്കയിലെയും ഏഷ്യയിലെയും ലാറ്റിനമേരിക്കയിലെയും പുതിയ കവിതയും സാഹിത്യവും വൻതോതിൽ ലോകത്തെമ്പാടുമെത്തിക്കുന്ന ദൗത്യം ഇംഗ്ലീഷ് ഏറ്റെടുത്തു. ഒരു മൂന്നാം ലോക ആധുനിക കലാപരതയുടെയും കലാപപരതയുടെയും സാഹോദര്യത്തിലേക്കു് പുതിയ ലോകകവിത അതിവേഗം ഉയർത്തപ്പെട്ടു.

1950-ൽ നെരൂദ ‘കാന്റോ ജനറൽ’ പ്രസിദ്ധീകരിച്ചതു് സ്വരാജ്യമായ ചിലിയിലല്ല. മെക്സിക്കോയിലാണു്. മെക്സിക്കോ സിറ്റിയിൽ. കവി നേരിട്ടല്ല. പിക്കാസ്സോ ഉൾപ്പെടെയുള്ള ആത്മമിത്രങ്ങളുടെ മുൻകൈയിൽ. കാരണമുണ്ടു്: നെരൂദയെ ഒളിവിലേക്കും കൊടുംകാറ്റുകളുടെ പച്ച നിശ്ശബ്ദതയിലൂടെയും ആൻഡിസിന്റെ മരവിച്ച കൊടുമുടികളിലൂടെയും വേഷപ്രച്ഛന്നമായുള്ള രഹസ്യ ദേശാടനങ്ങളിലേക്കും തള്ളിവിട്ട ചിലിയിലെ സ്വേച്ഛാധിപത്യ രാഷ്ട്രീയ സാഹചര്യങ്ങൾ. കഴിഞ്ഞ 18 വർഷം നെരൂദ ജീവിച്ചതു് ജീവൻ പണയംവച്ചുകൊണ്ടാണു്. നെരൂദ ഏറ്റവും അധികം സ്നേഹിച്ച ചിലിയിൽനിന്നു്. നെരൂദയുടെ കണ്ണിൽ ശാന്തസമുദ്രത്തിന്റെ തീരത്തെ ‘നീണ്ടു മെലിഞ്ഞ സുന്ദരി’യായ ചിലിയിൽനിന്നു്, അദ്ദേഹം നിഷ്കാസിതനായിരുന്നു. എകാധിപത്യവും അനീതിയും പീഡനവും യാതനകളും പെരുകിയ ചിലിയിൽനിന്നു്. 1930-കളുടെ തുടക്കത്തിൽത്തന്നെ ഒൻപതുതവണ നെരൂദയ്ക്കൂ് ചിലിയിൽനിന്നു് പോകേണ്ടിവന്നു. ഒൻപതു തവണയും നെരൂദ തിരിച്ചുവന്നു. ഓരോ തവണയും കൂടുതൽ ദേശാന്തര സുഹൃദ്ബന്ധങ്ങളും കൂടുതൽ കവിതകളുമായി.

ഒളിവുകാലത്തു് പുർത്തിയായവയാണു് ‘കാന്റോ ജനറലി’ലെ കവിതകളിലധികവും. ചിലിയെപ്പറ്റിയല്ല. മുഴുവൻ ലാറ്റിനമേരിക്കയെപ്പറ്റിയുമാണു് ആ കവിതകൾ. മുഴുവൻ ലാറ്റിനമേരിക്കയുടെയും ചരിത്രവും സംസ്കാരവും പ്രകൃതിയും വംശസ്മരണകളും പുരാവൃത്തങ്ങളും ബൈബിളും. മാർക്സിസമാണു് നെരൂദയുടെ ഭാവനയിൽ നിറയുന്നതു്. ചിലിയിൽനിന്നു് മുഴുവൻ ലാറ്റിനമേരിക്കയിലേക്കും മനുഷ്യവംശാവബോധത്തിലേക്കുമുള്ള നെരൂദയുടെ ആത്മബോധത്തിന്റെ ആരോഹണമാണു് ‘കാന്റോ ജനറലി’ലെ കവിതകളിൽ പേർത്തും പേർത്തും നാം അനുഭവിക്കുന്നതു്. കമ്മ്യൂണിസ്റ്റുകാരനായ ഒരു ചിലിയൻ ആധുനികകവിയുടെ സ്വത്വബോധം ദേശീയതയിൽനിന്നു് സാർവദേശീയതയിലേക്കു നേടുന്ന വികാസം. രാഷ്ട്രീയവീക്ഷണത്തിലും കാവ്യഭാവുകത്വത്തിലും പ്രമേയങ്ങളിലുമെല്ലാം കാണാം സ്വന്തം മനസ്സിനെ ലാറ്റിനമേരിക്കയുടെ സൂക്ഷ്മരൂപമായി വായിക്കുന്ന രീതി. പതിനഞ്ചു് ഖണ്ഡങ്ങളിലായി 231 കവിതകൾ. പുതുതും തുറന്നതും ഉള്ളിൽ പാട്ടൂറുന്നതുമായ കവിതകൾ. അതിരറ്റ ഭാവനാവ്യാപ്തി. കല്പനാസമൃദ്ധി. ചരാചരവ്യാപ്തമായ ചരിത്രദർശനം. യാഥാസ്ഥിതിക ചരിത്രരചനാരീതിയുടെ നിരാകരണം. നൂതനമായ ചരിത്രാഖ്യാനം. മിത്തും ചരിത്രവും ബൈബിളും മാർക്സിസവും അതുല്യമായ കാവ്യോർജ്ജംകൊണ്ടു് അന്വയിക്കുന്ന സമഗ്രതയുടെ വഴി. അതിൽ തീർച്ചയായുമുണ്ടു് അവയുടെയെല്ലാം ആംശികമായെങ്കിലുമുള്ള നിരാകരണവും സ്വാംശീകരണവും വിപുലീകരണവും.

വിമോചനബിംബങ്ങൾ

യഥാർത്ഥ ചരിത്രവും മിത്തുകളിലൂടെയുള്ള അവയുടെ അനേകമനേകം ആവിഷ്കാരങ്ങളും ‘കാന്റോ ജനറലി’ന്റെ ബാഹ്യരൂപം ജൈവവശ്യതയുള്ളതാക്കുന്നു. ഭാവഗീതത്തിന്റെയും ഇതിഹാസത്തിന്റെയും സംവാദത്തിന്റെയും പ്രകൃത്യനാവരണത്തിന്റെയും വിലാപകാവ്യത്തിന്റെയും പ്രബോധനത്തിന്റെയും ആത്മകഥനത്തിന്റെയും പ്രവചനത്തിന്റെയും സങ്കീർത്തനത്തിന്റെയും സദൃശ്യവാക്യങ്ങളുടെയും ആക്ഷേപഹാസ്യത്തിന്റെയും കാവ്യരൂപവൈവിധ്യത്തിന്റെയും മികവുമൂലം അത്യപൂർവ്വമായ ഈ ചരിത്രേതിഹാസം പുറമേ അയഞ്ഞതും അകമേ ദൃഢവും സംവാദസജ്ജവുമാണു്. ഉജ്ജ്വലം നെരൂദയുടെ കവിതയിലെ വിമോചന ബിംബങ്ങൾ; കാവ്യാത്മകമാക്കപ്പെട്ട രാഷ്ട്രീയ/ആത്മീയ/ പ്രണയ പ്രതികരണങ്ങളുടെ കുത്തൊഴുക്കു്. ഇതു് ‘കാന്റോ ജനറലി’ന്റെ ഉള്ളടക്കത്തിന്റെ പൊതുദൃശ്യം. നീതിക്കുവേണ്ടി മനുഷ്യവംശം നടത്തിയ സമരങ്ങളാണു് ‘കാന്റോ ജനറലി’ന്റെ കേന്ദ്രപ്രമേയം. മനുഷ്യാനുഭവങ്ങളെല്ലാം ഇതിൽ നീത്യുന്മുഖമായി വിന്യസിതം. പത്തു മുന്നൂറു് കവിതകൾ യാന്ത്രികമായി തുന്നിക്കെട്ടിയ ഒരു സാദാ/ബഡാ കവിതാസമാഹാരമല്ല ‘കാന്റോ ജനറൽ’. ചതിവിനും വഞ്ചനക്കും അനീതിക്കുമെതിരേ സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും അനന്ത സമൃദ്ധിക്കുവേണ്ടി പോരാടി ഇരുപതാം നൂറ്റാണ്ടിൽ കവിത നേടുന്ന ഏറ്റവും ഉജ്ജ്വലമായ വിജയം. ഉറവിടങ്ങളിലേക്കുള്ള ഐതിഹാസികമായ ഒരു മടക്കയാത്ര. അല്ലെങ്കിൽ കണ്ടതിലേക്കും കൊണ്ടതിലേക്കും അനുഭവിച്ചതിലേക്കുമുള്ള ഒരു പുതുപ്പുറപ്പാടു്.

images/Anton_Chekhov.jpg
ചെഖോവ്

ഓരോ തിരയിലും ഓരോ പച്ചിലയിലും ഓരോ മണൽത്തരിയിലും മനുഷ്യനെ എഴുതുന്ന കവിത. മാനുഷികമായ എല്ലാറ്റിനെയും എല്ലായിടത്തെയും എല്ലാ കാലത്തെയും സ്നേഹിക്കുന്ന കവിത. പ്രകൃതിയുടെയും മനുഷ്യസമൂഹത്തിന്റെയും ചരിത്രം. സർവാശ്ലേഷി. സർവവ്യാപി. വിറ്റ്മാനിയൻ ഗരിമ. വിസ്മയിപ്പിക്കുന്ന കാവ്യരൂപവൈവിധ്യത്തോടെ. ഒരു ജനതയുടെ സഹനത്തിന്റെയും സമരത്തിന്റെയും സ്നേഹത്തിന്റെയും അയിരുകളും അടരുകളും പഞ്ചഭൂതപ്പടർപ്പിലെ അതിസൂക്ഷ്മമായ അനുഭൂതിദ്യുതികളുമായി. നീതി ശ്വസിക്കുന്ന കവിത. നെരൂദയുടെ മാസ്റ്റർപീസ്.

