ദാസിനെപ്പറ്റിത്തന്നെ. ആ ദിവസവും, അതിൽപ്പിന്നെ നാം ( സച്ചി, അശോകൻ, കെ. ജി. എസ്.) ദാസിന്റെ വീട്ടിൽ പോയി ദാസിന്റെ അച്ഛനമ്മമാരെ കണ്ട പെരിഞ്ഞനം ദിവസവും, കഴിഞ്ഞൊരു ദിവസം എഴുതിയതു്.
മൌനവും സ്നേഹവും ഐക്യവും കർമ്മപ്രേരണയും സ്നേഹശാസനയും ഉത്തരമില്ലായ്കയും ഉൾപ്പടർപ്പായ എന്റെ ദാസനുഭവത്തിൽ നിന്നാണു് ആവത് നിർവികാരമാക്കിയ ഈ ഓർമ്മക്കെട്ടു്.
സ്നേഹത്തോടെ,
കെ. ജി. എസ്.
മഴനാളിൽ വെങ്കിടി, ഗോപി, ലക്ഷ്മി,
പലർ ഞങ്ങളോരോന്നു് ചൊന്നിരിക്കെ
കുടയുമുടലും നനഞ്ഞു വന്നു്
പറയുന്നു നീലനീ ദുഃഖവാർത്ത:
റെയിലിന്മേൽ ദാമു[1] സ്വയം മരിച്ചു.
![images/kgs-damu-02.png](images/kgs-damu-02.png)
കാളിക്കളമായ കാവരികിൽ
പാടവും കുന്നും നിശ്ശബ്ദതയും
നാളേക്കു് പാളം വിരിച്ച തോടും,
അവിടെന്തേ മൃത്യു കൊതിച്ചു ദാമു?
‘ദാരികനാണു് ഞാ,നല്ല ദാമു;
തീവണ്ടിയല്ലി,തലറിയെത്തും
കാളി,യിവളെന്നെത്തീർത്തു് പോട്ടെ.’
തോന്നലെന്തിങ്ങനെയവനു് വന്നു?
അവനച്ഛനമ്മാർക്കേക പുത്രൻ
അവനെന്തിനിങ്ങനെ വീടൊഴിച്ചു?
അറിയുവോർക്കൊക്കെയുമാത്മമിത്രം
അവനെന്തിനിങ്ങനെ നാടൊഴിച്ചു?
2
മരണമറിയുവാൻ പോയ് വരുമ്പോൾ
വാക്കും നടപ്പും പതുക്കെയായി.
കൂടെക്കുറച്ചുപേർ പോന്നിരുന്നു, സ്വന്തം
വീടെത്തിയപ്പോഴവർ പിരിഞ്ഞു; പാതയിൽ
ഇനി നമ്മൾ രണ്ടു് പേർ മാത്രം, നമ്മുടെ
വീടോ ഇനിയെത്ര എത്ര ദൂരെ!
നഗരച്ചുടുവെട്ടം തൊട്ടുപോണം
ചങ്ങാതി നമ്മെക്കുറിച്ചു് ചൊല്ലും
നുണ കേട്ടു് ചുമ്മ ചിരിച്ചു പോണം
സമരവെയിലുമതിന്നറുതി-
ച്ചോരച്ചതിയും ജയിച്ചു പോണം.
കടവും കിതപ്പും അതിന്നറുതി–
പ്പലകൈത്തണലിൽ കുളിർന്നു പോണം
ചുഴിയുമൊഴുക്കും കടന്നു് പോണം
ചുടലയും കാടുമറിഞ്ഞു പോണം.
ഒളിവിലും തെളിവിലും ചത്തോരെല്ലാം
മുറിയിലും മുറ്റത്തും വന്നു് മിന്നാ-
മിന്നിയായ് കാക്കയായ് മൈനയായും
കാവലും കൂട്ടുമായ് കൂടും നമ്മുടെ
വീടോ ഇനിയെത്ര എത്ര ദൂരെ ?
3
വഴിയിലിളകുന്നു പാഴിലകൾ…അതിൻ
മീതേയിഴയുന്നു വലിയ മേലങ്കി,
വരവായിളം കാറ്റിൽ മൌനമാലാഖ.
![images/kgs-damu-01.jpg](images/kgs-damu-01.jpg)
അറിയാത്തതിനൊക്കെ രൂപമാകും
പറയാത്തതിനൊക്കെ ഭാഷയാകും
മൌനമേ, ഞങ്ങളെ കേട്ടിരിക്കേ,
ഇല്ലായ്മ വിട്ടുയർന്നുള്ളവരായ്
മാറിയ ഞങ്ങളെത്തെല്ലുകാലം
കൂടെക്കഴിഞ്ഞുമറിഞ്ഞിരിക്കേ,
അവനെന്തേ പ്രത്യാശായറ്റുപോയി?
മൌനമേ നിന്നെയും തന്നു പോയി.
1982.
[1] വടക്കാഞ്ചേരിക്കടുത്തു് ഓട്ടുപാറ ഉത്രാളിക്കാവിനടുത്താണു് ദാസ് ജീവനൊടുക്കിയതു്.
![images/kgs-santhosh-t.png](images/kgs-santhosh-t.png)
ഡ്രോയിങ്: വി. ആർ. സന്തോഷ്
ചിത്രങ്ങൾ: പോൾ ക്ലീ