പ്രീ-കൊളംബിയൻ ആദിമ നിഷ്കളങ്കതയുടെ കാലംമുതൽ ആധുനിക വക്രതകളുടെയും ക്രൂരതയുടെയും വിപ്ലവങ്ങളുടെയും കാലംവരേയുള്ള അനുഭവ പരിണാമങ്ങളുടെ ആധുനിക ഇതിഹാസമാണു് ‘കാന്റോ ജനറൽ’. നാടുവാഴിത്തത്തിനും ഫാസിസത്തിനും മുതലാളിത്തത്തിനുമെതിരേ ലാറ്റിനമേരിക്കൻ ജനത നടത്തിയ പോരാട്ടങ്ങളുടെയും ആത്മബലിയുടെയും സ്വയം കണ്ടെത്തലുകളുടെയും നേടിയ സ്വത്വബോധത്തിന്റെയും പ്രതിഭാ വസന്തങ്ങളുടെയും ഇതിഹാസം. മണ്ണിന്റെ ഉർവരതയിലും കാട്ടിലും കടലിലും നഗരങ്ങളിലും ഖനികളിലും മാക്കുപിക്കുപോലെ മരിക്കാതെ ഉയർന്നു നിൽക്കുന്ന സംസ്കാരത്തിന്റെ പാരമ്പര്യശൃംഗങ്ങളിലും അധിനിവേശകർക്കെതിരായ ചെറുത്തുനിൽപ്പുകളിലും പോരാളികളുടെ വിരുദ്ധരക്തം അലറിയൊഴുകിയ തെരുവുകളിലും മരണത്തിലും പ്രണയത്തിലും പ്രവാസത്തിലും പടർന്ന ആധുനിക മനുഷ്യരുടെ ഇതിഹാസം. ‘കാന്റോ ജനറലി’ൽ എമ്പാടും ചീറി നില്ക്കുന്നതു് ദരിദ്രരിലും ദരിദ്രരായ പാവങ്ങളുടെ ആത്മവീര്യം. നിശ്ശബ്ദരായ അവരുടെ ശബ്ദമാവുന്ന വാക്കുകളിൽ ജ്വലിക്കുന്നതു് മനുഷ്യവംശത്തിന്റെ മൂല്യമഹിമയും ആത്മാഭിമാനവും. രാഷ്ട്രീയവും വൈകാരികവും ധാർമ്മികവും സാംസ്കാരികവുമായെല്ലാം അവർ ജീവിക്കുന്ന മുഴുവൻ ജീവിതത്തിന്റെയും ചരിത്രം. മരണഗുഹകൾപോലെയുള്ള ഖനികളിലെ ശ്വാസംമുട്ടിക്കുന്നതോ ശ്വാസം നിലപ്പിക്കുന്നതോ ആയ അധ്വാനം. ലോഹധൂളികളിലും പാളികളിലും അയിരുകളിലും വയൽച്ചെളിയിലും കാടുകളിലും നടുക്കടലിലും പ്രകൃതിയിലെവിടെയും അവരുണ്ടു്. ഏതു് ഋതുവിലും അവരുണ്ടു്.

ആധുനികലോകത്തെ ഒരു ഭാഷയിലെ കവിതയിലും ഇന്നോളം വ്യാപിച്ചിട്ടില്ലാത്ത വ്യാപ്തിയോടെ. ലക്ഷോപലക്ഷമായ അവരുടെ സദസ്സിൽ ചിലിയൻ പ്രസിഡന്റ് അലൻഡേ നെരൂദയെ വരവേറ്റു. അവർക്കായി നെരൂദ കവിത വായിച്ചു. ലോകത്തേക്കും വലിയ ആ കവി /ജനസദസ്സിൽ. ആ മഹാസദസ്സിലെ കവിതവായനയിലും വലുതായും വിലപ്പെട്ടതായും യാതൊന്നുമില്ല തന്റെ കാവ്യജീവിതത്തിലെന്നു് നെരൂദ വികാരാധീതനായി ഏറ്റുപറഞ്ഞു. മുമ്പൊരിക്കലും ഒരു കവിതയിലും ചിറകടിച്ചിട്ടില്ലാത്ത ഇച്ഛാശക്തിയുടെയും വിശ്വാസത്തിന്റെയും ഉയരത്തിൽ.

നെരൂദയാണു് ഇരുപതാം നൂറ്റാണ്ടിലെ ഏതു ഭാഷയിലെയും ഏറ്റവും വലിയ കവി എന്നു് ഗോപീകൃഷ്ണൻ മാർക്വേസിനെ ഉദ്ധരിച്ചുകൊണ്ടു് ഇവിടെ പറഞ്ഞു. ‘ദ ഗ്രേറ്റസ്റ്റ് പോയറ്റ് ഓഫ് ദ ട്വന്റ ിയത്തു് സെഞ്ചുറി ഇൻ എനി ലാങ്വേജ്” (“the greatest poet of the 20th century in any language”) ശരിയാണതു്. എതിർത്തൊരാളും ഇന്നോളം എന്തെങ്കിലും പറഞ്ഞു കേട്ടില്ല. ഗോപീകൃഷ്ണൻ പറഞ്ഞു ഏറ്റവും അവിശുദ്ധവും പഴകിയതും പരിചിതവുമായതിനെ പുണരാൻ കഴിയുന്ന കവിതയാണു് നെരൂദയുടെ കവിതയെന്നു്. ഉപയോഗിച്ചു പഴകിയ നാണയങ്ങൾപോലെയും മനുഷ്യന്റെ കൈപ്പാടുകൊണ്ടു് തേഞ്ഞു മുഷിഞ്ഞ വീട്ടുപകരണങ്ങൾപോലെയുമുള്ള ഒരു കവിത. അത്തരം (ഇംപ്യൂർ പോയട്രി ‘inpure peotry) യുടെ ആളായാണു് നെരൂദയുടെ വരവു്. അവിശുദ്ധകവിതയുടെ കുലഗുരു. പഴക്കം, പരിചയം, അശുദ്ധി, എച്ചിൽ… എല്ലാം മനുഷ്യന്റെ കൈതൊട്ടുണ്ടായതു്. അതുപോലെ തഴക്കം, വഴക്കം, സംസ്കാരം, താളം, മേളം എല്ലാം മനുഷ്യന്റെ കൈ തൊട്ടുണ്ടായതു് എന്നും പറയാം. എല്ലാം ചരിത്രത്തിന്റെ വിരൽമുദ്രകൾ.

“വിയർപ്പും പുകയും നിറഞ്ഞ മൂത്രവും ലില്ലിപ്പൂവും മണക്കുന്ന ഭക്ഷണക്കറയും അപമാനവും പറ്റിപ്പിടിച്ച സംശയങ്ങളും ശരിയും തെറ്റും ടാക്സുകളും ചേർന്ന, പഴന്തുണിപോലെ, ശരീരംപോലെ, അവിശുദ്ധമായ കവിത”യാണു് താനിഷ്ടപ്പെടുന്ന കവിതയെന്നു് നെരൂദ പറയുന്നു. ജീവിതം ജീവിതംപോലെ വരുന്നതു്. എന്നാൽ അതിൽ നെരൂദയുടെ നിശിതമായ കമ്മ്യൂണിസ്റ്റ് ദൃഷ്ടിയുണ്ടെന്നതു് മറന്നുകൂടാ. എനിക്കതിൽ രസം തോന്നാറുണ്ടു്. പ്രത്യേകിച്ചും അശുദ്ധക്കാര്യത്തിൽ.

അയിത്തം (അശുദ്ധം) ആയതിനോടുള്ള നെരൂദയുടെ ഈ പ്രിയത്തിൽ ഇന്ത്യാക്കാർക്കു് വായിക്കാം ഒരു കീഴാളപക്ഷം. ഏറ്റവും പഴയതിൽ നാണം മറച്ചും വിശപ്പടക്കിയും കഴിഞ്ഞുകൂടുന്ന ദരിദ്രദൈനംദിനത. അവരോടാണു് നെരൂദയുടെ കൂറു്. ഗൃഹാതുരത്വം കൊണ്ടും കുബേരത്വംകൊണ്ടും പഴയ നാലുകെട്ടുകളും എട്ടുകാതൻ വാർപ്പുകളും മറ്റും വാങ്ങിക്കൂട്ടുന്ന താരരാജാക്കന്മാരും താരറാണിമാരും അവരുടെ മാമൂൽമാനേജർമാരുടെ ഭൂതകാലാരാധനയും പാരമ്പര്യവീമ്പും നമ്മുടെ നാട്ടിലിന്നു് ധാരാളം കാണാറുണ്ടു്. അതുമായി ഒരിക്കലും അന്വയിക്കാനാവില്ല നെരൂദയുടെ ചിരപരിചയപ്രിയങ്ങളിലെ തഴക്കവും സ്നേഹത്തഴമ്പും മൈത്രീമിനുസവും.

കാന്റോകളിലൂടെയുള്ള യാത്ര
images/Martin_espada.jpg
മാർട്ടിൻ എസ്പാഡ

‘വടക്കേ അമേരിക്കയിലെ പാബ്ലോ നെരൂദ’ എന്നു വിളിക്കപ്പെടുന്ന കവി മാർട്ടിൻ എസ്പാഡ യെ ഒരു കൂടിക്കാഴ്ചയിൽ മറ്റൊരു കവി ഇ. ഇ. മില്ലറോടു പറഞ്ഞു: നെരൂദ ഒന്നല്ല, പലതുണ്ടു്. പല നെരൂദമാർ. പ്രണയകവി, സർറിയലിസ്റ്റ് കവി, കടലിന്റെ കവി, ദൈനംദിന വസ്തുക്കളുടെ കവി, രാഷ്ട്രീയ കവി, ചരിത്ര/ഇതിഹാസ കവി. ‘കാന്റോ ജനറലി’ന്റെ വായന എസ്പാഡയെ സ്വാധീനിച്ചവിധം അദ്ദേഹം വിവരിക്കുന്നുണ്ടു്. സ്വന്തം അനുഭവത്തെ ചരിത്രത്തോടു് ചേർത്തു കാണുന്ന രചനാരീതിയുണ്ടായി. വിറ്റ്മാനും നെരൂദയും പാസും ലോറെൻസ് ഫെർലിംഗെറ്റിയും ഉൾപ്പെടുന്ന ഒരു പാൻ അമേരിക്കൻ കാവ്യപാരമ്പര്യത്തിന്റെ ഭാഗമായി സ്വയം തിരിച്ചറിയാനിടയായി. ആധുനിക അമേരിക്കൻ കവിതയിൽ നെരൂദയുടെ സ്വാധീനം ശക്തം. പ്രത്യേകിച്ചും രാഷ്ട്രീയകവിയായ നെരൂദയുടെ ‘കാന്റോ ജനറലി’ൽ പതിനഞ്ചു് കാന്റോകൾ. ചിലതു നോക്കാം:

1. എ ലാംപ് ഓൺ എർത്ത് (A lamp on earth) പതിനൊന്നു കവിത:

യൂറോപ്യരുടെ വരവിനു മുൻപത്തെ തെക്കേ അമേരിക്കയുടെ ആദിമവിശുദ്ധിയുടെ പ്രകീർത്തനം. പ്രകൃതിയുടെ ദിവ്യമായ നിഗൂഢതയിലും തെളിമയിലും നിന്നു് മനുഷ്യരുടെ ഉദിച്ചുവരവിന്റെ ഐതീഹ്യമാലയും ചരിത്രവും. അസ്തെക്കുകളും ഇങ്കാകളും മയന്മാരും. തെക്കേ അമേരിക്കയുടെ ആദി മാതാപിതാക്കളുടെ പ്രഭാവം.

നെരൂദയുടെ മനുഷ്യചരിത്രം അനാദിയായ പുഴകളിൽ നിന്നു് തുടങ്ങുന്നു. തലപ്പാവുകൾക്കും വേഷഭൂഷങ്ങൾക്കും മുമ്പേ മണ്ണിന്റെ ധമനികളായി ഒഴുകിയിരുന്ന പുഴകളിൽ നിന്നു്. സസ്യങ്ങളിലേക്കും പക്ഷികളിലേക്കും കാടുകളിലേക്കും വന്യജന്തുക്കളിലേക്കും ജലത്തിന്റെ അക്ഷരമാലയിലെ വല്യക്ഷരമായ ചന്ദ്രനും ശിലകൾക്കുമിടയിലെ നീലിമയായ ആമസോണിലേക്കും ധാതുക്കളിലേക്കും ലവണങ്ങളിലേക്കും ഭൂമിയിൽ ഒരു വിളക്കെന്നപോലെ കൊളുത്തിവെക്കപ്പെടുന്ന മനുഷ്യവംശത്തിലേക്കും വളരുന്നു. എല്ലാം മനുഷ്യരോടു സംസാരിക്കുന്നു. നെരൂദ അതു് കവിതയിലേക്കു് കേട്ടെഴുതുന്നു. കാന്റോ ജനറലായി—എല്ലാറ്റിന്റെയും പാട്ടായി—അവ ഭാഷയിൽ പെയ്തു നിറയുന്നു. കാന്റോ ജനറലിന്റെ ആദ്യകാണ്ഡം ‘എ ലാംപ് ഓൺ എർത്ത്’(A lamp on earth)പൂർത്തിയാവുന്നു.

2. ‘ഹൈറ്റ്സ് ഓഫ് മാക്കുപിക്കു’ (Heights of Macchu Picchu) പന്ത്രണ്ടു് കവിത:
images/Heights_of_Macchu_Picchu.jpg

തെക്കേ അമേരിക്കയുടെ പടിഞ്ഞാറേ തീരത്തു് 8850-ൽ പരം കിലോമീറ്റർ നീളത്തിൽ നിലനിൽക്കുന്ന മഹാപർവ്വത നിരകൾ. കരയിൽ നദികളുടെ പ്രഭവങ്ങളും ചിലിയുടെ തെക്കേയറ്റത്തു് കടലിലേക്കിറങ്ങി നിരവധി ദ്വീപുകൾക്കു് നില്പിടങ്ങളും ഒട്ടേറെ അഗ്നിപർവ്വതങ്ങൾക്കു് ഇരിപ്പിടങ്ങളുമായും വർത്തിക്കുന്ന ആൻഡിസിന്റെ പെറുവിലെ കൊടുമുടിയിൽ ക്രിസ്തുവിനു് മൂവായിരം സംവത്സരങ്ങൾക്കു മുൻപാണു് ഇങ്കാ നാഗരികതയുടെ പ്രതാപനഗരി നിർമ്മിക്കപ്പെടതു്—മാക്കുപിക്കു. ചെങ്കുത്തായ മൺഗോവണിയിലൂടെ മാക്കുപിക്കുവിന്റെ ഉയരത്തിലെ അവശിഷ്ടങ്ങൾക്കിടയിലെത്തിച്ചേരാൻ കഴിഞ്ഞതു് നെരൂദയുടെ സർഗ്ഗാത്മകവും ആത്മീയവുമായ ജീവിതത്തിലെ ഏറ്റവും ഉന്നതവും ദീപ്തവുമായ വെളിപാടുകൾക്കിടയാക്കി. പുരാതനമായ ആ അവശിഷ്ടശിലകളിൽ നെരൂദ വായിച്ചെടുത്ത മനുഷ്യന്റെ പതനത്തിന്റെയും ഉയിർത്തെഴുന്നേല്പിന്റെയും കല്പനകളാണു് ഈ കാന്റോയിലെ പന്ത്രണ്ടു് വെളിപാടുകൾ. കവിതയുടെയും കൊടുമുടി (കാന്റോ ജനറലിലെ പല കവിതകൾ സച്ചിദാനന്ദൻ മലയാളത്തിലാക്കിയിട്ടുണ്ടു്. മാക്കുപിക്കു ഭാഗം മുഴുവനായും).

3. ദ കോൻക്വിസിറ്റഡോർസ് ഫ്രം 1493 ഓൺവേർഡ്സ് ടിൽഡേറ്റ് (The conquistadors from 1493 onwards till date) മുപ്പത്തിനാലു് കവിത:

യൂറോപ്യൻ ദൃഷ്ടിയിൽ തെക്കേ അമേരിക്ക കണ്ടുപിടിച്ചവരാണു് കൊളംബസും മഗല്ലനും കോർടെസും വാസ്കോബോൾബോവയും മറ്റും. എന്നാൽ, തെക്കേ അമേരിക്കയുടെ ദൃഷ്ടിയിൽ അവർ കടന്നു കയറ്റക്കാരും കയ്യേറ്റക്കാരുമാണു്.

4. ദ ലിബറേറ്റേഴ്സ് ഫ്രം 1520 ടിൽഡേറ്റു് (The liberators from 1520 till date) അൻപത്തിയഞ്ചു് കവിത:

ബോലിവാർ, സാൻ മാർട്ടിൻ, ഹോസെ മാർടി, ലൗതാറോവ് തുടങ്ങിയ രാജ്യസ്നേഹികളായ വിമോചകരെക്കുറിച്ചുള്ള പ്രകീർത്തങ്ങളാണു് ഈ കവിതകൾ. ത്യാഗത്തിന്റെയും ധീരതയുടെയും സ്നേഹത്തിന്റെയും മനുഷ്യമഹിമകളിൽ നിസ്തുലരായ ഈ വീരനായകരെ നെരൂദ ദൈവങ്ങൾക്കു് നൽകപ്പെട്ടിട്ടുള്ളതിലും നിത്യമായ കീർത്തനം പാടുന്നു. ജലപാതങ്ങളെപ്പോലെ നിർത്താതെ സംസാരിക്കുന്ന നേതാക്കളെക്കാൾ മണ്ണും മഞ്ഞും മൂവോലപ്പുല്ലും ഏകാന്തതയും ഉടുത്ത ഈ പൂർവപിതാക്കൾക്കു് കവി അർത്ഥമൂല്യങ്ങൾ അർച്ചിക്കുന്നു. പാരമ്പര്യത്തിന്റെ ആഴത്തിലെ ഉർവരത അറിയുന്ന നെരൂദാ രീതി.

5. സാൻഡ് ബിട്രെയ്ഡ് (The sand betrayed) അൻപത്തിയേഴു് കവിത:

തെക്കേ അമേരിക്കയെ അധിനിവേശക്കാരായ കൊള്ളക്കാർക്കു് ഒറ്റുകൊടുത്തവരോടുള്ള പരുഷവാഗ്വാദങ്ങളാണു് ‘ഒറ്റു കൊടുക്കപ്പെട്ട മണൽ.’ ഇളം തളിരുകൾക്കുമേലേക്കു് അമ്ലഭരണി കമഴ്ത്തിയവരോടുള്ള പൊറുക്കായ്ക. കൂട്ടക്കുരുതി ചെയ്യപ്പെട്ട പ്രത്യാശകളോടും സഹനംകൊണ്ടു കരിഞ്ഞ മനസ്സുകളോടും കരുണ. സ്വന്തം നാടിന്റെ ഭാവിയെപ്പറ്റി തികഞ്ഞ ശുഭാപ്തിവിശ്വാസത്തോടെ ഈ കാണ്ഡം നെരൂദ സമാപിപ്പിക്കുന്നു. ചിലിയുടെ ചതിയൻ പ്രസിഡന്റ് ഗൊൺസാലെസ് വിഡേലയെ വാക്കിനാവും വിധം പ്രഹരിക്കുന്നു. ചതികളെ സംഹരിക്കുന്നു. ഇനിയുമുണ്ടു് പത്തു് കാന്റോകൾ, നിറയെ കവിതകളും.

6. അമേരിക്ക ഐ ഡു നോട്ട് ഇൻവോക് യുവർ നെയിം ഇൻ വെയ്ൻ (America I do not invoke your name in vain) 19 കവിത.
7. കാന്റോ ജനറൽ ഇൻ ചിലി (Canto General in Chile) 27 കവിത.
8. എർത്ത്സ് നെയിം ഈസ് ജുവാൻ (Earth’s name is Juvan) 27 കവിത.
9. ലെറ്റ് ദ വുഡ്കട്ടർ എവേക്കൻ (Let the woodcutter awaken) 6 കവിത.
10. ദ ഫ്യുജിറ്റീവ് (The fugitive) 13 കവിത.
11. ദ ഫ്ളവേഴ്സ് ഓഫ് പുനിറ്റാക്വി (The flowers of punitaqui) 15 കവിത.
12. ദ റിവേഴ്സ് ഓഫ് സോങ് (The rivers of song) 5 കവിത.
13. ന്യൂ ഇയേഴ്സ് കൊരാളേ ഫോർ ദ കൺട്രി ഇൻ ഡാർക്നസ് (New years chorale for the country in darkness) 17 കവിത.
14. ദ ഗ്രേറ്റ് ഓഷ്യൻ (The great ocean) 24 കവിത.
15. ഐ ആം (I am) 28 കവിത:

‘കാന്റോ ജനറലി’ലെ ഓരോ കവിതയും ഓരോ മണിക്കൂർ പറയാനുണ്ടു്. അപ്പോൾ ഈ കവിതകളെല്ലാം അവയുടെ സൂക്ഷ്മതയോളം പോയിക്കാണണമെങ്കിൽ കുറെ ദിവസം വേണം. അല്ലാതെ പറയുന്നതെന്തും പൊതുവർത്തമാനമായിപ്പോകും. ഇവിടെയും അതിനേ കഴിയൂ. 1950-ൽ കാന്റോ ജനറലിന്റെ ആദ്യപതിപ്പു വന്നതു് അർഹിക്കുന്ന ഗൗരവത്തോടെയും ആഘോഷത്തോടെയുമായിരുന്നു. മെക്സിക്കോയിലെ മ്യൂറലിസ്റ്റുകളും നെരൂദയുടെ ആത്മമിത്രങ്ങളുമായ ഡീഗോറിവേറയുടേയും ഡേവിഡ് അൽവാരോ സിക്വീറോസി ന്റെയും ചിത്രീകരണങ്ങളോടെ. ഡീഗോ റിവേറയുടെ മ്യൂറൽചിത്രങ്ങൾ സമകാലീന രാഷ്ട്രീയ സാംസ്കാരിക സങ്കീർണ്ണതകളോടുള്ള തീക്ഷ്ണവും ഐതിഹാസികവുമായ പ്രതികരണങ്ങളെന്നനിലയിൽ വലിയ പ്രശസ്തി നേടിയവ. ഇന്റർനെറ്റിൽ ഡീഗോ റിവേറയുടെ മ്യൂറലുകൾ കാണാം. ഡീഗോയുടെ ഒരു മ്യൂറലായിരുന്നു ‘കാന്റോ ജനറൽ’ ആദ്യം പ്രസിദ്ധീകരിച്ചപ്പോൾ കവർചിത്രം. റിവേറയുടെ മ്യൂറലുകളിലും വിന്യസിക്കപ്പെട്ടതു് നെരൂദയിലെ അതേ പ്രതിരോധപ്രബുദ്ധതതന്നെയായിരുന്നു.

images/MURAL_DIEGO_RIVERA.jpg
Mural Diego Rivera Placio Nacional (Courtsey: Wikimedia)

സർറിയലിസവും മാജിക്കൽ റിയലിസവും സിംബലിസവും ഫോവിസവും മതവും രാഷ്ട്രീയവും മിത്തും ചരിത്രവും പാരമ്പര്യവും പുതുമയും ഇരയും വേട്ടയും കരുണയും ക്രൂരതയുമെല്ലാം നിറഞ്ഞുകവിഞ്ഞു് ഇടതിങ്ങി വളരുന്ന ബിംബവൈവിധ്യങ്ങളുടെ അസാധാരണമായ ഒരു ചിത്രലോകം. ലോക/സ്ഥലത്തിന്റെ പുറംപരപ്പിലെന്നു് തോന്നുന്നമട്ടിൽ ചരിത്രത്തിന്റെ വലിയ ആഴങ്ങൾ പ്രത്യക്ഷവല്ക്കരിച്ചിട്ടുള്ള ഗംഭീരമായ ഒരു മ്യൂറലാണു് ‘കാന്റോ ജനറലി’നു് പുറംചിത്രമായതു്. ആനയുണ്ടു്. പാമ്പുണ്ടു്. ഗരുഡൻമാരുണ്ടു്. മണ്ണിനടിയിലേക്കു പോകുന്ന കൽപ്പടവുകളുണ്ടു്. ഏറ്റവും ചെറിയ പക്ഷികളുണ്ടു്. ആകാശത്തൂടെ പോകുന്ന മാലാഖമാരുണ്ടു്. മണ്ണിൽ ക്രൂശിക്കപ്പെട്ടുനിൽക്കുന്ന ജീവികളും മനുഷ്യരുമായ അനവധി ക്രിസ്തുമാരുണ്ടു്. ഇതു് പാബ്ലോ നെരൂദയ്ക്കുവേണ്ടി വരച്ച ഒരു മ്യൂറലല്ല. അതിനു മുമ്പേ ചെയ്തതാണു്. പക്ഷേ, മെക്സിക്കോയിലിരുന്നു് റിവേറ എഴുതിയ ഈ ചുവർചിത്രവും പന്ത്രണ്ടു വർഷംകൊണ്ടു് പാബ്ലോ നെരൂദ എഴുതിയ ‘കാന്റോ ജനറൽ’ എന്ന കാവ്യവും വിസ്മയിപ്പിക്കുന്ന സമാനതകളുള്ളവ. പൊണ്ണത്തടിയനും കുടിയനുംം വഴക്കാളിയും സുഖം, സ്വത്തു്, സ്വാതന്ത്ര്യം, സ്ത്രീ തുടങ്ങിയ നിരവധിക്കാര്യങ്ങളെപ്പറ്റി വിചിത്ര സിദ്ധാന്തങ്ങൾ സ്വന്തം സാംസ്കാരികഖനനങ്ങളിൽനിന്നു് വെടിവട്ടങ്ങളിൽ അവതരിപ്പിക്കുന്നവനുമൊക്കെയായ റിവേറയെപ്പറ്റി ആത്മകഥയിൽ സൗഹൃദപൂർവ്വം ഓർമ്മിക്കുന്നുണ്ടു് നെരൂദ.

പുതുകാലത്തിന്റെ നൈതിക മിത്തുകൾ

റിവേറയുടെ ആ മ്യൂറലിൽ സൂക്ഷിച്ചു നോക്കിയാൽ ‘കാന്റോ ജനറലി’ന്റെ ഉള്ളു കാണാം. അന്നത്തെ ലാറ്റിനമേരിക്കൻ/ചിലിയൻ അവസ്ഥയെ ലാറ്റിനമേരിക്കൻ ഉപബോധത്തിലെ ചരിത്രവും സർഗ്ഗോന്മാദവും പുരാവൃത്തങ്ങളും കൊണ്ടെഴുതുന്നതായിരുന്നു റിവേറയുടെ ക്ലാസ്സിക്കൽ രചനാരീതി. സ്വത്വനിർവ്വചനവും അധിനിവേശത്തിനെതിരെയുള്ള പ്രതിരോധവുമാവുന്ന ദേശീയ/ലാറ്റിനമേരിക്കൻ ബിംബങ്ങളുടെ സ്വച്ഛന്ദവിന്യാസം. റിവേറയും നെരൂദയും ചെയ്യുന്നതു് അകന്നതോ ഭിന്നമോ ആയ കാര്യങ്ങളല്ല. നെരൂദയുടെ കവിതയിൽ ചിത്രങ്ങളും റിവേറയുടെ ചിത്രത്തിൽ കവിതയും ഇവ രണ്ടിലും ബിംബങ്ങളും ചരിത്രത്തിലോ സങ്കല്പത്തിലോ ഉള്ള വ്യക്തികളും കഥാപാത്രങ്ങളും സംഭവങ്ങളും ജീവജാലങ്ങളും വാസ്തുശില്പങ്ങളും സസ്യങ്ങളും വൃക്ഷങ്ങളുമെല്ലാം സുലഭം. സമൃദ്ധം. സ്ഥലത്തിൽ കാലത്തെ, കഥകളെ, എഴുതലാണു് റിവേറായുടെ രീതി. ചിത്രകലയുടെ വഴി. ചരിത്രത്തിൽ പുരാവൃത്തത്തെ ചാലിച്ചു് രചിക്കുന്ന സമഗ്രതയുടെ അനുഭവം. കറുപ്പും ഓറഞ്ചും ചുവപ്പുമാണു് അധികവും ഉപയോഗിച്ചിരിക്കുന്നതു്. നെരൂദയിലെപ്പോലെ മിത്തും ചരിത്രവും സംവാദത്തിൽ. അന്യോന്യത്തിൽ. ആശ്ലേഷത്തിൽ. സമകാലികതയുടെ ഉള്ളു് കാണിച്ചുതരുന്ന മായികലയത്തിൽ.

ജീവികളും മനുഷ്യരും പ്രകൃതിയും സംസ്കൃതിയും പക്ഷികളും സ്വാതന്ത്ര്യത്തിലേക്കോ പറുദീസയിലേക്കോ ഉയരുന്ന പടവുകളും താഴികക്കുടങ്ങളും ആലയങ്ങളും അഭയങ്ങളും നിറഞ്ഞ ബഹുവിതാനമായ ഒരിടം. ചോദനകളും സ്വപ്നങ്ങളും ദർശനവും ശാരീരികവും മാനസികവും ആത്മീയവുമായ ഊർജ്ജോത്പാദനത്തിൽ നിമഗ്നമായ ഒരിടം. ബിംബനിബിഡം. ജീവിനിബിഡം. പണിയെടുക്കുന്നവരും കഷ്ടപ്പെടുന്നവരുമായ പാവപ്പെട്ടവരുടെ ജീവിതം കുരുങ്ങിപ്പടർന്ന സമതലവും കുന്നും കുഴിയും കാടും കൊടുമുടിയും—എവിടെയുമുണ്ടു് മനുഷ്യരും. ആ ഇടം പുഴപോലെ പ്രവാഹവ്യഗ്രമായ ഒരു ചലനവേദി. മൂകം. പുരാതനമായ ഒരു നദീതടസംസ്കൃതിയുടെ ആദിമഭാഷ ആലപിക്കുകയോ ചൊല്ലുകയോ അടക്കംപറയുകയോ ചെയ്യുന്ന ഒരിടം. ജീവന്റെയും ജ്ഞാനത്തിന്റെയും അടിമത്തത്തിന്റെയും അധികാരത്തിന്റെയും ആദിമമായ എളിമയും തെളിമയും വേദനയും ബിംബങ്ങളിൽ എഴുതിവിരിച്ചിരിക്കുന്ന ഒരിടം. ആ കാഴ്ചയ്ക്കു് ജീവൻ വെപ്പിക്കുന്നതാകട്ടെ നീതിയുടെ നോട്ടവും. ചെമ്പയിരും ധാതുക്കളും ലവണങ്ങളും സ്വർണ്ണവും വെള്ളിയും ദേഹാംശമായ ചിലിയൻ മണ്ണു്. അവ ആത്മാംശമായ നെരൂദയുടെ കവിത. ചെമ്പയിരിന്റെ രശ്മികൾ ഒരേ തീക്ഷ്ണതയിൽ പ്രസരിച്ചു നില്ക്കുന്നുണ്ടു് നെരൂദയുടെ വാക്കുകളിലും റിവേറയുടെ ചിത്രങ്ങളിലും. വിസ്മയകരമായ ഒരു ദർശന/ഭാവുകത്വ സാഹോദര്യം അവർക്കു തമ്മിലുണ്ടു്. മിത്തിക്കൽ ഭാഷ റിവേറയിലും നെരൂദയിലും. സഹൃദയഭാവനയ്ക്കു് അനന്തമായി വിഹരിക്കാം.

കാന്റോ ജനറലിലെ മനുഷ്യരും ജീവികളും സസ്യങ്ങളും വൃക്ഷങ്ങളും പുഴകളും പർവ്വതങ്ങളും പോയ കാലവും സഹനവും സമരവുമെല്ലാം ആ ഭാഷയിൽ പുതിയ കാലത്തിന്റെ നൈതികമിത്തുകളായി പുനർജ്ജനിക്കുന്നു എന്നോ പുനർനിർമ്മിക്കപ്പെടുന്നു എന്നോ വാർന്നു വീഴുന്നു എന്നോ പറയാം. പ്രാണികുലത്തിന്റെ മഹാലയം നെരൂദ ആലപിക്കുന്നു എന്നു് നാം പറയും. എല്ലാം വീരനായകർ. ചരിത്രസ്രഷ്ടാക്കൾ. രാജ്യത്തിനുവേണ്ടിയുള്ള ഓരോ മരണവും ഓരോ വീരനായകനെ സൃഷ്ടിക്കുന്നു എന്നു് നെരൂദ. അധിനിവേശത്തിനെതിരെയുള്ള ലാറ്റിനമേരിക്കൻ പോരാട്ടങ്ങളുടെ ഓർമ്മയിൽനിന്നാണു് നെരൂദയുടെ മിക്കവാക്കുകളുടേയും പിറവി. പ്രത്യേകിച്ചും രാഷ്ട്രീയ/ചരിത്ര കവിതകളിൽ. നെരൂദയുടെ വാഗ്സംസ്കാരത്തിൽ രാഷ്ട്രീയം അത്രമേൽ സ്വാഭാവികമായ ഒരു ജൈവാംശമാണു്.

ധാർമ്മികതയോടും അധികാരത്തോടും നൈതികതയോടും ബന്ധപ്പെട്ട സംസ്കാരികവും രാഷ്ട്രീയവുമായ പല പ്രമേയങ്ങൾ ‘കാന്റോ ജനറലി’ൽ പ്രബലമായി വർത്തിക്കുന്നുണ്ടു്. അവയിൽ ചിലതു് പരമ്പരാഗതചരിത്രകാരനു്/ചരിത്രകാരിക്കു് ആവിഷ്ക്കരിക്കാനോ സങ്കല്പിക്കാൻ പോലുമോ കഴിയില്ല. കവിതയ്ക്കു് സുപ്രാപ്യമായ അമൂർത്തമായ ചിലതു്. ലാറ്റിനമേരിക്കൻ മണ്ണിന്റെയും മനസ്സിന്റെയും ഫലഭൂയിഷ്ഠതയുടെ കഥയും പൊരുളും വെളിവാക്കുന്ന ചിലതു്. ഉർവരതയും ബീജാവാപവുമാണു് അവയിലൊരു പ്രമേയം. ഓരോ തലമുറയും ലോകത്തു വിതയ്ക്കുന്നുണ്ടു് പലതരം വിത്തുകൾ.

“I have gone into practically every corner of Chile, scattering my poetry like seeds among the people of my country” (Memoirs).

കാലാതീത പ്രഭാവങ്ങൾ

ചരിത്രത്തിൽ വിതയ്ക്കപ്പെടുന്ന ചില ‘വിത്തുകൾ’ ചരിത്രസംഭവങ്ങളായി വളരുന്നു. ചിലതു് ചരിത്രവ്യക്തികളായി, ആശയങ്ങളായി, പ്രസ്ഥാനങ്ങളായി, ആൾക്കൂട്ടങ്ങളായി, വീരനായകരായി വളരുന്നു. ഒരു പുഴയോ ഒരു വൃക്ഷമോപോലെ വളരുകയാണു് ചിലതു്. ലാറ്റിനമേരിക്കയുടെ മണ്ണിന്നടിയിലെ നഗ്നശവങ്ങളാൽ അവ ഊട്ടിവളർത്തപ്പെടുന്നു. ലാറ്റിനമേരിക്കയുടെ ഭാവിക്കുവേണ്ടി മരിക്കുന്ന ഓരോ മരണവും ഓരോ വീരനായകനെ സൃഷ്ടിക്കുന്നു. ആ ശവങ്ങൾ കൂട്ടക്കൊല ചെയ്യപ്പെട്ടവരുടെയാവാം. രക്തസാക്ഷികളുടെയാവാം. നാടിനുവേണ്ടി സമസ്തവും ത്യജിച്ചവരുടെയാവാം. ആത്മബലിയർപ്പിച്ച പോരാളികൾ—ഏറെയും കമ്മ്യുണിസ്റ്റുകാർ—ചരിത്രത്തിൽ വീരനായകവൃക്ഷങ്ങളായി ഉയരുന്നു. അവരാണു് വീരനായകർ. നീതിക്കുവേണ്ടി പോരാടാൻ ഭാവിതലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കാൻ കഴിയുന്നവർ. അവർ വരുന്ന ഓരോ ഋതുവിനോടും സംവദിച്ചു സംവദിച്ചു് വസന്തത്തിൽ ചെന്നെത്തുന്ന പൂമരങ്ങളെപ്പോലെ. നിലനിന്നതിന്റെ ഓരോ നിമിഷത്തിലും സ്വന്തം മണ്ണിൽ കൂടുതൽ ആഴത്തിൽ വേരുറപ്പിക്കുന്നവർ. അവരെപ്പറ്റി ‘കാന്റോ ജനറലി’ൽ രണ്ടു് കാണ്ഡങ്ങളുണ്ടു്: ദ കോൺക്വിസിറ്റാഡേഴ്സ്, ദ ലിബററ്റേഴ്സ് (The Conquistadors, The Liberators) എന്നിവ. ഭാവിയെക്കൂടി സ്വാധീനിക്കാനും ഉത്തേജിപ്പിക്കാനും നിർവചിക്കാനും നിയന്ത്രിക്കാനും കഴിയുന്നവരാണു് വീരനായകർ. ഏതു് ജനതയുടെ ചരിത്രത്തിലുമുണ്ടു് അത്തരം കാലാതീതപ്രഭാവങ്ങൾ. ജീസസ്സിനെയും മാർക്സിനെയും ലെനിനെയും ഗാന്ധിയെയും മാവോയെയും മറ്റെത്രെയോ പേരെയുംപോലെ, സംസ്കാരത്തിന്റെ ആഴത്തിൽ നിന്നു് ചരിത്രത്തിന്റെ ഉത്തുംഗതയിലേക്കു കുതിച്ച അനന്തമായ ഉർവരതകളാണു് വീരനായകർ. അവർ വ്യക്തികളാവാം. പ്രകൃതിയാവാം. ധാതുക്കളോ ലവണങ്ങളോ സ്വർണ്ണമോ വെള്ളിയോ ഗന്ധകമോ ചെമ്പോ നൈട്രേറ്റോ പ്രേമമോ പ്രകൃതിയുടെ എണ്ണമറ്റ അർത്ഥങ്ങളോ ആണു് വീരനായകർ.

മൂലകങ്ങളുടെയും മൂല്യങ്ങളുടെയും ഉത്തുംഗതയിൽനിന്നു് മനസ്സുകളിലേക്കും ഭാവിയിലേക്കുമുള്ള അനന്തമായ ഊർജ്ജപാതങ്ങളാണു് വീരനായകർ. സ്വാതന്ത്ര്യത്തിനുവേണ്ടി എന്തും പരിത്യജിക്കാനുള്ള സന്നദ്ധതയുണ്ടു് വീരനായകർക്കു്; ശത്രുവിൽനിന്നു് ശക്തി സമാർജ്ജിക്കാനും ശത്രുവിന്റെ ദൗർബ്ബല്യം ചൂഷണം ചെയ്യാനുമുള്ള വൈഭവവുമുണ്ടു്. പ്രകൃതിയിലും സംസ്കൃതിയിലുംനിന്നു് ചരിത്രവൽക്കരിക്കപ്പെടുന്ന മനുഷ്യസത്തതന്നെയാണു് ആത്യന്തികമായി നെരൂദ കാണുന്ന വീരനായകത്വം. അവ വൃക്ഷംപോലെ മണ്ണിൽ ഉറച്ചുനിൽക്കുന്നു. ‘കാന്റോ ജനറലി’ന്റെ അവസാനകാണ്ഡമായ ഐ ആം (I am) ലെ ഞാൻ നിലനിൽക്കുന്നു എന്നതിലെ, “എന്റെ പാർട്ടിയോടു്” എന്ന കവിതയിൽ നെരൂദ പറയുന്നപോലെ ‘ഔന്നത്യ’ത്തോടെ (You have given me the rectitude the tree requires). എന്നാൽ, നേരെമറിച്ചു് രാജ്യത്തെ ആക്രമിക്കാനും വിനാശം വിതയ്ക്കാനും വരുന്നവരാകട്ടെ ഇടിമിന്നൽപോലെയാണു്. മണ്ണുമായി യാതൊരു മമതയും ബന്ധവുമില്ലാതെയും.

1950-ൽ പൂർത്തിയായ ഒരു രചനാചരിത്രമുണ്ടു് ‘കാന്റോ ജനറലി’നു്. അധിനിവേശത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും ഫ്യൂഡലിസത്തിന്റെയും യുദ്ധങ്ങളുടെയും യാതനകളുടെയും വിപ്ലവങ്ങളുടെയും ജനാധിപത്യപരമായ ഉയിർത്തെഴുന്നേല്പുകളുടെയും കാലം. പല നാടുകളിൽ മുറിവേറ്റതും വീണടിഞ്ഞതും പിടഞ്ഞെണീല്ക്കുന്നതുമായ ഒരു ശരീരമായിരുന്നു ആ കാലം. അക്കാലം ഈ കവിതകളിൽ നിക്ഷേപിച്ചതു് തീവ്രമായ നൈതികചോദനകളുടെ ധാതുക്കളാണു്. പ്രതിഭയുടെ ഖനികളിൽനിന്നു് കളങ്കപ്പെടാതെ ഉയിർപ്പിക്കപ്പെട്ട വാക്കുകളും ബിംബങ്ങളും. രാഷ്ട്രീയജാഗ്രതയോടെ ത്രികാലത്തിലേക്കും അവയെ വിക്ഷേപിക്കുകയായിരുന്നു നെരൂദയുടെ കവിത. ‘കാന്റോ ജനറലി’ന്റെ ജാൿഷ്മിറ്റു് വിവർത്തനത്തിനു് 1989-ലെഴുതിയ അവതാരികയിൽ നെരൂദാ വിദഗ്ദ്ധനായ പ്രൊഫസർ റോബെർട്ടോ ഗൊൺസാലെസു് എച്ചെവറിയ അങ്ങനെ ചിന്തിക്കുന്നുണ്ടു്.

വാൾട് വിറ്റ്മാന്റെ തുടർച്ചകൾ
images/Walt_Whitman.jpg
വാൾട് വിറ്റ്മാൻ

ബൈബിളിനു് ഒരു ലാറ്റിനമേരിക്കൻ സമാന്തരമായി ‘കാന്റൊ ജനറലി’നെ കാണുന്നവരുണ്ടു്. ഒരു സാഹിത്യകൃതിക്കു കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതിയാണതു്. “കാരമസോവു് സഹോദരന്മാരുടെ” രചനയിൽ ദസ്തയേവ്സ്കി ബൈബിളിനു് ഒരാധുനിക സമാന്തരം സങ്കല്പിച്ചിരിക്കാമെന്നു് കേട്ടിട്ടുണ്ടു്. കുറ്റത്തിന്റെയും പാപത്തിന്റെയും വിചാരണയുടെയും ശിക്ഷയുടേയും പശ്ചാത്താപത്തിന്റെയും പുതിയ പാതാളങ്ങളിൽനിന്നു് ഭാഷയിലേക്കു് അത്തരത്തിലൊരു പുതിയ ഉയിർത്തെഴുന്നേല്പു് ബൈബിളിനുണ്ടായിക്കൂടെന്നില്ല. കാന്റോ ജനറലിലെ ബൈബിൾ സാമ്യത്തിനു് മുഖ്യകാരണം ഉല്പത്തിമുതൽ ഏറ്റവും പുതിയ ചരിത്രനിമിഷംവരെയുള്ള ‘കാന്റോ ജനറൽ’ നേടുന്ന സമഗ്രാനുഭവവ്യാപ്തിയാണു്. ഉല്പത്തിയും പുറപ്പാടും അലച്ചിലും കുറ്റവും ശിക്ഷയും നരബലിയും സ്വർഗ്ഗാരോഹണത്തെക്കുറിച്ചുള്ള പുരാവൃത്തങ്ങളും പ്രപഞ്ചത്തെയും മനുഷ്യനെയുംകുറിച്ചുള്ള ബൃഹദാഖ്യാന സമീപനങ്ങളുമൊക്കെ ഈ വാദത്തിനു് ന്യായങ്ങളായി ഉന്നയിക്കപ്പെടുന്നുമുണ്ടു്. ബൈബിളിൽനിന്നു് അനുഭവത്തിന്റെ ആധികാരികത നെരൂദ മാർക്സിസത്തിലേക്കു മാറ്റി. വിധിയിൽനിന്നു് കാര്യകാരണബന്ധത്തെ സാമൂഹ്യവ്യവസ്ഥിതിയിലേക്കു മാറ്റി. ഹാരോൾഡ് ബ്ലൂമി നെപ്പോലെ പലരും ഇതംഗീകരിക്കുന്നില്ല. നെരൂദയിൽ വിറ്റ്മാനെത്തിരയുന്ന രീതിയും ബ്ലൂം ശരിവയ്ക്കുന്നില്ല. വിറ്റ്മാനും നെരൂദയും ആഴത്തിൽ വ്യത്യസ്തരായ രണ്ടു കവികൾ. വിറ്റ്മാന്റെ എമേഴ്സോണിയൻ ജ്ഞാനവാദത്തിൽനിന്നു് പാടേ വ്യത്യസ്തമാണു് നെരൂദയുടെ കമ്മ്യൂണിസ്റ്റു് ജ്ഞാനസിദ്ധാന്തമെന്നു് ബ്ലൂം. ഭിന്നവഴികളിലൂടെ വിറ്റ്മാനും നെരൂദയും എത്തിച്ചേരുന്നതു് ഒരേ മാനവികതയിലും ആത്മീയതയിലുമാണെന്ന വാദവും വാഴ്ത്തപ്പെട്ടില്ല. വാൾട് വിറ്റ്മാന്റെ ചില തുടർച്ചകൾ നെരൂദയിൽ വായിക്കുന്നവരുണ്ടു്. സാമ്പ്രദായിക വൃത്തമുറകൾ വെടിഞ്ഞ, ജപമാലപോലെ നീണ്ട വരികളുടെ നിമന്ത്രണവും വെളിപാടും കലർന്ന സ്വരസംസ്കാരം ഇരുവർക്കും പൊതുവാകയാൽ. സാമ്യമോ തുടർച്ചയോ നെരൂദയുടെ വിറ്റ്മാൻബന്ധത്തിലില്ലെന്നു് അതിനെ എതിർക്കുന്നവരുമുണ്ടു്. യൂറോപ്യൻ ആധുനിക കവിതയുടെ മഹാപ്രതിനിധികളുടെ രചനകളുമായി നെരൂദയ്ക്കു് അദ്ദേഹത്തിന്റെ 1930-കളിലെ പ്രവാസ ജീവിതകാലത്തു് അടുത്തറിയാൻ ഇടകിട്ടിയിട്ടുണ്ടു്. എലിയറ്റിൽനിന്നുൾപ്പെടെ പലതും അദ്ദേഹം സ്വീകരിച്ചിട്ടുമുണ്ടു്. എങ്കിലും എലിയറ്റിനെക്കാൾ പ്രിയം വിറ്റ്മാനെയാണെന്നു് നെരൂദ സംഭാഷണങ്ങളിൽ പറഞ്ഞിട്ടുണ്ടു്. ചിലതിൽ വിറ്റ്മാനോടുള്ള ഇഷ്ടത്തിന്റെ ആധാരം വിറ്റ്മാന്റെ എല്ലാറ്റിലുമെത്തുന്ന നോട്ടവും എല്ലാറ്റിനെയും ആശ്ലേഷിക്കുന്ന ഭാവനയും സ്വത്വത്തിലേക്കു് പ്രപഞ്ചത്തെ സംഗ്രഹിക്കുന്ന ദർശനവുമാണെന്നു് നെരൂദതന്നെ തിരിച്ചറിഞ്ഞിട്ടുണ്ടു്. അമേരിക്കൻ കവി റോബർട്ട് ബ്ലൈയു മായുള്ള സംഭാഷണത്തിൽ നെരൂദ വെളിപ്പെടുത്തുന്ന ചിലതു് ഇവിടെ പ്രസക്തമാണു്. വാൾട് വിറ്റ്മാനാണു് സ്വന്തം കണ്ണു് തുറപ്പിച്ചതു്. എല്ലാറ്റിനെയും നോക്കാനും കാണാനും പഠിപ്പിച്ചതു്. ഗുരുതുല്യനായ ഗഹനസഹോദരനായിട്ടാണു് നെരൂദ വിറ്റ്മാനെ കണ്ടതു്. ‘കാന്റോ ജനറലി’ൽ വിറ്റ്മാൻ വരുന്നുണ്ടു്. എത്ര കവിതകളാണു് നെരൂദ വിറ്റ്മാനെക്കുറിച്ചെഴുതിയിരിക്കുന്നതു്! കൂടാതെ എത്രയെത്ര കവിതകളിലാണു് വിറ്റ്മാൻ പരാമർശിക്കപ്പെടുന്നതു്. ‘കാന്റോ ജനറലി’ന്റെ ഒമ്പതാം കാന്റോയിലുൾപ്പെടെ.

“I, a poet who writes in Spanish, learned more from Walt Whitman than from Cervantes.” ഒരിക്കൽ നെരൂദയുടെ വീട്ടുചുമരിൽ വിറ്റ്മാന്റെ ഒരു ചിത്രം തൂക്കിയിടുന്ന പണിക്കിടയിൽ ആശാരി നെരൂദയോടു് ഇതാണോ താങ്കളുടെ അപ്പൂപ്പനെന്നു ചോദിച്ചു. നെരൂദ പറഞ്ഞു: എന്താ സംശയം? ഇതുതന്നെ. ‘കാന്റോ ജനറൽ’ മനുഷ്യവംശത്തിന്റെ ഒരു ചരിത്രാഖ്യാനമാണു് എന്നു പറയാം. പക്ഷേ, നാമൊക്കെ പരിചയിച്ചിട്ടുള്ള ചരിത്രരചനാ രീതിയിലല്ല (Historiography). ഇതു് സംഭവങ്ങളെ ക്രോഡീകരിച്ചു് കാലക്രമത്തിൽ താളപ്പെടുത്തിയ ഒരു കഥ പറച്ചിലുമല്ല. ഈ കാലമത്രയും മനുഷ്യവംശ ഭൂമിയിൽ അനുഭവിച്ച എല്ലാ അനുഭവങ്ങളുടെയും സുദീർഘവും ഭാവസാന്ദ്രവുമായ ഒരാഖ്യാനം. അല്ലെങ്കിൽ അനവധി ആഖ്യാനങ്ങൾ, ഇവയിൽ പലതരം ജീവജാലങ്ങൾ, പലവിധ നദികൾ, പർവ്വതങ്ങൾ, ഊഷരമായ ഭൂപ്രദേശങ്ങൾ, പുൽമേടുകൾ, മണ്ണിനടിയിലെ നിശ്ശബ്ദ സൗന്ദര്യങ്ങളായ സ്വർണ്ണഖനികൾ, ദാരിദ്ര്യരൂപങ്ങളായ പിച്ചക്കാരെപ്പോലെ, അദ്ധ്വാനിക്കുന്ന തൊഴിലാളികളെപ്പോലെയുള്ള കൽക്കരി ഖനികൾ. മറഞ്ഞുനിൽക്കുന്ന വലിയ വിഭവങ്ങളുടേതായ ഒരു വലിയ സമൃദ്ധി.

അതേസമയം, ലോർക്കയെപ്പോലെ, മിഗുവേൾ ഹെർനാണ്ടസിനെപ്പോലെ, സ്പാനിഷ് ആഭ്യന്തരകലാപത്തിൽ കൊല്ലപ്പെട്ട നിരവധി വിപ്ലവകാരികളും ചിത്രകാരന്മാരും ബുദ്ധിജീവികളും കവികളും ഇതിൽ നായകരായി കവിതകളുടെ ടൈറ്റിലുകളായി വരുന്നുണ്ടു്. ‘കാന്റോ ജനറൽ’ എന്ന പേരിനർത്ഥം—കാന്റോ എന്നാൽ സോങ് (song). പാട്ടു് അല്ലെങ്കിൽ ഗീതം എന്നാണു്. സോങ് ഓഫ് എവരിതിങ്, സോങ് ഓഫ് എവരി ബിയിങ്, സോങ് ഓഫ് എവരി വെയർ (‘Song of everything’, Song of every being, Song of everywhere). ‘കാന്റോ ജനറൽ’ എന്നാൽ ‘പൊതുപാട്ടു്’. എല്ലാറ്റിനെയും കുറിച്ചുള്ള ഗീതങ്ങൾ. ഒരുപക്ഷേ, വിറ്റ്മാന്റെ ‘ആത്മഗീത’ത്തിനു് (സോങ് ഓഫ് മൈസെൽഫ് Song of myself) നേർവിപരീതം, ഈ ‘സർവഗീതം’ The Song of all.

“It is a song of Love and a song of Revolt, a personal song as well as a universal one; a song which whispers tenderly in your ear, and a song that screams against injustice with a loud forceful voice. It is Pablo Neruda’s song and it is Chile’s song, but it is truly America’s song, North and South”—Laurence My Dang.

‘കാന്റോ ജനറൽ’ എന്ന പേരിലെ ആഴമളക്കാത്ത നെരൂദാ പഠിതാക്കളില്ല. ആ പേരിലെ വിവക്ഷയും ദർശനവും എത്ര വ്യാപ്തവും ദീപ്തവും എന്നു് പരിശോധിക്കുന്നുണ്ടു് നെരൂദയുടെ പ്രധാന വിമർശകരെല്ലാം. ഈ പുസ്തകം ലാറ്റിനമേരിക്കയുടെ സമ്പൂർണ്ണജീവചരിത്രമാണെന്നതാണു് ഇതിന്റെ ഒരു കീർത്തി. ജനറൽ എന്നും കാന്റോ എന്നും ഉള്ള രണ്ടു പ്രയോഗങ്ങൾ മദ്ധ്യകാല ലാറ്റിനമേരിക്കൻ സാഹിത്യത്തിൽ സാർവ്വത്രികമായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ എസ്രാ പൗണ്ടിന്റെ കാന്റോസുപോലെ പലതും ലോകശ്രദ്ധ നേടിയിട്ടൂണ്ടു്.

സർഗ്ഗാത്മകമായ സാദ്ധ്യതകൾ

കാന്റോസ് പഴയ ഇതിഹാസങ്ങളിലെ ഒരു ഖണ്ഡത്തിന്റെയും പേരാണു്. നമ്മൾ കാണ്ഡം എന്നു പറയും. ഇതിനു് ഇങ്ങനെ സാർവ്വലൗകികമായ ശബ്ദപരിചയം കാന്റോസ് കൊടുക്കുന്നുണ്ടെങ്കിലും സ്പാനിഷ് ഭാഷയിൽ അതു് പ്രധാനമായും ഗീതം എന്നർത്ഥത്തിൽ, പാട്ടു് എന്നർത്ഥത്തിൽ ആണു്. പാട്ടുകളാണു്. തിയഡോർ റൊഡ്ക എന്ന ഒരു ഗ്രീക്കു സംഗീതജ്ഞൻ കാന്റോ ജനറലിനെ അനവധി സംഗീതശില്പങ്ങളാക്കി ചിട്ടപ്പെടുത്തിയിട്ടുണ്ടു്. ഇന്റർനെറ്റിൽ കിട്ടും. ‘Where is man?’ എന്ന ചോദ്യത്തിനു് ഉത്തരമാണു് കാന്റോ ജനറൽ എന്നു് നെരൂദ വിശദീകരിക്കുകയുണ്ടായി. മനുഷ്യനെവിടെയാണെന്ന ചോദ്യം നീതിയെവിടെയാണു്? പ്രണയമെവിടെയാണു്? സ്വാതന്ത്ര്യമെവിടെയാണു്? എന്നിങ്ങനെ അവസാനിക്കാത്ത ചോദ്യധാരയായി നെരൂദയുടെ കാവ്യപ്രപഞ്ചത്തിലുടനീളം മുഴങ്ങുന്നതു്. ‘കാന്റോ ജനറൽ’ മാത്രമല്ല, നെരൂദയുടെ കവിതകൾ മുഴുവനുമാണു് അവയുടെ ഉത്തരമാവുന്നതു്. കവിതയിലെ ഉൾക്കാഴ്ചകൾക്കുമാത്രം ഉത്തരങ്ങളാവാൻ കഴിയുന്ന എക്കാലത്തെയും സമസ്യകളുടെ ഗണത്തിലാണു് നെരൂദ ഈ ചോദ്യങ്ങളെ എന്നും കണ്ടതു്. ഉത്തരങ്ങളുണ്ടായിരുന്നു നെരൂദയ്ക്കു് ഏതു ചോദ്യത്തിനും. കവിതയായിരുന്നു നെരൂദയുടെ ഉത്തരം. നീതിയും പ്രണയവുംപോലെ പ്രധാനം നെരൂദയുടെ കവിതയ്ക്കു് മൈത്രിയും. ലോകത്രാണനത്തിനു് കാമുകിയെ പരിത്യജിക്കാത്ത ഒരു പ്രതിബുദ്ധനെന്നു പറയാം നെരൂദയെ. ഇതിനെ മാത്രമല്ല ‘കാന്റോ ജനറലി’ലെ ഏതു് കാണ്ഡത്തെയും ഈ ഐ ആം (I am) എന്ന പേരു വിളിക്കാം. അത്രയ്ക്കുണ്ടു് നെരൂദാക്കവിതകളിൽ നെരൂദയുടെ ആത്മസാന്നിധ്യം.

images/DavidAlfaroSiqueirosPeasantsGoogleArtProject.jpg
David Alfaro Siqueiros: Peasants (1913), pastel on paper (Courtesy: Wikipedia)

നെരൂദ പറയുന്നു: നാം ഭൂമിയിൽ വിത്തുകൾ വിതച്ചുപോകാൻ വന്നു. സ്നേഹത്തിന്റെ, ബലത്തിന്റെ, സ്വപ്നത്തിന്റെ വിത്തുകൾ. ആ വിത്തുകൾ വളരും. ആ വിത്തുകൾ അവയുടെ വിത്തുകൾ ഇവിടെ അവശേഷിപ്പിച്ചിട്ടു പോവും. വൃക്ഷങ്ങളെപ്പോലെ. അവ തണൽ തരും. പൂക്കൾ തരും. വസന്തങ്ങൾ തരും. അതിന്റെ പരമ്പരകൾ വരും. അവയും ഓർമ്മയാവും. വിത്തുകൾ ചിലപ്പോൾ വലിയ പ്രസ്ഥാനങ്ങൾ സൃഷ്ടിക്കും. ആശയങ്ങൾ സൃഷ്ടിക്കും. സർഗ്ഗാത്മമായ സാധ്യതകൾ തുറന്നുതരും. ഇത്തരം വിത്തു വിധികളുടെ വളരെ വലിയ ഒരു കലവറയാണു് ‘കാന്റോ ജനറൽ.’ വിത്തുകളാണു് പ്രധാനം. ഒരുപക്ഷേ, ഏറ്റവും സ്വകാര്യം, ഏറ്റവും അജ്ഞാതം, ഏറ്റവും അദൃശ്യം ആയിട്ടുള്ള അത്തരം സൂക്ഷ്മാനുഭവങ്ങളുടെ മണ്ഡലത്തിലാവാം കവിതയുടെ പൊലി. സംസ്കാരത്തിന്റെ വിള. അതുകൊണ്ടാണു് നെരൂദ പറയുന്നതു് കവിത ഒരു വിത്തു വിതച്ചുപോകലാണെന്നു്. ആരു കൊയ്യുമെന്നറിയാൻ വയ്യ. നൂറുമേനി, ഇരുന്നൂറു് മേനിയായിട്ടു് അതങ്ങനെ പടർന്നെന്നുവരും. കുറച്ചുകാലത്തേക്കു് എല്ലാം അറ്റുപോയി എന്നു തോന്നും. ഒന്നും അവശേഷിക്കുന്നില്ല എന്നു തോന്നും. പക്ഷേ, പിന്നെയും മഴ വരും. വീണ്ടും മുള വരും. അങ്ങനെ ഒരിക്കലും മരിക്കാത്ത ഒരു ജന്മപ്രവാഹമാണു് തന്റേതും എന്നു് കവിതയെ സാക്ഷ്യപ്പെടുത്തിക്കൊണ്ടു്, മരിക്കാൻ ഒട്ടും ഇഷ്ടമില്ലാതെ നെരൂദ മരിച്ചു.

കെ ജി എസ്.
images/kgs-new.jpg
കെ. ജി. എസ്.

1948-ൽ കൊല്ലം ജില്ലയിലെ ചവറയിൽ ജനനം. അമ്മ: ജി. ഭവാനിയമ്മ, അച്ഛൻ: എ. എൻ. ഗോപാലപിള്ള. പഠനം: ശങ്കരമംഗലം, ഏഴാം മൈൽ, കടമ്പനാടു് സ്കൂളുകൾ; കൊല്ലം എസ്. എൻ. കോളേജ്, കേരള സർവ്വകലാശാല എന്നിവിടങ്ങളിൽ. 1971 മുതൽ കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ മലയാളവിഭാഗം അദ്ധ്യാപകനായി പ്രവർത്തിച്ചു. 2003-ൽ എറണാകുളം മഹാരാജാസ് കോളേജിൽ പ്രിൻസിപ്പൽ ആയി വിരമിച്ചു. പ്രസക്തി, സമകാലീന കവിത തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ ആയിരുന്നു.

പ്രധാന കൃതികൾ
  • കെ ജി എസ്: കവിത
  • കൊച്ചിയിലെ വൃക്ഷങ്ങൾ
  • കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ
  • കെ ജി എസ് കവിതകൾ
  • ഓർമ്മ കൊണ്ട് തുറക്കാവുന്ന വാതിലുകൾ
  • അതിനാൽ ഞാൻ ഭ്രാന്തനായില്ല
  • സൈനികന്റെ പ്രേമലേഖനം
  • അമ്മമാർ
  • പൂക്കൈത
  • ദൂരത്ത്
  • മരിച്ചവരുടെ മേട്
  • കെ. ജി. എസ്. കവിതയും ജീവിതവും
  • Poems, Ed. B. Kannempilli
  • Trees of Kochi and other poems, (ed.) EV Ramakrishnan
  • Tiny Judges shall arrive, (ed.) Aditya Shankar
  • കൊച്ചി കാ ദെർഖത്, വിവ. എ. അരവിന്ദാക്ഷൻ
  • കെ. ജി. ശങ്കരപ്പിള്ളയവര കവിതഗെളു (കന്നട), വിവ. തേർളി ശേഖർ
  • കെ. ജി. ശങ്കരപ്പിള്ളയിൻ കവിതൈകൾ (തമിഴ്), വിവ. സിർപി ബാലസുബ്രഹ്മണ്യൻ
  • പലാക്കൊട്ടൈ തത്തുവം (തമിഴ്), വിവ. ജയമോഹൻ
  • ഞാനെന്റെ എതിർകക്ഷി

അവാർഡുകൾ: പലതു്

(ചിത്രങ്ങൾക്കു് വിക്കീപ്പീഡിയയോടു് കടപ്പാടു്.)

Colophon

Title: Canto General and the elevation of Neruda (ml: കാന്റോ ജനറലും നെരൂദയുടെ ആരോഹണവും).

Author(s): KGS.

First publication details: Literary Workshop, Kerala Varma College; Thrissur, Kerala; 2009-11-03.

Deafult language: ml, Malayalam.

Keywords: KGS, Literary speech, Latin Amercan Poetry, Pablo Neruda, Canto General, Open Access Publishing, Malayalalm, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2021.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: La Cosecha del cacao, a painting by Diego Rivera (na). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Proofing: Abdul Gafoor; Typesetter: CVR; Editor: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.